2026 സെപ്റ്റംബര്‍ 18 | വെള്ളി
1202 കന്നി 2 | തൃക്കേട്ട
1448 റ: ആഖിർ 6
◾ ഇന്ത്യക്കെതിരേ അമേരിക്കയുടെ തീരുവയുദ്ധം. റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യയും ചൈനയും അടക്കമുള്ള രാജ്യങ്ങള്‍ക്കെതിരേ അമേരിക്ക നൂറു ശതമാനംവരെ അധിക തീരുവ ചുമത്തി. അധിക തീരുവ ചുമത്താന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് അധികാരം നല്‍കുന്ന ബില്‍ സെനറ്റും യുഎസ് ജനപ്രതിനിധി സഭയും പാസാക്കി. റഷ്യയില്‍നിന്ന് കുറഞ്ഞ നിരക്കിലാണ് ഇന്ത്യ ക്രൂഡ് ഓയിലും പ്രകൃതി വാതകവും വാങ്ങുന്നത്.
◾ വയനാട്ടിലെ വീട്ടില്‍ അനധികൃതമായി മദ്യം സൂക്ഷിച്ചെന്ന കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി എംഡി ആന്റോ അഗസ്റ്റിനെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു. ആന്റോയെ മാനന്തവാടി ജില്ലാ ജയിലിലാക്കി. പിടിച്ചെടുത്തതില്‍ 12.75 ലിറ്റര്‍ വ്യാജമദ്യമാണെന്ന് എക്സൈസ് സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞു. അതേസമയം, ആന്റോയുടെ ജാമ്യാപേക്ഷയില്‍ ഇന്നു വിധി പറയും.
◾ പിണറായി സര്‍ക്കാരിനെതിരെ പരസ്യ വിമര്‍ശനം ഉന്നയിച്ച ഐ.എ.എസ് ഉദ്യോഗസ്ഥരായ ഡോ.ബി.അശോകും എന്‍.പ്രശാന്തും മുഖ്യമന്ത്രി വി.ഡി.സതീശന്റെ കീഴിലുള്ള സുപ്രധാന വകുപ്പുകളിലേക്ക്. ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ബി. അശോകിനെ പൊതുഭരണ വകുപ്പിന്റേയും ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പിന്റേയും കൂടി ചുമതല നല്‍കി. മുന്‍മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ മകന്‍ കെ. ബിജുവായിരുന്നു പൊതുഭരണ വകുപ്പു സെക്രട്ടറി. ടി.വി. അനുപമയായിരുന്നു ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പു സെക്രട്ടറി. അനുപമ ഗതാഗത വകുപ്പിലും ബിജു വനം വകുപ്പിലും തുടരും. മെസിയുടെ പേരിലുള്ള തട്ടിപ്പുകള്‍ പുറത്തുകൊണ്ടുവന്ന കായിക വകുപ്പു സ്പെഷല്‍ സെക്രട്ടറിയായിരുന്ന എന്‍. പ്രശാന്തിന് നികുതി വകുപ്പു സ്പെഷല്‍ സെക്രട്ടറിയുടെ അധിക ചുമതല നല്‍കി.
◾ മാസപ്പടി കേസില്‍ ഇഡി ഉദ്യോഗസ്ഥര്‍ ബലംപ്രയോഗിച്ച് മൂന്നു രേഖകളില്‍ വിരലടയാളം പതിപ്പിച്ചെന്നും ഈ രേഖ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് കരിമണല്‍ കമ്പനി സിഎംആര്‍എല്‍ ഉടമ ശശിധരന്‍ കര്‍ത്ത 2024 ല്‍ നല്‍കിയ സത്യവാങ്മൂലത്തിന്റെ പകര്‍പ്പ് പുറത്തുവന്നു. സിഎംആര്‍എലിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കിയ മൊഴിയും പിന്‍വലിക്കുന്നതായി നല്‍കിയ സത്യവാങ്മൂലത്തിന്റെ പകര്‍പ്പു നേരത്തെ പുറത്തുവന്നിരുന്നു. ഇഡി കേസിലെ പ്രധാന തെളിവുകളായിരുന്നു ഈ മൊഴികള്‍.
◾ കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള സാമ്പത്തിക സഹായത്തിനായി സംസ്ഥാന സര്‍ക്കാര്‍ 9.96 കോടി രൂപ അനുവദിച്ചു. കോവിഡ് മൂലം കുടുംബത്തിലെ പ്രധാന വരുമാന സ്രോതസ്സ് നഷ്ടപ്പെട്ട ബി.പി.എല്‍ കുടുംബങ്ങള്‍ക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. പ്രതിമാസം 5,000 രൂപ വീതം മൂന്ന് വര്‍ഷത്തേക്ക് ബാങ്ക് അക്കൗണ്ട് വഴിയാണ് ധനസഹായം നല്‍കുന്നത്.
