Trending

സായാഹ്ന വാര്‍ത്തകള്‍.

2026 | ജൂലൈ 15, ബുധന്‍ 
1201 | മിഥുനം 31, പൂയ്യം

◾ സംസ്ഥാനത്തെ വിവിധ വകുപ്പുകളിലെ ഫയല്‍ നീക്കത്തിനും വകുപ്പുതല ഏകോപനത്തിനും ഫയല്‍ മാപ്പിംഗ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍.  എല്ലാ വകുപ്പുകളിലേയും ഫയലുകളും മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പരിശോധിക്കാന്‍ സംവിധാനമുണ്ടാകും. സര്‍ക്കാര്‍ പദ്ധതികള്‍ക്ക് പ്രോട്ടോക്കോള്‍ വരും. പദ്ധതി നടത്തിപ്പിലെ കാലതാമസത്തിനും അധിക ചെലവിനും നിയന്ത്രണമുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

◾ ഇ. ശ്രീധരന്‍ നിര്‍ദേശിച്ച അതിവേഗ റെയില്‍ പാതയില്‍ മാറ്റങ്ങള്‍ നിര്‍ദേശിച്ച് വിദഗ്ധ സമിതി. നിലവിലെ ഘടന പറ്റില്ലെന്നും സാമ്പത്തിക നിര്‍ദേശങ്ങള്‍ മാറ്റണമെന്നും സമിതി ചൂണ്ടിക്കാട്ടി. ക്രൗഡ് ഫണ്ടിങ് സാധ്യമാകുമോ എന്ന് സംശയമാണ്. ശ്രീധരന്‍ മുന്നോട്ട് വെച്ചത് 40 ശതമാനം ക്രൗഡ് ഫണ്ടിങ്ങാണ്. 24,000 കോടി പിരിഞ്ഞു കിട്ടേണ്ടതുണ്ട്. സാമ്പത്തിക ഘടനയില്‍ മാറ്റം വേണമെന്നും സ്റ്റേഷനുകള്‍ അടക്കം കൂടുതല്‍ ലാഭത്തില്‍ ആക്കണമെന്നും സമിതി നിര്‍ദേശിക്കുന്നു. വിശദമായ പാരിസ്ഥിതിക പഠനം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

◾ ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അന്നത്തെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ മര്‍ദ്ദിച്ച കേസ് അട്ടിമറിച്ചതിന് എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരേ നടപടി വൈകിയിട്ടില്ലെന്നു മുഖ്യമന്ത്രി വി.ഡി സതീശന്‍. അന്വേഷണ നടപടികള്‍ പൂര്‍ത്തിയാക്കാതെ സര്‍ക്കാരിനു തിടുക്കത്തില്‍ നടപടിയെടുക്കാനാവില്ല. ഫയല്‍ ഡിജിപിയുടെ ഓഫീസില്‍നിന്ന് ആഭ്യന്തര മന്ത്രിയുടേയോ തന്റെയോ മുന്നില്‍ എത്തിയിട്ടില്ല. മുഖ്യമന്ത്രി പറഞ്ഞു. നടപടി വൈകുന്നുവെന്നു വാര്‍ത്ത കൊടുക്കുന്ന മാധ്യമങ്ങള്‍ക്കാണു തിടുക്കമെന്നും മുഖ്യമന്ത്രി പരിഹസിച്ചു.  

◾ മൂന്നുകോടി രൂപ തന്നാല്‍ മന്ത്രിയാക്കാമെന്നു വാഗ്ദാനവുമായി ഫോണ്‍ സന്ദേശം ലഭിച്ചെന്ന് എലത്തൂര്‍ എംഎല്‍എ വിദ്യാ ബാലകൃഷ്ണന്‍. വയനാട് എംപിയുടെ ഓഫീസില്‍ നിന്നാണെന്നു പറഞ്ഞാണ് വിളി വന്നതെന്നു വിദ്യ കോഴിക്കോട് സൈബര്‍സെല്ലില്‍ പരാതി നല്‍കി. പോലീസ് അന്വേഷണം തുടങ്ങി.

