2026 | ജൂലൈ 7, ചൊവ്വ
1201 | മിഥുനം 23, ഉത്രട്ടാതി
◾ വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ മണ്ണിടിഞ്ഞ് മൂന്നു പേര്‍ മരിച്ചു. കള്ളാടിയില്‍ മീനാക്ഷി പാലത്തിന് സമീപമാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. തുരങ്ക നിര്‍മാണത്തിനു മേല്‍നോട്ടം വഹിച്ച എന്‍ജിനിയിര്‍ അടക്കം എട്ടു പേരെ കണ്ടെത്താന്‍ തെരച്ചില്‍. ആറു തൊഴിലാളികളെ വിംസ് ആശുപപത്രിയില്‍ എത്തിച്ചു. വീടും പള്ളിയും പൂര്‍ണമായും തകര്‍ന്നു. ബസ് സ്റ്റോപ്പും പാലവും മണ്ണിനടിയിലായി. വാഹനങ്ങളും മണ്ണിനടിയിലായി. രണ്ടാഴ്ച മുന്‍പ് ഇവിടെ മണ്ണടിച്ചിലുണ്ടായപ്പോള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവക്കാന്‍ കളക്ടര്‍ ഉത്തരവിട്ടിരുന്നു. മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് വീണ്ടും കനത്ത മഴ. പ്രദേശത്തെ ആളുകളെ മാറ്റി. വയനാട്, കോഴിക്കോട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
◾ വയനാട് മേപ്പാടി തുരങ്കപാതയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചിലിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. മീനാക്ഷിപ്പാലത്തിന് സമീപത്തുനിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മണ്ണിടിഞ്ഞ് ശക്തമായി താഴേയ്ക്ക് പതിക്കുന്നതിന്റെയും അതിന്റെ ആഘാതത്തില്‍ പാലം കടന്ന് മണ്ണും വെള്ളവും കുതിച്ചുവരുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്. പാലത്തിന് സമീപത്തുള്ള കടയില്‍നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. അപകടത്തിന്റെ രൂക്ഷത വെളിവാക്കുന്നതാണ് ഞെട്ടിക്കുന്ന ഈ ദൃശ്യങ്ങള്‍. മേഖലയില്‍ തുരങ്കപാത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിവന്ന കമ്പനിയിലെ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടവരിലേറെയും. പതിനാറോളം തൊഴിലാളികളെ കാണാനില്ലെന്നാണ് വിവരം. എന്നാല്‍ 18 ഓളം പേര്‍ മണ്ണിനടിയില്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂപ്പര്‍വൈസര്‍മാരില്‍ നിന്ന് ലഭിക്കുന്ന സൂചന.
◾ വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയിലെ മണ്ണിടിച്ചില്‍ മനുഷ്യനിര്‍മിത ദുരന്തമെന്ന് മന്ത്രി ടി സിദ്ദിഖ്. തുരങ്കപാത നിര്‍മാണത്തിന് അശാസ്ത്രീയമായി കൂട്ടിയിട്ടിരുന്ന മണ്ണ് മഴവെള്ളത്തില്‍ ഒലിച്ചിറങ്ങിയതാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയതെന്ന് മന്ത്രി ടി സിദ്ദിഖ് പറഞ്ഞു.
◾ മണ്ണിടിച്ചിലിന്റെ ഉത്തരവാദിത്തം തുരങ്ക നിര്‍മാണ കമ്പനിയായ കൊങ്കണ്‍ റെയില്‍വേക്കെന്ന് പൊതുമരാമത്ത് മന്ത്രി പി കെ ബഷീര്‍. നിര്‍മാണം നടക്കുന്നിടത്ത് അശാസ്ത്രീയമായി കൂട്ടിയിട്ട മണ്ണ് നീക്കം ചെയ്യണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നതായും മന്ത്രി ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ദുരന്ത സാധ്യതയുണ്ടെന്നു മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് പൊതുമരാമത്ത് വകുപ്പും വെളിപെടുത്തി. പിഡബ്ല്യുഡി ജൂണ്‍ 25ന് ചേര്‍ന്ന അവലോകന യോഗത്തില്‍ ഇതു സംബന്ധിച്ചു മുന്നറിയിപ്പു നല്‍കി. ഇതിന്റെ മിനുട്ട്സ് പിഡബ്ല്യുഡി പുറത്തുവിട്ടു.
◾ പി എസ് സി നടത്തിയ പരീക്ഷകള്‍ക്കും നിയമനങ്ങള്‍ക്കുമെതിരെ ഉയര്‍ന്ന ആക്ഷേപങ്ങള്‍ യുഡിഎഫ് സര്‍ക്കാര്‍ വിശദമായി പരിശോധിക്കും. പത്തു വര്‍ഷത്തെ നിയമനത്തട്ടിപ്പുകളെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്താനാണ് ആലോചന. ഇക്കാര്യത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം തേടിയിരിക്കുകയാണ് സര്‍ക്കാര്‍.
