2026 ഏപ്രില്‍ 10 വെള്ളി
1201 മീനം 27 പൂരാടം
◾ വോട്ടെണ്ണുന്നതിനു മുമ്പേ യുഡിഎഫില്‍ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി പദവിയെച്ചൊല്ലി ചര്‍ച്ച. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മാത്രമല്ല, രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി സ്ഥാനത്തിന് അര്‍ഹനാണെന്നു മുന്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. സുധാകരന് അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നു രമേശ് ചെന്നിത്തല.
◾ യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തിനായി മുസ്ലീം ലീഗിന് അര്‍ഹതയുണ്ടെന്നും ഇപ്പോള്‍ അവകാശ വാദം ഉന്നയിക്കുന്നില്ലെന്നും പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍. ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടുമോയെന്നു മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണു പ്രതികരണം. എന്നാല്‍ ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടില്ലെന്നും മുന്നണിയെ സമ്മര്‍ദത്തിലാക്കില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി.
◾ സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ പോളിംഗ് ശതമാനം കോഴിക്കോട് ജില്ലയിലെ കുന്നമംഗലത്ത്. 84.83 ശതമാനം പേരാണ് ഇവിടെ വോട്ടുചെയ്തത്. പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ - 84.63 %, ട്വന്റി 20-യും എന്‍ഡിഎയും തമ്മില്‍ പൊരുതുന്ന എറണാകുളത്തെ കുന്നത്തുനാട് - 84.09 %. ഏറ്റവും കുറഞ്ഞ പോളിംഗ് 69.34 ശതമാനം രേഖപ്പെടുത്തിയ കടുത്തുരുത്തിയിലാണ്. തിരുവല്ല- 69.47, കോന്നി - 70.01, പുനലൂര്‍ 70.99 എന്നിവിടങ്ങളിലാണു കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയത്.
◾ കശുവണ്ടി അഴിമതിക്കേസിലെ പ്രൊസിക്യൂഷന്‍ അനുമതി നിഷേധത്തില്‍ വ്യവസായ വകുപ്പ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടിയുമായി ഹൈക്കോടതി. പ്രൊസിക്യൂഷന്‍ അനുമതി നിഷേധിച്ച ഉത്തരവ് റദ്ദാക്കിയ കോടതി വകുപ്പ് സെക്രട്ടറി മുഹമ്മദ് ഹനീഷ് നേരിട്ട് ഹാജരാകണമെന്നും ഉത്തരവിട്ടു. ഐഎന്‍ടിയുസി നേതാവ് ആര്‍ ചന്ദ്രശേഖരനും കോര്‍പ്പറേഷന്‍ എംഡി കെഎ രതീഷുമാണ് പ്രതികള്‍. ഐഎന്‍ടിയുസി നേതാവ് കടകംപള്ളി മനോജ് നല്‍കിയ ഹര്‍ജിയിലാണ് നടപടി.
◾ സര്‍വീസിലുള്ളവര്‍ക്കും വിരമിച്ചവര്‍ക്കും വ്യത്യസ്ത ക്ഷാമബത്ത നിരക്കുകള്‍ പ്രഖ്യാപിച്ച കെഎസ്ആര്‍ടിസിയുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. വ്യത്യസ്ത ക്ഷാമബത്ത നിരക്കുകള്‍ പ്രഖ്യാപിച്ച കെ എസ് ആര്‍ ടി സി യുടെ ഉത്തരവ് നേരത്തെ കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് സംസ്ഥാന സര്‍ക്കാരും കെ എസ് ആര്‍ ടി സിയും സുപ്രീം കോടതിയെ സമീപിച്ചത്.
◾ ലൈംഗിതാകിക്രമ കേസില്‍ ജയിലില്‍ കഴിയുന്ന സംവിധായകന്‍ രഞ്ജിത്തിന് ജാമ്യം. എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
◾ നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത പോളിങ് ഉണ്ടായതിനു പിറകേ, വിജയ പ്രതീക്ഷ പങ്കുവച്ച് സ്ഥാനാര്‍ത്ഥികള്‍. 78.27 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. സര്‍വീസ് വോട്ടുകള്‍, പോസ്റ്റല്‍ വോട്ടുകള്‍, എന്നിവയുടെ കണക്കു കൂടി ചേര്‍ക്കപ്പെടുന്നതോടെ വോട്ടു ശതമാനത്തില്‍ ചെറിയ വര്‍ധന വന്നേക്കാം.
