Trending

സായാഹ്ന വാര്‍ത്തകള്‍.

2026  ജൂലൈ 16, വ്യാഴം 
1201  മിഥുനം 32, ആയില്യം

◾  ഐഎസ്ആര്‍ഒയില്‍ ശാസ്ത്രജ്ഞരുടെ കൂട്ടരാജി. ഏതാനും മാസങ്ങള്‍ക്കിടെ 120 ശാസ്ത്രജ്ഞര്‍ രാജിവച്ചു. പ്രധാന ദൗത്യങ്ങളില്‍ പങ്കാളികളായ ശാസ്ത്രജ്ഞരുടെ രാജി സ്വീകരിക്കുന്നതില്‍ കേന്ദ്ര ബഹിരാകാശ വകുപ്പ് നിബന്ധനകള്‍ കര്‍ശനമാക്കി. ഗഗന്‍യാന്‍ ദൗത്യത്തിലടക്കം പങ്കാളികളായ ശാസ്ത്രജ്ഞരാണ് രാജിവച്ചത്. ബെംഗളൂരുവിലെ യു ആര്‍ റാവു സാറ്റലൈറ്റ് സെന്ററില്‍നിന്ന് 80 പേരും വി എസ് എസ് സിയില്‍നിന്ന് 20 പേരും രാജിവച്ചിട്ടുണ്ട്.

◾  വ്യാജരേഖകള്‍ ചമച്ചുളള അവയവക്കച്ചവടക്കേസില്‍ ആശുപത്രി കമ്മീഷന്‍ നല്‍കിയതിന് മുഖ്യപ്രതിയും ആശുപത്രിയും തമ്മിലുള്ള കരാര്‍ രേഖകള്‍ പുറത്ത്. കൊച്ചി ലേക്ഷോര്‍ ആശുപത്രിയും മുഖ്യപ്രതി നജീബിന്റെ കല്ലട്രാസ് മെഡിക്കല്‍ ടൂറിസവുമായി ഉണ്ടാക്കിയ കരാര്‍ രേഖയനുസരിച്ച് കരള്‍ മാറ്റി വയ്ക്കലിന് ഒരു ലക്ഷം രൂപയും വൃക്ക മാറ്റിവയ്ക്കലിന് 50,000 രൂപയുമാണു കമ്മീഷന്‍. മറ്റു കിടത്തി ചികിത്സകള്‍ക്ക് ആകെ ബില്ലിന്റെ 10 ശതമാനം കമ്മീഷനായി നല്‍കുമെന്നാണു കരാര്‍.

◾  പ്രിയങ്ക ഗാന്ധി എംപിയുടെ സെക്രട്ടറിയെന്ന വ്യാജേന മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ക്കു വ്യാജ ഫോണ്‍ കോള്‍. ഷാഫി പറമ്പില്‍ എംപിക്കും ഡീന്‍ കുര്യാക്കോസിനും വിളിയെത്തി. സംഭവത്തില്‍ പ്രിയങ്കയുടെ സെക്രട്ടറി ഡി.എസ്. രാജ്കുമാര്‍ ഡി.ജി.പിക്കും വയനാട് എസ്.പിക്കും നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


◾  വിവരാവകാശ കമ്മീഷന്‍ ഉത്തരവ് പാലിക്കാതെ പിഎസ്സി. പരാതിക്കാരനായ ഉദ്യോഗാര്‍ത്ഥി ആവശ്യപ്പെട്ട നിയമനത്തിന്റെ രേഖകള്‍ നല്‍കില്ലെന്ന് പിഎസ്സി അറിയിച്ചു. അതേ സമയം, വിവരം നല്‍കണമെന്ന വിവരാവകാശ കമ്മീഷന്റെ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാനുള്ള ഒരുക്കത്തിലാണ് പിഎസ്സി.

◾  നെന്‍മാറ ഇരട്ടക്കൊല കേസില്‍ പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതി പ്രതി ചെന്താമരയ്ക്കു തിങ്കളാഴ്ച ശിക്ഷ വിധിക്കും. ചെന്താമരയുടെ കൗണ്‍സിലിംഗ് റിപ്പോര്‍ട്ട് നിയമസഹായ വേദി കോടതിയില്‍ സമര്‍പ്പിച്ചു. നിയമസഹായവേദിയുടെ കണ്ടെത്തലുകള്‍ റിപ്പോര്‍ട്ടിലില്ലെന്നു ചൂണ്ടിക്കാട്ടിയ പ്രോസിക്യൂഷന്‍ ചെന്തമാമരയ്ക്കു വധശിക്ഷ നല്‍കണമെന്നും വാദിച്ചു.

