27-01-2026 ചൊവ്വ
*⬛നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രചാരണം താൻ നയിക്കുമെന്ന് മുഖ്യമന്ത്രി*
പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രചാരണത്തെ താൻ നയിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മത്സരിക്കുമോ എന്നു മുഖ്യമന്ത്രി വ്യക്തമാക്കിയില്ല. പത്തനംതിട്ട സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടായെങ്കിലും എൽഡിഎഫ് ശക്തമായി തിരിച്ചുവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോൾ നടക്കുന്ന ഭവന സന്ദർശനം പ്രതിസന്ധികൾ മാറ്റും. തുടർഭരണം ഉറപ്പാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി തന്നെ പ്രചാരണത്തെ നയിക്കുമെന്ന് നേരത്തെ സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബിയും വ്യക്തമാക്കിയിരുന്നു. ടീമിന്റെ നായകനും മുഖ്യമന്ത്രിയായിരിക്കും. ഭരണത്തുടർച്ചയുണ്ടായാൽ ഭരണകർത്താക്കളെ സംബന്ധിച്ച് അപ്പോൾ തീരുമാനിക്കുമെന്നും ബേബി വ്യക്തമാക്കിയിരുന്നു.
*⬛ഐഎസ്എല്‍ മത്സരക്രമമായി; ബ്ലാസ്റ്റേഴ്സിന് ഒൻപത് ഹോം മത്സരങ്ങള്‍*
കൊച്ചി: ഐഎസ്എല്‍ മത്സരക്രമത്തിൽ ധാരണയായി. മത്സരക്രമം അനുസരിച്ച് ബ്ലാസ്റ്റേഴ്സിന് സീസണില്‍ ഒമ്പത് ഹോം മത്സരങ്ങളുണ്ടാകും. ഉദ്ഘാടന മത്സരത്തിൽ മോഹൻ ബഗാൻ കേരള ബ്ലാസ്റ്റേഴ്സിനെ നേരിടും.
ഫെബ്രുവരി 14ന് വൈകുന്നേരം അഞ്ചിന് കോൽക്കത്തയിലാണ് കിക്കോഫ്. ഐഎസ്എല്ലിലെ മേയ് 11 വരെയുള്ള മത്സരക്രമം ആണ് ഇപ്പോള്‍ അംഗീകരിച്ചിരിക്കുന്നത്.
മത്സരക്രമം അനുസരിച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരം ഫെബ്രുവരി 22ന് കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ നടക്കും. മുംബൈ സിറ്റി എഫ്സി ആണ് എതിരാളികൾ. ഫെബ്രുവരി 28, മാർച്ച് 7,21 ,ഏപ്രിൽ 15,18, 23 ,മേയ് 10,17 ദിവസങ്ങളിലും കോഴിക്കോട്ട് ബ്ലാസ്റ്റേഴ്സിന് ഹോം മത്സരങ്ങളുണ്ട്.
ബ്ലാസ്റ്റേഴ്സിന്റെ എല്ലാ ഹോം മത്സരങ്ങളും കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിലാകും നടക്കുക.
*⬛പതിനാറുകാരന് ക്രൂരമർദനം; നാലുപ്രതികൾ അറസ്റ്റിൽ*
കൽപ്പറ്റ: പതിനാറുകാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. കല്പറ്റ സ്വദേശി മുഹമ്മദ് നാഫി(18)യെയും പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികളെയുമാണ് പോലീസ് അറസ്റ്റ്ചെയ്തത്.
കഴിഞ്ഞദിവസമാണ് പതിനാറുകാരനെ സംഘംചേർന്ന് മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്. ഇരട്ടപ്പേര് വിളിച്ചെന്ന് ആരോപിച്ചാണ് വിദ്യാർഥികൾ മർദിച്ചത്. ക്രൂരമായി മർദിക്കുന്നതും നിർബന്ധിച്ച് കാലുപിടിച്ച് മാപ്പ് പറയിപ്പിക്കുന്നതും വളഞ്ഞിട്ട് അടിക്കുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു.
ഒരാഴ്ച മുൻപ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ കഴിഞ്ഞദിവസമാണ് പ്രചരിച്ചത്. ഇതോടെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
*⬛വിമാനയാത്രയ്ക്കിടെ സഹയാത്രികയോട് മോശമായി പെരുമാറി; യാത്രക്കാരന് അറസ്റ്റിൽ*
കൊച്ചി: വിമാനയാത്രയ്ക്കിടെ സഹയാത്രികയോട് മോശമായി പെരുമാറിയ യാത്രക്കാരൻ അറസ്റ്റിൽ. തമിഴ്നാട് സ്വദേശി മോഹൻ (62) ആണ് അറസ്റ്റിലായത്. ദോഹയിൽ നിന്നുള്ള ഖത്തർ എയർവേയ്സ് വിമാനത്തിലായിരുന്നു സംഭവം.
