2026 ഒക്ടോബര്‍ 19 | തിങ്കള്‍
1202 തുലാം 2 | ഉത്രാടം
1448 ജ: അവ്വൽ 07
◾ 15 ശതമാനം വീര്യമുള്ള ഹോര്‍ട്ടി വൈന്‍ ബേക്കറികളിലൂടെ വില്ക്കാന് എക്സൈസ് നല്കിയ അനുമതി ഉത്തരവ് റദ്ദാക്കി. സര്‍ക്കാര്‍ അറിയാതെ ഉത്തരവിറക്കിയ ഉദ്യോഗസ്ഥര്ക്കെതിരേ നടപടിയെന്ന് എക്സൈസ് മന്ത്രി എം ലിജു. ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് അനുമതി തേടി എക്സൈസ് കമ്മീഷണറെ സമീപിച്ച അബ്കാരി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി കെ അനില്‍ കുമാറിനെ മാറ്റി. പകരം വി. സുഭാഷിനെ നിയമിച്ചു. അനുമതി നല്കിയതു സംബന്ധിച്ച് മന്ത്രി എക്സൈസ് കമ്മീഷണറോട് അടിയന്തിരമായി റിപ്പോര്‍ട്ട് തേടി.
◾ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലേക്ക് 800 ഡോക്ടര്‍മാരെ നിയമിക്കാന്‍ ആരോഗ്യ വകുപ്പ് ശുപാര്‍ശ നല്കി. ധനകാര്യ വകുപ്പിന്റെ അനുമതിലഭിക്കണം. ആരോഗ്യ വകുപ്പില്‍ ആകെ 1800 ഡോക്ടര്‍മാരുടെ നിയമനത്തിനും ശുപാര്‍ശ നല്‍കിയിട്ടുണ്ട്.
◾ ശബരിമല മേല്‍ശാന്തിയായി അരീക്കര സുബ്രഹ്മണ്യന് ശങ്കരന് നമ്പൂതിരിയും, മാളികപ്പുറം മേല്‍ശാന്തിയായി ആയാടത്ത് ഇല്ലത്തുനിന്നുള്ള എ ദാമോദരന്‍ നമ്പൂതിരിയും തിരഞ്ഞെടുക്കപ്പെട്ടു. മേല്‍ശാന്തിമാരെ നറുക്കെടുക്കുന്നതിനായി പന്തളം കൊട്ടാരത്തില്‍ നിന്ന് ദേവനന്ദന് അര്‍ജുനനേയും അനശ്വര എം രഞ്ജിതിനെയും പന്തളം കൊട്ടാരം വലിയ തമ്പുരാന് തിരുവോണം നാള് രാമവര്‍മ്മ രാജ ചുമതലപ്പെടുത്തിയിരുന്നു.
◾ സംസ്ഥാന സ്കൂള്‍ കായികമേള ഈ മാസം 25 മുതല്‍ ഏഴു ദിവസം കോഴിക്കോട്ട്. കായികമേള മുഖ്യമന്ത്രി വി ഡി സതീശന് ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരത്ത് നിന്നുള്ള ട്രോഫി പ്രയാണവും കാസര്‍കോട് നിന്നുള്ള ദീപശിഖാ പ്രയാണവും ഈ മാസം 25 ന് രാവിലെ കോഴിക്കോട് ബീച്ചില്‍ സംഗമിക്കും. നഗരപ്രദക്ഷിണം നടത്തി മാര്‍ച്ച് പാസ്റ്റോടെ പ്രധാന വേദിയായ എന്‍ ഐ ടിയില്‍ എത്തിച്ചേരും. ശേഷമാകും മുഖ്യമന്ത്രി മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കുക. സമാപന സമ്മേളനത്തില്‍ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയായിരിക്കും മുഖ്യാതിഥി.
◾ സംസ്ഥാന സര്‍ക്കാര്‍ പുതിയ വനിതാ നയം രൂപീകരിക്കുമെന്ന് തൊഴില്‍, വനിതാ-ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. സ്ത്രീകളുടെ സാമൂഹികവും തൊഴില്‍പരവുമായ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം അവരുടെ മാനസികാരോഗ്യത്തിനും ക്ഷേമത്തിനും പ്രാധാന്യം നല്കുന്ന നയമാണു തയാറാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
◾ കോവളത്തെ സ്പായില്‍ പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ കുട്ടിയുടെ അമ്മയുടെ സഹോദരിയും ഭര്‍ത്താവും അറസ്റ്റില്‍. ആന്ധ്രയില്‍ നിന്നാണ് ഇരുവരെയും പിടികൂടിയത്. ഇവരാണ് പെണ്‍കുട്ടിയെ സ്പായില്‍ എത്തിച്ചത്. പ്രായപൂര്‍ത്തിയായെന്ന് ഇവര്‍ വ്യാജരേഖയുമുണ്ടാക്കിയിരുന്നു. കേസില്‍ രണ്ടു സ്പാ ഉടമകളെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു. തിരുവനന്തപുരം നഗരസഭയിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് സ്പാ നടത്തിപ്പുമായി ബന്ധമുണ്ടെന്നു പൊലീസ്.
◾ സംസ്ഥാനത്തെ അറുന്നൂറോളം സ്പാകളില്‍ പോലീസ് റെയ്ഡ് നടത്തി. കോവളത്തെ സ്പായില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ജോലി ചെയ്യിപ്പിച്ച സംഭവം പുറത്തായതോടെയാണ് പോലീസ് പരിശോധന നടത്തിയത്.
◾ സംസ്ഥാനത്ത് തുലാവര്‍ഷം ശക്തമാകുന്ന സാഹചര്യത്തില്‍ ഒക്ടോബര്‍ 22 വരെ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്.
