2026 | ഏപ്രില്‍ 13, തിങ്കള്‍
1201 | മീനം 30, അവിട്ടം
◾ ലിയോ പതിനാലാമന്‍ മാര്‍പാപ്പ രാഷ്ട്രീയക്കാരനാകാന്‍ ശ്രമിക്കേണ്ടെന്നും സാമാന്യബുദ്ധി പ്രയോഗിക്കണമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. മാര്‍പാപ്പ ലോക കാര്യങ്ങളില്‍ മുഴുകാതെ സഭാ കാര്യങ്ങളില്‍ ശ്രദ്ധിക്കണമെന്നും ട്രംപ്. യുദ്ധത്തിനെതിരേ പ്രതികരിച്ച മാര്‍പാപ്പ വെനിസ്വേലയോടും ഇറാനോടുമുള്ള മൃദു സമീപനത്തിലൂടെ തീവ്ര ഇടതു ചിന്താഗതിക്കാരെ പിന്തുണയ്ക്കുകയാണെന്നും ട്രംപ് കുറ്റപ്പെടുത്തി.
◾ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പ്രതിഷേധിച്ചതിനു പിറകേ, തെരഞ്ഞെടുപ്പു കമ്മീഷന്‍ സംസ്ഥാനത്തെ പോളിംഗ് ശതമാന കണക്കു പുറത്തുവിട്ടു. സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ്. 1982 നുശേഷമുള്ള ഏറ്റവും മികച്ച പോളിംഗാണിത്. ഏറ്റവും കൂടുതല്‍ പോളിംഗ് 84.63 ശതമാനം രേഖപ്പെടുത്തിയ കുന്ദമംഗലം മണ്ഡലമാണ്. ചിറ്റൂര്‍- 84.63, കുന്നത്തുനാട് - 84.09. ഏറ്റവും കുറഞ്ഞ പോളിംഗ് ശതമാനം 68.99 ശതമാനം രേഖപ്പെടുത്തിയ റാന്നിയിലാണ്.
◾ വോട്ടെടുപ്പു പൂര്‍ത്തിയായി നാലു ദിവസമായിട്ടും പോളിംഗ് ശതമാനത്തിന്റെ കൃത്യമായ കണക്ക് ഉടനേ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷണര്‍ക്ക് കത്തയച്ചതിനു പിറകേയാണ് കമ്മീഷന്‍ വിവരങ്ങള്‍ പുറത്തുവിട്ടത്. നിയോജക മണ്ഡലം അടിസ്ഥാനത്തിലുള്ള പോളിംഗ് വിവരങ്ങളും പോസ്റ്റല്‍ വോട്ടിംഗ് നിലയും ഉടനേ പരസ്യപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
◾ പോളിംഗ് കണക്ക് കണക്കുകള്‍ മനപ്പൂര്‍വം വൈകിപ്പിക്കുന്നില്ലെന്നു തെരഞ്ഞെടുപ്പു കമ്മീഷന്‍. വരണാധികാരികള്‍ കണക്കുകള്‍ ക്രോഡീകരിച്ച് പൂര്‍ത്തിയാക്കിയ ഉടന്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും ഓരോ ബൂത്തിലെയും കണക്ക് രാഷ്ട്രീയ പാര്‍ട്ടി ഏജന്റുമാര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും കമ്മീഷന്‍ അറിയിച്ചു.
◾ കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തെക്കുറിച്ച് ഏഴംഗ പ്രത്യേക പോലീസ് സംഘം അന്വേഷിക്കും. ആത്മഹത്യാ പ്രേരണയ്ക്കു ഡോ എം.കെ. റാം, ഡോ സംഗീത എന്നീ രണ്ട് അധ്യാപകര്‍ക്കെതിരേ പൊലീസ് കേസെടുത്തു. ജാതി അധിക്ഷേപത്തിനു പുറമേ ഓണ്‍ലൈന്‍ വായ്പാസംഘത്തിന്റെ ഭീഷണിയും മരണകാരണമായെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇതു സംബന്ധിച്ച ചാറ്റുകള്‍ പൊലീസ് പരിശോധിച്ചു. റാഗിംഗ് പരാതിയും അന്വേഷിക്കുന്നുണ്ട്.