◾ പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തം ഭംഗിയായി നിര്‍വഹിച്ചെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. യുഡിഎഫിനെ വിട്ടുപോയ 95 ശതമാനം സോഷ്യല്‍ ഗ്രൂപ്പുകളും തിരിച്ചെത്തി. സിപിഎം വിമതരുമായി ഒരു വര്‍ഷം മുമ്പേ യുഡിഎഫ് ചര്‍ച്ച തുടങ്ങിയിരുന്നെന്നും അദ്ദേഹം പറഞ്ഞു
◾ കേരളത്തില്‍ മാറ്റം ഉറപ്പെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖര്‍. തെരഞ്ഞെടുപ്പില്‍ രണ്ടിടത്ത് താമര വിരിയുമെന്നു ബിജെപി നേതാക്കള്‍ അവകാശപ്പെട്ടു. നേമത്ത് രാജീവ് ചന്ദ്രശേഖറും കഴക്കൂട്ടത്ത് വി മുരളീധരനും വിജയിക്കുമെന്നാണു ബിജെപിയുടെ വിലയിരുത്തല്‍.
◾ യു ഡി എഫിന് വിജയം കിട്ടുമെന്നും എല്ലാ സ്ഥലത്തു നിന്നും കിട്ടുന്ന റിപ്പോര്‍ട്ടും സന്തോഷകരമാണെന്നും രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് ദേശീയ നേതൃത്വം കേരളത്തോട് പ്രത്യേക താല്പര്യം കാണിച്ചെന്നും ചെന്നിത്തല പറഞ്ഞു.
◾ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന കെ സുധാകരന്റെ അഭിപ്രായത്തില്‍ തെറ്റില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടിയാണെന്നും അവിടെ ആര്‍ക്കും അഭിപ്രായം പറയാമെന്നും വേണുഗോപാല്‍ പറഞ്ഞു.
◾ അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനെതിരെ പൂച്ചാക്കല്‍ പൊലീസ് കേസെടുത്തു. എല്‍ഡിഎഫ്, എന്‍ഡിഎ പ്രവര്‍ത്തകര്‍ക്കെതിരെയും കേസുണ്ട്. പോളിങ് സമയം കഴിഞ്ഞ് ബൂത്തില്‍ കയറി നിരോധനാജ്ഞ ലംഘിച്ചതിനാണ് നടപടി.
◾ ക്രൈസ്തവ സഭക്ക് ബിജെപി വിരുദ്ധ നിലപാടാണെങ്കില്‍, ബിജെപിക്കു നിലപാട് മറ്റേണ്ടി വരുമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് ഷോണ്‍ ജോര്‍ജ്. സഭയും സഭയുടെ മുഖപത്രമായ ദീപികയും ബിജെപിക്കെതിരേ നിലപാടെടുത്താല്‍ തിരികേ പ്രതികരിക്കേണ്ടിവരും. എഫ്സിആര്‍എ ബില്ല് മാറ്റിവച്ചത് തങ്ങളുടെ സമ്മര്‍ദപ്രകാരമാണെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.
◾ പുതിയ ഫേസ്ബുക്ക് പേജുമായി തൃക്കാക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയും ബിഗ് ബോസ് മുന്‍ വിജയിയുമായ അഖില്‍ മാരാര്‍. ആറു ലക്ഷം ഫോളോവേഴ്സ് ഉണ്ടായിരുന്ന ഫേസ്ബുക്ക് പേജ് കേരള പൊലീസ് പൂട്ടിച്ചെന്ന് അഖില്‍ ഇന്നലെ ആരോപിച്ചിരുന്നു.
◾ ഉദ്ഘാടന ദിവസം തിയേറ്ററില്‍ തീപിടുത്തം. പിറവത്തെ ആശിര്‍വാദ് സിനിമ കോംപ്ലക്സിലാണ് തീപ്പിടുത്തം ഉണ്ടായത്. സിനിമ പ്രദര്‍ശനം നടക്കവേ, തിയേറ്ററില്‍ പുക ഉയരുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണം.
