Trending

വായന ദിനത്തിൽ വാദി ഹുസ്ന 2026 പുസ്തകങ്ങൾ വായിക്കുന്നു

എളേറ്റിൽ: വായന വാരാചരണത്തിന്റ ഭാഗമായി എളേറ്റിൽ വാദി ഹുസ്ന പബ്ലിക് സ്കൂൾ സംഘടിപ്പിക്കുന്ന 'ഗോൾഡൻ അവർ (Golden Hour) വായനായജ്ഞം'  പരിപാടിക്ക് 19 ന് വെള്ളിയാഴ്ച തുടക്കം കുറിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. വായന ദിനത്തിൽ സ്കൂളിൽ നടക്കുന്ന പരിപാടിയിൽ വിദ്യാർഥികൾ ,രക്ഷിതാക്കൾ, അധ്യാപകർ, പൊതുജനങ്ങൾ എന്നിവർ 2026 പുസ്തകങ്ങൾ ഒരു മണിക്കൂറിൽ വായിക്കും. പരിപാടിയിൽ വിദ്യാഭ്യാസ, സാംസ്കാരിക, സാമൂഹിക മേഖലകളിലെ പ്രമുഖർ പങ്കെടുക്കും.

വായന വാരാചരണത്തിന്റെ ഭാഗമായി
ഒരോ വീട്ടിലും പുസ്തകങ്ങൾ ശേഖരിച്ച് ഹോം ലൈബ്രറികൾ സ്ഥാപിക്കുക, പുതു തലമുറയിൽ വായനാശീലം വളർത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിദ്യാർഥികളിൽ വായന ശീലം വളർത്തുന്നതിന് ഒരു വർഷം നീണ്ടുനിൽക്കുന്ന ക്ലാസ്തല പത്രവാർത്ത പ്രശ്നോത്തരി മത്സരങ്ങൾക്ക് വിദ്യാലയത്തിൽ തുടക്കം കുറിക്കും. അക്ഷരവണ്ടി, കോഴിക്കോട് സെൻട്രൽ ലൈബ്രറി സന്ദർശനം, അക്ഷരമരം, റീഡിങ് കോർണർ, സ്റ്റോറി ചെയിൻ, പുസ്തക പ്രദർശനം, റീഡിങ് റിലേ, ഉദ്ധരണി പ്രദർശനം, ക്യാരക്ടർ വാക്സ് , ട്വിസ്റ്റഡ് ടെയിൽസ് തുടങ്ങിയ പരിപാടികളും വായന വാരത്തിൽ സംഘടിപ്പിക്കും.

വായന വാരാചരണ പരിപാടി വെള്ളിയാഴ്ച രാവിലെ 10.30 ന് കിഴക്കോത്ത് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.സുബൈർ ഉദ്ഘാടനം ചെയ്യും. 25 ന് നടക്കുന്ന വായന വാരാചരണത്തിന്റെ സമാപന സമ്മേളനത്തിൽ എഴുത്തുകാരി ഡോ. ഖദീജ മുംതാസ് മുഖ്യാതിഥിയാകും.
ഒരേ സമയം ഏറ്റവും കൂടുതൽ പേർ ഒരു മണിക്കൂർ തുടർച്ചയായി വായനയിൽ പങ്കെടുക്കുന്ന പരിപാടി 
ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടണമെന്നാണ് സ്കൂൾ ആഗ്രഹിക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.

പത്ര സമ്മേളനത്തിൽ പ്രിൻസിപ്പൽ വി.കെ. സമീറ, വൈസ് പ്രിൻസിപ്പൽ സെറീന ചക്കരത്തൊടി , എം.അശ്വതി, നഷ് വ കാരാട്ട്, വിദ്യാർഥി പ്രതിനിധി സോഹ സെറിൻ, കെ.എ.ഷംസുദ്ദീൻ എന്നിവർ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right