◾  ലോകകപ്പിലെ അര്‍ജന്റീന -ഇംഗ്ലണ്ട് സെമി ഫൈനല്‍ മത്സരത്തിനിടെ വൈദ്യുതി പോയതില്‍ അര്‍ധരാത്രി കെഎസ്ഇബി ഓഫീസില്‍ അതിക്രമിച്ചുകയറി ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ആക്രമണം. തൃശൂര്‍ എരുമപ്പെട്ടിയിലാണ് സംഭവം. ഫര്‍ണിച്ചറുകളും കമ്പ്യൂട്ടറും അടക്കമുള്ള സാമഗ്രികള്‍ അടിച്ചുതകര്‍ത്തു. തടയാന്‍ ശ്രമിച്ച സബ് എന്‍ജിനീയറേയും ലൈന്‍മാനേയും മര്‍ദിച്ചു.

◾  സംസ്ഥാനത്തെ വ്യാപക പവര്‍ കട്ടില്‍ സംസ്ഥാന സര്‍ക്കാരിനെ പരിഹസിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രിയും സിപിഎം നേതാവുമായ വി ശിവന്‍കുട്ടി. പകല്‍ സണ്‍ ഉഷാറാക്കും രാത്രി സണ്ണി എടങ്ങേറാക്കുമെന്നാണ് വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെ പരിഹസിച്ചത്. ബിസ്മയത്തിന്റെ അതിതീവ്ര നാളുകള്‍ എന്ന കുറിപ്പോടെയാണ് ശിവന്‍കുട്ടിയുടെ വിമര്‍ശനം.



◾  തൊപ്പി എന്ന യൂട്യൂബര്‍ നിഹാദിനെതിരെ എറണാകുളം റൂറല്‍ സൈബര്‍ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. യൂട്യൂബില്‍ അശ്ലീല വീഡിയോ പങ്കുവച്ച കേസില്‍ തൊപ്പി ഒളിവിലാണ്. തൊപ്പിയുടെ യൂട്യൂബ് ചാനല്‍ പോലിസ് നേരത്തെ പൂട്ടിച്ചിരുന്നു.

◾  പൊളിറ്റിക്കല്‍ ക്രിമിനല്‍ എന്ന് വിളിച്ച് അധിക്ഷേപിച്ചെന്ന് ആരോപിച്ച് ജി. സുധാകരന്‍ എം.എല്‍.എ.യ്ക്ക് സി.പി.എം. നേതാവിന്റെ വക്കീല്‍ നോട്ടീസ്. ആലപ്പുഴ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റും നഗരസഭാ എല്‍.ഡി.എഫ്. കക്ഷിനേതാവുമായ വി.ജി. വിഷ്ണുവാണ് ജി. സുധാകരനെതിരേ നോട്ടീസ് അയച്ചത്.  

◾  വിവാഹത്തിനു ശേഷം സ്ത്രീകള്‍ തങ്ങളുടെ പണവും സ്വര്‍ണാഭരണങ്ങളും ഭര്‍ത്താവിനെയോ ഭര്‍തൃ വീട്ടുകാരെയോ ഏല്‍പ്പിക്കുമെന്ന് കരുതാനാകില്ലെന്ന് ഹൈക്കോടതി. ഇന്നത്തെ വിദ്യാസമ്പന്നരായ സ്ത്രീകള്‍ക്ക് സ്വന്തം സ്വത്തുക്കള്‍ സ്വയം കൈകാര്യം ചെയ്യാനുള്ള അറിവും സ്വാതന്ത്ര്യവും ഉണ്ടെന്നും കോടതി നിരീക്ഷിച്ചു. മൂവാറ്റുപുഴ കുടുംബക്കോടതി വിധിച്ച നഷ്ടപരിഹാര തുക കൂടുതലാണെന്ന് ചൂണ്ടിക്കാണിച്ച് ഭര്‍ത്താവും കുടുംബാംഗങ്ങളും നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം.

◾  ഇത്തവണ മന്ത്രിയായത് ഹരിപ്പാട് മെഡിക്കല്‍ യാഥാര്‍ഥ്യമാക്കാനാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തീരെ ചെറിയ പ്രായത്തിലെ മന്ത്രിയായ ആളാണ് താനെന്നും ചെന്നിത്തല പറഞ്ഞു. ഹരിപ്പാട് മെഡിക്കല്‍ കോളജിനായുളള നടപടികള്‍ വേഗത്തിലാക്കിയിരിക്കുകയാണ് സര്‍ക്കാര്‍.

