Trending

പ്രഭാത വാർത്തകൾ

 
 *🟨"കൊല്ലം നിശ്ചലം*

കൊല്ലം:രാജ്യത്തെ പൂർണമായും കോർപറേറ്റുകൾക്ക്‌ വിട്ടുകൊടുക്കുകയും ജനദ്രോഹനയങ്ങൾ നടപ്പാക്കുകയും ചെയ്യുന്ന മോദി സർക്കാരിന്‌ താക്കീതായി കേന്ദ്ര ട്രേഡ്‌ യൂണിയനുകൾ പ്രഖ്യാപിച്ച പണിമുടക്ക്‌ ജില്ലയിൽ പൂർണം. അവശ്യസർവീസുകൾ ഒഴികെ സമസ്‌ത മേഖലകളും നിശ്ചലമായി. കേന്ദ്ര –സംസ്ഥാന സർക്കാർ ജീവനക്കാരും തൊഴിലാളികളുമടക്കം ലക്ഷക്കണക്കിനു പേരാണ്‌ പണിമുടക്കിൽ അണിനിരന്നത്‌. നാട്ടിലും നഗരപ്രദേശങ്ങളിലും കടകന്പോളങ്ങൾ അടഞ്ഞുകിടന്നു. വാഹനങ്ങൾ നിരത്തിലിറങ്ങിയില്ല. കെഎസ്ആർടിസി, സ്വകാര്യ ഗതാഗത സംവിധാനങ്ങൾ, വൈദ്യുതി, ബാങ്ക്, ഇൻഷുറൻസ് ഉൾപ്പെടെ പൊതു- –സ്വകാര്യ മേഖലകളിലെ തൊഴിലാളികളും പണിമുടക്കി. സംസ്ഥാന സർക്കാർ ജീവനക്കാരുടെ സംഘടനകളും അധ്യാപക സംഘടനകളും പണിമുടക്കിയതിനാൽ ഓഫീസുകളും സ്‌കൂളുകളും പ്രവർത്തിച്ചില്ല. കർഷക, കർഷകത്തൊഴിലാളി സംഘടനകളും ബഹുജന സംഘടനകളും അണിചേർന്നത്‌ അടിസ്ഥാനമേഖല പണിമുടക്കിന്‌ നൽകിയ ഐക്യദാർഢ്യ പ്രഖ്യാപനമായി. യുവജന, വിദ്യാർഥി, മഹിളാ സംഘടനകളും ഐക്യദാർഢ്യവുമായി രംഗത്തെത്തി. കെഇഡബ്ല്യൂജെ, കെഎൻഇഎഫ്‌ നേതൃത്വത്തിൽ മാധ്യമപ്രവർത്തകരും ജീവനക്കാരും പണിമുടക്കിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പണിമുടക്ക്‌. സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ വിവിധകേന്ദ്രങ്ങളിൽ പ്രകടനം നടത്തി. പണിമുടക്കിയ തൊഴിലാളികൾ അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കോലം കത്തിച്ചു. ബുധൻ അർധരാത്രി മുതൽ വ്യാഴം അർധരാത്രി വരെയാണ്‌ പൊതുപണിമുടക്ക്‌. പണിമുടക്കിന്റെ മുദ്രാവാക്യങ്ങൾ ജനങ്ങളിലേക്ക്‌
എത്തിക്കാന്‍ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ജീവനക്കാരും തൊഴിലാളികളും വിശദീകരണ
യോഗങ്ങളും പ്രകടനങ്ങളും സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം പണിമുടക്ക്‌ പ്രചാരണാർഥം വിവിധ കേന്ദ്രങ്ങളിൽ
വിളംബര ജാഥയും പന്തംകൊളുത്തി പ്രകടനവും നടന്നു. ​

    *🟨"ആദ്യം സംശയം 
പിന്നെ സന്തോഷം...*
പത്തനാപുരം
മാങ്കോട് വിളയിൽ പുത്തൻവീട്ടിൽ ഷീനയ്ക്ക് മൊബൈലിൽ ഒരു സന്ദേശം. ബാങ്ക്‌ അക്ക‍ൗണ്ടിൽ 1000രൂപ ക്രെഡിറ്റ് ആയെന്നായിരുന്നു സന്ദേശം. ആദ്യം സംശയം തോന്നി. സർക്കാർ പ്രഖ്യാപിച്ച സ്ത്രീസുരക്ഷാ പെൻഷൻ തുകയാണ് അറിഞ്ഞതോടെ ആശ്ചര്യം. അപേക്ഷിച്ച് ഒരു മാസത്തിനുള്ളിൽ തുക അക്ക‍ൗണ്ടിൽവരുമെന്ന്‌ കരുതിയില്ല. മകന്റെ ട്യൂഷൻ ഫീസ് എങ്ങനെ കൊടുക്കുമെന്നറിയാതെ വിഷമിച്ച്‌ ഇരിക്കുമ്പോഴാണ് ഇത് കാണുന്നത്. ഓടി ബാങ്കിലേക്ക്‌. എൽഡിഎഫ്‌ സർക്കാരിന്റെ സ്‌ത്രീസുരക്ഷാ പദ്ധതി തിരുവനന്തപുരത്ത്‌ മലയിൻകീഴ്‌ ശാന്തംമൂലം ഗ്ര‍ൗണ്ടിൽ വ്യാഴം പകൽ 12ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്ത മണിക്കൂറുകൾക്കകം മൈലുകൾക്കിപ്പുറം പത്തനാപുരം സ്വദേശിനി ഷീനയുടെ അക്ക‍ൗണ്ടിൽ 1000രൂപ ക്രെഡിറ്റായത്‌. സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന മറ്റ്‌ ക്ഷേമപെൻഷൻ പദ്ധതികളിൽ അംഗങ്ങളല്ലാത്ത 35 മുതൽ 60വയസ്സുവരെയുള്ള സ്‌ത്രീകളും ട്രാൻസ്‌ജെൻഡേഴ്‌സുമാണ്‌ ഗുണഭോക്താക്കൾ. ബിപിഎൽ കുടുംബത്തിൽപ്പെട്ട വീട്ടമ്മമാർക്ക് ഒരു കൈത്താങ്ങാണ്‌ പെൻഷൻ. സർക്കാർ പ്രഖ്യാപനം നടത്തിയത് അനുസരിച്ച് ഞങ്ങൾ അപേക്ഷിക്കാൻ കംപ്യൂട്ടർ സെന്ററിൽ പോകുന്ന വഴിക്ക്‌ വെറുതെ പറയുന്നതാണെന്ന് പറഞ്ഞ് കളിയാക്കിയവരുടെ മുന്നിൽ ഇത് കാണിക്കുമെന്ന് ഷീന പറയുമ്പോൾ കണ്ണുകളിൽ ഈ സർക്കാരിനോടുള്ള വിശ്വാസം തുളുന്പി. സർക്കാർ തുടരണം എന്നും യുഡിഎഫ് കാലത്ത് 600രൂപ ക്ഷേമപെൻഷൻ പ്രായമായവർക്ക് മുടക്കിയവരാണെന്നും ഷീന പറഞ്ഞു."

