Trending

സായാഹ്ന വാര്‍ത്തകള്‍

2026 | ഓഗസ്റ്റ് 22 | ശനി 
1202 | ചിങ്ങം 6 | തൃക്കേട്ട

◾  സംസ്ഥാനത്തെ ജില്ലാ, ജനറല്‍ ആശുപത്രികളില്‍ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം ഏര്‍പ്പെടുത്തുന്നു. രോഗികള്‍ക്ക് സാമ്പത്തിക നഷ്ടം ഒഴിവാക്കാനും മെഡിക്കല്‍ കോളേജുകളിലേക്കുള്ള അനാവശ്യ റഫറലുകള്‍ തടയാനുമാണ് പദ്ധതിയുടെ ലക്ഷ്യം. പരീക്ഷണാടിസ്ഥാനത്തില്‍ പുനലൂരിലാണ് ഈ പദ്ധതി തുടങ്ങുന്നത്.

◾  പിഎസ്സി നിയമന തട്ടിപ്പില്‍ അന്വേഷണവുമായി ലോക്ഭവന്‍. പിഎസ്സി സെക്രട്ടറിയെ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ വിളിച്ചുവരുത്തി. പിഎസ്സി ചെയര്‍മാനെ അറിയിക്കാതെയാണ് സെക്രട്ടറിയെ ഗവര്‍ണര്‍ കൂടിക്കാഴ്ചയ്ക്കു വിളിച്ചത്.  പരീക്ഷ തട്ടിപ്പിന്റെ വിശദാംശങ്ങള്‍ സെക്രട്ടറിയോട് ഗവര്‍ണര്‍ തേടി.

◾  കുടുംബശ്രീ, കില പദ്ധതികളിലെ സിപിഎം നിയമനങ്ങള്‍ ഒഴിവാക്കുന്നു. അള്ളിപ്പിടിച്ചിരിക്കുന്ന അട്ടകളെ എടുത്ത് പുറത്തിടുമെന്ന് മന്ത്രി കെ എം ഷാജി. അതേസമയം, കിലയില്‍ നിന്ന് പിരിച്ചുവിടാനുള്ള തീരുമാനത്തിനെതിരെ കരാര്‍ ജീവനക്കാര്‍ കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങി.

◾  വാര്‍ത്തകള്‍ നീക്കം ചെയ്യാന്‍ മുഖ്യമന്ത്രി വി.ഡി. സതീശനോ സര്‍ക്കാരോ ഇടപെട്ടില്ലെന്ന് മെറ്റ പൊലീസിന് രേഖാമൂലം മറുപടി നല്‍കി. നീക്കം ചെയ്ത 16 വാര്‍ത്തകള്‍ പുന:സ്ഥപിച്ചെന്നും മെറ്റ വ്യക്തമാക്കി. വാര്‍ത്തകള്‍ നീക്കം ചെയ്തത് മെറ്റയുടെ ഓട്ടോമേറ്റഡ് സാങ്കേതിക പിഴവ് ആണെന്നും മെറ്റ.


◾  പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെട്ട സി.പി.ഐ.ക്കെതിരേ ഘടകക്ഷികളെ ഉപയോഗിച്ച് മോശംകളിക്ക് സി.പി.എം. ഇറങ്ങിയെന്ന ഗുരുതര ആരോപണവുമായി ബിനോയ് വിശ്വം. പ്രതിപക്ഷ ഉപനേതാവ് പദവി വേണമെന്ന നിലപാടില്‍നിന്ന് ഒരു രീതിയിലും പിന്നോട്ടുപോകില്ലെന്നും അദ്ദേഹം പറഞ്ഞു.

◾  താനോ തന്റെ മകള്‍ വീണയോ കുടുംബാംഗങ്ങളോ ഒരു ഹവാലയും നടത്തിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കൈകള്‍ ശുദ്ധമാണെന്നും കറപുരളില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അന്വേഷണവുമായി വീണ സഹകരിച്ചുവെന്നും ഇനിയും സഹകരിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു. തന്റെ മകളായത് കൊണ്ടാണ് ഇഡിയുടെ വിചിത്രമായ നടപടികള്‍ വരുന്നതെന്നും വ്യക്തമാക്കിയ പിണറായി സാധാരണ ഏതെങ്കിലും കേസില്‍ ഇഡി ഇത്തരത്തില്‍ പത്രക്കുറിപ്പുകള്‍ ഇറക്കാറുണ്ടോയെന്നും ചോദിച്ചു.

