Trending

സായാഹ്ന വാര്‍ത്തകള്‍.

2026 | ജൂണ്‍ 19 , വെള്ളി 
1201 | മിഥുനം 5, ആയില്യം

◾  എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപയുടെ ആരോഗ്യപരിരക്ഷ നല്‍കുന്ന സൗജന്യ ഇന്‍ഷുറന്‍സ് പദ്ധതിയുമായി വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റ്. ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി എന്ന ഈ പദ്ധതിയുടെ പ്രാരംഭ ചെലവുകള്‍ക്ക് 10 കോടി രൂപ വകയിരുത്തി. കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്ന 'പ്രിയദര്‍ശിനി' പദ്ധതിക്ക് 600 കോടി രൂപയും ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയത്തിനായി 78 കോടി രൂപയും അനുവദിച്ചു.

◾  ആരോഗ്യമേഖലയ്ക്ക് 2074 കോടി രൂപ. തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളജ് നിര്‍മിക്കും. മെഡിക്കല്‍ കോളേജ് വികസനത്തിനായി 100 കോടി രൂപ. ഹരിപ്പാട് പുതിയ മെഡിക്കല്‍ കോളേജ് സ്ഥാപിക്കും. തെരഞ്ഞെടുത്ത മെഡിക്കല്‍ കോളേജുകള്‍ക്ക് സ്വയംഭരണ പദവി നല്‍കും. 40 വയസ്സ് കഴിഞ്ഞവര്‍ക്ക് വര്‍ഷംതോറും ആരോഗ്യ പരിശോധന. കാരുണ്യ സുരക്ഷ പദ്ധതിയിലെ കുടിശ്ശിക ഘട്ടം ഘട്ടമായി തീര്‍ക്കും. ക്യാന്‍സര്‍ പ്രതിരോധ പദ്ധതി ആരംഭിക്കും. കെഎംഎസ്സിഎല്ലിന്റെ മരുന്ന് സംഭരണ രീതി പരിഷ്‌ക്കരിക്കും. അപൂര്‍വ മരുന്നുകള്‍ ഉറപ്പാക്കും. ഉയര്‍ന്ന ചികിത്സാ ചെലവ് കുറക്കും.

◾  2026 ജനുവരിയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റിലെ തെറ്റായ കണക്കുകള്‍മൂലം വരുമാനത്തില്‍ 20,500 കോടി രൂപയുടെ കുറവാണെന്ന് ആമുഖമായി വെളിപ്പെടുത്തിക്കൊണ്ടാണ് വിഡി സതീശന്‍ ബജറ്റ് അവതരിപ്പിച്ചത് . കിഫ്ബിയുടെയും മറ്റും കണക്കുകൂടി ഉള്‍പ്പെടുത്തിയാണു യഥാര്‍ത്ഥ കണക്കു മറച്ചുവച്ചത്. നിലവില്‍ കിഫ്ബിയും സോഷ്യല്‍ സെക്യൂരിറ്റി കമ്പനിയും ഉള്‍പ്പെടെ സര്‍ക്കാരിനു 87,012 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ട്. എല്‍ഡിഎഫ് സര്‍ക്കാര്‍ ബജറ്റില്‍ ഉള്‍പെടുത്തിയയ കേന്ദ്ര വിഹിതം ലഭിക്കാത്തതിനാല്‍ വാര്‍ഷിക പദ്ധതി അടങ്കല്‍ 30,370 കോടി രൂപയായി കുറച്ചു. തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള വികസനഫണ്ട് പദ്ധതി വിഹിതത്തിന്റെ 28.5 ശതമാനമായി ഉയര്‍ത്തി.



◾  ജീവനക്കാരുടെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയും മെഡിസെപ്പും നവീകരിക്കും. ലീവ് സറണ്ടറില്‍ ഉചിതമായ തീരുമാനമുണ്ടാകും. ഡി എ കുടിശ്ശികയുടെ മുന്‍കാല പ്രാബല്യവും ശമ്പള പരിഷ്‌കരണ കമ്മീഷനെക്കുറിച്ചും വിരമിക്കല്‍ പ്രായം ഉയര്‍ത്തലും പരാമര്‍ശിച്ചില്ല. ഡി എ കുടിശ്ശിക എട്ടു ഗഡുക്കളായി നല്‍കുമെന്നായിരുന്നു എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. ഇത്തവണ രണ്ടു ഗഡുവാണ്. ഇത് നടപ്പാക്കാന്‍ ഈ വര്‍ഷം ഒമ്പതിനായിരം കോടിയിലധികം രൂപ വേണ്ടിവരും.

◾  റബറിന്റെ തറവില കിലോഗ്രാമിന് 200 രൂപയില്‍നിന്ന് 250 രൂപയായി വര്‍ധിപ്പിച്ചു. വിനോദസഞ്ചാരത്തിന് പുതിയ സാധ്യതകള്‍ തുറക്കുന്ന ഫാം ടൂറിസം രീതികളെ പ്രോത്സാഹിപ്പിക്കും. ടൂറിസം മേഖലയുടെ സമഗ്രമായ വളര്‍ച്ചയ്ക്കായി 325 കോടി രൂപ അനുവദിച്ചു. ക്ഷീര വികസനത്തിന് 102 കോടി വകയിരുത്തി. മൂന്നു വര്‍ഷത്തിനുള്ളില്‍ പ്രതിദിന പാല്‍ ഉല്‍പാദനം ഒരു കോടി ലിറ്ററാക്കി ഉയര്‍ത്തും. യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കും.