◾ പമ്പ നിലയ്ക്കല്‍ റൂട്ടില്‍ ഗതാഗതക്കുരുക്ക്. അറ്റകുറ്റപ്പണി വൈകിയതിനാല്‍ ദേവസ്വം ബോര്‍ഡിന്റെ പക്കല്‍ നിന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത് പൊതുമരാമത്ത് വിഭാഗത്തെ ഏല്‍പ്പിച്ച റോഡിലാണ് ഗതാഗത തടസം. തുലാമാസ പൂജയ്ക്ക് നട തുറന്നതിനിടെയും റോഡു പണി തുടരുന്നതാണു കാരണം.
◾ കൊടുംകുറ്റവാളികളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന പൊലീസ് അസോസിയേഷന് പത്തനംതിട്ട ജില്ലാ സെക്രട്ടറിയും തിരുവല്ല പൊലീസ് സ്റ്റേഷനിലെ പോലീസുകാരനുമായ നിഷാന്ത് പി ചന്ദ്രനെ സര്‍വീസില്‍ നിന്നു പിരിച്ചുവിടാന്‍ നടപടി തുടങ്ങി. പീച്ചി സ്വര്‍ണക്കവര്‍ച്ചാ കേസിലെ ഗുണ്ടാ സംഘവുമായി ഉള്‍പ്പെടെ ഇയാള്‍ക്ക് ബന്ധമുണ്ടെന്നാണു റിപ്പോര്‍ട്ട്.
◾ എസ്എഫ്ഐ വയനാട് ജില്ലാക്കമ്മിറ്റിയില്‍ കയ്യാങ്കളി. ജില്ലാ ജോയിന്റ് സെക്രട്ടറി സായന്തിനെ ജില്ലാ സെക്രട്ടറി ആദര്‍ശിന്റെ നേതൃത്വത്തില്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി ആരോപണം.
◾ സൗദി അറേബ്യയില്‍ നിരോധിത മരുന്ന് കൈവശം വച്ചെന്ന സംശയത്തെ തുടര്‍ന്ന് ജിദ്ദ വിമാനത്താവളത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത വയനാട് സ്വദേശിനിയായ നഴ്സ് ഫിലോമിന (32) മോചിതയായി. ഇവര്‍ നിരപരാധിയാണെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് അധികൃതര്‍ മോചിപ്പിച്ചത്.
◾ കെഎസ്ആര്‍ടിസി ബസുകള്‍ കുറവായതിനാല്‍ ശബരിമല തീര്‍ഥാടകര്‍ക്ക് എസ്പി ഇടപെട്ട് പൊലീസ് ബസില്‍ യാത്രാ സൗകര്യം ഒരുക്കി. പമ്പ-ചാലക്കയം റോഡിലെ നിര്‍മാണപ്രവൃത്തികളാണ് നിലയ്ക്കല്‍-പമ്പ റൂട്ടിലെ കെഎസ്ആര്‍ടിസി സര്‍വീസുകളെയും ബാധിച്ചത്. റോഡ് പണി കാരണം നിലയ്ക്കല്‍-പമ്പ സര്‍വീസിന് മതിയായ കെഎസ്ആര്‍ടിസി ബസുകള്‍ ഉണ്ടായില്ല.
◾ പൂജാ അവധിക്കാലത്തേക്കു കേരളത്തിലേക്ക് റെയില്‍വേ കൂടുതല്‍ സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരം നോര്‍ത്ത്-മംഗളൂരു ജങ്ഷന്(06155) മം?ഗളൂരു ജങ്ഷന്-തിരുവനന്തപുരം നോര്‍ത്ത് (06156) തിരുവനന്തപുരം നോര്‍ത്ത്-താംബരം (06164) താംബരം-തിരുവനന്തപുരം നോര്‍ത്ത് (06163) തുടങ്ങിയ സ്പെഷ്യല്‍ എക്സ്പ്രസ് ട്രെയിനുകളാണ് പ്രഖ്യാപിച്ചത്
◾ തെരഞ്ഞെടുപ്പു കമ്മീഷന് പ്രവര്‍ത്തിക്കേണ്ടത് നിഷ്പക്ഷ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്താനാണെന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയന്. ഗ്യാനേഷ് കുമാറിന്റെ നടപടികള്‍ ചോദ്യം ചെയ്യാനായി എല്ലാവരെയും ഒരുമിപ്പിക്കുക എന്നത് പ്രധാനമാണെന്നും പിണറായി പറഞ്ഞു.
◾ അഴിമതി ആരോപണം നേരിടുന്ന തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഇടത് കൗണ്‍സിലര്‍ അജിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. ഭൂ ഉടമയില്‍നിന്നു 10 ലക്ഷം കൈക്കൂലി ആവശ്യപ്പെട്ടിരുന്നെന്ന് ഡിജിറ്റല്‍ തെളിവു സഹിതം ഇയാള്‍ക്കെതിരേ ആരോപണം ഉയര്‍ന്നിരുന്നു.
◾ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഉമ്മന്‍ ചാണ്ടിക്ക് നീതി കൊടുത്തിട്ടില്ലെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. ഉമ്മന്‍ചാണ്ടിയെ അന്യായമായി ക്രൂശിച്ചുവെന്നും കള്ളക്കേസില്‍ കുടുക്കി അദ്ദേഹത്തെ മാനസികമായും ശാരീരികമായും തകര്‍ത്തുവെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. അതേസമയം ഉമ്മന്‍ചാണ്ടിക്ക് നീതി കൊടുത്തില്ലെന്ന് പറഞ്ഞ് മറ്റൊരാളെ വേട്ടയാടുന്നതും ശരിയല്ലെന്നും കോണ്‍ഗ്രസ്സിന്റെ ശൈലി അത് അല്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
◾ യൂട്യൂബര്‍ മുന്താസ് അബ്ദുല്‍ സലാമിനെ പോക്സോ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തു. യൂട്യൂബ് ചാനലിലൂടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെ അശ്ലീല പരാമര്‍ശം നടത്തിയെന്ന പരാതിയിലാണ് അറസ്റ്റ്.