◾  പാലരുവി എക്സ്പ്രസും മധുര  ഗുരുവായൂര്‍ എക്സ്പ്രസും ആധുനിക എല്‍എച്ച്ബി കോച്ചുകളാകുന്നു. ജൂലൈ 20 മുതല്‍ പാലരുവി എക്സ്പ്രസും ജൂലൈ 26 മുതല്‍ മധുര  ഗുരുവായൂര്‍ എക്സ്പ്രസും എല്‍എച്ച്ബി കോച്ചുകളുമായി സര്‍വീസ് നടത്തുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു.


◾  ഉമ്മന്‍ ചാണ്ടി അനുസ്മരണ പരിപാടിയില്‍നിന്ന് മുഖ്യമന്ത്രി വി.ഡി.സതീശനെ ഒഴിവാക്കിയിട്ടില്ലെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. കെസി വേണുഗോപാലാണ് അനുസ്മരണ ചടങ്ങിനെത്തുന്നത്. സോളാര്‍ കേസില്‍ ഉപ്പുതിന്നവര്‍ വെള്ളം കുടിക്കുമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

◾  ഷൊര്‍ണൂര്‍ വാണിയംകുളത്ത് നിന്ന് കാണാതായായ കുടുംബത്തെ കര്‍ണാടകയില്‍ കണ്ടെത്തി. പനയൂരിലെ ബാബു ഭാസ്‌കര്‍, ഭാര്യ രമാദേവി, മകന്‍ വിഷ്ണു എന്നിവര്‍ മൈസൂരൂ ചാമരാജ് നഗറില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. കുടുംബം സഞ്ചരിച്ചിരുന്ന പിക്കപ്പ് വാന്‍ വഴിക്കടവില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു. കഴിഞ്ഞ ഒമ്പതാം തീയതി പുലര്‍ച്ചെ മുതലാണ് കുടുംബത്തെ കാണാതെ ആയത്.

◾  നടന്‍ മോഹന്‍ലാലിന്റെ ആനക്കൊമ്പ് ശേഖരത്തില്‍ 3 ജോഡി ആനക്കൊമ്പുകളുടെ വിവരം എന്തിന് മറച്ചുവച്ചു എന്ന് പരാതിക്കാരുടെ അഭിഭാഷകന്‍. രണ്ടു ജോഡി ആനക്കൊമ്പിന്റെ വിവരങ്ങള്‍ മാത്രം വെളിപ്പെടുത്തി മൂന്ന് ജോഡി ആദ്യം മറച്ചുവച്ചതില്‍ ദുരൂഹത ഉണ്ടെന്നാണ് ആരോപണം.

◾  കലൂര്‍ കത്രിക്കടവിലെ അല്‍ റീം ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലായ മൂന്നുപേര്‍ക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. വൃത്തിഹീനമായി ഭക്ഷണം വിതരണം ചെയ്തതില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം ഹോട്ടല്‍ അടച്ചുപൂട്ടിയിരുന്നു. ഭക്ഷ്യസുരക്ഷാ വകുപ്പ് ഹോട്ടലിന്റെ ലൈസന്‍സും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.

◾  ഉസ്‌ബെക്കിസ്ഥാനില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ഥിനി കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സി. സദാനന്ദന്‍ മാസ്റ്റര്‍ എം.പി. കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്ത് നല്‍കി.

◾  പ്രതിരോധ പെന്‍ഷന്‍കാരുടെയും കുടുംബ പെന്‍ഷന്‍കാരുടെയും പെന്‍ഷന്‍ സംബന്ധമായ പരാതികള്‍ പരിഹരിക്കുന്നതിനായി രക്ഷാ പെന്‍ഷന്‍ സമാധാന്‍ ആയോജന്‍ സംഘടിപ്പിക്കുന്നു. നാളെ കൊച്ചി പെരുമാനൂരിലെ നേവി ഏരിയ അക്കൗണ്ട്സ് ഓഫീസിലാണ് നടത്തുക.

