2026 ഏപ്രില്‍ 9 വ്യാഴം
1201 മീനം 26 മൂലം
1447 ശവ്വാൽ 21
◾ പോളിംഗ് ബൂത്തുകള്‍ ഉണര്‍ന്നു. കേരളത്തില്‍ ഇന്നു ജനവിധി. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് വൈകുന്നേരം ആറുവരെ. 2.70 കോടി വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കും. പോളിംഗ് ബൂത്തുകളില്‍ മൊബൈല്‍ ഫോണ്‍ പ്രവേശിപ്പിക്കില്ല.
◾ പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രനെതിരായ 'വോട്ടിനു നോട്ട്' പരാതിയില്‍ ചീഫ് ഇലക്ഷന്‍ ഓഫീസര്‍ക്ക് റിപ്പോര്‍ട്ടു നല്‍കിയെന്ന് പാലക്കാട് ജില്ല കളക്ടര്‍ എം എസ് മാധവികുട്ടി. പണം ലഭിച്ചില്ലെന്നാണ് വയോധികയുടെ മൊഴി. പൊലീസ് ദൃശ്യങ്ങള്‍ പരിശോധിക്കുകയും കേസ് അന്വേഷിക്കുകയും ചെയ്യുമെന്നും കളക്ടര്‍.
◾ കോട്ടയത്തെ പൂഞ്ഞാറിലും കാസര്‍കോട്ടും 'വോട്ടിനു നോട്ട്' ആരോപണം. പൂഞ്ഞാറില്‍ ബിജെപി മണ്ഡലം ഭാരവാഹിയായ മുഹമ്മദ് ഷാജി അരുവിത്തറയിലെ ഒരു വീട്ടില്‍ പണം നല്‍കുന്നതായി ആരോപിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. തെരഞ്ഞെടുപ്പ് കമ്മീഷനിലും പൊലീസിലും ഇടതു മുന്നണി നേതാക്കള്‍ പരാതി നല്‍കി. ഇതേസമയം, കാസര്‍കോട് നായന്മാര്‍മൂലയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കല്ലട്ര മാഹിന്‍ ഹാജിയുടെ സഹോദരങ്ങള്‍ വോട്ടര്‍മാരെ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് എല്‍ഡിഎഫ് ആരോപിച്ചു. സ്ഥാനാര്‍ത്ഥിയുടെ സഹോദരങ്ങളായ ഷെരീഫ് കല്ലട്ര, അഷ്‌റഫ് കല്ലട്ര എന്നിവരെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞു.
◾ തൃശൂരില്‍ വീണ്ടും ബിജെപിക്കെതിരേ കിറ്റ് വിതരണ ആരോപണം. തൃശൂര്‍ കേച്ചേരിയിലുള്ള ഒരു അച്ചാര്‍ കമ്പനിയില്‍നിന്ന് ഏകദേശം 750 ഭക്ഷ്യക്കിറ്റുകളാണ് തെരഞ്ഞെടുപ്പ് ഫ്ളയിങ് സ്‌ക്വാഡും പോലീസും ചേര്‍ന്ന് പിടികൂടിയത്. ബിജെപി നേതാവിന്റെ സഹോദരന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം.
◾ ശബരിമല യുവതി പ്രവേശന കേസില്‍ സ്ത്രീകള്‍ക്ക് പ്രവേശനം വേണമെന്ന് ഏന്തെങ്കിലും അയ്യപ്പവിശ്വാസി ഹര്‍ജി നല്‍കിയിട്ടുണ്ടോയെന്ന് ജസ്റ്റിസ് ബി വി നാഗരത്ന. ആദ്യ ഹര്‍ജിക്കാര്‍ വിശ്വാസികളല്ല. വിശ്വാസികളല്ലാത്തവരുടെ ഹര്‍ജി കോടതി എന്തിന് കേള്‍ക്കണമെന്നുമാണ് ജസ്റ്റിസ് നാഗരത്നയുടെ ചോദ്യം.
◾ ശബരിമല ഉന്നതാധികാര സമിതി ചെയര്‍മാനായി റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജി വി.ജി. അരുണിനെ ഹൈക്കോടതി ദേവസ്വം ബഞ്ച് നിയോഗിച്ചു.ശബരിമല ഉന്നതാധികാര സമിതിയുടെ അധ്യക്ഷനായിരുന്ന റിട്ടയേര്‍ഡ് ജസ്റ്റിസ് സീരിജഗന്‍ മരിച്ചതിനാലാണ് നിയമനം.
◾ ലൈംഗീകാതിക്രമ കേസില്‍ ജയിലില്‍ കഴിയുന്ന സംവിധായകന്‍ രഞ്ജിത്തിനു വോട്ടു ചെയ്യാന്‍ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ഹര്‍ജി എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. രഞ്ജിത്തിനെ കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്ഡറെ അപേക്ഷ കോടതി പരിഗണിക്കുന്നതിനിടെയാണ് അഭിഭാഷകന്‍ ഇടക്കാല ജാമ്യം ആവശ്യപ്പെട്ടത്. ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നു.
◾ സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്‌കരണത്തിനു രൂപീകരിച്ച പന്ത്രണ്ടാം ശമ്പള പരിഷ്‌കരണ കമ്മീഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു. മുന്‍ ചീഫ് സെക്രട്ടറി ഡോ. വി പി ജോയ് ഐ എ എസ് ആണു കമ്മീഷന്ഡ ചെയര്‍മാന്‍.
◾ സിനിമാ താരം ജി. കൃഷ്ണകുമാറിനെ നാഷണല്‍ ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാനായി നിയമിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം പുറത്തിറക്കി.
◾ 'വോട്ടിനു നോട്ട്' ആരോപണം തളളിയ പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അശ്ലീല ആംഗ്യം കാണിച്ചെന്ന് ആരോപിച്ചു. എന്നാല്‍ മോശം ആംഗ്യം കാണിച്ചിട്ടില്ലെന്നും പണം നല്‍കിയതു കയ്യോടെ പിടിക്കപ്പെട്ടതോടെ ജാള്യം മറയ്ക്കാന്‍ ആരോപണങ്ങളുന്നയിക്കുകയാണെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരിച്ചടിച്ചു.
◾ നേമം മണ്ഡലത്തില്‍ ബിജെപി വ്യാപകമായി പണവും മദ്യവും ഒഴുക്കുന്നു എന്ന ആരോപണത്തില്‍ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ശിവന്‍ കുട്ടിക്കു പരാജയ ഭീതിയുടെ നിരാശയാണെന്നും തെളിവുണ്ടെങ്കില്‍ പൊലീസിനോട് പറയട്ടെ എന്നുമായിരുന്നു പ്രതികരണം.
◾ ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ പങ്കുവെച്ച വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് നീക്കം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെയും പൊലീസ് സൈബര്‍ സെല്ലിന്റെയും ഔദ്യോഗിക നിര്‍ദ്ദേശപ്രകാരമാണ് വീഡിയോ നിരോധിച്ചതെന്ന് രാഹുല്‍ ആരോപിച്ചു.
◾ വാഹന മോഡിഫിക്കേഷന്‍ ആകാമെന്നു പ്രതികരിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് മറുപടിയുമായി കെ.ബി. ഗണേഷ് കുമാര്‍. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മോട്ടോര്‍ വാഹന നിയമം എങ്ങനെയാണ് സതീശന്‍ മാറ്റുന്നതെന്ന് ഗണേഷ് ചോദിച്ചു.
◾ ജോസ് കെ മാണിക്കെതിരായ സീറ്റിന് കോഴ നല്‍കിയെന്ന ആരോപണത്തില്‍ മാണി സി കാപ്പനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കേരള കോണ്‍ഗ്രസ് എം. തോല്‍വി സമ്മതിച്ച കാപ്പന്‍ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നുവെന്ന് കേരള കോണ്‍ഗ്രസ് എം ആരോപിച്ചു.
◾ കേരളത്തില്‍ രക്തദാന പ്രസ്ഥാനത്തിനു തുടക്കമിട്ട എഴുത്തുകാരനും തൃശൂര്‍ അതിരൂപത മുന്‍ വികാരി ജനറലുമായ ഫാ. ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട് (72) അന്തരിച്ചു. ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജിന്റെ സ്ഥാപക ഡയറക്ടറായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിയായിരിക്കേയാണ് ബ്ലഡ് ഡോണേഴ്സ് അസോസിയേഷനു രൂപം നല്‍കിയത്.
◾ വൈക്കത്തെ കര്‍ഷക ആത്മഹത്യയില്‍ ദുരൂഹതയുണ്ടെന്നു മക്കള്‍. 16 ലക്ഷം രൂപ കടമുണ്ടായിരുന്നതിന്റെ സമ്മര്‍ദ്ദം പിതാവിനുണ്ടായിരുന്നുവെന്ന് മക്കള്‍. കുടുംബത്തെ സന്ദര്‍ശിച്ച എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപിച്ചു. മരണത്തിനു മുന്‍പ് ചെല്ലപ്പന്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തിയതില്‍ ദുരൂഹതയുണ്ടെന്ന് സിപിഐ പ്രാദേശിക നേതൃത്വം ആരോപിച്ചു.
