2025 | ഡിസംബർ 22 | തിങ്കൾ
1201 | ധനു 7 | ഉത്രാടം
◾ സംസ്ഥാനത്ത് സ്വര്‍ണവില ഒരു ലക്ഷം രൂപയിലേക്ക്. ഇന്ന് പവന് 800 രൂപ വര്‍ധിച്ചതോടെയാണ് വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുമെന്ന തോന്നല്‍ സൃഷ്ടിച്ചത്. 99,200 രൂപയാണ് ഇന്നത്തെ പവന്‍ വില. 15ന് രേഖപ്പെടുത്തിയ 99,280 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. എന്നാല്‍ സ്വര്‍ണവില ഒരു ലക്ഷം കടന്ന് കുതിക്കുമോ എന്ന ആകാംക്ഷയിലാണ് വിപണി ഇപ്പോള്‍. ശനിയാഴ്ച സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ഇന്ന് ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 12,400 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 95,680 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 9ന് 94,920 രൂപയായി ഇടിഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയ സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് ദൃശ്യമായത്. ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയതും യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് കുറച്ചതും ഓഹരി വിപണിയിലെ അസ്ഥിരതയും അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. എന്നാല്‍ പണിക്കൂലിയും നികുതിയും ഉള്‍പ്പെടെ നിലവില്‍ തന്നെ സ്വര്‍ണ വില ഒരു ലക്ഷം കടന്നിട്ടുണ്ട്.
◾ പി വി അന്‍വറിനേയും സികെ ജാനുവിനേയും അസോസിയേറ്റ് അംഗങ്ങളാക്കാന്‍ യുഡിഎഫ് യോഗത്തില്‍ ധാരണയായി. അതേസമയം കേരള കോണ്‍ഗ്രസ് എം നിലപാട് പറയട്ടെയെന്നും അങ്ങോട്ട് പോയി ചര്‍ച്ചയില്ലെന്നും യോഗം വ്യക്തമാക്കി. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ നേരത്തെ ഒരുങ്ങാനുള്ള തീരുമാനത്തിലാണ് യുഡിഎഫ്. സീറ്റ് വിഭജനം നേരത്തെ തീര്‍ക്കും. ജനുവരിയില്‍ സീറ്റ് വിഭജനം തീര്‍ക്കാന്‍ യോഗത്തില്‍ ധാരണയായിട്ടുണ്ട്.
◾ ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയേയും സ്വര്‍ണം വാങ്ങിയ ജ്വല്ലറി ഉടമ ബെല്ലാരി ഗോവര്‍ദ്ധനെയും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാന്‍ എസ്ഐടി. രണ്ട് പേരെയും കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് ഇന്ന് കൊല്ലം വിജിലന്‍സ് കോടതിയില്‍ അപേക്ഷ നല്‍കിയേക്കും. ശബരിമലയിലെ സ്വര്‍ണപാളികളില്‍ നിന്ന് വേര്‍തിരിച്ച് എടുത്ത സ്വര്‍ണം ആര്‍ക്ക് വിറ്റുവെന്ന് കണ്ടത്താനാണ് എസ്ഐടി ഇരുവരെയും കസ്റ്റഡിയില്‍ വാങ്ങുന്നത്.
◾ ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതിയായ ബെല്ലാരിയിലെ ഗോവര്‍ധന്‍ മുമ്പ് ശബരിമലയില്‍ സമര്‍പ്പിച്ച പത്ത് പവന്‍ മാല കണക്കില്‍പ്പെടുത്താതെ ദേവസ്വം ബോര്‍ഡ്. ശബരിമലയിലെ വേര്‍തിരിച്ച സ്വര്‍ണം കൈപ്പറ്റിയതിന്റെ 'പ്രായശ്ചിത്തമായി' ഗോവര്‍ധന്‍ നല്‍കിയ പത്തു പവന്റെ മാലയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മഹസറില്‍ രേഖപ്പെടുത്താതെ ശബരിമലയില്‍ സൂക്ഷിച്ചത്. ഗുരുതര വീഴ്ചയാണ് ഇതുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡിന്റെ ഭാഗത്തുനിന്നുണ്ടായത്. 2021ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്കാണ് ഗോവര്‍ധന്‍ മാല കൈമാറിയത്.
◾ സ്വര്‍ണ കവര്‍ച്ചയില്‍ തനിക്ക് പങ്കില്ലെന്ന് ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധന്‍. തന്റെ ജാമ്യ ഹര്‍ജിയിലാണ് ഗോവര്‍ധന്‍ ഇക്കാര്യം വ്യക്തമാക്കിയത്. അയ്യപ്പ ഭക്തനായ താന്‍ സ്വര്‍ണമായും പണമായും ശബരിമലയിലേക്കാണ് സംഭാവന നല്‍കിയത്. ഒരു കോടിയിലധികം രൂപ നല്‍കി. പാളികള്‍ സ്വര്‍ണം പൂശിയ ശേഷവും അന്നദാനത്തിനും പണം നല്‍കി. സ്വര്‍ണമാലയും അയ്യപ്പന് സമര്‍പിച്ചു. ഇതിന് ശേഷം തന്റെ കൈയില്‍ നിന്ന് 80 ലക്ഷം മൂല്യമുള്ള സ്വര്‍ണം എസ്ഐടി ഭീഷണിപ്പെടുത്തി വാങ്ങിയെന്ന് ഗോവര്‍ധന്‍ ആരോപിച്ചു.
