22-01-2026-വ്യാഴം
*താമരശ്ശേരി ചുരത്തിൽ ഇന്നും(22) നാളെയും (23 )ഗതാഗത നിയന്ത്രണം*
ദേശീയപാത 766 ൽ താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ പകൽ സമയത്ത് മുറിച്ചിട്ട മരങ്ങൾ ക്രയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റി എടുത്ത് മാറ്റുന്നതിനാലും ചുരത്തിൽ വാഹന ബാഹുല്യം കാരണം നിർത്തിവച്ച പാച്ച് വർക്ക് ഏഴാം വളവ് മുതൽ ലക്കിടി വരെ ചെയ്യുന്നതിനാലും ഇന്നും( ജനുവരി 22)നാളെയും (23) രാവിലെ 9 മുതൽ വൈകീട്ട് 6 വരെ ഗതാഗത കുരുക്ക് ഉണ്ടാകുവാൻ സാധ്യതയുണ്ട്. യാത്രക്കാർക്ക് സൗകര്യപ്രദമായ രീതിയിൽ ഗതാഗത പുനക്രമീകരണം നടത്തേണ്ടതാണ്. മൾട്ടി ആക്സിൽ വാഹനങ്ങളും ഭാരവാഹനങ്ങളും നാടുകാണി ചുരം വഴിയോ കുറ്റ്യാടി ചുരം വഴിയോ കടന്നു പോകണമെന്ന് പൊതുമരാമത്ത് ദേശീയ പാത ഉപവിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
*ചിക്കൻ വിലയിൽ പൊള്ളി തമിഴ്നാട്; കിലോയ്ക്ക് 400 കടന്നു; ആശങ്കയോടെ കേരളവും.*
അയൽസംസ്ഥാനമായ തമിഴ്നാട്ടിൽ കോഴിയിറച്ചി വില കുതിച്ചുയരുന്നു. ചില്ലറ വിപണിയിൽ ചിക്കൻ കിലോയ്ക്ക് 400 രൂപ കടന്നതോടെ സാധാരണക്കാർ ദുരിതത്തിലായിരിക്കുകയാണ്. രണ്ടാഴ്ച മുൻപ് 240 രൂപയുണ്ടായിരുന്ന സ്ഥാനത്താണ് 40 ശതമാനത്തിലധികം വർദ്ധനവ് രേഖപ്പെടുത്തിയത്..
തമിഴ്നാട്ടിലെ വിലക്കയറ്റം വരും ദിവസങ്ങളിൽ കേരളത്തിലെ വിപണിയെയും സാരമായി ബാധിച്ചേക്കുമെന്നാണ് ആശങ്ക..
തമിഴ്നാട്ടിലെ കോഴി കർഷകർ നടത്തുന്ന സമരവും കാലാവസ്ഥാ വ്യതിയാനവുമാണ് പെട്ടെന്നുള്ള ഈ വിലക്കയറ്റത്തിന് കാരണം. ബ്രോയിലർ കമ്പനികൾ നൽകുന്ന വളർത്തുകൂലി പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് ജനുവരി ഒന്ന് മുതൽ ഒരു വിഭാഗം കർഷകർ പ്രക്ഷോഭത്തിലാണ്..
തമിഴ്നാട്ടിലെ പ്രധാന കോഴി വളർത്തൽ കേന്ദ്രമായ പല്ലടത്തു നിന്നുള്ള വിതരണം കുറഞ്ഞത് ചെന്നൈ ഉൾപ്പെടെയുള്ള നഗരങ്ങളിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചു. കൂടാതെ, നിലവിലെ തണുത്ത കാലാവസ്ഥ കോഴിക്കുഞ്ഞുങ്ങളുടെ ഉത്പാദനത്തെ 20 ശതമാനത്തോളം കുറച്ചതായും പല്ലടം ബ്രോയിലർ കോർഡിനേഷൻ കമ്മിറ്റി..
കഴിഞ്ഞ ഞായറാഴ്ച വരെ 360 രൂപയിൽ നിന്നിരുന്ന വിലയാണ് ഒറ്റയടിക്ക് 400 കടന്നത്. ജീവനുള്ള കോഴിയുടെ മൊത്തവ്യാപാര വിലയിലും വലിയ മാറ്റമുണ്ടായിട്ടുണ്ട്. നേരത്തെ 180 രൂപയായിരുന്ന നിരക്ക് ഇപ്പോൾ 260 രൂപ വരെയായി ഉയർന്നു..
വിതരണം സാധാരണ നിലയിലായില്ലെങ്കിൽ വരും ദിവസങ്ങളിലും വില ഉയരാൻ തന്നെയാണ് സാധ്യത..
*കാര്യവട്ടത്ത് ആവേശം വിതറാൻ ഇന്ത്യ-ന്യൂസിലൻഡ് പോരാട്ടം; ടിക്കറ്റ് വിൽപ്പന പൃഥ്വിരാജ് സുകുമാരൻ ഉദ്ഘാടനം ചെയ്തു*
തിരുവനന്തപുരം: ക്രിക്കറ്റ് ആവേശത്തിലേക്ക് വീണ്ടും ഉണരുന്ന കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ജനുവരി 31-ന് നടക്കാനിരിക്കുന്ന ഇന്ത്യ-ന്യൂസിലൻഡ് ട്വന്റി-20 മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പനയ്ക്ക് ഔദ്യോഗിക തുടക്കമായി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വിശിഷ്ടാതിഥിയായി പ്രശസ്ത ചലച്ചിത്ര താരം പൃഥ്വിരാജ് സുകുമാരൻ ആദ്യ ടിക്കറ്റ് സി.എ. സനിൽ കുമാർ എം.ബിക്ക് കൈമാറി ടിക്കറ്റ് വിൽപ്പനയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
ക്രിക്കറ്റ് പ്രേമികൾക്കും വിദ്യാർത്ഥികൾക്കും സ്റ്റേഡിയത്തിലിരുന്ന് കളി കാണാൻ സുവർണ്ണാവസരമാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) ഇത്തവണ ഒരുക്കിയിരിക്കുന്നത്. ഏറ്റവും കുറഞ്ഞ നിരക്കായ 250 രൂപയ്ക്ക് വിദ്യാർത്ഥികൾക്ക് മത്സരം കാണാം. കൂടാതെ അപ്പർ ടയർ സീറ്റുകൾക്ക് 500 രൂപയും ലോവർ ടയർ സീറ്റുകൾക്ക് 1200 രൂപയുമാണ് നിശ്ചിയച്ചിരിക്കുന്ന നിരക്കുകൾ. ആരാധകർക്ക് Ticketgenie മൊബൈൽ ആപ്ലിക്കേഷൻ വഴി ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാവുന്നതാണ്.