◾ ചിക്കമംഗളൂരുവില്‍ വിനോദസഞ്ചാരത്തിനെത്തിയ മലയാളി പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ 24 മണിക്കൂര്‍ കഴിഞ്ഞിട്ടും വിവരങ്ങള്‍ ലഭിച്ചിട്ടില്ല. പ്രദേശത്തെ രണ്ടു കൊക്കകള്‍ കേന്ദ്രീകരിച്ചുള്ള തിരച്ചിലും അന്വേഷണവും വിഫലമായി.
◾ മലപ്പുറം എളങ്കൂര്‍ വില്ലേജ് ഓഫീസറും പത്തനംതിട്ട എരുമേലി ചാത്തന്‍തറ സ്വദേശിയുമായ കെ കെ രാജു (53) കുഴഞ്ഞുവീണു മരിച്ചു. പേലേപ്പുറത്തെ വാടക ക്വാര്‍ട്ടേഴ്സിലാണ് താമസിച്ചിരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് എളങ്കൂര്‍ വില്ലേജ് സെക്ടറല്‍ ഓഫീസറായിരുന്ന അദ്ദേഹം ബൂത്തുകള്‍ സജ്ജമാക്കുന്ന തിരക്കിലായിരുന്നു.
◾ സ്ഥിരം കുറ്റവാളികളായ നാലുപേരെ കാപ്പാ നിയമപ്രകാരം കൊല്ലം സിറ്റി പൊലീസ് കരുതല്‍ തടങ്കലിലാക്കി. കരുനാഗപ്പള്ളി കുലശേഖരപുരം മഹാരാഷ്ട്രാ സുനാമി കോളനിയില്‍ ചിക്കു (30), രഞ്ജിത്ത് (34), നൗഫാന്‍ (28), ജെറി (37) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
◾ കേരളത്തിനു പുറമേ ആസാമിലും പുതുച്ചേരിയിലും ഇന്നു നിയമസഭാ തെരഞ്ഞെടുപ്പ്. ആസാമില്‍ 126 നിയമസഭാ മണ്ഡലങ്ങളിലേക്കും പുതുച്ചേരിയിലെ 30 സീറ്റിലേക്കുമാണു വോട്ടെടുപ്പ്. മെയ് നാലിനാണ് വോട്ടെണ്ണലും ഫലപ്രഖ്യാപനവും.
◾ തെരഞ്ഞെടുപ്പിനിടെ തമിഴ്‌നാട് ചീഫ് സെക്രട്ടറി എന്‍ മുരുഗാനന്ദത്തെ തെരഞ്ഞെടുപ്പു കമ്മീഷന്‍ മാറ്റി. എം സായ്കുമാറിനെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിച്ചു. വിജിലന്‍സ് മേധാവിയെയും മാറ്റിയിട്ടുണ്ട്. ഡി എം കെ അനുകൂല നിലപാട് സ്വീകരിക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
◾ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്ത്രീകളെയും മഠത്തിലെ വിദ്യാര്‍ഥികളെയും റെയില്‍വേ പൊലീസ് തടഞ്ഞുവെച്ചു. മഠത്തില്‍ പഠിക്കുന്ന പെണ്‍കുട്ടികളെ ഒഡീഷ്യയിലെ അവരുടെ വീടുകളിലേക്ക് അവധിക്കു കൊണ്ടുപോകവേ രണ്ട് കന്യാസ്ത്രീകള്‍ അടക്കം എട്ടു പേരെയാണ് തടഞ്ഞത്. ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ടാണ് ഇവരെ മോചിപ്പിച്ചത്.
◾ തന്റെ വിവാഹമോചന ഹര്‍ജിക്ക് പിന്നില്‍ ഡിഎംകെ ഗൂഢാലോചനയാണെന്ന പരോക്ഷ ആരോപണവുമായി തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ്. തിരുനെല്‍വേലിയില്‍ നടന്ന കൂറ്റന്‍ റാലിയില്‍ സംസാരിക്കവെയാണ് തമിഴ്നാട് സര്‍ക്കാരിനും ഡിഎംകെയ്ക്കുമെതിരെ വിജയ് ആരോപണമുന്നയിച്ചത്.
◾ മുംബൈ- അഹമ്മദാബാദ് വന്ദേഭാരത് എക്സ്പ്രസില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പാറ്റയെന്നു പരാതി. കരാറുകാരായ ആര്‍കെ ഗ്രൂപ്പിനു കീഴിലുള്ള വൃന്ദാവന്‍ ഫുഡ് പ്രോഡക്ട്സിന് ഇന്ത്യന്‍ റെയില്‍വേ പത്തു ലക്ഷം രൂപ പുഴ ചുമത്തി.
◾ ഇറാനില്‍ വെടിനിറുത്തല്‍ പ്രഖ്യാപിച്ചെങ്കിലും ഇറാനിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ എത്രയും വേഗം ഇറാനില്‍നിന്നു രക്ഷപ്പെടണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു.
◾ ഇറാനുമായുള്ള സമാധാന ചര്‍ച്ചയ്ക്ക് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം പാക്കിസ്ഥാനിലേക്ക്. ശനിയാഴ്ച നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ വെള്ളിയാഴ്ചതന്നെ ഇസ്ലമാബാദില്‍ എത്തുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
◾ ലെബനനിലെ നൂറോളം ഇടങ്ങളില്‍ ഇസ്രയേലിന്റെ വ്യോമാക്രമണം. ഹിസ്ബുള്ളയ്ക്ക് ശക്തമായ സ്വാധീനമുള്ള ബെയ്റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങള്‍, തെക്കന്‍ ലെബനന്‍, കിഴക്കന്‍ ബെക്കാ താഴ്വര എന്നിവിടങ്ങളിലാണ് ആക്രമണം ഉണ്ടായത്. വെറും പത്ത് മിനിറ്റിനുള്ളില്‍ ഹിസ്ബുള്ളയുടെ നൂറിലധികം കമാന്‍ഡ് സെന്ററുകളും സൈനിക കേന്ദ്രങ്ങളും തകര്‍ത്തു. വെടിനിര്‍ത്തല്‍ ലെബനനു ബാധകമല്ലെന്ന് ഇസ്രായേല്‍ പ്രഖ്യാപിച്ചിരുന്നു.
◾ വെടിനിറുത്തലിനു ശേഷമവും ആക്രമണവുമായി ഇറാന്‍. സൗദി, ബഹറിന്‍, ഖത്തര്‍, കുവൈറ്റ് എന്നിവിടങ്ങളിലാണ് ആക്രമണം നടത്തിയത്. സൗദിയിലെ കിഴക്കു പടിഞ്ഞാറന്‍ എണ്ണ പൈപ്പ് ലൈനിനുനേരെ ആക്രമണമുണ്ടായി.
◾ ലെബനനിലേക്ക് ആക്രമണമുണ്ടായാല്‍ വെടിനിറുത്തല്‍ കരാറില്‍നിന്നു പിന്മാറുമെന്ന് ഇറാന്‍. ഇസ്രയേലിനെതിരേ ആക്രമണത്തിനു സജ്ജമാണെന്നും ഇറാന്‍.
◾ തങ്ങളുടെ നിബന്ധനകള്‍ അംഗീകരിച്ചാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപനമെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷെഷ്‌കിയാന്‍. ഒപ്പം ഇപ്പോഴത്തെ വെടിനിര്‍ത്തല്‍ 'ഖമേനിയുടെ രക്തത്തിന്റെ ഫലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ ഇറാന്റെ പത്തിന നിര്‍ദ്ദേശങ്ങളില്‍ മൂന്നെണ്ണം ലംഘിച്ചെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖര്‍ ഖാലിബാഫ്. ഹോര്‍മൂസ് കടലിടുക്ക് അടച്ചെന്നും വെടിനിര്‍ത്തലും തുടര്‍ചര്‍ച്ചകളും അനിശ്ചിതത്വത്തിലായെന്നും അദ്ദേഹം പറഞ്ഞു. ലബനനിലെ ആക്രമണം, ഇറാനിലേക്കു ഡ്രോണ്‍ പറത്തല്‍, യുറേനിയം വിഷയത്തിലുള്ള തര്‍ക്കം എന്നീ മൂന്നു വിഷയങ്ങളാണ് ഇറാന്‍ ഇപ്പോള്‍ തര്‍ക്കവിഷയമാക്കുന്നത്.
◾ വിജയത്തിനരികിലെത്തിയ ഡല്‍ഹി ക്യാപിറ്റല്‍സിനെ അവിശ്വനസനീയമായ വിധത്തില്‍ ഒരു റണ്ണിനു പരാജയപ്പെടുത്തി ഗുജറാത്ത് ടൈറ്റന്‍സ്. കെ എല്‍ രാഹുലിന്റെ അര്‍ധസെഞ്ചുറിയും ഡേവിഡ് മില്ലറുടെ അവിശ്വസനീയ ഫിനിഷിംഗും ഉണ്ടായിട്ടും 211 റണ്‍സിന്റെ വിജയലക്ഷ്യം നേടാന്‍ ഡല്‍ഹിക്കു സാധിച്ചില്ല. സ്‌കോര്‍: ഗുജറാത്ത് ടൈറ്റന്‍സ് 20 ഓവറില്‍ 4 ന് 210, ഡല്‍ഹി ക്യാപിറ്റല്‍സ് 20 ഓവറില്‍ 8 ന് 209.
