2025 | ഡിസംബർ 15 | തിങ്കൾ
1201 | വൃശ്ചികം 29 | ചിത്തിര
◾ 'സ്വര്‍ണം കട്ടവര്‍ ആരപ്പാ സഖാക്കളാണേ അയ്യപ്പാ' എന്ന ഗാനം പാടി, അമ്പലക്കള്ളനായ പിണറായി വിജയന്‍ ഉടന്‍ രാജിവെച്ച് പുറത്തുപോകണമെന്ന മുദ്രാവാക്യവുമുയര്‍ത്തി പാര്‍ലമെന്റിന് മുന്നില്‍ കോണ്‍ഗ്രസ് എംപിമാരുടെ പ്രതിഷേധം. ശബരിമലയിലെ സ്വര്‍ണക്കൊള്ള വിഷയം രാഷ്ട്രീയ ആയുധമാക്കി മാറ്റുന്നതിന്റെ ഭാഗമായി, തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് ഉപയോഗിച്ച പാരഡി ഗാനമാണ് എംപിമാര്‍ പാര്‍ലമെന്റ് കവാടത്തിന് മുന്നിലെ പ്രതിഷേധത്തിനിടെ പാടിയത്. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നിലവിലുള്ള എസ്ഐടി അന്വേഷണമല്ല, കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യമുയര്‍ത്തിയായിരുന്നു പ്രതിഷേധം.
◾ കോണ്‍ഗ്രസിന് ദിശാബോധവും നയവും ഇല്ലാതായെന്ന അവലോകനം ട്വിറ്ററില്‍ പങ്കുവച്ച് ശശി തരൂര്‍. കോണ്‍ഗ്രസ് വെറും പ്രതിപക്ഷമായി മാറുന്നു എന്നും ബദല്‍ നയം ഇല്ലാതെ എതിര്‍പ്പ് മാത്രമായി കോണ്‍ഗ്രസ് മാറുന്നു എന്നും നിരീക്ഷണം ഉണ്ട്. തരൂരിനെ കോണ്‍ഗ്രസ് ഒതുക്കുന്നു എന്നും അവലോകനത്തിലുണ്ട്. പാവങ്ങളുടെ മിശിഹ ആകാന്‍ നോക്കിയ കോണ്‍ഗ്രസ് ബിജെപിക്കു മുന്നില്‍ പരാജയപ്പെട്ടുവെന്നും നിരീക്ഷണം 'യാഥാര്‍ത്ഥ്യം' എന്നും ചിന്താപരമെന്നും തരൂര്‍ വിലയിരുത്തുന്നു.
◾ എല്‍ഡിഎഫിലെ അതൃപ്തരെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് മുസ്ലീം ലീഗ് ദേശീയ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. അതൃപ്തരായ നിരവധി പേര്‍ എല്‍ഡിഎഫിലുണ്ടെന്നും ആശയപരമായി യോജിക്കാന്‍ കഴിയുന്നവര്‍ മുന്നണിയിലേക്ക് വരുമെന്നാണ് കരുതുന്നതെന്നും ആരുടെയും പേരെടുത്ത് പറയുന്നില്ലെന്നും മുന്നണി വിപുലീകരിച്ച് അടിത്തറ ശക്തിപ്പെടുത്തണമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
◾ തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പത്തനംതിട്ടയിലെ സിപിഎമ്മില്‍ പൊട്ടിത്തെറി. മെഴുവേലി പഞ്ചായത്തില്‍ ഭരണം നഷ്ടമായതിലും തന്റെ ഭൂരിപക്ഷം കുറഞ്ഞതിലും സിപിഎം കോഴഞ്ചേരി ഏരിയ സെക്രട്ടറിക്കെതിരേ മുന്‍ എംഎല്‍എ കൂടിയായ കെ.സി. രാജഗോപാലന്‍ രംഗത്തെത്തി. തെരഞ്ഞെടുപ്പില്‍ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ കാലുവാരിയെന്നും കോഴഞ്ചേരി ഏരിയ സെക്രട്ടറി ടി വി സ്റ്റാലിനാണ് കാലുവാരാന്‍ നേതൃത്വം കൊടുത്തതെന്നും കെസി രാജഗോപാലന്‍ പറഞ്ഞു. നേതാവിനെ സുഖിപ്പിക്കല്‍ എന്നതാണ് ഇപ്പോള്‍ പാര്‍ട്ടിയിലെ ശൈലിയെന്നും കോഴഞ്ചേരി ഏരിയ സെക്രട്ടറിക്കെതിരേ പാര്‍ട്ടി നേതൃത്വത്തിന് പരാതിനല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ തദ്ദേശ തെരഞ്ഞെടുപ്പോടെ കേരളത്തിലെ കോണ്‍ഗ്രസില്‍ താഴേ തട്ടില്‍ ഗ്രൂപ്പിസം അവസാനിച്ചുവെന്ന് ചെറിയാന്‍ ഫിലിപ്പ്. മുതിര്‍ന്ന നേതാക്കളെ എല്ലാവരും ആദരിക്കുന്നുണ്ടെങ്കിലും അവര്‍ ഗ്രൂപ്പുണ്ടാക്കാന്‍ ശ്രമിച്ചാല്‍ പ്രവര്‍ത്തകര്‍ അംഗീകരിക്കില്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ പങ്കുവെയ്ക്കാതെയും മുകളില്‍ നിന്നും അടിച്ചേല്‍പ്പിക്കാതെയും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം കീഴ്ഘടകങ്ങള്‍ക്ക് വിട്ടുകൊടുക്കുകയും ഒരുമയോടെ പ്രവര്‍ത്തിക്കുകയും ചെയ്തതു കൊണ്ടാണ് ചരിത്രവിജയം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