ഗാലറികൾ നിറയുന്ന ആവേശകരമായ ഒരു പോരാട്ടമാണ് സംഘാടകർ.
*മോശം സേവനം: നഷ്ടപരിഹാരം നൽകാൻ എയർ ഇന്ത്യയോട് ഉപഭോക്തൃ കമ്മീഷൻ*
ന്യൂഡൽഹി: ദീഘദൂര വിമാനയാത്രയിൽ മോശം സേവനത്തിന്റെ പേരിൽ ഉപഭോക്താവിന് 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഡൽഹി ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ എയർ ഇന്ത്യയോടു നിർദേശിച്ചു.
ഗുണനിലവാരമില്ലാത്ത സീറ്റുകൾ, പ്രവർത്തനരഹിതമായ വിനോദ സംവിധാനങ്ങൾ, മോശം ഭക്ഷണവും ശുചിമുറിയും, പ്രതികരണമില്ലാത്ത കാബിൻ ക്രൂ തുടങ്ങിയ കാര്യങ്ങളാണു പരാതിക്കാരൻ ഉന്നയിച്ചത്.
വലിയ തുക യാത്രയ്ക്കായി നൽകിയിട്ടും അത്യാവശ്യ സേവനങ്ങൾ ലഭ്യമാക്കാൻ വിമാനക്കന്പനി പരാജയപ്പെട്ടുവെന്നു ചൂണ്ടിക്കാട്ടിയ കമ്മീഷൻ പരാതിക്കാരായ പിതാവിനും മകൾക്കും 50,000 രൂപ വീതം നഷ്ടപരിഹാരവും 50,000 രൂപ കോടതിച്ചെലവായും നൽകാൻ ഉത്തരവിട്ടു.
2023ൽ ഡൽഹിയിൽനിന്നു ന്യൂയോർക്കിലേക്ക് യാത്ര ചെയ്യുന്പോഴാണ് പരാതിക്കാർക്കു വിമാനക്കന്പനിയിൽനിന്ന് മോശമായ അനുഭവം നേരിട്ടത്. അതേസമയം ബിസിനസ് ക്ലാസിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ ആവശ്യപ്പെട്ടതു നിരസിച്ചതാണ് പരാതിക്കു കാരണമെന്നാണ് എയർ ഇന്ത്യയുടെ വാദം.
എന്നാൽ, ഇതു നിലനിൽക്കുന്നതല്ലെന്നു നിരീക്ഷിച്ച കമ്മീഷൻ പണം നൽകിയ യാത്രക്കാരന് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ വിമാനക്കന്പനികൾക്കു നിയമപരമായ ബാധ്യതയുണ്ടെന്ന് നിരീക്ഷിച്ചു.
എന്നാൽ, ടിക്കറ്റ് ബുക്ക് ചെയ്യാൻ തെരഞ്ഞെടുത്ത പ്ലാറ്റ്ഫോമിൽനിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ടെങ്കിലും കമ്മീഷൻ അതു നിരസിച്ചു. യാത്ര പൂർത്തിയാക്കിയ സാഹചര്യത്തിൽ ടിക്കറ്റ് ചാർജ് തിരികെ നൽകണമെന്ന പരാതിക്കാരന്റെ ആവശ്യവും കോടതി തള്ളി.
*ഷിൻഡെ പക്ഷത്തിനു പിന്തുണ വാഗ്ദാനം ചെയ്ത് എംഎൻഎസ്*
താനെ: മഹാരാഷ്ട്രയിലെ കല്യാൺ ഡോംബിവ്ലി കോർപറേഷനിൽ ശിവസേന ഷിൻഡെ പക്ഷത്തിന് പിന്തുണ വാഗ്ദാനം ചെയ്ത് എംഎൻഎസ്.
അഞ്ചു കൗൺസിലർമാരാണ് എംഎൻഎസിനുള്ളത്. എംഎൻസ് പിന്തുണ അറിയിച്ചെന്ന് ശിവസേനാ എംപി ശ്രീകാന്ത് ഷിൻഡെ സമ്മതിച്ചു. ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ മകനാണ് ശ്രീകാന്ത്.
122 അംഗ കല്യാൺ ഡോംബിവ്ലി കോർപറേഷനിൽ ശിവസേന (ഷിൻഡെ)യ്ക്ക് 53ഉം ബിജെപിക്ക് 50ഉം കൗൺസിൽമാരാണുള്ളത്. ശിവസേന (യുബിടി)-11, കോൺഗ്രസ്-2, എൻസിപി(എസ്പി)-1 എന്നിങ്ങനെയാണു മറ്റു കക്ഷികളുടെ നില.
*ജില്ലാ പരിഷത് തെരഞ്ഞെടുപ്പിലും എൻസിപി വിഭാഗങ്ങൾ സഖ്യത്തിൽ*
പൂന: പൂന ജില്ലാ പരിഷത് തെരഞ്ഞെടുപ്പിലും സഖ്യത്തിൽ മത്സരിക്കാൻ എൻസിപിയിലെ ശരദ് പവാർ, അജിത് പവാർ വിഭാഗങ്ങൾ തീരുമാനിച്ചു.
പൂന, പിംപ്രി-ചിഞ്ച്വാഡ് നഗരസഭകളിലും ഇരു വിഭാഗവും സഖ്യത്തിൽ മത്സരിച്ചിരുന്നു. 24 സീറ്റുകളാണ് ജില്ലാ പരിഷത്തിലുള്ളത്.
*ഗ്രാസ മഷേലിന് ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം*
ന്യൂഡൽഹി: മൊസാംബിക്കൻ മനുഷ്യാവകാശ പ്രവർത്തക ഗ്രാസ മഷേലിന് 2025ലെ ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം.
മുൻ ദേശീയസുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കർ മേനോൻ അധ്യക്ഷനായ ജൂറിയാണ് ഗ്രാസയെ പുരസ്കാരത്തിനു തെരഞ്ഞെടുത്തത്. ഒരു കോടി രൂപയും പ്രശംസാപത്രവും അടങ്ങുന്നതാണ് അവാർഡ്.
ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം, സാന്പത്തിക ശക്തീകരണം തുടങ്ങിയ മേഖലകളിലെ പ്രവർത്തനം മാനിച്ചാണ് ഗ്രാസയെ അവാർഡിനു തെരഞ്ഞെടുത്തത്.