◾ അദാനി ഗ്രൂപ്പ് ഓഹരികളില്‍ വന്‍ മുന്നേറ്റം. ഗ്രൂപ്പിലെ മുന്‍ നിര ഓഹരികളായ അദാനി എന്റര്‍പ്രൈസസ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി പോര്‍ട്‌സ് എന്നിവ 13 ശതമാനം വരെയാണ് ഉയര്‍ന്നത്. ഈ കുതിപ്പോടെ അദാനി ഗ്രൂപ്പ് കമ്പനികളുടെ ആകെ വിപണി മൂല്യത്തില്‍ ഏകദേശം 96,000 കോടി രൂപയുടെ വര്‍ധനയുണ്ടായി. ആഗോള ബ്രോക്കറേജ് സ്ഥാപനമായ മാക്വയറി അദാനി ഗ്രീന്‍ എനര്‍ജിയുടെ ടാര്‍ഗെറ്റ് പ്രൈസ് 1,320 രൂപയായി ഉയര്‍ത്തിയത് ഓഹരി വിലയില്‍ 13 ശതമാനത്തിന്റെ വര്‍ധനയുണ്ടാക്കി. യുദ്ധഭീതി ഒഴിഞ്ഞതോടെ തുറമുഖത്തിന്റെ പ്രവര്‍ത്തനം സുരക്ഷിതമായി തുടരുമെന്ന ഉറപ്പ് അദാനി പോര്‍ട്ട് ഓഹരി വില 11 ശതമാനത്തോളം ഉയരാന്‍ സഹായിച്ചു. അദാനി എനര്‍ജി സൊല്യൂഷന്‍സ്, അദാനി പവര്‍, അദാനി ടോട്ടല്‍ ഗ്യാസ്, എസിസി, അംബുജ സിമന്റ്‌സ് തുടങ്ങിയ ഓഹരികളും 8 ശതമാനം വരെ നേട്ടമുണ്ടാക്കി.
◾ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ അവതരിപ്പിച്ച ഫ്രീഡം പ്ലാന്‍ തിരിച്ചു കൊണ്ടുവന്ന് ബിഎസ്എന്‍എല്‍. വെറും ഒരു രൂപയ്ക്ക് 30 ദിവസത്തെ വാലിഡിറ്റിയോടു കൂടിയ പുതിയ സിം കാര്‍ഡും മറ്റ് സേവനങ്ങളും ഈ പ്ലാന്‍ വാഗ്ദാനം ചെയ്യുന്നു. ഈ ഒരു രൂപ പ്ലാനിലൂടെ പുതിയ സിം കാര്‍ഡ് എടുക്കുന്നവര്‍ക്ക് 30 ദിവസത്തേക്ക് തടസ്സമില്ലാത്ത സേവനങ്ങള്‍ ലഭിക്കും. ഇന്ത്യയിലെ ഏത് നെറ്റ്വര്‍ക്കിലേക്കും സൗജന്യമായി വിളിക്കാന്‍ കഴിയുന്ന അണ്‍ലിമിറ്റഡ് വോയ്‌സ് കോള്‍, പ്രതിദിനം 100 സൗജന്യ എസ്എംഎസ്, പ്രതിദിനം 2 ജിബി ഡേറ്റ എന്നിവയാണ് ഈ പ്ലാനിന്റെ ഫീച്ചറുകള്‍. സിം ആക്ടിവേറ്റ് ചെയ്യുന്ന ദിവസം മുതലാണ് 30 ദിവസത്തെ വാലിഡിറ്റി കണക്കാക്കുന്നത്. ഈ ഓഫര്‍ പരിമിത കാലത്തേക്ക് മാത്രമുള്ളതാണ്. ഏപ്രില്‍ 30ഓടെ ഈ പ്ലാന്‍ അവസാനിക്കും.
◾ ധനുഷ് നായകനായി റിലീസിനൊരുങ്ങുന്നു ചിത്രമാണ് 'കര'. 'പോര്‍ തൊഴില്‍' എന്ന ചിത്രത്തിന് ശേഷം വിഘ്‌നേശ് രാജ സംവിധാനം ചിത്രമാണിത്. മമിത ബൈജുവാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ കണ്ണമ്മ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ജി.വി പ്രകാശ് കുമാര്‍ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നതും പാടിയിരിക്കുന്നതും ധനുഷ് തന്നെയാണ്. ഏപ്രില്‍ 30ന് ചിത്രം തിയറ്ററുകളില്‍ എത്തും. ഞെട്ടിക്കുന്ന പ്രകടനവുമായി സുരാജ് വെഞ്ഞാറമൂടും ജയറാമും കരയില്‍ നിര്‍ണായക വേഷത്തിലെത്തുന്നു.
◾ നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രം 'ദ് പാരഡൈസ്'ലെ ആദ്യ ഗാനമായ 'ആയാ ഷേര്‍' യൂട്യൂബില്‍ 101 മില്യണ്‍ കാഴ്ചക്കാരെയും നേടി ആഗോള തലത്തില്‍ ട്രെന്‍ഡിങ് തുടരുന്നു. 101 മില്യണ്‍ കാഴ്ചക്കാരെ പിന്നിട്ടതിനൊപ്പം തന്നെ ഈ ഗാനം 1.3 മില്യണ്‍ ലൈക്കും യൂട്യൂബില്‍ നിന്ന് നേടിയിട്ടുണ്ട്. 2026 ഓഗസ്റ്റ് 21 നാണ് ചിത്രം ആഗോള റിലീസായി തീയേറ്ററുകളിലെത്തുക. കാസര്‍ല ശ്യാം വരികള്‍ രചിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് അദ്ദുല ജംഗിറെഡ്ഡി, അക്‌നൂരി ദേവയ്യ, അനിരുദ്ധ് രവിചന്ദര്‍ എന്നിവര്‍ ചേര്‍ന്നാണ്. അനിരുദ്ധ് തന്നെയാണ് ഈ ഗാനത്തിന് സംഗീതം നല്‍കിയതും. നൃത്തസംവിധായകന്‍ സുധന്‍ മാസ്റ്റര്‍ ആണ് ഈ ഗാനത്തിന് നൃത്തം ഒരുക്കിയത്.
◾ ഏപ്രില്‍ 20 ന് ഔദ്യോഗിക വില പ്രഖ്യാപനത്തോടെ മജസ്റ്റര്‍ എസ്യുവി പുറത്തിറക്കുമെന്ന് ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ സ്ഥിരീകരിച്ചു. ബോഡി-ഓണ്‍-ഫ്രെയിം ഷാസിയെ അടിസ്ഥാനമാക്കി എത്തുന്ന ഈ പ്രീമിയം മൂന്ന്-വരി എസ്യുവിനായുള്ള ബുക്കിംഗുകള്‍ ആരംഭിച്ചു. 41,000 രൂപ ടോക്കണ്‍ തുകയ്ക്ക്, ഡെലിവറികള്‍ മെയ് മാസത്തില്‍ ആരംഭിക്കും. 40 ലക്ഷം മുതല്‍ 45 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വില പ്രതീക്ഷിക്കുന്നു. മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന ആദ്യത്തെ 3,000 വാങ്ങുന്നവര്‍ക്ക് 5 വര്‍ഷത്തെ/അണ്‍ലിമിറ്റഡ് കിലോമീറ്റര്‍ വാറന്റി, അഞ്ച് വര്‍ഷത്തെ ലേബര്‍-ഫ്രീ സര്‍വീസ് കരാര്‍, അഞ്ച് വര്‍ഷത്തെ റോഡ്‌സൈഡ് അസിസ്റ്റന്‍സ് എന്നിവ ലഭിക്കും. 215 ബിഎച്ച്പിയും 478 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ശക്തമായ 2.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോ ഡീസല്‍ എഞ്ചിനാണ് എംജി മജസ്റ്ററില്‍ ഉള്ളത്. 8-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് പവര്‍ എത്തിക്കും.
◾ കൊയ്‌നര്‍ എന്ന സാങ്കല്പിക കഥാപാത്രത്തെ കേന്ദ്രമാക്കി വിവിധ കാലങ്ങളിലായി ബ്രെഹ്റ്റ് എഴുതിയ മിനിക്കഥകള്‍. ഇതില്‍ ചിരിയുണ്ട്, ചിന്തയുണ്ട്, ആഴത്തില്‍ത്തൊടുന്ന സ്വയംവിമര്‍ശനവും കുറിക്കുകൊള്ളുന്ന ആക്ഷേപഹാസ്യവുമുണ്ട്, മനുഷ്യന്റെ തലയ്ക്കുള്ളില്‍ നടക്കുന്ന എല്ലാമെല്ലാമുണ്ട്. വി.കെ.എന്നിന്റെ പയ്യനെ നെഞ്ചേറ്റിയ മലയാളിക്കുവേണ്ടി സമാഹരിച്ച ബെര്‍തോള്‍ഡ് ബ്രെഹ്റ്റിന്റെ കൊയ്‌നര്‍ കഥകള്‍. ഇരുണ്ടകാലത്തെ അതിജീവിച്ച 'ചിന്തിക്കുന്ന മനുഷ്യ'ന്റെ കഥകള്‍. 'കൊടുങ്കാറ്റുകളെ അതിജീവിക്കുന്നതിനെപ്പറ്റി'. പരിഭാഷ - വിപിന്‍ എന്‍.പി. മാതൃഭൂമി. വില 161 രൂപ.