അമേരിക്കൻ പൗരത്വമുള്ള മലയാളി യുവതിയോടാണ് ഇയാള്‍ മോശമായി പെരുമാറിയത്. ദോഹയില്‍ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം നടന്നത്.
നെടുമ്പാശേരി പോലീസാണ് മോഹനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. വൈദ്യ പരിശോധനയ്ക്ക് പിന്നാലെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
*⬛കൊച്ചിയിൽ സ്ത്രീകൾ തമ്മിലുണ്ടായ തർക്കത്തിനിടെ പെൺകുട്ടിക്ക് വെട്ടേറ്റു*
കൊച്ചി: കാക്കനാട് ഇതരസംസ്ഥാന തൊഴിലാളികളായ സ്ത്രീകൾ തമ്മിലുണ്ടായ തർക്കത്തിനിടെ പെൺകുട്ടിക്ക് വെട്ടേറ്റു. കാക്കനാട് താമസിക്കുന്ന ഇതരസംസ്ഥാനക്കാരിയായ സൈബ അക്താര (13) എന്ന പെൺകുട്ടിക്കാണ് തലയ്ക്ക് വെട്ടേറ്റത്.
ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മറ്റൊരാൾക്കും പരിക്കേറ്റിട്ടുണ്ട്.
തിങ്കളാഴ്ച രാത്രി ഏഴോടെയാണ് സംഭവമുണ്ടായത്. തർക്കത്തിനിടെ ഒരു സ്ത്രീ മറ്റൊരുസ്ത്രീയെ വാക്കത്തി കൊണ്ട് ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് പെൺകുട്ടിക്ക് വെട്ടേറ്റത്.
ആക്രമണം തടയാൻശ്രമിച്ച മറ്റൊരാൾക്കും പരിക്കേറ്റു. അതേസമയം, എന്താണ് തർക്കത്തിന് കാരണമെന്നോ പെൺകുട്ടി എങ്ങനെയാണ് ഇവർക്കിടയിൽപ്പെട്ടതെന്നോ വ്യക്തമല്ല.
*⬛മണാലിയില്‍ കുടുങ്ങി വിദ്യാർഥി സംഘം, റൂമും ഭക്ഷണവും നല്‍കിയില്ലന്ന് പരാതി*
ഷിംല: പാലക്കാട് മണ്ണാർക്കാട് കല്ലടി എംഇഎസ് കോളജിലെ കുട്ടികളെയും അധ്യാപകരെയും മണാലിയില്‍ വഴിയാധാരമാക്കി ടൂർ ഓപ്പറേറ്റർ. ടൂർ പാക്കേജിന്റെ ഭാഗമായാണ് ഇവർ മണാലിയില്‍ എത്തിയത്. പിന്നാലെ ടൂർ ഓപ്പറേറ്റർ സംഘത്തെ കൈയൊഴിഞ്ഞു. മണാലിയില്‍ മഞ്ഞുവീഴ്ചയെ തുടർന്ന് റോഡ് ബ്ലോക്ക് ആയതിന് പിന്നാലെയാണ് സംഭവം.
റൂം അറേഞ്ച് ചെയ്യാനോ ഭക്ഷണം നല്‍കാനോ ടൂർ ഓപ്പറേറ്റർ തയ്യാറായില്ല. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 43 കുട്ടികളും 3 അധ്യാപകർക്കുമാണ് ഈ ദുരവസ്ഥ നേരിടേണ്ടി വന്നത്. 75 ശതമാനം തുകയും വാങ്ങിയ ശേഷമാണ് ടൂർ ഓപ്പറേറ്ററുടെ ക്രൂരത. നിരവധിപേർക്ക് ആരോഗ്യ പ്രശ്നങ്ങളടക്കം ഉണ്ടായിട്ടും ടൂർ ഓപ്പറേറ്റർ തിരിഞ്ഞു നോക്കിയില്ലെന്നും വിദ്യാർഥികള്‍ പരാതിപ്പെട്ടു.