◾ ബജറ്റില്‍ പ്രഖ്യാപിച്ച ജ്വല്ലറി പാര്‍ക്ക് ഈ വര്‍ഷംതന്നെ തുടങ്ങുമെന്നും എറണാകുളം മുതല്‍ തൃശൂര്‍ വരെയുള്ള പ്രദേശത്തെ ഗോള്‍ഡ് ഹബ്ബാക്കി മാറ്റുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്‍. കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ സംസ്ഥാന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
◾ പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് നടത്തി മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ സിപിഎം പാളയം ലോക്കല്‍ സെക്രട്ടറി ഐ.പി.ബിനു ഉള്‍പ്പെടെ 10 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി.
◾ വിദ്യാര്‍ത്ഥികളുടെ സൗജന്യയാത്രാ നിരക്ക് വര്‍ധിപ്പിക്കുന്നത് ശരിയല്ലെന്ന് മന്ത്രി സി പി ജോണ്‍. വയനാട്ടിലെ സ്വകാര്യ ബസ് ഉടമകള്‍ വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത് അംഗീകരിക്കാനാവില്ല. വിദ്യാര്‍ത്ഥി സംഘടനകളോടെല്ലാം ആലോചിച്ചു മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാവൂ എന്ന് മന്ത്രി വ്യക്തമാക്കി.
◾ ജവാന്‍ റം ഉല്‍പ്പാദനം നിര്‍ത്തി വെച്ചത് വിവാദമായ സാഹചര്യത്തില്‍ വിപുലമായ അന്വേഷണത്തിന് തീരുമാനം. നികുതി, എക്സൈസ് വകുപ്പുകളിലെ നാല് ഉദ്യോഗസ്ഥര്‍ അടങ്ങിയ സമിതി അന്വേഷിക്കും.
◾ പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ തിരോധനവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നഴ്‌സിന്റെ മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്. കൊല്‍ക്കത്തയില്‍ സുകുമാര കുറുപ്പിനെ കണ്ടതായി പൊലീസിനെ അറിയിച്ച രത്‌നമ്മ എന്ന നഴ്‌സിന്റെ മൊഴി വീണ്ടും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. സുകുമാര കുറുപ്പ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നുവെന്നാണ് മൊഴി. തെളിയിക്കപ്പെടാതെ കിടക്കുന്ന കേസുകളുടെ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായാണ് കുറുപ്പിന്റെ അന്വേഷണം.
◾ ഹൈക്കോടതി അഭിഭാഷകരുടെ പട്ടികയില്‍ ഇനിയും അനര്‍ഹരുണ്ടെന്നും അവരെ പുറത്താക്കിയില്ലെങ്കില്‍ പട്ടിക പുറത്തുവിടുമെന്നും ലോയേഴ്സ് കോണ്‍ഗ്രസ്. ഹൈക്കോടതിയില്‍ നിന്ന് ഇന്നലെ ഒരു സീനിയര്‍ അഭിഭാഷകന്‍ കൂടി രാജിവച്ചിരുന്നു. മുഖ്യമന്ത്രിക്ക് നിഷേധാത്മക നിലപാടാണെന്നും സംഘടന ആരോപിച്ചു.
◾ കെഎസ്ആര്‍ടിസിയിലെ സ്ത്രീകള്‍ക്കുള്ള പ്രിയദര്‍ശിനി സൗജന്യയാത്ര പദ്ധതി ബഹിഷ്‌കരിക്കണമെന്നു പറഞ്ഞവരെ ഇപ്പോള്‍ കാണാനില്ലെന്ന് ഗതാഗത മന്ത്രി സി പി ജോണ്‍. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പാര്‍ട്ടി പ്രവര്‍ത്തകരോടെല്ലാം പ്രിയദര്‍ശിനിയില്‍ കയറരുതെന്ന് പറഞ്ഞാല്‍ 35 ശതമാനം പേര്‍ കയറില്ലല്ലോയെന്നും സി പി ജോണ്‍ പരിഹസിച്ചു.
