2026 ഏപ്രില്‍ 9 വ്യാഴം
1201 മീനം 26 മൂലം
◾ സംസ്ഥാനത്ത് ആവേശകരമായ പോളിംഗ്. ഉച്ചയ്ക്കു രണ്ടു മണിവരെ 50 ശതമാനത്തോളം പേര്‍ വോട്ടുചെയ്തു. വൈകുന്നേരം ആറു വരെയാണ് വോട്ടെടുപ്പ്. 2.7 കോടി വോട്ടര്‍മാര്‍ 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് വോട്ടു ചെയ്യുന്നത്. 883 സ്ഥാനാര്‍ത്ഥികളുണ്ട്. 23 ദിവസം നടത്തിയ ചൂടേറിയ പ്രചാരണത്തിനൊടുവിലാണ് കേരളം പോളിംഗ് ബൂത്തിലെത്തിയത്.
◾ പ്രമുഖര്‍ അടക്കമുള്ളവര്‍ രാവിലെത്തന്നെ വോട്ടു ചെയ്തു. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, നടന്മാരായ മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയ പ്രമുഖരെല്ലാം വോട്ടു രേഖപ്പെടുത്തി. പിണറായിയിലെ മുണ്ടയോട് 105ാം ബൂത്തിലാണ് മുഖ്യമന്ത്രി കുടുംബത്തോടൊപ്പം എത്തി വോട്ട് ചെയ്തത്. കസരി ബാലകൃഷ്ണ മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളേജില്‍ 135ാം നമ്പര്‍ ബൂത്തിലാണ് സതീശന്‍ വോട്ട് ചെയ്തത്.
◾ വികസന തുടര്‍ച്ചയ്ക്ക് എല്‍ഡിഎഫ് വരണമെന്നും കേരളത്തിന്റെ ഭാവി നിര്‍ണയിക്കുന്ന വോട്ടെടുപ്പാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫിന്റെ മൂന്നാമൂഴത്തിനു ജനങ്ങള്‍ ഉറപ്പുവരുത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കോട്ടങ്ങള്‍ തിരുത്തി മുന്നോട്ടു പോകുമെന്നാണ് സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി പ്രതികരിച്ചത്.
◾ നൂറിലധികം സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. യുഡിഎഫ് അനുകൂല തരംഗമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.
◾ സഭയില്‍ ബഹളമുുണ്ടാക്കാനും ബെഞ്ചില്‍ കയറാനും ആകരുത് വോട്ടെന്നും തൂക്കുസഭ വരുമെന്നും അതില്‍ ബിജെപി നിര്‍ണായകമാകുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷനും നേമത്തെ സ്ഥാനാര്‍ഥിയും കൂടിയായ രാജീവ് ചന്ദ്രശേഖര്‍.
◾ ജനാധിപത്യം മണ്ണില്‍ മാത്രമല്ല, ഹൃദയത്തിലും ഉണ്ടാകണമെന്നു കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. എല്ലാവരും വോട്ട് ചെയ്യണം. നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയശേഷം ഗവര്‍ണര്‍ പറഞ്ഞു.
◾ ഈ തെരഞ്ഞെടുപ്പ് പിണറായി ഭരണത്തിന്റെ കലാശക്കൊട്ടും യുഡിഎഫ് സര്‍ക്കാരിന്റെ കേളികൊട്ടുമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. ജനകീയ കോടതിയില്‍ അയ്യന്റെ സ്വര്‍ണം കട്ടവരെ ശിക്ഷ വിധിക്കുന്ന ദിവസമാണിത്. പത്തുവര്‍ഷത്തെ കിരാതഭരണത്തില്‍നിന്ന് നാടിന് മോചനമാക്കാന്‍ ഐക്യ ജനാധിപത്യമുന്നണിയുടെ വിജയം സുനിശ്ചിതമാണെന്നും അദ്ദേഹം പറഞ്ഞു.