◾  സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവന്‍ നഷ്ടപ്പെട്ടതിന്റെ മനോവിഷമത്തില്‍ യുവതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയായ സിന്ധുകുമാരിയെ വിവിധ സ്ഥാപനങ്ങളില്‍ എത്തിച്ച് പൊലീസ് തെളിവെടുപ്പു നടത്തി. ഇവര്‍ക്ക് അക്കൗണ്ടുള്ള പൂങ്കുളത്തെ ബാങ്ക് ശാഖ, കെഎസ്എഫ്ഇയുടെ തമ്പാനൂര്‍ ശാഖ, കോവളത്തെയും വെങ്ങാനൂരിലെയും സ്വകാര്യ ധനകാര്യ സ്ഥാപനം എന്നിവിടങ്ങളിലാണ് പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.

◾  മതപരിവര്‍ത്തനം ആരോപിച്ച് വിഎച്ച്പി, ബജ്റങ്ദള്‍ പ്രവര്‍ത്തകര്‍ മധ്യപ്രദേശിലെ കാത്തലിക്ക് സ്‌കൂള്‍ അടിച്ചുതകര്‍ത്തു. ജബല്‍പുരിലെ സെയ്ന്റ് അലോഷ്യസ് സ്‌കൂളിന് നേരേയാണ് ആക്രമണമുണ്ടായത്.

◾  കൂടംകുളത്ത് ആണവ സുരക്ഷയെ ബാധിക്കുന്ന ഡേറ്റ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് ആണവോര്‍ജ്ജ കോര്‍പ്പറേഷന്‍. സുരക്ഷാ സംവിധാനങ്ങളുടെ വിവരം ഒന്നും ചോര്‍ന്നിട്ടില്ലെന്നും എന്‍പിസിഐഎല്‍ വ്യക്തമാക്കി.

◾  രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയില്‍ മൂന്നു കോടി രൂപയുടെ തട്ടിപ്പാണു നടന്നതെന്നും, എസ്ബിഐക്കാണു നോട്ടപ്പിശക് സംഭവിച്ചതെന്നും ക്ഷേത്രത്തിന്റെ ട്രഷറര്‍. സിഇഒയെ നിയമിച്ച നടപടികളില്‍ സന്യാസി സമൂഹമായ സന്ത് മണ്ഡല്‍ അതൃപ്തി അറിയിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥ പ്രഭുവിന്റെ കോര്‍പ്പറേറ്റ് നിയമനമല്ല, ആത്മീയ നേതാവിനെയാണു സിഇഒയായി നിയമിക്കേണ്ടിയിരുന്നതെന്നും സംഘടന ആവശ്യപ്പെട്ടു.

◾  അയോധ്യ, ബദരീനാഥ് ക്ഷേത്രങ്ങളിലെ സംഭാവനക്കൊള്ളയുടെ പശ്ചാത്തലത്തില്‍ ഹരിദ്വാറിലെ മാനസ ദേവി ക്ഷേത്രത്തിലെ പൂജാരിമാര്‍ക്കും ജീവനക്കാര്‍ക്കും പോക്കറ്റില്ലാത്ത ഡ്രസ് കോഡ് ഏര്‍പ്പെടുത്തി. ഇനിമുതല്‍ പൂജാരിമാര്‍ പോക്കറ്റുകളില്ലാത്ത കുര്‍ത്തകളാണ് ധരിക്കേണ്ടത്.

◾  ക്ലാസ് മുറിയില്‍ നിന്ന് 500 രൂപ കാണാതായതിനെ തുടര്‍ന്ന് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനികളെ വിവസ്ത്രരാക്കി പരിശോധിച്ചെന്ന പരാതിയില്‍ രാജസ്ഥാനിലെ സവായ് മധോപൂര്‍ ജില്ലയിലെ ലിവാലി ഗവണ്‍മെന്റ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപിക സരസ്വതി മീനയെ സസ്പെന്‍ഡു ചെയ്തു.

◾  ഇറാന്റെ തലസ്ഥാനമായ ടെഹറാനില്‍ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെ കൊലപ്പെടുത്തുമെന്ന ഭീഷണിയുമായി കൂറ്റന്‍ ബില്‍ബോര്‍ഡ്. ട്രംപ് ശവപ്പെട്ടിയില്‍ കിടക്കുന്ന ചിത്രത്തോടെയാണ് ഇങ്കിലാബ് സ്‌ക്വയറില്‍ ബില്‍ബോര്‍ഡ് സ്ഥാപിച്ചത്. 'ഞങ്ങള്‍ ട്രംപിനെ കൊല്ലും' എന്ന വാചകവും ബോര്‍ഡിലുണ്ട്.