◾  മംഗലാപുരത്തെ പാലക്കാട് ഡിവിഷനില്‍ നിന്ന് നീക്കം വേര്‍പെടുത്താനുള്ള തീരുമാനം ഏകപക്ഷീയമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. തീരുമാനം പുനപരിശോധിക്കണെന്നാവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിക്കുമെന്നും ഇതിനായി എംപി മാരുടെ സഹകരണത്തോടെ ഒറ്റക്കെട്ടായി നീങ്ങുമെന്നും മുഖ്യമന്ത്രി.

◾  പാലക്കാട് റെയില്‍വേ ഡിവിഷന്റെ പരിധിയിലുള്ള മംഗളൂരു പ്രദേശം മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നില്‍ സുരേഷ് എംപി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനും റെയില്‍വേ ബോര്‍ഡ് ചെയര്‍മാനും കത്ത് നല്‍കി.

◾  പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജിച്ച് മംഗലാപുരം അടക്കമുള്ള റെയില്‍വേ സ്റ്റേഷനുകളെ മൈസൂര്‍ ഡിവിഷനു കീഴിലാക്കാനുള്ള റെയില്‍വേ ബോര്‍ഡിന്റെ തീരുമാനം റെയില്‍വേ മന്ത്രി തന്ന ഉറപ്പു ലംഘിച്ചാണെന്ന്  വി.കെ. ശ്രീകണ്ഠന്‍ 

◾  എഴുപത്തിരണ്ടാമത് നെഹ്‌റു ട്രോഫി വള്ളംകളി. മുഖ്യമന്ത്രി വിഡി സതീശന്‍ ജലമേള ഉദ്ഘാടനം ചെയ്തു. വിവിധ വിഭാഗങ്ങളിലായി 71 കളിവള്ളങ്ങളാണ് മല്‍സരത്തിനുള്ളത്. 22 ചുണ്ടന്‍ വള്ളങ്ങളുണ്ട്. 25 ലക്ഷം രൂപയാണ് ഇത്തവണ വിജയിക്കുന്ന ചുണ്ടന് സമ്മാനത്തുക.

◾  ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ഇല്ലാത്ത അധികാരം പ്രയോഗിക്കുകയാണെന്നും പൊലീസ് മേധാവിയെ വിളിച്ചു വരുത്തിയ ഗവര്‍ണറുടെ നടപടി ഒറ്റപ്പെട്ടതല്ലെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഭരണഘടന വിരുദ്ധമായ നടപടിയാണ് ഗവര്‍ണറുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും പിണറായി പറഞ്ഞു.

◾  ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിനു സമാപനം കുറിച്ചുകൊണ്ട് ഇന്നു തൃശൂരില്‍ റാലി. തേക്കിന്‍കാട് മൈതാനിയില്‍നിന്ന് അരണാട്ടുകര നേതാജി ഗ്രൗണ്ടിലേക്കാണു റാലി. തൃശൂരില്‍ ഗതാഗത നിയന്ത്രണം.

◾  ഡി.വൈ.എഫ്.ഐ.യുടെ സംസ്ഥാനത്തെ പ്രസിഡന്റായി സംഘടനയുടെ കേന്ദ്രകമ്മിറ്റിയംഗവും സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവുമായ ചിന്താ ജെറോമിനേയും സംസ്ഥാന സെക്രട്ടറിയായി എസ്.എഫ്.ഐ. മുന്‍ സംസ്ഥാന സെക്രട്ടറിയും എം.എല്‍.എ.യുമായ എം. വിജിനേയും തിരഞ്ഞെടുത്തു. ഡി.വൈ.എഫ്.ഐ.യുടെ ആദ്യ വനിതാ സംസ്ഥാന പ്രസിഡന്റാണ് ചിന്താ ജെറോം. ആലപ്പുഴയില്‍നിന്നുള്ള രാഹുല്‍ ആണ്പുതിയ ട്രഷറര്‍

◾  ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എ അജികുമാറിന് ജാമ്യം. എന്നാല്‍, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ആരോഗ്യാവസ്ഥ പരിഗണിച്ചാണ് അജികുമാറിന് കൊല്ലം വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചത്.