◾ ദില്ലിയില്‍ നിന്ന് നിന്ന് മുംബൈയിലേക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യയുടെ ബോയിംഗ് വിമാനം ഗുരുതരമായ തകരാര്‍ നേരിട്ടതിനെ തുടര്‍ന്ന് ദില്ലിയില്‍ തിരിച്ചിറക്കി. സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമം അനുസരിച്ച്, സാങ്കേതിക പ്രശ്‌നം കാരണം വിമാനം പറന്നുയര്‍ന്ന് അധികം താമസിയാതെ തിരിച്ചിറങ്ങിയതായി എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു. വിമാനം ദില്ലി വിമാനത്താവളത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. വിമാനത്തിന്റെ വലത് ഭാഗത്തെ എഞ്ചിന്‍ ആകാശത്ത് വെച്ച് ഓഫായിരുന്നു എന്നാണ് വൃത്തങ്ങള്‍ അറിയിച്ചത്.
◾ വാളയാറില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തെത്തുടര്‍ന്ന് കൊല്ലപ്പെട്ട റാം നാരായണ്‍ ബകേലിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതികള്‍ക്കതിരെ കര്‍ശന നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ അറിയിച്ചു. കേസിന്റെ വിശദംശങ്ങള്‍ പരിശോധിച്ച് ആവശ്യമായ നിയമ നടപടികള്‍ കൈക്കൊള്ളാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ പരിശോധിച്ച് ഉചിതമായ നഷ്ടപരിഹാരം ഉറപ്പാക്കും. കേരളം പോലുള്ള പരിഷ്‌കൃത സമൂഹത്തിന്റെ യശസ്സിന് കളങ്കമുണ്ടാക്കുന്ന ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാവരും ജാഗ്രത കാണിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
◾ വാളയാര്‍ ആള്‍ക്കൂട്ടക്കൊലക്ക് പിന്നില്‍ ആര്‍എസ്എസ് നേതാക്കളെന്ന് മന്ത്രി എംബി രാജേഷ്. വാളയാര്‍ ആള്‍ക്കൂട്ട കൊലയ്ക്ക് പിന്നില്‍ സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയമാണെന്നും ബംഗ്ലാദേശിയെന്ന് ആക്ഷേപിച്ചാണ് ജോലി തേടി കേരളത്തിലെത്തിയ രാം നാരായണനെ ആള്‍ക്കൂട്ടം ആക്രമണം നടത്തിയതെന്നും എം.ബി രാജേഷ് പറഞ്ഞു. ആര്‍എസ്എസ് നേതാക്കളാണ് ഇതിന് നേതൃത്വം നല്‍കിയത്. പ്രതികള്‍ക്ക് സിപിഎം ബന്ധം ഉണ്ടായിരുന്നെങ്കില്‍ എത്രമാത്രം ആഘോഷം ഉണ്ടാകുമായിരുന്നുവെന്നും പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും സര്‍ക്കാര്‍ രാം നാരായണന്റെ കുടുംബത്തിനൊപ്പമാണെന്നും എംബി രാജേഷ് പറഞ്ഞു.
◾ വാളയാര്‍ അട്ടപ്പള്ളത്ത് അതിഥി തൊഴിലാളിയായ രാം നാരായണനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവത്തില്‍ പ്രതികളുടെ ക്രൂരത വെളിപ്പെടുത്തുന്ന റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. കൊല്ലണമെന്ന ബോധപൂര്‍വമായ ഉദ്ദേശ്യത്തോടെയാണ് പ്രതികള്‍ രാം നാരായണനെ മര്‍ദ്ദിച്ചതെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഛത്തീസ്ഗഡ് സ്വദേശിയായ ഈ യുവാവിനെ മണിക്കൂറുകളോളം ക്രൂരമായ പീഡനത്തിന് ഇരയാക്കിയെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിരിക്കുന്നത്.
◾ വാളയാറില്‍ അതിഥി തൊഴിലാളി റാംനാരായണ്‍ ഭയ്യാല്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നിര്‍ണ്ണായക ഇടപെടലുകള്‍. റവന്യൂ മന്ത്രി കെ. രാജന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍, കൊല്ലപ്പെട്ട റാംനാരായണിന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ കുടുംബാംഗങ്ങളും സമരസമിതിയും തീരുമാനിച്ചു.
◾ പി വി അന്‍വറും സികെ ജാനുവും യുഡിഎഫില്‍. അസോസിയേറ്റ് അംഗങ്ങളാക്കാന്‍ യുഡിഎഫ് യോഗത്തില്‍ ധാരണയായി.
◾ അനധികൃത സ്വത്ത് സമ്പാദനത്തില്‍ ജയില്‍ ഡിഐജി വിനോദ് കുമാറിന്റെ വീട്ടിലും ക്വാര്‍ട്ടേഴ്സിലും റെയ്ഡ് നടത്തി വിജിലന്‍സ്. അനധികൃത സ്വത്ത് സമ്പാദനത്തില്‍ കേസ് എടുക്കുകയും ചെയ്തിട്ടുണ്ട്. തടവുകാരനില്‍ നിന്നും കൈക്കൂലി വാങ്ങിയതിന് ഡിഐജി വിനോദ് കുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അതോടൊപ്പം തന്നെ അനധികൃത സ്വത്ത് സമ്പാദനത്തില്‍ അന്വേഷണം ആരംഭിച്ചിരുന്നു. ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ രണ്ടാമത് ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
◾ ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് വീണ്ടും പരോള്‍. പ്രതികളായ മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവര്‍ക്കാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്. വര്‍ഷാവസാനം നല്‍കുന്ന സ്വാഭാവിക പരോള്‍ മാത്രമെന്നാണ് ജയില്‍ അധികൃതരുടെ വിശദീകരണം. 15 ദിവസത്തെ പരോളാണ് പ്രതികള്‍ക്ക് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കേസിലെ മറ്റൊരു പ്രതിയായ ടി കെ രജീഷിനും പരോള്‍ അനുവദിച്ചിരുന്നു. സ്വാഭാവികമായ പരോള്‍ എന്നാണ് ജയില്‍ വകുപ്പിന്റെ വിശദീകരണം.