◾ പ്രതിപക്ഷ ഉപനേതൃ പദവി കിട്ടുമെന്നു പൂര്‍ണവിശ്വാസമുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുന്നണി തകരാനുള്ള ഒരു നടപടിയും സിപിഐ ചെയ്യില്ലെന്നും ആര്‍ജെഡിയുമായി ഒരു തര്‍ക്കത്തിനുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഉപനേതൃ പദവി സംബന്ധിച്ച ഒരു അധ്യായവും അടഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

◾ നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ്. ഇന്നലെയും ഇന്നും കൗണ്‍സിലിംഗ് നല്‍കി. കൗണ്‍സിലിംഗ് റിപ്പോര്‍ട്ട് നാളെ കോടതിയില്‍ സമര്‍പ്പിക്കും. ഈ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാകും വിധി പ്രസ്താവിക്കുക. നാളെ ശിക്ഷാവിധി പ്രസ്താവിക്കുമെന്നാണു സൂചനയെങ്കിലും ഒരു ദിവസംകൂടി നീളാനാണു സാധ്യതയെന്ന് പ്രോസിക്യൂട്ടര്‍ എം ജെ വിജയകുമാര്‍ പറഞ്ഞു. പ്രതിയെ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ഹാജരാക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

◾ വയനാട് കള്ളാടി മണ്ണിടിച്ചില്‍ ദുരന്തം നടന്ന സ്ഥലത്ത് വിദഗ്ധ സംഘം പരിശോധന നടത്തി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പദ്ധതി പ്രദേശത്ത് കൂട്ടിയിട്ട മണ്ണ് മാറ്റാന്‍ എന്തു ചെയ്യണമെന്നു പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ സമിതിയാണ് പരിശോധന നടത്തിയത്. വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മണ്ണ് എങ്ങനെ മറ്റൊരിടത്തേക്ക് മാറ്റുമെന്ന കാര്യത്തില്‍ തീരുമാനമെടുക്കും.

◾ ഹിന്ദു ഐക്യവേദി നേതാക്കളെ കണ്ടത് രഹസ്യമായല്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. പിണറായി വിജയന്‍ ആര്‍എസ്എസ് നേതാക്കളെ ഒളിച്ചുപോയി കണ്ടതുപോലെയല്ല താന്‍ കണ്ടതെന്നും, കാണണമെന്ന് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടപ്പോള്‍ കാണാന്‍ താന്‍ അവര്‍ക്ക് സമയം കൊടുത്തുവെന്നും അങ്ങനെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണ് അവര്‍ വന്നതെന്നും അദ്ദേഹം പറഞ്ഞു.

◾ ലഹരി വിരുദ്ധ പ്രചാരണത്തിനായി കൊച്ചിയിലേക്കു വരാമെന്നു തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്. ലഹരി മാഫിയയെ ഉന്മൂലനം ചെയ്യാന്‍ നടപ്പാക്കുന്ന ലഹരി വിരുദ്ധ പദ്ധതിയായ ഓപ്പറേഷന്‍ തൂഫാന് അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചു. ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ചെന്നൈയിലെത്തി വിജയുമായി നടത്തിയ കൂടിക്കാഴ്ചയിലാണു കൊച്ചിയിലേക്കു വരാമെന്നു വാഗ്ദാനം ചെയ്തത്.

◾ സോളാര്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍  ഉമ്മന്‍ചാണ്ടിയുടെ പിഎ ആയിരുന്ന ടെന്നി ജോപ്പനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി. മല്ലേലില്‍ ശ്രീധരന്‍ നായര്‍ നല്‍കിയ കേസില്‍നിന്നാണ് ടെന്നി ജോപ്പനെ ഒഴിവാക്കിയത്. മൂന്നാം പ്രതിയായിരുന്ന ടെന്നി ജോപ്പന്‍ സമ്മര്‍ദം ചെലുത്തിയതിനാലാണു സരിത നായര്‍ക്ക് പണം കൊടുത്തതെന്നാണു മല്ലേലി ശ്രീധരന്‍ നായര്‍ ആരോപിച്ചിരുന്നത്. ഈ കേസില്‍ ടെന്നി ജോപ്പന്‍ അറസ്റ്റിലായിരുന്നു.