◾ സ്വകാര്യ ബസ് മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ മുഖ്യമന്ത്രിയുമായി ആലോചിച്ച് കമ്മിറ്റി രൂപീകരിക്കുമെന്ന് ഗതാഗതമന്ത്രി സി.പി. ജോണ്‍. സംസ്ഥാനത്ത് ഉണ്ടായിരുന്ന മുപ്പതിനായിരത്തിലധികം സ്വകാര്യ ബസ്സുകള്‍ ഇപ്പോള്‍ എണ്ണായിരമായി കുറഞ്ഞെന്നും പത്തു വര്‍ഷമായി സ്വകാര്യ ബസുടമകളുടെ പ്രശ്നങ്ങള്‍ ആരും കേട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
◾ പി.എസ്.സി ചെയര്‍മാനും അംഗങ്ങള്‍ക്കും നല്‍കുന്ന അതിഭീമമായ ശമ്പളം വെട്ടിക്കുറയ്ക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. പ്രധാനമന്ത്രി, മുഖ്യമന്ത്രി എന്നിവരേക്കാള്‍ ഉയര്‍ന്ന ശമ്പളമാണ് പി.എസ്.സി അംഗങ്ങള്‍ക്കു നല്‍കുന്നത്. പ്രധാനമന്ത്രിയ്ക്ക് 2.80 ലക്ഷം രൂപയും മുഖ്യമന്ത്രിക്ക് 1.85 ലക്ഷം രൂപയുമാണ് ശമ്പളം. ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്കില്‍ കുറിച്ചു.
◾ ജീവനക്കാരെ കൂട്ടപ്പിരിച്ചുവിടല്‍ നടത്തിയ കോറോ ഹെല്‍ത്ത് ഓഫീസ് ഇന്നും തുറന്നില്ല. ഹാജര്‍ രേഖപ്പെടുത്തുന്നുവെന്ന് ലേബര്‍ കമ്മീഷണര്‍ അറിയിച്ചു. വെളളിയാഴ്ച വരെ ഈ രീതി തുടരും.
◾ ഇന്‍ഷുറന്‍സുണ്ടായിട്ടും പൊലീസ് ജീപ്പിന് പിഴയിട്ട് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍. വടക്കാഞ്ചേരി പൊലീസിന്റെ നൈറ്റ് പട്രോളിങ് വാഹനത്തിനാണ് നാലായിരം രൂപ പിഴയിട്ടത്. പിറകേ എംവിഐ വാര്‍ത്താക്കുറിപ്പിറക്കി. പോലീസാകട്ടേ, വാഹനത്തിന്റെ ഇന്‍ഷൂറന്‍സ് രേഖ പുറത്തുവിടുകയും ചെയ്തു. എംവിഐ പി വി ബിജുവിനെതിരെ പരാതി നല്‍കുമെന്ന് പോലീസ്.
◾ തലശ്ശേരി മുഹമ്മദ് ഫസല്‍ വധക്കേസില്‍ കോടതിയില്‍ നിന്ന് കാണാതായ തൂവാല കണ്ടെത്തി. രക്തംപുരണ്ട തൂവാല കേസിലെ നിര്‍ണായക തെളിവായിരുന്നു. എറണാകുളം സിജെഎം കോടതിയില്‍ സൂക്ഷിച്ചിരുന്ന തൂവാല വിചാരണയ്ക്ക് മുന്‍പ് കാണാതായത് വിവാദമായിരുന്നു.
◾ കുട്ടമ്പുഴയില്‍ വീട്ടിലെ കിണറ്റില്‍ കാട്ടാന വീണു. പുലര്‍ച്ചെ അഞ്ചരമണിയോടെയാണ് കാട്ടാന കിണറ്റിനുള്ളില്‍ വീണത്. വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണിത്. ജെസിബിയുടെ സഹായത്തോടെ ആനയെ പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണു വനംവകുപ്പ്.
◾ വിഴിഞ്ഞം സ്വര്‍ണപ്പണയ തട്ടിപ്പില്‍ പ്രതിയായ സിന്ധുവിനെതിരെ ആറു കുടുംബങ്ങള്‍ കൂടി പരാതി നല്‍കി. സിന്ധു നേരത്തെ മൂന്നു കേസുകളില്‍ പ്രതിയെന്നും പൊലീസ് വ്യക്തമാക്കി. സിന്ധുവിനെ അടുത്തദിവസം കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യും.
◾ മലപ്പുറത്ത് പതിനെട്ടുകാരന്‍ ആത്മഹത്യ ചെയ്തു. നിലമ്പൂര്‍ വടപുറം സ്വദേശി ദീപക് ആണ് വീട്ടിലെ മുറിയില്‍ ആത്മഹത്യ ചെയ്തത്.
◾ ഉസ്ബക്കിസ്ഥാനില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ സഹപാഠി ലാപ് ടോപ് കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി. ഹരിപ്പാട് സ്വദേശി സാവരിയ (22) ആണ് കൊല്ലപ്പെട്ടത്. പെരിന്തല്‍മണ്ണ സ്വദേശിയായ സദറുള്‍ അനം അറസ്റ്റിലായി. അഫ്ഗാനിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും.
◾ കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിലെ കടമറ്റം പെരുവംമൂഴിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ കോളേജ് വിദ്യാര്‍ഥി മരിച്ചു. തൊടുപുഴ മടക്കത്താനം വാഴക്കുളം ശിവ നിവാസില്‍ എസ് രാഹുല്‍ (20) ആണ് മരിച്ചത്.
