2026 ജൂണ്‍ 19 , വെള്ളി
1201 മിഥുനം 5, ആയില്യം
1448 മുഹർറം 03
◾ വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ പ്രഥമ ബജറ്റ് ഇന്ന്. എല്‍ഡിഎഫ് സര്‍ക്കാര്‍ ജനുവരി 29 ന് അവതരിപ്പിച്ച ബജറ്റ് പുതുക്കിയുള്ള ബജറ്റാണ് അവതരിപ്പിക്കുക. കേന്ദ്രത്തില്‍നിന്നു കൂടുതല്‍ പണം ലഭിക്കാനുള്ള നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ടാകും. കിഫ്ബിയില്‍ സമഗ്ര മാറ്റങ്ങളുണ്ടാകാം. ഇന്ദിരാ ഗാരന്റികള്‍ നടപ്പാക്കാനുള്ള നിര്‍ദേശങ്ങളുണ്ടാകും. ക്ഷാമബത്ത അനുവദിക്കുമെന്ന പ്രതീക്ഷയിലാണു സര്‍ക്കാര്‍ ജീവനക്കാര്‍.
◾ യോഗ ദിനാചരണത്തില്‍ ഗവര്‍ണര്‍ നേരിട്ട് വകുപ്പുകളുടെ യോഗം വിളിച്ചത് ഭരണഘടന കീഴ് വഴക്കങ്ങളുടെ നഗ്നമായ ലംഘനമാണെന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഗവര്‍ണര്‍ സമാന്തര അധികാര സ്ഥാനമായി മാറുകയാണ്. എന്ത് അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ വകുപ്പുകളുടെ യോഗം വിളിച്ച് ഭരണകാര്യങ്ങളില്‍ ഇടപെടുന്നതെന്നു ചോദിച്ച പിണറായി, മുഖ്യമന്ത്രിയുടെ നിലപാട് എന്തെന്നും ചോദിച്ചു.
◾ അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ ഒരുക്കം വിലയിരുത്താന്‍ ഗവര്‍ണര്‍ വിവിധ വകുപ്പുകളുടെ യോഗം വിളിച്ചു ചേര്‍ത്തതില്‍ സര്‍ക്കാര്‍ ലോക്ഭവനോട് അതൃപ്തി അറിയിച്ചു. ഗവര്‍ണര്‍ യോഗം വിളിച്ചെന്ന വിവരം മാധ്യമ വാര്‍ത്തകളിലൂടെയാണ് അറിഞ്ഞതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ വേണമെന്നും ചീഫ് സെക്രട്ടറി ലോക്ഭവന് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു. യോഗാദിനത്തെക്കുറിച്ചുള്ള ആശയവിനിമയം മാത്രമാണ് നടത്തിയതെന്നു ഗവര്‍ണറുടെ സെക്രട്ടറി ചീഫ് സെക്രട്ടറിയെ അറിയിച്ചു.
◾ ആരോഗ്യവകുപ്പ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ഡോ. കെ.ജെ. റീനയെ മാറ്റിയ ആരോഗ്യവകുപ്പിന്റെ ഉത്തരവ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. ഉത്തരവിലെ വൈരുദ്ധ്യവും സ്പെഷ്യല്‍ റൂളും ചൂണ്ടിക്കാട്ടി ഡോ. റീന നല്‍കിയ ഹര്‍ജിയിലാണ് നടപടി. സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് ഡിഎച്ച്എസിനെ മാറ്റിയതെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ വാദം.
◾ തൊരപ്പന്‍ പണിയെടുക്കുന്ന ആരെയും ആരോഗ്യ വകുപ്പു ഡയറക്ടറുടെ കസേരയില്‍ ഇരുത്തില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരന്‍. റീന തുരപ്പന്‍ പണി നടത്തിയോ എന്ന് മേല്‍ കോടതിയില്‍ പറഞ്ഞോളാം. സര്‍ക്കാരിനെ അനുസരിക്കാത്ത ഉദ്യോഗസ്ഥന്മാര്‍ മുരളീധരന്‍ ഇരിക്കുമ്പോള്‍ ആ കസേരയില്‍ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
◾ പിഎംശ്രീ നടപ്പാക്കില്ലെന്നും അറബിക്കടലില്‍ ഒഴുക്കുമെന്നും പ്രഖ്യാപിച്ചവര്‍ പദ്ധതി നടപ്പാക്കുന്നതു വിചിത്രമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ബിജെപി -സിപിഎം ഡീല്‍ എന്ന് ആരോപിച്ചവര്‍ അധികാരത്തില്‍ വന്നപ്പോള്‍ ചെയ്യുന്നത് എല്ലാവരും കാണുന്നുണ്ട്. കോണ്‍ഗ്രസ് ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലും പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു.
◾ ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസില്‍ എഡിജിപി ഓഫീസില്‍ എസ്ഐടി റെയ്ഡ് നടത്തി. സന്ദര്‍ശക രജിസ്റ്റര്‍, ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍, പൊലീസ് ക്ലബിലെ രേഖകള്‍ എന്നിവ എസ്ഐടി കസ്റ്റഡിയിലെടുത്തു. കേസ് രേഖകള്‍ എഡിജിപി ഓഫീസില്‍ തിരുത്തിയെന്നും അട്ടിമറിച്ചെന്നും മുന്‍ അന്വേഷണ സംഘം മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘം എഡിജിപി ഓഫീസില്‍ നിന്ന് രേഖകള്‍ പിടിച്ചെടുത്തത്.
