Trending

സായാഹ്ന വാര്‍ത്തകള്‍.

2026 | ജൂലൈ 9, വ്യാഴം 
1201 | മിഥുനം 25, അശ്വതി

◾  വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ കാണാതായ നാലു പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതോടെ മരിച്ചവരുടെ എണ്ണം ഏഴായി. മരിച്ചവരെല്ലാം ഇതര സംസ്ഥാന തൊഴിലാളികളാണ്. ഇനി ഒരാളെകൂടി കണ്ടെത്താനുണ്ട്. തെരച്ചില്‍ തുടരുകയാണ്.

◾  കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ക്ലോക്ക് റൂം കെട്ടിടം പ്ളാറ്റ്ഫോമിലേക്കു തകര്‍ന്നുവീണതിനെത്തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. കോഴിക്കോട് ഒന്ന്, രണ്ട്, മൂന്ന് ട്രാക്കിലൂടെയുള്ള ട്രെയിന്‍ സര്‍വീസ് നിര്‍ത്തി. നാലാമത്തെ ട്രാക്കിലൂടെ മാത്രമാണു ട്രെയിന്‍ ഗതാഗതം. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ച ശേഷം മാത്രമേ ഗതാഗതം പുനസ്ഥാപിക്കൂ. 130 വര്‍ഷം പഴക്കമുള്ള കെട്ടിടമാണു തകര്‍ന്നു വീണത്.  

◾  വയനാട് കള്ളാടിയിലെ ദുരന്തപ്രദേശം പ്രതിപക്ഷ നേതാവ് പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും സന്ദര്‍ശിച്ചു. വയനാട് തുരങ്കപാതയ്ക്ക് പാരിസ്ഥിതിക അനുമതി ലഭിച്ചതു സൂത്രപണിയിലൂടെയല്ലെന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. 2023 ലെ പഠനത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനവും കേന്ദ്രവും പാരിസ്ഥിതിക അനുമതി നല്‍കി. അനുമതിക്കെതിരായ ഹര്‍ജികള്‍ ഹൈക്കോടതി 2025 ഡിസംബര്‍ 16 ന് തള്ളി. സുപ്രീം കോടതിയും ഹൈക്കോടതി വിധി ശരിവച്ചു. അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം ഓഹരി വിവാദത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ദേശാഭിമാനി മാത്രമല്ല, മറ്റു പത്രങ്ങളും വായിക്കുന്നതു നല്ലതാണെന്നും പിണറായി പറഞ്ഞു.



◾  തുരങ്കപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മുന്‍പ് എന്തെങ്കിലും വിവരങ്ങള്‍ മറച്ചുവച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം അന്നത്തെ സര്‍ക്കാരിനല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വിവരങ്ങള്‍ ആരെങ്കിലും മറച്ചുവച്ചിട്ടുണ്ടെങ്കില്‍ മറച്ചുവച്ചരോടാണ് ചോദിക്കേണ്ടതെന്നും ഇതില്‍ സര്‍ക്കാരിന് പങ്കില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.

◾  മണ്ണിടിച്ചില്‍ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാനുള്ള കമ്മിറ്റിയെ മുഖ്യമന്ത്രി ഇന്നു പ്രഖ്യാപിക്കുമെന്ന് മന്ത്രി ടി സിദ്ദിഖ്. നിര്‍മ്മാണ കമ്പനി മാനദണ്ഡങ്ങള്‍ പാലിച്ചോ നിര്‍ദേശങ്ങള്‍ പാലിച്ചോ എന്നതടക്കം പരിശോധിക്കും. പദ്ധതി കൊണ്ടുവന്നതും പാറ പൊട്ടിക്കലിനടക്കം മൂന്ന് ഉദ്ഘാടനങ്ങള്‍ സംഘടിപ്പിച്ചതുമെല്ലാം ആരാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും മന്ത്രി ടി സിദ്ദിഖ് പറഞ്ഞു.