◾ കോണ്‍ഗ്രസ് പാമ്പാടി മണ്ഡലം കമ്മിറ്റി പൊലീസിനെതിരെ പ്രമേയം പാസാക്കി. പാമ്പാടി ആര്‍ഐടി കോളേജ് തെരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ കെഎസ്യു പ്രവര്‍ത്തകരെ മര്‍ദിച്ച സിപിഎമ്മുകാരെ പൊലീസ് സംരക്ഷിച്ചെന്ന് ആരോപിച്ചാണ് പ്രമേയം.
◾ നെടുമങ്ങാട് നഗരസഭ ആരോഗ്യ വിഭാഗം ഹോട്ടലുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ പഴകിയതും കേടുവന്നതുമായ ഭക്ഷണ സാധനങ്ങള്‍ പിടികൂടി. നഗരത്തിലെ പത്തോളം വരുന്ന ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തതായി ആരോഗ്യ വിഭാഗം അറിയിച്ചു.
◾ സംസ്ഥാനത്ത് മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താന്‍ കേരള പോലീസ് നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 6199 പേര്‍ക്കെതിരെ കേസെടുത്തു. എറണാകുളം റൂറലിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.
◾ കിഫ്ബിയെ അട്ടിമറിക്കാന്‍ മുഖ്യമന്ത്രി വി ഡി സതീശന് ശ്രമിക്കുന്നുവെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി. കിഫ്ബി പദ്ധതികളില്‍ കണ്ണൂരിന് കൂടുതല്‍ പരിഗണന നല്‍കിയെന്ന വിമര്‍ശനങ്ങളെ പിണറായി വിജയനും ഇ പി ജയരാജനും രൂക്ഷമായി എതിര്‍ത്തു
◾ കാലാവധി തീരുംമുമ്പ് വഖഫ് ബോര്‍ഡ് ഭരണസമിതിയെ പിരിച്ചുവിട്ട യുഡിഎഫ് സര്‍ക്കാര്‍ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന് ആരോപിച്ചു. ഹൈക്കോടതി വിധി തെറ്റായി വ്യാഖ്യാനിച്ചുള്ള ഈ നടപടി ഉടന്‍ റദ്ദാക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.
◾ വഖഫ് ബോര്‍ഡ് പുനഃസംഘടന സുന്നികളെ അങ്ങേയറ്റം അവഹേളിക്കുന്നതും വേദനിപ്പിക്കുന്നതുമാണെന്ന വിമര്‍ശനവുമായി കാന്തപുരം വിഭാഗം സമസ്തയുടെ മുഖപത്രം സിറാജ്. ഒരു ശതമാനം പോലും വഖഫ് സ്വത്തുകള്‍ കൈകാര്യം ചെയ്യാന്‍ അര്‍ഹതയില്ലാത്ത ജമാഅത്തെ ഇസ്ലാമിക്കും മുജാഹിദിനും അംഗത്വം നല്‍കിയെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു,
◾ കാര്‍ത്തികപ്പള്ളിയില്‍ രണ്ടു വയസ്സുകാരന് മരിച്ചത് പോഷകാഹാര കുറവുമൂലമെന്ന് കണ്ടെത്തി. കുഞ്ഞിന് 12 കിലോ തൂക്കം കുറവായിരുന്നെന്നും രക്തക്കുറവിന്റെ പ്രശ്നങ്ങളും ഉണ്ടായിരുന്നെന്നും പോസ്റ്റ്മോര്‍ട്ടത്തിലാണ് കണ്ടെത്തിയത്.
◾ ജനാധിപത്യത്തില്‍ യുവാക്കള്‍ സ്ഥാപനങ്ങളെ ചോദ്യം ചെയ്യുന്നത് ആരോഗ്യകരമായ പ്രവണതയെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെയാണ് ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം.
◾ സിജെപി നേതാക്കളായ അശുതോഷ് റാങ്കെയുടെയും സൗരവ് ദാസിന്റെയും ജാമ്യം കോടതി പരിഗണിച്ചില്ല. ഇരുവരും ജയിലില്‍ തുടരും. ഭീഷണി സന്ദേശം ലഭിക്കുന്നു എന്ന് സ്പെഷ്യല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് അറിയിച്ചു. ഭീഷണി സന്ദേശത്തിന് പിന്നില്‍ സിജെപി ആണെന്ന് പൊലീസ് ആരോപിച്ചു. ഇക്കാര്യം അന്വേഷിക്കണമെന്ന് സിജെപി ആവശ്യപ്പെട്ടിരിക്കുകയാണ്.
◾ സിജെപിയുടെ തിരംഗ മാര്‍ച്ചുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് മൂന്നു കേസെടുത്തു. അഭിജിത്ത് ദീപ്കെയ്ക്കും, നേഹ ബോറയ്ക്കും, ആം ആദ്മി പാര്‍ട്ടിക്കും എതിരെയാണ് കേസുകള്‍. മാര്‍ച്ചിനിടെ ആയുധങ്ങളും വടിയുമായി എത്തിയതിന് രണ്ടു ഗാസിയാബാദ് സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
◾ ഹിമാലയന്‍ മേഖലയില്‍ സൈനിക സജ്ജീകരണങ്ങളും പ്രവര്‍ത്തനശേഷിയും ശക്തമാക്കണമെന്ന് കരസേനയുടെ സെന്‍ട്രല്‍ കമാന്‍ഡ് മേധാവി ലെഫ്റ്റനന്റ് ജനറല്‍ സഞ്ജയ് മിത്ര. ഉത്തരാഖണ്ഡിലെ ഗര്‍വാള്‍ മേഖലയിലെ അതിര്‍ത്തിയോട് ചേര്‍ന്ന മുന്‍നിര സൈനിക പോസ്റ്റുകള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനസജ്ജതയും യുദ്ധസന്നദ്ധതയും വിലയിരുത്തുന്നതിനിടെയാണ് അദ്ദേഹം സൈനികര്‍ക്ക് നിര്‍ദേശം നല്‍കിയത്.
