കോഴിക്കോട്: റഹ്മാനിയ ഹയർ സെക്കണ്ടറി സ്കൂളിൽ നടപ്പിലാക്കായ വിമുക്തി കേഡറ്റ് പദ്ധതി സംസ്ഥാനതലത്തിൽ കൂടുതൽ വിപുലമായി നടപ്പാക്കണമെന്നും, പദ്ധതിയിൽ സജീവമായി പ്രവർത്തിക്കുന്ന വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് പ്രോഗ്രാം കോഡിനേറ്റർ പി.കെ. അസീസ് എക്സൈസ് മന്ത്രി എം. ലിജുവിന് പ്രോജക്ട് സമർപ്പിച്ചു.
വിമുക്തി കേഡറ്റ് പദ്ധതിയുടെ കഴിഞ്ഞ മൂന്ന് വർഷത്തെ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കി നടത്തിയ സർവേ റിപ്പോർട്ടും പ്രോജക്ടും മന്ത്രിക്ക് കൈമാറി. വിമുക്തി കേഡറ്റുകൾ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, കുടുംബശ്രീ പ്രവർത്തകർ, പൊതുസമൂഹം തുടങ്ങിയവരിൽ നിന്ന് ശേഖരിച്ച വിവരങ്ങളും അഭിപ്രായങ്ങളും സർവേയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടക്കുന്ന ലഹരിവിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങൾ വിദ്യാലയങ്ങളിൽ മാത്രം ഒതുങ്ങാതെ കുടുംബങ്ങളിലേക്കും സമൂഹത്തിലേക്കും വ്യാപിപ്പിക്കേണ്ടതിന്റെ ആവശ്യകതയും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനും ഇത്തരം പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിനും ഗ്രേസ് മാർക്ക് അനുവദിക്കണമെന്നും പ്രോജക്ടിൽ ആവശ്യപ്പെടുന്നു. സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളിലേക്കും വിമുക്തി കേഡറ്റ് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനുള്ള നിർദേശങ്ങളും പ്രോജക്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.