◾ നമ്മുടെ പൊക്കത്തിനും പ്രായത്തിനും അനുസരിച്ചാണ് ശരീരഭാരം ഉണ്ടാകേണ്ടത്. ശരീരഭാരം കൂട്ടാന്‍ കഴിക്കേണ്ട പ്രധാനഭക്ഷണം ചോറ് തന്നെയാണ്. ചോറില്‍ കാര്‍ബോഹൈഡ്രേറ്റ് നല്ല അളവില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ചോറ് കഴിക്കുന്നത് ശരീര ഭാരം കൂട്ടാന്‍ സഹായിക്കും. കൂടാതെ ശരീരത്തിന് ഊര്‍ജം ലഭിക്കാനും ഇതാണ് നല്ലത്. കലോറിയും പോഷകങ്ങളും ഗ്രീന്‍ പീസില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ശരീര ഭാരം കൂടാന്‍ സഹായിക്കും. ഉരുളക്കിഴങ്ങ് പോലെയുള്ള കിഴങ്ങ് വര്‍ഗങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇത് കഴിക്കുന്നത് ശരീര ഭാരം കൂട്ടാന്‍ ഗുണം ചെയ്യും. നേന്ത്രപ്പഴം പതിവായി കഴിക്കുന്നതും ശരീര ഭാരം കൂട്ടാന്‍ സഹായിക്കും. അതിനൊപ്പം രക്തസമ്മര്‍ദത്തെ നിയന്ത്രിക്കാനും ഇത് കഴിക്കുന്നത് നല്ലതാണ്. മുട്ട, ബ്രോക്കോളി പോലെയുള്ള പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണം. ശരീര ഭാരം കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് നല്ലതാണ്. കലോറിയും പ്രോട്ടീനും കൊഴുപ്പും അടങ്ങിയ മട്ടന്‍, ബീഫ് തുടങ്ങിയവയും ശരീര ഭാരം കൂട്ടുന്നതിന് നല്ലതാണ്. എന്നാല്‍ ഇവ അമിതമായി കഴിക്കുന്നത് നല്ലതല്ല. ഇത് കൊളസ്‌ട്രോള്‍ കൂടുന്നതിന് കാരണമാകും. പാലും പാലുത്പ്പന്നങ്ങളും അതേപോലെ നല്ലതാണ്. വിറ്റാമിനുകളും ധാതുക്കളും പ്രോട്ടീനും ഇവയിലുണ്ട്. രാത്രി ഒരു ഗ്ലാസ് പാല്‍ കുടിക്കുന്നത് ശീലമാക്കുന്നതും ശരീര ഭാരം കൂടാന്‍ നല്ലതാണ്.
*ശുഭദിനം*
*കവിത കണ്ണന്‍*
ആ ചിലന്തി മണിക്കൂറുകള്‍ എടുത്തിട്ടാണ് വല നെയ്യുന്നത്. അപ്പോഴാണ് ശക്തിയായ കാററ് വന്നത്. കാറ്റില്‍ അതിന്റെ വല നശിച്ചു. കാറ്റൊഴിഞ്ഞുപോയപ്പോള്‍ ചിലന്തി വീണ്ടും കൂടുതല്‍ ബലമേറിയ വല നെയ്യാന്‍ തുടങ്ങി. കുറച്ചുകഴിഞ്ഞപ്പോള്‍ വലിയ മഴ പെയ്തു. അതില്‍ ചിലന്തിയും വലയും ഒഴുക്കില്‍ പെട്ടു. ചിലന്തി വീണ്ടും കാത്തിരുന്നു. മഴ കഴിഞ്ഞപ്പോള്‍ ചിലന്തി വീണ്ടും തന്റെ വല നെയ്യാന്‍ തുടങ്ങി. ചിലന്തിയ്ക്ക് വല അത്യന്താപേക്ഷിതമാണ്. അതിന്റെ സഹായത്തോടെയാണ് അത് ഇരപിടിക്കുന്നതും, ഇണചേരുന്നതും, വിശ്രമിക്കുന്നതും.. വല നെയ്യുന്നത് അവസാനിപ്പിച്ചാല്‍ അതിന്റെ ജീവിതവും അവസാനിക്കും.. ഒന്നും ചെയ്യാനില്ലെങ്കില്‍ പിന്നെ എന്തിനാണ് ജീവിക്കുന്നത്? മനസ്സും ശരീരവും അനുവദിക്കുന്ന സമയത്ത് പ്രവര്‍ത്തനനിരതമാവുക. ജീവിച്ചിരിക്കുമ്പോള്‍ സംഭവിക്കുന്ന ഏറ്റവും വലിയ ദുരന്തമെന്തെന്നാല്‍ ചെറുപ്പത്തില്‍ തന്നെ മൃതപ്രായരാകുക എന്നതാണ്. അധ്വാനത്തില്‍ ആനന്ദം കണ്ടെത്തുന്നവരും അലസതയില്‍ ആനന്ദം കണ്ടെത്തുന്നവരും ഉണ്ട്. ആദ്യത്തെ കൂട്ടരുടെ ജീവിതം എപ്പോഴും അര്‍ത്ഥപൂര്‍ണ്ണമായിരിക്കും. അവര്‍ സ്വന്തം മികവിനെയാണ് വിലമതിക്കുന്നത്. സാഹചര്യങ്ങള്‍ക്ക് അവരെ തളര്‍ത്താന്‍ സാധിക്കില്ല. എന്നാല്‍ രണ്ടാം വിഭാഗത്തിലുളളവര്‍ സ്വന്തം സാധ്യതകള്‍ തിരിച്ചറിയാതെ അങ്ങിനെ അവസാനിക്കും.. ശ്വാസം അവസാനിക്കുമ്പോഴല്ല ഒരാള്‍ വിടവാങ്ങുന്നത്. പ്രവര്‍ത്തിചെയ്യുന്നതില്‍ നിന്നും സ്വയം പിന്‍വാങ്ങുമ്പോഴാണ്.. ഓരോ വ്യക്തിയും സ്വന്തം കാലില്‍ നില്‍ക്കുകയും മറ്റുളളവരെ ആശ്രയിക്കുന്നത് പരമാവധി കുറയ്ക്കുകയും ചെയ്യുമ്പോഴാണ് ആ ജീവിതം അത്ഭുതമായി മാറുന്നത്.. അധ്വാനമാകട്ടെ ആനന്ദം - ശുഭദിനം.
*⬛വിധിയെഴുതാൻ പൊതുജനം; വൈകുന്നേരം ആറുവ
രെ വോട്ട് ചെയ്യാം*
തിരുവനന്തപുരം: സംസ്ഥാനം ആരു ഭരിക്കണമെന്ന് കേരളത്തിലെ 2.71 കോടി ജനം ഇന്നു വിധിയെഴുതും. ഇന്നു രാവിലെ ഏഴു മുതൽ വൈകുന്നേരം ആറുവരെ സംസ്ഥാനത്തെ 30,495 ബൂത്തുകളിലായാണ് ജനങ്ങളുടെ വിധിയെഴുത്ത്.
കഴിഞ്ഞ 10 വർഷത്തെ ഭരണനേട്ടങ്ങൾ എൽഡിഎഫ് ഉയർത്തിക്കാട്ടുന്നതും, രണ്ടു പിണറായി വിജയൻ സർക്കാരുകളുടെ അഴിമതിയും ധൂർത്തും ജനവിരുദ്ധ സമീപനങ്ങളും ഭരണ വിരുദ്ധ തരംഗമായി അലയടിക്കുമെന്ന യുഡിഎഫ് പ്രതീക്ഷയുമാണ് ഇന്നത്തെ ജനങ്ങളുടെ വിധിയെഴുത്തിലെ മുഖ്യഘടകം. സംസ്ഥാനത്തു വീണ്ടും അക്കൗണ്ട് തുറക്കാനുള്ള കടുത്ത പോരാട്ടമാണ് ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണിയുടേത്.
ചുട്ടുപൊള്ളുന്ന കാലാവസ്ഥയിലും കൂടുതൽ വോട്ടർമാരെ ബൂത്തുകളിൽ എത്തിച്ച് വോട്ടിംഗ് 85 ശതമാനത്തിനു മുകളിൽ എത്തിക്കാനുള്ള ശ്രമങ്ങൾ തെരഞ്ഞെടുപ്പു കമ്മീഷന്റെ നേതൃത്വത്തിൽ ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരം, കൊച്ചി നഗരങ്ങളിൽ ഊബറുമായി ചേർന്ന് പോളിംഗ് ബൂത്തിലേക്ക് സൗജന്യയാത്ര ഒരുക്കിയിട്ടുണ്ട്. ബൂത്തുകളിൽ കുടിവെള്ളവും വിശ്രമിക്കാൻ ഇരിപ്പിടങ്ങളും അടക്കം ക്രമീകരിക്കും.