◾ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിന്റെ കൊച്ചി സന്ദര്‍ശനത്തോടനുബന്ധിച്ച് ഇന്നു രാവിലെ 11 മുതല്‍ വൈകിട്ട് നാലു വരെ കൊച്ചി നഗരത്തില്‍ ഗതാഗത നിയന്ത്രണം. ഭാസ്‌കരീയം കണ്‍വന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി ഒരുക്കുന്ന മൂന്നു ദിവസത്തെ രാമകഥാ കോണ്‍ക്ലേവ് ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഉദ്ഘാടനം ചെയ്യാനാണ് കേന്ദ്രമന്ത്രി എത്തുന്നത്.
◾ റിപ്പോര്‍ട്ടര്‍ ടി വി ഉടമ ആന്റോ അഗസ്റ്റിനേയും ചാനലിനേയും പൂട്ടാന്‍ 800 പേജുള്ള തെളിവുകളടങ്ങിയ രേഖകള്‍ തന്റെ കൈവശമുണ്ടെന്ന് ട്വന്റി 20 പാര്‍ട്ടി പ്രസിഡന്റും കിറ്റെക്സ് എം ഡിയുമായ സാബു എം ജേക്കബ്. ആന്റോ അഗസ്റ്റിന്റെ അഞ്ചു വര്‍ഷത്തെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണം. പിണറായി അടക്കമുള്ള മുതിര്‍ന്ന സിപിഎം നേതാക്കള്‍ക്കും ഈ കൂട്ടുകച്ചവടത്തില്‍ പങ്കുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്നും സാബു എം ജേക്കബ്.
◾ അനധികൃത സ്വത്ത് സമ്പാദനത്തിനു കോടതി നാലു വര്‍ഷത്തെ കഠിനതടവും 30.8 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചതോടെ റിട്ടയേഡ് ഡിജിപി ടോമിന്‍ തച്ചങ്കരിയെ പൂജപ്പുര ജയിലിലേക്കു മാറ്റി. ശിക്ഷിക്കപ്പെടുന്ന ആദ്യ ഉന്നത ഉദ്യോഗസ്ഥനല്ല തച്ചങ്കരി. നേരത്തെ വര്‍ഗീസ് വധക്കേസില്‍ ഐ ജി ലക്ഷമണയെ സി ബി ഐ കോടതി ശിക്ഷിച്ചിട്ടുണ്ട്. പക്ഷേ അഴിമതി കേസായിരുന്നില്ല. മുന്‍ ചീഫ് സെക്രട്ടറി രാമചന്ദ്രന്‍ നായരെ വിജിലന്‍സ് കോടതി ശിക്ഷിച്ചെങ്കിലും ഹൈക്കോടതി വെറുതെവിട്ടിരുന്നു.
◾ മൂട്ടില്‍ മരം മുറി കേസില്‍ ചോറ്റാനിക്കര കോടതിയിലെ വിചാരണ തടയണമെന്ന് ആവശ്യപ്പെട്ട് അഗസ്റ്റിന്‍ സഹോദരങ്ങള്‍ സുപ്രീം കോടതിയെ സമീപിച്ചു. ഈ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു.
◾ കോട്ടയത്തെ കാറ്ററിംഗ് തട്ടിപ്പിനെതിരായ പരാതിയില്‍ കാറ്ററിംഗ് ഉടമ കാഞ്ഞിരപ്പള്ളി ഉദയം കാറ്ററിംഗ് ഈവന്റ്സ് ഉടമ വിഷ്ണു മോഹനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൂന്ന് കല്യാണ വിരുന്നിന് അഡ്വാന്‍സ് വാങ്ങി ബുക്ക് ചെയ്ത ഭക്ഷണം എത്തിച്ചില്ലെന്നാണു പരാതി.
◾ പരശുറാം എക്സ്പ്രസ് എല്‍എച്ച്ബി കോച്ചുകളിലേക്ക് മാറുന്നു. മംഗളൂരു സെന്‍ട്രല്‍- കന്യാകുമാരി പരശുറാം എക്സ്പ്രസ്(16649) സെപ്റ്റംബര്‍ 22 മുതലും കന്യാകുമാരി-മംഗളൂരൂ സെന്‍ട്രല്‍ പരശുറാം എക്സ്പ്രസ് (16650) സെപ്റ്റംബര്‍ 23 മുതലും എല്‍എച്ച്ബി കോച്ചുകളുമായാകും സര്‍വീസ് നടത്തുക.
