Trending

സായാഹ്ന വാർത്തകൾ.

2025 | ഡിസംബർ 18 | വ്യാഴം 
1201 | ധനു 3  |  അനിഴം 

◾  തൊഴിലുറപ്പു പദ്ധതി പൊളിച്ചെഴുതാനുള്ള വിബി ജി റാം ജി ബില്ല് പാസാക്കി ലോക്സഭ. പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പ് മറികടന്നാണ് ബില്ല് പാസാക്കിയത്. മഹാത്മാഗാന്ധിയുടെ പേര് മാറ്റുകയല്ല ചെയ്തതെന്നും പുതിയ പദ്ധതിയാണെന്നും ശിവരാജ്സിംഗ് ചൗഹാന്‍ സഭയില്‍ പറഞ്ഞു. പ്രതിഷേധത്തിന്റെ ഭാഗമായി പ്രതിപക്ഷം ബില്ല് വലിച്ചുകീറി എറിഞ്ഞു. പിന്നാലെ ബഹളത്തിന് കീഴടങ്ങില്ലെന്ന് ശിവരാജ്സിംഗ് ചൗഹാന്‍ വ്യക്തമാക്കി. തൊഴിലുറപ്പ് പദ്ധതി പൂജ്യ ബാപു ഗ്രാമീണ്‍ റോസ്ഗാര്‍ യോജന എന്ന് പേര് മാറ്റുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്.

◾  കേന്ദ്ര സര്‍ക്കാര്‍ കടമെടുപ്പുപരിധി കുറച്ചു. ഇനിയുള്ള 3 മാസത്തേക്ക് കടമെടുക്കാന്‍ ബാക്കിയുണ്ടായിരുന്ന 12,516 കോടി രൂപയില്‍നിന്ന് 5944 കോടി രൂപ ഒറ്റയടിക്ക് വെട്ടിക്കുറച്ചാണു കേന്ദ്ര ധനമന്ത്രാലയത്തിന്റെ കത്ത്. ബജറ്റിനു പുറത്ത് കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും അടക്കമുള്ള സ്ഥാപനങ്ങള്‍ അധിക വായ്പയെടുത്തു എന്ന കാരണമാണു ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

◾  കൊച്ചിയില്‍ വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. നെടുമ്പാശ്ശേരിയില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ ടയറുകള്‍ പൊട്ടി. ലാന്‍ഡിങ് ഗിയറിലെ തകരാറിനെ തുടര്‍ന്നാണ് വിമാനം അടിയന്തരമായി ഇറക്കിയത്. വിമാനത്തില്‍ 160 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ജിദ്ദയില്‍ നിന്ന് കരിപ്പൂരില്‍ ഇറങ്ങേണ്ട എയര്‍ ഇന്ത്യ എക്സപ്രസ് വിമാനമാണ് നെടുമ്പാശ്ശേരിയില്‍ ഇറക്കിയത്. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് സിയാല്‍ അറിയിച്ചു.

◾  കൊച്ചിയില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ എമര്‍ജന്‍സി ലാന്‍ഡിംഗില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിനുണ്ടായത് ഗുരുതര സാങ്കേതിക പിഴവ് എന്നാണ് വിവരങ്ങള്‍. വിമാനം ജിദ്ദയില്‍ നിന്ന് ടേക്ക് ഓഫ് ചെയ്യുമ്പോള്‍ തന്നെ ടയറുകളിലൊന്ന് പൊട്ടിയതായി സംശയമുണ്ട്. ടേക്ക് ഓഫ് സമയത്ത് വലിയ ശബ്ദവും വിമാനത്തിനുള്ളില്‍ വലിയ കുലുക്കവും അനുഭവപ്പെട്ടിരുന്നതായി യാത്രക്കാര്‍ പറയുന്നു.

◾  ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രവാസി വ്യവസായിയില്‍ നിന്നും എസ്ഐടി മൊഴിയെടുത്തു. ഇന്നലെ വൈകുന്നേരമാണ് പന്തളം സ്വദേശിയായ പ്രവാസി വ്യവസായിയില്‍ നിന്ന് എസ്ഐടി വിശദമായ മൊഴിയെടുത്തത്. കഴിഞ്ഞ ദിവസം ഫോണ്‍ വഴി വിശദാംശങ്ങള്‍ ചോദിച്ചിരുന്നു. കേട്ടറിഞ്ഞ കാര്യങ്ങളാണ് പ്രവാസി അന്വേഷണ സംഘത്തിന് കൈമാറിയത്. ചിലരുടെ നമ്പറും കൈമാറിയിട്ടുണ്ട്. പ്രവാസി വ്യവസായിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വിശദ അന്വേഷണത്തിന് ഒരുങ്ങുകയാണ് എസ്ഐടി.

