2026 ഒക്ടോബര്‍ 23 | വെള്ളി
1202 തുലാം 6 | പൂരുരുട്ടാതി
1448 ജ : അവ്വൽ 11
◾ സൗദി അറേബ്യയിലെ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരേയുണ്ടായ ഹൂതി ആക്രമണങ്ങളില്‍ ഇന്ത്യക്കാരനുള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടു. സൗദിയിലെ ഇന്ത്യക്കാര്‍ കടുത്ത ആശങ്കയിലാണ്. ദമാം കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ ഇന്ത്യക്കാരനും സൗദി പൗരനും മരിച്ചു. രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്ക് പരിക്കേറ്റു. ഷൈബ എണ്ണപ്പാടത്തിനു നേരേയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരന് പരിക്കേറ്റു. സൗദി വ്യോമപ്രതിരോധ സംവിധാനം ഡ്രോണ്‍ തടഞ്ഞെങ്കിലും അവശിഷ്ടങ്ങള്‍ പതിച്ച് ഫിലിപ്പീന്‍സ്, നേപ്പാള്‍ സ്വദേശികളായ രണ്ടുപേര്‍ കൊല്ലപ്പെട്ടു. വിശുദ്ധ നഗരമായ മദീന മേഖലയിലേക്കും സൗദി തലസ്ഥാനമായ റിയാദിലേക്കും ഹൂതി ആക്രമണമുണ്ടായി.
◾ നിയുക്ത ഗവര്‍ണര്‍ ഓംപ്രകാശ് മാഥുര്‍ ഇന്ന് ഉച്ചയ്ക്ക് 12 ന് ലോക്ഭവനില്‍ സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേല്‍ക്കും. ഹൈക്കോടതി ചീഫ് ജസ്റ്റീസ് സത്യവാചകം ചൊല്ലിക്കൊടുക്കും. സ്നേഹവും സൗഹാര്‍ദവും നിറഞ്ഞ ഈ മണ്ണില്‍ പുതിയൊരു യാത്രയ്ക്ക് തുടക്കം കുറിക്കുന്നുവെന്ന് ഓംപ്രകാശ് മാഥുര്‍ ആദ്യ പ്രതികരണം നടത്തി. പ്രകൃതിയുടെ സൗന്ദര്യവും പാരമ്പര്യത്തിന്റെ മഹിമയും നിറഞ്ഞ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലേക്ക് ആദ്യമായി എത്തിച്ചേര്‍ന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തെ മുഖ്യമന്ത്രി, മന്ത്രിമാര്‍, മേയര്‍ തുടങ്ങിയവര്‍ ചേര്‍ന്നു സ്വീകരിച്ചു.
◾ കാലിക്കറ്റ്, എംജി സര്‍വകലാശാലകള്‍ ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മഴ ഭീഷണി മൂലമാണ് പരീക്ഷ മാറ്റിയത്. ഇന്നു നടത്താന്‍ നിശ്ചയിച്ചിട്ടുള്ള ഇന്റേണല്‍, പ്രാക്റ്റിക്കല്‍, വൈവ വോസി പരീക്ഷകള്‍ക്ക് മാറ്റമില്ല.
◾ ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അടക്കം നിലവിലുള്ള പാനലിലെ മൂന്നു പേര്‍ തോറ്റു. ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, സ്വാമി ശാരദാനന്ദ ഉള്‍പ്പെട ആറു പേര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 11 അംഗ ബോര്‍ഡ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നിവരെ പിന്നീട് തെരഞ്ഞെടുക്കും. 2031 വരെയാണ് ഭരണസമിതിയുടെ കാലാവധി.
◾ തിങ്കളാഴ്ചവരെ ഇടിമിന്നലോടു കൂടിയ അതിശക്ത മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മണിക്കൂറില്‍ 30 - 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റും വീശിയേക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
◾ ആരോഗ്യമേഖല കുത്തഴിഞ്ഞെന്ന് മുന്‍ ഇടത് മന്ത്രിസഭകളിലെ ആരോഗ്യമന്ത്രിമാരായ പി കെ ശ്രീമതി, കെ കെ ശൈലജ, വീണ ജോര്‍ജ് എന്നിവര്‍. കുത്തക കോര്‍പറേറ്റുകള്‍ക്കു വേണ്ടിയാണ് ആരോഗ്യ ടാസ്‌ക് ഫോഴ്സുമായി മന്ത്രി കെ. മുരളീധരന്‍ മുന്നോട്ടുപോകുന്നതെന്നും മുന്‍ മന്ത്രിമാര്‍ ആരോപിച്ചു. എസ്എംഎ മരുന്നിനെച്ചൊല്ലി ഉയര്‍ന്ന വിവാദങ്ങളുടെ പശ്ചാലത്തലത്തിലായിരുന്നു വാര്‍ത്താസമ്മേളനം. ആരോഗ്യ മേഖലയെ തുലച്ച മുന്‍ മന്ത്രിമാരുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് മന്ത്രി കെ മുരളീധരന്‍ പ്രതികരിച്ചു.
