2026 ഏപ്രില്‍ 4 ശനി
1201 മീനം 21 ചോതി
1447 ശവ്വാൽ 16
◾ മുണ്ടക്കൈ- ചൂരല്‍മല ദുരന്തത്തില്‍ വീടു നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാന്‍ കോണ്‍ഗ്രസ് പിരിച്ചെടുത്തത് 5. 38 കോടി രൂപയാണെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. 3. 68 കോടി രൂപയ്ക്കു ഭൂമി വാങ്ങി. കെപിസിസിയുടെ തനത് ഫണ്ടില്‍ നിന്ന് 97 ലക്ഷം അധികമായി ചെലവാക്കി. 73 ലക്ഷം കൂടി രജിസ്ട്രേഷന്‍ അടക്കമുള്ള ചെലവുകള്‍ക്ക് ആവശ്യമുണ്ടെന്നും സണ്ണി ജോസഫ്.
◾ വയനാട് ഉരുള്‍പൊട്ടല്‍ ദുരിത ബാധിതര്‍ക്കു വീടു നിര്‍മിക്കാന്‍ കോണ്‍ഗ്രസ് പിരിച്ച ഫണ്ട് തിരുവനന്തപുരത്തെ ധനലക്ഷ്മി ബാങ്കില്‍ ഉണ്ടെന്ന് കെ.സി. വേണുഗോപാല്‍. പദ്ധതി പൂര്‍ത്തിയായ ശേഷം കണക്കു പുറത്തുവിടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. അതേസമയം കോണ്‍ഗ്രസ് പിരിച്ച പണം കെപിസിസിയുടെ അക്കൗണ്ടിലൂടെയാണ് വന്നതെന്നും അക്കൗണ്ടിലൂടെ അല്ലാതെ തങ്ങള്‍ പണം പിരിച്ചിട്ടില്ലെന്നും ഷാഫി പറമ്പില്‍.
◾ അമേരിക്ക മുന്നോട്ടുവെച്ച 48 മണിക്കൂര്‍ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം ഇറാന്‍ നിരസിച്ചു. മറ്റൊരു രാജ്യം വഴിയായിരുന്നു വെടിനിര്‍ത്തല്‍ നിര്‍ദ്ദേശമുണ്ടായത്. കുവൈറ്റിലെ ബുബിയാന്‍ ദ്വീപിലുള്ള അമേരിക്കന്‍ സൈനിക ഡിപ്പോയ്ക്കു നേരെ ഇറാന്‍ ആക്രമണം നടത്തിയതിനു പിറകേയാണ് വെടിനിറുത്തലിനുള്ള അഭ്യര്‍ത്ഥനയുണ്ടായത്.
◾ പ്രധാനമന്ത്രി നരേന്ദ്രമോദിയും ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയും ഇന്നു വീണ്ടും കേരളത്തില്‍. പ്രധാനമന്ത്രി വൈകിട്ട് 4 മണിയ്ക്ക് തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിലെ എന്‍ഡിഎ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരത്തു റോഡ് ഷോയുമുണ്ട്. അതേസമയം, 3 ജില്ലകളിലായി 4 പരിപാടികളില്‍ രാഹുല്‍ഗാന്ധിയും പ്രസംഗിക്കും.
◾ ഈ തെരഞ്ഞെടുപ്പോടെ ഇടതുപക്ഷം ഇല്ലാതാവുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇടതുപക്ഷത്തെ മുന്നോട്ടു നയിക്കുന്നത് വര്‍ഗീയതയുടെ അദൃശ്യ കരമാണെന്നും കേരളത്തില്‍ ബിജെപി- സിപിഎം ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ആലപ്പുഴയില്‍ ജി സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
◾ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് ലോക്പോള്‍ സര്‍വേ ഫലം. 77 മുതല്‍ 81 സീറ്റുകള്‍ യുഡിഎഫിന് കിട്ടുമെന്നാണു പ്രവചനം. എല്‍ഡിഎഫിന് 58 മുതല്‍ 62 സീറ്റുകള്‍ വരെ കിട്ടുമെന്നും എന്‍ഡിഎ പരമാവധി 1 മുതല്‍ 2 സീറ്റുകളില്‍ വിജയിച്ചേക്കാമെന്നും ലോക്പോള്‍ സര്‍വ്വേയില്‍ പറയുന്നു.
◾ ന്യൂനപക്ഷങ്ങളെ വോട്ട് ബാങ്ക് ആയി ചിലര്‍ കാണുന്നെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. ഇടതു പക്ഷത്തിന് ന്യൂനപക്ഷങ്ങളെ ഉപേക്ഷിക്കാന്‍ സാധിക്കില്ല. അവര്‍ക്കൊപ്പം എന്നും നില്‍ക്കുന്നവരാണ് ഇടതുപക്ഷമെന്നും എംഎ ബേബി പറഞ്ഞു.
