2026 ഓഗസ്റ്റ് 25 | ചൊവ്വ
1202 ചിങ്ങം 9 | ഉത്രാടം
1448 റ:അവ്വൽ 12
◾ഇന്ന് നബിദിനം. ഏവർക്കും നബിദിനാശംസകൾ....അന്ത്യപ്രവാചകനായ മുഹമ്മദ് നബി (സ) യുടെ ജന്മദിനമായ ഇന്ന് നാടെങ്ങും പ്രവാചക പ്രകീര്‍ത്തന സദസ്സുകളും വിവിധ ആഘോഷ പരിപാരിപാടികളും നടക്കും. സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും മാനവികതയുടെയും സന്ദേശങ്ങള്‍ പകര്‍ന്നാണ് വിശ്വാസികള്‍ ഈ ദിനം ആചരിക്കുന്നത്.
◾ നാട്ടിലെല്ലാം ഓണം മൂഡ്. ഇന്ന് ഉത്രാടം, നാളെ തിരുവോണം. ഓണ വിപണികളില്‍ വന്‍ തിരക്ക്. വാഹനബാഹുല്യം മൂലം ഗതാഗതക്കുരുക്ക്. നഗരങ്ങളിലും ഗ്രാമങ്ങളിലുമെല്ലാം ഓണാഘോഷ പരിപാടികള്‍. സദ്യവട്ടങ്ങളും ഓണപ്പാട്ടുകളും കലാവിരുന്നും. തിരുവതിരക്കളി, വടംവലി, വള്ളംകളി, കുമ്മാട്ടിക്കളി, ഓണത്തല്ല്. ശനിയാഴ്ച വൈകുന്നേരം തൃശൂരില്‍ പുലിക്കളി.
◾ തെരുവു നായ്ക്കളുടെ ദയാവധത്തിന് അവയെ പിടികൂടി വെറ്ററിനറി ഡോക്ടര്‍ കുത്തിവയ്പു നല്‍കണമെന്ന മാര്‍ഗനിര്‍ദേശവുമായി തദ്ദേശ വകുപ്പ്. അക്രമകാരികള്‍, പേവിഷ ബാധയുള്ളവ, ഗുരുതരമായി പരിക്കേറ്റവ തുടങ്ങിയ നായ്ക്കളെ മാത്രമേ കൊല്ലാവൂ. വെടിവച്ചോ തല്ലിച്ചതച്ചോ കൊല്ലരുത്. കുത്തിവയ്പിന് സോഡിയം പെന്റോ ബാര്‍ബിറ്റല്‍, തയോ പെന്റാല്‍ സോഡിയം എന്നിവ മാത്രമേ ഉപയോഗിക്കാവൂ. ദയാവധത്തിന് നായ്ക്കളെ പിടികൂടിയ ശേഷം മൂന്നുനാള്‍ ഐസൊലേഷന്‍ സെല്ലില്‍ പാര്‍പ്പിക്കണം. ആരെങ്കിലും ഏറ്റെടുക്കുന്നില്ലെങ്കില്‍ മാത്രമേ ദയാവധം ആകാവൂവെന്നും മാര്‍ഗനിര്‍ദേശം.
◾ വി ഡി സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഇന്നത്തേക്ക് നൂറു ദിവസം പൂര്‍ത്തിയാകുന്നു. മേയ് 18-നായിരുന്നു പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
◾ മലബാര്‍ ഖനന - റോയല്‍റ്റി തര്‍ക്കത്തില്‍ മലബാറിലെ ക്വാറികളില്‍ നിന്ന് പിരിച്ച റോയല്‍റ്റി തുകയായ 1,200 കോടി രൂപ ഭൂവുടമകള്‍ക്ക് തിരികെ നല്‍കണമെന്ന കേരള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.
◾ ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടുന്നില്ലെന്ന പരാതി പരിഹരിക്കാന്‍ സ്‌കൂള്‍, കോളേജ് ലാബുകള്‍ അടക്കമുള്ള സ്ഥലങ്ങള്‍ വാടകയ്ക്ക് എടുക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ആര്‍ടിഒ മാര്‍ക്കു നിര്‍ദേശം നല്‍കി. ലേണേഴ്സ് പാസായി ഡ്രൈവിംഗ് ടെസ്റ്റിന് അപേക്ഷിച്ചാല്‍ 45 ദിവസത്തിനകം സ്ലോട്ട് അനുവദിക്കണമെന്ന നിയമം നടപ്പാക്കണമെന്ന് ഗതാഗത കമ്മീഷണര്‍ നിര്‍ദേശം നല്‍കി.
◾ ജില്ല, ജനറല്‍ ആശുപത്രികളില്‍ 24 മണിക്കൂര്‍ സ്പെഷ്യാലിറ്റി സേവനങ്ങള്‍ ഏര്‍പ്പെടുത്താനുള്ള ആരോഗ്യവകുപ്പ് നീക്കത്തിനെതിരെ കെജിഎംഒയിലെ ഒരു വിഭാഗം ഡോക്ടര്‍മാര്‍. മതിയായ ജീവനക്കാരില്ലാതെ സമയം നീട്ടാനാകില്ലെന്നാണ് നിലപാട്.
◾ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിയായ ഡോ. റാമിന്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ് പി സുധീര്‍ കല്ലനെ സസ്‌പെന്റ് ചെയ്തു. സുധീര്‍ കല്ലനെ സസ്‌പെന്റ് ചെയ്യാത്തതിന് ഹൈക്കോടതി ആഭ്യന്തരവകുപ്പിനെ വിമര്‍ശിച്ചിരുന്നു.