◾  സ്വകാര്യ ബസുകളുടെ ത്രൈമാസ നികുതിയില്‍ 50 ശതമാനം വെട്ടിക്കുറച്ചു. ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് ബസുകളുടെ ത്രൈമാസ നികുതിയും കുറയ്ക്കും. ത്രൈമാസ നികുതിയായ സീറ്റൊന്നിന് 2000 രൂപ എന്നത് 900 രൂപയായും സ്ലീപ്പര്‍ ബര്‍ത്തിന് 3000 രൂപയെന്നത് 1500 രൂപയായും കുറയ്ക്കും.

◾  പുതിയ ജില്ലകളും താലൂക്കുകളും രൂപീകരിക്കുന്നതിനെക്കുറിച്ച് പഠിക്കുന്നതിന് കമ്മിഷനെ നിയമിക്കുമെന്നു മുഖ്യമന്ത്രി വി.ഡി. സതീശന്‍. മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്നും മൂവാറ്റുപുഴ, നെയ്യാറ്റിന്‍കര ഉള്‍പ്പെടെയുള്ള പുതിയ ജില്ലകള്‍ രൂപീകരിക്കണെമെന്നും ആവശ്യം ഉയര്‍ന്നിരിക്കേയാണ് നടപടി.

◾  ഇലക്ട്രിക് വാഹനങ്ങള്‍ക്കു നികുതി കുറച്ചു. 10 ലക്ഷം രൂപ വരെ വിലയുള്ളവയ്ക്കുള്ള അഞ്ചു ശതമാനം റോഡ് നികുതി മൂന്നു ശതമാനമായി കുറച്ചു. 15 ലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെ വിലയുള്ള ഇലക്ട്രിക് വാഹനങ്ങള്‍ക്ക് എട്ടു ശതമാനത്തില്‍നിന്ന് മൂന്നു ശതമാനമായി കുറച്ചു.

◾  'മിഷന്‍ സമുദ്ര' പദ്ധതിക്കു 400 കോടി രൂപ വകയിരുത്തി. റോഡ്, സമുദ്രം, റെയില്‍, ഉള്‍നാടന്‍ ജലപാതകള്‍, ഗ്രീന്‍ഫീല്‍ഡ് സിറ്റി എന്നിവയുമായി ബന്ധിപ്പിച്ചു അഞ്ചു വര്‍ഷത്തിനകം കേരളത്തെ തുറമുഖ നഗരമാക്കും. തീരമേഖലയിലുള്ളവര്‍ക്ക് തൊഴിലവസരം ലഭിക്കും. പുതിയൊരു കപ്പല്‍ നിര്‍മ്മാണ കേന്ദ്രം ആരംഭിക്കും. അന്താരാഷ്ട്ര മാരിടൈം മ്യൂസിയം സ്ഥാപിക്കും.  

◾  മല്‍സ്യത്തൊഴിലാളികള്‍ക്കുള്ള മണ്ണെണ്ണ സബ്സിഡി 75 രൂപയായി ഉയര്‍ത്തും. എല്ലാ തീരദേശവാസികള്‍ക്കും പട്ടയം. ഭവനരഹിതരായ മത്സ്യത്തൊഴിലാളികള്‍ക്കു പാര്‍പ്പിട പദ്ധതി. മല്‍സ്യബന്ധന മേഖലയ്ക്ക് 50 കോടി രൂപ അധികമായി അനുവദിച്ചു. അപകട ഇന്‍ഷുറന്‍സ് പുതുക്കും. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് റെസ്‌ക്യൂ ബോട്ടുകളും വനിതകള്‍ക്ക് മത്സ്യ വിപണനത്തിന് 'ഷീ സ്‌കൂട്ടറുകളും' അനുവദിക്കും. മുതലപ്പൊഴി ഹാര്‍ബറിന്റെ അപാകതകള്‍ പരിഹരിക്കും.

◾  ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കായി 100 കോടി രൂപ. ഉന്നത പഠനത്തിനായി വിദേശത്തേക്കു പോകുന്ന പ്രവണതയ്ക്ക് തടയിടാനും നാട്ടില്‍ തന്നെ മികച്ച പഠനസൗകര്യം ഉറപ്പാക്കാനുമായി 'കേരള നോളജ് വാലി' പദ്ധതി നടപ്പാക്കും. അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠനം കേരളത്തില്‍ ഉറപ്പാക്കാന്‍ നോളജ് വാലി പദ്ധതി സഹായിക്കും. അക്കാദമിക് വിഷയങ്ങളില്‍ അമിത രാഷ്ട്രീയ ഇടപെടല്‍ ഒഴിവാക്കാന്‍ അക്കാദമിക് കൗണ്‍സില്‍ രൂപീകരിക്കും. പാചകകലാ ഇന്റസ്റ്റിറ്റിയൂട്ട് സ്ഥാപിക്കും.  