◾ വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ധീന്റെ മണ്ഡലത്തിലെ അട്ടപ്പാടി കൂക്കമ്പാളയം ജി യു പി സ്‌കൂളില്‍ സ്വന്തമായി കളിക്കളമില്ലാത്തതിനെ തുടര്‍ന്ന് സ്‌കൂള്‍ കായികമത്സരങ്ങള്‍ സംഘടിപ്പിച്ചത് ഭവാനിപ്പുഴയുടെ തീരത്ത്. ആദിവാസി വിഭാഗത്തില്‍പ്പെട്ട നിരവധി കുട്ടികള്‍ പഠിക്കുന്ന ഈ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ കായിക ഉപകരണങ്ങള്‍ ചുമന്ന് മൂന്ന് കിലോമീറ്ററോളം നടന്നാണ് പുഴയോരത്തെ താത്കാലിക കളിക്കളത്തില്‍ എത്തിയത്.
◾ പണയ സ്വര്‍ണം മറിച്ചു വിറ്റ് കോടികള്‍ തട്ടിയെന്ന കേസില്‍ പ്രതിയായ യുവമോര്‍ച്ച ആലപ്പുഴ ജില്ല ജനറല്‍ സെക്രട്ടറി രാഹുല്‍ രാധാകൃഷ്ണന്‍ കുറത്തികാട് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. സ്ഥാപന ഉടമ രാധാകൃഷപിള്ള, മനേജര്‍ ടിനു തമ്പാന്‍ എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. വായ്പ തട്ടിപ്പിലൂടെ പ്രതികള്‍ 200 പവനിലേറെ സ്വര്‍ണം കവര്‍ന്നതായാണ് പരാതി.
◾ ആണ്‍കുട്ടികള്‍ക്കും ലിംഗനിര്‍ണയം നടത്താത്ത കുട്ടികള്‍ക്കും അവരുടെ ഇഷ്ടപ്രകാരം തലമുടിവളര്‍ത്തുന്നതിന് സ്വാതന്ത്ര്യമുണ്ടെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍. കണ്ണുകളോ, മുഖമോ മറയാത്തരീതിയിലും, വൃത്തിയായും, സുരക്ഷിതമായും മുടി സൂക്ഷിക്കുവാനുളള ചുമതല അവര്‍ക്കുണ്ട് എന്നും പറഞ്ഞു .
◾ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതിനാല്‍ സെപ്റ്റംബര്‍ 21 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം. പത്തനംതിട്ട, ഇടുക്കി, കോട്ടയം ഉള്‍പ്പെടെയുള്ള വിവിധ ജില്ലകളില്‍ വരും ദിവസങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
◾ വീട്ടില്‍ നിന്ന് വന്‍തോതില്‍ വിദേശമദ്യം പിടികൂടിയതിന് പിന്നാലെ ഒളിവില്‍ പോയ പ്രതിയെ എക്സൈസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട കൊല്ലമുള സ്വദേശി റോയി മാത്യുവാണ് പിടിയിലായത്. കഴിഞ്ഞ നവംബറില്‍ എക്സൈസ് സംഘം വീടുവളഞ്ഞപ്പോള്‍ റോയി ഓടി രക്ഷപ്പെടുകയായിരുന്നു.
◾ മുഖ്യമന്ത്രിയെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട പത്തനംതിട്ട സ്വദേശിയ്ക്കെതിരെ പൊലീസ് കേസെടുത്തു. പത്തനംതിട്ട കൈപ്പട്ടൂര്‍ സ്വദേശി കെ ആര്‍ വിനോദ് കുമാറിനെതിരെയാണ് കേസ്. രണ്ട് സ്ത്രീകളുടെ ചിത്രം ചേര്‍ത്താണ് അപമാനിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തത്.
◾ കണ്ണൂരിലെ മസാജിങ് പാര്‍ലറില്‍ വ്യാജതിരിച്ചറിയല്‍ രേഖകളുമായി ബംഗ്ലാദേശ് സ്വദേശിനികള്‍ പിടിയില്‍.
◾ തെക്കന്‍ ജില്ലകളില്‍ വ്യാപക മോഷണം നടത്തിയ കുപ്രസിദ്ധ കവര്‍ച്ചാ സംഘം പിടിയില്‍. പത്തനംതിട്ട അടൂര്‍ പൊലീസാണ് ചിന്നക്കനാലിലെ ഒളിത്താവളത്തില്‍ നിന്ന് അഞ്ചംഗ സംഘത്തെ പിടികൂടിയത്. ഇതില്‍ സംഘത്തലവന്‍ തിരുവല്ല സ്വദേശി വിശാല്‍ റാവുത്തര്‍ ഒഴികെ മറ്റ് നാലു പേരും പ്രായപൂര്‍ത്തിയാകാത്തവരാണ്.