1200 വോട്ടർമാരിൽ കൂടുതൽ വരുന്ന 24 ഇടങ്ങളിൽ ആക്സിലറി ബൂത്തുകളും ക്രമീകരിച്ചു. ഉത്സവാന്തരീക്ഷത്തിൽ വോട്ടെടുപ്പു നടത്താൻ പോളിംഗ് ബൂത്തുകൾ അലങ്കരിച്ചു. സംസ്ഥാനത്താകെ 2040 പ്രശ്ന ബാധിത ബൂത്തുകളാണ് കണ്ടെത്തിയിട്ടുള്ളത്. ഇവിടെ കേന്ദ്രസേനയുടേത് അടക്കം കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിക്കഴിഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിലായി ഇവിടം കേന്ദ്രസേനയുടെ നിയന്ത്രണത്തിലായി. 100 ശതമാനം സിസിടിവി നിരീക്ഷണവും പ്രശ്നബാധിത ബൂത്തുകളിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ബൂത്ത് പിടിത്തവും കള്ളവോട്ടും അടക്കം തടയാനുള്ള കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി 883 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 160 കന്പനി കേന്ദ്രസേനാംഗങ്ങൾ അടക്കം 76,000 പോലീസ് ഉദ്യോഗസ്ഥരെ വോട്ടെടുപ്പിലെ ക്രമസമാധാനം ഉറപ്പാക്കാനായി ബൂത്തുകളുടെ ചുമതലയിൽ എത്തി. 3200 വോളിയന്റിയർമാരെയും വിന്യസിച്ചു. കൂടാതെ ഫ്ളൈയിംഗ് സ്ക്വാഡുകളുമുണ്ട്.
മൊത്തം വോട്ടർമാർ 2,71,42,952
പുരുഷന്മാർ - 1,32,20,811
വനിതകൾ - 1,39,21,868
ഭിന്നലിംഗക്കാർ - 273
പ്രവാസിവോട്ടർമാർ 2,42,093
പുരുഷന്മാർ - 2,04,218
വനിതകൾ - 37,867
ഭിന്നലിംഗക്കാർ - 8
സർവീസ് വോട്ടർമാർ 53,984
പുരുഷന്മാർ - 51,330
വനിതകൾ - 2,654
ഭിന്നലിംഗക്കാർ - 0
വോട്ട് ചെയ്യാൻ 12 തിരിച്ചറിയൽ രേഖകൾ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ തെരഞ്ഞെടുപ്പ് ഐഡി കാർഡ് (എപിക്) ഇല്ലാത്തവർക്ക് താഴെ കാണുന്ന 11 അംഗീകൃത തിരിച്ചറിയൽ രേഖകകളിൽ ഏതെങ്കിലും ഉപയോഗിക്കാം.
ആധാർ കാർഡ്
പാസ്പോർട്ട്
ഡ്രൈവിംഗ് ലൈസൻസ്
കേന്ദ്ര-സംസ്ഥാന ജീവനക്കാർക്കും പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് നൽകുന്ന ഫോട്ടോ പതിച്ച ഐഡി കാർഡ്
ബാങ്ക്, പോസ്റ്റ് ഓഫീസ് നൽകുന്ന ഫോട്ടോ പതിച്ച പാസ്ബുക്ക്
പാൻ കാർഡ്
ദേശീയ ജനസംഖ്യാ രജിസ്റ്ററിനു കീഴിൽ രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ നൽകുന്ന സ്മാർട്ട് കാർഡ്
ദേശീയ തൊഴിലുറപ്പ് പദ്ധതി തൊഴിൽ കാർഡ്
തൊഴിൽ മന്ത്രാലയത്തിന്റെ ആരോഗ്യ ഇൻഷ്വറൻസ് സ്മാർട്ട് കാർഡ്
ഫോട്ടോ സഹിതമുള്ള പെൻഷൻ രേഖ
പാർലമെന്റ്, നിയമസഭാ അംഗങ്ങൾ ലെജിസ്ലേറ്റീവ് കൗണ്‍സിൽ അംഗങ്ങൾ എന്നിവർക്ക് നൽകുന്ന ഔദ്യോഗിക തിരിച്ചറിയൽ കാർഡ്.
*⬛ഹോർമുസിന്റെ നിയന്ത്രണം തുടരും; പത്തിന നിർദേശവുമായി ഇറാൻ*
തെഹ്‌റാൻ: യുഎസുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനായി 10 നിർദ്ദേശങ്ങളടങ്ങിയ സമാധാന പദ്ധതി ഇറാൻ മുന്നോട്ടുവെച്ചു. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാന് തന്നെ, ഇറാൻ സൈന്യത്തിന്റെ ഏകോപനത്തോടെയാവണം ഇവിടെ ഗതാഗതം അനുവദിക്കുന്നത്. യുറേനിയം സമ്പുഷ്ടീകരണത്തിന് അനുമതി, ഇറാനെതിരെയുള്ള എല്ലാ ഉപരോധങ്ങളും പിൻവലിക്കുക തുടങ്ങിയ സുപ്രധാന വ്യവസ്ഥകളാണ് മുന്നോട്ടുവച്ചിട്ടുള്ളത്.
ഇരുപക്ഷവും ആക്രമണങ്ങൾ അവസാനിപ്പിക്കണം, ലെബനനിലെ ഹിസ്ബുള്ളയുമായുള്ള യുദ്ധമടക്കം എല്ലാ മേഖലകളിലും വെടിനിർത്തൽ, മേഖലയിൽ നിന്നും യുഎസ് സൈന്യത്തെ പൂർണമായി പിൻവലിക്കണം, യുഎന്നും അന്താരാഷ്ട്ര ആണവോർജ ഏജൻസിയും ഇറാനെതിരെ പാസാക്കിയ മുഴുവൻ പ്രമേയങ്ങളും റദ്ദാക്കുക, ഹോർമുസ് കടലിടുക്കിൽ ഇറാന്റെ മേധാവിത്വം ഉറപ്പാക്കുന്ന സുരക്ഷാ പ്രോട്ടോക്കോൾ നിലവിൽ വരുത്തുക, യുദ്ധനഷ്ടത്തിന് കൃത്യമായ നഷ്ടപരിഹാരം നൽകുക, വിദേശരാജ്യങ്ങളിൽ മരവിപ്പിക്കപ്പെട്ട ഇറാന്റെ ആസ്തികൾ വിട്ടുനൽകുക– തുടങ്ങിയവയാണ് നിർദേശങ്ങൾ. ഈ വ്യവസ്ഥകൾ യുഎൻ രക്ഷാ കൗൺസിൽ അംഗീകരിച്ച് അന്താരാഷ്ട്ര നിയമത്തിന്റെ ഭാഗമാക്കണമെന്നും ഇറാൻ ആവശ്യ
പ്പെട്ടു.
*ആഘോഷിച്ച് ഇറാൻ ജനത*
തെഹ്‌റാൻ: ഇറാന്റെ തലസ്ഥാനമായ തെഹ്‌റാനിൽ വൻ ആഘോഷപ്രകടനങ്ങൾ. ഇൻക്വിലാബ് സ്‌ക്വയറിൽ ആയിരക്കണക്കിന് ആളുകൾ ഇറാൻ പതാകകളും പരമോന്നത നേതാവ് മൊജ്തബ ഖമേനയിയുടെ ചിത്രങ്ങളുമായി തെരുവിലിറങ്ങി. കരാർ തങ്ങളുടെ രാഷ്ട്രീയ വിജയമായാണ് ഇറാൻ ഔദ്യോഗികമായി വിശേഷിപ്പിക്കുന്നത്. ഇറാൻ മുന്നോട്ടുവെച്ച നിബന്ധനകൾ അമേരിക്ക അംഗീകരിച്ചതായും ഇറാൻ ഭരണകൂടത്തെതകർക്കാൻ ലക്ഷ്യമിട്ട് യുഎസും ഇസ്രയേലും ചേർന്ന് നടത്തിയ നീക്കങ്ങൾ പരാജയപ്പെട്ടതായും ഇറാൻ കൂട്ടിച്ചേർത്തു.
"ഇറാഖിന്റെ തലസ്ഥാനമായ ബാഗ്‌ദാദിലും ആഘോഷങ്ങൾ നടന്നു. ജമ്മു കശ്മീർ താഴ്‌വരയിലെ വിവിധ ഭാഗങ്ങളിലും ജനം ആഹ്ലാദം പങ്കുവച്ചു. ശ്രീനഗറിലെ സൈദാകടൽ, സാദിബാൽ എന്നിവിടങ്ങളിലും ബുദ്ഗാം, ബാരാമുള്ള, പുൽവാമ തുടങ്ങിയ ജില്ലകളിലും ആഘോഷമുണ്ടായി.