◾ വ്യക്തിഹത്യ ചെയ്ത് ഇല്ലാതാക്കാനാണ് പാലക്കാട് ശോഭ സുരേന്ദ്രനെതിരേ നടക്കുന്ന പ്രചാരണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പാലക്കാടിനെ ഭീകരവാദികളുടെ ഹബ്ബാക്കി മാറ്റാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്‍. വോട്ടിന് പണം നല്‍കിയെന്ന ആരോപണത്തോട് പ്രതികരിക്കവേയാണ് ഇരുവരുടേയും ആരോപണം.
◾ പെണ്ണ് ഒരുമ്പെട്ടാല്‍ ബ്രഹ്‌മനും തടുക്കാനാവില്ലെന്നും ബിജെപിയുടെ പാലക്കാട് സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍ കേരള രാഷ്ട്രീയത്തിന് അപമാനമാണെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍. വീഡിയോ എടുത്ത് പുറത്തുവിട്ട യുവാക്കള്‍ക്ക് സോഷ്യല്‍ മീഡിയ അവാര്‍ഡ് കൊടുക്കണമെന്നും ഉണ്ണിത്താന്‍.
◾ തൃക്കരിപ്പൂര്‍ പിലിക്കോട് പുത്തിലോട്ട് എയുപി സ്‌കൂളിലെ ബൂത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സന്ദീപ് വാര്യര്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നു പരാതി. കള്ളവോട്ടു ചെയ്യുന്നതായി യുഡിഎഫ് ഏജന്റ് ആരോപിച്ചതോടെയാണു തര്‍ക്കമുണ്ടായത്.
◾ കാസര്‍കോട് ഉദുമയില്‍ പോളിംഗ് ബൂത്തില്‍ ക്യാമറയുള്ള കണ്ണട ധരിച്ചെത്തിയ യുഡിഎഫ് ചീഫ് ഇലക്ഷന്‍ ഏജന്റിനെതിരെ നടപടി. ഉദുമ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. നീലകണ്ഠന്റെ ചീഫ് ഇലക്ഷന്‍ ഏജന്റ് ബി.എം. ജമാലാണ് ക്യാമറ ഘടിപ്പിച്ച കണ്ണടയുമായി ബൂത്തിലെത്തിയത്. ബേക്കല്‍ ഇസ്ലാമിയ എഎല്‍പി സ്‌കൂളിലെ 165-ാം നമ്പര്‍ ബൂത്തിലാണ് സംഭവം.
◾ മമ്മൂട്ടി പൊന്നുരുന്നി ക്രൈസ്റ്റ് കിങ് കോണ്‍വെന്റ് സ്‌കൂളിലും നേമം മണ്ഡലത്തിലെ മുടവന്‍മുകള്‍ സ്‌കൂള്‍ ബൂത്ത് 36ല്‍ മോഹന്‍ലാലും വോട്ട് ചെയ്തു. ഇരിങ്ങാലക്കുട ഗേള്‍സ് സ്‌കൂളില്‍ 113 ബൂത്തിലാണ് ടോവിനോ തോമസ് വോട്ട് ചെയ്തത്. തൊടുപുഴയിലെ കുമ്പംകല്ല് ബിടിഎം എല്‍പി സ്‌കൂളിലാണ് ആസിഫ് അലിയും സഹോദരന്‍ അസ്‌കര്‍ അലിയും വോട്ട് രേഖപ്പെടുത്താനെത്തിയത്.
◾ കോഴിക്കോട് പേരാമ്പ്രയില്‍ സിപിഎം നേതാവായ അരിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.സി. ബാലകൃഷ്ണനും സംഘവും വോട്ടറെ മര്‍ദ്ദിച്ചെന്ന് പരാതി. കാരയാട് സ്വദേശി ബെന്‍ഷിറക്കാണ് മര്‍ദ്ദനമേറ്റത്. പ്രായമുള്ള അയല്‍വാസിയെ വോട്ട്ുചെയ്യാന്‍ കൂട്ടിക്കൊണ്ടുവന്നതു ചോദ്യം ചെയ്തായിരുന്നു മര്‍ദനമെന്നു ബെന്‍ഷിറ.