◾ നിതിന്‍ രാജിന്റെ മരണത്തില്‍ ദേശീയ പട്ടികജാതി കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ബിജെപി സംസ്ഥാന സെക്രട്ടറി പി ശ്യാംരാജ് നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ നടപടി.
◾ ഡെന്റല്‍ കോളജിലേക്കു എസ്എഫ്ഐ അടക്കം വിവിധ വിദ്യാര്‍ത്ഥി, യുവജന സംഘടനകളും വനിതാ സംഘടനകളും മാര്‍ച്ചു നടത്തി. മാര്‍ച്ചിനിടെ സംഘര്‍ഷാവസ്ഥയുണ്ടായി.
◾ ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിനോട് കോളേജ് അധികൃതര്‍ സ്വീകരിച്ചത് മോശമായ സമീപനമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഹോസ്റ്റല്‍ മുറി പോലും വിദ്യാര്‍ത്ഥിക്കു നല്‍കിയിരുന്നില്ല. കുട്ടികളെ ഭീഷണിപ്പെടുത്താനുള്ള ആയുധമാക്കി ഇന്റേണല്‍ മാര്‍ക്കിനെ മാറ്റുന്നുവെന്നും മന്ത്രി വി ശിവന്‍കുട്ടി വിമര്‍ശിച്ചു. ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.
◾ നിതിന്‍ രാജിന്റെ വീട് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു. പ്രതികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് രമേശ് ചെന്നിത്തല. ജാതി അധിക്ഷേപം കേരളത്തില്‍ ഒരിക്കലും അംഗീകരിച്ചു കൊടുക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
◾ ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ പി ശങ്കരദാസിന് ജാമ്യം. കട്ടിളപ്പാളി കേസ്, ദ്വാരപാലക ശില്പ കേസുകളില്‍ കൊല്ലം വിജിലന്‍സ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചു. ഇതോടെ ശബരിമല സ്വര്‍ണ കൊള്ളയുമായി ബന്ധപ്പെട്ട കേസിലെ മുഴുവന്‍ പ്രതികളും ജാമ്യത്തിലിറങ്ങി.
◾ കേരളത്തില്‍ നാളെ വരെ കൊല്ലം, പാലക്കാട്, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ 37 വരെയും പത്തനംതിട്ട ജില്ലയില്‍ 36 വരെയും താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
◾ ഏപ്രില്‍ 29 മുതല്‍ മെയ് 12 വരെ താപനില 55 ഡിഗ്രി വരെ ഉയരുമെന്നു വ്യാജ പ്രചാരണം. ഇത്തരം വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി.
◾ എല്‍പിജി സിലിണ്ടറുകളുടെ കരിഞ്ചന്ത, അനധികൃത സംഭരണം, ഗാര്‍ഹിക-വാണിജ്യ സിലിണ്ടറുകളുടെ തിരിമറി തുടങ്ങിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് സംസ്ഥാനത്തുടനീളം പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് പരിശോധനയും എന്‍ഫോഴ്‌സ്‌മെന്റ് നടപടികളും നടത്തി.
◾ പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ സഭാ നേതൃത്വത്തെയും വൈദികരെയും അധിക്ഷേപിക്കുന്നത് അനുവദിക്കാനാവില്ലെന്ന് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പി.സി. ജോര്‍ജിന്റേയും മകന്‍ ഷോണ്‍ ജോര്‍ജിന്റേയും കടന്നാക്രമണങ്ങള്‍ മാന്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്നതാണെന്നും ബിഷപ്പ്.
◾ സ്വന്തം മകനെ മദ്യലഹരിയില്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പിതാവ് പിടിയില്‍. ഉടുമ്പന്നൂര്‍ സ്വദേശി നജീബിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പതിനഞ്ചുകാരനായ മകനാണ് പിതാവിന്റെ അതിക്രമത്തില്‍ പരിക്കേറ്റത്.
