Trending

പ്രഭാത വാർത്തകൾ

2026  ജൂലൈ 3, വെള്ളി 
1201  മിഥുനം 19, തിരുവോണം
1448  മുഹർറം 17

◾  വിഴിഞ്ഞം തുറമുഖത്തെ അദാനി ഓഹരി, സര്‍ക്കാരിന്റെ അനുമതിയില്ലാതെ എം എസ് സി ക്ക് കൈമാറാനുള്ള തീരുമാനത്തില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ അദാനി ഗ്രൂപ്പിനെ അതൃപ്തി അറിയിച്ചു. വിദേശ നിക്ഷേപ തീരുമാനം കര്‍ശന പരിശോധനക്കു വിധേയമാക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

◾  അയോധ്യ ക്ഷേത്രക്കൊള്ള അന്വേഷണം സിബിഐക്കു വിട്ടേക്കും. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രധാനമന്ത്രിക്ക് കത്ത് നല്‍കി. ട്രസ്റ്റ് മുന്‍ ജനറല്‍ സെക്രട്ടറി ചമ്പത് റായിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അയോധ്യ ബാര്‍ അസോസിയേഷന്‍ പൊലീസില്‍ പരാതി നല്‍കി.

◾  കെഎസ്ഇബി ഈ മാസം 15 മുതല്‍ ഒരു വര്‍ഷത്തേയ്ക്ക് 200 മെഗാവാട്ട് വൈദ്യുതി കൂടുതല്‍ വാങ്ങും. സെപ്റ്റംബറില്‍ കൂടുതല്‍ വൈദ്യതി വാങ്ങാന്‍ വീണ്ടും ടെന്‍ഡര്‍ വിളിക്കും. ആദ്യ ടെന്‍ഡറില്‍ യൂണിറ്റിന് 12 രൂപ കമ്പനികള്‍ ചോദിച്ചതിനാല്‍ കരാറുണ്ടാക്കിയില്ല.

◾  സംസ്ഥാനത്ത് മദ്യം വാങ്ങാന്‍ പ്രായപരിധി, തിരിച്ചറിയല്‍ കാര്‍ഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും. മദ്യം വാങ്ങാന്‍ 23 വയസ് പൂര്‍ത്തിയാകണമെന്ന നിബന്ധന കര്‍ശനമാക്കാനാണ് ആലോചന.



◾  ശബരിമലയില്‍ മില്‍മ നല്‍കിയ നെയ്യ് മറിച്ചുവിറ്റ് പകരം തമിഴ്നാട്ടിലെ വില കുറഞ്ഞ നെയ്യ് ക്ഷേത്രത്തില്‍ എത്തിച്ചതില്‍ മില്‍മയുടെ അന്വേഷണം. ലിറ്ററിന് 720 രൂപ വിലയുള്ള 1,70,000 ലിറ്റര്‍ നെയ്യ് 540 രൂപ നിരക്കില്‍ ശബരിമലയിലും പമ്പയിലും ലഭ്യമാക്കാനായിരുന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും മില്‍മയും തമ്മിലുള്ള കരാര്‍. ഈ നെയ്യാണു മറിച്ചുവിറ്റത്. സംഭവം അന്വേഷിക്കാന്‍ മില്‍മ ഡയറക്ടര്‍ ബോര്‍ഡ് യോഗം പ്രത്യേക സമിതിയെ നിയോഗിച്ചു.

◾  താര സംഘടനയായ അമ്മയില്‍ നിന്ന് രാജി പ്രഖ്യാപിച്ച ശ്വേത മേനോന്‍ അടക്കമുള്ള ഭരണസമിതി അംഗങ്ങള്‍ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് അഡ്ഹോക്ക് കമ്മിറ്റി അധ്യക്ഷന്‍ രമേഷ് പിഷാരടി എംഎല്‍എ. കൊച്ചിയില്‍ നടന്ന അമ്മ അഡ്ഹോക്ക് കമ്മിറ്റി യോഗത്തിനിടെ പ്രതികരിക്കുകയായിരുന്നു രമേഷ് പിഷാരടി.

◾  അമ്മയുടെ ബൈലോ പ്രകാരം രാജി വച്ച കമ്മിറ്റിക്കാണ് അടുത്ത തെരഞ്ഞെടുപ്പുവരെ ഭരണ ചുമതലയെന്നും അഡ്ഹോക്ക് കമ്മിറ്റിക്ക് സാധുതയില്ലെന്നും ശ്വേത മേനോന്‍. സോഷ്യല്‍ മീഡിയയില്‍ എഴുതിയ കുറിപ്പിലൂടെയാണ് ശ്വേതയുടെ പ്രതികരണം. കുറ്റാരോപിതരായ ചില സ്ഥാപിത താല്‍പര്യങ്ങള്‍ അമ്മയെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുകയാണെന്നും കുറിപ്പിലുണ്ട്.

