Trending

പ്രഭാത വാർത്തകൾ

2026 ഏപ്രില്‍ 10 വെള്ളി
1201 മീനം 27 പൂരാടം
1447 ശവ്വാൽ 22

◾ കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ 78.27 ശതമാനം പോളിംഗ്. 2021 നിയമസഭ തെരഞ്ഞെടുപ്പില്‍ 74.06 ശതമാനമായിരുന്നു പോളിംഗ്. മേയ് നാലിനാണു വോട്ടെണ്ണല്‍. വോട്ടു രേഖപ്പെടുത്തിയ ഇലക്ട്രോണിക്സ് വോട്ടിംഗ് മെഷീനുകള്‍ സ്ട്രോംഗ് റൂമുകളിലേക്കു മാറ്റി.

◾ വനിതാ സംവരണ ബില്ലിനു കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. പാര്‍ലമെന്റിലും നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സീറ്റു സംവരണം ചെയ്യുന്ന നിയമമാണിത്. ബില്‍ പാസാക്കാന്‍ എല്ലാ എംപിമാരുടേയും പിന്തുണവേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭ്യര്‍ത്ഥിച്ചു.

◾ അമേരിക്ക - ഇറാന്‍ സമാധാന ചര്‍ച്ച നാളെ പാക്കിസ്ഥാനിലെ ഇസ്ലമാബാദില്‍ നടക്കാനിരിക്കേ, ഏതു നിമിഷവും യുദ്ധമെന്ന ഭീഷണി ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ഇറാന്‍, കുവൈറ്റ് അടക്കമുള്ള രാജ്യങ്ങളിലേക്കു മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ തുടര്‍ന്നു. ഇസ്രയേല്‍ ലബനനില്‍ ആക്രമണം നടത്തി. അമേരിക്ക സൈന്യത്തോടു മേഖലയില്‍ത്തന്നെ തുടരാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.



◾ ക്ഷേത്രദര്‍ശനത്തിന് എത്തുന്നവര്‍ ആചാരങ്ങള്‍ പാലിക്കണമെന്നും അവിശ്വാസിക്കും മതപരമായ വിഷയങ്ങള്‍ കോടതിക്കു മുന്‍പില്‍ ഉന്നയിക്കാമെന്നും സുപ്രീം കോടതി. ശബരിമലയിലെ യുവതീ പ്രവേശന വിഷയം പരിഗണിക്കവേയാണ് ഒമ്പതംഗം ഭരണഘടനാ ബഞ്ചിലെ ജസ്റ്റിസ് ബി വി നാഗരത്നയുടെ നിരീക്ഷണം. ജസ്റ്റിസ് ജോയ്മല്യ ബാഗ്ചിയും ഇതേ നീരീക്ഷണത്തെ പിന്തുണച്ചു.

◾ വോട്ടര്‍മാര്‍ക്കു നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും. ജനാധിപത്യ പ്രക്രിയയില്‍ പങ്കുചേര്‍ന്ന് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ച വോട്ടര്‍മാര്‍ക്കു ഹൃദയം നിറഞ്ഞ നന്ദിയും അഭിവാദ്യങ്ങളും രേഖപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും സ്വന്തം ഫേസ്ബുക്ക് പേജുകളില്‍ കുറിച്ചു.

◾ ഉയര്‍ന്ന വോട്ടിംഗ് ശതമാനം എല്‍ഡിഎഫിന് അനുകൂലമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. എല്‍ഡിഎഫ് വോട്ടുകള്‍ ഭൂരിഭാഗവും ഉച്ചയ്ക്കു മുമ്പു ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇതേസമയം, യുഡിഎഫ് തരംഗമാണെന്നും നൂറിലേറെ സീറ്റു നേടുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അവകാശപ്പെട്ടു.

◾ തൃശൂര്‍ കൂര്‍ക്കഞ്ചേരിയില്‍ ശസ്ത്രക്രിയമൂലം ചൂണ്ടുവിരലില്‍ കെട്ടുണ്ടായിരുന്ന അക്ഷര എന്ന പെണ്‍കുട്ടിയെ വോട്ടു ചെയ്യാന്‍ അനുവദിക്കാതെ അഞ്ചു മണിക്കൂര്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ തടഞ്ഞുവച്ചു. പ്രതിഷേധങ്ങള്‍ക്കും നേതാക്കളുടെ ഇടപെടലിനും ഒടുവില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശപ്രകാരമാണു മറ്റൊരു വിരലില്‍ മഷി പുരട്ടി പെണ്‍കുട്ടിക്കു വോട്ട് ചെയ്യാന്‍ അനുമതി നല്‍കിയത്.