◾ നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വി വേദനാജനകമെന്നും വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ടു പോകുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പാര്‍ട്ടിയുടെ നിര്‍ദേശങ്ങള്‍ ജില്ലാ നേതൃത്വവും പ്രവര്‍ത്തകരും ഏറ്റെടുക്കണമെന്നും സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ ബിനോയ് വിശ്വം പറഞ്ഞു.
◾ വിഴിഞ്ഞം തുറമുഖത്തേക്കുള്ള റോഡില്‍ ട്രയല്‍ റണ്‍ നടത്തി. തുറമുഖത്തുനിന്ന് 1.7 കിലോമീറ്റര്‍ ദൂരത്തിലുള്ള റോഡിലൂടെ കണ്ടെയ്നറുമായെത്തിയ ട്രക്ക് മേല്‍പ്പാലങ്ങളിലൂടെ ദേശീയപാതയിലേക്ക് പ്രവേശിച്ചു. ദേശീയപാതയില്‍ ചേരുന്നിടത്ത് സര്‍വീസ് റോഡുകളോടു ചേര്‍ന്നാണ് പുതിയ പാതകള്‍ നിര്‍മിച്ചത്.
◾ തിരുവനന്തപുരത്ത് കിളിമാനൂര്‍ സ്വദേശിയായ 43 കാരന് കുരങ്ങു പനി. ഇതോടെ ഈ വര്‍ഷം സംസ്ഥാനത്ത് എട്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 19 പേര്‍ക്ക് കൂടി ഷിഗെല്ലയും 68 പേര്‍ക്ക് ഡെങ്കിയും സ്ഥിരീകരിച്ചു. തൃശൂരില്‍ ഡെങ്കി ബാധിച്ച് ഒരാള്‍ മരിക്കുകയും ചെയ്തു.
◾ ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ കുറ്റപത്രം നല്‍കുന്നത് ഇനിയും നീട്ടിക്കൊണ്ടുപോകാനാകില്ലെന്ന് എസ്ഐടിയോട് ഹൈക്കോടതി. അന്തിമ റിപ്പോര്‍ട്ട് എന്ന് നല്‍കുമെന്ന് ഈ മാസം 29 നകം അറിയിക്കാന്‍ പ്രത്യേക സംഘത്തിന് കോടതി നിര്‍ദ്ദേശം നല്‍കി. 2025 ല്‍ സ്വര്‍ണപ്പാളികള്‍ കൊണ്ടുപോയതില്‍ ആര്‍ക്കൊക്കെ വീഴ്ചയെന്ന് വ്യക്തമാക്കുന്ന സമഗ്ര റിപ്പോര്‍ട്ടും ഹാജരാക്കണമെന്ന് ദേവസ്വം ബഞ്ച് നിര്‍ദേശിച്ചു.
◾ 2026 ലെ പെട്രോളിയം വിതരണ ചട്ടപ്രകാരമുള്ള നിയന്ത്രണങ്ങളില്‍ ഇളവ് തേടി സംസ്ഥാന ഭക്ഷ്യ, സിവില്‍ സപ്ളൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് കേന്ദ്രത്തിന് കത്തയച്ചു. കാര്‍ഷിക മേഖല, ആശുപത്രികള്‍ തുടങ്ങിയ അവശ്യ വിഭാഗങ്ങള്‍ക്കു താല്‍ക്കാലിക ഇളവ് അഭ്യര്‍ഥിച്ചാണ് കത്തയച്ചത്.
◾ മഹല്ലുകളില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. പള്ളികളില്‍ ജുമുഅ നമസ്‌കാരത്തിന് ശേഷം പ്രത്യേക ബോധവല്‍ക്കരണം നല്‍കാനാണ് നിര്‍ദേശം.
◾ പരവൂര്‍ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രധാന പ്രതിക്ക് സ്വന്തം നാട്ടിലേക്കു സ്ഥലംമാറ്റം. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ആര്‍. ശ്യാംകൃഷ്ണയെയാണ് വയനാട്ടില്‍നിന്ന് ആറ്റിങ്ങല്‍ കോടതിയിലേക്ക് സ്ഥലംമാറ്റിയത്.
◾ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ക്രിക്കറ്റ് പരിശീലനം നല്‍കാന്‍ വനിതാ കോച്ചിനെ നിയമിക്കണമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്. പെണ്‍കുട്ടികളെ പരിശീലകന്‍ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തില്‍ കോടതി വിധിക്കു പിറകേയാണ് കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് ഉത്തരവിട്ടത്. പെണ്‍കുട്ടികളെ ഉപദ്രവിച്ചെന്ന കേസില്‍ വള്ളക്കടവ് സ്വദേശി എം മനു (40)വിന് 16 വര്‍ഷം കഠിന തടവിനു ശിക്ഷിച്ചിരുന്നു.