◾  500 ല്‍ അധികം അംഗങ്ങള്‍ക്ക് മുന്നില്‍ വാര്‍ഷിക പൊതുയോഗത്തില്‍ കമ്മിറ്റി രാജി പ്രഖ്യാപിച്ചതാണെന്നും കമ്മിറ്റിയില്‍ നിന്ന് ഒഴിയുകയാണെന്നും ജയന്‍ ചേര്‍ത്തലയും കൈലാഷും. സംഘടനയുടെ ഇ-മെയിലിലേക്കാണ് ഇരുവരും രാജിക്കത്ത് അയച്ചത്.

◾  ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാല്‍ കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കു സാധ്യത. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. ജൂലൈ ആറു വരെ മഴ തുടരുമെന്നും ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

◾  നിയമസഭ തെരഞ്ഞെടുപ്പില്‍ തളിപ്പറമ്പ് മണ്ഡലത്തിലെ പരാജയത്തില്‍ പാര്‍ട്ടി നേതാക്കളെ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശിച്ച പ്രാദേശിക നേതാക്കള്‍ക്കെതിരെ നടപടിയുമായി സിപിഎം. കീഴാറ്റൂര്‍ ബ്രാഞ്ച് സെക്രട്ടറി കെ പി പ്രകാശനെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കി. കൂവേരി ലോക്കല്‍ കമ്മിറ്റി അംഗം ഷൈജു ചാലപ്പുറത്തിനെ എല്‍ സി അംഗത്വത്തില്‍നിന്നു പുറത്താക്കി.

◾  വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഘടന നിശ്ചയിച്ച മന്ത്രിസഭാ തീരുമാനത്തില്‍ മുസ്ലിം ലീഗിന് വിയോജിപ്പ് ഉണ്ടായിരുന്നെന്ന് മന്ത്രി കെ എം ഷാജി. എന്നാല്‍, മന്ത്രിസഭാ തീരുമാനത്തിനൊപ്പം നില്‍ക്കാനാണു പാര്‍ട്ടി തീരുമാനിച്ചത്. വീര്യം കൂടിയാലും കുറഞ്ഞാലും മദ്യം പാടില്ലെന്നാണ് ലീഗ് നിലപാടെന്നും ഷാജി പറഞ്ഞു.

◾  പശ്ചിമേഷ്യയിലേക്കുള്ള മുഴുവന്‍ വിമാന സര്‍വീസുകളും പുനരാരംഭിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്. കോഴിക്കോട് വിമാനത്താവളത്തില്‍നിന്നും സര്‍വീസുകള്‍ ആരംഭിക്കും.

◾  സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ കേരളത്തിലേക്കുള്ള എട്ട് ബംഗളൂരു സ്പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസ് ഓഗസ്റ്റ് അവസാനം വരെ നീട്ടി.

◾  തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനില്‍ ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ പൈലിങ് നടത്തുന്ന യന്ത്രം റെയില്‍വേ ട്രാക്കിലേക്ക് ചെരിഞ്ഞു. ഇതോടെ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

◾  ഡല്‍ഹിയിലെ കേരള ഹൗസില്‍ ജനറേറ്റര്‍ റൂമില്‍ പൊട്ടിത്തിറി. മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി. നന്നാക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരാള്‍ക്ക് വൈദ്യുതാഘാതമേറ്റു.

◾  കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ ഭര്‍ത്താവ് മുഹമ്മദ് ഫര്‍ഹാന്റെ അറസ്റ്റിനുള്ള വിലക്ക് നീട്ടണമെന്ന ഹര്‍ജി കേരള ഹൈക്കോടതി തള്ളി. മധ്യപ്രദേശ് ഹൈക്കോടതിയിലാണ് പോകേണ്ടതെന്നും, അധികാര പരിധിക്ക് പുറത്തുള്ള കാര്യമെന്നും കോടതി വ്യക്തമാക്കി. ഫാര്‍ഹാന്‍ നല്‍കിയ ജാമ്യഹര്‍ജി മധ്യപ്രദേശ് കോടതി തള്ളിയിരുന്നു.