◾ ചൈനീസ് ഏജന്റുമാര്‍ക്ക് തന്ത്രപ്രധാന വിവരങ്ങള്‍ ചോര്‍ത്തിനല്‍കിയതിന് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്റെ ഭാര്യയ്ക്കെതിരേ പൊലീസ് കേസെടുത്തു. ജമ്മുവിലെ ഗാന്ധി നഗര്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന തെലങ്കാന സ്വദേശിനിക്കെതിരേയാണ് ജമ്മു കശ്മീര്‍ പൊലീസ് കേസെടുത്തത്.
◾ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ എന്‍ എസ് യു ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം. ബാരിക്കേഡുകള്‍ മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് നീക്കി.
◾ ഗ്രാനൈറ്റ് വ്യവസായി വീരമണിക്കെതിരേ ചെന്നൈയില്‍ ഏഴാമത്തെ പോക്സോ കേസ് രജിസ്റ്റര്‍ചെയ്തു. അതിക്രമത്തിനിരയായ മറ്റൊരു പെണ്‍കുട്ടി കൂടി മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ കേസ്. ഇതുവരെ 11 പെണ്‍കുട്ടികളാണ് വീരമണിക്കെതിരേ മൊഴി നല്‍കിയിട്ടുള്ളത്.
◾ ഗുജറാത്തില്‍ വ്യാജ ടൊമാറ്റോ കെച്ചപ്പും സോസും നിര്‍മിക്കുന്ന ഫാക്ടറി അധികൃതര്‍ പൂട്ടിച്ചു. അഹമ്മദാബാദിലെ ഗോട്ട മെല്ദി എസ്റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന 'ആയി ശ്രീ ഖോഡിയാര്‍ ഗൃഹ് ഉദ്യോഗ്' എന്ന ഫാക്ടറിയാണ് പൂട്ടിച്ചത്.
◾ ഐഎസ്ആര്‍ഒ സ്പേഡെക്സ് ദൗത്യത്തില്‍ സ്പേസ് ഡോക്കിംഗ് പരീക്ഷണം നടത്താനുപയോഗിച്ച ഉപഗ്രഹങ്ങള്‍ തിരികെ ഭൂമിയിലെത്തി. എസ്ഡിഎക്സ്01, എസ്ഡിഎക്സ്02 ഉപഗ്രഹങ്ങള്‍ സുരക്ഷിതമായി ഭൗമാന്തരീക്ഷത്തില്‍ പ്രവേശിച്ച് കത്തി തീര്‍ന്നു. ഒക്ടോബര്‍ പന്ത്രണ്ടിനും പതിമൂന്നിനുമാണ് ഉപഗ്രഹങ്ങള്‍ അന്തരീക്ഷത്തില്‍ പ്രവേശിച്ചത്. ഏഴ് മണിക്കൂര്‍ ഇടവേളയിലായിരുന്നു രണ്ട് ഉപഗ്രഹങ്ങളുടെ തിരിച്ചുവരവ്.
◾ കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ ആഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 19 പേര് മരിച്ച സംഭവത്തില്‍ പരിപാടിയുടെ സംഘാടകരടക്കം ഏഴുപേരെ പൊലീസ് അറസ്റ്റു ചെയ്തു. ദുരന്തത്തില്‍ കൊല്‍ക്കത്ത പൊലീസ് കുറ്റകരമായ നരഹത്യ വകുപ്പ് ചുമത്തി സ്വമേധയാ കേസെടുത്തു.
◾ ബോളിവുഡ് താരം ടൈഗര്‍ ഷ്റോഫ് സഞ്ചരിച്ച കാറിനുനേരെ മുംബൈയിലെ ജുഹുവില്‍ അക്രമികളുടെ വെടിവെയ്പ്പ്. ഡ്രൈവര്‍ക്കും ഒരു ഓട്ടോറിക്ഷ ഡ്രൈവര്‍ക്കും പരിക്കേറ്റു. ടൈഗര്‍ ഷ്റോഫിനു പരിക്കില്ല. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് താരത്തിന് നേരെ വെടിയുതിര്‍ത്തത്.
◾ ഭോജ്പുരി നാടന്‍പാട്ട് ഗായിക നേഹ സിങ് റാത്തോഡിനെക്കുറിച്ച് ലൈംഗികച്ചുവയുള്ള തെറ്റായ വാര്‍ത്ത നല്‍കിയതില്‍ മാപ്പു പറഞ്ഞ് ഹിന്ദി വാര്‍ത്താ ചാനലായ എബിപി ന്യൂസ്. നേഹയുമായി ബന്ധമുള്ള ഹോസ്റ്റലില്‍ പെണ്‍വാണിഭം നടക്കുന്നുവെന്നും പോലീസ് പരിശോധന നടത്തിയെന്നുമായിരുന്നു ചാനലിന്റെ വാര്‍ത്ത. മോദി സര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെ പേരില്‍ അപകീര്‍ത്തിപ്പെടുത്തിയ ചാനലിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് നേഹ സിംഗ് താക്കീതു നല്‍കിയിരുന്നു.
◾ സൗദി അറേബ്യയിലെ നജ്റാന് പ്രവിശ്യയില്‍ സൗദി നാഷണല്‍ ഗാര്‍ഡിന്റെ എച്ച്-6ഐ നിരീക്ഷണ ഹെലികോപ്റ്റര്‍ തകര്‍ന്ന് രണ്ട് വ്യോമസേനാ ഉദ്യോഗസ്ഥര്‍ മരിച്ചു. സാങ്കേതിക തകരാറാണ് അപകടകാരണമെന്ന് യെമനിലെ സൗദി നേതൃത്വത്തിലുള്ള സഖ്യസേന വ്യക്തമാക്കി.