◾ ആത്മഹത്യ ചെയ്ത അഞ്ചരക്കണ്ടി കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ കുടുംബം പുതിയ അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയേയും കാണുന്നു. നിലവില്‍ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചില്‍ നിന്ന് അന്വേഷണം മാറ്റണമെന്നാണ് ആവശ്യം. ഒന്നാം പ്രതിയായ ഡോക്ടര്‍ റാമിനെ കണ്ടെത്താന്‍ ഇതുവരെ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.

◾ കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി കേസുമായി ബന്ധപ്പെട്ട് കെ ബിജു ഐഎഎസിനെതിരായ കോടതിയലക്ഷ്യ നടപടി അവസാനിപ്പിക്കാതെ ഹൈക്കോടതി. മാപ്പപേക്ഷ നല്‍കിയാലും കോടതിയലക്ഷ്യ നടപടി തുടരുമെന്ന് ജസ്റ്റിസ് എ ബദറുദ്ദീന്‍ വ്യക്തമാക്കി.

◾ വ്യാജരേഖ ചമച്ചുള്ള അവയവക്കടത്ത് കേസില്‍ പ്രമുഖ സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. ആലുവ രാജഗിരി ആശുപത്രിയിലെ ന്യൂറോളജിസ്റ്റിനേയും ലബോറട്ടറി വിഭാഗം മേധാവിയുമാണ് കൊച്ചിയിലെ ഇ.ഡി ഓഫീസില്‍ ചോദ്യം ചെയ്യലിനായി ഹാജരായത്.

◾ പൊലീസ് സഹായി തിരുവല്ല സ്വദേശി സോമന്‍ ചികിത്സ സഹായം തേടുന്നു. ജോലിക്കിടയിലുണ്ടായ ഗുരുതര അണുബാധയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇലന്തൂര്‍ നരബലി കേസില്‍ ഉള്‍പ്പെടെ മൃതദേഹങ്ങള്‍ പുറത്തെടുക്കുന്നതില്‍ പൊലീസിന്റെ സഹായിയായിരുന്നു.

◾ ഉത്തരം പറയാന്‍ വൈകിയതിന് തല്ലിയെന്ന ഒന്‍പതുവയസ്സുള്ള മകളുടെ പരാതിയില്‍ അമ്മയ്‌ക്കെതിരെ കേസ്. മൂവാറ്റുപുഴ പൊലീസാണ് കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. തിങ്കളാഴ്ചയാണ് കുട്ടി പിതാവിനൊപ്പം സ്റ്റേഷനിലെത്തി പരാതി നല്‍കിയത്.

◾ ജൂലൈ 21 മുതല്‍ അനിശ്ചിതകാല സമരത്തിന് ഒരുങ്ങി ഓണ്‍ലൈന്‍ ടാക്സികള്‍. ഊബര്‍, ഓല, റാപ്പിഡോ, സര്‍ക്കാര്‍ സംരംഭമായ കേരള സവാരി എന്നിവയ്ക്കെതിരേയാണു പ്രതിഷേധം. കമ്പനികള്‍ കമ്മീഷന്‍ ഈടാക്കുന്നത് കുറയ്ക്കണമെന്നാണ് ആവശ്യം. 1000 രൂപയ്ക്ക് ഓടിയാല്‍ 500 രൂപ കമ്മീഷനായി കമ്പനി എടുക്കുകയാണെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു.

◾ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രണ്ടു കോടിയോളം രൂപ വില വരുന്ന സ്വര്‍ണവുമായി തമിഴ്നാട് സ്വദേശികളായ ദമ്പതിമാര്‍ പിടിയില്‍. അബുദാബിയില്‍നിന്ന് എത്തിയ റിഫ്നാസ് ഹമീദ് മുഹമ്മദ് ഷരീഫ് (26), ജനോഫര്‍ ഖാദര്‍ ബീവി ഉമര്‍ ഫറോക് (28) എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്. ഇവരില്‍നിന്ന് 1353.92 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു.