◾ ബിഹാറില്‍നിന്ന് മഹാരാഷ്ട്രയിലേക്കു കടത്താന്‍ ശ്രമിച്ച 163 കുട്ടികളെ റെയില്‍വേ പോലീസ് രക്ഷപ്പെടുത്തി. കുട്ടിക്കടത്തു സംഘത്തിലെ എട്ടു പേരെ അറസ്റ്റു ചെയ്തു. ട്രെയിനിലെ വിവിധ കോച്ചുകളിലായാണു കുട്ടികളെ കൊണ്ടുപോയിരുന്നത്. കുട്ടികളെ ഷെല്‍ട്ടര്‍ ഹോമുകളിലേക്കു മാറ്റി.
◾ ജാര്‍ഖണ്ഡ് എക്സൈസ് കോണ്‍സ്റ്റബിള്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു. 159 ഉദ്യോഗാര്‍ത്ഥികളടക്കം 165 പേര്‍ അറസ്റ്റിലായി. ഇന്നു നടക്കാനിരുന്ന പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ത്തി ചില ഉദ്യോഗാര്‍ത്ഥികളില്‍നിന്ന് പത്തു ലക്ഷം രൂപവരെ തട്ടിയെടുത്തെന്നാണു റിപ്പോര്‍ട്ട്.
◾ വനിതാ സംവരണ ബില്ല് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സുപ്രധാന തീരുമാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വനിതാ സംവരണത്തില്‍ രാജ്യം ഒറ്റക്കെട്ടാണ്. 16 ന് തുടങ്ങുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ വനിത സംവരണം യാഥാര്‍ഥ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
◾ പശ്ചിമ ബംഗാളിലും തമിഴ്നാട്ടിലും തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ വനിത സംവരണ ബില്‍ കൊണ്ടുവന്നത് രാഷ്ട്രീയ നേട്ടത്തിനെന്ന് സോണിയ ഗാന്ധി. വനിതാ സംവരണത്തെ മണ്ഡല പുനര്‍ നിര്‍ണയവുമായി ബന്ധിപ്പിക്കുന്നതിനെയും സോണിയ ഗാന്ധി വിമര്‍ശിച്ചു.
◾ ബിഹാറില്‍ പുതിയ മുഖ്യമന്ത്രി രണ്ടു ദിവസത്തിനകം അധികാരമേല്‍ക്കും. നിതീഷ് കുമാറിന്റെ പിന്‍ഗാമിയായി ബിജെപിയിലെ 'പുതുമുഖം' മുഖ്യമന്ത്രിയാകും. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ നിരീക്ഷകനായി ബിഹാറില്‍ എത്തിയിട്ടുണ്ട്.
◾ കര്‍ണാടകയില്‍ കോണ്‍ഗ്രസ് മന്ത്രിസഭ പുനഃസംഘടിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിസ്ഥാന മോഹികളുടെ നേതൃത്വത്തില്‍ മുപ്പതോളം മുതിര്‍ന്ന കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഡല്‍ഹിയിലെത്തി. എഐസിസി ആസ്ഥാനത്ത് ഹൈക്കമാന്‍ഡിനെ നേരില്‍ കണ്ട് ആവശ്യങ്ങള്‍ ബോധിപ്പിക്കാനാണ് ഇവരുടെ നീക്കം.
◾ മഥുരയില്‍ യമുനാ നദിയില്‍ ബോട്ട് മറിഞ്ഞുണ്ടായ ദുരന്തത്തില്‍ മരണസംഖ്യ ഉയരുന്നു. കാണാതായവരില്‍ ഒരാളുടെ മൃതദേഹം കൂടി ഇന്ന് കണ്ടെത്തിയതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി ഉയര്‍ന്നു. ഏപ്രില്‍ 10നാണ് യമുന നദിയില്‍ ബോട്ട് മറിഞ്ഞത്.