    *🟨"ജന്തർ മന്തറിൽ 
ജനരോഷം 
ഇരമ്പി*

 *മോദിക്ക് താക്കീത് ; എല്ലാ സംസ്ഥാനവും പണിമുടക്കിന്റെ ഭാഗമായി*
ന്യൂഡൽഹി
തൊഴിലാളിവിരുദ്ധ തൊഴിൽ കോഡുകൾ അടിച്ചേൽപ്പിച്ച കേന്ദ്രസർക്കാരിനെതിരായ ശക്തമായ താക്കീതായി കേന്ദ്ര ട്രേഡ്‌യൂണിയനുകൾ സംഘടിപ്പിച്ച 24 മണിക്കൂർ പണിമുടക്ക്‌ മാറി. 30 കോടി പേർ പങ്കെടുത്ത പണിമുടക്ക്‌ ആവേശം രാജ്യമെമ്പാടും അലയടിച്ചു. തൊഴിലാളികൾക്ക്‌ പിന്തുണയുമായി ഗ്രാമങ്ങളിൽ കർഷകരും കർഷകത്തൊഴിലാളികളും പ്രകടനങ്ങളും യോഗങ്ങളുമായി അണിനിരന്നു. പണിമുടക്ക്‌ മുന്നറിയിപ്പ്‌ അവഗണിച്ച്‌ തൊഴിലാളി– കർഷകവിരുദ്ധ നിലപാടുകളുമായി മുന്നോട്ടുപോകാനാണ്‌ സർക്കാരിന്റെ ഭാവമെങ്കിൽ കൂടുതൽ തീഷ്‌ണമായ സമരപോരാട്ടങ്ങളിലേക്ക്‌ കടക്കാനാണ്‌ ട്രേഡ്‌യൂണിയനുകളുടെയും കർഷകസംഘടനകളുടെയും തീരുമാനം.

സാധാരണ പണിമുടക്കുകൾക്കുമുമ്പ്‌ യൂണിയനുകൾ ഉയർത്തുന്ന ആവശ്യങ്ങളിൽ സർക്കാർ ചർച്ചയ്‌ക്ക്‌ സന്നദ്ധമാകാറുണ്ട്‌. തൊഴിൽ മന്ത്രി ഉൾപ്പെടെ പ്രധാനമന്ത്രി ചുമതലപ്പെടുത്തുന്ന മന്ത്രിമാരാകും ട്രേഡ്‌യൂണിയൻ പ്രതിനിധികളുമായി ചർച്ച നടത്തുക. അത്തരം ക‍ീഴ്‌വഴക്കങ്ങൾ ലംഘിക്കുകയെന്ന ധിക്കാരത്തിലേക്കും കേന്ദ്ര ബിജെപി സർക്കാർ കടന്നു. ചർച്ചയ്‌ക്കുപോലും സന്നദ്ധമാകാത്ത സർക്കാർ നിലപാട്‌ ഭരണകക്ഷിയായ ബിജെപിയുടെ തൊഴിലാളി– കർഷക വിരുദ്ധ മനോഭാവത്തെ കൂടിയാണ്‌ തുറന്നുകാട്ടുന്നത്‌.

2014ൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി സർക്കാർ അധികാരത്തിലെത്തിയത്‌ മുതൽ കോർപറേറ്റ്‌ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി തൊഴിലാളിവിരുദ്ധ നയനിലപാടുകളാണ്‌ തുടർച്ചയായി സ്വീകരിച്ചുവരുന്നത്‌. തൊഴിലാളി പ്രതിനിധികളും തൊഴിലുടമ പ്രതിനിധികളും സർക്കാർ പ്രതിനിധികളും 
ഉൾപ്പെട്ട ത്രികക്ഷി സംവിധാനമായ ഇന്ത്യൻ ലേബർ കോൺഫറൻസ്‌ 2015ന്‌ ശേഷം സർക്കാർ വിളിച്ചുചേർത്തിട്ടില്ല. ലേബർ കോൺഫറൻസിൽ ചർച്ച ചെയ്യാതെയാണ്‌ നാല് തൊഴിൽ കോഡുകളും സർക്കാർ കൊണ്ടുവന്നത്‌. ലേബർ കോൺഫറൻസ്‌ വിളിച്ചുചേർക്കണമെന്ന ആവശ്യം സംഘപരിവാർ ട്രേഡ്‌യൂണിയനായ ബിഎംഎസ്‌ പോലും മുന്നോട്ടുവച്ചിരുന്നു. അന്താരാഷ്ട്ര തൊഴിൽസംഘടനയും (ഐഎൽഒ) ലേബർ കോൺഫറൻസ്‌ വിളിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സർക്കാരിന്‌ കത്തയച്ചിരുന്നു.

ട്രേഡ്‌യൂണിയനുകളുമായി ചർച്ച നടത്താതെയും ലേബർ കോൺഫറൻസ്‌ വിളിച്ചുചേർക്കാതെയും കോർപ്പറേറ്റുകൾക്കായി തികച്ചും ഏകാധിപത്യനിലപാടിലാണ്‌ സർക്കാർ നീങ്ങുന്നത്‌. വരും ദിവസങ്ങളിലും സർക്കാരിന്റെ തൊഴിലാളി– കർഷകദ്രോഹ നിലപാടുകൾക്കെതിരായ സമരപരമ്പരകൾ രാജ്യത്ത്‌ സംഭവിക്കും.

*എല്ലാ സംസ്ഥാനവും പണിമുടക്കിന്റെ ഭാഗമായി*
കേന്ദ്ര ട്രേഡ്‌ യൂണിയനുകൾ സംയുക്തമായി പ്രഖ്യാപിച്ച ദേശീയ പണിമുടക്കിന്റെ ഭാഗമായി എല്ലാ സംസ്ഥാനങ്ങളിലും തൊഴിലാളികൾ തെരുവിലിറങ്ങി. ജാർഖണ്ഡ്‌, ഒഡീഷ്‌, ഛത്തീസ്‌ഗഡ്‌, യുപി, മധ്യപ്രദേശ്‌, മഹാരാഷ്‌ട്ര, പശ്ചിമ ബംഗാൾ എന്നിവടങ്ങളിൽ നിന്നുള്ള കൽക്കരി ഉല്‍പ്പാദനത്തെ സാരമായി ബാധിച്ചു. കേരളം, ഹിമാചൽ പ്രദേശ്‌, മഹാരാഷ്‌ട്ര സംസ്ഥാനങ്ങളിലാണ്‌ വൈദ്യുതി ജീവനക്കാർ വ്യാപകമായി പണിമുടക്കിയത്‌. പഞ്ചാബിൽ 25,000ഉം തമിഴ്‌നാട്ടിൽ 13,040 ഉം വൈദ്യതി ജീവനക്കാര്‍ പങ്കുചേർന്നു. വടക്കുകിഴക്കൻ, തെക്കൻ സംസ്ഥാനങ്ങളിലെ പവർ ഗ്രിഡ്‌ കോർപറേഷനുകളും അടഞ്ഞുകിടന്നു. കേരളം, കർണാടക‍, മഹാരാഷ്ട്ര‍, ഗുജറാത്ത്‌ എന്നിവിടങ്ങളിലെ എൽപിജി നിറയ്‌ക്കുന്ന കേന്ദ്രങ്ങളിൽ പ്രവർത്തന തടസ്സമുണ്ടായി. ഒഡീഷ‍, ആന്ധ്രാ പ്രദേശ്‌, തമിഴ്‌നാട്‌, കേരളം എന്നീ സംസ്ഥാനങ്ങളിലെ തുറമുഖങ്ങളും സ്തംഭിച്ചു.