◾ ഗവിയിലെ അങ്കണവാടി ഹെല്‍പ്പറുടെ കൊലപാതകത്തില്‍ ആദിവാസി വിനോദ് കുമാറാണ് പ്രതിയെന്നു പോലീസ്. ബലാത്സംഗത്തിനുശേഷം കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
◾ ഇടുക്കിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി പ്രസവിച്ചു. സഹപാഠിക്കെതിരെ പോക്സോ വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തു. കൗമാരക്കാരനെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കി ഇടക്കാല ജാമ്യം നല്‍കി വിട്ടയച്ചു.
◾ ബാങ്ക് ജീവനക്കാരന് സംഭവിച്ച പിഴവു മൂലം അക്കൗണ്ടിലെത്തിയ ലക്ഷക്കണക്കിന് രൂപ പിന്‍വലിച്ച് ചെലവാക്കിയ യുവാവിനെതിരെ പൊലീസ് കേസെടുത്തു. ബിവറേജസ് കോര്‍പ്പറേഷന്റെ അക്കൗണ്ടിലേക്ക് പോകേണ്ടിയിരുന്ന ഇരുപത് ലക്ഷത്തിലേറെ രൂപയാണ് ഹരിപ്പാട് സ്വദേശിയായ വിശാലിന്റെ അക്കൗണ്ടിലേക്ക് എത്തിയത്. കാനറ ബാങ്ക് ക്ലര്‍ക്ക് കെ അനില്‍ കുമാര്‍ നല്‍കിയ പരാതിയിലാണ് ഹരിപ്പാട് പൊലീസ് കേസെടുത്തത്.
◾ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്കു സൗജന്യ യാത്ര ഏര്‍പ്പെടുത്തിയതിനെതിരേ പൊതുതാല്പര്യ ഹര്‍ജി. രാഷ്ട്രീയ നേട്ടത്തിനുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനം അനുവദിക്കരുതെന്നാണു ഹര്‍ജിക്കാരന്റെ വാദം. അതേസമയം, ക്ഷേമ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും തടയാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. കര്‍ണാടകയിലും തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും പദ്ധതി നടപ്പാക്കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
◾ പിഎം ശ്രീ നടപ്പിലാക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ നടപടിയില്‍ യൂത്ത് ലീഗിന് അതൃപ്തി. പിഎം ശ്രീയില്‍ യുഡിഎഫ് നിലപാട് മാറ്റരുതെന്ന് ആവശ്യപ്പെട്ട് മന്ത്രിസഭാ ഉപസമിതിക്ക് പരസ്യമായി കത്തയച്ചു. യൂത്ത് ലീഗ് മലപ്പുറം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മലപ്പുറം കുന്നുമ്മല്‍ പോസ്റ്റ് ഓഫീസിലെത്തി കത്തയച്ചത്. സര്‍ക്കാര്‍ നിലപാടിനെതിരെ കെഎസ്യുവും രംഗത്തെത്തിയിരുന്നു.
◾ മറയൂരില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. ചുരക്കുളം ആദിവാസി ഉന്നതിയിലെ മുരുകന്‍ (55) ആണ് മരിച്ചത്. കാട്ടാനയെ കണ്ട് ഭയന്നോടിയതാണ് മരണ കാരണമെന്നും മുരുകനെ കാട്ടാന ആക്രമിച്ചുവെന്നും നാട്ടുകാര്‍ പറയുന്നു.
◾ നിയമവിരുദ്ധ കാര്യങ്ങള്‍ക്ക് ടെലഗ്രാം ഉപയോഗിക്കുന്നുവെന്നു കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍. നീറ്റ് പരീക്ഷയുടെ പശ്ചാത്തലത്തില്‍ ടെലഗ്രാം താല്‍ക്കാലികമായി നിരോധിച്ചതിനെതിരെ കമ്പനി നല്‍കിയ കേസിലാണ് കേന്ദ്രം ഇങ്ങനെ മറുപടി നല്‍കിയത്. പകര്‍പ്പവകാശമുള്ള കണ്ടെന്റുകള്‍ പോലും പ്രചരിപ്പിക്കുന്നുവെന്നും ഭീകരവാദത്തിന് ഉപയോഗപ്പെടുത്തിയെന്നും കേന്ദ്രം ആരോപിച്ചു.
◾ ശിവസേന ഉദ്ധവ് താക്കറെ പക്ഷം ഡല്‍ഹിയില്‍ വിളിച്ച പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ആറ് എംപിമാര്‍ എത്തിയില്ല. പങ്കെടുത്തത് മൂന്ന് എംപിമാര്‍ മാത്രം. പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് വിപ്പ് നല്‍കിയിരുന്നെങ്കിലും എംപിമാരായ അരവിന്ദ് സാവന്ത്, അനില്‍ ദേശായ്, രാജുഭാവ് വാജെ എന്നിവര്‍ മാത്രമാണ് പങ്കെടുത്തത്. പാര്‍ട്ടിയുടെ ഏക രാജ്യസഭാ എംപിയായ സഞ്ജയ് റാവത്തും പങ്കെടുത്തു.