◾ വായില്‍ ഒളിപ്പിച്ച നാല് സ്വര്‍ണ നാണയങ്ങളും പാന്റ്സിന്റെ അരപ്പട്ടയില്‍ സൂക്ഷിച്ച പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണവും സഹിതം 160 ഗ്രാം സ്വര്‍ണവുമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരന്‍ കസ്റ്റംസിന്റെ പിടിയിലായി. എയര്‍ ഏഷ്യ വിമാനത്തില്‍ ക്വാലാലംപൂരില്‍ നിന്ന് എത്തിയ കൊടുവള്ളി സ്വദേശി മുഹമ്മദ് സാബിത്താണ് കേസില്‍ പിടിയിലായത്.
◾ കര്‍ണാടകത്തിലെ ചിക്കമഗളൂരുവില്‍ വിനോദസഞ്ചാരത്തിനെത്തി കാണാതായ പാലക്കാട് സ്വദേശിയായ പതിനഞ്ചുകാരി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി. 1500 അടി താഴ്ചയില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് കടമ്പഴിപ്പുറത്തുനിന്ന് 40 അംഗ സംഘത്തിനൊപ്പം എത്തിയ ശ്രീനന്ദയെ കാണാതായത്.
◾ കണ്ണൂര്‍ കരിവെള്ളൂരിലെ പോലീസ് ഉദ്യോഗസ്ഥയായിരുന്ന ദിവ്യശ്രീയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഭര്‍ത്താവ് രാജേഷിന് മൂന്ന് ജീവപര്യന്തം തടവു ശിക്ഷ വിധിച്ചു. രണ്ടുലക്ഷം രൂപ പിഴയും തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിച്ചിട്ടുണ്ട്. വിവാഹമോചന കേസ് നിലനില്‍ക്കേ, 2024 ലാണു കൊലപാതകം നടന്നത്.
◾ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് ശുഭസൂചകമാണെന്നും 2047 ആകുമ്പോഴേക്കും ഇന്ത്യയ്ക്ക് വികസിത രാഷ്ട്രമായി മാറാനാകുമെന്നും ലോകബാങ്ക്. എന്നാല്‍ ലക്ഷ്യത്തിലെത്താന്‍ ഘടനാപരമായ മാറ്റങ്ങള്‍ ആവശ്യമാണെന്നും ലോകബാങ്ക് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
◾ കൈക്കൂലിക്കേസില്‍ ഉള്‍പ്പെട്ട ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് യശ്വന്ത് വര്‍മ്മ രാജിവച്ചു. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള കൊളീജിയം രാജിവക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. പാര്‍ലമെന്റില്‍ ഇംപീച്ച്മെന്റ് നടപടികള്‍ നടക്കുന്നതിനിടെയാണ് രാജി.
◾ ഹജ്ജ് തീര്‍ത്ഥാടനത്തിന് തുടക്കമായി. ഇന്ത്യയില്‍ നിന്നുള്ള ആദ്യ സംഘം ഏപ്രില്‍ 18-ന് സൗദി അറേബ്യയിലെത്തും. മുംബൈയില്‍നിന്നുള്ള നാനൂറിലധികം തീര്‍ത്ഥാടകരാണ് മദീനയില്‍ ആദ്യമിറങ്ങുന്നത്. ഇത്തവണ ആകെ 1,75,025 ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്കാണ് ഹജ്ജ് കര്‍മത്തിന് അനുമതി ലഭിച്ചത്.
◾ മലേഗാവ് സ്ഫോടനക്കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട ലെഫ്റ്റനന്റ് കേണല്‍ പ്രസാദ് ശ്രീകാന്ത് പുരോഹിതിന് ബ്രിഗേഡിയര്‍ പദവിയിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് 31-ന് വിരമിക്കേണ്ടിയിരുന്ന അദ്ദേഹത്തിന്റെ വിരമിക്കല്‍ സായുധ സേനാ ട്രൈബ്യൂണല്‍ സ്റ്റേ ചെയ്തിരിക്കുകയാണ്. സംഘപരിവാര്‍ നേതാവ് പ്രജ്ഞാസിങ് ഠാക്കൂറും ലെഫ്. കേണല്‍ പുരോഹിതുമായിരുന്നു മലേഗാവ് സ്ഫോടന കേസിലെ പ്രധാനപ്രതികള്‍.