◾ പാലക്കാട് അട്ടപ്പാടിയില്‍ നവജാത ശിശുമരിച്ചു. ഷോളയൂര്‍ സ്വര്‍ണ്ണപിരിവില്‍ സുമിത്രയുടെ മകനാണ് മരിച്ചത്. ആറ് മാസം ഗര്‍ഭിണിയായിരുന്ന സുമിത്ര ഇന്ന് രാവിലെ വീട്ടില്‍ തന്നെ പ്രസവിക്കുകയായിരുന്നു. പിന്നാലെ അട്ടപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിച്ചു. സംഭവത്തില്‍ ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് തേടി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ഐ.സി.ഡി.എസ് എന്നിവരോടാണ് കളക്ടര്‍ റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. ആശുപത്രിക്ക് വീഴ്ചയുണ്ടോയെന്ന് പരിശോധിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
◾ സ്ഥിരമായി കുഞ്ഞ് മരിക്കുന്ന കാര്യത്തില്‍ ജില്ലാ കളക്ടറുടെ ഇടപെടലിനെ തുടര്‍ന്ന് വിശദമായ പരിശോധനയ്ക്കായി അട്ടപ്പാടിയിലെ സുമിത്രയെ മെഡിക്കല്‍ കോളജിലേക്ക് മാറ്റും. സുമിത്രയുടെ ആറാമത്തെ പ്രസവമായിരുന്നു ഇത്. ഇതുവരെ നടന്ന പ്രസവങ്ങളിലെല്ലാം കുഞ്ഞുങ്ങള്‍ മരിച്ചിരുന്നു. ഇത്തവണ മാര്‍ച്ചിലായിരുന്നു പ്രസവം നടക്കേണ്ടിയിരുന്നത്. യുവതിയെ കോട്ടത്തറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. യുവതിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
◾ നടിയെ ആക്രമിച്ച കേസില്‍ അതിവേഗ അപ്പീല്‍ നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. വിചാരണക്കോടതിയുടെ വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനായി ഇന്നുതന്നെ നടപടികള്‍ തുടങ്ങും. അപ്പീല്‍ നടപടികള്‍ക്ക് ശുപാര്‍ശ ചെയ്ത് സ്പെഷല്‍ പ്രോസിക്യൂട്ടര്‍ സര്‍ക്കാരിന് കത്ത് നല്‍കി. പ്രോസിക്യൂട്ടറുടെ അപേക്ഷ കിട്ടിയാല്‍ നിയമോപദേശം നല്‍കുമെന്ന് ഡിജിപി ഇന്നലെ അറിയിച്ചിരുന്നു. അപ്പീല്‍ സാധ്യത പരിശോധിച്ച് ഉടന്‍ ഹൈക്കോടതിയെ സമീപിക്കാനാണ് നീക്കം. അതേസമയം, അതീജീവിതയ്ക്ക് പിന്തുണയുമായി കൂടുതല്‍ നടിമാര്‍ രംഗത്തുവന്നു.
◾ എറണാകുളത്തപ്പന്‍ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചുള്ള കൂപ്പണ്‍ വിതരണ ഉദ്ഘാടനത്തില്‍ നിന്ന് നടന്‍ ദിലീപ് പിന്മാറിയതായി ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു. നാളെയാണ് ക്ഷേത്രത്തില്‍ പരിപാടി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ദിലീപിന്റെ പിന്മാറ്റത്തിന് എന്താണ് കാരണമെന്ന് വ്യക്തമല്ല. ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള സ്ത്രീകള്‍ ദിലീപിനെതിരെ എതിര്‍പ്പ് ഉയര്‍ത്തിയെന്നാണ് വിവരം.
◾ നടിയെ ആക്രമിച്ച സംഭവത്തിന് തൊട്ടുമുമ്പ് പ്രധാന പ്രതിയായ പള്‍സര്‍ സുനി ശ്രീലക്ഷ്മി എന്ന് പേരുളള യുവതിയുമായി ഫോണില്‍ സംസാരിച്ചുവെന്നും ഈ സ്ത്രീക്ക് ഈ കൃത്യത്തെപ്പറ്റി അറിയാമായിരുന്നോ എന്നതിന് പോലും പ്രൊസിക്യൂഷന് കൃത്യമായ വിശദീകരണമില്ലെന്നും കോടതി. ഈ സ്ത്രീയെ എന്തുകൊണ്ട് സാക്ഷിയാക്കിയില്ലെന്നും കോടതി ചോദിച്ചു. നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന്റെ വീഴ്ചകള്‍ എണ്ണിപ്പറയുന്നതിനിടെയാണ് നിര്‍ണായകമായ ചോദ്യങ്ങള്‍ കോടതി ഉന്നയിച്ചത്.
◾ നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണക്കോടതിയ്ക്കെതിരായ അതിജീവിതയുടെ സാമൂഹിക മാധ്യമത്തിലെ കുറിപ്പ് ചര്‍ച്ചയാവുന്നതിനിടെ വൈറലായി കേസില്‍ ശിക്ഷിക്കപ്പെട്ട പ്രധാനപ്രതിയുടെ റീലുകള്‍. കൂളിംഗ് ഗ്ലാസ് ധരിച്ച്, മൊബൈലില്‍ സംസാരിച്ച് മാസ് ബിജിഎമ്മുമായുള്ള പള്‍സര്‍ സുനിയുടെ റീല്‍ വീഡിയോകള്‍ അടുത്തിടെ വൈറലായിരുന്നു. പാര്‍ക്കര്‍ ഫോട്ടോഗ്രാഫി എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് പള്‍സര്‍ സുനിയുടെ മാസ് റീലുകള്‍ തുടര്‍ച്ചയായി വരുന്നത്.