◾ പാലക്കാട് റെയില്‍വെ ഡിവിഷനില്‍നിന്നു മംഗലുരു സ്റ്റേഷന്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയില്‍വേ ബോര്‍ഡിന്റെ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി സതീശന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. കേരള സര്‍ക്കാരുമായി യാതൊരു കൂടിയാലോചനയും നടത്താതെയാണ് റെയില്‍വെ ബോര്‍ഡ് തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.
◾ പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനത്തിനെതിരായ പ്രതിഷേധത്തിനിടെ സിപിഎം ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബുവും കോണ്‍ഗ്രസ് നേതാവ് വി കെ ശ്രീകണ്ഠന്‍ എം പിയും തമ്മില്‍ വെല്ലുവിളി. ബി ജെ പിക്കെതിരെ ശ്രീകണ്ഠന്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തണമെന്ന് സുരേഷ് ബാബു ഡി വൈ എഫ് ഐ സമരത്തിനിടെ വെല്ലുവിളിച്ചു. ആണത്തമുണ്ടെങ്കില്‍ ബി ജെ പിക്കെതിരെ പ്രതിഷേധിക്കൂവെന്നായിരുന്നു ശ്രീകണ്ഠന്റെ തിരിച്ചടി.
◾ സര്‍ക്കാര്‍ മാറുമ്പോള്‍ ബോര്‍ഡുകള്‍ പുനഃസംഘടിപ്പിക്കുന്നത് സ്വാഭാവികമാണെന്നും അതിനെ മറ്റൊന്നുമായി കൂട്ടി കുഴക്കേണ്ടതില്ലെന്നും മന്ത്രി എപി അനില്‍കുമാര്‍. വഖഫ് വിഷയത്തില്‍ സമസ്ത നേതാവ് ഉമര്‍ ഫൈസിക്ക് മറുപടിയായാണ് ഇങ്ങനെ പ്രതികരിച്ചത്. ന്യൂനപക്ഷങ്ങളെ സിപിഎം തെറ്റിദ്ധരിപ്പിക്കാനായിരുന്നു എന്നും ശ്രമിച്ചതെന്നും മന്ത്രി പറഞ്ഞു.
◾ വഖഫ് ബോര്‍ഡ് പുന സംഘടിപ്പിക്കുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്ന് സുപ്രീംകോടതിയില്‍ സമസ്ത നേതാവ് ഉമര്‍ ഫൈസി അടക്കുള്ളവര്‍ പറഞ്ഞിരുന്നെന്ന് കെ.പി നൗഷാദ് അലി എംഎല്‍എ.
◾ എറണാകുളം, തൃശൂര്‍ കളക്ടര്‍മാര്‍ റവന്യു പൊതുസ്ഥലമാറ്റ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥലംമാറ്റ ഉത്തരവുകള്‍ പിന്‍വലിച്ചില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി നേരിടേണ്ടി വരുമെന്ന് ഹൈക്കോാടതി.
◾ മിസ് യൂണിവേഴ്‌സ് ഇന്ത്യ കിരീടം മാവേലിക്കര സ്വദേശിനിയായ കെസിയക്ക്. ജയ്പൂരില്‍ നടന്ന ഫൈനലില്‍ 53 മത്സരാര്‍ത്ഥികളെ പിന്തള്ളിയാണ് പത്തൊന്‍പതുകാരിയായ കെസിയ കിരീടം ചൂടിയത്. ആലപ്പുഴ മാവേലിക്കര സ്വദേശികളായ മെജോ ഏബ്രഹാമിന്റെയും സുജാ മെജോയുടെയും മകളാണ്. തമിഴ്നാട്ടില്‍ നിന്നുള്ള വൈഷ്ണവി ഗണേഷ് ഫസ്റ്റ് റണ്ണറപ്പും ഗുജറാത്തില്‍ നിന്നുള്ള അനുശ്രീ സതവ്‌ലേക്കര്‍ സെക്കന്‍ഡ് റണ്ണറപ്പുമായി.
◾ ഡിവൈഎഫ്ഐയില്‍ വനിതാ അധ്യക്ഷ വരുന്നത് വളരെ നല്ല കാര്യമാണെന്ന് മന്ത്രി ഓ ജെ ജനീഷ്. യുവജനപ്രസ്ഥാനങ്ങളുടെ അമരത്തേക്ക് വനിതകള്‍ കടന്നുവരുന്നത് പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും നാളെകളില്‍ യൂത്ത് കോണ്‍ഗ്രസിലും അവസരമുണ്ടെങ്കില്‍ വനിതകള്‍ കടന്നുവരണമെന്നും മന്ത്രി ഓ ജെ ജനീഷ് പറഞ്ഞു. പക്ഷേ വനിതാ അധ്യക്ഷ തെരുവിലൂടെ നടന്ന് നാട്ടുകാര്‍ക്ക് കേട്ടാല്‍ അറക്കുന്ന മുദ്രാവാക്യം വിളിക്കരുതെന്നും ജെനീഷ് പറഞ്ഞു.