◾ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പണം കൈപ്പറ്റിയെന്നു തോന്നിപ്പിക്കുന്ന വ്യാജ ചിത്രം പ്രചരിപ്പിച്ചുതിന് കൈരളി ന്യൂസിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിലും പൊലീസിലും പരാതി. എഐസിസി നിയമ വിഭാഗം ചെയര്‍മാന്‍ ഡോ അഭിഷേക് സിംഗ്വിയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.
◾ മെസ്സി പണം വാങ്ങി ചതിച്ചെന്ന് കായികമന്ത്രിയും തിരൂരിലെ ഇടതുപക്ഷ സ്ഥാനാര്‍ഥിയുമായ വി. അബ്ദുറഹ്മാന്‍. അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെ കേരളത്തിലേക്ക് എത്തിക്കാമെന്ന കരാര്‍ ലംഘിച്ച ലയണല്‍ മെസ്സി കേരളത്തിലെ ഫുട്‌ബോള്‍ ആരാധകരെ വഞ്ചിച്ചെന്ന് അദ്ദേഹം പറഞ്ഞു.
◾ ലൈംഗിക പീഡന പരാതിയില്‍ സംവിധായകന്‍ രഞ്ജിത്തിനെ എറണാകുളം സിജെഎം കോടതി തിങ്കളാഴ്ച വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ജാമ്യാപേക്ഷ പരിഗണിക്കവേ, രഞ്ജിത്തിന്റെ ആരോഗ്യ സ്ഥിതി പരിഗണിക്കണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഇതേസമയം സിനിമാ ലൊക്കേഷനില്‍ ഉപയോഗിച്ചിരുന്ന രണ്ടു കാരവനുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
◾ പേരാമ്പ്രയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തഹ്ലിയ മതംപറഞ്ഞു വോട്ടുപിടിക്കുന്നുവെന്ന ആക്ഷേപം എല്‍ഡിഎഫിന് ഇല്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. തെരഞ്ഞെടുപ്പു കമ്മീഷന് പരാതി നല്‍കിയത് എല്‍ഡിഎഫ് അല്ല. അനൗണ്‍സ്മെന്റുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് ലഭിച്ചു. ഇടതുപക്ഷം അങ്ങനെയൊരു അനൗണ്‍സ്മെന്റ് നടത്തിയിട്ടില്ല. അദ്ദേഹം പറഞ്ഞു.
◾ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടിക്കെതിരെ മഹിളാ മോര്‍ച്ച പൊലീസില്‍ പരാതി നല്‍കി. മഹിളാ മോര്‍ച്ചാ പാലക്കാട് ജില്ലാ പ്രസിഡന്റ് കവിതാ മേനോനാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. രമേഷ് പിഷാരടിയെ തടഞ്ഞതിനു നഗരസഭാ കൗണ്‍സിലര്‍ അടക്കം മൂന്നു പേര്‍ക്കെതിരേ കേസെടുത്തതിനു പിറകേയാണ് മഹിളാ മോര്‍ച്ചയുടെ പരാതി.
◾ കേരളത്തില്‍ ലവ് ജിഹാദ് മാത്രമല്ല, ലാന്‍ഡ് ജിഹാദും ബിസിനസ്സ് ജിഹാദുമുണ്ടെന്ന് ബിജെപി നേതാവ് ശോഭ കരന്ദ്ലജെ. ഹൈന്ദവര്‍ക്ക് ഇതില്‍ ആശങ്കയുണ്ട്. പരിഹാരത്തിനു കേരളത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ വരണമെന്നും ശോഭ കരന്ദ്ലജെ പറഞ്ഞു.
◾ പ്രധാനമന്ത്രിയുടെ റോഡ് ഷോ കൊണ്ട് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ബിജെപിയ്ക്ക് കഴിയില്ലെന്ന് നേമത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടി. ഇതുവരെ പ്രഖ്യാപിച്ചതൊന്നും നടപ്പാക്കാത്ത പ്രധാനമന്ത്രി കേരളത്തിലെത്തിയിട്ട് ഒരു കാര്യവുമില്ലെന്ന് വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരനും പ്രതികരിച്ചു.
◾ പ്രീ പോള്‍ സര്‍വേകള്‍ പണം നല്‍കിയുള്ള പ്രചാരണമാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. കേരളത്തില്‍ തിരഞ്ഞെടുപ്പില്‍ തട്ടി കൂട്ടിയ പെയ്ഡ് സര്‍വേകളാണ്. അവയ്ക്കു വിശ്വാസ്യത ഇല്ലാത്തതാണെന്നു കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിലും സര്‍വേകള്‍ കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
◾ ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ സോണിയ ഗാന്ധിക്ക് എന്തെങ്കിലും പങ്കുണ്ടെന്ന് കരുതുന്നില്ലെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. അതുസംബന്ധിച്ച് ഒരു തെളിവും വന്നിട്ടില്ല. ആകെ പുറത്തുവന്നത് ചിത്രങ്ങള്‍ മാത്രമാണ്. സ്വര്‍ണ്ണക്കൊള്ളയിലെ പ്രധാന രണ്ടു പ്രതികള്‍ സോണിയ ഗാന്ധിയെ സന്ദര്‍ശിച്ചു. ആ കൂടിക്കാഴ്ചയില്‍ ദുരൂഹതകള്‍ ഉണ്ടെന്ന് എംഎ ബേബി പറഞ്ഞു.