◾  കൊച്ചിയില്‍ അത്യാധുനിക സൗകര്യങ്ങളോടെ ഫിലിം സിറ്റി സ്ഥാപിക്കാന്‍ 100 കോടി രൂപ വകയിരുത്തി. എം.ടി. വാസുദേവന്‍ നായരുടെ പേരില്‍ കോഴിക്കോട് കള്‍ച്ചറല്‍ പാര്‍ക്കിനായി 50 കോടി രൂപ. മലയാള സിനിമയുടെ പിതാവ് ജെ.സി. ഡാനിയേലിന്റെ സ്മരണാര്‍ത്ഥം 'ചിത്രനഗരം' പദ്ധതി നടപ്പാക്കും. സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാസ്റ്ററുടെ ഓര്‍മ്മയ്ക്കായി തൃശൂരില്‍ അത്യാധുനിക മ്യൂസിക് അക്കാദമി സ്ഥാപിക്കും. മറ്റു പ്രഖ്യാപനങ്ങള്‍: എറണാകുളത്ത് നടന്‍ സലിംകുമാറിന് സ്മാരകം. കോഴിക്കോട് ഗായകന്‍ ഉമ്പായിയുടെ നാമധേയത്തില്‍ മ്യൂസിക് അക്കാദമി. ആര്‍ട്ടിസ്റ്റ് നമ്പൂതിരി ട്രസ്റ്റിന്റെ സഹായത്തോടെ കള്‍ച്ചറല്‍ സെന്റര്‍ ആന്‍ഡ് മ്യൂസിയം. ഡല്‍ഹിയില്‍ ശ്രീനാരായണ ഗുരുവിന് പ്രതിമയും സാംസ്‌കാരിക കേന്ദ്രവും. തിരുവനന്തപുരം പട്ടത്ത് മുന്‍ മുഖ്യമന്ത്രി ആര്‍. ശങ്കറിന് സ്മാരക മന്ദിരം. ചാലക്കുടിയില്‍ പനമ്പള്ളി ഗോവിന്ദ മേനോന്‍ സ്മാരകം.

◾  ഗ്രാമസഭയില്‍ ഓണ്‍ലൈനായി പങ്കെടുക്കാന്‍ സൗകര്യം ഒരുക്കും. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന വിഹിതം 1422.60 കോടി രൂപയായി ഉയര്‍ത്തും. സഹകരണ സംഘങ്ങളിലെ നിക്ഷേപം തിരികെ നല്‍കാന്‍ നിക്ഷേപ ഗ്യാരന്റി സ്‌കീമില്‍ മാറ്റം വരുത്തും. ഇ-ഗ്രാന്റ് കുടിശ്ശിക സമയബന്ധിതമായി തീര്‍പ്പാക്കും.

◾  പ്രശസ്തമായ ഐ.ഐ.ടി മദ്രാസ് റിസര്‍ച്ച് പാര്‍ക്കിന്റെ മാതൃകയില്‍ റിസര്‍ച്ച് പാര്‍ക്ക് ആരംഭിക്കാന്‍ 60 കോടി രൂപ നീക്കിവച്ചു. ആരോഗ്യ-ശാസ്ത്ര രംഗത്തെ വികസനം ലക്ഷ്യമിട്ട് 'കേരള ഹെല്‍ത്ത് ആന്‍ഡ് ലൈഫ് സയന്‍സ് സിറ്റി' സ്ഥാപിക്കാന്‍ 100 കോടി രൂപ വകയിരുത്തി.

◾  തോട്ടം മേഖലയില്‍ കൂടുതല്‍ സ്ഥലം ടൂറിസത്തിനായി ഉപയോഗിക്കാന്‍ നിയമഭേദഗതി കൊണ്ടുവരും. അതിരപ്പള്ളിയില്‍ ഇക്കോ-ഫ്രണ്ട്ലി ഡൈനമിക് ലൈറ്റിംഗ് പദ്ധതി നടപ്പാക്കും. തീര്‍ത്ഥാടന ടൂറിസം സര്‍ക്യൂട്ട് തുടങ്ങും. അര്‍ത്തുങ്കല്‍ ബസലിക്ക, അമ്പലപ്പുഴ ക്ഷേത്രം, കാക്കഴം പള്ളി, മണ്ണാറശ്ശാല, കൃഷ്ണപുരം കൊട്ടാരം, മാതാ അമൃതാന്ദമയി മഠം, ഓച്ചിറ ക്ഷേത്രം എന്നിവയെ ബന്ധിപ്പിച്ചു പദ്ധതി നടപ്പാക്കും. മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനായി ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തും.

◾  തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളെ സംയോജിപ്പിച്ചു തന്ത്രപരമായ ഏകീകൃത സാമ്പത്തിക മേഖല സതേണ്‍ കേരളാ ഇക്കണോമിക് കോറിഡോര്‍ സൃഷ്ടിക്കും.

◾  നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ച് ഏവിയേഷന്‍-ലോജിസ്റ്റിക്‌സ് ഹബ്ബ് സജ്ജമാക്കും. തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളില്‍ ലൈറ്റ് മെട്രോ പദ്ധതികള്‍ നടപ്പിലാക്കും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ റെയില്‍ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കും.

◾  ഭൂനിയമങ്ങള്‍ പരിഷ്‌കരിക്കും. നിക്ഷേപകര്‍ക്ക് ഭൂമി, നിയമപരമായ അനുമതികള്‍, നിക്ഷേപാനന്തര പിന്തുണ എന്നിവ നല്‍കുന്ന ഏകജാലക സംവിധാനമായി ഇന്‍വെസ്റ്റ് കേരളം സെല്‍ തുടങ്ങും. സംസ്ഥാനത്തുടനീളം പതിനായിരത്തോളം പുതിയ എം.എസ്.എം.ഇ സംരംഭങ്ങള്‍ക്ക് റിവോള്‍വിംഗ് ഫണ്ടും ടെക്‌നോ-മെന്റര്‍മാരുടെ സഹായവും നല്‍കും. ലോകോത്തര അടിസ്ഥാന സൗകര്യങ്ങളും പദ്ധതി വിജയവും ഉറപ്പുനല്‍കുന്ന പ്രത്യേക സാമ്പത്തിക മേഖല സ്ഥാപിക്കും.