◾ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനും മന്ത്രിയുമായ ഒ ജെ ജെനീഷിന്റെ പരിഹാസത്തിന് ഫേസ്ബുക്ക് പോസ്റ്റിലൂടെ മറുപടിയുമായി ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷ ചിന്ത ജെറോം. ഖജനാവ് കൊള്ളയടിക്കരുതെന്നും മന്ത്രിപദം ദുരുപയോഗിക്കരുതെന്നും ചിന്ത. സ്ത്രീവിരുദ്ധ മുദ്രാവാക്യം തടഞ്ഞതാണ് തങ്ങളുടെ രാഷ്ട്രീയമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
◾ കരുവാറ്റയില്‍ വയോധികന്‍ കൊല്ലപ്പെട്ട 13 വയസുകാരി ഉള്‍പ്പെടെ നാലു കൗമാരക്കാര്‍ പ്രതികളാക്കപ്പെട്ട കേസില്‍ സുപ്രീംകോടതിയുടെ നിരീക്ഷണം. സുപ്രീംകോടതി നിയോഗിച്ച ബാലാവകാശ നിയമവിദഗ്ധര്‍ കുറ്റാരോപിതരായ കുട്ടികളുമായി വീഡിയോ കോളിലൂടെ സംസാരിച്ചു. വിചാരണാവേളയിലടക്കം സുപ്രീംകോടതി നിയോഗിക്കുന്ന നിയമവിദഗ്ധരുടെ നിരീക്ഷണമുണ്ടാകും.
◾ സംസ്ഥാനത്തെ റോഡുകളില്‍, പ്രത്യേകിച്ച് ദേശീയപാതകളില്‍ ലെയിന്‍ ട്രാഫിക് ലംഘിക്കുന്നവര്‍ക്കെതിരെ കേരള പോലീസ് നടപടി കര്‍ശനമാക്കുന്നു. അപകടങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി, സാവധാനം പോകുന്ന വാഹനങ്ങള്‍ ഇടതുവശത്തും, ഓവര്‍ടേക്ക് ചെയ്യാന്‍ വലതുവശത്തെ ലെയിനും ഉപയോഗിക്കണമെന്നും പോലീസ് നിര്‍ദ്ദേശിച്ചു.
◾ സംസ്ഥാനത്ത് വീണ്ടും അവയവദാനം. വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച പാലക്കാട് അലനല്ലൂര്‍ സ്വദേശി ആദിലിന്റെ അവയവങ്ങള്‍ 3 പേര്‍ക്ക് പുതുജീവനേകും.
◾ പാലക്കാട് ബസ്സില്‍ യാത്രക്കാരിയുടെ ബാഗില്‍ നിന്ന് സ്വര്‍ണ്ണമാല മോഷ്ടിച്ച സേലം സ്വദേശിനിയായ സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നാല് മാസത്തെ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.
◾ പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനത്തിനെതിരെ ഡി ആര്‍ എം ഓഫീസിലേക്ക് ഡി വൈ എഫ് ഐയും യൂത്ത് കോണ്‍ഗ്രസും നടത്തിയ പ്രതിഷേധ മാര്‍ച്ചുകള്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. ഒലവക്കോട് ഡി ആര്‍ എം ഓഫീസിന്റെ ഗേറ്റുകള്‍ ഉപരോധിച്ച ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ പൊലീസിന്റെ പ്രതിരോധം തകര്‍ത്ത് കവാടത്തിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
◾ സതീശന്‍ സര്‍ക്കാരിന്റെ ആദ്യ 100 ദിനങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ. അഞ്ച് ഗ്യാരണ്ടികളില്‍ ഒന്നു മാത്രമാണ് സര്‍ക്കാര്‍ നടപ്പാക്കിയതെന്നും മുഖ്യമന്ത്രി തന്നെ വര്‍ഗീയ രാഷ്ട്രീയം കളിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തി.
◾ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉത്രാട കാഴ്ചക്കുല സമര്‍പ്പണം ഇന്ന്. രാവിലെ ഉത്രാട ശീവേലിക്കു ശേഷമാണ് സ്വര്‍ണ്ണക്കൊടിമരച്ചുവട്ടില്‍ കാഴ്ചക്കുല സമര്‍പ്പണം ആരംഭിക്കുക. ക്ഷേത്രം മേല്‍ശാന്തി ആദ്യ കാഴ്ചക്കുല ഭഗവാന് സമര്‍പ്പിക്കും.
◾ തൃശൂര്‍ കൂട്ടനെല്ലൂര്‍ റോഡില്‍ വാഹനത്തില്‍നിന്ന് ഇരുമ്പുപൈപ്പുകള്‍ വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തില്‍ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്റെ ഡൈവര്‍ അറസ്റ്റില്‍. വെളുത്തൂര്‍ മനക്കൊടി സ്വദേശിയായ സുരേഷ് (60) ആണ് അറസ്റ്റിലായത്. കുട്ടനെല്ലൂര്‍ സ്വദേശിയായ ഷെറിനാണ് മരിച്ചത്.
◾ ഓണാഘോഷത്തിനിടെ ജോലിയില്‍ ഹാജരാകാതിരുന്ന മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. അരുവിക്കര സ്റ്റേഷനിലെ പൊലീസുകാരായ അച്ചുശങ്കര്‍, പ്രശാന്ത്, അനില്‍കുമാര്‍ എന്നിവരെയാണ് റൂറല്‍ എസ്പി സസ്‌പെന്‍ഡ് ചെയ്തത്.
◾ ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തിയ ശേഷം പുഴക്കരികിലേക്ക് കൊണ്ടു പോയി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് സംഭവസ്ഥലങ്ങളില്‍ തെളിവെടുപ്പു നടത്തി. നാട്ടുകാരുടെ ശക്തമായ പ്രതിഷേധം ഭയന്ന് രാവിലെ ഏഴോടെ അതീവ രഹസ്യമായാണ് പ്രതിയെ പുറത്തൂര്‍ പടിഞ്ഞാറേക്കരയിലെത്തിച്ചു തെളിവെടുപ്പു നടത്തിയത്.
