*⬛മിനിയാപൊളിസിലെ വെടിവെപ്പ്, അമേരിക്കയിൽ വീണ്ടും ഭരണസ്തംഭന ഭീഷണി*
വാഷിംഗ്ടൺ: അമേരിക്കയിൽ ഫെഡറൽ ഏജൻസികളുടെ പ്രവർത്തനം നിലയ്ക്കുന്ന ഭരണസ്തംഭന ഭീഷണി വീണ്ടും ശക്തിപ്പെടുന്നു. മിനിയാപൊളിസിൽ യുഎസ് പൗരന്മാരെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നതിനെത്തുടർന്ന് ഡെമോക്രാറ്റിക് സെനറ്റർമാർ നിലപാട് കടുപ്പിച്ചതാണ് പുതിയ പ്രതിസന്ധിക്ക് കാരണം.
ജനുവരി 24-ന് മിനിയാപൊളിസിൽ അലക്സ് പ്രെറ്റി എന്ന 37-കാരനായ നഴ്സിനെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നിരുന്നു. ഇതിനു മുൻപ് ജനുവരി ഏഴിന് റെനി നിക്കോൾ ഗുഡ് എന്ന യുവതിയും സമാനമായ സാഹചര്യത്തിൽ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ട അലക്സ് പ്രെറ്റിയെ 'ഭീകരവാദി' എന്ന് ഭരണകൂടം മുദ്രകുത്താൻ ശ്രമിച്ചത് വലിയ പ്രതിഷേധത്തിന് ഇടയാക്കി. ഇതിനെത്തുടർന്ന്, ഇമിഗ്രേഷൻ ഏജൻസികളുടെ അധികാരങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്താതെ ഫണ്ട് അനുവദിക്കില്ലെന്ന നിലപാടിലാണ് ഡെമോക്രാറ്റുകൾ.
ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിക്കുള്ള ഫണ്ട് പാസാക്കുന്നതിന് സെനറ്റിൽ ഡെമോക്രാറ്റുകളുടെ പിന്തുണ അനിവാര്യമാണ്. എന്നാൽ ഇമിഗ്രേഷൻ അറസ്റ്റുകൾക്ക് ജുഡീഷ്യൽ വാറന്റ് നിർബന്ധമാക്കുക, ഫെഡറൽ ഏജന്റുകൾ തിരിച്ചറിയൽ കാർഡുകളും ബോഡി ക്യാമറകളും ധരിക്കുക, ബലപ്രയോഗം നടത്തുന്നതിനെതിരെ കർശനമായ മാർഗനിർദ്ദേശങ്ങൾ കൊണ്ടുവരിക എന്നിങ്ങനെയുള്ള പരിഷ്കാരങ്ങൾ നടപ്പിലാക്കാതെ പിന്തുണ നൽകില്ലെന്ന് അവർ വ്യക്തമാക്കി.
വെള്ളിയാഴ്ച അർദ്ധരാത്രിയോടെ പുതിയ ഫണ്ടിംഗ് പാക്കേജ് പാസാക്കിയില്ലെങ്കിൽ അമേരിക്കൻ ഭരണകൂടത്തിന്റെ പല പ്രധാന വകുപ്പുകളും സാമ്പത്തിക പ്രതിസന്ധി മൂലം പ്രവർത്തനം നിർത്തേണ്ടി വരും. 1.2 ട്രില്യൺ ഡോളറിന്റെ പാക്കേജാണ് സെനറ്റിന്റെ പരിഗണനയിലുള്ളത്.
2025 നവംബറിൽ അവസാനിച്ച 43 ദിവസത്തെ നീണ്ട ഭരണസ്തംഭനത്തിന് ശേഷം രാജ്യം വീണ്ടുമൊരു സ്തംഭനത്തിലേക്ക് നീങ്ങുന്നത് ജനങ്ങൾക്കിടയിൽ വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. പ്രസിഡന്റ് ട്രംപും ഡെമോക്രാറ്റിക് നേതാക്കളും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണെങ്കിലും ഇരുപക്ഷവും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തത് ആശങ്ക വർധിപ്പിക്കുന്നു.
*അതിശൈത്യം കണക്കിലെടുത്ത് ഒരാഴ്ച വെടിനിർത്തൽ നടപ്പാക്കാൻ പുട്ടിൻ സമ്മതിച്ചെന്ന് ട്രംപ്*
വാഷിംഗ്ടൺ ഡിസി: അതിശൈത്യം കണക്കിലെടുത്ത് യുക്രെയ്നിൽ ഒരാഴ്ച വെടിനിർത്തൽ നടപ്പാക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ സമ്മതിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുക്രെയ്നിൽ ഒരാഴ്ച ആക്രമണം നടത്തരുതെന്ന് പുട്ടിനോട് വ്യക്തിപരമായി ആവശ്യപ്പെട്ടെന്നും അദ്ദേഹം ആ നിർദേശം അംഗീകരിച്ചെന്നും ട്രംപ് വ്യക്തമാക്കി.