◾  ഹോര്‍മുസ് കടലിടുക്ക് വഴി പോകുന്ന കപ്പലുകളില്‍ ഇന്ത്യന്‍ ജീവനക്കാരെ നിയോഗിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് മാരിടൈം അഡ്മിനിസ്ട്രേഷന്‍ ആണ് ഇത് സംബന്ധിച്ച പുതിയ നിര്‍ദ്ദേശം ഷിപ്പിംഗ് കമ്പനികള്‍ക്ക് നല്‍കിയത്.

◾  ഫിഫ ലോകകപ്പ് സെമിഫൈനലില്‍ അര്‍ജന്റീനയോട് തോറ്റ ഇംഗ്ലണ്ടിന്റെ മിഡ്ഫീല്‍ഡര്‍ ജൂഡ് ബെല്ലിങ്ഹാം, അര്‍ജന്റീനയുടെ യുവതാരം വാലന്റീന്‍ ബാര്‍ക്കോയുടെ തലയ്ക്കടിച്ചു. അറ്റ്‌ലാന്റയിലെ മെഴ്സിഡെസ് ബെന്‍സ് മൈതാനത്തിലാണു താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും നടന്നത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

◾  സെമി ഫൈനല്‍ മല്‍സര വിജയത്തിനുശേഷം ഗാലറിയിലെ ആരാധാകര്‍ ഉയര്‍ത്തിപ്പിടിച്ച 'ഫോക്ക്‌ലാന്‍ഡ് ദ്വീപുകള്‍ അര്‍ജന്റീനയുടേതാണെ'ന്ന് സ്പാനിഷില്‍ എഴുതിയ രാഷ്ട്രീയ ബാനര്‍ അര്‍ജന്റീന താരങ്ങള്‍ ഏറ്റെടുത്തു മൈതാനിയില്‍ പ്രദര്‍ശിപ്പിച്ചതിനെതിരേ ഫിഫ നടപടിയെടുത്തേക്കും. ഇംഗ്ലണ്ടുമായുള്ള പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഫോക്ക്‌ലാന്‍ഡ് ദ്വീപ് രാഷ്ട്രീയ തര്‍ക്കം ലോകകപ്പ് വേദിയിലേക്ക് വലിച്ചിഴച്ചതിനാണ് നടപടി. അര്‍ജന്റീനന്‍ മിഡ്ഫീല്‍ഡര്‍ ജിയോവാനി ലോ സെല്‍സോയും ഡിഫന്‍ഡര്‍ നിക്കോളാസ് ഒട്ടമെന്‍ഡിയുമാണ് ബാനര്‍ മൈതാനത്ത് പ്രദര്‍ശിപ്പിച്ചത്.

◾  ക്യാപ്ച കോഡുകള്‍ പരമാവധി ഒഴിവാക്കി ഐആര്‍സിടിസിയുടെ പുതിയ വെബ്‌സൈറ്റ്. നിലവിലെ വെബ്‌സൈറ്റിലെ ലിങ്ക് വഴിയോ നേരിട്ടോ (https://www.irctc.co.in/eticket/) ഉപയോക്താക്കള്‍ക്ക് പുതിയ പതിപ്പ് ഉപയോഗിക്കാം. സ്ലീപ്പര്‍, തേര്‍ഡ് എസി, സെക്കന്‍ഡ് എസി എന്നിങ്ങനെ ഓരോ ക്ലാസിലെയും സീറ്റ് ലഭ്യത പരിശോധിക്കാന്‍ ഇനി വെവ്വേറെ ക്ലിക്ക് ചെയ്യേണ്ടതില്ല. പുതിയ എഞ്ചിന് മിനിറ്റില്‍ 40 ലക്ഷത്തിലധികം എന്‍ക്വയറികള്‍ കൈകാര്യം ചെയ്യാന്‍ ശേഷിയുണ്ട്. സ്ഥിരമായി യാത്ര ചെയ്യുന്നവരുടെ പേര്, പ്രായം തുടങ്ങിയ വിവരങ്ങള്‍ പ്രൊഫൈലില്‍ മുന്‍കൂട്ടി സൂക്ഷിക്കാം. മിനിറ്റില്‍ 1.5 ലക്ഷം ടിക്കറ്റുകള്‍ വരെ തടസ്സമില്ലാതെ ബുക്ക് ചെയ്യാന്‍ സാധിക്കും. പുതിയ സിസ്റ്റത്തോടൊപ്പം എഐ സാങ്കേതികവിദ്യയും സംയോജിപ്പിച്ചിരിക്കുന്നു. തത്കാല്‍ ടിക്കറ്റുകള്‍ വെയ്റ്റ്‌ലിസ്റ്റില്‍ ആയാല്‍ പോലും, അത് കണ്‍ഫേം ആകാനുള്ള സാധ്യത എത്രത്തോളമുണ്ടെന്ന് 94 ശതമാനം കൃത്യതയോടെ മുന്‍കൂട്ടി പ്രവചിക്കാന്‍ ഇതിന് സാധിക്കും.

