*🟨കൊച്ചിൻ കാൻസർ റിസർച്ച് സെന്റർ മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു*
കൊച്ചി:കളമശേരിയിലെ കൊച്ചിൻ കാൻസർ റിസർച്ച് സെന്റർ മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു. ബജറ്റിന് പുറത്തുള്ള സാമ്പത്തിക സ്രോതസുകൾ കണ്ടെത്താതെ സംസ്ഥാനത്തിന്റെ വികസനം സാധ്യമാകില്ലെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി ഓർമിപ്പിച്ചു.
സംസ്ഥാനം നേരിട്ട സാമ്പത്തിക പരിമിതികളെ മറികടക്കാൻ കിഫ്ബിയെ ഫലപ്രദമായി ഉപയോഗിച്ചുവെന്നും കിഫ്ബിയിലൂടെയുള്ള നിക്ഷേപം കേരളത്തിന്റെ വികസന സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ സഹായിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അർബുദ ചികിത്സാ രംഗത്ത് സാധാരണക്കാർക്ക് വലിയ ആശ്വാസമായി ഈ കേന്ദ്രം മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആരോഗ്യ മന്ത്രി വീണാ ജോർജ്, വ്യവസായ മന്ത്രി പി. രാജീവ്, എംഎൽഎമാരായ ഉമ തോമസ്, കെ. ബാബു തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
അതേസമയം, കേരളത്തിന്റെ കാന്‍സര്‍ ചികിത്സാ രംഗത്ത് ലോകോത്തര സൗകര്യങ്ങളുമായി 449 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ചാണ് പുതിയ കെട്ടിടത്തിന്റെ നിര്‍മാണം. കാന്‍സര്‍ രോഗികള്‍ക്ക് ആധുനികവും ഗുണമേന്മയുള്ളതുമായ ചികിത്സ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം.
ആദ്യഘട്ടത്തില്‍ 100 കിടക്കകളോടെയാണ് സ്ഥാപനം പ്രവര്‍ത്തനം ആരംഭിക്കുന്നത്. കളമശേരി മെഡിക്കല്‍ കോളജ് ക്യാമ്പസിലെ 12.63 ഏക്കര്‍ സ്ഥലത്ത് 6.3 ലക്ഷം ചതുശ്ര അടി വിസ്തീര്‍ണമുള്ള ഒന്‍പതുനില കെട്ടിടത്തില്‍ റേഡിയേഷന് തെറാപ്പി മെഷീന്, എംആര്‍ഐ, സിടി, പെറ്റ് സിടി സ്കാനിംഗ് മെഷീനുകള്‍, വെന്റിലേറ്ററുകള്‍, ശീതീകരിച്ച ഫാര്‍മസി മുറി, മോണിറ്ററുകള്‍ എന്നീ സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്. പദ്ധതിയുടെ അടുത്തഘട്ടം പൂര്‍ത്തിയാകുമ്പോള്‍ 360 കിടക്കകള്‍ ഇവിടുണ്ടാകും.
*🟨കോടതിയെ സമീപിച്ചിട്ടും രക്ഷയില്ല; ഓണറേറിയം കൂട്ടില്ലെന്ന് സര്‍ക്കാര്‍*
കോഴിക്കോട്: അങ്കണവാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും ഓണറേറിയം വര്‍ധിപ്പിക്കാനാകില്ലെന്ന് ഒരിക്കല്‍ക്കൂടി വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍. കേരള ഹൈക്കോടതിയുടെ ഉത്തരവ് നടപ്പാക്കിക്കൊണ്ടാണു സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
കേരള അങ്കണവാടി ആന്‍ഡ് ക്രഷ് വര്‍ക്കേഴ്സ് യൂണിയന് (ഐഎന്‍ടിയുസി) പ്രസിഡന്റ് കൃഷ്ണവേണിയുടെ നേതൃത്വത്തില്‍ ഒരുകൂട്ടം ജീവനക്കാര്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയെത്തുടര്‍ന്ന് ഈ വിഷയത്തില്‍ തീരുമാനമെടുക്കാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോടു നിര്‍ദേശിച്ചിരുന്നു. ഇതുപ്രകാരം വനിതാ ശിശുവികസന വകുപ്പ് നല്‍കിയ റിപ്പോര്‍ട്ട് പരിശോധിച്ചാണു സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
സെക്രട്ടേറിയറ്റ് പടിക്കല്‍ അങ്കണവാടി ജീവനക്കാര്‍ മാസങ്ങള്‍ നീണ്ട സമരം നടത്തിയ വേളയില്‍ ആനുകൂല്യം വര്ധിപ്പിക്കാനാകില്ലെന്നതിനു കാരണമായി സര്‍ക്കാര്‍ പറഞ്ഞ കാരണങ്ങള്‍ തന്നെയാണു വനിതാ ശിശുവികസന വകുപ്പും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്.
അങ്കണവാടി ജീവനക്കാര്‍ സര്‍ക്കാര്‍ ജീവനക്കാരല്ല. അവര്‍ മിഷന് സാക്ഷം അങ്കണവാടി ആന്‍ഡ് പോഷന്‍ 2.0 പദ്ധതിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധസേവകരാണ്. കേന്ദ്രാവിഷ്കൃത പദ്ധതിയായതിനാല്‍ കേന്ദ്രസര്‍ക്കാര്‍ കാലാകാലങ്ങളില്‍ പുറപ്പെടുവിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് ഓണറേറിയം നിശ്ചയിക്കുന്നത്.
2018നുശേഷം കേന്ദ്രസര്‍ക്കാര്‍ അങ്കണവാടി ജീവനക്കാരുടെ ഓണറേറിയത്തില്‍ വര്‍ധന വരുത്തിയിട്ടില്ല. നിലവിലുള്ള വ്യവസ്ഥ പ്രകാരം അങ്കണവാടി ജീവനക്കാരെ ഓണറേറിയം പറ്റുന്ന സന്നദ്ധ പ്രവര്ത്തകരായിട്ടാണു കണക്കാക്കുന്നതെന്നും വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് കണക്കിലെടുത്താണു സര്‍ക്കാര്‍ തീരുമാനമെടുത്തത്.
*🟨കല്ലുകൊണ്ടിടിച്ച് യുവാവിന്‍റെ പല്ലു കൊഴിച്ചു; എസ്എഫ്ഐ നേതാക്കള്‍ക്കെതിരേ കേസ്*
കാഞ്ഞങ്ങാട്: യുവാവിന്‍റെ മുഖത്ത് കല്ലുകൊണ്ടിടിച്ച് മൂന്നു പല്ലു കൊഴിച്ച സംഭവത്തില്‍ എസ്എഫ്ഐ നേതാക്കള്‍ക്കെതിരേ കേസെടുത്തു.