◾  കേരള പി എസ് സി ഡിവിഷണല്‍ അക്കൗണ്ടന്റ് പരീക്ഷയില്‍ ക്രമക്കേടെന്ന് ആരോപണം. റൂള്‍ വ്യവസ്ഥ ലംഘിച്ച് രണ്ട് തവണയായി പി എസ് സി പരീക്ഷ നടത്തി. റൂള്‍ പ്രകാരമുള്ള അനുപാതം തെറ്റിക്കുകയും ചെയ്തു. പുതിയ ഉദ്യോഗാര്‍ത്ഥികളെ തിരുകി കയറ്റാനുള്ള നീക്കമാണിതെന്നാണ് ആരോപണം.



◾  പി എസ് സി ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് തിടുക്കത്തില്‍ കേസെടുത്തേക്കില്ല. പ്രാഥമിക അന്വേഷണത്തിനു ഫയലുകള്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് പിഎസ്സിക്ക് കത്തു നല്‍കും. പിഎസ്സി ഫയലുകള്‍ വിട്ടുനല്‍കിയില്ലെങ്കില്‍ നിയമയുദ്ധത്തിലേക്കു നീങ്ങിയേക്കും.

◾  സംസ്ഥാന പൊലീസിന്റെ ഓണ്‍ലൈന്‍ ഫയല്‍ നീക്കത്തിനായുള്ള 'അയാപ്സ്' സോഫ്‌റ്റ്വെയറിന് നേരെ മാല്‍വെയര്‍ ആക്രമണ ശ്രമം. സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് വെബ്സൈറ്റിന്റെ പ്രവര്‍ത്തനം അല്‍പ്പസമയത്തേക്ക് തടസ്സപ്പെട്ടെങ്കിലും ഉദ്യോഗസ്ഥര്‍ പ്രശ്നം പരിഹരിച്ച് സേവനം പുനഃസ്ഥാപിച്ചു.

◾  കൂട്ടപ്പിരിച്ചുവിടലിനെതിരേ ഇടപെടാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് ഹൈക്കോടതി. തൊഴില്‍ വകുപ്പ് ഇടപെടലിനെതിരെ ഹൈക്കോടതിയെ സമീപിച്ച യുഎസ് കമ്പനി കോറോ ഹെല്‍ത്ത് കമ്പനിയുടെ ഹര്‍ജിയിലാണ് കോടതി ഇങ്ങനെ നിരീക്ഷിച്ചത്. 800 പേരുടെ ജോലി നഷ്ടപ്പെടുന്ന വിഷയത്തില്‍ സര്‍ക്കാര്‍ നാളെ വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കണമെന്നും കമ്പനി അധികൃതര്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.  

◾  കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതിക്കേസിലെ പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് തയ്യാറാക്കിയതില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്നും തന്റെ കൈകള്‍ ശുദ്ധമാണെന്നും ഐ.എന്‍.ടി.യു.സി. സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍. കോടതിക്ക് എന്തും പറയാമെന്നും അതിനെ ചോദ്യം ചെയ്യാന്‍ താനില്ലെന്നും അദ്ദേഹം പറഞ്ഞു.



◾  തിരുവനന്തപുരം വാഴോട്ടുകോണം കൗണ്‍സിലര്‍ സുഗതന് സത്യപ്രതിജ്ഞ ചെയ്യാന്‍ ഇടക്കാല ജാമ്യം. നെടുമങ്ങാട് രണ്ടാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. ജൂലൈ 13ന് വൈകിട്ട് അഞ്ച് മുതല്‍ ജൂലൈ 14 രാത്രി 9 വരെയാണ് സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിച്ച സമയം.

◾  കലാമണ്ഡലത്തിലെ താല്‍ക്കാലിക  അധ്യാപക നിയമനത്തിനായുള്ള അഭിമുഖം നടത്താന്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ്. സാംസ്‌കാരിക വകുപ്പിന്റെ അനുമതിയില്ലാതെ കലാമണ്ഡലത്തില്‍ താല്‍ക്കാലിക അധ്യാപക നിയമനങ്ങള്‍ നടക്കുന്നു എന്നാണ് കോണ്‍ഗ്രസിന്റെ പരാതി.