◾ തന്റെ കൈവശം അഞ്ചു ജോഡി ആനക്കൊമ്പുകളുണ്ടെന്ന് നടന്‍ മോഹന്‍ലാല്‍. പുതിയതായി വെളിപ്പെടുത്തിയ മൂന്ന് ജോഡി ആനക്കൊമ്പുകളുടെ വിവരം ഹാജരാക്കാന്‍ നിര്‍ദേശം നല്‍കിയതായി മലയാറ്റൂര്‍ ഡിഎഫ്ഒ കാര്‍ത്തിക്. ആനക്കൊമ്പുകള്‍ സമ്മാനമായി ലഭിച്ചതെന്ന് മോഹന്‍ലാല്‍.

◾ എന്‍സിപി ശരത് പവാര്‍ വിഭാഗം ബിജെപിക്കൊപ്പം പോകുമെന്ന എഫ്ബി പോസ്റ്റിട്ടതിന് സിപിഎം കണ്ണൂര്‍ ജില്ലാ നേതൃത്വത്തിനെതിരെ എന്‍സിപി ശരത് പവാര്‍ വിഭാഗം. സിപിഎം കണ്ണൂര്‍ ജില്ലാ നേതൃത്വത്തിന്റെ ഔദ്യോഗിക പേജില്‍ പോസ്റ്റിട്ടതില്‍ നടപടി വേണമെന്നു എന്‍സിപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം പി മുരളി ആവശ്യപ്പെട്ടു.

◾ മിക്സ്ചര്‍ കഴിക്കുന്നതിനിടെ കടല തൊണ്ടയില്‍ കുടുങ്ങി മൂന്നു വയസ്സുകാരന്‍ മരിച്ചു. കൊണ്ടോട്ടി കുന്നുംപുറം ചെങ്ങാനി കാരാട്ടാലുങ്ങല്‍ സ്വദേശി വെല്ലക്കാടന്‍ മുനീറിന്റെ മകന്‍ മുഹമ്മദ് റിസാന്‍ ആണ് ദാരുണമായി മരിച്ചത്.

◾ ഗുജറാത്തിലെ അമ്പാജി ക്ഷേത്രത്തില്‍ കാണിക്കപ്പണം എണ്ണുന്നതിനിടെ ലക്ഷക്കണക്കിന് രൂപ മോഷ്ടിക്കാന്‍ ശ്രമം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ചര്‍ച്ചയായി. കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ മിഹിര്‍ പ്രവീണ്‍കുമാര്‍ പട്ടേല്‍ വ്യക്തമാക്കി.

◾ ടെലിവിഷന്‍ റേറ്റിങിന് ലാന്‍ഡിങ് പേജ് ബാധകമാക്കരുതെന്ന കേന്ദ്രനിര്‍ദേശത്തെ പിന്തുണച്ച് റേറ്റിങ് ഏജന്‍സി ബാര്‍ക്. ഇക്കാര്യത്തില്‍ സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് ബാര്‍ക് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.

◾ ഓസ്ട്രേലിയന്‍ മിഷണറി ആയിരുന്ന ഗ്രഹാം സ്റ്റെയിന്‍സിനെയും മക്കളെയും ചുട്ടുകൊന്ന കേസില്‍ മുഖ്യപ്രതി ദാരാസിംഗിനെ മോചിപ്പിക്കുന്ന കാര്യത്തില്‍ ഓഗസ്റ്റ് 19 നകം തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി. 'നല്ല നടപ്പ്' പരിഗണിച്ചാണ് 26 വര്‍ഷമായി ജയിലില്‍ കഴിയുന്ന കൊലയാളിയെ മോചിപ്പിക്കണമെന്ന് ഒഡിഷ ശിക്ഷ അവലോകന ബോര്‍ഡ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

◾ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് താഴ്ന്നതോടെ തമിഴ്നാട്ടിലെ അഞ്ച് ജില്ലകള്‍ കടുത്ത പ്രതിസന്ധിയില്‍. തേനിയില്‍ 14,700 ഏക്കര്‍ കൃഷിഭൂമിയിലാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ ആശ്രയിച്ച് കൃഷിയിറക്കുന്നത്.  മുന്‍പുണ്ടായിരുന്ന ജലശേഖരം ആസൂത്രണം ഇല്ലാതെ തുറന്ന് വിട്ടതും ഈ വര്‍ഷം മതിയായ മഴ ലഭിക്കാതിരുന്നതുമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് കര്‍ഷകരുടെ ആരോപണം.

