2025 | ഡിസംബർ 10 | ബുധൻ
1201 | വൃശ്ചികം 24 | മകം
◾ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസില്‍ ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. എല്ലാ തിങ്കളാഴ്ചയും രാവിലെ 10നും 11നും ഇടക്ക് അന്വേഷണ ഉദ്യോഗസ്ഥക്ക് മുന്നില്‍ എത്തി ഒപ്പിടണം. രാഹുലിനെ അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണം എന്നിങ്ങനെയാണ് ഉപാധികള്‍. വിശദമായ വാദം കേട്ട് മൂന്നു ദിവസം കഴിഞ്ഞാണ് വിധി വന്നിരിക്കുന്നത്. കൂടാതെ രാഹുല്‍ മാങ്കൂട്ടത്തിനെതിരെ പൊലീസ് കൂടുതല്‍ വകുപ്പുകള്‍ ചുമത്തുകയും ചെയ്തിട്ടുണ്ട്. പിന്തുടര്‍ന്ന് ശല്യപ്പെടുത്തുക, തടഞ്ഞുവയ്ക്കുക, അതിക്രമിച്ചു കയറുക എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
◾ രണ്ടാമത്തെ ബലാത്സംഗ കേസില്‍ ഉപാധികളോടെ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ നാളെ പാലക്കാട് എത്തുമെന്ന് സൂചന. നാളെ വോട്ട് ചെയ്യാന്‍ ഒളിവിലുള്ള രാഹുല്‍ എത്തുമെന്നാണ് വിവരം. പാലക്കാട് നഗരസഭയിലെ കുന്നത്തൂര്‍മേട് സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളിലാണ് രാഹുലിന് വോട്ട്.
◾ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ പീഡന പരാതി നല്‍കിയ യുവതിക്കെതിരെ സൈബര്‍ അധിക്ഷേപം നടത്തിയെന്ന കേസില്‍ കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യര്‍ക്ക് താല്‍കാലിക ആശ്വാസം. കേസില്‍ പൊലീസ് റിപ്പോര്‍ട്ട് വന്നിട്ടില്ലെന്നും റിപ്പോര്‍ട്ട് വരുന്നത് വരെ അറസ്റ്റ് ചെയ്യില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. സൈബര്‍ ഇടത്തില്‍ പരാതിക്കാരിയെ അധിക്ഷേപിച്ചെന്ന കേസില്‍ പ്രതിയാണ് സന്ദീപ് വാര്യര്‍.
◾ സര്‍വ്വകലാശാലകളിലെ വിസി നിയമന തര്‍ക്കത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറും നിയമമന്ത്രി പി രാജീവും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ധാരണയായില്ല. വിട്ടുവീഴ്ചക്കില്ലെന്ന് വ്യക്തമാക്കി ഗവര്‍ണറും സര്‍ക്കാരും നിലപാട് സ്വീകരിച്ചതോടെയാണ് അനുനയ നീക്കം പാളിയത്. താന്‍ നിശ്ചയിച്ച വിസിമാര്‍ യോഗ്യരെന്ന് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ നിലപാടെടുത്തു. ചര്‍ച്ചക്ക് മുഖ്യമന്ത്രി വരാത്തത് എന്തുകൊണ്ടാണെന്നും മുഖ്യമന്ത്രി മുന്‍ഗണനാക്രമം നിശ്ചയിച്ചത് എങ്ങനെ എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയില്ലെന്നും ഗവര്‍ണര്‍ മന്ത്രിമാരോട് പറഞ്ഞു.
◾ ശബരിമല സ്വര്‍ണക്കൊള്ളയിലെ കേസ് രേഖകള്‍ വേണമെന്നുമുള്ള ആവശ്യത്തില്‍ ഉറച്ച് ഇഡി. കള്ളപ്പണ ഇടപാട് അന്വേഷിക്കുന്നതിനാണ് ഇഡിയുടെ നീക്കം. ഇത് കള്ളപ്പണം വെളുപ്പിക്കല്‍ കേസാണെന്നും അന്വേഷണം നടത്തി സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ അധികാരമുണ്ടെന്നും കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ ഇഡി പറയുന്നു. എന്നാല്‍, രഹസ്യ സ്വഭാവത്തോടെയാണ് അന്വേഷണമെന്നും രേഖകള്‍ നല്‍കാന്‍ പാടില്ലെന്നുമാണ് എസ്ഐടിയുടെ നിലപാട്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇഡി വിജിലന്‍സ് കോടതിയെ സമീപിച്ചത്. സര്‍ക്കാരിന്റെ ഭാഗം കൂടി കേട്ട ശേഷമേ രേഖകള്‍ കൈമാറുന്ന കാര്യത്തില്‍ തീരുമാനിക്കാവൂ എന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
◾ വീര സവര്‍ക്കര്‍ പുരസ്‌കാരം ശശി തരൂര്‍ ഏറ്റുവാങ്ങുന്നതില്‍ കോണ്‍ഗ്രസില്‍ കടുത്ത എതിര്‍പ്പ്. പുരസ്‌ക്കാരം ഏറ്റുവാങ്ങുന്നത് പാര്‍ട്ടിയോട് ആലോചിക്കാതെയാണെന്നാണ് കോണ്‍ഗ്രസ് നിലപാട്. എച്ച്ആര്‍ഡിഎസ് ഇന്ത്യ സംഘടിപ്പിക്കുന്ന പരിപാടിയില്‍ രാജ്നാഥ് സിംഗാണ് പുരസ്‌ക്കാരങ്ങള്‍ സമ്മാനിക്കുക. അതിനിടെ, കോണ്‍ഗ്രസ് വിമര്‍ശനം ശക്തമായതോടെ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് തരൂരിന്റെ ഓഫീസ് അറിയിച്ചു.