◾  പെരുമ്പാവൂരില്‍ ലഹരി വില്‍പന ആരോപിച്ച് ആള്‍ക്കൂട്ട വിചാരണ. മൂന്ന് യുവാക്കളെ തടഞ്ഞുനിര്‍ത്തി തലമുണ്ഡനം ചെയ്തതായി പരാതി. ബുധനാഴ്ച വൈകിട്ട് നാലരയോടെ ആയിരുന്നു സംഭവം. വാഴക്കുളം മഞ്ഞപ്പെട്ടി സ്വദേശികളാണ് പെരുമ്പാവൂര്‍ പോലീസില്‍ പരാതി നല്‍കിയത്.

◾  ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കെതിരെ സമൂഹ മാധ്യമത്തില്‍ ദുഷ്പ്രചാരണം നടത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകനായ മണ്ണാറശാല സ്വദേശി അനില്‍കുമാറിനെതിരെ ഹരിപ്പാട് പോലീസ് കേസെടുത്തു. ഒരു വാര്‍ത്താ മാധ്യമത്തിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ വന്ന വാര്‍ത്തയ്ക്ക് താഴെ കമന്റിട്ടതിനാണു നടപടി.

◾  ഉസ്ബക്കിസ്ഥാനില്‍ കൊല്ലപ്പെട്ട മലയാളി വിദ്യാര്‍ത്ഥിനി സാവരിയയുടെ ശരീരത്തിലുടനീളം മര്‍ദനമേറ്റ മുറിവുകളും പാടുകളുമെന്ന് കുടുംബം. അറസ്റ്റിലായ മലപ്പുറം പുലാമന്തോള്‍ സ്വദേശി സദറുള്‍ അനമിനെതിരെ ഗുരുതര ആരോപണങ്ങളാണ് കുടുംബം ഉന്നയിക്കുന്നത്. യുവതിയെ മതപരിവര്‍ത്തനത്തിന് യുവാവ് നിരന്തരം പ്രേരിപ്പിച്ചിട്ടും പെണ്‍കുട്ടി അതിന് തയ്യാറായില്ലെന്ന് ബന്ധു പറയുന്നു.

◾  ഫുട്ബോള്‍ ലോകകപ്പ് വിജയത്തിന്റെ ആഹ്ലാദപ്രകടനത്തിനിടെ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു. കൊല്ലം കരിക്കോട് ടി.കെ.എം. കോളേജ് ജംഗ്ഷന് സമീപം ചൊവ്വാഴ്ച രാത്രിയാണ് സംഭവം. കിളികൊല്ലൂര്‍ സ്വദേശി അഭിലാഷിന്റെ ഉടമസ്ഥതയിലുള്ള ബൈക്കാണ് പൂര്‍ണ്ണമായും കത്തി നശിച്ചത്.

◾  അനന്തപുരിയിലെ ചാല കമ്പോളത്തില്‍ ഒരു നൂറ്റാണ്ടോളം തലയുയര്‍ത്തി നിന്ന പ്രശസ്ത വ്യാപാര സ്ഥാപനം 'എംആര്‍ടി മെറ്റല്‍ മാര്‍ട്ട്' പൂട്ടി. ഉടമസ്ഥരായ സഹോദരങ്ങള്‍ തമ്മില്‍ നിലനിന്ന കുടുംബതര്‍ക്കങ്ങള്‍ക്കൊടുവില്‍, ഹൈക്കോടതി വിധിപ്രകാരമാണ് അധികൃതര്‍ കട പൂട്ടി സീല്‍ ചെയ്തത്.

◾  അയോധ്യ രാമക്ഷേത്ര സംഭാവനക്കൊള്ളക്കേസില്‍ അവിനാഷ് ശുക്ല ഒന്നാംപ്രതിയെന്ന് പ്രത്യേക അന്വേഷണ സംഘം. 40 ദിവസത്തെ സി.സി.ടി.വി. ദൃശ്യങ്ങളില്‍ 70 തവണയായി ഇയാളും കൂട്ടാളികളും ചേര്‍ന്ന് പണം മോഷ്ടിച്ച് ഒളിപ്പിക്കുന്നത് കണ്ടെത്തി. ഇതേസമയം, രാമക്ഷേത്ര ട്രസ്റ്റ് മുന്‍ അംഗം അനില്‍ മിശ്രയ്‌ക്കെതിരേ വിശ്വഹിന്ദു പരിഷത്ത് ഉപാധ്യക്ഷനും ട്രസ്റ്റ് മുന്‍ ജനറല്‍ സെക്രട്ടറിയമായ ചമ്പത് റായി ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചു. അനില്‍ മിശ്ര സ്വന്തം നിലയ്ക്ക് 'സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയര്‍' തയ്യാറാക്കിയെന്നാണ് ആരോപണം.

