Trending

സായാഹ്ന വാർത്തകൾ.

2026 ഏപ്രില്‍ 3  വെള്ളി
1201  മീനം 20  ചിത്തിര

◾  ഇറാനില്‍ അമേരിക്ക കരയുദ്ധം തുടങ്ങുന്നതിനിടെ കരസേനാ മേധാവിയെ ട്രംപ് ഭരണകൂടം പുറത്താക്കി. ആര്‍മി ചീഫ് ഓഫ് സ്റ്റാഫ് റാന്‍ഡി ജോര്‍ജിനെയാണു പുറത്താക്കിത്. കാലാവധി തീരാന്‍ ഒരു വര്‍ഷം ബാക്കി നില്‍ക്കെ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്താണ് സ്ഥാനമൊഴിയാന്‍ ആവശ്യപ്പെട്ടത്. രണ്ടു മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരെ കൂടി പുറത്താക്കിയെന്നു യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. യുഎസ് ആര്‍മി ട്രാന്‍സ്‌ഫോര്‍മേഷന്‍ ആന്‍ഡ് ട്രെയിനിംഗ് കമാന്‍ഡ് തലവനായ ജനറല്‍ ഡേവിഡ് ഹോഡ്‌നെ, യുഎസ് ആര്‍മി ചാപ്ലൈന്‍ കോര്‍പ്‌സ് തലവന്‍ മേജര്‍ ജനറല്‍ വില്യം ഗ്രീന്‍ ജൂനിയര്‍ എന്നിവരെയാണ് ചുമതലകളില്‍ നിന്ന് ഒഴിവാക്കിയത്.

◾ ഇറാനിലെ വാണിജ്യപ്രാധാന്യമുള്ള കൂറ്റന്‍ പാലം അമേരിക്ക വ്യോമാക്രമണത്തില്‍ തകര്‍ത്തു. ടെഹ്റാനെ കരാജ് നഗരവുമായി ബന്ധിപ്പിക്കുന്ന ഇറാനിലെ ഏറ്റവും ലിയ പാലമായ ബി-1 ബ്രിഡ്ജാണ് തകര്‍ത്തത്. എട്ടു പേര്‍ കൊല്ലപ്പെട്ടു. നൂറോളം പേര്‍ക്ക് പരിക്കേറ്റു. അടിസ്ഥാന സൗകര്യങ്ങളും വൈദ്യുതി പ്ലാന്റുകളും തകര്‍ക്കുമെന്ന് ട്രംപ് മുന്നറിയിപ്പു നല്‍കി.

◾  പ്രത്യാക്രമണവുമായി ഇറാന്‍. അമേരിക്കയുടെ രണ്ട് എഫ് 35 യുദ്ധവിമാനങ്ങള്‍ ഇറാന്‍ വീഴ്ത്തി. ഇസ്രയേലിലെ ടെല്‍ അവീവ്, അബുദാബിയിലെ ഖലീഫ തുറമുഖം, സൗദിയിലെ കിഴക്കന്‍ മേഖല എന്നിവിടങ്ങളിലേക്കു മിസൈല്‍ ആക്രമണമുണ്ടായി. മിസൈല്‍ ഭീഷണിമൂലം ദോഹയിലും, ദുബായിലും സൈറണ്‍ മുഴങ്ങി.

◾  ചെറിയ കേസുകള്‍ക്കു ക്രിമിനല്‍ വകുപ്പുകള്‍ ഒഴിവാക്കുന്ന ജനവിശ്വാസ് ബില്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാക്കുന്നു. കോടതികളിലെ വ്യവഹാര ബാഹുല്യം കുറയ്ക്കാന്‍ ഈ നിയമം സഹായിക്കും. കെട്ടിക്കിടക്കുന്ന അഞ്ചു കോടി കേസുകള്‍ ഇല്ലാതാക്കാനാകുമെന്നാണു പ്രതീക്ഷ.

◾  ലോകമെങ്ങുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഇന്നു ദുഃഖവെള്ളി ആചരിക്കുന്നു. യേശുവിന്റെ കുരിശുമരണത്തിന്റെ ഓര്‍മകളുമായി വത്തിക്കാനില്‍ ലെയോ മാര്‍പാപ്പ തിരുക്കര്‍മങ്ങള്‍ക്കു മുഖ്യകാര്‍മികനായി. യേശുവിന്റെ സഹനസന്ദേശം മതസൗഹാര്‍ദത്തിനും മാനവരാശിയുടെ ഒരുമയ്ക്കും വഴിയൊരുക്കട്ടെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസിച്ചു.

