Trending

റോഡ് നവീകരണവുമായി ബന്ധപ്പെട്ട് നിർമ്മിച്ച സംരക്ഷണഭിത്തി കിണറിലേക്ക് ഇടിഞ്ഞു വീണു; കുടിവെള്ളമില്ലാതെ വീട്ടുകാർ.

എളേറ്റിൽ: പരപ്പൻപൊയിൽ - പുന്നശ്ശേരി റോഡിന്റെ നവീകരണവുമായി ബന്ധപ്പെട്ട് പുതുതായി നിർമ്മിച്ച സംരക്ഷണഭിത്തി  ഇടിഞ്ഞു വീണ് സമീപത്തെ കിണർ തകർന്നു. എളേറ്റിൽ വട്ടോളി - പാലങ്ങാട് റോഡിൽ പുറായിൽ മുഹമ്മദ് റാഷിദിന്റ വീട്ടിലെ കിണർ ആണ് തകർന്നത്.

കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിലാണ്  റോഡിന്റെ കരിങ്കൽകെട്ട് ഇടിഞ്ഞ് കിണറിലേക്ക് പതിച്ചത്. നിർമ്മാണത്തിലെ അപാകതയാണ്  കെട്ട് ഇടിയാൻ കാരണമെന്ന് പരിസരവാസികൾ ആരോപിച്ചു.

​റോഡ് വീതികൂട്ടുന്നതിന്റെ ഭാഗമായി ഏതാനും മാസങ്ങൾൾക്ക് മുൻപാണ് ഇവിടെ സംരക്ഷണഭിത്തി നിർമ്മിച്ചത്. വീട്ടുടമസ്ഥൻ കിണറിന്റെ കാര്യം സൂചിപ്പിക്കുകയും കിണർ ഇടിയാത്ത രീതിയിൽ കെട്ട് നിർമ്മിക്കണമെന്ന് അഭ്യർത്ഥിച്ചെങ്കിലും കരാറുകാരായ ULCCS ശാസ്ത്രീയമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും, കിണറിന്റെ സുരക്ഷ നോക്കാതെയുമാണ്  ഭിത്തി കെട്ടിയതെന്ന് വീട്ടുകാർ ആരോപിക്കുന്നു.

ശക്തമായ ​മഴയിൽ മണ്ണ് കുതിർന്നതോടെ ഭിത്തിയുടെ വലിയൊരു ഭാഗം തകർന്ന് തൊട്ടടുത്തുള്ള  കിണറിലേക്ക് പതിക്കുകയായിരുന്നു.
കിണർ തകരുകയും,  ചെളിമണ്ണും,കല്ലും  അടങ്ങിയ അവശിഷ്ടങ്ങളും വീണ് കിണർ  ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലായി. ഇതോടുകൂടി വീട്ടുകാർ വെള്ളമില്ലാതെ ബുദ്ധിമുട്ടുകയാണ്.

ബന്ധപ്പെട്ട ULCCS അധികൃതരെ വിവരമറിയിച്ചിട്ടും, പി.ഡബ്ല്യൂ.ഡി. ആപ്പിൽ പരാതി നൽകിയിട്ടും ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. പി. ഡബ്ല്യൂ.ഡി. യുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു  തകർന്ന കിണർ എത്രയും വേഗം നന്നാക്കി വീട്ടിലേക്കുള്ള വെള്ളമെടുക്കാനുള്ള സൗകര്യമൊരുക്കി നൽകണമെന്നും, ഇനിയും കെട്ട് ഇടിഞ്ഞു കിണർ തകരാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും വീട്ടുടമസ്ഥാൻ ആവശ്യപ്പെട്ടു. 

​റോഡ് നിർമ്മാണത്തിന്റെ തുടക്കം മുതൽക്കേ പണികൾ ഇഴഞ്ഞു നീങ്ങുന്നതുമായി ബന്ധപ്പെട്ട നിരവധി വാർത്തകൾ വന്നിരുന്നു. നിലവിലും പല സ്ഥലങ്ങളിലും റോഡിൽ ചെളി നിറഞ്ഞതുകാരണം ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുന്നവർ അപകടത്തിൽപെടുകയും, കാൽനട യാത്രക്കാർ ബുദ്ധിമുട്ടിലാവുകയും ചെയ്യുന്നുണ്ട്.
Previous Post Next Post
3/TECH/col-right