◾ പാലക്കാട് ചിറ്റൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് വോട്ടഭ്യര്‍ഥിച്ച് ബിജെപി സ്ഥാനാര്‍ഥിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ബിജെപി സ്ഥാനാര്‍ഥി പ്രണേഷ് രാജേന്ദ്രന്റെ ഫെയ്സ്ബുക്ക് പേജിലാണ് ഇടതുമുന്നണി സ്ഥാനാര്‍ഥി വി. മുരുകദാസിന് വോട്ട് ചെയ്യണമെന്ന പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

◾ തെരഞ്ഞെടുപ്പു ഫലം എന്താകും, എങ്ങനെയാകുമെന്ന് അറിയില്ലെന്നു വെള്ളാപ്പള്ളി നടേശന്‍. ത്രികോണ മത്സരമാണ് നടക്കുന്നത്. രാഷ്ട്രീയ സാഹചര്യം ഒന്നും പറയാന്‍ പറ്റാത്ത തെരഞ്ഞെടുപ്പാണ്. എല്ലാ കക്ഷികളും അവകാശ വാദം ഉന്നയിക്കുന്നുണ്ട്. വെള്ളാപ്പള്ളി പറഞ്ഞു.

◾ ആറു ലക്ഷം ഫോളോവേഴ്സുള്ള ഫേസ്ബുക്ക് പേജ് കേരള പൊലീസ് പൂട്ടിച്ചെന്ന് തൃക്കാക്കര എന്‍ഡിഎ സ്ഥാനാര്‍ഥി അഖില്‍ മാരാര്‍. വാ മൂടിക്കെട്ടിയിരിക്കില്ലെന്നും പിണറായിക്കു വേണ്ടി പണിയെടുക്കുന്ന സൈബര്‍ ഡിപ്പാര്‍ട്ട്മെന്റിലെ ഏതവനായാലും കോടതി കയറ്റുമെന്നും അഖില്‍ മാരാര്‍.

◾ പുനലൂരില്‍ പോളിംഗ് ബൂത്തിനു സമീപം വോട്ടു പിടിക്കാന്‍നിന്നു എന്നാരോപിച്ച് എല്‍ഡിഎഫ് - യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി. വിളക്കുവെട്ടം എല്‍.പി സ്‌കൂള്‍ ബൂത്തിന് മുന്നിലായിരുന്നു സംഭവം. മര്‍ദ്ദനമേറ്റതായി ആരോപിച്ച് യുഡിഎഫിന്റെ വനിതാ കൗണ്‍സിലര്‍ ഷെമി അസീസ് ആശുപത്രിയില്‍ ചികിത്സ തേടി. എല്‍ഡിഎഫ് കൗണ്‍സിലറായ സുഭാഷ് ജി നാഥ് മര്‍ദ്ദിച്ചെന്നാണ് യുഡിഎഫിന്റെ ആരോപണം.

◾ വയനാട് മാനന്തവാടി ചെറുകാട്ടൂരില്‍ പോളിങ് ഓഫീസറെ മാറ്റി. താമര ചിഹ്നത്തില്‍ വോട്ട് ചെയ്യാന്‍ വോട്ടര്‍മാരെ പ്രേരിപ്പിച്ചു എന്ന പരാതിയിലാണ് നടപടി. ചെറുകാട്ടൂര്‍ സെന്റ് ജോസഫ് സ്‌കൂളിലെ 199 നമ്പര്‍ ബൂത്തില്‍ കോണ്‍ഗ്രസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോളിങ് ഓഫീസറെ മാറ്റിയത്.

◾ ഒറ്റപ്പാലം മണ്ഡലത്തിലെ നാല് ബൂത്തുകളില്‍ കള്ളവോട്ടു ചെയ്തെന്നു പരാതി. ഒറ്റപ്പാലം മീറ്റ്ന സീനിയര്‍ ബേസിക് സ്‌കൂളിലെ 168, 169 ബൂത്തുകളിലും പടിഞ്ഞാര്‍ക്കര എല്‍പി സ്‌കൂളിലെ 163-ാം ബൂത്തിലുമാണ് കള്ളവോട്ട് നടന്നെന്ന പരാതി ഉയര്‍ന്നത്. അമ്പലപ്പാറ എഎല്‍പി സ്‌കൂളിലെ 98-ാം നമ്പര്‍ ബൂത്തിലും ഇതേ പരാതി ഉയര്‍ന്നിട്ടുണ്ട്. ഇവര്‍ക്ക് ടെന്‍ഡര്‍ വോട്ട് ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ അവസരം നല്‍കി.

◾ യുഡിഎഫ് വനിതാ ബൂത്ത് ഏജന്റിനെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി. പേരാവൂരിലെ മുഴക്കുന്ന് യുപി സ്‌കൂളിലെ യുഡിഎഫ് ഏജന്റ് സജിതാ മോഹന്റെ ദേഹത്തേക്ക് നായ്ക്കുരണ പൊടി വിതറി എന്നാണ് പരാതി.

◾ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട നിയമഭേദഗതി ചോദ്യം ചെയ്ത് എറണാകുളം, പാലക്കാട് സ്വദേശികള്‍ ഹര്‍ജി നല്‍കി. ലിംഗസ്വത്വം സ്വയം പ്രഖ്യാപിക്കാനുള്ള അവകാശം വേണമെന്നാണു വാദം.