◾ കൊച്ചി മെട്രോ തൂണുകള്‍ക്കരികില്‍ റോഡുകളില്‍ രൂപപ്പെട്ടിരിക്കുന്ന നിരപ്പു വ്യത്യാസം അപകട ഭീഷണി സൃഷ്ടിക്കുന്നതിനാല്‍ അടിയന്തര പരിഹാരം വേണമെന്ന് ഹൈക്കോടതി. അപകട സാധ്യതയുള്ള ഇടങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും കോടതി പറഞ്ഞു.
◾ വീണ്ടും അവയവദാനം. തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ച കിളിമാനൂര്‍ സ്വദേശി ജയി ജയകുമാറിന്റെ(35) ഹൃദയം ഉള്‍പെടെ അഞ്ച് അവയവങ്ങളാണ് ദാനംചെയ്യുന്നത്. ഹൃദയം തിരുവനന്തപുരം കിംസില്‍നിന്ന് എറണാകുളം ലിസി ആശുപത്രിയിലേക്കു കൊണ്ടുപോകും.
◾ തലശേരിയില്‍ വനിതാ പോലീസ് ഓഫീസറെ വെട്ടിക്കൊന്ന കേസില്‍ ഭര്‍ത്താവ് കുറ്റക്കാരനെന്നു കോടതി. കരിവെള്ളൂര്‍ സ്വദേശിനി പി. ദിവ്യശ്രീ (38) കൊല്ലപ്പെട്ട കേസിലാണ് കുന്നുമ്മല്‍ രാജേഷിനെ (41) ജില്ലാ സെഷന്‍സ് കോടതി കുറ്റക്കാരനെന്നു കണ്ടെത്തിയത്. ശിക്ഷ നാളെ വിധിക്കും.
◾ പാലക്കാട് സ്വദേശിയായ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ ചിക്കമംഗളൂരു മാണിക്കധാര വെള്ളച്ചാട്ടത്തിനു സമീപം
കാണാതായി. കടമ്പഴിപ്പുറം കൂത്തറ വീട്ടില്‍ രമേഷിന്റെയും രോഹിണിയുടെയും മകള്‍ ശ്രീനന്ദയെ (15)യെയാണു കാണാതായത്. കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ 40 പേരടങ്ങുന്ന സംഘത്തിനൊപ്പം വിനോദയാത്രക്ക് എത്തിയതായിരുന്നു.
◾ വനിത സംവരണ ഭേദഗതി ബില്‍ പാസാക്കാന്‍ എല്ലാ എംപിമാരുടെയും പിന്തുണ അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ നിയമം രാജ്യം ഒറ്റക്കെട്ടായി പാസ്സാക്കണമെന്ന് ആവശ്യപ്പെട്ട് നരേന്ദ്ര മോദി പ്രധാന പത്രങ്ങളില്‍ ലേഖനം എഴുതി. സമവായം അഭ്യര്‍ത്ഥിച്ച് ഇന്‍സ്റ്റാഗ്രാം വിഡിയോയും മോദി പുറത്തിറക്കി.
◾ നാസിക്കിലെ 'ആള്‍ദൈവം' അശോക് കുമാര്‍ ഖരാട്ട് രഹസ്യക്യാമറയിലൂടെ പകര്‍ത്തിയ അശ്ലീല വിഡിയോകള്‍ പോസ്റ്റ് ചെയ്ത വെബ്സൈറ്റുകള്‍ക്കും അവ പ്രചരിപ്പിച്ച 450 സമൂഹമാധ്യമ അക്കൗണ്ടുകള്‍ക്കുമെതിരെ പൊലീസ് കേസെടുത്തു.