◾ ക്രൈസ്തവ സഭകളുടെ എല്ലാ ആശങ്കകളും പരിഹരിച്ചു കൊണ്ടേ എഫ്സിആര്‍എ ബില്ല് അവതരിപ്പിക്കൂവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഇക്കാര്യത്തില്‍ ഇനി ഡല്‍ഹിയിലും ചര്‍ച്ചകള്‍ നടക്കും. കിരണ്‍ റിജിജു തന്നെ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
◾ താനിപ്പോഴും സഖാവ് തന്നെയെന്ന് ഒറ്റപ്പാലത്തെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി കെ ശശി. പിണറായി വിജയനുമായുള്ള ബന്ധം മുറിച്ചെറിയാന്‍ കഴിയില്ല. കമ്മ്യൂണിസ്റ്റ് അല്ലാതായിരിക്കാന്‍ തനിക്ക് കഴിയില്ല. ഒരു യുഡിഎഫ് നേതാവുമായും താന്‍ ചര്‍ച്ച നടത്തിയിട്ടില്ല. പിന്തുണയുമായി യുഡിഎഫ് ഇങ്ങോട്ട് സമീപിക്കുകയായിരുന്നുവെന്നും പികെ ശശി പറഞ്ഞു.
◾ വെല്‍ഫെയര്‍ പാര്‍ട്ടി പേരാമ്പ്രയില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പു കണ്‍വന്‍ഷനില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തെഹലിയ പങ്കെടുത്തില്ല. ജമാ അത്തെ ഇസ്ലാമിയുടെ നോമിനി എന്ന വിമര്‍ശനം മറികടക്കാനാണെണ് പങ്കെടുക്കാതിരുന്നതെന്നാണ് ആരോപണം.
◾ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരെയുള്ള ശോഭാ സുരേന്ദ്രന്റെ പരാതിയില്‍ ദേശീയ എസ് സി കമ്മീഷന്‍ ഇടപെടല്‍. കേരള ഡിജിപിയോടും പാലക്കാട് എസ്പിയോടും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം. നേരത്തെ ദേശീയ വനിതാ കമ്മീഷനും നോട്ടീസ് അയച്ചിരുന്നു.
◾ ശശിതരൂര്‍ എംപിയുടെ ഗണ്‍മാനെ കയ്യേറ്റം മൂന്നു പേരെ അറസ്റ്റു ചെയ്തു. വണ്ടൂര്‍ ചെള്ളിത്തോട് എംപിയുടെ കാറിനു മുന്നിലെ വാഹനത്തില്‍ സഞ്ചരിച്ചിരുന്നവരാണ് കയ്യേറ്റം ചെയ്തത്. ഗതാഗതക്കുരുക്കില്‍ എംപിയുടെ കാര്‍ ഡ്രൈവര്‍ ഹോണടിച്ചതില്‍ പ്രകോപിതരായാണ് കൈയേറ്റം ചെയ്യുകയായിരുന്നു.
◾ പോസ്റ്റല്‍ ബാലറ്റില്‍ വോട്ട് ചെയ്തത് ഫേസ്ബുക്കിലൂടെ പ്രദര്‍ശിപ്പിച്ചയാള്‍ക്കെതിരെ കേസെടുക്കാന്‍ പത്തനംതിട്ട ജില്ലാ കളക്ടറുടെ നിര്‍ദേശം. അടൂര്‍ സ്വദേശി രാജീവ് തെങ്ങമത്തിനെതിരെയാണ് കേസെടുത്തത.്
◾ എഫ്സിആര്‍എ നിയമഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് ക്രൈസ്തവ സഭകള്‍ ഉന്നയിച്ച ആശങ്കകള്‍ പരിഹരിക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി കിരണ്‍ റിജിജു. തിരുവനന്തപുരത്തെ വിവിധ ക്രൈസ്തവ സഭാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾ നേത്രാവതി എക്സ്പ്രസിലെ പാന്‍ട്രി കാര്‍ മാനേജര്‍ അറസ്റ്റില്‍. പന്ത്രണ്ട് ലിറ്റര്‍ വിദേശമദ്യവുമായി രാഘവേന്ദ്ര സിങ് എന്ന യുപി സ്വദേശിയെ ആര്‍പിഎഫും എക്സൈസും ചേര്‍ന്നാണ് പിടികൂടിയത്.