◾ 21-ലേറെ ഇരുചക്ര വാഹന മോഷണ കേസുകള്‍ക്ക് പിന്നാലെ അഹമ്മദാബാദിലെ ഗാരേജ് ഉടമ ഇമ്രാന്‍ ഷെയ്ഖും ഇയാളുടെ കൂട്ടാളി മുന്നവര്‍ ഹുസൈന്‍ ഷെയ്ഖുമടങ്ങുന്ന സംഘത്തെ ഗുജറാത്ത് ക്രൈംബ്രാഞ്ച് പിടികൂടി. ഇവരില്‍ നിന്ന് മോഷ്ടിച്ച 12 ഇരുചക്ര വാഹനങ്ങളും മൂന്ന് വാഹന എന്‍ജിനുകളും പിടിച്ചെടുത്തു.

◾ കര്‍ണാടകയിലെ ബെലഗാവിയില്‍, ഭിക്ഷക്കാരന്റെ വേഷത്തിലെത്തിയ യുവാവ് മൊബൈല്‍ ഷോപ്പില്‍ നിന്ന് 1.5 ലക്ഷം രൂപ വിലമതിക്കുന്ന മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതായി റിപ്പോര്‍ട്ട്. ഭിക്ഷ ചോദിക്കാന്നെന്ന വ്യാജേന കടയ്ക്കുള്ളില്‍ പ്രവേശിച്ച പ്രതി, വിലകൂടിയ സ്മാര്‍ട്ട്ഫോണ്‍ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു.

◾ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി കോക്രോച്ച് ജനത പാര്‍ട്ടിയുടെ പ്രതിഷേധത്തെ പിന്തുണയ്ക്കാത്തത് എന്തെന്ന ചോദ്യം അപ്രസക്തമെന്ന് അഭിജീത് ദിപ്കെ. പകരം പ്രധാനമന്ത്രി മിണ്ടാത്തതും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഇപ്പോഴും തുടരുന്നതും എന്തുകൊണ്ടെന്ന് ചോദിക്കണമെന്ന് ദിപ്കേ ആവശ്യപ്പെട്ടു.

◾ ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നിരാഹാര സമരം തുടരുന്ന ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിന്റെ ആരോഗ്യാവസ്ഥയില്‍ ആശങ്കയറിയിച്ചു ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി. നിരാഹാര സമരം 18-ാം ദിവസം പ്രവേശിച്ചതിനിടെ,  സോനം വാങ്ചുക്കിന്റെ അഭിഭാഷകനായ രാകേഷ് കുമാര്‍ സെയ്നി ആണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

◾ ഇന്ത്യക്കാര്‍ക്കുള്ള വിസരഹിത പ്രവേശനം തായ്ലന്‍ഡ് പിന്‍വലിക്കില്ല. ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് 30 ദിവസത്തെ വിസരഹിത പ്രവേശനം തുടരാന്‍ തായ്ലന്‍ഡ് മന്ത്രിസഭ തീരുമാനിച്ചു.

◾ ഹോര്‍മുസില്‍ 150 ഇന്ത്യന്‍ നാവികര്‍ വിവിധ കപ്പലുകളിലും ടാങ്കറുകളിലുമുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇവരുടെ സുരക്ഷയ്ക്കായി പ്രത്യേക ഡാഷ്ബോര്‍ഡ് തുറക്കും. അടിയന്തര ഘട്ടത്തില്‍ നാവികര്‍ക്കായി ലെയ്സണ്‍ ഉദ്യോഗസ്ഥരെ നിയമിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഏഴ് ഇന്ത്യന്‍ കപ്പലുകള്‍ ഇപ്പോഴും മേഖലയിലുണ്ട്. ഷിപ്പിംഗ്, വിദേശകാര്യ മന്ത്രാലയങ്ങള്‍ സ്ഥിതി നിരീക്ഷിക്കുന്നുണ്ട്.

