Trending

സായാഹ്ന വാര്‍ത്തകള്‍

2026 | ഒക്ടോബര്‍ 22 | വ്യാഴം 
1202 | തുലാം 5 | ചതയം

◾  മാസപ്പടി കേസില്‍ പിണറായി വിജയന്‍ നാളെ ഇഡിക്ക് മുന്നില്‍ ഹാജരാകില്ല. സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കത്ത് നല്‍കി.  വിജിലന്‍സ് അന്വേഷണം സ്റ്റേ ചെയ്ത സുപ്രീംകോടതി ഉത്തരവ് പിണറായി വിജയന്‍ ഹൈക്കോടതിയില്‍ ഹാജരാക്കി. ശനിയാഴ്ച തന്നെ അപ്പീല്‍ ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയില്‍ കൊണ്ടുവരാനാണ് നീക്കം. പിണറായി നേരത്തെ നല്‍കിയ ഹര്‍ജി തന്നെ പുതിയ നമ്പറിട്ട് ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയക്ക് വരും.

◾  യുക്രെയ്ന്‍ - റഷ്യ യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയുടെ മധ്യസ്ഥതയില്‍ ചര്‍ച്ചയ്ക്കു തയാറാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍. അടുത്ത മാസം ചര്‍ച്ച ആരംഭിക്കും. അമേരിക്കന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫുമായുള്ള കൂടിക്കാഴ്ചയിലാണ് രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ യുദ്ധത്തിന് അവസാനം കാണാനുള്ള ചര്‍ച്ചകള്‍ തുടരാന്‍ പുടിന്‍ തയാറായത്.

◾  മുന്‍മന്ത്രി വീണാ ജോര്‍ജിനെ അക്രമിച്ചെന്ന കേസില്‍ തന്റെ പേരിലുള്ളത് വ്യാജമൊഴിയെന്ന് സുരക്ഷാ ചുമതലയുണ്ടായിരുന്ന മുന്‍ കണ്ണൂര്‍ ടൗണ്‍ എസ് ഐ ദീപ്തി എസ്ഐടിക്കു മൊഴി നല്‍കി. കെഎസ്യു പ്രവര്‍ത്തകരുടെ അക്രമത്തില്‍ മന്ത്രി തെറിച്ചു പോയെന്ന് അന്വേഷണ സംഘം തന്റെ പേരില്‍ കള്ള മൊഴി രേഖപ്പെടുത്തിയെന്നാണ് ദീപ്തി എസ്ഐടിയെ അറിയിച്ചത്.

◾  വിപുലീകൃത ജില്ലാ കമ്മിറ്റികള്‍ക്കു ശേഷമുള്ള ആദ്യ സിപിഎം സംസ്ഥാന സമിതി യോഗം തിരുവനന്തപുരത്ത്. യോഗം നാളെയും തുടരും. തെറ്റുതിരുത്തല്‍ ചര്‍ച്ചകളുടേയും വിവിധ ജില്ലകളിലെടുത്ത തീരുമാനങ്ങളുടേയും വിശദമായ അവലോകനമാണു സംസ്ഥാന സമിതിയില്‍ നടക്കുന്നത്. തെറ്റുതിരുത്തുന്ന തീരുമാനങ്ങളുടെ നടത്തിപ്പും, ജനങ്ങളിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെല്ലുന്ന കര്‍മപദ്ധതികളും ആവിഷ്‌കരിക്കും.

◾  മാസപ്പടി, ഹവാല കേസില്‍ ഇഡി സംഘത്തിന്റെ അവലോകനയോഗം ഇന്ന്. കേസിലെ വിജിലന്‍സ് നടപടി സുപ്രീംകോടതി സ്റ്റേ ചെയ്ത സാഹചര്യത്തില്‍ തുടര്‍നടപടികള്‍ ആലോചിക്കും. ഇഡി സ്പെഷ്യല്‍ ഡയറക്ടര്‍ ഉള്‍പ്പെടെ യോഗത്തില്‍ പങ്കെടുക്കും. ഉത്തരവ് തിരിച്ചടി അല്ലെന്നാണ് ഇഡിയുടെ നിലപാട്.