◾ കനത്ത മഴമൂലം ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും വെള്ളക്കെട്ട്. ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നാനൂറോളം വിമാന സര്‍വീസുകള്‍ വൈകി. മുപ്പതു സര്‍വീസുകള്‍ റദ്ദാക്കി. നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം, ഫരീദാബാദ് ഉള്‍പ്പെടെയുള്ള സമീപ പ്രദേശങ്ങളിലും കനത്ത മഴ. ഗുരുഗ്രാമിലെ സ്ഥാപനങ്ങള്‍ വര്‍ക്ക് ഫ്രം ഹോം അനുവദിച്ചു.
◾ ജന്തര്‍ മന്തര്‍ സമരം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതിനെതിരേ സെപ്റ്റംബര്‍ അഞ്ചിന് രാജ്യവ്യാപകമായി സമരം നടത്തുമെന്ന് കോക്രോച്ച് ജനതാ പാര്‍ട്ടി. ഇന്ത്യാ ഗേറ്റില്‍നിന്ന് ഡല്‍ഹി പോലീസ് ആസ്ഥാനത്തേക്കു മാര്‍ച്ചും നടത്തും. പോലീസിന്റെ അതിക്രമത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികളും യുജനസംഘടനകളും അണിചേരുമെന്നും സിജെപി.
◾ സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് ഏറ്റുമുട്ടല്‍ കേസില്‍ 22 പേരെ വെറുതെവിട്ട ബോംബെ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി. സൊഹ്‌റാബുദ്ദീന്റെ സഹോദരന്‍ നയാബുദ്ദീന്‍ ഷെയ്ഖാണ് ഹര്‍ജി നല്‍കിയത്. 22 പ്രതികളില്‍ 21 പേരും പൊലീസ് ഉദ്യോഗസ്ഥരാണ്. 2018ല്‍ സിബിഐ പ്രത്യേക കോടതി മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടിരുന്നു. 2026ല്‍ ബോംബെ ഹൈക്കോടതി വിധി ശരിവച്ചതോടെയാണ് സുപ്രീം കോടതിയില്‍ അപ്പീല്‍ എത്തിയത്.
◾ തമിഴ്‌നാട്ടില്‍ ഉപതെരഞ്ഞെടുപ്പുകള്‍ ഉടന്‍ നടത്തില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മദ്രാസ് ഹൈക്കോടതിയില്‍. തെരഞ്ഞെടുപ്പ് ഹര്‍ജികളില്‍ വിധി വരാതെ ഉപതെരഞ്ഞെടുപ്പ് നടത്തില്ലെന്നാണു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്. ഇതോടെ വിജയ് ഒഴിഞ്ഞ തിരുച്ചി ഈസ്റ്റ് അടക്കം 5 മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് വൈകും.
◾ സൈബര്‍ ഭീകരാക്രമണ കേസില്‍ അഞ്ചു സംസ്ഥാനങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തി. മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, ബിഹാര്‍, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. 54 കേന്ദ്ര സര്‍ക്കാര്‍ വെബ്‌സൈറ്റുകളെ ആക്രമണത്തിന് ലക്ഷ്യമിട്ട സംഭവത്തിലാണ് നടപടി.
◾ സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയുന്നു. കേന്ദ്രവിദ്യാഭ്യാസമന്ത്രി പ്രഹ്ലാദ് ജോഷി സിബിഎസ്ഇ അധികൃതരുമായി ചര്‍ച്ച നടത്തി. വരും വര്‍ഷത്തെ പരീക്ഷാനടപടികള്‍ അടക്കം ചര്‍ച്ചയായി. പന്ത്രണ്ടാം ക്ലാസ് ഫലപ്രഖ്യാപനത്തില്‍ ഗുരുതര പിഴവുണ്ടായ സാഹചര്യത്തിലാണ് മന്ത്രിയുടെ നടപടി.
◾ ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം കേന്ദ്ര സര്‍ക്കാര്‍ നീക്കി. ആട്ട, മൈദ, റവ ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിക്കു കേന്ദ്രം അനുമതി നല്‍കി.
◾ 11 വിമാനത്താവളങ്ങള്‍കൂടി സ്വകാര്യവല്‍ക്കരിക്കാനുള്ള വ്യോമയാന മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തിന് കേന്ദ്ര സര്‍ക്കാരിന്റെ പബ്ലിക് പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പ് അപ്രൈസല്‍ കമ്മിറ്റി അംഗീകാരം നല്‍കി.
◾ റഷ്യയുമായുള്ള വ്യപാര ബന്ധം ശക്തിപ്പെടുത്തിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍. കിര്‍ഗിസ്ഥാനില്‍ നടക്കുന്ന ഷാങ്ഹായി സഹകരണ ഉച്ചകോടിക്കിടെ മോദിയെ കാണുമെന്നും പുടിന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായുള്ള കൂടിക്കാഴ്ചയില്‍ അറിയിച്ചു.
◾ ഇന്ത്യ-ചൈന അതിര്‍ത്തിത്തര്‍ക്കം ചര്‍ച്ചചെയ്യുന്നതിന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനയുടെ പ്രത്യേക പ്രതിനിധിയും വിദേശകാര്യമന്ത്രിയുമായ വാംഗ് യിയും തമ്മില്‍ ഇന്നു കൂടിക്കാഴ്ച നടക്കും.