◾ ഡല്‍ഹി കലാപഗൂഢാലോചന കേസില്‍ ജാമ്യം നിഷേധിച്ച സുപ്രീം കോടതി ഉത്തരവിനെതിരെ പുനഃപരിശോധനാ ഹര്‍ജിയുമായി മുന്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദ്. ജാമ്യം നിഷേധിച്ച ജനുവരി 5-ലെ സുപ്രീം കോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.
◾ ബംഗളൂരുവില്‍ 28 കാരനായ ഫിറ്റ്നസ് ട്രെയിനര്‍ ദിലീപ് ജീവനൊടുക്കിയ സംഭവത്തിനു പിറകില്‍ 42 കാരിയുടെ ബ്ലാക്ക് മെയിലിംഗ് എന്ന ആരോപണവുമായി കുടുംബം. ജിമ്മില്‍ പരിചയപ്പെട്ട 42 കാരിയുമായുള്ള സൗഹൃദം പിന്നീട് അടുത്ത ബന്ധമായി. തുടര്‍ന്ന് പണം ആവശ്യപ്പെട്ട് യുവതി ദിലീപിനെ ഭീഷണിപ്പെടുത്തിയിരുന്നതായും ബന്ധുക്കള്‍ ആരോപിച്ചു.
◾ ഉത്തര്‍പ്രദേശിലെ ഹാപൂരില്‍ വാഹനാപകടത്തില്‍ ആറ് മരണം. ബസും വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
◾ സമാധാന ചര്‍ച്ച അലസിയതോടെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച ഇറാനിലെ തുറമുഖ ഉപരോധം ഇന്നാരംഭിക്കും. ഇറാനിലേക്ക് വരുന്നതും ഇവിടെ നിന്നും പോകുന്നതുമായി കപ്പലുകളെ തടയുമെന്നാണ് പ്രഖ്യാപനം.
◾ ഇറാനിലെ തുറമുഖങ്ങളിലേക്ക് ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം തടയുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പിനെ പരിഹസിച്ച് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ്. അമേരിക്കയിലെ നിലവിലെ പെട്രോള്‍ വിലയുടെ ചിത്രം പങ്കുവച്ചാണ് പരിഹാസം.
◾ ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ക്കിടെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സിനെ ഫോണില്‍ വിളിച്ചതാണു ചര്‍ച്ച വഴിമുട്ടാന്‍ കാരണമായതെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരഗ്ചി ആരോപിച്ചു.
◾ സൗദി അറേബ്യയില്‍ ഒരാഴ്ചയ്ക്കുള്ളില്‍ പതിനയ്യായിരത്തിലധികം പേര്‍ പിടിയിലായി. താമസ നിയമലംഘനത്തിന് 8,440 പേര്‍, അതിര്‍ത്തി സുരക്ഷാ നിയമലംഘനത്തിന് 4,054 പേര്‍, തൊഴില്‍ നിയമലംഘനത്തിന് 2,964 പേര്‍ എന്നിങ്ങനെ 15,458 നിയമലംഘകരാണ് അറസ്റ്റിലായത്.
◾ അക്കൗണ്ട് ഉടമകള്‍ക്ക് മുന്നറിയിപ്പുമായി പഞ്ചാബ് നാഷണല്‍ ബാങ്ക്. കഴിഞ്ഞ മൂന്ന് വര്‍ഷമായി യാതൊരു ഇടപാടുകളും നടത്താത്ത അക്കൗണ്ട് ഉടമകള്‍ക്കാണ് ബാങ്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. ബുധനാഴ്ചയ്ക്കകം അക്കൗണ്ട് സജീവമാക്കാന്‍ ആവശ്യമായ നടപടികള്‍ ഉടമകള്‍ സ്വീകരിച്ചില്ലെങ്കില്‍ ഏപ്രില്‍ 15ന് ശേഷം ഇത്തരം അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യുമെന്നാണ് ബാങ്കിന്റെ മുന്നറിയിപ്പില്‍ പറയുന്നത്. ഇതിനായി അടുത്തുള്ള പിഎന്‍ബി ബ്രാഞ്ച് സന്ദര്‍ശിച്ച് കെവൈസി നടപടികള്‍ പൂര്‍ത്തിയാക്കി അക്കൗണ്ട് സജീവമാക്കാനാണ് ബാങ്കിന്റെ നിര്‍ദേശം. കഴിഞ്ഞ മൂന്ന് വര്‍ഷമായി നിഷ്‌ക്രിയമായതും നിലവില്‍ സീറോ ബാലന്‍സ് ഉള്ളതുമായ അക്കൗണ്ടുകള്‍ക്ക് മാത്രമാണ് ഈ നടപടി ബാധകമാകുക എന്നും ബാങ്കിന്റെ ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു. നിഷ്‌ക്രിയമായ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ കുറയ്ക്കുന്നതിനാണ് ഈ നടപടിയെന്നും പഞ്ചാബ് നാഷണല്‍ ബാങ്ക് വ്യക്തമാക്കി.