◾  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് നാളെ എംസി റോഡിലും തിരുവനന്തപുരത്തും ഗതാഗത നിയന്ത്രണം. തിരുവല്ല മുതല്‍ ചങ്ങനാശേരി വരെ ഇന്നും നാളെയും ഉച്ചയ്ക്കു 12 മുതല്‍ ആറു വരെ ട്രാഫിക് നിയന്ത്രണം  ഉണ്ടാകും. നാളെ ഉച്ചയ്ക്കു രണ്ടു മുതല്‍ 9 വരെ തിരുവനന്തപുരത്തും ഗതാഗത നിയന്ത്രണം.

◾  പ്രത്യേക തസ്തിക സൃഷ്ടിച്ച് സിപിഎം അനുകൂലികളായ ഉദ്യോഗസ്ഥര്‍ക്കു നിയമനം നല്‍കി കണ്ണൂര്‍ ജില്ലയില്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ നീക്കമെന്ന് ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്. ഇലക്ഷന്‍ ഡപ്യൂട്ടി കലക്ടറായി തിരുവനന്തപുരത്തെ സിപിഎം നേതാവ് ഷിജുഖാന്റെ ഭാര്യയെ നിയമിച്ചതാണു വിവാദമായത്.

◾  മൈക്കിലൂടെ എത്ര വീടു വേണമെങ്കിലും നിര്‍മിക്കാമെന്നും വി.ഡി.സതീശന്‍ അദ്ദേഹത്തിന്റെ അവതരണമേന്മ കൊണ്ട് വയനാട്ടില്‍ ഇങ്ങനെ കുറെ വീടുകള്‍ നിര്‍മിച്ചെന്നാണു പറയുന്നതെന്നും സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി. തൃശൂര്‍ പ്രസ് ക്ലബില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

◾  നിയമസഭ തെരഞ്ഞെടുപ്പിനു വോട്ടര്‍മാര്‍ക്കുള്ള വോട്ടര്‍ സ്ലിപ്പ് വിതരണം ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ആരംഭിച്ചു. വീടുതോറും എത്തിക്കുന്ന സ്ലിപ്പുകളില്‍ ബൂത്ത് ലൊക്കേഷനും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. തിരിച്ചറിയല്‍ രേഖ സഹിതം വോട്ട് രേഖപ്പെടുത്തണമെന്നു തെരഞ്ഞെടുപ്പ് അധികൃതര്‍ അറിയിച്ചു.

◾  കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ ജനീഷ് ജയിക്കണമെന്നാണ് ഉമ്മന്‍ ചാണ്ടി ആഗ്രഹിക്കുകയെന്ന് ചാണ്ടി ഉമ്മന്‍. കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും സഹോദരീ ഭര്‍ത്താവുമായ വര്‍ഗീസ് ജോര്‍ജിനെതിരേ പ്രചാരണവുമായാണു ചാണ്ടി ഉമ്മന്‍ എത്തിയത്.

◾  പാലക്കാട്ടെ കോണ്‍ഗ്രസ് കൌണ്‍സിലര്‍ പ്രശോഭ് വത്സന്‍ ദളിത് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ദേശീയ വനിതാ കമ്മീഷന്‍ ഡിജിപിയില്‍നിന്നു വിശദീകരണം തേടി. അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നും ഇതുവരെ സ്വീകരിച്ച നടപടികളെക്കുറിച്ച് റിപ്പോര്‍ട്ട് വേണമെന്നുമാണ് നിര്‍ദ്ദേശം. പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്റെ പരാതിയിലാണ് നടപടി.

