2026 ഒക്ടോബര്‍ 12, തിങ്കള്‍
1202 കന്നി 26 | ചോതി
1448 ജ:അവ്വൽ 01
◾ ഡല്‍ഹിയില്‍ നരനായാട്ട്. സിപിഎം നേതാവ് ജോണ്‍ ബ്രിട്ടാസ് എംപിയെ ഡല്‍ഹി പോലീസും സിആര്‍പിഎഫും വലിച്ചിഴച്ചു കൊണ്ടുപോയി ബസിലിട്ട് മര്‍ദിച്ച് റോഡില്‍ ഇറക്കിവിട്ടു. പോലീസുകാരുടെ ബോഡി ക്യാമറയില്‍നിന്നുള്ള ദൃശ്യങ്ങള്‍ കണ്ട ഡിസിപി പോലീസുകാരെ വിളിച്ച് വിട്ടയക്കാന്‍ നിര്‍ദേശിച്ചപ്പോഴാണ് പോലീസിന്റെ ഇടിവണ്ടിയില്‍നിന്ന് ജോണ്‍ ബ്രിട്ടാസിനെ സിആര്‍പിഎഫ് വഴിയില്‍ ഇറക്കിവിട്ടത്. സിആര്‍പിഎഫുകാര്‍ തന്റെ മുഖം ബസിന്റെ സീറ്റില്‍ അമര്‍ത്തിപ്പിടിച്ചു ശ്വാസംമുട്ടിച്ചു കൊല്ലാന്‍ ശ്രമിച്ചെന്ന് അദ്ദേഹം പറഞ്ഞു. മര്‍ദനത്തിന്റെ ആഘാതംമുലം നില്‍ക്കാനോ ശ്വസിക്കാനോ കഴിയാത്ത അവസ്ഥയിലായിരുന്നു. ജോണ്‍ ബ്രിട്ടാസിനെ ഡല്‍ഹി ആര്‍എംഎല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസിന്റെ നരനായാട്ടിനെതിരേ കോണാട്ട് പ്ലേസിലെ നടുറോഡില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവേയാണ് പോലീസ്, സിആര്‍പിഎഫ് സംഘം ജോണ്‍ ബ്രിട്ടാസിനെ വളഞ്ഞ് തൂക്കിയെടുത്തു കൊണ്ടുപോയി ഇടിവണ്ടിയിലേക്കിട്ടത്.
◾ മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണര്‍ ഗ്യാനേഷ്‌കുമാറിനെതിരേ ഡല്‍ഹിയില്‍ സമരത്തിന് ആഹ്വാനം ചെയ്ത സിജെപി നേതാക്കളായ അഭിജീത് ദിപ്കെ, സൗരവ് ദാസ്, അശുതോഷ് രംഗ എന്നിവരെ കോടതി ജാമ്യത്തില്‍ വിട്ടയച്ചു. ഒരു വര്‍ഷത്തേക്ക് സമാധാന അന്തരീക്ഷം തകര്‍ക്കുന്ന പ്രവര്‍ത്തികള്‍ ചെയ്യരുതെന്ന ഉപാധിയോടെയാണ് എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റാണ് ജാമ്യം അനുവദിച്ചത്.
◾ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയിലെ പ്രതിഷേധസമരം ഇന്നലേയും സംഘര്‍ഷഭരിതമായി. തെരുവിലിറങ്ങിയ ഇടത് യുവജന സംഘടനാ പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ചു നീക്കി. കൊണാട്ട് പ്ലേസില്‍ എസ്എഫ്ഐ, ഡിവൈഎഫ്ഐ, എഐഎസ്എഫ് പ്രവര്‍ത്തകരെ പൊലീസ് റോഡിലൂടെ വലിച്ചിഴച്ചു. എസ്എഫ്ഐ ദേശീയ അധ്യക്ഷന്‍ ആദര്‍ശ് എം സജിക്ക് പരിക്കേറ്റു. ആദര്‍ശിന്റെ നെറ്റിയിലാണു പരിക്ക്. ജോണ്‍ ബ്രിട്ടാസ് എംപിയേയും ഡിവൈഎഫ്ഐ നേതാവ് ജെയ്ക്കിനേയും കസ്റ്റഡിയിലെടുത്തു.
◾ സമാധാനപരമായി പ്രതിഷേധിക്കുന്നവരെ അനധികൃതമായി തടങ്കലില്‍ വയ്ക്കരുതെന്ന് സുപ്രീം കോടതി. നിരോധനാജ്ഞ ബാധകമല്ലാത്ത മേഖലയില്‍ സമരം ചെയ്യുന്നവരെ കസ്റ്റഡിയിലെടുക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. ഡല്‍ഹിയിലെ സമരത്തിന്റെ പശ്ചാത്തലത്തിലാണു പൊലീസിന് സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദേശം. കോടതി ഉത്തരവെല്ലാം ലംഘിച്ച് പോലീസും സൈന്യവും നടത്തിയ നരനായാട്ടില്‍ അനേകര്‍ക്കു പരിക്ക്.
◾ ഇന്ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെ നീക്കണമെന്ന്ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിക്കും. മുഖ്യമന്ത്രി വി.ഡി. സതീശന്‍ അവതരിപ്പിക്കുന്ന പ്രമേയത്തെ എല്‍.ഡി.എഫ് പിന്തുണയ്ക്കും.
◾ മാസപ്പടി, ഹവാല ആരോപണങ്ങളില്‍ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരേ വിജിലന്‍സ് ഇന്നു കേസെടുക്കും. സംസ്ഥാന പോലീസ് മേധാവിക്ക് ഇ.ഡി. നല്‍കിയ തെളിവുകളിലേറെയും മൊഴികളാണ്. വിജിലന്‍സ് കേസ് മൊഴികളില്‍ നിലനില്‍ക്കില്ല. അഴിമതിയിലൂടെ പ്രതികള്‍ക്ക് ലഭിച്ച പണം എന്തുചെയ്തെന്ന് കണ്ടെത്തണം. വിദേശത്ത് ഈ പണം നിക്ഷേപിച്ചെന്നാണ് ഇ.ഡി. അനുമാനിക്കുന്നത്.
◾ സംസ്ഥാന വനിതാ കമ്മീഷനില്‍ സാമ്പത്തിക ക്രമക്കേട് നടന്നതായി വിജിലന്‍സ് കണ്ടെത്തല്‍. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സിറ്റിംഗ് നടത്തിയതിലടക്കം തുക അധികമായി എഴുതിയെടുത്തെന്നാണ് കണ്ടെത്തല്‍.