കടുത്ത മഞ്ഞുവീഴ്ചയിലും മൂന്ന് ദിവസമാണ് വിദ്യാർഥികള്‍ മണാലിയില്‍ കുടുങ്ങിയത്. പിന്നീട് സ്വന്തം ചെലവില്‍ ഇവർ ഡൽഹിയിലേയ്ക്ക് എത്തി. വാഹനത്തിനായി ആറ് കിലോമീറ്ററോളം വിദ്യാർഥികള്‍ക്ക് മഞ്ഞില്‍ നടക്കേണ്ടി വന്നതായും പറയുന്നു.
*⬛ചൊവ്വാഴ്ച ബാങ്കുകൾ അടഞ്ഞു കിടക്കുക*
ന്യൂഡൽഹി: ബാങ്ക് ജീവനക്കാരുടെ സംയുക്ത സംഘടനയായ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) നേതൃത്വത്തിൽ ചൊവ്വാഴ്ച (ജനുവരി 27) പണിമുടക്ക്.
ബാങ്കുകളുടെ പ്രവൃത്തി ദിനം ആഴ്ചയില്‍ അഞ്ച് ദിവസമാക്കണമെന്ന ശുപാർശ രണ്ട് വർഷമായിട്ടും കേന്ദ്രം നടപ്പാക്കാത്തതിനെതിരെ ആണ് സമരം.
ചീഫ് ലേബർ കമ്മീഷ്ണറുടെ മധ്യസ്ഥതയില്‍ നടന്ന രണ്ടാം അനുരഞ്ജന ചർച്ചയും പരാജയപ്പെട്ടതോടെയാണ് പണിമുടക്കുമായി മുന്നോട്ടു പോകാൻ സംഘടന തീരുമാനിച്ചത്.
*⬛ടി20 ലോകകപ്പ്: പാക്കിസ്ഥാൻ പങ്കെടുക്കുന്ന കാര്യത്തിൽ തീരുമാനം വെള്ളിയാഴ്ച*
ഇസ്ലാമാബാദ്: അടുത്തമാസം ആരംഭിക്കുന്ന ടി20 ലോകകപ്പിൽ പാക്കിസ്ഥാൻ പാകിസ്ഥാന് പങ്കെടുക്കുമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം വെള്ളിയാഴ്ച ഉണ്ടാകും. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാൻ മൊഹ്സിൻ നഖ്വി പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫുമായി നടത്തിയ നിർണായക കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇക്കാര്യം വ്യക്തമായത്.
ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് ലോകകപ്പ് നടക്കുന്നത്. ഏകദേശം അരമണിക്കൂറോളം നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ നിലവിലെ സാഹചര്യങ്ങൾ പാക് ആഭ്യന്തര മന്ത്രി കൂടിയായ മൊഹ്സിന്‍ നഖ്വി പ്രധാനമന്ത്രിയെ ധരിപ്പിച്ചു. വരുന്ന വെള്ളിയാഴ്ചയോ അല്ലെങ്കിൽ അടുത്ത തിങ്കളാഴ്ചയോ പാകിസ്ഥാൻ ലോകകപ്പില്‍ കളിക്കുന്ന കാര്യത്തിൽ സർക്കാർ അന്തിമ ഉത്തരവിറക്കും.
ടൂർണമെന്റിൽ പങ്കെടുക്കുന്നതും ഇന്ത്യയുമായുള്ള മത്സരം കളിക്കുന്നതും പൂർണമായും സർക്കാരിന്റെ അനുമതിക്ക് വിധേയമായിരിക്കുമെന്ന് നഖ്വി വ്യക്തമാക്കി. ഫെബ്രുവരി 15-ന് കൊളംബോയിലാണ് ഇന്ത്യ-പാകിസ്ഥാന് മത്സരം നടക്കേണ്ടത്.
*⬛വനിതാ പ്രീമിയർ ലീഗ്: മുംബൈ ഇന്ത്യൻസിന് ആവേശ ജയം*
വഡോദര: വനിതാ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന് ആവേശ ജയം. ഇന്ന് നടന്ന ത്രില്ലറിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ 15 റൺസിനാണ് മുംബൈ ഇന്ത്യൻസ് തോൽപ്പിച്ചത്.
മുംബൈ ഉയർത്തിയ 200 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആർസിബിക്ക് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 184 റൺസെടുക്കാനെ സാധിച്ചുള്ളു. വെടിക്കെട്ട് ബാറ്റിംഗുമായി റിച്ചാ ഘോഷ് തിളങ്ങിയെങ്കിലും ടീമിനെ വിജയിപ്പിക്കാനായില്ല. 50 പന്തിൽ 90 റൺസാണ് റിച്ചാ ഘോഷ് എടുത്തത്. 10 ബൗണ്ടറിയും ആറ് സിക്സും അടങ്ങുന്നതായിരുന്നു റിച്ചയുടെ ഇന്നിംഗ്സ്.