◾ വീര്‍ സവര്‍ക്കര്‍ അവാര്‍ഡിന് തന്നെ തിരഞ്ഞെടുത്ത കാര്യം മാധ്യമങ്ങളില്‍ നിന്നാണ് അറിഞ്ഞതെന്ന് ശശി തരൂര്‍ എം പി. ഇന്നലെ കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി പോയപ്പോഴാണ് ഇക്കാര്യം താന്‍ അറിഞ്ഞത്. ഇതേക്കുറിച്ച് തനിക്ക് അറിയില്ലെന്നും താനിത് സ്വീകരിച്ചിട്ടില്ലെന്നും തന്റെ അറിവോ സമ്മതമോ ഇല്ലാതെ സംഘാടകര്‍ തനിക്ക് അവാര്‍ഡ് സമ്മാനിക്കുമെന്ന് പറഞ്ഞത് നിരുത്തരവാദപരമാണെന്നും ഇന്നലെ തിരുവനന്തപുരത്ത് വച്ച് തന്നെ മാധ്യമങ്ങളോട് പറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.
◾ തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിങ്ങിനിടെ കിഴക്കമ്പലത്ത് മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ കേസെടുത്ത് പൊലീസ്. സിപിഎം പ്രാദേശിക നേതാവ് ബിജു ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസെടുത്തത്. സംഘം ചേര്‍ന്ന് കയ്യേറ്റം ചെയ്തതിനും അസഭ്യം പറഞ്ഞതിനുമാണ് കേസ്. തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിങ്ങിനിടെയായിരുന്നു കയ്യേറ്റം
◾ കൊട്ടിക്കലാശത്തില്‍ മാരകായുധങ്ങളുമായി യുഡിഎഫ് പ്രവര്‍ത്തകര്‍. മലപ്പുറം തെന്നലയിലെ കൊട്ടിക്കലാശത്തിലാണ് മരം മുറിക്കുന്ന വാളുകളുമായി പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്. മരംമുറിക്കുന്ന വാളും യന്ത്രവും പ്രവര്‍ത്തിപ്പിച്ചായിരുന്നു ഇന്നലത്തെ കൊട്ടിക്കലാശം. തെന്നല പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡിലെ കൊട്ടിക്കലാശത്തിലാണ് സംഭവം. നടപടിയില്‍ പൊലീസില്‍ പരാതി നല്‍കാനൊരുങ്ങുകയാണ് സിപിഎം.
◾ തദ്ദേശ തെരഞ്ഞെടുപ്പിനിടെ തിരുവനന്തപുരം വഞ്ചിയൂരില്‍ കള്ളവോട്ട് ആരോപിച്ച് ബിജെപി പ്രവര്‍ത്തകരും ട്രാന്‍സ്ജെന്‍ഡേഴ്‌സും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ കേസെടുത്ത് പൊലീസ്. ബിജെപി പ്രവര്‍ത്തകരും ട്രാന്‍സ്ജെന്‍ഡേഴ്‌സും നല്‍കിയ പരാതികളിലായി മൂന്ന് കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്നലെ വഞ്ചിയൂരില്‍ പോളിങ് ബൂത്തിന് മുന്നിലാണ് ബിജെപി പ്രവര്‍ത്തകരും ട്രാന്‍സ്ജെന്‍ഡേഴ്‌സും തമ്മില്‍ കള്ളവോട്ട് ആരോപിച്ച് സംഘര്‍ഷമുണ്ടായത്.