◾ തന്റെ മകനെ വധിക്കാന്‍ ഇറാന്‍ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ചാനല്‍ 14-ന്റെ മിലിട്ടറി കറസ്പോണ്ടന്റ് നോം അമീറുമായി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപെടുത്തിയത്.
◾ റഷ്യക്ക് പ്രഹരമേല്‍പ്പിക്കാന്‍ ശേഷിയുള്ള 'സ്റ്റോം ഷാഡോ' ക്രൂയിസ് മിസൈലുകള്‍ യുക്രൈനില്‍ നിര്‍മ്മിക്കാന്‍ ബ്രിട്ടന്‍ അനുമതി നല്‍കി. ഈ വര്‍ഷം അവസാനത്തോടെ നിര്‍മ്മാണ യൂണിറ്റ് സജ്ജമാക്കാനാണ് ലക്ഷ്യമിടുന്നത്.
◾ സാമ്പത്തികമായി പിന്നാക്കമുള്ള വിദ്യാര്‍ഥികള്‍ക്കായി മെറ്റാ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ഭാര്യയായ പ്രിസില്ല ചാന്‍ ആരംഭിച്ച സ്‌കൂള്‍ അടച്ചുപൂട്ടി. കാലിഫോര്‍ണിയയിലെ ഈസ്റ്റ് പാലോ ആള്‍ട്ടോയില്‍ 2016ല്‍ ആരംഭിച്ച ദി പ്രൈമറി സ്‌കൂള്‍ എന്ന വിദ്യാലയമാണ് അടച്ച് പൂട്ടിയത്.
◾ യുഎസ് നടത്തുന്ന സാമ്പത്തിക യുദ്ധത്തില്‍ പങ്കുചേരുന്ന ഏതൊരു രാജ്യത്തിനെതിരെയും ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്‍. തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണ കയറ്റുമതി തടസ്സപ്പെടുത്തുമെന്ന ഭീഷണി ഗള്‍ഫ് രാജ്യങ്ങളെ പ്രതിസന്ധിയിലാക്കുകയും മേഖലയെ യുദ്ധഭീതിയിലാഴ്ത്തുകയും ചെയ്തിട്ടുണ്ട്.
◾ മിസൈല്‍ ആക്രമണങ്ങളെ തുടര്‍ന്ന് ഇറാനുമായുള്ള വ്യാപാരബന്ധം യുഎഇ അവസാനിപ്പിച്ചു. ഇതോടെ, അമേരിക്കന്‍ ഉപരോധങ്ങളെ മറികടക്കാന്‍ ഇറാന്‍ ഉപയോഗിച്ചിരുന്ന പ്രധാന മാര്‍ഗമാണ് അടഞ്ഞത്.
◾ കെസിഎല്ലില്‍ ആലപ്പി റിപ്പിള്‍സിനെതിരെ ആറ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയവുമായി കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്. ആദ്യം ബാറ്റ് ചെയ്ത ആലപ്പി റിപ്പിള്‍സ് 19.3 ഓവറില്‍ 131ന് പുറത്തായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കാലിക്കറ്റ് 16.5 ഓവറില്‍ ലക്ഷ്യത്തിലെത്തി. ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മലിന്റെയും സ്പിന്നര്‍ ഹരികൃഷ്ണന്റെയും തകര്‍പ്പന്‍ പ്രകടനമാണ് കാലിക്കറ്റിന് വിജയമൊരുക്കിയത്.
◾ ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാമിന്നിംഗ്‌സില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍. കളിയുടെ രണ്ടാം ദിനം ധ്രുവ് ജുറെലിന്റെ അപരാജിത സെഞ്ചുറിയുടെയും റിഷഭ് പന്തിന്റെ അര്‍ധസെഞ്ചുറിയുടെയും കരുത്തില്‍ ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തില്‍ 503 റണ്‍സെടുത്ത് ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു.
◾ രാജ്യത്തെ മ്യൂച്വല്‍ ഫണ്ട് വ്യവസായത്തിന്റെ വളര്‍ച്ച ആഗോള ശരാശരിയേക്കാള്‍ ഇരട്ടി വേഗത്തിലെന്ന് റിപ്പോര്‍ട്ട്. 2020 ഡിസംബര്‍ മുതല്‍ 2025 ഡിസംബര്‍ വരെയുള്ള കണക്കനുസരിച്ച് രാജ്യത്തെ മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ 17.1 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. ഇതേ കാലയളവിലെ ആഗോള ശരാശരി വളര്‍ച്ച 6.9 ശതമാനം മാത്രമാണ്. 2026 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ മ്യൂച്വല്‍ ഫണ്ട് വ്യവസായം കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 73.73 ലക്ഷം കോടി രൂപയിലെത്തി. 2021 മാര്‍ച്ച് സാമ്പത്തിക വര്‍ഷത്തില്‍ 2.3 കോടിയായിരുന്ന റീട്ടെയില്‍ നിക്ഷേപകരുടെ എണ്ണം 2026 മാര്‍ച്ചില്‍ 6.1 കോടിയായി ഉയര്‍ന്നു. 2.7 മടങ്ങ് വര്‍ധനയാണിത്. 2026 മാര്‍ച്ചിലെ കണക്കനുസരിച്ച് എസ്.ഐ.പി. വഴിയുള്ള ആകെ ആസ്തി 14.83 ലക്ഷം കോടി രൂപയാണ്. ഇത് ആകെ മ്യൂച്വല്‍ ഫണ്ട് ആസ്തിയുടെ 20.1 ശതമാനമാണ്. പ്രതിമാസ എസ്.ഐ.പി. നിക്ഷേപം 2026 മാര്‍ച്ചില്‍ 32,087 കോടി രൂപയെന്ന റെക്കോഡിലുമെത്തി.