◾ നോവലിസ്റ്റ് ഡോ. ടി.ആര്‍. ശങ്കുണ്ണി തൃശൂരില്‍ അന്തരിച്ചു. 91 വയസായിരുന്നു. കേരള കാര്‍ഷിക സര്‍വകലാശാല അസിസ്റ്റന്റ് രജിസ്ട്രാറായി വിരമിച്ച അദ്ദേഹം ബാലസാഹിത്യം, ശാസ്ത്രസാഹിത്യ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
◾ റീലുകളിലൂടെ ശ്രദ്ധേയനായ ശരത്ത് എന്ന 'ഗുണ്ട ബിനു' അമേരിക്കയില്‍ അന്തരിച്ചു. ആലപ്പുഴ ജില്ലയിലെ കറ്റാനം മൂന്നാംകുറ്റി വാത്തികുളം സ്വദേശിയാണ് ശരത്.
◾ ഇടുക്കി ഉറവപ്പാറയില്‍ ഇടിമിന്നലേറ്റ് 13 കാരി മരിച്ചു. പെരുമ്പാവൂര്‍ സ്വദേശി നഫീസത്ത് മിസ്രിയയാണ് മരിച്ചത്. പരിക്കേറ്റ മിസ്രിയയുടെ പിതാവ് അഫ്സല്‍ ഗുരുതരവസ്ഥയില്‍ ചികിത്സയിലാണ്.
◾ ഇന്ത്യയിലേക്കുള്ള എല്‍പിജിയുമായി ഗ്രീന്‍ സാന്‍വി എന്ന എണ്ണ ടാങ്കര്‍ 44,000 മെട്രിക് ടണ്‍ എല്‍പിജിയുമായി ഹോര്‍മുസ് കടലിടുക്ക് കടന്നു. ഗള്‍ഫ് ഓഫ് ഒമാനില്‍ നിന്ന് കപ്പലിന് നാവികസേന അകമ്പടി നല്‍കും. ഗ്രീന്‍ ആശ, ജഗ് വിക്രം എന്ന ഇന്ത്യയുടെ രണ്ട് എണ്ണ ടാങ്കറുകള്‍ കൂടി ഉടന്‍ ഹോര്‍മുസ് കടക്കുമെന്ന് ഷിപ്പിംഗ് മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
◾ ഉത്തര്‍പ്രദേശില്‍ റെയില്‍വേ സ്റ്റേഷനുകളില്‍ വന്‍ സ്ഫോടന പരമ്പരകള്‍ക്കു പദ്ധതിയിട്ട ഭീകരമൊഡ്യൂളിനെ ഉത്തര്‍പ്രദേശ് ഭീകരവിരുദ്ധ സേന പിടികൂടി. നാലു യുവാക്കളാണ് പിടിയിലായത്. മീററ്റ് സ്വദേശി ഡെവിള്‍ എന്ന് വിളിക്കപ്പെടുന്ന സാഖിബാണ് സംഘത്തലവന്‍.
◾ ബീഹാറിലെ ഈസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ വിഷ മദ്യ ദുരന്തം, അഞ്ചുപേര്‍ മരിച്ചു. കേസില്‍ 12 പേര്‍ അറസ്റ്റിലായി. ബുധനാഴ്ച മുതലാണ് ജില്ലയിലെ തുര്‍കൗലിയ, രഘുനാഥ്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
◾ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തിനെത്തിയ ജുഡീഷ്യല്‍ ഉദ്യോഗസ്ഥരെ തടഞ്ഞുവച്ച നടപടി ആസൂത്രണം ചെയ്തതെന്ന് പോലീസ് റിപ്പോര്‍ട്ട്. നൂറോളം പേര്‍ തടിച്ചുകൂടിയെന്നും സഹായത്തിനു വേണ്ടി പ്രാദേശിക ജില്ല ഭരണകൂടത്തെ ബന്ധപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
◾ മഹാരാഷ്ട്ര സര്‍ക്കാരില്‍നിന്ന് കിട്ടാനുള്ള 96,400 കോടി രൂപ ആവശ്യപ്പെട്ട് സംസ്ഥാനത്തെ കരാറുകാര്‍ പണിമുടക്കിന്. ഏപ്രില്‍ ഏഴു മുതല്‍ പണിമുടക്കുമെന്നാണു കരാറുകാരുടെ സംഘടന പ്രഖ്യാപിച്ചത്.
◾ തെലങ്കാനയിലെ ഹനംകൊണ്ടയില്‍ ഗര്‍ഭിണിയായ ഭാര്യയെയും 2 പെണ്മക്കളെയും യുവാവ് കൊലപ്പെടുത്തി. മുഹമ്മദ് അസറുദ്ദീന്‍ എന്നയാളാണ് ഭാര്യ ഫര്‍ഹാത്, മക്കളായ ഉമേര (8), ആയിഷ (6) എന്നിവരെ കൊലപ്പെടുത്തിയത്. ഇവരെ നീന്തല്‍ക്കുളത്തില്‍ മുക്കിക്കൊല്ലുകയായിരുന്നു.