◾ അയോധ്യ ക്ഷേത്രക്കൊള്ളയില്‍ രാജിവച്ച മുന്‍ സെക്രട്ടറി ചമ്പത് റായിയുടെ പേര് ഒഴിവാക്കി പ്രത്യേക അന്വേഷണ സംഘം സര്‍ക്കാരിന് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കി. ട്രസ്റ്റ് നേതൃതലത്തില്‍ അനില്‍ മിശ്രയെ മാത്രമാണ് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നത്. ഇതേസമയം, പുതുതായി ചുമതലയേറ്റ താല്‍ക്കാലിക ജനറല്‍ സെക്രട്ടറി കൃഷ്ണമോഹന്റെ അയോധ്യയിലെ ഭൂമി ഇടപാടില്‍ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
◾ രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാന്‍ എണ്ണക്കമ്പനികള്‍. പാര്‍ലമെന്റ് സമ്മേളനം തുടങ്ങും മുന്‍പ് വില കുറച്ചേക്കും. അന്താരാഷ്ട്ര വിപണിയില്‍ വില കുറയുന്നതും സൗദി അറേബ്യ ക്രൂഡ് ഓയില്‍ വില കുറച്ചതുമാണ് അനുകൂലമാകുന്നത്.
◾ കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് സന്ദര്‍ശിച്ച് സര്‍ക്കാര്‍ ജോലി അടക്കമുള്ളവ നല്‍കുന്നതിനെതിരേ ഡിഎംകെ നേതാവ് ആര്‍ എസ് ഭാരതി നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കരൂര്‍ ദുരന്ത കേസിലെ സാക്ഷികളെ സ്വാധീനിക്കുന്നതു തടയണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. ഈ മാസം പത്തിന് വിജയ് കരൂര്‍ സന്ദര്‍ശിക്കുന്നുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് വിജയ് 20 ലക്ഷം രൂപവീതവും പരിക്കേറ്റവര്‍ക്ക് രണ്ടുലക്ഷം രൂപയും നല്‍കിയിരുന്നു. ഇപ്പോള്‍ കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്തതാണ് ഡിഎംകെയെ പ്രകോപിപ്പിച്ചത്.
◾ 15 ദിവസത്തെ അവധിക്കായി അടച്ച സ്‌കൂളില്‍ ഉറങ്ങിയതുമൂലം കുടുങ്ങിപ്പോയ വിദ്യാര്‍ത്ഥി വഴിയാത്രക്കാരന്റെ സഹായത്തോടെ രക്ഷപ്പെട്ടു. കിടന്നുറങ്ങിയ വിദ്യാര്‍ത്ഥിയെ ശ്രദ്ധിക്കാതെ സ്‌കൂള്‍ അടച്ച് പൂട്ടി സ്ഥലം വിട്ട ജീവനക്കാരെ കൂട്ടത്തോടെ സസ്പെന്‍ഡു ചെയ്തു. കശ്മീരിലെ റംപാന്‍ ജില്ലയിലെ ബനിഹാളിലെ സര്‍ക്കാര്‍ സ്‌കൂളില്‍ കഴിഞ്ഞ ആഴ്ചയാണ് സംഭവമുണ്ടായത്.
◾ കേന്ദ്രസര്‍ക്കാര്‍ എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ പദ്ധതിയുടെ അടുത്തഘട്ടത്തിലേക്ക് കടക്കുന്നതായി റിപ്പോര്‍ട്ട്. 2027-ഓടെ ഇ21 പെട്രോളും 2029-ഓടെ ഇ25 പെട്രോളും രാജ്യത്ത് അവതരിപ്പിക്കാനാണ് കേന്ദ്രത്തിന്റെ പദ്ധതിയെന്ന് ദേശീയമാധ്യമമായ ഇന്ത്യാടുഡേ റിപ്പോര്‍ട്ട്ചെയ്തു.
◾ ജമ്മു കശ്മീരില്‍ വന്‍ ആയുധശേഖരം പിടികൂടി. കുപ്വാര ജില്ലയിലെ കെരാന്‍ സെക്ടറില്‍ നടത്തിയ തെരച്ചിലിലാണ് ഭീകരരുടെ ഒളിത്താവളം കണ്ടെത്തി ആയുധങ്ങള്‍ പിടിച്ചെടുത്തത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു ഓപ്പറേഷന്‍ എന്ന് സൈന്യം.
◾ ഗാസയിലെ തങ്ങളുടെ താല്‍ക്കാലിക ഭരണസമിതി പിരിച്ചുവിട്ട ഹമാസ് നടപടിയെ സ്വാഗതം ചെയ്ത് ഐക്യരാഷ്ട്രസഭ. കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളമായി ഗാസ മുനമ്പ് ഭരിച്ചുപോന്നിരുന്ന തങ്ങളുടെ ഭരണസമിതിയാണു ഹമാസ് പിരിച്ചുവിട്ടത്.