കണ്ണൂര്‍ യൂണിവേഴ്സിറ്റി യൂണിയന് ചെയര്മാന് നന്ദജ് ബാബു, എസ്എഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റംഗം ടി. ആശിഷ് എന്നിവരുള്‍പ്പെടെ നാലുപേര്‍ക്കെതിരേയാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്. പടന്നക്കാട് തീര്‍ഥങ്കരയിലെ ഗോകുല്‍ ഗോപാലനാണ് (28) ആക്രമണത്തിനിരയായത്.
ഫെബ്രുവരി നാലു മുതല്‍ എട്ടു വരെ പടന്നക്കാട് നെഹ്റു കോളജില്‍ കണ്ണൂര്‍ സര്‍വകലാശാലാ കലോത്സവം നടന്നുവരികയായിരുന്നു. കലോത്സവവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനിടയില്‍ എസ്എഫ്ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി നേതാക്കളും കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി നേതാക്കളും തമ്മില്‍ തര്‍ക്കവും സംഘര്‍ഷവും ഉണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി തിങ്കളാഴ്ച പുലര്‍ച്ചെ 1.30ഓടെ കണ്ണൂരിലെ എസ്എഫ്ഐ നേതാക്കള്‍ ആളുമാറി നാട്ടുകാരനായ ഗോകുല്‍ ഗോപാലനെ ആക്രമിക്കുകയായിരുന്നു.
കലോത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഗോകുലിനെ കോളജിന്റെ മതിലിനു സമീപത്തുള്ള റോഡില്‍വച്ച് നന്ദജിന്റെയും ആശിഷിന്റെയും നേതൃത്വത്തിൽ ആക്രമിക്കുകയായിരുന്നു. ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഗോകുലിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
തടഞ്ഞുവയ്ക്കല്‍, അപകടകരമായ ആയുധങ്ങളാല്‍ മുറിവേല്‍പ്പിക്കല്‍, സംഘം ചേര്‍ന്നുള്ള കുറ്റകൃത്യം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
*🟨എസ്എഫ്ഐ നേതാക്കള്‍ തമ്മിലടിച്ചു; പാര്‍ട്ടി നേതൃത്വത്തിനു പരാതി*
തലശേരി: കണ്ണൂര്‍ സര്‍വകലാശാല കലോത്സവത്തിനിടെ എസ്എഫ്ഐ നേതാക്കള്‍ തമ്മിലടിച്ചു. എസ്എഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ പാര്‍ട്ടി നേതൃത്വത്തിന് കാസര്‍ഗോഡ് ജില്ലാ സെക്രട്ടറി കെ. പ്രണവ് പരാതി നല്കി. ഞായറാഴ്ച പുലര്‍ച്ചെ മൂന്നോടെയാണു സംഭവങ്ങളുടെ തുടക്കം.
സംഘാടകസമിതി സജ്ജീകരിച്ചിരുന്ന ഗേറ്റിനു സമീപം കണ്ണൂര്‍ ജില്ലാ നേതൃത്വത്തിലുള്ള ചിലര്‍ നാട്ടുകാരുമായി സംഘര്‍ഷത്തില്‍ ഏര്‍പ്പെടുന്നതു ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് കാസര്‍ഗോഡ് ജില്ലാ സെക്രട്ടറി കെ. പ്രണവും മറ്റു ഭാരവാഹികളും സ്ഥലത്തെത്തിയത്. ഇരുവിഭാഗത്തെയും പിന്തിരിപ്പിക്കാനും സ്ഥിതി ശാന്തമാക്കാനും ശ്രമിക്കുന്നതിനിടെ കണ്ണൂര്‍ ജില്ലാ നേതൃത്വം തങ്ങള്‍ക്കെതിരേ തിരിയുകയായിരുന്നുവെന്നു പരാതിയില്‍ പറയുന്നു.
എസ്എഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റംഗം ടി. ആശിഷ് കാസര്‍ഗോഡ് ജില്ലാ സെക്രട്ടേറിയറ്റംഗം അശ്വിന് രാജിനെ അസഭ്യം പറയുകയും മുഖത്തടിക്കുകയും ചെയ്തു. തുടര്‍ന്ന് കണ്ണൂര്‍ സര്‍വകലാശാലാ യൂണിയന് ചെയര്മാന് നന്ദജ് ബാബു, അശ്വിന്‍രാജിന്റെ കോളറില്‍ പിടിച്ച് മര്‍ദിക്കാന്‍ ശ്രമിച്ചു. ഇതു തടയാന്‍ ശ്രമിച്ച കാസര്‍ഗോഡ് ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ അഭിചന്ദ്, ശ്രീഹരി, ഏരിയ സെക്രട്ടറിമാരായ അനന്തു മോഹന്‍, അഭിനന്ദ് എന്നിവര്‍ക്കു നേരേയും കണ്ണൂര്‍ സംഘം അക്രമം അഴിച്ചുവിട്ടു. തനിക്കു നേരെയും കൈയേറ്റശ്രമം ഉണ്ടായതായി പ്രണവ് പരാതിയില്‍ പറയുന്നു.
ജില്ലാ സെക്രട്ടറി ശരത് രവീന്ദ്രന്റെ നേതൃത്വത്തിലാണ് ഈ അക്രമങ്ങള്‍ നടന്നതെന്നതാണ് ഏറ്റവും ഗൗരവതരമായ കാര്യമെന്നും ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ അക്രമത്തിന് നേതൃത്വം നല്‍കിയത് സംഘടനയുടെ മൂല്യങ്ങള്‍ക്കും അച്ചടക്കത്തിനും നിരക്കാത്തതാണെന്നും പരാതിയില്‍ പറയുന്നു.
അക്രമത്തില്‍ നേരിട്ട് പങ്കെടുത്ത ടി. ആശിഷ്, നന്ദജ് ബാബു, ബിനില്‍, മൃദുല്‍, അമല്‍ പവന് എന്നിവര്‍ക്കെതിരേ കര്‍ശനമായ സംഘടനാ നടപടികള്‍ സ്വീകരിക്കണമെന്നാണ് കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ ആവശ്യം.
അതേസമയം, കണ്ണൂര്‍ യൂണിവേഴ്സിറ്റി കലോത്സവ നഗരിയില്‍ എസ്എഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടത്തിയ ഗുണ്ടായിസം വിദ്യാര്‍ഥികള്‍ക്കു നേരേയുള്ള വെല്ലുവിളിയാണെന്നും വിവിധ കാമ്പസുകളില്‍നിന്നും വന്ന കലാപ്രതിഭകള്‍ക്ക് സമാധാനാന്തരീക്ഷത്തില്‍ പരിപാടികള്‍ അവതരിപ്പിക്കാനുള്ള സാഹചര്യം ഒരുക്കുന്നതില്‍ സംഘാടകര്‍ പരാജയപ്പെട്ടുവെന്നും കെഎസ്യു ജില്ലാ കമ്മിറ്റി ആരോപിച്ചു.