◾ സ്ത്രീധനം പൂര്‍ണമായി നല്‍കാത്തിന് രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ച് അഞ്ചാം മാസം മരുമകളെ പെട്രോളൊഴിച്ച് തീയിട്ട് കൊന്ന ഭര്‍തൃവീട്ടുകാരായ നാലു പേര്‍ അറസ്റ്റിലായി. കര്‍ണാടകയിലെ സോറബ താലൂക്കിലെ ഉളവി ഹോബ്ലിയിലുള്ള ഹൊഡബട്ടെയിലാണ് നവീന്റെ ഭാര്യയും സ്റ്റാഫ് നഴ്സുമായിരുന്ന ശ്വേത (30) കൊല്ലപ്പെട്ടത്. ഭര്‍തൃപിതാവും ഭര്‍തൃമാതാവും ഉള്‍പ്പെടെയുള്ളവര്‍ പിടിയിലായി.
◾ അഫ്ഗാനിസ്ഥാനില്‍ ശക്തമായ ഭൂചലനം. ഡല്‍ഹിയിലും ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളിലും പ്രകമ്പനമുണ്ടായി. അഫ്ഗാനിസ്ഥാന്‍-താജിക്കിസ്ഥാന്‍ അതിര്‍ത്തി മേഖലയിലും ഹിന്ദുക്കുഷ് മേഖലയിലുമുണ്ടായ ഭൂകമ്പത്തിന് 5.9 തീവ്രത രേഖപ്പെടുത്തി.
◾ പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ഇതുവരെ 13 അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്ന് യുഎസ് പ്രതിരോധ വകുപ്പ്. 365 പേര്‍ക്ക് പരിക്കേറ്റു. രണ്ടു പൈലറ്റുകളെ രക്ഷിച്ചു. ഇറാന്‍ വെടിവച്ചിട്ട എഫ്-15 പോര്‍വിമാനത്തിലേയും എ-10 പോര്‍വിമാനത്തിലെയും ഓരോ പൈലറ്റുകളെയാണ് രക്ഷിച്ചത്.
◾ ഇറാന്‍ യുദ്ധം കടുപ്പിക്കുന്നതായി റിപ്പോര്‍ട്ട്. ഹോര്‍മുസിന് അപ്പുറത്തേക്ക് സമുദ്ര ഉപരോധം വ്യാപിപ്പിക്കാന്‍ ഇറാന്‍ നീക്കം നടത്തുന്നുവെന്നും ഹോര്‍മുസിന് പിന്നാലെ തന്ത്ര പ്രധാനമായ ബാബ് എല്‍-മാന്‍ഡേബ് കടലിടുക്ക് ഇറാന്‍ ലക്ഷ്യമിടുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബാബ് എല്‍-മാന്‍ഡേബിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ് അറിയിച്ചു.
◾ ഇറാനെതിരായ യുദ്ധച്ചെലവ് കൂടിയതോടെ യുഎസ് പ്രതിരോധ ബജറ്റ് 1.5 ലക്ഷം കോടി ഡോളറായി ഉയര്‍ത്തണമെന്ന് ഡോണള്‍ഡ് ട്രംപ്. യുഎസ് കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടു. ഇതിനായി കാലാവസ്ഥാ വ്യതിയാനം, ഭവനം, വിദ്യാഭ്യാസം തുടങ്ങിയ ആഭ്യന്തര മേഖലകളിലെ പദ്ധതികള്‍ക്കു നീക്കിവച്ച തുക വെട്ടിക്കുറയ്ക്കും.
◾ ഇറാനില്‍ വെടിവെച്ചിട്ട അമേരിക്കന്‍ യുദ്ധവിമാനത്തിലെ രണ്ടു വൈമാനികരില്‍ ഒരാളെ യുഎസ് സ്‌പെഷ്യല്‍ ഫോഴ്‌സ് സാഹസികമായി രക്ഷപ്പെടുത്തി. കാണാതായ രണ്ടാമത്തെ പൈലറ്റിനായുള്ള തിരച്ചില്‍ ഊര്‍ജിതമായി തുടരുകയാണ്.
◾ ലെബനനിലുള്ള തങ്ങളുടെ പൗരന്മാരോടും എത്രയും വേഗം രാജ്യം വിടാന്‍ അമേരിക്കന്‍ ഭരണകൂടം ആവശ്യപ്പെട്ടു.
◾ ഭൂമിയെ ഒരൊറ്റ ഫ്രെയിമില്‍ പകര്‍ത്തി ആര്‍ട്ടെമിസ് - 2 സംഘം. 53 വര്‍ഷങ്ങള്‍ക്കു ശേഷമാണ് മനുഷ്യ ദൗത്യത്തിനിടെ ഇങ്ങനെയൊരു ചിത്രമെടുക്കുന്നത്.