◾ സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ 450 കോടി രൂപയുടെ ഉപകരണങ്ങള്‍ ഉപയോഗിക്കാതെ കെട്ടിക്കിടക്കുന്നുവെന്ന് ആരോഗ്യ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് ആരോഗ്യ സെക്രട്ടറി ആരോഗ്യമന്ത്രിക്ക് നല്‍കി.
◾ കായികമേഖലയില്‍ രാഷ്ട്രീയ നിയമനങ്ങള്‍ ഒഴിവാക്കാന്‍ നിയമനിര്‍മാണം കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍. കായിക മന്ത്രി അധ്യക്ഷനായി സ്പോര്‍ട്സ് അതോറിറ്റി ഓഫ് കേരളം രൂപീകരിക്കും. കായിക ബില്ല് നാളെ ആരംഭിക്കുന്ന സഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും.
◾ തൃശൂര്‍ നാട്ടികയിലെ ദേശീയപാതയില്‍ ടോള്‍പ്പിരിവ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീര്‍ ദേശീയപാത അതോറിറ്റിക്ക് നിര്‍ദേശം നല്‍കി. കളക്ടറും തൃശൂര്‍ റൂറല്‍ എസ്പിയും അടങ്ങുന്ന ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി ദേശീയപാതയുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്തും.
◾ എസ്.ഐ.ആര്‍. നിയമവിരുദ്ധമെങ്കില്‍ എസ്.ഐ.ആറിനുശേഷം അധികാരത്തിലെത്തിയ യു.ഡി.എഫ്. സര്‍ക്കാര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ഇന്നു നിയമസഭയിലേക്കു മാര്‍ച്ച് നടത്തും. ബുധനാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ റാലികള്‍ നടത്തും. തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ സുഗതനെ കാപ്പ ചുമത്തി ജയിലിലടച്ചതിനെതിരേ ബിജെപി കൗണ്‍സിലര്‍മാരും സുഗതന്റെ വീട്ടുകാരും നാളെ നിയമസഭയ്ക്കു മുന്നില്‍ കുത്തിയിരിപ്പു സമരം നടത്തും.
◾ എസ് എഫ് ഐ നേതാക്കളെ ഡല്‍ഹിയില്‍ പൊലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പാലക്കാട് ടൗണ്‍ റെയില്‍വേ സ്റ്റേഷനിലേക്ക് എസ് എഫ് ഐ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് അടക്കം പങ്കെടുത്ത പ്രതിഷേധ മാര്‍ച്ചില്‍ പൊലീസും പ്രവര്‍ത്തകരുമായി ആദ്യം മുതലേ ഉന്തും തള്ളുമുണ്ടായി.
◾ അടൂരില്‍ എസ്എഫ്ഐ - യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തു. രാഹുല്‍ മാങ്കൂട്ടത്തിന്റെ നേതൃത്വത്തില്‍ എസ്എഫ്ഐക്കാരെ മര്‍ദ്ദിച്ചുവെന്ന് സിപിഎം അടൂര്‍ ഏരിയ സെക്രട്ടറി അഡ്വ. എസ്. മനോജ് ആരോപിച്ചു.
◾ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തില്‍ പങ്കെടുത്ത ശേഷം തിരുവനന്തപുരത്ത് മടങ്ങിയെത്തിയ പ്രതിപക്ഷ നേതാവ് പിണറായി വിജയന് സി പി എം പ്രവര്‍ത്തകരുടെ വമ്പന്‍ വരവേല്‍പ്പ്. തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങിയ പിണറായിയെ ആവോശത്തോടെയാണ് പ്രവര്‍ത്തകര്‍ വരവേറ്റത്.
◾ രാജ്യതലസ്ഥാനത്ത് ജനാധിപത്യവിരുദ്ധമായ നടപടികളാണ് നടക്കുന്നതെന്നും ഡല്‍ഹി പൂര്‍ണ്ണമായും ഒരു പോലീസ് സ്റ്റേറ്റായി മാറിയെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാന്‍ പോലീസിനാകില്ല. സുപ്രീം കോടതി ഉത്തരവ് നഗ്‌നമായി ലംഘിച്ചുകൊണ്ടാണ് പോലീസിന്റെ നരവേട്ട. ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ സമരത്തില്‍ പങ്കെടുത്ത ശേഷം തിരുവനന്തപുരത്ത് തിരിച്ചെത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾ നെടുമ്പാശ്ശേരിയില്‍ മിനികൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച സംഭവത്തില്‍ കാര്‍ ഓടിച്ച 19 കാരനായ സുഹൈലിനെതിരെ നരഹത്യയ്ക്ക് കേസെടുത്തു. വയനാട് മടക്കിമല സ്വദേശി ദേവിക(21), ഗോപിക(22), സൗത്ത് കര്‍ണാടക സ്വദേശി ഇയാസ് (21) എന്നിവരാണു മരിച്ചത്. മദ്യപിച്ചിരുന്ന പ്രതി അമിത വേഗത്തിലാണു വാഹനം ഓടിച്ചിരുന്നത്. സുഹൈല്‍ സജീവിന് അങ്കമാലി താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോള്‍ നാട്ടുകാരുടെ കൈയേറ്റശ്രമം. കാറില്‍ സുഹൈല്‍ സജീവിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് ആലപ്പുഴ സ്വദേശി നിനവിനെയും പോലിസ് അറസ്റ്റു ചെയ്തു.
◾ സുല്‍ത്താന്‍ ബത്തേരിയില്‍ ട്രാവലര്‍ തലകീഴായി മറിഞ്ഞ് രണ്ട് മരണം. ഡ്രൈവര്‍ കര്‍ണാടക സ്വദേശി രഞ്ജിത്ത് (40), മൈസൂര്‍ സ്വദേശി ഭരത് എന്നിവരാണ് മരിച്ചത്. കര്‍ണാടകത്തിലെ മാണ്ഡ്യ യൂണിവേഴ്സിറ്റിയിലെ പിജി വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ട്രാവലറാണ് മറിഞ്ഞത്. പുലര്‍ച്ചെ ഒന്നേ മുക്കാലോടെയാണ് അപകടമുണ്ടായത്. മൂന്നാര്‍ വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്നു സംഘം.
◾ കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി ജില്ലയില്‍ ദുരന്തനിവാരണ അതോറിറ്റി പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. രാത്രി പത്തുവരെ മലയോര മേഖലകളിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്നും വിനോദസഞ്ചാരികള്‍ വെള്ളച്ചാട്ടങ്ങള്‍ക്ക് സമീപം പോകരുതെന്നും മുന്നറിയിപ്പുണ്ട്.