◾  പെരുമ്പാവൂരില്‍ ഫര്‍ണിച്ചര്‍ ഹബ്ബും, തൃശൂരില്‍ സ്വര്‍ണ്ണ വിനിമയ കേന്ദ്രവും ആഭരണ നിര്‍മ്മാണ പാര്‍ക്കും സ്ഥാപിക്കും. പ്രവാസികളില്‍നിന്നു നിക്ഷേപം സ്വീകരിക്കാന്‍ പ്രവാസി ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ് ഫണ്ട് പദ്ധതി നടപ്പാക്കും.

◾  യുവാക്കളുടെ എണ്ണം കുറയുകയും വയോജനങ്ങളുടെ എണ്ണം കൂടുകയും ചെയ്യുന്ന ഒരു പ്രത്യേക സാഹചര്യത്തിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്. യുവജനങ്ങള്‍ക്ക് ആവശ്യമായ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും വയോജനങ്ങള്‍ക്ക് കൈത്താങ്ങാകാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ബജറ്റ് വ്യക്തമാക്കുന്നു.

◾  വയോജന ക്ഷേത്തിന് ആരംഭിച്ച വകുപ്പിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കു 10 കോടി രൂപ അനുവദിച്ചു. പ്രായമായവരെ പരിചരിക്കുന്നതിനായി 'കെയര്‍ ഗിവര്‍ പദ്ധതി' ആവിഷ്‌കരിക്കും. ഇതിന്റെ ഭാഗമായി ആറ് മാസത്തെ കെയര്‍ ഗിവര്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ ആരംഭിക്കും.

◾  ജെന്‍സികള്‍ക്കുള്ള സ്റ്റാര്‍ട്ട് അപ്പിനായി 50 കോടി രൂപ. ഡിജിറ്റല്‍ ധാര്‍മ്മികത, സ്വകാര്യതയുടെ സംരക്ഷണം, സൈബര്‍ സുരക്ഷ, മാനുഷിക മൂല്യങ്ങള്‍ എന്നിവയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള സ്റ്റാര്‍ട്ട് അപ്പുകള്‍, ഇന്നോവേഷന്‍ ഹബുകള്‍, ഗവേഷണ കേന്ദ്രങ്ങള്‍, സ്മാര്‍ട്ട് വ്യവസായങ്ങള്‍ എന്നിവ വികസിപ്പിക്കും.

◾  ഉരുള്‍പൊട്ടലുണ്ടായ വിലങ്ങാടിന്റെ പുനര്‍നിര്‍മ്മിതിക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു. വയനാട്, കാസര്‍ഗോഡ്, ഇടുക്കി ജില്ലകള്‍ക്കായുള്ള പ്രത്യേക വികസന പാക്കേജുകള്‍ ഊര്‍ജ്ജിതമായി നടപ്പാക്കും. മലബാറില്‍ ലോക നിലവാരത്തിലുള്ള ഫുട്ബോള്‍ സ്റ്റേഡിയം നിര്‍മ്മിക്കും.

◾  പട്ടികജാതി മേഖലയ്ക്ക് 527.68 കോടി രൂപയും പട്ടികവര്‍ഗ്ഗ മേഖലയ്ക്ക് 152.52 കോടി രൂപയും കൂടുതലായി അനുവദിച്ചുകൊണ്ടാണു മുഖ്യമന്ത്രി വി.ഡി. സതീശന്‍ ബജറ്റ് അവതരിപ്പിച്ചത്.

◾  നവകേരള സ്വപ്നം കയ്യൊഴിഞ്ഞ ബജറ്റാണെന്നും ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ലെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളം എന്തോ സാമ്പത്തിക അപകടാവസ്ഥയില്‍ എന്ന സന്ദേശമാണ് മുഖ്യമന്ത്രി പറഞ്ഞത്. സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രമാണെന്നും 6000 കോടി ട്രഷറിയില്‍ വച്ചാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഇറങ്ങിയതെന്നും പിണറായി വിജയന്‍ പറഞ്ഞു.

◾  ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഓഫീസില്‍ കസേരത്തര്‍ക്കം. ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കം ചെയ്ത സര്‍ക്കാര്‍ ഉത്തരവ് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ സ്റ്റേ ചെയ്ത ഉത്തരവുമായി തിരികേ ചുമതലയേല്‍ക്കാന്‍ എത്തിയ ഡോ. കെ.ജെ. റീനയ്ക്കു കസേര വിട്ടുകൊടുക്കാതെ ഇന്‍ ചാര്‍ജ് ഡയറക്ടറായ ഡോ. മീനാക്ഷി. സര്‍ക്കാര്‍ ഉത്തരവിടാതെ മാറില്ലെന്നു നിലപാടെടുത്തതോടെ തര്‍ക്കം മൂത്തു. ഒടുവില്‍ ഡോ മീനാക്ഷി പോലീസിനെ വിളിച്ചുവരുത്തി.

◾  കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി കേസില്‍ മുഹമ്മദ് ഹനീഷിനെതിരെ ഹൈക്കോടതിയുടെ താക്കീത്. തിങ്കളാഴ്ച കോടതിയില്‍ ഹാജരാകണമെന്നും ഇല്ലെങ്കില്‍ കടുത്ത നിയമനടപടി നേരിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പു നല്‍കി.

◾  മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണയുടെ ബാങ്ക് ലോക്കര്‍ ഇഡി ഉദ്യോഗസ്ഥര്‍ പരിഗോധിച്ചു. ആയുര്‍വേദ കോളേജിന്റെ മുന്നിലുള്ള എച്ച്ഡിഎഫ്‌സി ബാങ്കിലാണ് പരിശോധന നടന്നത്.

