Trending

പ്രഭാത വാർത്തകൾ.

2026  ഏപ്രില്‍ 4  ശനി
1201  മീനം 21  ചോതി
1447 ശവ്വാൽ 16

◾  പാര്‍ലമെന്റ് പാസാക്കിയ ജനവിശ്വാസ് ബില്ലിലൂടെ 79 നിയമങ്ങള്‍ ഭേദഗതി ചെയ്ത് ആയിരത്തോളം ചെറിയ കുറ്റങ്ങള്‍ ഒഴിവാക്കി. മോട്ടോര്‍ വാഹന നിയമത്തിലും മാറ്റങ്ങളുണ്ട്. ഒഴിവാക്കിയ കുറ്റങ്ങളുമായി ബന്ധപ്പെട്ട അഞ്ചു കോടി കേസുകള്‍ കോടതികളില്‍നിന്ന് ഒഴിവാക്കപ്പെടുമെന്നു മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. തീര്‍പ്പാക്കാനുള്ള നടപടി സംസ്ഥാനങ്ങള്‍ കൈക്കൊള്ളണമെന്നും കേന്ദ്രം നിര്‍ദ്ദേശിച്ചു.

◾  ഇറാനില്‍നിന്നു ക്രൂഡ് ഓയിലുമായി ഇന്ത്യയിലേക്കു വരികയായിരുന്ന എണ്ണക്കപ്പല്‍ അമേരിക്കന്‍ ഉപരോധത്തെത്തുടര്‍ന്ന് ചൈനയിലേക്കു തിരിച്ചുവിട്ടു. ആറു ലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണയുമായി ഗുജറാത്തിലെ വാഡിനാര്‍ തുറമുഖത്തേക്ക് വരികയായിരുന്ന 'പിങ് ഷുന്‍'എന്ന കപ്പലാണ് തിരിച്ചുവിട്ടത്.

◾  യുദ്ധംമൂലം ആഗോളതലത്തില്‍ ഭക്ഷ്യവില കുതിച്ചുയരുകയാണെന്നു ഐക്യരാഷ്ട്രസഭ. ആഗോള ഭക്ഷ്യപ്രതിസന്ധി രൂക്ഷമാകാനാണു സാധ്യത. കഴിഞ്ഞ ഡിസംബറിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലാണ് നിലവില്‍ ഭക്ഷ്യവിലയെന്ന് യു എന്‍ ഭക്ഷ്യ - കാര്‍ഷിക സംഘടന വ്യക്തമാക്കി.

◾  അബുദാബിക്കു നേരെ ഇറാന്റെ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങളില്‍ അഞ്ച് ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്കേറ്റു. മിസൈലുകളുടെ അവശിഷ്ടങ്ങള്‍ അജ്ബാന്‍ മേഖലയില്‍ പതിച്ചാണ് അപകടമുണ്ടായത്.

◾  പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്ലിയ സമുദായത്തിന്റെ പേരില്‍ വോട്ടഭ്യര്‍ഥിച്ചെന്ന പരാതിയില്‍ റിട്ടേണിംഗ് ഓഫീസര്‍ നോട്ടീസ് അയച്ചു. സമാന സ്വഭാവമുള്ള മൂന്നു പരാതികളാണ് തഹ്ലിയക്കെതിരെ ലഭിച്ചത്.

◾  തോല്‍വി ഉറപ്പായതോടെ അധികാരം നിലനിര്‍ത്താന്‍ ഏത് ചെകുത്താനെയും കൂട്ടുപിടിക്കുകയെന്ന പിണറായി വിജയന്റെയും സി പി എമ്മിന്റെയും തീരുമാനത്തിന്റെ ഭാഗമാണ് പേരാമ്പ്രയിലെ വര്‍ഗീയ പ്രചരണമെന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ലോക്സഭ തെരഞ്ഞെടുപ്പില്‍ വടകരയില്‍ ഷാഫി പറമ്പിലിനെതിരേ പ്രചരിപ്പിച്ച കാഫിര്‍ സ്‌ക്രീന്‍ ഷോട്ടടക്കം ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം.

◾  പേരാമ്പ്രയിലെ വിവാദ അനൗണ്‍സ്മെന്റുമായി ബന്ധപ്പെട്ട് ഒരു നോട്ടീസും തങ്ങള്‍ക്കു ലഭിച്ചിട്ടില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനറും സ്ഥാനാര്‍ഥിയുമായ ടി പി രാമകൃഷ്ണന്‍. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ ഉയര്‍ന്നതോടെ അദ്ദേഹം ക്ഷുഭിതനായി. ഞങ്ങളുടെ മേല്‍ കുറ്റം ചാര്‍ത്താന്‍ എന്തിനാണ് ഇത്ര ധൃതിയെന്ന് ചോദിക്കുകയും ചെയ്തു.