◾  കാസര്‍കോട് മദ്യപിച്ച് വാഹനമോടിച്ച ഇന്‍ഫ്ലുവന്‍സര്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ട എന്നറിയപ്പെടുന്ന എസ്ആര്‍ ധന്യ പിടിയിലായി. വാഹന പരിശോധനയ്ക്കു പൊലീസ് കൈ കാണിച്ചപ്പോള്‍ കാര്‍ നിര്‍ത്താതെ അമിത വേഗത്തില്‍ ഓടിച്ചു പോയ ധന്യയെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

◾  മദ്യപിച്ച് വാഹനമോടിച്ച് പിടിയിലായെന്ന വാര്‍ത്തക്കു പിറകേ പുതിയ വീഡിയോയുമായി ഹെലന്‍ ഓഫ് സ്പാര്‍ട്ട എന്നറിയപ്പെടുന്ന എസ്ആര്‍ ധന്യ. താന്‍ ജയിലില്‍ അല്ല. ഞാനെന്റെ പഞ്ചില്‍ ഇരിക്കുകയാണ്. അച്ഛനേയും അമ്മയേയും വിളിച്ച് ബുദ്ധിമുട്ടിക്കരുത്. എന്ന കുറിപ്പോടെയാണു പുതിയ വീഡിയോ പ്രചരിപ്പിച്ചത്.

◾  പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച അയല്‍വാസിയുടെ കാല്‍ അച്ഛന്‍ അടിച്ചൊടിച്ചു. കേസില്‍ അച്ഛനെ പോത്തന്‍കോട് പൊലീസ് റിമാന്‍ഡ് ചെയ്തു. 40 വയസുകാരനായ അയല്‍വാസി മെഡി. കൊളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അച്ഛന്‍ ജയിലായ ശേഷമാണ് മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചകാര്യം പൊലീസ് അറിഞ്ഞത്.

◾  ജപ്പാനില്‍നിന്ന് പത്ത് ലക്ഷം കോടി രൂപയുടെ നിക്ഷേം ഇന്ത്യയിലെത്താനുള്ള പദ്ധതികള്‍ക്കു ധാരണ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാന്‍ പ്രധാനമന്ത്രി സനയ് തകയ്ച്ചിയും നടത്തിയ ചര്‍ച്ചയിലാണു ധാരണയായത്. ഇന്ത്യ-ജപ്പാന്‍ ബന്ധം സവിശേഷ സാമ്പത്തിക സുരക്ഷ പങ്കാളിത്തമായി ഉയര്‍ത്തും. പ്രതിരോധം അടക്കം, സമുദ്ര സുരക്ഷ, ഊര്‍ജ്ജം എന്നീ മേഖലകളിലും സഹകരിക്കും. വ്യാപാരം, ഔഷധ നിര്‍മ്മാണം, മെഡിക്കല്‍ ഉപകരണങ്ങള്‍, തൊഴിലവസരം തുടങ്ങി നിരവധി മേഖലകളില്‍ രണ്ടു രാജ്യങ്ങളും കരാറില്‍ ഒപ്പുവച്ചു.

◾  12,000 കോടി രൂപ ചെലവിട്ട് നിര്‍മിച്ച് രണ്ടരമാസം മുന്‍പ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനംചെയ്ത ഡല്‍ഹി-ഡെറാഡൂണ്‍ എക്സ്പ്രസ് വേയില്‍ വന്‍ ഗര്‍ത്തങ്ങള്‍. റോഡ് നിര്‍മാണത്തിലെ അഴിമതിയെക്കുറിച്ച് അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്.

◾  പെട്രോള്‍, ഡീസല്‍ വില കുറച്ചേക്കില്ലെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹര്‍ദീപ് സിങ് പുരി. വരും ആഴ്ചകളിലും ആഗോള വിപണിയില്‍ എണ്ണവില കുറഞ്ഞാല്‍ വില കുറയ്ക്കുന്ന കാര്യം പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

◾  ഡല്‍ഹിയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട നാലംഗ സംഘത്തെ പിടികൂടി. പാക് ഐഎസ്ഐ ബന്ധമുള്ള അന്തര്‍സംസ്ഥാന ഭീകര-ആയുധ കടത്ത് സംഘമാണ് വലയിലായിലായത്. പ്രതികളില്‍ മൂന്നു പേര്‍ പഞ്ചാബില്‍നിന്നും, ഒരാള്‍ ഡല്‍ഹിയിലുമാണ് പിടിയിലായത്. ഡ്രോണ്‍ വഴി പാകിസ്ഥാനില്‍ നിന്ന് ആയുധങ്ങളും മയക്കുമരുന്നും സംഘം കടത്തിയതായി കണ്ടെത്തി.

◾  അയോധ്യ രാമക്ഷേത്ര സംഭാവനക്കൊള്ള രാജ്യത്തെ ഏറ്റവും വലിയ അമ്പലക്കൊള്ളയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി.

◾  തമിഴ്നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഏഴ് മണ്ഡലങ്ങളിലെ ഒഴിവ് വിജ്ഞാപനം ഇറക്കിയെങ്കിലും ഉപതെരഞ്ഞെടുപ്പു പ്രഖ്യാപിച്ചില്ല. ബിഹാര്‍, മധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ ഓരോ മണ്ഡലത്തില്‍ വീതം ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. തമിഴ്നാട്ടില്‍ പ്രതിപക്ഷം ഗവര്‍ണറെ കണ്ട് കുതിരക്കച്ചവട ആരോപണം ഉയര്‍ത്തിയിരുന്നു.