◾ തൃശ്ശൂര്‍ ചാവക്കാട് സ്വകാര്യ ബസ്സില്‍ നിന്ന് ഗര്‍ഭിണി തെറിച്ചുവീണ് പരിക്കേറ്റ സംഭവത്തില്‍ ബസ് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. ഡ്രൈവര്‍ ചാലിശ്ശേരി സ്വദേശി പ്രകാശന്‍ കണ്ടക്ടര്‍ തളി സ്വദേശി കാളിദാസന്‍ എന്നിവരാണ് അറസ്റ്റിലായത്. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് പോലീസ് കേസ്.
◾ എഴുത്തുകാരനും കോളേജ് അധ്യാപകനുമായ പ്രൊഫസര്‍ പി ജയേന്ദ്രന്‍ അന്തരിച്ചു; കോഴിക്കോട് ദേവഗിരി കോളേജിലെ ഇംഗ്ലീഷ് വിഭാഗം തലവനായിരുന്നു.
◾ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു. പേരാവൂര്‍ സ്വദേശി ശ്രീജയുടെ കുഞ്ഞാണ് മരിച്ചത്. ശസ്ത്രക്രിയ വൈകിയതാണ് മരണ കാരണമെന്നു ശ്രീജയുടെ ഭര്‍ത്താവ് ബിജേഷ് പറഞ്ഞു. വീഴ്ച പറ്റിയിട്ടില്ലെന്നും ഗര്‍ഭപാത്രത്തില്‍ കുഞ്ഞും മറുപിള്ളയും വേര്‍പെട്ടതാണു കാരണമെന്നും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് പറഞ്ഞു.
◾ സമയ ബന്ധിതമായി ജനനവും മരണവും രജിസ്ററര്‍ ചെയ്തില്ലെങ്കില്‍ കടുത്ത നടപടികള്‍ നേരിടേണ്ടി വരുന്ന നിയമ ഭേദഗതി ഒക്ടോബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍. ഒരു മാസം മുതല്‍ രണ്ട് വര്‍ഷം വരെ വൈകിയാല്‍ പിഴയും, ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ അനുമതിയുമടക്കം വ്യവസ്ഥകളാണ് നിര്‍ദ്ദേശിക്കുന്നത്. പാര്‍ലമെന്റ് പാസാക്കിയ ബില്ലില്‍ കഴിഞ്ഞ മാസമാണ് രാഷ്ട്രപതി ഒപ്പുവച്ചത്.
◾ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ചിഹ്നവും പേരും ഇനിയൊരു തീരുമാനം വരുന്നതുവരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷഷന്‍ മരവിപ്പിച്ചു. മമത ബാനര്‍ജിയും വിമത വിഭാഗവും തമ്മില്‍ പേരിനും ചിഹ്നത്തിനും വേണ്ടി വാദം ഉന്നയിച്ചതാണു കാരണം.
◾ ഡല്‍ഹി ലോധി കോളനി റെയില്‍വേ സ്റ്റേഷന് സമീപമുള്ള പാര്‍ക്കില്‍ 'ഭാരത് വന്‍' പദ്ധതിക്ക് തുടക്കമായി. നഗരവനം കേന്ദ്ര ധനകാര്യകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്
◾ ബെംഗളൂരു ജെപി നഗറില്‍ പട്ടാപ്പകല്‍ നഴ്സായ കൊല്‍ക്കത്ത സ്വദേശിനി മധുമിതയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവായ പ്രതി ആസിഡ് ഒഴിച്ചു. സംഭവത്തില്‍ തമിഴ്നാട് സ്വദേശിയായ ഭര്‍ത്താവ് വെങ്കടേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.
◾ ഇന്ത്യയിലെ ജനങ്ങളെ വിലക്കയറ്റത്തില്‍ നിന്ന് സംരക്ഷിക്കാനാണ് റഷ്യയില്‍നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതെന്ന് യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍ വിനയ് മോഹന്‍ ക്വാത്ര. 100 ശതമാനം വരെ തീരുവ ചുമത്താന്‍ അമേരിക്ക ബില്‍ പാസാക്കിയതിനു പിറകേയാണ് വിനയ് മോഹന്‍ ക്വാത്രയുടെ പ്രതികരണം. തീരുവ നീക്കം ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്നും 140 കോടി ജനങ്ങളുടെ ഊര്‍ജ സുരക്ഷ ഉറപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കി.
◾ ചന്ദ്രനില്‍ 728 അടി വ്യാസവും 141 അടി ആഴവുമുള്ള പുത്തന്‍ ഗര്‍ത്തം രൂപപ്പെട്ടതായി കണ്ടെത്തി. 2024 ലാണ് ഗര്‍ത്തം രൂപപ്പെട്ടത്. വന്‍ ഉല്‍ക്ക വന്ന് ചന്ദ്രനില്‍ ഇടിച്ചതാണ് രണ്ട് ഫുട്ബോള്‍ മൈതാനങ്ങളേക്കാള്‍ വലിപ്പമുള്ള ഗര്‍ത്തമുണ്ടാകാന്‍ കാരണം. ഗര്‍ത്തമുണ്ടായി അധികം കഴിയും മുമ്പ് തന്നെ അതു വഴി കടന്നു പോയ നാസയുടെ ലൂണാര്‍ റെക്കോണൈസന്‍സ് ഓര്‍ബിറ്റര്‍ അതിന്റെ ചിത്രമെടുത്തിരുന്നു.
