Trending

കാരാട്ട് റസാഖ് ഇടത് പാളയം ഉപേക്ഷിച്ച് മുസ്ലീം ലീ​ഗിൽ ചേർന്നു.

കൊടുവള്ളി : ഇടതുമുന്നണിയുമായി ബന്ധം അവസാനിപ്പിച്ച് മുൻ എംഎൽഎ കാരാട്ട് റസാഖ് വീണ്ടും യുഡിഎഫിലേക്ക്. ഇന്ന് രാവിലെ പാണക്കാട്ട് എത്തി അദ്ദേഹം മുസ്ലിം ലീഗ് അംഗത്വം സ്വീകരിച്ചു . ഏറെ നാളായി രാഷ്ട്രീയവൃത്തങ്ങളിൽ ചർച്ചയായിരുന്ന അഭ്യൂഹങ്ങൾക്ക് ഇതോടെ വിരാമമാകുകയാണ്. 

പി വി അൻവർ ഇടത് ബന്ധം ഉപോക്ഷിച്ചതോടെ കാരാട്ട് റസാഖും ഇടതു മുന്നണിയുമായുള്ള ബന്ധം വിടുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
കൊടുവള്ളിയിൽ എൽഡിഎഫ് സ്ഥാനാർഥിയായി റസാഖ് മത്സരിക്കുമെന്ന സൂചനകൾ ഉണ്ടായിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം മത്സരത്തിൽ നിന്ന് പിന്മാറുകയായിരുന്നു. സിപിഎം ജില്ലാ നേതൃത്വവുമായി ഉണ്ടായ ഭിന്നതകൾ പിന്നീട് പരിഹരിച്ചുവെന്ന റിപ്പോർട്ടുകളും ഉണ്ടായിരുന്നെങ്കിലും, അവസാനം ഇടത് ബന്ധം അവസാനിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് അദ്ദേഹം എത്തുകയായിരുന്നു.

“മാതൃസംഘടനയിലേക്ക് മടങ്ങുകയാണ്” എന്നായിരുന്നു റസാഖിന്റെ പ്രതികരണം. സിപിഎമ്മിൽ സഹകരിച്ച് പ്രവർത്തിക്കാൻ അനുകൂല സാഹചര്യമില്ലെന്നും, സഹയാത്രികരെ ഉൾക്കൊള്ളുന്നതിൽ പാർട്ടി പരാജയപ്പെടുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇതാണ് ലീഗിലേക്ക് മടങ്ങാനുള്ള പ്രധാന കാരണമെന്നും വ്യക്തമാക്കി.

ഇന്നലെ ലീഗ് നേതൃത്വവുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് അന്തിമ തീരുമാനം കൈകൊണ്ടത്. പാണക്കാട് സയ്യിദ് സാദ്ദിഖലി ശിഹാബ് തങ്ങൾ, കുഞ്ഞാലിക്കുട്ടി, എം.കെ. മുനീർ എന്നിവരുമായി സംസാരിച്ച ശേഷമാണ് അംഗത്വം സ്വീകരിക്കാൻ തീരുമാനിച്ചതെന്നും റസാഖ് പറഞ്ഞു. ആരോഗ്യപ്രശ്നങ്ങൾ മൂലം തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യമില്ലായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2016-ൽ ലീഗിന്റെ എം.എ. റസാഖിനെ 573 വോട്ടുകൾക്ക് തോൽപ്പിച്ച് എൽഡിഎഫ് സ്ഥാനാർഥിയായി വിജയിച്ചിരുന്ന കാരാട്ട് റസാഖ്, 2021-ൽ എം.കെ. മുനീറിനെതിരെ മത്സരിച്ചപ്പോൾ 6344 വോട്ടുകൾക്ക് പരാജയപ്പെട്ടു. മുൻപ് പി.വി. അൻവർ ഇടത് മുന്നണി വിട്ടപ്പോൾ റസാഖും പോകുമെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നെങ്കിലും അന്ന് അദ്ദേഹം അത് തള്ളിയിരുന്നു.
Previous Post Next Post
3/TECH/col-right