കൊടുവള്ളി: 2026–27 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റിൽ കൊടുവള്ളി നിയോജകമണ്ഡലത്തിലെ പുല്ലാഞ്ഞിമേട്–കോളിക്കൽ ബി.വി. അബ്ദുള്ളക്കോയ മെമ്മോറിയൽ റോഡ് നവീകരണത്തിനായി 7 കോടി രൂപ അനുവദിച്ചതായി ഡോ. എം. കെ. മുനീർ എം.എൽ.എ അറിയിച്ചു. കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ പ്രധാന യാത്രാമാർഗമായ ഈ റോഡിന്റെ വികസനം മണ്ഡലത്തിലെ മലയോര മേഖലയിലെ ജനങ്ങൾക്ക് വലിയ ആശ്വാസമാകും.
ബജറ്റിൽ ടോക്കൺ പ്രൊവിഷൻ ഉൾപ്പെടെ പരാമർശിക്കപ്പെട്ട മണ്ഡലത്തിലെ മറ്റ് പ്രധാന പദ്ധതികളും ശ്രദ്ധേയമാണ്. ഗതാഗത മേഖലയിൽ ഓമശ്ശേരി ബൈപ്പാസ് റോഡിനായുള്ള സ്ഥലം ഏറ്റെടുപ്പ്, നെല്ലാങ്കണ്ടി–ആവിലോറ–പൂനൂർ റോഡ്, കോരങ്ങാട്–ചമൽ–കട്ടിപ്പാറ റോഡ്, നെല്ലാങ്കണ്ടി–എളേറ്റിൽ റോഡ്, കൊട്ടയോട്ട താഴം–ഒടുപാറ–പാലങ്ങാട് റോഡ്, പുല്ലാളൂർ–പൈമ്പാലുശ്ശേരി റോഡ് എന്നിവ ഉൾപ്പെടുന്നു.
ആരോഗ്യ–വിദ്യാഭ്യാസ മേഖലയിൽ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ സ്ത്രീകളുടെയും കുട്ടികളുടെയും പ്രത്യേക വാർഡ് നിർമ്മാണം, കൊടുവള്ളി ഗവ. റസിഡൻഷ്യൽ ഐ.ടി.ഐ കെട്ടിട നിർമ്മാണം എന്നിവയ്ക്കും ബജറ്റിൽ പരിഗണന ലഭിച്ചിട്ടുണ്ട്.
അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി താമരശ്ശേരി കെ.എസ്.ആർ.ടി.സി ഡിപ്പോ നവീകരണവും ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണവും, താമരശ്ശേരി റവന്യൂ ടവർ, കട്ടിപ്പാറ വ്യവസായ പാർക്കിന്റെ അടിസ്ഥാന സൗകര്യ വികസനവും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പാലങ്ങളും കമ്മ്യൂണിറ്റി സൗകര്യങ്ങളും ഉൾപ്പെടെ മേലെ പാലക്കുറ്റി–കിഴക്കോത്ത് പാലം, കോളിക്കൽ പാലം, കൊട്ടക്കാവയൽ മദ്രസബസാർ പാലം, മടവൂർ സ്റ്റേഡിയം (സ്ഥലം ഏറ്റെടുപ്പ് ഉൾപ്പെടെ), ചെറ്റക്കടവ് സ്റ്റേഡിയം, കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ നിർമ്മാണം തുടങ്ങിയ പദ്ധതികൾക്കും ബജറ്റിൽ പരാമർശമുണ്ട്. മുൻ വർഷങ്ങളിലെ ബജറ്റുകളിൽ പരാമർശിക്കപ്പെട്ടിരുന്ന പല പദ്ധതികൾക്കും ഇതുവരെ ധനസഹായം ലഭിച്ചിരുന്നില്ല.
ബജറ്റിൽ ഉൾപ്പെട്ട പദ്ധതിക്ക് ഉടൻ ഭരണാനുമതി ലഭ്യമാക്കുന്നതിനായി ആവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ഉടൻ വിളിച്ചുചേർക്കുമെന്നും എം.എൽ.എ അറിയിച്ചു.
Tags:
KODUVALLY