◾ ഇറാനിലെ യുദ്ധം അവസാനത്തോടടുക്കുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ചൊവ്വാഴ്ച്ച ട്രംപ് ഗള്‍ഫ് രാഷ്ട്രീയ നേതാക്കളെ കാണും. അതേസമയം വിശുദ്ധ നഗരമായ മക്കക്ക് നേരെയുള്ള ആക്രമണ ശ്രമത്തില്‍ ഹൂത്തികളെ പരോക്ഷമായി പിന്തുണച്ച് ഇറാന്‍ രംഗത്തെത്തി.
◾ ഏഷ്യന്‍ ഗെയിംസ് നഗരിയില്‍ ദുരിതമെന്ന് ഇന്ത്യയുടെ ഷൂട്ടിംഗ് ടീം. താമസിക്കുന്ന ഹോട്ടലുകളില്‍ നിന്ന് മത്സരവേദിയായ ഷൂട്ടിംഗ് റേഞ്ചിലേക്ക് രണ്ട് മണിക്കൂറോളം യാത്ര ചെയ്യണം. ഏകദേശം അമ്പത് കിലോമീറ്റര്‍ ദൂരം ഒരു ദിവസം യാത്ര ചെയ്താലേ പരിശീലനം സാധ്യമാകൂവെന്നാണ് മുപ്പതു പേരുള്ള ഷൂട്ടിംഗ് ടീമംഗങ്ങളുടെ പരാതി.
◾ അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര ഇന്ത്യ തൂത്തുവാരി. ഡല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മൂന്നാം മത്സരത്തില്‍ 127 റണ്‍സിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 34 പന്തില്‍ 104 റണ്‍സെടുത്ത അഭിഷേക് ശര്‍മയുടെ കരുത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സാണ് നേടിയത്. സഞ്ജു സാംസണ്‍ 35 പന്തില്‍ നിന്ന് 50 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ അഫ്ഗാനിസ്ഥാന്‍ 14.1 ഓവറില്‍ 94 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു.
◾ അഫ്ഗാനിസ്ഥാനെതിരായ അവസാന ടി20 മത്സരത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മയ്ക്ക് റെക്കോര്‍ഡോടെ സെഞ്ചുറി. അന്താരാഷ്ട്ര ടി20യിലെ ഇന്ത്യയുടെ ഏറ്റവും വേഗതയേറിയ സെഞ്ച്വറിയാണ് അഭിഷേക് സ്വന്തമാക്കിയത്. വെറും 30 പന്തുകളില്‍ നിന്നാണ് താരം തന്റെ കരിയറിലെ മൂന്നാമത്തെ ടി20 സെഞ്ച്വറി തികച്ചത്. 2017-ല്‍ ശ്രീലങ്കയ്ക്കെതിരെ 35 പന്തില്‍ സെഞ്ച്വറി നേടിയ രോഹിത് ശര്‍മ്മയുടെ റെക്കോര്‍ഡാണ് അഭിഷേക് തകര്‍ത്തത്.
◾ ടാറ്റാ സണ്‍സ് ചെയര്‍മാനായി എന്‍ ചന്ദ്രശേഖരന്‍ തുടരും. ചന്ദ്രശേഖരന്റെ കാലാവധി അടുത്ത അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടാന്‍ കമ്പനി ബോര്‍ഡ് യോഗം തീരുമാനിച്ചു. യോഗത്തില്‍ ടാറ്റ ട്രസ്റ്റ്സ് ചെയര്‍മാന്‍ നോയല്‍ ടാറ്റ മാത്രമാണ് ചന്ദ്രശേഖരന്റെ കാലാവധി നീട്ടുന്നതിനെ എതിര്‍ത്തത്. ടാറ്റാ സണ്‍സിന്റെ ലിസ്റ്റിങ്, നേതൃത്വ പിന്തുടര്‍ച്ച എന്നിവയുമായി ബന്ധപ്പെട്ട് അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നതിനിടയിലാണ് ബോര്‍ഡിന്റെ നിര്‍ണായക തീരുമാനം. ടാറ്റ സണ്‍സിന്റെ പ്രാരംഭ ഓഹരി വില്‍പനയുമായി മുന്നോട്ടുപോകാനും ബോര്‍ഡ് പച്ചക്കൊടി കാണിച്ചതായാണ് റിപ്പോര്‍ട്ട്. കോര്‍ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി രജിസ്ട്രേഷന്‍ ഉപേക്ഷിക്കാന്‍ ടാറ്റ സണ്‍സ് നല്‍കിയ അപേക്ഷ സെപ്റ്റംബര്‍ 12-ന് റിസര്‍വ് ബാങ്ക് തള്ളിയിരുന്നു. ഇതോടെ ടാറ്റ സണ്‍സിന്റെ ലിസ്റ്റിംഗ് ബാധ്യത കൂടുതല്‍ ശക്തമായി. 2027 ഫെബ്രുവരി വരെയാണ് നിലവില്‍ ചന്ദ്രശേഖരന് കാലാവധി ഉണ്ടായിരുന്നത്. കഴിഞ്ഞമാസമാണ് ചന്ദ്രശേഖരന്‍ രാജി പ്രഖ്യാപിച്ചത്.