◾ പത്തനാപുരത്ത് വോട്ടു ചെയ്തു മടങ്ങിയ ഗൃഹനാഥന്‍ പോളിംങ്ങ് ബൂത്തിനു സമീപം കുഴഞ്ഞുവീണു മരിച്ചു. തലവൂര്‍ കുരാ ആരോമല്‍ നിവാസില്‍ മോഹനന്‍ ആചാരി(61)ആണ് മരിച്ചത്. കുരാ ഗവ എല്‍.പി എസിലെ 72 നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്തു നടന്നുപോകവെ റോഡില്‍ കുഴഞ്ഞു വീഴുകയായിരുന്നു.

◾ പോളിങ് ബൂത്തിലെത്തിയ പൊലീസ് വാഹനത്തില്‍ പാമ്പ്. കായംകുളം എംഎസ്എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ബൂത്തില്‍ എത്തിയ വാഹനത്തിലാണ് പാമ്പിനെ കണ്ടെത്തിയത്.

◾ കൊടുമണ്‍ പഞ്ചായത്ത് സെക്രട്ടറിയുടെ പേരില്‍ തയാറാക്കിയ വ്യാജ പാസ് ഉപയോഗിച്ച് അനധികൃതമായി മണ്ണു കടത്തിയ മൂന്നു ലോറികള്‍ ശൂരനാട് പോലീസ് പിടിച്ചെടുത്തു.  

◾ കൊട്ടാരക്കര കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിര്‍ത്തിയിട്ട ബസ്സില്‍നിന്ന് തീയും പുകയും ഉയര്‍ന്നു. ജനത്തിരക്കുള്ള സ്റ്റാന്‍ഡില്‍ ബസിലെ തീപിടിത്തം പരിഭ്രാന്തി പരത്തി. അഗ്നിരക്ഷാസേന കുതിച്ചെത്തിയാണ് തീയണച്ചത്.

◾ ആസാം, പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പോളിംഗ് ശതമാനത്തില്‍ വന്‍ വര്‍ധന. ആസാമില്‍ 84.42 ശതമാനവും പുതുച്ചേരിയില്‍ 86.92 ശതമാനവും പോളിംഗ്. ബിജെപി ഭരണം നിലനിര്‍ത്താനും കോണ്‍ഗ്രസ് അധികാരം തിരിച്ചുപിടിക്കാനും ശക്തമായ പോരാട്ടത്തിലാണ്.

◾ മുംബൈ ബാരാമതി നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും അന്തരിച്ച എന്‍സിപി നേതാവ് അജിത് പവാറിന്റെ ഭാര്യയുമായ സുനേത്ര പവാര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചു. ജനുവരി 28-ന് ബാരാമതി വിമാനത്താവളത്തില്‍ ചാര്‍ട്ടേഡ് വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ അജിത് പവാര്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

◾ ബിഹാര്‍ മുഖ്യമന്ത്രിയും ജനതാദള്‍ യുണൈറ്റഡ് നേതാവുമായ നിതീഷ് കുമാര്‍ ഇന്നു രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും. മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുന്ന അദ്ദേഹം മകന്‍ നിഷാന്ത് കുമാറിനെ ഉപമുഖ്യമന്ത്രിയാക്കാനാണു നീക്കം. ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ സാമ്രാട്ട് ചൗധരി ബിഹാര്‍ മുഖ്യമന്ത്രിയാക്കും.

◾ മഹാരാഷ്ട്രയിലെ നാസിക്കില്‍ ബഹുരാഷ്ട്ര കമ്പനിയിലെ വനിതാ ജീവനക്കാര്‍ ലൈംഗിക പീഡന പരാതി നല്‍കിയതിനെ തുടര്‍ന്ന് ഒരു ടീം ലീഡര്‍ ഉള്‍പ്പെടെ ആറു പേര്‍ അറസ്റ്റിലായി. കഴിഞ്ഞ നാലു വര്‍ഷമായി പീഡനമുണ്ടെന്നു പൊലീസ്. ലൈംഗിക പീഡനം, മതവികാരം വ്രണപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി ഇവര്‍ക്കെതിരെ ഒമ്പത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

◾ കുവൈറ്റില്‍നിന്ന് ഇന്ത്യയിലെ ഒമ്പത് നഗരങ്ങളിലേക്കുള്ള ജസീറ എയര്‍വേയ്‌സ് സര്‍വീസുകള്‍ മെയ് 15 വരെ റദ്ദാക്കി.

◾ യുഎസ് സൈന്യം ഇറാനു സമീപം തുടരുമെന്നും അടുത്ത അധിനിവേശത്തിനായി തയ്യാറെടുക്കണമെന്നും യുഎസ് സൈന്യത്തോട് ട്രംപ് ആവശ്യപ്പെട്ടു. ട്രൂത്ത് സോഷ്യല്‍ മീഡിയയിലൂടെയാണ് ട്രംപ് ഈ നിലപാട് വെളിപെടുത്തിയത്.

◾ ഇറാനില്‍ അമേരിക്കന്‍ ആക്രമണങ്ങളിലുണ്ടായ നാശനഷ്ടങ്ങള്‍ക്ക് പരിഹാരത്തുക ഈടാക്കുമെന്നും ആക്രമിച്ചവര്‍ ശിക്ഷിക്കപ്പെടാതെ പോകില്ലെന്നും ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനയി.

