Trending

കാലം കടന്നും കർമ്മപഥത്തിൽ; കോതൂർ മുഹമ്മദ് മാസ്റ്റർക്ക് ആദരം ഇന്ന്

കൊടുവള്ളി: പ്രായം എൺപത്തിയെട്ട് പിന്നിട്ടിട്ടും പൊതുരംഗത്ത് സജീവമായി പ്രവർത്തിക്കുന്ന മുൻ അധ്യാപകനും സാമൂഹിക പ്രവർത്തകനുമായ കോതൂർ മുഹമ്മദ് മാസ്റ്ററെ ഇന്ന് (സെപ്റ്റംബർ 18) വൈകീട്ട് നാലിന് കൊടുവള്ളി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കൊടുവള്ളി പൗരാവലി ആദരിക്കും. 

അധ്യാപനം, വിദ്യാഭ്യാസ പ്രവർത്തനം, സാമൂഹിക സേവനം, പൊതുപ്രവർത്തനം തുടങ്ങി ഒട്ടേറെ മേഖലകളിൽ പതിറ്റാണ്ടുകളായി അദ്ദേഹം നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ആദരം. കൊടുവള്ളി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, ഭാരത് സേവക് സമാജ് കൺവീനർ, സംസ്ഥാന പി.ടി.എ. പ്രസിഡന്റ്, എം.ഇ. എസ്. യൂത്ത് വിങ് ജനറൽ സെക്രട്ടറി, എം.എസ്.എസ്.സംസ്ഥാന വൈസ് പ്രസിഡൻറ് , സീനിയർ സിറ്റിസൺസ് ഫോറം പ്രസിഡന്റ്ഉൾപ്പെടെ വിവിധ സംഘടനകളുടെ നേതൃത്വ ചുമതലകൾ വഹിച്ചിട്ടുള്ള അദ്ദേഹം നിലവിലും നിരവധി സാമൂഹിക സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ സജീവമാണ്.

1960-ൽ പ്രധാനാധ്യാപകനായി അധ്യാപനരംഗത്ത് പ്രവേശിച്ച കോതൂർ മുഹമ്മദ് മാസ്റ്റർ കെടയത്തൂർ, മുപ്പയിനാട്, കരുവൻപൊയിൽ തുടങ്ങിയ വിദ്യാലയങ്ങളിൽ സേവനമനുഷ്ഠിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വികസനത്തിനും വായനശാലകളുടെ രൂപവത്കരണത്തിനും കോതൂർ മുഹമ്മദ് മാസ്റ്റർ നൽകിയ സംഭാവനകൾ ശ്രദ്ധേയമാണ്. 

1992-ൽ അധ്യാപകസേവനത്തിൽ നിന്ന് വിരമിച്ചെങ്കിലും പൊതുപ്രവർത്തനത്തിൽ നിന്ന് വിട്ടുനിൽക്കാതെ ഇന്നും നാടിന്റെ വിവിധ പ്രശ്നങ്ങളിൽ ഇടപെട്ടുവരുന്നു. 'കൊടുവള്ളിയുടെ കഥ, എന്റെയും', 'എം.എസ്.എസ്. ചരിത്ര വഴികളിലൂടെ' എന്നീ പുസ്തകങ്ങളുടെ രചയിതാവുമാണ് അദ്ദേഹം.

പരിപാടി എം.കെ.രാഘവൻ എം.പി. ഉദ്ഘാടനം ചെയ്യും. പ്രമുഖ സാഹിത്യകാരൻ എം.എൻ.കാരശ്ശേരി ആദരഭാഷണവും പി.കെ.ഫിറോസ് എം.എൽ.എ.മുഖ്യപ്രഭാഷണവും നടത്തും. എ.പി.കുഞ്ഞാമു കോതൂർ മുഹമ്മദിനെ പരിചയപ്പെടുത്തും. ചടങ്ങിൽ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും.
Previous Post Next Post
3/TECH/col-right