*🟨നമ്മുടെ കേരളം: എല്ലാ സർക്കാർ സേവനങ്ങളും ഒറ്റ പ്ലാറ്റ്ഫോമിൽ*
തിരുവനന്തപുരം: പൊതുജനങ്ങൾക്കായി സംസ്ഥാന സർക്കാർ സേവനങ്ങൾ ഒരുമിച്ച് ഒറ്റ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കുന്നതിന് ജനകേന്ദ്രിത ഡിജിറ്റൽ മൊബൈൽ ആപ്ലിക്കേഷൻ ‘നമ്മുടെ കേരളം’ തയാറാകുന്നു.
സർക്കാർ സേവനങ്ങൾ എളുപ്പത്തിലും സുരക്ഷിതമായും ഏകജാലകത്തിലൂടെ ലഭ്യമാക്കുകയാണ് ആപ്പിന്റെ ലക്ഷ്യം. ആപ്പിന്റെ ഔദ്യോഗിക പ്രകാശനം 24ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
ജനന സർട്ടിഫിക്കറ്റുകൾ മുതൽ വിദ്യാഭ്യാസം, ക്ഷേമ പദ്ധതികൾ, പെൻഷനുകൾ, ഫീസുകൾ, അപേക്ഷ സമർപ്പിക്കൽ എന്നിവ ഉൾപ്പെടെ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങൾക്കും ആവശ്യമായ 150-ലധികം സേവനങ്ങൾ ആപ്പിൽ ലഭ്യമാകും.
ഐടി വകുപ്പിനുവേണ്ടി കേരള സ്റ്റേറ്റ് ഐടി മിഷന്റെ നേതൃത്വത്തിൽ ഡിജിറ്റൽ യൂണിവേഴ്സിറ്റി, സി-ഡിറ്റുമായി ചേർന്നാണ് ആപ്പ് വികസിപ്പിച്ചത്. വിവിധ വകുപ്പുകളുമായി സഹകരിച്ചാണ് ആപ്പിൽ സേവനങ്ങൾ ഏകോപിപ്പിച്ചിരിക്കുന്നത്. ഔദ്യോഗിക പ്രകാശനത്തിന് ശേഷം ആൻഡ്രോയിഡ് പ്ലേ സ്റ്റോറിലും, ആപ്പിൾ സ്റ്റോറിലും ആപ്പ് ലഭിക്കും.
*🟨ബിജു മേനോൻ പ്രമോഷനിൽ പങ്കെടുത്തില്ല; നിർമാതാവിന് 25 ലക്ഷം നഷ്ടമെന്ന് ബി. ഉണ്ണികൃഷ്ണൻ*
കൊച്ചി: സിനിമയുടെ പ്രമോഷൻ പരിപാടിയിൽ നടൻ ബിജു മേനോൻ പങ്കെടുക്കാതിരുന്നതിലൂടെ ഒരു നിർമാതാവിന് 25 ലക്ഷം രൂപ നഷ്ടമുണ്ടായെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ.
പടം പ്രമോട്ട് ചെയ്യാനുള്ള ബാധ്യത തനിക്കാണെന്ന് താരം കരാറൊപ്പിട്ടശേഷം പോകാതിരിക്കുകയും നിർമാതാവിനു നഷ്ടമുണ്ടാകുകയും ചെയ്യുന്ന സംഭവങ്ങൾ ആവർത്തിക്കുകയാണെന്നും ഉണ്ണിക്കൃഷ്ണൻ കുറ്റപ്പെടുത്തി.
നടൻ എത്താത്തതുകൊണ്ട് നിര്‍മാതാവിന് 25 ലക്ഷം രൂപയാണ് ചാനലില്‍നിന്നു കിട്ടുന്നതില്നിന്നും കുറഞ്ഞത്. ഈ നിർമാതാവ് സംവിധായകനും ഫെഫ്ക മെംബറുമാണ്. ഇതേ നടൻ ജിത്തു ജോസഫ് സംവിധാനം ചെയ്ത ‘വലതുവശത്തെ കള്ളൻ’ എന്ന സിനിമയുടെ പ്രമോഷനും പോയില്ല.
സിനിമകളുടെ ചിത്രീകരണം നീണ്ടുപോകുന്നതിനുള്ള പ്രധാന കാരണം അഭിനേതാക്കളുടെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകളാണെന്നും ബി. ഉണ്ണികൃഷ്ണൻ പത്രസമ്മേളനത്തിൽ ആരോപിച്ചു.
*🟨ഇന്ത്യ-പാക് മത്സരം നടക്കുമെന്ന് ഐസിസി*
ദുബായി: ട്വന്‍റി-20 ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ-പാക്കിസ്ഥാൻ മത്സരം നടക്കുമെന്ന് ഐസിസി. ഫെബ്രുവരി 15ന് കൊളംബോയിലാണ് മത്സരം. ഇന്ത്യക്കെതിരെ പാക്കിസ്ഥാൻ ഗ്രൗണ്ടിലിറങ്ങുമെന്ന് ഐസിസി വാര്‍ത്താക്കുറിപ്പിലൂടെയാണ് അറിയിച്ചത്.
പാക് പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫ് പാക് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്‍റ് മൊഹ്സിന്‍ നഖ്‌വിയുമായുള്ള ചർച്ചകൾക്കൊടുവിലാണ് ഇന്ത്യക്കെതിരെ കളിക്കാന്‍ പാക്കിസ്ഥാൻ തീരുമാനിച്ചത്.
തങ്ങൾ മുന്നോട്ടുവച്ച ചില ആവശ്യങ്ങളിൽ ഐസിസി ഉറപ്പ് നൽകിയതായി പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. ലോകകപ്പിലെ പങ്കാളിത്തം നഷ്ടമായതിലൂടെ ബംഗ്ലാദേശിനുണ്ടായ സാമ്പത്തിക നഷ്ടം നികത്താൻ അവർക്കായി ഒരു ത്രിരാഷ്ട്ര പരമ്പര വേണമെന്നായിരുന്നു പാക്കിസ്ഥാന്‍റെ ആവശ്യം. ഇത് തള്ളിയെങ്കിലും അടുത്ത അണ്ടർ-19 ലോകകപ്പിന്‍റെ ആതിഥേയത്വം ബംഗ്ലാദേശിന് നൽകുന്ന കാര്യം ഐസിസി പരിഗണിക്കും.