◾ ഫ്ളൈ ദുബായ് വിമാനത്തിലെ ആക്രമണത്തിനുശേഷം യുഎഇയില്‍നിന്ന് ലഭിച്ച കരുതലിനെയും പരിചരണത്തെയും കുറിച്ച് വികാരാധീനനായി ക്യാപ്റ്റന്‍ സ്മിത്ത് മച്ചാര്‍. പരിക്കുകള്‍ മാറി ഉടനെ വിമാനം പറത്താന്‍ വീണ്ടുമെത്തുമെന്ന് സ്മിത്ത് മച്ചാര്‍ പറഞ്ഞു.
◾ ഹൂത്തികള്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ സൗദി അറേബ്യയ്ക്ക് സൈനികസഹായം നല്കാന് തയ്യാറാണെന്ന് ആവര്‍ത്തിച്ച് ഈജിപ്ത്. ഇതുസംബന്ധിച്ച് ഞായറാഴ്ച ഈജിപ്ത് പാര്‍ലമെന്റില്‍ ചര്‍ച്ചകള്‍ നടന്നു. ഇന്നു വോട്ടെടുപ്പു നടക്കും.
◾ ഹൂതി ആക്രമണം തുടരുന്ന സാഹചര്യത്തില്‍ സൗദിയിലുള്ള ഇന്ത്യാക്കാര്‍ക്ക് റിയാദിലെ ഇന്ത്യന്‍ എംബസി കര്‍ശന സുരക്ഷാ മുന്നറിയിപ്പ് നല്കി. ജനലുകള്‍ക്കും ബാല്‍ക്കണികള്‍ക്കും സമീപം നില്‍ക്കരുതെന്നും, അപായസൂചന ലഭിച്ചാല്‍ സുരക്ഷിതമായ മുറികളിലേക്ക് മാറണമെന്നും നിര്‍ദ്ദേശമുണ്ട്.
◾ ഫ്രാന്‍സില്‍ വിലക്കയറ്റത്തിനെതിരേ വന്‍ പ്രക്ഷോഭം. സര്‍ക്കാര്‍ കെട്ടിടങ്ങളും ചരിത്രസ്മാരകങ്ങളും അടക്കം നിരവധി കെട്ടിടങ്ങള്‍ക്ക് പ്രതിഷേധക്കാര്‍ തീയിട്ടു. വിദ്യാര്‍ത്ഥി സമരത്തിനു പിറകേ, വിലവര്‍ധനയില്‍ പ്രതിഷേധിച്ച് തൊഴിലാളി സംഘടനകളും സമരത്തിനിറങ്ങിയതോടെയാണ് പ്രതിഷേധം കലാപമായത്. ആയിരത്തോളം പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്.
◾ ഫ്രാന്‍സിലെ വിവിധ നഗരങ്ങളില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും കാരണം ആളുകളുടെ കുടിയേറ്റമാണെന്ന് ആരോപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വ്യത്യസ്തമായ ലോകത്തുനിന്നുള്ളവരും ഹൃദയത്തില്‍ വെറുപ്പുള്ളവരുമായ ആളുകളുടെ കുടിയേറ്റം, ഒരിക്കല്‍ മഹത്തരമായിരുന്ന രാജ്യത്തെ തകര്‍ത്തിരിക്കുന്നു. എന്നാണു ട്രംപ് അഭിപ്രായപ്പെട്ടത്.
◾ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് ഇറ്റലിയിലും പ്രക്ഷോഭം അക്രമാസക്തമായി. മിലാന്, ബൊലോഞ്ഞ തുടങ്ങിയ ഇറ്റാലിയന്‍ നഗരങ്ങളില്‍ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷം നിയന്ത്രിക്കാന്‍ മിലാനില്‍ കണ്ണീര്‍വാതകവും ബൊലോഞ്ഞയില് ജലപീരങ്കിയും പ്രയോഗിച്ചു.
◾ റഷ്യയ്ക്കെതിരെ അമേരിക്കന്‍ കോണ്‍ഗ്രസ് പാസാക്കിയ കടുത്ത ഉപരോധങ്ങള്‍ പ്രാബല്യത്തിലാകുന്നതിനു തൊട്ടുമുമ്പ് പ്രസിഡന്റ് ട്രംപ് അവ മരവിപ്പിച്ചു. റഷ്യയില്‍നിന്ന് കുറഞ്ഞ നിരക്കില്‍ പെട്രോളിയം ഉല്പന്നങ്ങള് ഇറക്കുമതി ചെയ്യാന്‍ കരാറുണ്ടാക്കിയതിനു പിറകേയാണ് നടപടി. അതേസമയം യുക്രെയിന് പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്കിക്കെതിരേ ട്രംപ് ഇപ്പോള്‍ തിരിഞ്ഞിട്ടുമുണ്ട്.
◾ റഷ്യയ്ക്കെതിരായ ഉപരോധങ്ങളും മറ്റ് രാജ്യങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മേലുള്ള താരിഫുകളും ആഗോള സമ്പദ്വ്യവസ്ഥയെയും അമേരിക്കയെയും എങ്ങനെയെല്ലാം ബാധിക്കുമെന്ന് വിശകലനം ചെയ്യാന്‍ അമേരിക്കന്‍ കോണ്‍ഗ്രസിനോട് 60 ദിവസത്തെ സാവകാശം തേടി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
◾ പള്ളിയില്‍ കുര്‍ബാനയ്ക്കിടെ അള്‍ത്താരയിലെ വലിയ ക്രൂശിത രൂപം അടര്‍ന്നുവീണ് വൈദികന് മരിച്ചു. ഇക്വഡോറിലെ ഗ്വയാക്വിലിലെ കത്തോലിക്ക ദേവാലയമായ ന്യുസ്ട്ര സെനോറ ഡെല്‍ പെര്പെട്ട്വോ സോകോറോ പള്ളിയിലെ വൈദികനായ ഫാ. പാട്രീഷ്യോ ആല്‍ഫ്രെഡോ സാഞ്ചസ് മൊളിനാരിയാണ് മരിച്ചത്.