◾  എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രതിയായ മൈക്രോഫിനാന്‍സ് തട്ടിപ്പു കേസില്‍  മൂന്നാഴ്ചയ്ക്കകം അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നല്‍കിയില്ലെങ്കില്‍ എസ്പി എസ് ശശിധരനെ ചുമതലയില്‍ നിന്ന് മാറ്റുമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച്. 15 കോടി രൂപ തട്ടിയെടുത്തെന്നാണ് വി എസ് അച്യുതാനന്ദന്‍ ആരോപിച്ചിരുന്നത്.

◾  കാഞ്ഞങ്ങാടുള്ള ഗവണ്‍മെന്റ് ജില്ലാ ആശുപത്രിയുടെ മൂന്നാം നിലയില്‍ രോഗിയുടെ കൂട്ടിരിപ്പുകാരനെ തെരുവുനായ കടിച്ചു. കാഞ്ഞങ്ങാട് കല്ലഞ്ചിറ സ്വദേശിയും എറണാകുളത്ത് വീഡിയോഗ്രാഫി വിദ്യാര്‍ത്ഥിയുമായ അബിന്‍ കെ. സതീഷിനാണ് (21) കടിയേറ്റത്.

◾  ടിനിടോമിനെതിരായ അന്‍സിബയുടെ പരാതിയില്‍ കേസെടുക്കേണ്ടെന്നു പൊലീസ്. അന്‍സിബയുടെ പരാതിയില്‍ കഴമ്പില്ലെന്നും വൈരുദ്ധ്യങ്ങളുണ്ടെന്നും പൊലീസ് ചൂണ്ടിക്കാട്ടി.

◾  ഭാര്യയെ മര്‍ദിച്ചെന്ന പരാതിയില്‍ പൊലീസ് കേസെടുത്തതോടെ ബിജെപി തൃശൂര്‍ സൗത്ത് ജില്ലാ പ്രസിഡന്റ് എ ആര്‍ ശ്രീകുമാര്‍  രാജിവച്ചു.

◾  ടെലഗ്രാം ആപ് താത്കാലികമായി നിരോധിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടി ഡല്‍ഹി ഹൈക്കോടതി ശരിവച്ചു. നിരോധനം 22 വരെ തുടരും. നീറ്റ് പുനഃപരീക്ഷയ്ക്ക് മുന്നോടിയായി ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന വ്യാജ പ്രചാരണങ്ങള്‍ക്കും സാമ്പത്തിക തട്ടിപ്പുകള്‍ക്കും ടെലഗ്രാം ആപ്പ് ഉപയോഗിച്ചതാണ് നിരോധനത്തിനു കാരണം.

◾  സുപ്രീം കോടതി ഹൈക്കോടതികളുടെ ഹെഡ് മാസ്റ്റര്‍ അല്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. ഹൈക്കോടതികളുടെ സ്വതന്ത്ര ഭരണഘടന അവകാശത്തെ ബഹുമാനിക്കണമെന്നും ചീഫ് ജസ്റ്റിസ്. ജാര്‍ഖണ്ഡ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരായ അപ്പീല്‍ പരിഗണിക്കുന്നതിനിടെയാണ് നിരീക്ഷണം.

◾  തൃണമൂല്‍ കോണ്‍ഗ്രസിന്റെ 676 കോടി ആസ്തിയുള്ള പാര്‍ട്ടി അക്കൗണ്ട് മരവിപ്പിക്കണമെന്ന് ട്രഷററും മുന്‍ മന്ത്രിയുമായ അരൂപ് ബിശ്വാസ് ബാങ്കുകളോട് ആവശ്യപ്പെട്ടു.

◾  യുഎസിലെ മിസ്സോറിയില്‍ സ്‌കൈഡൈവിംഗിനായി ഉപയോഗിച്ചിരുന്ന ചെറിയ വിമാനം തകര്‍ന്നുവീണ് ആന്ധ്രാപ്രദേശ് സ്വദേശിയായ 24-കാരന്‍ സായ് കാര്‍ത്തിക് വര്‍മ്മ ദാത്ല ഉള്‍പ്പെടെ 12 പേര്‍ മരിച്ചു.

◾  ലോകകപ്പിലെ ഗ്രൂപ്പ് എ യില്‍ നടന്ന മത്സരത്തില്‍ ദക്ഷിണ കൊറിയയെ എതിരില്ലാത്ത ഒരു ഗോളിന തോല്‍പിച്ച് റൗണ്ട് ഓഫ് 32 വിലെത്തുന്ന ആദ്യ ടീമായി ആതിഥേയരായ മെക്‌സിക്കോ. ലോകകപ്പിലെ മെക്‌സിക്കോയുടെ രണ്ടാം ജയമാണിത്. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ മെക്‌സിക്കോ തോല്‍പ്പിച്ചിരുന്നു.