◾ ടിപി കേസ് കൊലയാളികള്‍ക്ക് പരോള്‍ അനുവദിച്ച സംഭവത്തില്‍ പ്രതികരണവുമായി കെകെ രമ എംഎല്‍എ. പ്രതികള്‍ക്ക് സംരക്ഷണം നല്‍കുമെന്നത് സിപിഎമ്മിന്റെ ഉറപ്പാണെന്നും സര്‍ക്കാറിന്റെ കാലാവധി തീരും മുമ്പ് പ്രതികളെ അത് ബോധ്യപ്പെടുത്തുകയാണെന്നും കെകെ രമ വിമര്‍ശിച്ചു. അതുകൊണ്ടാണ് തുടര്‍ച്ചയായി പരോള്‍ നല്‍കുന്നത്. കൊലയാളികളില്‍ നിന്ന് കൈക്കൂലി വാങ്ങിയ ആളാണ് ജയില്‍ മേധാവി. പിണറായി വിജയന്റെ ആഭ്യന്തരവകുപ്പില്‍ നിന്ന് ഇതില്‍ കുറവ് പ്രതീക്ഷിക്കുന്നില്ലെന്നും കെകെ രമ പറഞ്ഞു.
◾ കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്റെ സംസ്ഥാനത്തെ രണ്ടാമത്തെ സൂപ്പര്‍ പ്രീമിയം ഔട്ട്ലറ്റ് കോഴിക്കോട് തുറക്കുന്നു. കോഴിക്കോട് ഗോകുലം ഗലേറിയ മാളിന്റെ രണ്ടാം നിലയില്‍ നാളെ ഉച്ചയ്ക്ക് രണ്ടിനാണ് ഉദ്ഘാടനം. കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്റെ മാനേജിംഗ് ഡയറക്ടര്‍ ഹര്‍ഷിത അത്തലൂരിയാണ് ഉദ്ഘാടനം ചെയ്യുന്നത്. ഔട്ട്ലറ്റ് 1950 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണ്ണവും പൂര്‍ണ്ണമായി ശീതികരിച്ചതും മാളില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ മദ്യവിതരണ ഔട്ട്ലറ്റ്ലെറ്റുമാണ്.
◾ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഉള്‍പ്പടെയുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ വിജയിച്ചവരുടെ സത്യപ്രതിജ്ഞകളില്‍ പലതും നിയമവിരുദ്ധമെന്ന് പരാതി. അയ്യപ്പന്‍, ഭാരതാംബ, ശ്രീരാമന്‍ തുടങ്ങിയ നാമങ്ങളിലെ സത്യപ്രതിജ്ഞയാണ് പരാതിക്കിടയാക്കിയത്. ഈ നാമങ്ങളിലെ സത്യപ്രതിജ്ഞ അസാധുവാണെന്ന് ചൂണ്ടിക്കാട്ടി സുപ്രിംകോടതി അഭിഭാഷകനായ സുഭാഷ് തീക്കാടനാണ് തദേശസ്വയം ഭരണവകുപ്പ് സെക്രട്ടറിക്ക് പരാതി നല്‍കിയിരിക്കുന്നത്.
◾ പുതുശ്ശേരിയില്‍ കരോള്‍ സംഘത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അശ്വിന്‍ രാജിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് പുതുശ്ശേരിയില്‍ വെച്ച് പ്രതി കുട്ടികള്‍ അടങ്ങുന്ന കരോള്‍ സംഘത്തെ ഇയാള്‍ ആക്രമിച്ചത്. കരോളിന് ഉപയോഗിച്ചിരുന്ന ബാന്റില്‍ സിപിഎം എന്ന് എഴുതിയിരുന്നത് ചോദ്യം ചെയ്തായിരുന്നു ആക്രമണം. തുടര്‍ന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
◾ കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ പ്രഖ്യാപിച്ച് ബെംഗളൂരുവില്‍ നിയമ സഹായ വേദിയുടെ കൂട്ടായ്മ. കേസിലെ വിചാരണ വേളയില്‍ സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ണമായും ലംഘിക്കപ്പെട്ടുവെന്ന് അഭിഭാഷകരും മുന്‍ ജഡ്ജിമാരും നിയമ വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ പങ്കെടുത്ത കൂട്ടായ്മ ആരോപിച്ചു. ഇത്തരം കേസുകളില്‍ ഇരകളെ വിചാരണ ചെയ്യുന്നതില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് ബെംഗളൂരുവിലെ നിയമ സഹായ വേദി.
◾ പെരിന്തല്‍മണ്ണയില്‍ ലീഗ് ഓഫീസുനേരെയുണ്ടായ ആക്രണവുമായി ബന്ധപ്പെട്ട് അഞ്ചുപേര്‍ കസ്റ്റഡിയില്‍. അഞ്ച് സിപിഎം പ്രവര്‍ത്തകരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെയാണ് പെരിന്തല്‍മണ്ണ ലീഗ് ഓഫീസിനുനേരെ കല്ലേറുണ്ടായത്. തുടര്‍ന്ന് രാത്രി വൈകി റോഡ് ഉപരോധ പ്രതിഷേധവുമായി യുഡിഎഫ് രംഗത്തെത്തിയിരുന്നു. ആക്രമണത്തില്‍ പ്രതിഷേധിച്ച് പെരിന്തല്‍മണ്ണ നഗരത്തില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍ ആചരിക്കുകയാണ്.
◾ തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപിയുടെ മേയറെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ സജീവം. ഇന്ന് കണ്ണൂരില്‍ ചേരുന്ന സംസ്ഥാന നേതൃയോഗത്തില്‍ ചര്‍ച്ചകള്‍ ഉണ്ടാകും. എന്നാല്‍, ഡിസംബര്‍ 24, 25 തീയതികളിലായിരിക്കും ഇതുസംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകുക. ഇപ്പോഴും വി വി രാജേഷ്, ആര്‍ ശ്രീലേഖ എന്നിവരുടെ പേരുകളാണ് സജീവമായിട്ടുള്ളത്. മറ്റൊരു സര്‍പ്രൈസ് പേര് വന്നാലും അത്ഭുതപ്പെടേണ്ടതില്ലെന്നാണ് പാര്‍ട്ടി നേതൃത്വം പറയുന്നത്.