◾  ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലെ പ്രശസ്തമായ 'മാ ബഗലാമുഖി' ക്ഷേത്രത്തിലും കോടികളുടെ സാമ്പത്തിക ക്രമക്കേട് ആരോപണം ഉയര്‍ന്നു.

◾  മഹാരാഷ്ട്ര റായ്ഗഡില്‍ വെള്ളപ്പൊക്കത്തില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ പ്ലാന്റില്‍ വെള്ളം കയറി മൂവായിരത്തോളം ഗ്യാസ് സിലിണ്ടറുകള്‍ പുഴയിലൂടെ ഒഴുകിപ്പോയി. പ്ലാന്റില്‍ സൂക്ഷിച്ചിരുന്ന സിലിണ്ടറുകള്‍ പാതാള്‍ഗംഗ പുഴയിലേക്കും അടുത്തുള്ള കായലിലേക്കും ഒഴുകിപ്പോയി.

◾  പശ്ചിമ ബംഗാളില്‍ നിര്‍മ്മാണത്തിലിരുന്ന ക്രൈസ്തവ ദേവാലയത്തിന് നേരെ ആള്‍ക്കൂട്ട ആക്രമണം. കൊല്‍ക്കത്തയില്‍ നിന്നു 30 കിലോമീറ്റര്‍ അകലെ സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ സോനാര്‍പൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള സുഭാഷ്ഗ്രാമിലാണ് സംഭവം.  

◾  ഇന്ത്യയില്‍ 2800 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ച് ഓസ്‌ട്രേലിയയിലെ ജീവനക്കാരുടെ പെന്‍ഷന്‍ ഫണ്ട് കൈകാര്യം ചെയ്യുന്ന ഓസ്‌ട്രേലിയന്‍ സൂപ്പര്‍ കമ്പനി. ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അവിടുത്തെ മുന്‍നിര വ്യവസായികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ പ്രഖ്യാപനമുണ്ടായത്.

◾  പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്നതിനിടെ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഇറാന്റെ ആക്രമണം. ബഹ്റൈന്‍, കുവൈത്ത്, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ പുലര്‍ച്ചെ മുതല്‍ വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങി. ഇന്ന് പുലര്‍ച്ചെയുണ്ടായ വ്യോമാക്രമണ ഭീഷണിയെ തുടര്‍ന്ന് ബഹ്റൈനില്‍ രണ്ട് തവണയാണ് അപായ സൈറണുകള്‍ മുഴങ്ങിയത്. .  

◾  ഷാര്‍ജയില്‍ നിന്നും പാകിസ്താനിലെ കറാച്ചിയിലേക്ക് പറക്കുന്നതിനിടെ കാണാതായ സ്വകാര്യ ചരക്കുവിമാനം അറബിക്കടലില്‍ തകര്‍ന്നുവീണതെന്ന് സ്ഥിരീകരിച്ചു. അപകടം നടന്ന് 12 മണിക്കൂറിന് ശേഷം ഒര്‍മാര തുറമുഖത്തിന് തെക്ക് 53 നോട്ടിക്കല്‍ മൈല്‍ അകലെ ആഴക്കടലില്‍ നിന്ന് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തി.

◾  ഖാലിസ്താന്‍ തീവ്രവാദി ഹര്‍ദീപ് സിംഗ് നിജ്ജാറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന മാഫിയ തലവന്‍ ലോറന്‍സ് ബിഷ്ണോയിയെ കൈമാറണമെന്ന അമേരിക്കയുടെ ആവശ്യം നിയമപരമായി പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍.