◾ കുവൈറ്റില്‍ വീണ്ടും ഇറാന്‍ ഡ്രോണ്‍ ആക്രമണം. കുവൈത്തിലെ അതീവ സുരക്ഷാ മേഖലയായ നാഷണല്‍ ഗാര്‍ഡ് സൈറ്റിലാണ് ഡ്രോണ്‍ ആക്രമണം നടന്നത്.

◾ ഹോര്‍മുസ് കടലിടുക്ക് വഴി പ്രതിദിനം 15 കപ്പലുകള്‍ക്ക് മാത്രമേ സഞ്ചരിക്കാന്‍ അനുമതി നല്‍കൂവെന്ന് ഇറാന്‍. ഇറാനിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റഷ്യയുടെ വാര്‍ത്താ ഏജന്‍സി ടാസിന്റേതാണ് റിപ്പോര്‍ട്ട്.

◾ യുദ്ധത്തിനെതിരെ കര്‍ശന നിലപാട് സ്വീകരിച്ച ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയെ സമ്മര്‍ദത്തിലാക്കാന്‍ അമേരിക്ക ഭീഷണിപ്പെടുത്തിയെന്ന് റിപ്പോര്‍ട്ടുകള്‍. പെന്റഗണ്‍ ഉദ്യോഗസ്ഥര്‍ വത്തിക്കാന്‍ പ്രതിനിധിയെ വിളിച്ച് ഭീഷണിപ്പെടുത്തിയതിനാല്‍ മാര്‍പ്പാപ്പയുടെ യുഎസ് സന്ദര്‍ശനം റദ്ദാക്കിയേക്കുമെന്നാണു വാര്‍ത്ത.

◾ പശ്ചിമേഷ്യന്‍ സംഘര്‍ഷം മൂലം ആഗോള എണ്ണവില ഉയര്‍ന്നത് റഷ്യയ്ക്കു വന്‍ സാമ്പത്തിക നേട്ടമായി. ഏപ്രിലില്‍ മാത്രം റഷ്യയുടെ എണ്ണവരുമാനം ഇരട്ടിച്ച് 900 കോടി ഡോളറിലെത്തി. ഉപരോധങ്ങളെ മറികടന്ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് ഉയര്‍ന്ന വിലയ്ക്ക് എണ്ണ വില്‍ക്കുകയാണു റഷ്യ.

◾ ഇറാനും അമേരിക്കയും തമ്മിലുള്ള വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ ഒമാന്‍ സുല്‍ത്താനേറ്റ് സ്വാഗതം ചെയ്തു. പാകിസ്ഥാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ നയതന്ത്ര ശ്രമങ്ങളെ ഒമാന്‍ അഭിനന്ദിച്ചു. സമാധാനം പുനഃസ്ഥാപിക്കാന്‍ ഈ യുദ്ധവിരാമം വേണമെന്ന് ഒമാന്‍ വ്യക്തമാക്കി.

◾ സൗദി അറേബ്യയുടെയും ഇറാന്റേയും വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ നിര്‍ണായക ചര്‍ച്ച നടത്തി. സൗദി വിദേശകാര്യ മന്ത്രി അമീര്‍ ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ബിന്‍ അബ്ദുള്ളയുമായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാക്ചിയാണ് ഫോണിലൂടെ സംസാരിച്ചത്.

◾ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും കെട്ടിടങ്ങളിലും പതാക ഉയര്‍ത്തണമെന്ന് ദുബായ് ഭരണാധികാരിയുടെ നിര്‍ദ്ദേശം. പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിടണമെന്ന നിര്‍ദേശത്തോടെയാണ് അദ്ദേഹം എക്സ് എക്കൗണ്ടില്‍ ഈ നിര്‍ദേശം മുന്നോട്ടുവച്ചത്.

◾ ഇറാന്‍ യുദ്ധത്തിലെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാറിന്റെ തുടര്‍ചര്‍ച്ചകള്‍ നാളെ നടക്കുന്ന പാക്കിസ്ഥാനിലെ തലസ്ഥാനമായ ഇസ്ലാമബാദില്‍ രണ്ടു ദിവസം പൊതു അവധി പ്രഖ്യാപിച്ചു. ചര്‍ച്ചയുമായി ബന്ധപ്പെട്ട് ഇവിടെ വിപുലമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.

◾ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം സുരക്ഷിതമാക്കാന്‍ സഹായിക്കണമെന്ന് യൂറോപ്യന്‍ രാജ്യങ്ങളോട് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ആഗോള എണ്ണ പ്രവാഹം തടസ്സപ്പെടുകയും വില കുത്തനെ ഉയരുകയും ചെയ്ത സാഹചര്യത്തില്‍ പിന്തുണാ പ്രഖ്യാപനങ്ങള്‍ പോരെന്ന് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം.