◾  തൃശ്ശൂര്‍ പൂരം അട്ടിമറിയില്‍ പുനരന്വേഷണം വേണമെന്ന് തിരുവമ്പാടി ദേവസ്വം. നിലവിലെ അന്വേഷണ റിപ്പോര്‍ട്ട് ആടിനെ പട്ടിയാക്കുന്നതെന്ന് തിരുവമ്പാടി സെക്രട്ടറി കെ ഗിരീഷ് കുമാര്‍. പൂരം കലക്കിയത് ആരെന്ന് എല്ലാവര്‍ക്കും അറിയാം. പോലീസിനെ കുറ്റമുക്തരാക്കി ദേവസ്വം ഭാരവാഹികളുടെ തലയില്‍ കുറ്റം കെട്ടിവയ്ക്കുന്ന റിപ്പോര്‍ട്ട് അംഗീകരിക്കാനാവില്ല. മുഖ്യമന്ത്രിയെയും ആഭ്യന്തര, ദേവസ്വം മന്ത്രിമാരെയും നേരില്‍ കണ്ട് നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെടുമെന്ന് ഗിരീഷ്‌കുമാര്‍.

◾  തിരുവനന്തപുരം പാറശ്ശാലയില്‍ റെയില്‍വേ ട്രാക്കില്‍ മണ്ണിടിഞ്ഞുവീണ് ട്രെയിന്‍ എഞ്ചിന്‍ പാളം തെറ്റി. ബിലാസ്പൂര്‍-തിരുനെല്‍വേലി എക്സ്പ്രസ് ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. കനത്ത മഴയില്‍ പുലര്‍ച്ചെ രണ്ട് മണിയോടെ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണിരുന്നു.  

◾  ഗതാഗത വകുപ്പ് സെക്രട്ടറി സ്ഥാനത്ത് നിന്ന് ടിവി അനുപമയെ മാറ്റി. ഗതാഗത വകുപ്പ് മന്ത്രി സി.പി ജോണിന്റെ ഓഫീസുമായുള്ള ഭിന്നതയെ തുടര്‍ന്നാണ് മാറ്റിയത്. ഗതാഗത കമ്മീഷണര്‍ നാഗരാജുവിനെ നേരത്തെ മാറ്റിയിരുന്നു. കേന്ദ്ര സര്‍വീസില്‍ ഡപ്യൂട്ടേഷന്‍ കഴിഞ്ഞ് തിരികെയെത്തിയ ഡി ബാലമുരളിയാണ് ഗതാഗത വകുപ്പിന്റെ പുതിയ സെക്രട്ടറി.

◾  ഒരിക്കല്‍ ശരിയെന്ന് തോന്നിയത് എക്കാലവും ശരിയാവണമെന്നില്ലെന്ന ഫേയ്സ്ബുക്ക് കുറിപ്പുമായി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം നേതാവുമായ പി.പി. ദിവ്യ. ഒരു കരയില്‍ നിന്നും മറു കരയില്‍ എത്താന്‍ സഹായിച്ചതിനെ ജീവിതകാലം മുഴുവന്‍ ചുമന്ന് നടക്കേണ്ടതില്ല, അതിനെ ഉപേക്ഷിക്കുന്നത് നന്ദികേടല്ല, ജീവിതം പഠിപ്പിച്ച പാഠമാണെന്നും ദിവ്യ കുറിച്ചു. ദിവ്യയെ പാര്‍ട്ടി ജില്ലാ കമ്മിറ്റിയില്‍ തിരികെ എത്തിക്കാന്‍ ചില നേതാക്കള്‍ നടത്തിയ നീക്കം പരാജയപെട്ടതിന് പിറകേയാണ് സിപിഎമ്മുമായി അകല്‍ച്ച പ്രകടമാക്കുന്ന ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്.

◾  നെടുമ്പാശ്ശേരി മിനികൂപ്പര്‍ അപകടത്തില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ ആവശ്യപ്പെട്ട് അപകടത്തില്‍ മരിച്ച ഗോപികയുടെ കുടുംബം. അഡ്വ. ജോണ്‍ എസ്. റാല്‍ഫിനെ പ്രോസിക്യൂട്ടറാക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കും കത്തു നല്‍കി.

◾  പുന:സംഘടിപ്പിച്ച വഖഫ് ബോര്‍ഡിന്റെ ആദ്യ സമ്പൂര്‍ണ യോഗം കൊച്ചിയിലെ ആസ്ഥാനത്ത് ചേര്‍ന്നു. എപി വിഭാഗം സമസ്തയുടെ പ്രതിനിധിയെ ഉള്‍പ്പെടുത്താന്‍ അംഗത്വം ഒഴിയാമെന്ന് സന്നദ്ധത അറിയിച്ച ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവിയും യോഗത്തിനെത്തി. രാജിക്കാര്യം സര്‍ക്കാരുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു.