◾ ഇന്ത്യന്‍ വ്യവസായി ഗൗതം അദാനിയെ മറികടന്ന് ബൈറ്റ്ഡാന്‍സ് സ്ഥാപകനായ ജാങ് യീമിംഗ് ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തിയായി. ബ്ലൂംബെര്‍ഗ് ശതകോടീശ്വര സൂചിക പ്രകാരം 43-കാരനായ ഇദ്ദേഹത്തിന്റെ ആസ്തി 105 ബില്യണ്‍ ഡോളറിലധികമായി. വര്‍ദ്ധിച്ചു. 2019 മാര്‍ച്ച് മാസത്തിലുണ്ടായിരുന്ന 13 ബില്യണ്‍ ഡോളറില്‍ നിന്ന് എട്ട് മടങ്ങിലധികം വളര്‍ച്ചയാണ് അദ്ദേഹത്തിന്റെ സമ്പത്തിലുണ്ടായത്. നിര്‍മ്മിത ബുദ്ധി മേഖലയിലുണ്ടായ കുതിച്ചുചാട്ടവും ബൈറ്റ്ഡാന്‍സിന്റെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളുടെ വിജയവുമാണ് ഈ നേട്ടത്തിന് പിന്നില്‍. 2012-ല്‍ ബീജിംഗിലെ നാല് ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റിലാണ് ജാങ് യീമിംഗ് ബൈറ്റ്ഡാന്‍സ് കമ്പനിക്ക് തുടക്കമിട്ടത്. ഏകദേശം 800 മില്യണ്‍ ഡോളറിന് 'മ്യൂസിക്കലി' ഏറ്റെടുത്ത് ടിക് ടോക്കില്‍ ലയിപ്പിച്ചത് ആഗോളതലത്തില്‍ വലിയ തരംഗമായി മാറി. 2021-ല്‍ ബൈറ്റ്ഡാന്‍സിന്റെ സി.ഇ.ഒ പദവി ഒഴിഞ്ഞെങ്കിലും കമ്പനിയുടെ 50 ശതമാനത്തിലധികം വോട്ടിംഗ് അവകാശം ജാങ് നിലനിര്‍ത്തുന്നുണ്ട്.
◾ ജീത്തു ജോസഫ് ചിത്രം 'മൈ ബോസി'ന്റെ തമിഴ് റീമേയ്ക്ക് 'സണ്ടക്കാരി' ട്രെയിലര്‍ എത്തി. ആര്‍. മധേഷ് സംവിധാനം ചെയ്ത ചിത്രത്തില്‍ ദിലീപിന്റെ കഥാപാത്രമായി വിമലും മംമ്തയുടെ വേഷത്തില്‍ ശ്രീയ സരണും എത്തുന്നു. സത്യന്‍, പ്രഭു, കെ.ആര്‍ വിജയ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍. ചിത്രം സെപ്റ്റംബര്‍ 18ന് തിയറ്ററുകളിലെത്തും. 2019ല്‍ ചിത്രീകരിച്ച സിനിമയുടെ റിലീസ് പല കാരണങ്ങളാല്‍ മുടങ്ങുകയായിരുന്നു. അതേസമയം പെട്ടിയിലിരുന്ന ഈ സിനിമയ്ക്ക് തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചതും വിവാദമായിരുന്നു. മികച്ച ആര്‍ട്ട് ഡയറക്ടര്‍, മികച്ച ഗായകന്‍, മികച്ച മൂന്നാമത്തെ സിനിമ എന്നീ പുരസ്‌കാരങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. 2020ലെ മികച്ച ചിത്രത്തിനുള്ള മൂന്നാം സ്ഥാനമാണ് ഈ സണ്ടക്കാരിക്ക് ലഭിച്ചത്. ഇതിനു പുറമെ ചിത്രത്തിലെ സംഗീതത്തിന് അമ്രിഷ് മികച്ച പിന്നണി ഗായകനായും, അയ്യപ്പന്‍ മികച്ച കലാസംവിധായകനായും തിരഞ്ഞെടുക്കപ്പെട്ടു.