◾  തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാവപ്പെട്ടവന്റെ കിടപ്പാടങ്ങള്‍ക്കു മീതെ ബുള്‍ഡോസര്‍ കയറ്റിയിറക്കുന്നത് സൗകര്യപൂര്‍വ്വം മറച്ചുവെച്ച് സാമൂഹിക പുരോഗതിയെക്കുറിച്ചും ജനക്ഷേമത്തെക്കുറിച്ചും കേരളത്തെ പഠിപ്പിക്കേണ്ടതില്ല. വികസനം കാണാന്‍ തെലങ്കാനയിലേക്കു ക്ഷണിച്ചതിനോടു പ്രതികരിക്കുകയായിരുന്നു പിണറായി വിജയന്‍.

◾  എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി പദവിക്കു ചേര്‍ന്ന പ്രസ്താവനകളാണോ വെള്ളാപ്പള്ളി നടേശഷന്റേതെന്ന് അദ്ദേഹം തന്നെ ആലോചിക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. അദ്ദേഹത്തെ കാറില്‍ കയറ്റിയതു യാദൃശ്ചികമായി നടന്നതാണ്. അന്നു മുഖ്യമന്ത്രി കാറില്‍ കയറ്റിയില്ലെങ്കില്‍ അതും വിവാദമായേനെയെന്നും എംഎ ബേബി കോഴിക്കോട് പറഞ്ഞു.

◾  പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു തിരുവല്ലയിലും തിരുവനന്തപുരത്തും തെരഞ്ഞെടുപ്പു പ്രചാരണ സമ്മേളനങ്ങളില്‍ പ്രസംഗിക്കും. ഇന്ന് ഉച്ചമുതല്‍ തിരുവല്ല, ചങ്ങനാശേരി മേഖലയിലെ എംസി റോഡിലും ഉച്ചയ്ക്കു രണ്ടു മുതല്‍ തിരുവനന്തപുരത്തും ഗതാഗത നിയന്ത്രണം.

◾  തനിക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം നടക്കുന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി മന്ത്രി വീണ ജോര്‍ജ്. തോല്‍വി ഭയന്നുള്ള രണ്ടാമത്തെ നാടകമാണെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി അബിന്‍ വര്‍ക്കി പ്രതികരിച്ചു.

◾  കിഫ്ബി മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് ഇഡി അഡ്ജുഡിക്കേഷന്‍ അതോറിറ്റിയുടെ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഹൈക്കോടതിയെ സമീപിച്ചു. മസാല ബോണ്ട് ഇടപാടില്‍ ഫെമ ചട്ട ലംഘനം നടന്നിട്ടില്ലെന്ന് ഹര്‍ജിയില്‍ മുഖ്യമന്ത്രി വ്യക്തമാക്കുന്നു.

◾  എസ്ഡിപിഐയുമായി ആശയപരമായി സിപിഐക്ക് ബന്ധമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.  ഇടതുപക്ഷം അഭിമന്യുവിനൊപ്പമാണ,് ഘാതകരുടെ ഒപ്പമല്ല. ബിനോയ് വിശ്വം പറഞ്ഞു.

◾  ആര്‍ജെഡി മുന്‍ സംസ്ഥാന സെക്രട്ടറിയും കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയറുമായ പി കിഷന്‍ ചന്ദ് മുസ്ലീം ലീഗില്‍ ചേര്‍ന്നു. പാണക്കാട് എത്തി അംഗത്വം സ്വീകരിക്കുകയായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎം കാലുവാരിയെന്ന് ആരോപിച്ച കിഷന്‍ ചന്ദിനെ നേരത്തെ ആര്‍ജെഡിയില്‍നിന്നു പുറത്താക്കിയിരുന്നു.

◾  പയ്യന്നൂരിലെ ശവംതൂക്കികളെ വെളുപ്പിക്കാനാണ് സിപിഎം നേതാവ് എം സ്വരാജ് ശ്രമിക്കുന്നതെന്നു പയ്യന്നൂരില്‍ സിപിഎം വിട്ട് യു ഡി എഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥി വി കുഞ്ഞിക്കൃഷ്ണന്‍. തര്‍ക്കബുദ്ധിയില്‍ ആത്മരതി അനുഭവിക്കുന്നയാളാണ് സ്വരാജെന്നും പയ്യന്നൂരിലെ ഫണ്ട് വെട്ടിപ്പ് വിവാദത്തില്‍ സ്വരാജിനെ അദ്ദേഹം വിമര്‍ശിച്ചു.