മിക്ക സംസ്ഥാനങ്ങളിലെയും നിർമാണ, വ്യാവസായിക മേഖലകളിലെ തൊഴിലാളികൾ
പണിമുടക്കിനോടൊപ്പം നിന്നു. 16 സംസ്ഥാനങ്ങളിലെ സർക്കാർ ജീവനക്കാരും അണിചേര്‍ന്നു. ഗുജറാത്തിലെ ലേബർ കോടതികളും ട്രൈബ്യൂണലും അടച്ചിട്ടു. പത്തോളം സംസ്ഥാനങ്ങളിൽ വിവിധ പദ്ധതിത്തൊഴിലാളികൾ വ്യാപകമായി സംഘടിച്ചു. ജമ്മു കശ്‌മീർ, ഹിമാചൽ പ്രദേശ്‌ സംസ്ഥാനങ്ങളിലെ നിർമാണ തൊഴിലാളികൾ പണിമുടക്കി. വിവിധ സംസ്ഥാനങ്ങളിലെ ശുചീകരണ, ഗിഗ്‌ തൊഴിലാളികളും സമരമുഖത്തിറങ്ങി.

*ജന്തർ മന്തറിൽ 
ജനരോഷം 
ഇരമ്പി*
മോദി സർക്കാരിന്റെ തൊഴിലാളി– ജനദ്രോഹ നയങ്ങൾക്കെതിരായ അഖിലേന്ത്യ പണിമുടക്കിന്റെ ഭാഗമായി ഡൽഹി ജന്തർ മന്തറിൽ വൻ പ്രതിഷേധം അലയടിച്ചു. കേന്ദ്ര ട്രേഡ്‌ യൂണിയനുകളുടെയും കർഷക‍, കർഷകത്തൊഴിലാളി സംഘടനകളുടെയും നേതൃത്വത്തിൽ നടന്ന പ്രതിഷേധ റാലിയിൽ ആയിരക്കണക്കിനുപേർ പങ്കെടുത്തു.

തൊഴിലാളികളും വിദ്യാർഥികളും യുവാക്കളും സ്‌ത്രീകളും അണിനിരന്നതോടെ സർവമേഖലയിലും ശക്തമാകുന്ന ജനരോഷം പ്രകടമായി. രാജ്യതലസ്ഥാന മേഖലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ്‌ റാലിയിൽ അണിനിരന്നത്‌. സിഐടിയു പ്രസിഡന്റ്‌ സുദീപ്‌ ദത്ത, എഐടിയുസി ജനറൽ സെക്രട്ടറി അമർജിത്‌ ക‍ൗർ, ഐഎൻടിയുസി വൈസ്‌ പ്രസിഡന്റ്‌ അശോക്‌ സിങ്‌, എച്ച്‌എംഎസ്‌ ജനറൽ സെക്രട്ടറി ഹർഭജൻ സിങ്‌ സന്ധു, എഐടിയുസിസി നേതാവ്‌ ആർ കെ ശർമ‍, സേവാ നേതാവ്‌ ലതാ ബെൻ, എഐസിസിടിയു നേതാവ്‌ രാജീവ്‌ ദിമ്രി, യുടിയുസി നേതാവ്‌ ശത്രുജിത്‌ സിങ്‌ എന്നിവർ സംസാരിച്ചു. രാജ്യവ്യാപകമായി പണിമുടക്കിയ തൊഴിലാളികൾക്ക്‌ നേതാക്കൾ അഭിവാദ്യം അർപ്പിച്ചു. സിഐടിയു വൈസ്‌ പ്രസിഡന്റ്‌ തപൻ സെൻ, അഖിലേന്ത്യ കിസാൻ സഭ ജനറൽ സെക്രട്ടറി വിജൂ കൃഷ്ണൻ തുടങ്ങിയവരും റാലിയെ അഭിവാദ്യം ചെയ്തു.

സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം അരുൺ കുമാർ, മുതിർന്ന നേതാക്കളായ ബൃന്ദ കാരാട്ട്‌, ഹന്നൻ മൊള്ള, സിപിഐ എം രാജ്യസഭാകക്ഷി നേതാവ്‌ ജോൺ ബ്രിട്ടാസ്‌ തുടങ്ങിയവരും
ഐക്യദാർഢ്യമറിയിച്ചു.

*​മാധ്യമ പ്രവർത്തകരും അണിനിരന്നു*
കേരള പത്രപ്രവർത്തക യൂണിയൻ, ഡൽഹി യൂണിയൻ ഓഫ്‌ ജേർണലിസ്റ്റ്‌ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ മാധ്യമപ്രവർത്തകരും പണിമുടക്കിന്‌ ഐക്യദാർഢ്യമറിയിച്ചു. മാധ്യമപ്രവർത്തകർ കേരളാ ഹ‍ൗസിൽ നിന്ന്‌ ജന്തർ മന്തറിലേക്ക്‌ പ്രകടനമായെത്തി. ഡിയുജെ ഭാരവാഹികളായ എസ്‌ കെ പാണ്ഡെ‍, എ എം ജിഗീഷ്‌, എം പ്രശാന്ത്‌ എന്നിവരും കെയുഡബ്ല്യുജെ ഭാരവാഹികളായ പ്രസൂൺ എസ്‌ കണ്ടത്ത്‌, പി വി സുജിത്‌, ഡി ധനസുമോദ്‌ എന്നിവരും നേതൃത്വം നൽകി. കേരള ഹ‍ൗസിലെ ജീവനക്കാരും ഐക്യദാർഢ്യമറിയിച്ചു.

*ബംഗാളിൽ 
വൻ വിജയം*
അഖിലേന്ത്യ പണിമുടക്ക് ബംഗാളിൽ വൻ വിജയം. തൃണമൂൽ, ബിജെപി ഭീഷണിയും അക്രമവും അവഗണിച്ച് തൊഴിലാളികളും കർഷക–കർഷകത്തൊഴിലാളികളും ഉൾപ്പടെ വിവിധ വിഭാഗങ്ങളിൽപ്പെട്ടവൻ വൻ തോതിൽ അണിനിരന്നു. വ്യവസായ മേഖലകളിലും കൽക്കരി ഖനികളിലും ചണമില്ലുകളിലും തെയില തോട്ടങ്ങളിലും ഭൂരിപക്ഷം തൊഴിലാളികലും ജോലിയിൽനിന്ന് വിട്ടുനിന്നു. കൊൽക്കത്ത– ഹാൾദിയ തുറമുഖങ്ങളുടെ പ്രവർത്തനത്തെ സമരം സാരമായി ബാധിച്ചു. ബാങ്ക്, ഇൻഷുറൻസ്, ഐടി, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാരും സമരത്തിൽ പങ്കാളികളായി. 6000ൽ അധികം സ്ഥലങ്ങളിൽ ധർണ നടന്നു.​

*പ്രക്ഷോഭകര്‍ക്ക് അഭിവാദ്യം:* സിഐടിയു
ദേശീയ പണിമുടക്ക്‌ ചരിത്ര വിജയമാക്കിയ തൊഴിലാളികളെയും കർഷകരെയും കർഷകത്തൊഴിലാളിയേയും സിഐടിയു അഭിവാദ്യം ചെയ്തു. സംഘടിത, അസംഘടിത മേഖലയിൽ നിന്നുൾപ്പെടെ വലിയ രീതിയിലുള്ള പങ്കാളിത്തമാണ്‌ ഉണ്ടായത്‌. കോടതി ഉത്തരവുകൾ, നിരോധന ഉത്തരവുകൾ, തൊഴിലാളികൾക്ക്‌ നേരെ ആക്രമണങ്ങൾ എന്നിവ ഉണ്ടായിട്ടും പണിമുടക്ക്‌ സംഘടിതമായും അച്ചടക്കത്തോടെയും വ്യാപകമായും നടന്നു."

