Trending

സായാഹ്ന വാർത്തകൾ

2025 | ഡിസംബർ 19 | വെള്ളി 
1201 | ധനു 4  |  തൃക്കേട്ട 

◾  ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഇഡി  അന്വേഷണം. കൊല്ലം വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. ഇഡിക്ക് മുഴുവന്‍ രേഖകളും നല്‍കാന്‍ കോടതി ഉത്തരവിട്ടു. റിമാന്‍ഡ് റിപ്പോര്‍ട്ടും എഫ്ഐആറും അടക്കമുള്ള രേഖകള്‍ ഇഡിക്ക് കൈമാറും. കേസ് ഇഡിക്ക് കൈമാറുന്നതിനുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ എതിര്‍പ്പ് വിജിലന്‍സ് കോടതി തള്ളി. ഇഡി സമാന്തര അന്വേഷണം നടത്തുന്നതിനെ എസ്ഐടി എതിര്‍ത്തിരുന്നു. ശബരിമല സ്വര്‍ണക്കൊള്ളയില്‍ കേസ് രേഖകള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഇഡിയുടെ അപേക്ഷയിലാണ് കൊല്ലം വിജിലന്‍സ് കോടതി വിധി പറഞ്ഞത്.

◾  എലപ്പുള്ളി ബ്രൂവറിയുമായി ബന്ധപ്പെട്ട കേസില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയില്‍ വന്‍ തിരിച്ചടി. സര്‍ക്കാര്‍ നല്‍കിയ പ്രാഥമിക അനുമതി ഹൈക്കോടതി റദ്ദാക്കി. കാര്യമായ അപഗ്രഥനം നടത്താതെയാണ് പ്രാഥമിക അനുമതി നല്‍കിയതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അനുമതി റദ്ദാക്കിയത്. 'വേണ്ടത്ര പഠനം നടത്തിയില്ലെന്നും വിശദമായ പഠനം ഇക്കാര്യത്തില്‍ വേണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

◾  തനിക്കെതിരെ അക്രമം നടന്നപ്പോള്‍ പൊലീസില്‍ പരാതിപ്പെട്ടതാണ് താന്‍ ചെയ്ത തെറ്റെന്ന് നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത. അന്നേ ആത്മഹത്യ ചെയ്യണമായിരുന്നുവെന്നും നിങ്ങളുടെ വീട്ടിലുള്ളവര്‍ക്ക് ഈ അവസ്ഥ വരാതിരിക്കട്ടെയെന്നും വൈകാരികമായ കുറിപ്പില്‍ അതിജീവിത അഭിപ്രയപ്പെട്ടു.

◾  വാളയാര്‍ അട്ടപ്പള്ളത്ത് ആള്‍ക്കൂട്ട മര്‍ദനമേറ്റ് മരിച്ച ഛത്തീസ്ഗഡ് സ്വദേശി രാംനാരായണന്‍ നേരിട്ടത് മണിക്കൂറുകള്‍ നീണ്ട  കൊടും ക്രൂരത. രാംനാരായണന്റെ ശരീരത്തില്‍ ആസകലം മര്‍ദ്ദനമേറ്റ പാടുകളാണുള്ളത്. മോഷ്ടാവാണെന്നു സംശയിച്ചാണ് ആള്‍ക്കൂട്ടം ഛത്തീസ്ഗഡ് സ്വദേശിയായ രാംനാരായണനെ മര്‍ദിച്ചത്. സംഭവത്തില്‍ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും കൂടുതല്‍  അറസ്റ്റ് ഉണ്ടാകുമെന്നും വാളയാര്‍  പോലീസ് അറിയിച്ചു.



◾  മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന ബില്‍ ലോകസഭയില്‍ പാസാക്കിയത് നീതീകരണമില്ലാത്ത ജനവിരുദ്ധതയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘ പരിവാര്‍ നിയന്ത്രിക്കുന്ന യൂണിയന്‍ സര്‍ക്കാര്‍ ഇതിലൂടെ രാജ്യത്തെ കര്‍ഷകത്തൊഴിലാളി ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും പദ്ധതിയുടെ പേരും ഘടനയും മാറ്റുന്നത് ഗാന്ധിജിയുടെ ഓര്‍മ്മകളെ പോലും ഭയപ്പെടുന്ന സംഘപരിവാര്‍ അജണ്ടയുടെ ഭാഗമായാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

◾  പോറ്റിയേ കേറ്റിയേ  പാരഡി പാട്ട് വിവാദത്തില്‍ കൂടുതല്‍ കേസെടുക്കേണ്ടെന്ന് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് എഡിജിപി നിര്‍ദ്ദേശം നല്‍കി. പാട്ടിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ എടുത്ത കേസിലെ തുടര്‍ നടപടി മരവിപ്പിക്കും. തിരുവാഭരണ പാത സംരക്ഷണ സമിതി ഭാരവാഹി നല്‍കിയ പരാതിയിലാണ് പാട്ടിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്.

◾  വിവാദമായ പോറ്റിയേ കേറ്റിയേ പാരഡി? ഗാനം നീക്കരുതെന്ന് ആവശ്യപ്പെട്ട് മെറ്റക്ക് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കത്ത് നല്‍കി. പാട്ട് നീക്കണം എന്ന പൊലീസ് നിര്‍ദേശത്തിനെതിരെയാണ് വിഡി സതീശന്റെ കത്ത്. കോടതിയുടെ നിര്‍ദേശം ഇല്ലാത്ത സാഹചര്യത്തില്‍ ഈ ഗാനം നീക്കം ചെയ്യുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി. പാട്ട് നവമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യാന്‍ മെറ്റ, യുട്യൂബ് കമ്പനികളോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു.