◾ സംസ്ഥാനത്ത് അപ്രന്റീസ്ഷിപ്പ് എംബഡഡ് ഡിഗ്രി പ്രോഗ്രാം നടപ്പാക്കുന്നു. ആര്‍ട്സ്, സയന്‍സ്, കോമേഴ്സ് വിദ്യാര്‍ത്ഥികള്‍ക്ക് അപ്രന്റീസ്ഷിപ്പ് ലഭ്യമാകും. ഈ അക്കാദമിക വര്‍ഷം മുതല്‍ പദ്ധതി ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണ്‍ അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം തന്നെ ആറ് മാസത്തെ പ്രായോഗിക വ്യവസായിക പരിശീലനം ലഭിക്കും.
◾ കിഫ്ബിയെ തകര്‍ക്കാന്‍ നീക്കമെന്നു സംസ്ഥാന സര്‍ക്കാരിനെതിരേ പ്രചാരണം നടത്താന്‍ സിപിഎം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. എല്ലാ മണ്ഡലങ്ങളിലും വികസനം എത്തിച്ചത് കിഫ്ബിയാണെന്നും കിഫ്ബിയെ ഇല്ലാതാക്കിയാല്‍ വികസനത്തിനു പണം കണ്ടെത്താന്‍ ബദല്‍ എന്തെന്ന് സംസ്ഥാന സര്‍ക്കാര്‍ പറയണമെന്നും സിപിഎം.
◾ കേരള ലോക്ഭവനില്‍ ഇനി വെജിറ്റേറിയന്‍ ഭക്ഷണം മാത്രം വിളമ്പിയാല്‍ മതിയെന്ന് നിയുക്ത ഗവര്‍ണ്ണര്‍ ഓം പ്രകാശ് മാഥൂര്‍ നിര്‍ദ്ദേശം നല്‍കി. ലോക്ഭവനിലെ ജീവനക്കാരും വെജിറ്റേറിയന്‍ ഭക്ഷണം മാത്രമേ കഴിക്കാവൂ എന്നും നിര്‍ദ്ദേശമുണ്ട്. ഇന്നു ഗവര്‍ണ്ണറായി ചുമതലയേല്‍ക്കുന്നതിനു മുന്നോടിയായി നല്‍കിയ പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലാണ് ഈ മാറ്റം.
◾ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുമായി സര്‍ക്കാരിന് ഊഷ്മളമായ ബന്ധമാണുണ്ടായിരുന്നതെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍. ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ ഗവര്‍ണര്‍ക്ക് ഒരുക്കിയ യാത്രയയപ്പ് വിരുന്നില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സര്‍ക്കാരിന്റെയും ജനങ്ങളുടെയും നന്ദി ഗവര്‍ണറെ അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
◾ ശബരിമല ഡ്യൂട്ടിയിലെ പോലീസുകാരുടെ ലഗേജ് അലവന്‍സ് 300 രൂപയില്‍ നിന്ന് 600 രൂപയാക്കി. ക്യാംപ് ഫോളോവേഴ്സിനും ഇതേ അലവന്‍സ് ലഭിക്കും. പൊലീസുകാരുടെ അതേ അലവന്‍സ് ക്യാംപ് ഫോളോവേഴ്സിനും ലഭിക്കും.
◾ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുള്ള കോഴിക്കോട് ജില്ലയില്‍ അടിയന്തര ജാഗ്രത നിര്‍ദേശവുമായി ജില്ലാ ഭരണകൂടം. ക്വാറി പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചു. ബീച്ചുകള്‍, നദികള്‍, ജലാശയങ്ങള്‍, മലയോരമേഖലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ആവശ്യമെങ്കില്‍ ആളുകളെ മാറ്റി പാര്‍പ്പിക്കണമെന്നു നിര്‍ദേശം നല്‍കി. അടിയന്തര സാഹചര്യങ്ങളില്‍ അപകട സാധ്യതയുള്ള സ്ഥലങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കാന്‍ ഹെഡ് മാസ്റ്റര്‍മാര്‍ക്കും പ്രിന്‍സിപ്പല്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
◾ ഡല്‍ഹിയിലെ പോലീസ് അതിക്രമങ്ങളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ പ്രിയങ്കഗാന്ധിയുടെ മകന്‍ റെയ്ഹാന്‍ വാദ്രയ്ക്കു കേരളത്തില്‍ അവസരമൊരുക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. ബിക്കാനീര്‍ ഹൗസില്‍ റെയ്ഹാന്‍ വാദ്രയുടെ 'നോ ഐഡിയ ഈസ് ഫൈനല്‍' എന്ന ചിത്ര പ്രദര്‍ശനത്തിലെ 105 ചിത്രങ്ങളില്‍നിന്ന് 74 എണ്ണം നീക്കം ചെയ്തിരുന്നു. യുവജന പ്രക്ഷോഭങ്ങള്‍, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ ഉള്‍പ്പെട്ട ചിത്രങ്ങളാണ് നീക്കിയത്.
◾ ശബരിമലയില്‍ എത്തുന്ന അയ്യപ്പ ഭക്തര്‍ക്കായി പമ്പയിലേക്ക് കെഎസ്ആര്‍ടിസി ചാര്‍ട്ടേഡ് ബസ് സര്‍വീസും നടത്തുമെന്ന് ഗതാഗത മന്ത്രി സി.പി. ജോണ്‍. ചാര്‍ട്ടേര്‍ഡ് സര്‍വീസിന് അധിക നിരക്ക് ഈടാക്കില്ല. എവിടെയാണോ അയ്യപ്പന്‍മാരിരിക്കുന്നത് അവിടെ പോയി അവരെ കൂട്ടി പമ്പയിലിറക്കും. 45 ടിക്കറ്റുകള്‍ നിര്‍ബന്ധമാണ്. ഭക്തരുടെ ചെറു സംഘങ്ങള്‍ ചേര്‍ന്ന് ടീമായി യാത്ര നടത്താമെന്ന് മന്ത്രി പറഞ്ഞു.