അതിശൈത്യത്തിൽ വലയുന്ന രാജ്യത്ത് ആക്രമണം തുടർന്നാൽ ജനങ്ങൾ കൂടുതൽ ദുരിതത്തിലാകുമെന്ന് അദ്ദേഹം പറഞ്ഞു. യുക്രെയ്നിൽ താപനില മൈനസ് 27 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്ന നിലയിലാണെന്ന് പ്രാദേശിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഫെബ്രുവരിയിൽ താപനിലയിൽ വലിയ ഇടിവുണ്ടാകുമെന്ന് സ്റ്റേറ്റ് എമർജൻസി സർവീസ് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
അതേസമയം തെക്കൻ യുക്രെയ്നിലെ സാപൊറീഷ്യ പ്രവിശ്യയിൽ റഷ്യ നടത്തിയ ഡ്രോൺ ആക്രമണങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. കഴിഞ്ഞമാസം മാത്രം 6,000 ഡ്രോണാക്രമണമാണ് റഷ്യ യുക്രെയ്നിൽ നടത്തിയത്. യുഎസ് മധ്യസ്ഥതയിലുള്ള സമാധാന ചർച്ച ഞായറാഴ്ച പുനരാരംഭിക്കാനിരിക്കെയാണ് ആക്രമണം.
*🟨പാക്കിസ്ഥാൻ 'ലെവൽ ത്രീ' വിഭാഗത്തിൽ; പൗരന്മാർക്ക് മുന്നറിയിപ്പുമായി യുഎസ്*
ന്യൂയോർക്ക്: പാക്കിസ്ഥാനെ 'ലെവൽ ത്രീ' വിഭാഗത്തിൽ ഉൾപ്പെടുത്തി അമേരിക്ക. ഭീകരാക്രമണ സാധ്യത കൂടുതലായ രാജ്യമെന്ന നിലയിലാണ് പാക്കിസ്ഥാനെ "ലെവൽ ത്രീ' വിഭാഗത്തിൽ യുഎസ് ഫെഡറൽ സർക്കാർ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഭീകരാക്രമണം, ആഭ്യന്തര കലാപം, തട്ടിക്കൊണ്ടുപോകൽ ഭീഷണി എന്നിവ കണക്കിലെടുത്ത് പാക്കിസ്ഥാനിലേക്കുള്ള യാത്രകൾ പുനഃപരിശോധിക്കണമെന്നും പരമാവധി ഒഴിവാക്കണമെന്നും അമേരിക്ക പൗരന്മാരോട് ആവശ്യപ്പെട്ടു.
യുഎസ് സ്റ്റേറ്റ് ഡിപാർട്ട്മെന്റ് പുറത്തിറക്കിയ ട്രാവൽ അഡ്വൈസറിയിലാണ് ഇതുസംബന്ധിച്ച നിർദേശം. യാതൊരു മുന്നറിയിപ്പുമില്ലാതെ പാക്കിസ്ഥാനിൽ ഭീകരാക്രമണങ്ങൾ ഉണ്ടായേക്കാമെന്നും യുഎസ് സ്റ്റേറ്റ് ഡിപാർട്ട്മെന്റ് സൂചിപ്പിക്കുന്നു.
ഹോട്ടലുകൾ, ചന്തകൾ, ഷോപിംഗ് മാളുകൾ, സൈനിക കേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ, സ്കൂളുകൾ, ആശുപത്രികൾ, ആരാധനാലയങ്ങൾ തുടങ്ങിയ സ്ഥലങ്ങൾ ഭീകരവാദികളുടെ പ്രധാന ലക്ഷ്യങ്ങളായേക്കാമെന്നും മുന്നറിയിപ്പുണ്ട്.
അതേസമയം പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ, ഖൈബർ പഖ്തുൻഖ്വ പ്രവിശ്യകളുടെ ചില ഭാഗങ്ങളെ "ലെവൽ ഫോർ' വിഭാഗത്തിലാണ് യുഎസ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും ഉയർന്ന അപകട സാധ്യതയുള്ളതും ജീവന് ഭീഷണിയുള്ളതുമായ മേഖലകളെയാണ് ലെവൽ ഫോറിൽ ഉൾപ്പെടുത്തുക.