◾ റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരെയുണ്ടായ ഹൂത്തി ആക്രമണത്തെത്തുടര്‍ന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള മൂന്ന് വിമാന സര്‍വീസുകള്‍ റദ്ദാക്കി. സര്‍വീസുകള്‍ മുടങ്ങിയതോടെ യാത്രക്കാര്‍ ദുരിതത്തിലായി.
◾ കള്ളന്മാരുടെ വീട് എന്ന സിനിമയെടുത്ത് പൊളിഞ്ഞ സംവിധായകന്‍ ട്രെയിനില്‍ മോഷണം നടത്തിയ കേസില്‍ അറസ്റ്റില്‍. പാലക്കാട് കരിമ്പ സ്വദേശി ആറോണി വീട്ടില്‍ കാജാഹുസൈന്‍ (46) ആണ് ഷൊര്‍ണൂര്‍ റെയില്‍വേ പോലീസിന്റെ പിടിയിലായത്. ട്രെയിനുകളില്‍ യാത്രക്കാരുടെ ലാപ്‌ടോപ്പുകളും മൊബൈല്‍ ഫോണുകളും കവര്‍ച്ച ചെയ്യാറുണ്ടെന്ന് പൊലീസ് പറഞ്ഞു.
◾ കൗണ്‍സിലറായി തുടരുമെന്നും മരിക്കുംവരെ ബിജെപിയില്‍ ഉണ്ടാകുമെന്നും ആര്‍ ശ്രീലേഖ. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തന്നെ മോശമാക്കാനുള്ള ശ്രമങ്ങളാണ് നടന്നത്. അങ്ങനെ വിഷമം വന്നപ്പോഴാണ് മേയര്‍ക്ക് സന്ദേശം അയച്ചതെന്നും ശ്രീലേഖ പറഞ്ഞു.
◾ കണ്ണൂര്‍ പാനുണ്ടയില്‍ പൊതുശുചീകരണത്തിനിടെ ആറു വയസ്സുകാരി കുളത്തിന്റെ പടിക്കെട്ടില്‍ വീണ് മരിച്ചു. രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മിര്‍സയാണ് മരിച്ചത്.
◾ ഇന്ത്യാസഖ്യം നേതാക്കള്‍ക്ക് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കിയില്ല. മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണര്‍ ഗ്യാനേഷ്‌കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പടുന്ന നിവേദനം നല്‍കാനാണു കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയത്. ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുമെന്നും തുടര്‍ന്ന് ചീഫ് ജസ്റ്റിസിന് നിവേദനം സമര്‍പ്പിക്കുമെന്നുമായിരുന്നു പ്രതിപക്ഷ നേതാവായ രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം.
◾ രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. അടിയന്തരാവസ്ഥക്കാലത്ത് താന്‍ മന്ത്രിയായിരുന്നുവെന്നും അക്കാലത്തുപോലുമില്ലാതിരുന്ന കാര്യങ്ങളാണ് ഇപ്പോള്‍ സംഭവിക്കുന്നതെന്നും ഖാര്‍ഗെ പറഞ്ഞു. പ്രതിഷേധങ്ങളെ അടിച്ചൊതുക്കുകയാണ് മോദിയും ഷായും. ഗ്യാനേഷ് കുമാറിനെ മാത്രം ശിക്ഷിച്ചാല്‍ പോരാ. ഗ്യാനേഷിനെ കൊണ്ട് എല്ലാം ചെയ്യിക്കുന്ന മോദിയും അമിത് ഷായും ശിക്ഷിക്കപ്പെടണമെന്നും മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു.
◾ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തര്‍ മന്തറില്‍ വീണ്ടും സമരത്തിന് അനുമതി തേടാനായി കോക്റോച്ച് ജനത പാര്‍ട്ടി നേതാക്കള്‍ ഇന്നു രാവിലെ പത്തിന് പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ എത്തും. ജന്തര്‍ മന്തറില്‍ സമരാനുമതിക്കായുള്ള തീയതി അനുവദിക്കണമെന്ന് ആവശ്യപ്പെടുമെന്ന് സിജെപി സഹ കണ്‍വീനര്‍ അശുതോഷ് രംഗ അറിയിച്ചു.
◾ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയിലെ കൊണാട്ട്പ്ലേസില്‍ പ്രതിഷേധിച്ചവരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കി. പ്രദേശത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരേയും ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു. പലര്‍ക്കും മര്‍ദനമേറ്റു. രാത്രിയും സമരം തുടര്‍ന്നു. കൊണാട്ട്പ്ലേസിലേക്ക് വീണ്ടും വിദ്യാര്‍ഥികളും പ്രതിപക്ഷ കക്ഷി പ്രവര്‍ത്തകരും മാര്‍ച്ചുമായി എത്തി. വനിതകളുടെ തിരംഗ മാര്‍ച്ചുമായി എസ്എഫ്ഐയും പ്രതിഷേധിച്ചു.
◾ ബ്രിട്ടീഷ് ഭരണകൂടം പോലും ചെയ്യാത്ത ക്രൂരതയോടെയാണ് ഡല്‍ഹി പൊലീസ് പ്രതിഷേധക്കാരെ നേരിട്ടതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി. ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായും ഒറ്റയ്ക്കും സിപിഎം പ്രതിഷേധിക്കുമെന്നും എംഎ ബേബി കൂട്ടിച്ചേര്‍ത്തു.
◾ ഡല്‍ഹിയില്‍ കൂലിപ്പട്ടാളത്തിന്റെ ഇടപെടലുണ്ടായെന്നും പൊലീസും കേന്ദ്രസേനയും അതിക്രൂരമായി ഇടപെടുന്നുവെന്നും ജോണ്‍ ബ്രിട്ടാസ് എംപി. കൂടുതല്‍ മാധ്യമങ്ങള്‍ ഉളളതുകൊണ്ടാണ് ന്യൂഡല്‍ഹി മേഖലയില്‍ പൊലീസ് അതിക്രമത്തിന് മുതിരാത്തത്. എന്നാല്‍ മറ്റിടങ്ങളില്‍ സ്ഥിതി അതല്ലെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
◾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യക്ക് നാണക്കേടെന്ന് അഭിജീത് ദീപ്കെ. ഇത്രയും വലിയ ഭീരുവിനെയും ഗുണ്ടയെയും ഇതിന് മുന്‍പ് രാജ്യം കണ്ടിട്ടില്ലെന്ന് അദ്ദേഹം എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.