◾ കൈകളില്ലെങ്കിലും നിശ്ചയദാര്‍ഢ്യത്തോടെ വിജയങ്ങള്‍ കീഴടക്കിയ ഇടുക്കിക്കാരി ജിലുമോള്‍ മാരിയറ്റ് തോമസ് (31) ഇനി കേരളശ്രീ. ഇന്നലെ ജിലുമോള്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. കൈകളില്ലാതെ ഡ്രൈവിംഗ് ലൈസന്‍സ് നേടിയ ഏഷ്യയിലെ ആദ്യ പെണ്‍കുട്ടിയാണ്. മുഖ്യമന്ത്രി വി.ഡി. സതീശനും ചടങ്ങില്‍ പങ്കെടുത്തു.
◾ കൊച്ചി വാട്ടര്‍ മെട്രോയില്‍ മഹാനവമി ദിവസം റിക്കാര്‍ഡ് യാത്രക്കാര്‍. ഒക്ടോബര്‍ 20-ാം തീയതി മാത്രം വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്തത് 15,507 പേര്‍. ഏറ്റവും കൂടുതല്‍ പേര്‍ യാത്ര ചെയ്തത് ഹൈക്കോര്‍ട്ട്- ഫോര്‍ട്ട്കൊച്ചി റൂട്ടിലാണ്. ഒക്ടോബര്‍ 21 വിജയദശമി ദിനം 11,074 പേരും യാത്ര ചെയ്തു.
◾ ഉദ്ഘാടന ചടങ്ങിനിടെ വഴുതിവീണ് കുന്ദമംഗലം എംഎല്‍എ എം എ റസാഖ് മാസ്റ്ററുടെ കാലിനു പരിക്ക്. പെരുവയലില്‍ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനത്തിനിടെ തെന്നി വീഴുകയായിരുന്നു. കാലിന് പ്ലാസ്റ്ററിട്ടു. കോഴിക്കോട് 25 ന് ആരംഭിക്കുന്ന സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ സംഘടക സമിതി ചെയര്‍മാനാണ് റസാഖ് മാസ്റ്റര്‍.
◾ തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ എസ്എംഎ മരുന്ന് വിതരണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി. കുറഞ്ഞ ചെലവില്‍ കൂടുതല്‍ കുട്ടികള്‍ക്ക് ചികിത്സ ഉറപ്പാക്കാന്‍ വിദഗ്ധ സമിതി നിര്‍ദേശിച്ച ഇന്ത്യന്‍ നിര്‍മ്മിത മരുന്നാണ് നല്‍കുന്നത്. തെറ്റായ പ്രചരണങ്ങള്‍ ഒഴിവാക്കണമെന്നും ആശുപത്രി അഭ്യര്‍ത്ഥിച്ചു.
◾ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസ് നല്‍കി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനു. 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടാണു നോട്ടീസ്.
◾ കൊല്ലം ചിന്നക്കടയിലെ നന്‍മ മെഡിക്കല്‍ സ്റ്റോറിലെ തീപിടിത്തം ഇന്‍ഷ്വറന്‍സ് തുക തട്ടിയെടുക്കാന്‍ തീവച്ചതാണെന്നു പോലീസ്. തീയിട്ട ജീവനക്കാരനായിരുന്ന മേവറം സ്വദേശി ഷമീര്‍ അറസ്റ്റിലായി. ഉടമയായ സ്ത്രീയെ പോലീസ് തെരയുന്നു.
◾ പാലക്കാട് കൊല്ലങ്കോട് പൊലീസ് സ്റ്റേഷനിലേക്ക് ബിയര്‍ കുപ്പിയെറിഞ്ഞ 23 കാരന്‍ പിടിയില്‍. 'തത്ത ബൈജു' എന്ന ഊട്ടറ സ്വദേശി ബൈജുവാണ് പിടിയിലായത്. മുമ്പ് ഊട്ടറ വേലയ്ക്കിടെ പൊലീസുകാരില്‍നിന്ന് അടികിട്ടിയതിന്റെ വൈരാഗ്യത്തിലാണ് സ്റ്റേഷനിലേക്ക് ബിയര്‍ കുപ്പി എറിഞ്ഞത്.
◾ കാക്കനാട്ടെ ലഹരി മരുന്ന് കടത്ത് കേസില്‍ ആറ് മാസത്തോളമായി ഒളിവില്‍ കഴിഞ്ഞ രണ്ടാം പ്രതി നീതു പിടിയില്‍. പത്തനംതിട്ട മുത്തൂര്‍ മുളക്കല്‍ വീട്ടില്‍ നീതുവി(38)നെയാണ് തൃക്കാക്കര പൊലീസ് തിരുവല്ലയില്‍നിന്ന് അറസ്റ്റ് ചെയ്തത്. 181 ഗ്രാം എംഡിഎംഎയും 90 ഗ്രാം എക്സ്റ്റസി ഗുളികകളും പിടിച്ചെടുത്ത കേസിലാണ് നീതുവിന്റെ അറസ്റ്റ്.