◾  സംസ്ഥാനത്ത് കള്ളക്കടല്‍ പ്രതിഭാസത്തിനും കടലാക്രമണത്തിനും സാധ്യത. നാളെ രാത്രി 11.30 വരെ 0.8 മുതല്‍ 1.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

◾  നാല് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മലയോര തീരദേശ മേഖലകളില്‍ ഉള്ളവര്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു.

◾  അവിശ്വാസ പ്രമേയത്തിലൂടെ ബിജെപിക്ക് ഭരണം നഷ്ടപ്പെട്ട തൃശൂര്‍ പാറളം പഞ്ചായത്ത് കോണ്‍ഗ്രസ് പിടിച്ചെടുത്തു. സിപിഐയുടെ രണ്ടംഗങ്ങള്‍ വിപ്പ് ലംഘിച്ച് കോണ്‍ഗ്രസിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിക്കു വോട്ടു ചെയ്തു. ഇതോടെ കോണ്‍ഗ്രസിന്റെ റോസ് മേരി അബേഷ് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 17 അംഗ ഭരണസമിതിയില്‍ ആറ് അംഗങ്ങള്‍ വീതമാണ് കോണ്‍ഗ്രസിനും ബിജെപിക്കുമുണ്ടായിരുന്നത്. മൂന്ന് അംഗങ്ങളാണ് സിപിഐയ്ക്കുള്ളത്.

◾  പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ പാലക്കാട് മണ്ണാര്‍ക്കാട് എംഇഎസ് കല്ലടി കോളജിലെ 10 വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രത്തില്‍ ചവിട്ടി അധിക്ഷേപിച്ചു എന്നാണു പരാതി.

◾  പന്നിയങ്കര ടോള്‍ പ്ലാസയില്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ തടഞ്ഞിട്ട സംഭവത്തില്‍ വീഴ്ച പറ്റിയത് ബാങ്കിനെന്ന് കെഎസ്ആര്‍ടിസി. ഫാസ്റ്റാഗ് പെയ്മെന്റുകള്‍ കൃത്യമായി അടയ്ക്കാറുണ്ടെന്നും സംഭവിച്ചത് ബാങ്കിന്റെ ഭാഗത്തുനിന്നുള്ള സാങ്കേതിക പ്രശ്നമെന്നും കെഎസ്ആര്‍ടിസി അധികൃതര്‍ വ്യക്തമാക്കി.

◾  എറണാകുളം കടവുഭാഗം സിനഗോഗിന് മുന്നില്‍ തീയിട്ട കേസില്‍ അന്വേഷണസംഘം പൂനെയില്‍. പ്രതി എബിന്‍ പോള്‍ പഠിച്ച സ്ഥാപനത്തില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും. എബിന്‍ പോളിനെതിരെ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മൂവാറ്റുപുഴയിലെ യൂസ്ഡ് കാര്‍ ഷോറൂമിനും, ഒഴിഞ്ഞു കിടന്ന വീടിനും തീവച്ചതിലാണ് പ്രത്യേകം കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.

◾  ജോലി വാഗ്ദാനം ചെയ്ത് ഖത്തറിലെത്തിച്ച ശേഷം സ്ട്രോങ് റൂം ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തുറക്കാന്‍ ആവശ്യപ്പെട്ടെന്ന കേസില്‍ കൊയിലാണ്ടി കൊല്ലം സ്വദേശിയും ബിജെപി നേതാവുമായ ബാലകൃഷ്ണന്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.

◾  രാഹുല്‍ ഗാന്ധിയുടെ വോട്ട് ചോരി വെറും ഷോ മാത്രമാണെന്നും നുഴഞ്ഞുകയറ്റക്കാരുടെ വോട്ട് ബാങ്ക് ഉറപ്പിക്കാനാണ് രാഹുല്‍ഗാന്ധി വോട്ട് ചോരി ഉന്നയിക്കുന്നതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അമിത് ഷാ പറഞ്ഞു. കേരളത്തിലെയും തമിഴ്നാട്ടിലെയുമൊന്നും തെരഞ്ഞെടുപ്പ് വിജയങ്ങള്‍ക്ക് ഒരു കുഴപ്പവുമില്ലെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. 30 വര്‍ഷത്തേക്ക് കോണ്‍ഗ്രസ് അധികാരത്തിലെത്തില്ലെന്നും അമിത് ഷാ പറഞ്ഞു.