◾ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഇറാനിയന്‍ കപ്പലുകള്‍ക്കു പൂര്‍ണ്ണ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറേനിയന്‍ തുറമുഖങ്ങളിലേക്കോ അവിടെനിന്നോ ഉള്ള കപ്പലുകള്‍ക്കും, ഇറാനിയന്‍ ചരക്കുകള്‍ വഹിക്കുന്ന കപ്പലുകള്‍ക്കും ഈ വിലക്ക് ബാധകമായിരിക്കും. ഇറാനൊഴികെയുള്ള രാജ്യങ്ങള്‍ക്കുള്ള കപ്പല്‍ ഗതാഗതത്തിനായി ഹോര്‍മുസ് പാത തുറന്നുനല്‍കുമെന്നും അദ്ദേഹം ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കി.

◾ ഫുട്ബോള്‍ ലോകം കാത്തിരിക്കുന്ന മഹാപോരാട്ടത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. ലോകകപ്പിന്റെ ഫൈനലില്‍ സ്പെയിനോട് ഏറ്റുമുട്ടാനിരിക്കുന്നത് ലോക ചാമ്പ്യന്മാരായ അര്‍ജന്റീനയോ ഇംഗ്ലണ്ടോ? ഇന്ത്യന്‍ സമയം ഇന്ന് രാത്രി പന്ത്രണ്ടരയ്ക്ക് അറ്റ്‌ലാന്റയിലാണ് ഫുട്ബോള്‍ ലോകത്തെ ഏറ്റവും വലിയ പോരാട്ടം നടക്കുന്നത്.

◾ ഇന്ത്യന്‍ ബാങ്കിംഗ് ചരിത്രത്തിലെ ഏറ്റവും വലിയ വിദേശ നിക്ഷേപത്തിന് വഴിതുറന്നുകൊണ്ട് ഐഡിബിഐ ബാങ്ക് കനേഡിയന്‍ നിക്ഷേപകനായ പ്രേം വത്സയുടെ ഫെയര്‍ഫാക്‌സ് ഹോള്‍ഡിംഗ്‌സ് സ്വന്തമാക്കുന്നു. ഏകദേശം 5.5 ബില്യണ്‍ ഡോളര്‍ (ഏകദേശം 53,000 കോടി രൂപ) മൂല്യം കണക്കാക്കുന്നതാണ് ഈ ഇടപാട്. ബാങ്കില്‍ നിലവില്‍ 45.48 ശതമാനം ഓഹരി പങ്കാളിത്തമാണ് സര്‍ക്കാരിനുള്ളത്. ഇതില്‍ 30.48 ശതമാനം ഓഹരികളാണ് ഫെയര്‍ഫാക്‌സിന് കൈമാറുക. ഇതിലൂടെ ഖജനാവിലേക്ക് 26,620 കോടി രൂപ എത്തും. ഐഡിബിഐ ബാങ്കില്‍ 50 ശതമാനത്തിനടുത്ത് ഓഹരി പങ്കാളിത്തമുള്ള എല്‍ഐസി 30.24 ശതമാനം ഓഹരികള്‍ വില്‍ക്കും. ഇതിലൂടെ എല്‍ഐസിക്ക് 26,440 കോടി രൂപ ലഭിക്കും. ഇതോടെ ഫെയര്‍ഫാക്‌സ് കൈക്കലാക്കുന്ന മൊത്തം ഓഹരി പങ്കാളിത്തം 60.72 ശതമാനമായി ഉയരും. ഈ ഇടപാട് തൃശൂര്‍ ആസ്ഥാനമായുള്ള സിഎസ്ബി ബാങ്കിനെ എങ്ങനെ ബാധിക്കുമെന്ന ചര്‍ച്ചയും നടക്കുന്നുണ്ട്. സിഎസ്ബിയില്‍ ഫെയര്‍ഫാക്‌സിനുള്ള 40 ശതമാനം ഓഹരികള്‍ ഘട്ടഘട്ടമായി വിറ്റൊഴിഞ്ഞ് പൂര്‍ണ്ണമായും ഒരുപക്ഷേ ഐഡിബിഐ ബാങ്കില്‍ ശ്രദ്ധ കേന്ദ്രീകരിക്കാം. ലയനമാണ് നടക്കുന്നതെങ്കില്‍ കേരളത്തിന് ബാങ്കിന്റെ ആസ്ഥാനം നഷ്ടമായേക്കാം. സിഎസ്ബി ബാങ്കിലെ ഓഹരികള്‍ വില്‍ക്കുന്നത് വഴി വന്‍ ലാഭം കൊയ്യാന്‍ ഫെയര്‍ഫാക്‌സിന് സാധിക്കും.