◾  പോറ്റിയെ കേറ്റിയെ പാരഡിഗാനം നിരോധിച്ചാല്‍ നിരോധിച്ചവന്റെ വീടിന്റെ മുന്നില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പോയി പാടുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍.  സ്വര്‍ണം കക്കുന്നതാണ് തെറ്റെന്നും കട്ടവരെ കുറിച്ച് പാട്ട് പാടുന്നത് തെറ്റ് അല്ലെന്നും ഇതുമായി ബന്ധപ്പെട്ട് ജി സുധാകരന്റെ പോസ്റ്റ് ഉണ്ടെന്നും അത് തന്നെയാണ് പറയാന്‍ ഉള്ളതെന്നും കക്കുമ്പോള്‍ ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.



◾  തോട്ടപ്പള്ളി സ്പില്‍വേയിലെ മണല്‍ ഖനനത്തിന്റെ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ വിലയിരുത്താന്‍ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന് ഹൈക്കോടതി. ആലപ്പുഴ ജില്ലാ കളക്ടറുടെ നേതൃത്വത്തിലാവണം സമിതി രൂപീകരിക്കേണ്ടത്. സമിതിയില്‍ ജലസേചന വകുപ്പ്, വനം വന്യജീവി വകുപ്പ്, തീര മാനേജ്മെന്റ് അതോറിറ്റി പ്രതിനിധികള്‍ എന്നിവര്‍ ഉണ്ടാവണം. മണല്‍ ഖനനവുമായി ബന്ധപ്പെട്ട മുഴുവന്‍ പാരിസ്ഥിതിക വിഷയങ്ങളും വിദഗ്ധ സമിതി പരിശോധിക്കണം. ഈ സമിതിയുടെ നിര്‍ദ്ദേശമനുസരിച്ചാവണം തുടര്‍ ഖനനമെന്നും കോടതി നിര്‍ദ്ദേശിച്ചു.

◾  രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസില്‍ പരാതിക്കാരിയെ അവഹേളിച്ചന്ന കേസില്‍ സന്ദീപ് വാര്യര്‍ക്കും രഞ്ജിത പുളിയ്ക്കലിനും തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. അഡീ. ഒന്നാം സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസില്‍, അതിജീവിതയുടെ പരാതിയനുസരിച്ച് സന്ദീപ് വാര്യരടക്കം ആറ് പേര്‍ക്കെതിരെയാണ് സൈബര്‍ പൊലീസ് കേസെടുത്തത്.

◾  എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ പൊലീസ് മര്‍ദനത്തില്‍ പ്രതാപചന്ദ്രനെതിരായ നടപടി സസ്പെന്‍ഷനിലൊതുക്കരുതെന്ന് പരാതിക്കാരി. സര്‍വീസില്‍ നിന്ന് പിരിച്ചുവിടണമെന്നും സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുക്കണമെന്നും മര്‍ദനമേറ്റ ഷൈമോളും ഭര്‍ത്താവ് ബെഞ്ചോയും ആവശ്യപ്പെട്ടു. സസ്പെന്‍ഷന് പിന്നാലെ പ്രതാപചന്ദ്രനെതിരെ പൊലീസിന്റെ വകുപ്പ് തല അന്വേഷണവും തുടങ്ങി.

◾  ദിലീപിനെതിരെ സംസാരിച്ചാല്‍ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ചലച്ചിത്ര പ്രവര്‍ത്തക ഭാഗ്യലക്ഷ്മി. നടി ആക്രമിക്കപ്പെട്ട കേസിലെ വിധി വന്ന ശേഷമുള്ള ശക്തമായ നിലപാടുകളുടെ പേരിലാണ് ഭീഷണി. ഫോണ്‍ കോളിലൂടെയാണ് ആസിഡ് ഭീഷണി മുഴക്കിയതെന്ന് ഭാഗ്യലക്ഷ്മി വ്യക്തമാക്കി. ഫോണ്‍ വിളിച്ച നമ്പര്‍ സഹിതം ഉടന്‍ തന്നെ പൊലീസില്‍ പരാതി നല്‍കുമെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി.

◾  പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന കേസില്‍ ഹിന്ദു ഐക്യവേദി നേതാവ് കെ പി  ശശികലക്കെതിരായ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. 2022 ല്‍ മലപ്പുറത്ത് കലാപമുണ്ടാക്കാന്‍ ഉദ്ദേശിച്ച് പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന കേസിലെ തുടര്‍ നടപടികളാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.  അബ്ദുള്‍ മജീദ് എന്നയാള്‍ നല്‍കിയ പരാതിയിലാണ് ശശികലക്കെതിരെ പൊലീസ് കേസെടുത്തത്.