◾  പിരിച്ചുവിടേണ്ട ജീവനക്കാരെ തിരഞ്ഞെടുക്കാന്‍ എ.ഐ. അധിഷ്ഠിത സംവിധാനങ്ങള്‍ ഉപയോഗിച്ചുവെന്നാരോപിച്ച് ടെക് കമ്പനിയായ മെറ്റയ്ക്കെതിരേ 26 ജീവനക്കാര്‍ പരാതി നല്‍കി. തിങ്കളാഴ്ച കാലിഫോര്‍ണിയയിലെ ഓക്ലന്‍ഡിലെ ഫെഡറല്‍ കോടതിയിലാണ് ഹര്‍ജി നല്‍കിയത്. മെറ്റ മേയില്‍ പ്രഖ്യാപിച്ച 8,000 പേരുടെ പിരിച്ചുവിടലുമായി ബന്ധപ്പെട്ടാണ് കേസ്. എ.ഐ. ടൂളുകളും അല്‍ഗൊരിതങ്ങളും ഉപയോഗിച്ച് പിരിച്ചുവിടല്‍ പട്ടിക തയ്യാറാക്കിയ മെറ്റ മെഡിക്കല്‍, പ്രസവ, മാതാപിതൃ-കുടുംബപരിചരണ അവധിയിലായിരുന്നവരോട് വിവേചനം കാട്ടിയെന്ന് ജീവനക്കാര്‍ ആരോപിച്ചു. ഫാമിലി ആന്‍ഡ് മെഡിക്കല്‍ ലീവ് നിയമം, അമേരിക്കന്‍സ് വിത്ത് ഡിസെബിലിറ്റീസ് നിയമം, പ്രെഗ്‌നന്‍സി ഡിസ്‌ക്രിമിനേഷന്‍ നിയമം തുടങ്ങിയവ മെറ്റ ലംഘിച്ചുവെന്നാണ് ജീവനക്കാരുടെ വാദം. ഹര്‍ജിക്കാരായ 26 പേരും നിലവില്‍ കമ്പനിയില്‍ തുടരുന്നുണ്ടെങ്കിലും പിരിച്ചുവിടല്‍ ജൂലായ് 22 മുതല്‍ പ്രാബല്യത്തില്‍ വരും.

◾  അക്ഷയ് കുമാറിനെയും സെയ്ഫ് അലി ഖാനെയും പ്രധാന കഥാപാത്രങ്ങളായി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന 'ഹൈവാന്‍' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ പുറത്തിറങ്ങി. സെപ്റ്റംബര്‍ 11-ന് ചിത്രം തിയറ്ററുകളിലെത്തും. അക്ഷയ് കുമാറിന്റെയും സെയ്ഫ് അലി ഖാന്റെയും കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന രണ്ട് വ്യത്യസ്ത പോസ്റ്ററുകളാണ് പുറത്തിറങ്ങിയത്. അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും നേര്‍ക്കുനേര്‍ എത്തുന്ന മറ്റൊരു പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. സയാമി ഖേറും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കെ.വി.എന്‍. പ്രൊഡക്ഷന്‍സും തെസ്പിയന്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. കൊച്ചിയിലാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്. 18 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും വീണ്ടും ഒരുമിച്ച് അഭിനയിക്കുന്നത്.