◾ നഴ്സിംഗ് ഹോമിന്റെ മറവില്‍ ഡല്‍ഹിയില്‍ വന്‍ മനുഷ്യക്കടത്ത് നടത്തിയിരുന്ന സംഘം പിടിയിലായി. സംഘത്തിന്റെ സൂത്രധാരയായ യുവതി അടക്കം 12 പേരാണ് പിടിയിലായത്. അഞ്ച് നവജാത ശിശുക്കളെയാണ് പൊലീസ് രഹസ്യ നടപടിക്കിടെ രക്ഷിച്ചത്.
◾ ശമ്പള വരുമാനക്കാര്‍ക്ക് ആശ്വാസമേകി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ സേവനങ്ങളെല്ലാം ഡിജിറ്റലാക്കുന്നു. പുതിയതായി അവതരിപ്പിക്കുന്ന 'ഇപിഎഫ്ഒ 3.0' ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം നിലവില്‍ വരുന്നതോടെ ജീവനക്കാര്‍ക്ക് തങ്ങളുടെ പ്രൊവിഡന്റ് ഫണ്ട് പണം യുപിഐ ആപ്പുകള്‍ വഴിയും ഇപിഎഫ് ലിങ്ക് ചെയ്ത എടിഎമ്മുകള്‍ വഴിയും നേരിട്ട് പിന്‍വലിക്കാം.
◾ കര്‍ണാടക നിയമസഭ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏഴില്‍ അഞ്ച് സീറ്റുകളും നേടി തകര്‍പ്പന്‍ വിജയം സ്വന്തമാക്കി. ആറ് ജെഡിഎസ് എംഎല്‍എമാരും മൂന്ന് ബിജെപി എംഎല്‍എമാരും കോണ്‍ഗ്രസിന് വോട്ട് ചെയ്തു. ബാക്കിയുള്ള രണ്ട് സീറ്റുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു.
◾ രാജ്യസഭ തെരഞ്ഞെടുപ്പില്‍ ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തോറ്റു. എന്‍ഡിഎ പിന്തുണച്ച സ്വതന്ത്രന്‍ വിജയിച്ചു.ഒരു സീറ്റില്‍ ജെ എംഎമ്മും വിജയിച്ചു. മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ ഓഫീസ് സെക്രട്ടറി പ്രണവ് ഝായാണ് തോറ്റത്.
◾ തൂത്തുക്കുടിയില്‍ 38,000 കോടി രൂപയുടെ കൂറ്റന്‍ കപ്പല്‍ നിര്‍മാണശാലയ്ക്ക് തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് അനുമതി നല്‍കി. ഈ പദ്ധതിയിലൂടെ പ്രദേശത്ത് പതിനയ്യായിരത്തോളം പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
◾ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് അനുവദിക്കില്ലെന്ന നയപ്രഖ്യാപനത്തിനു പിറകേ, കര്‍ണ്ണാടകയിലെ കാവേരി നദിക്ക് കുറുകെ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന മേക്കെദാട്ടു അണക്കെട്ടിന് കേന്ദ്രം അനുമതി നല്കരുതെന്നു വിജയിന്റെ ടിവികെ സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെടും. ഇതു സംബന്ധിച്ച് തമിഴ്നാട് നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കാനാണ് ആലോചന.
◾ മണല്‍ ഖനനവുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്നുണ്ടായ ആക്രമണത്തില്‍ ബിജെപി നേതാവ് അടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു. മൂവരേയും ഫോര്‍ച്യൂണര്‍ കാറിനുള്ളിലാക്കി തീയിടുകയായിരുന്നു. ഛത്തീസ്ഗഢിലെ കൊറിയ ജില്ലയിലാണ് ആക്രമണമുണ്ടായത്.
◾ മുപ്പതു ദിവസത്തിനകം ഇറാന്റെ പ്രദേശങ്ങളില്‍നിന്ന് അമേരിക്കന്‍ സേന പിന്മാറുമെന്ന് ഇറാനും അമേരിക്കയും തമ്മിലുണ്ടാക്കിയ സമാധാന കരാര്‍. അറുപതു ദിവസത്തേക്ക് ഹോര്‍മുസില്‍ ഇറാന്‍ പണം ഈടാക്കില്ലെന്നും ധാരണാപത്രത്തില്‍ പറയുന്നു. കരാറിലെ 14 ഇന പട്ടിക ഇറാനാണ് പുറത്തുവിട്ടത്.
◾ തെക്കന്‍ ലെബനനില്‍ തങ്ങള്‍ പിടിച്ചടക്കിയ സ്ഥലങ്ങളുടെ പുതിയ മാപ്പ് പുറത്തുവിട്ട് ഇസ്രായേല്‍ സൈന്യം. ലെബനന്‍ അതിര്‍ത്തിയില്‍ നിന്ന് പിന്‍മാറില്ലെന്നും ഇസ്രായേല്‍ സൈന്യം വ്യക്തമാക്കി. ഇസ്രായേല്‍ ലെബനനില്‍നിന്ന് പിന്‍വാങ്ങണമെന്ന് ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന കരാറിന്റെ കരട് രേഖ നിഷ്‌കര്‍ഷിക്കുന്നുണ്ട്.