◾  സിപിഐയില്‍ വിമര്‍ശനവും സ്വയം വിമര്‍ശനവും  ഇല്ലെന്ന് കെ കെ ശിവരാമന്‍ പറഞ്ഞു. സംഘടന തകര്‍ന്നു കിടക്കുന്ന അവസ്ഥയാണ്. ഇനി സാധാരണ പ്രവര്‍ത്തകന്‍ ആയി തുടരും.ഇത്രയും കാലം മുഴുവന്‍ സമയ പ്രവര്‍ത്തകന്‍ ആയിരുന്നു. ജില്ലയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വം വ്യക്തിപരമായ താല്പര്യം വച്ച് പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാന നേതൃത്വത്തേയും അദ്ദേഹം  വിമര്‍ശിച്ചു.

◾  ഐഎഫ്എഫ്കെയില്‍ സിനിമകള്‍ക്ക് അനുമതി നിഷേധിച്ചതിന് പുറമെ നാല് വിഖ്യാത സംവിധായകര്‍ക്ക് കേന്ദ്രം വിസ നിഷേധിച്ചെന്നും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ റസൂല്‍ പൂക്കുട്ടി. മലയാളികള്‍ കാണാന്‍ ഏറെ ആഗ്രഹിക്കുന്ന സംവിധായകരാണിവര്‍. ഇത് മൂലം ഇവരുടെ സിനിമകളും ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാനായില്ലെന്നും റസൂല്‍ പൂക്കുട്ടി  പറഞ്ഞു.

◾  കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപന ദിനമായ ഇന്ന് 11 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. മുഖ്യമന്ത്രിയാണ് സമാപന സമ്മേളനത്തിലെ മുഖ്യാതിഥി. കേരളത്തിന്റെ അഭിമാനമായ മേളയ്ക്ക് മുപ്പതാം കൊല്ലം നേരിടേണ്ടി വന്നത് അസാധാരണമായ സാഹചര്യങ്ങളാണ്. ബാറ്റില്‍ഷിപ്പ് പോട്ടംകിന്‍ അടക്കം 19 സിനിമകള്‍ക്ക് കേന്ദ്രം സെന്‍സര്‍ ഇളവ് അനുവദിക്കാതെ വന്നതോടെയാണ് മേള പ്രതിസന്ധിയിലായത്. പിന്നാലെ കേന്ദ്രം ആറെണ്ണം ഒഴികെ മറ്റ് സിനിമകള്‍ക്ക് സെന്‍സര്‍ ഇളവ് നല്‍കി.

◾  നടന്‍ നിവിന്‍ പോളിക്കും എബ്രിഡ് ഷൈനും എതിരായ വഞ്ചനാ കേസില്‍ തുടര്‍ നടപടികള്‍ക്കുള്ള സ്റ്റേ ഹൈക്കോടതി നീട്ടി. കേസില്‍ ഒത്ത് തീര്‍പ്പ് ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സ്റ്റേ നീട്ടിയത്. നടന്‍ നിവിന്‍ പോളി നായകനായ മഹാവീര്യര്‍ ചിത്രത്തിന്റെ സഹനിര്‍മാതാവ് വി എസ് ഷംനാസിന്റെ പരാതിയിലാണ് വഞ്ചനാ കേസ് എടുത്തത്. സിനിമാ നിര്‍മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കമാണ് കേസിന് ആധാരം.

◾  ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ നാലാം പ്രതിയായ ടി കെ രജീഷിന് വീണ്ടും പരോള്‍ അനുവദിച്ചു. അഞ്ചുമാസത്തിനിടെ രണ്ടാമത്തെ പരോളാണ് അനുവദിച്ചിരിക്കുന്നത്. 15 ദിവസത്തേക്കാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരനായ  ടി കെ രജീഷിന് പരോള്‍ ലഭിച്ചിരിക്കുന്നത്.  ഇക്കഴിഞ്ഞ ഒക്ടോബറില്‍ ചികിത്സക്കായാണ് ഇതിനു മുന്‍പ് പരോള്‍ അനുവദിച്ചിരുന്നത്. അതേ സമയം, സ്വാഭാവിക പരോള്‍ ആണ് രജീഷിന് അനുവദിച്ചതെന്നാണ് ജയില്‍ വകുപ്പിന്റെ പ്രതികരണം.

◾  ആലുവ മണപ്പുറത്ത് എത്തിയ ഫോര്‍ട്ട് കൊച്ചി സ്വദേശികളായ യുവാക്കളെ വടി കൊണ്ട് തലയ്ക്ക് അടിച്ച ശേഷം മൊബൈല്‍ ഫോണും പണവും കവര്‍ന്ന കേസില്‍ രണ്ട് പേര്‍ പൊലീസിന്റെ പിടിയിലായി. വടി കൊണ്ട് തലയ്ക്ക് അടിയേറ്റ ലിയോണ്‍ എന്ന യുവാവ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.  പാലക്കാട് വല്ലപ്പുഴ മനേക്കത്തോടി വീട്ടില്‍ അനീസ് ബാബു (26), കടുങ്ങല്ലൂര്‍ ഏലൂക്കര കാട്ടിപ്പറമ്പില്‍ വീട്ടില്‍ മുഹമ്മദ് റാഫി (28) എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.