1945 ഒക്ടോബർസ 17നാണ് ഗ്രാസ ജനിച്ചത്. മൊസാംബിക്കിന്റെ ആദ്യ പ്രസിഡന്റ് സമോറ മോയിസെസ് മഷേലിന്റെ ഭാര്യയായിരുന്നു ഇവർ. 1986ൽ ഇദ്ദേഹം അന്തരിച്ചു. പിന്നീട് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് നെൽസൺ മണ്ഡേലയെ ഗ്രാസ വിവാഹം ചെയ്തു.
*ദിനകരൻ വീണ്ടും എൻഡിഎയിൽ*
ചെന്നൈ: ടി.ടി.വി. ദിനകരൻ നയിക്കുന്ന അമ്മ മക്കൾ മുന്നേറ്റ കഴകം (എഎംഎംകെ) വീണ്ടും എൻഡിഎയിലെത്തി.
തമിഴ്നാടിന്റെ ചുമതലയുള്ള ബിജെപി നേതാവ് കേന്ദ്രമന്ത്രി പിയൂഷ് ഗോയലുമായി ദിനകരൻ നടത്തിയ ചർച്ചയ്ക്കു പിന്നാലെയാണ് എൻഡിഎയിൽ തിരികെയെത്തിയത്.
ദിനകരനെ അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി എൻഡിഎയിലേക്കു സ്വാഗതം ചെയ്തു.
*മനുഷ്യ-വന്യജീവി സംഘർഷം: ആശങ്കയറിയിച്ച് കാപ്പി കർഷക സംഘടന*
ന്യൂഡൽഹി: വർധിച്ചുവരുന്ന മനുഷ്യ-വന്യജീവി സംഘർഷത്തിൽ ആശങ്ക പ്രകടിപ്പിച്ച് കാപ്പി കർഷകരുടെ സംഘടനയായ കോഫി ഫാർമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (സിഎഫ്എഫ്ഐ).
ആന, കാട്ടുപന്നി, കുരങ്ങ്, മാൻ, മയിൽ തുടങ്ങിയ വന്യജീവികൾ കർഷകരുടെ കാപ്പിത്തോട്ടങ്ങളെ ആക്രമിക്കുന്നത് ഈ മേഖലയിലുള്ളവരെ വലിയ ദുരിതത്തിലേക്ക് തള്ളിവിടുന്നതായും സംഘടന ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിൽ വന്യജീവി സംഘർഷം നിമിത്തം രാജ്യത്താകമാനം ലക്ഷക്കണക്കിന് കർഷകർ വിളനാശം നേരിടുന്നുണ്ട്. എന്നാൽ ഈ പ്രശ്ങ്ങൾ പരിഹരിക്കുന്നതിന് അടിയന്തര ഇടപെടൽ ഉണ്ടാകുന്നില്ല.
മഹാരാഷ്ട്രയിൽ മാത്രം വന്യജീവി ആക്രമണത്തെത്തുടർന്ന് കാർഷിക മേഖലയിൽ ഒരു സാന്പത്തികവർഷം 40,000 കോടി രൂപയുടെ നഷ്ടം സംഭവിച്ചു. ഇതിന്റെ വ്യാപ്തി തടയാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സജീവമായി ഉൾപ്പെടുത്തിക്കൊണ്ടുള്ള പദ്ധതിക്ക് കേന്ദ്രസർക്കാർ തയാറാകണമെന്നും സംഘടന ആവശ്യപ്പെട്ടു.
വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് കേരള സർക്കാർ സ്വീകരിച്ച ചില നടപടികൾ അഭിനന്ദനാർഹമാണെന്നും സിഎഫ്എഫ്ഐ ചൂണ്ടിക്കാട്ടി.
*ആശാ തൊഴിലാളികളുടെ മാര്‍ച്ച്: കോല്‍ക്കത്ത നഗരം സ്തംഭിച്ചു*
കോല്‍ക്കത്ത: ഓണറേറിയം വര്‍ധിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്നലെ പശ്ചിമബംഗാള്‍ ആരോഗ്യ വകുപ്പ് ആസ്ഥാനത്തേക്ക് ആശാ തൊഴിലാളികള്‍ നടത്തിയ മാര്‍ച്ച് കോല്‍ക്കത്ത നഗരത്തെ സ്തംഭിപ്പിച്ചു.
മാസങ്ങളായി ശമ്പളം ലഭിക്കുന്നില്ലെന്നും തുച്ഛമായ തുക മാത്രമാണ് ലഭിക്കുന്നതെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു. മാര്‍ച്ച് പോലീസ് തടഞ്ഞതിനെത്തുടര്‍ന്ന് കോല്‍ക്കത്തയിലെ എസ്പ്ലനേഡിലും സാള്‍ട്ട് ലേക്കിലും ആയിരക്കണക്കിന് ആശാ തൊഴിലാളികള്‍ പ്രധാന പാതകള്‍ ഉപരോധിച്ചു.
വിവിധ ജില്ലകളില്‍നിന്നെത്തിയ പ്രതിഷേധക്കാരെ ഇന്നലെ രാവിലെ മുതല്‍ സീല്‍ദ, ഹൗറ റെയില്‍വേ സ്റ്റേഷനുകളില്‍നിന്നു പുറത്തിറങ്ങിയപ്പോള്‍ പോലീസ് തടഞ്ഞു. നിരവധി സ്ഥലങ്ങളില്‍ പോലീസ് പ്രതിഷേധക്കാരെ തടഞ്ഞത് നേരിയ സംഘര്‍ഷത്തിനു കാരണമായി.
ആരോഗ്യവകുപ്പ് ആസ്ഥാനമായ ‘സ്വാസ്ഥ്യ ഭവന്’ സ്ഥിതി ചെയ്യുന്ന സാള്‍ട്ട് ലേക്കിലേക്കു ചില പ്രതിഷേധക്കാര്‍ ബാരിക്കേഡുകള്‍ ചാടിക്കടക്കാന്‍ ശ്രമിച്ചു. സാള്‍ട്ട് ലേക്കിലെ ചില ഭാഗങ്ങളില്‍ വാഹന ഗതാഗതം രണ്ടു മണിക്കൂറിലധികം തടസപ്പെട്ടു.
ഓണറേറിയം പ്രതിമാസം 5,500 രൂപയില്‍നിന്ന് 15,000 രൂപയാക്കണമെന്നും അഞ്ചു ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് നല്‍കണമെന്നുമാണ് ആശാ വര്‍ക്കര്‍മാരുടെ പ്രധാന ആവശ്യം.