◾  ഗുരുതര ടാക്കിളുകളും ഫൗളുകളുടെ പെരുമഴയും രണ്ട് റെഡ് കാര്‍ഡുകളും കണ്ട ലോകകപ്പിലെ ഗ്രൂപ്പ് ബിയിലെ മത്സരത്തില്‍ ഖത്തറിനെ എതിരില്ലാത്ത ആറു ഗോളുകള്‍ക്ക് തകര്‍ത്ത് കാനഡ. ജൊനാഥന്‍ ഡേവിഡ് ഹാട്രിക്കുമായി തിളങ്ങിയ മത്സരത്തില്‍ കൈല്‍ ലാറിന്‍, നഥാന്‍ സാലിബ എന്നിവരായിരുന്നു കാനഡയുടെ മറ്റ് സ്‌കോറര്‍മാര്‍. മുഹമ്മദ് മനായിയുടെ സെല്‍ഫ് ഗോളും കാനഡയുടെ അക്കൗണ്ടിലെത്തി. മത്സരത്തിന്റെ 50-ാംമിനിറ്റിലുണ്ടായ ഗുരുതര ഫൗളില്‍ കനേഡിയന്‍ താരം ഇസ്മായെല്‍ കോനെയുടെ ഇടതു കാലിന് ഒടിവ് സംഭവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

◾  ലോക കപ്പ് ഫുട്‌ബോളില്‍ ബ്രസീലിന്റെ രണ്ടാം മത്സരം നാളെ. രാവിലെ 6:30 നു ഹെയ്തിയോടാണ് ഏറ്റുമുട്ടുന്നത്. ആദ്യ മത്സരത്തില്‍ മൊറോക്കോയോട് സമനില വഴങ്ങിയ ബ്രസീലിന് ഈ മത്സരം നിര്‍ണായകമാണ്. പരിക്കില്‍നിന്ന് മോചിതനായെങ്കിലും ഫിറ്റ്‌നസ് വീണ്ടെടുക്കാത്ത നെയ്മര്‍ ഹെയ്തിക്കെതിരെയും കളിക്കില്ല.

◾  കേരളത്തിലെ സ്വര്‍ണ വിലയില്‍ ഇന്ന് വന്‍ ഇടിവ്. 22 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 335 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ പുതുക്കിയ വിപണി വില 13,370 രൂപയായി. ഒരു പവന് 2,680 രൂപ താഴ്ന്ന് 1,06,960 രൂപയായി. 18 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 275 രൂപ ഇടിഞ്ഞു. 14 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമിന് 210 രൂപയും 9 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമിന് 135 രൂപ വീതവും ഇന്ന് കുറവ് രേഖപ്പെടുത്തി. വെള്ളി വിലയിലും ഇന്ന് ഇടിവ് നേരിട്ടു. ഒരു ഗ്രാം വെള്ളിയുടെ നിരക്കില്‍ 15 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം വെള്ളിയുടെ പുതുക്കിയ വിപണി വില 250 രൂപയായി. അതേസമയം ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതിയില്‍ മെയ് മാസം വന്‍ ഇടിവുണ്ടായി. സാധാരണ ഒരു മാസം 70 മുതല്‍ 100 ടണ്‍ വരെ സ്വര്‍ണമായിരുന്നു ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിരുന്നത്. കഴിഞ്ഞ മാസത്തെ ഇറക്കുമതി 25-30 ടണ്‍ മാത്രം. തീരുവ വര്‍ധിപ്പിച്ചതോടെ പഴയ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിക്കുകയും ചെയ്തു.

◾  ഓണ്‍ലൈന്‍ പേയ്മെന്റ് ആപ്പുകളായ ഗൂഗിള്‍പേ, ഫോണ്‍പേ എന്നിവയുടെ സംയുക്ത വിപണി വിഹിതം ചരിത്രത്തില്‍ ആദ്യമായി 80 ശതമാനത്തില്‍ താഴെയായി. നാഷ്ണല്‍ പേയ്മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ പുറത്തുവിട്ട മേയിലെ കണക്കു പ്രകാരം 79 ശതമാനമാണ് ഇരുകമ്പനികളുടെ ആകെ വിപണി വിഹിതം. 2025 മെയ് മാസത്തെ അപേക്ഷിച്ച് മൊത്തം ഇടപാടുകള്‍ 24 ശതമാനം വര്‍ധിച്ചപ്പോള്‍ ഇരുകമ്പനികള്‍ക്കും വിപണിയില്‍ കാര്യമായ ക്ഷീണമുണ്ടായി. ഇടപാട് തുകകളുടെ ആകെ മൂല്യത്തില്‍ ഈ വര്‍ഷം 19 ശതമാനം വര്‍ധനയുണ്ടായി. 2024 ജനുവരിയില്‍ 95.2 ശതമാനം ആയിരുന്നു ഫോണ്‍പേ ഗൂഗിള്‍പേ എന്നിവയുടെ വിപണി വിഹിതം. എന്നാല്‍ പുതിയ കമ്പനികളായ സച്ചിന്‍ ബന്‍സാലിന്റെ ചമ്ശ, ഫ്ലിപ്കാര്‍ട്ടിന്റെ സൂപ്പര്‍ മണി എന്നിവയുടെ വിഹിതം 5.5 ശതമാനത്തിലേക്ക് ഉയര്‍ന്നു. ഒരു കമ്പനിയും മൊത്തം മാര്‍ക്കറ്റ് ഷെയറിന്റെ 30 ശതമാനം കടക്കാതിരിക്കനുള്ള പുതിയ നിയമവും 6 മാസത്തിനുള്ളില്‍ വരും. പുതിയ കമ്പനികള്‍ക്കിത് ഗുണം ചെയ്യും.