◾ പൊലീസ് യൂണിഫോമില്ലാതെ വീട്ടില്‍ അതിക്രമിച്ചു കയറിയ സംഘം ഉറങ്ങിക്കിടന്ന തന്നെ തട്ടിക്കൊണ്ടുപോയെന്ന് ഡിജിറ്റല്‍ കണ്ടന്റ് ക്രിയേറ്ററും യൂട്യൂബറുമായ ധ്രുവ് റാഠി. താന്‍ ഇന്ത്യന്‍ പൗരനാണെന്ന് പാസ്പോട്ട് ഉയര്‍ത്തിക്കാട്ടി ധ്രുവ് റാഠി വിശദീകരിച്ചു.
◾ പോലീസിന് തങ്ങളെ വിട്ടയക്കേണ്ടി വന്നതാണെന്നും കോക്രോച്ചുകള്‍ ഒരിക്കലും മരിക്കില്ലെന്നും സിജെപി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഇന്നലത്തെ സമരവുമായി ബന്ധപ്പെട്ട് പോലീസ് ഇതുവരെ 20 എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
◾ കോക്ക്റോച്ച് ജനതാ പാര്‍ട്ടി നേതാക്കളെ അറസ്റ്റ് ചെയ്തത് ക്രമസമാധാന പാലനത്തിനായുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമാണെന്ന് ഡല്‍ഹി പോലീസ്. അറസ്റ്റിലായ നേതാക്കളെ ആവശ്യമായ എല്ലാ നിയമനടപടികളും പൂര്‍ത്തിയാക്കിയ ശേഷമാണ് കോടതിയില്‍ ഹാജരാക്കിയതെന്നും ഉപാധികളോടെയാണ് ജാമ്യം നല്‍കിയതെന്നും പോലീസ് അറിയിച്ചു.
◾ വിമാനത്തില്‍ കയറി സിജെപി നേതാക്കളെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ ഡല്‍ഹി പൊലീസിനോടും എയര്‍പോര്‍ട്ട് അതോറിറ്റിയോടും വിശദീകരണം തേടി എയര്‍ ഇന്ത്യ. ഡല്‍ഹി പൊലീസ് നടപടിക്കെതിരേയാണ് എയര്‍ ഇന്ത്യ വിശദീകരണം തേടിയത്.
◾ ഡല്‍ഹിയില്‍ സമരത്തിനെത്തിയ യുവതിയെയും യുവാവിനെയും റോഡിലിട്ട് ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ നാല് പേരെയും അറസ്റ്റ് ചെയ്തെന്ന് ഡല്‍ഹി പൊലീസ്. മര്‍ദിച്ചവരുടെ ചിത്രം അടക്കം ഉള്‍പ്പെടുത്തി വീണ്ടും പൊലീസ് വിവരങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തു.
◾ നരേന്ദ്ര മോദി രാജ്യത്തിന് അപമാനമാണെന്നും മോദിയും ഷായും ജനങ്ങളോട് യുദ്ധം ചെയ്യുന്നുവെന്നും സിജെപി നേതാക്കള്‍. അടിയന്തരാവസ്ഥക്കാലത്ത ഭീകരതയെ മറികടന്ന വേട്ടയാണ് മോദി സര്‍ക്കാര്‍ നടത്തിയത്. ഇതുവരെ കാണാത്ത കാഴ്ചകളാണ് രാജ്യം കാണുന്നത്. സിജെപി കോ കണ്‍വീനര്‍മാരായ അശുതോഷ് റാങ്ക, സൗരവ് ദാസ്, ലീഗല്‍ ഹെഡ് രത്ന സിങ്, പോളിസി ലീഡ് മെഹര്‍ എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്.
◾ ചെന്നൈ മെട്രോയുടെ രണ്ടാംഘട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. 4,900 കോടി രൂപയോളം ചെലവഴിച്ചു നിര്‍മിച്ച പൂനമല്ലി മുതല്‍ വടപളനി വരെയുള്ള സര്‍വീസ് ആണ് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനത്തിന് ശേഷം പോരൂര്‍ ബൈപാസ് സ്റ്റേഷനില്‍ നിന്ന് പൂനമല്ലി ബൈപാസ് സ്റ്റേഷനിലേക്കും തിരിച്ചും പ്രധാനമന്ത്രി മെട്രോയില്‍ യാത്ര ചെയ്തു. പണം നല്‍കി ടിക്കറ്റെടുത്ത ശേഷമായിരുന്നു മോദിയുടെ യാത്ര. മുഖ്യമന്ത്രി സി ജോസഫ് വിജയ്യും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
◾ മുത്തശ്ശിയുടെ മരണവിവരമറിഞ്ഞതിനു പിറകേ, തനിക്കു സഹായങ്ങളെല്ലാം നല്‍കിയെന്ന ഡല്‍ഹി പൊലീസിന്റെ വാദം അഭിജീത് ദീപ്കെ തള്ളി. പലതവണ അഭ്യര്‍ഥിച്ചിട്ടും പൊലീസുകാര്‍ ഫോണ്‍ ഉപയോഗിക്കാനോ അഭിഭാഷകനുമായി ബന്ധപ്പെടാനോ അനുവദിച്ചില്ലെന്നും ദീപ്കെ നാഗ്പുരില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
◾ ഉത്തര്‍പ്രദേശ് കോണ്‍ഗ്രസില്‍ പുതിയ നേതൃത്വം വരുന്നതിനിടെ കടുത്ത വിഭാഗീയതയും സംഘര്‍ഷവും. പാര്‍ട്ടിയുടെ പുതിയ സംസ്ഥാന അധ്യക്ഷയായി ആരാധന മിശ്ര 'മോന' ഔദ്യോഗികമായി ചുമതലയേല്‍ക്കുന്നതിന് തൊട്ടുമുന്‍പ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. ലഖ്‌നൗവിലെ പാര്‍ട്ടി ആസ്ഥാനത്തായിരുന്നു അപ്രതീക്ഷിതമായ ഈ കയ്യാങ്കളി നടന്നത്.
◾ ഡല്‍ഹിയില്‍ നിന്ന് ചെന്നൈയിലേക്ക് സര്‍വീസ് നടത്തിയ ഇന്‍ഡിഗോ വിമാനത്തിന്റെ ലഗേജ് കമ്പാര്‍ട്ട്മെന്റില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തമുണ്ടായി. വന്‍ സുരക്ഷാ ഭീഷണിയുയര്‍ത്തിയ സംഭവത്തെ തുടര്‍ന്ന് വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിടുകയും അവിടെ സുരക്ഷിതമായി ഇറക്കുകയും ചെയ്തു.