◾  കോട്ടയം ഈരാറ്റുപേട്ടയില്‍ നടക്കല്‍ സ്വദേശി സക്കീറിന്റെ മകന്‍ മിസ്ബായെ അധ്യാപകന്‍ മര്‍ദിച്ച സംഭവത്തില്‍ കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. കുട്ടി ഈരാറ്റുപേട്ടയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. സ്‌കൂളില്‍ അധ്യാപകന്‍ സന്തോഷിന് എതിരെയാണ് പരാതി. പരീക്ഷക്ക് ചോദ്യം ചോദിച്ചത് കേട്ടില്ല എന്ന് പറഞ്ഞതിനാണ് അധ്യാപകന്‍ ഇടിച്ചതെന്ന് അഞ്ചാം ക്ലാസുകാരന്‍ പറഞ്ഞു.  ഇടിച്ചതിനു ശേഷം ക്ലാസിന് പുറത്ത് പോകാന്‍ അധ്യാപകന്‍ സമ്മതിച്ചില്ലെന്നും കുട്ടി പറഞ്ഞു

◾  മൈസൂരില്‍ കെഎസ്ആര്‍ടിസി ബസ് കത്തിനശിച്ചു. നഞ്ചന്‍കോട് വെച്ചാണ് സംഭവം. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്. ബസിലുണ്ടായിരുന്ന യാത്രക്കാര്‍ക്ക് പരിക്കില്ല. ബെംഗളൂരുവില്‍ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന ബസ് ആണ് അപകടത്തില്‍പ്പെട്ടത്. 44 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണ്.

◾  തൊഴിലുറപ്പ് ഭേദഗതി ബില്‍ പാര്‍ലമെന്റ് ചര്‍ച്ച ചെയ്യുമ്പോള്‍ വിദേശ പര്യടനത്തിന് പോയ രാഹുല്‍ ഗാന്ധിക്കെതിരെ ജോണ്‍ ബ്രിട്ടാസ് എപി. രാജ്യത്ത് ഫുള്‍ടൈം പ്രതിപക്ഷ നേതാവ് വേണമെന്നും ജനവിരുദ്ധ ബില്ല് പാര്‍ലമെന്റില്‍ പരിഗണിക്കുമ്പോള്‍ രാഹുല്‍ഗാന്ധി ബിഎംഡബ്ലിയു ബൈക്ക് ഓടിക്കുകയായിരുന്നുവെന്നും ഒരാഴ്ച കഴിഞ്ഞ് ബൈക്ക് ഓടിച്ചാല്‍ പോരേയെന്നും കമ്പനി അവിടെതന്നെ ഉണ്ടാകുമല്ലോ പൂട്ടിപോകില്ലല്ലോയെന്നും അദ്ദേഹം പരിഹസിച്ചു.

◾  ദില്ലിയില്‍ വായു ഗുണനിലവാരം ഇന്ന് വളരെ മോശം വിഭാഗത്തിലെന്ന് റിപ്പോര്‍ട്ടുകള്‍. 382 ആണ് ഇന്ന് രേഖപ്പെടുത്തിയ ശരാശരി എ ക്യു ഐ. ഈ സാഹചര്യത്തില്‍ ദില്ലിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വിഷപ്പുകക്കൊപ്പം കനത്ത മുടല്‍മഞ്ഞ് കൂടിയായതോടെ ജനജീവിതവും ഗതാഗതവും താറുമാറായ അവസ്ഥയിലാണ്. വ്യോമ ഗതാഗതത്തെ കനത്ത മൂടല്‍ മഞ്ഞ് ഗുരുതരമായി ബാധിച്ചിട്ടുണ്ട്. 73 വിമാന സര്‍വീസുകളാണ് ഇന്ന് മാത്രം ദില്ലി വിമാനത്താവളത്തില്‍ റദ്ദാക്കിയത്.

◾  ദില്ലിയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയര്‍ഇന്ത്യ വിമാന സര്‍വീസ് കനത്ത പുകമഞ്ഞിനെ തുടര്‍ന്നു റദ്ദാക്കി. യാത്രക്കാര്‍ സ്വന്തം ചെലവില്‍ നാട്ടിലേക്ക് മടങ്ങണമെന്നാണ് എയര്‍ഇന്ത്യ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. റീഫണ്ട് 7 ദിവസത്തിനകം നല്‍കുമെന്നും അറിയിച്ചു. വിദേശത്തു നിന്ന് ദില്ലി വഴി തിരുവനന്തപുരത്തേക്ക് ടിക്കറ്റ് എടുത്ത യാത്രക്കാരും പ്രതിസന്ധിയിലായിരിക്കുകയാണ്.

◾  മുംബൈക്കടുത്ത് ഭയന്തറില്‍ ഫ്ലാറ്റിനുള്ളില്‍ പുള്ളിപ്പുലിയുടെ ആക്രമണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഫ്ലാറ്റ് സമുച്ചയത്തില്‍ നിന്നും പുറത്തിറങ്ങി റോഡിലേക്ക് പ്രവേശിച്ച പുലിയെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്. പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. പുലിയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള  തയ്യാറെടുപ്പുകള്‍ നടത്തിവരികയാണ്.

◾  റഷ്യ യുക്രൈയിന്‍ യുദ്ധത്തില്‍ റഷ്യന്‍ കരസേനയില്‍ ജോലി ചെയ്ത 26 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. 202 ഇന്ത്യാക്കാരാണ് അനധികൃതമായി റഷ്യന്‍ സേനയിലുണ്ടായിരുന്നത് ഇതില്‍ ഏഴ് പേരെ കാണാതായെന്നും 119 പേരെ തിരികെ എത്തിച്ചെന്നും കേന്ദ്രം അറിയിച്ചു. 50 പേരെ തിരികെ എത്തിക്കാന്‍ നടപടികള്‍ തുടരുകയാണ്. മലയാളികള്‍ അടക്കം റഷ്യന്‍ സേനയില്‍ കുടുങ്ങിയെന്ന വാര്‍ത്തക്ക് പിന്നാലെയാണ് കേന്ദ്രത്തിന്റെ ഇടപെടല്‍.