◾ അമേരിക്ക-ഇറാന്‍ സമാധാന ചര്‍ച്ചകള്‍ ഇസ്ലാമാബാദില്‍ നടക്കാനിരിക്കേ, പാക്കിസ്ഥാനെ വിശ്വാസമില്ലെന്ന് ഇസ്രയേല്‍. പാക്കിസ്ഥാന്‍ ഭീകരവാദത്തെ സ്പോണ്‍സര്‍ ചെയ്യുന്ന രാജ്യമാണെന്ന് ഇന്ത്യയിലെ ഇസ്രയേല്‍ അംബാസഡര്‍ റുവെന്‍ അസര്‍ പറഞ്ഞു.

◾ അമേരിക്ക വൈകാതെത്തന്നെ ഇറാനില്‍ ആക്രമണം നടത്തുമെന്ന് ചൈനീസ് അക്കാദമിക് വിദഗ്ദ്ധനായ ജിയാങ് ഷുക്കിന്‍. നേരത്തെ അദ്ദേഹം നടത്തിയ പ്രവചനം യാഥാര്‍ത്ഥ്യമായിരുന്നു.

◾ യുക്രെയ്ന്‍ - റഷ്യ യുദ്ധത്തിനു താല്‍കാലിക വെടിനിറുത്തല്‍. ഓര്‍ത്തഡോക്സ് ഈസ്റ്റര്‍ പ്രമാണിച്ച് യുക്രെയ്ന്‍ അഭ്യര്‍ത്ഥിച്ചതനുസരിച്ചാണ് വെടിനിറുത്തലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡ്മിര്‍ പുടിന്‍. എന്നാല്‍ യുക്രെയിന്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്നും പുടിന്‍ വ്യക്തമാക്കി.

◾ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന് മൂന്ന് വിക്കറ്റിന്റെ വിജയം. കൊല്‍ക്കത്ത, ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ 182 റണ്‍സ് വിജയലക്ഷ്യം അവസാന പന്തിലാണ് ലക്‌നൗ മറികടന്നത്. മുന്‍നിര തകര്‍ന്നപ്പോള്‍ 27 പന്തില്‍ 54 റണ്‍സുമായി പുറത്താവാതെ നിന്ന മുകുള്‍ ചൗധരിയാണ് ലക്‌നൗവിന്റെ വിജയശില്‍പി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആതിഥേയര്‍ക്കുവേണ്ടി 45 റണ്‍സെടുത്ത ആംകൃഷ് രഘുവന്‍ഷി ടോപ് സ്‌കോററായി.

◾ 2026 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ മികച്ച പ്രവര്‍ത്തനഫലവുമായി ഇന്ത്യയിലെ ഏറ്റവും വലിയ സോഫ്‌റ്റ്വെയര്‍ കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്. മുന്‍വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് കമ്പനിയുടെ ഏകീകൃത അറ്റാദായം 12 ശതമാനം വര്‍ദ്ധിച്ച് 13,718 കോടി രൂപയായി. കമ്പനിയുടെ പ്രവര്‍ത്തന വരുമാനം 10 ശതമാനം വളര്‍ച്ചയോടെ 70,698 കോടി രൂപയിലെത്തി. ഓഹരിയൊന്നിന് 31 രൂപ വീതം ഫൈനല്‍ ഡിവിഡന്റ് നല്‍കാനും കമ്പനി ബോര്‍ഡ് അനുമതി നല്‍കി. ഇതോടെ 2026 സാമ്പത്തിക വര്‍ഷത്തെ ആകെ ലാഭവിഹിത വിതരണം 39,571 കോടി രൂപയായി ഉയര്‍ന്നു. നാലാം പാദത്തില്‍ ഏകദേശം 12 ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന മൂന്ന് വലിയ കരാറുകള്‍ സ്വന്തമാക്കാന്‍ സാധിച്ചത് വരുമാന വര്‍ദ്ധനവിന് പ്രധാന കാരണമായി. കമ്പനിയുടെ വാര്‍ഷിക എ.ഐ വരുമാനം 2.3 ബില്യണ്‍ ഡോളര്‍ പിന്നിട്ടു. 2026 സാമ്പത്തിക വര്‍ഷത്തില്‍ ആകെ 2.67 ലക്ഷം കോടി രൂപയുടെ വരുമാനമാണ് ടിസിഎസ് നേടിയത്. ഇതേ കാലയളവില്‍ കമ്പനിയുടെ പ്രവര്‍ത്തന മാര്‍ജിന്‍ 25.3 ശതമാനമായി മെച്ചപ്പെടുകയും ചെയ്തു.