◾ സര്‍ക്കാര്‍ ജോലിയില്‍ 33 ശതമാനം വനിതാ സംവരണം നല്‍കുമെന്നും വനിതകള്‍ക്ക് മാസം 3000 രൂപ സഹായം നല്‍കുമെന്നും ബിജെപിയുടെ ബംഗാളിലെ പ്രകടന പത്രിക. തൊഴില്‍ രഹിതര്‍ക്ക് 3000 രൂപ സഹായം നല്‍കും. വനിതാ സുരക്ഷ ഉറപ്പാക്കാന്‍ പ്രത്യേക ബറ്റാലിയന്‍ രൂപീകരിക്കും. ഏകീകൃത സിവില്‍ കോഡ് ആറു മാസത്തിനകം നടപ്പാക്കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു.
◾ പശ്ചിമ ബംഗാളില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ എഐഎംഐഎം തീരുമാനിച്ചു. ഹുമയൂണ്‍ കബീറിന്റെ നേതൃത്വത്തിലുള്ള ആം ജനത ഉന്നയുന്‍ പാര്‍ട്ടിയുമായുള്ള സഖ്യത്തില്‍ നിന്ന് പിന്മാറുന്നതായി ഓള്‍ ഇന്ത്യ മജിലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ പ്രഖ്യാപിച്ചു.
◾ തെലങ്കാനയില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യ സാരി വിതരണ പദ്ധതി ഈ വര്‍ഷവും തുടരാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഒരു കോടി സാരികള്‍ നിര്‍മ്മിക്കുന്നതിനായി തെലങ്കാന സ്റ്റേറ്റ് ഹാന്‍ഡ്‌ലൂം വീവേഴ്സ് കോഓപ്പറേറ്റീവ് സൊസൈറ്റിക്ക് സര്‍ക്കാര്‍ ഓര്‍ഡര്‍ നല്‍കി. ഏകദേശം 450 കോടി രൂപയാണ് ഇതിനായി ചെലവു പ്രതീക്ഷിക്കുന്നത്.
◾ ഹോര്‍മൂസ് കടലിടുക്കില്‍ നിരീക്ഷണ പറക്കല്‍ നടത്തിക്കൊണ്ടിരുന്ന യുഎസ് നാവികസേനയുടെ അത്യാധുനിക ഡ്രോണ്‍ എംക്യു 4 സി ട്രൈറ്റണ്‍ കാണാതായി. 200 മില്യന്‍ ഡോളര്‍ (ഏകദേശം 1,600 കോടി രൂപ) വിലവരുന്ന ഈ ഡ്രോണ്‍, അപായ സിഗ്നല്‍ നല്‍കിയശേഷമാണു കാണാതായത്.
◾ ഹോര്‍മൂസ് കടലിടുക്കുവഴിയുള്ള കപ്പല്‍ ഗതാഗതത്തിന് ഇറാന്‍ ടോള്‍ പിരിവ് ആരംഭിച്ചിട്ടുണ്ടെങ്കില്‍ നിര്‍ത്തിവയ്ക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ക്രിപ്റ്റോ കറന്‍സി ഉപയോഗിച്ച് ടോള്‍ നല്‍കാന്‍ ഇറാന്‍ കപ്പലുകളെ നിര്‍ബന്ധിക്കുന്നതായി ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
◾ ഇറാന്‍ - യുഎസ് സമാധാന ചര്‍ച്ചകള്‍ക്ക് വേദിയാകാനിരിക്കുന്ന പാകിസ്ഥാനും ഇസ്രയേലും തമ്മില്‍ കടുത്ത നയതന്ത്ര തര്‍ക്കം. ഇസ്രയേല്‍ 'കാന്‍സര്‍ ബാധിത രാജ്യ' മാണെന്നും ലെബനനില്‍ 'വംശഹത്യ' നടത്തുകയാണെന്നും പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖവാജ ആസിഫ് ആരോപിച്ചതിനെതിരേ ഇസ്രയേല്‍ പ്രതിഷേധിച്ചു.
◾ വടക്കന്‍ അറ്റ്‌ലാന്റിക് സമുദ്രത്തിലെ പ്രധാന കേബിളുകള്‍ക്കും പൈപ്പ് ലൈനുകള്‍ക്കും സമീപം സംശയാസ്പദമായ രീതിയില്‍ റഷ്യന്‍ അന്തര്‍വാഹിനികള്‍. മുങ്ങിക്കപ്പലുകളെ നിരീക്ഷിക്കാനും പിന്തുടരാനുമായി യു.കെ.യും നോര്‍വേയും യുദ്ധക്കപ്പലുകളും വിമാനങ്ങളും അയച്ചു.