◾  ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എം പത്മകുമാറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി പിന്നീട് പരിഗണിക്കാന്‍ മാറ്റി. ഗുരുതര സ്വഭാവമുള്ള കേസെന്നാണ് കോടതി നിരീക്ഷിച്ചത്. ഹൈക്കോടതിയില്‍ ജസ്റ്റീസ് ബദറുദ്ദീന്റെ ബെഞ്ചിലാണ് ഹര്‍ജി എത്തിയത്. പത്മകുമാറിനെതിരെയുള്ള രണ്ട് കേസുകളില്‍ ഒരെണ്ണത്തിലാണ് ഇപ്പോള്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. ജാമ്യാപേക്ഷ വിജിലന്‍സ് കോടതി തള്ളിയിരുന്നു. ആ നടപടിയെ ചോദ്യം ചെയ്താണ് പത്മകുമാര്‍ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

◾  ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ പ്രതിയായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ്. ജയശ്രീയുടെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു. ജനുവരി 8, 9 തീയതികളില്‍ സ്വര്‍ണ്ണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകാന്‍ സുപ്രീംകോടതി ജയശ്രീയോട് നിര്‍ദേശിച്ചു. അന്വേഷണവുമായി സഹകരിക്കണമെന്നും നിര്‍ദേശമുണ്ട്.

◾  ശബരിമല സ്വര്‍ണ കൊള്ളയില്‍ അറസ്റ്റിലായ മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാര്‍ കോണ്‍ഗ്രസ് നേതാവ് വി എസ് ശിവകുമാറിന്റെ അനുജനാണെന്നുള്ള ആരോപണം തിരുത്തി സിപിഎം നേതാവ് കെ എസ് അരുണ്‍കുമാര്‍. ഇന്നലെ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ്. ശ്രീകുമാറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടുള്ള പോസ്റ്റില്‍ തെറ്റുപറ്റി എന്നറിഞ്ഞപ്പോള്‍ തന്നെ അത് തിരുത്തുകയും പിന്‍വലിക്കുകയും ചെയ്തുവെന്ന് അരുണ്‍കുമാര്‍ വ്യക്തമാക്കി.

◾  കിഫ്ബി മസാല ബോണ്ട് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് തിരിച്ചടി. കിഫ്ബി ചെയര്‍മാന്‍ എന്ന നിലയില്‍ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തു. മുന്‍ ധനമന്ത്രി തോമസ് ഐസക്ക്, കിഫ്ബി സിഇഒ കെ എം എബ്രഹാം എന്നിവര്‍ക്കെതിരായ നോട്ടീസും ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. കിഫ്ബിക്കെതിരായ നോട്ടീസ് കഴിഞ്ഞ ദിവസം സ്റ്റേ ചെയ്തിരുന്നു. കിഫ്ബി മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് ഇഡി അഡ്ജുഡിക്കേഷന്‍ അതോറിറ്റിയുടെ നോട്ടീസിനെതിരെ ഇന്നലെയാണ് മുഖ്യമന്ത്രി ഹൈക്കോടതിയെ സമീപിച്ചത്.

◾  വി സി നിയമനത്തില്‍ ഗവര്‍ണര്‍ക്ക് വഴങ്ങിയ മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖ്യമന്ത്രിയുടെ നടപടിയില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ അതൃപ്തി. മുഖ്യമന്ത്രിയുടെ നിര്‍ബന്ധത്തില്‍ അവ്യക്തത ബാക്കി നില്‍ക്കെയാണ് വഴങ്ങല്‍ തിരിച്ചടിയാകുമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റില്‍ അഭിപ്രായം ഉയര്‍ന്നത്. വി സി നിയമനത്തില്‍ സുപ്രീംകോടതിയുടെ നിലപാട് ഗവര്‍ണര്‍ക്കാണ് തിരിച്ചടി ആകുന്നത് എന്നാണ് ഒരു വിഭാഗം നേതാക്കള്‍ അഭിപ്രായപ്പെടുന്നത്. വഴങ്ങിയില്ലെങ്കില്‍ സര്‍ക്കാറിന് നേട്ടമാകുമായിരുന്നു എന്നാണ് വിലയിരുത്തല്‍.

◾  ഡിജിറ്റല്‍-സാങ്കേതിക സര്‍വകലാശാലകളിലെ വി സി നിയമനം അംഗീകരിച്ച് സുപ്രീംകോടതി. സര്‍ക്കാരും ഗവര്‍ണ്ണറും സമവായത്തില്‍ എത്തിയതില്‍ കോടതിക്ക് സന്തോഷമെന്ന് ജസ്റ്റിസ് ജെ ബി പര്‍ദ്ദിവാല അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഭാവിയിലും ചര്‍ച്ചയിലൂടെ ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്നതായും കോടതി നീരീക്ഷിച്ചു.

◾  നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി വീഡിയോ പോസ്റ്റ് ചെയ്ത രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിക്കെതിരെ തൃശ്ശൂര്‍ സൈബര്‍ പോലീസ് കേസെടുത്തു. കേസില്‍ വിധി വന്നതിന് പിന്നാലെ മാര്‍ട്ടിന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ അതിജീവിതയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള വീഡിയോ പങ്കുവെച്ചതിനെ തുടര്‍ന്നാണ് നടപടി. മാര്‍ട്ടിന്‍ ജാമ്യത്തിലിറങ്ങിയ സമയത്ത് ചിത്രീകരിച്ചതെന്ന് കരുതുന്ന ഈ വീഡിയോയില്‍ അതിജീവിതയുടെ പേര് പരാമര്‍ശിക്കുന്നതിനൊപ്പം അന്വേഷണ സംഘത്തിനെതിരെയും ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്.