2028നും 2031നും ഇടയിൽ ഒരു ഐസിസി ടൂർണമെന്‍റ് ബംഗ്ലാദേശിൽ നടത്തും. ഐസിസിയുടെ വരുമാന വിഹിതത്തിൽ കുറവ് വരുത്തില്ല എന്നിവയാണ് അംഗീകരിച്ച ആവശ്യങ്ങള്‍. ലോകകപ്പിൽ ബംഗ്ലാദേശ് ഇല്ലാത്തത് ഖേദകരമാണെന്ന് സിഇഒ സൻജോഗ് ഗുപ്ത പറഞ്ഞു.
*🟨കാനഡയെ വീഴ്ത്തി, ദക്ഷിണാഫ്രിക്കയ്ക്ക് ജയം*
അഹമ്മാദാബാദ്: ഐസിസി പുരുഷ ട്വന്‍റി-20 ക്രിക്കറ്റ് ലോകകപ്പിലെ ഗ്രൂപ്പ് ഡി പോരാട്ടത്തിൽ കാനഡയ്ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ജയം. 57 റണ്‍സിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 213 റണ്‍സെടുത്തു. ക്യാപ്റ്റൻ എയ്ഡൻ മാർക്രത്തിന്‍റെ അർധ സെഞ്ചുറി പ്രകടനമാണ് ദക്ഷിണാഫ്രിക്കയ്ക്ക് കരുത്തായത്.
ഓപ്പണറുമാരായ മാർക്രവും ക്വിന്‍റണ്‍ ഡി കോക്കും ചേർന്ന് മികച്ച തുടക്കമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ഒരുക്കിയത്. ഇരുവരും ചേർന്ന് 70 റണ്‍സ് അടിച്ചുകൂട്ടി. മാർക്രം 32 പന്തിൽ ഒരു സിക്സും പത്ത് ഫോളും ഉൾപ്പെടെ 59 റണ്‍സും ഡി കോക്ക് 25 റണ്‍സും നേടി.
റയാൻ റിക്കിൽടണ്‍ 33 റണ്‍സെടുത്തു. ഡേവിഡ് മില്ലർ പുറത്താകാതെ 23 പന്തിൽ 39 റണ്‍സും ട്രിസ്റ്റൻ സ്റ്റബ്സ് പുറത്താകാതെ 34 റണ്‍സും നേടി. കാനഡയ്ക്കായി അൻഷ് പട്ടേൽ മൂന്ന് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ കാനഡയ്ക്ക് നിശ്ചിത 20 ഓവരിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 156 റണ്‍സെടുക്കാനെ സാധിച്ചുള്ളു. കാനഡയ്ക്കായി നവനീത് ധലിവാൾ മികച്ച പ്രകടനം കാഴ്ചവച്ചു. 49 പന്തിൽ 64 റണ്‍സാണ് നവനീത് അടിച്ചുകൂട്ടിയത്. ഹർഷ് താക്കർ 29 പന്തിൽ 33 റണ്‍സ് നേടി. യുവരാജ് സമ്ര 12 റണ്‍സും സാദ് ബിൻ സഫർ 11 റണ്‍സുമെടുത്തു. മറ്റാർക്കും രണ്ടക്കം പോലും കാണാൻ കഴിഞ്ഞില്ല.
ദക്ഷിണാഫ്രിക്കയ്ക്കായി ലുങ്കി എൻഗിഡി നാല് വിക്കറ്റ് വീഴ്ത്തി. മാർക്കോ ജാൻസെൻ രണ്ട് വിക്കറ്റും നേടി.
*🟨സിംബാബ്‌വെയ്ക്ക് എട്ട് വിക്കറ്റ് ജയം*
കൊളംബോ: ഐസിസി പുരുഷ ട്വന്‍റി-20 ക്രിക്കറ്റ് ലോകകപ്പിൽ ഒമാനെതിരെ സിംബാബ്‌വെയ്ക്ക് എട്ട് വിക്കറ്റ് ജയം. ഒമാൻ ഉയർത്തിയ 104 റണ്‍സ് വിജയലക്ഷ്യം സിംബാബ്‌വെ 13.3 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.
സിംബാബ്‌വെയ്ക്കായി ഓപ്പണറുമാർ മികച്ച തുടക്കമാണ് ഒരുക്കിയത്. ബ്രയാൻ ബെന്നറ്റ് പുറത്താകാതെ 36 പന്തിൽ 48 റണ്‍സെടുത്തു. തദിവനാഷെ മരുമാനി 11 പന്തിൽ 21 റണ്‍സും നേടി പുറത്തായി.
ഡിയോണ്‍ മയേഴ്സ് പൂജ്യത്തിനും പുറത്തായി. ബ്രണ്ടൻ ടെയ്ലർ 30 പന്തിൽ 31 റണ്‍സെടുത്ത് റിയർഡ് ഹർട്ടായി. ക്യാപ്റ്റൻ സിക്കന്ദർ റാസ അഞ്ച് റണ്‍സുമായി പുറത്താകാതെ നിന്നു. ഒമാനായി സുഫ്യാൻ മെഹ്മൂദാണ് രണ്ട് വിക്കറ്റും വീഴ്ത്തിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഒമാനായി മൂന്ന് ബാറ്റർമാർക്ക് മാത്രമാണ് രണ്ടക്കം കാണാൻ കഴിഞ്ഞത്. സുഫ്യാൻ മെഹ്മൂദ്-25, വിനായക് ശുക്ല-28, നദീം ഖാൻ-20 എന്നിവർ മാത്രമാണ് രണ്ടക്കം കണ്ടത്.
സിംബാബ്‌വെയ്ക്കായി ബ്രാഡ് ഇവാൻസ്, ബ്ലസിംഗ് മുസാറബാനി, റിച്ചാർഡ് നഗാരവ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
*🟨നരവനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; കേസെടുത്ത് പോലീസ്*
ന്യൂഡൽഹി: കരസേനാ മുൻ മേധാവി ജനറൽ എം.എം. നരവനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകം പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ടു ഡൽഹി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി എന്ന പുസ്തകത്തിന്റെ പ്രീ-പ്രിന്റ് കോപ്പിയാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.
കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ പരിഗണനയിലുള്ള പുസ്തകത്തിന്റെ പിഡിഎഫ് പകർപ്പ് വിവിധ വെബ്സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ട സംഭവത്തിലാണ് നടപടി. പ്രാഥമിക പരിശോധനയിൽ ഇതേ തലക്കെട്ടുള്ള ടൈപ്പ്സെറ്റ് പുസ്തകത്തിന്റെ പിഡിഎഫ് പകർപ്പ് വെബ്സൈറ്റുകളിൽ ലഭ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
കിഴക്കൻ ലഡാക്കിലെ ചൈനീസ് നീക്കവുമായി ബന്ധപ്പെട്ട ഭാഗം വിശദീകരിക്കാൻ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ലോക്സഭയിൽ ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി എന്ന പുസ്തകത്തിലെ ഭാഗം പരാമർശിച്ചിരുന്നു. പ്രസിദ്ധീകരിക്കാത്ത പുസ്തകം പരാമർശിക്കുന്നതു ചട്ടവിരുദ്ധമാണെന്ന് കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിംഗ് എന്നിവർ വാദിച്ചപ്പോൾ പ്രിന്റ് ചെയ്ത പതിപ്പുമായി പിന്നീടു രാഹുൽ ഗാന്ധി സഭയിൽ എത്തിയിരുന്നു.
*🟨സ്പീക്കര്‍ക്കെതിരേ പ്രതിപക്ഷനീക്കം*
ന്യൂഡല്‍ഹി: ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയെ പദവിയില്‍നിന്നു നീക്കാനുള്ള പ്രമേയം പാര്‍ലമെന്റില്‍ കൊണ്ടുവരാന്‍ പ്രതിപക്ഷനീക്കം. ഭരണഘടനയുടെ 94 (സി) അനുച്ഛേദ പ്രകാരം സ്പീക്കര്‍ക്കെതിരേ പ്രമേയം അവതരിപ്പിക്കാനാണു ശ്രമം.
ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം വെള്ളിയാഴ്ച അവസാനിക്കുന്നതിനാല്‍ രണ്ടാം ഘട്ടത്തില്‍ പ്രമേയാവതരണത്തിന് അനുമതി തേടി പ്രതിപക്ഷ എംപിമാര്‍ ഒപ്പിട്ട നോട്ടീസ് നല്‍കിയേക്കും. ഇതിനായുള്ള ഒപ്പുശേഖരണം ആരംഭിച്ചതായാണു സൂചന. ഡെപ്യൂട്ടി സ്പീക്കറില്ലാത്ത സാഹചര്യത്തില്‍ പ്രമേയാവതരണത്തിനുള്ള നോട്ടീസ് ലോക്സഭാ സെക്രട്ടറി ജനറലിനായിരിക്കും കൈമാറുക.
ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അനുവദിക്കുന്നില്ല, പാര്‍ലമെന്റില്‍ പ്രതിഷേധിച്ച എട്ട് എംപിമാരെ ബജറ്റ് സമ്മേളന കാലാവധി മുഴുവനും സസ്പെൻഡ് ചെയ്തു, പ്രധാനമന്ത്രിക്കെതിരേ പ്രതിഷേധിച്ച വനിതാ എംപിമാര്‍ അദ്ദേഹത്തെ അപായപ്പെടുത്താന്‍ ശ്രമിച്ചു എന്ന തെറ്റായ പ്രചാരണം സഭയില്‍ നടത്തി തുടങ്ങിയ ആരോപങ്ങളാണു സ്പീക്കര്‍ക്കെതിരേ പ്രതിപക്ഷം ഉന്നയിക്കുന്നത്. ഇതോടൊപ്പം സഭാനടപടികള്‍ ലംഘിച്ച ബിജെപി അംഗം നിഷികാന്ത് ദുബെയ്ക്കെതിരേ നടപടിയെടുക്കാത്തതും സ്പീക്കറുടെ ഏകപക്ഷീയ നിലപാടായി പ്രതിപക്ഷം ആരോപിക്കുന്നു.
ഇന്നലെ രാവിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ചേംബറില്‍ നടന്ന പ്രതിപക്ഷാംഗങ്ങളുടെ യോഗത്തിലാണ് സ്പീക്കറുടെ ഏകപക്ഷീയ നിലപാടിനെതിരേ പ്രമേയം കൊണ്ടുവരാൻ തീരുമാനിച്ചത്. ഇന്ത്യാ മുന്നണിയിലെ എംപിമാർക്കുപുറമെ മുന്നണിയുടെ ഭാഗമല്ലാത്ത തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു.
ലോക്സഭയില്‍ പ്രതിപക്ഷം ആദ്യമായാണു സ്പീക്കർക്കെതിരേ ഇത്തരമൊരു നീക്കം നടത്തുന്നത്. മുന്‍ രാജ്യസഭാധ്യക്ഷൻ ജഗ്ദീപ് ധന്‍കര്‍ക്കെതിരേ അവിശ്വാസ പ്രമേയത്തിനുള്ള നോട്ടീസ് പ്രതിപക്ഷം കൈമാറിയിരുന്നു.
എന്നാല്‍, പ്രമേയ അവതരണത്തിന് 14 ദിവസം മുമ്പല്ല പ്രതിപക്ഷം നോട്ടീസ് നല്‍കിയതെന്നു ചൂണ്ടിക്കാട്ടി രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് പ്രമേയം അവതരിപ്പിക്കുന്നതിനുള്ള അനുമതി നിഷേധിക്കുകയായിരുന്നു.
ഭൂരിപക്ഷ അംഗബലം ഇല്ലാത്ത സാഹചര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സ്പീക്കറെ ലക്ഷ്യം വയ്ക്കുന്ന അവിശ്വാസപ്രമേയം പാസാകില്ല. സ്പീക്കറുടെ ഏകപക്ഷീയ നടപടിക്കെതിരേ പ്രതിഷേധം അറിയിക്കുകയാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ളവരുടെ ലക്ഷ്യം.
ഭരണഘടനയില്‍ പറയുന്നത്:
ഭരണഘടനപ്രകാരം ലോക്സഭാ സ്പീക്കറെ നേരിട്ടു നീക്കം ചെയ്യാന്‍ സാധിക്കില്ല.
ഭരണഘടനയുടെ അനുച്ഛേദം 94(സി) പ്രകാരം പാര്‍ലമെന്റില്‍ അവിശ്വാസപ്രമേയം കൊണ്ടുവന്ന് പാസായെങ്കില്‍ മാത്രമേ അതു സാധിക്കൂ. അതിനായി പ്രമേയ അവതരണത്തിന് അനുമതി തേടി 100 എംപിമാര്‍ ഒപ്പിട്ട നോട്ടീസ് പ്രമേയം അവതരിപ്പിക്കുന്നതിന് 14 ദിവസം മുമ്പ് നല്‍കണം. നിലവില്‍ ഡെപ്യൂട്ടി സ്പീക്കറില്ലാത്ത സാഹചര്യത്തില്‍ സെക്രട്ടറി ജനറലിനായിരിക്കും നോട്ടീസ് കൈമാറുക.
