ഇയ്യാട്: പതിനഞ്ചു വർഷത്തെ രമ്യയുടെ കാത്തിരിപ്പ് ലക്ഷ്യത്തോടടുക്കുന്നു. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലെ നഴ്സിങ് ഓഫീസറായ എം.സി രമ്യയാണ് 32ാമത്തെ വയസ്സിൽ ഡോക്ടറാകാൻ ഒരുങ്ങുന്നത്. നീറ്റ് പരീക്ഷയിൽ സർവീസ് ക്വോട്ട (നഴ്സ് അലോപ്പതി) വിഭാഗത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എംബിബിഎസ് പ്രവേശനം നേടിയിരിക്കുകയാണ് ഉണ്ണികുളം ഇയ്യാട് സ്വദേശിനിയായ രമ്യ കാവിൽ.
2011ൽ വയനാട് പിണങ്ങോട് ഡബ്ല്യഒ എച്ച് എസ് എസ്സിലായിരുന്നു പ്ലസ്ടു വിദ്യാഭ്യാസം. അതിനുശേഷം എംബിബിഎസിന് പോകാൻ സാധിച്ചില്ല. ഡോക്ടർ ആകുമെന്ന സ്വപ്നം അന്ന് മുതൽ കൂടെ കൂട്ടിയെങ്കിലും ഇപ്പോഴാണ് വഴി തെളിഞ്ഞത്.
2015ൽ വെള്ളിമാട്കുന്നിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ നഴ്‌സിങ് പഠനത്തിനു ശേഷം 2020ൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ജോലിയിൽ പ്രവേശിച്ചു. മെഡിക്കൽ കോളേജിൽ കോവിഡ് ക്യാമ്പ് ഡ്യൂട്ടിക്കിടെയാണ് പഠനത്തിലേക്ക് തിരികെ യെത്തുന്നത്.
നഴ്‌സിങ് ക്വോട്ടയെക്കുറിച്ചുള്ള പുതിയ അവസരത്തെക്കുറിച്ച് ചിന്തിക്കാൻ പ്രചോദനമാവുകയായിരുന്നു.പിന്നീട് ജോലിക്കിടയിൽ പഠനത്തിന് നോ പറയാതെ ചിട്ടയായി പരിശീലിച്ചു. പ്രതിസന്ധികളെല്ലാം തരണം ചെയ്ത് നേടിയ ഈ ചരിത്രവിജയം പുതിയ ലക്ഷ്യങ്ങൾക്ക് പിന്നാലെ പോകുന്നവർക്കും വലിയൊരു പ്രചോദനമാണ്. ഈ മാസം 15ന് നേഴ്‌സിങ് ജോലി അവസാനിപ്പിക്കും.
അമ്മയുടെ അച്ഛൻ ഭാസ്‌കരനും അമ്മയുടെ അമ്മ രാധയുമാണ് വലിയ പിന്തുണയായി ഒപ്പമുണ്ടായിരുന്നത്. ഭർത്താവ്: പ്രജീഷ് കാവിൽ, മകൻ: ശിവദക്ഷ്, അമ്മ: ഗീത. സഹോദരൻ: വിഷ്ണുപ്രസാദ് എന്നിവരടങ്ങുന്നതാണ് കുടുംബം. അച്ഛൻ പരേതനായ ശ്രീനിവാസൻ.