◾  വിദ്യാര്‍ഥി നേതാവിന്റെ മരണത്തിന് പിന്നാലെ ബംഗ്ലാദേശില്‍ വീണ്ടും കലാപ സമാനസാഹചര്യം.ഇങ്ക്വിലാബ് മഞ്ച് നേതാവും പൊതുതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയുമായഷെരീഫ് ഉസ്മാന്‍ ഹാദിയുടെ മരണത്തിന് പിന്നാലെയാണ് ബംഗ്ലാദേശിലെ വിവിധയിടങ്ങളില്‍ വീണ്ടും പ്രക്ഷോഭം ഉടലെടുത്തത്. മുഖംമൂടി ധാരികളുടെ വെടിയേറ്റാണാണ്ഹാദി കൊല്ലപ്പെട്ടത്. ഇയാളുടെ മരണവാര്‍ത്ത പുറത്തുവന്നതോടെ പ്രതിഷേധക്കാര്‍ തെരുവിലിറങ്ങുകയായിരുന്നു. മാധ്യമസ്ഥാപനങ്ങള്‍ക്കുനേരെയും ആക്രമണം നടന്നു.
 
◾  കുവൈത്തില്‍ കടല്‍മാര്‍ഗം വന്‍തോതില്‍ ലഹരിമരുന്ന് കടത്തിയ കേസില്‍ നാല് ഇറാന്‍ സ്വദേശികള്‍ക്ക് ക്രിമിനല്‍ കോടതി വിധിച്ച വധശിക്ഷ കുവൈത്ത് അപ്പീല്‍ കോടതി ശരിവെച്ചു. ജസ്റ്റിസ് നസര്‍ സലീം അല്‍ ഹൈദ് അധ്യക്ഷനായ അപ്പീല്‍ കോടതിയാണ് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്. വില്‍പനയ്ക്കായി 322 കിലോഗ്രാം ഹാഷിഷ് രാജ്യത്തേക്ക് കടത്തിയെന്നാണ് പ്രതികള്‍ക്കെതിരെയുള്ള കുറ്റം.

◾  ടേക്ക് ഓഫിനിടെ നിയന്ത്രണം നഷ്ടമായി വിമാനത്താവളത്തിലേക്ക് ഇടിച്ചിറങ്ങിയ ചെറുവിമാനം അമേരിക്കയില്‍ അഗ്നിഗോളമായി. യാത്രക്കാര്‍ കൊല്ലപ്പെട്ടു. അമേരിക്കയിലെ നോര്‍ത്ത് കരോലിനയിലെ സ്റ്റേറ്റ്‌സ്വില്ലെ പ്രാദേശിക വിമാനത്താവളത്തില്‍ വ്യാഴാഴ്ചയാണ് അപകടമുണ്ടായത്.  അമേരിക്കന്‍ ഓട്ടോ റേസിംഗ് കമ്പനിയായ നാഷണല്‍ അസോസിയേഷന്‍ ഫോര്‍ സ്റ്റോക്ക് കാര്‍ ഓട്ടോ റേസിംഗിന്റെ മുന്‍ ഡ്രൈവറായ ഗ്രെഗ് ബിഫിളും കുടുംബവുമാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്.

◾  ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്‍ കേസുമായി ബന്ധപ്പെട്ട് നിരവധി ചിത്രങ്ങള്‍ പുറത്ത് വിട്ട് ഡെമോക്രാറ്റ് വിഭാഗം. നീതിന്യായ വകുപ്പ് ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകള്‍ പുറത്ത് വിടാന്‍ ഏതാനും ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണ് പുതിയ ചിത്രങ്ങള്‍ പുറത്ത് വന്നത്. മൈക്രോ സോഫ്റ്റ് സഹ സ്ഥാപകന്‍ ബില്‍ ഗേറ്റ്സ്, ഗൂഗിള്‍ സഹ സ്ഥാപകന്‍ സെര്‍ജി ബ്രിന്‍, ന്യൂയോര്‍ക്ക് ടൈംസിലെ കോളം എഴുത്തുകാരനായ ഡേവിഡ് ബ്രൂക്ക്സ് എന്നിവരുടെ ചിത്രങ്ങളാണ് വ്യാഴാഴ്ച പുറത്ത് വന്നത്.  സമൂഹത്തിലെ വിവിധ മേഖലയിലെ ആളുകളുമായി ജെഫ്രി എപ്സ്റ്റീനുള്ള ബന്ധം വിശാലമാണെന്ന് വ്യക്തമാക്കുന്നതാണ് പുറത്ത് വന്ന ചിത്രങ്ങളിലേറെയും.

