Trending

കേരളം വിധിയെഴുതി;ഇനി 25 ദിവസം നീണ്ട കാത്തിരിപ്പ്.

തിരുവനന്തപുരം: സംസ്ഥാനം കണ്ട വാശിയേറിയ പ്രചാരണത്തിനൊടുവിൽ കേരളം വിധിയെഴുതി. കേരളം ഇനി ആര് ഭരിക്കണമെന്നറിയാൻ 25 ദിവസം നീണ്ട കാത്തിരിപ്പ്.   കനത്ത പോളിങ്ങാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ഏറ്റവും ഒടുവിലെ കണക്കുപ്രകാരം 78.27 ശതമാനാണ് പോളിങ്. കോഴിക്കോട്ടും പാലക്കാടും പോളിങ് 80 ശതമാനം കടന്നു. 

2021ല്‍ 76 ശതമാനമായിരുന്നു പോളിങ്. എസ്‌.ഐ.ആറിനു ശേഷം ഇത്തവണ ആകെ വോട്ടര്‍മാരുടെ എണ്ണത്തില്‍ 3.6 ലക്ഷത്തോളം കുറവു വന്നിട്ടും പോളിങ് ശതമാനം ഉയർന്നത് തങ്ങൾക്ക് അനുകൂലമാകുമെന്ന വിലയിരുത്തലിലാണ് മുന്നണികൾ. 

മികച്ച വിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അവകാശപ്പെടുമ്പോൾ, നൂറിലധികം സീറ്റുകൾ നേടി അധികാരത്തിൽ തിരിച്ചെത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറയുന്നു.  തൂക്ക് സഭ വരുമെന്നും എൻ.ഡി.എ നിർണായക ശക്തിയാകുമെന്നും ബി.ജെ.പി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. 

മേയ് നാലിന് രാവിലെ എട്ടിന് വോട്ടെണ്ണൽ തുടങ്ങും. തപാൽ വോട്ടുകളാണ് (മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ, ഉദ്യോഗസ്ഥർ എന്നിവരുടേത്) ആദ്യം എണ്ണുക. അവ ബാലറ്റ് പേപ്പറിൽ രേഖപ്പെടുത്തിയതിനാൽ എണ്ണിത്തീർക്കാൻ സമയമെടുക്കും.   തുടർന്നാണ് വോട്ടുയന്ത്രങ്ങളിലെ വോട്ടുകൾ എണ്ണുക. ക്രമനമ്പർ അനുസരിച്ച് ഓരോ ബൂത്തിലെയും യന്ത്രങ്ങൾ ഡീകോഡ് ചെയ്ത് ഓരോ സ്ഥാനാർഥിക്കും ലഭിച്ച വോട്ടുകൾ എത്രയെന്ന് കണക്കാക്കും. നിശ്ചയിക്കപ്പെട്ട വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് ഇത് നടക്കുക. ഓരോ ബൂത്തിലും ആർക്കാണ് ലീഡെന്ന് അറിയാം.   

ജനവിധിയെക്കുറിച്ച് സൂചന നൽകുന്ന എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവിടുന്നതിന് തെരഞ്ഞെടുപ്പ് കമീഷൻ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഏപ്രിൽ 29ന് വൈകീട്ട് ആറിന് ശേഷമേ എക്സിറ്റ് പോൾ സർവേ ഫലങ്ങൾ പുറത്തുവിടാൻ പാടുള്ളൂ എന്നാണ് നിർദേശം. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി 883 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്. മേയ് 23ന് പതിനഞ്ചാം കേരള നിയമസഭയുടെ കാലാവധി അവസാനിക്കും
Previous Post Next Post
3/TECH/col-right