"കേന്ദ്ര സർക്കാരിന്റെ തൊഴിൽ കോഡുകൾക്കും തൊഴിലാളി വിരുദ്ധ നയങ്ങൾക്കുമെതിരെ ‘ഡൂ ഓർ ഡൈ’ പോരാട്ടത്തിലാണ്‌ ജനങ്ങൾ എന്ന്‌ വ്യക്തമായി. ഇന്ത്യയിലെ കർഷകരും തൊഴിലാളികളും ഒരു സമ്മർദത്തിനും കീഴടങ്ങില്ലെന്നും പണിമുടക്ക്‌ തെളിയിച്ചു. പണിമുടക്കിലൂടെ ഇന്ത്യയിലെ അധ്വാനിക്കുന്ന ജനവിഭാഗം ഐക്യം ഒന്നുകൂ‍ടി ഉറപ്പിച്ചുവെന്നും സിഐടിയു പ്രസ്‌താവനയില്‍ പറഞ്ഞു.

*പോരാട്ടം തുടരും: 
ഖാർഗെ*
തെരുവുകൾ മുതൽ പാർലമെന്റ്‌ വരെ മോദിസർക്കാരിന്റെ ജനദ്രോഹനയങ്ങൾക്ക്‌ എതിരെ പോരാട്ടം തുടരുമെന്ന്‌ രാജ്യസഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ്‌ അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെയും പറഞ്ഞു. രാജ്യതാൽപര്യങ്ങൾ തീറെഴുതുന്ന മോദിസർക്കാരിന്‌ എതിരെ തൊഴിലാളികളും ചെറുകിട വ്യാപാരികളും സാധാരണക്കാരും രംഗത്തിറങ്ങുകയാണ്‌ – ഖാർഗെ പ്രതികരിച്ചു."

    *🟨"ബിഎൻപി 
അധികാരത്തിലേക്ക്‌ ; വിധിയെഴുതി ബംഗ്ലാദേശ്*
ധാക്ക
രാഷ്ട്രീയ അസ്ഥിരത നിലനിൽക്കുന്ന ബംഗ്ലാദേശില്‍ അതീവനിര്‍ണായകമായ പാർലമെന്റ്‌ തെരഞ്ഞെടുപ്പില്‍ അന്തരിച്ച മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർടി (ബിഎൻപി) അധികാരത്തിലേക്ക്‌. ഫലം പ്രഖ്യാപിച്ച 112 സീറ്റുകളിൽ ബിഎൻപി 85 സീറ്റുകൾ നേടിയതായാണ്‌ അന‍ൗദ്യോഗിക വിവരം. മുഖ്യ എതിരാളി ജമാഅത്തെ ഇസ്ലാമിക്ക്‌ 26 സീറ്റേ നേടാൻ കഴിഞ്ഞുള്ളൂ. 299 സീറ്റുകളിലേക്കാണ്‌ തെരഞ്ഞെടുപ്പ്‌ നടന്നത്‌. വെള്ളിയാഴ്‌ച ഫലം പൂർണ്ണമായും വ്യക്തമാകും. 60ശതമാനത്തിലധികമായിരുന്നു പൊളിങ്‌. ബിഎൻപി സർക്കാർ രൂപീകരിക്കുമെന്ന്‌ പാർടി വക്താവ്‌ മഹ്ദി അമിൻ പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രക്രിയ പ്രഹസനമാണെന്ന് വിദ്യര്‍ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് അധികാരഭ്രഷ്ടയായി ഇന്ത്യയിൽ അഭയംതേടിയ അവാമി ലീഗ് നേതാവ് ഷെയ്ഖ് ഹസീന പ്രതികരിച്ചു. അവാമി ലീഗിനെ മത്സരിക്കുന്നതിൽ വിലക്കിയതിനാല്‍ പ്രധാന മത്സരം ബിഎൻപിയും ജമാഅത്തെ ഇസ്ലാമിയും തമ്മിലാണ്. വിദ്യാർഥി പ്രക്ഷോഭ നേതാക്കൾ രൂപീകരിച്ച എന്‍സിപി ജമാഅത്തെ സഖ്യത്തിനൊപ്പമാണ്. ഇടക്കാല ഭരണാധികാരി മുഹമ്മദ് യൂനുസ് മുന്നോട്ടുവെച്ച 84 ഭരണഘടനാ പരിഷ്കാര നിർദ്ദേശങ്ങള്‍ നടപ്പാക്കണോ എന്ന ഹിതപരിശോധനയും വോട്ടെടുപ്പിനൊപ്പം നടന്നു.

ഖുൽനയിലെ പോളിങ്‌ ബൂത്തിൽ ജമാഅത്തെ ഇസ്ലാമിയുമായി നടന്ന സംഘർഷത്തിൽ ബിഎൻപി നേതാവ്‌ കൊല്ലപ്പെട്ടു. ഗോപാൽഗഞ്ചിലെ ബോംബാക്രമണത്തിൽ 13 കാരിയടക്കം മൂന്ന്‌ പേർക്ക്‌ പരിക്കേറ്റു."

   *🟨"രാജ്യവ്യാപക മിന്നൽ പരിശോധന: കുവൈത്തിൽ ഒരുദിവസം 3206 ഗതാഗത കേസ്‌*
കുവൈത്ത് സിറ്റി: ഗതാഗത വിഭാഗം കുവൈത്തിലുടനീളം നടത്തിയ ശക്തമായ പരിശോധനയിൽ ഒറ്റദിവസം 3206 ഗതാഗത നിയമലംഘനം റിപ്പോർട്ട് ചെയ്തതായി അധികൃതർ. അശ്രദ്ധമായ ഡ്രൈവിങ്ങും ആശുപത്രികൾക്ക് മുന്നിലെ അനധികൃത പാർക്കിങ്ങും തടയാനായി നടത്തിയ പ്രത്യേക ക്യാമ്പയിനിലാണ് വ്യാപക നിയമലംഘനങ്ങൾ കണ്ടെത്തിയത്.

പരിശോധനയുടെ ഭാഗമായി 47 വാഹനങ്ങളും മോട്ടോർ സൈക്കിളുകളും അധികൃതർ പിടിച്ചെടുത്തു. വിവിധ ആശുപത്രികളുടെ പരിസരങ്ങളിൽ പാർക്കിങ് നിയമം ലംഘിച്ചതിന് മാത്രം 322 കേസിൽ പിഴ ചുമത്തി. നിരോധിത മേഖലകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ആംബുലൻസുകളുടെയും മറ്റ് അടിയന്തര സേവന വാഹനങ്ങളുടെയും നീക്കം തടസ്സപ്പെടുത്തുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. അമീരി ആശുപത്രി പരിസരത്താണ് ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തത്, 119 കേസ്‌.