◾ പോക്കറ്റ് മണി എന്ന പേരിലുള്ള ഫീച്ചറില്‍ ചില പരിഷ്‌കരണങ്ങള്‍ വരുത്തി ഗൂഗിള്‍ പേ. ഗൂഗിള്‍ പേ ഓപ്പണ്‍ ചെയ്യുമ്പോള്‍ തന്നെ പോക്കറ്റ് മണി കാണാന്‍ കഴിയുന്ന തരത്തിലാണ് ഫീച്ചര്‍ അവതരിപ്പിച്ചത്. എന്നാല്‍ ഇത് വ്യാജമാണ് എന്ന തരത്തില്‍ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. ഇതില്‍ വീഴരുതെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. ബാങ്ക് അക്കൗണ്ട് ഇല്ലാത്ത സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും യുപിഐ പണമിടപാടുകള്‍ നടത്താന്‍ സഹായിക്കുന്നതാണ് 'പോക്കറ്റ് മണി' ഫീച്ചര്‍. ഗൂഗിള്‍ പേ ഉപയോഗിക്കുന്ന നിലവിലെ ഉപയോക്താവ് 'പ്രൈമറി യൂസര്‍' ആയിരിക്കും. ഇവര്‍ക്ക് തങ്ങളുടെ കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ ജീവനക്കാരെയോ 'സെക്കന്‍ഡറി യൂസര്‍' ആയി ചേര്‍ക്കാന്‍ സാധിക്കും. പ്രൈമറി ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് തന്നെ സെക്കന്‍ഡറി ഉപയോക്താക്കള്‍ക്ക് പണമിടപാടുകള്‍ നടത്താന്‍ ഇതിലൂടെ സാധിക്കും. കുട്ടികള്‍ക്ക് പോക്കറ്റ് മണി നല്‍കുന്നതിനും ആശ്രിതരെ സഹായിക്കുന്നതിനും ഇത് ഏറെ ഉപകാരപ്രദമാണ്. പരമാവധി 5 സെക്കന്‍ഡറി ഉപയോക്താക്കളെ വരെ ചേര്‍ക്കാന്‍ സാധിക്കും.

◾ ജിയോ സ്റ്റുഡിയോസ് ബി62 സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച, ആദിത്യ ധര്‍- രണ്‍വീര്‍ സിങ് ചിത്രം 'ധുരന്ധര്‍ പ്രതികാരം' മൂന്നാം വീക്കെന്‍ഡ് അവസാനിക്കുമ്പോള്‍ ഇന്ത്യയില്‍ നിന്ന് മാത്രം 1000 കോടി നെറ്റ് ഗ്രോസ് നേടുന്ന ആദ്യ ചിത്രമായി. 1622 കോടിയാണ് ചിത്രം ഇതിനോടകം സ്വന്തമാക്കിയ ആഗോള ഗ്രോസ് കലക്ഷന്‍. വടക്കേ അമേരിക്കയില്‍ 25 മില്യണ്‍ ഡോളര്‍, ജര്‍മ്മനിയില്‍ 1 മില്യണ്‍ യൂറോ എന്നിവ മറികടന്ന ആദ്യ ഇന്ത്യന്‍ സിനിമ എന്ന ബഹുമതിയും ധുരന്ധര്‍ പ്രതികാരം സ്വന്തമാക്കി. ആഗോളതലത്തില്‍ ഏറ്റവും വേഗത്തില്‍ 1000 കോടി നേടിയ ഇന്ത്യന്‍ ചിത്രം, ഇന്ത്യയില്‍ നിന്ന് ഏറ്റവും വേഗതയേറിയ 100 കോടി, 200 കോടി, 300 കോടി, 400 കോടി, 500 കോടി, 600 കോടി, 700 കോടി, 800 കോടി, 900 കോടി, 1000 കോടി നേടിയ ചിത്രം, വിദേശ വിപണികളിലെ ഏറ്റവും വലിയ കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രം (ആദ്യ ആഴ്ചയ്ക്കുള്ളില്‍), വെറും 10 ദിവസത്തിനുള്ളില്‍ ധുരന്ധര്‍ പാര്‍ട്ട് 1 വിദേശ കളക്ഷന്‍ മറികടന്നു എന്നിങ്ങനെയാണ് 'ധുരന്ധര്‍ പ്രതികാരം' സ്ഥാപിച്ച റെക്കോര്‍ഡുകള്‍.

◾ ഇന്ത്യന്‍ സിനിമയില്‍ ബോക്‌സ് ഓഫീസില്‍ തരംഗം തീര്‍ത്ത 'കെജിഎഫ്', 'കെജിഎഫ് 2', 'കാന്താര ചാപ്റ്റര്‍ 2', 'കാന്താര ചാപ്റ്റര്‍ 1','സലാര്‍' തുടങ്ങിയ ചിത്രങ്ങള്‍ സമ്മാനിച്ച നിര്‍മാണ കമ്പനിയായ ഹോംബാലെ ഫിലിംസ് 'കാട്ടാളന്‍' കര്‍ണാടക വിതരണാവകാശം സ്വന്തമാക്കി. റെക്കോര്‍ഡ് തുകയ്ക്കാണ് വിതരണാവകാശം ഏറ്റെടുത്തിരിക്കുന്നത്. മലയാള സിനിമയ്ക്ക് വലിയൊരു ആഗോള വിപണി ലക്ഷ്യം വെച്ചുകൊണ്ടാണ് 'കാട്ടാളന്‍' ഒരുങ്ങുന്നത്. ആന്റണി വര്‍ഗീസ് പെപ്പെ, ദുഷാര വിജയന്‍, സുനില്‍, കബീര്‍ സിംഗ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷരീഫ് മുഹമ്മദ് നിര്‍മ്മിച്ച് പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന 'കാട്ടാളന്‍' സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ് മെയ് മാസമാണ്. ക്യൂബ്‌സ് എന്റര്‍ടൈന്‍മെന്റ്‌സും ഹോംബാലെ ഫിലിംസും കൈകോര്‍ക്കുന്നതിലൂടെ ചിത്രത്തിന് വമ്പന്‍ റിലീസായിരിക്കും കര്‍ണാടകയില്‍ ലഭിക്കാന്‍ പോകുന്നത്. ഫിലിം ഡിസ്ട്രിബ്യൂഷന്‍ രംഗത്തെ അതികായരായ ഫാര്‍സ് ഫിലിംസാണ് 'കാട്ടാളന്‍' സിനിമയുടെ ഓവര്‍സീസ് ഡിസ്ട്രിബ്യൂഷന്‍ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.