◾ മൊഴിയെടുക്കാന്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട ഡല്‍ഹി ക്രൈം ബ്രാഞ്ചിനു മുന്നില്‍ സിജെപി നേതാക്കള്‍ ഹാജരായില്ല. ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് സൗരവ് ദാസ് അടക്കമുള്ള നേതാക്കള്‍ പൊലീസിനെ അറിയിച്ചു. പുതുക്കിയ തീയതി പൊലീസ് പിന്നീട് അറിയിക്കും.
◾ ഇനി സമരം നടത്തില്ലെന്ന് ഒപ്പിട്ടുകൊടുക്കണമെന്ന കീഴ്ക്കോടതിയുടെ ജാമ്യ വ്യവസ്ഥയ്ക്കും പോലീസിന്റെ ആവശ്യത്തിനും എതിരായ നേഹ ബോറയുടെ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി വാദം പൂര്‍ത്തിയാക്കി ഇന്നു വിധി പറയും.
◾ ടൈഗര്‍ ഷ്റോഫ് വധശ്രമകേസ് പ്രതികള്‍ പല ബോളിവുഡ് താരങ്ങളെയും ലക്ഷ്യമിട്ടതായി പൊലീസ്. മുംബൈയിലെ താരങ്ങളുടെ വീടുകളില്‍ പ്രതികള്‍ നിരീക്ഷണം നടത്തിയതായി കണ്ടെത്തി. കേസില്‍ രണ്ട് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. അക്രമികള്‍ക്ക് തോക്ക് എത്തിച്ചു നല്‍കിയ യുവതികള്‍ ഉള്‍പ്പടെ നാലുപേരെ കസ്റ്റഡിയില്‍ വിട്ടു.
◾ ഛത്തീസ്ഗഢിലെ ഭരത്പൂര്‍ ജില്ലയില്‍ യാത്രാബസ് മരത്തിലിടിച്ച് ആറ് പേര്‍ മരിച്ചു. 40 പേര്‍ക്ക് പരിക്കേറ്റു. 46 യാത്രക്കാരുമായി കേല്‍ഹാരിയിലേക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലിടിക്കുകയായിരുന്നു. മരിച്ചവരില്‍ നാല് സ്ത്രീകളും ഉള്‍പ്പെടുന്നു.
◾ സോണിയ ഗാന്ധി ആദ്യമായി സാമൂഹിക മാധ്യമത്തിലേക്ക്. ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരമായ ബിലോങ്ങിങ് എ ജേര്‍ണി ഓഫ് ലവ് എന്ന പുസ്തകത്തിന്റെ ആദ്യ പതിപ്പ് പ്രസാധകരില്‍ നിന്ന് ഏറ്റുവാങ്ങുന്ന ദൃശ്യം സോണിയ ഗാന്ധി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചു. അടുത്തമാസം പത്തിന് പുസ്തകം ഇന്ത്യയില്‍ പ്രകാശനം ചെയ്യും.
◾ ഇസ്രയേലിന്റെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ വിളക്ക് തെളിയിക്കാനുള്ള ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. മോദിക്കൊപ്പം ഫ്‌ളൈദുബായ് വിമാനത്തിലെ പൈലറ്റ് സ്മിത് മച്ചാറിനും ക്ഷണമുണ്ട്.
◾ ഹോര്‍മുസ് കടലിടുക്കില്‍ കഴിഞ്ഞ രാത്രി മൈനുകളില്‍ തട്ടിയോ ആക്രമണത്തിലോ ആയി ഏഴ് എണ്ണ ടാങ്കറുകള്‍ക്ക് തീപിടിക്കുകയും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. 21 ഇന്ത്യന്‍ ജീവനക്കാരുള്ള കുവൈറ്റ് കപ്പലും ഇതിലുള്‍പ്പെട്ടിട്ടുണ്ട്.
◾ ടിബറ്റില്‍ തുടര്‍ച്ചയായ ഭൂചലനം. ഇന്ത്യന്‍ സമയം വൈകുന്നേരം 8:03നാണ് ആദ്യ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ ഏഴ് തീവ്രത രേഖപ്പെടുത്തി.
◾ അറ്റ്ലാന്റിക് സമുദ്രത്തിന്റെ പേര് 'ട്രംപ് ഓഷ്യന്‍' എന്നാക്കാന്‍ ഡൊണാള്‍ഡ് ട്രംപ് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയോട് ആവശ്യപ്പെട്ടതായി വെളിപ്പെടുത്തല്‍. എന്നാല്‍ സമുദ്രങ്ങള്‍ പല രാജ്യങ്ങളുമായി പങ്കിടുന്നതിനാല്‍ ഈ നിര്‍ദേശം പിച്ചൈ നിരസിച്ചെന്നും ട്രംപ് വ്യക്തമാക്കി. മെക്സിക്കോ ഉള്‍ക്കടലിനെ 'ഗള്‍ഫ് ഓഫ് അമേരിക്ക' എന്ന് പുനര്‍നാമകരണം ചെയ്തതിന് പിന്നാലെയാണ് ഈ പുതിയ വിവാദം.