◾ ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലില്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എസ്ഐടി സംഘത്തിന് മൊഴി നല്‍കും. അറിയാവുന്ന കാര്യങ്ങളെല്ലാം പറയുമെന്ന് ചെന്നിത്തല വ്യക്തമാക്കി. തനിക്ക് വിവരം നല്‍കിയ ആളെയും ചോദ്യം ചെയ്യട്ടെ എന്നും രമേശ് ചെന്നിത്തല പറഞ്ഞു. കോടതിയില്‍ രഹസ്യ മൊഴി നല്‍കാനും ഈ വ്യവസായി തയ്യാറാണ്. മുമ്പ് മറ്റു ചില വിഷയങ്ങളില്‍ വ്യവസായി നല്‍കിയ വിവരങ്ങള്‍ സത്യമായിരുന്നു. സ്വര്‍ണ്ണം അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ അമൂല്യ പുരാവസ്തുവായി വിറ്റു എന്നാണ് വ്യവസായി തന്നോട് പറഞ്ഞതെന്നും രമേശ് ചെന്നിത്തല വെളിപ്പെടുത്തി.
◾ നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയ ആറു പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ ലഭിക്കണമെന്ന് ആവശ്യപ്പെടാന്‍ പ്രോസിക്യൂഷന്‍. ശിക്ഷിക്കപ്പെട്ട മുഴുവന്‍ പ്രതികള്‍ക്കും പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെടും. സമൂഹത്തിന് പാഠമാകുന്ന ശിക്ഷ ഉറപ്പാക്കണമെന്ന് വിചാരണക്കോടതിയെ അറിയിക്കും. വെളളിയാഴ്ച കോടതി പരിഗണിക്കുമ്പോള്‍ പ്രോസിക്യൂഷന്‍ ഇക്കാര്യം ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.
◾ നടിയെ ആക്രമിച്ച കേസില്‍, ദിലീപിനെ പിന്തുണച്ച് രംഗത്തെത്തിയ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെതിരെ മന്ത്രി വി. ശിവന്‍കുട്ടി. കോണ്‍ഗ്രസിന്റെ ഒരു മുഖമായ അടൂര്‍ പ്രകാശില്‍ നിന്നുമുണ്ടായത് നിന്ദ്യവും നീചവും ഒരിക്കലും പാടില്ലാത്ത പ്രസ്താവനയാണെന്നും തെരെഞ്ഞെടുപ്പില്‍ ഇത് ജനം ചര്‍ച്ചചെയ്യുമെന്നും ശിവന്‍കുട്ടി തുറന്നടിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന പ്രത്യാശയും ശിവന്‍കുട്ടി പ്രകടിപ്പിച്ചു.
◾ നടിയെ ആക്രമിച്ച കേസില്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റേത് നിരുത്തരവാദപരമായ പ്രതികരണമെന്ന് കെ മുരളീധരന്‍. ഇത്രയധികം രാഷ്ട്രീയ പാരമ്പര്യം ഉള്ളയാള്‍ ഇങ്ങനെ പറയാന്‍ പാടില്ലായിരുന്നു. എന്തുകൊണ്ട് അങ്ങനെ പറഞ്ഞു എന്ന് മനസ്സിലാകുന്നില്ല. എതിരാളികള്‍ക്ക് അടിക്കാന്‍ വടി കൊടുത്തത് പോലെയായി. അദ്ദേഹം അത് ചെയ്യരുതായിരുന്നു. യുഡിഫ് യോഗം വിളിച്ചു കൂട്ടലാണ് കണ്‍വീനറുടെ ജോലിയെന്നും അദ്ദേഹം പറഞ്ഞു.
◾ കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതി കേസിലെ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യുന്നത് സംബന്ധിച്ച നിലപാടില്‍ മറുപടി നല്‍കാന്‍ ഹൈക്കോടതിയില്‍ കൂടുതല്‍ സമയം തേടി. ഈ മാസം 17നകം മറുപടി നല്‍കാമെന്നാണ് സിംഗിള്‍ ബെഞ്ചിനെ അറിയിച്ചത്. കശുവണ്ടി ഇറക്കുമതി അഴിമതിയില്‍ പ്രതികളായ കോണ്‍ഗ്രസ് നേതാവ് ആര്‍ ചന്ദ്രശേഖരന്‍, മുന്‍ എം ഡി, കെ. എ രതീഷ് എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി വേണമെന്നാണ് സിബിഐയുടെ ആവശ്യം.
◾ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ വിമര്‍ശനവുമായി സിപിഐ നേതാവ് വിഎസ് സുനില്‍കുമാര്‍. ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ വോട്ടുചെയ്ത സുരേഷ് ഗോപിയും കുടുംബവും തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത് തിരുവനന്തപുരത്താണെന്നും ഇതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി പറയണമെന്നും വിഎസ് സുനില്‍ കുമാര്‍ പറഞ്ഞു.