◾  ധനുഷിനെ നായകനാക്കി രാജ്കുമാര്‍ പെരിയസാമി ഒരുക്കുന്ന പുതിയ ചിത്രത്തില്‍ മമ്മൂട്ടിയും. 'ഓം' എന്നാണ് സിനിമയുടെ പേര്. ഒന്നിലധികം ഭാഗങ്ങളിലായാണ് ചിത്രം വരുന്നത്. 'ഓം ചാപ്റ്റര്‍ 1, ഉധിരം: ദ് ബ്ലഡ് വുഡ്' എന്നാണ് ആദ്യ ഭാഗത്തിന് നല്‍കിയിരിക്കുന്ന പേര്. രണ്ടര മിനിറ്റില്‍ അധികം ദൈര്‍ഘ്യമുള്ള ഒരു വീഡിയോയ്‌ക്കൊപ്പമാണ് ടൈറ്റില്‍ റിവീല്‍ നടത്തിയിരിക്കുന്നത്. ഒരുകൂട്ടം ആളുകളെ രക്ഷിക്കാനായി അവതരിക്കുന്ന നായകനായാണ് ധനുഷിനെ ടീസറില്‍ കാണാനാവുക. ഈ ടീസറില്‍ മമ്മൂട്ടി ഇല്ല. അതേസമയം, മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് കാര്‍ത്തികേയന്‍ എന്നാണെന്നും അദ്ദേഹത്തെ അവതരിപ്പിക്കുന്ന ഒരു ടീസര്‍ ഉടന്‍ പുറത്തുവിടുമെന്നും സംവിധായകന്‍ രാജ്കുമാര്‍ പെരിയസാമി പറഞ്ഞു. 8 വര്‍ഷത്തിന് ശേഷം മമ്മൂട്ടി തമിഴില്‍ അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. സായ് പല്ലവി, ശ്രീലീല എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സായ് അഭ്യങ്കാര്‍ ആണ് ചിത്രത്തിന് സംഗീതം .

◾  ആലിയ ഭട്ടിനെ നായികയാക്കി യഷ് രാജ് ഫിലിംസ് ഒരുക്കുന്ന 'ആല്‍ഫ' സിനിമയുടെ ട്രെയിലര്‍ എത്തി.  യഷ് രാജ് ഫിലിംസിന്റെ സ്‌പൈ യൂണിവേഴ്‌സിലുള്ള ചിത്രത്തില്‍ ബോബി ഡിയോള്‍, ശര്‍വാരി, അനില്‍ കപൂര്‍ എന്നിവരാണ് മറ്റു പ്രധാനവേഷങ്ങളിലെത്തുന്നത്. ശിവ റവെയ്ല്‍ ആണ് സംവിധാനം. ചിത്രത്തിന്റെ ട്രെയിലറില്‍ ഹൃതിക് റോഷന്‍ ഏജന്റ് കബീര്‍ ആയി അതിഥിവേഷത്തില്‍ എത്തുന്നുണ്ട്. നെറ്റ്ഫ്‌ലിക്‌സിലൂടെ ശ്രദ്ധേയമായ ദ് റെയില്‍വെ െമന്‍ സീരിസിന്റെ സംവിധായകനാണ് ശിവ. ശ്രീധര്‍ രാഘവന്‍, സൗമില്‍ ശുക്ല എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. ഛായാഗ്രഹണം റുബൈസ്. സംഗീതം റോഹന്‍ഷ്അബീര്‍. ഉദയ് ചോപ്രയുടേതാണ് കഥ. ഹൃതിക്കിനെ കൂടാതെ സല്‍മാന്‍ ഖാന്‍, ഷാറുഖ് എന്നിവരും അതിഥി വേഷത്തില്‍ എത്തിയേക്കും.

◾  ബജാജിന്റെ ജനപ്രിയ മോഡലായ പള്‍സര്‍ 220എഫിന്റെ 2026 പതിപ്പ് വിപണിയില്‍ അവതരിപ്പിച്ചു. 1.36 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. പുതിയ എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലൈറ്റും എല്‍ഇഡി പൊസിഷന്‍ ലൈറ്റുകളുമാണ് ഈ ബൈക്കിന്റെ പ്രധാന സവിശേഷതകള്‍. ലോ ബീമും ഹൈ ബീമും ഒരുമിച്ച് ഉള്‍ക്കൊള്ളുന്ന ഒരൊറ്റ പ്രൊജക്ടര്‍ യൂണിറ്റാണ് പുതിയ ഹെഡ്‌ലൈറ്റ് ക്ലസ്റ്ററിലുള്ളത്. പുതിയ പള്‍സര്‍ 220എഫിന്റെ പൊസിഷന്‍ ലൈറ്റുകളും ഇപ്പോള്‍ എല്‍ഇഡി യൂണിറ്റുകളിലേക്ക് മാറ്റിയിട്ടുണ്ട്. ബൈക്കിന്റെ മറ്റ് ഡിസൈനിലോ മെക്കാനിക്കല്‍ ഫീച്ചറുകളിലോ മാറ്റങ്ങളൊന്നുമില്ല. 8,500 ആര്‍പിഎമ്മില്‍ 20.1 ബിഎച്പി കരുത്തും 7,000 ആര്‍പിഎമ്മില്‍ 18.55 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 220 സിസി, എയര്‍/ഓയില്‍-കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ തന്നെയാണ് പള്‍സര്‍ 220എഫിന് ഇപ്പോഴുമുള്ളത്. 5-സ്പീഡ് ഗിയര്‍ബോക്സുമായാണ് ഈ എന്‍ജിന്‍ ഘടിപ്പിച്ചിരിക്കുന്നത്.