◾  സിജെപി സമരത്തെ ആക്ഷേപിച്ചിട്ടില്ലെന്ന് കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍. അവരെ പാറ്റകള്‍ എന്ന് വിളിക്കരുതെന്നാണ് തന്റെ അഭിപ്രായം. കുട്ടികളോട് പാറ്റ ആണോയെന്ന തന്റെ ചോദ്യത്തിന്റെ അര്‍ത്ഥം മനസ്സിലാകാത്തതുകൊണ്ടാണ് അവര്‍ പ്രതികരിക്കാതിരുന്നതെന്നും മോഹനന്‍ കുന്നുമ്മല്‍ പറഞ്ഞു.



◾  ചങ്ങനാശ്ശേരി എ.സി. റോഡില്‍ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് മേപ്രാല്‍ സ്വദേശികളായ രണ്ടു യുവാക്കള്‍ തല്‍ക്ഷണം മരിച്ചു. മേപ്രാല്‍ പെരിങ്ങതുരുത്തില്‍ പി.ഡി. ജോണിന്റെ മകന്‍ എബിന്‍ പി. ഡേവിഡ് ജോണ്‍ (30), മേപ്രാല്‍ നെടുംപറമ്പില്‍ വീട്ടില്‍ സച്ചിന്‍ രാജു (28) എന്നിവരാണ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചത്.

◾  ചാക്കില്‍ക്കെട്ടിയ നിലയില്‍ യുവതിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍. പുറത്തൂര്‍ പടിഞ്ഞാറക്കര അമ്പലപ്പടി അണ്ടിപ്പാട്ടില്‍ ഹുസൈനെയാണ് തിരൂര്‍ പൂക്കയില്‍ സ്വകാര്യ ബസില്‍നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്.

◾  വര്‍ക്കലയില്‍ ഇടവ വെറ്റക്കട കടല്‍തീരത്ത് അനധികൃത മത്സ്യബന്ധനത്തെ ചൊല്ലി പരമ്പരാഗത മത്സ്യത്തൊഴിലാളികളും ബോട്ട് ഉടമകളും തമ്മില്‍ സംഘര്‍ഷം. അതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയതിനെ തുടര്‍ന്നായിരുന്നു സംഘര്‍ഷം.

◾  ആറന്മുള വള്ളസദ്യയുടെ പേരില്‍ തട്ടിപ്പ് നടത്തിയ യുവാവിനെതിരെ അന്വേഷണം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരനെന്ന വ്യാജേന വള്ളസദ്യയ്ക്ക് പാസ് തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞാണ് യുവാവ് തട്ടിപ്പ് നടത്തിയത്.

◾  അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം. കണ്ണൂര്‍ സൈബര്‍ ക്രൈം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് തലശ്ശേരി സിജെഎം കോടതി അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം അനുവദിച്ചത്. മറ്റു കേസുകളില്‍ ജാമ്യം കിട്ടാത്തതിനാല്‍ അര്‍ജുന്‍ ജയിലില്‍ തുടരും.

◾  തിരുവനന്തപുരം ബാലരാമപുരം ജംഗ്ഷന് സമീപമുള്ള കല്ലമ്പലത്ത് 'പെന്‍ഗ്വിന്‍ ടൂവിലര്‍ വര്‍ക്ക്‌ഷോപ്പില്‍ തീ പിടിത്തം. വര്‍ക്ക്‌ഷോപ്പില്‍ സൂക്ഷിച്ചിരുന്ന എട്ടു വാഹനങ്ങള്‍ കത്തിനശിച്ചു.

◾  ജന്തര്‍ മന്തറിലെ പോലീസ് അതിക്രമങ്ങളില്‍ പരിക്കേറ്റ കൂടുതല്‍ വിദ്യാര്‍ത്ഥികളുടെ കേസുകള്‍ ഏറ്റെടുക്കാനുള്ള നീക്കവുമായി കോണ്‍ഗ്രസ്. ലൈംഗിക അതിക്രമം നേരിട്ടെന്ന വിദ്യാര്‍ത്ഥിനികളുടെ പരാതിയിലും എഫ്ഐആര്‍ വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടും.