പ്രമേയ അവതരണത്തിന് അംഗീകാരം ലഭിച്ചാല്‍ ചര്‍ച്ചയ്ക്കെടുക്കും. തുടര്‍ന്ന് വോട്ടിനിടുകയും സഭയില്‍ ഹാജരായിരിക്കുന്ന 50 ശതമാനത്തിലധികം അംഗങ്ങള്‍ പിന്തുണ നല്‍കുകയും ചെയ്താല്‍ പ്രമേയം പാസാകും. തുടര്‍ന്ന് സ്പീക്കറെ നീക്കാം. സ്പീക്കര്‍ പാനലിലുള്ള ആരെങ്കിലുമായിരിക്കും സഭ നിയന്ത്രിക്കുക. അധ്യക്ഷകസേരയിലിരിക്കാന് സ്പീക്കര്‍ക്ക് അവകാശമുണ്ടാകില്ല. തന്റെ ഭാഗം പറയാന്‍ സാധിക്കും.
*🟨മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഡാറ്റ എൻട്രി ഓപ്പറേറ്റര്‍; അഭിമുഖം ഫെബ്രുവരി 11 ന്.*
*മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഒഴിവുള്ള ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഫെബ്രുവരി 11 ന് രാവിലെ 10 ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കും.*
*യോഗ്യതകള്‍: ബിരുദം, ഡി.സി.എ അല്ലെങ്കില്‍ തത്തുല്യമായ സർക്കാർ അംഗീകൃത യോഗ്യത ഉണ്ടായിരിക്കണം. വയസ്സ് 18-39. വേർഡ് പ്രോസസിങില്‍ (മലയാളം & ഇംഗ്ലീഷ്) പരിജ്ഞാനം നിർബന്ധം. യു.ഡി.ഐ.ഡി. ഡാറ്റാ എൻട്രി മേഖലയില്‍ മുൻപരിചയമുള്ളവർക്ക് മുൻഗണനയുണ്ട്.*
*താൽപര്യമുള്ള ഉദ്യോഗാർഥികള്‍ ബയോഡാറ്റ, തിരിച്ചറിയല്‍ രേഖ, വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പുകളും സഹിതം നിശ്ചിത സമയത്ത് അഭിമുഖത്തിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ലഭിക്കും.*
*🟨മുച്ചക്ര സ്കൂട്ടർ വിതരണം*
സംസ്ഥാന ഭിന്നശേഷി കോർപ്പറേഷന്റെ സഹകരണത്തോടെ പിന്നാക്ക വിഭാഗത്തിൽപ്പെട്ട *ഭിന്നശേഷിക്കാർക്കായി പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പിലാക്കുന്ന മുച്ചക്ര സ്കൂട്ടർ വിതരണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 11ന് രാവിലെ 11.30ന് തിരുവനന്തപുരം വെള്ളയമ്പലം അയ്യൻകാളി ഭവന സമുച്ചയത്തിൽ നടക്കും. പട്ടികജാതി, പട്ടികവർഗ, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു വിതരണോദ്ഘാടനം നിർവഹിക്കും*
. അയ്യൻകാളി ഭവനിൽ പ്രവർത്തിക്കുന്ന പരിവർത്തിത ശുപാർശിത വിഭാഗ വികസന കോർപ്പറേഷന്റെ നവീകരിച്ച മേഖലാ ഓഫീസിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും.
*🟨ഉപയോഗിച്ച വാഹനങ്ങൾ അംഗീകൃത ഡീലർമാരിൽ നിന്നും വാങ്ങാനും വിൽക്കാനും ശ്രദ്ധിക്കണം: ട്രാൻസ്പോർട്ട് കമ്മീഷണർ*
ഉപയോഗിച്ച വാഹനങ്ങൾ വാങ്ങാനോ വിൽക്കാനോ ആഗ്രഹിക്കുന്നവർ അംഗീകൃത യൂസ്ഡ് കാർ ഡീലർമാർ വഴി മാത്രമേ ഇടപാടുകൾ നടത്താൻ പാടുള്ളൂവെന്ന് സംസ്ഥാന ട്രാൻസ്പോർട്ട് കമ്മീഷണർ നാഗരാജു ചക്കിലം അറിയിച്ചു. നിലവിൽ വിപണിയിൽ ലൈസൻസില്ലാതെ അനധികൃതമായി പ്രവർത്തിക്കുന്ന നിരവധി സെക്കൻഡ് ഹാൻഡ് വാഹന ഡീലർമാർ സജീവമാണ്. ഇത്തരത്തിലുള്ള ഡീലർമാരിൽ നിന്നും വാഹനങ്ങൾ വാങ്ങുകയോ വിൽക്കുകയോ ചെയ്യുന്നത് തട്ടിപ്പുകളിലേക്ക് നയിക്കാൻ ഇടയാക്കും.
ഒരു വാഹനം വിൽക്കുമ്പോൾ പഴയ ഉടമയിൽ നിന്ന് അംഗീകൃത യൂസ്ഡ് വാഹന ഡീലറിലേക്കും തുടർന്ന് വാങ്ങുന്ന പുതിയ ഉടമയിലേക്കും ഉടമസ്ഥാവകാശം നിയമപരമായി കൈമാറാൻ അംഗീകൃത ഡീലർമാർക്ക് മാത്രമേ സാധിക്കുകയുള്ളു. വാഹനം വിറ്റ ശേഷവും രേഖകളിൽ ഉടമസ്ഥാവകാശം മാറാതിരിക്കുന്നത് വലിയ അപകടമാണ്. അത്തരം സാഹചര്യത്തിൽ ആ വാഹനം ഉപയോഗിച്ച് നടത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ, ചല്ലാനുകൾ, വാഹനാപകടങ്ങൾ എന്നിവയ്ക്ക് പഴയ ഉടമസ്ഥൻ നിയമപരമായി ബാധ്യസ്ഥനാകും.
വ്യക്തികൾ തമ്മിൽ നേരിട്ടാണ് ഇടപാട് നടത്തുന്നതെങ്കിൽ, വാഹനത്തിന്റെ ആർ.സി ബുക്ക്, ഇൻഷുറൻസ്, ടാക്‌സ് തുടങ്ങിയ രേഖകൾ കൃത്യമാണെന്നും ഉടമസ്ഥാവകാശം അടിയന്തരമായി കൈമാറ്റം ചെയ്യപ്പെടുന്നുണ്ടെന്നും ഉറപ്പ് വരുത്തണം.