◾ ആദ്യമായി എവറസ്റ്റ് കീഴടക്കിയ ടെന്‍സിങ് നോര്‍ഗെയുടെ ജീവിതം പറയുന്ന സിനിമയായ 'ടെന്‍സിങ്'ന്റെ ട്രെയിലര്‍ എത്തി. ജെന്നിഫര്‍ ഫീഡം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടിബറ്റന്‍ നടന്‍ ജെന്‍ഡെന്‍ പുന്‍സ്വാക് ആണ് ടെന്‍സിങ്ങായി എത്തുന്നത്. ടോം ഹിഡില്‍സ്റ്റണ്‍, വില്ല്യം ഡാഫോ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ഹിലാരിയായി വേഷമിടുന്നത് ഹിഡില്‍സ്റ്റണാണ്. ഡേഫോയാണ് എവറസ്റ്റ് യാത്രയുടെ സഘത്തലവനായിരുന്ന കേണല്‍ ജോണ്‍ ഹണ്ടിന്റെ വേഷത്തിലെത്തുന്നത്. ചിത്രം സെപ്റ്റംബര്‍ 16 മുതല്‍ ആപ്പിള്‍ ടിവിയില്‍ സ്ട്രീമിങ് ആരംഭിച്ചു. 'ചരിത്രം എവറസ്റ്റ് കീഴടക്കിയതിനെ എപ്പോഴും ഓര്‍ക്കും, എന്നാല്‍ അത് സാധ്യമാക്കിയ മനുഷ്യനെ ഓര്‍ക്കണമെന്നില്ല' എന്ന ടാഗ്ലൈനോടെയാണ് ചിത്രം എത്തുന്നത്. 1953ല്‍ ന്യൂസിലന്‍ഡുകാരന്‍ എഡ്മണ്ട് ഹിലാരിയും നേപ്പാള്‍ സ്വദേശിയായ ഷെര്‍പ്പ ടെന്‍സിങ്ങും എവറസ്റ്റ് കീഴടക്കിയതിന്റെ കഥയാണ് ചിത്രം പറയുന്നത്.
◾ ലാന്‍ഡ് റോവറിന്റെ ലക്ഷ്വറി എസ്യുവി ഡിഫന്‍ഡര്‍ സ്വന്തമാക്കി നടന്‍ മുകേഷ്. 2024 മോഡല്‍ ഡിഫന്‍ഡര്‍ 110 എച്ച്എസ്ഇ എക്സ് ഡൈനാമിക്കാണ് മുകേഷിന്റെ ഏറ്റവും പുതിയ കാര്‍. ലാന്‍ഡ് റോവറിന്റെ ഐതിഹാസിക മോഡല്‍ ഡിഫന്‍ഡറിന്റെ 3 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ മോഡലാണ് മുകേഷ് വാങ്ങിയത്. 257 കിലോവാട്ട് കരുത്തും 700 എന്‍എം ടോര്‍ക്കുമുണ്ട് ഈ എന്‍ജിന്. ലാന്‍ഡ് റോവറിന്റെ ഐതിഹാസിക മോഡലുകളിലൊന്നായിരുന്നു ഡിഫന്‍ഡര്‍. നീണ്ട 67 വര്‍ഷത്തെ സേവനം അവസാനിപ്പിച്ച് 2016ല്‍ വിടവാങ്ങിയ ഡിഫന്‍ഡറിന്റെ പുതിയ പതിപ്പ് 2019 ലാണ് രാജ്യാന്തര വിപണിയില്‍ എത്തിയത്. 291 മി.മീ. ഗ്രൗണ്ട് ക്ലിയറന്‍സുണ്ട്. 900 മി.മീ. വരെ വെള്ളത്തിലൂടെ പോകാനുമാകും. മൂന്ന് ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ കൂടാതെ 2 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍, മൂന്നു ലീറ്റര്‍ പെട്രോള്‍, അഞ്ച് ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ മോഡലും വാഹനത്തിനുണ്ട്.