*പാകിസ്ഥാന്
നന്ദിയെന്ന് ഇറാൻ*
യുഎസുമായുള്ള സമാധാന ചർച്ചകൾക്ക് കളമൊരുക്കിയ പാകിസ്ഥാന്റെ മധ്യസ്ഥ ശ്രമങ്ങൾക്ക് നന്ദി അറിയിച്ച് ഇറാൻ. വിദേശ മന്ത്രി അബ്ബാസ് അരാഗ്‌ചി പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനും സൈനിക മേധാവി അസിം മുനീറിനും അയച്ച കത്തിലാണ് നന്ദി രേഖപ്പെടുത്തിയത്. മേഖലയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായി പാകിസ്ഥാൻ നടത്തിയ അശ്രാന്ത പരിശ്രമങ്ങളെ പ്രശംസിക്കുന്നതായും അദ്ദേഹം കത്തിൽ വ്യക്തമാക്കി. അതേസമയം, കൂടുതൽ നയതന്ത്ര ചർച്ചകൾക്കായി ഇറാനെയും യുഎസിനേയും പാക് പ്രധാനമന്ത്രി ഇസ്ലാമാബാദിലേക്ക് ക്ഷണിച്ചു."
*⬛"സ്വാഗതം ചെയ്‌ത് ലോകരാജ്യങ്ങൾ*
ബീജിങ്: യുഎസ്– ഇസ്രയേൽ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധത്തിൽ രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ സ്വാഗതംചെയ്‌ത് ലോകരാജ്യങ്ങൾ. ഇന്ത്യ, ചൈന, റഷ്യ, ജർമ്മനി, ഫ്രാൻസ്, സ്പെയിൻ, ജപ്പാൻ, ഇന്തോനേഷ്യ, മലേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ്, ഉക്രയ്ൻ, ഇറ്റലി, കാനഡ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളും യുഎന്നും യൂറോപ്യൻ യൂണിയനും സ്വാഗതം ചെയ്തു.
വെടിനിർത്തൽ യാഥാർഥ്യമാക്കുന്നതിൽ മധ്യസ്ഥത വഹിച്ച പാകിസ്ഥാന്റെ പങ്കിനെ ലോകനേതാക്കൾ അഭിനന്ദിച്ചു. യുദ്ധം അവസാനിപ്പിക്കാനായി ചൈനീസ് വിദേശ മന്ത്രി വാങ് യി വിവിധ രാജ്യങ്ങളുമായി 26 തവണ ചർച്ചകൾ നടത്തിയെന്ന് വിദേശ മന്ത്രാലയ വക്താവ് മാവോ നിങ് ബീജിങ്ങിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇറാനെതിരെയുള്ള ഏകപക്ഷീയ ആക്രമണങ്ങളുടെ പരാജയമാണിതെന്ന് റഷ്യൻ വിദേശ മന്ത്രാലയ വക്താവ് മരിയ സഖറോവ പ്രതികരിച്ചു.
സമാധാനത്തിനായി അവസരം എല്ലാവരും ഉപയോഗപ്പെടുത്തണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. ആശ്വാസം പകരുന്നതാണ് തീരുമാനമെന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌നും യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയും പറഞ്ഞു.
വെടിനിർത്തൽ ലെബനനിലേക്കും വ്യാപിപ്പിക്കണമെന്ന് ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആവശ്യപ്പെട്ടു. വെടിനിർത്തലിനെ സ്വാഗതം ചെയ്യുമ്പോഴും യുദ്ധം വരുത്തിവെച്ച വിനാശങ്ങളെ വിസ്മരിക്കരുതെന്ന് സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ഓർമ്മിപ്പിച്ചു.
*എണ്ണവില കുത്തനെ കുറഞ്ഞു*
വാഷിങ്‌ടൺ: യുഎസ്– ഇറാൻ വെടിനിർത്തൽ പ്രഖ്യാപനത്തെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ വൻ കുറവുണ്ടായി. യുഎസ് ക്രൂഡ് ഓയിൽ ബാരലിന് 16.47 ഡോളർകുറഞ്ഞ് 96.48 ഡോളറിലെത്തി.
"ബ്രെന്റ് ക്രൂഡ് ബാരലിന് 13.79 ഡോളർ കുറഞ്ഞ് 95.48 ഡോളറായി താഴ്‌ന്നു. പ്രകൃതിവാതക വിലയിലും അഞ്ച് ശതമാനം കുറവുണ്ടായി. ഡോളറിന്റെ മൂല്യത്തിലും നേരിയ ഇടിവുണ്ടായി. എന്നാൽ വെടിനിർത്തൽ കാലാവധി രണ്ടാഴ്ച മാത്രമായതിനാൽ വിപണി അതീവ ജാഗ്രതയോടെയാണ് നീങ്ങുന്നത്.
ആഗോള വിപണിയിൽ
ഉണർവ്
ബുധനാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ ആഗോള ഓഹരി വിപണികളിൽ വലിയ മുന്നേറ്റമുണ്ടായി. ഫ്രഞ്ച് വിപണിയായ സിഎസി നാല് ശതമാനവും ജർമ്മനിയുടെ ഡാക്സ് 4.7 ശതമാനവും ഉയർന്നു. ബ്രിട്ടീഷ് വിപണിയിൽ 2.3 ശതമാനത്തിന്റെ വർധന. യുഎസ് വിപണിയിലും ഉണർവുണ്ടായി. ഏഷ്യൻ വിപണികളിൽ ജപ്പാന്റെ നിക്കി 5.4 ശതമാനവും ദക്ഷിണ കൊറിയയുടെ കോസ്‌പി 6.9 ശതമാനവും നേട്ടമുണ്ടാക്കി. ഓസ്‌ട്രേലിയ, ഹോങ്കോങ്, ഷാങ്ഹായ് വിപണികളും മികച്ച മുന്നേറ്റമുണ്ടായി."
*🟨"ആർട്ടമിസ് –2 ദൗത്യ
സംഘം 11ന് എത്തും*
ഫ്ളോറിഡ: പത്ത് ദിവസം നീണ്ട ചാന്ദ്രയാത്രക്ക് ശേഷം ആർട്ടമിസ് –2 ദൗത്യസംഘം ശനിയാഴ്‌ച ഭൂമിയിൽ തിരിച്ചെത്തും. കാലാവസ്ഥ അനുകൂലമെങ്കിൽ പുലർച്ചെ സാന്റിയാഗോക്ക് സമീപമുള്ള പസഫിക്ക് സമുദ്രത്തിൽ പുലർച്ചെ 5.37ന് നാല് പേരുമായുള്ള ഒറിയോൺ പേടകം പതിക്കും.
ഭൗമാന്തരീക്ഷത്തിലേക്ക് അതിവേഗത്തിൽ പ്രവേശിക്കുന്ന പേടകത്തെ അതിലുള്ള 11 പാരച്യൂട്ടുകൾ പ്രവർത്തിപ്പിച്ചാകും നിയന്ത്രിക്കുക. പേടകം വീണ്ടെടുക്കുന്നതിന് കപ്പലും മറ്റും പ്രദേശത്ത് എത്തിയിട്ടുണ്ട്. പേടകത്തിൽ നിന്ന് സഞ്ചാരികളെ ഉടൻ തന്നെ കെന്നഡി സ്‌പേയ്‌സ് സെന്ററിലെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. ഒരാഴ്‌ച ഇവർ നിരീക്ഷണത്തിലാകും.
പേടകം ചൊവ്വാഴ്‌ച രാത്രി ചാന്ദ്ര ആകർഷണവലയത്തിൽനിന്ന് വേർപെട്ടു. ഭൂമിയിൽ നിന്ന് മൂന്ന് ലക്ഷം കിലോമീറ്റർ അകലയാണ് നിലവിൽ പേടകം. മിഷൻ കമാൻഡർ റീഡ് വൈസ്‍മാൻ, മിഷൻ പൈലറ്റ് വിക്ടർ ഗ്ലോവർ, മിഷൻ സ്‍പെഷലിസ്റ്റുകളായ ക്രിസ്റ്റീന കോക്ക്, ജെർമി ഹാൻസൻ എന്നിവർ ബുധനാഴ്‌ച അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ നാലുപേരുമായി തങ്ങളുടെ അനുഭവം പങ്കിട്ടു. രണ്ട് പേടകങ്ങളിൽ സഞ്ചരിക്കുന്നവർ ഇത്തരത്തിൽ ബഹിരാകാശത്ത് വച്ച് ആശയവിനിമയം നടത്തുന്നത് ആദ്യമാണ്.
ചന്ദ്രന്റെ മറുപുറത്തുനിന്നടക്കമുള്ള ആയിരക്കണക്കിന് ചിത്രങ്ങൾ സംഘം ഭൂമിയിലേക്ക് അയച്ചിട്ടുണ്ട്. ഗർത്തങ്ങൾ, ലാവാ പ്രവാഹങ്ങൾ, വിള്ളലുകൾ, ഗുഹകൾ തുടങ്ങിയവ ഇക്കൂട്ടത്തിൽപെടും. ഒരോ മേഖലകളുടേയും ഘടനാ വ്യത്യാസം, നിറം തുടങ്ങി ചന്ദ്രന്റെ പരിണാമത്തെ പറ്റിപഠിക്കാനുള്ള നിർണായക വിവരങ്ങളും ലഭിച്ചിട്ടുണ്ട്. ഭാവിൽ മനുഷ്യനെ ഇറക്കാൻ ഉദ്ദേശിക്കുന്ന ദക്ഷിണ ധ്രുവ ഭാഗങ്ങളെയും നിരീക്ഷിച്ചു. ഏപ്രിൽ ഒന്നിനാണ് സംഘം ചന്ദ്രനെ ലക്ഷ്യമാക്കി യാത്ര തുടങ്ങിയത്.