പൊതു ജനങ്ങൾ അവർ ഉപയോഗിച്ച വാഹനം സെക്കന്റ് ഹാന്റ്/ യൂസ്ഡ് കാർ ഡീലർമാർക്ക് വിൽക്കുമ്പോൾ/ വാങ്ങുമ്പോൾ അവർക്ക് ഫോം 29 ബി പ്രകാരമുള്ള അംഗീകൃത ഡീലർ ഓതറൈസേഷൻ സർട്ടിഫിക്കറ്റ് ഉണ്ടെന്ന് ഉറപ്പ് വരുത്തണം. വാഹനത്തിന്റെ ഉടമസ്ഥാവകാശം താൽക്കാലികമായി വാഹൻ പോർട്ടൽ വഴി ഫോം 29 സി മുഖേന പ്രസ്തുത ഡിലർക്ക് കൈമാറണം. വാഹനങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും മുൻപായി ബന്ധപ്പെട്ട ഡീലർക്ക് മോട്ടോർ വാഹന വകുപ്പ് നൽകിയ സാധുവായ ഡീലർ ഓതറൈസേഷൻ സർട്ടിഫിക്കറ്റ് ഉണ്ടെന്ന് ഉറപ്പാക്കണം. ഓതറൈസേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ള ഡീലർമാരുടെ പട്ടിക https://mvd.kerala.gov.in ൽ പരിശോധിക്കാം.
*🟨സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രത നിർദേശങ്ങൾ.*
ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ആയതിനാൽ പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്.
* പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
* ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക.
* നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.
* അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.
* പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
* പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
* മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
* ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണം.
* വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ്സ് മുറികളിൽ വായു സഞ്ചാരവും ഉറപ്പാക്കേണ്ടതാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
* വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
* അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
* കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.
* ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദേശം നൽകുകയും, അതുപോലെ, ആവശ്യമെങ്കിൽ യാത്രക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.
* മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് (11 am to 3 pm) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്കു കുടിവെള്ളം നൽകി നിർജലീകരണം തടയുവാൻ സഹായിക്കുക.
* പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തുക. പകൽ 11 മുതല്‍ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങൾ ഒഴിവാക്കുക.
* യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യിൽ കരുതുക.
* നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.
* ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജല ലഭ്യത ഉറപ്പാക്കുക.
* കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.
* ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക.
* അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
* കാലാവസ്ഥ വകുപ്പിൻ്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.
*🟨എസ് പി വെങ്കിടേഷ് കാലം മറക്കാത്ത താള പ്രവാഹം*
തിരുവനന്തപുരം: പ്രശസ്ത സംഗീത സംവിധായകൻ എസ് പി വെങ്കിടേഷിന്റെ അനുസ്മരണാർത്ഥം ഭാരത് ഭവനും വയലാർ രാമവർമ്മ സാംസ്കാരിക വേദിയും ചേർന്നൊരുക്കിയ ‘വാൽക്കണ്ണെഴുതിയ മകരനിലാവ്’ ശ്രദ്ധാഞ്ജലി ഫെബ്രുവരി ഒമ്പതാം തീയതി തിങ്കളാഴ്ച ഭാരത് ഭവൻ ശെമ്മാങ്കുടി ഹൈക്യൂ തീയേറ്ററിൽ നടന്നു. താള ബോധത്തിൽ നിന്നും ചിറകടിച്ചുയർന്ന സംഗീതമാണ് എസ് പി വി യുടെതെന്ന് കെ ജയകുമാർ ഐ എ എസ് ഉദ്ഘാടനം നിർവ്വഹിച്ച് കൊണ്ട് പറഞ്ഞു. നിർവഹിച്ചു. വയലാർ സാംസ്കാരിക വേദി പ്രസിഡന്റ് ഡോ. ജി രാജ് മോഹൻ അധ്യക്ഷതയും, നാടക ചലച്ചിത്ര സംവിധായകനും ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയുമായ ഡോ. പ്രമോദ് പയ്യന്നൂർ സ്വാഗതവും പറഞ്ഞു. എസ് പി വി യുടെ സംഗീത സംഭാവനകളെ അനുസ്മരിച്ചുകൊണ്ട് പണ്ഡിറ്റ് രമേശ് നാരായണൻ മുഖ്യപ്രഭാഷണം നടത്തി. ചലചിത്ര പിന്നണി ഗായിക ഡോക്ടർ ബി അരുന്ധതി, വൈക്കം വേണുഗോപാൽ, രവിശങ്കർ, സരിതരാജീവ്, ജി വിജയകുമാർ, ഗോപൻ ശാസ്തമംഗലം, സതീതമ്പി, ഷീല എബ്രഹാം രഞ്ജിനി സുധീരൻ, മിനി ദീപക് എന്നിവരും സംസാരിച്ചു. വയലാർ സാംസ്കാരിക വേദി സെക്രട്ടറി മണക്കാട് രാമചന്ദ്രൻ നന്ദി രേഖപ്പെടുത്തി. തുടർന്ന് 5 മണിക്കൂർ നീണ്ട സംഗീതാ അർച്ചന ശ്രദ്ധേയമായി.