◾ അമേരിക്ക ഇറാന്‍ സമാധാന കരാര്‍ പ്രാബല്യത്തിലായിട്ടും ഹോര്‍മൂസ് കടലിടുക്ക് പൂര്‍ണമായും തുറന്നില്ല. ഇപ്പോഴും കപ്പല്‍ ഗതാഗതം ഒമാന്‍ വഴിയാണ്. ഇറാനെതിരായ നാവിക ഉപരോധം നീക്കിയതായി അമേരിക്ക അറിയിച്ചു.
◾ അമേരിക്ക ഇറാന്‍ സമാധാന കരാറിനോട് തനിക്ക് പൂര്‍ണ സമ്മതം ഉണ്ടായിരുന്നില്ലെന്ന് ഇറാനിലെ പരമോന്നത നേതാവ് മൊജ്തബ ഖമനെയി. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌ക് ഉറപ്പു നല്‍കിയതിനാലാണ് കരാറിനു സമ്മതിച്ചത്. കൂടുതല്‍ സമ്മര്‍ദങ്ങള്‍ക്ക് അമേരിക്ക ശ്രമിച്ചെങ്കിലും വഴങ്ങിയില്ലെന്നും ഇറാന്‍ പരമോന്നത നേതാവ് പറഞ്ഞു.
◾ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനെന്ന പേരില്‍ ചൈനയില്‍ വില്‍ക്കുന്ന നതാഷാ പാവകള്‍ വിവാദത്തില്‍. കറുത്ത വര്‍ഗ്ഗക്കാരിയായ പെണ്‍കുഞ്ഞിന്റെ രൂപത്തിലുള്ള കളിപ്പാട്ടം വംശീയ അധിക്ഷേപങ്ങള്‍ക്കും അക്രമങ്ങള്‍ക്കും ഇരയാകുന്നതായാണ് വിമര്‍ശനം.
◾ ലോകകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിക്കെതിരെയുള്ള പരിസ്ഥിതി മലിനീകരണക്കേസ് തള്ളിക്കളയണമെന്ന് യു.എസ് നീതിന്യായ വകുപ്പ്. മസ്‌കിന്റെ എ ഐ കമ്പനിയായ എക്‌സ് എ ഐ ക്കെതിരായ കേസ് തള്ളണമെന്നാണ് ട്രംപ് ഭരണകൂടം ഫെഡറല്‍ കോടതിയോട് ആവശ്യപ്പെട്ടത്.
◾ ഇന്ത്യ എ - ശ്രീലങ്ക എ മത്സരത്തിനിടെ ശ്രീലങ്കന്‍ താരത്തോട് മോശമായി പെരുമാറിയതിന് യുവതാരം വൈഭവ് സൂര്യവംശിയ്‌ക്കെതിരെ ബിസിസിഐ കടുത്ത അച്ചടക്ക നടപടിക്ക് ഒരുങ്ങുന്നു. മാച്ച് റഫറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ താരത്തിന് വിലക്ക് ഉള്‍പ്പെടെയുള്ള ശിക്ഷ ലഭിക്കാനിടയുണ്ട്.
◾ ലോകകപ്പ് ഫുട്ബോളില്‍ ഓരോ ഗോള്‍ വീതമുള്ള സമനിലയുമായി ദക്ഷിണാഫ്രിക്കയും ചെക്ക് റിപ്പബ്ളിക്കും. ചെക്ക് ലീഡ് നേടിയത് ആറാം മിനിറ്റിലാണെങ്കില്‍ എണ്‍പത്തൊന്നാം മിനിറ്റില്‍ കിട്ടിയ പെനാല്‍റ്റിയിലൂടെയാണ് ദക്ഷിണാഫ്രിക്ക തിരിച്ചടിച്ചത്. ചെക്ക് റിപ്പബ്ലിക്കിനായി മൈക്കല്‍ സാദിലെക്കും ദക്ഷിണാഫ്രിക്കയ്ക്കായി തെബോഹോ മൊക്കൊയ്നയും സ്‌കോര്‍ ചെയ്തു.
◾ ബോസ്നിയയെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കു തകര്‍ത്ത് സ്വിറ്റ്സര്‍ലന്‍ഡ്. 73 മിനിറ്റുകള്‍ക്കൊടുവില്‍ സബ്സ്റ്റിറ്റിയൂഷനുകളാണ് സ്വിറ്റ്‌സര്‍ലന്‍ഡിനുവേണ്ടി ഗോള്‍ നേടിയത്. പകരക്കാരനായി ഇറങ്ങിയ യൊഹാന്‍ മാന്‍സാംബി ഇരട്ട ഗോളുമായി തിളങ്ങി. മറ്റൊരു പകരക്കാരന്‍ റൂബന്‍ വാര്‍ഗാസും സ്‌കോര്‍ ചെയ്തു. പെനാല്‍റ്റിയിലൂടെ ഗ്രാനിത് ഹാക്ക സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ഗോള്‍പട്ടിക തികച്ചു. എര്‍മിന്‍ മഹ്‌മിക്കിന്റെ വകയായിരുന്നു ബോസ്‌നിയയുടെ ആശ്വാസ ഗോള്‍.