◾ മുംബൈയിലെ ക്രാന്തി മൈതാനത്ത് സിജെപി ഐക്യദാര്‍ഢ്യ സംഗമത്തില്‍ പങ്കെടുത്ത തുഷാര്‍ ഗാന്ധി, നടന്‍ ഇമ്രാന്‍ ഖാന്‍ തുടങ്ങി 12 പേര്‍ക്കെതിരെ കേസെടുത്ത് മുംബൈ പൊലീസ്. കണ്ടാലറിയാവുന്ന 350 പേര്‍ക്കെതിരെയും കേസെടുത്തു.
◾ കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടി തീരത്ത് അഭയാര്‍ഥി ബോട്ട് മറിഞ്ഞ് 15 കുട്ടികളടക്കം 139 പേര്‍ മരിച്ചു. 84 പേരെ അപകടത്തില്‍ കാണാതായി. ഒക്ടോബര്‍ എട്ടിന് അര്‍ധരാത്രിയോടെ ഒബോക് നഗരത്തിന് സമീപത്തായാണ് അപകടം.
◾ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ശനിയാഴ്ചത്തെ മിസൈല്‍ ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു. ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെടുകയും 309 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
◾ ഒമാന്‍ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം. സംഭവത്തില്‍ രണ്ട് ഇന്ത്യന്‍ നാവികരെ കാണാതായി. നിക്കരാഗ്വയുടെ പതാകയേന്തിയ എംടി പെട്രോ ഡോള്‍ഫിന്‍ എന്ന കപ്പലിന് നേരെ ആണ് ഡ്രോണ്‍ ആക്രമണം ഉണ്ടായത്. 11 ഇന്ത്യന്‍ ജീവനക്കാരായിരുന്നു കപ്പലില്‍ ഉണ്ടായിരുന്നത്. ഒന്‍പത് പേരെ രക്ഷപ്പെടുത്തി.
◾ യുക്രെയ്നില്‍ വ്ളാഡ്മിര്‍ സെലന്‍സ്‌കി മാറി പുതിയ പ്രസിഡന്റ് വരണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യയുടെ ഊര്‍ജകേന്ദ്രങ്ങള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിച്ച് സമാധാന കരാറിന് യുക്രെയ്ന്‍ തയ്യാറാകണമെന്നും ട്രംപ് ആവശ്യപ്പെട്ടു. റഷ്യയില്‍നിന്ന് പെട്രോളിയം ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ കരാറായതിനു പിറകേയാണ് ട്രംപിന്റെ നിലപാടു മാറ്റം.
◾ അമേരിക്കയിലെ ടെക്സസ് ഫോര്‍ട്ട് ഹുഡ് സൈനിക താവളത്തില്‍ 2009 ല്‍ 13 സഹപ്രവര്‍ത്തകരെ വെടിവെച്ചുകൊല്ലുകയും 30-ലധികം പേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്ത മുന്‍ ആര്‍മി സൈക്യാട്രിസ്റ്റ് നിദാല്‍ ഹസന്റെ വധശിക്ഷ തത്സമയം സംപ്രേഷണം നടത്താനുള്ള പ്രസിഡന്റ് ട്രംപിന്റെ തീരുമാനം തിരുത്തണമെന്ന് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു.
◾ റിയാദ് വിമാനത്താവളത്തില്‍ 12 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന് പിന്നാലെ സൗദിയില്‍ വീണ്ടും ഹൂത്തി ഭീഷണി. വിമാനത്താവളങ്ങളും തുറമുഖങ്ങളും ലക്ഷ്യമിട്ട് കനത്ത ആക്രമണം നടത്തുമെന്നാണ് യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.
◾ ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയ്ക്ക് ശ്വാസകോശത്തില്‍ മുഴ. അടുത്ത ദിവസം തന്നെ ശസ്ത്രക്രിയ നടത്തി മുഴ നീക്കം ചെയ്യുമെന്ന് വത്തിക്കാന്‍ വിശദമാക്കി. കഴിഞ്ഞ ദിവസം നടത്തിയ പതിവ് വൈദ്യപരിശോധനയിലാണ് ശ്വാസകോശത്തില്‍ ചെറിയൊരു മുഴ കണ്ടെത്തിയത്.
◾ വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ട്വന്റി 20യില്‍ ഇന്ത്യക്ക് 14 റണ്‍സിന്റെ വിജയം. ഇന്‍ഡോറില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവരില്‍ 223 റണ്‍സിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസിന് 7 വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
◾ ഓസ്‌ട്രേലിയ എയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ എ ടീമിന് 49 റണ്‍സ് വിജയം. ഇന്ത്യ എ ഉയര്‍ത്തിയ 276 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയ 46.2 ഓവറില്‍ 226 റണ്‍സിന് ഓള്‍ഔട്ടായി. ആദ്യ രണ്ട് ഏകദിനങ്ങളും വിജയിച്ച് ഓസ്‌ട്രേലിയ എ നേരത്തെ പരമ്പര സ്വന്തമാക്കിയിരുന്നു.
◾ ഇന്‍വെസ്റ്റര്‍ എഡ്യുക്കേഷന്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍ ഫണ്ടിലേക്ക് (ഐഇപിഎഫ്) മാറ്റിയ ഓഹരികളും ഡിവിഡന്റും തിരിച്ചുപിടിക്കാന്‍ ബുദ്ധിമുട്ടുന്ന നിക്ഷേപകര്‍ക്ക് സഹായവുമായി സിഎസ്ഇ ഹോള്‍ഡിംഗ്‌സ് ലിമിറ്റഡ്. മുമ്പുണ്ടായിരുന്ന കൊച്ചിന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചാണ് സിഎസ്ഇ ഹോള്‍ഡിംഗ്‌സ് ലിമിറ്റഡ് ആയി മാറി ഈ സേവനങ്ങള്‍ നല്‍കുന്നത്. നിക്ഷേപകരുടെ പേരിലുള്ള ഓഹരികളും ഡിവിഡന്റും ദീര്‍ഘകാലം അവകാശപ്പെടാതെ കിടന്നാല്‍ കമ്പനീസ് ആക്ട്, 2013 പ്രകാരമുള്ള വ്യവസ്ഥകള്‍ക്കനുസരിച്ച് ഐഇപിഎഫിലേക്ക് മാറ്റപ്പെടാം. ഇത്തരം ആസ്തികള്‍ പിന്നീട് ഉടമകള്‍ക്കോ പിന്തുടര്‍ച്ചാവകാശികള്‍ക്കോ തിരിച്ചുപിടിക്കുന്നതിന് നിക്ഷേപകര്‍ ഐഇപിഎഫ് 5 ക്ലെയിം ഫോം ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടിവരും. ഇത്തരം സങ്കീര്‍ണമായ നടപടികള്‍ എളുപ്പമാക്കി കൊടുക്കുകയാണ് സിഎസ്ഇ ഹോള്‍ഡിംഗ്‌സ് ലിമിറ്റഡിന്റെ ലക്ഷ്യം. ഇതുവരെ 7-8 കോടി മൂല്യമുള്ള ആസ്തികള്‍ തിരിച്ചുപിടിക്കാന്‍ സഹായിച്ചു.