◾ ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ശബരിമല മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിന് ജാമ്യമില്ല. സുധീഷ് കുമാറിന്റെ രണ്ട് ജാമ്യാപേക്ഷകളും കൊല്ലം വിജിലന്‍സ് കോടതി തള്ളി. പാളികള്‍ കൈമാറിയതില്‍ തിരുവാഭരണം കമ്മീഷണര്‍ക്കാണ് ഉത്തരവാദിത്വമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍, ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ സുധീഷ് കുമാറിനും പങ്കുണ്ടെന്ന് പ്രോസിക്യൂഷനും വാദിച്ചു.
◾ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. രാഹുലിനെതിരെ രജിസ്റ്റര്‍ ചെയ്ത ഒന്നാമത്തെ കേസിലാണിത്. മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്. ആദ്യത്തെ പരാതിയില്‍ വിശദമായ വാദം കേള്‍ക്കുമെന്ന് കോടതി അറിയിച്ചുവെങ്കിലും വ്യാഴാഴ്ച്ചത്തേക്ക് മാറ്റുകയായിരുന്നു. അതേസമയം, കേസില്‍ രാഹുലിന്റെ അറസ്റ്റ് തടഞ്ഞ ഇടക്കാല ഉത്തരവ് തുടരും. ഇത് രാഹുലിന് താല്‍ക്കാലിക ആശ്വാസമാണ്.
◾ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതയെ സൈബര്‍ ഇടങ്ങളില്‍ അധിക്ഷേപിച്ചെന്ന കേസില്‍ സന്ദീപ് വാര്യരുടെ മുന്‍കൂര്‍ജാമ്യ വാദം കേള്‍ക്കുന്നത് നാളത്തേക്ക് മാറ്റി. രാഹുല്‍ ഈശ്വരിന്റെ വാദം ഇന്ന് വീണ്ടും കേള്‍ക്കും. അതിജീവിതയുടെ പരാതിയില്‍ സന്ദീപ് വാര്യരടക്കം ആറ് പേര്‍ക്കെതിരെയാണ് സൈബര്‍ പൊലീസ് കേസെടുത്തത്.
◾ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയോട് പത്തനംതിട്ടയിലുണ്ടാകണമെന്നും ജില്ല വിട്ടുപോവരുതെന്നും പ്രത്യേക അന്വേഷണ സംഘത്തിന്റെ നിര്‍ദ്ദേശം. ബലാത്സംഗക്കേസുകളില്‍ ഹൈക്കോടതി തീരുമാനത്തിന് ശേഷമായിരിക്കും രാഹുലിന്റെ ചോദ്യം ചെയ്യലില്‍ തീരുമാനമെടുക്കുക.
◾ അടൂര്‍ മുണ്ടപ്പള്ളിയില്‍ സ്‌കൂട്ടറില്‍ ക്ഷേത്രദര്‍ശനത്തിന് ഇറങ്ങി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. വീടിന് പുറത്തിറങ്ങിയ രാഹുലിന് പിന്നാലെ പൊലീസ് സംഘം പാഞ്ഞെത്തുകയായിരുന്നു. ഇന്നലെയാണ് അടൂരിലെ വീട്ടില്‍ രാഹുലെത്തിയത്. കേസുമായി ബന്ധപ്പെട്ട് എറണാകുളത്ത് അഭിഭാഷകരെ കണ്ടാണ് രാഹുല്‍ വീട്ടിലെത്തിയത്. തുടര്‍ന്ന് ഇന്ന് രാവിലെ ക്ഷേത്രത്തിലേക്ക് പുറപ്പെട്ട രാഹുലിന്റെ പുറകെ കാവലിലുള്ള പൊലീസ് പാഞ്ഞെത്തി. എന്നാല്‍ കുറച്ച് സമയത്തിന് ശേഷം രാഹുല്‍ തിരിച്ചെത്തുകയും ചെയ്തു.
◾ കണ്ണൂര്‍ പാനൂരില്‍ വടിവാള്‍ സംഘം അക്രമം നടത്തിയ സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകരായ പാറാട് സ്വദേശികളായ അമല്‍, ശ്രീജു, ജീവന്‍, റെനീഷ്, സച്ചിന്‍ എന്നിവരെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. രാമന്തളിയില്‍ ഗാന്ധി പ്രതിമ തകര്‍ത്ത സംഭവത്തിലും പയ്യന്നൂരില്‍ യുഡിഎഫ് ഓഫീസിനുനേരെ അക്രമം നടത്തിയ സംഭവത്തിലും പ്രതികളെ പിടികൂടിയിട്ടില്ല. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നതായി പയ്യന്നൂര്‍ പൊലീസ് പറഞ്ഞു.
◾ മലപ്പുറം വണ്ടൂര്‍ പോരൂര്‍ പഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡില്‍ പരാജയപ്പെട്ടതിന്റെ ദേഷ്യത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ഭര്‍ത്താവ് എല്‍ഡിഎഫ് പ്രവര്‍ത്തകന്റെ ബൈക്ക് അടിച്ചുതകര്‍ത്തതായി കേസ്. യുഡിഎഫ് സ്ഥാനാര്‍ഥി ബിന്‍സിയുടെ ഭര്‍ത്താവ് കെ അനൂപാണ് തോറ്റ ദേഷ്യത്തില്‍ ആക്രമണം നടത്തിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി സ്വപ്ന യുടെ വിജയാഹ്ലാദ പ്രകടനത്തിനുനേരെ പ്രകോപനം സൃഷ്ടിച്ചാണ് അനൂപ് പ്രശ്‌നം തുടങ്ങിവെച്ചത്.