◾ മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്ത് വിറ്റഴിച്ചത് മൂന്നു കോടിക്കടുത്ത് വാഹനങ്ങള്‍. ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്റെ കണക്കുകള്‍ പ്രകാരം 2025-26 സാമ്പത്തികവര്‍ഷം 2,96,71,064 വാഹനങ്ങളാണ് നിരത്തിലെത്തിയത്. ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന വില്‍പ്പനയാണിത്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 13.30 ശതമാനം അധികമാണിത്. വില്‍പ്പനയില്‍ മുന്നില്‍ ഇരുചക്രവാഹന വിഭാഗമാണ്. 2.14 കോടി ഇരുചക്രവാഹനങ്ങളാണ് നിരത്തിലെത്തിയത്. രണ്ടാമതുള്ള യാത്രാവാഹന വിഭാഗത്തില്‍ 47 ലക്ഷം കാറുകള്‍ നിരത്തിലെത്തി. ഇരു വിഭാഗത്തിലും 13 ശതമാനത്തിലധികം വാര്‍ഷിക വില്‍പ്പന വളര്‍ച്ച രേഖപ്പെടുത്തി. 10.61 ലക്ഷം വാണിജ്യ വാഹനങ്ങള്‍, 10.50 ലക്ഷം ട്രാക്ടറുകള്‍, 13.63 ലക്ഷം മുച്ചക്ര വാഹനങ്ങള്‍ എന്നിങ്ങനെയും പുറത്തിറങ്ങി. ജിഎസ്ടി കുറച്ചശേഷം കുതിച്ചുയരുകയായിരുന്നു വില്‍പന. ട്രാക്ടറുകളുടെയും വാണിജ്യ വാഹനങ്ങളുടെയും വില്‍പ്പന ആദ്യമായാണ് പത്തുലക്ഷം കടക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2026 മാര്‍ച്ചില്‍ 26.92 ലക്ഷം വാഹനങ്ങള്‍ വിറ്റഴിഞ്ഞു.

◾ വീണുപോകുമായിരുന്ന എത്ര യുദ്ധങ്ങളിലാണ് നമ്മള്‍ പോരടിച്ചു പിടിച്ചുകയറിയത്. പെട്ടുപോയ എത്ര ചക്രവ്യൂഹങ്ങളില്‍നിന്നാണ് ആരൊക്കെയോ വന്ന് നമ്മളെ പൊതിഞ്ഞുപിടിച്ചത്... ആരും കാണാത്ത യുദ്ധങ്ങളില്‍ പടയോട്ടങ്ങള്‍ നടത്തിയതിന്റെ മുറിവുകള്‍ പേറുന്ന സുഹൃത്തേ, നിങ്ങളുടെ ഒറ്റയാള്‍പ്പോരാട്ടങ്ങളില്‍ ഏതൊക്കെയോ വീടുകള്‍ വീഴാതെ നില്‍ക്കുന്നുണ്ട്... ഏതൊക്കെയോ മനുഷ്യര്‍ ചോരപൊടിയാതെ ജീവിക്കുന്നുമുണ്ട്... യുദ്ധങ്ങള്‍ അവസാനിക്കുന്നില്ല ചങ്ങാതീ, തുടങ്ങുകയും തുടരുകയും മാത്രം ചെയ്യുന്നു. 'ആരും കാണാത്ത യുദ്ധങ്ങള്‍'. ജോസഫ് അന്നംകുട്ടി ജോസ്. മാതൃഭൂമി. വില 212 രൂപ.