◾  1974ലെ ഒരു മഴമൂടിയ വെള്ളിയാഴ്ച അര്‍ദ്ധരാത്രിയില്‍, മര്‍ക്കാട താഴ്വരയിലെ കുന്നിന്‍ മുകളിലൊരു പഴയ വിക്ടോറിയന്‍ അസൈലത്തില്‍ എത്തുന്ന ഒരു അപരിചിതന്‍ എല്ലാം മാറ്റിമറിക്കുന്നു. മനോരോഗാശുപത്രിയായി ആരംഭിച്ച് സഭയുടെ ഉച്ചാടനകേന്ദ്രമായി മാറിയ ആ ഒറ്റപ്പെട്ട കെട്ടിടത്തിനുള്ളില്‍ വാര്‍ഡനും ഉച്ചാടകനായ ഫാദര്‍ ഡേവിസും, ട്രെയിനിയായ ജോസഫും വിശ്വാസത്തിന്റെയും സംശയത്തിന്റെയും അതിരു കളില്‍ നില്‍ക്കുന്ന ഒരു ഭീകരരാത്രി നേരിടുന്നു. മനുഷ്യനും പിശാചും തമ്മിലുള്ള പോരാട്ടം, ഒരു തെറ്റായ തീരുമാനത്തിന്റെ വില, നിരപരാധിയായ ഒരു ജീവന്റെ ബലി ഇരുട്ട് വെളിച്ചത്തെ ചോദ്യം ചെയ്യുന്ന ആ രാത്രിയില്‍, അസൈലം ഭീതിയും ആത്മീയ സംഘര്‍ഷവും മനുഷ്യന്റെ ദൗര്‍ബല്യങ്ങളും ചേര്‍ന്നൊരു ത്രസിപ്പിക്കുന്ന അനുഭവമായി മാറുന്നു. 'അസൈലം'. വയനാടന്‍ തമ്പാന്‍. ഇന്‍സൈറ്റ് പബ്‌ളിക്ക്. വില 95 രൂപ.

◾  മതിയായ ഉറക്കം ലഭിച്ചിട്ടും രാവിലെ എഴുന്നേറ്റിട്ട് ഉന്മേഷമില്ലാത്ത അവസ്ഥ, ചെറിയ ജോലികള്‍ ചെയ്താലും തളര്‍ച്ച അനുഭവപ്പെടല്‍ എന്നിവ വിറ്റാമിന്‍ ഡിയുടെ കുറവിന്റെ പ്രധാന ലക്ഷണങ്ങളാണ്. വിറ്റാമിന്‍ ഡി കാല്‍സ്യത്തിന്റെ ആഗിരണം മെച്ചപ്പെടുത്തുന്നു. ഇത് കുറയുമ്പോള്‍ എല്ലുകള്‍ ദുര്‍ബലമാകുകയും നടുവേദന, മുട്ടുവേദന, സന്ധിവേദന തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും ചെയ്യും. പടികള്‍ കയറുമ്പോള്‍ ബുദ്ധിമുട്ട് അനുഭവപ്പെടുക, സാധാരണ ജോലികള്‍ ചെയ്യുമ്പോള്‍ പേശികള്‍ വേഗത്തില്‍ ക്ഷീണിക്കുക എന്നിവയും വിറ്റാമിന്‍ ഡി കുറവിന്റെ സൂചനകളാണ്. ജലദോഷം, പനി, ശ്വാസകോശ അണുബാധകള്‍ തുടങ്ങിയവ ഇടയ്ക്കിടെ വരുന്നത് ശരീരത്തിന്റെ പ്രതിരോധശേഷി കുറയുന്നതിന്റെ ലക്ഷണമാകാം. വിറ്റാമിന്‍ ഡി പ്രതിരോധ സംവിധാനത്തിന്റെ പ്രവര്‍ത്തനത്തില്‍ പ്രധാന പങ്കുവഹിക്കുന്നു. ഇത് മുടികൊഴിച്ചിലിന് കാരണമാകാം. വിഷാദരോഗ സാധ്യതയും കൂടും. മുറിവുകള്‍, ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള മുറിവുകള്‍ എന്നിവ സുഖപ്പെടാന്‍ കൂടുതല്‍ സമയം എടുക്കുക, കൂടുതലായി വിയര്‍പ്പ് അനുഭവപ്പെടുക, ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ട്, മറവി എന്നിവയും വിറ്റാമിന്‍ ഡിയുടെ കുറവുമായി ബന്ധപ്പെട്ടിരിക്കുന്നു. രാവിലെയോ വൈകുന്നേരമോ 15-30 മിനിറ്റ് സൂര്യപ്രകാശം കൊള്ളുന്നത് വിറ്റാമിന്‍ ഡി ലഭ്യമാകാന്‍ സഹായിക്കും. കൊഴുപ്പുള്ള മത്സ്യങ്ങള്‍, മുട്ടയുടെ മഞ്ഞ, ഫോര്‍ട്ടിഫൈഡ് പാല്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഡോക്ടറുടെ നിര്‍ദേശപ്രകാരം വിറ്റാമിന്‍ ഡി സപ്ലിമെന്റുകളും ഉപയോഗിക്കാം.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 94.46, പൗണ്ട് - 124.74, യൂറോ - 108.16, സ്വിസ് ഫ്രാങ്ക് - 117.05, ഓസ്ട്രേലിയന്‍ ഡോളര്‍ - 66.25, ബഹറിന്‍ ദിനാര്‍ - 250.50, കുവൈത്ത് ദിനാര്‍ -306.61, ഒമാനി റിയാല്‍ - 245.68, സൗദി റിയാല്‍ - 25.16, യു.എ.ഇ ദിര്‍ഹം - 25.69, ഖത്തര്‍ റിയാല്‍ - 25.93, കനേഡിയന്‍ ഡോളര്‍ - 66.83.
Previous Post Next Post
3/TECH/col-right