◾ മേജര്‍ ലീഗ് സോക്കറില്‍ ക്യാപ്റ്റന്‍ ലിയോണല്‍ മെസിയുടെ തകര്‍പ്പന്‍ ഡ്രിബ്ലിംഗ് മികവില്‍ അറ്റ്ലാന്റ യുണൈറ്റഡിനെ തകര്‍ത്ത് ഇന്റര്‍ മയാമി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മയാമി അറ്റ്ലാന്റയുടെ ഹോം ഗ്രൗണ്ടില്‍ വിജയം കൊയ്തത്.
◾ സിംബാബ്വെ വനിതകള്‍ക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ രണ്ടാം ടി20 ഒമ്പത് വിക്കറ്റിന് ജയിച്ചതോടെയാണ് ഇന്ത്യന്‍ വനിതകള്‍ പരമ്പര നേടിയത്. റായ്പൂര്‍, വീര്‍ നാരായണ്‍ സിംഗ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത സിംബാബ്വെ 20 ഓവറില്‍ 102 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. നിക്കി പ്രസാദ് ഇന്ത്യക്കുവേണ്ടി രണ്ടു വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 8.5 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
◾ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ രണ്ടാം മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ എവേ മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളിന്റെ കനത്ത തോല്‍വിയാണ് ബ്ലാസ്റ്റേഴ്സ് ഏറ്റുവാങ്ങിയത്. അലായെദിന് അജാരെയുടെ ഇരട്ട ഗോളുകളും അന്റോണിയോ മൊയാനോ, അമന് സി കെ എന്നിവരുടെ ഒരു ഗോളുകളാണ് നോര്‍ത്ത് ഈസ്റ്റിന് ജയമൊരുക്കിയത്. ബ്ലാസ്റ്റേഴ്സിന്റെ ഏക ഗോള്‍ മൊമൊ യാന്‍സാനെയുടെ വകയായിരുന്നു.
◾ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഡിജിറ്റല്‍, ടെലികോം വിഭാഗമായ ജിയോ പ്ലാറ്റ്ഫോംസിന്റെ പ്രാരംഭ ഓഹരി വില്പനക്ക് നിക്ഷേപകരില്‍നിന്ന് മികച്ച പ്രതികരണം. ആഗോള സോവറിന്‍ വെല്‍ത്ത് ഫണ്ടുകള്‍, പ്രമുഖ അസറ്റ് മാനേജര്‍മാര്‍, രാജ്യത്തെ മ്യൂച്വല്‍ ഫണ്ടുകള്‍ എന്നിവരാണ് ഇതിനകം താത്പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയത്. അലയന്‍സ്, ബ്ലാക്ക് റോക്ക്, ഗവണ്മെന്റ് ഓഫ് സിംഗപ്പൂര്‍ ഇന്‍വെസ്റ്റ്മെന്റ് കോര്പ്പറേഷന്, ഫിഡെലിറ്റി, നോര്‍വേയുടെ ഗവണ്മെന്റ് പെന്ഷന് ഫണ്ട് ഗ്ലോബല്‍, ന്യൂ വേള്‍ഡ് ഫണ്ട് ഇന്‍ കോര്പ്പറേഷന്, സ്മോള്‍ക്യാപ് വേള്‍ഡ് ഫണ്ട് ഇന്‍ കോര്പ്പറേഷന് എന്നീ ആഗോള നിക്ഷേപകരാണ് ജിയോയുടെ ഓഹരിക്കായി രംഗത്തുവന്നിട്ടുള്ളത്. എസ്.ബി.ഐ. മ്യൂച്വല്‍ ഫണ്ട്, എല്‍.ഐ.സി, ഐ.സി.ഐ.സി.ഐ. പ്രുഡന്‍ഷ്യല്‍ മ്യൂച്വല്‍ ഫണ്ട്, എച്ച്.ഡി.എഫ്.സി. മ്യൂച്വല്‍ ഫണ്ട്, കൊട്ടക് മഹീന്ദ്ര മ്യൂച്വല്‍ ഫണ്ട് എന്നീ ആഭ്യന്തര നിക്ഷേപകരും താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
◾ കെ.വൈ.സിയുമായി ബന്ധപ്പെട്ട് പുതിയ സൈബര്‍ തട്ടിപ്പ്. കെ.വൈ.സി വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്തില്ലെങ്കില്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്യുമെന്നും ബാങ്കിങ് സേവനങ്ങള്‍ നിര്‍ത്തലാക്കുമെന്നും മെസേജില്‍ മുന്നറിയിപ്പ് നല്‍കും. ഇതോടൊപ്പം വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാനായി ഒരു ലിങ്കും നല്‍കും. ലിങ്കില്‍ ക്ലിക്ക് ചെയ്ത് സൈറ്റില്‍ കയറിയാല്‍ അക്കൗണ്ട് നമ്പര്‍, ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍, പാസ്വേഡ്, ഒടിപി തുടങ്ങിയ രഹസ്യ വിവരങ്ങള്‍ നല്കാന് ആവശ്യപ്പെട്ടേക്കാം. ഈ വിവരങ്ങള്‍ ലഭിക്കുന്നതോടെ തട്ടിപ്പു തുടങ്ങുകയും പണം നഷ്ടപ്പെടുകയും ചെയ്യും. ഇത്തരം ലിങ്കില്‍ ഒരിക്കലും ക്ലിക്ക് ചെയ്യരുത്. ഇങ്ങനെ മെസേജ് വന്നാല്‍ ആദ്യം ബാങ്കുമായി ബന്ധപ്പെടുക. ഇനി തട്ടിപ്പിന്നിരയായി പണം നഷ്ടപ്പെട്ടാല്‍ ഉടന്‍ 1930 എന്ന നമ്പറില്‍ വിളിക്കുക. കൂടാതെ േേവു:െ//ര്യയലൃരൃശാല.ഴീ്.ശി എന്ന വെബ്സൈറ്റ് വഴി പരാതിയും നല്‍കുക.