◾  തിഹാര്‍ ജയിലില്‍നിന്ന് മോചിതരായ കോക്രോച്ച് ജനതാ പാര്‍ട്ടി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് രാങ്ക എന്നിവര്‍ക്കും മറ്റൊരു നേതാവായ അജിങ്ക്യ ഷിന്‍ഡെയ്ക്കും ഡല്‍ഹി ക്രൈം ബ്രാഞ്ചിന്റെ സമന്‍സ്. പൊലീസിന്റെ ബാരിക്കേഡ് മറികടന്ന് ജന്തര്‍ മന്തറിലേക്ക് അതിക്രമിച്ചു കയറിയ കേസില്‍ ചോദ്യം ചെയ്യാന്‍ ഇന്നു ഹാജരാകണമെന്നാണ് നിര്‍ദ്ദേശം.

◾  ബംഗ്ലാദേശില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടെന്ന പ്രസ്താവനയില്‍ വിശദീകരണവുമായി ഓള്‍ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷന്‍ ദേശീയ പ്രസിഡന്റ് നേഹ ബോറ. പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് നേഹ ബോറ പറഞ്ഞു. ബംഗ്ലാദേശിലെ പുരോഗമന വിദ്യാര്‍ത്ഥി കൂട്ടായ്മയായ സോഷ്യലിസ്റ്റ് സ്റ്റുഡന്റ് ഫ്രണ്ടിന്റെ പേഴ്സണല്‍ നാഷണല്‍ കോണ്‍ഫറന്‍സില്‍ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാക്കിയ വീഡിയോ ആണ് തെറ്റായി വ്യാഖ്യാനിച്ച് പ്രചരിപ്പിക്കുന്നതെന്നും നേഹ ബോറ വ്യക്തമാക്കി.

◾  കര്‍ണാടകയുടെ വിഖ്യാതമായ മൈസൂരു ദസറ ജംബൂസവാരിയില്‍ ആദ്യമായി കേരളത്തിന്റെ നിശ്ചലദൃശ്യം അവതരിപ്പിച്ചു. സംസ്ഥാനത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം, തനതായ കലാരൂപങ്ങള്‍, പ്രകൃതിസൗന്ദര്യം, സാംസ്‌കാരിക വൈവിധ്യം എന്നിവ പ്രതിഫലിപ്പിച്ച അവതരണം ഘോഷയാത്രയിലെ ശ്രദ്ധേയമായ സാന്നിധ്യമായി.

◾  ബംഗളൂരു നെലമംഗലയില്‍ ഭര്‍ത്താവിനെ കണ്ടെത്താന്‍ മൊബൈല്‍ ടവറിന് മുകളില്‍ കയറി ഇരുന്ന് ആത്മഹത്യ ഭീഷണി മുഴക്കിയ യുവതി പൊലീസിനെ കുഴക്കിയത് മൂന്ന് ദിവസം. പാവഗഡ സ്വദേശിനി സിന്ധു എന്ന ഇരുപതുകാരി ഈ മാസം ആറിനായിരുന്നു ഗണേഷ് എന്ന യുവാവുമായി വിവാഹിതരായത്. പത്തു ദിവസത്തിനകം ഗണേഷ് വീടുവിട്ടു. സിന്ധു പൊലീസില്‍ പരാതി നല്‍കി. ഇതിനു പിറകേയാണ് ടവറിനു മുകളില്‍ കയറിയത്.

◾  കര്‍ണാടകത്തില്‍ ദസറ ആഘോഷങ്ങളുടെ ഭാഗമായി നടന്ന ജംബൂ സവാരിക്കിടെ ആനയിടഞ്ഞു. ശിവമോഗ ചാമുണ്ഡേശ്വരി ദേവിയുടെ വിഗ്രഹവുമായി പോവുകയായിരുന്ന 'സോമണ്ണ' എന്ന ആനയാണ് ഇടഞ്ഞോടിയത്. ഒരു മണിക്കൂറോളം ആന ഭീതി പരത്തി. ഒടുവില്‍ മൃഗഡോക്ടര്‍മാര്‍ മയക്കുവെടിവച്ച് ആനയെ തളച്ചു.

◾  മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ സമരം ചെയ്ത സിജെപിയെ പിന്തുണച്ച് തമിഴ്‌നാട് ബിജെപി മുന്‍ അധ്യക്ഷന്‍ കെ അണ്ണാമലൈ രംഗത്തെത്തി. വിമര്‍ശിക്കുന്നവരെ ദേശവിരുദ്ധരായി മുദ്രകുത്തുന്ന ബിജെപി നടപടിയെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. എന്നാല്‍ പാര്‍ട്ടി വിട്ടശേഷമുള്ള അണ്ണാമലൈയുടെ ഈ മാറ്റത്തെ ബിജെപി നേതാക്കള്‍ ചോദ്യം ചെയ്തു.