◾ ഒറ്റപ്പാലം ലക്കിടിയില്‍ ടിപ്പറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അമ്മയും കുഞ്ഞും മരിച്ചു. തിരുവില്വാമല കണിയാര്‍ക്കോട് സ്വദേശി ശരണ്യ, ഇവരുടെ മകള്‍ അഞ്ച് വയസുകാരി ആദിശ്രീ എന്നിവരാണ് മരിച്ചത്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന ബന്ധു മോഹന്‍ദാസിന് ഗുരുതരമായി പരിക്കേറ്റു. ലക്കിടി ഭാഗത്തേക്ക് ഒരേ ദിശയില്‍ പോകുകയായിരുന്ന സ്‌കൂട്ടറില്‍ ടിപ്പര്‍ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഇവരുടെ ദേഹത്തു കൂടെ ടിപ്പര്‍ ലോറി കയറിയിറങ്ങിയതായും ദൃക്സാക്ഷികള്‍ പറഞ്ഞു.
◾ നടപ്പ് സാമ്പത്തിക വര്‍ഷം ഇതുവരെ സിപിഎമ്മിന് ലഭിച്ച സംഭാവന 17കോടി രൂപയ്ക്കടുത്തെന്ന് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് 16,95,79,591 രൂപയാണ് തങ്ങള്‍ക്ക് ലഭിച്ചതെന്ന് സിപിഎം വ്യക്തമാക്കിയത്. തൃശൂര്‍ കല്യാണ്‍ ജ്വല്ലേഴ്സ് ആണ് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയത്. ഇവര്‍ ഒരു കോടി രൂപയാണ് സംഭാവന നല്‍കിയത്.
◾ മുന്‍ മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എക്കും നോട്ടീസയച്ച് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി. കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു നല്‍കിയ പരാതിയിലാണ് നോട്ടീസയച്ചത്. നടുറോഡില്‍ കെഎസ് ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ ഇരുവരെയും ഒഴിവാക്കിയുള്ള കുറ്റപത്രത്തിനെതിരായ ഹര്‍ജിയിലാണ് കോടതി നടപടി.
◾ ആലപ്പുഴ വളവനാട് ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. ഒരു യുവാവിന് ഗുരുതരമായി പരിക്കേറ്റു. മണ്ണഞ്ചേരി സ്വദേശി കമ്പിയകത്ത് വീട്ടില്‍ നിഖില്‍ (19), ചേര്‍ത്തല അരീപ്പറമ്പ് കൊച്ചിറവിളി വീട്ടില്‍ രാകേഷ് (25) എന്നിവരാണ് മരിച്ചത്. രാകേഷിന്റെ സുഹൃത്തായ വിപിനാണ് ഗുരുതരമായി പരിക്കേറ്റത്. ഇന്നലെ രാത്രി പത്തരയോടെ വളവനാട് എ എസ് കനാല്‍- പറത്തറ പാലത്തിന് സമീപത്ത് വെച്ചായിരുന്നു അപകടമുണ്ടായത്.
◾ വയനാട് പുല്‍പ്പള്ളി ദേവര്‍ഗദ്ധയില്‍ ആളെ ആക്രമിച്ചു കൊന്ന കടുവയെ പിടികൂടാന്‍ ശ്രമം തുടരുന്നു. മാരനെ കടുവ ആക്രമിച്ച പ്രദേശത്ത് വനം വകുപ്പ് കൂട് സ്ഥാപിച്ചു. ഇതിനിടെ പുല്‍പ്പള്ളി നഗരത്തോട് ചേര്‍ന്ന ഏരിയപ്പള്ളിയില്‍ രാത്രി കടുവയെ കണ്ടതായി നാട്ടുകാര്‍ പറഞ്ഞു. അര്‍ധരാത്രിയില്‍ കടുവ റോഡ് മുറിച്ച് കടക്കുന്നതാണ് കണ്ടതെന്നാണ് നാട്ടുകാര്‍ പറയുന്നത്. പുല്‍പ്പള്ളിയിലെ കാപ്പി സെറ്റ്, ദേവര്‍ഗദ്ദ മേഖലയില്‍ കടുവയുടെ ആശങ്ക തുടരുകയാണ്. പ്രദേശത്ത് രണ്ടു ദിവസമായി വനംവകുപ്പ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.
◾ തമിഴ്നാടിന് പുറമെ കേരളത്തിലും പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ നടന്‍ വിജയ്യുടെ പാര്‍ട്ടിയായ തമിഴ്നാട് വെട്രി കഴകം (ടിവികെ). അടുത്ത മാസം കേരളത്തിലെ സംസ്ഥാന ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിക്കാന്‍ നീക്കം നടക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ടിവികെയുടെ കേരള ഘടകത്തിന്റെ പ്രഖ്യാപനത്തിനും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനുമായി വിജയ് ആരാധക കൂട്ടായ്മയുടെ 14 ജില്ലകളിലെയും നേതാക്കള്‍ ഇന്നലെ കൊച്ചിയില്‍ യോഗം ചേര്‍ന്നു.
◾ മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പില്‍ വന്‍നേട്ടവുമായി മഹായുതി സഖ്യം. ബിജെപി, ശിവസേന, എന്‍സിപി സഖ്യം 288 മുനിസിപ്പല്‍ കൗണ്‍സിലുകളിലേക്കും നഗര്‍ പഞ്ചായത്തുകളിലേക്കും വന്‍ വിജയം നേടിയപ്പോള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പങ്കിട്ട അന്തിമ കണക്കുകള്‍ പ്രകാരം പ്രതിപക്ഷമായ മഹാ വികാസ് അഘാഡി 44ലേക്ക് ചുരുങ്ങി.