◾ ടെക് ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആപ്പിളിന്റെ ഐഫോണ്‍ എയര്‍ 2 അടുത്ത വര്‍ഷം വിപണിയിലെത്തിയേക്കും. ഒറിജിനല്‍ മോഡലിലെ പ്രധാന പോരായ്മകള്‍ പരിഹരിച്ചുകൊണ്ട് മൂന്ന് വലിയ അപ്‌ഗ്രേഡുകളോടെയാണ് ഇത് എത്തുന്നത്. വി62 എന്ന കോഡ് നാമത്തില്‍ അറിയപ്പെടുന്ന ഡിവൈസ് നിലവില്‍ വിപുലമായ പരീക്ഷണ ഘട്ടത്തിലാണ്. മുന്‍ മോഡലിലെ സിങ്കിള്‍ 48 എംപി വൈഡ് ലെന്‍സിനൊപ്പം പുതിയൊരു അള്‍ട്രാ-വൈഡ് ലെന്‍സ് കൂടി ഉള്‍പ്പെടുത്തി ഡ്യുവല്‍ ക്യാമറ സജ്ജീകരണവുമായാണ് ഐഫോണ്‍ എയര്‍ 2 എത്തുന്നത്. ടെലിഫോട്ടോ ലെന്‍സ് ഉണ്ടാകില്ല. ബാറ്ററി പ്രകടനം മെച്ചപ്പെടും. ആപ്പിളിന്റെ പുതിയ 2 എന്‍എം പ്രോസസ്സില്‍ നിര്‍മ്മിച്ച എ20 പ്രോ ചിപ്പ് ഇതില്‍ ഉള്‍പ്പെടുത്തും. ഐഫോണ്‍ 18 പ്രോയില്‍ ഉപയോഗിക്കുന്ന അതേ സിലിക്കണ്‍ ചിപ്പ് തന്നെയാണ് എയര്‍ 2-വിലും സജ്ജീകരിക്കുന്നത്. അടുത്ത വര്‍ഷം ആദ്യം ഐഫോണ്‍ 18നൊപ്പമായിരിക്കും ഐഫോണ്‍ എയര്‍ 2 വിപണിയിലെത്തുക.
◾ രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന 'ജയിലര്‍ 2' അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ച് 1 മണിക്കൂറിനുള്ളില്‍ 1 കോടി 61 ലക്ഷം രൂപയ്ക്ക് മുകളില്‍ റെക്കോഡ് പ്രീസെയില്‍ ആണ് കേരളത്തില്‍ നടന്നത്. മണിക്കൂറില്‍ 40,000 ടിക്കറ്റുകള്‍ക്ക് മുകളില്‍ എന്ന നിരക്കിലാണ് ചിത്രത്തിന്റെ ടിക്കറ്റ് വില്‍പന. ബുക്കിംങ് തുടങ്ങി ആദ്യ മണിക്കൂറില്‍ 12000 ത്തിലധികം ടിക്കറ്റുകള്‍ വിറ്റ് കൊണ്ട് ഡിസ്ട്രിക്ട് ബൈ സൊമാറ്റോ ആപ്പിലും കേരളത്തിലെ പ്രീ സെയിലില്‍ പുതിയ റെക്കോഡ് സൃഷ്ടിച്ചു. ബുക്ക് മൈ ഷോ, ഡിസ്ട്രിക്റ്റ് ബൈ സൊമാറ്റോ, ടിക്കറ്റ് ന്യൂ എന്നീ ആപ്പുകള്‍ വഴിയും കൗണ്ടര്‍ വില്‍പന വഴിയും ആദ്യ മണിക്കൂറില്‍ ചിത്രത്തിന്റെ 1 ലക്ഷത്തിലധികം ടിക്കറ്റുകളാണ് കേരളത്തില്‍ വിറ്റ് പോയത്. ചിത്രം ഒക്ടോബര്‍ 15 ന് ആഗോള റിലീസായി എത്തും. കേരളത്തിലെ എണ്ണൂറോളം സ്‌ക്രീനുകളില്‍ റെക്കോഡ് റിലീസായി ആണ് ചിത്രമെത്തുന്നത്.
◾ നിമിഷ സജയന്‍, തമിഴ് നടന്‍ കരുണാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദേശീയ പുരസ്‌കാര ജേതാവ് സജീവ് പാഴൂര്‍ ഒരുക്കിയ പാന്‍ ഇന്ത്യന്‍ തമിഴ് ചിത്രം 'എന്ന വിലൈ' ഒടിടിയിലേക്ക്. ചിത്രം ഒക്ടോബര്‍ 15 മുതല്‍ ഒടിടിയിലൂടെ കാണാനാകും. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക. സെപ്റ്റംബറില്‍ റിലീസിനെത്തിയ ചിത്രം കേരളത്തിലെ തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിച്ചത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആയിരുന്നു. സോഷ്യോ- പൊളിറ്റിക്കല്‍ ത്രില്ലര്‍ ഘടകങ്ങള്‍ നിറഞ്ഞ ഒരു ഫാമിലി ഡ്രാമ ആയാണ് 'എന്ന വിലൈ' ഒരുക്കിയിരിക്കുന്നത്. നിമിഷ സജയന്‍, കരുണാസ് എന്നിവര്‍ക്കൊപ്പം വൈ ജി മഹേന്ദ്രന്‍, പൂര്‍ണിമ ഭാഗ്യരാജ്, മൊട്ട രാജേന്ദ്രന്‍, വിജയലക്ഷ്മി, ഷാഷ, പ്രവീണ, കമലേഷ്, ഗോലി സോഡ പാണ്ഡി, ജെ എസ് കവി, മോഹന്‍ റാം, നിഴല്‍ഗല്‍ രവി, പ്രവീണ, വിവിയാന, ചേതന്‍ കുമാര്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.