*22 പേരുടെ ജീവനെടുത്ത് കാട്ടാന; ജാർഖണ്ഡിൽ ‘അടിയന്തരാവസ്ഥ’*
ന്യൂഡൽഹി: ഒന്‍പത് ദിവസത്തിനുള്ളിൽ 22 പേരുടെ ജീവനെടുത്ത കാട്ടാനയെ തുരത്താൻ ‘അടിയന്തരാവസ്ഥ’ പ്രഖ്യാപിച്ച് ജാർഖണ്ഡ്.
ജാർഖണ്ഡിലെ പശ്ചിമ സിംഗ്ഭും ജില്ലയിൽ ജനുവരി ആദ്യം മുതൽ ആക്രമണം നടത്തുന്ന അതീവ അപകടകാരിയായ ആനയെ മെരുക്കാനാണു സർക്കാരിന്റെ അഭൂതപൂർവമായ നടപടി.
ദിവസേന 30 കിലോമീറ്ററോളം സഞ്ചരിക്കുന്ന കാട്ടാനയെ പിന്തുടരാനും പിടികൂടാനുമായി നൂറോളം പേരെ വനംവകുപ്പ് വിന്യസിച്ചിട്ടുണ്ട്. ഒറ്റക്കൊന്പുള്ള കാട്ടാനയെ തുരത്താൻ മയക്കുവെടി പരീക്ഷിച്ചെങ്കിലും വിജയിച്ചിട്ടില്ല.
കാട്ടാന മദം പൊട്ടി നിൽക്കുകയാണെന്ന് അധികൃതർ സംശയിക്കുന്നു. കൊന്പനാനകളിൽ പുരുഷ ഹോർമാണായ ടെസ്റ്റോസ്റ്റിറോണ്‍ കൂടുന്പോഴാണ് മദം പൊട്ടുന്നതായി വിശേഷിപ്പിക്കുന്നത്. സാധാരണയേക്കാൾ 60 ഇരട്ടി ടെസ്റ്റോസ്റ്റിറോണുകൾ ആനയുടെ ശരീരത്ത് ഉണ്ടാകുന്പോൾ അവ കൂടുതൽ അക്രമകാരിയാകുന്നു.
സാധാരണയായി രണ്ടുമുതൽ മൂന്നു മാസം വരെയാണ് ഇതു നിലനിൽക്കുന്നത്. കാട്ടാനയെ കണ്ടെത്താനായി മറ്റു മൂന്ന് സംസ്ഥാനങ്ങളിലെ വന്യജീവി വിദഗ്ധരെയും നിയോഗിച്ചിട്ടുണ്ടെങ്കിലും ആനയുടെ ക്രമരഹിതമായ ചലനം മൂലം പിന്തുടരാൻ പ്രയാസമാണെന്നാണ് അധികൃതർ വിശദീകരിക്കുന്നത്.
*ഹൈദരാബാദിനു സമീപം 100 തെരുവുനായ്ക്കളെ വിഷംകൊടുത്തു കൊന്നു*
ഹൈദരാബാദ്: തെലുങ്കാനയിലെ ഹൈദരാബാദിനു സമീപം 100 തെരുവുനായ്ക്കളെ വിഷംകൊടുത്തു കൊന്നു.
ഈ മാസം 19ന് യാച്ചാരം ഗ്രാമത്തിൽ നടന്ന സംഭവത്തിൽ സർപഞ്ചിനും മറ്റു രണ്ടു പേർക്കും എതിരേ കേസെടുത്തു.
തെലുങ്കാനയിലെ വിവിധ ജില്ലകളിൽ ഈ മാസം അഞ്ഞൂറോളം തെരുവുനായ്ക്കളെ കൊന്നിരുന്നു..
*ഇന്നത്തെ പ്രധാന വാർത്തകൾ*
*സെന്റർ ഓഫ് എക്സലന്‍സ് ഇന്‍ മൈക്രോബയോം നാളെ നാടിനു സമര്‍പ്പിക്കും*
തിരുവനന്തപുരം: ആരോഗ്യം, പരിസ്ഥിതി, സുസ്ഥിരത എന്നീ മേഖലകളില്‍ സൂക്ഷ്മാണുക്കളുടെ പങ്ക് ശാസ്ത്രീയമായി പഠിക്കുന്നതിനും സമൂഹത്തിന്റെ ഗുണത്തിനായി ഉപയോഗിക്കുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച സെന്റര്‍ ഓഫ് എക്സലന്‍സ് ഇന്‍ മൈക്രോബയോം മുഖ്യമന്ത്രി പിണറായി വിജയന് നാടിനു സമര്‍പ്പിക്കും.
നാളെ കഴക്കൂട്ടം കിന്‍ഫ്ര പാര്‍ക്കിലെ സെന്റര്‍ ഓഫ് എക്സലന്‍സില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ സെന്ററിന്റെ സമര്‍പ്പണവും സംസ്ഥാന സൂക്ഷ്മാണുവിന്റെ പ്രഖ്യാപനവും മുഖ്യമന്ത്രി നിര്‍വഹിക്കും.
ഇതോടെ സ്വന്തം സംസ്ഥാന സൂക്ഷ്മാണുവിനെ പ്രഖ്യാപിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറും.
മനുഷ്യാരോഗ്യം, പോഷണം, രോഗപ്രതിരോധം എന്നിവയ്ക്കൊപ്പം കൃഷി, മത്സ്യസമ്പത്ത്, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളിലെല്ലാമുള്ള മൈക്രോബയോം അധിഷ്ഠിത ട്രാന്‍സ്ലേഷണല്‍ ഗവേഷണങ്ങള്‍ ഒറ്റക്കുടക്കീഴില്‍ എത്തിക്കുന്ന രാജ്യത്തെ ആദ്യ സ്ഥാപനം എന്ന പ്രത്യേകതയും സെന്റര്‍ ഓഫ് എക്സലന്‍സ് ഇന്‍ മൈക്രോബയോമിനുണ്ട്.
*അമൃത് ഭാരത് ട്രെയിനുകളുടെ സമയക്രമം നിശ്ചയിച്ച് റെയിൽവേ*
പരവൂർ: കേരളത്തിന് അനുവദിച്ച മൂന്ന് അമൃത് ഭാരത് എക്സ്പ്രസുകളും പ്രതിവാര ട്രെയിനുകൾ ആയി ഓടും. ഇവയുടെ സമയക്രമം റെയിൽവേ പ്രസിദ്ധീകരിച്ചു. തിരുവനന്തപുരത്ത് നാളെ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രേ മോദി ട്രെയിനുകളുടെ ഉദ്ഘാടനം നിർവഹിക്കും.