◾  കേരളത്തിലേക്കു വരാത്തതെന്തെന്ന് അന്വേഷിക്കാന്‍ താന്‍ മെസ്സിയെ വിളിച്ചെന്നും കേരളത്തില്‍ വന്നാല്‍ സഖാക്കള്‍ തന്റെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരങ്ങള്‍ മോഷ്ടിക്കുമെന്നു ഭയമുണ്ടെന്നു മെസ്സി പറഞ്ഞെന്നും നടന്‍ സലീംകുമാര്‍. മെസ്സിയെ കൊണ്ടുവരാന്‍ മന്ത്രി വി അബ്ദുറഹ്‌മാന് സാധിക്കാത്തതിനു പരിഹാസിച്ചുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്.

◾  റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ഗുഡ്‌സ് ട്രെയിനിനു മുകളില്‍ കയറി സെല്‍ഫിയെടുക്കുന്നതിനിടെ വൈദ്യുതി കമ്പിയില്‍ പിടിച്ച വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പൊള്ളലേറ്റു. കോഴിക്കോട് തിക്കോടി റെയില്‍വേ സ്റ്റേഷനില്‍ പയ്യോളി അയനിക്കാട് മുഹമ്മദ് സിനാന്‍(17) എന്ന വിദ്യാര്‍ത്ഥിക്കാണു പൊള്ളലേറ്റത്.

◾  ആലുവാ സെമിനാരി പടിയിലുള്ള ഫിറ്റ്നസ് സെന്ററിലെ ജിംനേഷ്യത്തില്‍ എസി ഘടിപ്പിക്കവേ യുവാവ് ഷോക്കേറ്റ് മരിച്ചു. പാലക്കാട് പട്ടാഞ്ചേരി കരിപ്പള്ളി റഹ്‌മത്ത് മന്‍സിലില്‍ അബ്ദുല്‍ റസൂല്‍ (23)ആണ് മരിച്ചത്.

◾  കുന്നംകുളത്തിനടുത്ത പഴഞ്ഞി അടയ്ക്കാ മാര്‍ക്കറ്റ് ചരിത്രത്തിന്റെ ഭാഗമായി. കെട്ടിട ഉടമ മാര്‍ക്കറ്റ് പ്രവര്‍ത്തനം അവസാനിപ്പിച്ചതോടെ ഇവിടെ കച്ചവടം നിലച്ചു.

◾  തമിഴ്നാട്ടില്‍ ബിജെപിയും കോണ്‍ഗ്രസും സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈക്കു സീറ്റില്ല. 27 സീറ്റിലെയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച ബിജെപി , അണ്ണാമലൈയുടെ വിശ്വസ്തരെയും തഴഞ്ഞു. അണ്ണാമലൈക്കു സാധ്യതയുണ്ടായിരുന്ന മണ്ഡലങ്ങള്‍ എഐഎഡിഎംകെ യ്ക്കു വിട്ടുകൊടുത്തു. കോണ്‍ഗ്രസ്  27 സീറ്റിലാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. വിളവങ്കോട് മണ്ഡലത്തില്‍ മലയാളിയായ ടി.ടി പ്രവീണ്‍ സ്ഥാനാര്‍ഥിയാണ്.

◾  ആസാമിലെ നുഴഞ്ഞുകയറ്റക്കാര്‍ നാലു വിവാഹം കഴിക്കില്ലെന്ന് ഏകീകൃത സിവില്‍കോഡ് വഴി ഉറപ്പാക്കാനാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആദിവാസി മേഖലകളുടെ വികസനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മയും വികസന രേഖ തയാറാക്കിയിട്ടുണ്ട്. ഗോല്‍പാര ജില്ലയിലെ ദുധ്നോയിയില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

◾  മഹാരാഷ്ട്രയിലെ അകോലയില്‍ 80 ലക്ഷത്തിന്റെ സൈബര്‍ തട്ടിപ്പു കേസില്‍ അറസ്റ്റിലായ യുവതിയെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചെന്ന പരാതിയില്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍ രാജേഷ് ജാദവിനെ അറസ്റ്റു ചെയ്തു. ഇയാളെ നേരത്തെ സസ്പെന്‍ഡു ചെയ്തിരുന്നു.

◾  തുണിസഞ്ചി വാങ്ങിയതില്‍ ക്രമക്കേട് ആരോപിച്ച് ബംഗളൂരുവിലെ ഐ.എ.എസ്. ഉദ്യോഗസ്ഥ രോഹിണി സിന്ദൂരിക്കെതിരേ കേസെടുക്കാന്‍ കര്‍ണാടക ഹൈക്കോടതി ഉത്തരവിട്ടു.

◾  ഇന്ത്യയിലേക്കു ദമ്മാം (സൗദി അറേബ്യ) വഴി വിമാന സര്‍വീസുകള്‍ ഞായറാഴ്ച പുനരാരംഭിക്കുമെന്ന് കുവൈറ്റ് എയര്‍വേസ് അറിയിച്ചു. മുംബൈ, ഡല്‍ഹി, അഹമ്മദാബാദ്, കൊച്ചി എന്നിവിടങ്ങളിലേക്കാണ് സര്‍വീസുകള്‍.