◾  ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് അര്‍ധരാത്രിയോടെ തുടക്കമാവും. ബോസ്റ്റണിലെ ജിലറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ കഴിഞ്ഞ തവണത്തെ റണ്ണേഴ്സ് അപ്പായ ഫ്രാന്‍സ്, ആഫ്രിക്കന്‍ കരുത്തരായ മൊറോക്കോയെ നേരിടും.

◾  പശ്ചിമേഷ്യന്‍ യുദ്ധത്തെത്തുടര്‍ന്നുണ്ടായ ഇന്ധന പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍, 2026ലെ ആഗോള സാമ്പത്തിക വളര്‍ച്ചാ നിരക്ക് വീണ്ടും വെട്ടിക്കുറച്ച് അന്താരാഷ്ട്ര നാണയ നിധി. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് ആഗോള വളര്‍ച്ചാ പ്രവചനം താഴ്ത്തുന്നത്. പുതിയ റിപ്പോര്‍ട്ട് പ്രകാരം 2026ല്‍ ആഗോള സമ്പദ്വ്യവസ്ഥ 3 ശതമാനം മാത്രമായിരിക്കും വളര്‍ച്ച കൈവരിക്കുക. കഴിഞ്ഞ ഏപ്രിലില്‍ പ്രവചിച്ച 3.1 ശതമാനത്തില്‍ നിന്നാണ് ഈ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. എ.ഐ മേഖലയിലുണ്ടായ വന്‍ ഡിമാന്‍ഡാണ് സമ്പദ്വ്യവസ്ഥയെ കൂടുതല്‍ തകര്‍ച്ചയില്‍ നിന്ന് തടഞ്ഞുനിര്‍ത്തിയതെന്നും ഐ.എം.എഫ് വിലയിരുത്തുന്നു. 2026ല്‍ നേരിയ മന്ദഗതി നേരിടുമെങ്കിലും 2027ഓടെ ആഗോള വളര്‍ച്ച 3.4 ശതമാനത്തിലേക്ക് തിരിച്ചെത്തും. എങ്കിലും ഇത് 2024-25 വര്‍ഷങ്ങളിലെ ശരാശരി വളര്‍ച്ചാ നിരക്കായ 3.5 ശതമാനത്തേക്കാള്‍ കുറവായിരിക്കും. അതേസമയം, ആഗോള പണപ്പെരുപ്പം ഈ വര്‍ഷം 4.7 ശതമാനമായി ഉയരും. 2025ല്‍ 4.1 ശതമാനമായിരുന്ന ഇത് 2027 ആകുമ്പോഴേക്കും 3.9 ശതമാനമായി കുറയാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

◾  സാന്‍ ഫ്രാന്‍സിസ്‌കോയിലെ അപ്ലൈഡ് എഐ ടീമില്‍ നിയമിക്കാന്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്കിങ് വിദഗ്ധനെത്തേടി നിര്‍മിതബുദ്ധി കമ്പനിയായ ഓപ്പണ്‍എഐ. പ്രതിമാസം 1,85,000 മുതല്‍ 2,05,000 ഡോളര്‍ വരെ (ഏകദേശം 1.7 കോടി മുതല്‍ 1.9 കോടി രൂപ വരെ) ശമ്പളവും ഓഹരികളുമാണ് പ്രതിഫലമായി വാഗ്ദാനം ചെയ്യുന്നത്. എഐ സിസ്റ്റങ്ങളെ പരിശീലിപ്പിക്കുകയാണ് വിദഗ്ധന്‍ ചെയ്യേണ്ടത്. പരിശീലനം നേടുന്ന എഐ സംവിധാനങ്ങള്‍ തുടര്‍ന്ന് ഇന്‍വെസ്റ്റ്മെന്റ് ബാങ്കര്‍മാര്‍ ചെയ്യുന്ന പ്രതിദിന ജോലികള്‍ ഏറ്റെടുക്കും. കമ്പനി - ഇന്‍ഡസ്ട്രി റിസര്‍ച്ച്, ഫിനാന്‍ഷ്യല്‍ അനാലിസിസ്, വാല്യുവേഷന്‍, ഡീല്‍ എക്‌സിക്യൂഷന്‍, ക്ലയിന്റ് പ്രസന്റേഷനുകള്‍ എന്നിവയില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ ഇന്‍വെസ്റ്റ്മെന്റ് ബാങ്കിങ് പരിചയമുള്ള ആളെയാണ് ഓപ്പണ്‍എഐ തേടുന്നത്. എഐ സൃഷ്ടിക്കുന്ന ഔട്ട്പുട്ടുകള്‍ പരിശോധിക്കുക, എഐ നന്നായി പ്രവര്‍ത്തിക്കുന്ന മേഖലകള്‍ കണ്ടെത്തുക, ബാങ്കിങ് പ്രൊഫഷണലുകള്‍ നേരിടുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ടൂളുകള്‍ നിര്‍മ്മിക്കാന്‍ കമ്പനിയുടെ ടീമുകളെ സഹായിക്കുക എന്നിവ വിദഗ്ധന്റെ ചുമതലകളില്‍പ്പെടുന്നു.