◾  തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃസ്ഥാനം പിടിക്കാന്‍ വിമതര്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു. പ്രതിപക്ഷ നേതാവ് ഋതബ്രത ബാനര്‍ജിയുടെ നേതൃത്വത്തില്‍ എംഎല്‍എമാരാണു പാര്‍ട്ടി ചിഹ്നവും ആസ്തിയും തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് അറിയിച്ചത്.

◾  ബെംഗളൂരു ഐഎസ്ആര്‍ഓ ആസ്ഥാനത്ത് ബോംബ് ഭീഷണി. ഇമെയിലിലൂടെയാണ് ഭീഷണി സന്ദേശം എത്തിയത്. ജീവനക്കാരെ ഓഫീസുകളില്‍ നിന്ന് ഒഴിപ്പിച്ചു. പരിശോധന നടത്തി.

◾  ബിഹാറിലെ ബക്സര്‍ ജില്ലയില്‍ ചോദ്യപേപ്പറുകളുടെ കെട്ടുകള്‍ റോഡിലെ ചളിവെള്ളിത്തില്‍ കിടക്കുന്ന  വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍. പെട്ടെന്നുണ്ടായ കനത്ത മഴയെ തുടര്‍ന്ന് വിദ്യാലയങ്ങളിലേക്ക് ചോദ്യപേപ്പറുകള്‍ വിതരണം ചെയ്യുന്നതിനിടയിലാണ് ഈ ദൃശ്യങ്ങള്‍ ചിത്രീകരിക്കപ്പെട്ടതെന്നാണു വിശദീകരണം.

◾  ഖത്തര്‍ ഭരണകൂടം സമ്മാനമായി നല്‍കിയ അത്യാധുനിക ആഡംബര ബോയിംഗ് വിമാനത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കന്നി യാത്ര നടത്തി. 'ഇതുപോലൊരു വിമാനം നിര്‍മിക്കാന്‍ അമേരിക്കയ്ക്ക് കഴിയില്ല' എന്നായിരുന്നു ട്രംപ് പ്രസിഡന്‍ഷ്യല്‍ വിമാനമായ 'എയര്‍ ഫോഴ്‌സ് വണ്‍' നെക്കുറിച്ചു പ്രതികരിച്ചത്.

◾  മാര്‍പാപ്പയുടെ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് നാലു പുതിയ ബിഷപ്പുമാരെ വാഴിച്ച 'സൊസൈറ്റി ഓഫ് സെന്റ് പയസ് ടെന്‍ത്' എന്ന വിമത വിഭാഗത്തിലെ ബിഷപ്പുമാരെയും വൈദികരെയും വത്തിക്കാന്‍ സഭയില്‍ നിന്ന് പുറത്താക്കി.

◾  പാക് അധിനിവേശ കാശ്മീരിലെ കശ്മീരികള്‍ക്ക് ആയുധങ്ങള്‍ നല്‍കിയിരുന്നത് പാകിസ്താന്‍ സൈന്യം ആയിരുന്നുവെന്നും ഇപ്പോള്‍ അവര്‍ തങ്ങളെ ഭീകരവാദികളായി മുദ്രകുത്തുകയാണെന്നും  ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റി നേതാവായ സര്‍ദാര്‍ അമന്‍ ഖാന്‍ ആരോപിച്ചു. പാക് അധീന കശ്മീരിലെ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങളുടെ 24-ാം ദിവസം നടന്ന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

◾  ഇന്തോനേഷ്യയിലെ പാപ്പുവയില്‍ അമേരിക്കന്‍ പൈലറ്റ് നിക്കോളാസ് എഫ് ഗോസെലിനെ വെടിവെച്ചു കൊല്ലുകയും യാത്രാ വിമാനത്തിന് തീയിടുകയും ചെയ്തു.  പ്രാദേശിക വിഘടനവാദ സംഘടനയായ വെസ്റ്റ് പാപ്പുവ നാഷണല്‍ ലിബറേഷന്‍ ആര്‍മി ആണ് ആക്രമണം നടത്തിയത്.

◾  യുക്രൈന്‍ തലസ്ഥാനമായ കീവില്‍ റഷ്യ നടത്തിയ ശക്തമായ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങളില്‍ 13 പൗരന്മാര്‍ കൊല്ലപ്പെട്ടു. നൂറോളം പേര്‍ക്ക് പരിക്കേറ്റു. യുക്രൈന്‍ നടത്തുന്ന ഡ്രോണ്‍ ആക്രമണങ്ങള്‍ക്കുള്ള കടുത്ത തിരിച്ചടിയാണിതെന്ന് റഷ്യ.