◾  നടിയെ ആക്രമിച്ച കേസിലെ പ്രതി മാര്‍ട്ടിന്‍ പുറത്തുവിട്ട വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചവരും കേസില്‍ പ്രതികളാകുമെന്നാണ് സൂചന. നവമാധ്യമങ്ങളിലെ 27 അക്കൗണ്ട് ഉടമകളെ ഇതിനോടകം പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. വീഡിയോയുടെ 27 ലിങ്കുകള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. അതിജീവിതയുടെ പേരോ വ്യക്തിവിവരങ്ങളോ വെളിപ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്നിരിക്കെ, വീഡിയോ ഷെയര്‍ ചെയ്തവര്‍ക്കെതിരെ ഐടി നിയമപ്രകാരമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കാനാണ് പോലീസിന്റെ നീക്കം.

◾  നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടതിന് പിന്നാലെ ദിലീപിന്റെ പാസ്പോര്‍ട്ട് തിരിച്ചുനല്‍കാന്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തീരുമാനം. പാസ്പോര്‍ട്ട് വിട്ടുകിട്ടണം എന്ന ദിലീപിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. പുതിയ സിനിമയുടെ പ്രമോഷനുവേണ്ടി വിദേശത്തേക്ക് പോകണം എന്നതുള്‍പ്പെടെയുള്ള കാര്യമാണ് ദിലീപിന്റെ അഭിഭാഷകര്‍ കോടതില്‍ ബോധ്യപ്പെടുത്തിയത്.

◾  കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ പ്രതിസന്ധിയില്‍ കേന്ദ്ര വിലക്കിന് വഴങ്ങി കേരളം. ഐഎഫ്എഫ്കെയില്‍ പ്രദര്‍ശിപ്പിക്കുന്ന ആറ് ചിത്രങ്ങള്‍ക്കാണ് കേന്ദ്രം വിലക്ക് നല്‍കിയിരിക്കുന്നത്. ഓള്‍ ദാറ്റ് ലെഫ്റ്റ്സ് ഓഫ് യു, ക്ലാഷ്, യെസ്, ഫ്ലെയിംസ്, ഈഗ്ള്‍സ് ഓഫ് ദ റിപ്പബ്ലിക്, എ പോയറ്റ് എന്നീ ചിത്രങ്ങള്‍ക്കാണ് വിലക്ക് നല്‍കിയിട്ടുള്ളത്. ഈ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കരുതെന്ന് ചീഫ് സെക്രട്ടറിക്ക് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം നിര്‍ദേശം നല്‍കി. ഈ ചിത്രങ്ങള്‍ക്ക് സെന്‍സര്‍ ഇളവ് അനുവദിക്കാനാകില്ലെന്നാണ് മന്ത്രാലയം അറിയിക്കുന്നത്.

◾  ജയില്‍ കോഴക്കേസില്‍ കേസെടുത്ത് അന്വേഷണം നേരിടുന്ന ജയില്‍ ആസ്ഥാനത്തെ ഡിഐജി വിനോദ് കുമാറിനെതിരെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കൊടി സുനിയുടെ ബന്ധുവില്‍ നിന്നും വിനോദ് കുമാര്‍ കൈക്കൂലി വാങ്ങി എന്നാണ് വിവരം. ഗൂഗിള്‍ പേ വഴിയാണ് സുനിയുടെ അടുത്ത ബന്ധുവില്‍ നിന്നും വിനോദ് കുമാര്‍ പണം വാങ്ങിയത്. എട്ട് തടവുകാരുടെ ബന്ധുക്കളില്‍ നിന്നും ഡിഐജി നേരിട്ട് പണം വാങ്ങിയതിന്റെ തെളിവുകള്‍ വിജിലന്‍സിന് ലഭിച്ചു.

◾  ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനുള്ള വിലക്ക് നീട്ടി. ജനുവരി ഏഴ് വരെ വിലക്ക് തുടരും. രാഹുലിനെതിരെയുള്ള ആദ്യ ബലാത്സംഗക്കേസിലെ അറസ്റ്റിനുള്ള വിലക്കാണ് ഹൈക്കോടതി നീട്ടിയിരിക്കുന്നത്. രാഹുലിന്റെ ആദ്യ ബലാത്സംഗകേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ഹൈക്കോടതി ഇന്ന് പരിഗണിച്ചത്.

◾  രാഷ്ട്രപതിയുടെ ശബരിമല യാത്രയ്ക്കായി നിര്‍മ്മിച്ച ഹെലിപ്പാഡില്‍ അന്വേഷണം. മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും കളക്ടറോട് റിപ്പോര്‍ട്ട് തേടി. പത്തനംതിട്ട സ്വദേശി റഷീദ് ആനപ്പാറയുടെ പരാതിയിലാണ് നടപടി. ഹെലിപ്പാഡ് നിര്‍മ്മാണത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി, മുഖ്യമന്ത്രി, റവന്യൂ വകുപ്പ് മന്ത്രി എന്നിവര്‍ക്കാണ് പരാതി നല്‍കിയത്. മൂന്ന് ഹെലിപ്പാഡുകള്‍ നിര്‍മ്മിച്ചതിന് 20.7 ലക്ഷം രൂപയാണ് ചെലവായത്.