◾ അമേരിക്കയിലെ കാലിഫോര്‍ണിയയിലെ റിവര്‍സൈഡ് കൗണ്ടിയില്‍ കാട്ടുതീ. മണിക്കൂറില്‍ 50 മൈല്‍ വേഗതയില്‍ വീശുന്ന കാറ്റും കനത്ത ചൂടുംമൂലം തീ ആളിപ്പടര്‍ന്നു. ഇതിനകം 4,000 ഏക്കറിലധികം സ്ഥലത്ത് തീ പടര്‍ന്നു. പ്രദേശങ്ങളിലെ താമസക്കാരോടു മാറിത്താമസിക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
◾ പൂര്‍ണമായും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിദ്യ ഉപയോഗിച്ച് സിനിമ ഒരുങ്ങുന്നു. ''ദി സണ്‍ ഓഫ് നസറത്ത്'' എന്ന പുതിയ സിനിമയുടെ നിര്‍മ്മാണം ഈസ്റ്റര്‍ ദിനമായ നാളെ ആരംഭിക്കും. ഇംഗ്ലീഷ് ഭാഷയിലുള്ള ചിത്രം നവംബറില്‍ പ്രേക്ഷകര്‍ക്കു മുന്നിലെത്തുമെന്നു സംവിധായകന്‍ വിനോദ് ലെന്‍സ്മാന്‍ പറഞ്ഞു. തിരക്കഥ: കലാഭവന്‍ സിനാജ്. ആല്‍ഫ എംപയര്‍ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് ഡോ. എം.എസ്. ആദര്‍ശാണ്.
◾ ഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി ഫെബ്രുവരിയെ അപേക്ഷിച്ച് മാര്‍ച്ചില്‍ 90% വര്‍ധിച്ചു. 10.42 ലക്ഷത്തില്‍ നിന്ന് 19.75 ലക്ഷം ബാരലായാണ് വര്‍ധന. ഇന്ത്യയിലേക്ക് ഏറ്റവുമധികം എണ്ണ എത്തിക്കുന്ന രാജ്യമെന്ന നേട്ടം റഷ്യ മാര്‍ച്ചിലും നിലനിര്‍ത്തി. 5.72 ലക്ഷം ബാരലുമായി സൗദി അറേബ്യയാണ് രണ്ടാമത്. മൂന്നാംസ്ഥാനം ആഫ്രിക്കന്‍ രാജ്യമായ അംഗോള സ്വന്തമാക്കി. 3.27 ലക്ഷം ബാരലാണ് അംഗോളയില്‍ നിന്നെത്തിയത്. കഴിഞ്ഞമാസം വര്‍ധന കുറിച്ചത് റഷ്യയും അംഗോളയും മാത്രം. ഇറാഖ്, യുഎഇ, യുഎസ്, നൈജീരിയ എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതി കുറഞ്ഞു. ഇന്ത്യയുടെ ആകെ ക്രൂഡ് ഓയില്‍ ഇറക്കുമതി കഴിഞ്ഞമാസം 15% താഴ്ന്നിട്ടുണ്ട്. ഖത്തറില്‍ നിന്നായിരുന്നു ഇന്ത്യ കൂടുതലും എല്‍എന്‍ജി വാങ്ങിയിരുന്നത്. എന്നാല്‍ പുതിയ സ്രോതസുകളായ യുഎസ്, ഒമാന്‍, നൈജീരിയ, അംഗോള എന്നിവിടങ്ങളില്‍ നിന്നുള്ള എല്‍എന്‍ജി ഇറക്കുമതി കഴിഞ്ഞമാസം വര്‍ധിച്ചു. എല്‍പിജി ഇറക്കുമതി മാര്‍ച്ചില്‍ 40% കുറഞ്ഞു.
◾ ജിമെയില്‍ ഉപയോക്താക്കള്‍ക്ക് പുതിയ അപ്ഡേറ്റുമായി ഗൂഗിള്‍. ഉപയോക്താക്കള്‍ക്ക് ജിമെയില്‍ വിലാസം മാറ്റാന്‍ അനുവദിക്കുന്നതാണ് പുതിയ ഫീച്ചര്‍. ജിമെയിലിന്റെ 22 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു ഫീച്ചര്‍. ജിമെയില്‍ സെറ്റിങ്സില്‍ ഇഷ്ടമുള്ളതും ലഭ്യമായതുമായ പുതിയ വിലാസം തെരഞ്ഞെടുക്കാം. നിലവിലുള്ള ഇമെയിലുകളോ കോണ്‍ടാക്റ്റുകളോ നഷ്ടപ്പെടില്ല. പുതിയ വിലാസത്തിലേക്ക് മാറിയാലും പഴയ ജിമെയില്‍ ഐഡി നിങ്ങളുടെ അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കും. അതിനാല്‍ പഴയ വിലാസത്തിലേക്ക് ആരെങ്കിലും ഇമെയില്‍ അയച്ചാലും പുതിയ ഇന്‍ബോക്സില്‍ തന്നെ ലഭിക്കും. പഴയ ഐഡി മറ്റാര്‍ക്കും കൈക്കലാക്കാന്‍ സാധിക്കില്ല എന്നതും ഉപയോക്താക്കള്‍ക്ക് ആശ്വാസകരമാണ്.