◾ വേനല്‍ക്കാലത്ത് ഏറ്റവും സൂക്ഷിക്കേണ്ട ഗുരുതര ആരോഗ്യപ്രശ്നമാണ് മഞ്ഞപ്പിത്തം. ഹെപ്പറ്റൈറ്റിസ് എ വൈറസ് ആണ് മഞ്ഞപ്പിത്തമുണ്ടാക്കുന്നത്. ഇത് കരളിനെ നേരിട്ട് ബാധിക്കുന്നു. പ്രായമായവരിലും കുട്ടികളിലും ഗര്‍ഭിണികളിലുമൊക്കെ മഞ്ഞപ്പിത്തം ഗുരുതരമാവാനുള്ള സാധ്യത കൂടുതലാണ്. പ്രധാനമായും മലിന ജലത്തിലൂടെയാണ് ഹെപ്പറ്റൈറ്റിസ് എ വൈറസുകള്‍ പകരുന്നത്. രോഗികളുടെ മലത്തിലൂടെ പുറത്തുവരുന്ന വൈറസ് നേരിട്ടോ വെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ ശരീരത്തിനുള്ളിലെത്തുമ്പോഴാണ് രോഗമുണ്ടാകുന്നത്. രോഗികള്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ ഉപയോഗിക്കുക വഴിയും ഈ വൈറസ് മറ്റുള്ളവരിലേക്ക് പകരാം. ശരീരവേദനയോട് കൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛര്‍ദ്ദി തുടങ്ങിയവയാണ് പ്രാരംഭ രോഗലക്ഷണങ്ങള്‍. പിന്നീട് മൂത്രത്തിനും കണ്ണിനും മറ്റു ശരീരഭാഗങ്ങളിലും മഞ്ഞനിറം പ്രത്യക്ഷപ്പെടും. ലക്ഷണങ്ങള്‍ കണ്ടാല്‍ വൈകാതെ ചികിത്സിക്കണം. ഹെപ്പറ്റൈറ്റിസ് എ, ഇ വിഭാഗങ്ങള്‍ ആഹാരവും കുടിവെള്ളവും വഴി പകരുന്നവയാണ്. ബി, സി, ഡി എന്നീ വിഭാഗങ്ങള്‍ അണുബാധയുള്ള രക്തം, ശരീരസ്രവങ്ങള്‍ എന്നിവയിലൂടെയുമാണ് പകരുന്നത്. വൈറസ് ശരീരത്തിലെത്തി രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ കൂടുതല്‍ ദിവസമെടുക്കും. എ, ഇ വിഭാഗങ്ങള്‍ക്ക് ഇത് 15 ദിവസം മുതല്‍ 60 ദിവസം വരെ ആയേക്കാം. ബി, സി, ഡി വിഭാഗങ്ങള്‍ക്ക് 15 മുതല്‍ ആറുമാസം വരെ നീണ്ടേക്കാം.

*ശുഭദിനം*
*കവിത കണ്ണന്‍*
ഗ്രാമത്തിലെത്തുമ്പോള്‍ അയാള്‍ നന്നേ ക്ഷീണിതനായിരുന്നു. ഓരോ വീട്ടിലും ചെന്ന് ഭക്ഷണം ആവശ്യപ്പെട്ടെങ്കിലും ആരും അയാള്‍ക്കത് നല്‍കാന്‍ തയ്യാറായില്ല. എല്ലാവരും അയാളെ ഉപേക്ഷിച്ചു. ഗ്രാമത്തിന്റെ നടുവിലെത്തിയ യാത്രികന്‍ വലിയ പാത്രത്തില്‍ വെളളമെടുത്ത് അതില്‍ ചെറിയ കല്ലിട്ട് അടുപ്പ് കൂട്ടി തീയുണ്ടാക്കി അതിനുമുകളില്‍ പാത്രം വെച്ചു. ആകാംക്ഷയോടെ അടുത്തുകൂടിയ ആളുകള്‍ അയാളോട് അതെന്താണെന്ന് തിരക്കി. അയാള്‍ പറഞ്ഞു: ഞാന്‍ വിശേഷയിനം സൂപ്പുണ്ടാക്കുകയാണ്. അല്‍പം ഉപ്പുകൂടി കിട്ടിയിരുന്നെങ്കില്‍ നന്നായേനേ.. അപ്പോള്‍ കൂടിയിരുന്നതിലൊരാള്‍ ഉപ്പുതരാമെന്ന് സമ്മതിച്ചു. മറ്റൊരാള്‍ പച്ചക്കറികള്‍ കൊണ്ടുവന്നു. അതെല്ലാം ചേര്‍ത്ത് അയാളൊരു പുതിയ വിഭവം ഉണ്ടാക്കി. എല്ലാവരും ചേര്‍ന്ന് സന്തോഷത്തോടെ ഭക്ഷണവും കഴിച്ചു മടങ്ങി. മറ്റാരാളുടെ ആവശ്യങ്ങളേയും ആശയങ്ങളേയും ആരും ഉടനടി പിന്തുണക്കില്ല. ഒന്നാമത് അതിനെക്കുറിച്ച് അവര്‍ക്ക് അറിവുണ്ടാകില്ല. പിന്നെ അത് നടപ്പിലാകില്ലെന്ന ഭയവും. ഒരാളുടെ പദ്ധതികളെ സംബന്ധിച്ച് അയാള്‍ക്ക് മാത്രമേ മനസ്സിലാകൂ.. അതിന് ആരും പിന്തുണക്കാന്‍ സാധ്യതയില്ല. ഒരാള്‍ ഒരുമ്പിട്ടിറങ്ങുന്നു എന്ന് കാണുമ്പോഴാണ് കാഴ്ചക്കാരായി നില്‍ക്കുന്നവര്‍ക്കും ഉത്സാഹമുണ്ടാകുക. എന്തും തുടങ്ങാനുളള തീരുമാനമാണ് നമ്മെ ഭയപ്പെടുത്തുന്നത്. അതിനെ മറികടക്കുക എന്നതാണ് എന്തിന്റെയും ആദ്യപടി - ശുഭദിനം
Previous Post Next Post
3/TECH/col-right