◾  'കുറിവരച്ചാലും കുരിശുവരച്ചാലും...' മതനിരപേക്ഷതയുടെ കൊടിയടയാളങ്ങളിലൊന്നായി ഈ പാട്ടുമാറിയപ്പോഴും നിയമക്കുരുക്കിലകപ്പെട്ട് ഇരുട്ടില്‍വീണുപോയ 'മൗനം' സിനിമ 15 വര്‍ഷത്തിനുശേഷം വീണ്ടും പ്രദര്‍ശനത്തിനെത്തുന്നു. സിനിമയ്ക്കുവേണ്ടി വീട് നഷ്ടപ്പെടുത്തിയ ശേഷം അതിനടുത്തുള്ള ഒറ്റമുറിയിലിരുന്ന് സംവിധായകന്‍ സുരേഷ് മച്ചാട് നടത്തിയ ശ്രമമാണ് ഫലം കാണുന്നത്. 2011-ല്‍ ചിത്രീകരിച്ച സിനിമ രണ്ടാംവരവിനായി ഡിജിറ്റിലാക്കിക്കഴിഞ്ഞു. ഇതിനുള്ള പത്തുലക്ഷത്തോളം രൂപ മുടക്കാന്‍ സിയോണ്‍ ഷാജു എന്ന വ്യക്തി തയ്യാറായതോടെയാണ് മൗനത്തിന് പുതുവഴിയൊരുങ്ങിയത്. യേശുദാസിന്റെ പ്രിയഗാനത്തിന്റെ വരികളും ഈണവും എം.ഡി. രാജേന്ദ്രന്റേതാണ്. മാടമ്പ് കുഞ്ഞുകുട്ടന്റെ 'കോളനി' എന്ന നോവലിനെ അടിസ്ഥാനമാക്കി അദ്ദേഹം തന്നെയാണ് തിരക്കഥ തയ്യാറാക്കിയിരുന്നത്. സൈജു കുറുപ്പാണ് നായകന്‍. തിലകന്‍, മാടമ്പ്, മുല്ലനേഴി, ഇന്നസെന്റ്, സലിംകുമാര്‍, ശിവജി ഗുരുവായൂര്‍ തുടങ്ങിയവരും ഇതിലുണ്ട്.

◾  അഭിലാഷ് ആര്‍ നായര്‍ സംവിധാനം നിര്‍വഹിച്ച 'ഡോസ്' ഒടിടി റീലിസിസിന് എത്തുന്നു. മെയ് മാസത്തില്‍ തീയേറ്ററുകളില്‍ എത്തിയ ഡോസ് ഒരു മെഡിക്കല്‍ ത്രില്ലര്‍ സിനിമയാണ്. ജൂലൈ 10ന് നാല് ഭാഷകളില്‍ ചിത്രം ഒടിടിയില്‍ എത്തും. ആമസോണ്‍ പ്രൈം, മനോരമ മാക്സ്, സിംപ്ലി സൗത്ത്, എപി ഇന്റര്‍നാഷണല്‍ സൗത്ത് സിനിമാസ്, ലയണ്‍സ്‌ഗേറ്റ് പ്ലേ, ആഹാ എന്നീ ഒടിടി പ്ലാറ്റുഫോമുകളില്‍ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ആണ് ചിത്രം സ്ട്രീം ചെയ്യുക. ഒരു ആശുപത്രിയുടെ പശ്ചാത്തലത്തില്‍ നടക്കുന്ന ക്രൈമും അതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണങ്ങളും നിഗൂഢതകളുമാണ് ഡോസ് കൈകാര്യം ചെയ്യുന്നത്. സിജു വില്‍സണ്‍, ദൃശ്യ രഘുനാഥ്, ജഗദിഷ് , അശ്വിന്‍ കുമാര്‍ തുടങ്ങിയരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.