◾ ആര്‍ട്ടെമിസ് ടു ദൗത്യസംഘത്തിന്റെ ഒറൈണ്‍ പേടകം ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 5.37 ന് സാന്‍ഡിയാഗോ തീരത്തിനടുത്ത് പസഫിക് സമുദ്രത്തില്‍ സ്പാഷ്ഡൗണ്‍ ചെയ്യും. അരനൂറ്റാണ്ടിലേറെ നീണ്ട ഇടവേളയ്ക്കു ശേഷമാണ് മനുഷ്യനെ വീണ്ടും ചന്ദ്രന്റെ സമീപത്തേക്ക് എത്തിച്ച ആര്‍ട്ടെമിസ് 2 ദൗത്യം.
◾ ചൈനയില്‍ സര്‍ക്കാര്‍ നിയന്ത്രിത സൂപ്പര്‍കമ്പ്യൂട്ടറിലെ രഹസ്യ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി. മിസൈല്‍ രൂപരേഖകള്‍, പ്രതിരോധ രേഖകള്‍, ഫൈറ്റര്‍ ജെറ്റുകള്‍ക്കും യുദ്ധ സിമുലേഷന്‍ ഗവേഷണങ്ങള്‍ക്കുമായി ബന്ധപ്പെട്ട ഡാറ്റകള്‍ എന്നിവ ഉള്‍പ്പെടുന്ന വലിയ ശേഖരം ഹാക്കര്‍മാര്‍ കൈവശപ്പെടുത്തിയെന്നാണു റിപ്പോര്‍ട്ട്.
◾ വിദേശത്ത് നിന്ന് അയക്കുന്ന പണം വൈകാതെ നാട്ടില്‍ ലഭ്യമാക്കണമെന്ന് ആര്‍ബിഐ. ഇതുസംബന്ധിച്ച് ആര്‍ബിഐ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. വിദേശ വിനിമയ വിപണി പ്രവര്‍ത്തിക്കുന്ന സമയത്ത് പണം ലഭിച്ചാല്‍ അതേദിവസംതന്നെ അക്കൗണ്ടിലേക്ക് തുക മാറ്റാന്‍ ബാങ്കുകള്‍ ശ്രമിക്കണം. മാര്‍ക്കറ്റ് സമയം കഴിഞ്ഞാണ് ലഭിക്കുന്നതെങ്കില്‍ അടുത്ത പ്രവൃത്തി ദിവസം തന്നെ ക്രെഡിറ്റ് ചെയ്യണം. വ്യക്തിഗത താമസക്കാര്‍ക്ക് ലഭിക്കുന്ന ഇന്‍വാര്‍ഡ് പേയ്‌മെന്റുകള്‍ക്കായി ബാങ്കുകള്‍ക്ക് 'സ്ട്രെയിറ്റ്-ത്രൂ പ്രോസസിങ്' നടപ്പിലാക്കാം. ബാങ്കിന് പണം ലഭിച്ചാലുടന്‍ ഉപഭോക്താവിനെ അറിയിക്കണം. വിദേശ രാജ്യത്തെ ബാങ്കില്‍ ഇന്ത്യയിലെ ബാങ്ക് ആ രാജ്യത്തിന്റെ കറന്‍സിയില്‍ തുടങ്ങിയിട്ടുള്ള അക്കൗണ്ടുകളാണ് 'നോസ്ട്രോ അക്കൗണ്ടുകള്‍'. ഈ അക്കൗണ്ടില്‍ ലഭിക്കുന്ന പണം സ്ഥിരീകരിക്കുന്നതിനായി ബാങ്കുകള്‍ ഇനിമുതല്‍ ഓരോ മണിക്കൂര്‍ ഇടവിട്ടും അക്കൗണ്ടുകള്‍ പരിശോധിക്കണം. നേരത്തെ പുറത്തിറക്കിയ കരട് രേഖയില്‍ 30 മിനിറ്റ് എന്നായിരുന്നു നിര്‍ദേശിച്ചിരുന്നതെങ്കിലും പുതിയ വ്യവസ്ഥ പ്രകാരം ഒരു മണിക്കൂറാക്കിയിട്ടുണ്ട്.
