Trending

റൂട്ട് ബസുകൾക്ക് ഓൺലൈൻ സ്പെഷ്യൽ പെർമിറ്റ്: പ്രതിഷേധവുമായി CCOA

കോഴിക്കോട്: ‘പ്രിയദർശിനി പദ്ധതി’യുടെ നഷ്ടം പരിഹരിക്കുന്നതിന്റെ ഭാഗമായി സ്വകാര്യ റൂട്ട് ബസുകൾക്ക് (സ്റ്റേജ് കാര്യേജ്) ഓൺലൈൻ വഴി സ്പെഷ്യൽ പെർമിറ്റ് അനുവദിക്കാനുള്ള നീക്കത്തിനെതിരെ കോൺട്രാക്ട് കാര്യേജ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ (CCOA) രംഗത്ത്.

റൂട്ട് സർവീസ് നടത്തേണ്ട സ്വകാര്യ ബസുകൾക്ക് അവധി ദിവസങ്ങളിലും വിശേഷ ദിവസങ്ങളിലും സ്പെഷ്യൽ പെർമിറ്റ് അനുവദിച്ചാൽ ഗ്രാമീണ മേഖലകളിലെ പൊതുഗതാഗത സംവിധാനം പ്രതിസന്ധിയിലാകുമെന്ന് CCOA സംസ്ഥാന ജനറൽ സെക്രട്ടറി രാജു ഗരുഡ പറഞ്ഞു.

വരുമാനം കുറഞ്ഞ ഗ്രാമീണ റൂട്ടുകളിലെ സർവീസുകൾ കുറച്ച് കൂടുതൽ ലാഭകരമായ ടൂറിസ്റ്റ് ട്രിപ്പുകളിലേക്ക് ബസുകൾ മാറാനുള്ള സാഹചര്യം ഇതുവഴി ഉണ്ടാകുമെന്നാണ് സംഘടനയുടെ വിലയിരുത്തൽ. ഗ്രാമപ്രദേശങ്ങളിലെ വിദ്യാർഥികൾ, തൊഴിലാളികൾ, സാധാരണ യാത്രക്കാർ തുടങ്ങിയവരാണ് ഇതിന്റെ പ്രധാന ഇരകളാകുകയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, റൂട്ട് ബസുകൾക്ക് ടൂറിസ്റ്റ് സർവീസിന് സമാനമായ അവസരം ലഭിക്കുന്നത് കോൺട്രാക്ട് കാര്യേജ് മേഖലയെയും പ്രതികൂലമായി ബാധിക്കുമെന്ന് CCOA ചൂണ്ടിക്കാട്ടി. ഉയർന്ന നികുതി അടച്ച് ടൂറിസ്റ്റ് സർവീസ് നടത്തുന്ന വാഹനങ്ങളോട് ഇത് അനീതിയാണെന്നും സംഘടന ആരോപിച്ചു.

ടൂറിസ്റ്റ് ബസുകൾക്ക് ക്വാർട്ടറിൽ ഏകദേശം 50,000 രൂപ വരെ റോഡ് നികുതി ബാധ്യതയുള്ളപ്പോൾ സ്റ്റേജ് കാര്യേജ് വാഹനങ്ങൾക്ക് പൊതുഗതാഗത സർവീസിന്റെ ഭാഗമായി ഏകദേശം 11,000 രൂപയാണ് നികുതി അടയ്ക്കുന്നതെന്ന് CCOA വ്യക്തമാക്കി. നികുതി ഘടനയിലെ ഈ വ്യത്യാസം പരിഗണിക്കാതെയുള്ള തീരുമാനം ടൂറിസ്റ്റ് ബസ് മേഖലയെ കൂടുതൽ പ്രതിസന്ധിയിലാക്കുമെന്നും സംഘടന അഭിപ്രായപ്പെട്ടു. ബാങ്ക് വായ്പയെടുത്ത് വാഹനങ്ങൾ വാങ്ങി സർവീസ് നടത്തുന്ന ടൂറിസ്റ്റ് ബസ് ഉടമകൾക്കും ഡ്രൈവർമാർ, ക്ലീനർമാർ, ടൂർ ഓപ്പറേറ്റർമാർ തുടങ്ങിയ അനുബന്ധ മേഖലകളിലെ തൊഴിലാളികൾക്കും പുതിയ തീരുമാനം തിരിച്ചടിയാകുമെന്ന് CCOA പറഞ്ഞു.

റൂട്ട് ബസുകൾക്ക് ഓൺലൈൻ വഴി സ്പെഷ്യൽ പെർമിറ്റ് അനുവദിക്കുന്ന നടപടി പുനഃപരിശോധിക്കണമെന്നും, വിഷയത്തിൽ സർക്കാർ സമഗ്രമായ പഠനം നടത്തണമെന്നും CCOA ആവശ്യപ്പെട്ടു.നടപടി പിൻവലിച്ചില്ലെങ്കിൽ പൊതുജനങ്ങളെയും തൊഴിലാളികളെയും അണിനിരത്തി സംസ്ഥാന വ്യാപകമായി പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്നും രാജു ഗരുഡ അറിയിച്ചു.

Previous Post Next Post
3/TECH/col-right