◾  ടൊവിനോ തോമസ്, കയാദു ലോഹര്‍ എന്നിവരെ പ്രധാന കഥാപത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത 'പള്ളിച്ചട്ടമ്പി' ഒടിടിയിലേക്ക്. വിഷു റിലീസായി എത്തിയ സിനിമ ബോക്സ് ഓഫീസില്‍ പരാജയമായിരുന്നു. ഇപ്പോഴിതാ സിനിമയുടെ സ്ട്രീമിങ് തീയതി പുറത്തുവന്നിരിക്കുകയാണ്. ജൂലൈ 24 മുതല്‍ പള്ളിച്ചട്ടമ്പി സ്ട്രീമിങ് ആരംഭിക്കും. സോണി ലിവിലൂടെയാണ് സിനിമ പുറത്തിറങ്ങുന്നത്. 1950- 60 കാലഘട്ടത്തില്‍ നടക്കുന്ന കഥയാണ് 'പള്ളിച്ചട്ടമ്പി'. സംവിധായകന്‍ ഡിജോ ജോസ് ആന്റണിയും ജേക്സ് ബിജോയിയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് 'പള്ളിച്ചട്ടമ്പി'. വേള്‍ഡ് വൈഡ് ഫിലിംസിന്റെ ബാനറില്‍ നൗഫലും, ബ്രിജീഷും ചേര്‍ന്നാണ് 'പള്ളിച്ചട്ടമ്പി' നിര്‍മിക്കുന്നത്. ടി എസ് സുരേഷ് ബാബുവാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിജയരാഘവന്‍, സുധീര്‍ കരമന, ബാബുരാജ്, വിനോദ് കെടാമംഗലം, പ്രശാന്ത് അലക്സ് തുടങ്ങി നിരവധി പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.

◾  രഹസ്യങ്ങളും അപകടങ്ങളും നിറഞ്ഞ ഒരു സാഹസികയാത്രയിലേക്ക് വായനക്കാരെ ക്ഷണിക്കുകയാണ് ഡെവിള്‍സ് വാലി. റെഡ് റോക്ക് ഹില്‍സിന്റെ അടിവാരത്തുള്ള 'ഡെവിള്‍സ് വാലി' എന്ന താഴ്വരയെക്കുറിച്ച് നാടെങ്ങും ഭയാനകകഥകള്‍ പ്രചരിച്ചിരിക്കുന്നു. അവിടേക്കു പോയവര്‍ പലരും തിരികെ വന്നിട്ടില്ലെന്നും, ദുരൂഹമായ അപ്രത്യക്ഷതകള്‍ പതിവാണെന്നും പറയപ്പെടുന്നു. ആ താഴ്വരയിലെ ഇരുമ്പയിരുനിക്ഷേപങ്ങളെക്കുറിച്ച് പഠിക്കാന്‍ നാലു യുവശാസ്ത്രജ്ഞര്‍ യാത്രതിരിക്കുമ്പോള്‍, അവരെ കാത്തിരുന്നത് ഒരു സാധാരണ ദൗത്യമായിരുന്നില്ല. സാഹസികതയും ഉദ്വേഗവും രഹസ്യാന്വേഷണവും സമന്വയിക്കുന്ന, ആകാംക്ഷാഭരിതമായ നോവല്‍. 'ഡെവിള്‍സ് വാലി'. ജിജി ചിലമ്പില്‍. മാതൃഭൂമി. വില 144 രൂപ.

◾  ഫോക്‌സ്വാഗണ്‍ ഇന്ത്യ 41.99 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്ക് പുതിയ ടെയ്‌റോണ്‍ ലൈഫ് പുറത്തിറക്കി. ടെയ്‌റോണ്‍ നിരയിലെ പുതിയ അഞ്ച് സീറ്റര്‍ എന്‍ട്രി ലെവല്‍ വേരിയന്റാണിത്. ആര്‍-ലൈനിന്റെ 46.99 ലക്ഷം രൂപ വിലയേക്കാള്‍ 5 ലക്ഷം രൂപ കുറവാണ് ടെയ്‌റോണ്‍ ലൈഫിന് എന്നത് ശ്രദ്ധേയമാണ്. ടെയ്‌റോണ്‍ ആര്‍-ലൈന്‍ ഏഴ് സീറ്ററാണെങ്കില്‍ ടെയ്‌റോണ്‍ ലൈഫ് ഒരു അഞ്ച് സീറ്റര്‍ മോഡലാണ്. ദൃശ്യപരമായി ഏറെ കുറെ സമാനമാണെങ്കിലും, ആര്‍-ലൈനിലെ 19 ഇഞ്ച് യൂണിറ്റുകളേക്കാള്‍ ചെറിയ വലിപ്പത്തിലുള്ള വീലുകള്‍, ഒരു പുതിയ അലോയി വീല്‍ ഡിസൈന്‍, 'ആര്‍' ബ്രാന്‍ഡിങ് ഇല്ലാത്ത വളരെ ലളിതമായ ബമ്പറുകള്‍, വ്യത്യസ്തമായ ഡ്യുവല്‍-ടോണ്‍ ഇന്റീരിയര്‍ എന്നിവ ടെയ്‌റോണ്‍ ലൈഫ് വേരിയന്റിന് ലഭിക്കുന്നു. ഏഴ് സ്പീഡ് ഡ്യുവല്‍-ക്ലച്ച് ട്രാന്‍സ്മിഷനുമായി ഘടിപ്പിച്ച 201 ബിഎച്പി പരമാവധി കരുത്തും 320 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന അതേ 2.0 ലീറ്റര്‍ ടിഎസ്ഐ പെട്രോള്‍ എന്‍ജിനാണ് ടെയ്‌റോണ്‍ ലൈഫിലും വരുന്നത്.