*🟨"പത്തിന പരിപാടിയിൽ ശബരി റെയിൽപ്പാത*
തിരുവനന്തപുരം: എൽഡിഎഫ് മൂന്നാംവട്ടം അധികാരത്തിലെത്തിയാൽ ആദ്യ പത്തിനപരിപാടിയിൽ അങ്കമാലി–എരുമേലി ശബരിപാതയും. നിർമാണത്തിനുള്ള പകുതി തുകയിൽ 1900 കോടി കിഫ്‌ബി വഴി അനുവദിച്ചു.
ഭൂമി ഏറ്റെടുക്കൽ നടപടികൾക്കായി റവന്യു ഓഫീസുകളും തയ്യാറായി. തെരഞ്ഞെടുപ്പിന് പിന്നാലെ മറ്റ് നടപടികൾ ആരംഭിക്കും. ഇരട്ടപ്പാതയ്‌ക്കുള്ള ഭൂമിയാണ് ഏറ്റെടുക്കുന്നത്. ബ്രോഡ് ഗേജായി പാളം നിർമിക്കുന്നതിനായി റെയിൽവേ 505 കോടിയും നീക്കിവച്ചു. ഇതോടെ സംസ്ഥാന സർക്കാരിന്റെ ഇച്ഛാശക്തിയിൽ പദ്ധതിക്ക് പുതുജീവൻ ലഭിച്ചിരിക്കുകയാണ്.
70 കിലോമീറ്റർ കല്ലിട്ട് വച്ചിരിക്കുന്ന ഭൂമിയുടെ ഉടമസ്ഥർക്ക് വേഗത്തിൽ തുക ലഭ്യമാക്കാനുള്ള ശ്രമങ്ങൾക്കും വോട്ടെടുപ്പിനുശേഷമുള്ള ദിവസങ്ങളിൽ തുടക്കമാകും. ഇടുക്കിയെ റെയിൽവേ ഭൂപടത്തിലേക്ക് കൊണ്ടുവരുന്ന പദ്ധതിയെന്ന സവിശേഷതയും ഇതിനുണ്ട്.
കൂടാതെ എരുമേലിയിൽനിന്ന് പത്തനംതിട്ട വഴി പുനലൂരിലേക്കും അവിടെനിന്ന് തിരുവനന്തപുരം ജില്ലയിലെ കിഴക്കൻമേഖലയായ നെടുമങ്ങാട് വഴി തിരുവനന്തപുരം സെൻട്രൽ–കന്യാകുമാരി പാതയുമായി ബന്ധിപ്പിക്കുന്ന സാധ്യതാ പഠനത്തിനായി സംസ്ഥാന ബജറ്റിൽ തുകയും വകയിരുത്തിയിട്ടുണ്ട്. നേമത്തുവച്ചാണ് കന്യാകുമാരി പാതയിൽ ചേർക്കാൻ പ്രാഥമികാലോചന നടന്നത്. കൊല്ലം–ചെങ്കോട്ട പാതയുടെ വികസനത്തിനും പദ്ധതി ഗുണകരമാകും.
*വിവേചനം തുടരുന്നു*
1997–98 ൽ റെയിൽവേ ബജറ്റിൽ അനുവദിച്ച ശബരി പദ്ധതിയുടെ പൂർത്തീകരണം സംസ്ഥാനത്തിന്റെ സ്വപ്‌നപദ്ധതിയാണ്. കേന്ദ്രസർക്കാർ നിർമാണത്തിന്റെ പകുതി തുകയാണ് കേരളത്തിനോട് ആവശ്യപ്പെട്ടത്. അതംഗീകരിച്ചാണ് പദ്ധതിയുമായി എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്.
ഇത്രയും ബാധ്യത മറ്റൊരു സംസ്ഥാനത്തിനുംകേന്ദ്രം അടിച്ചേൽപ്പിച്ചിട്ടില്ല. മറ്റ് സംസ്ഥാനങ്ങളിൽ തീർഥാടനകേന്ദ്രങ്ങളിലേക്ക് നിർമിക്കുന്നറെയിൽപ്പാതയുടെ മുഴുവൻ നിർമാണ ചെലവും കേന്ദ്രസർക്കാരാണ് വഹിക്കുന്നത്.
*🟨എഫ്‌സിആർഎ ഭേദഗതി; ആശങ്ക അറിയിച്ച്
സിബിസിഐ സംഘം*
ന്യൂഡൽഹി: ന്യൂനപക്ഷ അവകാശങ്ങൾ ഹനിക്കുന്ന എഫ്‌സിആർഎ ഭേദഗതി ബില്ലിലെ വ്യവസ്ഥകൾ വലിയ പ്രത്യാഘാതങ്ങൾ സൃഷ്‍ടിക്കുമെന്ന് ആവർത്തിച്ച് സിബിസിഐ. പ്രസിഡന്റ് കർദിനാൾ ആന്റണി പൂല, സെക്രട്ടറി ജനറൽ അനിൽ ജോസഫ് തോമസ് കൂട്ടോ തുടങ്ങിയവർ ഉൾപ്പെടുന്ന സംഘം ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവിനെ സന്ദർശിച്ച് ആശങ്കകൾ പങ്കുവച്ചു. മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മയും ഉപമുഖ്യമന്ത്രി പ്രസ്‌റ്റോൺ ടൈൻസോങ്ങും ഒപ്പമുണ്ടായിരുന്നു.
ന്യൂനപക്ഷങ്ങളുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങൾ രാജ്യത്ത് ജീവകാരുണ്യവും പ്രാദേശികവികസവും ലക്ഷ്യമിട്ട് നടത്തുന്ന സേവനങ്ങൾ പ്രതിനിധി സംഘം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. വിദേശസഹായത്തോടെ പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങൾ വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യസേവനം തുടങ്ങി വിവിധ മേഖലകളിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.
ആദിവാസി മേഖലകളിൽ ഉൾപ്പെടെ ഇതിന്റെ ഗുണഫലങ്ങൾ പ്രതിഫലിച്ചിട്ടുണ്ട്. ഭേദഗതി ബിൽ ന്യൂനപക്ഷങ്ങൾക്കിടയിൽ വലിയ പരിഭ്രാന്തിയും ആശങ്കയും സൃഷ്ടിച്ചിട്ടുണ്ട്
– സംഘം ചൂണ്ടിക്കാട്ടി."
*🟨"ഡാറ്റ വേണ്ടവർക്ക് മാത്രം പണം; കോളിംഗിനും എസ്എംഎസിനും പ്രത്യേക പ്ലാനുകൾ , നിർദ്ദേശവുമായി ട്രായ്*
മുംബൈ: ഇന്റർനെറ്റ് ഉപയോഗിക്കാത്ത സാധാരണക്കാരായ മൊബൈൽ വരിക്കാർക്ക് ആശ്വാസകരമായ വാർത്തയുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI). ഡാറ്റ ആവശ്യമില്ലാത്തവർക്കായി കോളിംഗും എസ്.എം.എസും മാത്രം ഉൾപ്പെടുന്ന പ്രത്യേക പ്ലാനുകൾ അവതരിപ്പിക്കാൻ ടെലികോം കമ്പനികൾക്ക് ട്രായ് നിർദ്ദേശം നൽകി.
നിലവിൽ ടെലികോം കമ്പനികൾ നൽകുന്ന ഭൂരിഭാഗം പ്ലാനുകളിലും ഡാറ്റ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്റർനെറ്റ് ഉപയോഗിക്കാത്തവർ പോലും ഇതിനായി ഉയർന്ന തുക നൽകേണ്ടി വരുന്നു എന്ന പരാതി പരിഹരിക്കാനാണ് ട്രായ്‌യുടെ ഇടപെടൽ.
ഓരോ കമ്പനിയും വോയ്‌സ് കോളിംഗിനും എസ്.എം.എസിനും മാത്രമായി ചുരുങ്ങിയത് ഒരു പ്ലാനെങ്കിലും ലഭ്യമാക്കണം. ഡാറ്റ ഒഴിവാക്കുമ്പോൾ പ്ലാനിന്റെ നിരക്കിൽ ആനുപാതികമായ കുറവ് വരുത്തണമെന്ന് ട്രായ് കർശനമായി നിർദ്ദേശിക്കുന്നു. 2026-ലെ ടെലികോം ഉപഭോക്തൃ സംരക്ഷണ ഭേദഗതിയുടെ ഭാഗമായാണ് ഈ പുതിയ തീരുമാനം.