◾  ആയിരംകിലോമീറ്ററോളം നീളത്തില്‍ പടര്‍ന്നുകിടക്കുന്ന കൂറ്റന്‍ മേഘക്കൂട്ടങ്ങള്‍ വരുന്നതു മൂലം ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലും പാകിസ്താനോട് ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളിലും അടുത്ത രണ്ടു ദിവസത്തിനകം കനത്ത മഴയ്ക്കു സാധ്യത.

◾  ബിസിനസ്, ഫാമിലി, ടൂറിസ്റ്റ് വിസിറ്റ് വിസകള്‍ക്ക് ഒരു മാസം കൂടി സമയം നീട്ടിക്കൊടുക്കുന്നതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. യുദ്ധംമൂലം വിമാനത്താവളങ്ങള്‍ അടച്ചിട്ടതിനാല്‍ സന്ദര്‍ശകരും സ്പോണ്‍സര്‍മാരും നിയമപ്രശ്നങ്ങളില്‍ അകപ്പെടാതിരിക്കാനാണ് ഈ തീരുമാനം. എല്ലാ സന്ദര്‍ശക വിസകളും സ്വമേധയാ പുതുക്കപ്പെടും. പുതുക്കാന്‍ റസിഡന്‍സ് അഫയേഴ്സ് വകുപ്പില്‍ പോകേണ്ടതില്ലെന്നും അറിയിച്ചു.

◾  ഇറാനില്‍നിന്നുള്ള മിസൈല്‍ ഭീഷണിമൂലം ദുബായിലെ പ്രമുഖ ഹൈന്ദവ ക്ഷേത്രങ്ങളും ഗുരുദ്വാരയും ക്രൈസ്തവ ദേവാലയങ്ങളും താല്‍ക്കാലികമായി അടച്ചുപൂട്ടി. ജെബല്‍ അലിയിലെ ഹിന്ദു ടെമ്പിള്‍, ബര്‍ ദുബായിലെ ശ്രീ കൃഷ്ണ ക്ഷേത്രം എന്നിവ അടച്ചിട്ടു. ദുബായ് സര്‍ക്കാരിന്റെ സുരക്ഷാ നിര്‍ദേശപ്രകാരമാണ് അടച്ചിടുന്നത്.

◾  അബുദാബിയില്‍ രണ്ടിടത്ത് ഇറാന്റെ ആക്രമണം. തീപിടിച്ച ഹബ്ഷാന്‍ ഗ്യാസ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. അജ്ബാന്‍ മേഖലയിലും ആക്രമണം ഉണ്ടായി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. യുഎഇ വ്യോമപ്രതിരോധ സംവിധാനം ആകാശത്തു തകര്‍ത്ത മിസൈലിന്റെയോ ഡ്രോണിന്റെയോ അവശിഷ്ടങ്ങളാണ് പ്ലാന്റ് പരിസരത്ത് വീണത്.

◾  നാസയുടെ ആര്‍ട്ടിമിസ് 2 പേടകം ഭൂമിയുടെ ഭ്രമണപഥം കടന്നു. ഒരു ദിവസം ഭൂമിയെ ഭ്രമണം ചെയ്ത ശേഷമാണ് പേടകം സഞ്ചാരപഥം മാറ്റി ചന്ദ്രനിലേക്കുള്ള യാത്ര ആരംഭിച്ചത്. ചൊവ്വാഴ്ച ചന്ദ്രനെ വലംവയ്ക്കുന്നതാണ് ദൗത്യത്തിന്റെ അടുത്തഘട്ടം.

◾  ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ കരുത്തനായ നേതാവും പൊളിറ്റ്ബ്യൂറോ അംഗവുമായ മാ സിന്‍ഗ്രൂയിക്കെതിരെ അഴിമതിക്കേസില്‍ അന്വേഷണം. ചൈനയിലെ ഏറ്റവും ഉയര്‍ന്ന അഴിമതി വിരുദ്ധ ഏജന്‍സിയായ സെന്‍ട്രല്‍ കമ്മീഷന്‍ ഫോര്‍ ഡിസിപ്ലിന്‍ ഇന്‍സ്പെക്ഷന്‍ ആണ് ഇക്കാര്യം പുറത്തുവിട്ടത്.

◾  ലോകസമാധാനത്തിനായി ഇറാനുമായുള്ള യുദ്ധം അവസാനിപ്പിച്ച് നയതന്ത്ര ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്ന് ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗിനോട് മാര്‍പാപ്പ ലിയോ പതിനാലാമന്‍ ആവശ്യപ്പെട്ടു.