◾  ഹൃദയത്തിലെ ധമനികളില്‍ തടസ്സം നേരിടുന്ന പലര്‍ക്കും സ്റ്റെന്റ് ഇടുന്നത് ജീവിതത്തിലെ ഒരു വഴിത്തിരിവാണ്. ആന്‍ജിയോപ്ലാസ്റ്റി വിത്ത് സ്റ്റെന്റിംഗ് എന്നറിയപ്പെടുന്ന ഈ പ്രക്രിയയിലൂടെ രക്തയോട്ടം വേഗത്തില്‍ പുനഃസ്ഥാപിക്കാനും നെഞ്ചുവേദനയ്ക്ക് ആശ്വാസം നല്‍കാനും ഹൃദയാഘാത സമയത്ത് പലരുടെയും ജീവന്‍ രക്ഷിക്കാനും സാധിക്കുന്നു. ഈ പ്രക്രിയയ്ക്ക് ശേഷം പല രോഗികള്‍ക്കും സുഖം തോന്നാറുള്ളതിനാല്‍ തങ്ങളുടെ ഹൃദ്രോഗ പ്രശ്നം ശാശ്വതമായി പരിഹരിക്കപ്പെട്ടുവെന്ന് അവര്‍ കരുതുന്നു. എന്നാല്‍ ഹൃദ്രോഗവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ഏറ്റവും വലിയ മിഥ്യാധാരണകളില്‍ ഒന്നാണിതെന്ന് ഹൃദ്രോഗ വിദഗ്ദ്ധര്‍ പറയുന്നു. രോഗലക്ഷണങ്ങള്‍ക്കോ ഹൃദയാഘാതത്തിനോ കാരണമായ അടഞ്ഞ ധമനിയെ സ്റ്റെന്റ് സുഖപ്പെടുത്തുമെങ്കിലും, അത് കൊറോണറി ആര്‍ട്ടറി ഡിസീസിനെ പൂര്‍ണ്ണമായി ഭേദമാക്കുന്നില്ല. ധമനികള്‍ക്കുള്ളില്‍ കൊഴുപ്പ് അടിഞ്ഞുകൂടാന്‍ കാരണമാകുന്ന ഈ രോഗാവസ്ഥ, രോഗികള്‍ തങ്ങളുടെ ആരോഗ്യപ്രശ്നങ്ങളെ കൃത്യമായി നിയന്ത്രിച്ചില്ലെങ്കില്‍ വീണ്ടും തുടരുക തന്നെ ചെയ്യും.  മരുന്നുകള്‍ കൃത്യമായി കഴിക്കുക, ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുക, പുതിയ ലക്ഷണങ്ങളെ ഒരിക്കലും അവഗണിക്കാതിരിക്കുക എന്നിവയാണ് സ്റ്റെന്റ് ഇട്ടതിന് ശേഷം ഹൃദയത്തെ സംരക്ഷിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമെന്ന് വിദഗ്ദ്ധര്‍ ഊന്നിപ്പറയുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 96.32, പൗണ്ട് - 130.25, യൂറോ - 110.34, സ്വിസ് ഫ്രാങ്ക് - 119.30, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 67.33, ബഹറിന്‍ ദിനാര്‍ - 256.72, കുവൈത്ത് ദിനാര്‍ -311.72, ഒമാനി റിയാല്‍ - 250.55, സൗദി റിയാല്‍ - 25.65, യു.എ.ഇ ദിര്‍ഹം - 26.30, ഖത്തര്‍ റിയാല്‍ - 26.54, കനേഡിയന്‍ ഡോളര്‍ - 68.54.
Previous Post Next Post
3/TECH/col-right