◾ 'ഭരതനാട്യം 2: മോഹിനിയാട്ടം' രണ്ടാമത്തെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. ഇലക്ട്രോണിക്ക് കിളി സംഗീത സംവിധാനം നിര്‍വഹിച്ച് ആലപിച്ച ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് മുത്തു. തോമസ് തിരുവല്ല ഫിലിംസും സൈജു കുറുപ്പ് എന്റര്‍ടൈന്‍മെന്റ്സിന്റെയും ബാനറില്‍ ഒരുങ്ങുന്ന മോഹിനിയാട്ടം ഏപ്രില്‍ 10ന് തീയറ്ററുകളില്‍ എത്തും. കൃഷ്ണദാസ് മുരളിയാണ് മോഹിനിയാട്ടം സംവിധാനം ചെയ്യുന്നത്. ലിനി മറിയം ഡേവിഡ്, അനുപമ ബി നമ്പ്യാര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. സൈജു കുറുപ്പിന്റെ 150-ാം ചിത്രം എന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്.
◾ 1500 കോടിയിലധികം ആഗോള കളക്ഷന്‍ നേടിയ രണ്‍വീര്‍ സിംഗ് ചിത്രം 'ധുരന്ധര്‍ 2'ന്റെ കേരളത്തിലെ കളക്ഷന്‍ കടത്തിവെട്ടി 'വാഴ 2'. നവാഗതനായ സാവിന്‍ എസ് എ സംവിധാനം ചെയത് വിപിന്‍ ദാസിന്റെ രചനയില്‍ ഒരുങ്ങിയ വാഴ 2 പലരുടേയും ജീവിതത്തോട് ചേര്‍ന്ന് നില്‍ക്കുന്നു. 2026 ല്‍ റിലീസ് ചെയ്ത എട്ട് സിനിമകളുടെ ലിസ്റ്റാണ് സൗത്ത് ഇന്ത്യന്‍ ബോക്‌സ് ഓഫീസ് പുറത്തുവിട്ടിരിക്കുന്നത്. ആദ്യദിനം 3.10 കോടിയാണ് ധുരന്ധര്‍ 2 കേരളത്തില്‍ നിന്നും നേടിയത്. 5.20 കോടിയാണ് വാഴ 2ന്റെ ആദ്യദിന കളക്ഷന്‍. 5.90 കോടിയുമായി ജയസൂര്യ ചിത്രം ആട് 3 ആണ് ഒന്നാം സ്ഥാനത്തുള്ളത്. ചത്താ പച്ച - 3.70 കോടി, വലതുവശത്തെ കള്ളന്‍ - 1.25 കോടി, പ്രതിഛായ - 86 ലക്ഷം, ബേബി ഗേള്‍ - 80 ലക്ഷം, ആശകള്‍ ആയിരം - 53 ലക്ഷം.
◾ ബിഎംഡബ്‌ളിയു 5 സീരീസ് 530എല്‍ഐ എം സ്‌പോര്‍ട് സ്വന്തമാക്കി സിനിമാതാരം ഉണ്ണി മുകുന്ദന്‍. ഏകദേശം 73 ലക്ഷം രൂപയോളമാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. ഫൈറ്റോണിക് ബ്ലൂ മെറ്റാലിക് നിറമാണ് വാഹനത്തിന്. ഇലിമിനേറ്റഡ് ഗിഡ്‌നി ഗ്രില്‍, അഡാപ്റ്റീവ് എല്‍ഇഡി ഹെഡ്ലാംപ്, 19 എം ഇഞ്ച് അലോയ് വീലുകള്‍, പനോരമിക് ഗ്ലാസ്‌റൂഫ്, മികച്ച റീയര്‍ ലേഗ്റൂം നാലു സോണ്‍ ക്ലൈമറ്റ് കണ്‍ട്രോളു കൂടിയ ഓട്ടമാറ്റിക് എയര്‍ കണ്ടീഷനിങ് സിസ്റ്റം, പിന്‍ സീറ്റിലും വയര്‍ലെസ് ചാര്‍ജിങ്, വലിയ മള്‍ട്ടി ഇന്‍ഫൊടെയിന്‍മെന്റ് സ്‌ക്രീന്‍ എന്നിവ 5 സീരിസ് എല്‍ഡബ്ല്യുബിയിലുണ്ട്. രണ്ടു ലീറ്റര്‍ നാലു സിലിണ്ടര്‍ ട്വിന്‍ ടര്‍ബൊ പെട്രോള്‍ എന്‍ജിനാണ് കരുത്ത് പകരുന്നത്. എന്‍ജിനൊപ്പം 48 വോട്ട് ഹൈബ്രിഡ് സംവിധാനവും ചേര്‍ത്തിരിക്കുന്നു. 258 ബിഎച്ച്പി കരുത്തും 400 എന്‍എം ടോര്‍ക്കുമാണ് എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. 6.5 സെക്കന്‍ഡില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കും ഈ ആഡംബര സെഡാന്‍.