◾ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയുടെ ജനപ്രിയ മോഡലായ ഥാര്‍ റോക്‌സിന്റെ അപ്‌ഡേറ്റ് വേര്‍ഷന്‍ ഉടന്‍ പുറത്തിറങ്ങും. മൂന്ന് ഡോറുകളുള്ള നിലവിലെ ഥാറിന് സമാനമായ ഫീച്ചര്‍ അപ്‌ഗ്രേഡുകള്‍ ഈ അഞ്ച് ഡോര്‍ എസ് യുവിയിലും പ്രതീക്ഷിക്കുന്നുണ്ട്. മൊത്തത്തിലുള്ള രൂപത്തില്‍ മാറ്റമൊന്നുമില്ലെങ്കിലും അലോയ് വീലുകളുടെ കാര്യത്തില്‍ മാറ്റം ഉണ്ട്. മെക്കാനിക്കല്‍ ഭാഗത്ത് വലിയ മാറ്റം വരുത്തിയിട്ടുണ്ട്. ഡാവിഞ്ചി സസ്‌പെന്‍ഷന്‍ സംവിധാനത്തോടെയാണ് ഥാര്‍ റോക്‌സ് ഫെയ്‌സ് ലിഫ്റ്റ് വരുന്നത്. ഇതിനൊപ്പം ഫ്രീക്വന്‍സി ഡിപെന്‍ഡന്റ് ഡാംപിങ് സാങ്കേതികവിദ്യയും ഫീച്ചറായി ഉണ്ട്. രണ്ട് പവര്‍ട്രെയിന്‍ ഓപ്ഷനോടെ ഥാര്‍ റോക്‌സ് അപ്‌ഡേറ്റ് വേര്‍ഷന്‍ വിപണിയില്‍ എത്താനാണ് സാധ്യത. നിലവിലുള്ള ഥാര്‍ റോക്‌സിന് സമാനമായിരിക്കും ഈ പവര്‍ട്രെയിന്‍ ഓപ്ഷന്‍. 2.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ ആര്‍ഡബ്ല്യൂഡി എന്‍ജിനും 2.2 ലിറ്റര്‍ ഡീസല്‍ ആര്‍ഡബ്ല്യൂഡി എന്‍ജിനുമാണ് പ്രതീക്ഷിക്കുന്നത്.
◾ സാങ്കേതികവിദ്യയും സമൂഹവും തമ്മിലുള്ള പാരസ്പര്യത്തെക്കുറിച്ചുള്ള അന്വേഷണമാണ് ലോകത്തിന്റെ മുഖച്ഛായ മാറ്റിയ കണ്ടുപിടുത്തങ്ങള്‍ എന്ന പരമ്പര. ഇത് വെറുമൊരു സാങ്കേതിക വിജ്ഞാനകോശമല്ല. ഈ കണ്ടുപിടുത്തങ്ങള്‍ മനുഷ്യജീവിതത്തെ എങ്ങനെ ബാധിച്ചുവെന്നും തൊഴില്‍ മേഖലകളിലെ വിപ്ലവകരമായ പരിണാമങ്ങള്‍ക്ക് എങ്ങനെ ഇടയാക്കിയെന്നും രാഷ്ട്രങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും ഉദയാസ്തമയങ്ങള്‍ക്കുവരെ എങ്ങനെ കാരണമായി എന്നും ഈ പരമ്പരയിലെ ഓരോ ഗ്രന്ഥവും വിശകലനം ചെയ്യുന്നു. 'മിണ്ടിപ്പറഞ്ഞ കഥ എഴുതിപ്പറഞ്ഞതിന്റെയും'. സി.എം മുരളീധരന്‍. ചിന്ത പബ്ളിക്കേഷന്‍സ്. വില 190 രൂപ.
◾ ടൈപ്പ് 2 പ്രമേഹത്തിന്റെ അഞ്ച് പ്രാരംഭ ലക്ഷണങ്ങളില്‍ ഒന്നാമത്തേതാണ് അമിതമായ ദാഹവും ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കലും. ക്ഷീണവും ഊര്‍ജ്ജക്കുറവും അനുഭവപ്പെടുന്നതാണ് മറ്റൊരു ലക്ഷണം. പ്രമേഹരോഗികളില്‍, ഇന്‍സുലിന്‍ പ്രതിരോധം അല്ലെങ്കില്‍ ഇന്‍സുലിന്‍ കുറവ് എന്നിവ കാരണം ഊര്‍ജ്ജോത്പാദനത്തിനായി ശരീരത്തിന് പഞ്ചസാരയെ ശരിയായി ഉപയോഗിക്കാന്‍ കഴിയാതെ വരുമ്പോഴാണ് ഇത്തരത്തിലുള്ള ക്ഷീണം ഉണ്ടാകുന്നത്. ഭക്ഷണം കഴിച്ചതിനുശേഷവും നിരന്തരം വിശപ്പ് അനുഭവപ്പെടുന്നത് ആശയക്കുഴപ്പമുണ്ടാക്കുന്ന ഒരു ലക്ഷണമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത്, ഭക്ഷണത്തില്‍ നിന്ന് കാര്യക്ഷമമായി ഊര്‍ജ്ജം വേര്‍തിരിച്ചെടുക്കാനുള്ള ശരീരത്തിന്റെ കഴിവിനെ ബാധിക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. കൈകളിലും കാലുകളിലും മരവിപ്പോ തരിപ്പോ അനുഭവപ്പെടുന്നതാണ് മറ്റൊരു ലക്ഷണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വര്‍ദ്ധിക്കുന്നത് കാലക്രമേണ ഞരമ്പുകള്‍ക്കും രക്തക്കുഴലുകള്‍ക്കും കേടുപാടുകള്‍ വരുത്തുകയും, അതുമൂലം കൈകാലുകളില്‍ മരവിപ്പ്, തരിപ്പ് അല്ലെങ്കില്‍ സൂചികൊണ്ട് കുത്തുന്നതുപോലെയുള്ള അസ്വസ്ഥതകള്‍ അനുഭവപ്പെടുകയും ചെയ്തേക്കാം. ഇടയ്ക്കിടെ കാഴ്ച മങ്ങുന്നതാണ് മറ്റൊരു ലക്ഷണം. വ്യക്തമായ കാരണമില്ലാതെയുള്ള കാഴ്ചയിലെ മാറ്റങ്ങള്‍ ടൈപ്പ് 2 പ്രമേഹത്തിന്റെ പ്രാരംഭ ലക്ഷണങ്ങളാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് കണ്ണിലെ ചെറിയ രക്തക്കുഴലുകള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും, അതുമൂലം ലെന്‍സിലേക്കോ റെറ്റിനയിലേക്കോ ദ്രാവകം ചോര്‍ന്നു കയറാന്‍ കാരണമാവുകയും ചെയ്തേക്കാം.