*"ക്ഷേമവും സുരക്ഷയും അജണ്ടയാക്കുന്ന ബജറ്റ്: ബുഖാരി തങ്ങൾ*
കോഴിക്കോട്: സാമൂഹിക ക്ഷേമവും അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിത സുരക്ഷയും അജണ്ടയാക്കുന്നതാണ് സംസ്ഥാന ബജറ്റ് എന്ന് കേരള മുസ്ലീം ജമാഅത്ത് ജനറൽ സെക്രട്ടറി ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി തങ്ങൾ പറഞ്ഞു. മാനുഷിക വിഭവശേഷിക്കും വികസനത്തിനും മുൻഗണന നൽകുന്നുണ്ട്. സാധാരണ മനുഷ്യരുടെ സാമൂഹിക മുന്നേറ്റത്തിന് കരുത്തുപകരുന്നതാണിത്. വയോജനങ്ങളുടെയും യുവാക്കളുടെയും ക്ഷേമത്തിന് ഒരുപോലെ പ്രാധാന്യം നൽകാനായി. പ്രഖ്യാപനങ്ങൾക്ക് സമാന്തരമായി നൈപുണ്യ വികസനം, ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരമുയർത്തൽ, സുസ്ഥിരമായ തൊഴിൽ- ഉപജീവന മാർഗം വികസിപ്പിക്കൽ എന്നിവയ്‌ക്കായി വ്യക്തമായ അനുബന്ധപദ്ധതികൂടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
ബിരുദതലം വരെയുള്ള സൗജന്യ പഠനം, കണക്ട് ടു വർക്ക് പദ്ധതി എന്നിവയെല്ലാം നല്ല ചുവടുവെപ്പാണ്. സ്‌കൂൾ വിദ്യാർഥികൾക്ക് അപകട ഇൻഷുറൻസ് പരിരക്ഷ, മെഡിക്കൽ കോളേജിലെ കാൻസർ ചികിത്സയ്‌ക്ക് 30 കോടി എന്നിവയും സ്വാഗതാർഹം. പൊന്നാനി കേന്ദ്രമായി ശൈഖ് സൈനുദ്ധീൻ മഖ്ദൂം രണ്ടാമന്റെ പേരിൽ ചരിത്ര ഗവേഷണ കേന്ദ്രം ആരംഭിക്കാനുള്ള തീരുമാനവും കേരളത്തിന്റെ മത സാമുദായിക സാഹോദര്യ ചരിത്രം രേഖപ്പെടുത്താൻ 10 കോടി രൂപ നീക്കിവെച്ചതും സുത്യർഹമാണ്. കേരളയാത്രയുടെ ഭാഗമായി ഉന്നയിച്ച വികസനരേഖയിലെ ആവശ്യങ്ങളെ അനുഭാവപൂർവം പരിഗണിച്ച ബജറ്റുകൂടിയാണിതെന്നും ബുഖാരി തങ്ങൾ പറഞ്ഞു."
*🟨"എയിംസ് ഭോപ്പാലിലെ ലിഫ്റ്റ്ൽവച്ച് മാല പൊട്ടിച്ച കേസ്; പ്രതിയെ പിടികൂടി പൊലീസ്*
ഭോപ്പാൽ: എയിംസ് ഭോപ്പാലിലെ ലിഫ്റ്റിനുള്ളിൽവച്ച് ജീവനക്കാരിയുടെ മാല കവർന്ന നഴ്സിംഗ് വിദ്യാർഥി അറസ്റ്റിൽ. യുവതിയുടെ കൂടെ ലിഫ്റ്റില്‍ കയറിയ പ്രതി, ഇറങ്ങുന്നതിനിടെ കടന്നുകളയുകയായിരുന്നു. എയിംസിലെ ഗൈനക്കോളജി വിഭാഗം അറ്റൻഡന്റായ വർഷ സോണി ഞായറാഴ്ച വൈകുന്നേരം ലിഫ്റ്റിൽ സഞ്ചരിക്കുമ്പോഴാണ് അക്രമം ഉണ്ടായത്. രാജസ്ഥാൻ സ്വദേശിയും മൂന്നാം വർഷ നഴ്സിംഗ് വിദ്യാർഥിയുമായ സുനിൽ മീണ (25) ലിഫ്റ്റിൽവച്ച് വർഷയുടെ മാല പൊട്ടിച്ചെടുത്ത് ഓടി രക്ഷപ്പെടുകയായിരുന്നു.