◾  യു.എസ് പ്രഖ്യാപിച്ച ഇരട്ടി താരിഫിനിടെ ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി കുതിച്ചുയര്‍ന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഏപ്രില്‍-നവംബര്‍ കാലയളവില്‍ കയറ്റുമതി 33 ശതമാനം വര്‍ധിച്ചു. അതായത് 12.22 ബില്ല്യന്‍ ഡോളറിന്റെ (1,104 കോടി രൂപ) ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്തു. യു.എസ് പ്രഖ്യാപിച്ച നിയന്ത്രണത്തിന് പിന്നാലെ ഇന്ത്യ പുതിയ വിദേശ വിപണി കണ്ടെത്തിയെന്നതിന്റെ സൂചനയാണ് കണക്ക്. ഇന്ത്യയുടെ ഏറ്റവും വലിയ നാലാമത്തെ കയറ്റുമതി രാജ്യമാണ് ചൈന. മൊത്തം കയറ്റുമതിയുടെ നാല് ശതമാനം ചൈനയിലേക്കാണ്. ഈ വര്‍ഷം നവംബറില്‍ മാത്രം ചൈനയിലേക്കുള്ള കയറ്റുമതി 90 ശതമാനം വളര്‍ച്ച നേടിയിട്ടുണ്ട്. 2.2 ബില്ല്യന്‍ ഡോളറിന്റെ കയറ്റുമതി. പെട്രോളിയം, ഇലക്ട്രോണിക്സ്, സമുദ്രോല്‍പന്നങ്ങള്‍ തുടങ്ങിയവയാണ് ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെ കാലയളവില്‍ കയറ്റുമതി ചെയ്തതില്‍ ഭൂരിഭാഗവും. യു.എസില്‍നിന്ന് ചൈനയിലേക്ക് ഇന്ത്യയുടെ കയറ്റുമതി മാറുന്നുവെന്നാണ് മൂന്ന്-നാല് മാസത്തെ പ്രവണത സൂചിപ്പിക്കുന്നത്. യു.എസിലേക്കുള്ള ചൈനയുടെ കയറ്റുമതിയും കുറഞ്ഞുവരുകയാണ്. 2017ല്‍ ചൈനയുടെ കയറ്റുമതി 19 ശതമാനമായിരുന്നു. ഈ വര്‍ഷം നവംബറോടെ 10 ശതമാനമായി കുറഞ്ഞു. മാത്രമല്ല, 2017ല്‍ യു.എസില്‍നിന്നുള്ള ഇറക്കുമതി 20 ശതമാനമായിരുന്നത് ഇപ്പോള്‍ ഒമ്പത് ശതമാനമായി ഇടിഞ്ഞു.

◾  ഉപയോഗ സൗകര്യത്തിന് കൂടുതല്‍ പ്രധാന്യം നല്‍കി ചാറ്റ് ജി.പി.ടിയുടെ ഇമേജ് ജനറേഷന്‍ അപ്ഡേഷന്‍. ജി.പി.ടി ഇമേജ് 1.5ലാണിത്. എല്ലാറ്റിനും ഒരു ചാറ്റ് വിന്‍ഡോ എന്നതില്‍ നിന്ന് ഇമേജുകള്‍ക്കായി പ്രത്യക വിന്‍ഡോ ആണ് മാറ്റത്തില്‍ പ്രധാനം. ദൈര്‍ഘ്യമേറിയ പ്രോംപ്റ്റുകള്‍ എഴുതാന്‍ താല്‍പര്യമില്ലാത്തവര്‍ക്കും വേഗത്തില്‍ ഫലം വേണ്ടവര്‍ക്കും ഇത് സൗകര്യപ്രദമാണ്.   പ്രോംപ്റ്റില്‍ പ്രത്യേകം ആവശ്യപ്പെട്ടിട്ടില്ലെങ്കില്‍, ലൈറ്റിംഗ്, ലേ ഔട്ട്, മുഖഭാവങ്ങള്‍ എന്നിവ വെറുതെ മാറ്റിമറിക്കില്ല. ചിത്രത്തിനുള്ളിലെ എഴുത്തുകളടക്കമുള്ളവ ഇനി കൂടുതല്‍ വ്യക്തമാകുമെന്നും ഓപണ്‍ എ.ഐ പറയുന്നു. ഇമേജ് ജനറേഷന്‍ സമയവും കുറച്ചിട്ടുണ്ട്. ചാറ്റ് ജി.പി.ടി മൊബൈലിലും വെബിലും സൈഡ് ബാറിലാണ് ഇമേജ് ടാബ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

◾  അനശ്വര രാജന്‍ നായികയാകുന്ന 'ചാമ്പ്യന്‍' എന്ന തെലുങ്ക് സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടു. സ്പോട്സ് ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രം ക്രിസ്മസ് റിലീസായി ഡിസംബര്‍ 25ന് തിയറ്ററുകളില്‍ എത്തും. മിക്കി ജെ മേയര്‍ ആണ് സംഗീതം നല്‍കിയിരിക്കുന്നത്. വരികള്‍ എഴുതിയത് ചന്ദ്രബോസ് ആണ്. ആതാ സന്ദീപ് ആണ് ഡാന്‍ഡ് കൊറിയോഗ്രാഫര്‍. റോഷന്‍ ആണ് ചിത്രത്തില്‍ അനശ്വര രാജന്റെ നായകനായി എത്തുന്നത്. ശക്തമായ ഇച്ഛാശക്തിയുള്ള തീവ്ര ഫുട്ബോള്‍ കളിക്കാരനായാണ് റോഷന്‍ ചിത്രത്തില്‍ എത്തുന്നത്. തനി നാട്ടുംപുറത്തുകാരിയായാണ് അനശ്വര ചിത്രത്തില്‍ എത്തുന്നത്. ദേശീയ അവാര്‍ഡ് ജേതാവായ പ്രദീപ് അദ്വൈതം ആണ് സംവിധാനം ചെയ്യുന്ന പിരീഡ് സ്പോര്‍ട്സ് ഡ്രാമയാണ് ചാമ്പ്യന്‍. സ്വപ്ന സിനിമാസ്, ആനന്ദി ആര്‍ട്ട് ക്രിയേഷന്‍സ്, കണ്‍സെപ്റ്റ് ഫിലിംസ്, സീ സ്റ്റുഡിയോസ് എന്നിവര്‍ സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്.