◾ നൊബേല്‍ സമാധാന പുരസ്‌കാരം ലഭിക്കാത്തതില്‍ അമര്‍ഷമുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തനിക്ക് പുലിറ്റ്സര്‍ പുരസ്‌കാരം ലഭിക്കേണ്ടതായിരുന്നു എന്ന് അവകാശപ്പെട്ടു. പുലിറ്റ്സര്‍ നേടിയ മാധ്യമപ്രവര്‍ത്തകരുടെ റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും തന്റെ എഴുത്തിന് പുരസ്‌കാരം അര്‍ഹിച്ചിരുന്നുവെന്നുമാണ് സൗത്ത് കരോലിനയിലെ റാലിയില്‍ അദ്ദേഹം പറഞ്ഞത്.
◾ വിദേശ തൊഴിലാളികളുടെ ശമ്പളം കൃത്യസമയത്ത് നല്‍കാത്ത പതിനായിരത്തോളം കമ്പനികള്‍ക്കെതിരെ കര്‍ശന നടപടിയുമായി കുവൈറ്റ്. രാജ്യത്ത് ആരെയും അനീതിക്കിരയാക്കില്ലെന്നും നിയമലംഘനങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്നും പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അല്‍-യൂസഫ് വ്യക്തമാക്കി.
◾ അമേരിക്കയിലെ ഫ്ലോറിഡയില്‍ മരിച്ച വ്യക്തിയുടെ വിവരങ്ങള്‍ ദുരുപയോഗം ചെയ്ത് വീട് സ്വന്തമാക്കിയ പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റിലായി. 2022-ല്‍ മരിച്ച ഡെന്നിസ് വെസ്റ്റ് എന്നയാളുടെ വീടാണ് ബ്രയാന്‍ ലൂയിസ് എന്ന ഉദ്യോഗസ്ഥന്‍ വ്യാജരേഖകളിലൂടെ തട്ടിയെടുത്തത്. യഥാര്‍ത്ഥ അവകാശികള്‍ എത്തിയതോടെയാണ് കോടികള്‍ വിലമതിക്കുന്ന ഈ സ്വത്ത് തട്ടിപ്പ് പുറത്തായത്.
◾ 600 വര്‍ഷം മുമ്പ് വംശനാശം സംഭവിച്ച പറക്കാനാകാത്ത ഭീമന്‍ പക്ഷിയായ മോവയുടെ അപൂര്‍വ മുട്ട ഏകദേശം 60 വര്‍ഷത്തിന് ശേഷം ന്യൂസിലന്‍ഡിലേക്ക് തിരിച്ചെത്തുന്നു. അമേരിക്കയിലെ സ്വകാര്യ ശേഖരത്തിലായിരുന്ന ഈ ചരിത്രാവശിഷ്ടം ജൈവസാങ്കേതികവിദ്യാ കമ്പനിയായ കൊളോസല്‍ ബയോസയന്‍സസ് ആണ് മോവയുടെ മുട്ട സ്വന്തമാക്കി ജന്മനാട്ടിലേക്ക് തിരികെ എത്തിക്കുന്നത്. ഡിസംബറോടെ മുട്ട ന്യൂസിലന്‍ഡില്‍ എത്തിക്കും.
◾ ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് നാലു വിക്കറ്റ് ജയം. ആവേശം അവസാന ഓവറിലേക്ക് നീണ്ട മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 226 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 19.3 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 33 പന്തില്‍ 67 റണ്‍സെടുത്ത മലയാളി താരം സഞ്ജു സാംസണാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 15 പന്തില്‍ 42 റണ്‍സെടുത്ത നമന്‍ധീറിന്റേയും 28 പന്തില്‍ 42 റണ്‍സെടുത്ത ശ്രേയസ് അയ്യരുടേയും പ്രകടനങ്ങള്‍ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി.
◾ ഡാറ്റ അനലിറ്റിക്സ്, എഐ മേഖലകള്‍ കൂടുതല്‍ ശക്തമാക്കാന്‍ ഇന്ത്യയിലെ ഐടി കമ്പനികള്‍ വിദേശ സ്ഥാപനങ്ങളെ ഏറ്റെടുക്കുന്നു. യുഎസ്, യുകെ, യൂറോപ്പ് എന്നിവിടങ്ങളിലെ 6 കോടി ഡോളര്‍ വരെ വരുമാനമുള്ള കമ്പനികളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. 20 കോടി ഡോളര്‍ (2,000 കോടി രൂപ) വരെ മൂല്യമുള്ളവയാണ് പല ഇടപാടുകളും. പ്രതീക്ഷിച്ചപോലെ വളര്‍ച്ചയുണ്ടാകാതിരുന്നതും സാമ്പത്തിക അനിശ്ചിതത്വങ്ങളും എഐ മൂലമുണ്ടായ മാറ്റങ്ങളുമാണ് ഐടി കമ്പനികളെ തന്ത്രപരമായ മാറ്റത്തിന് പ്രേരിപ്പിക്കുന്നത്. വന്‍കിട ഉപഭോക്താക്കളെ നേടാനും ഡാറ്റ എന്‍ജിനീയറിങ്, അനലിറ്റിക്സ്, കണ്‍സള്‍ട്ടിങ് മേഖലകളില്‍ വൈദഗ്ധ്യം കൈവരിക്കാനുമാണ് ഏറ്റെടുക്കലിലൂടെ ശ്രമിക്കുന്നത്. ഹെല്‍ത്ത്‌കെയര്‍, ബാങ്കിങ്, ധനകാര്യ സേവനം, സൈബര്‍സെക്യൂരിറ്റി എന്നീ മേഖലകളിലെ കമ്പനികള്‍ക്ക് ഉയര്‍ന്ന മൂല്യസാധ്യതയാണ് കല്‍പ്പിച്ചിട്ടുള്ളത്.