◾  ലഡാക്കില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. വോട്ടെടുപ്പ് നവംബര്‍ 21-ന് നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. എട്ടു വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് കേന്ദ്രഭരണ പ്രദേശമായ ലഡാക്കില്‍ വീണ്ടും പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്.

◾  ഹോര്‍മുസ് കടലിടുക്കില്‍ കുവൈറ്റിന്റെ എണ്ണക്കപ്പലിന് നേരെ ആക്രമണം. ആക്രമണം നേരിട്ട എംടി അല്‍ ദസ്മ കപ്പലിലുണ്ടായിരുന്ന 21 ഇന്ത്യാക്കാരടക്കം എല്ലാ ജീവനക്കാരും സുരക്ഷിതരാണ്. മിസൈല്‍ ആക്രമണ വിവരം അറിഞ്ഞ് കേന്ദ്ര തുറമുഖ ഷിപ്പിങ് ജലഗതാഗത വകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ഇടപെട്ടിട്ടുണ്ട്.

◾  ആക്രമണം ശക്തമായ പശ്ചാത്തലത്തില്‍ സൗദി അറേബ്യയിലെ ശൈബ എണ്ണപ്പാടത്തിന് നേരെ ഹൂതി വിമതരുടെ  ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ പൗരന് പരിക്കേറ്റു. ആക്രമണത്തില്‍ രണ്ട് പ്രവാസികള്‍ കൊല്ലപ്പെട്ടു. ഫിലിപ്പീന്‍സ്, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഓരോ പൗരന്മാരാണ് മരിച്ചത്.

◾  അമേരിക്കയിലെ മിനസോട്ടയില്‍ ചോളപ്പാടത്ത് 11 അടി വ്യാസം വരുന്ന വലിയ ലോഹവസ്തു കണ്ടെത്തി.  ബഹിരാകാശത്തുനിന്നുള്ള അവശിഷ്ടമാണെന്നാണ് സ്റ്റീവന്‍സ് കൗണ്ടി ഷെരീഫ് ഓഫീസ് വ്യക്തമാക്കുന്നത്. ഒക്ടോബര്‍ 14 -ന് ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് സ്‌കോട്ട് ടൗണ്‍ഷിപ്പിലെ പാടത്ത് ഈ വിചിത്രമായ വസ്തു ശ്രദ്ധയില്‍പ്പെട്ടത്.

◾  സൗദി അറേബ്യയിലെ ദമ്മാമിലുള്ള കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതികളുടെ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. ഇന്ത്യക്കാരനായ ഒരാളാണ് ഇപ്പോള്‍ മരിച്ചത്. പരിക്കേറ്റവരിലും രണ്ട് ഇന്ത്യക്കാരുണ്ട്. നേരത്തെ പ്രവാസിയായ ഒരാള്‍ കൊല്ലപ്പെടുകയും എട്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

◾  ബിസിനസ് ട്രിപ്പിനിടയില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പീഡിപ്പിച്ചെന്നും, പരാതി നല്‍കിയപ്പോള്‍ നിശബ്ദത പാലിക്കാന്‍ നിര്‍ബന്ധിച്ചെന്നും ആരോപിച്ച് ജീവനക്കാരി ആമസോണ്‍ കമ്പനിക്കെതിരെ കേസ് ഫയല്‍ ചെയ്തു. സീയാറ്റിലിലെ ആമസോണ്‍ വെബ് സര്‍വീസസില്‍ മാര്‍ക്കറ്റിംഗ് ആന്‍ഡ് ഓപ്പറേഷന്‍സ് മാനേജരായ ലോറ ഡാന്‍ബോം ആണ് ആമസോണിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്.

◾  ഏഷ്യന്‍ പാരാ ഗെയിംസില്‍ ലൈംഗികതിക്രമ പരാതിയെ തുടര്‍ന്ന് ഇന്ത്യന്‍ പാരാ നീന്തല്‍ താരം മുഹമ്മദ് ഷംസ് ആലം ഷെയ്ഖിനെ ജപ്പാനില്‍ നിന്ന് തിരിച്ചയച്ചു. സംഭവത്തില്‍ താരത്തിനെതിരെ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള കടുത്ത അച്ചടക്ക നടപടികള്‍ക്ക് ഒരുങ്ങുകയാണ് പാരാലിംപിക് കമ്മിറ്റി ഓഫ് ഇന്ത്യ.