◾  വിവാദമായ 'പോറ്റിയെ കേറ്റിയെ' എന്ന പാരഡി പാട്ടില്‍ പൊലീസ് കേസെടുത്തെങ്കിലും കടുത്ത നടപടികള്‍ ഉടനുണ്ടാകില്ല. പ്രതി ചേര്‍ത്തവരെ നോട്ടീസ് നല്‍കി വിളിച്ചുവരുത്തും. പാട്ട് പ്രചാരണം നല്‍കുന്ന സൈറ്റുകളില്‍ നിന്നും പാട്ട് നീക്കം ചെയ്യും. കേസ് എടുത്തതില്‍ പൊലീസിനുള്ളില്‍ രണ്ട് അഭിപ്രായമാണ് ഉള്ളത്. ഇന്ന് ചേരുന്ന സിപിഎം പത്തനംതിട്ട ജില്ല സെക്രട്ടറിയേറ്റില്‍ വിഷയം ചര്‍ച്ചയാകും.

◾  'പോറ്റിയേ കേറ്റിയേ' പാരഡി ഗാനത്തിനെതിരെ കേസെടുത്തതില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്‍. 21ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയാണ് പാരഡി ഗാനത്തിനെതിരെ കേസെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. പാരഡി ഗാനം മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് തലവേദനയായി മാറിയെന്നും ഗാനം ആലപിച്ചവരെയെല്ലാം കേസെടുത്ത് അറസ്റ്റ് ചെയ്ത് അകത്താക്കാനാണ് ഭാവമെങ്കില്‍ കേരളത്തിലെ ജയിലുകള്‍ പോരാതെ വരുമെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

◾  സംസ്ഥാനത്ത് തീവ്രവോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ആദ്യഘട്ടം ഇന്ന് പൂര്‍ത്തിയാകും. വീടുകള്‍ കയറി വിവരശേഖരണം നടത്തി എന്യൂമറേഷന്‍ ഫോമുകള്‍ ഡിജിറ്റൈസ് ചെയ്യാന്‍ ഇന്ന് കൂടിയാണ് സമയമുള്ളത്. സംസ്ഥാനത്ത് ഫോമുകളുടെ ഡിജിറ്റൈസേഷന്‍ 100 ശതമാനത്തിനടുത്ത് പൂര്‍ത്തിയായി. കണ്ണൂര്‍, തൃശ്ശൂര്‍, ആലപ്പുഴ ഒഴികെയുള്ള ജില്ലകളില്‍ മുഴുവന്‍ ഫോമുകളും ഡിജിറ്റൈസ് ചെയ്തു. കരട് പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെടുന്നവരുടെ എണ്ണം 25 ലക്ഷത്തോളമാണ്. ഒഴിവാകുന്നവരുടെ പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

◾  തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വിളയാതെ ഞെളിയരുതെന്നാണ് വെള്ളാപ്പള്ളിയുടെ വിമര്‍ശനം. ആര്യയ്ക്ക് ധാര്‍ഷ്ട്യവും അഹങ്കാരവുമാണ്. അധികാരത്തില്‍ ഇരുന്ന് ഞെളിയരുതെന്ന് പറഞ്ഞ വെള്ളാപ്പള്ളി പണ്ടത്തെ കാലമല്ല, നന്നായി പെരുമാറണമെന്നും കൂട്ടിച്ചേര്‍ത്തു. ആര്യാ രാജേന്ദ്രന്റെ പെരുമാറ്റദൂഷ്യം തിരുവനന്തപുരത്ത് തിരിച്ചടിയായി എന്നാണ് വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടത്.

◾  മുസ്ലീം ലീഗിനെതിരെ രൂക്ഷവിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തന്നെ മുസ്ലീം വിരോധിയായി കണ്ട് വേട്ടയാടുന്നുവെന്നും ലീഗ് മലപ്പുറം പാര്‍ട്ടിയെന്നും എല്ലാം മലപ്പുറത്തേക്ക് ഊറ്റിയെടുക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പറഞ്ഞതിലെല്ലാം ഉറച്ച് നില്‍ക്കുകയാണെന്നും അര്‍ഹതപ്പെട്ടത് ചോദിച്ച് വാങ്ങിക്കുന്നത് ജാതി പറയലല്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

◾  മലപ്പുറം തെന്നലയില്‍ കാര്‍ യാത്രക്കാരനെ ആക്രമിച്ച് രണ്ട് കോടി രൂപ തട്ടിയ കേസില്‍ സൂത്രധാരന്‍ അറസ്റ്റില്‍. കൂരിയാട് സ്വദേശി ഏറിയാടന്‍ സാദിഖ് അലിയാണ് അറസ്റ്റിലായത്. പണം നഷ്ടപ്പെട്ട തെന്നല സ്വദേശി പറമ്പില്‍ മുഹമ്മദ് ഹനീഫയുടെ ജോലിക്കാരനാണ് സാദിഖ് അലി. കവര്‍ച്ചയ്ക്ക് പ്രതികള്‍ എത്തിയ കാര്‍ വാങ്ങി നല്‍കിയതും സാദിഖാണ് എന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കവര്‍ച്ചയ്ക്ക് പിന്നാലെ ഒളിവിലായിരുന്നു സാദിഖ് അലി. ഓഗസ്റ്റ് 14 നായിരുന്നു തെന്നല സ്വദേശികളുടെ പണം തട്ടിയത്.