◾  വിജയ് ആരാധകരെ ആവേശത്തിലാഴ്ത്തി 'ജനനായകനി'ലെ പുതിയ ഗാനം. അനിരുദ്ധ് ഒരുക്കിയ 'ഒരു പേരേ വരളാറ്' എന്ന ഗാനം യുട്യൂബില്‍ ട്രെന്‍ഡിങ്ങാണ്. വിശാല്‍ മിശ്രയും അനിരുദ്ധും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിജയ് ആരാധകരും പാര്‍ട്ടി അണികളും ഒരുപോലെ ഏറ്റെടുത്ത 'എന്‍ നെഞ്ചില്‍ കുടിയിറുക്കും...' എന്ന ഡയലോഗോടെയാണ് ഗാനം ആരംഭിക്കുന്നത്. 'തകര്‍ക്കാന്‍ ശ്രമിച്ചാലും തകരില്ല', 'നിനക്ക് മുന്നില്‍ ഒരു യുദ്ധമിനിയും' തുടങ്ങിയ വരികളും ഗാനത്തിലുണ്ട്. വിജയ്?യുടെ ഡാന്‍സ് നമ്പരും വിഡിയോ ഗാനത്തിന്റെ ഹൈലൈറ്റ് ആണ്. എച്ച്. വിനോദാണ് വിജയ്യുടെ അവസാന ചിത്രം സംവിധാനം ചെയ്യുന്നത്. കെവിഎന്‍ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രത്തില്‍ വിജയ്ക്കൊപ്പം മമിത ബൈജു, പൂജ ഹെഗ്‌ഡെ, ഗൗതം വാസുദേവ് മേനോന്‍, പ്രകാശ് രാജ്, നരേന്‍, പ്രിയാമണി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ബോബി ഡിയോളും തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നുണ്ട്. ജനുവരി 9ന് തിയറ്ററുകളിലെത്തും.

◾  ബിവൈഡി ഇമാക്സ് 7 ഇലക്ട്രിക് എംപിവിക്ക് 2.60 ലക്ഷം രൂപ വരെയുള്ള പ്രത്യേക വര്‍ഷാവസാന ഓഫറുകള്‍ പ്രഖ്യാപിച്ചു. വര്‍ഷാവസാന ആനുകൂല്യങ്ങളില്‍ വിവിധ ഓഫറുകളും കിഴിവുകളും ഉള്‍പ്പെടുന്നു. ഈ പാക്കേജില്‍ ഒരുലക്ഷം രൂപയുടെ എക്സ്ചേഞ്ച് അല്ലെങ്കില്‍ ലോയല്‍റ്റി ബോണസ്, ഒരുലക്ഷം കോര്‍പ്പറേറ്റ് ആനുകൂല്യങ്ങള്‍, പുതിയ ഉപഭോക്താക്കള്‍ക്ക് ഒരുലക്ഷം രൂപ വെല്‍ക്കം ബോണസ്, മൂന്ന് ലക്ഷം കിലോമീറ്റര്‍ വരെ വിപുലീകൃത വാറന്റി, ഏഴ് വര്‍ഷം വരെ സൗജന്യ അറ്റകുറ്റപ്പണി പാക്കേജ് തുടങ്ങിയവ ഉള്‍പ്പെടുന്നു. ബിവൈഡി ഇ6 എംപിവിയുടെ പുതുക്കിയ പതിപ്പാണ് ബിവൈഡി ഇമാക്സ് 7. ചൈനീസ് കമ്പനിയുടെ ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് കാര്‍ ആയിരുന്നു ബിവൈഡി ഇ6. ഇലക്ട്രിക് എംപിവിയുടെ എക്സ്-ഷോറൂം വില 26.90 ലക്ഷം രൂപയാണ്. ബിവൈഡി ഇമാക്സ് 7 ഒരു ഫുള്‍-ഇലക്ട്രിക് മള്‍ട്ടി-പര്‍പ്പസ് വെഹിക്കിള്‍ ആണ്. ബിവൈഡി ഇമാക്സ് 7-ന്റെ ഡല്‍ഹിയിലെ ഓണ്‍-റോഡ് വില അടിസ്ഥാന മോഡലിന് 28.45 ലക്ഷം മുതല്‍ ആരംഭിക്കുന്നു. അതേസമയം ഉയര്‍ന്ന മോഡലിന് 31.79 ലക്ഷം വരെയാണ് വില.