◾  സെയ്ഷെം ട്രോഫി അണ്ടര്‍ 19 അന്തര്‍ സംസ്ഥാന ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ ഹിമാചല്‍പ്രദേശിനെതിരെ കേരളത്തിന് ഉജ്ജ്വല വിജയം. 110 റണ്‍സിനാണ് കേരളം ജയിച്ചത്. ദ്വിദിന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കേരളം 353 റണ്‍സിന് ഓള്‍ ഔട്ടായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹിമാചല്‍ പ്രദേശിന്റെ ഇന്നിങ്സ് 243 റണ്‍സിന് അവസാനിച്ചു.

◾  ഓസ്ട്രിയയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു തോല്‍പ്പിച്ച് സ്പെയിന്‍ ഫിഫ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍. ഒയര്‍സബാലിന്റെ ഇരട്ട ഗോളുകളും പെഡ്രോ പൊറോയുടെ ഗോളും ചേര്‍ന്ന് ആധികാരിക വിജയമാണ് സ്പെയിന്‍ സ്വന്തമാക്കിയത്. സ്പാനിഷ് കുതിപ്പിനിടെ ഒന്നും ചെയ്യാനാവാതെ മൈതാനത്ത് ഓസ്ട്രിയ അക്ഷരാര്‍ത്ഥത്തില്‍ വിയര്‍ക്കുകയായിരുന്നു.

◾  പശ്ചിമേഷ്യന്‍ യുദ്ധം വരുത്തിവെച്ച ആഗോള സാമ്പത്തിക ആഘാതത്തെ മറികടക്കാന്‍, രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി ഉള്‍പ്പെടെയുള്ള എട്ട് മുന്‍നിര സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുന്നതിനുള്ള നടപടികള്‍ മോദി സര്‍ക്കാര്‍ അതിവേഗത്തിലാക്കുന്നു. 2026-27 സാമ്പത്തിക വര്‍ഷത്തില്‍ ഓഹരി വില്‍പനയിലൂടെ 80,000 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ജൂണ്‍ വരെയുള്ള ആദ്യ മൂന്ന് മാസങ്ങളില്‍ ഏകദേശം 16,000 കോടിയിലധികം രൂപ സമാഹരിക്കാന്‍ കഴിഞ്ഞു. എല്‍ഐസിയുടെ ഓഹരി വില്‍പനയിലൂടെ മാത്രം 10,000 കോടി രൂപ സമാഹരിക്കാനാണ് നീക്കം. ഹിന്ദുസ്ഥാന്‍ സിങ്ക് ലിമിറ്റഡിന്റെ ഓഹരി വില്‍പനയിലൂടെ 5,000 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. ഐ.ഡി.ബി.ഐ ബാങ്കിന്റെ ഭൂരിപക്ഷ ഓഹരി വില്‍പന വീണ്ടും സജീവമാക്കിയിട്ടുണ്ട്. നിലവില്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ കുറവുണ്ടെങ്കിലും, ഓഹരി വില്‍പനയിലൂടെ ലഭിക്കുന്ന തുക സര്‍ക്കാരിന് വലിയ സാമ്പത്തിക ആശ്വാസം നല്‍കും.

◾  യുഎസ് ഭരണകൂടം ഏര്‍പ്പെടുത്തിയ വിലക്കിന് ശേഷം, പ്രമുഖ എ.ഐ കമ്പനിയായ ആന്ത്രോപിക് തങ്ങളുടെ ഏറ്റവും നൂതനമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മോഡലുകളായ ക്ലോഡ് ഫേബിള്‍ 5, ക്ലോഡ് മിത്തോസ് 5 എന്നിവയിലേക്കുള്ള ആഗോള ഉപഭോക്താക്കളുടെ ആക്‌സസ് പുനഃസ്ഥാപിക്കുന്നു. അമേരിക്കന്‍ വാണിജ്യ വകുപ്പില്‍ നിന്ന് കയറ്റുമതി നിയന്ത്രണങ്ങള്‍ നീക്കിയതായുള്ള അറിയിപ്പ് ലഭിച്ചുവെന്ന് കമ്പനി അറിയിച്ചു. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകള്‍ മുന്‍നിര്‍ത്തിയാണ് അമേരിക്ക ഈ അതിനൂതന എ.ഐ മോഡലുകള്‍ക്ക് മേല്‍ കയറ്റുമതി നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കൂടാതെ, എ.ഐയുടെ സുരക്ഷാ സംവിധാനങ്ങളെ മറികടക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന 'ജയില്‍ബ്രേക്ക്' സംബന്ധിച്ച റിപ്പോര്‍ട്ടുകളും നിയന്ത്രണങ്ങള്‍ക്ക് കാരണമായി. ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള സുരക്ഷാ ഭീഷണികള്‍ മുന്‍കൂട്ടി കണ്ടെത്തി പരിഹരിക്കുക, സുരക്ഷാ മാനദണ്ഡങ്ങള്‍ക്കായി സര്‍ക്കാരുമായി സഹകരിക്കുക, ഈ സാങ്കേതികവിദ്യ ഉള്‍പ്പെടുന്ന ഏതെങ്കിലും തരത്തിലുള്ള ദോഷകരമായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായെങ്കില്‍ അത് റിപ്പോര്‍ട്ട് ചെയ്യുക എന്നിവയ്ക്ക് കമ്പനി തയ്യാറായതിനെ തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കിയത്.