◾  ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ 'റിസ്‌ക്' വിഭാഗത്തില്‍ ഉള്‍പെടുത്തിയ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ വിസയ്ക്കു കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വിസയ്ക്കായി സമര്‍പ്പിക്കേണ്ട രേഖകളുടെ നിലവാരം ലെവല്‍ 2-ല്‍ നിന്ന് ലെവല്‍ 3-ലേക്ക് ഉയര്‍ത്തി. 2026 ജനുവരി 8 മുതല്‍ മുന്‍കൂര്‍ പ്രാബല്യത്തോടെ ഈ മാറ്റം നിലവില്‍ വന്നു.

◾  2027 ലെ ഏകദിന ലോകകപ്പില്‍ രോഹിത് ശര്‍മ, വിരാട് കോലി എന്നിവരെ പങ്കെടുപ്പിക്കുമോയെന്ന് ഇന്ത്യന്‍ ടീം മാനേജ്മെന്റിനോടു മുന്‍ താരം യുവരാജ് സിംഗ്. വലിയ നേട്ടങ്ങള്‍ കൈവരിച്ച താരങ്ങളോട് സുതാര്യമായി കാര്യങ്ങള്‍ സംസാരിക്കണമെന്നും അനിശ്ചിതത്വം ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

◾  ആദായനികുതി നടപടികള്‍ കൂടുതല്‍ ലളിതവും സുതാര്യവുമാക്കുന്നതിന്റെ ഭാഗമായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് പുതിയ വെബ്‌സൈറ്റായ 'കര്‍ സാഥി' പുറത്തിറക്കി. ആദായനികുതിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഒരിടത്ത് കേന്ദ്രീകരിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഈ വെബ്‌സൈറ്റിലെ ഏറ്റവും വലിയ ആകര്‍ഷണം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന 'കര്‍ സാഥി' ചാറ്റ്ബോട്ടാണ്. നികുതിദായകര്‍ക്ക് അവരുടെ സംശയങ്ങള്‍ക്ക് 24 മണിക്കൂറും ഈ ചാറ്റ്ബോട്ട് വഴി സഹായം ലഭിക്കും. പുതിയ ആദായനികുതി നിയമം സുഗമമായി നടപ്പിലാക്കുന്നതിനായുള്ള 'പ്രാരംഭ്' എന്ന സംരംഭത്തിന്റെ ഭാഗമായാണ് ഈ മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്. നികുതിദായകരെ സഹായിക്കാനായി 2,200-ലധികം ചോദ്യോത്തരങ്ങളും 186 ഫോമുകള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍ ലഭ്യമാണ്.

◾  ഓപ്പണ്‍എഐയുടെ പ്രശസ്തമായ എഐ ചാറ്റ്‌ബോട്ടായ ചാറ്റ്ജിപിടിയുടെ നിലവിലെ സബ്‌സ്‌ക്രിപ്ഷന്‍ രീതിയില്‍ വലിയ മാറ്റങ്ങള്‍ വരാന്‍ പോകുന്നു. പ്രതിമാസം നിശ്ചിത തുക നല്‍കി അണ്‍ലിമിറ്റഡ് ആയി സേവനങ്ങള്‍ ഉപയോഗിക്കുന്ന രീതി ഉടന്‍ അവസാനിച്ചേക്കുമെന്ന് കമ്പനിയുടെ പ്രൊഡക്റ്റ് വൈസ് പ്രസിഡന്റ് നിക്ക് ടര്‍ലി സൂചന നല്‍കി. എഐ മോഡലുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ വിഭവശേഷി വര്‍ദ്ധിച്ചുവരുന്നതാണ് ഈ മാറ്റത്തിന് പിന്നിലെ പ്രധാന കാരണം. നിലവില്‍ ഇന്ത്യയില്‍ മൂന്ന് തരം പ്ലാനുകളാണ് ചാറ്റ്ജിപിടിക്കുള്ളത്. പ്രതിമാസം 399 രൂപയുടെ ചാറ്റ്ജിപിടി ഗോ പ്ലാന്‍ (ഇന്ത്യയില്‍ ഇപ്പോള്‍ സൗജന്യമാണ്), 1,999 രൂപയുടെ ചാറ്റ്ജിപിടി പ്ലസ് പ്ലാന്‍, 19,900 രൂപയുടെ പ്രീമിയം പ്രോ പ്ലാന്‍ എന്നിവയാണവ. ഗൂഗിളിന്റെ ജെമിനി, ആന്ത്രോപ്പിക്കിന്റെ ക്ലോഡ് എന്നിവയില്‍ നിന്നുള്ള കടുത്ത മത്സരത്തിനിടയിലാണ് ഇത്തരമൊരു നീക്കത്തിന് കമ്പനി മുതിരുന്നത്.