◾ വാട്സ്ആപ്പിനെതിരെ വീണ്ടും സ്വകാര്യതാ വിവാദം. ഉപയോക്താക്കളുടെ സ്വകാര്യ സന്ദേശങ്ങള്‍ 'രഹസ്യമായി വായിക്കപ്പെടുന്നു' എന്ന് ടെലിഗ്രാമിന്റെ സ്ഥാപകനും സിഇഒയുമായ പവല്‍ ദുറോവ് ഉന്നയിച്ച ആരോപണങ്ങളാണ് ചര്‍ച്ചക്ക് ചൂടു പകര്‍ന്നത്. ഇതിനെതിരെ വാട്സ്ആപ്പിന്റെ മാതൃകമ്പനിയായ മെറ്റ പ്ലാറ്റ്‌ഫോംസ് ശക്തമായി രംഗത്തു വന്നു. വാട്സ്ആപ്പ് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ ഉപയോഗിക്കുന്നു, ഉപയോക്താക്കളുടെ സന്ദേശങ്ങള്‍ കമ്പനിയ്ക്ക് വായിക്കാന്‍ സാധ്യമല്ല എന്നാണ് കമ്പനിയുടെ വിശദീകരണം. അമേരിക്കയില്‍ ഫയല്‍ ചെയ്ത ഒരു ക്ലാസ് ആക്ഷന്‍ കേസാണ് ഈ വിവാദത്തിന് തുടക്കമിട്ടത്. വാട്സ്ആപ്പിന്റെ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നാണ് പരാതിക്കാര്‍ ആരോപിക്കുന്നത്. ടെക് സംരംഭകനായ ഇലോണ്‍ മസ്‌കും വാട്സ്ആപ്പിന്റെ എന്‍ക്രിപ്ഷന്‍ അവകാശവാദങ്ങളെക്കുറിച്ച് സംശയം പ്രകടിപ്പിച്ചു. അതേസമയം, ടെലിഗ്രാമിലും ഇതേ വിമര്‍ശനമുയര്‍ന്നു. സാധാരണ ചാറ്റുകള്‍ക്ക് ഡീഫോള്‍ട്ടായി എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ ഇല്ല; ''സീക്രട്ട് ചാറ്റ്'' ഉപയോഗിക്കുമ്പോഴാണ് അത് ലഭിക്കുകയെന്നാണ് പരാതി.
◾ പ്രദര്‍ശനാനുമതി കാത്തിരിക്കുന്ന വിജയ് ചിത്രം 'ജനനായകന്‍' ചോര്‍ന്നു. ചിത്രത്തിന്റെ വിവിധ ഭാഗങ്ങളാണ് ഓണ്‍ലൈനില്‍ പ്രചരിച്ചത്. ടെസ്റ്റ് സ്‌ക്രീനിങ്ങിനിടെ പകര്‍ത്തിയ അഞ്ചരമിനിറ്റോളം ദൈര്‍ഘ്യമുള്ള ക്ലിപ്പുകളാണ് പുറത്തുവന്നത്. സംഘട്ടന രംഗത്തില്‍ വിജയ്യുടെ ഇന്‍ട്രോ, ചിത്രത്തിന്റെ ടൈറ്റില്‍ കാര്‍ഡ്, ദളപതി കച്ചേരി പാട്ട്, ചില കാമിയോ വേഷങ്ങള്‍ വെളിപ്പെടുത്തുന്ന സീനുകള്‍ എന്നിവ പ്രചരിക്കുന്നതായി അവകാശപ്പെട്ടു. മുഴുവന്‍ ചിത്രം തന്നെ ചോര്‍ന്നതായി പലരും എക്‌സില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇതിന് സ്ഥിരീകരണമില്ല. മുഴുവന്‍സമയ രാഷ്ട്രീയത്തിലിറങ്ങിയ വിജയ്യുടെ അവസാന ചിത്രമെന്നാണ് 'ജനനായകന്‍' വിശേഷിപ്പിക്കപ്പെടുന്നത്. ഏകദേശം 400 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്.എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോബി ഡിയോള്‍, പൂജാഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പന്‍താരനിരയാണ് അണിനിരക്കുന്നത്.