ഗവർണറേറ്റുകൾ തിരിച്ചുള്ള കണക്കുകൾ പ്രകാരം അഹമ്മദിയിലാണ് ഏറ്റവും കൂടുതൽ ലംഘനം രേഖപ്പെടുത്തിയത്, 570. ജഹ്‌റയിലാണ് ഏറ്റവും കുറവ്‌, 358. ഫർവാനിയ (536), ക്യാപിറ്റൽ ഗവർണറേറ്റ് (451) എന്നിങ്ങനെയാണ് മറ്റിടങ്ങളിൽ. വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കൽ, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക, ഗ്ലാസുകളിൽ നിയമവിരുദ്ധമായി കറുത്ത ഫിലിം ഒട്ടിക്കൽ, അമിത ശബ്ദം സൃഷ്ടിക്കൽ തുടങ്ങിയവയാണ് പ്രധാന നിയമലംഘനങ്ങളിൽ ഉൾപ്പെട്ടത്. ട്രക്കുകളും ടാക്സികളും നടത്തിയ വിവിധ കുറ്റങ്ങളും പരിശോധനയിൽ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു."
  
   *🟨"ഇന്ത്യ നമീബിയയെ 93 റണ്ണിന്‌ തോൽപ്പിച്ചു*

 *ഹാർദിക് ഹിറ്റ്*

ന്യൂഡൽഹി
കൂറ്റൻ ജയവുമായി ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പിൽ ഇന്ത്യ മുന്നോട്ട്‌. രണ്ടാം മത്സരത്തിൽ നമീബിയയെ 93 റണ്ണിന്‌ തോൽപ്പിച്ചു. 210 റൺ ലക്ഷ്യവുമായി ഇറങ്ങിയ നമീബിയയെ 18.2 ഓവറിൽ 116 റണ്ണിനാണ്‌ കൂടാരം കയറ്റിയത്‌. മൂന്ന്‌ വിക്കറ്റെടുത്ത സ്‌പിന്നർ വരുൺ ചക്രവർത്തിയാണ്‌ കളി തിരിച്ചത്. 24 പന്തിൽ 61 റണ്ണുമായി ഇഷാൻ കിഷൻ ബാറ്റിങ്‌ നിരയിൽ മിന്നി.

15ന്‌ പാകിസ്ഥാനെതിരെ നടക്കുന്ന മത്സരത്തിന്‌ മികച്ച തയ്യാറെടുപ്പ്‌ നടത്താനും സൂര്യകുമാർ യാദവിനും സംഘത്തിനും കഴിഞ്ഞു. തുടർച്ചയായ രണ്ടാംജയത്തോടെ ഗ്രൂപ്പ്‌ എയിൽ ഇന്ത്യ ഒന്നാമതെത്തി.സ്‌കോർ: ഇന്ത്യ 209/9; നമീബിയ 116 (18.2). രണ്ട് വിക്കറ്റും 58 റണ്ണും നേടിയ ഹാർദിക് പാണ്ഡ്യയാണ് കളിയിലെ താരം.

ആദ്യ മത്സരത്തിൽ അമേരിക്കയ്‌ക്കെതിരെ അപ്രതീക്ഷിതമായി പതറിപ്പോയ ബാറ്റിങ്‌നിര നമീബിയക്കെതിരെ തെളിയുന്നതാണ്‌ കണ്ടത്‌. അസുഖം കാരണം വെടിക്കെട്ട്‌ ഓപ്പണർ അഭിഷേക്‌ ശർമ കളിക്കാതിരുന്നിട്ടും ഇന്ത്യയുടെ തുടക്കം മോശമായില്ല. പകരമെത്തിയ മലയാളിതാരം സഞ്‌ജു സാംസൺ ഹാട്രിക്‌ സിക്‌സറും ഫോറും ഉൾപ്പെടെ എട്ട്‌ പന്തിൽ 22 റണ്ണെടുത്താണ്‌ മടങ്ങിയത്‌. മറുവശത്ത്‌ തുടക്കത്തിൽ അൽപ്പം പതറിയെങ്കിലും ഇഷാൻ കിഷൻ കളംപിടിക്കാൻ തുടങ്ങി.

സഞ്‌ജുവിനെ രണ്ടാം ഓവറിൽ നഷ്ടമായശേഷം ഇഷാനും തിലക്‌ വർമയും ചേർന്ന്‌ റണ്ണുയർത്തി. ഇതിൽ ഏറിയ പങ്കും ഇഷാന്റേതായിരുന്നു. 6.4 ഓവറിൽ ഇന്ത്യ 100 കടന്നു. 20 പന്തിൽ വിക്കറ്റ്‌ കീപ്പർ അർധസെഞ്ചുറിയും പൂർത്തിയാക്കി. ഇ‍ൗ സഖ്യം 31 പന്തിൽ 79 റണ്ണാണെടുത്തത്‌. ഇഷാന്റെ ഇന്നിങ്‌സിൽ അഞ്ച്‌ സിക്‌സറും ആറ്‌ ഫോറും ഉൾപ്പെട്ടു.സ്‌പിന്നർമാർ എത്തിയതോടെ റണ്ണൊഴുക്കിന്റെ വേഗം കുറഞ്ഞു. സെഞ്ചുറി ലക്ഷ്യമിട്ട്‌ നീങ്ങിയ ഇഷാനെ ക്യാപ്‌റ്റൻ ഗെർഹാർഡ്‌ ഇറാസ്‌മസ്‌ വീഴ്‌ത്തി. തിലക്‌ വർമയും (21 പന്തിൽ 25) ഇറാസ്‌മസിന്റെ ഇരയായി. സൂര്യകുമാറിനെ (13 പന്തിൽ 21) മറ്റൊരു സ്‌പിന്നർ ബെർണാഡ്‌ ഷോൾട്‌സും മടക്കി. 20 റണ്ണെടുക്കുന്നതിനിടെ മൂന്ന്‌ വിക്കറ്റാണ്‌ ഇന്ത്യക്ക്‌ നഷ്ടമായത്‌.

അഞ്ചാം വിക്കറ്റിൽ ഹാർദിക്‌ പാണ്ഡ്യയും (28 പന്തിൽ 52) ശിവം ദുബെയുമാണ്‌ (16 പന്തിൽ 23) സ്‌കോർ 200ൽ എത്തിച്ചത്‌. നാല്‌ വീതം സിക്‌സറും ഫോറുമായിരുന്നു ഹാർദികിന്റെ ഇന്നിങ്‌സിൽ. അവസാന ഘട്ടത്തിൽ നമീബിയൻ ബ‍ൗളർമാർ ശക്തമായി തിരിച്ചുവന്നു. നാല്‌ റണ്ണെടുക്കുന്നതിനിടെ അഞ്ച്‌ വിക്കറ്റാണ്‌ വീഴ്‌ത്തിയത്‌. കൂറ്റനടിക്കാരൻ റിങ്കു സിങ്‌ (1), അക്‌സർ പട്ടേൽ (0) എന്നിവർ ചെറുത്തുനിൽപ്പില്ലാതെ മടങ്ങി.നാലോവറിൽ 20 റൺ മാത്രം വിട്ടുകൊടുത്ത്‌ നാല്‌ വിക്കറ്റ്‌ വീഴ്‌ത്തിയ ഇറാസ്‌മസ്‌ ആണ്‌ നമീബിയൻ ബ‍ൗളർമാരിൽ തിളങ്ങിയത്‌.