◾  ആശിര്‍വ്വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച് ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന 'തുടക്കം' എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ എത്തി. ഇത്രയും അഭിനേതാക്കളെ അണിനിരത്തിയുള്ള ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ കൂടിയാണിത്. ആഗസ്റ്റ് ഏഴിന് റിലീസ് ഡേറ്റ് അനൗണ്‍സ് ചെയ്തു കൊണ്ടാണ് ചിത്രത്തിന്റെ പോസ്റ്റര്‍ എത്തിയിരിക്കുന്നത്. വിസ്മയ മോഹന്‍ലാലിന്റെ അരങ്ങേറ്റം കുറിച്ചു കൊണ്ടുള്ള ഈ ചിത്രം ഇന്ത്യയ്ക്ക് അകത്തും പുറത്തും വലിയ ജനശ്രദ്ധ നേടിയിരുന്നു. ഒരു സാധാരണ കുടുംബ ജീവിതത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നതെന്ന് വ്യക്തമാക്കും വിധത്തിലാണ് പുതിയ പോസ്റ്റര്‍ എത്തിയിരിക്കുന്നത്. ഒരു മലയോര ഗ്രാമത്തിന്റെ പശ്ചാത്തലത്തിലൂടെയാണ് ചിത്രത്തിന്റെ കഥാപുരോഗതി. ഓണത്തിന് മുന്നോടിയായി പ്രദര്‍ശനത്തിനെത്തുന്ന ഈ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ചു വരികയാണ്. ലിനീഷ് നെല്ലിക്കല്‍, അഖില്‍ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ് എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

◾  ശ്രീനാഥ് ഭാസി നായകനായ 'കറക്കം' ജൂലൈ 3 മുതല്‍ സോണി ലിവില്‍ സ്ട്രീമിംഗ് ആരംഭിക്കും. മലയാള സിനിമയിലെ ആദ്യ മ്യൂസിക്കല്‍ ഹൊറര്‍-കോമഡി ചിത്രമായി വിശേഷിപ്പിക്കപ്പെടുന്ന ചിത്രം, ഹൊറര്‍-കോമഡി വിഭാഗത്തിന് പുതുമയാര്‍ന്ന അനുഭവമാണ് സമ്മാനിക്കുന്നത്. ധനുഷും ഖാജയും എന്ന രണ്ട് യുവാക്കളുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന അഞ്ച് ആത്മാക്കളെ ചുറ്റിപ്പറ്റിയാണ് കഥ പുരോഗമിക്കുന്നത്. പുതുവത്സരാഘോഷത്തിനിടെ നടത്തിയ ഒരു തമാശയാണ് ആത്മാക്കളെ ഉണര്‍ത്തുന്നത്. തുടര്‍ന്ന് അവരുടെ ജീവിതത്തില്‍ അരങ്ങേറുന്ന രസകരവും അപ്രതീക്ഷിതവുമായ സംഭവങ്ങളുമാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്. ഫെമിന ജോര്‍ജ്, ഷോണ്‍ റോമി, സിദ്ധാര്‍ത്ഥ് ഭരതന്‍, ജീന്‍ പോള്‍ ലാല്‍, അഭിരാം രാധാകൃഷ്ണന്‍, പ്രവീണ്‍ ടിജെ, മണികണ്ഠന്‍ ആര്‍ ആചാരി, ബിജു കുട്ടന്‍, മിധുട്ടി, ഷാലു റഹീം, വിനീത് തട്ടില്‍ ഡേവിഡ് എന്നിവരും ചിത്രത്തിലുണ്ട്.