◾ ചാനല്‍ ക്രിയേറ്റര്‍മാര്‍ക്ക് വാട്‌സ്ആപ് പ്ലാറ്റ്‌ഫോമിലൂടെ നേരിട്ട് പണം സമ്പാദിക്കാന്‍ സഹായിക്കുന്ന പുതിയ ഫീച്ചര്‍ വരുന്നു. ഈ ഫീച്ചര്‍ വരുന്നതോടെ ചാനല്‍ ഉടമകള്‍ക്ക് തങ്ങളുടെ സബ്‌സ്‌ക്രൈബര്‍മാര്‍ക്കായി പ്രത്യേക ഉള്ളടക്കങ്ങള്‍ നല്‍കാം. ഈ വിവരങ്ങള്‍ കാണുന്നതിനായി വായനക്കാര്‍ നിശ്ചിത തുക സബ്‌സ്‌ക്രിപ്ഷന്‍ ഫീസായി നല്‍കേണ്ടി വരും. എത്ര തുക ഈടാക്കണമെന്ന് ചാനല്‍ ഉടമകള്‍ക്ക് തന്നെ തീരുമാനിക്കാം. ഒരു ചാനലിന് എത്ര പെയ്ഡ് സബ്‌സ്‌ക്രൈബര്‍മാരുണ്ടെന്ന് ചാനല്‍ ഇന്‍ഫോ സെക്ഷനില്‍ എല്ലാവര്‍ക്കും കാണാന്‍ സാധിക്കും. വാട്‌സ്ആപ് ചാനല്‍ തുടങ്ങുന്നതിനായി വാട്‌സ്ആപ് തുറന്ന് 'ചാനല്‍സ്' സെക്ഷനില്‍ പോകുക. അവിടെയുള്ള പ്ലസ് (+) ഐക്കണില്‍ അമര്‍ത്തി 'ക്രിയേറ്റ് ചാനല്‍' എന്നത് തിരഞ്ഞെടുക്കുക. ചാനലിന്റെ പേരും വിവരണവും നല്‍കുക. ആവശ്യമെങ്കില്‍ പ്രൊഫൈല്‍ ചിത്രവും ചേര്‍ക്കാം. ശേഷം 'കിയേറ്റ് ചാനല്‍' അമര്‍ത്തുന്നതോടെ നിങ്ങളുടെ ചാനല്‍ തയാറാകും.
◾ തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുനും ബ്ലോക്ക്ബസ്റ്റര്‍ സംവിധായകന്‍ അറ്റ്‌ലിയും ഒന്നിക്കുന്ന പുതിയ ചിത്രം 'രാക്ക'യുടെ തീം സോങായ 'മേക്ക് വേ ഫോര്‍ ദ കിംഗ്' തുടങ്ങുന്ന വരികളോടെയുള്ള ലിറിക്കല്‍ വീഡിയോ എത്തി. സായ് അഭ്യങ്കര്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നതും സംഗീതം നല്‍കിയിരിക്കുന്നതും. യുവ സംഗീത പ്രതിഭ സായ് അഭ്യങ്കര്‍ ഒരുക്കിയ ആവേശമുണര്‍ത്തുന്ന ഈ തീം സോങ് ഇതിനകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഇതിനകം നാല്‍പത് ലക്ഷത്തിലധികം കാഴ്ചക്കാരാണ് തീം സോങ്ങിന് ലഭിച്ചിരിക്കുന്നത്. സിനിമയുടെ ദൃശ്യഭംഗിയും അല്ലു അര്‍ജുന്റെ മാസ് പ്രകടനവും സൂചിപ്പിക്കുന്ന തരത്തിലാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. ദീപിക പദുക്കോണാണ് ചിത്രത്തില്‍ നായികയായെത്തുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത. 'ജവാന്‍' എന്ന മെഗാ ഹിറ്റിന് ശേഷം അറ്റ്‌ലി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് കലാനിധി മാരന്റെ സണ്‍ പിക്ചേഴ്സ് ആണ്.