മറുപടിക്കെത്തിയ നമീബിയക്ക്‌ കൂറ്റൻ ലക്ഷ്യം പിന്തുടരാനുള്ള കരുത്തുണ്ടായില്ല. പേസർമാരെ ആക്രമിച്ച ബാറ്റർമാർ സ്‌പിന്നർമാർ എത്തിയതോടെ കളിവിട്ടു. 20 പന്തിൽ 29 റണ്ണെടുത്ത ഓപ്പണർ ല‍ൗറെൻ സ്‌റ്റീൻകാന്പാണ്‌ ടോപ്‌ സ്‌കോറർ. ഇന്ത്യക്കായി രണ്ടോവറിൽ ഏഴ്‌ റൺ മാത്രം വഴങ്ങിയാണ്‌ വരുൺ മ‍ൂന്ന്‌ വിക്കറ്റെടുത്തത്‌. മറ്റൊരു സ്‌പിന്നർ അക്‌സർ പട്ടേൽ രണ്ടെണ്ണം സ്വന്തമാക്കി. അർഷ്‌ദീപ്‌ സിങ്‌ ഒരു വിക്കറ്റ്‌ നേടി. ടീമിലേക്ക്‌ തിരിച്ചെത്തിയ ജസ്‌പ്രീത്‌ ബുമ്രയ്‌ക്ക്‌ ഒരു വിക്കറ്റുണ്ട്‌.രണ്ടാം തോൽവിയോടെ നമീബിയയുടെ സാധ്യതകൾ അവസാനിച്ചു.​ ലോകകപ്പിൽ ഇന്ത്യയുടെ തുടർച്ചയായ പത്താം ജയമാണ്."

    *🟨"ബ്ലാസ്റ്റേഴ്സ് ബഗാനോട്*

 *ഐഎസ്‌എല്ലിന്‌ നാളെ തുടക്കം*
കൊൽക്കത്ത
ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിന്‌ നാളെ തുടക്കം. ആദ്യ കളിയിൽ നിലവിലെ ജേതാക്കളായ മോഹൻ ബഗാൻ സൂപ്പർ ജയന്റും കേരള ബ്ലാസ്‌റ്റേഴ്‌സും തമ്മിൽ കളിക്കും. എഫ്‌സി ഗോവയും ഇന്റർ കാശിയും തമ്മിലാണ്‌ ആദ്യദിനത്തിലെ രണ്ടാംകളി.

സ്‌പോൺസർമാരില്ലാത്തതിനാൽ അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ നേരിട്ടാണ്‌ ലീഗ്‌ നടത്തുന്നത്‌. കഴിഞ്ഞ വർഷം സെപ്‌തംബറിലാണ്‌ സീസൺ തുടങ്ങേണ്ടിയിരുന്നത്‌. ആകെ 14 ടീമുകൾ പങ്കെടുക്കും."

    *🟨ഇമ്രാൻഖാന്റെ കാഴ്ചശക്തി നഷ്ടമായി; ഇനി വൈകിയാൽ ജീവൻ തന്നെ അപകടത്തിലാകും; അമിക്കസ് ക്യൂറി റിപ്പോർട്ട്*
ഇസ്ലാമാബാദ്: ജയിലിൽ കഴിയുന്ന മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനിന്റെ കാഴ്ചശക്തിക്ക് ​ഗുരുതരമായ തകരാർ സംഭവിച്ചെന്നും ആരോഗ്യനില അതീവ ഗുരുതരമാണെന്നും റിപ്പോർട്ട്. അമിക്കസ് ക്യൂറി സൽമാൻ സഫ്ദർ ആണ് സുപ്രീംകോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.

മാസങ്ങളോളം തന്റെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ഇമ്രാൻ പരാതിപ്പെട്ടിട്ടും ജയിൽ അധികൃതർ അവഗണിച്ചതിനെത്തുടർന്ന് അദ്ദേഹത്തിന്റെ വലതുകണ്ണിന്റെ കാഴ്ചശക്തി 85 ശതമാനത്തോളം നഷ്ടപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. 2025 ഒക്ടോബർ വരെ ഇമ്രാൻഖാന്റെ രണ്ട് കണ്ണുകൾക്കും സാധാരണ നിലയിലുള്ള കാഴ്ചയുണ്ടായിരുന്നു. പിന്നീട് കാഴ്ച മങ്ങാൻ തുടങ്ങി. ഇത് പലതവണ ജയിൽ അധികൃതരെ അറിയിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. ഈ അവഗണന വലിയ ദുരന്തത്തിന് വഴിവെച്ചു. വലതുകണ്ണിന്റെ കാഴ്ച പൂർണമായും പെട്ടെന്ന് നഷ്ടപ്പെട്ടു. തുടർന്ന് ഒരു നേത്രരോഗ വിദഗ്ധനെ വിളിച്ചു. കണ്ണിനുള്ളിൽ രക്തം കട്ടപിടിച്ചത് ഗുരുതരമായ തകരാറുണ്ടാക്കിയെന്നും ഇൻജക്ഷനും ചികിത്സയും നൽകിയിട്ടും വലതുകണ്ണിന് ഇപ്പോൾ വെറും 15 ശതമാനം കാഴ്ച മാത്രമേ ഉള്ളൂ എന്നും റിപ്പോർട്ട് രേഖപ്പെടുത്തുന്നു.

2023 ഒക്ടോബറിൽ അദിയാല ജയിലിലേക്ക് മാറ്റിയത് മുതൽ ഏകദേശം രണ്ട് വർഷവും നാല് മാസവുമായി ഇമ്രാൻ ഖാൻ ഏകാന്ത തടവിലാണ്. ഇത് അദ്ദേഹത്തിന്റെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതായും സഫ്ദർ കോടതിയെ അറിയിച്ചു. 73 കാരനായ ഇമ്രാൻ ഖാൻ ഒന്നിലധികം ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിലും ഡോക്ടർമാരെ കാണാൻ അനുവാദമില്ല. പ്രായം കണക്കിലെടുത്ത് കൃത്യമായ രക്തപരിശോധനകൾ ആവശ്യമാണെങ്കിലും 
അവ നടന്നിട്ടില്ല. കുടുംബാംഗങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്കും കടുത്ത നിയന്ത്രണങ്ങളുണ്ട്. സഹോദരിമാരടക്കമുള്ള കുടുംബാംഗങ്ങളെ കോടതി ഉത്തരവുണ്ടായിട്ടും കൃത്യമായി കാണാൻ അനുവദിക്കുന്നില്ല. 2025ൽ ആകെ രണ്ട് തവണ മാത്രമാണ് മക്കളായ കാസിമിനോടും സുലൈമാനോടും ഫോണിൽ സംസാരിക്കാൻ കഴിഞ്ഞത്. കഴിഞ്ഞ അഞ്ച് മാസമായി തന്റെ പ്രധാന അഭിഭാഷകനെയോ നിയമസംഘത്തെയോ കാണാൻ ഇമ്രാനെ അനുവദിച്ചിട്ടില്ല. ഇത് കേസുകളിൽ അദ്ദേഹത്തിന്റെ പ്രതിരോധത്തെ സാരമായി ബാധിക്കുന്നുണ്ട്. ഇനി വൈകിയാൽ ഇമ്രാൻ ഖാന്റെ ജീവൻ തന്നെ അപകടത്തിലാകുമെന്നും, ഉടൻ തന്നെ വിദഗ്ധരായ നേത്രരോഗ വിദഗ്ധരെക്കൊണ്ട് പരിശോധന നടത്തുകയും കുടുംബാംഗങ്ങളെയും അഭിഭാഷകരെയും കാണാനുള്ള അനുമതി പുനഃസ്ഥാപിക്കുകയും വേണമെന്നും സൽമാൻ സഫ്ദർ റിപ്പോർട്ടിൽ ആവശ്യപ്പെട്ടു.