സംഭവത്തിന് പിന്നാലെ 45 സിസിടിവി ക്യാമറകൾ പരിശോധിച്ച പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞു. ലിഫ്റ്റിനുള്ളിലെ ദൃശ്യങ്ങളും എയിംസ് ക്യാമ്പസിലെ മറ്റ് ദൃശ്യങ്ങളും വിശകലനം ചെയ്ത പൊലീസ് സോഷ്യൽ മീഡിയ വഴി പ്രതിയുടെ വീഡിയോ പ്രചരിപ്പിച്ചിരുന്നു. സാങ്കേതിക നിരീക്ഷണത്തിന്റെ സഹായത്തോടെ കതാറ ഹിൽസ് ഭാഗത്തുനിന്നാണ് പ്രതിയെ പിടികൂടിയത്.
ഓൺലൈൻ ഇടപാടുകൾ വഴിയുണ്ടായ സാമ്പത്തിക ബാധ്യതയും സുഹൃത്തുക്കളിൽ നിന്ന് വാങ്ങിയ കടം വീട്ടാനുമാണ് മോഷണം നടത്തിയതെന്ന് പ്രതി മൊഴി നൽകി. ആഡംബര ജീവിതം നയിക്കാനും വിലകൂടിയ കാറുകളും മൊബൈൽ ഫോണുകളും വാങ്ങാനും പെൺസുഹൃത്തിനായി പണം ചെലവാക്കാനുമാണ് താൻ മോഷണം ആസൂത്രണം ചെയ്തതെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു. മോഷണം നടത്തിയ മാല വാങ്ങിയ ജ്വല്ലറി ഉടമ പുഷ്പരാജ് സോണിയെയും പൊലീസ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പൊലീസ് ഇയാളിൽ നിന്നും സ്വർണ്ണമാല കണ്ടെടുത്ത് കോടതിയിൽ ഹാജരാക്കി."
*🟨കുടുംബതർക്കം: ദമ്പതികൾ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു; മൂന്ന് മക്കൾ ആശുപത്രിയിൽ*
നോയിഡ: കുടുംബതർക്കത്തെത്തുടർന്ന് വിഷം കഴിച്ച ദമ്പതികൾ മരിച്ചു. പ്രയാഗ്‌രാജ് സ്വദേശികളായ ശ്രവൺ, ഭാര്യ നീലം എന്നിവരാണ് മരിച്ചത്. ഇവരുടെ പത്തും എട്ടും നാലും വയസ്സുള്ള മൂന്ന് കുട്ടികൾ വിഷം ഉള്ളിൽച്ചെന്ന് ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടികളുടെ നില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
കുടുംബപ്രശ്നങ്ങളെത്തുടർന്ന് ദമ്പതികൾ കുട്ടികൾക്ക് വിഷം നൽകിയ ശേഷം സ്വയം കഴിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. അവശ നിലയിൽ കണ്ടെത്തിയ ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ദമ്പതികളുടെ ജീവൻ രക്ഷിക്കാനായില്ല. നിയമപരമായ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്."
*🟨കൊൽക്കത്തയിൽ കെട്ടിടത്തിൽ വൻ തീപിടിത്തം: 21 മരണം, 28 പേരെ കാണാതായി*
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ആനന്ദാപൂരിൽ മോമോ നിർമാണ യൂണിറ്റിലും ഗോഡൗണുകളിലുമുണ്ടായ തീപിടിത്തത്തിൽ 21 പേർ കൊല്ലപ്പെട്ടു. ജനുവരി 26 ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. 28 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് പൊലീസ് അറിയിച്ചു. കത്തിനശിച്ച കെട്ടിടങ്ങളിൽ നിന്ന് ഇന്ന് 13 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതോടെയാണ് ആകെ മരണം 21 ആയത്. കാണാതായവർക്കായി തിരച്ചിൽ തുടരുന്നതിനാൽ മരണസംഖ്യ ഇനിയും വർധിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
സൗത്ത് 24 പർഗാനാസ് ജില്ലയിലെ ആനന്ദാപൂരിൽ പ്രവർത്തിക്കുന്ന പ്രമുഖ മോമോ കമ്പനിയുടെ നിർമാണ യൂണിറ്റിലും സമീപത്തെ രണ്ട് ഗോഡൗണുകളിലുമാണ് അപകടമുണ്ടായത്. മൃതദേഹങ്ങൾ പലതും തിരിച്ചറിയാൻ കഴിയാത്ത വിധം കത്തിക്കരിഞ്ഞ നിലയിലായതിനാൽ ഇവ തിരിച്ചറിയുന്നതിനായി ഡിഎൻഎ മാപ്പിംഗ് പരിശോധനകൾ ആരംഭിച്ചു.