◾  ഏഷ്യന്‍ പാരാ ഗെയിംസ് 2026-ല്‍ പുരുഷന്മാരുടെ 100 മീറ്റര്‍ ടി47 വിഭാഗത്തില്‍ വെള്ളിമെഡല്‍ നേടി ഇന്ത്യയുടെ അഭിമാനമായി തിരുവനന്തപുരം സായ് സെന്ററിലെ താരമായ മുഹമ്മദ് ബാസില്‍. 10.72 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ബാസില്‍ വെള്ളിമെഡല്‍ സ്വന്തമാക്കിയത്. ഇന്ത്യയുടെതന്നെ സഹതാരം ദിലീപ് ഗവിത് മഹാദു 10.69 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് സ്വര്‍ണമെഡല്‍ നേടി.

◾  സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. പവന് ഒറ്റയടിക്ക് 1240 രൂപ കുറഞ്ഞു. 1,05,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 155 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,235 രൂപയാണ്. ചെറു കാരറ്റുകളുടെ വിലയിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 135 രൂപ കുറഞ്ഞ് 10,835 രൂപയായി. 14 കാരറ്റ് ഗ്രാമിന് 100 രൂപ കുറഞ്ഞ് 8,470 രൂപയിലും ഒമ്പത് കാരറ്റ് ഗ്രാമിന് 65 രൂപ കുറഞ്ഞ് 5,465 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. അതേസമയം, വെള്ളി വില ഇന്ന് മാറ്റമില്ലാതെ ഗ്രാമിന് 230 രൂപയില്‍ തുടരുന്നു. ആഗോള വിപണിയിലെ എണ്ണവില അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ഉയര്‍ന്നതാണ് സ്വര്‍ണവില കുറയാന്‍ കാരണം.

◾  സ്വകാര്യവിഷയങ്ങള്‍ സംസാരിക്കുന്ന ചാറ്റുകള്‍ക്ക് സ്വകാര്യത ഉറപ്പുവരുത്താനായി, അതീവ രഹസ്യസ്വഭാവമുള്ള ചാറ്റുകള്‍ പിന്‍, ഫേസ് ഐഡി, അല്ലെങ്കില്‍ ടച്ച് ഐഡി  എന്നിവ ഉപയോഗിച്ച് ലോക്ക് ചെയ്യാനുള്ള സൗകര്യമൊരുക്കി ചാറ്റ്ജിപിടി. ചാറ്റുകള്‍ ലോക്ക് ചെയ്താല്‍ അവ പ്രധാന ഹിസ്റ്ററിയിലോ സെര്‍ച്ചിലോ കാണാന്‍ കഴിയില്ല. പകരം, അവ ഒരു പ്രത്യേക ലോക്ക്ഡ് ചാറ്റ്സ് ഫോള്‍ഡറിലേക്ക് മാറ്റി സുരക്ഷിതമായി സൂക്ഷിക്കും. ലോക്ക് ചെയ്ത പ്രൈവറ്റ് ചാറ്റുകള്‍ക്ക് വെവ്വേറെ മെമ്മറി സൗകര്യം ഉള്ളതിനാല്‍, അവയിലെ വിവരങ്ങള്‍ നിങ്ങളുടെ സാധാരണ ചാറ്റുകളുമായി കലരില്ല. സ്വകാര്യ ചാറ്റുകള്‍ ആരംഭിക്കുമ്പോള്‍ തന്നെ അത് ലോക്ക് ചെയ്തുവെക്കാന്‍ ഓര്‍ക്കണം. ഈ ഫീച്ചര്‍ ഉപയോഗിക്കുമ്പോള്‍ നല്‍കുന്ന പിന്‍ വളരെ പ്രധാനമാണ്. പിന്‍ റീസെറ്റ് ചെയ്യുകയാണെങ്കില്‍, ലോക്ക് ചെയ്ത എല്ലാ ചാറ്റുകളും അതിലെ വിവരങ്ങളും എന്നെന്നേക്കുമായി നഷ്ടപ്പെടും.