◾  ജാതി സംവരണ വിരുദ്ധ കൂട്ടായ്മ സമരം തുടരുമെന്ന് പ്രഖ്യാപിച്ചതോടെ ഡല്‍ഹിയില്‍ കനത്ത ജാഗ്രത. ഇന്നലെ റിസര്‍വേഷന്‍ റിഫോം ആന്തോളന്‍ പരിപാടിക്കിടെ പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടിയിരുന്നു. നിലവിലെ സ്ഥിതി കണക്കിലെടുത്ത് ജന്തര്‍മന്തറിലേക്കുള്ള പ്രവേശനം പൊലീസ് വിലക്കി.


◾  ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ മനന്‍ കുമാര്‍ മിശ്രയുടെ തുടര്‍ച്ചയായ കാലാവധി ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ ഹര്‍ജി. മലയാളി അഭിഭാഷക യോഗമായ എം ജിയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

◾  അനധികൃത സ്വത്ത് സമ്പാദിച്ച കേസില്‍ തെലങ്കാനയിലെ റവന്യൂ ഉദ്യോഗസ്ഥനെതിരെ ആന്റി കറപ്ഷന്‍ ബ്യൂറോയുടെ നടപടി. രംഗറെഡ്ഡി ജില്ലയിലെ ഇബ്രാഹിംപട്ടണം ആര്‍.ഡി.ഒ ഓഫീസിലെ ഡിവിഷണല്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും തഹസില്‍ദാറുമായ ദേസാനി ശ്രീനിവാസ് റെഡ്ഡിക്കെതിരെയാണ് കേസ് എടുത്തത്.

◾  പ്രായപൂര്‍ത്തിയാവാത്ത നാലു പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ സുവിശേഷ പ്രസംഗകന്‍ തിരുനെല്‍വേലി തേവര്‍കുളം സ്വദേശി എസ്. അബ്രഹാമിനെ(47) തിരുനെല്‍വേലി പോക്സോ സ്പെഷ്യല്‍ കോടതി വധശിക്ഷയ്ക്കു വിധിച്ചു.

◾  ഹോട്ടലുകളില്‍ പരിശോധന കര്‍ശനമാക്കി സാമൂഹികമാധ്യമങ്ങളില്‍ 'റിയല്‍ സിങ്കം' എന്നറിയപ്പെടുന്ന ഐഎഎസ് ഉദ്യോഗസ്ഥനായ തുക്കാറാം മുണ്ടേ. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതിനെത്തുടര്‍ന്ന് മക്ഡൊണാള്‍ഡ്സ് കമ്പനിയുടെ ഔട്ട്ലെറ്റ് ഉള്‍പ്പെടെയുള്ള മഹാരാഷ്ട്രയിലെ വിവിധ ഭക്ഷണശാലകളുടെ ലൈസന്‍സ് റദ്ദാക്കി.

◾  ലഖ്നൗവിലെ ബാങ്ക് മാനേജരായ ഭാര്യയെ ഓഫീസിന് മുന്നിലിട്ട് വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക് ജീവനക്കാരന്‍ ജീവനൊടുക്കി. ഐസിഐസിഐ ബാങ്കിലെ മാനേജര്‍ ദിവ്യ മിശ്രയെ ഭര്‍ത്താവും എസ്ബിഐ ജീവനക്കാരനുമായ മാനസ് ബാജ്പേയി ആണ് വെടിവെച്ച് കൊന്ന് ആത്മഹത്യ ചെയ്തത്. വിവാഹമോചനക്കേസില്‍ ദിവ്യ മിശ്ര ഒന്നരക്കോടി രൂപ ജീവനാംശമായി ആവശ്യപ്പെട്ടതാണ് കൊലപാതകത്തിലും ആത്മഹത്യയിലും കലാശിച്ചതെന്നു പോലീസ്.

◾  മംഗളൂരുവിലെ റെയില്‍പാത സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയ്ക്ക് കീഴിലെ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള തീരുമാനം ദീര്‍ഘനാളത്തെ ആവശ്യം പരിഗണിച്ചുള്ള സുപ്രധാന നടപടിയാണെന്ന് കര്‍ണാടകയില്‍നിന്നുള്ള റെയില്‍വേ സഹമന്ത്രി വി. സോമണ്ണ.