◾ ക്രോം ബ്രൗസറിന് വേണ്ടി സുപ്രധാന സുരക്ഷാ അപ്ഡേറ്റ് അവതരിപ്പിച്ച് ഗൂഗിള്‍. നിര്‍ബന്ധമായും ഇന്‍സ്റ്റാള്‍ ചെയ്തിരിക്കേണ്ട അപ്ഡേറ്റ് ആണിത്. വിന്‍ഡോസ്, മാക്ക്ഒഎസ്, ലിനക്സ് ഒഎസുകള്‍ക്ക് വേണ്ടിയുള്ള 'ക്രോം 156' അപ്ഡേറ്റാണ് പുറത്തിറക്കിയത്. ഗ്രാഫിക്സ്, ആക്സസിബിലിറ്റി, റെന്‍ഡറിങ്, കമ്മ്യൂണിക്കേഷന്‍ ഫീച്ചറുകള്‍ എന്നിവയിലെ ആറ് നിര്‍ണായക ബഗുകള്‍ ഉള്‍പ്പെടെ 353 സുരക്ഷാ വീഴ്ചകളാണ് ഇതിലൂടെ പരിഹരിച്ചിരിക്കുന്നത്. ലിനക്സ് ഉപയോക്താക്കള്‍ 156.0.8078.47 എന്ന പതിപ്പും, വിന്‍ഡോസ്, മാക് ഉപയോക്താക്കള്‍ 156.0.8078.47 അല്ലെങ്കില്‍ 156.0.8078.48 എന്നീ സുരക്ഷിതമായ പാച്ച് പതിപ്പുകളുമാണ് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടത്. ക്രോമിലെ മൂന്ന് ഡോട്ട് മെനുവില്‍ ക്ലിക്ക് ചെയ്ത് 'ഹെല്‍പ്' എന്നതില്‍ പോകുക, തുടര്‍ന്ന് 'എബൗട്ട് ഗൂഗിള്‍ ക്രോം' ക്ലിക്ക് ചെയ്താല്‍ അപ്‌ഡേറ്റ് ലഭ്യമാകും. അപ്‌ഡേറ്റിന് ശേഷം ബ്രൗസര്‍ റീലോഞ്ച് ചെയ്യേണ്ടതുണ്ട്.
◾ അനൂപ് മേനോനും ഐശ്വര്യ മിഥുന്‍ കോറോത്തും പ്രധാന വേഷങ്ങളില്‍ എത്തുന്ന 'ചിരം' എന്ന സിനിമയിലെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു. 'ആ മലയ്ക്കപ്പുറം..' എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് എം. ജയചന്ദ്രന്‍ ആണ്. കെ രാജഗോപാല്‍ എഴുതിയ ഗാനം ആലപിച്ചിരിക്കുന്നത് വിജേഷ് ഗോപാല്‍, ഡോ. ബിനീത എന്നിവര്‍ ചേര്‍ന്നാണ്. 'ബാവുള്‍- സംഗീതവും ജീവിതവും' എന്ന വിഷയത്തില്‍ ഗവേഷണം നടത്തുന്നതിനായി കൊല്‍ക്കത്തയിലെ വിശ്വഭാരതി സര്‍വ്വകലാശാലയില്‍ എത്തുന്ന സീത എന്ന മലയാളി പെണ്‍കുട്ടി അവിടെവെച്ച് തന്റെ പ്രൊഫസറുടെ സുഹൃത്തായ ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍ സാമുമായി പ്രണയത്തിലാകുന്നതും വിരഹവുമെല്ലാം ചിത്രത്തിന്റെ പ്രമേയമാകുന്നു. ശ്രീകാന്ത് മുരളി, ഷെല്ലി കിഷോര്‍, ഗീതി സംഗീത, അമ്പിളി, തേജസ്വിനി ഭക്ത് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
◾ കീര്‍ത്തി സുരേഷും രാധിക ആപ്തെയും പ്രധാന വേഷങ്ങളിലെത്തുന്ന നെറ്റ്ഫ്‌ലിക്‌സ് സീരീസ് 'അക്ക'യുടെ ട്രെയ്ലര്‍ പുറത്തിറങ്ങി. ധര്‍മരാജ് ഷെട്ടിയാണ് സീരീസ് രചിച്ച് സംവിധാനം ചെയ്തത്. യഷ് രാജ് ഫിലിംസിന്റെ ബാനറായ വൈആര്‍എഫ് എന്റര്‍ടെയ്ന്‍മെന്റ് നിര്‍മ്മിക്കുന്ന സീരീസ് ഒക്ടോബര്‍ 30ന് നെറ്റ്ഫ്‌ലിക്‌സിലൂടെ ആഗോളതലത്തില്‍ സ്ട്രീമിങ് ആരംഭിക്കും. അധികാരവും പാരമ്പര്യവും പ്രതികാരവും നിറഞ്ഞ ഒരു ഗ്യാങ്സ്റ്റര്‍ ലോകത്തിന്റെ പശ്ചാത്തലത്തില്‍, വ്യത്യസ്തമായ ലക്ഷ്യങ്ങളും വിശ്വാസങ്ങളുമുള്ള രണ്ട് കരുത്തുറ്റ സ്ത്രീകള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ് ട്രെയ്ലര്‍ മുന്നോട്ടുവയ്ക്കുന്നത്. തന്‍വി ആസ്മി, പൂജ മോഹന്‍രാജ്, മഹേഷ് മഞ്ജരേക്കര്‍, അന്‍ഷുമാന്‍ പുഷ്‌കര്‍, മോണിക്ക പന്‍വാര്‍ എന്നിവരും പ്രധാന താരനിരയിലുണ്ട്.