◾  ഇന്ത്യന്‍ സിനിമാസ്വാദകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന നിതീഷ് തിവാരിയുടെ ബ്രഹ്‌മാണ്ഡ ചിത്രം 'രാമായണ'യുടെ രാവണ താണ്ഡവം എന്ന ഗാനത്തിന്റെ മലയാളം പതിപ്പ് പുറത്തുവിട്ടു. എ.ആര്‍ റഹ്‌മാന്‍ സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് യദു കൃഷ്ണന്‍ കെ ആണ്. വിനായക് ശശികുമാറിന്റേതാണ് വരികള്‍. നവംബര്‍ 5 നാണ് പാന്‍ ഇന്ത്യന്‍ ചിത്രം തിയേറ്ററുകളില്‍ എത്തുക. ചിത്രത്തില്‍ രാമനായി രണ്‍ബീര്‍ കപൂറും രാവണനായി യഷും എത്തുന്നു. സായ് പല്ലവിയാണ് സീതയായി എത്തുമ്പോള്‍ മലയാളികളുടെ പ്രിയനടി ശോഭന കൈകേയിയായി വേഷമിടുന്നു. അരുണ്‍ ഗോവില്‍ ദശരഥ മഹാരാജാവായും രവി ദുബെ ലക്ഷ്മണനായും അജിങ്ക്യ ദേവ് വിശ്വാമിത്ര മഹര്‍ഷിയും കുനാല്‍ കപൂര്‍ ഇന്ദ്രദേവനായും രാകുല്‍ പ്രീത് സിംഗ് ശൂര്‍പ്പണഖയായും വേഷമിടുന്നു.

◾  റമീസ് എഴുതി സംവിധാനം ചെയ്യുന്ന ടൈം ട്രാവല്‍ ത്രില്ലര്‍ ചിത്രം 'ഒറിജിനലി'ലെ പുതിയ ഗാനം 'കാര്‍ക്കാലമേഘ'ത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. സുഷിന്‍ ശ്യാം പാടിയ ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് റമീസും വിജയ് ആനന്ദും ചേര്‍ന്നാണ്. സംഗീതം: ഇലക്ട്രോണിക് കിളി. ഇലസ്‌ട്രേഷന്‍: മുഫ്ലിഹ അബ്ദുള്ള. മോഷന്‍ ഗ്രാഫിക്സ്: സാസു അനസ്. ചിത്രത്തില്‍ ശ്രീനാഥ് ഭാസി ഇരട്ടവേഷത്തിലെത്തുന്നു. അഭിരാം രാധാകൃഷ്ണന്‍, രാജേഷ് മാധവന്‍, സാഫ് ബോയ്, ബിനു പപ്പു, ഫെമിന ജോര്‍ജ്, ശ്രീകാന്ത് വെട്ടിയാര്‍, ഗോകുലന്‍, അനീഷ് ജി, സലീം ഹസന്‍, ദിനേശ് പ്രഭാകര്‍, രാജേഷ് പറവൂര്‍, ഷമീര്‍ (ചൂരല്‍), സുബിന്‍ ടാര്‍സന്‍, അരുണ്‍ പ്രദീപ്, ലാല മലപ്പുറം, സ്റ്റിനി ഫ്രാന്‍സിസ്, ഹാരിസ് സലീം, വിരു വിവേക് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

◾  ഇറ്റാലിയന്‍ ആഡംബര സ്‌പോര്‍ട്‌സ് കാര്‍ നിര്‍മ്മാതാക്കളായ ഫെരാരി ഇന്ത്യയില്‍ വരും മാസങ്ങളില്‍ പുതിയ രണ്ട് ഷോറൂമുകള്‍ കൂടി തുറക്കും. നിലവില്‍ മുംബൈ, ഡല്‍ഹി, ബംഗളൂരു എന്നിവിടങ്ങളില്‍ ഫെരാരിക്ക് ഷോറൂമുകള്‍ ഉണ്ട്. ചെന്നൈയിലും അഹമ്മദാബാദിലുമാണ് പുതിയ ഷോറൂമുകള്‍ വരുന്നത്. വിവിധ കാലഘട്ടങ്ങളിലെ ഫെരാരി മോഡലുകള്‍ പ്രദര്‍ശിപ്പിക്കുന്ന യൂണിവേഴ്‌സോ ഫെരാരി ഇന്ത്യയുടെ ഉദ്ഘാടന വേദിയിലാണ് ഈ പ്രഖ്യാപനം. ഈ പ്രദര്‍ശനത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം ഫെരാരിയുടെ ആദ്യ ഇലക്ട്രിക് വാഹനമായ ലൂസ് ഇവിയുടെ ഇന്ത്യയിലെ അവതരണമായിരുന്നു. ഫെരാരിയുടെ ആദ്യത്തെ അഞ്ച് സീറ്റര്‍ വാഹനം കൂടിയാണിത്. 1075 ബിഎച്ച്പി കരുത്തും 990 എന്‍എം ടോര്‍ക്കുമാണ് ഇത് ഉല്‍പ്പാദിപ്പിക്കുന്നത്. ഇന്ത്യന്‍ വിപണിയിലെ വിലയോ ബുക്കിങ് തീയതിയോ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 2027ന്റെ തുടക്കത്തില്‍ ഇത് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