*🟨എല്ലാ ദിവസവും ആഘോഷിക്കുന്നതാണ് റോയിയുടെ രീതി, കുടുംബം തകര്‍ക്കുന്ന രീതിയില്‍ ചില യൂട്യൂബര്‍മാര്‍ വാര്‍ത്ത നല്‍കുന്നു; കോണ്‍ഫിഡന്‍റ് ഗ്രൂപ്പ്*
കൊച്ചി : കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് ചെയര്‍മാൻ ഡോ. സിജെ റോയിയുടെ മരണത്തിന് പിന്നാലെ പല യൂട്യൂബര്‍മാരും കുടുംബം തകര്‍ക്കുന്ന രീതിയില്‍ മോശമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് എംഡി ടിഎ ജോസഫ്._
_ഇത്തരത്തില്‍ വേട്ടയാടുന്നത് വളരെ മ്ലേച്ചകരമായ കാര്യമാണ്. എല്ലാ ദിവസവും ആഘോഷിക്കുന്നതാണ് സിജെ റോയിയുടെ രീതി._ _ഒരുതരത്തിലുള്ള തെറ്റായ കാര്യങ്ങളും കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് ചെയ്തിട്ടില്ലെന്ന് ഇവിട എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. സിജെ റോയിയുടെ മരണത്തിനുശേഷം തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് വളരെ മോശമായ കാര്യമാണ്._ _സാധാരണ നടപടികളുടെ ഭാഗമായാണ് ആദായ നികുതി പരിശോധന നടന്നത്._ _ഇതുപോലെ ജിഎസ്‍ടി ഉദ്യോഗസ്ഥരുടെ പരിശോധനയും നടക്കാറുണ്ട്. ആദായ നികുതി വകുപ്പിന്‍റെ പരിശോധനകളുമായി പൂര്‍ണമായും സഹകരിച്ചിരുന്നു. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്ന് സമര്‍ദ്ദം ഉണ്ടായിട്ടില്ലെന്നും റോയിയുടെ മരണത്തിലുള്ള അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നും ടിഎ ജോസഫ് പറഞ്ഞു._
_സിജെ റോയിയുടെ നഷ്ടം ഉള്‍ക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. അന്വേഷണത്തെ ബാധിക്കുന്ന ഒന്നും പറയരുത് എന്ന് അന്വേഷണ ഉദ്യോഗസ്ഥരുടെ നിർദേശമുണ്ട്._ _അതിനാല്‍ അതേക്കുറിച്ച് കൂടുതല്‍ ഒന്നും പറയുന്നില്ല. 2016 ഇല്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ഉദ്യോഗസ്ഥരുമായി കമ്പനി സഹകരിച്ചിരുന്നു. എല്ലാ ഉദ്യോഗസ്ഥരും നന്നായിട്ടാണ് ഇടപെട്ടത്. ഇങ്ങനെ തന്നെയാണ് ബെംഗളൂരുവിലും പരിശോധന നടന്നതെന്നാണ് കരുതുന്നതെന്നും ടിഎ ജോസഫ് പറഞ്ഞു._ _ആരുടെയെങ്കിലും കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് പണം വാങ്ങിയിട്ടുണ്ടെങ്കില്‍ അതിന്‍റെ ഇരട്ടിയായി തിരിച്ചുകൊടുക്കും. ആര്‍ക്കും പണം കൊടുക്കാനുള്ളതായി അറിയില്ല. നിക്ഷേപം എന്ന പേരില്‍ പണം വാങ്ങിയതിന് രേഖ കൊണ്ടുവന്നാല്‍ ഇരട്ടിയായി തിരിച്ചു നല്‍കും._ _കോണ്‍ഫിഡന്‍റ് ഗ്രൂപ്പിന് ഇങ്ങോട്ടാണ് പണം കിട്ടാനുള്ളത്. സീറോ നിക്ഷേപമാണ് കമ്ബനിക്കുള്ളതെന്നും ടിഎ ജോസഫ് പറഞ്ഞു._
_മരിച്ചയാളെ പോലും ഇത്തരത്തില്‍ വേട്ടയാടുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും ടിഎ ജോസഫ് പറഞ്ഞു. കേരളത്തിലും ബെംഗളൂരുവിലുമടക്കം എല്ലായിടത്തും കോണ്‍ഫിഡന്‍റ് ഗ്രൂപ്പിന്‍റെ പ്രൊജക്ടുകള്‍ നല്ലരീതിയില്‍ പുരോഗമിക്കുകയാണ്. തങ്ങളുടെ ഇടപാടുകാര്‍ ഒരുകാരണവശാലം ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും ടിഎ ജോസഫ് പറഞ്ഞു._ _കമ്പനിയില്‍ ആരും നിക്ഷേപകരായിട്ടില്ല. എല്ലാ സൈറ്റുകളിലും ജോലികള്‍ പുനരാരംഭിച്ചിട്ടുണ്ട്. ചെയര്‍മാന്‍റെ മരണം ജോലികളെ ബാധിക്കില്ല. ഉപഭോക്താക്കള്‍ ആശങ്കപെടേണ്ട സാഹചര്യമില്ല._ _ഏതു പ്രശ്നത്തെയും തരണം ചെയ്ത് കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് മുന്നോട്ടുപോകുമെന്നും ടിഎ ജോസഫ് പറഞ്ഞു. ചില യൂട്യൂബേഴ്സ് മാത്രമാണ് തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത്. മുഖ്യധാര മാധ്യമങ്ങളടക്കം നല്‍കിയ പിന്തുണക്ക് നന്ദിയുണ്ടെന്നും ടി എ ജോസഫ് പറഞ്ഞു.
*🟨മൈലേജ് തട്ടിപ്പ് തെളിഞ്ഞു; വാഹന വിൽപ്പന റദ്ദാക്കാൻ കോടതി ഉത്തരവ്*
*തുക തിരികെ നൽകാനും നഷ്ടപരിഹാരം നൽകാനും കോടതി*
അൽ ഐൻ: വാഹനത്തിന്റെ ഓഡോമീറ്ററിൽ കൃത്രിമം നടത്തി മൈലേജ് കുറച്ച് കാണിച്ച് വിറ്റ കേസിൽ, അൽ ഐൻ സിവിൽ, കൊമേഴ്സ്യൽ, അഡ്മിനിസ്ട്രേറ്റീവ് കോടതി വാഹന വിൽപ്പന കരാർ റദ്ദാക്കി. വാഹനം വിറ്റ യുവാവ് വാങ്ങിയ തുക പൂർണമായി തിരികെ നൽകുകയും, പരാതിക്കാരന് ഉണ്ടായ നാശനഷ്ടങ്ങൾക്ക് 10,000 ദിർഹം നഷ്ടപരിഹാരം നൽകുകയും ചെയ്യണമെന്ന് കോടതി ഉത്തരവിട്ടു.
1,49,000 കിലോമീറ്റർ ഓടിയ വാഹനം വെറും 13,000 കിലോമീറ്റർ മാത്രമാണ് സഞ്ചരിച്ചതെന്ന രീതിയിൽ തെറ്റിദ്ധരിപ്പിച്ചാണ് 85,000 ദിർഹത്തിന് വാഹനം വിറ്റതെന്ന് കോടതി കണ്ടെത്തി. സോഷ്യൽ മീഡിയയിൽ നൽകിയ പരസ്യത്തിലൂടെയായിരുന്നു വിൽപ്പന നടന്നത്. വാഹനം വാങ്ങിയ വ്യക്തി ബാങ്ക് ഫിനാൻസിംഗ് വഴിയാണ് പണം അടച്ചത്.
എന്നാൽ പിന്നീട് വാഹനത്തിന്റെ ഔദ്യോഗിക ഏജൻസിയിൽ നടത്തിയ പരിശോധനയിലാണ് ഓഡോമീറ്ററിൽ വൻതോതിൽ കൃത്രിമം നടന്നതായി വ്യക്തമായത്. ഇതോടെ തനിക്കുണ്ടായ നഷ്ടം തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് വാങ്ങിയ വ്യക്തി കോടതിയെ സമീപിച്ചു. വാദം കേട്ട ശേഷമാണ് കോടതി വിധി പുറപ്പെടുവിച്ചത്.
ശുഭദിനം.
Tags:
KERALA