◾ ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചയ്ക്കുകയും യുഎഇയിലേക്ക് ആക്രമണം തുടരുകയും ചെയത ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കരാര്‍ പാലിക്കാത്തതിനാല്‍ അമേരിക്കന്‍ സൈന്യം പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയില്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
◾ പശ്ചിമേഷ്യയിലേക്കുള്ള ആക്രമണങ്ങള്‍ ഇറാന്‍ പൂര്‍ണമായും അവസാനിപ്പിക്കണമെന്നും വെടിനിറുത്തല്‍ കരാറിലെ വ്യവസ്ഥകളെക്കുറിച്ച് കൂടുതല്‍ വ്യക്തത വേണമെന്നും യുഎഇ ആവശ്യപ്പെട്ടു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച അമേരിക്ക - ഇറാന്‍ രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ യുഎഇ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
◾ വെടിനിര്‍ത്തല്‍ കരാറിനു പിന്നില്‍ ചൈനയുടെനയതന്ത്ര ഇടപെടലുകള്‍ ഉണ്ടായെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനെ സമാധാനചര്‍ച്ചകള്‍ക്ക്അനുനയിപ്പിക്കാന്‍ ചൈന നിര്‍ണായക പങ്കു വഹിച്ചെന്നും ട്രംപ്.
◾ ഹിസ്ഹുല്ല തലവന്‍ നയിം ഖാസിമിന്റെ അനന്തരവനും അദ്ദേഹത്തിന്റെ സെക്രട്ടറിയുമായ അലി യൂസഫ് ഹര്‍ഷിയെ വധിച്ചെന്ന് ഇസ്രയേല്‍ സൈന്യം. ബെയ്റൂട്ടില്‍ രാത്രി നടത്തിയ വ്യോമാക്രമണത്തിലാണ് ഹര്‍ഷി കൊല്ലപ്പെട്ടത്.
◾ മാരക പ്രഹരശേഷിയുള്ള ക്ലസ്റ്റര്‍ ബോംബ് പോര്‍മുനകള്‍ ഘടിപ്പിച്ച ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിച്ച് ഉത്തര കൊറിയ. മൂന്നു ദിവസത്തിനുള്ളില്‍ ഉത്തരകൊറിയ നടത്തിയ രണ്ടാമത്തെ മിസൈല്‍ പരീക്ഷണമാണിത്.
◾ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. ഗ്രാമിന് 215 രൂപയും പവന് 1,720 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 13,885 രൂപയും പവന് 1,11,080 രൂപയുമായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 175 രൂപ കുറഞ്ഞ് 11,410 രൂപയും 9 കാരറ്റിന് 90 രൂപ കുറഞ്ഞ് 5,730 രൂപയുമാണ്. വെള്ളിവില ഗ്രാമിന് 260 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4,800 ഡോളര്‍ നിലവാരത്തിന് താഴെയാണ് വ്യാപാരം നടക്കുന്നത്. യു.എസ്-ഇറാന്‍ യുദ്ധം തുടങ്ങിയ ശേഷം സ്വര്‍ണത്തില്‍ 10 ശതമാനത്തിലേറെ ഇടിവാണ് രേഖപ്പെടുത്തിയത്. വിപണി വിലക്കൊപ്പം ചുരുങ്ങിയത് 5% നിരക്കില്‍ പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മേല്‍ ഈടാക്കുന്ന ജി.എസ്.ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് (45 രൂപ), അതിന്മേല്‍ ഈടാക്കുന്ന 18 ശതമാനം ജി.എസ്.ടി എന്നിവയും ചേര്‍ത്ത് ഒരു പവന്‍ ആഭരണം വാങ്ങുന്നതിന് 1,14,466 രൂപയ്ക്ക് മുകളില്‍ നല്‍കേണ്ടി വരും.