താംബരം - തിരുവനന്തപുരം ട്രെയിൻ ബുധനാഴ്ചകളിൽ വൈകുന്നേരം 5.30 ന് താംബരത്തുനിന്ന് പുറപ്പെട്ട് വ്യാഴം രാവിലെ എട്ടിന് തിരുവനന്തപുരം സെൻട്രലിൽ എത്തും. തിരികെയുള്ള സർവീസ് വ്യാഴം രാവിലെ 10.40ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് അന്നുതന്നെ രാത്രി 11.45ന് താംബരത്ത് എത്തും. നാഗർകോവിൽ, തിരുനെൽവേലി, മധുര വഴിയാണ് സർവീസ് നടത്തുക.
ഹൈദരാബാദ് - തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി ) അമൃത് ഭാരത് എക്സ്പ്രസ് ചൊവ്വാഴ്ചകളിൽ രാവിലെ 7.15ന് ഹൈദരാബാദിലെ ചർലപ്പള്ളിയിൽനിന്ന് പുറപ്പെട്ട് ബുധൻ ഉച്ചകഴിഞ്ഞ് 2.45ന് തിരുവനന്തപുരം നോർത്തിൽ എത്തും. മടക്കട്രെയിൻ ബുധനാഴ്ചകളിൽ വൈകുന്നേരം 5.30ന് തിരുവനന്തപുരം നോർത്തിൽനിന്ന് പുറപ്പെട്ട് വ്യാഴം രാത്രി 11.30ന് ചർലപ്പള്ളിയിൽ എത്തും. കൊല്ലം, കോട്ടയം, തൃശൂർ, സേലം വഴിയാണ് സർവീസ്.
നാഗർകോവിൽ - മംഗളൂരു ജംഗ്ഷൻ അമൃത് ഭാരത് ട്രെയിൻ ചൊവ്വാഴ്ചകളിൽ രാവിലെ 11.30ന് നാഗർകോവിലിൽനിന്ന് പുറപ്പെട്ട് ബുധൻ പുലർച്ചെ അഞ്ചിന് മംഗളൂരുവിൽ എത്തും. തിരികെയുള്ള സർവീസ് ബുധൻ രാവിലെ എട്ടിന് മംഗളൂരുവിൽനിന്ന് പുറപ്പെട്ട് അന്നുതന്നെ രാത്രി 10.05ന് നാഗർകോവിലിൽ എത്തും. തിരുവനന്തപുരം, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ വഴിയാണ് സർവീസ് നടത്തുക.
*കുര്‍ബാന തര്‍ക്കം: പോലീസ് സംരക്ഷണം തേടി ഹര്‍ജി*
കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കവുമായി ബന്ധപ്പെട്ട് പോലീസ് സംരക്ഷണം തേടി അതിരൂപതയുടെ മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി ഹൈക്കോടതിയില്‍ ഹര്‍ജി നല്കി.
പോലീസിനെ സമീപിച്ചെങ്കിലും നടപടിയില്ലാതിരുന്നതിനെ തുടര്‍ന്നാണ് കോടതിയെ സമീപിക്കുന്നതെന്ന് ഹര്‍ജിയില്‍ പറയുന്നു.
സീറോമലബാര്‍ സഭയ്ക്കു കീഴിലെ എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ കുര്‍ബാനയടക്കം നടത്താന്‍ തടസങ്ങളുണ്ടെന്നും മതിയായ പോലീസ് സംരക്ഷണം അനുവദിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.
കോടതിയുടെയോ കളക്ടറുടെയോ ഉത്തരവില്ലാതെ പോലീസ് സംരക്ഷണം നല്‍കാനാകില്ലെന്ന മറുപടിയാണു പോലീസ് നല്‍കിയതെന്ന് ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി ഇന്ന് കോടതിയുടെ പരിഗണനയ്ക്കെത്തിയേക്കും.
*കാലാവധി കഴിഞ്ഞ സൂപ്പർ ഫാസ്റ്റുകൾ ഫാസ്റ്റ് പാസഞ്ചർ സർവീസിന് ഒരുക്കുന്നു*
ചാത്തന്നൂർ: കാലാവധി കഴിഞ്ഞ ഓടിത്തളർന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റുകൾ പെയിന്റ് മാറ്റി ഫാസ്റ്റ് പാസഞ്ചർ സർവീസിന് ഒരുക്കുന്നു.
നിലവിൽ സൂപ്പർ ഫാസ്റ്റിന്റെ കാലാവധി 12 വർഷവും ഫാസ്റ്റ് പാസഞ്ചറിന്റേത് 15 വർഷവുമാണ്. 12 വർഷം കഴിഞ്ഞ സൂപ്പർ ഫാസ്റ്റുകൾ മൂന്നു വർഷംകൂടി ഫാസ്റ്റ് പാസഞ്ചറായി ഓടിക്കാനാണ് കെഎസ്ആർടിസിയുടെ നീക്കം. ഇത് യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.
2016-നു മുമ്പ് സൂപ്പർ ഫാസ്റ്റുകളുടെ കാലാവധി അഞ്ച് വർഷവും ഫാസ്റ്റ് പാസഞ്ചറിന്റേത് ഏഴു വർഷവുമായിരുന്നു. അതു കഴിഞ്ഞാൽ പിന്നീട് ഈ ബസുകൾ ഓർഡിനറി സർവീസ് ആക്കുമായിരുന്നു.
കെഎസ്ആർടിസി പുതിയ ബസുകൾ വാങ്ങാതായതോടെ നിലവിലെ സൂപ്പർ, ഫാസ്റ്റ് പാസഞ്ചർ സർവീസുകളുടെ കാലാവധി രണ്ടു ഘട്ടമായി ഉയർത്തിയാണ് 12ഉം 15-ഉം വർഷമാക്കിയത്.
ആദ്യഘട്ടത്തിൽ വിവിധ ഡിപ്പോകളിൽനിന്നുള്ള 54 സൂപ്പർ ഫാസ്റ്റുകൾ നിറം മാറ്റി ഫാസ്റ്റ് പാസഞ്ചറാക്കി മറ്റ് ഡിപ്പോകൾക്ക് നൽകും.
ഷെഡ്യൂൾ നടത്താൻ ഫാസ്റ്റ് പാസഞ്ചറുകൾ തികയാത്ത ഡിപ്പോകൾക്കാണ് ഇത്തരം ബസുകൾ കൈമാറുന്നത്. കൈമാറാനുള്ള ബസുകൾ നിശ്ചയിച്ച് യൂണിറ്റ് ഓഫീസർമാർക്ക് ഉത്തരവ് നൽകിയിട്ടുണ്ട്.