◾ കണ്ണൂരില്‍ മദ്യപിച്ച് വാഹനമോടിച്ച പൊലീസുകാരനെതിരെ പൊലീസ് കേസെടുത്തു. സ്പെഷ്യല്‍ ബ്രാഞ്ച് എസ് ഐയും സിനിമാതാരവുമായ പി ശിവദാസനെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. സ്പെഷ്യല്‍ ബ്രാഞ്ച് എസ് ഐ ആയ ശിവദാസന്‍ ഓടിച്ച കാര്‍ കലുങ്കില്‍ ഇടിച്ചു അപകടമുണ്ടാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മട്ടന്നൂര്‍ പൊലീസ് കേസെടുത്തത്.
◾ എസ്എന്‍ഡിപിക്കെതിരെ ഡിവൈഎഫ്ഐ നേതാവും സിപിഎം സ്ഥാനാര്‍ത്ഥിയുടെ മകനുമായ യുവാവ് രംഗത്ത്. പത്തനംതിട്ട ഏറത്തു പഞ്ചായത്തിലെ പതിനാറാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ശോഭന ബാലന്റെ മകന്‍ അഭിജിത്ത് ബാലന്‍ ആണ് എസ്എന്‍ഡിപി ശാഖാ യോഗത്തിന്റെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ സന്ദേശമിട്ടത്. തെരഞ്ഞെടുപ്പില്‍ തോറ്റതോടെ എസ്എന്‍ഡിപി എന്ന പേരില്‍ ഇനി ആരും വീട്ടില്‍ കയറരുതെന്നാണ് ഡിവൈഎഫ്ഐ നേതാവ് കൂടിയായ അഭിജിത്തിന്റെ രോഷ പ്രകടനം. മരിച്ചാല്‍ കുഴിച്ചിടാന്‍ വരേണ്ടെന്നും വീട്ടില്‍ കൊടി കെട്ടാന്‍ വരേണ്ടെന്നുമാണ് അഭിജിത്ത് ഗ്രൂപ്പിലിട്ട സന്ദേശം.
◾ ബിജെപി സ്ഥാനാര്‍ത്ഥിയുടെ ആഹ്ലാദ പ്രകടനത്തില്‍ പങ്കെടുത്ത് നൃത്തം വെച്ചതില്‍ വിശദീകരണവുമായി സിപിഎം സ്ഥാനാര്‍ത്ഥി അഞ്ജു സന്ദീപ്. മരിക്കുന്നതുവരെ സഖാവായിരിക്കുമെന്ന് പാലക്കാട് മണ്ണാര്‍ക്കാട് നഗരസഭയിലെ 24ാം വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അഞ്ജു സന്ദീപ് വ്യക്തമാക്കി. പാര്‍ട്ടി നോക്കിയല്ല ബിജെപി സ്ഥാനാര്‍ത്ഥിയുടെ ആഹ്ലാദ പ്രകനടത്തില്‍ പങ്കെടുത്തതെന്നും വ്യക്തിപരമായ ബന്ധങ്ങള്‍ കാരണമാണ് ഒപ്പം നൃത്തം വെച്ചതെന്നും അഞ്ജു സന്ദീപ് പറഞ്ഞു.
◾ മലപ്പുറം തെന്നലയില്‍ കടുത്ത സ്ത്രീ വിരുദ്ധ പ്രസംഗവുമായി സി.പി.എം നേതാവ്. തെരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ വിവാഹം ചെയ്തു കൊണ്ടുവന്ന പെണ്‍കുട്ടികളെ മുസ്ലീം ലീഗ് രംഗത്തിറക്കിയെന്ന് സി.പി.എം മുന്‍ ലോക്കല്‍ സെക്രട്ടറി സൈയ്തലവി മജീദ് ആരോപിച്ചു. ഒരു വോട്ടിന് വേണ്ടി കെട്ടിക്കൊണ്ടു വന്ന പെണ്ണുങ്ങളെ അന്യ ആണുങ്ങളുടെ മുന്നില്‍ കാഴ്ച്ചവെക്കുകയല്ല ചെയ്യേണ്ടതെന്നും സൈയ്തലവി മജീദ് അധിക്ഷേപിച്ചു.
◾ വളാഞ്ചേരിയില്‍ കൊലവിളി പ്രസംഗവുമായി യൂത്ത് ലീഗ് പ്രാദേശിക നേതാവ് ശിഹാബുദ്ദീന്‍. മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെ കയ്യോങ്ങിയാല്‍ ആ കൈകള്‍ വെട്ടി മാറ്റുമെന്നാണ് ശിഹാബുദ്ദീന്‍ എന്ന ബാവ വെല്ലുവിളിച്ചത്. തല്ലിയവരെ തിരിച്ചു തല്ലാതെ പോവില്ലെന്നും വീട്ടില്‍ കയറി കാല്‍ തല്ലിയൊടിക്കുമെന്നും ശിഹാബുദ്ദീന്‍ പറയുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ നിരവധിയിടങ്ങളിലാണ് കൊലവിളി പ്രസംഗവും ആക്രമണവും നടക്കുന്നത്.