◾ പ്രമുഖ യു.എസ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയായ ആന്ത്രോപിക്, തങ്ങളുടെ പുതിയ എ.ഐ മോഡല്‍ ആയ ക്ലോഡ് മിഥോസ് പൊതുജനങ്ങള്‍ക്കായി റിലീസ് ചെയ്യുന്നത് വൈകിപ്പിച്ചേക്കും. സുരക്ഷയ്ക്ക് ഭീഷണിയാകാനും ദേശീയ സുരക്ഷയെ ബാധിക്കാനും സാധ്യതയുള്ളത് മുന്‍നിര്‍ത്തിയാണ് ഈ പ്രഖ്യാപനം. ഇത് ഉപയോഗപ്പെടുത്തി കണ്ടെത്തുന്ന തകരാറുകളും പാളിച്ചകളും എങ്ങനെ കൈകാര്യം ചെയ്യപ്പെടുമെന്ന ആശങ്കയാണ് റിലീസിങ് നടത്തുന്നതില്‍ പിന്തിരിയാന്‍ ആന്ത്രോപിക് കമ്പനിയെ പ്രേരിപ്പിച്ച മുഖ്യഘടകം. വിശ്വസ്തരായ 12 മുതല്‍ 40 വരെ സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും മാത്രം ക്ലോഡ് മിഥോസ് കൈകാര്യം ചെയ്യുന്നതിനുള്ള അനുവാദം പരിമിതപ്പെടുത്താനാണ് ആന്ത്രോപിക് തീരുമാനിച്ചിരിക്കുന്നത്. പുതിയ എ.ഐ മോഡല്‍ കൂടി അവതരിച്ചതോടെ, ഐ.ടി ഓഹരികള്‍ വീണ്ടും സമ്മര്‍ദത്തിലാകുമോ എന്നാണ് നിക്ഷേപക ലോകം ഉറ്റുനോക്കുന്നത്.
◾ ഇന്ത്യന്‍ സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'തുംബാഡ്' എന്ന ഹൊറര്‍-ഡ്രാമ ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുന്നു. ചിത്രത്തില്‍ പ്രധാന വേഷത്തില്‍ ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖി എത്തുമെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ മലയാളി താരം നിമിഷ സജയനും ചിത്രത്തിന്റെ ഭാഗമാകുന്നു എന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. 'പോച്ചര്‍', 'ഡബ്ബ കാര്‍ട്ടല്‍' തുടങ്ങിയ ഹിന്ദി സീരിസുകളിലൂടെ ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ നിമിഷ സജയന്‍, സോഹം ഷായുമായി വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സോഹം ഷാ നിര്‍മിച്ച 'ക്രേസി' എന്ന ചിത്രത്തിന് വേണ്ടി നിമിഷ നേരത്തെ ശബ്ദം നല്‍കിയിരുന്നു. ആദ്യ ഭാഗത്തില്‍ നായകനായിരുന്ന സോഹം ഷാ ആണ് 'തുംബാഡ് 2' നിര്‍മിക്കുന്നത്. ആദ്യ ഭാഗത്തിന്റെ കോ ഡയറക്ടറായിരുന്ന ആദേഷ് പ്രസാദ് ആകും രണ്ടാം ഭാഗമൊരുക്കുക. മഹാരാഷ്ട്രയിലെ തുംബാട് എന്ന ഗ്രാമത്തിലെ നിഗൂഢതകളും ഹസ്തര്‍ എന്ന ദുര്‍മൂര്‍ത്തിയുടെ കഥയും പറഞ്ഞ ആദ്യ ഭാഗത്തിന്റെ ബാക്കി വിശേഷങ്ങള്‍ രണ്ടാംഭാഗത്തിലറിയാം.
◾ സൈജു കുറുപ്പിനെ നായകനാക്കി കൃഷ്ണദാസ് മുരളി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഭരതനാട്യം 2: മോഹിനിയാട്ടം'. ഏപ്രില്‍ പത്തിന് തിയേറ്ററുകളില്‍ എത്തുന്ന ചിത്രത്തിലെ പുതിയ ഗാനം ഇപ്പോഴിതാ പുറത്തിറക്കിയിരിക്കുകയാണ്. ബേബി ജീന്‍ ആലപിച്ച 'കോയി എന്‍കൗണ്ടര്‍' സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഇലക്ട്രോണിക്ക് കിളിയാണ്. വരികള്‍ എഴുതിയിരിക്കുന്നത് മുത്തു. തോമസ് തിരുവല്ല ഫിലിംസിന്റെയും, സൈജു കുറുപ്പ് എന്റര്‍ടൈന്‍മെന്റ്‌സിന്റെയും ബാനറില്‍ ഒരുങ്ങുന്ന 'ഭരതനാട്യം 2: മോഹിനിയാട്ടം' ഏപ്രില്‍ 10 ന് തീയറ്ററുകളില്‍ എത്തും. കൃഷ്ണദാസ് മുരളിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ലിനി മറിയം ഡേവിഡ്, അനുപമ ബി നമ്പ്യാര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.