◾  അയല്‍വാസിയെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. അമ്മാടം ആലുക്കകുന്ന് സ്വദേശി കരിയാട്ടില്‍ വീട്ടില്‍ ബിജു (52)വിനെയാണ് തൃശ്ശൂര്‍ റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 15 ന് രാത്രി 08.15ഓടെ അമ്മാടം ആലുക്കകുന്ന് സ്വദേശി നെല്ലത്ത് വീട്ടില്‍ ബാബു (55) നെയാണ് തലയില്‍ കമ്പി കൊണ്ട് അടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

◾  കരൂരില്‍ പ്രചാരണ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 41 പേര്‍ മരിച്ച് മാസങ്ങള്‍ക്ക് ശേഷം, നടനും രാഷ്ട്രീയ നേതാവുമായ വിജയ് തമിഴ്‌നാട്ടില്‍ തന്റെ ആദ്യ പൊതുപരിപാടി ഇന്ന് സംഘടിപ്പിക്കുന്നു. ഈറോഡില്‍ നടക്കുന്ന തമിഴക വെട്രി കഴകം റാലിയോടെയാണ് വിജയ് വീണ്ടും പൊതുരംഗത്ത് സജീവമാകുന്നത്. മുന്‍ എഐഎഡിഎംകെ യുടെ ശക്തനായ കെ എ സെങ്കോട്ടയ്യന്‍ നേതൃത്വം നല്‍കുന്ന പരിപാടിക്ക് പെരുന്തുറയിലെ വിജയമംഗലം ടോള്‍ പ്ലാസയ്ക്ക് സമീപമുള്ള വേദിയില്‍ വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കി.

◾  ഹിന്ദു മതം പരമോന്നതമാണെന്നും പരിസ്ഥിതിപരമായ കാരണങ്ങളാല്‍ ഇന്ത്യയിലെ മുസ്ലീംകള്‍ നദികളേയും സൂര്യനേയും ആരാധിക്കണമെന്നും മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് ദത്തത്രേയ ഹൊസബാലെ. കഴിഞ്ഞ ചൊവ്വാഴ്ച ഉത്തര്‍പ്രദേശിലെ സന്ത് കബീര്‍ നഗറില്‍ നടന്ന ഒരു പരിപാടിയിലാണ് ആര്‍എസ്എസ് നേതാവിന്റെ വിവാദ പരാമര്‍ശം. മുസ്ലീം സഹോദരങ്ങള്‍ സൂര്യനമസ്‌കാരം ചെയ്യണമെന്നും ദത്തത്രേയ പറഞ്ഞു.

◾  ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായ ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റി സൃഷ്ടാവും പ്രശസ്ത ഇന്ത്യന്‍ ശില്പിയുമായ രാം സുതാര്‍ (100) അന്തരിച്ചു. നോയിഡയിലെ വസതിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാല്‍ കിടപ്പിലായിരുന്നു.

◾  കര്‍ണാടകയിലെ എല്ലാ സ്ത്രീകള്‍ക്കും സൗജന്യ ബസ് യാത്ര വാഗ്ദാനം ചെയ്യുന്ന ശക്തി പദ്ധതി പ്രകാരം നാല് സംസ്ഥാന റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകള്‍ക്ക് 4,000 കോടിയിലധികം രൂപ കുടിശ്ശികയായി നല്‍കാനുണ്ടെന്ന് കര്‍ണാടക സര്‍ക്കാര്‍. ശൈത്യകാല നിയമസഭാ സമ്മേളനത്തില്‍ കര്‍ണാടക സര്‍ക്കാര്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം പറയുന്നത്.

◾  കര്‍ണാടകയിലെ കാര്‍വാര്‍ തീരത്ത് ചൈനീസ് നിര്‍മ്മിത ജിപിഎസ് ഉപകരണം ഘടിപ്പിച്ച നിലയില്‍ ഒരു ദേശാടന പക്ഷിയെ കണ്ടെത്തി. ഇത് വലിയ ചര്‍ച്ചകള്‍ക്കും ദുരൂഹതകള്‍ക്കും വഴിവെച്ചിരിക്കുകയാണ്. ഇന്ത്യയുടെ അതീവ തന്ത്രപ്രധാനമായ ഐഎന്‍എസ് കദംബ നാവികത്താവളത്തിന് തൊട്ടടുത്താണ് ഈ കടല്‍പക്ഷിയെ കണ്ടെത്തിയത് എന്നത് സുരക്ഷാ ഏജന്‍സികളിലും ചോദ്യങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്.