◾ ഹിറ്റ് സംവിധായകന്‍ വിപിന്‍ ദാസിന്റെ തിരക്കഥയില്‍ നവാഗതനായ സവിന്‍ സ സംവിധാനം ചെയ്ത 'വാഴ 2' ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ്' 7 ദിവസം കൊണ്ട് 100 കോടി ക്ലബ്ബില്‍. മലയാള സിനിമ ചരിത്രത്തില്‍ തന്നെ ഇതാദ്യമായിട്ടാണ് നവാഗതരെ മുന്‍ നിര്‍ത്തി നവാഗത സംവിധായകന്‍ സംവിധാനം ചെയ്ത ഒരു സിനിമക്ക് അതിവേഗം 100 കോടി ബോക്സ് ഓഫീസ് കളക്ഷന്‍ കിട്ടുന്നത്. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങില്‍ ഇന്ത്യയില്‍ തന്നെ ടോപ് വാഴ 2 തന്നെയാണ്. ഹാഷിര്‍, അലന്‍ ബിന്‍ സിറാജ്, അജിന്‍ ജോയ്, വിനായക് തുടങ്ങിയ ഒരുപറ്റം യുവതാരങ്ങള്‍ക്കൊപ്പം സുധീഷ്, വിജയ് ബാബു, അജു വര്‍ഗീസ്, അരുണ്‍, അല്‍ഫോന്‍സ് പുത്രന്‍, വിനോദ് കെടാമംഗലം, അമീന്‍, നിഹാല്‍, അഞ്ചല്‍ മറിയ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്ന ചിത്രം കോമഡി ഡ്രാമ ഫോര്‍മുലയിലൂടെയാണ് കഥ പറയുന്നതെങ്കിലും ഹ്യൂമറില്‍ തുടങ്ങി ഇമോഷണല്‍ ഡ്രാമയിലൂടെ കടന്ന് ശുഭപര്യവസായിയാണ് ചിത്രം അവസാനിക്കുന്നത്.
◾ മിഡ്‌സൈസ് എസ്യുവി വിഭാഗത്തില്‍ സവിശേഷമായ നേട്ടം സ്വന്തമാക്കി കിയ സെല്‍റ്റോസ്. ഭാരത് എന്‍ക്യാപ് ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങോടെയാണ് സെല്‍റ്റോസിലെ സുരക്ഷ അടിവരയിട്ട് ഉറപ്പിച്ചിരിക്കുന്നത്. മുതിര്‍ന്നവരുടെ സുരക്ഷയില്‍ 32-ല്‍ 31.70 പോയിന്റും കുട്ടികള്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ 49-ല്‍ 45 പോയിന്റും നേടിയാണ് സെല്‍റ്റോസ് കരുത്ത് തെളിയിച്ചിരിക്കുന്നത്. സെല്‍റ്റോസിന്റെ ഡീസല്‍ എന്‍ജിന്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ പതിപ്പായ എച്ച്ടിഇ ഓപ്ഷണല്‍ വേരിയന്റാണ് ക്രാഷ് ടെസ്റ്റിന് ഇറങ്ങിയത്. ഭാരത് എന്‍ക്യാപ് ഇടിപരീക്ഷയില്‍ ഇറങ്ങിയിട്ടുള്ള ഐസ് എന്‍ജിന്‍ വാഹനങ്ങളില്‍ മുതിര്‍ന്നവരുടെ സുരക്ഷയില്‍ ഏറ്റവും ഉയര്‍ന്ന റേറ്റിങ് സ്വന്തമാക്കിയിട്ടുള്ള വാഹനമെന്ന ഖ്യാതിയും കിയ സെല്‍റ്റോസിന് ലഭിച്ചു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി 18 മാസവും മൂന്ന് വയസും പ്രായമുള്ള കുട്ടികളുടെ ഡമ്മിയാണ് ഇടിപരീക്ഷയില്‍ ഉപയോഗിച്ചത്. മുന്നില്‍നിന്നും വശങ്ങളില്‍നിന്നുമുള്ള ആഘാതങ്ങളില്‍ കുട്ടികള്‍ക്ക് കാര്യക്ഷമമായ സുരക്ഷ ഈ വാഹനം ഉറപ്പാക്കുന്നുണ്ട്. സെല്‍റ്റോസില്‍ ഒരുക്കിയിട്ടുള്ള സുരക്ഷ സംവിധാനങ്ങള്‍ ഉയര്‍ന്ന റേറ്റിങ്ങിനെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
◾ ഇത് പകയുടെ, പ്രതികാരത്തിന്റെ, വേട്ടയാടലിന്റെ കഥയാണ്. കൊമ്പുകുത്തിയില്‍ ഇച്ചിരി കുരുമുളകും കപ്പയുമൊക്കെയായി സാധാരണജീവിതം നയിച്ചിരുന്ന ബെന്നിയുടെ ജീവിതത്തില്‍ പൊടുന്നനേയുണ്ടാവുന്ന ചില സംഭവങ്ങള്‍ കൊണ്ടെത്തിക്കുന്നത് ഒരു നരിക്കുത്തിലാണ്. നരി നരഭോജിയാകുമ്പോള്‍ കുന്തവും വടിയും പന്തവുംകൊണ്ട് ആക്രമിച്ചു കൊല്ലുന്നതാണ് പുരാതനമനുഷ്യന്റെ നരിക്കുത്ത്. എന്നാല്‍ ഇവിടെ ചിന്നമറയൂരിന്റെ ഉള്‍ക്കാടുകളില്‍ നരിക്കുത്ത് അരങ്ങേറുന്നത് എന്തിനുവേണ്ടിയാണ്? അതിനു കോപ്പുകൂട്ടിയതും വലയില്‍ കുടുങ്ങിയതുമാരാണ്? 'നരിക്കുത്ത്'. രാജു ഫ്രാന്‍സിസ്. ഡിസി ബുക്സ്. വില252 രൂപ.