◾ ഹോര്‍മുസ് കടലിടുക്കില്‍ ഒമാന്‍ തീരത്തിനു സമീപം എണ്ണക്കപ്പലിനുനേരേ മിസൈല്‍ ആക്രമണമെന്ന് റിപ്പോര്‍ട്ട്. ആക്രമണത്തെത്തുടര്‍ന്ന് കപ്പലിന് തീപ്പിടിച്ചു.
◾ ക്യൂബയില്‍ വൈദ്യുതി പൂര്‍ണ്ണമായി മുടങ്ങി. വൈദ്യുത വിതരണം നടത്തുന്ന ദേശീയ പവര്‍ ഗ്രിഡ് പൂര്‍ണ്ണമായും തകര്‍ന്നതായി ക്യൂബന്‍ ഊര്‍ജ്ജ മന്ത്രാലയം അറിയിച്ചു. ഇന്ധനക്കപ്പലുകള്‍ ക്യൂബയില്‍ എത്താതിരിക്കാന്‍ അമേരിക്ക ഏര്‍പ്പെടുത്തിയ ശക്തമായ ഉപരോധമാണ് പ്രതിസന്ധിക്ക് കാരണം.
◾ സിന്ധു നദിയിലെ വെള്ളത്തെ ആയുധമാക്കാന്‍ ഇന്ത്യ ശ്രമിച്ചാല്‍ എല്ലാ തലത്തിലും യുദ്ധം ചെയ്യാന്‍ പാകിസ്ഥാന്‍ സജ്ജമാണെന്ന് പാകിസ്ഥാന്‍ മുന്‍ വിദേശകാര്യ മന്ത്രിയും പീപ്പിള്‍സ് പാര്‍ട്ടി അധ്യക്ഷനുമായ ബിലാവല്‍ ഭൂട്ടോ സര്‍ദാരി.
◾ ഫിഫ ലോകകപ്പില്‍ സ്‌പെയിനിനോട് തോറ്റ് ക്വാര്‍ട്ടറില്‍ എത്താതെ പുറത്തായതിന് പിന്നാലെ പോര്‍ച്ചുഗല്‍ ദേശീയ ടീം പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനസ് രാജിവച്ചു.
◾ ഫിഫ ലോകകപ്പ് പ്രീ-ക്വാര്‍ട്ടറില്‍ ആതിഥേയരായ യു.എസ്.എ.യെ ഒന്നിനെതിരേ നാലു ഗോളുകള്‍ക്ക് തകര്‍ത്ത് ബെല്‍ജിയം ക്വാര്‍ട്ടറില്‍. ചാള്‍സ് ഡി കെറ്റലാരെയുടെ ഇരട്ട ഗോളുകളും, യു.എസ്. ഗോള്‍കീപ്പറുടെ പിഴവ് മുതലെടുത്ത് ഹാന്‍സ് വാനാകന്‍ നേടിയ ഗോളുമാണ് ബെല്‍ജിയത്തെ തുണച്ചത്. ഇന്‍ജുറി ടൈമില്‍ സൂപ്പര്‍ താരം റൊമേലു ലുക്കാക്കു നാലാമത്തെ ഗോള്‍ നേടിയപ്പോള്‍ യു.എസിനായി മാലിക് ടില്‍മാന്‍ ഫ്രീകിക്കിലൂടെ ഗോള്‍ നേടി. ക്വാര്‍ട്ടറില്‍ ബെല്‍ജിയം സ്‌പെയിനെയാണ് നേരിടുക
◾ ഫിഫ ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം കിരീടം ലക്ഷ്യമിടുന്ന അര്‍ജന്റീനയുടെ മെസിയും സംഘവും ഈജിപ്തിനെതിരേ ഇന്ന് പ്രീക്വാര്‍ട്ടറില്‍ ഇറങ്ങുന്നു. ഇന്ന് രാത്രി 9.30-നാണ് മത്സരം. നിലവില്‍ നാല് കളികളില്‍ നിന്ന് ഏഴ് ഗോളുകള്‍ നേടിയ മെസി തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലും ഗോള്‍ നേടി ടീമിനെ ക്വാര്‍ട്ടറിലേക്ക് നയിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
◾ പൊതുമേഖലാ സ്ഥാപനമായ കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ ഓഹരികള്‍ വില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ഷിപ്പ്യാര്‍ഡിന്റെ 5.04 ശതമാനം ഓഹരികള്‍ വില്‍ക്കുന്നതിലൂടെ ഏകദേശം 1,856 കോടി രൂപ സമാഹരിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ഒരു ഓഹരിക്ക് 1,400 രൂപയാണ് ഫ്‌ളോര്‍ പ്രൈസ് നിശ്ചയിച്ചിരിക്കുന്നത്. ചെറുകിട നിക്ഷേപകര്‍, യോഗ്യരായ ജീവനക്കാര്‍, റീട്ടെയില്‍ നിക്ഷേപകര്‍ എന്നിവര്‍ക്ക് നാളെ (ജൂലൈ 8) ഓഹരികള്‍ക്കായി അപേക്ഷിക്കാം. സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിലെ പ്രത്യേക വിന്‍ഡോ വഴി ഇതില്‍ പങ്കെടുക്കാം. ഒഎഫ്എസിന്റെ കുറഞ്ഞത് 25 ശതമാനം മ്യൂച്വല്‍ ഫണ്ടുകള്‍ക്കായും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും 10 ശതമാനം ഓഹരികള്‍ ചെറുകിട നിക്ഷേപകര്‍ക്കുമായി സംവരണം ചെയ്തിട്ടുള്ളതാണ്. രണ്ട് ഘട്ടങ്ങളായാണ് ഈ ഓഹരി വില്‍പന വിഭാവനം ചെയ്തിരിക്കുന്നത്. രണ്ട് ഓപ്ഷനുകളും പൂര്‍ണ്ണമായി വിനിയോഗിക്കപ്പെട്ടാല്‍ ആകെ 1.3 കോടി ഓഹരികള്‍ വിപണിയിലെത്തും. നിലവില്‍ കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ കേന്ദ്ര സര്‍ക്കാരിന് 67.91 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്.