*ശുഭദിനം*
*കവിത കണ്ണന്‍*
വിമാനം പറത്തണം... അത് അബ്ദുളിന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു. ക്ലാസിലെ ഏറ്റവും മികച്ച വിദ്യാര്‍ത്ഥികളിലൊരാളായിരുന്ന അബ്ദുള്‍ അധ്യാപകരുടെ പ്രിയപ്പെട്ട വിദ്യാര്‍ത്ഥിയുമായിരുന്നു. യുദ്ധവിമാനങ്ങളോടായിരുന്നു അവന് ഏറ്റവും കൂടുതല്‍ താല്‍പര്യം. സമയം കിട്ടുമ്പോഴെല്ലാം അവന്‍ തന്റെ പ്രിയപ്പെട്ട വിമാനങ്ങളെക്കുറിച്ച് പഠിച്ചു. അവയുടെ സാങ്കേതികവിദ്യയും പ്രവര്‍ത്തനരീതിയും സ്വപ്നങ്ങളും... എല്ലാം അവന്റെ മനസ്സില്‍ നിറഞ്ഞുനിന്നു. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയായപ്പോള്‍ തന്റെ സ്വപ്നത്തിലേക്കുള്ള ആദ്യ ചുവടുവെപ്പായി അവന്‍ എയര്‍ഫോഴ്‌സിലേക്ക് അപേക്ഷിച്ചു. ഇന്റര്‍വ്യൂവിന് ക്ഷണം ലഭിച്ചു. ആദ്യഘട്ടമായ എഴുത്തുപരീക്ഷ അവന്‍ മികച്ച രീതിയില്‍ പൂര്‍ത്തിയാക്കി. അടുത്തത് ശാരീരിക ക്ഷമത പരിശോധിക്കുന്ന ഘട്ടമായിരുന്നു. കുറച്ച് ബുദ്ധിമുട്ടിയെങ്കിലും അതും അവന്‍ വിജയകരമായി കടന്നു. പിന്നീട് ഇന്റര്‍വ്യൂ. അവിടെയും ആത്മവിശ്വാസത്തോടെ അവന്‍ തന്റെ കഴിവുകള്‍ തെളിയിച്ചു. എല്ലാം കഴിഞ്ഞപ്പോള്‍ വലിയ പ്രതീക്ഷയോടെയാണ് അവന്‍ ഫലത്തിനായി കാത്തിരുന്നത്. പക്ഷേ... തിരഞ്ഞെടുത്തത് പന്ത്രണ്ടുപേരെ. ആ പന്ത്രണ്ട് പേരുടെ പട്ടികയില്‍ അബ്ദുളിന്റെ പേര് ഉണ്ടായിരുന്നില്ല. വര്‍ഷങ്ങളായി കണ്ട സ്വപ്നം... അതിനായി നടത്തിയ പരിശ്രമങ്ങള്‍... എല്ലാം ഒരു നിമിഷം കൊണ്ട് തകര്‍ന്നുവീണതുപോലെ തോന്നി. അന്ന് രാത്രി അവന് ഉറങ്ങാന്‍ കഴിഞ്ഞില്ല. പക്ഷേ, ആ രാത്രി കഴിഞ്ഞപ്പോള്‍ ഒരു കാര്യം മാറിയിരുന്നു. സ്വപ്നം മാറിയില്ല... സ്വപ്നത്തിലേക്കുള്ള വഴി മാത്രമാണ് മാറിയത്. അടുത്ത ദിവസം അബ്ദുള്‍ ഒരു തീരുമാനമെടുത്തു. ''ഒരു വാതില്‍ അടഞ്ഞെങ്കില്‍, അതിന് മുന്നില്‍ ഇരുന്ന് കരയേണ്ട. മറ്റൊരു വാതില്‍ തേടണം.'' അങ്ങനെ തന്റെ ജീവിതത്തെ മറ്റൊരു സ്വപ്നത്തിന്റെ സാക്ഷാത്കാരത്തിനായി അദ്ദേഹം വഴിതിരിച്ചു. ആ വഴിയാണ് പിന്നീട് അദ്ദേഹത്തെ ഇന്ത്യയുടെ ''മിസൈല്‍ മാന്‍'' ആക്കിയത്. ലോകം ആദരിച്ച ശാസ്ത്രജ്ഞനാക്കി. ഇന്ത്യയുടെ രാഷ്ട്രപതിയാക്കി. എല്ലാറ്റിനുമപ്പുറം, കോടിക്കണക്കിന് മനുഷ്യരുടെ സ്വപ്നങ്ങള്‍ക്ക് പ്രചോദനമായ ഡോ. എ.പി.ജെ. അബ്ദുള്‍ കലാമാക്കി. അദ്ദേഹത്തിന്റെ ജീവിതം നമ്മോട് പറയുന്നത് ഇതാണ്: ഒരു പരാജയം നിങ്ങളുടെ ജീവിതത്തിന്റെ അവസാനമല്ല. ചിലപ്പോള്‍ അത് മറ്റൊരു വലിയ വിജയത്തിലേക്കുള്ള വഴിത്തിരിവാണ്. ഒരു സ്വപ്നം തകര്‍ന്നാല്‍ തകര്‍ന്ന സ്വപ്നത്തെക്കുറിച്ച് മാത്രം ചിന്തിച്ച് നില്‍ക്കരുത്. പുതിയൊരു സ്വപ്നം കാണുക. അതിനെക്കുറിച്ച് ചിന്തിക്കുക. ആ ചിന്തകളെ പ്രവൃത്തിയാക്കി മാറ്റുക. കാരണം... ഒരു വാതില്‍ അടയുമ്പോള്‍, ജീവിതം മറ്റൊരു വാതില്‍ തുറന്നിട്ടുണ്ടാകാം. ഒരു സ്വപ്നം തകര്‍ന്നാല്‍ ജീവിതവും തകര്‍ന്നുവെന്ന് കരുതരുത്. ഒരുപക്ഷേ, അതിലും ഉദാത്തമായ മറ്റൊരു സ്വപ്നസാക്ഷാത്കാരത്തിനായി ജീവിതം നമ്മെ ഒരുക്കുകയായിരിക്കാം. സ്വപ്നം കാണുക. ശ്രമിക്കുക. പരാജയപ്പെട്ടാല്‍ വീണ്ടും തുടങ്ങുക. സ്വപ്നങ്ങള്‍ തകരാം... പക്ഷേ, സ്വപ്നം കാണുന്ന മനസ്സ് തകരാതിരിക്കട്ടെ. -ശുഭദിനം.
Tags:
KERALA