◾ ഓരോ വാക്കും എങ്ങനെ പ്രണയത്തിന്റെയും വിരഹത്തിന്റെയും ഭക്തിയുടെയും ഓര്‍മ്മകളുടെയും ആഴങ്ങളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു എന്ന് നിഷാദ് നാരായണന്‍ തന്റെ ഹൃദയസ്പര്‍ശിയായ വിശകലനങ്ങളിലൂടെ വ്യക്തമാക്കുന്നു. ഇത് കേവലം ഒരു നിരൂപണമല്ല, മറിച്ച് സംഗീതത്തോടുള്ള ആത്മാര്‍ത്ഥമായ പ്രണയത്തിന്റെ ഒരു ആവിഷ്‌കാരമാണ്. ഈ പുസ്തകം മലയാളഗാനങ്ങളിലെ വാക്കുകളുടെ ആഴങ്ങളിലേക്ക് വെളിച്ചം വീശുന്നു. ഗാനങ്ങളെ കേവലം കേള്‍ക്കുക മാത്രമല്ല, അവയെ വായിച്ചറിയാനും, അതിലെ ഓരോ വാക്കിന്റെയും പൊരുള്‍ മനസ്സിലാക്കി ആസ്വദിക്കാനും ഈ പുസ്തകം പ്രേരകമാകും. 'പാട്ടിന്റെ പൊരുള്‍'. നിഷാദ് നാരായണന്‍. പ്രവ്ധ ബുക്സ്. വില 427 രൂപ.
◾ ആര്‍ത്തവ ദിവസങ്ങളില്‍ കഴിക്കേണ്ട പ്രത്യേക ഭക്ഷണക്രമം ഇല്ലെങ്കിലും ഈ ദിവസങ്ങളില്‍ ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നത് നന്നായിരിക്കും. ആര്‍ത്തവ രക്തം പുറന്തള്ളാനായി ഗര്‍ഭാശയ, ഉദര പേശികള്‍ ചുരുങ്ങുമ്പോഴാണ് ആര്‍ത്തവ ദിനങ്ങള്‍ ബുദ്ധിമുട്ടേറിയതാകുന്നത്. പ്രോസ്റ്റാഗ്ലാന്‍ഡിന്‍സ് എന്ന രാസവസ്തു പേശികള്‍ വരിഞ്ഞുമുറുകാന്‍ കാരണമാകും. ചില ഭക്ഷണങ്ങളും പാനീയങ്ങളും ഈ രാസവസ്തുവിന്റെ ഉത്പാദനത്തെ ഉത്തേജിപ്പിക്കാറുണ്ട്, അത്തരം വിഭവങ്ങള്‍ ആര്‍ത്തവദിനങ്ങളില്‍ ഒഴിവാക്കുന്നതാണ് നല്ലത്. തണുത്ത ഭക്ഷണവും തണുത്ത വെള്ളവുമൊക്കെ ആര്‍ത്തവദിനങ്ങളില്‍ ഒഴിവാക്കണം. തണുത്ത പാനീയങ്ങള്‍ ഒഴിവാക്കി ചെറുചൂടുള്ള വെള്ളം കുടിക്കുന്നത് സുഗമമായ രക്തപ്രവാഹത്തെ പ്രോത്സാഹിപ്പിക്കും. ചിപ്‌സ്, ചെറുകടികളുമൊക്കെ ഈ ദിവസങ്ങളില്‍ ഒഴിവാക്കാം. പകരം മുഴുവന്‍ ധാന്യങ്ങളും സംസ്‌കരിക്കാത്ത ഭക്ഷണവും കഴിക്കാം. അമിതമായ ഉപ്പിന്റെ ഉപയോഗം ഈ ദിവസങ്ങളില്‍ ബുദ്ധിമുട്ടുകളുണ്ടാക്കും. രാവിലെ ഒരു ചായയോ കാപ്പിയോ ഒക്കെ കുടിക്കുന്നത് ഊര്‍ജ്ജം നല്‍കുമെങ്കിലും അമിതമായ കഫീന്‍ ഉപഭോഗം ആര്‍ത്തവ സംബന്ധമായ ബുദ്ധിമുട്ടുകള്‍ കൂടാന്‍ ഇടയാക്കും. കഫീന്‍ നാഡീവ്യവസ്ഥയെ ഉത്തേജിപ്പിച്ച് ഉത്കണ്ഠ, അസ്വസ്ഥത തുടങ്ങിയ പ്രശ്‌നങ്ങള്‍ കൂട്ടും. ഉറക്കത്തെയും തടസ്സപ്പെടുത്തും. അതുകൊണ്ട് ഹെര്‍ബല്‍ പാനീയങ്ങളെ ആശ്രയിക്കുന്നതാണ് നല്ലത്. അമിതമായ പഞ്ചസാര ഉപയോഗം ഊര്‍ജ്ജനഷ്ടം, മൂഡ്‌സ്വിങ്‌സ് പോലുള്ള ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും. അതിനുപകരം പഴങ്ങള്‍, ഡാര്‍ക്ക് ചോക്ലേറ്റ്, തേന്‍, ഈന്തപ്പഴം, മേപ്പിള്‍ സിറപ്പ് എന്നിവ ആകാം. റെഡ് മീറ്റ് ഒഴിവാക്കി ചിക്കന്‍, മീന്‍ എന്നിവയും തെരഞ്ഞെടുക്കാം.
ശുഭദിനം.
Tags:
KERALA