◾ മലയാളത്തിലെ ജനപ്രിയസാഹിത്യശാഖയുടെ പ്രധാന കൈവഴികളിലൊന്നാണ് കുറ്റാന്വേഷണകഥകള്‍. മലയാളത്തിലുണ്ടായ ചില ആദ്യകാല കുറ്റാന്വേഷണകഥകള്‍ ശേഖരിച്ചവതരിപ്പിക്കുകയാണ് മലയാളത്തിലെ ആദ്യകാല ക്രൈം കഥകള്‍ എന്ന പുസ്തകം. സി.എസ്. സുബ്രഹ്മണ്യന്‍ പോറ്റി, എം.പി. പോള്‍, ഓ.എം. ചെറിയാന്‍, നീലകണ്ഠന്‍ പരമാര, എം.ടി. വാസുദേവന്‍ നായര്‍ തുടങ്ങി മലയാളസാഹിത്യത്തില്‍ ചിരപ്രതിഷ്ഠ നേടിയ എഴുത്തുകാരുടെ കുറ്റാന്വേഷണകഥകള്‍ ഈ പുസ്തകം ഉള്‍ക്കൊള്ളുന്നു. 'മലയാളത്തിലെ ആദ്യകാല ക്രൈംകഥകള്‍'. സമാഹരണം ഹമീദ്. മാതൃഭൂമി. വില 280 രൂപ.
◾ കാന്‍സറിന്റെ സാധ്യത കൂട്ടാനും കുറയ്ക്കാനും ചില വിറ്റാമിനുകള്‍ക്കാകുമെന്ന് പഠനം. അതില്‍ പ്രധാനം വിറ്റാമിന്‍ ഡിയാണ്. ശരീരത്തിന്റെ ആവശ്യമായ കാല്‍സ്യം ആഗിരണം ചെയ്യാന്‍ സഹായിക്കുന്ന ഒരു പ്രധാന പോഷകമാണ് വിറ്റാമിന്‍ ഡി. ഇവ ശരീരത്തിലെ കൊഴുപ്പില്‍ ലയിക്കുന്നു. അണ്ഡാശയ അര്‍ബുദം, സ്തനാര്‍ബുദം, വന്‍കുടല്‍ അര്‍ബുദം തുടങ്ങിയവ വിറ്റാമിന്‍ ഡി3 യുടെ കുറവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ചൂണ്ടികാണിക്കുന്നത്. സൂര്യരശ്മികളാണ് വിറ്റാമിന്‍ ഡിയുടെ പ്രധാന ഉറവിടം. രാവിലെയും വൈകുന്നേരവുമുള്ള ഇളം വെയില്‍ കൊള്ളുന്നത് വിറ്റാമിന്‍ ഡി നേരിട്ട് ശരീരത്തിന് ലഭിക്കും. പാല്‍, തൈര്, ബട്ടര്‍, ചീസ്, മുട്ട, സാല്‍മണ്‍ ഫിഷ്, കൂണ്‍, ധാന്യങ്ങള്‍, പയര്‍ വര്‍ഗങ്ങള്‍ തുടങ്ങിയവയില്‍ നിന്നും വിറ്റാമിന്‍ ഡി ലഭിക്കും. കൂടാതെ കാന്‍സര്‍ സ്ഥിരീകരിക്കുന്ന രോഗികളില്‍ വിറ്റാമിന്‍ സിയുടെ കുറവ് വലിയ തോതില്‍ കണാറുണ്ട്. വിറ്റാമിന്‍ സി ശരീരത്തില്‍ കുറഞ്ഞാല്‍ അര്‍ബുദ രോഗികളുടെ അതിജീവനം ബുദ്ധിമുട്ടാകും. ഓറഞ്ച്, നാരങ്ങ, നെല്ലിക്ക, കിവി, പപ്പായ, സ്‌ട്രോബെറി, ബ്രോക്കോളി, പൊട്ടറ്റോ, ബെല്‍ പെപ്പര്‍, തക്കാളി, പേരയ്ക്ക, ചീര, പൈനാപ്പിള്‍ തുടങ്ങിയവയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. സ്തനാര്‍ബുദം, ശ്വാസകോശ അര്‍ബുദം, ത്വക്ക് അര്‍ബുദം, സെര്‍വിക്കല്‍ കാന്‍സര്‍, ഗ്യാസ്ട്രിക് കാന്‍സര്‍, കരളുമായി ബന്ധപ്പെട്ട അര്‍ബുദം, അണ്ഡാശയ അര്‍ബുദം എന്നിവ വിറ്റാമിന്‍ എയുടെ കുറവുമായി ബന്ധപ്പെട്ടിരിക്കുന്നു. മധുരക്കിഴങ്ങ്, കാരറ്റ്, ചീര തുടങ്ങിയവയില്‍ ധാരാളം വിറ്റാമിന്‍ എ അടങ്ങിയിട്ടുണ്ട്.
Tags:
KERALA