അമിക്കസ് ക്യൂറി റിപ്പോർട്ടിനെ തുടർന്ന്, ഇമ്രാൻഖാന്റെ ആരോഗ്യനില പരിശോധിക്കുന്നതിന് മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. കൂടാതെ, മുൻഭാര്യയുമായും മക്കളുമായും സംസാരിക്കാൻ ഇമ്രാന് സൗകര്യമൊരുക്കണമെന്നും കോടതി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് 2023 ആ​ഗസ്ത് അഞ്ച് മുതൽ റാവൽപിണ്ടിയിലെ അദിയാല ജയിലിലാണ് മുൻ ക്രിക്കറ്റ് താരംകൂടിയായ ഇമ്രാൻ ഖാൻ."

    *🟨"മൊബൈൽ ഫോൺ നൽകണം, ലൈംഗികശേഷി പരിശോധനയ്ക്ക് വിധേയനാകണം, തുടർച്ചയായി ഹാജരാകണം; മാങ്കൂട്ടത്തിലിനോട് കോടതി*
കൊച്ചി: ആദ്യ ബലാത്സം​ഗക്കേസിൽ കർശന ഉപാധികളോടെയാണ് കോൺ​ഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം അനുവദിച്ചത്. തുടർച്ചയായ മൂന്നുദിവസം ചോദ്യംചെയ്യലിന് ഹാജരാകണം, ലൈംഗികശേഷി പരിശോധനയ്ക്ക് വിധേയനാകണം എന്നതടക്കം കർശന ഉപാധികളോടെയാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് മുൻകൂർജാമ്യം അനുവദിച്ചത്. യുവതിയുടെ നഗ്നദൃശ്യങ്ങൾ പകർത്തിയ മൊബെെൽ ഫോൺ അന്വേഷണ സംഘത്തിന് കെെമാറാനും നിർദേശിച്ചു.

തിങ്കൾമുതൽ തുടർച്ചയായ മൂന്നുദിവസം ചോദ്യംചെയ്യലിന് ഹാജരാകണം. എല്ലാ രണ്ടാംശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ ഹാജരാകണം. അറസ്റ്റ് രേഖപ്പെടുത്തുകയാണെങ്കിൽ ഒരുലക്ഷം രൂപയുടെ ബോണ്ടിലും തുല്യതുകയ്ക്കുള്ള രണ്ട് ആൾജാമ്യത്തിലും വിട്ടയക്കണമെന്നും കോടതി നിർദേശിച്ചു. ഗർഭച്ഛിദ്രം നടത്തിയത് മാങ്കൂട്ടത്തിലിന്റെ സമ്മർദംമൂലമാണെന്ന വാദം വിചാരണവേളയിൽ തെളിയേണ്ടതാണെന്നും കോടതി വ്യക്തമാക്കി.

വിവാ​ഹ​വാ​ഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയും നിർബന്ധിച്ച് ഗർഭഛിദ്രം നടത്തുകയും ചെയ്തെന്നാണ് മാങ്കൂട്ടത്തിലിനെതിരായ കേസ് കേസ്. പ്രതിക്ക് ജാമ്യം നൽകുന്നത് തന്റെ ജീവന് ഭീഷണിയാണെന്നും സമാനമായ രീതിയിൽ മറ്റ് പെൺകുട്ടികളെയും ഇയാൾ പീഡിപ്പിച്ചിട്ടുണ്ടെന്നും പരാതിക്കാരി കോടതിയെ അറിയിച്ചിരുന്നു."


        *🟨"ഇത്‌ കോർപറേറ്റ്‌ സേവകർക്കുള്ള താക്കീത്‌"*
"ഇന്ത്യൻ തൊഴിലാളിവർഗം ഒരിക്കൽക്കൂടി അതിന്റെ അജയ്യമായ സമരവീര്യം ജ്വലിപ്പിച്ചിരിക്കുന്നു. അഖിലേന്ത്യ പണിമുടക്ക്‌ എന്നാൽ, കേരളത്തിൽമാത്രം പരിമിതപ്പെടുന്ന പ്രതിഭാസമാണെന്ന് പ്രചരിപ്പിച്ചവർക്ക്‌ രാജ്യത്തെ തൊഴിലാളികൾ മുഖമടച്ച്‌ പ്രഹരം നൽകിയിരിക്കുകയാണ്‌. ശക്തമായ ഇടതുപക്ഷമനസ്സുള്ള കേരളത്തിൽ സമരം പൂർണമാകുന്നത്‌ സ്വാഭാവികം. എന്നാൽ, ഇടതുപക്ഷശക്തികൾ താരതമ്യേന ദുർബലമായ സംസ്ഥാനങ്ങളിലെ ജനങ്ങൾപോലും ഇ‍ൗ സമരത്തെ നെഞ്ചേറ്റിയിരിക്കുന്നു."
ജാർഖണ്ഡിലെ ഖനി മേഖല, ഹരിയാനയിലെയും പഞ്ചാബിലെയും ഗതാഗതമേഖല, ദേശീയ തലസ്ഥാന മേഖല (എൻസിആർ)യിലെ ഗുഡ്‌ഗാവും നോയ്‌ഡയും ഉൾപ്പെടെയുള്ള വ്യവസായമേഖലകളെല്ലാം വ്യാഴാഴ്‌ച നിശ്ചലമായി. ഒഡിഷയിലും അസമിലും അഭൂതപൂർവമായ പങ്കാളിത്തമായിരുന്നു. ബാങ്കിങ്‌, ഇൻഷുറൻസ്‌ മേഖലയും സ്‌തംഭിച്ചു. വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ സ്‌കീം തൊഴിലാളികളും സമരം വിജയിപ്പിക്കാൻ മുന്നിട്ടിറങ്ങി. തമി‍ഴ്‌നാട്ടിലും കർണാടകത്തിലും പലയിടത്തും ട്രെയിനുകൾ തടയുകയും ചെയ്‌തു.


പത്ത്‌ കേന്ദ്ര ട്രേഡ്‌ യൂണിയനുകളും ഫെഡറേഷനുകളും ആഹ്വാനം ചെയ്‌ത പണിമുടക്കിനുവേണ്ടിയുള്ള മാസങ്ങളായുള്ള തയ്യാറെടുപ്പുകൾകൊണ്ടുകൂടിയാണ്‌ ഇ‍ൗ പണിമുടക്ക്‌ വൻവിജയമായത്‌. രാജ്യത്ത് അങ്ങോളമിങ്ങോളം കോടിക്കണക്കിനു തൊഴിലാളികൾ പണിമുടക്കിയെന്നാണ്‌ പ്രാഥമിക റിപ്പോർട്ടുകൾ.