◾  എത്ര പറഞ്ഞാലും മടുക്കാത്ത മനുഷ്യവികാരമാണ് പ്രണയം. പ്രാര്‍ത്ഥനയുടെയും പ്രിയന്റെയും പ്രണയവും വിരഹവും നഷ്ടബോധവും തേടലും തിരിച്ചറിയലുംകൊണ്ട് നെയ്‌തെടുത്ത ഈ കൃതി പിരിഞ്ഞുപോയവന്‍ ഏല്‍പ്പിച്ച വേദനയിലുരുകുന്ന ഒരു പെണ്ണിന്റെ തനുവും മനവും വെളിപ്പെടുത്തുന്നു. നയന വൈദേഹി സുരേഷിന്റെ ഏറ്റവും പുതിയ നോവല്‍. 'തനു'. മാതൃഭൂമി. വില 119 രൂപ.

◾  ഒരു ദിവസം മൂന്നു മുതല്‍ അഞ്ചു കപ്പ് കാപ്പി വരെ കുടിക്കുന്നത് ആരോഗ്യകരമാണെന്നാണ് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ വ്യക്തമാക്കുന്നത്. പല ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ചെറുക്കുന്നതിനും കാപ്പി ഗുണകരമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. കാപ്പി കുടിക്കുന്നതിലൂടെ ഫാറ്റി ലിവര്‍, സിറോസിസ് തുടങ്ങിയ കരള്‍ രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയും. വിട്ടുമാറാത്ത വീക്കം കുറയ്ക്കുകയും കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുകയും ചെയ്തുകൊണ്ട് കാപ്പി കരളിലെ കോശങ്ങളെ സംരക്ഷിക്കും. കാപ്പി കുടിക്കുന്നതിലൂടെ കരള്‍ രോഗം മൂലം മരിക്കാനുള്ള സാധ്യത 49% കുറയും. ഒരു കപ്പ് കാപ്പി കുടിക്കുന്നത് ടൈപ്പ്-2 പ്രമേഹം വരാനുള്ള സാധ്യത 8% കുറയ്ക്കും, 2 കപ്പ് കുടിക്കുന്നത് സാധ്യത 15% ആയി കുറയ്ക്കും, 3 കപ്പ് കുടിക്കുന്നത് സാധ്യത 21% ആയി കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങളും പറയുന്നുണ്ട്. എന്നാല്‍ പഞ്ചസാര ചേര്‍ത്താല്‍ അതിന്റെ ഗുണം പകുതിയായി കുറയും. കാപ്പി കുടിക്കുന്ന സ്ത്രീകള്‍ക്ക് എന്‍ഡോമെട്രിയല്‍ കാന്‍സര്‍ വരാനുള്ള സാധ്യത കുറവാണ്. കാപ്പിയിലെ കഫീനും മറ്റ് ഘടകങ്ങളും പാര്‍ക്കിന്‍സണ്‍സ് രോഗ സാധ്യത 37% കുറയ്ക്കാനാവും. കഫീന്‍ അധികമായാല്‍ ഉത്കണ്ഠ, തലവേദന ഹൃദയമിടിപ്പ് വര്‍ധിക്കുക തുടങ്ങിയവയ്ക്കു കാരണമാകും. നെഞ്ചെരിച്ചിലിന്റെ ലക്ഷണങ്ങള്‍ വര്‍ധിപ്പിക്കും.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 94.77, പൗണ്ട് - 127.05, യൂറോ - 106.52, സ്വിസ് ഫ്രാങ്ക് - 115.50, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 66.49, ബഹറിന്‍ ദിനാര്‍ - 251.05, കുവൈത്ത് ദിനാര്‍ -305.55, ഒമാനി റിയാല്‍ - 246.46, സൗദി റിയാല്‍ - 25.16, യു.എ.ഇ ദിര്‍ഹം - 25.71, ഖത്തര്‍ റിയാല്‍ - 25.99, കനേഡിയന്‍ ഡോളര്‍ - 67.65.
Previous Post Next Post
3/TECH/col-right