◾  അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിര്‍മ്മിക്കുന്ന ഫാമിലി റൊമാന്റിക് കോമഡി എന്റര്‍ടൈനറായ 'മധുവിധു'വിന്റെ പുത്തന്‍ റിലീസ് തീയതി പുറത്ത്. ഏപ്രില്‍ 17 ന് വിഷു റിലീസ് ആയാണ് ചിത്രം ആഗോള തലത്തില്‍ തീയേറ്ററുകളിലെത്തുക. നേരത്തെ ചിത്രം മെയ് ഒന്നിന് റിലീസ് ചെയ്യുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. ഷറഫുദീന്‍ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു അരവിന്ദ്. ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് പ്രശസ്ത നടി ബിന്ദു പണിക്കരുടെ മകള്‍ കല്യാണി പണിക്കര്‍ ആണ്. കല്യാണി പണിക്കര്‍ ബിഗ് സ്‌ക്രീനില്‍ നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് 'മധുവിധു'. ജഗദീഷ്, അസീസ് നെടുമങ്ങാട്, സായ്കുമാര്‍, ശ്രീജയ, അമല്‍ ജോസ്, സഞ്ജു മധു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

◾  'ദൃശ്യം 3'യുടെ ഡിജിറ്റല്‍ അവകാശങ്ങള്‍ സ്വന്തമാക്കി ആമസോണ്‍ പ്രൈം വിഡിയോ. ഇത് സംബന്ധിച്ച് ആമസോണ്‍ ഔദ്യോഗിക പ്രസ്താവനയും പുറത്തിറക്കി. ചിത്രത്തിന്റെ ലോകമെമ്പാടുമുള്ള ഡിജിറ്റല്‍ സ്ട്രീമിങ് അവകാശങ്ങള്‍ ഇനി ആമസോണ്‍ പ്രൈമിനായിരിക്കുമെന്നും ഒടിടി റിലീസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിര്‍മാണ കമ്പനിയായ ആശിര്‍വാദ് സിനിമാസിന് ഇനി പങ്കുണ്ടാകില്ലെന്നും പ്രസ്താവനയില്‍ പറയുന്നു. മലയാളത്തില്‍ ഏറ്റവുമധികം ഹൈപ്പുള്ള ചിത്രങ്ങളിലൊന്നാണ് 'ദൃശ്യം 3'. മറുഭാഷകളിലേക്ക് ഏറ്റവുമധികം റീമേക്ക് ചെയ്യപ്പെട്ട മലയാളത്തിലെ ഫ്രാഞ്ചൈസി കൂടിയാണ് ദൃശ്യം. നേരത്തെ ഏപ്രില്‍ 2 ന് പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് മെയ് 21 ലേക്ക് മാറ്റിയിരുന്നു. അതേസമയം ദൃശ്യം 3യ്ക്ക് മുന്‍പായി 'ദൃശ്യം 2' ഏപ്രില്‍ 10ന് ബിഗ് സ്‌ക്രീനിലെത്തും. ദൃശ്യം 3 മലയാളം, ഹിന്ദി ഭാഷകളില്‍ ഒരേസമയത്താണ് ചിത്രീകരണം നടന്നത്. മോഹന്‍ലാലിനൊപ്പം മീന, എസ്തര്‍ അനില്‍, അന്‍സിബ എന്നിവരും ചിത്രത്തിമുണ്ട്.

◾  സുസുക്കി മോട്ടര്‍സൈക്കിളിന്റെ മാക്സി സ്‌കൂട്ടര്‍ ബര്‍ഗ്മാന്റെ ഏറ്റവും പുതിയ മോഡല്‍ ബര്‍ഗ്മാന്‍ സ്ട്രീറ്റ് വിപണിയില്‍ അവതരിപ്പിച്ചു. 113,220 രൂപയാണ് ടോപ് വേരിയന്റായ ടി എഫ് ടി / കീലെസ് വേരിയന്റിന്റെ വില. ബേസ് മോഡലായ റൈഡ് കണെക്റ്റിന്റെ വില 1,07,944. സാധാരണ സ്‌കൂട്ടര്‍ മോഡലുകളില്‍നിന്നു മാറി യുണീക് ഡിസൈന്‍ ആണ് പ്രധാന ഹൈലൈറ്റ്. ആക്‌സസിലെ എന്‍ജിന്‍ തന്നെയാണ് ബര്‍ഗ്മാനിലും. കരുത്ത് 6.2 കിലോവാട്ട്. കൂടിയ ടോര്‍ക്ക് 10.2 എന്‍എം. ഉയര്‍ന്ന ഫ്രീക്വന്‍സി ശബ്ദം പുറപ്പെടുവിക്കുന്ന ഡീപ്പര്‍ എക്സോസ്റ്റ് നോട്ടാണ് ബര്‍ഗ്മാന്‍ സ്ട്രീറ്റിന്റെ മറ്റൊരു പ്രധാന ആകര്‍ഷണം. ടോപ് വേരിയന്റ് കോപ്പര്‍ മിക്‌സോടുകൂടി 5 നിറങ്ങളില്‍ ലഭിക്കും. 2018 ല്‍ ആണ് ബര്‍ഗ്മാന്‍ ആദ്യമായി വിപണിയിലെത്തുന്നത്. ഇതുവരെ 1.1 മില്യണ്‍ ഉപയോക്താക്കള്‍ ബര്‍ഗ്മാനുണ്ട്. രണ്ടാം തലമുറ മോഡലാണിത്.