നവ ലിബറൽ സാന്പത്തികനയങ്ങൾക്കെതിരെ ലോകമൊട്ടുക്ക്‌ വളരുന്ന ജനകീയരോഷത്തിന്റെ പ്രതിഫലനമാണിത്‌. സാമ്രാജ്യത്വവിപുലീകരണ പദ്ധതികളിലൂടെ മുതലാളിത്തം നേരിടുന്ന വ്യവസ്ഥാപിത പ്രതിസന്ധി മറികടക്കാൻ ശ്രമിക്കുന്നത്‌ തൊഴിലാളികളിലും പാവങ്ങളിലും
അധികഭാരം അടിച്ചേൽപ്പിച്ചാണ്‌. അതിനെതിരെയുള്ള ഇത്തരം സമരങ്ങളുടെ അനിവാര്യതയെക്കുറിച്ചുള്ള ചിന്ത ആഗോളമായിത്തന്നെ അധ്വാനിക്കുന്ന മനുഷ്യർക്കിടയിൽ ശക്തമാകുന്പോൾത്തന്നെ, സമാന്തരമായി തൊഴിലാളിവർഗ ഐക്യത്തെ ദുർബലപ്പെടുത്താനുള്ള തീവ്ര വലതുപക്ഷശക്തികളുടെയും സ്വത്വവാദികളുടെയും ശ്രമങ്ങളും ശക്തമാകുന്നുണ്ട്‌. യൂറോപ്പിൽ നവ ഫാസിസ്റ്റുകളാണ്‌ വിഭാഗീയതയുടെ രാഷ്‌ട്രീയം പ്രചരിപ്പിക്കുന്നതെങ്കിൽ, ഇന്ത്യയിൽ സംഘപരിവാറാണ്‌. ഇന്ത്യയിലെ കോർപറേറ്റ്‌–വർഗീയ കൂട്ടുകെട്ട്‌ അവരുടെ നയപരിപാടികൾ മുന്നോട്ടുനീക്കുന്നത്‌ തൊഴിലാളികളെ മതവും ജാതിയും പറഞ്ഞ്‌ ഭിന്നിപ്പിച്ചുകൊണ്ടാണ്‌. രാജ്യത്തുടനീളം ഇത്തരം ഗൂ-ഢപദ്ധതികളെ ശക്തമായി നേരിട്ടുകൊണ്ടാണ്‌ ഇന്ത്യൻ തൊഴിലാളിവർഗം ഐതിഹാസികമായ ഇ‍ൗ സമരത്തിൽ അണിചേർന്നത്‌.

നവ ലിബറൽ നയങ്ങളുടെ ദുരന്തംപേറുന്ന കർഷകരും കർഷകത്തൊഴിലാളികളും ജീവനക്കാരുമെല്ലാം ദശാബ്‌ദങ്ങളായി പൊരുതിനേടിയ അവകാശങ്ങൾ മുച്ചൂടും തകർക്കുന്ന നാല്‌ ലേബർ കോഡുകൾ പിൻവലിക്കുക, വിത്തുൽപ്പാദനമേഖലയെ കുത്തകവൽക്കരിക്കുന്ന വിത്തുബിൽ പിൻവലിക്കുക, ക്രോസ്‌ സബ്‌സിഡി അടക്കമുള്ള കർഷക ആനുകൂല്യങ്ങൾ എടുത്തുകളയുന്ന വൈദ്യുതി ഭേദഗതി ബിൽ പിൻവലിക്കുക, തൊഴിലുറപ്പ്‌ പദ്ധതി അട്ടിമറിക്കുന്ന വിബിജിആർഎഎംജി ബിൽ പിൻവലിക്കുക, ആണവോർജമേഖലയെ സ്വകാര്യവൽക്കരിക്കാനുള്ള ശാന്തി നിയമം പിൻവലിക്കുക, ഇൻഷുറൻസ്‌ മേഖലയിലെ 100 ശതമാനം എഫ്‌ഡിഐ എന്ന തീരുമാനം പിൻവലിക്കുക, ഉന്നതവിദ്യാഭ്യാസമേഖലയെ പൂർണമായും കേന്ദ്രവൽക്കരിക്കുന്ന വികസിത്‌ ഭാരത്‌ ശിക്ഷാ അധിഷ്‌ഠാൻ ബിൽ പിൻവലിക്കുക‍, സർക്കാർ–പൊതുമേഖല സ്ഥാപനങ്ങളിലെ ലക്ഷക്കണക്കിന്‌ ഒഴിവ്‌ നികത്തുക‍, അങ്കണവാടി–ആശ–ഉച്ചഭക്ഷണപദ്ധതി തൊഴിലാളികളെ സർക്കാർ ജീവനക്കാരാക്കുക, ദേശീയ ആരോഗ്യ മിഷൻ ഡോക്‌ടർമാരെയും നഴ്‌സുമാരെയും സ്ഥിരപ്പെടുത്തുക, പൊതുമേഖലാ സ്വകാര്യവൽക്കരണം പിൻവലിക്കുക, കാർഷികമേഖലയെ തകർക്കുന്ന ഇന്ത്യ–യുഎസ്‌ വ്യാപാരക്കരാർ ഉൾപ്പെടെയുള്ള എല്ലാ സ്വതന്ത്ര വ്യാപാരക്കരാറുകളിൽനിന്നും പിന്മാറുക എന്നീ ആവശ്യങ്ങളാണ്‌ സമരത്തിന്റെ ഭാഗമായി ഉന്നയിച്ചത്‌.

മോദിസർക്കാർ ഭരണമേറ്റതുമുതൽ രാജ്യത്തെ സാധാരണക്കാരുടെ ജീവിതം പ്രതിസന്ധിയിലായി. തൊഴിൽമേഖലയ്‌ക്ക്‌ കരുത്തായ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും വിറ്റുതുലച്ചു. അതിനൊപ്പം സ്വകാര്യവൽക്കരണംകൂടിയായതോടെ പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും ജീവിതം പ്രതിസന്ധിയിലായി. ഏറ്റവും കൂടുതൽപേർ ഉപജീവനം നടത്തിയിരുന്ന കാർഷികമേഖലകൂടി കുത്തകകൾക്ക്‌ തുറന്നിട്ടതോടെ ഗ്രാമീണജനതയുടെ അന്നംമുട്ടി. സ്ഥിരംതൊഴിലുകൾ ഇല്ലാതായതോടെ വൻകിട കന്പനികളിൽനിന്ന്‌ വലിയതോതിലുള്ള പിരിച്ചുവിടലും വന്നു. ഇന്ത്യയെ ചലിപ്പിക്കുന്ന ജീവനാഡിയായ തൊഴിലാളിസന്പത്തിനെ തീർത്തും അവഗണിച്ചുള്ള മോദിസർക്കാരിന്റെ പോക്കിന്‌ തടയിടണം. അതിനുള്ള പോരാട്ടവീര്യമാണ്‌ ഇന്ത്യയൊട്ടാകെ പണിമുടക്കിൽ പ്രതിഫലിച്ചത്‌. ഇ‍ൗ താക്കീത്‌ അർഹിക്കുന്ന ഗ‍ൗരവത്തോടെ കാണാതിരുന്നാൽ തൊഴിലാളികളുടെ കരുത്തിൽ കോർപറേറ്റ്‌ സേവകരുടെ കുലം മുടിയുകതന്നെ ചെയ്യുമെന്ന്‌ ഉറപ്പ്‌."
'ശുഭദിനം.
Previous Post Next Post
3/TECH/col-right