◾ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ എ.ഐ സാങ്കേതികവിദ്യയുടെ സ്വാധീനം വലിയ തോതില്‍ വര്‍ധിച്ചതായി സൈബര്‍മീഡിയ റിസര്‍ച്ചിന്റെ പുതിയ റിപ്പോര്‍ട്ട്.  സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ എ.ഐ ഫീച്ചറുകള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്നുവെന്നും പഠനം വ്യക്തമാക്കുന്നു. റിപ്പോര്‍ട്ട് പ്രകാരം, 77 ശതമാനം ഉപഭോക്താക്കളും സ്മാര്‍ട്ട്‌ഫോണുകളിലെ എ.ഐ-പവേര്‍ഡ് ഫോട്ടോഗ്രാഫി ഫീച്ചറുകള്‍ സജീവമായി ഉപയോഗിക്കുന്നുണ്ട്. കൂടാതെ, 71 ശതമാനം പേര്‍ ആഴ്ചയില്‍ പലതവണ ജനറേറ്റീവ് എ.ഐ ഫീച്ചറുകളുമായി ഇടപഴകുന്നവരാണ്. എ.ഐ ഉപയോഗിക്കുമ്പോള്‍ ഉപഭോക്താക്കള്‍ ഏറ്റവും കൂടുതല്‍ ആശങ്കപ്പെടുന്നത് ഡാറ്റാ സുരക്ഷയെക്കുറിച്ചാണ്. ജെന്‍ സിയില്‍ 72 ശതമാനം പേരും അടുത്ത സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുമ്പോള്‍ എ.ഐ ഫീച്ചറുകള്‍ക്ക് മുന്‍ഗണന നല്‍കുന്നു. ഭാവിയിലെ സ്മാര്‍ട്ട്‌ഫോണ്‍ തലമുറകളില്‍ എ.ഐ എങ്ങനെ രൂപകല്‍പ്പന ചെയ്യണം, എങ്ങനെ അവതരിപ്പിക്കണം എന്നതിനെ ഈ ഉപഭോക്തൃ പെരുമാറ്റം വലിയ തോതില്‍ സ്വാധീനിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

◾ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതിയുടെ പുതിയ ബ്രെസ്സയുടെ ബുക്കിങ് ആരംഭിച്ചു. പുറത്തും അകത്തളത്തിലും നിരവധി പുതിയ മാറ്റങ്ങളുമായാണ് ബ്രെസ്സ വിപണിയില്‍ എത്താന്‍ പോകുന്നത്. 11,000 രൂപ നല്‍കി ബുക്ക് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. അപ്ഡേറ്റ് ചെയ്ത പുതിയ മോഡലില്‍ ബ്രെസ്സയുടെ മൊത്തത്തിലുള്ള രൂപകല്‍പ്പനയില്‍ മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. നിലവില്‍ അലോയ് വീലുകള്‍ ഡയമണ്ട് കട്ട് ഡിസൈനിലാണ്. പുതിയ പതിപ്പ് പെറ്റലിന് സമാനമായ ഡിസൈനിലായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പുതിയ പതിപ്പില്‍ 100 ബിഎച്ച്പിയും 147 എന്‍എമ്മും ഉല്‍പ്പാദിപ്പിക്കുന്ന 1.0 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് പെട്രോള്‍ എന്‍ജിന്‍ ആയിരിക്കും ഉണ്ടാകുക എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈ എന്‍ജിന്‍ അഞ്ച് സ്പീഡ് എംടി അല്ലെങ്കില്‍ പാഡില്‍ ഷിഫ്റ്ററുകള്‍ക്കൊപ്പം ആറ് സ്പീഡ് എടി എന്നിവയില്‍ ലഭ്യമായേക്കാം. കഴിഞ്ഞ വര്‍ഷം മാരുതി വിക്ടോറിസിനൊപ്പം അരങ്ങേറ്റം കുറിച്ച അണ്ടര്‍ബോഡി സിഎന്‍ജി ടാങ്ക് ഓപ്ഷനും ഇത് വാഗ്ദാനം ചെയ്‌തേക്കാം.