◾ യുഡിഎഫ് വിജയം ആഘോഷിക്കുന്നതിനിടെ പടക്കം പൊട്ടി മരിച്ച മുസ്ലിം ലീഗ് പ്രവര്‍ത്തകന് നാടിന്റെ വിട. താന്‍ ഏറെ സ്‌നേഹിച്ച പാര്‍ട്ടിയുടെ വിജയം മനം നിറഞ്ഞൊന്ന് ആഘോഷിക്കാനായിരുന്നു ലീഗ് പ്രവര്‍ത്തകനായ ഇര്‍ഷാദ് ശനിയാഴ്ച സ്‌കൂട്ടറുമെടുത്ത് പുളിക്കല്‍ പറവൂര്‍ റോഡിലേക്ക് ഇറങ്ങി തിരിച്ചത്. എന്നാല്‍ ചെറുകാവിലെ യുഡിഎഫ് വിജയാഘോഷത്തിനിടെ തന്റെ സ്‌കൂട്ടറില്‍ സൂക്ഷിച്ചിരുന്ന പടക്കം അപ്രതീക്ഷിതമായി പൊട്ടിത്തെറിച്ചാണ് ഇര്‍ഷാദ് മരണപ്പെട്ടത്.
◾ ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണിന്റെ സഹോദരന്‍ ഷാജി ബേബി ജോണ്‍ അന്തരിച്ചു. 65 വയസ്സായിരുന്നു. ബെംഗളൂരുവിലെ മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഭൗതിക ശരീരം നാളെ കൊല്ലത്ത് എത്തിക്കും.
◾ മൂന്നു രാജ്യങ്ങളിലേക്ക് നാല് ദിവസം നീണ്ടു നില്‍ക്കുന്ന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്ര തിരിച്ചു. ജോര്‍ദ്ദാനിലാണ് മോദിയുടെ ആദ്യ സന്ദര്‍ശനം. രാവിലെ പത്തുമണിയോടെയാണ് മോദി ജോര്‍ദ്ദാനിലേക്ക് പുറപ്പെട്ടത്. ജോര്‍ദ്ദാന്‍ കൂടാതെ എത്യോപ്യ, ഒമാന്‍ എന്നീ രാജ്യങ്ങളും മോദി സന്ദര്‍ശിക്കുന്നുണ്ട്. അതേസമയം ജോര്‍ദ്ദാനിലെത്തുന്ന നരേന്ദ്ര മോദി, അബ്ദുള്ള രണ്ടാമന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തും.
◾ നിതിന്‍ നബീന്‍ ജനുവരിയില്‍ പുതിയ ബിജെപി അദ്ധ്യക്ഷനായി ചുമതലയേറ്റേക്കും.നബീന്റെ നിയമനം അപ്രതീക്ഷിതം എന്ന് പാര്‍ട്ടി നേതാക്കള്‍ വിലയിരുത്തുന്നു.ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗം ചേര്‍ന്നാണ് നിതിന്‍ നബീനെ ഈ സ്ഥാനത്തേക്ക് നിയമിക്കാന്‍ നിശ്ചയിച്ചത്.നാല്പത്തഞ്ചുകാരനായ നിതിന്‍ നബീനെ നിശ്ചയിച്ചതു വഴി യുവാക്കളെ നേതൃത്വത്തിലേക്ക് കൊണ്ടുവരാന്‍ മടിയില്ലെന്ന സന്ദേശം ബിജെപി പ്രകടമാക്കുകയാണ്.
◾ വോട്ട് ചോരി റാലിയിലെ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു. മോദിയുടെ ശവക്കുഴി തോണ്ടുമെന്ന് പറഞ്ഞത് കൊല്ലുമെന്നുള്ള ഭീഷണിപ്പെടുത്തലാണെന്നും ഇത്തരം തരംതാഴ്ന്ന പരാമര്‍ശങ്ങള്‍ അംഗീകരിക്കില്ലെന്നും രാഹുല്‍ ഗാന്ധിയും, മല്ലികാര്‍ജുന്‍ ഖര്‍ഗെയും മാപ്പ് പറയണമെന്നും കേന്ദ്രമന്ത്രി കിരണ്‍ റിജിജു ആവശ്യപ്പെട്ടു. വോട്ട് കൊള്ള ആരോപണം ഉന്നയിച്ചുള്ള പ്രചാരണം ശക്തമാക്കിക്കൊണ്ടാണ് ദില്ലി രാംലീല മൈതാനത്ത് ഇന്നലെ കൂറ്റന്‍ റാലി നടന്നത്.
◾ ഹോങ്കോങിലെ ജനാധിപത്യ പാര്‍ട്ടികള്‍ ചൈനീസ് ഏകാധിപത്യത്തിന്റെ ഭീഷണിക്ക് മുന്നില്‍ അടിയറവു പറഞ്ഞു. ചൈനീസ് സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഹോങ്കോങ്ങിലെ അവസാനത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയും പിരിച്ച് വിടാനുള്ള വോട്ടെടുപ്പ് ഞായറാഴ്ച്ച നടന്നു. വോട്ടെടുപ്പില്‍ 97 ശതമാനം പേരും വോട്ട് രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിച്ചു. ഭൂരിപക്ഷം പേരും പിരിച്ച് വിടലിന് അനുകൂലമായി വോട്ട് ചെയ്തെന്ന് റോയിറ്റേഴ്സ് റിപ്പോര്‍ട്ടു ചെയ്തു.
◾ യുഎഇയില്‍ ഞായറാഴ്ച പെയ്തത് കനത്ത മഴ. ഇടിയോടു കൂടിയ കനത്ത മഴയും മിന്നലും രാജ്യത്ത് അനുഭവപ്പെട്ടു. അസ്ഥിരമായ കാലാവസ്ഥയെക്കുറിച്ച് ദേശീയ കാലാവസ്ഥാ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. മഴ തുടരുന്ന സാഹചര്യത്തില്‍ സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പും അബുദാബി പൊലീസും ദുബൈ പൊലീസും പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
◾ അര്‍ജന്റീന നായകന്‍ ലിയോണല്‍ മെസിയുടെ ദില്ലി സന്ദര്‍ശനം വൈകുന്നു. ദില്ലിയിലെ കനത്ത മൂടല്‍മഞ്ഞുകാരണം മെസി ഡല്‍ഹിയിലെത്തേണ്ട വിമാനത്തിന് ഇതുവരെ മുംബൈയില്‍ നിന്ന് പുറപ്പെടാനായിട്ടില്ല. ഉച്ചക്ക് രണ്ടരയോടെ ദില്ലിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലെത്തുമെന്ന് കരുതിയിരുന്ന മെസി വൈകിട്ട് നാലു മണിയോടെ മാത്രമെ എത്തൂവെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍.