അപകടത്തെത്തുടർന്ന് പ്രദേശത്ത് ബിഎൻഎസ് 163-ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ സന്ദർശനത്തിന് മുന്നോടിയായി ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാനാണ് നിയന്ത്രണങ്ങൾ. സംഭവസ്ഥലം സന്ദർശിക്കാൻ അനുമതി തേടി സുവേന്ദു അധികാരി കൽക്കട്ട ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. മതിയായ സുരക്ഷാ ക്രമീകരണങ്ങളില്ലാതെയാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്നാണ് പ്രാഥമിക നിഗമനം."
*🟨"യുഎസ് അതീവ രഹസ്യ രേഖകൾ ചാറ്റ് ജിപിടിക്ക് ചോർത്തിയെന്ന് സംശയം; ഇന്ത്യൻ വംശജനായ സൈബർ ഏജൻസി മേധാവിക്ക് കുരുക്ക്*
വാഷിംഗ്ടൺ: അമേരിക്കയുടെ അതീവ രഹസ്യ സ്വഭാവമുള്ള ഔദ്യോഗിക രേഖകൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്ലാറ്റ്‌ഫോമായ ചാറ്റ് ജിപിടി വഴി പങ്കുവെച്ച സംഭവത്തിൽ ഇന്ത്യൻ വംശജനായ ഉന്നത ഉദ്യോഗസ്ഥൻ അന്വേഷണ നിഴലിൽ.
2025 മെയ് മുതൽ സൈബർ സെക്യൂരിറ്റി ആൻഡ് ഇൻഫ്രാസ്ട്രക്ചർ സെക്യൂരിറ്റി ഏജൻസിയുടെ ഡെപ്യൂട്ടി ഡയറക്ടറും ആക്ടിംഗ് ഡയറക്ടറുമാണ് ഡോ. മധു ഗോട്ടുമുക്കാലയ്ക്കെതിരെയാണ് നടപടി വരുന്നത്.
സർക്കാർ നിർദ്ദേശങ്ങൾ ലംഘിച്ച് സെൻസിറ്റീവ് വിവരങ്ങൾ ഐ.ഐ ടൂളുകളിൽ അപ്‌ലോഡ് ചെയ്തുവെന്നാണ് ആരോപണം. സിസയുടെ ഡയറക്ടറായിരിക്കെ നിതിൻ ഖന്ന സുപ്രധാന രേഖകൾ ചാറ്റ് ജിപിടിയിൽ നൽകിയതായി ഇന്റേണൽ ഓഡിറ്റിംഗിലാണ് കണ്ടെത്തിയത്.
രേഖകൾ ചുരുക്കാനോ പുനർക്രമീകരിക്കാനോ വേണ്ടിയാകാം അദ്ദേഹം ഈ സംവിധാനം ഉപയോഗിച്ചതെന്നാണ് കരുതുന്നത്. എന്നാൽ, വ്യക്തിവിവരങ്ങളും സുരക്ഷാ രേഖകളും പൊതുവായ ഐ.ഐ പ്ലാറ്റ്‌ഫോമുകളിൽ നൽകുന്നത് അമേരിക്കൻ സുരക്ഷാ നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണ്. സംഭവം പുറത്തായതോടെ ഇദ്ദേഹം സ്ഥാനത്തുനിന്നും നീക്കപ്പെട്ടതായാണ് സൂചന.
ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന് കീഴിലുള്ള കർശനമായ സുരക്ഷാ പരിശോധനകളുടെ ഭാഗമായാണ് ഈ കണ്ടെത്തൽ. ചൈനീസ് നിർമ്മിത ഡ്രോണുകൾക്കും മറ്റു സാങ്കേതിക വിദ്യകൾക്കുമെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്ന ഏജൻസിയാണ് സിസ.
എന്നാൽ ഏജൻസിയുടെ തലപ്പത്തുള്ളവർ തന്നെ സുരക്ഷാ വീഴ്ച വരുത്തിയത് ഭരണകൂടത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. വിഷയത്തിൽ എഫ്.ബി.ഐ കൂടുതൽ അന്വേഷണം നടത്തുമെന്നാണ് റിപ്പോർട്ടുകൾ.