◾  ഉണര്‍വോടെയും പ്രസരിപ്പോടെയുമുള്ള ജീവിതത്തിന് ആഹാരംപോലെ പ്രധാനമാണ് നല്ല ഉറക്കം. ജീവിതശൈലി, ആഹാരശീലങ്ങള്‍, കൂര്‍ക്കംവലി തുടങ്ങി ഉറക്കമില്ലായ്മയുടെ കാരണങ്ങള്‍ പലതാകാം. സ്ഥിരമായുണ്ടാകുന്ന ഉറക്കമില്ലായ്മ പല ഗുരുതര രോഗാവസ്ഥകളിലേക്കും നയിച്ചേക്കാം. നല്ല ഉറക്കം ലഭിക്കുന്നതിനുള്ള ശാസ്ത്രീയവും പ്രായോഗികവുമായ നിര്‍ദേശങ്ങളാണ് ഈ പുസ്തകത്തില്‍. മരുന്നുകള്‍ ഉപയോഗിക്കാതെ ഉറക്കം മെച്ചപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ ലളിതമായി വിവരിക്കുന്നു. 'ഉറങ്ങാം സുഖമായി'. ഡോ. സി ജോണ്‍ പണിക്കര്‍. മനോരമ ബുക്സ്. വില 247 രൂപ.

◾  തണുത്ത കാലാവസ്ഥ പ്രതിരോധശേഷി കുറയാനും പനി, ജലദോഷം പോലുള്ള രോഗാവസ്ഥകള്‍ ഉണ്ടാകാനും കാരണമാകും. ശരീരത്തില്‍ സിങ്കിന്റെ പ്രാധാന്യം ഇവിടെ വര്‍ധിക്കുന്നുവെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ജേണല്‍ ഓഫ് റിസര്‍ച്ച് ഇന്‍ സിദ്ധ മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ജലദോഷത്തിന്റെ ലക്ഷണങ്ങള്‍ അനുഭവപ്പെടുമ്പോള്‍ സിങ്ക് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് അതിന്റെ തീവ്രത കുറയ്ക്കാന്‍ സഹായിക്കുമെന്ന് കണ്ടെത്തി. പോര്‍ക്ക്, ബീഫ്, മട്ടന്‍ തുടങ്ങിയ മാംസാഹാരങ്ങളില്‍ സിങ്ക് അടങ്ങിയിട്ടുണ്ട്. 100 ഗ്രാം ബീഫില്‍ 4.79 മില്ലിഗ്രാം സിങ്ക് അടങ്ങിയിട്ടുണ്ട്. ഇത് പ്രതിദിനം പുരുഷന്മാര്‍ക്ക് വേണ്ടതിന്റെ 44 ശതമാനവും സ്ത്രീകള്‍ക്ക് വേണ്ടതിന്റെ 60 ശതമാനവുമാണ്. ചെമ്മീന്‍, ചിപ്പി. ചെറിയ കക്ക തുടങ്ങിയവയും സിങ്കിന്റെ കലവറയാണ്. ചെറുപയര്‍, പയര്‍, ബീന്‍സ് തുടങ്ങിയ പയര്‍വര്‍ഗങ്ങളിലും ഗണ്യമായ അളവില്‍ സിങ്ക് അടങ്ങിയിരിക്കുന്നു. ഇത് വേവിച്ചും മുളപ്പിച്ചും കഴിക്കുന്നത് നല്ലതാണ്. കശുവണ്ടി, ബദാം, മത്തങ്ങ വിത്തുകള്‍, വാള്‍നട്ട് തുടങ്ങിയവയിലും സിങ്ക് അടങ്ങിയിട്ടുണ്ട്. ധാരാളം ഫൈബറും വിറ്റാമിനുകളും അടങ്ങിയ നട്‌സ് കഴിക്കുന്നത് കാന്‍സര്‍, ഹൃദ്രോഗം എന്നിവയുള്‍പ്പെടെയുള്ള ചില രോഗങ്ങള്‍ക്കുള്ള അപകടസാധ്യത ഘടകങ്ങള്‍ കുറയ്ക്കാനും സഹായിക്കും. പ്രോട്ടീനുകളും സിങ്കും മറ്റ് വിറ്റാമിനുകളും അടങ്ങിയ മുട്ടയും പാലും ദിവസവും കഴിക്കുന്നത് നല്ലതാണ്. ചീസ്, ഗോതമ്പ്, അരി, ഓട്‌സ് തുടങ്ങിയവയിലും ധാരളം സിങ്ക് അടങ്ങിയിട്ടുണ്ട്. പച്ചക്കറിയിലും പഴ വര്‍ഗങ്ങളിലും സിങ്ക് അടങ്ങിയിട്ടുണ്ട്. ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നതും ശരീരത്തില്‍ സിങ്കിന്റെ അളവ് കൂട്ടാന്‍ സഹായിക്കും.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 90.15, പൗണ്ട് - 120.60, യൂറോ - 105.61, സ്വിസ് ഫ്രാങ്ക് - 113.31, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 59.54, ബഹറിന്‍ ദിനാര്‍ - 239.12, കുവൈത്ത് ദിനാര്‍ -293.42, ഒമാനി റിയാല്‍ - 234.46, സൗദി റിയാല്‍ - 24.03, യു.എ.ഇ ദിര്‍ഹം - 24.56, ഖത്തര്‍ റിയാല്‍ - 24.73, കനേഡിയന്‍ ഡോളര്‍ - 65.38.
➖➖➖➖➖➖➖➖
Previous Post Next Post
3/TECH/col-right