◾ കോളേജ് വിദ്യാര്‍ഥികള്‍ക്ക് ഗൂഗിള്‍ എ.ഐ പ്ലാനിലേക്കുള്ള ഒരു വര്‍ഷത്തെ സൗജന്യ സബ്സ്‌ക്രിപ്ഷന്‍ പ്രഖ്യാപിച്ച് ഗൂഗിള്‍. ജെമിനി എ.ഐ അസിസ്റ്റന്റിലും ഗൂഗിള്‍ സെര്‍ച്ചിലും ലഭ്യമാകുന്ന എ.ഐ ടൂളുകള്‍ അടങ്ങിയ സവിശേഷ സ്റ്റുഡന്റ്‌സ് ഹബ്ബ് ആണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്. പദ്ധതി പ്രകാരം യു.എസിന് പുറത്തുള്ള കോളേജ് വിദ്യാര്‍ഥികള്‍ക്ക്, ഒരു വര്‍ഷത്തേക്ക് ഗൂഗിള്‍ എ.ഐ പ്ലസ് സൗജന്യമായി ലഭിക്കും. ഇതിനൊപ്പം ജെമിനി ഒമ്‌നിയിലേക്കുള്ള പ്രവേശനം, ജെമിനിയില്‍ 2 മടങ്ങ് അധിക ഉപയോഗ പരിധി, 400 ജി.ബി സ്റ്റോറേജ് എന്നിവയും ലഭിക്കും. ജെമിനി ആപ്പ്, ജിമെയിലിലെ ജെമിനി, ഗൂഗിള്‍ ഫ്‌ളോ, ജെമിനി നോട്ട്ബുക്ക് എന്നിവയാണ് മറ്റ് സവിശേഷതകള്‍. ഇന്ത്യയില്‍ ഗൂഗിള്‍ എ.ഐ പ്ലസിന് പ്രതിമാസം 399 രൂപയാണ് വരുന്നത്. പ്രതിമാസ നിരക്കില്‍ കണക്കാക്കിയാല്‍ 12 മാസത്തേക്ക് 4,788 രൂപ വരുന്ന പ്ലാനുകളാണ് ഗൂഗിള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി വാഗ്ദാനം ചെയ്യുന്നത്.
◾ ഹനുമാന്‍ എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിലൂടെ പ്രശാന്ത് വര്‍മ്മ സിനിമാറ്റിക് യൂണിവേഴ്‌സ് സൃഷ്ടിച്ച സംവിധായകന്‍ പ്രശാന്ത് വര്‍മയുടെ രചനയില്‍ ഒരുങ്ങുന്ന പുതിയ ചിത്രമായ 'മഹാകാളി' യുടെ ആദ്യ ഗ്ലിംപ്സ് പുറത്ത്. ചിത്രത്തിലെ നിര്‍ണായകവേഷം ചെയ്യുന്ന ബോളിവുഡ് താരം അക്ഷയ് ഖന്നയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു മാസ് ഗ്ലിംപ്സ് ആണ് ഇപ്പോള്‍ പുറത്തുവിട്ടത്. ചിത്രം 2027, ജനുവരി 8 ന് ആഗോള റിലീസായി എത്തും. ഇന്ത്യന്‍ സിനിമയിലേക്ക് ഒരു വനിതാ സൂപ്പര്‍ ഹീറോയെ അവതരിപ്പിക്കുന്ന ചിത്രം പ്രശാന്ത് വര്‍മ്മ സിനിമാറ്റിക് യൂണിവേഴ്സിലെ മൂന്നാം ചിത്രമായി ആണ് ഒരുങ്ങുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് പൂജ അപര്‍ണ്ണ കൊല്ലുരുവാണ്. ശ്രീയ റെഡ്ഡി, സമുദ്രക്കനി എന്നിവരും ഗ്ലിമ്പ്സ് വീഡിയോയുടെ ഭാഗമാണ്. ബോളിവുഡ് താരം രോഹിത് സറഫും ചിത്രത്തിന്റെ താരനിരയില്‍ ഉണ്ട്. രാകേഷ് ബേദി, രജത് കപൂര്‍, മുരളി ശര്‍മ്മ, ഖുശ്ബു സുന്ദര്‍, നാസര്‍, ബബ്ലു പൃഥ്വീരാജ്, ജിതിന്‍ ഗുലാട്ടി എന്നിവരും ചിത്രത്തില്‍ നിര്‍ണായക വേഷങ്ങളാണ് ചെയ്യുന്നത്.