◾ ഹീറോ മോട്ടോകോര്‍പ്പിന്റെ പുതിയ ബൈക്ക് അപ്‌ഡേറ്റ് ആയ എക്‌സ്ട്രീം 160ആര്‍ 4വി 2026 പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 1.27 ലക്ഷം രൂപയാണ് (എക്‌സ്‌ഷോറൂം) വില. മൂന്ന് വേരിയന്റുകളില്‍ പുതിയ പതിപ്പ് ലഭ്യമാണ്. സ്റ്റാന്‍ഡേര്‍് വേരിയന്റിനാണ് 1.27 ലക്ഷം രൂപ വില. പ്രോയ്ക്ക് അല്‍പ്പം വില കൂടും. 1.37 ലക്ഷം രൂപയാണ് വില വരിക. കാര്‍ബണിന് 1.41 ലക്ഷം രൂപയാണ് വില. ഹീറോ മോട്ടോകോര്‍പ്പ് ഔട്ട്‌ലെറ്റുകള്‍ വഴിയും പ്രീമിയ ഡീലര്‍ഷിപ്പുകളിലും ബൈക്ക് വാങ്ങാനുള്ള ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്. 163 സിസി , ഫോര്‍ വാല്‍വ്, ഓയില്‍ കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ 17 ബിഎച്ച്പിയും 14.6 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. പൂജ്യത്തില്‍ നിന്ന് 60 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 4.4 സെക്കന്‍ഡ് മതി. ആറായിരം കിലോമീറ്റര്‍ വരെ ഓയില്‍ മാറ്റേണ്ടതില്ല. ഇത് പതിവ് മെയിന്റ്‌നന്‍സ് ഫ്രീക്വന്‍സ് കുറയ്ക്കും. നവംബര്‍ ഒന്നിന് ഇതിന്റെ ഡെലിവറി ആരംഭിക്കും.
◾ മലയാളികളുടെ മനസ്സ് ഉഴുതുമറിച്ച സാഹിത്യസാംസ്‌കാരിക നായകന്മാരുടെ കൃതികളില്‍നിന്നുള്ള, വായനക്കാരുടെ ഹൃദയത്തില്‍ ആഴത്തില്‍ സ്പര്‍ശിക്കുകയും നവീകരിക്കുകയും ചെയ്യുന്ന കവിതയിലെ, കഥയിലെ, നോവലിലെ, നാടകത്തിലെ ചില വാക്യങ്ങള്‍ അനുവാചകരില്‍ ഉണ്ടാക്കുന്ന നവോന്മേഷത്തെ തൊട്ടുകാണിച്ചുകൊണ്ട്, സ്വാഭാവികമായും അവ എഴുതപ്പെട്ട കാലദേശങ്ങളെ ഭേദിച്ചുകൊണ്ട് പിറക്കാനിരിക്കുന്ന സമൂഹത്തെ വാര്‍ത്തെടുക്കുന്ന പ്രചോദന ശക്തിയായി മാറുന്ന കൃതിയാണിത്. 'വാക്കെന്‍ സമരായുധം'. എം ഹരിദാസ്. ഗ്രീന്‍ ബുക്സ്. വില 230 രൂപ.