◾ ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി ഇന്ത്യയിലെ വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ സ്‌കൂള്‍ അവധി പട്ടിക പുറത്തിറക്കി. പല സംസ്ഥാനങ്ങളിലും ക്രിസ്മസും പുതുവത്സരവും ഉള്‍പ്പെടുത്തി നീണ്ട ശൈത്യകാല അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ചില സംസ്ഥാനങ്ങള്‍ ഏകദിന അവധിയില്‍ ഒതുക്കിയപ്പോള്‍, ഉത്തര്‍പ്രദേശ് പോലുള്ള സംസ്ഥാനങ്ങള്‍ ക്രിസ്മസ് ദിനത്തില്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനിച്ചു.
◾ നാവികസേനാ രഹസ്യം പാകിസ്ഥാന് ചോര്‍ത്തിയ സംഭവത്തില്‍ മൂന്നാമത്തെ അറസ്റ്റ് രേഖപ്പെടുത്തി ഉഡുപ്പി മാല്‍പേ പൊലീസ്. ഗുജറാത്ത് സ്വദേശി ഹീരേന്ദ്രയാണ് അറസ്റ്റിലായത്. സംഭവത്തില്‍ നേരത്തെ അറസ്റ്റിലായ യുപി സ്വദേശികള്‍ക്ക് സിം കാര്‍ഡ് കൈമാറിയത് ഹീരേന്ദ്രയാണെന്ന് പൊലീസ് വ്യക്തമാക്കി. യുപി സ്വദേശികളായ രോഹിതും സാന്‍ഡ്രിയും കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ മാല്‍പേ യൂണിറ്റില്‍ നിന്ന് നവംബറിലാണ് പിടിയിലായത്.
◾ കേന്ദ്രസര്‍ക്കാര്‍ മഹാത്മാഗാന്ധിയുടെ ചിത്രം ഇനി ഇന്ത്യന്‍ കറന്‍സിയില്‍ നിന്ന് നീക്കുമെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. അതിനുള്ള ഒന്നാം ഘട്ട ആലോചനകള്‍ നടന്നു കഴിഞ്ഞു. ഇന്ത്യയുടെ ആര്‍ഷഭാരത സംസ്‌കാരത്തെ പ്രതിനിധീകരിക്കുന്ന ഒരു ചിഹ്നം ഉപയോഗിക്കാനാണ് ആലോചന. അങ്ങനെ നീക്കം ചെയ്താല്‍ അതിനുശേഷം ഉള്ള മോദിയുടെ ചായ സല്‍ക്കാരത്തിലും പ്രിയങ്കാ ഗാന്ധിയും മറ്റുള്ളവരും പങ്കെടുക്കുമെന്നാണ് ഇപ്പോള്‍ കരുതേണ്ടതെന്നും അദ്ദേഹം പരിഹസിച്ചു.
◾ ജമ്മു കശ്മീരില്‍ എന്‍ഐഎ ആസ്ഥാനത്തിനു സമീപം ടെലിസ്‌കോപ്പ് കണ്ടെടുത്തു. ജമ്മു കാശ്മീരില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം. ചൈനീസ് നിര്‍മ്മിത സ്നൈപ്പര്‍ റൈഫിള്‍ ടെലിസ്‌കോപ്പ് ആണ് കണ്ടെടുത്തത്. ജമ്മുവിലെ സിദ്രയില്‍ നിന്നാണ് ടെലിസ്‌കോപ്പ് കണ്ടെടുത്തത്. പൊലീസും സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പും സംഭവം അന്വേഷിച്ചുവരികയാണ് ഞായറാഴ്ചയാണ് ജമ്മുകശ്മീരില്‍ നിന്ന് സ്നൈപ്പര്‍ കം അസോള്‍ട്ട് റൈഫിളില്‍ ഉപയോഗിക്കുന്ന ടെലിസ്‌കോപ്പ് കണ്ടെത്തിയത്. പിന്നാലെ മേഖലയില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
◾ ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ ഇന്ത്യയ്ക്ക് കടുത്ത അതൃപ്തി. ന്യൂനപക്ഷ സംരക്ഷണത്തില്‍ ഇന്ത്യയ്ക്കുള്ള പരോക്ഷ വിമര്‍ശനം അനാവശ്യമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഹിന്ദുക്കളുടെ സുരക്ഷയില്‍ ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരിന്റെ തുടര്‍ നടപടി നിരീക്ഷിക്കാനാണ് ഇന്ത്യയുടെ തീരുമാനം. ബംഗ്ലാദേശില്‍ ഹിന്ദു യുവാവ് കൊല്ലപ്പെട്ടതില്‍ ഇന്നലെ ഇന്ത്യയുടെ പ്രസ്താവനയെ എതിര്‍ത്ത് ബംഗ്ലാദേശ് വാര്‍ത്താക്കുറിപ്പ് ഇറക്കിയിരുന്നു. ഈ പ്രസ്താവനയിലാണ് ഇന്ത്യയ്ക്ക് അതൃപ്തി.
◾ ബംഗ്ലാദേശില്‍ ആഭ്യന്തര അസ്വസ്ഥതകള്‍ തുടരുന്നതിനിടെ മുഹമ്മദ് യൂനുസ് നയിക്കുന്ന ഇടക്കാല സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന.യൂനുസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ക്രമസമാധാനം നിലനിര്‍ത്തുന്നതില്‍ പരാജയപ്പെടുകയും ഭീകരവാദികള്‍ക്ക് വളരാന്‍ അവസരം നല്‍കുകയും ചെയ്തു എന്ന് അവര്‍ ആരോപിച്ചു.