ഇന്ത്യയിൽ ഇന്നും ഏകദേശം 15 കോടിയോളം ആളുകൾ 2G കണക്ഷനുകളാണ് ഉപയോഗിക്കുന്നത്. ഇവരിൽ ഭൂരിഭാഗം പേരും ഇന്റർനെറ്റ് സൗകര്യമില്ലാത്ത ഫീച്ചർ ഫോണുകളാണ് ഉപയോഗിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഇവർക്ക് അനാവശ്യമായ ഡാറ്റാ നിരക്കുകൾ കൂടി നൽകേണ്ടി വരുന്നുണ്ട്. പുതിയ നിയമം വരുന്നതോടെ ഇവർക്ക് കുറഞ്ഞ നിരക്കിൽ ഫോൺ വിളിക്കാനും സന്ദേശങ്ങൾ അയക്കാനും സാധിക്കും.
പുതിയ നിർദ്ദേശത്തിന്മേൽ പൊതുജനങ്ങൾക്ക് തങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കാൻ അവസരമുണ്ട്. ഏപ്രിൽ 28-നകം നിർദ്ദേശങ്ങൾ സമർപ്പിക്കാനാണ് ട്രായ് ആവശ്യപ്പെട്ടിരിക്കുന്നത്. ടെലികോം വിപണിയിൽ കൂടുതൽ സുതാര്യത കൊണ്ടുവരാനും, സാധാരണക്കാരായ ഉപഭോക്താക്കളുടെ സാമ്പത്തിക ലാഭം ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ളതാണ് ട്രായ്‌യുടെ ഈ സുപ്രധാന നീക്കം.
*🟨🌏ശോഭ പറഞ്ഞത് കള്ളം; പണം കൊടുത്ത സ്ത്രീക്കൊപ്പമുള്ള ദൃശ്യങ്ങൾ പുറത്ത്*
*സിമി സജീവിന്‍റെ ഫേസ്ബുക്കിൽ ശോഭക്കൊപ്പമുള്ള ചിത്രങ്ങൾ*
പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കായി വോട്ട് നേടാനും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുമായി പണം വിതരണം ചെയ്ത സ്ത്രീയെ അറിയില്ലെന്ന ശോഭ സുരേന്ദ്രന്‍റെ വാദം പൊളിയുന്നു. ഇന്ന് രാവിലെയാണ് പാലക്കാട്ടെ വോട്ടര്‍മാര്‍ക്ക് ബിജെപി സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്റെ സാന്നിധ്യത്തില്‍ പണം വിതരണം ചെയ്തത്. പാലക്കാട് മണ്ഡലത്തിലെ കണ്ണാടി മേഖലയില്‍ പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വലിയ വിവാദമായിരുന്നു. എന്നാൽ പണം വിതരണം ചെയ്തയാളെ തനിക്ക് അറിയില്ലെന്നും ബി.ജെ.പിയുമായി ബന്ധമില്ലെന്നുമായിരുന്നു ശോഭ പറഞ്ഞത്. എന്നാൽ വയോധികക്ക് പണം നൽകിയ സ്ത്രീ ശോഭ സുരേന്ദ്രനൊപ്പം നിൽക്കുന്ന ഫോട്ടോകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ചിത്രങ്ങൾ കോൺഗ്രസാണ് പുറത്തുവിട്ടത്. ഇതോടെ ശോഭ വീണ്ടും വെട്ടിലായി.
*🟨ലക്ഷ്യം 85 ശതമാനം പോളിംഗ്; വിപുലമായ ക്രമീകരണങ്ങൾ നടത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ*
2026-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ ചരിത്രത്തിലെ ഏറ്റവും വലിയ പോളിംഗ് ശതമാനം ഉറപ്പാക്കാന്‍ വിപുലമായ ക്രമീകരണങ്ങൾ നടത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ. 85 ശതമാനത്തിലധികം പോളിംഗ് ലക്ഷ്യമിട്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിപുലമായ ക്രമീകരണങ്ങള്‍ നടത്തുന്നത്. 2021-ലെ തെരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം 74.06 ആയിരുന്നു. 1987-ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയ 80.5 ശതമാനം എന്ന ചരിത്രപരമായ വോട്ടിംഗ് റെക്കോർഡ് മറികടക്കുക എന്നതാണ് ഇത്തവണ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രാഥമിക ലക്ഷ്യം. വോട്ടിംഗ് ശതമാനം ഉയർത്താൻ ബൂത്തുകൾ അലങ്കരിക്കൽ, പ്രത്യേക ബോധവൽക്കരണം, ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും സൗകര്യങ്ങൾ തുടങ്ങിയ ഒരുക്കങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്നത്.
മികച്ച വോട്ടിങ് അനുഭവം നൽകുന്നതിനായി പരിസ്ഥിതി സൗഹൃദവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ രീതിയിൽ മാതൃക പോളിംഗ് ബൂത്തുകളാണ് ഒരുക്കിയിരിക്കുന്നത്. പരമാവധി വോട്ടർമാരെ ആകർഷിക്കാണ് ഇലക്ഷൻ കമ്മീഷന്‍റെ തീരുമാനം. വായു-ശബ്ദ മലിനീകരണമില്ലാത്ത ശുചിത്വമുള്ള ബൂത്തുകളാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്. വോട്ടർമാർക്ക് കൂടുതൽ ബുദ്ധിമുട്ടില്ലതെ വോട്ട് ചെയ്ത് തിരിച്ച് പോകുന്നതിനായി പോളിംഗ് ബൂത്തുകളിൽ വോട്ടർ സൗഹൃദ അന്തരീക്ഷവും ഒരുക്കിയിട്ടുണ്ട്.
ഇതിന്റെ ഭാഗമായി വീൽചെയർ സൗകര്യം, ലഘുഭക്ഷണ സൗകര്യങ്ങൾ എന്നിവയും ഉണ്ടാകും. പോളിംഗ് സ്റ്റേഷനുകളിൽ 100 ശതമാനം വെബ് കാസ്റ്റിംഗ് നടത്തും. വോട്ടർമാർക്ക് വിശ്രമിക്കാൻ പന്തൽ, കുടിവെള്ളം, ഫാൻ, ക്യൂ ഒഴിവാക്കാൻ സംവിധാനം, വൃദ്ധർക്ക് ഇരിക്കാൻ കസേര എന്നിവയുമൊരുക്കും. മൊബൈൽ ഫോൺ സൂക്ഷിക്കാൻ പ്രത്യേക സ്ഥലവും സജ്ജമാണ്. കാഴ്ച പരിമിതിയുള്ളവർക്കായി ബ്രെയിൽ ലിപി സൗകര്യമുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ, സഹായത്തിനായി പ്രത്യേക വോളന്റിയർമാർ, ആവശ്യമായ ഇടങ്ങളിൽ ആംഗ്യഭാഷാ സഹായം എന്നിവയും ലഭ്യമാക്കും.
*🟨സർക്കാർ ജീവനക്കാർക്ക് സന്തോഷം, ദേ വരുന്നു ശമ്പള വർധനവ്! പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷൻ പ്രവർത്തനം തുടങ്ങി; വിവരശേഖരണത്തിനുള്ള പ്രൊഫോമ റെഡി*
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്കരണത്തിനായി രൂപീകരിച്ച പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷൻ പ്രവർത്തനം ആരംഭിച്ചു. മാർച്ച് 25 മുതൽ നിയമസഭാ സെക്രട്ടറിയേറ്റിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് ആസ്ഥാനമാക്കിയാണ് പ്രവർത്തനം ആരംഭിച്ചത്. മുൻ ചീഫ് സെക്രട്ടറി ഡോ. വി പി ജോയ് ഐ എ എസ് ചെയർമാനായ കമ്മീഷനിൽ അഡ്വക്കേറ്റ് എം രാജഗോപാലൻ നായർ, ശ്രീലത സുകുമാരൻ എന്നിവർ അംഗങ്ങളായും ശോഭ വി ആർ സെക്രട്ടറിയായും പ്രവർത്തിക്കുന്നു. കമ്മീഷൻ്റെ സുഗമമായ പ്രവർത്തനത്തിനായി ധനകാര്യ വകുപ്പിൽ നിന്നുള്ള 12 ജീവനക്കാരെയും വിവിധ ഉത്തരവുകൾ പ്രകാരം നിയമിച്ചിട്ടുണ്ട്. വിവിധ സർക്കാർ വകുപ്പുകൾ, സർവ്വീസ് സംഘടനകൾ, വ്യക്തികൾ എന്നിവരിൽ നിന്നും ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുന്നതിനായുള്ള വിശദമായ പ്രൊഫോമ കമ്മിഷൻ തയ്യാറാക്കി കഴിഞ്ഞു. കമ്മീഷൻ്റെ ഔദ്യോഗിക വെബ്സൈറ്റ് ഉടൻ ചെയ്യുന്നതോടൊപ്പം വിവരശേഖരണത്തിനുള്ള പ്രൊഫോമയും പൊതുജനങ്ങൾക്കും സംഘടനകൾക്കും ലഭ്യമാകും. നിശ്ചിത സമയപരിധിക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുന്നതിനാവശ്യമായ നടപടികളുമായി മുന്നോട്ട് പോവുകയാണെന്നും കമ്മീഷൻ അറിയിച്ചു.
Tags:
KERALA