ഗണേഷ്കുമാർ മന്ത്രിയായശേഷം പുതിയ ബസുകൾ വാങ്ങാൻ തുടങ്ങി. സർക്കാരിൽനിന്നുള്ള പ്ലാൻ ഫണ്ട് ഉപയോഗിച്ച് 360 പുതിയ ബസുകൾക്ക് ഓർഡർ കൊടുത്തു. ഈ ബസുകൾ കെഎസ്ആർടിസിക്ക് ലഭ്യമാകുന്നതേയുള്ളൂ. ആ സാഹചര്യത്തിലാണ് കാലാവധി കഴിഞ്ഞ സൂപ്പർ ഫാസ്റ്റുകൾ ഫാസ്റ്റ് പാസഞ്ചറുകളാക്കുന്നത്.
*300 തപാൽ ഓഫീസുകൾ അടച്ചുപൂട്ടലിലേക്ക്*
ചെങ്ങന്നൂർ: കേന്ദ്രസർക്കാരിന്റെ സ്വകാര്യവത്കരണ നയങ്ങളുടെ ഭാഗമായി കേരളത്തിലെ തപാൽ ശൃംഖലയിൽ വൻ അഴിച്ചുപണി. സംസ്ഥാനത്തെ 300 പോസ്റ്റ് ഓഫീസുകൾ നിർത്തലാക്കാനോ ലയിപ്പിക്കാനോ ഉള്ള നീക്കം സജീവമായി. നിലവിൽ 36 ഓഫീസുകൾ പൂട്ടിക്കഴിഞ്ഞു. അടുത്ത ഘട്ടത്തിൽ 86 എണ്ണംകൂടി പൂട്ടാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
കേരളത്തിലെ തപാൽ ഓഫീസുകളിൽ 80 ശതമാനവും ഗ്രാമപ്രദേശങ്ങളിലാണ് പ്രവർത്തിക്കുന്നത്. കുറഞ്ഞ ചെലവിൽ സ്പീഡ് പോസ്റ്റ്, രജിസ്റ്റേഡ് തപാൽ, പാഴ്സൽ എന്നിവ ബുക്ക് ചെയ്യാനുള്ള സൗകര്യം ഇതോടെ ഇല്ലാതാകും. കൂടാതെ, ഗ്രാമീണർ ഏറെ ആശ്രയിക്കുന്ന സേവനങ്ങളെ ഇത് നേരിട്ടു ബാധിക്കും.
പോസ്റ്റൽ സേവിംഗ്സ് അക്കൗണ്ടുകളിലെ നിക്ഷേപങ്ങളും പിൻവലിക്കലുകളും ബുദ്ധിമുട്ടിലാകും. ഓൺലൈൻ ഷോപ്പിംഗ് നടത്തുന്നവർക്ക് തപാൽ വഴിയുള്ള സേവനം ലഭിക്കാൻ പ്രയാസമേറും. കഴിഞ്ഞ ഓഗസ്റ്റിൽ എടുത്ത തീരുമാനപ്രകാരം ഇതിനോടകംതന്നെ വിവിധ ഡിവിഷനുകളിൽ ഓഫീസുകൾ പൂട്ടിക്കഴിഞ്ഞു. ഒറ്റപ്പാലം-അഞ്ച്, കണ്ണൂർ-നാല്, പാലക്കാട്, കാസർഗോഡ്, ഇരിങ്ങാലക്കുട, ചങ്ങനാശേരി-മൂന്നു വീതം, തൃശൂർ, മഞ്ചേരി, തിരൂർ, വടകര, എറണാകുളം, തിരുവനന്തപുരം (നോർത്ത്/സൗത്ത്) - രണ്ടു വീതം, കൊല്ലം - ഒന്ന് എന്നിങ്ങനെയാണ് പോസ്റ്റ് ഓഫീസുകൾ പൂട്ടിയിരിക്കുന്നത്.
പോസ്റ്റൽ ആക്ട് ഭേദഗതി ചെയ്ത് കേന്ദ്രസർക്കാർ കൊണ്ടുവന്ന പുനർ ഏകീകരണ നയത്തിന്റെ ഭാഗമായാണ് ഈ നടപടി. നഗരങ്ങളിൽ രണ്ടു കിലോമീറ്റർ പരിധിയിലും ഗ്രാമങ്ങളിൽ അഞ്ചു കിലോമീറ്റർ പരിധിയിലും ഒന്നിലധികം ഓഫീസുകളുണ്ടെങ്കിൽ അവ മാറ്റുകയോ നിർത്തലാക്കുകയോ ചെയ്യണമെന്നാണ് കേന്ദ്രവാദം. തപാൽ ഓഫീസുകൾ ഇല്ലാത്തിടത്തേക്ക് സേവനമെത്തിക്കാനാണ് ഇതെന്നും സർക്കാർ അവകാശപ്പെടുന്നു.
എന്നാൽ, സേവനങ്ങൾ വെട്ടിക്കുറച്ച് ഈ മേഖലയെ പൂർണമായും സ്വകാര്യവത്കരിക്കാനുള്ള തന്ത്രമാണിതെന്ന് പരക്കെ ആക്ഷേപമുണ്ട്. വീടിനടുത്തുള്ള സേവനങ്ങൾ നഷ്ടപ്പെട്ട്, കിലോമീറ്ററുകൾ താണ്ടി പ്രധാന ഓഫീസുകളിൽ എത്തേണ്ടിവരുന്നത് ജനങ്ങൾക്ക് വലിയ സാമ്പത്തിക-സമയ നഷ്ടങ്ങളുണ്ടാക്കും.
*ഇറ്റ്ഫോക്ക്: ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ*
തൃശൂർ: ഇറ്റ്ഫോക്ക് അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. നാടകങ്ങൾ അരങ്ങേറാനുള്ള വേദികളുടെ ഒരുക്കങ്ങളും വേഗത്തിൽ പുരോഗമിക്കുകയാണ്.
ഇത്തവണ പതിവിലും നേരത്തേ സജ്ജീകരണങ്ങൾ പൂർത്തിയാക്കാൻ കഴിയുമെന്ന് കേരള സംഗീതനാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി പറഞ്ഞു.
വിദേശനാടകങ്ങളുടെ അഭിനേതാക്കളും അണിയറപ്രവർത്തകരും 24 മുതൽ സാംസ്കാരികനഗരിയിലേക്കെത്തും. 25നാണ് ഇറ്റ്ഫോക്ക് ആരംഭിക്കുക. വിദേശനാടകങ്ങളുടെ അവതരണതീയതിക്ക് അനുസരിച്ച് ഓരോ സംഘവും എത്തും. ഇത്തവണ ഒൻപതു വിദേശ നാടകങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഏഴു വേദികളിലായി 23 നാടകങ്ങൾ അരങ്ങിലെത്തും. ഇവയുടെ 46 പ്രദർശനങ്ങളാണ് വിവിധ ദിവസങ്ങളിലായി ഉണ്ടായിരിക്കുക.