◾ ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള സാമ്പത്തിക-തന്ത്രപ്രധാന ബന്ധങ്ങളില്‍ പുതിയ അധ്യായം കുറിച്ചുകൊണ്ട് ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്സണും ഇന്ന് നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് ഇരു രാജ്യങ്ങള്‍ക്കും ഒരുപോലെ ഗുണകരമാകുന്ന സുപ്രധാന പ്രഖ്യാപനം നടത്തിയത്.
◾ കഴിഞ്ഞ മെയ് മാസത്തില്‍ ഇന്ത്യയുമായുള്ള സൈനിക ഏറ്റുമുട്ടലിനിടെ പാകിസ്ഥാന് 'ദൈവിക സഹായം' ലഭിച്ചതായി പാക് പ്രതിരോധ മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍. മെയ് മാസത്തില്‍ ഇന്ത്യ നടത്തിയ 'ഓപ്പറേഷന്‍ സിന്ദൂര്‍' സൈനിക നീക്കത്തിന് പിന്നാലെയുണ്ടായ സംഘര്‍ഷങ്ങളെ പരാമര്‍ശിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇസ്ലാമാബാദില്‍ നടന്ന ദേശീയ ഉലമ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾ നൈജീരിയയില്‍ സായുധ സംഘം തട്ടിക്കൊണ്ട് പോയ 130 വിദ്യാര്‍ത്ഥികളേ കൂടി മോചിപ്പിച്ചു. നൈജറിലെ ക്രിസ്ത്യന്‍ സ്‌കൂളില്‍ നിന്നും തട്ടിക്കൊണ്ട് പോയ വിദ്യാര്‍ത്ഥികളെയാണ് ഒടുവില്‍ മോചിപ്പിച്ചത്. ആശ്വാസകരമായ ഉജ്ജ്വല നേട്ടമെന്നാണ് നടപടിയെ നൈജീരിയയിലെ ഫെഡറല്‍ ഗവണ്‍മെന്റ് വിശദമാക്കുന്നത്. രാജ്യത്ത് അടുത്തിടെയുണ്ടായ ഏറ്റവും മോശമായ തട്ടിക്കൊണ്ട് പോകലുകളിലൊന്നായിരുന്നു നവംബര്‍ 21ന് നടന്നത്. നൈജറിലെ പാപ്പിരിയിലെ സെന്റ് മേരീസ് കത്തോലിക്കാ സ്‌കൂളിലെ 250 കുട്ടികളെയാണ് സായുധ സംഘം തട്ടിക്കൊണ്ട് പോയത്.
◾ ഫോണിലുപയോഗിക്കുന്ന സ്‌ക്രീന്‍ ഷെയറിങ് ആപ്പുകള്‍ കടുത്ത സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നവയാണെന്ന ഏറ്റവും പുതിയ മുന്നറിയിപ്പുമായി കേന്ദ്രം. സൈബര്‍ കുറ്റവാളികള്‍ക്ക് ഇതുവഴി ഫോണിലെ രേഖകള്‍ ചോര്‍ത്താനും അത് വഴി നിയന്ത്രണം കൈക്കലാക്കാനും കഴിയും. നിലവില്‍ എനി ഡെസ്‌ക്, ടീം വ്യൂവര്‍, ക്യുക്ക് സപ്പോര്‍ട്ട് എന്നിവയാണ് ഫോണില്‍ നിന്ന് നീക്കം ചെയ്യാന്‍ ഗവണ്‍മെന്റ് നിര്‍ദേശിക്കുന്ന ആപ്ലിക്കേഷനുകള്‍. ബാങ്ക് ഉദ്യോഗസ്ഥരായോ, കസ്റ്റമര്‍ കെയര്‍ ഓപ്പറേറ്ററായോ ഗവണ്‍മെന്റിന്റെ പ്രതിനിധികളായോ ആയി ഉപോയോക്താക്കളെ സമീപിച്ച ശേഷം സ്‌ക്രീന്‍ ഷെയര്‍ ചെയ്യാന്‍ ആവശ്യപ്പെടുകയും അതുവഴി വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നതുമാണ് സൈബര്‍ കുറ്റവാളികളുടെ രീതി. ഇത്തരം ആപ്പുകള്‍ വഴി ഇവര്‍ ഉപയോക്താവിന്റെ ബാങ്കിങ് ഇടപാടുകള്‍ മോണിറ്റര്‍ ചെയ്യുകയും ഒ.ടി.പി പാസ് വേഡ് എന്നിവ ചോര്‍ത്തുകയും ഉപഭോക്താവ് അറിയാതെ തന്നെ പണം ചോര്‍ത്തുകയു ചെയ്യും. ആവശ്യമില്ലെങ്കില്‍ സ്‌ക്രീന്‍ ഷെയറിങ് ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാതിരിക്കുക. ആപ്പ് ഡൗണ്‍ ലോഡ് ചെയ്യുന്നതിനുമുമ്പും പെര്‍മിഷന്‍ ചെക്ക് ചെയ്യുക. ഒ.ടി.പിയോ വ്യക്തിഗത വിവരങ്ങളോ പങ്കുവെക്കാതിരിക്കുക. തട്ടിപ്പ് നടന്നാല്‍ സൈബര്‍ തട്ടിപ്പിന് ഇരയായാല്‍ ഉടന്‍ തന്നെ പരാതിപ്പെടുക.