◾  മന്ത്രവാദവും അന്ധവിശ്വാസവും മനുഷ്യമനസ്സിനെ കീഴടക്കിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്തിനെതിരായി സഞ്ചരിക്കുന്ന രചന. മനപ്പറമ്പും സ്വര്‍ണ്ണത്തകിടും പ്രളയവും ചേര്‍ന്ന് ആധുനിക പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന ഒരു കഥ. എന്താണിനി സംഭവിക്കുക എന്ന് ഒരു ഗ്രാമം മുഴുവന്‍ ഉറ്റുനോക്കുമ്പോള്‍, അതില്‍ വായനക്കാരേയും ഭാഗമാക്കുന്ന ഉദ്വേഗജനകമായ നോവല്‍. പ്രസിദ്ധ സിനിമാസംവിധാ യകനും തിരക്കഥാകൃത്തുമായ എഴുത്തുകാരനില്‍ നിന്നും മറ്റൊരു രചന. 'തൊട്ടാവാടിപുരത്തെ യക്ഷി'. റഷീദ് പാറയ്ക്കല്‍. ഗ്രീന്‍ ബുക്സ്. വില 111 രൂപ.

◾  വേനല്‍ക്കാലമായാല്‍ വീടിനകത്തിരിക്കുന്നതാണ് സുരക്ഷിതമെന്ന് കരുതിയാല്‍ തെറ്റി. നിര്‍ജ്ജലീകരണം, സൂര്യതപം, സൂര്യാഘാതം തുടങ്ങിയവ സൂര്യ പ്രകാശം നേരിട്ട് ഏല്‍ക്കുമ്പോള്‍ മാത്രമല്ല ഉണ്ടാകുന്നത്. കുഞ്ഞുങ്ങള്‍, പ്രായമായവര്‍, രോഗികള്‍ എന്നിവരെ സംബന്ധിച്ച് വീട്ടിനുള്ളില്‍ പോലും ഇതുണ്ടാകാം. അതുകൊണ്ട് തന്നെ, ശരീരത്തില്‍ ജലാംശം ഉറപ്പാക്കുകയാണ് പ്രധാനം. വീട്ടിലിരിക്കുമ്പോള്‍ കഞ്ഞിവെള്ളം, മേര്, നാരങ്ങാവെള്ളം, കരിക്ക്, തണ്ണിമത്തന്‍ പോലുള്ളത് കുടിക്കുന്നത് ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും. കൂടാതെ വീടിനുള്ളില്‍ വായു സഞ്ചാരം ഉറപ്പാക്കുക. അമിതമായി മധുരം ചേര്‍ത്തതും കാര്‍ബണേറ്റഡ് പാനീയങ്ങളും വളരെ സൂക്ഷിച്ച് മാത്രം ഉപയോഗിക്കുക. ഇവ നിര്‍ജലീകരണത്തിന് കാരണമാകാം. തുടര്‍ച്ചയായി വെയിലേറ്റാല്‍ സൂര്യാഘാതമോ, സൂര്യാതപമോ ഉണ്ടാകാനിടയുണ്ട്. പൊള്ളല്‍, ക്ഷീണം, തലകറക്കം, തലവേദന, ഓക്കാനവും ഛര്‍ദിയും, അസാധരണമായ വിയര്‍പ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് കുറയുക, മൂത്രം കടും നിറത്തിലാവുക, വേഗത്തിലുള്ള ഹൃദയമിടിപ്പ്, ബോധക്ഷയം എന്നിവ ഉണ്ടായാല്‍ ശ്രദ്ധിക്കണം. വീടിനുള്ളിലെ ചൂടു കുറയ്ക്കാന്‍ ഫാനോ എസിയോ ഉപയോഗപ്പെടുത്താവുന്നതാണ്.