◾ 2024-25 സാമ്പത്തിക വര്‍ഷം ധനക്കമ്മി ഉയര്‍ന്ന സംസ്ഥാനങ്ങളില്‍ കേരളവും. മുന്‍വര്‍ഷത്തേക്കാള്‍ ധനക്കമ്മിയില്‍ കാര്യമായ വര്‍ധനയുണ്ടായ സംസ്ഥാനങ്ങളുടെ കൂട്ടത്തിലാണ് കേരളം. ആന്ധ്രപ്രദേശ്, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളും ഈ കൂട്ടത്തിലുണ്ട്. കേരളമടക്കം 15 സംസ്ഥാനങ്ങളില്‍ റവന്യൂ കമ്മിയാണ്. അതേസമയം, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ഝാര്‍ഖണ്ഡ്, മണിപ്പൂര്‍ തുടങ്ങിയ 13 സംസ്ഥാനങ്ങള്‍ റവന്യൂ മിച്ചം രേഖപ്പെടുത്തി. കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 18 സംസ്ഥാനങ്ങളാണ് റവന്യൂ മിച്ചം ലക്ഷ്യമിട്ടത്. ഇതില്‍ ഒമ്പതെണ്ണം ലക്ഷ്യം നേടി. അസം, ബിഹാര്‍, ഛത്തിസ്ഗഢ്, ഹരിയാന, ഹിമാചല്‍പ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര, മിസോറം, തെലങ്കാന എന്നിവക്ക് റവന്യൂ കമ്മിയാണ്. ഗോവ, ഝാര്‍ഖണ്ഡ്, പഞ്ചാബ്, രാജസ്ഥാന്‍, തമിഴ്നാട്, ത്രിപുര, ഉത്തര്‍പ്രദേശ് എന്നിവ കമ്മിയില്ലാതാക്കാന്‍ ലക്ഷ്യമിട്ടു. ഇവയില്‍ ഗോവ, ഝാര്‍ഖണ്ഡ്, ത്രിപുര, ഉത്തര്‍പ്രദേശ് എന്നിവ മിച്ചം കൈവരിച്ചു.
◾ ആഗോളതലത്തില്‍ മെമ്മറി, സ്റ്റോറേജ് ചിപ്പുകള്‍ക്ക് വലിയ ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ പുറത്തിറങ്ങാനിരിക്കുന്ന ആപ്പിള്‍ ഉല്പന്നങ്ങളുടെ വില വര്‍ധിച്ചേക്കും. നിര്‍മാണച്ചെലവ് വര്‍ധിക്കുന്നതാണ് വിലക്കയറ്റത്തിലേക്ക് നയിക്കുന്നത്. വാള്‍ സ്ട്രീറ്റ് ജേണലിന് നല്‍കിയ അഭിമുഖത്തില്‍ വിലവര്‍ധന ഒഴിവാക്കാനാവില്ലെന്ന് സ്ഥാനമൊഴിയുന്ന ആപ്പിള്‍ സിഇഒ ടിം കുക്ക് സ്ഥിരീകരിച്ചു. കമ്പനിയുടെ ലാഭവിഹിതം നിലനിര്‍ത്തുന്നതിനായി പുറത്തിറങ്ങാനിരിക്കുന്ന ഐഫോണ്‍ പ്രോ മോഡലിന് (ഐഫോണ്‍ 18 പ്രോ) ഏകദേശം 270 ഡോളര്‍ വരെ അധികമായി നല്‍കേണ്ടി വന്നേക്കാമെന്നാണ് അനുമാനം. നിലവില്‍ ഐഫോണ്‍ 17 പ്രോയുടെ പ്രാരംഭ വില 1,099 ഡോളറാണ്. ഏതൊക്കെ ഉല്‍പ്പന്നങ്ങള്‍ക്കാണ് വില വര്‍ധിക്കുകയെന്നോ, എപ്പോഴാണ് ഈ വില വര്‍ധന നടപ്പിലാക്കുകയെന്നോ വ്യക്തമാക്കിയിട്ടില്ല. എങ്കിലും, 2026 സെപ്റ്റംബറില്‍ പുറത്തിറങ്ങാനിരിക്കുന്ന ഐഫോണ്‍ 18 സ്മാര്‍ട്ട്ഫോണുകളെ ഈ വില വര്‍ധന തീര്‍ച്ചയായും ബാധിക്കും.
◾ മഞ്ഞുമ്മല്‍ ബോയ്‌സിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന 'ബാലന്‍- ദി ബോയ്' സിനിമയുടെ രണ്ടാമത്തെ ഗാനമായ 'എങ്ങോട്ടാ..' പുറത്തിറങ്ങി. സുഷിന്‍ ശ്യാം ആണ് ബാലന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. അന്‍വര്‍ അലി രചിച്ച ഗാനം പാടിയിരിക്കുന്നതും സുഷിന്‍ ശ്യാം തന്നെയാണ്. ഫര്‍സാന പാലത്തിങ്കല്‍, ആദിശേഷന്‍, മുഹമ്മദ് സിനാന്‍, ഡോളി ജൂണ്‍, ജീന്‍ പോള്‍ ലാല്‍, ഗിരീഷ് എ ഡി, ബീന ആന്റണി എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബാലന്‍- ദി ബോയ് മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീഭാഷകളിലായി ജൂണ്‍ 19ന് തിയേറ്ററുകളിലെത്തും. കെ.വി.എന്‍ പ്രൊഡക്ഷന്‍സും തെസ്പിയന്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ബുക്കിങ് കഴിഞ്ഞ ദിവസം ആരംഭിച്ചു. ടോവിനോ തോമസും ചിത്രത്തിലെ ഒരു നിര്‍ണായക കഥാപാത്രമായി എത്തുന്നുണ്ട്. ആവേശം സിനിമയുടെ സംവിധായകന്‍ ജിത്തു മാധവന്‍ ആണ് തിരക്കഥയെഴുതിയിരിക്കുന്നത്. യു/എ 16+ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന്റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 27 മിനിറ്റ് ആണ്.