◾ ഉദാഹരണം സുജാത എന്ന ചിത്രത്തില്‍ മഞ്ജു വാര്യരുടെ മകളായി എത്തി പിന്നീട് മലയാള സിനിമയിലെ നായിക നിരയിലേക്ക് ഉയര്‍ന്ന താരമാണ് അനശ്വര രാജന്‍. ഇന്ദ്രജിത്ത് അടക്കമുള്ളവര്‍ക്കൊപ്പം അഭിനയിച്ച് മലയാളത്തില്‍ തിളങ്ങിയ അനശ്വരയുടേതായി വരാനിരിക്കുന്നത് 'ചാമ്പ്യന്‍' എന്ന തെലുങ്ക് ചിത്രമാണ്. സ്പോട്സ് ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രം ക്രിസ്മസ് റിലീസായി ഡിസംബര്‍ 25ന് തിയറ്ററുകളില്‍ എത്തും. ചാമ്പ്യനിലെ പുതിയ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ്. നായകന്‍ റോഷനൊപ്പം അവന്തികയാണ് ഗാന രംഗത്ത് ഉള്ളത്. റോഷന്‍ ആണ് ചിത്രത്തില്‍ അനശ്വര രാജന്റെ നായകനായി എത്തുന്നത്. തനി നാട്ടുംപുറത്തുകാരിയായാണ് അനശ്വര ചിത്രത്തില്‍ എത്തുന്നത്. ദേശീയ അവാര്‍ഡ് ജേതാവായ പ്രദീപ് അദ്വൈതം ആണ് സംവിധാനം ചെയ്യുന്ന പിരീഡ് സ്പോര്‍ട്സ് ഡ്രാമയാണ് ചാമ്പ്യന്‍. ശക്തമായ ഇച്ഛാശക്തിയുള്ള തീവ്ര ഫുട്ബോള്‍ കളിക്കാരനായാണ് റോഷന്‍ ചിത്രത്തില്‍ എത്തുന്നത്.
◾ ദുല്‍ഖറിനെ നായകനാക്കി സെല്‍വമണി സെല്‍വരാജ് ഒരുക്കിയ 'കാന്ത' ഒടിടി റിലീസിലും വമ്പന്‍ പ്രേക്ഷക ശ്രദ്ധ നേടുന്നു. ചിത്രം ഇപ്പൊള്‍ നെറ്റ്ഫ്ലിക്സില്‍ ട്രെന്‍ഡിംഗാണ്. ദുല്‍ഖര്‍ സല്‍മാന്‍, സമുദ്രക്കനി, ഭാഗ്യശ്രീ ബോര്‍സെ, റാണ ദഗുബതി എന്നിവരുടെ ഗംഭീര പ്രകടനങ്ങളും ചിത്രത്തിന്റെ മേക്കിങ്ങും വലിയ കയ്യടിയാണ് ലോകമെമ്പാടുമുള്ള പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും നേടുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനം പ്രേക്ഷകരുടെ മുന്നിലെത്തിച്ച ചിത്രം കൂടിയാണ് 'കാന്ത'. നടിപ്പ് ചക്രവര്‍ത്തി എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ടി കെ മഹാദേവന്‍ എന്ന നടന്‍ ആയി ദുല്‍ഖര്‍ വേഷമിട്ട ഈ ചിത്രം, 1950 കളിലെ മദ്രാസിന്റെയും തമിഴ് സിനിമയുടെയും പശ്ചാത്തലത്തില്‍ കഥ പറയുന്ന ഒരു പീരീഡ് ഡ്രാമ ആയാണ് ഒരുക്കിയിരിക്കുന്നത്. ആദ്യ പകുതിയില്‍ ക്ലാസിക് ഡ്രാമ ആയി സഞ്ചരിച്ച ചിത്രം രണ്ടാം പകുതിയില്‍ ഇന്‍വെസ്റ്റിഗേഷന് പ്രാധാന്യമുള്ള ഒരു ക്ലാസിക് ത്രില്ലര്‍ ഫോര്‍മാറ്റില്‍ ആണ് പ്രേക്ഷകരെ രസിപ്പിച്ചത്. രവീന്ദ്ര വിജയ്, ഭഗവതി പെരുമാള്‍, നിഴല്‍കള്‍ രവി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. തമിഴില്‍ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്കു, ഹിന്ദി, കന്നഡ ഭാഷകളിലും നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്തിട്ടുണ്ട്.
◾ നവംബറില്‍, രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സെഡാനായി മാരുതി സുസുക്കി ഡിസയര്‍ മാറി. കഴിഞ്ഞ മാസം ആകെ 21,082 പേര്‍ മാരുതി ഡിസയര്‍ വാങ്ങി. ഈ കാലയളവില്‍, വാര്‍ഷികാടിസ്ഥാനത്തില്‍ മാരുതി ഡിസയറിന്റെ വില്‍പ്പനയില്‍ 78.98 ശതമാനം വര്‍ധനവുണ്ടായി. ഈ വില്‍പ്പനയുടെ അടിസ്ഥാനത്തില്‍, മാരുതി ഡിസയര്‍ മാത്രം ഈ സെഗ്മെന്റിന്റെ 60.17%-ത്തിലധികം വിപണി വിഹിതം പിടിച്ചെടുത്തു. വില്‍പ്പന പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഹ്യുണ്ടായി ഓറ. ഈ കാലയളവില്‍ ഹ്യുണ്ടായി ഓറ ആകെ 5,731 യൂണിറ്റ് കാറുകള്‍ വിറ്റു, വാര്‍ഷിക വളര്‍ച്ച 34.91 ശതമാനം. ഹോണ്ട അമേസാണ് ഈ വില്‍പ്പന പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. കഴിഞ്ഞ മാസം ഹോണ്ട അമേസ് ആകെ 2,763 യൂണിറ്റ് കാറുകള്‍ വിറ്റു, വാര്‍ഷിക വളര്‍ച്ച 5.14 ശതമാനം. ഈ വില്‍പ്പന പട്ടികയില്‍ ഫോക്സ്വാഗണ്‍ വിര്‍ടസ് നാലാം സ്ഥാനത്തുണ്ട്. ഈ കാലയളവില്‍ ഫോക്സ്വാഗണ്‍ വിര്‍ടസ് ആകെ 2,225 യൂണിറ്റ് കാറുകള്‍ വിറ്റു. അങ്ങനെ 52.71 ശതമാനം വാര്‍ഷിക വളര്‍ച്ച ലഭിച്ചു. ഈ വില്‍പ്പന പട്ടികയില്‍ സ്‌കോഡ സ്ലാവിയ അഞ്ചാം സ്ഥാനത്താണ്. ഹ്യുണ്ടായ് വെര്‍ണ ആറാം സ്ഥാനത്താണ്. ഹോണ്ട സിറ്റി ഏഴാം സ്ഥാനത്താണ്. ടാറ്റ ടിഗോര്‍ എട്ടാം സ്ഥാനത്താണ്. ടൊയോട്ട കാമ്രി ഒമ്പതാം സ്ഥാനത്തും സ്‌കോഡ ഒക്ടാവിയ പട്ടികയില്‍ പത്താം സ്ഥാനത്തുമാണ്.