*ശുഭദിനം*
*കവിത കണ്ണന്‍*
അവള്‍ വിവാഹമോചിതയായി.  ജീവിതം അസ്വസ്ഥമായപ്പോള്‍ അവള്‍ക്ക് വണ്ണം കൂടാന്‍ തുടങ്ങി.  രണ്ടുവര്‍ഷം കൊണ്ട് വണ്ണം പിടിവിട്ടുപോയി.  വണ്ണം കുറക്കാന്‍ അവള്‍ പലതും ചെയ്തു.  ഭക്ഷണം വളരെ കുറച്ചു.  ജിമ്മില്‍ പോയി. തുടര്‍ച്ചയായി വ്യായാമം ചെയ്തു.  ഒരു ഫലവും കണ്ടില്ല.  പതിനൊന്നര കിലോ കുറയ്ക്കണം എന്നായിരുന്നു ഡോക്ടറുടെ നിര്‍ദ്ദേശം.  അവള്‍ സമ്പൂര്‍ണ്ണ നിരാശയിലേക്ക് വീണു.  അവസാന ശ്രമമെന്നോണം ഭാരം കുറയ്ക്കാനുളള വാഗ്ദാനം മുന്നോട്ട് വെച്ച ഒരു സ്ഥാപനത്തില്‍ അവള്‍ പോകാന്‍ തീരുമാനിച്ചു.  രാത്രിയിലായിരുന്നു പരിശീലനപരിപാടി.  അവിടെ ചെന്നപ്പോള്‍ അവള്‍ ഒരു സ്ത്രീയെ പരിചയപ്പെട്ടു.  അവര്‍ വാതോരാതെ സംസാരിക്കാന്‍ തുടങ്ങി.  വണ്ണം കുറഞ്ഞിട്ട് വേണം വീണ്ടും ജിമ്മില്‍ പോകാന്‍, എന്നിട്ട് നീന്തല്‍ വസ്ത്രമണിഞ്ഞ് പുഴയില്‍ ചാടി കുളിക്കണം.  അവരെ നിര്‍ത്താതെയുളള സംസാരത്തിന് വിരാമമിടാന്‍ അവള്‍ ചോദിച്ചു:  ഈ പരിശീലനപരിപാടിയില്‍ വരാന്‍ എന്താണ് കാരണം?  അവരുടെ മറുപടി അവളെ ഞെട്ടിച്ചു.  അവര്‍ പറഞ്ഞു: കുറച്ച് വര്‍ഷം മുമ്പ് താന്‍ ഒരു കാറപടകത്തില്‍ പെട്ടു.  കഷ്ടിച്ചു ജീവന്‍ തിരിച്ചുകിട്ടി.  ഒരു കാല്‍ മുറിച്ചുകളയേണ്ടിവന്നു.  ഒരുപാട് കാലം ആശുപത്രിയില്‍ കഴിയേണ്ടിവന്നു.  ആകെ ഭക്ഷണം കഴിക്കുക മാത്രമായിരുന്നു ഏക ആശ്വാസം.  അത് ധാരാളമായി കഴിക്കുകയും ചെയ്തു.  അങ്ങിനെ വന്നപ്പോള്‍ തടികൂടി. കൃത്രിമക്കാല്‍ ശരീരത്തോട് ചേര്‍ത്ത് വെക്കാന്‍ സാധിക്കാതെ വന്നു.  വണ്ണം കുറഞ്ഞിട്ടുവേണം കൃത്രിമക്കാല്‍ വെക്കാന്‍.  കഥ കേട്ടുകഴിഞ്ഞപ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞുവന്നു. തന്റെ പ്രശ്നമെല്ലാം എത്ര നിസ്സാരം.. തുടര്‍ന്ന് അവള്‍ അവരെ പതിവായി ഫോണില്‍ വിളിക്കാന്‍ തുടങ്ങി.  ഇടക്ക് അവരുടെ വീട്ടില്‍ പോവും. അവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്ത് കൊടുക്കും.  ഒരുമിച്ച് യാത്രപോകും, ഒരുമിച്ച് സ്വപ്നങ്ങള്‍ കാണും.  ക്രമേണ അവരുടെ വണ്ണം കുറയാന്‍ തുടങ്ങി.  സമാന്തരമായി അവളുടേയും.. സുഹൃത്ത് വണ്ണം കുറഞ്ഞ് കൃത്രിമക്കാലില്‍ നടന്നുതുടങ്ങിയപ്പോഴേക്കും, അവള്‍ തന്റെ പതിനൊന്നര കിലോ കുറയ്ക്കുക എന്ന ലക്ഷ്യത്തിലെത്തിച്ചേര്‍ന്നിരുന്നു..  മറ്റുളളവര്‍ക്കായി നാം ചെയ്യുന്ന നന്മയുടെ ഫലം , നമ്മളറിയാതെ നമുക്ക് കൂടി വന്ന് ഭവിക്കുന്നു.  - ശുഭദിനം.
Previous Post Next Post
3/TECH/col-right