◾ ശരീരഭാരം കുറയ്ക്കാന്‍ എല്ലാവരും ഏറ്റവും എളുപ്പം ചെയ്യുന്നത് രാത്രി ഭക്ഷണം ഒഴിവാക്കുക എന്നതാണ്. എന്നാല്‍ ഇങ്ങനെ ചെയ്യുന്നത് നേരെ വിപരീതഫലമാകും ഉണ്ടാക്കുക. ശരീരഭാരം കുറയ്ക്കുന്നതിന് ആരോഗ്യ വിദഗ്ധര്‍ മുന്നോട്ടു വെക്കുന്ന ഡയറ്റില്‍ ഒരിക്കലും ഭക്ഷണം ഒഴിവാക്കാന്‍ പറയില്ല. ആരോഗ്യകരമായ പ്രഭാത ഭക്ഷണവും ലഘുവായ അത്താഴവും കഴിക്കുന്നതാണ് നല്ലത്. പ്രഭാതഭക്ഷണം പോലെ തന്നെ ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് അത്താഴവും. കാരണം ഇത് ശരീരത്തിന് ആവശ്യമായ പോഷണവും പ്രവര്‍ത്തനങ്ങളും ശരിയായി നടത്താനുമുള്ള ഊര്‍ജ്ജം നല്‍കുന്നു. എന്നാല്‍ അത്താഴം മുടക്കുന്നതോടെ നിങ്ങള്‍ക്ക് ക്ഷീണവും ബലക്കുറവും അനുഭവപ്പെടുന്നു. ഇത് നിങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കാം. ഇതോടൊപ്പം ഉറക്കത്തെയും ബാധിക്കും. അത്താഴം മുടക്കിയാല്‍, ശരീരത്തിന് പ്രധാനപ്പെട്ട പോഷകങ്ങളുടെ അഭാവം ഉണ്ടാകാം. രാത്രിയില്‍ ഒന്നും കഴിക്കാതെ ഉറങ്ങുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാന്‍ കാരണമാകും. ഭക്ഷണം ഒഴിവാക്കുന്നത് ഉപാപചയ നിരക്ക് കുറയ്ക്കും. ഇത് ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിനുള്ള സാധ്യത കൂട്ടുന്നു. കൂടാതെ അത്താഴം ഒഴിവാക്കുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മോശമായി ബാധിക്കും. ഭക്ഷണം ഒഴിവാക്കുന്നതിലൂടെ ശരീരം സ്റ്റിറോയിഡ് ഹോര്‍മോണുകള്‍ പുറപ്പെടുവിക്കാന്‍ തുടങ്ങും. ഇതിന്റെ ഒരു പാര്‍ശ്വഫലമാണ് ശരീരഭാരം വര്‍ധിക്കുന്നത്.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 96.27, പൗണ്ട് - 129.00, യൂറോ - 109.94, സ്വിസ് ഫ്രാങ്ക് - 118.83, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 67.23, ബഹറിന്‍ ദിനാര്‍ - 256.44, കുവൈത്ത് ദിനാര്‍ -310.96, ഒമാനി റിയാല്‍ - 250.38, സൗദി റിയാല്‍ - 25.59, യു.എ.ഇ ദിര്‍ഹം - 26.18, ഖത്തര്‍ റിയാല്‍ - 26.43, കനേഡിയന്‍ ഡോളര്‍ - 68.49
Previous Post Next Post
3/TECH/col-right