◾ സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന. 600 രൂപയാണ് ഇന്ന് പവന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണ വില സര്‍വകാല റെക്കോഡ് ആയ 98,800 രൂപയായി. ഒരു ഗ്രാമിന് ഗാമിന് 75 രൂപയാണ് ഇന്ന് വര്‍ധിച്ചത്. 12,350 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്നത്തെ വില. 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 60 രൂപയും ഉയര്‍ന്നും. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 10,215 രൂപയായി. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 60 രൂപ വര്‍ധിച്ച് 10,155 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 50 രൂപ വര്‍ധിച്ച് 7,910 രൂപയും 9 കാരറ്റിന് ഗ്രാമിന് 30 രൂപ വര്‍ധിച്ച് 5,100 രൂപയിലുമാണ് ഇന്ന് വ്യാപാരം. ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയതിന് ഒപ്പം യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് കുറച്ചതും സ്വര്‍ണവിലയെ സ്വാധീനിച്ചു. രാജ്യാന്തര വിപണിയില്‍ ഔണ്‍സിന് 26 ഡോളറാണ് സ്വര്‍ണത്തിന് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു ഔണ്‍സ് സ്വര്‍ണത്തിന്റെ വില 4,326 ഡോളറായി. ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ എല്ലാം ചേര്‍ത്ത് 1,01,817 രൂപയാകും.
◾ ഇന്‍സ്റ്റാഗ്രാം തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സുതാര്യതയും നിയന്ത്രണവും നല്‍കുന്നതിനായി 'യുവര്‍ ആല്‍ഗോരിതം' എന്ന പുതിയ എഐ അധിഷ്ഠിത ഫീച്ചര്‍ അവതരിപ്പിച്ചു. പ്രധാനമായും 'റീല്‍സ്' ഫീഡിനെ ലക്ഷ്യമിട്ടാണ് ഈ മാറ്റം. താല്‍പ്പര്യങ്ങള്‍ കാലക്രമേണ മാറുന്നതിനനുസരിച്ച്, ഉപയോക്താക്കള്‍ കാണുന്ന ഉള്ളടക്കത്തിന്മേല്‍ കൂടുതല്‍ നിയന്ത്രണം നല്‍കുകയാണ് പുതിയ ഫീച്ചറിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. 'യുവര്‍ ആല്‍ഗോരിതം' എന്ന ഫീച്ചര്‍ വഴി, ഒരു ഉപയോക്താവിന് തങ്ങളുടെ റീല്‍സ് ഫീഡിന് രൂപം നല്‍കുന്ന വിഷയങ്ങള്‍ കാണാനും, അതില്‍ മാറ്റങ്ങള്‍ വരുത്താനും സാധിക്കും. ഇന്‍സ്റ്റാഗ്രാം ആപ്പിലെ വലത് ഭാഗത്ത് മുകളിലായിരിക്കും 'യൂവര്‍ ആല്‍ഗോരിതം' എന്ന ടാബ് കാണാന്‍ സാധിക്കുക. ഉപയോക്താവിന്റെ സമീപകാല പ്രവര്‍ത്തനങ്ങള്‍ അടിസ്ഥാനമാക്കി എഐ ജനറേറ്റ് ചെയ്ത താല്‍പ്പര്യങ്ങളുടെ ഒരു സംഗ്രഹം ഇതില്‍ ഉണ്ടാകും. നിലവില്‍ റീല്‍സ് ഫീച്ചറില്‍ മാത്രമാണ് ഇതിന്റെ സേവനം എങ്കിലും, ഭാവിയില്‍ എക്സ്പ്ലോര്‍ വിഭാഗത്തിലും സമാനമായ സുതാര്യതാ ടൂളുകള്‍ അവതരിപ്പിക്കാന്‍ ഇന്‍സ്റ്റാഗ്രാം പദ്ധതിയിടുന്നുണ്ട്.
◾ അര്‍ജുന്‍ അശോകനും ശ്രീനാഥ് ഭാസിയും ഷറഫുദ്ദീനും ഒന്നിച്ചെത്തിയ 'ഖജുരാഹോ ഡ്രീംസ്' റിലീസ് കേന്ദ്രങ്ങളിലെല്ലാം മികച്ച അഭിപ്രായങ്ങളോടെ മുന്നേറുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ ഖജുരാഹോ രേ എന്ന് തുടങ്ങുന്ന ആഘോഷ ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. ഗോപി സുന്ദര്‍ ഈണമിട്ട ഗാനം എഴുതിയിരിക്കുന്നത് ദീപക് വിജയനും ബി കെ ഹരിനാരായണനും ചേര്‍ന്നാണ്. അന്‍വര്‍ സാദത്ത്, മൊഹമ്മദ് മഖ്ബൂല്‍ മന്‍സൂര്‍, സച്ചിന്‍ രാജ് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. അഞ്ച് ആത്മാര്‍ത്ഥ സുഹൃത്തുക്കളുടെ ജീവിതവും അവരുടെ രസകരമായൊരു യാത്രയുമാണ് 'ഖജുരാഹോ ഡ്രീംസ്'. ധ്രുവനും അതിഥി രവിയും ചിത്രത്തില്‍ ശ്രദ്ധേയ വേഷങ്ങളിലുണ്ട്. സിനിമയില്‍ കഥാപാത്രങ്ങളുടെ പ്രകടനങ്ങള്‍ തന്നെയാണ് ഹൈലൈറ്റ്. നവാഗതനായ മനോജ് വാസുദേവ് സംവിധാനം ചെയ്തിരിക്കുന്നു.