*🟨"മകനെ രക്ഷിക്കാൻ പുലിയെ കൊലപ്പെടുത്തി അറുപതുകാരൻ*
ഗിർ സോമനാഥ്: മകനെ രക്ഷിക്കാൻ പുള്ളിപ്പുലിയെ വെട്ടിക്കൊന്ന് 60കാരനായ അച്ഛൻ. ഗുജറാത്തിലെ ഗിർ സോമനാഥിൽ ഉന മേഖലയിൽ ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. ബാബുഭായ് നരൻഭായ് വാജ എന്നയാളാണ് മകന്റെ ജീവൻ രക്ഷിക്കാൻ പുള്ളിപ്പുലിയോട് പൊരുതിയത്. അരിവാളും കുന്തവും ഉപയോഗിച്ചാണ് ബാബുബായ് പുലിയെ കൊന്നത്.
വീടിന് പുറത്തെ ഷെഡിൽ ഇരിക്കുകയായിരുന്ന ബാബുഭായിയെ ഇരുട്ടിന്റെ മറപറ്റി എത്തിയ പുള്ളിപ്പുലി പെട്ടെന്ന് ആക്രമിക്കുകയായിരുന്നു. പിതാവിന്റെ നിലവിളി കേട്ട് മുറിയിൽ നിന്നും പുറത്തിറങ്ങിയ 27 വയസ്സുകാരനായ മകൻ ശർദുലിന് നേരെയായി പിന്നീട് മൃഗത്തിന്റെ ആക്രമണം. പുള്ളിപ്പുലി മകനെ കടിച്ചുപിടിക്കുന്നത് കണ്ടതോടെ ബാബുഭായ് അടുത്തുണ്ടായിരുന്ന അരിവാളും കുന്തവും ഉപയോഗിച്ച് മൃഗത്തെ ആക്രമിച്ചത്. നീണ്ട പോരാട്ടത്തിനൊടുവിൽ പുള്ളിപ്പുലി കൊല്ലപ്പെടുകയായിരുന്നു.
ആക്രമണത്തിൽ ബാബുഭായിക്കും മകനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും ആദ്യം ഉനയിലെ സർക്കാർ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. വിവരമറിഞ്ഞെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ പുള്ളിപ്പുലിയുടെ ജഡം പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോയി. വന്യമൃഗത്തെ കൊലപ്പെടുത്തിയതിന് ബാബുഭായിക്കും മകനുമെതിരെ വനംവകുപ്പ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്."
*🟨"അതിവേഗ റെയിൽ അനിവാര്യം; സർക്കാർ മുന്നോട്ടുപോയപ്പോൾ വലിയ തടസ്സമുണ്ടായി: മുഖ്യമന്ത്രി*
തിരുവനന്തപുരം: അതിവേഗ റെയിൽ അനിവാര്യമാണെന്നും പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോയപ്പോൾ വലിയ തടസ്സങ്ങളാണുണ്ടായതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോക കേരളസഭയുടെ അഞ്ചാം പതിപ്പിന് തുടക്കംകുറിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
അതിവേഗ റെയിൽപാതാ പദ്ധതി നടപ്പിലാക്കണമെങ്കിൽ റെയിൽവേയുടെ അനുമതി വേണം. അവർ അനുമതി തന്നില്ല. അപ്പോഴാണ് അതിവേഗ റെയിൽ പദ്ധതിക്കുള്ള റിപ്പോർട്ട് കേന്ദ്രത്തിനുകൊടുത്തെന്നും അവർ അംഗീകരിക്കാൻ തയ്യാറാണെന്നും ഇ ശ്രീധരൻ പറഞ്ഞത്. കേന്ദ്രസർക്കാരിന്റെ പ്രതികരണം അറിയാനായി കേന്ദ്ര റെയിൽവേ മന്ത്രിയെ കാണാൻ കേരളത്തിന്റെ ഡൽഹിയിലെ പ്രതിനിധിയെ അയച്ചു. പദ്ധതി നിർദേശം സമർപ്പിച്ചു. എന്നാൽ, പ്രതികരണം ഉണ്ടായില്ല. പിന്നീട് താൻ തന്നെ നേരിട്ട് റെയിൽവേ മന്ത്രിയെ കണ്ടു. എന്നാൽ, കേന്ദ്രമന്ത്രിയുടെ മനസ്സിൽപോലും അത്തരമൊരു പദ്ധതി ഉണ്ടായിരുന്നതായി തോന്നിയില്ല.