◾ സോഷ്യല്‍ മീഡിയയില്‍ തരംഗമായി നസ്ലന്റെ തകര്‍പ്പന്‍ നൃത്തച്ചുവടുകള്‍. അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന 'മോളിവുഡ് ടൈംസ്' എന്ന പുതിയ ചിത്രത്തിലെ 'അപ്നാ ഫ്രൈഡേ ആയേഗാ' എന്ന ഗാനരംഗമാണ് വൈറലായത്. വളരെ സ്റ്റൈലിഷ് ലുക്കില്‍ എത്തുന്ന നസ്ലന്റെ ചടുലമായ നൃത്തച്ചുവടുകളാണ് ഈ പക്കാ ഡാന്‍സ് നമ്പറിന്റെ പ്രധാന ആകര്‍ഷണം. 'സിനിമയ്ക്കുള്ളിലെ സിനിമ'യുടെ കഥയാണ് ഇതിലെ പ്രമേയം. 'എനിക്ക് വെറുമൊരു ഫിലിം മേക്കറായാല്‍ പോരാ, ഐ വാണ്ട് റ്റു ബി ദി ബെസ്റ്റ്' എന്ന നസ്ലന്റെ കഥാപാത്രത്തിന്റെ ഡയലോഗോടെയാണ് ഗാനം ആരംഭിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ജേക്സ് ബിജോയി സംഗീതം നല്‍കുന്നു. സംഗീത് പ്രതാപ്, ഷറഫുദ്ദീന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. രാമു സുനില്‍ തിരക്കഥയൊരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് വിശ്വജിത്ത് ഒടുക്കത്തില്‍ ആണ്.
◾ പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബജാജ് പള്‍സര്‍ 180 മോഡലിന്റെ 2026 പതിപ്പ് വിപണിയില്‍ അവതരിപ്പിച്ചു. പുതുമയാര്‍ന്ന സ്റ്റൈല്‍ ആണ് പുതുക്കിയ മോഡലിന്റെ ഏറ്റവും വലിയ ആകര്‍ഷണം. ബൈക്കിന് ലഭിച്ചിരിക്കുന്ന പുതിയ ഗ്രാഫിക്‌സ് ഇതിന് ഉത്തമ ഉദാഹരണമാണ്. പുതിയ ഗ്രാഫിക്‌സ് കൂടുതല്‍ മൂര്‍ച്ചയുള്ളതും ആധുനികവുമായ രൂപം നല്‍കുന്നു. കൂടാതെ മാറ്റു കൂട്ടാന്‍ പുതിയ എല്‍ഇഡി ഹെഡ്ലാമ്പും എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകളും നല്‍കിയിട്ടുണ്ട്. പുതിയ ബജാജ് പള്‍സര്‍ 180ല്‍ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഡിജിറ്റല്‍ കണ്‍സോള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുവഴി യാത്രക്കാരന് ഫോണ്‍ കോളുകളെയും എസ്എംഎസുകളെയും കുറിച്ചുള്ള വിവരങ്ങള്‍ അപ്പപ്പോള്‍ അറിയാന്‍ സാധിക്കും. 8,500 ആര്‍പിഎമ്മില്‍ 16.77 ബിഎച്പി കരുത്തും 6,500 ,500 ആര്‍പിഎമ്മില്‍ 15 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 178.61 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍/ഓയില്‍ കൂള്‍ഡ് എന്‍ജിനാണ് ഈ മോട്ടോര്‍സൈക്കിളിന് കരുത്ത് പകരുന്നത്.