◾ നിവിന്‍ പോളിയുടെ ആദ്യ വെബ് സീരിസ് 'ഫാര്‍മ' ട്രെയിലര്‍ എത്തി. കെ.പി. വിനോദ് എന്ന മെഡിക്കല്‍ റെപ്രസന്റേറ്റീവിന്റെ ജീവിതത്തിന്റെ വിവിധ കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ഈ മെഡിക്കല്‍ ഡ്രാമയില്‍ ബിനു പപ്പു, നരേന്‍, മുത്തുമണി, ശ്രുതി രാമചന്ദ്രന്‍, വീണ നന്ദകുമാര്‍, അലേഖ് കപൂര്‍ തുടങ്ങിയ മികച്ച താരനിരയും അണിനിരക്കുന്നു. സിരീസ് സംവിധാനം ചെയ്യുന്നത് ഫൈനല്‍സ് എന്ന ചിത്രമൊരുക്കി ശ്രദ്ധേയനായ പി.ആര്‍. അരുണ്‍ ആണ്. അഭിനന്ദന്‍ രാമാനുജം ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിരീസിന് സംഗീതം പകരുന്നത് ജേക്സ് ബിജോയ് ആണ്. എഡിറ്റിങ് ശ്രീജിത് സാരംഗ്. ചില സര്‍പ്രൈസ് കാസ്റ്റിങും സിരീസില്‍ ഉണ്ടാകും. സിരീസ് ജിയോ ഹോട്ട്സ്റ്റാറില്‍ ഡിസംബര്‍ 19 മുതല്‍ സ്ട്രീമിങ് ആരംഭിക്കും.
◾ ടൊയോട്ട ഇന്നോവയുടെ ഏറ്റവും പുതിയ മോഡലായ ഇന്നോവ ഹൈക്രോസ് സ്വന്തമാക്കി ദിലീപ്. 7 സീറ്റര്‍, 8 സീറ്റര്‍ മോഡലുകളിലെത്തുന്ന ഇന്നോവ ഹൈക്രോസിന് 19.77 ലക്ഷം മുതല്‍ 30.98 ലക്ഷം രൂപ വരെയാണ് വില. വെള്ള നിറമാണ് കാറിനായി ദിലീപ് തിരഞ്ഞെടുത്തിരിക്കുന്നത്. ഇന്നോവയുടെ അഞ്ചാം തലമുറ വാഹനമായ ഹൈക്രോസില്‍ 2.0 ലീറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനൊപ്പം സ്‌ട്രോങ് ഹൈബ്രിഡ് ഇലക്ട്രിക് സിസ്റ്റവും ഉള്‍പ്പെടുത്തിയിരുന്നു. ഇതു രണ്ടും ചേര്‍ന്ന് 184ബിഎച്ച്പി കരുത്താണ് വാഹനത്തിന് നല്‍കുന്നത്. ഇസിവിടി ഓട്ടമാറ്റിക് ഗിയര്‍ബോക്‌സാണ് എന്‍ജിനുമായി ബന്ധിപ്പിച്ചിരിക്കുന്നത്. ഹൈബ്രിഡ് സംവിധാനത്തിന്റെ കൂടി സഹായത്തില്‍ ലീറ്ററിന് 23.34 കീലോമീറ്റര്‍ ഇന്ധനക്ഷമതയും ഈ എംപിവിക്ക് ലഭിക്കുന്നുണ്ട്. ഹൈബ്രിഡ് സംവിധാനമില്ലാത്ത 2.0 ലീറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിന്‍ മാത്രമായും ഹൈക്രോസ് ടൊയോട്ട പുറത്തിറക്കുന്നുണ്ട്. ഈ മോഡല്‍ 173 ബിഎച്ച്പി കരുത്തും പരമാവധി 209 എന്‍എം ടോര്‍ക്കും പുറത്തെടുക്കും. സിവിടി ഓട്ടമാറ്റിക് ഗിയര്‍ബോക്‌സാണ് എന്‍ജിനുമായി ചേര്‍ത്തിരിക്കുന്നത്. ഇന്ധനക്ഷമത ലീറ്ററിന് 16.13 കീലോമീറ്റര്‍.
◾ നടനകലയെ സംബന്ധിക്കുന്ന വിശകലനങ്ങളും ഓര്‍മ്മകളും അനുഭവങ്ങളുമാണ് അഭിനയം അനുഭവം. നാടകപ്രവര്‍ത്തകനായും നാടകപഠിതാവായും നിന്നുകൊണ്ട് പി. ബാലചന്ദ്രന്‍ നടത്തിയ ഇടപെടലുകള്‍ ഈ പുസ്തകത്തെ കൂടുതല്‍ സൂക്ഷ്മമാക്കുന്നു. ചലച്ചിത്രനടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ നിലകകളില്‍ക്കൂടി പ്രസിദ്ധനായ പി. ബാലചന്ദ്രന്‍ നാടകാഭിനയത്തിന്റെ സൈദ്ധാന്തികവശങ്ങളും മലയാളത്തിലെ അതിപ്രശസ്തരായ പല നാടകകൃത്തുക്കളുടെയും നാടകപ്രവര്‍ത്തകരുടെയും ഒപ്പം പ്രവര്‍ത്തിച്ച അനുഭവങ്ങളും രേഖപ്പെടുത്തുന്ന ഈ ലേഖനസമാഹാരം വരുംതലമുറയ്ക്കുള്ള പാഠപുസ്തകംകൂടിയാണ്. അഭിനയത്തെ തീരാത്ത പരീക്ഷണങ്ങള്‍ക്കുള്ള അവസരമായിക്കണ്ട ഒരു കലാകാരന്റെ അറിവുകളും അനുഭവങ്ങളും അലയടിക്കുന്ന പുസ്തകം. 'അഭിനയം അനുഭവം'. പി.ബാലചന്ദ്രന്‍. മാതൃഭൂമി. വില 153 രൂപ.