◾  കര്‍ണ്ണാടകയിലെ ഉഡുപ്പിയില്‍ വെള്ളം കോരുന്നതിനിടെ അമ്മയുടെ കയ്യില്‍നിന്നു കിണറ്റിലേക്കു വീണ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. ഉഡുപ്പി കിന്നിമുല്‍ക്കിയിലെ കീര്‍ത്തന എന്ന ഒന്നര വയസ്സുകാരിയാണ് മരിച്ചത്. ഉറങ്ങുകയായിരുന്ന കുട്ടിയെ തോളിലെടുത്ത് അമ്മ വീടിനടുത്തുള്ള കിണറ്റില്‍ നിന്നും വെള്ളം കോരുമ്പോള്‍ കുട്ടി കിണറ്റിലേക്കു വീണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഉടന്‍ അമ്മ കയറുപയോഗിച്ച് കിണറ്റിലിറങ്ങി കുട്ടിയെ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല.

◾  സാമ്പത്തിക തട്ടിപ്പ് കേസില്‍ തനിക്കെതിരെ എഫ്ഐആറില്‍ പറയുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് നടി ശില്‍പ ഷെട്ടി. താനും ഭര്‍ത്താവും ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും ഇതുവരെയുള്ള അന്വേഷണത്തോട് പൂര്‍ണമായും സഹകരിച്ചിട്ടുണ്ടെന്നും ശില്‍പ ഷെട്ടി പറഞ്ഞു. സാമൂഹിക മാധ്യമമായ ഇന്‍സ്റ്റാഗ്രാമിലൂടെയായിരുന്നു നടിയുടെ പ്രതികരണം. മുംബൈ പൊലീസിന്റെ എഫ്ഐആറിലെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും കേസ് റദ്ദാക്കാനുള്ള ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും അവര്‍ കുറിച്ചു.

◾  ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ മുഖാവരണം വലിച്ചു താഴ്ത്തിയ സംഭവത്തില്‍ മുസ്ലിം വനിതാ ഡോക്ടര്‍ നുസ്രത് പര്‍വീണ്‍ ജോലി ഉപേക്ഷിക്കുന്നതായി കുടുംബം. നിയമനക്കത്ത് കൈമാറുന്ന ചടങ്ങിലാണ് നിതീഷ് കുമാര്‍ നുസ്രത്തിന്റെ മുഖാവരണം നീക്കിയത്. അപമാനഭാരം കാരണം ജോലിക്കു ചേരുന്നില്ലെന്ന് നുസ്രത്ത് അറിയിച്ചതായി കുടുംബം അറിയിച്ചു. നുസ്രത്തിന്റെ തീരുമാനത്തില്‍ മാറ്റം വരുത്താന്‍ ശ്രമിക്കുന്നുണ്ടെന്നും കുടുംബം പറഞ്ഞു.

◾  ഒരു പൊതുപരിപാടിക്കിടെ മുസ്ലീം സ്ത്രീയുടെ മുഖാവരണം  അഴിച്ചുമാറ്റിയ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നടപടിയെച്ചൊല്ലി ജമ്മു കശ്മീരില്‍ വാക്പോര്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വോട്ടറുടെ ബുര്‍ഖ അഴിച്ചുമാറ്റിയതിലൂടെ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി സമാനമായ 'മതേതര പ്രവൃത്തി' ചെയ്തതായി മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ആരോപിച്ചു.

◾  30 വര്‍ഷം മുമ്പത്തെ ഭവന കുംഭകോണ കേസില്‍ കോടതി ശിക്ഷിച്ചതിന് പിന്നാലെ മഹാരാഷ്ട്ര കായിക മന്ത്രിയും എന്‍സിപി നേതാവുമായ മണിക്‌റാവു കൊകാതെ രാജിവച്ചു. സംഭവം മഹായുതി സഖ്യത്തിനുള്ളില്‍ രാഷ്ട്രീയ കോളിളക്കത്തിന് കാരണമായി. കായിക വകുപ്പ് കൈകാര്യം ചെയ്തിരുന്ന കൊകാതെ, അഴിമതിക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തുകയും രണ്ട് വര്‍ഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു.നാസിക് സെഷന്‍സ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്.

◾  ദേശീയ തലസ്ഥാനത്തെ ശ്വാസം മുട്ടിക്കുന്ന വായു മലിനീകരണത്തിന് തടയിടാനായി ദില്ലി സര്‍ക്കാര്‍ പ്രഖ്യാപിച്ച കര്‍ശനമായ നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. നഗരത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ക്ക് ബിഎസ്-6 എഞ്ചിന്‍ മാനദണ്ഡം നിര്‍ബന്ധമാക്കിയതാണ് പുതിയ പരിഷ്‌കാരങ്ങളില്‍ പ്രധാനം. ഇതോടൊപ്പം, സാധുവായ പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് പെട്രോള്‍ പമ്പുകളില്‍ നിന്ന് ഇന്ധനം നല്‍കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

◾  വിഭജനത്തിനുശേഷം ആദ്യമായി പാകിസ്ഥാനിലെ സര്‍വകലാശാലയില്‍ പുരാതന ഭാഷയായ സംസ്‌കൃതം പഠിപ്പിക്കുന്നു. ദി ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് പ്രകാരം, ലാഹോര്‍ യൂണിവേഴ്‌സിറ്റി ഓഫ് മാനേജ്‌മെന്റ് സയന്‍സസ് സര്‍വകലാശാലയിലാണ് സംസ്‌കൃത ഭാഷയും മഹാഭാരതവും ഗീതയും തുടങ്ങിയ ഹിന്ദു പുരാണങ്ങളെയും ഉള്‍പ്പെടുത്തി കോഴ്‌സ് ആരംഭിച്ചത്.