ആവശ്യമായ കടലാസുകൾ കൊടുത്തെങ്കിലും അതിനും മറുപടിയുണ്ടായില്ല. അപ്പോഴാണ് കേന്ദ്ര നഗരകാര്യവകുപ്പിന്റെ കീഴിൽ ഡൽഹി– മീററ്റ് ആർആർടിഎസ് (റീജണല്‍ റാപിഡ് ട്രാൻസിസ്റ്റ് സിസ്റ്റം) എന്ന സംവിധാനം വന്നത്. കേന്ദ്ര നഗരകാര്യ മന്ത്രി കേരളത്തിൽ വന്നപ്പോൾ ഈ പദ്ധതി നടപ്പാക്കുന്നതിനായി സംസ്ഥാനം അനുമതി ചോദിച്ചു. അന്ന് ഒരു പൊതുചടങ്ങിൽ വച്ച് പദ്ധതി സമർപ്പിച്ചാൽ അംഗീകാരം നൽകാമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. മന്ത്രിസഭായോഗം അത് അംഗീകരിച്ച് മുന്നോട്ടുപോകാനാണ് തീരുമാനം– മുഖ്യമന്ത്രി പറഞ്ഞു."
*"ടൂറിസം മേഖലയ്ക്ക് പുത്തനുണർവ് പകരും: മന്ത്രി മുഹമ്മദ് റിയാസ്*
തിരുവനന്തപുരം: കേരളത്തിലെ ടൂറിസം മേഖലയ്ക്ക് പുത്തനുണർവ് പകരുന്നതാണ് ബജറ്റെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. 385.02 കോടി രൂപയിൽ നിന്ന് 413.52 കോടി രൂപയാണ് ടൂറിസം മേഖലയുടെ വിഹിതം വർധിപ്പിച്ചത്. പൈതൃക-സാംസ്കാരിക ടൂറിസം പ്രോത്സാഹിപ്പിക്കൽ, അടിസ്ഥാന സൗകര്യ വികസനം, ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതികൾ, ഡിസൈൻ പോളിസി നടപ്പാക്കൽ, ടൂറിസം ഹബ്ബുകളുടെ വികസനം, മാർക്കറ്റിങ്, ഉത്തരവാദിത്ത ടൂറിസം തുടങ്ങിയവയെ ബജറ്റിൽ മുൻഗണനാ മേഖലയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ടൂറിസം സർക്യൂട്ടുകൾ വികസിപ്പിക്കുന്നതിനായി 'ബ്ലൂ ഗ്രീൻ ഇൻറഗ്രേറ്റഡ് ടൂറിസം സർക്യൂട്ട്' എന്ന പുതിയ പദ്ധതി പ്രഖ്യാപിച്ചു. ഇതിൻറെ ആദ്യഘട്ടം കണ്ണൂർ ജില്ലയിലെ ധർമ്മടത്ത് 2 കോടി രൂപ ചെലവിൽ നടപ്പാക്കും. ധർമ്മടം നദി ക്രൂയിസ് സർക്യൂട്ട്, ധർമ്മടം ദ്വീപ് ബയോ റിസർവ്, വാക്കിംഗ് മ്യൂസിയം, മാൻഗ്രോവ് ഇൻഫർമേഷൻ സെൻറർ എന്നിവ പദ്ധതിയിൽ ഉൾപ്പെടുന്നു. കൊല്ലം ബയോ-ഡൈവേഴ്സിറ്റി സർക്യൂട്ട്, മലബാർ ലിറ്റററി സർക്യൂട്ട് എന്നിവയുടെ പ്രവർത്തനങ്ങൾ പുരോഗമിച്ചു വരുന്നതായി ബജറ്റിൽ പറയുന്നു."
"മാർക്കറ്റിംഗ് പ്രവർത്തനങ്ങൾക്കുള്ള വിഹിതം 85 കോടി രൂപയായി വർധിപ്പിച്ചിട്ടുണ്ട്. ഉത്തരവാദിത്ത ടൂറിസം (ആർടി) പ്രവർത്തനങ്ങൾക്ക് 20 കോടി രൂപ വകയിരുത്തി. ടൂറിസം കേന്ദ്രങ്ങളിലെ നവീകരണം, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്കായി 159 കോടി രൂപയും ബേപ്പൂർ 'ഉരു' ടൂറിസം, കൊച്ചി ഹെറിറ്റേജ് എന്നീ പുതിയ പദ്ധതികൾക്കായി 5 കോടി രൂപ വീതം വകയിരുത്തിയിട്ടുണ്ട്. മുസിരിസ് ഹെറിറ്റേജ്, സ്പൈസസ് റൂട്ട്സ്, റിവർ ക്രൂയിസ് ഹെറിറ്റേജ് എന്നീ പദ്ധതികൾക്കായി 14 കോടി രൂപ അനുവദിച്ചു. കൊച്ചി വൈപ്പിൻ മേഖലയിൽ ഓഷ്യനേറിയം പദ്ധതിയുയുടെ പഠനത്തിനായി ഒരു കോടി രൂപയും വകയിരുത്തി. കേരളത്തിലെ പരമ്പരാഗത ഉത്സവങ്ങളും സാംസ്കാരിക പരിപാടികളും കൂടുതൽ ആകർഷകമാക്കാനും പൈതൃകം, പരിസ്ഥിതി, സംസ്കാരം എന്നിവ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള പദ്ധതിക്ക് 29 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു."