◾ നിര്‍മിത ബുദ്ധി മേഖലയിലെ വന്‍കിട നിക്ഷേപം നടത്തിക്കൊണ്ടിരിക്കുന്ന മൈക്രോസോഫ്റ്റ് 4,800 ജീവനക്കാരെ പിരിച്ചുവിടുന്നു. ഇത് കമ്പനിയുടെ ആകെ ജീവനക്കാരുടെ 2.1 ശതമാനത്തോളം വരും. എഐ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും അതിലൂടെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുമായാണ് ഈ നടപടി. 2026ലെ ആദ്യ ആറുമാസത്തില്‍ കമ്പനിയുടെ ഓഹരികള്‍ ഏകദേശം 23 ശതമാനം ഇടിഞ്ഞിരുന്നു. 2022-ന് ശേഷമുള്ള കമ്പനിയുടെ ഏറ്റവും മോശം അര്‍ധവാര്‍ഷിക റിപ്പോര്‍ട്ടാണിത്. ഈ സാമ്പത്തിക പ്രതിസന്ധികള്‍ക്ക് പിന്നാലെ തിങ്കളാഴ്ചയാണ് മൈക്രോസോഫ്റ്റ് പിരിച്ചുവിടല്‍ പ്രഖ്യാപിച്ചത്. ഓപ്പണ്‍എഐയുടെ മോഡലുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ഡേറ്റ സെന്ററുകള്‍ നിര്‍മിക്കുന്നതിനുള്ള വന്‍ ചെലവ് കമ്പനിയുടെ സാമ്പത്തിക സ്ഥിതിയെ സാരമായി ബാധിക്കുന്നുണ്ട്.
◾ 'ഒരു തനി നാടന്‍ കോമഡി ഡ്രാമ' എന്ന വിശേഷണത്തോടെ എത്തുന്ന ജി. മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന 'ഓട്ടം തുള്ളല്‍' എന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് അനൗണ്‍സ് ചെയ്തു. ജൂലൈ 24-ന് ഗുഡ് ഫെലോസ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കും. സാധാരണക്കാര്‍ താമസിക്കുന്ന ഒരു ഗ്രാമത്തിലെ കുടുംബത്തില്‍ അരങ്ങേറുന്ന പ്രശ്നം ആ ഗ്രാമത്തിന്റെ തന്നെ പ്രശ്നമായി മാറുന്നതാണ് കഥ. വിജയരാഘവന്‍, ഹരിശ്രീ അശോകന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, ടിനി ടോം, മനോജ് കെ.യു, ബിനുശിവറാം, ജിയോ ബേബി, സിദ്ധാര്‍ഥ് ശിവ, കുട്ടി അഖില്‍ ജെറോം, ബിപിന്‍ ചന്ദ്രന്‍, പ്രിയനന്ദന്‍, വൈക്കം ഭാസി, ആദിനാട് ശശി, റോയ് തോമസ്, പൗളി വത്സന്‍, സേതു ലഷ്മി, ജസ്‌ന്യ കെ. ജയദീഷ്, ചിത്രാ നായര്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ബിബിന്‍ ജോര്‍ജ് സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബിനു ശശിറാമിന്റേതാണു തിരക്കഥ. ബി.കെ. ഹരിനാരായണന്‍, വിനായക് ശശികുമാര്‍, ധന്യാ സുരേഷ് മേനോന്‍ എന്നിവര്‍ ഗാനങ്ങള്‍ രചിച്ചിരിക്കുന്നു. രാഹുല്‍ രാജിന്റേതാണ് സംഗീതം.