◾ രാവിലെയും വൈകുന്നേരവും ബ്രഷ് ചെയ്താലും ചിലര്‍ക്ക് വായിലെ ദുര്‍ഗന്ധം മാറില്ല. വിട്ടുമാറാത്ത ഈ വായ്നാറ്റം ചില ആരോഗ്യ പ്രശ്നങ്ങളുടെ സൂചനയാകാം. ഏതാണ്ട് 80 ശതമാനം ആളുകളിലും വായ ബ്രഷ് ചെയ്യുന്നതിലൂടെയും ഫ്ലോസ് ചെയ്യുന്നതിലൂടെയും കഴുകുന്നതിലൂടെയും വായ്നാറ്റം മാറാറുണ്ട്. എന്നാല്‍ പോസ്റ്റ്-നേസല്‍ ഡ്രിപ്പ്, ടോണ്‍സില്‍ സ്റ്റോണ്‍സ് അല്ലെങ്കില്‍ സൈനസൈറ്റിസ് എന്നിവ മൂലമുണ്ടാകുന്ന ദുര്‍ഗന്ധം പല്ല് തേക്കുന്നതിലൂടെ ഇല്ലാതാവില്ല. ഗ്യാസ്‌ട്രോ ഈസോഫേഷ്യല്‍ റിഫ്‌ലക്‌സ് എന്ന രോഗം കുടലിലെ ആസിഡുകളുടെ റിഫ്‌ലക്‌സിന് കാരണമാവുക മാത്രമല്ല, പല്ലുകളുടെ തേയ്മാനത്തിനും വായ്‌നാറ്റത്തിനും കാരണമാകാം. ഡയബറ്റിക് കീറ്റോ ആസിഡോസിസ് എന്ന രോഗമുള്ളവര്‍ക്കും വായനാറ്റം ഉണ്ടാകാം. മോണരോഗമുള്ളവരിലും വായനാറ്റം പതിവായിരിക്കും. മോണയുടെ അടിഭാഗത്ത് പ്ലാക്കും ടാര്‍ട്ടറും അടിഞ്ഞുകൂടുമ്പോള്‍, ബാക്ടീരിയകള്‍ ദുര്‍ഗന്ധമുള്ള സള്‍ഫര്‍ സംയുക്തങ്ങള്‍ ഉണ്ടാക്കും. ഇത് സാധാരണ പല്ലു വൃത്തിയാക്കുന്നതിനിടെ മാറില്ല, പ്രൊഫഷണല്‍ ക്ലീനിങ് ആവശ്യമായി വരും. പല്ലുകള്‍ വൃത്തിയാക്കുമ്പോള്‍ വിട്ടു പോകുന്ന ഒരു ഭാഗമാണ് നാവ്. ദശലക്ഷക്കണക്കിന് ബാക്ടീരിയകള്‍ നാവിലുണ്ട്. പ്രത്യേകിച്ച് അതിന്റെ പരുക്കന്‍ പിന്‍ഭാഗത്ത്. പല്ല് തേക്കുമ്പോള്‍ നാവും ശരിയായി വൃത്തിയാക്കാതിരുന്നാല്‍ ഇത് ഭക്ഷണാവശിഷ്ടങ്ങള്‍, നിര്‍ജ്ജീവ കോശങ്ങള്‍, ബാക്ടീരിയകള്‍ എന്നിവ അടിഞ്ഞു കൂടി ദുര്‍ഗന്ധം പുറപ്പെടുവിക്കുന്നു. കൂടാതെ നിര്‍ജ്ജലീകരണം, സമ്മര്‍ദം, ചില മരുന്നുകള്‍, വായിലൂടെ ശ്വാസമെടുക്കല്‍ എന്നിവ കാരണം ഉമിനീര്‍ ഉത്പാദനം കുറയുന്നത് വായ വരണ്ടതാക്കാം. ഇത് ദുര്‍ഗന്ധമുണ്ടാക്കുന്ന ബാക്ടീരിയകള്‍ പെരുകാന്‍ കാരണമാകും. കൃത്യമായ ഇടവേളകളില്‍ ദന്തപരിശോധന നടത്തുന്നത് വായിലെ അവസ്ഥ വിലയിരുത്താന്‍ സഹായിക്കും.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 90.66, പൗണ്ട് - 121.22, യൂറോ - 106.42, സ്വിസ് ഫ്രാങ്ക് - 113.79, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 60.32, ബഹറിന്‍ ദിനാര്‍ - 240.52, കുവൈത്ത് ദിനാര്‍ -295.56, ഒമാനി റിയാല്‍ - 235.81, സൗദി റിയാല്‍ - 24.17, യു.എ.ഇ ദിര്‍ഹം - 24.70, ഖത്തര്‍ റിയാല്‍ - 24.90, കനേഡിയന്‍ ഡോളര്‍ - 65.92.
Tags:
KERALA