നദീൻ ഡി ക്ലർക്ക് 28 റൺസും ഗ്രെയ്സ് ഹാരീസ് 15 റൺസും എടുത്തു. മുംബൈയ്ക്ക് വേണ്ടി ഹെയ്ലി മാത്യൂസ് മൂന്ന് വിക്കറ്റെടുത്തു. ഷബ്നിം ഇസ്മായിലും അമേലിയ കെറും രണ്ട് വിക്കറ്റ് വീതവും അമൻജോത് കൗർ ഒരു വിക്കറ്റും വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് 199 റൺസാണ് എടുത്തത്. വെടിക്കെട്ട് സെഞ്ചുറി നേടിയ നാറ്റ് സിവർ-ബ്രണ്ടിന്റെയും അർധ സെഞ്ചുറി നേടിയ ഹെയ്ലി മാത്യൂസിന്റെയും മികവിലാണ് മുംബൈ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.
57 പന്തിൽ നിന്ന് 100 റൺസാണ് സിവർ-ബ്രണ്ട് എടുത്തത്. 16 ബൗണ്ടറിയും ഒരു സിക്സും അടങ്ങുന്നതായിരുന്നു സിവർ-ബ്രണ്ടിന്റെ ഇന്നിംഗ്സ്. ഹെയ്ലി 56 റൺസാണ് എടുത്തത്. 39 പന്തിൽ ഒന്‍പത് ബൗണ്ടറികൾ താരം അടിച്ചെടുത്തു. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 20 റൺസ് സ്കോർ ചെയ്തു.
ആർസിബിക്ക് വേണ്ടി ലോറൻ ബെൽ രണ്ട് വിക്കറ്റെടുത്തു. നദീൻ ഡി ക്ലർക്കും ശ്രേയങ്ക പാട്ടീലും ഒരോ വിക്കറ്റ് വീതം വീഴ്ത്തി. വിജയത്തോടെ പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കാനും മുംബൈയ്ക്കായി. ആർസിബി നേരത്തെ തന്നെ പ്ലേ ഓഫ് ഉറപ്പിച്ചിരുന്നു.
*⬛ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; പാർട്ടി കണക്കുകൾ മാധ്യമങ്ങളെ അറിയിക്കേണ്ടതില്ലെന്ന് കെ.കെ. രാഗേഷ്*
കണ്ണൂർ: പയ്യന്നൂർ ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദത്തിൽ പാർട്ടി കണക്കുകൾ മാധ്യമങ്ങളെ അറിയിക്കേണ്ടതില്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. രക്തസാക്ഷി ഫണ്ടിൽ നയാപൈസ പാർട്ടിക്ക് നഷ്ടമായിട്ടില്ലെന്നും വ്യക്തമാക്കിയ ജില്ലാ സെക്രട്ടറി, ഫണ്ട് തുക താൽക്കാലിക ആവശ്യങ്ങൾക്കായി മാറ്റിയത് തെറ്റാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് നടപടി എടുത്തിട്ടുണ്ടെന്നും വിശദീകരിച്ചു.
ഫണ്ട് താൽകാലിക ആവശ്യത്തിന് മാറ്റിയതിൽ വേണ്ട തിരുത്തലുകൾ പാർട്ടിക്കുള്ളിൽ നടത്തിയിട്ടുണ്ട്. എന്നാൽ ഇതിൽ പാർട്ടിക്ക് സാമ്പത്തിക നഷ്ടം സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാ്കകി. പാർട്ടിക്ക് അകത്ത് പറയേണ്ട കാര്യങ്ങൾ അവിടെത്തന്നെ പറയുമെന്നും മാധ്യമങ്ങളെ കണക്കുകൾ ബോധ്യപ്പെടുത്തേണ്ട ബാധ്യത പാർട്ടിക്കില്ലെന്നും പറഞ്ഞ രാഗേഷ്, താൻ മാത്രമാണ് ശരിയെന്ന വി കുഞ്ഞികൃഷ്ണന്റെ നിലപാട് അംഗീകരിക്കാനാവില്ലെന്നും കൂട്ടിച്ചേർത്തു.
രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദം വെളിപ്പെടുത്തിയതിൽ കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ കാര്യം വിശദീകരിക്കാൻ വിളിച്ച വാർത്താ സമ്മേളനത്തിലാണ് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി, ഫണ്ട് കണക്ക് പുറത്തുവിടില്ലെന്നും പറഞ്ഞത്.
ശുഭദിനം.
Tags:
KERALA