◾ ആരോഗ്യ സംരക്ഷണ നിലവാരത്തില്‍ മുന്നിലുള്ള ആദ്യ 10 രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ട് മാര്‍ക്കറ്റ് റിസര്‍ച്ച് കമ്പനിയായ ഇപ്സോസ്. 32 രാജ്യങ്ങളെ ആധാരമാക്കി നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് 'ഇപ്സോസ് ക്വാളിറ്റി ഓഫ് കെയര്‍ പെര്‍സെപ്ഷന്‍ ഇന്‍ഡക്സ്' പുറത്തുവിട്ടത്. ഒന്നാം സ്ഥാനത്ത് മലേഷ്യയും രണ്ടാംസ്ഥാനത്ത് സിംഗപ്പൂരും മൂന്നാം സ്ഥാനത്ത് ഇന്ത്യയുമാണ്. ലോകമെമ്പാടുമുള്ള പല രാജ്യങ്ങളിലുമുള്ള ആരോഗ്യ സംരക്ഷണ സംവിധാനങ്ങളില്‍ നീണ്ട കാത്തിരിപ്പ്, തൊഴിലാളികളുടെ കുറവ്, ജനങ്ങളുടെ വിശ്വാസക്കുറവ് എന്നിവ നേരിടുമ്പോള്‍ ഇന്ത്യയില്‍ ഇക്കാര്യങ്ങള്‍ വ്യത്യസ്തമാണെന്നും പൗരന്മാര്‍ക്കിടയില്‍ ആരോഗ്യസംവിധാനങ്ങളില്‍ വിശ്വാസം കൂടുതലാണെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നിരുന്നാലും ചികിത്സാച്ചെലവ് താങ്ങാനാവാത്തത് തന്നെയാണ് രാജ്യത്തെ ഏറ്റവും വലിയ ആരോഗ്യ സംരക്ഷണ വെല്ലുവിളിയായി തുടരുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇന്ത്യയില്‍ എളുപ്പത്തില്‍ ഡോക്ടറുടെ അപ്പോയിന്റ്മെന്റ് ഉറപ്പാക്കാന്‍ കഴിയുമെന്ന് 73% പൗരന്മാര്‍ അഭിപ്രായപ്പെട്ടു, ഇതിന്റെ അടിസ്ഥാനത്തില്‍ മറ്റ് 32 രാജ്യങ്ങളെ അപേക്ഷിച്ച് ഇക്കാര്യത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനത്താണെന്ന് സര്‍വേയില്‍ പറയുന്നു. ഫാര്‍മസികളിലും ഇന്ത്യയില്‍ കാത്തിരിപ്പില്ലെന്ന് 81ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. അപ്പോഴും ഇന്ത്യയില്‍ മികച്ച ആരോഗ്യ സംരക്ഷണം വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് സാമ്പത്തികമായി എത്തിപ്പിടിക്കാന്‍ കഴിയാത്തത്ര അകലെയാണെന്ന് 74% ഇന്ത്യക്കാര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ പ്രധാന ആരോഗ്യ പ്രശ്നമാണ് പ്രമേഹമെന്ന് സര്‍വേ വ്യക്തമാക്കുന്നു.
*ശുഭദിനം*
*കവിത കണ്ണന്‍*
ചില കണ്ടുപിടിത്തങ്ങള്‍ വര്‍ഷങ്ങളുടെ ഗവേഷണഫലമാണ്. എന്നാല്‍ ചിലത് യാദൃച്ഛികമായി മുന്നിലെത്തുന്ന ഒരു ചെറിയ അനുഭവത്തില്‍ നിന്നാണ് പിറക്കുന്നത്. രണ്ടാം ലോകമഹായുദ്ധകാലത്ത് റഡാര്‍ സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിച്ചിരുന്ന അമേരിക്കന്‍ എന്‍ജിനീയറായിരുന്നു പെര്‍സി സ്‌പെന്‍സര്‍. ഒരിക്കല്‍ മൈക്രോവേവ് തരംഗങ്ങള്‍ സൃഷ്ടിക്കുന്ന മാഗ്‌നെട്രോണിന് സമീപം ജോലി ചെയ്യുമ്പോള്‍, തന്റെ പോക്കറ്റിലുണ്ടായിരുന്ന ചോക്ലേറ്റ് ഉരുകിയതായി അദ്ദേഹം ശ്രദ്ധിച്ചു. മറ്റൊരാള്‍ ആയിരുന്നെങ്കില്‍ അതൊരു നിസ്സാര സംഭവമായി കണ്ട് മറന്നുപോയേനെ. പക്ഷേ, സ്‌പെന്‍സര്‍ അതിന്റെ കാരണം അന്വേഷിച്ചു. അടുത്ത ദിവസം പോപ്കോണ്‍ ഉപയോഗിച്ച് പരീക്ഷണം നടത്തി. മൈക്രോവേവ് തരംഗങ്ങള്‍ക്ക് ഭക്ഷണം ചൂടാക്കാന്‍ കഴിയുമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ആ പരീക്ഷണങ്ങളില്‍നിന്നാണ് ആധുനിക മൈക്രോവേവ് ഓവന്റെ പിറവിയിലേക്കുള്ള വഴി തുറന്നത്. ഒരു ചെറിയ സംഭവം... ഒരു വലിയ ചിന്ത... ലോകം മുഴുവന്‍ ഉപയോഗിക്കുന്ന ഒരു കണ്ടുപിടിത്തം! ജീവിതത്തിലും അങ്ങനെയാണ്. അപ്രതീക്ഷിതമായി സംഭവിക്കുന്ന കാര്യങ്ങളില്‍ ചിലപ്പോള്‍ വലിയ അവസരങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ടാകും. ഒരു പരാജയം പുതിയ പാഠമായേക്കാം. ഒരു നിരസിക്കല്‍ പുതിയ വഴിയിലേക്കുള്ള തുടക്കമായേക്കാം. ഒരു ചെറിയ അനുഭവം വലിയൊരു വിജയത്തിന്റെ വിത്തായേക്കാം. സംഭവങ്ങള്‍ യാദൃച്ഛികമായിരിക്കാം. പക്ഷേ, അവയില്‍നിന്ന് അവസരങ്ങള്‍ കണ്ടെത്തുന്നത് നമ്മുടെ ചിന്താശേഷിയാണ്. അതുകൊണ്ട്, ഒന്നിനെയും നിസ്സാരമായി കാണരുത്. നിരീക്ഷിക്കുക, ചിന്തിക്കുക, പുതിയ സാധ്യതകള്‍ക്കായി മനസ്സ് തുറന്നുവെക്കുക. ചിലപ്പോള്‍ നിങ്ങള്‍ പ്രതീക്ഷിക്കാത്ത ഒരു നിമിഷമായിരിക്കും നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവ്! -ശുഭദിനം.
Tags:
KERALA