◾  സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും കുതിപ്പ്. ഗ്രാമിന് 30 രൂപ വര്‍ധിച്ച് 12,360യിലെത്തിയപ്പോള്‍ പവന്‍ വില 98,880 രൂപയായി ഉയര്‍ന്നു. ഡിസംബര്‍ 15ന് റെക്കോഡ് ഉയരമായ 99,280 രൂപയിലെത്തിയ ശേഷം വില കുറച്ച് താഴ്ന്നിരുന്നു. പിന്നീട് വീണ്ടും ഉയരുന്ന ട്രെന്റാണ് കാണിക്കുന്നത്. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും വര്‍ധനയുണ്ട്. ഗ്രാമിന് 25 രൂപ കൂടി 10,165 രൂപയിലെത്തി. 14 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 7,915 രൂപയാണ്, 20 രൂപയുടെ വര്‍ധന. വെള്ളിവില ഗ്രാമിന് 210 രൂപയാണ് ഇന്നത്തെ വില. ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയതും യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് കുറച്ചതും അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. എന്നാല്‍ പണിക്കൂലിയും നികുതിയും ഉള്‍പ്പെടെ നിലവില്‍ തന്നെ സ്വര്‍ണ വില ഒരു ലക്ഷം കടന്നിട്ടുണ്ട്.

◾  കുറച്ചു മാസങ്ങളായി ഇന്റര്‍നെറ്റില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന ട്രന്റാണ് 6-7. ഇപ്പോളിതാ ഗൂഗിളും ഈ ട്രെന്റിനെ ഏറ്റെടുത്തിരിക്കുകയാണ്. ഗൂഗിളിന്റെ സെര്‍ച്ച് ബാറില്‍ 6-7', അല്ലെങ്കില്‍ '67' എന്നു ടൈപ്പ് ചെയ്താല്‍ മുഴുവന്‍ സ്‌ക്രീനും ഷേക്ക് ചെയ്യും. ഇത് കുറച്ചു നിമിഷത്തേക്ക് നിലനില്‍ക്കുകയും ശേഷം സ്‌ക്രീന്‍ നോര്‍മലാവുകയും ചെയ്യും.  സമൂഹമാധ്യമങ്ങളായ ടിക്ക് ടോക്ക്, യൂട്യൂബ്, എക്സ്, ഇന്‍സ്റ്റഗ്രാം എന്നിവയില്‍ വൈറലായ ഒരു മീംമാണ് 6-7. ആല്‍ഫ ജെനറേഷനിലെ കുട്ടികളാണ് 67 ട്രെന്റ് കൂടുതലായും ഉപയോഗിക്കുന്നത്. ഫിലാഡല്‍ഫിയന്‍ റാപ്പര്‍ സ്‌ക്രില്ലയുടെ 2024ല്‍ പുറത്തിറങ്ങിയ 'ഡോട്ട് ഡോട്ട്' എന്ന ആല്‍ബത്തിലൂടെയാണ് 67 ട്രെന്റ് വൈറലായത്. ഇന്റര്‍നെറ്റ് കള്‍ച്ചര്‍ സൃഷ്ടിച്ച മറ്റു പല പേരുകളും പോലെ ഇതിനും കൃത്യമായ അര്‍ത്ഥമൊന്നുമില്ല. ജെന്‍ ആല്‍ഫ 67 എന്നത് അറുപത്തിയേഴ് എന്നല്ല മറിച്ച് ആറെ ഏഴ് എന്നാണ് പറയുക. ഇത് ഇവര്‍ കോഡായും മീമായും ഒക്കെ ഉപയോഗിക്കുകയും ചെയ്യുന്നു.