◾ റോഷാക്കിലൂടെ ഞെട്ടിച്ച നിസാം ബഷീര്‍ ഒരുക്കുന്ന പുതിയ ചിത്രം 'ഐ, നോബഡി'യുടെ ട്രെയിലര്‍ എത്തി. പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ആകാംക്ഷ ജനിപ്പിക്കുന്നതാണ്. പാര്‍വതി തിരുവോത്താണ് ചിത്രത്തിലെ നായിക. ഒരിടവേളയ്ക്ക് ശേഷം പൃഥ്വിരാജ്-പാര്‍വതി ഹിറ്റ് ജോഡി വീണ്ടുമെത്തുകയാണ് ഐ, നോബഡയിലൂടെ. ബാങ്ക് കൊള്ളയും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്നത്. രാജീവന്‍ എന്ന ബാജ് ഉദ്യോഗസ്ഥനായാണ് ചിത്രത്തില്‍ പൃഥ്വിരാജെത്തുന്നത്. സുപ്രിയ മേനോന്‍ ആണ് സിനിമയുടെ നിര്‍മാണം. ജേക്‌സ് ബിജോയാണ് സംഗീതം ഒരുക്കുന്നത്. അശോകന്‍, വിജയരാഘവന്‍, മധുപാല്‍, ശങ്കര്‍ രാമകൃഷ്ണന്‍, നക്ഷത്ര, ഐറാ, നിഷാന്ത് സാഗര്‍, നന്ദു, നൗഷാദ് ബോംബെ, ജിജോയ് രാജഗോപാല്‍, ഖാലിദ് റഹ്‌മാന്‍, സഞ്ജു ശിവറാം, സുധി കോപ്പ, ബീന ചന്ദ്രന്‍, സന അല്‍താഫ്, കൃഷ്ണന്‍ ബാലകൃഷ്ണന്‍, ദിനേശ് ആലപ്പുഴ, റോണി വര്‍ഗീസ്, മനോജ് കെ യൂ, ഇര്‍ഷാദ് അലി, സുധി കോഴിക്കോട്, മഹേന്ദ്രന്‍, ആല്‍ബിന്‍ അലക്‌സ്, ജിതിന്‍ മദനന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
◾ ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്ന എക്സ് 440 മോട്ടോര്‍സൈക്കിള്‍ ശ്രേണിയുടെ വില ഹാര്‍ലി-ഡേവിഡ്‌സണ്‍ വര്‍ദ്ധിപ്പിച്ചു. എല്ലാ വകഭേദങ്ങളുടെയും വില വര്‍ദ്ധിച്ചു. വകഭേദങ്ങളെ ആശ്രയിച്ച് 1,000 രൂപ മുതല്‍ 5,000 വരെ വില വര്‍ദ്ധനവിന് കാരണമായി. അടുത്തിടെ അവതരിപ്പിച്ച എക്സ് 440 ടി യിലാണ് ഏറ്റവും വലിയ വര്‍ധനവ് ഉണ്ടായത്. എന്‍ട്രി ലെവല്‍ എക്സ് 440 വിവിഡിന്റെ പുതിയ എക്സ്-ഷോറൂം വില 2.36 ലക്ഷമാണ്, മുന്‍ വില 2.35 ലക്ഷത്തില്‍ നിന്ന് 1,000 രൂപ വര്‍ധന. മിഡ്-സ്പെക്ക് എക്സ് 440 എസിന് 4,000 രൂപ വില വര്‍ദ്ധിച്ചു, ഇപ്പോള്‍ 2.59 ലക്ഷം വിലയുണ്ട്. അതേസമയം, ടോപ്പ്-സ്പെക്ക് എക്സ് 440 ടിക്ക് ഏറ്റവും വലിയ 5,000 രൂപ വില വര്‍ധനവ് ലഭിച്ചു. 2025 ഡിസംബറില്‍ അവതരിപ്പിച്ച ടി വേരിയന്റിന് ഇപ്പോള്‍ 2.79 ലക്ഷത്തില്‍ നിന്ന് 2.84 ലക്ഷമായി ഉയര്‍ന്നു. ഹാര്‍ലി-ഡേവിഡ്‌സണ്‍ എക്സ് 440 ന് കരുത്തേകുന്നത് 440 സിസി, സിംഗിള്‍-സിലിണ്ടര്‍, എയര്‍/ഓയില്‍-കൂള്‍ഡ് എഞ്ചിനാണ്. ഈ എഞ്ചിന്‍ 27 ബിഎച്പി പവറും 38 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. എഞ്ചിന്‍ 6-സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു.