◾  പിണങ്ങിപ്പോയ ഭാര്യയെ തിരികെ ലഭിക്കാന്‍, ഒഡീഷയില്‍, യുവാവിനെ ദുര്‍മന്ത്രവാദത്തിലൂടെ തലയറുത്ത് കൊലപ്പെടുത്തി. പ്രതിയായ ശത്രുഘ്ന സാഹു (40) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

◾  ആര്‍എസ്എസിന് ഉപരോധം ഏര്‍പ്പെടുത്തണമെന്ന യുഎസ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡത്തിന്റെ ആവശ്യത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍. യുഎസ്സിഐആര്‍എഫ് പക്ഷപാതപരമായ സംഘടനയാണെന്നും സ്വന്തം അജണ്ടകളുണ്ടെന്നും കേന്ദ്ര വിദേശകാര്യ വക്താവ് രണ്‍ദീര്‍ ജയ്സ്വാള്‍ വിമര്‍ശിച്ചു.

◾  അമേരിക്കയിലെ വൃദ്ധരെ കബളിപ്പിച്ച് കോടികളുടെ തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാനിയായ ഇന്ത്യന്‍ യുവാവ് കാനഡയില്‍ പിടിയിലായി. ഗുജറാത്ത് സ്വദേശിയും അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ താമസിച്ചിരുന്നയാളുമായ ജയ് സുനില്‍ഭാര്‍ത്തി ഗോ സ്വാമി (21) യാണ് അറസ്റ്റിലായത്.

◾  അമേരിക്കയിലെ അലാസ്‌കയില്‍ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകര്‍ന്നു വീണ് വിമാനത്തിലെ 8 പേര്‍ കൊല്ലപ്പെട്ടു. അലാസ്‌കയുടെ പടിഞ്ഞാറന്‍ തീരത്തുള്ള സൈനിക കേന്ദ്രത്തിന് സമീപമാണ് അപകടമുണ്ടായത്.

◾  സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നു. ഇന്ന് മാത്രം ഗ്രാമിന് 140 രൂപയും പവന് 1,120 രൂപയും വര്‍ധിച്ചു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 14,950 രൂപയും പവന്‍ വില 1,19,600 രൂപയുമായി. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് വിപണിയില്‍ ഈ മുന്നേറ്റം തുടരുന്നത്. ഇന്നലെ രണ്ട് തവണയായി പവന് 1,680 രൂപ വര്‍ധിച്ചിരുന്നു. ഇതോടെ മൂന്ന് ദിവസം കൊണ്ട് മാത്രം ഒരു പവന്‍ സ്വര്‍ണത്തിന് 5,960 രൂപയുടെ വര്‍ധനയാണുണ്ടായത്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 115 രൂപ വര്‍ധിച്ച് 12,285 രൂപയിലെത്തി. 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 90 രൂപ വര്‍ധിച്ച് 9,565 രൂപയും 9 കാരറ്റിന് ഗ്രാമിന് 55 രൂപ ഉയര്‍ന്ന് 6,165 രൂപയുമായി. വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 260 രൂപയിലാണ് നിലവില്‍ വ്യാപാരം പുരോഗമിക്കുന്നത്. കേരള വിപണിയിലെ എക്കാലത്തെയും ഉയര്‍ന്ന നിരക്ക് 2026 ജനുവരി 29-ന് രേഖപ്പെടുത്തിയ ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമാണ്.