◾ കുഞ്ചാക്കോ ബോബനും ലിജോമോള്‍ ജോസും ആദ്യമായി ഒന്നിക്കുന്ന 'ഉന്മാദം' ജൂലൈ 31-ന് തിയറ്ററുകളിലേക്ക്. പനോരമ സ്റ്റുഡിയോസിന്റെ മലയാളത്തിലെ മൂന്നാം നിര്‍മാണ സംരംഭമായ 'ഉന്മാദം' ശ്രദ്ധേയരായ എഡിറ്റര്‍മാരില്‍ ഒരാളായ കിരണ്‍ ദാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്. കുടുംബജീവിതത്തിലെ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഒരു പോലീസ് കോണ്‍സ്റ്റബിള്‍, അമാനുഷിക സ്വഭാവമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന, കാലങ്ങളായി തെളിയിക്കപ്പെടാത്ത ഒരു കേസ് പുനരന്വേഷിക്കുന്നതും അന്വേഷണം പുരോഗമിക്കുന്തോറും നിഗൂഢതകള്‍ വര്‍ദ്ധിക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. സിദ്ദിഖ്, സുധീഷ്, വിശാഖ് നായര്‍, സാബു മോന്‍, കോട്ടയം നസീര്‍, ജിജോയ് രാജഗോപാല്‍, ഗോകുലന്‍, അരുണ്‍ ചെറുകാവില്‍, ഉണ്ണി ലാലു, ഷാജു ശ്രീധര്‍, കൃഷ്ണപ്രഭ, കിരണ്‍ പീതാംബരന്‍, വിഷ്ണു, റെയ്ന രാധാകൃഷ്ണന്‍, സിജോയ് വര്‍ഗീസ്, വിഘ്നേശ്വര്‍ സുരേഷ് തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.
◾ ഇന്ത്യന്‍ ലൈഫ്‌സ്‌റ്റൈല്‍ പിക്ക്അപ്പ് ട്രക്ക് വിപണിയില്‍ തങ്ങളുടെ ആധിപത്യം കൂടുതല്‍ ശക്തമാക്കാന്‍ പുതിയ തലമുറ ഹൈലക്‌സുമായി ടൊയോട്ട. ഒമ്പതാം തലമുറ മോഡല്‍ ജൂലൈ 28ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. പുതിയ തലമുറ ഹൈലക്‌സിന് പരമാവധി ഒരു ടണ്‍ വരെ പേലോഡ് ശേഷിയും 3,500 കിലോഗ്രാം വരെയുള്ള വമ്പന്‍ ടോവിങ് ശേഷിയും ഉണ്ട്. വെല്ലുവിളി നിറഞ്ഞ റോഡ് സാഹചര്യങ്ങളിലും മികച്ച ഡ്രൈവിങ് അനുഭവം നല്‍കാന്‍ ഇതിലെ ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റത്തിന് സാധിക്കും. കറുത്ത ട്രിം ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്ന സ്ലിം എല്‍ഇഡി ഹെഡ്ലാമ്പുകളുള്ള ഹണികോമ്പ് ഗ്രില്‍, മസ്‌കുലാര്‍ ഫെന്‍ഡറുകള്‍, പുനര്‍രൂപകല്‍പ്പന ചെയ്ത ടെയില്‍ഗേറ്റ്, സി-ആകൃതിയിലുള്ള എല്‍ഇഡികളുള്ള ടെയില്‍ ലാമ്പ് ക്ലസ്റ്ററുകള്‍ എന്നിവ പുതിയ മോഡലിലുണ്ട്. അതേ 2.8 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ തന്നെയായിരിക്കും ഇതിനും കരുത്തുപകരുക. 48വി മൈല്‍ഡ്-ഹൈബ്രിഡ് സിസ്റ്റവുമായി അധികമായി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
◾ കറയില്ലാത്ത ഭക്തിയുടെ അനന്തവും അജ്ഞാതവും അവര്‍ണ്ണനീയവുമായ ആലേഖനം. ഭഗവാനെക്കുറിച്ച് അറിയാന്‍ തനിക്ക് വേണ്ടത്ര യോഗ്യതയില്ല എന്ന തികഞ്ഞ ബോധ്യത്തോടെ അവര്‍ പറയുന്ന കാര്യങ്ങളോ, ഇതൊക്കെ തന്നെയാണ് അദ്ദേഹത്തെക്കുറിച്ച് അറിയാനുള്ളത് എന്ന് തെളിയിക്കുന്നു. ധ്യാന, കര്‍മ്മ, സന്ന്യാസ, യജ്ഞ, ദാന, തപങ്ങള്‍ കൊണ്ട് ഒന്നുംതന്നെ അറിയാനോ പ്രാപിക്കാനോ കഴിയില്ല എന്നും ഭക്തി ഒന്നുകൊണ്ട സാധിക്കൂ എന്നും തിരുമൊഴി തന്നെ ഉണ്ടല്ലോ! ഇങ്ങനെ ഒരു അവതാര ചരിത്രം ലോകത്ത് വേറെ ഇല്ല എന്നതില്‍ രണ്ടു പക്ഷം ഇല്ല. മോക്ഷപ്രാപ്തിക്കായുള്ള ആറ്റിക്കുറുക്കിയ സിദ്ധൗഷധം. 'അനന്തം അജ്ഞാതം അവര്‍ണ്ണനീയം'. കാഞ്ചന ജി. നായര്‍. ഗ്രീന്‍ ബുക്സ്. വില 162 രൂപ.