◾ ബെന്യാമിന്റെ ഇതുവരെയിറങ്ങിയ ചെറുകഥകളില്‍നിന്ന് ജനപ്രിയങ്ങളായ 10 കഥകള്‍ തിരഞ്ഞെടുത്തവതരിപ്പിക്കുന്ന പുസ്തകമാണിത്. അച്ഛന്‍, യുത്തനേസിയ, അവസാനത്തെ ആള്‍, അര്‍ജന്റീനയുടെ ജേഴ്സി, പെണ്‍മാറാട്ടം, ഇ എം എസ്സും പെണ്‍കുട്ടിയും, നെടുമ്പാശ്ശേരി, ബുക്കാറാമിന്റെ മകന്‍, പോസ്റ്റ്മാന്‍, സോലാപ്പൂര്‍ എന്നീ ചെറുകഥകളാണ് നെടുമ്പാശ്ശേരിയും ജനപ്രിയകഥകളും എന്ന പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 'നെടുമ്പാശ്ശേരിയും ജനപ്രിയകഥകളും'. ബെന്യാമിന്‍. ഡിസി ബുക്സ്. വില 152 രൂപ.
◾ പുളിപ്പിച്ച ഭക്ഷണം മാനസികാവസ്ഥ മെച്ചപ്പെടുത്താനും തലച്ചോറിന്റെ പ്രവര്‍ത്തനം മികച്ചതാക്കാനും സഹായിക്കുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. പഠനത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ പുളിപ്പിച്ച ഭക്ഷണം കുടലിന്റെയും തലച്ചോറിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിന്റെ വ്യക്തമായ സൂചനകള്‍ നല്‍കിയതായി ഗവേഷകര്‍ പറയുന്നു. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുന്നത് തലച്ചോറുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണെന്നാണ് ഗവേഷകര്‍ പറയുന്നത്. പുളിപ്പിച്ച ഭക്ഷണം ആമാശയത്തില്‍ നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു. ഇത് കുടലിന്റെ ആരോഗ്യത്തെ സംരക്ഷിക്കുമെന്ന് മാത്രമല്ല മാനസികാവസ്ഥ മെടച്ചെപ്പെടുത്താനും സമ്മര്‍ദം കുറയ്ക്കാനും നേരിട്ട് സ്വാധീനം ചെലുത്തും. പുളിപ്പിച്ച ഭക്ഷണങ്ങള്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കുന്ന സെറാടോണിന്‍ ഉത്പാദിപ്പിക്കുന്ന അമിനോ ആസിഡായ ട്രിപ്‌റ്റോഫാന്റെ ഉറവിടമാണ്. കൂടാതെ പുളിപ്പിച്ച ഭക്ഷണങ്ങളില്‍ സമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്ന ന്യൂറോ ട്രാന്‍സ്മിറ്ററുകള്‍ അഥവാ ബ്രെയിന്‍ മെസഞ്ചറുകള്‍ അടങ്ങിയിട്ടുണ്ട്. തൈര്, അച്ചാറുകള്‍, ദോശ, ഇഡലി, ദോക്ല തുടങ്ങിയ പുളിപ്പിച്ച ഭക്ഷണങ്ങള്‍ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്താം.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 93.31, പൗണ്ട് - 125.09, യൂറോ - 109.13, സ്വിസ് ഫ്രാങ്ക് - 118.09, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 65.82, ബഹറിന്‍ ദിനാര്‍ - 247.07, കുവൈത്ത് ദിനാര്‍ -301.58, ഒമാനി റിയാല്‍ - 242.69, സൗദി റിയാല്‍ - 24.86, യു.എ.ഇ ദിര്‍ഹം - 25.42, ഖത്തര്‍ റിയാല്‍ - 25.55, കനേഡിയന്‍ ഡോളര്‍ - 67.39.
Tags:
KERALA