◾  നിര്‍മിതബുദ്ധി മോഡലുകളുടെ കൂട്ടത്തിലേക്ക് മെറ്റയുടെ സൂപ്പര്‍ ഇന്റലിജന്‍സ് ലാബില്‍നിന്ന് പുതിയൊരു അവതാരംകൂടി. ഓഗസ്റ്റില്‍ പുറത്തിറക്കിയ മ്യൂസ് ഗ്ലിമ്മര്‍. ഏജന്റിക് ടാസ്‌കുകള്‍ക്കായി പ്രത്യേകം രൂപകല്പന ചെയ്തിട്ടുള്ള ഇത് ഓപ്പണ്‍ വെയ്റ്റ് മോഡലാണ്. ഒരു സാധാരണ കംപ്യൂട്ടറിലെ ഒറ്റ ഗ്രാഫിക്‌സ് പ്രോസസിങ് യൂണിറ്റില്‍ പ്രവര്‍ത്തിപ്പിക്കാനാകുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. നിലവിലുള്ള എ.ഐ. മോഡലുകള്‍ ക്ലൗഡ് സെര്‍വറുകള്‍ വഴിയാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ മെറ്റ മ്യൂസ് ഗ്ലിമ്മറിന് കംപ്യൂട്ടറില്‍ത്തന്നെ പ്രവര്‍ത്തിക്കാനാകുമെന്നര്‍ഥം. 24 മുതല്‍ 32 ജി.ബി. മെമ്മറി ഇതിനുമതിയാകും. 3000 കോടി പരാമീറ്ററുകളാണ് മ്യൂസ് ഗ്ലിമ്മറിനുള്ളത്. ഡിവലപ്പര്‍മാര്‍ക്ക് അവരുടെ ഡേറ്റ പുറത്തുള്ള ക്ലൗഡ് സെര്‍വറുകളില്‍ അയക്കാതെതന്നെ ഈ മോഡല്‍ സ്വന്തം കംപ്യൂട്ടറില്‍ പ്രവര്‍ത്തിപ്പിക്കാനാകുമെന്നതാണ് ഇതിന്റെ നേട്ടം. നല്ല ഇന്റര്‍നെറ്റ് കണക്ഷന്‍പോലും ഇതിനു വേണ്ടിവരില്ല.

◾  പുത്തന്‍ തലമുറയിലെ ഏറെ ശ്രദ്ധേയരായ സംഗീത് പ്രതാപ്, മമിതാ ബൈജു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആഷിക് ഉസ്മാന്‍ നിര്‍മ്മിക്കുന്ന 'ഹലോ ഡിയര്‍' സിനിമയുടെ ടൈറ്റില്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക്ക് ഉസ്മാന്‍ നിര്‍മിക്കുന്ന പുതിയ ചിത്രം നടന്‍കൂടിയായ ഡിനോയ് പൗലോസ് തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്നു. ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ഇരുപതാമത്തെ ചിത്രം ആണിത്. പൂര്‍ണ്ണമായും റൊമാന്റിക്ക് കോമഡി ജോണറിലാണ് ഈ ചിത്രം ഒരുക്കുന്നത്. മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തില്‍ പൂര്‍ണ്ണമായും യൂത്തിന്റെ കാഴ്ച്ചപ്പാടുകള്‍ക്കൊപ്പം സഞ്ചരിക്കുന്ന ഒരു സിനിമ ആയിരിക്കും ഹെലോ ഡിയര്‍. സുരേഷ് കൃഷ്ണയും പ്രധാന വേഷത്തിലെത്തുന്നു. ഇവര്‍ക്കു പുറമേ ഏതാനും പ്രമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ഗോവിന്ദ് വസന്ത.