സംഗീതനാടക അക്കാദമിക്ക് അകത്തെ കെടി തിയറ്റർ, മുരളി തിയറ്റർ, ബ്ലാക്ക് ബോക്സ്, കൂടാതെ അങ്കണം തിയറ്റർ, എക്സിബിഷൻ സംഘടിപ്പിക്കുന്ന മുരളി തിയറ്ററിനു പിൻവശത്തെ വേദി, രാമനിലയത്തിലെ ഓപ്പണ്‍ തിയറ്റർ, ചർച്ചകൾക്കു പ്രാധാന്യം നൽകി കൂത്തന്പലത്തിലെ വേദി, സ്കൂൾ ഓഫ് ഡ്രാമയിലെ വേദി ഇവയാണ് ഇറ്റ്ഫോക്കിനായി തയാറാക്കുന്നത്.
ഓപ്പണ്‍ വേദിയിൽ എല്ലാ ദിവസവും രാത്രി 8.30 മുതൽ നാടക, സംഗീത അവതരണങ്ങൾ, ബാൻഡ്, ഗസൽ എന്നിവയും അരങ്ങേറും.
*നിയമനം സർക്കാരിന്റെ ഉപകാര സ്മരണ; പരാതി നൽകുമെന്ന് ആർ.എസ്. ശശി കുമാർ*
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഓംബുഡ്സ്മാനായി മുൻ ഉപലോകായുക്ത ജസ്റ്റിസ് ബാബു മാത്യു പി. ജോസഫിനെ നിയമിക്കാനുള്ള മന്ത്രിസഭ തീരുമാനത്തിനെതിരെ പരാതി നൽകുമെന്ന് സിഎംഡിആർഎഫ് കേസിലെ പരാതിക്കാരൻ.
സിഎംഡിആർഎഫ് വകമാറ്റിയ കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് ക്ലീൻ ചിറ്റ് നൽകിയതിലെ ഉപകാര സ്മരണയാണെന്ന് പരാതിക്കാരൻ ആർ.എസ്. ശശി കുമാർ ആരോപിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭ യോഗത്തിലാണ് നിയമനം സംബന്ധിച്ച തീരുമാനം.
നിയമനത്തിനെതിരെ ഗവർണർക്ക് പരാതി നൽകുമെന്നും പൊതുപ്രവർത്തകനും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയുടെ പ്രസിഡന്റുമായ ആർ.എസ്. ശശി കുമാർ അറിയിച്ചു. ഉദ്ദിഷ്ട കാര്യത്തിനുള്ള ഉപകാര സ്മരണയാണ് സർക്കാർ തീരമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകായുക്ത പദവി വഹിച്ചിരുന്നയാൾക്ക് ഇങ്ങനെയൊരു പദവി വഹിക്കാൻ ആകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ശശി കുമാർ ഗവർണർക്ക് പരാതി നൽകാനൊരുങ്ങുന്നത്. നേരത്തെ ബാബു മാത്യു പി. ജോസഫിനെ ഫീ റെഗുലേറ്ററി കമ്മീഷൻ ചെയർമാനായി നിയമിക്കാൻ ശ്രമം നടന്നിരുന്നു.
എന്നാൽ ആർ.എസ്. ശശി കുമാർ ഉൾപ്പെടെ അന്ന് പ്രതിഷേധവുമായി രംഗത്തെത്തിയ സാഹചര്യത്തിൽ സർക്കാർ തീരുമാനത്തിൽ നിന്ന് പിൻമാറുകയായിരുന്നു.
*പരിഹസിച്ചത് ഫ്യൂഡൽ മനോഭാവമുള്ളവർ: വി. ശിവൻകുട്ടി*
തിരുവനന്തപുരം: സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി ഗൃഹസന്ദർശന പരിപാടിക്കിടെ ഭക്ഷണം കഴിച്ച പാത്രം കഴുകിവച്ച ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഉയർന്ന വിമർശനങ്ങളിൽ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.
എം.എ. ബേബിയെ പരിഹസിക്കുന്നവരുടെ സാംസ്കാരിക ശൂന്യതയും ഫ്യൂഡൽ മനോഭാവവുമാണ് വെളിച്ചത്തുവരുന്നതെന്ന് വി. ശിവൻകുട്ടി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു മന്ത്രി പ്രതികരണവുമായി രംഗത്തെത്തിയത്.
ഡൽഹിയിലെ എകെജി ഭവനിലായാലും തിരുവനന്തപുരത്തെ എകെജി സെന്ററിലായാലും മറ്റേത് ജില്ലാ കമ്മിറ്റി ഓഫീസിലായാലും ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകിവയ്ക്കുക എന്നത് തങ്ങളുടെ രീതിയും ശീലവുമാണെന്ന് ശിവൻകുട്ടി വിശദീകരിച്ചു.
*പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;*
ഗൃഹസന്ദർശനത്തിനിടെ ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകിവെച്ച സി.പി.ഐ (എം) ജനറൽ സെക്രട്ടറി സഖാവ് എം.എ ബേബിയെ പരിഹസിച്ചുകൊണ്ട് ചില കോണുകളിൽ നിന്ന് ഉയരുന്ന ട്രോളുകൾ ശ്രദ്ധയിൽപ്പെട്ടു. ആ പരിഹാസത്തിന് പിന്നിലുള്ളവരുടെ സാംസ്കാരിക ശൂന്യതയും ഫ്യൂഡൽ മനോഭാവവുമാണ് ഇതിലൂടെ വെളിച്ചത്തുവരുന്നത്.
കമ്മ്യൂണിസ്റ്റ് പാർട്ടിയെ സംബന്ധിച്ചിടത്തോളം ഇതൊരു പുതിയ കാര്യമല്ല. ഡൽഹിയിലെ എ.കെ.ജി ഭവനിലായാലും തിരുവനന്തപുരത്തെ എ.കെ.ജി സെന്ററിലായാലും മറ്റേത് ജില്ലാ കമ്മിറ്റി ഓഫീസിലായാലും, ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകി വെക്കുക എന്നത് ഞങ്ങളുടെ രീതിയും ശീലവുമാണ്.