◾ റോസ് വാട്ടര്‍ ചര്‍മം ഫ്രഷ് ആയിരിക്കാന്‍ സഹായിക്കുന്നു. പ്രകൃതിദത്തമായതുകൊണ്ട് പൂര്‍ണമായും സുരക്ഷിതമാണെന്നാണ് പലരുടെയും ധാരണ. എന്നാല്‍ എല്ലാവര്‍ക്കും റോസ് വാട്ടര്‍ ഒരുപോലെ വര്‍ക്ക് ആകണമെന്നില്ല. ശരിയായ രീതിയില്‍ ഉപയോഗിച്ചാല്‍ നിരവധി ഗുണങ്ങള്‍ ലഭിക്കുമെങ്കിലും ചില സാഹചര്യങ്ങളില്‍ പാര്‍ശ്വഫലങ്ങളും ഉണ്ടാകാം. റോസാപ്പൂവിന്റെ ഇതളുകള്‍ ആവിയില്‍ വാറ്റിയെടുത്ത് ലഭിക്കുന്ന ദ്രാവകമാണ് റോസ് വാട്ടര്‍. ഇതില്‍ സ്വാഭാവിക ആന്റിഓക്സിഡന്റുകളും സുഗന്ധഘടകങ്ങളും ചെറിയ അളവില്‍ വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍, പാനീയങ്ങള്‍, ആയുര്‍വേദ-യൂണാനി ചികിത്സ എന്നിവയിലും റോസ് വാട്ടര്‍ ഉപയോഗിക്കാറുണ്ട്. സൂര്യപ്രകാശം, പൊടി, മലിനീകരണം എന്നിവ മൂലമുണ്ടാകുന്ന ചര്‍മത്തിലെ ചുവപ്പും ചെറിയ അസ്വസ്ഥതയും കുറയ്ക്കാന്‍ റോസ് വാട്ടര്‍ സഹായിക്കും. എന്നാല്‍ ചിലര്‍ക്ക് റോസ് വാട്ടര്‍ ഉപയോഗിച്ചാല്‍ ചൊറിച്ചില്‍, ചുവപ്പ്, കുരു, കത്തുന്ന അനുഭവം എന്നിവ ഉണ്ടാകാം. വിപണിയില്‍ ലഭിക്കുന്ന എല്ലാ റോസ് വാട്ടറുകളും ശുദ്ധമായവയല്ല. ചിലതില്‍ കൃത്രിമ സുഗന്ധവും ആല്‍ക്കഹോളും പ്രിസര്‍വേറ്റീവുകളും ചേര്‍ത്തിട്ടുണ്ടാകാം. ഇവ സെന്‍സിറ്റീവ് ചര്‍മത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാം. റോസ് വാട്ടര്‍ കണ്ണിലേക്ക് നേരിട്ട് ഒഴിക്കുന്നത് സുരക്ഷിതമല്ല. കണ്ണില്‍ അസ്വസ്ഥതയോ അണുബാധയോ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ദിവസത്തില്‍ പലതവണ ഉപയോഗിക്കുന്നത് ചിലരില്‍ ചര്‍മത്തിന്റെ സ്വാഭാവിക സംരക്ഷണ പാളിയെ ബാധിക്കാം. മിതമായ ഉപയോഗമാണ് ഉചിതം. കാലാവധി കഴിഞ്ഞ റോസ് വാട്ടറില്‍ ബാക്ടീരിയ വളരാന്‍ സാധ്യതയുണ്ട്. ഇത് ചര്‍മപ്രശ്നങ്ങള്‍ക്കും അണുബാധയ്ക്കും കാരണമാകാം.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 95.13, പൗണ്ട് - 127.32, യൂറോ - 108.79, സ്വിസ് ഫ്രാങ്ക് - 118.03, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 66.09, ബഹറിന്‍ ദിനാര്‍ - 253.02, കുവൈത്ത് ദിനാര്‍ -307.18, ഒമാനി റിയാല്‍ - 247.45, സൗദി റിയാല്‍ - 25.32, യു.എ.ഇ ദിര്‍ഹം - 25.98, ഖത്തര്‍ റിയാല്‍ - 26.07, കനേഡിയന്‍ ഡോളര്‍ - 66.98.
Tags:
KERALA