◾  റീവോള്‍ട്ട് കമ്പനിയുടെ ഏറ്റവും പുതിയ ഇലക്ട്രിക് മോട്ടോര്‍സൈക്കിളായ റീവോള്‍ട്ട് ആര്‍വിഎക്‌സ് ഇന്ത്യയില്‍ പുറത്തിറക്കി. 1.24 ലക്ഷം രൂപയാണ് ഇതിന്റെ പ്രാരംഭ വില. 4 കിലോവാട്ട് മിഡ്-ഡ്രൈവ് പിഎംഎസ്എം മോട്ടോറാണ് ഇതിലുള്ളത്. ഇത് പരമാവധി 5.3 കിലോവാട്ട്  കരുത്ത് ഉത്പാദിപ്പിക്കും. വെറും 3.9 സെക്കന്‍ഡുകള്‍ കൊണ്ട് പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ ഇതിനാകും. ഇതിന്റെ പരമാവധി വേഗം മണിക്കൂറില്‍ 90 കിലോമീറ്റര്‍ ആണ്. പുതിയ 'ബൂസ്റ്റ്' മോഡിലാണ് ഈ വേഗം ലഭിക്കുക. ബൂസ്റ്റ് മോഡിന് പുറമെ സ്‌പോര്‍ട്‌സ്, സിറ്റി, എക്കോ എന്നീ റൈഡിങ് മോഡുകളും ഇതിലുണ്ട്. ഊരിമാറ്റാന്‍ സാധിക്കുന്ന 3.24 കിലോവാട്ട് അവര്‍ എന്‍എംസി ബാറ്ററിയാണ് ഇതില്‍ നല്‍കിയിരിക്കുന്നത്. ഒറ്റത്തവണ പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ 160 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം.ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് വെറും 80 മിനിറ്റിനകം 80 ശതമാനം വരെ ചാര്‍ജ് ചെയ്യാം. പേള്‍ ബ്ലാക്ക്, ഇലക്ട്രിക് ബ്ലൂ, എക്ലിപ്‌സ് റെഡ് എന്നി മൂന്ന് ആകര്‍ഷകമായ നിറങ്ങളില്‍ ഇത് ലഭ്യമാകും.

◾  ഒരുപാട് തിക്താനുഭവങ്ങളിലൂടെയാണ് അബ്ദുള്‍ നാസറിന്റെ കുട്ടിക്കാലം കടന്നുപോയത്. പ്രതിലോമസാഹചര്യങ്ങളില്‍നിന്ന് സ്വന്തം ഇച്ഛാശക്തികൊണ്ടും കഠിനാദ്ധ്വാനംകൊണ്ടും ജീവിതത്തില്‍ ഉന്നതവിജയം കൈവരിച്ച അബ്ദുള്‍ നാസറിന്റെ ജീവിതം എല്ലാവര്‍ക്കും പ്രചോദനമാണ്. കേരളത്തിലെ ഒരു ചെറുപട്ടണത്തിലെ അനാഥാലയത്തില്‍നിന്ന് ഒരു കൊച്ചുകുട്ടി വളര്‍ന്ന് കളക്ടറായതും നാഴികക്കല്ലുകള്‍ പിന്നിട്ടതും കഠിനാദ്ധ്വാനം ചെയ്തതും എങ്ങനെയെന്ന് ഇതിലറിയാം. അനാഥാലയത്തില്‍നിന്നു തുടങ്ങി അതിജീവനത്തിലൂടെ വിജയത്തിന്റെ പടവുകള്‍ കയറിയ ഒരു ഐ.എ.എസ്സുകാരന്റെ ആത്മകഥ. 'ജൂലായ് 1 : ഒരു അനാഥബാല്യത്തിന്റെ ആത്മഗതം'. ബി. അബ്ദുള്‍ നാസര്‍ ഐഎഎസ്. മാതൃഭൂമി. വില 234 രൂപ.

◾  മഴക്കാലം എത്തിയതോടെ നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി പൊതുവെ കുറയാന്‍ സാധ്യതയുണ്ട്. അന്തരീക്ഷത്തിലെ ഈര്‍പ്പവും പെട്ടെന്നുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനവും പലവിധ അണുബാധകള്‍ക്കും ദഹനപ്രശ്നങ്ങള്‍ക്കും കാരണമാകാറുണ്ട്. ഈ സാഹചര്യത്തില്‍ ശരീരത്തിന് പ്രതിരോധശേഷിയും ഊര്‍ജവും നല്‍കാന്‍ ഇലക്കറികള്‍ക്ക് സാധിക്കും.  ഇരുമ്പ്, കാല്‍സ്യം, വൈറ്റമിനുകള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നമായ ഇലക്കറികള്‍ (പ്രത്യേകിച്ച് ചീര, മുരിങ്ങയില തുടങ്ങിയവ) മഴക്കാല ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താം. മഴക്കാലത്ത് അനുഭവപ്പെടുന്ന അലസതയും തളര്‍ച്ചയും മാറ്റാന്‍ ശരീരത്തില്‍ ആവശ്യത്തിന് ഇരുമ്പിന്റെ അംശം ഉണ്ടാകേണ്ടത് അനിവാര്യമാണ്. ഇലക്കറികളില്‍ ഉയര്‍ന്ന അളവില്‍ ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തില്‍ ഹീമോഗ്ലോബിന്റെ ഉത്പാദനം വര്‍ധിപ്പിക്കുകയും വിളര്‍ച്ച തടഞ്ഞ് കോശങ്ങളിലേക്ക് ഓക്സിജന്‍ എത്തിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഈ ഇലക്കറികളില്‍ അടങ്ങിയിരിക്കുന്ന ഉയര്‍ന്ന അളവിലുള്ള കാല്‍സ്യം, പ്രായമാകുമ്പോള്‍ ഉണ്ടാകുന്ന സന്ധി വേദനകളില്‍ നിന്നും എല്ലുതേയ്മാനത്തില്‍ നിന്നും സംരക്ഷണം നല്‍കുന്നു.  ഇലക്കറികളില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ സി, എ എന്നിവയും ശക്തമായ ആന്റിഓക്‌സിഡന്റുകളും ശരീരത്തിലെ ഫ്രീ റാഡിക്കലുകളോട് പോരാടുകയും രോഗപ്രതിരോധ സംവിധാനത്തെ കൂടുതല്‍ ശക്തമാക്കുകയും ചെയ്യുന്നു.