◾  യഷിന്റെ പുതിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ 'ടോക്സിക്: എ ഫെയറിടെയില്‍ ഫോര്‍ ഗ്രൗണ്‍-അപ്പ്സ്'ന് സെന്‍സര്‍ ബോര്‍ഡിന്റെ 'എ' സര്‍ട്ടിഫിക്കറ്റ്. ഓഗസ്റ്റ് 26-നാണ് റിലീസ്. കന്നഡ, ഇംഗ്ലീഷ് ഭാഷകളിലായി ഒരുക്കിയിരിക്കുന്ന ചിത്രത്തിന് 3 മണിക്കൂറും 12 മിനിറ്റുമാണ് ദൈര്‍ഘ്യം. ചിത്രത്തിലെ കന്നഡ പതിപ്പില്‍ ഉപയോഗിച്ചിരിക്കുന്ന ദ്വയാര്‍ത്ഥമുള്ള രണ്ട് വാക്കുകള്‍ മ്യൂട്ട് ചെയ്യാനും പകരം മറ്റ് വാക്കുകള്‍ ചേര്‍ക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പുകവലി, മദ്യപാനം എന്നിവയ്ക്കെതിരെയുള്ള നിര്‍ബന്ധിത മുന്നറിയിപ്പുകളും വേണം. ചിത്രത്തിലെ അക്രമം, പരിക്കുകളുടെ ദൃശ്യങ്ങള്‍, ലൈംഗികത എന്നിവയ്ക്ക് അഞ്ചില്‍ അഞ്ച് റേറ്റിംഗും ഭീഷണി, ഹൊറര്‍ പശ്ചാത്തലം, ഭാഷാപ്രയോഗം, മയക്കുമരുന്ന് ഉപയോഗം, ലൈംഗിക അതിക്രമങ്ങള്‍, ആത്മഹത്യ എന്നിവയ്ക്ക് അഞ്ചില്‍ നാല് റേറ്റിംഗും യുകെ സെന്‍സര്‍ ബോര്‍ഡ് നല്‍കിയിട്ടുണ്ട്. ഗീതു മോഹന്‍ദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. യഷിനൊപ്പം കിയാര അദ്വാനി, നയന്‍താര, താര സുതാരിയ, ഹുമ ഖുറേഷി, രുഗ്മിണി വസന്ത് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

◾  പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ് വാഗണ്‍ സബ് ഫോര്‍ മീറ്റര്‍ എസ് യുവി സെഗ്മെന്റിലേക്ക് കടക്കുന്നു. ഇന്ത്യന്‍ വിപണിക്കായി മാത്രം വികസിപ്പിച്ചെടുക്കുന്ന ഈ പുതിയ മോഡല്‍ 2027 ഓടേ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കമ്പനി ഇതുവരെ പുതിയ വാഹനത്തിന്റെ പുതിയ പേരോ ലോഞ്ച് തീയതിയോ പ്രഖ്യാപിച്ചിട്ടില്ല. യന്ത്രപരമായി വലിയ മാറ്റങ്ങള്‍ ഒന്നും ഉണ്ടാവില്ലെങ്കിലും പുതിയ മോഡലിന് സ്വന്തമായ ഡിസൈനും പൊസിഷനിങ്ങും ഉണ്ടായിരിക്കുമെന്നും കമ്പനി വ്യക്തമാക്കി. 1.0 ലിറ്റര്‍ ടിഎസ്‌ഐ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ഇതിന് കരുത്തുപകരുക. 114 ബിഎച്ച്പിയും 178 എന്‍എം ടോര്‍ക്യൂവും ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന എന്‍ജിനാണ് ഇതില്‍ ക്രമീകരിക്കുക. മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളുമായാണ് കാര്‍ വിപണിയില്‍ എത്തുക. ഫോക്‌സ് വാഗണിന്റെ ഏറ്റവും ചെറിയ എസ് യുവിയായാണ് ഇത് ഇന്ത്യന്‍ നിരത്തില്‍ ഇറങ്ങുക.

◾  കടലിന്റെ ആഴങ്ങളില്‍ നിന്ന് വെള്ളിത്തിരയുടെ നെറുകയിലേക്ക് നടന്നുകയറിയ അസാമാന്യ പ്രതിഭ ജയന്റെ ജീവിതകഥ. ക്യാമറകള്‍ക്ക് മുന്നിലെ കേവലമൊരു അഭിനയമായിരുന്നില്ല ആ പൗരുഷം, അത് പതറാത്ത ഒരു ജീവിതത്തിന്റെ തീക്ഷ്ണമായ യാഥാര്‍ത്ഥ്യങ്ങളായിരുന്നു. ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്ത സാഹസികതകള്‍ക്ക് പിന്നില്‍ മറഞ്ഞുകിടക്കുന്ന, ജീവരക്തം തുടിക്കുന്ന പച്ചയായ ഒരു മനുഷ്യന്റെ ഏകാന്തതകളും ആത്മസംഘര്‍ഷങ്ങളും ഇവിടെ അനാവൃതമാകുന്നു. 'അജയ്യം'. ബിനോയി തങ്കച്ചന്‍. പ്രവ്ധ ബുക്സ്. വില 427 രൂപ.