ബേബി സഖാവിനെ അടുത്തറിയുന്നവർക്ക്, അദ്ദേഹം എവിടെയായിരുന്നാലും സ്വന്തം പാത്രം കഴുകി വെക്കുന്ന ശീലം പണ്ടേയുള്ളതാണെന്നും, പാത്രം കഴുകുക മാത്രമല്ല നന്നായി പാചകം ചെയ്യാനും അദ്ദേഹത്തിന് അറിയാമെന്നും വ്യക്തമായി അറിയാം.
തുണികഴുകൽ, പാചകം, വീട് വൃത്തിയാക്കൽ, കക്കൂസ് കഴുകൽ തുടങ്ങിയ ജോലികൾ 'മോശപ്പെട്ട' പണികളാണെന്നും, അവയൊക്കെ സ്ത്രീകളോ അല്ലെങ്കിൽ സമൂഹത്തിലെ താഴെക്കിടയിലുള്ളവർ എന്ന് ഒരു വിഭാഗത്താൽ വിളിക്കപ്പെടുന്നവരോ മാത്രം ചെയ്യേണ്ടതാണെന്നും കരുതുന്നവർ ഇന്നും നമുക്കിടയിലുണ്ട്.
പുരുഷന്മാർ ഇതൊന്നും ചെയ്യാൻ പാടില്ലെന്നുള്ള പഴഞ്ചൻ ഫ്യൂഡൽ മാടമ്പിത്തരം ഉള്ളിൽ പേറുന്നവർക്ക്, ഒരാൾ സ്വന്തം പാത്രം കഴുകുന്നത് കാണുമ്പോൾ അസ്വസ്ഥത ഉണ്ടായേക്കാം. ഏതൊരു തൊഴിലിനും അന്തസ്സുണ്ടെന്നും, സ്വന്തം കാര്യം നോക്കുന്നത് ആത്മാഭിമാനത്തിന്റെ ഭാഗമാണെന്നും തിരിച്ചറിയാനുള്ള പക്വത ഇക്കൂട്ടർക്ക് ഇല്ലാതെ പോയി.
ഈ അവസരത്തിൽ എന്റെ പ്രിയപ്പെട്ട വിദ്യാർത്ഥികളോട് ഒരുകാര്യം ഓർമ്മിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. സ്വന്തം കാര്യങ്ങൾ സ്വയം ചെയ്യുന്നത് ഒരിക്കലും കുറച്ചിലല്ല, മറിച്ച് അതൊരു വലിയ ഗുണമാണ്. പഠനത്തോടൊപ്പം തന്നെ വീട്ടിലെ ചെറിയ ജോലികൾ ചെയ്യാനും, ആൺകുട്ടികൾ പാചകവും പാത്രം കഴുകലും അടക്കമുള്ള കാര്യങ്ങൾ ശീലിക്കുന്നതും നല്ല സംസ്കാരത്തിന്റെ ഭാഗമാണ്.
തൊഴിലിന്റെ മഹത്വം തിരിച്ചറിഞ്ഞ്, ലിംഗഭേദമില്ലാതെ എല്ലാ ജോലികളും ചെയ്യാൻ മടിയില്ലാത്ത ഒരു പുതിയ തലമുറയായി നിങ്ങൾ വളർന്നുവരണം. ജീർണ്ണിച്ച ചിന്താഗതികളെ അവഗണിച്ചുകൊണ്ട്, അധ്വാനത്തിന്റെ മഹത്വം ഉയർത്തിപ്പിടിച്ച് നമുക്ക് മുന്നോട്ട് പോകാം.
*ടെലഗ്രാം വഴി അശ്ലീല വീഡിയോകളുടെ വില്പന; യുവാവ് അറസ്റ്റില്‍*
മലപ്പുറം: അശ്ലീല വീഡിയോകള്‍ ടെലഗ്രാം വഴി വില്‍പ്പന നടത്തിയ യുവാവ് അറസ്റ്റിൽ. നിലമ്പൂര്‍ ചുങ്കത്തറ സ്വദേശി സഫ്വാൻ (20) ആണ് അറസ്റ്റിലായത്. മലപ്പുറം സൈബർ ക്രൈം പോലീസാണ് സഫ്വാനെ അറസ്റ്റ് ചെയ്തത്.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ടെലിഗ്രാം ഉപയോഗിച്ച് വിവിധ ഗ്രൂപ്പുകളിലും സ്വകാര്യ ചാനലുകളിലൂടെയും അശ്ലീല ഉള്ളടക്കങ്ങള്‍ പ്രചരിപ്പിച്ച് സാമ്പത്തിക ലാഭം നേടുകയായിരുന്നു പ്രതി.
മലപ്പുറം ജില്ലാ പോലീസ് മേധാവി ആര്. വിശ്വനാഥ് ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈബര്‍ സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതിയുടെ കൈവശം ഉണ്ടായിരുന്ന രണ്ട് മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. പോക്സോ, ഇന്‍ഫര്‍മേഷന്‍ ആന്റ് ടെക്നോളജി ആക്ട് അടക്കമുള്ള വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ കോടതി 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു.
*ആഗോള ആയുർവേദ, വെൽനസ് കോണ്‍ക്ലേവ് കോഴിക്കോട്ട്*
തിരുവനന്തപുരം: ആയുർവേദത്തിന്റെയും വെൽനസിന്റെയും ആഗോള കേന്ദ്രമെന്ന നിലയിൽ കേരളത്തിന്റെ സ്ഥാനം ഉയർത്തിക്കാട്ടുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ആദ്യ അന്താരാഷ്ട്ര ആയുർവേദ, വെൽനസ് കോണ്‍ക്ലേവ് ഫെബ്രുവരി രണ്ട്, മൂന്ന് തീയതികളിൽ കോഴിക്കോട് നടക്കും.
ആയുർവേദ പ്രമോഷൻ സൊസൈറ്റി (എപിഎസ്), അനുബന്ധ ടൂറിസം/ആരോഗ്യ സംഘടനകൾ എന്നിവയുമായി സഹകരിച്ച് സംസ്ഥാന ടൂറിസം വകുപ്പാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്.
ആയുർവേദ പണ്ഡിതർ, ആഗോള വെൽനസ് വിദഗ്ധർ, നയരൂപകർത്താക്കൾ, അക്കാദമിക് വിദഗ്ധർ, വ്യവസായ നേതാക്കൾ, ട്രാവൽ വ്യാപാര പ്രഫഷണലുകൾ, അന്താരാഷ്ട്ര പങ്കാളികൾ എന്നിവരെ കോണ്‍ക്ലേവ് ഒരുമിച്ചു കൊണ്ടുവരും.
*ശുഭദിനം*
Tags:
KERALA