*🟨"ജയിൽ നിന്ന് ഇറങ്ങി വീണ്ടും മോഷണം; പെട്രോൾ പമ്പിൽ നിന്ന് അരലക്ഷം മോഷ്‌ടിച്ചവർ പിടിയിൽ*
ചേർത്തല: പെട്രോൾപമ്പിൽനിന്ന് അരലക്ഷത്തോളം രൂപ മോഷ്‌ടിച്ച യുവാക്കൾ പിടിയിൽ. തൃശൂർ കൊരട്ടി എരിയാംകുടി അന്നമനട ചെമ്പാട്ട് വീട്ടിൽ റിയാദ് (24), എറണാകുളം വടക്കൻ പറവൂർ ചിറ്റാറ്റുകര ചന്തത്തോപ്പിൽ സി എ മിഥുൻ (27) എന്നിവരെയാണ് പൂച്ചാക്കൽ പൊലീസ് പിടികൂടിയത്.
22ന് തൈക്കാട്ടുശേരി പിഎസ് കവലയിലെ ഇന്ത്യൻ ഓയിൽ കോർപറേഷൻ പെട്രോൾപമ്പിലായിരുന്നു മോഷണം. ഓഫീസിന്റെ ഷട്ടർ തുറന്ന് ഗ്ലാസ് വാതിലിന്റെ പൂട്ടുപൊളിച്ച് അകത്തുകയറിയ പ്രതികൾ മേശപ്പുറത്ത് ബാഗിൽ സൂക്ഷിച്ച 18,500 രൂപയും മേശയിലുണ്ടായിരുന്ന 24,950 രൂപയും മൊബൈൽഫോണുമാണ് മോഷ്‌ടിച്ചത്.
നിരവധി മോഷണക്കേസുകളിൽ ഉൾപ്പെടെ ജയിലിൽ കഴിഞ്ഞവരാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു. ഒന്നാം പ്രതി റിയാദ് കഴിഞ്ഞ ഡിസംബർ 31നാണ് ജയിൽമോചിതനായത്. ശാസ്‌ത്രീയ തെളിവുകളിലൂടെയാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്. പ്രതികളെ കോടതി റിമാൻഡുചെയ്‌തു."
*🟨"വാങ്ങിവെച്ച മദ്യം എടുത്തു കുടിച്ചതിൽ തർക്കം'; സഹോദരനെ വെട്ടിക്കൊന്നയാൾക്ക് ജീവപര്യന്തം*
പൊൻകുന്നം: സഹോദരനെ കൊന്ന കേസിലെ പ്രതിയ്ക്ക് ജീവപര്യന്തം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു. എലിക്കുളം ആളുറുമ്പ് പടിഞ്ഞാറ്റുമല ചിറ്റക്കാട്ട് വീട്ടിൽ മാത്യു തോമസിനെ(57) ആണ് കോട്ടയം അഡീഷണൽ ജില്ലാ കോടതി ഒന്ന് ജഡ്ജ് കെ ലില്ലി ശിക്ഷിച്ചത്.
2016ലാണ് സംഭവം. പ്രതി വാങ്ങിച്ച മദ്യം സഹോദരൻ ജോയി എടുത്ത് കുടിച്ചു. ഇതിനു പകരമായി 1000 രൂപ പണമായി മാത്യു തോമസ് ചോദിച്ചു. ഇത് കൊടുക്കാത്തതിലെ വിരോധത്തിൽ കൈക്കോടാലികൊണ്ട് വെട്ടികൊല്ലുകയായിരുന്നു. പൊൻകുന്നം എസ്എച്ച്ഒ ആയിരുന്ന ടി ടി സുബ്രഹ്മണ്യൻ, എസ്ഐ ആയിരുന്ന കെ അഭിലാഷ് എന്നിവർക്കായിരുന്നു അന്വേഷണചുമതല. പ്രോസിക്യൂഷൻ 19 സാക്ഷികളെയും 16 പ്രമാണങ്ങളും ഹാജരാക്കിയ കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടർ മീരാ രാധാകൃഷ്ണൻ, വി എസ് അർജ്ജുൻ എന്നിവർ ഹാജരായി."
ശുഭദിനം.
Tags:
KERALA