◾  പേരാമ്പ്രയിലെ വര്‍ഗീയ വിദ്വേഷ അനൗണ്‍സ്മെന്റ് വിവാദത്തില്‍ എല്‍ഡിഎഫ് കണ്‍വീനറും സ്ഥാനാര്‍ഥിയുമായ ടിപി രാമകൃഷ്ണന് മാതൃകാ പെരുമാറ്റ ചട്ടത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടര്‍ നോട്ടീസ് നല്‍കി. യുഡുഎഫ് സ്ഥാനാര്‍ത്ഥി തഹ്ലിയക്കെതിരേ 'നമ്മുടെ ഖൗമിലെ (സമുദായം) കുട്ടിയെ വിജയിപ്പിക്കണമെന്നു മുസ്ലിം ലീഗുകാര്‍ വീടുകള്‍ കയറി പറയുന്ന'തായാണ് അനൈണ്‍സ്മെന്റു വാഹനത്തിലൂടെ പുറത്തുവിട്ടതെന്നാണ് മുസ്ലിം ലീഗിന്റെ പരാതി.

◾  പയ്യന്നൂര്‍ ഏരിയാ കമ്മിറ്റി ഓഫീസില്‍ വ്യാജ ആധാര്‍ കാര്‍ഡ് അടിക്കുന്നു എന്ന പ്രസ്താവനക്കെതിരെ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന് സിപിഎമ്മിന്റെ വക്കീല്‍ നോട്ടീസ്.

◾  സിപിഐ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണു. അട്ടപ്പാടിയില്‍ എല്‍ഡിഎഫ് പുതൂര്‍ പഞ്ചായത്ത് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ കുഴഞ്ഞുവീണ അദ്ദേഹത്തെ പുതൂര്‍ ഫാമിലി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചു.

◾  വിവാദമായ നിര്‍മല്‍ കൃഷ്ണ ചിട്ടി തട്ടിപ്പു കേസ് അന്വേഷിക്കാനില്ലെന്ന് സിബിഐ. തമിഴ്നാട്ടിലും കേരളത്തിലുമായി അറുനൂറ് കോടിയോളം രൂപയുടെ തട്ടിപ്പ് നടന്ന കേസില്‍ സിബിഐ അന്വേഷണം പ്രായോഗികമല്ലെന്ന് കേന്ദ്ര പേഴ്സണല്‍ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് സംസ്ഥാന സര്‍ക്കാര്‍ കേസ് സിബിഐക്ക് കൈമാറിയിരുന്നത്.

◾  മാനന്തവാടി വടക്കനാട് ജനവാസ മേഖലയില്‍ ഭീതി പരത്തിയ കാട്ടാനയെ മയക്കുവെടി വച്ചു. മുട്ടിക്കൊമ്പന്‍ എന്ന് പ്രദേശവാസികള്‍ വിളിച്ചിരുന്ന ടി ടി വണ്‍ എന്ന ആനയെയാണ് ഇന്ന് പുലര്‍ച്ചയോടെ മയക്കുവെടി വച്ചത്.

◾  ഡോക്ടറെ പരിശോധന മുറിയില്‍ മര്‍ദ്ദിച്ചു. പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. സിനി ജലീലിനെയാണ് നാലു സ്ത്രീകള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. സ്വകാര്യ ക്ലിനിക്കിലെ പരിശോധനാ മുറിയിലാണ് സംഭവം. പരിക്കേറ്റ ഡോക്ടര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

◾  കേരള കര്‍ണാടക അതിര്‍ത്തി ഗ്രാമമായ ബാവലിയിലെ പുഴയില്‍ കോഴിക്കോട് സ്വദേശികളായ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കോഴിക്കോട് പതിമംഗലം സ്വദേശി അഷ്റഫിന്റെ മകന്‍ ആഷിഖ് (15) കൊയിലാണ്ടി സ്വദേശി ഷംഷീറിന്റെ മകന്‍ അദ്‌നാന്‍ (17) എന്നിവരാണ് മരിച്ചത്.

◾  മുംബൈയില്‍ യുവതിയെ പിന്തുടര്‍ന്ന് ലൈംഗികാതിക്രമത്തിനു ശ്രമിച്ച അക്രമികള്‍ക്കു നേരെ വെടിയുതിര്‍ക്കുകയും ഒരാള്‍ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തില്‍ മലയാളി അറസ്റ്റിലായി. വെടിവയ്പില്‍ രണ്ടു പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. അക്ബര്‍ അബ്ദുള്‍ ഷെയ്ഖ് എന്നയാളാണ് കൊല്ലപ്പെട്ടത്. താനെയിലെ മുബ്രയില്‍ വെടിവെച്ച മലയാളിയായ ജയന്‍ ശിവാനന്ദന്‍ നായരാണു പിടിയിലായത്.