◾ സലാം ബുഖാരി സംവിധാനം ചെയ്ത 'ഉടുമ്പന്‍ചോല വിഷന്‍' റിലീസിനൊരുങ്ങുകയാണ്. ഒക്ടോബര്‍ 23 നാണ് ചിത്രം തിയേറ്ററുകളി എത്തുന്നത്. അന്‍വര്‍ റഷീദിന്റെ സഹ സംവിധായകനായ സലാം ബുഖാരി ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ഈ ചിത്രം കംപ്ലീറ്റ് മാസ്സ് എന്റര്‍ടൈനറായാണ് പ്രേക്ഷകരിലേക്കെത്തുന്നത്. മാത്യു തോമസ്, മിലിന്ദ് സോമന്, ശ്രീനാഥ് ഭാസി,സിദ്ധിഖ്, ദിലീഷ് പോത്തന്,വിശാഖ് നായര്‍, അശോകന്,ജിനു ജോസഫ്, ബാബുരാജ്, സുദേവ് നായര്‍, അഭിറാം രാധാകൃഷ്ണന്, ശങ്കര്‍ ഇന്ദുചൂഡന്, ഷഹീന് സിദ്ദീഖ്, ഭഗത് മാനുവല്‍,ഗബ്രി ജോസ്, ഹസ്ലി അമാന്‍, ചൈതന്യ പ്രകാശ്, ജിജിന രാധാകൃഷ്ണന്, ശ്രിന്ദ, നീന കുറുപ്പ്, വഫ ഖദീജ റഹ്മാന് തുടങ്ങിയ താരങ്ങളാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
◾ നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ ചിത്രം 'ദ പാരഡൈസ്' ഒടിടിയിലേക്ക്. ഒക്ടോബര്‍ 22 മുതല്‍ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. നെറ്റ്ഫ്ലിക്സിനാണ് സ്ട്രീമിംഗ് അവകാശം വിറ്റുപോയിരിക്കുന്നത്. തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലാകും സ്ട്രീമിംഗ്. ചിത്രം കേരളത്തിലെ തിയറ്ററുകളില്‍ എത്തിച്ചത് ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസ് ആയിരുന്നു. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറില്‍ ഒരുങ്ങിയ ചിത്രമാണ് ഇത്. നാനി, രാഘവ് ജൂയല്‍ എന്നിവര്‍ക്ക് പുറമെ കായദു ലോഹര്‍, സമ്പൂര്‍ണേഷ് ബാബു, മോഹന്‍ ബാബു, സോണാലി കുല്‍ക്കര്‍ണി, ഈശ്വരി റാവു, രാജ രവീന്ദ്ര, തനികേല ഭരണി, എം എസ് ചൗധരി, രാം ജഗന് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. എട്ട് ഭാഷകളിലാണ് ചിത്രം എത്തിയത്.
◾ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ റെനോ ഇന്ത്യ, അവരുടെ ഹൈബ്രിഡ് പതിപ്പ് ആയ ഇ-ടെക് 160 വിപണിയില്‍ അവതരിപ്പിച്ചു. മിഡ് സൈസ് എസ് യുവിയായ ഡസ്റ്റര്‍ ഹൈബ്രിഡില്‍ 1.8 ലിറ്റര്‍ പെട്രോള്‍- ഹെബ്രിഡ് എന്ജിന് സംവിധാനമാണുള്ളത്. ഇവോല്യൂഷന് വേരിയന്റിന് 16.99 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. ഉയര്‍ന്ന വേരിയന്റ് ആയ ഇമോഷന് 19.49 ലക്ഷം രൂപയാണ് വില. 1.8 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും രണ്ട് ഇലക്ട്രിക് മോട്ടോറുകളും 1.4 കിലോവാട്ട്അവര്‍ സെല്‍ഫ് ചാര്‍ജിങ് ബാറ്ററിയും ചേര്‍ന്നതാണ് ഹൈബ്രിഡ് സംവിധാനം. 29 കിലോമീറ്റര്‍ മൈലേജ് ആണ് കമ്പനി അവകാശപ്പെടുന്നത്. നഗരങ്ങളിലെ ഡ്രൈവിങ്ങിന്റെ 80 ശതമാനം വരെ ഇലക്ട്രിക് മോഡില്‍ ഓടാന്‍ സാധിക്കും.
◾ പെരിയാറിന് തെക്ക് അരൂര്‍ മുതല്‍ പുറക്കാട് വരെയുള്ള 'കരപ്പുറം' എന്ന ദേശത്തിന്റെ പശ്ചാത്തലത്തില്‍, ഒന്‍പതാം നൂറ്റാണ്ടിലെ കേരളീയജീവിതത്തെ പുനര്‍നിര്‍മ്മിക്കുന്ന നോവലാണ് കെ.വി. മോഹന്‍കുമാറിന്റെ 'ഉല': നിയോഗിയുടെ സഞ്ചാരങ്ങള്‍ മസൂദിയുടെയും! കേരള ചരിത്രത്തില്‍ ബൗദ്ധസംസ്കാരം എങ്ങനെ ഉന്മൂലനം ചെയ്യപ്പെട്ടുവെന്നും ബ്രാഹ്മണാധിപത്യവും ജാതിവ്യവസ്ഥയും എങ്ങനെ വേരുറപ്പിച്ചു എന്നുമുള്ള ഗൗരവ മേറിയ രാഷ്ട്രീയ-സാമൂഹിക അന്വേഷണമാണ് ഈ നോവല്‍. ഈ നോവലിലെ ആന്തരികതലങ്ങളെ മുന്‍നിര്‍ത്തി തയാറാക്കിയ പഠനമാണ് ഈ ഗ്രന്ഥം. 'ഉലയിലെ ഉള്‍ക്കനലുകള്‍'. ഉല നോവല്‍ പഠനങ്ങള്‍. സ്മ്പാദനം, പഠനം - ഡോ. റോയ് മാത്യു എം. കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട്. വില 294 രൂപ.