◾  ക്രിസ്മസ്, പുതുവത്സരാഘോഷങ്ങള്‍ക്ക് ഫാസ്റ്റ്ഫെസ്റ്റ് ഓഫറുകള്‍ പ്രഖ്യാപിച്ച് ഫോക്‌സ്വാഗണ്‍ ഇന്ത്യ. ഇതിന്റെ കീഴില്‍, രാജ്യത്തുടനീളമുള്ള ടൈഗണ്‍, വിര്‍ടസ് പോലുള്ള മോഡലുകള്‍ക്ക് കമ്പനി 1.55 ലക്ഷം വരെ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ടൈഗണ്‍, വിര്‍ടസ് എന്നിവ വാങ്ങുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും ആദ്യത്തെ ആറ് ഇഎംഐകളുടെ ആനുകൂല്യം ഫോക്‌സ്വാഗണ്‍ വാഗ്ദാനം ചെയ്യുന്നു. കൂടാതെ, കമ്പനി 50,000 രൂപ വരെ എക്സ്ചേഞ്ച് ആനുകൂല്യവും വാഗ്ദാനം ചെയ്യുന്നു. വ്യത്യസ്ത മോഡലുകളിലെ ആകെ ആനുകൂല്യങ്ങള്‍ 1.55 ലക്ഷം വരെയാകും. 1.0 ലിറ്റര്‍ ടിഎസ്ഐ പെട്രോള്‍ എഞ്ചിനും ഓട്ടോമാറ്റിക് ഗിയര്‍ബോക്സും ഉള്ള ഫോക്സ്വാഗണ്‍ ടൈഗണ്‍ സ്പോര്‍ട്ടിന് 80,000 രൂപ വരെ ആനുകൂല്യങ്ങള്‍ ലഭിക്കും. ടൈഗണ്‍ ജിടി പ്ലസ് സ്പോര്‍ട്ട് 1.5 ലിറ്റര്‍ ടിഎസ്ഐ ഡിഎസ്ജിക്ക് 50,000 രൂപ വരെ എക്സ്ചേഞ്ച് ആനുകൂല്യങ്ങള്‍ ലഭിക്കും. ടൈഗണ്‍ ഹൈലൈന്‍ പ്ലസ് 1.0 ലിറ്റര്‍ ടിഎസ്ഐ എടിക്കും ഒരു ലക്ഷം രൂപ വരെ ആനുകൂല്യങ്ങള്‍ ലഭിക്കും.

◾  ശ്വാസകോശ അര്‍ബുദം നേരത്തെ കണ്ടെത്തുന്നതിനും നിരീക്ഷിക്കുന്നതിനും നൂതന രക്തപരിശോധന വികസിപ്പിച്ച് യുകെയില്‍ നിന്നുള്ള ഗവേഷകര്‍. രോഗനിര്‍ണയത്തിലെ കാലതാമസം കുറയ്ക്കാനും ചികിത്സ മെച്ചപ്പെടുത്താനും ലങ്കാന്‍സീക്ക് എന്ന് വിളിക്കുന്ന എഐ രക്തപരിശോധന സഹായിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. ഫ്യൂറിയര്‍ ട്രാന്‍സ്ഫോം ഇന്‍ഫ്രാറെഡ് മൈക്രോസ്പെക്ട്രോസ്‌കോപ്പി എന്ന സാങ്കേതിക വിദ്യയാണ് ഈ പരിശോധനയില്‍ ഉപയോഗിക്കുന്നത്. യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍സ് ഓഫ് നോര്‍ത്ത് മിഡ്‌ലാന്‍ഡ്‌സ് എന്‍എച്ച്എസ് ട്രസ്റ്റ്, കീലെ സര്‍വകലാശാല, ലോഫ്ബറോ സര്‍വകലാശാല എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരാണ് കണ്ടുപിടിത്തതിന് പിന്നില്‍. ശ്വാസകോശ അര്‍ബുദ കോശങ്ങള്‍ക്ക് സാധാരണ കോശങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഫിംഗര്‍പ്രിന്റാണെന്ന് ഗവേഷകര്‍ കണ്ടെത്തി. ഇത് ഡിജിറ്റലായി വിശകലനം ചെയ്യുമ്പോള്‍ ദശലക്ഷക്കണക്കിന് സാധാരണ കോശങ്ങളില്‍ നിന്ന് ഒരു കാന്‍സര്‍ കോശത്തെ പോലും കണ്ടെത്താന്‍ സഹായിക്കുമെന്നും അവര്‍ പറഞ്ഞു. 1,814 പേരാണ് പഠന വിധേയമായത്. ഇതില്‍ 1,095 പേര്‍ ശ്വാസകോശ അര്‍ബുദബാധിതരും 719 പേര്‍ കാന്‍സര്‍ ഇല്ലാത്തവരുമാണ്. എഐയുടെ സഹായത്തോടെ ലങ്കാന്‍സീക്ക് പരിശോധനയില്‍ പോസിറ്റീവ് ആയവരെ പിന്നീട് കുറഞ്ഞ ഡോസ് സിടി സ്‌കാന്‍ ഉപയോഗിച്ച് രോഗം സ്ഥിരീകരിച്ചു. ഈ നൂതന സമീപനം ഡോക്ടര്‍മാരെ ശ്വാസകോശ അര്‍ബുദം നേരത്തെ കണ്ടെത്താനും അനാവശ്യ സ്‌കാനുകള്‍ കുറയ്ക്കാനും സഹായിക്കുമെന്നും ഗവേഷകര്‍ പറയുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 90.25, പൗണ്ട് - 120.64, യൂറോ - 105.87, സ്വിസ് ഫ്രാങ്ക് - 113.41, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 59.63, ബഹറിന്‍ ദിനാര്‍ - 239.40, കുവൈത്ത് ദിനാര്‍ -294.05, ഒമാനി റിയാല്‍ - 234.75, സൗദി റിയാല്‍ - 24.06, യു.എ.ഇ ദിര്‍ഹം - 24.62, ഖത്തര്‍ റിയാല്‍ - 24.82, കനേഡിയന്‍ ഡോളര്‍ - 65.51.
Previous Post Next Post
3/TECH/col-right