◾ ഇരിക്കുമ്പോള്‍ നമ്മള്‍ ചെയ്യുന്ന കാര്യങ്ങള്‍ തലച്ചോറിന്റെ ആരോഗ്യത്തെ വലിയ രീതിയില്‍ സ്വാധീനിക്കുന്നുണ്ടെന്ന് അമേരിക്കന്‍ ജേണല്‍ ഓഫ് പ്രിവന്റീവ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു. സ്ഥിരമായി ടിവി കണ്ടുകൊണ്ട് സോഫയില്‍ മാനസികമായി നിഷ്‌ക്രിയമായി ഇരിക്കുന്നവര്‍ക്ക്, പിന്നീട് ഡിമെന്‍ഷ്യ വരാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ ഇരിക്കുമ്പോള്‍ വായിക്കുക, കമ്പ്യൂട്ടറില്‍ ജോലി ചെയ്യുക, ഗെയിം അല്ലെങ്കില്‍ പസിലുകള്‍ പരിഹരിക്കുക തുടങ്ങിയ മാനസികമായി ഉത്തേജിപ്പിക്കുന്ന പെരുമാറ്റങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് നേരത്തെ പറഞ്ഞ വിഭാഗത്തെ അപേക്ഷിച്ച് ഡിമെന്‍ഷ്യ സാധ്യത കുറവായിരിക്കും. 19 വര്‍ഷം നീണ്ടുനിന്ന പഠനത്തില്‍ നിഷ്‌ക്രിയമായി ഉദാസീനമായി ഇരിപ്പ് തുടരുന്നവരില്‍ 569 പേര്‍ക്ക് അല്‍ഷിമേഴ്സ് രോഗം അല്ലെങ്കില്‍ മറ്റൊരു തരത്തിലുള്ള ഡിമെന്‍ഷ്യ ബാധിച്ചതായി കണ്ടെത്തി. ഒരു ദിവസം ഒരു മണിക്കൂര്‍ നിഷ്‌ക്രിയമായ ഉദാസീനമായ ഇരിപ്പിന് പകരം അതേ അളവില്‍ മാനസികമായി സജീവമായ ഉദാസീനമായ പെരുമാറ്റം നടത്തുന്നത് ഡിമെന്‍ഷ്യ സാധ്യതയില്‍ ഏഴ് ശതമാനം വരെ കുറയുമെന്ന് ഗവേഷകര്‍ പറയുന്നു. ഒരു ദിവസം മാനസികമായി സജീവമായ പെരുമാറ്റം നടത്തുന്ന ഓരോ അധിക മണിക്കൂറും ഡിമെന്‍ഷ്യ വരാനുള്ള സാധ്യതയില്‍ നാല് ശതമാനം കുറവുണ്ടാക്കുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 92.72, പൗണ്ട് - 124.36, യൂറോ - 108.22, സ്വിസ് ഫ്രാങ്ക് - 117.21, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 65.36, ബഹറിന്‍ ദിനാര്‍ - 245.69, കുവൈത്ത് ദിനാര്‍ -299.99, ഒമാനി റിയാല്‍ - 241.00, സൗദി റിയാല്‍ - 24.69, യു.എ.ഇ ദിര്‍ഹം - 25.18, ഖത്തര്‍ റിയാല്‍ - 25.41, കനേഡിയന്‍ ഡോളര്‍ - 66.94.
Tags:
KERALA