◾ കുളി കഴിഞ്ഞ് ഉടനെ ഭക്ഷണം കഴിക്കുമ്പോള്‍ അസിഡിറ്റി, നെഞ്ചെരിച്ചില്‍ തുടങ്ങിയ പല പ്രശ്നങ്ങളും ഉണ്ടാകാം. കുളി കഴിയുമ്പോള്‍ ആമാശയത്തിന് ചുറ്റുമുള്ള രക്തം ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് ഒഴുകാന്‍ തുടങ്ങുന്നതിനാല്‍ ഈ സമയം ഭക്ഷണം കഴിക്കുമ്പോള്‍ ദഹനം ശരിയായി നടക്കില്ല. കുളി കഴിയുമ്പോള്‍ ശരീരോഷ്മാവ് കുറവായിരിക്കും എന്നതുകൊണ്ട് ശരിയായ ദഹനം നടക്കില്ലെന്നാണ് ആയുര്‍വേദത്തിലും പറയുന്നത്. അതുകൊണ്ട് കുളി കഴിഞ്ഞും കുളിക്കുന്നതിന് മുമ്പും ഭക്ഷണം കഴിക്കുന്നതിനിടയില്‍ 2-3 മണിക്കൂര്‍ ഇടവേള വേണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഈ പതിവ് തുടരുമ്പോള്‍ ശരീരത്തിന് പല ബൂദ്ധിമുട്ടുകളും അനുഭവപ്പെടാന്‍ തുടങ്ങും. ഇതോടൊപ്പം ശരീരഭാരം വര്‍ദ്ധിക്കാനും അമിതവണ്ണത്തിനും ഇത് കാരണമാകുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇത് പിന്നീട് പല ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകും. പതിവ് തിരക്കുകള്‍ക്കിടയില്‍ കുളിയും ഭക്ഷണവും തമ്മില്‍ രണ്ട് മൂന്ന് മണിക്കൂര്‍ ഇടവേളയൊന്നും പറ്റില്ലെന്നാണെങ്കില്‍ തണുത്തവെള്ളം ഒഴുവാക്കി ചൂടുവെള്ളത്തില്‍ കുളിക്കാന്‍ ശ്രദ്ധിക്കണമെന്നും വിദഗ്ധര്‍ പറഞ്ഞു.
*ശുഭദിനം*
*കവിത കണ്ണന്*
ഒരിക്കല്‍ ഒരു ഗുരു തന്റെ പിന്‍ഗാമിയെ തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചു. ആദ്യത്തെ ശിഷ്യനോട് ചോദിച്ചു: ''നിറയെ പണമുള്ള ഒരു പേഴ്സ് വഴിയില്‍നിന്ന് കിട്ടിയാല്‍ നീ എന്തുചെയ്യും?'' ''ഉടമയെ അറിയാമെങ്കില്‍ തിരികെ നല്‍കും,'' അവന് പറഞ്ഞു. രണ്ടാമത്തെ ശിഷ്യന് പറഞ്ഞു: ''ദൈവം തന്ന ഭാഗ്യമായി കരുതി ഞാനത് കൊണ്ടുപോകും.'' മൂന്നാമനോട് ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു: ''ഞാന്‍ ദരിദ്രനാണ്. ആ പണം സ്വന്തമാക്കണമെന്ന ആഗ്രഹം എന്നിലുണ്ടായേക്കാം. എന്റെ ഉള്ളിലെ ദുരാഗ്രഹത്തെ മറികടക്കാന്‍ കഴിഞ്ഞാല്‍ ഞാനത് ഉടമയ്ക്ക് തിരികെ നല്‍കും.'' ഗുരു പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു: ''നിന്റെ ഉള്ളിലെ നന്മയും ബലഹീനതയും തിരിച്ചറിയാനുള്ള സത്യസന്ധത നിനക്കുണ്ട്. നീയാണ് എന്റെ പിന്‍ഗാമി.'' സ്വന്തം കുറവുകള്‍ മറച്ചുവെക്കുന്നതിലല്ല, അവ തിരിച്ചറിയാനും തിരുത്താനും തയ്യാറാകുന്നതിലാണ് യഥാര്‍ഥ മഹത്വം. ആര്‍ക്കാണ് ജീവിതത്തില്‍ പ്രലോഭനങ്ങളില്ലാത്തത്? ആര്‍ക്കാണ് കുറവുകളില്ലാത്തത്? എന്നാല്‍ തനിക്ക് ഒരു ബലഹീനതയുമില്ലെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നതിനുപകരം, ആ ബലഹീനത പരിഹരിക്കാന്‍ ശ്രമിച്ചാല്‍ ജീവിതം എത്രയോ മെച്ചപ്പെടും! മനുഷ്യരായ നമുക്ക് ആഗ്രഹങ്ങളും വികാരങ്ങളും തെറ്റുകളും ഉണ്ടാകും. അവയൊന്നുമില്ലാത്തവരാകാന് ശ്രമിക്കേണ്ടതില്ല. അവയ്ക്ക് അടിമപ്പെടാതെ ജീവിക്കാന്‍ പഠിച്ചാല്‍ മതി. ഓര്‍ക്കുക, സ്വന്തം കുറവുകള്‍ അംഗീകരിക്കുന്നത് ബലഹീനതയല്ല; അവയെ തിരുത്താനുള്ള ആദ്യത്തെ ചുവടാണ്. നമുക്ക് സ്വന്തം കുറവുകളെ അംഗീകരിക്കാം. മറ്റുള്ളവരുടെ കുറവുകളോട് കരുണയോടെ പെരുമാറാം. - ശുഭദിനം.
Tags:
KERALA