◾ മലയാള കവിതയുടെ അന്തര്‍ദ്ധാരകളില്‍ മനുഷ്യസ്‌നേഹത്തിന്റെ ഉജ്ജ്വലപ്രകാശമായി ഒഴുകിയ കവിയാണ് എം.എന്‍. പാലൂര്‍. ജൈവവീര്യമാര്‍ന്ന ഭാഷയും ആത്മദീപ്തമായ ദര്‍ശനവും ജീവിതാനുഭവങ്ങളുടെ നിര്‍മ്മലസത്യവും ചേര്‍ന്നു രൂപപ്പെട്ട അദ്ദേഹത്തിന്റെ രചനകള്‍ കാലത്തെ അതിജീവിക്കുന്നവയാണ്. ഉള്‍ക്കാടുകളുടെ നിശ്ശബ്ദതയില്‍ ജനിച്ച് പാറകളെ തഴുകി ഭൂമിയെ നനച്ച് ഒഴുകുന്ന കാട്ടരുവിപോലെ പാലൂരിന്റെ കവിതകള്‍ മനുഷ്യഹൃദയങ്ങളിലൂടെ സഞ്ചരിക്കുന്നു. മലയാള കവിതാലോകത്തു പ്രതിഭകൊണ്ട് വേറിട്ടുനിന്ന എം.എന്‍. പാലൂരിന്റെ കവിതകളുടെ സമ്പൂര്‍ണ സമാഹാരം. 'എം.എന്‍. പാലൂര്‍ സമ്പൂര്‍ണ കവിതകള്‍'. എം.എന്‍. പാലൂര്‍. മാതൃഭൂമി. വില 1272 രൂപ.
◾ ആരോഗ്യകരമായ കൊഴുപ്പ്, ആന്റിഓക്സിഡന്റുകള്‍, കാല്‍സ്യം തുടങ്ങി ശരീരത്തിന് ആവശ്യമായ നിരവധി പോഷകങ്ങള്‍ കലവറയാണ് ബദാം. പതിവായി ബദാം കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതു മുതല്‍ ശരീരഭാരം നിയന്ത്രിക്കാന്‍ വരെ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ബദാം ഒരാഴ്ച സ്ഥിരമായി കഴിച്ചു തുടങ്ങുമ്പോള്‍ തന്നെ, നിങ്ങളുടെ ശരീരത്തില്‍ പ്രകടമായ മാറ്റങ്ങള്‍ കണ്ടു തുടങ്ങും. ദിവസവും അഞ്ച് അല്ലെങ്കില്‍ ആറ് ബദാം വെള്ളത്തില്‍ കുറഞ്ഞത് എട്ട് മണിക്കൂര്‍ കുതിര്‍ത്ത ശേഷം രാവിലെ വെറും വയറ്റിലോ ബ്രേക്ക്ഫാസ്റ്റിനൊപ്പമോ കഴിക്കാവുന്നതാണ്. ഇങ്ങനെ കഴിക്കുമ്പോള്‍ അതില്‍ അടങ്ങിയ നാരുകള്‍ വയറിന് കൂടുതല്‍ സംതൃപ്തി നല്‍കും. മാത്രമല്ല, ചര്‍മത്തിലും മുടിയിലും നല്ല മാറ്റങ്ങളും പ്രതിഫലിച്ചു തുടങ്ങും. ഇത് അകാല വാര്‍ദ്ധക്യ ലക്ഷണങ്ങള്‍ കുറയ്ക്കാനും കോശങ്ങള്‍ നശിക്കുന്നത് തടയാനും സഹായിക്കും. മാത്രമല്ല, വിറ്റാമിന്‍ ഇ പ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്തും. ഇത് വീക്കം കുറച്ച്, രക്തക്കുഴലുകള്‍ വികസിക്കാനും രക്തയോട്ടം മികച്ചതാക്കാനും സഹായിക്കും. അല്‍ഷിമേഴ്‌സ് ഉള്‍പ്പെടെയുള്ള ന്യൂറോഡീജനറേറ്റീവ് അവസ്ഥകളില്‍ നിന്ന് സംരക്ഷണത്തിന് ഇത് സഹായകരമാണ്. പൊണ്ണത്തടി, രക്തസമ്മര്‍ദം, പ്രമേഹം, മെറ്റബോളിക് സിന്‍ഡ്രോം എന്നി വിവിധ രോഗങ്ങളുടെ സാധ്യത കുറയ്ക്കും. രക്തത്തിലെ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കും. ബദാം തൊലിയോട് കൂടിക്കഴിക്കുന്നത് മികച്ച പ്രീബയോട്ടിക്സാണ്. കുടലിലെ നല്ല ബാക്ടീരിയകളെ പ്രോത്സാഹിപ്പിക്കാന്‍ ഇത് മികച്ചതാണ്. അവ കൂടുതല്‍ ബ്യൂട്ടിറേറ്റ് ഉത്പാദിപ്പിക്കുന്നു.
Tags:
KERALA