◾ ഓണക്കാലത്ത് തിയേറ്ററുകളെ പൂരപ്പറമ്പാക്കിക്കൊണ്ട് ഭാവന സ്റ്റുഡിയോസിന്റെ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' ആഗോള ബോക്സ് ഓഫീസില്‍ സര്‍വ്വകാല കളക്ഷന്‍ തരംഗം സൃഷ്ടിക്കുകയാണ്. വെറും 3 ദിവസങ്ങള്‍ക്കുള്ളില്‍ 61.37 കോടി രൂപയുടെ വേള്‍ഡ് വൈഡ് കളക്ഷനാണ് ചിത്രം നേടിയെടുത്തത്. പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകം നിവിന്‍ പോളിയും മമിത ബൈജുവും തമ്മിലുള്ള മികച്ച കെമിസ്ട്രിയാണ്. ഇരുവര്‍ക്കുമൊപ്പം ഗിരീഷ് എ.ഡി - ഭാവന സ്റ്റുഡിയോസ് കൂട്ടുക്കെട്ടിന്റെ ഹിറ്റ് മേക്കിംഗ് ശൈലിയും കൂടിയായപ്പോള്‍ പ്രേക്ഷകര്‍ക്കും തിയേറ്റര്‍ ഉടമകള്‍ക്കും ഒരുപോലെ ആഘോഷനിമിഷമായി ഇത് മാറി. ഓണത്തിന് തൊട്ടുമുമ്പ് റിലീസിനെത്തിയ ചിത്രം, ഓണാഘോഷങ്ങള്‍ കഴിഞ്ഞാലും തിയേറ്ററുകളില്‍ വന്‍ ജനത്തിരക്കോടെ തുടരുമെന്ന് ഉറപ്പിക്കാം. നിലവിലെ തരംഗം തുടര്‍ന്നാല്‍ അതിവേഗം 100 കോടി ക്ലബ്ബില്‍ ചിത്രം സുരക്ഷിതമായി ഇടംനേടുമെന്നാണ് കണക്കുകൂട്ടല്‍.
◾ ഡിസൈനിങ്ങിലെ ആധുനികത കൊണ്ടും ആകര്‍ഷകമായ ലുക്ക് കൊണ്ടും ലോകമെമ്പാടുമുള്ള കാര്‍ പ്രേമികളെ ആകര്‍ഷിച്ച ഇലക്ട്രിക് ഡോര്‍ സംവിധാനങ്ങള്‍ (ഫ്ലഷ് ഡോര്‍ ഹാന്‍ഡില്‍) ഇപ്പോള്‍ വലിയ സുരക്ഷാ ഭീഷണിയുയര്‍ത്തുന്നു. ഇതേത്തുടര്‍ന്ന് ചൈനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വാഹന തിരിച്ചുവിളിക്കലിന് രാജ്യം സാക്ഷ്യം വഹിച്ചിരിക്കുകയാണ്. പ്രമുഖ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്ല ഉള്‍പ്പെടെയുള്ള പ്രമുഖ ബ്രാന്‍ഡുകള്‍ 43 ലക്ഷത്തോളം വാഹനങ്ങള്‍ തിരിച്ചുവിളിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. അടിയന്തര സാഹചര്യങ്ങളിലും അപകട സമയങ്ങളിലും വാഹനത്തിന്റെ ഡോറുകള്‍ തുറക്കാന്‍ സാധിക്കാതെ യാത്രക്കാര്‍ കുടുങ്ങിപ്പോകാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഈ കര്‍ശന നടപടി. ചൈനീസ് വിപണിയിലെ വമ്പന്മാരായ ഷഓമി, ലീപ്പ്മോട്ടോര്‍, എക്സ്പെങ്, ഗീലി എന്നീ കമ്പനികളും വലിയ തിരിച്ചുവിളിക്കലാണ് പ്രഖ്യാപിച്ചത്.
◾ കാലങ്ങളായി എന്നും സ്വപ്നങ്ങളിലൂടെ തന്നെ തേടിയെത്തുന്ന, തനിക്കേറെ പ്രിയപ്പെട്ട ആ മാന്‍മിഴികളുടെ സാന്നിധ്യം തേടി സിദ്ധാര്‍ത്ഥ് എത്തിച്ചേര്‍ന്നത് നിഗൂഢതകള്‍ ഏറെ ഒളിഞ്ഞു കിടക്കുന്ന ഭദ്രമംഗലം തറവാട്ടിലാണ്. അവിടെനിന്നും അവനു മുന്നില്‍ വെളിവായതെല്ലാം ജന്മജന്മാന്തരങ്ങളായി തന്നെ പിന്തുടരുന്ന പ്രണയത്തിന്റെയും ശാപത്തിന്റെയും വിധിയുടെയും രഹസ്യങ്ങളായിരുന്നു. ഭദ്രമംഗലത്തെ സിദ്ധാര്‍ത്ഥിനു വേണ്ടി പൂര്‍വികരും കാലവും കാത്തുവെച്ച ആ നിയോഗം അവന് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞോ... യുഗങ്ങള്‍ക്കിപ്പുറം തന്നെ കാത്തിരിക്കുന്ന ശത്രുവിനെ നേരിടാന്‍ മാത്രം ശക്തി സിദ്ധാര്‍ത്ഥിന് ഉണ്ടായിരുന്നോ... തന്റെ ആത്മാവിന്റെ പാതിയായവളെ കൂടെക്കൂട്ടാന്‍ ഇനിയും വെല്ലുവിളികള്‍ നേരിടണമോ... എല്ലാത്തിനുമുപരി, ഒരു ശാപമോക്ഷം, അത് പ്രാപ്തമാകുമോ... കാലങ്ങളിലൂടെ, ജന്മാന്തരങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു ഫാന്റസി കഥ. 'ഇരുപത്തൊന്ന് പ്രണയകാലങ്ങള്‍'. അളകനന്ദ എസ്. ഗ്രീന്‍ ബുക്സ്. വില 255 രൂപ.