◾  രാജാ രവിവര്‍മ്മയുടെ യശോദയും കൃഷ്ണനും എന്ന ചിത്രം ലേലത്തില്‍ വിറ്റുപോയത് 167.20 കോടി രൂപയ്ക്ക്.  സാഫ്രോണ്‍ ആര്‍ട്ട് സ്പ്രിങ് ലേലത്തിലാണ് ലോകത്തെ ഏറ്റവും വലിയ വാക്സിന്‍ നിര്‍മ്മാതാക്കളില്‍ ഒന്നായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപകന്‍ സൈറസ് പൂനവാല ചിത്രം സ്വന്തമാക്കിയത്.

◾  പഞ്ചാബിലെ ഛണ്ഡീഗഡിലുള്ള ബിജെപി ആസ്ഥാനത്തിനു സമീപത്തെ സ്ഫോടനത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. അമന്‍ സിംഗ്, ഗുര്‍തേജ് സിംഗ് എന്നിവരാണ് പിടിയിലായത്.

◾  കൊല്‍ക്കത്തയിലെ ഗാര്‍ഡന്‍ റീച്ച് ഷിപ് ബില്‍ഡേഴ്സ് ആന്‍ഡ് എന്‍ജിനീയേഴ്സ് (ജിആര്‍എസ്ഇ) ലിമിറ്റഡ് നിര്‍മിച്ച മൂന്നു യുദ്ധക്കപ്പലുകള്‍ ഇന്ത്യന്‍ നാവികസേനയ്ക്കു കൈമാറി.

◾  ചന്ദ്രനിലേക്കുള്ള യാത്രയില്‍ ആര്‍ട്ടെമിസ് 2 ഭൗമ പരിക്രമണപഥം വിടാന്‍ പേടകത്തിലെ എഞ്ചിനുകള്‍ പ്രവര്‍ത്തിപ്പിച്ചു ട്രാന്‍സ് ലൂണാര്‍ ഇഞ്ചക്ഷന്‍ പൂര്‍ത്തിയാക്കി. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5:19 നായിരുന്നു ടിഎല്‍ഐ ജ്വലനം. ദൗത്യത്തിന്റെ അഞ്ചാം ദിനമാണ് ചാന്ദ്ര ആകര്‍ഷണ വലയത്തില്‍ പ്രവേശിക്കുക. ഇതിനിടെ നാലംഗ സംഘം ആദ്യമായി ഭക്ഷണം കഴിക്കുകയും വ്യായാമം ചെയ്യുകയും ചെയ്തു.

◾  യുഎസ് അറ്റോര്‍ണി ജനറല്‍ പാം ബോണ്ടിയെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുറത്താക്കി. ജെഫ്രി എപ്സ്റ്റീന്‍ ഫയലുകള്‍ കൈകാര്യം ചെയ്തതടക്കം ബോണ്ടിയുടെ പ്രവര്‍ത്തനങ്ങളില്‍ ട്രംപിന് അതൃപ്തി ഉണ്ടായിരുന്നു.

◾  ഐപിഎല്ലില്‍ ആരാധകര്‍ കാത്തിരിക്കുന്ന ആവേശപ്പോരാട്ടം ഇന്ന് ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍. അഞ്ച് തവണ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇന്ന് പഞ്ചാബ് കിംഗ്‌സിനെ നേരിടും. ചെന്നൈയുടെ ഹോം ഗ്രൗണ്ടില്‍ മലയാളി താരം സഞ്ജു സാംസണ്‍ പോരാട്ടത്തിനിറങ്ങുമെന്നതാണു മറ്റൊരു സവിശേഷത.