◾ നാനുക് ഓഫ് ദി നോര്‍ത്ത്, ടെന്‍ കമാന്‍ഡ്‌മെന്റ്‌സ്, ബാറ്റില്‍ഷിപ്പ് പോട്ടെംകിന്‍, ദി മദര്‍, വേജസ് ഓഫ് ഫിയര്‍ തുടങ്ങി 50 വിഖ്യാത സിനിമകളുടെ സാരവും സൗന്ദര്യവും ലളിതമായി പ്രതിപാദിക്കുന്ന ഗ്രന്ഥം. ലോകസിനിമാരംഗത്തെ അതിവിശിഷ്ടമായ അന്‍പതു പ്രതിഭകള്‍. അവര്‍ അണിയിച്ചൊരുക്കിയ അന്‍പതു ചലച്ചിത്രങ്ങള്‍. അവയെക്കുറിച്ചുള്ള ചെറുവിവരണവും പഠനവുമാണ് ഈ പുസ്തകം. ലോകസിനിമയുടെ തുടക്കംമുതലുള്ള ക്ലാസിക് ചലച്ചിത്രങ്ങള്‍ പരിചയപ്പെടുത്തുന്ന പുസ്തകം. 'ലോകസിനിമ'. എം.കെ ചന്ദ്രശേഖരന്‍. മാതൃഭൂമി. വില 360 രൂപ.
◾ ചൂടു ചായ ആറി തണുത്ത ശേഷം കുടിക്കുന്ന ശീലം ആരോഗ്യത്തിന് വലിയ അപകടമുണ്ടാക്കാം. കഴിഞ്ഞ ദിവസം എക്സില്‍ പ്രത്യക്ഷപ്പെട്ട ഒരു മുന്നറിയിപ്പ് പോസ്റ്റ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പത്ത് അല്ലെങ്കില്‍ 15 മിനിറ്റ് വരെയാണ് ഒരു ചായയുടെ കാലാവധി. അതിനപ്പുറം പോയാല്‍ അത് പഴകിയ ചായ ആകും. പഴകിയ ചായ ബാക്ടീരിയകളുടെ വിളനിലമായിരിക്കുമെന്നാണ് പോസ്റ്റില്‍ പറയുന്നത്. ഇത് നിങ്ങളുടെ ആരോഗ്യത്തെ വഷളാക്കും. പഴയകിയ ചായ ആദ്യം ബാധിക്കുക ഗാസ്‌ട്രോ ഇന്റസ്റ്റീനിയല്‍ സിസ്റ്റത്തെയാണ്, പ്രത്യേകിച്ച് കരളിനെ. സാധാരണ താപനിലയില്‍ ചായ അധിക നേരം വയ്ക്കുന്നത് ഓക്സിഡേഷന്‍ സംഭവിക്കാനും ബാക്ടീരിയ പെരുകാനും കാരണമാകും. 24 മണിക്കൂര്‍ കഴിഞ്ഞ ചായ, പാമ്പിന്റെ വിഷത്തെ ക്കാള്‍ അപകടമാണെന്നാണ് ജാപ്പാനിലെ വിശ്വാസം. അതേസമയം ചൈനക്കാര്‍ ഇതിനെ കണക്കാക്കുന്നത് വിഷമായിട്ടാണ്. പാല്‍ ചായ ആണെങ്കില്‍ പാല്‍ പെട്ടെന്ന് തന്നെ കേടാവുന്ന വസ്തുവായതിനാല്‍, പാല്‍ ചേര്‍ത്തുണ്ടാക്കുന്ന ചായ രണ്ടു മണിക്കൂറിനുള്ളില്‍ കുടിച്ചില്ലെങ്കില്‍ കളയണം. എയര്‍ടൈറ്റ് കണ്ടെയ്‌നറില്‍ ഫ്രിഡ്ജിനുള്ളില്‍ 40ഡിഗ്രി ഫാരന്‍ഹീറ്റിലാണ് ഇവ സൂക്ഷിക്കുന്നതെങ്കില്‍ മൂന്നുദിവസം വരെ ഇത് ഉപയോഗിക്കാം. പാല്‍ ചായ വീണ്ടും ചൂടാക്കി കുടിക്കുന്നത് ബാക്ടീരിയയെ ഇല്ലാതാക്കുന്നില്ല. ഇത് അസിഡിറ്റി, ഡീഹൈഡ്രേഷന്‍, ഇരുമ്പ് ആഗീരണം കുറയ്ക്കല്‍, വണ്ണം വയ്ക്കുക എന്നീ അവസ്ഥ ഉണ്ടാകും.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 89.55, പൗണ്ട് - 120.14, യൂറോ - 105.01, സ്വിസ് ഫ്രാങ്ക് - 112.67, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 59.44, ബഹറിന്‍ ദിനാര്‍ - 237.44, കുവൈത്ത് ദിനാര്‍ -291.14, ഒമാനി റിയാല്‍ - 232.78, സൗദി റിയാല്‍ - 23.87, യു.എ.ഇ ദിര്‍ഹം - 24.39, ഖത്തര്‍ റിയാല്‍ - 24.59, കനേഡിയന്‍ ഡോളര്‍ - 64.98.
Tags:
KERALA