◾ ഡിമന്‍ഷ്യ അഥവാ സ്മൃതിനാശരോഗം 45 ശതമാനവും തടയാവുന്നതോ വൈകിപ്പിക്കാവുന്നതോ ആണെന്ന് ലോകാരോഗ്യസംഘടന. ലോകത്ത് മരണകാരണമാകാവുന്ന രോഗങ്ങളില്‍ ഏഴാം സ്ഥാനമാണ് ഡിമന്‍ഷ്യയ്ക്കുള്ളത്. പ്രായമായവരില്‍ വൈകല്യങ്ങള്‍ക്കും അവശതയ്ക്കും ആശ്രിതത്വത്തിനും പ്രധാനകാരണങ്ങളിലൊന്നും ഇതാണ്. തലച്ചോറിനെ ബാധിക്കുന്ന രോഗമാണ് ഡിമന്‍ഷ്യ. ഇത് ഓര്‍മശക്തിയെയും ചിന്തിക്കാനുള്ള കഴിവിനെയും പ്രവര്‍ത്തനങ്ങളെയും എല്ലാം ബാധിക്കുന്നു. ഡിമന്‍ഷ്യ ചികിത്സിച്ചു മാറ്റാനാവില്ല. എന്നാല്‍ 45 ശതമാനം വരെ രോഗസാധ്യത തടയാനാവും. പുകവലി, മദ്യപാനം, സാമൂഹ്യമായ ഒറ്റപ്പെടല്‍, ശാരീരികമായ നിഷ്‌ക്രിയത, വായു മലിനീകരണം, രക്തസമ്മര്‍ദം, പ്രമേഹം ഉള്‍പ്പെടെയുള്ള നോണ്‍കമ്മ്യൂണിക്കബിള്‍ രോഗങ്ങള്‍ ഇവയെല്ലാമാണ് രോഗസാധ്യത കൂട്ടുന്ന ഘടകങ്ങള്‍. 65 വയസ്സ് കഴിഞ്ഞവരിലാണ് സാധാരണയായി രോഗം കാണപ്പെടുക എന്നതിനാല്‍ ഇത് പ്രായമാകലിന്റെ ഭാഗമായി ഒഴിവാക്കാനാവാത്തതാണ്. എന്നാല്‍ ബൗദ്ധികമായ പ്രവര്‍ത്തനക്കുറവ് നേരിടുന്ന മുതിര്‍ന്നവര്‍ക്ക് ബൗദ്ധിക ഉണര്‍വ് നല്‍കുന്ന പരിശീലനം നല്‍കണമെന്ന് ലോകാരോഗ്യസംഘടന നിര്‍ദേശിക്കുന്നു. രക്താതിമര്‍ദം അഥവാ ഹൈപ്പര്‍ടെന്‍ഷന്‍, പ്രമേഹം, ഉയര്‍ന്ന കൊളസ്ട്രോള്‍ ഇവ നിയന്ത്രിക്കുന്നതും ഡിമന്‍ഷ്യ സാധ്യത കുറയ്ക്കുമെന്ന് ഡബ്ല്യുഎച്ച്ഒ പറയുന്നു. ഇതിനായി നോണ്‍കമ്മ്യൂണിക്കബിള്‍ ഡിസീസ്, മാനസികാരോഗ്യം, തലച്ചോറിന്റെ ആരോഗ്യം ഈ വിഭാഗങ്ങളെല്ലാം ശക്തമായി ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്നും ലോകാരോഗ്യസംഘടന പ്രസ്താവിച്ചു.
*ശുഭദിനം*
*കവിത കണ്ണന്‍*
ഒരു കര്‍ഷകന്‍ തന്റെ വയലില്‍ രണ്ട് വിത്തുകള്‍ വിതച്ചു. ആദ്യ വിത്ത് പറഞ്ഞു: ''ഞാന്‍ മണ്ണിനടിയില്‍ കിടക്കാന്‍ പോകുന്നില്ല. ഇരുട്ടാണ്... മഴയും തണുപ്പും സഹിക്കണം. അതുകൊണ്ട് ഞാന്‍ പുറത്തേക്ക് വരില്ല. രണ്ടാമത്തെ വിത്ത് പറഞ്ഞു: എനിക്ക് പേടിയുണ്ട്. പക്ഷേ വളരണമെങ്കില്‍ മണ്ണിനെ താണ്ടി പുറത്തേക്ക് വരണം.'' അത് മണ്ണ് തുളച്ച് പുറത്തുവന്നു. മഴയും വെയിലും സഹിച്ചു. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അത് ഒരു വലിയ വൃക്ഷമായി വളര്‍ന്നു. ഒരു ദിവസം ശക്തമായ കാറ്റ് വീശി. വൃക്ഷം കാറ്റില്‍ ആടിയെങ്കിലും വേരുകള്‍ മണ്ണില്‍ ഉറച്ചുനിന്നു. അപ്പോള്‍ അത് മനസ്സിലാക്കി: ''കഷ്ടപ്പാടുകള്‍ എന്നെ തകര്‍ക്കാനല്ല വന്നത്... എന്നെ കൂടുതല്‍ ശക്തനാക്കാനാണ്.'' ഇന്ന് നമ്മള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ചിലപ്പോള്‍ നമ്മുടെ വളര്‍ച്ചയുടെ തുടക്കമായിരിക്കും. വീഴുന്നതിനെ ഭയപ്പെടേണ്ട... വീണിടത്ത് നിന്ന് വീണ്ടും വളരാന്‍ പഠിക്കാം - ശുഭദിനം .
Tags:
KERALA