◾  സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ദുഃഖ വെള്ളിയാഴ്ച കൂടിയായ ഇന്ന് രാവിലെ വ്യാപാരം ആരംഭിച്ച ആരംഭിച്ച വേളയില്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമിന് ഗ്രാമിന് 180 രൂപ വര്‍ധിച്ച് ഒരുഗ്രാമിന്റെ വില 13,835 രൂപയിലെത്തി. ഒരു പവന് (8 ഗ്രാം തൂക്കം) 1,440 രൂപയുടെ വര്‍ധനയോടെ പുതുക്കിയ വില 1,10,680 രൂപയായി. 18 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമിന് 150 രൂപ ഉയര്‍ന്ന് പുതിയ വില 11,370 രൂപയായി രേഖപ്പെടുത്തി. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ക്ക് ഉപയോഗിക്കുന്ന 14 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമിന് 115 രൂപ കൂടി ഇന്ന് രാവിലത്തെ വില 8,855 രൂപയായി. ഒമ്പത് കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമിന് 75 രൂപ വര്‍ധിച്ച് വിപണി വില 5,710 രൂപയായി. അതേസമയം വെള്ളി വിലയില്‍ ഇന്നും മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 250 രൂപയില്‍ തുടരുന്നു. ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നതിന് 1,14,054 രൂപയെങ്കിലും ചെലവാക്കേണ്ടി വരും. ആഭരണത്തിന്റെ ഡിസൈനില്‍ വരുന്ന മാറ്റമനുസരിച്ച് പണിക്കൂലിയിലും വ്യത്യാസം വരും.

◾  ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ കമ്പനിയായ റിയല്‍മി 16 ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ ഏറ്റവും പുതിയ മിഡ് റേഞ്ച് സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കി. ജല പ്രതിരോധത്തിനുള്ള ഐപി69 റേറ്റിങ്, 7,000 എംഎഎച്ച് ബാറ്ററി, മീഡിയടെക്കിന്റെ ഡൈമെന്‍സിറ്റി 6400 ടര്‍ബോ പ്രോസസര്‍, 120 ഹെര്‍ട്സ് വരെ റിഫ്രഷ് റേറ്റ് ഉള്ള 6.57 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ, സ്ലീക്ക് ഡിസൈന്‍ എന്നിവയാണ് റിയല്‍മി 16 ഫോണിന്റെ പ്രധാന പ്രത്യേകതകള്‍. നേരിട്ടുള്ള സൂര്യപ്രകാശത്തില്‍ ഉപയോഗിക്കുമ്പോള്‍ സ്മാര്‍ട്ട്ഫോണിന് 4200 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ് കൈവരിക്കാന്‍ കഴിയും. സോണി ഐഎംഎക്‌സ് 852 50 എംപി പിന്‍ കാമറയും സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി 50 എംപി മുന്‍ കാമറയും ഉണ്ട്. ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള റിയല്‍മി യുഐ 7.0ലാണ് പ്രവര്‍ത്തിക്കുക. 8 ജിബി + 128 ജിബി മോഡലിന് 31,999 രൂപയും 8 ജിബി + 256 ജിബി മോഡലിന് 33,999 രൂപയുമാണ് വില. 12ജിബി + 256ജിബി സ്റ്റോറേജുള്ള ഈ ഫോണിന്റെ ഉയര്‍ന്ന മോഡലിന്റെ വില 36,999 രൂപയാണ്.

◾  രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ രചനയും സംവിധാനവും നിര്‍വഹിച്ച 'ഒരു ദുരൂഹ സാഹചര്യത്തില്‍' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. പ്രണയവും ആക്ഷനുമെല്ലാം കോര്‍ത്തിണക്കിയ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. ചിത്രം ഏപ്രില്‍ 15ന് തിയറ്ററുകളിലെത്തും.  കുഞ്ചാക്കോ ബോബനൊപ്പം ദിലീഷ് പോത്തന്‍, സജിന്‍ ഗോപു, ചിദംബരം, ജാഫര്‍ ഇടുക്കി, സുധീഷ്, ശരണ്യ രാമചന്ദ്രന്‍, പൂജ മോഹന്‍രാജ്  എന്നീ താരങ്ങളും ട്രെയിലറില്‍ കടന്നുവരുന്നുണ്ട്. ഇവര്‍ക്കുപുറമേ റേഡിയോയും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമാണ്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ഉദയ പിക്ചേഴ്സിന്റെ ബാനറില്‍ കുഞ്ചാക്കോ ബോബനും ചേര്‍ന്നാണ് 'ഒരു ദുരൂഹ സാഹചര്യത്തില്‍ നിര്‍മിക്കുന്നത്. രാജേഷ് മാധവന്‍, ഷാഹി കബീര്‍, പി. പി കുഞ്ഞികൃഷ്ണന്‍, ദിവ്യ രതീഷ് പൊതുവാള്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു.