◾  എക്സഇവി 9ഇ സിനിലക്സ് എഡിഷനായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പുതിയ സാറ്റിന്‍ ഡെസേര്‍ട്ട് മിസ്റ്റ് എന്ന എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷന്‍ അവതരിപ്പിച്ചു 2026 മാര്‍ച്ചില്‍ അവതരിപ്പിച്ചു. സാറ്റിന്‍ ബ്ലാക്ക്, സാറ്റിന്‍ വൈറ്റ് ഫിനിഷുകള്‍ക്കൊപ്പം ഏറ്റവും പുതിയ പെയിന്റ് ഷേഡും ഇപ്പോള്‍ സിനിലക്സ് ലൈനപ്പില്‍ നിര്‍മ്മാതാക്കള്‍ ചേര്‍ത്തിട്ടുണ്ട്. ഇതിന്റെ എക്സ്-ഷോറൂം വില ഇപ്പോഴും 29.35 ലക്ഷം രൂപയാണ്. എക്സഇവി 9ഇ സിനിലക്സ് എഡിഷന്‍ 79 കിലോവാട്ട്അവര്‍ ലിഥിയം-അയണ്‍ ബാറ്ററി പായ്ക്കും പൂര്‍ണ്ണമായും ലോഡ് ചെയ്ത പാക്ക് ത്രീ ട്രിമ്മും മാത്രമായി വാഗ്ദാനം ചെയ്യുന്നു. 286 ബിഎച്പി പരമാവധി കരുത്തും 380 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന റിയര്‍ മൗണ്ടഡ് ഇലക്ട്രിക് മോട്ടോറും പതിപ്പില്‍ നിലനിര്‍ത്തിയിട്ടുണ്ട്. പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത 7.45 സെക്കന്‍ഡില്‍ കൈവരിക്കാന്‍ ഇതിനാവും. സിനിലക്സ് എഡിഷനില്‍ നല്‍കിയിരിക്കുന്ന സ്റ്റാന്‍ഡേര്‍ഡ് ചാര്‍ജര്‍ മഹീന്ദ്ര വ്യക്തമാക്കിയിട്ടില്ല.

◾  മഹാഭാരതത്തിലെ വീരനായകന്‍ കര്‍ണ്ണന്റെ കഥ പല നോവലുകള്‍ക്കും വിഷയമായിട്ടുണ്ട്. എന്നാല്‍ ഭാവന ചോര്‍ത്തിക്കളഞ്ഞ് യുക്തിയുടെ പക്ഷത്തുനിന്ന് ഹൃദയത്തിന്റെ ഭാഷയില്‍ ആഖ്യാനം ചെയ്യുന്ന കൃതിയാണിത്. രാധയുടെ പുത്രന്‍ കര്‍ണ്ണനെ മഹാഭാരത കഥയുടെ നിര്‍ണ്ണായക മുഹൂര്‍ത്തങ്ങളില്‍ കൊണ്ടുനിര്‍ത്തി വായനക്കാര്‍ക്ക് ചിന്തിക്കാന്‍ വഴിയൊരുക്കുന്ന കൃതിയാണിത്. ധര്‍മ്മാധര്‍മ്മ വിവേചനങ്ങള്‍ ശരിയായ വിധത്തില്‍ അപഗ്രഥിക്കുമ്പോഴും നീതിയുടെ കൊടിക്കൂറ ഉയര്‍ത്തിക്കെട്ടുന്ന ഈ നോവല്‍ കര്‍ണ്ണനെപ്പറ്റി എഴുതപ്പെട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും പുതുമ അവകാശപ്പെടുന്ന കൃതിയാണ്. 'രാധേയ കര്‍ണ്ണന്‍'. എസ് ശങ്കര്‍. പരിധി പബ്ളിക്കേഷന്‍സ്. വില 361 രൂപ.