◾ ടൊയോട്ട കൊറോള ക്രോസ് എസ്യുവി ഇന്ത്യയിലേക്ക്. 2028 അവസാനമോ 2029 ന്റെ തുടക്കത്തിലോ ഇത് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ടൊയോട്ട ഇന്നോവ ഹൈക്രോസുമായി കൊറോള ക്രോസ് അതിന്റെ പ്ലാറ്റ്‌ഫോം പങ്കിടുന്നു. അതായത് പവര്‍ട്രെയിന്‍ ഓപ്ഷനുകളും കടമെടുത്തേക്കാം. എങ്കിലും, ഇന്നോവ ഹൈക്രോസിന് നീളമുള്ള വീല്‍ബേസ് ഉണ്ട്, ഇത് കൊറോള ക്രോസിന് ഒരു അധിക നിര സീറ്റുകള്‍ ഉള്‍ക്കൊള്ളാനുള്ള സാധ്യതയും ഉയര്‍ത്തുന്നു, ഇത് മൂന്ന് നിര എസ്യുവിയായി മാറുന്നു. ആഗോളതലത്തില്‍, ടൊയോട്ട കൊറോള ക്രോസ് രണ്ട് ഹൈബ്രിഡ് പവര്‍ട്രെയിനുകളില്‍ ലഭ്യമാണ്. 140 ബിഎച്ച്പി, 1.8ലി പെട്രോള്‍ ഇലക്ട്രിക്, 197 ബിഎച്ച്പി, 2.0ലി പെട്രോള്‍ ഇലക്ട്രിക്. സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ജോടിയാക്കിയ പെട്രോള്‍ എഞ്ചിന്‍ പരമാവധി 173 ബിഎച്ച്പി പവറും 205-209 എന്‍എം ടോര്‍ക്കും നല്‍കുന്നു. ശക്തമായ ഹൈബ്രിഡ് സജ്ജീകരണം 183-186 ബിഎച്ച്പി പവറും 188 എന്‍എം (എഞ്ചിന്‍) + 206 എന്‍എം (മോട്ടോര്‍) ടോര്‍ക്കും സംയോജിപ്പിച്ച് വാഗ്ദാനം ചെയ്യുന്നു.
◾ തന്റെ മകനുമായി ആറുമാസമായി പ്രണയത്തിലായിരുന്നതായും ഗര്‍ഭിണിയാണെന്നും പറഞ്ഞ് നിരന്തരം ഒരു പെണ്‍കുട്ടി വിളിക്കുന്നതായി പരാതി പറയാനാണ് സ്വകാര്യ കുറ്റാന്വേഷകനായ അലക്സ് മോറിസിന്റെ അടുത്ത് എബ്രഹാം ഡേവിഡ് എത്തുന്നത്. എന്നാല്‍ ഈ പറയുന്ന മകന്‍ മരിച്ചിട്ടുതന്നെ 8 മാസമായതായി അയാള്‍ പറയുന്നു. അന്വേഷണവുമായി മുന്നോട്ടുപോകുന്ന അലക്സിന് ആ പരാതി വ്യാജമാണെന്ന് മനസ്സിലാവുന്നു. എന്നാല്‍ തുടര്‍ന്ന് അയാള്‍ക്ക് ലഭിക്കുന്ന ചില സന്ദേശങ്ങള്‍ അല്‍വറാഡോ മെഡിസിറ്റി എന്ന സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ നടന്ന 9 മരണങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നു. സ്വകാര്യ കുറ്റാന്വേഷകനായ അലക്സ് മോറിസ് നടത്തിയ ചില കണ്ടെത്തലുകളാണ് വിഷയത്തില്‍ വഴിത്തിരിവായത്. ഈ മരണങ്ങളുടെ ചുരുളഴിക്കുന്ന ഒരു സസ്പെന്‍സ് മെഡിക്കല്‍ ക്രൈം ത്രില്ലര്‍. 'അല്‍വറാഡോ മരണങ്ങള്‍'. നിഖിലേഷ് മേനോന്‍. ഡിസി ബുക്സ്. വില 359 രൂപ.