◾  നവാഗതനായ സവിന്‍ എസ് എ സംവിധാനം ചെയ്ത 'വാഴ II' ബയോപിക് ഓഫ് ബില്യണ്‍ ബ്രോസിന് ഓപ്പണിങ് ഡേയില്‍ തന്നെ അഞ്ച് കോടിക്ക് മുകളിലാണ് കളക്ഷന്‍. മലയാള സിനിമ ചരിത്രത്തില്‍ തന്നെ ഇതാദ്യമായിട്ടാണ് നവാഗതരെ മുന്‍ നിര്‍ത്തി നവാഗത സംവിധായകന്‍ സംവിധാനം ചെയ്ത ഒരു സിനിമക്ക് ആദ്യ ദിനം തന്നെ അഞ്ച് കോടിക്ക് മുകളില്‍ കളക്ഷന്‍ കിട്ടുന്നത്. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങില്‍ സൂപ്പര്‍ താര ചിത്രത്തിന് ലഭിക്കുന്ന അതേ സ്വീകാര്യത തന്നെയാണ് വാഴ 2വിന് ലഭിക്കുന്നത്. ഹാഷിര്‍, അലന്‍ ബിന്‍ സിറാജ്, അജിന്‍ ജോയ്, വിനായക്, അമീന്‍ തുടങ്ങിയ ഒരുപറ്റം യുവതാരങ്ങള്‍ക്കൊപ്പം സുധീഷ്, ബിജുക്കുട്ടന്‍, വിജയ് ബാബു, അജു വര്‍ഗീസ്, അരുണ്‍, അല്‍ഫോന്‍സ് പുത്രന്‍, വിനോദ് കെടാമംഗലം തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. ഹിറ്റ് സംവിധായകന്‍ വിപിന്‍ ദാസ് ആണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയത്.

◾  ബോളിവുഡ് നടന്‍ അജയ് ദേവ്ഗണിന്റ 57-ാം ജന്മദിനത്തിന് മാറ്റ് കൂട്ടിയത് ഒരു ആഡംബര വാഹനം മെഴ്‌സിഡീസ് ബെന്‍സ് വി-ക്ലാസ് സ്വന്തമാക്കി കൊണ്ടാണ്. ഏകദേശം 1.4 കോടി രൂപയാണ് വാഹനത്തിന്. ഒബ്സിഡിയന്‍ ബ്ലാക്ക്, ഹൈ-ടെക് സില്‍വര്‍, ആല്‍പൈന്‍ ഗ്രേ, സോഡാലൈറ്റ് ബ്ലൂ, ക്രിസ്റ്റല്‍ വൈറ്റ് എന്നീ അഞ്ച് നിറങ്ങളിലാണ് മെഴ്സിഡീസ് ബെന്‍സ് വി ക്ലാസ് ലഭ്യമാകുക. നാല് സീറ്റുകളുള്ള ലക്ഷ്വറി ലേഔട്ടിലും ആറ് സീറ്റുകളുള്ള കോണ്‍ഫിഗറേഷനിലും വിക്ലാസ് സ്വന്തമാക്കാം. അകത്തളത്തിലേക്ക് വന്നാല്‍, ഈ വാഹനം കംഫര്‍ട്ടിന് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ഡ്യുവല്‍ ഡിജിറ്റല്‍ ഡിസ്‌പ്ലേകള്‍, ആംബിയന്റ് ലൈറ്റിങ്, പ്രീമിയം ഓഡിയോ, മള്‍ട്ടി-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയെല്ലാം ചേര്‍ന്ന് വാഹനത്തെ വേറിട്ടതാക്കുന്നു. പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. മെക്കാനിക്കല്‍ വശങ്ങളിലേക്ക് നോക്കിയാല്‍, വി-ക്ലാസ്സില്‍ 2.0 ലീറ്റര്‍ എന്‍ജിനും 9-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമാണുള്ളത്. ഒപ്പം സുഗമമായ പ്രവര്‍ത്തനത്തിന് മൈല്‍ഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ പിന്തുണയുമുണ്ട്. ഇതിന്റെ പവര്‍ 200+ ബിഎച്ച്പി റേഞ്ചിലാണ് വരുന്നത്.