*ശുഭദിനം*
*കവിത കണ്ണന്‍*
തമിഴ്നാട്ടിലെ വെല്ലൂര്‍ ജില്ലയിലെ വിനവമംഗലം എന്ന ഗ്രാമക്കാരനാണ് ജയഗണേശ്.  ദാരിദ്ര്യം നിറഞ്ഞതായിരുന്നു ബാല്യം. സ്‌കൂളില്‍ പഠിക്കുമ്പോള്‍ കുടുംബത്തെ സഹായിക്കുവാനായി ഒരു തുകല്‍ ഫാക്ടറിയില്‍ ജോലിചെയ്തു. ഒപ്പം സ്‌കോളര്‍ഷിപ്പോടെ മെക്കാനിക്കല്‍ എന്‍ഞ്ചീനിയറിങ്ങില്‍ ബിരുദം നേടി. ബാംഗ്ലൂരില്‍ ജോലി ലഭിച്ചു. പക്ഷേ, പ്രതിമാസ ശമ്പളം 2500 രൂപ മാത്രം. പിന്നെയും കഷ്ടപ്പാടുകള്‍ ബാക്കി. അക്കാലത്താണ് സിവില്‍ സര്‍വ്വീസ് ഒരു സ്വപ്നമായി മാറിയത്. ചെന്നൈ പോകുന്നതായിരിക്കും സിവില്‍ സര്‍വ്വീസ് പരിശീലനത്തിന് നല്ലത് എന്ന് അറിഞ്ഞപ്പോള്‍ ചെന്നൈയിലേക്ക് ചേക്കേറി. അവിടെ പല ഹോട്ടലുകളിലും വെയിറ്ററായി ജോലി ചെയ്തു. ഒരു സിനിമാ തിയേററില്‍ ക്ലര്‍ക്കായി. രാത്രികാലങ്ങളില്‍ ആയിരുന്നു പഠനം. ആറ് പ്രാവിശ്യം സിവില്‍ സര്‍വ്വീസ് പരീക്ഷയെഴുതി തോറ്റു. ഇതിനിടയില്‍ ഇന്റലിജന്‍സ് ബ്യൂറോയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും സിവില്‍ സര്‍വ്വീസ് തന്നെ മുറുകെപിടിക്കാനായിരുന്നു തീരുമാനം. അങ്ങനെ എഴാമതും പരീക്ഷയെഴുതി. കഠിനാധ്വാനത്തിനും കൈവിടാത്ത ശുഭപ്രതീക്ഷകള്‍ക്കും ഫലമുണ്ടായി. 156-ാം റാങ്കോടെ സിവില്‍ സര്‍വ്വീസ് പാസ്സായി. 2008 ല്‍ ഇന്ത്യന്‍ റവന്യൂ സര്‍വ്വീസില്‍ നിയമിതനായ ജയഗണേഷ് ഇപ്പോള്‍ തമിഴ്നാടിന്റെയും പുതുച്ചേരിയുടേയും ചുമതലയുളള അഡീഷണല്‍ ഇംകംടാക്സ് കമ്മീഷ്ണറാണ്.   തന്റെ കണ്ടുപിടുത്തങ്ങള്‍ കൊണ്ട് കാലത്തെ തോല്‍പിച്ച തോമസ് ആല്‍വ എഡിസണ്‍ പറഞ്ഞത് പോലെ - ഒരിക്കല്‍ കൂടി ശ്രമിച്ചുനോക്കാം എന്ന ചിന്തയാണ് വിജയത്തിലേക്ക് ഉറപ്പുളള വഴി - ശുഭദിനം.
Previous Post Next Post
3/TECH/col-right