◾  ഭക്ഷണ ശേഷമുള്ള അസിഡിറ്റിയും നെഞ്ചെരിച്ചിലും ഇന്ന് പലരെയും അലട്ടുന്ന പ്രശ്നമാണ്. ഇത് ഒഴിവാക്കാന്‍ പലതരം ഡിറ്റോക്സ് ഡ്രിങ്കുകളും സപ്ലിമെന്റുകളും കര്‍ശനമായ ഡയറ്റുകളും പരീക്ഷിക്കുന്നവരുമുണ്ട്. എന്നാല്‍ ഇതിനൊക്കെ പകരം, അത്താഴം കഴിക്കുന്ന സമയത്തില്‍ ചെറിയൊരു മാറ്റം വരുത്തിയാല്‍ വലിയൊരു ആശ്വസം കിട്ടുമെന്ന് പോഷകാഹാര വിദഗ്ധര്‍ പറയുന്നു. വൈകുന്നേരമാകുന്നതോടെ നമ്മുടെ ശരീരത്തിലെ ദഹനപ്രക്രിയയും ആമാശയത്തിലെ ആസിഡ് ഉല്‍പ്പാദനവും സ്വാഭാവികമായി മന്ദഗതിയിലാകും. രാത്രി വൈകി ഭക്ഷണം കഴിച്ച ഉടന്‍ തന്നെ കിടന്നുറങ്ങുമ്പോള്‍, ആഹാരം ദഹിപ്പിക്കാന്‍ സഹായിക്കേണ്ട വയറ്റിലെ ആസിഡിന് അതിനുള്ള സമയം ലഭിക്കുന്നില്ല. നമ്മുടെ ദഹനവ്യവസ്ഥയില്‍ 'മൈഗ്രേറ്റിങ് മോട്ടോര്‍ കോംപ്ലക്സ്' എന്നൊരു സ്വാഭാവിക ശുചീകരണ പ്രക്രിയയുണ്ട്. ആമാശയം ശൂന്യമായിരിക്കുമ്പോഴാണ് ഈ സിസ്റ്റം പ്രവര്‍ത്തിക്കുന്നത്. രാത്രി വൈകി ഭക്ഷണം കഴിച്ച പിന്നാലെ ഉറങ്ങുമ്പോള്‍ ദഹനവ്യവസ്ഥയ്ക്ക് ഈ ശുചീകരണം നടത്താന്‍ സമയം ലഭിക്കാതെ പോകുന്നു. ഇത് ക്രമേണ വയറ്റില്‍ ഗ്യാസ് നിറയുന്നതിനും വയര്‍ വീര്‍ക്കുന്നതിനും ദഹനം മന്ദഗതിയിലാകുന്നതിനും കാരണമാകും. ഉറങ്ങുന്നതിന് കുറഞ്ഞത് മൂന്ന് മുതല്‍ നാല് മണിക്കൂര്‍ മുമ്പെങ്കിലും അത്താഴം കഴിക്കുക. രാത്രി 8 മണിക്ക് മുന്‍പായി ഭക്ഷണം കഴിക്കുന്നതാണ് ഏറ്റവും അനുയോജ്യം. ഭക്ഷണം കഴിച്ച ഉടന്‍ തന്നെ കിടക്കരുത്. രാത്രിയില്‍ കുടലിന് വിശ്രമവും സ്വയം വീണ്ടെടുക്കാനുള്ള സമയവും നല്‍കുക. ഈ ലളിതമായ മാറ്റം തുടര്‍ച്ചയായി രണ്ടാഴ്ച പരീക്ഷിച്ചു നോക്കിയാല്‍ തന്നെ വ്യത്യാസം അനുഭവപ്പെടും.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 95.70, പൗണ്ട് - 130.50, യൂറോ - 111.74, സ്വിസ് ഫ്രാങ്ക് - 119.51, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 68.62, ബഹറിന്‍ ദിനാര്‍ - 253.84, കുവൈത്ത് ദിനാര്‍ -310.52, ഒമാനി റിയാല്‍ - 248.75, സൗദി റിയാല്‍ - 25.48, യു.എ.ഇ ദിര്‍ഹം - 26.04, ഖത്തര്‍ റിയാല്‍ - 26.26, കനേഡിയന്‍ ഡോളര്‍ - 69.51.
➖➖
Previous Post Next Post
3/TECH/col-right