◾  സിക്കിം ഭാഷയില്‍ 'മൊ തിമിലായ് മായ ഗൊര്‍ച്ചു' എന്നാല്‍ 'ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു'. 'നീ ആരാണ്?  നിനക്ക് വേണ്ടി എനിക്ക് എന്താണ് ചെയ്യാന്‍ സാധിക്കുക?' ടീസ്റ്റാ നദിയുടെ ഒഴുക്കില്‍ ഓര്‍മ്മകള്‍ കഥ പറഞ്ഞു. സിക്കിം മലനിരകളുടെ കാവ്യഭാഷയും മൂടല്‍മഞ്ഞും ഉരുളും മിന്നലും അവള്‍ക്കൊരു പുതുവിശ്വത്തിന്റെ വാതില്‍പ്പടിയായി. ഒന്നു പറഞ്ഞറിയിക്കാനാവാത്ത ആത്മബന്ധനംപോലെ സിക്കിമ്മിലെ മഞ്ഞുതുള്ളികള്‍ കൂട്ടുകാരായി ഏകാന്തവിജനതയില്‍ രാത്രികളില്‍ ശലഭക്കൂട്ടങ്ങള്‍ സ്വപ്നങ്ങളുടെ ചുറ്റിലും പറക്കുന്നു. യാത്രകളും സ്വപ്നങ്ങളും പ്രണയവും ദുഃഖവും ചേര്‍ന്ന് ഓരോ വായനക്കാരന്റെയും ഹൃദയത്തില്‍ മൗനസംഗീതമായി മുഴങ്ങുന്നു. 'മൊ തിമിലായ് മായ ഗൊര്‍ച്ചു'. പ്രീത ബാലന്‍. ഗ്രീന്‍ ബുക്സ്. വില 119 രൂപ.

◾  അമേരിക്കയുള്‍പ്പെടെ ഇരുപത്തിമൂന്നു രാജ്യങ്ങളില്‍ പടര്‍ന്നു പിടിച്ച് കോവിഡിന്റെ പുതിയ വകഭേദം. സിക്കാഡ എന്നു വിളിപ്പേരുള്ള ഒമിക്രോണ്‍ ഉപവിഭാഗമായ ബിഎ.3.2 അമേരിക്കയില്‍ മാത്രം 29 സ്റ്റേറ്റുകളിലാണു റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരിക്കുന്നത്. യൂറോപ്പിലും ഏഷ്യന്‍ രാജ്യങ്ങളിലും സിക്കാഡ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഭയപ്പെടേണ്ടതില്ലെന്നും രോഗവ്യാപനം നിയന്ത്രണവിധേയമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിലവില്‍ ലോകാരോഗ്യ സംഘടനയുടെയും യുഎസ് സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെയും നിരീക്ഷണത്തിലുള്ള പുതിയ കോവിഡ് വകഭേദമാണ് സിക്കഡ. 70 മുതല്‍ 75 വരെ ജനിതക മാറ്റങ്ങള്‍ സംഭവിച്ചിട്ടുള്ള പുതിയ വകഭേദത്തിനു മാരകമായ പുതിയ രോഗങ്ങളുണ്ടാക്കാനാകുമോ എന്നു കണ്ടെത്തിയിട്ടില്ല. 2022ന്റെ തുടക്കത്തില്‍ വ്യാപകമായിരുന്ന ബിഎ.3 വംശത്തില്‍ നിന്നാണ് ഉത്ഭവം. ഒമിക്രോണ്‍ വകഭേദത്തോടു സമാനമായ ലക്ഷണങ്ങളാണ് സിക്കഡയിലും പ്രകടമാകുന്നത്. തൊണ്ടവേദന, പനി, ചുമ, ക്ഷീണം, തലവേദന, ശരീരവേദന, മൂക്കടപ്പ്, മൂക്കൊലിപ്പ് എന്നിവയാണു പ്രധാന ലക്ഷണങ്ങള്‍. ചിലരില്‍ ഛര്‍ദി, വയറിളക്കം എന്നവയും രുചിയും മണവും നഷ്ട്മാകുന്നതായും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. വാക്‌സിനേഷന്‍ ഈ വകഭേദത്തിനായി നിര്‍മ്മിക്കപ്പെട്ടതല്ലെങ്കിലും ഗുരുതരമായ രോഗങ്ങളില്‍ നിന്നും മരണത്തില്‍ നിന്നും ശക്തമായ സംരക്ഷണം നല്‍കുമെന്നു ഗവേഷകര്‍ പറയുന്നു. നിലവില്‍ രോഗ്യവ്യാപനം ഇന്ത്യയില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടില്ല.
Previous Post Next Post
3/TECH/col-right