◾  മഴക്കാലമായതോടെ ഇന്‍ഫ്ലുവന്‍സ ബാധിക്കുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഇന്‍ഫ്ലുവന്‍സ വൈറസ് മൂലമുണ്ടാകുന്ന ഒരു പകര്‍ച്ചവ്യാധിയാണിത്. മൂക്ക്, തൊണ്ട, ശ്വാസകോശം എന്നിവയെ ബാധിക്കുന്ന ഇന്‍ഫ്ലുവന്‍സ വൈറസുകള്‍ മൂലമാണ് പനി ഉണ്ടാകുന്നത്. പനിക്കു പുറമെ തലവേദന, തൊണ്ടവേദന, ശരീരവേദന, ഛര്‍ദ്ദി, എന്നിവയാണ് പലരിലും ലക്ഷണങ്ങള്‍. മിക്ക ആളുകളും ഇന്‍ഫ്ലുവന്‍സയില്‍ നിന്ന് 5 മുതല്‍ 7 ദിവസത്തിനുള്ളില്‍ സുഖം പ്രാപിക്കും. എന്നിരുന്നാലും ക്ഷീണവും നേരിയ ചുമയും രണ്ടാഴ്ച വരെ നീണ്ടുനില്‍ക്കും. ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവര്‍ ചികിത്സതേടുകയും വിശ്രമം എടുക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. രോഗം തടയുന്നതിനായി വര്‍ഷം തോറും ഇന്‍ഫ്ലുവന്‍സ വാക്സിനേഷന്‍ എടുക്കുന്നത് ഏറ്റവും ഉചിതമാണ്. അണുബാധയുടെ തീവ്രത കുറയ്ക്കുന്നതിനു ഇത് ഉപകരിക്കും. രോഗ പ്രതിരോധ ശേഷി കുറഞ്ഞവരിലും ഇന്‍ഫ്ലുവന്‍സ ഗുരതരമായി ബാധിക്കാറുണ്ട്. ന്യുമോണിയ, ബ്രോങ്കൈറ്റിസ്, ആസ്ത്മ ആക്രമണം, ഹൃദയ പ്രശ്നങ്ങള്‍, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിന്‍ഡ്രോം തുടങ്ങിയവ  ഇന്‍ഫ്ലുവന്‍സയുടെ സങ്കീര്‍ണതകളാകാറുണ്ട്. രോഗലക്ഷണങ്ങള്‍ ആരംഭിച്ച് ആദ്യത്തെ 48 മണിക്കൂറിനുള്ളില്‍ മരുന്നുകള്‍ കഴിച്ചാല്‍ രോഗലക്ഷണങ്ങളുടെ ദൈര്‍ഘ്യം കുറയ്ക്കാനും സങ്കീര്‍ണതകള്‍ തടയാനും സഹായിക്കും. രോഗം ബാധിച്ചവര്‍ക്കു വിശ്രമവും അനിവാര്യമാണ്. ചെറുചൂടുവെള്ളം ധാരാളമായി കുടിക്കണം. ലഘുവായതും പോഷകസമൃദ്ധവുമായ ഭക്ഷണം കഴിക്കുന്നതും ഇലക്ട്രോലൈറ്റ് ബാലന്‍സ് നിലനിര്‍ത്തുന്നതിനു സഹായിക്കും. മതിയായ ഉറക്കവും വേണം.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 95.35, പൗണ്ട് - 127.94, യൂറോ - 109.01, സ്വിസ് ഫ്രാങ്ക് - 118.29, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 66.16, ബഹറിന്‍ ദിനാര്‍ - 253.47, കുവൈത്ത് ദിനാര്‍ -307.83, ഒമാനി റിയാല്‍ - 247.97, സൗദി റിയാല്‍ - 25.39, യു.എ.ഇ ദിര്‍ഹം - 26.03, ഖത്തര്‍ റിയാല്‍ - 26.26, കനേഡിയന്‍ ഡോളര്‍ - 67.23.
Previous Post Next Post
3/TECH/col-right