◾ രാത്രി ഭക്ഷണം വൈകി കഴിക്കുന്നത് ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി മുപ്പതു മുതല്‍ നാല്‍പ്പതു ശതമാനമായി കുറയാനും കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കൂടാനും കാരണമായേക്കാം. കൂടാതെ ഉറക്കത്തിന്റെ ഹോര്‍മോണ്‍ ആയ മെലാടോണിന്റെ ഉല്‍പാദനത്തെ ബാധിക്കാനും സാധ്യതയുണ്ട്. മാത്രമല്ല, ഇത് ശരീരം വിശ്രമിക്കേണ്ട സമയത്ത് ദഹനപ്രക്രിയ നടക്കുന്ന അവസ്ഥയാകും. അതുകൊണ്ടാണ് എട്ടുമണിക്കൂര്‍ ഉറങ്ങിയിട്ടു പോലും അടുത്ത ദിവസം എഴുന്നേല്‍ക്കുമ്പോള്‍ വയറു വീര്‍ത്തതുപോലെയും ക്ഷീണവും തോന്നും. വൈകുന്നേരം എഴു മണിക്ക് മുമ്പ് അത്താഴം കഴിക്കുന്നവരില്‍ രാത്രികാലത്തെ ഗ്ലൂക്കോസ് നില 15 ശതമാനമായി കുറയുകയും ഇന്‍സുലിന്‍ പ്രതിരോധം മെച്ചപ്പെടുകയും ഉറക്കം സുഖകരമാവുകയും ചെയ്യുമെന്ന് വിദഗ്ധര്‍ പറയുന്നു. എന്നാല്‍ ഒമ്പതു മണിക്ക് ശേഷം കഴിക്കുന്നവരില്‍ രക്തത്തിലെ പഞ്ചസാരയുടെ നില വര്‍ധിക്കാനുള്ള സാധ്യതയും കൂടുതലാണെന്ന് വിദഗ്ധര്‍ പറയുന്നു. ഡയബറ്റിസ്, പ്രീ ഡയബറ്റിസ്, ഫാറ്റി ലിവര്‍ തുടങ്ങിയവ ഉള്ളവരില്‍ അത്താഴത്തിനു ശേഷം ഷുഗറിന്റെ നില 30 മുതല്‍ 50 ശതമാനമായി കൂടും. എന്നാല്‍ നേരത്തേ അത്താഴം കഴിക്കുന്നതിലൂടെ ഷുഗര്‍ നിയന്ത്രിക്കാനാവും, ഇത് പ്രീ ഡയബറ്റിസ്, ഡയബറ്റിസ്, ഫാറ്റി ലിവര്‍ തുടങ്ങിയവ ഉള്ളവരില്‍ പ്രധാനമാണെന്നും വിദഗ്ധര്‍ പറയുന്നു.
*വിനിമയ നിരക്ക്*
ഡോളര്‍ - 92.65, പൗണ്ട് - 124.27, യൂറോ - 108.06, സ്വിസ് ഫ്രാങ്ക് - 117.14, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 65.17, ബഹറിന്‍ ദിനാര്‍ - 245.63, കുവൈത്ത് ദിനാര്‍ -300.13, ഒമാനി റിയാല്‍ - 241.15, സൗദി റിയാല്‍ - 24.69, യു.എ.ഇ ദിര്‍ഹം - 25.12, ഖത്തര്‍ റിയാല്‍ - 25.41, കനേഡിയന്‍ ഡോളര്‍ - 66.88.
Tags:
KERALA