◾ ട്വന്റി 20ക്കെതിരെ ഒന്നിച്ചത് 25 പാര്‍ട്ടികളുടെ സഖ്യമാണെന്ന് ട്വന്റി 20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ്. ട്വന്റി 20യെ ഇല്ലാതാക്കലായിരുന്നു ഇരു മുന്നണികളുടെയും ലക്ഷ്യം. ക്യാമറ നിരീക്ഷണം ഏര്‍പ്പെടുത്താനുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയില്ല. ക്യാമറ കൈകാര്യം ചെയ്യേണ്ടവര്‍ക്കുള്ള പാസുകള്‍ മുക്കി. കണ്ണൂര്‍ മോഡലില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചു. എല്‍ഡിഎഫും- യുഡിഎഫും സംയുക്തമായാണ് മത്സരിച്ചത്. ശ്രീനിജന്‍ എംഎല്‍എയുടെ നേതൃത്വത്തിലാണ് ഈ സഖ്യം പ്രവര്‍ത്തിച്ചതെന്നും സാബു എം ജേക്കബ് പറഞ്ഞു.
◾ സംവിധായകന്‍ പി ടി കുഞ്ഞുമുഹമ്മദിന് എതിരായ കേസില്‍ പരാതിക്കാരിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. മജിസ്ട്രേറ്റിന് മുന്നില്‍ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനായി പൊലീസ് ഇന്ന് അപേക്ഷ നല്‍കും. ഐഎഫ്എഫ്കെയ്ക്ക് വേണ്ടിയുള്ള സിനിമ തിരഞ്ഞെടുപ്പിനിടെ ജൂറി ചെയര്‍മാനായ കുഞ്ഞുമുഹമ്മദ് ഹോട്ടലില്‍ വെച്ച് സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പെരുമാറിയെന്നാണ് സംവിധായകയുടെ പരാതി.
◾ വ്യാജരേഖയുണ്ടാക്കി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തെന്ന പരാതിയില്‍ മലപ്പുറം പുളിക്കലില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്. 16-ാം വാര്‍ഡ് സ്ഥാനാര്‍ത്ഥി കെ ഒ നൗഫല്‍ മൂന്നാം പ്രതിയാണ്. സിപിഎം പ്രവര്‍ത്തകന്റെ മകളുടെ വോട്ടു ചേര്‍ക്കാന്‍ കൃത്രിമം കാട്ടിയെന്നാണ് പൊലീസില്‍ ലഭിച്ച പരാതി.
◾ മലയാറ്റൂരില്‍ 19കാരി ചിത്രപ്രിയയുടെ മരണം കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചു. ആണ്‍സുഹൃത്ത് അലന്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. സംശയത്തെ തുടര്‍ന്ന് കല്ലു കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ബംഗളൂരുവില്‍ പഠിക്കുന്ന പെണ്‍കുട്ടിക്ക് അവിടെ ആണ്‍സുഹൃത്ത് ഉള്ളതായി അലന്‍ സംശയിച്ചു. പെണ്‍കുട്ടിയുടെ ഫോണില്‍ മറ്റൊരു ആണ്‍സുഹൃത്തുമായുള്ള ചിത്രങ്ങളും അലന്‍ കണ്ടു. തുടര്‍ന്നാണ് കൊലപ്പെടുത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതോടെയാണ് ചോദ്യം ചെയ്തു വിട്ടയച്ച അലനെ പോലീസ് വീണ്ടും വിളിപ്പിച്ചത്. കൊലപാതകം മദ്യ ലഹരിയില്‍ ആയിരുന്നു എന്നും പോലീസ് വ്യക്തമാക്കി.
◾ വോട്ടുകൊള്ളയ്ക്കെതിരെ വന്‍ ജനകീയ പ്രക്ഷോഭം ഉയര്‍ന്നു വരുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. ജയിലില്‍ പോകാന്‍ മടിയില്ലെന്നും തെരഞ്ഞെടുപ്പ് പരിഷ്‌ക്കരണങ്ങളെക്കുറിച്ച് ലോക്സഭയില്‍ നടക്കുന്ന ചര്‍ച്ചയില്‍ കെസി വേണുഗോപാല്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്പക്ഷമാകണം എന്ന ലക്ഷ്യത്തോടെയാണ് കമ്മീഷനെ നിശ്ചയിക്കാനുള്ള സമിതിയില്‍ ചീഫ് ജസ്റ്റിസ് കൂടി വേണം എന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചത്. എന്നാല്‍ ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി നിയമം കൊണ്ടു വന്നത് തെരഞ്ഞെടുപ്പ് കമ്മീഷനെ നിയന്ത്രിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമാണെന്നും കെസി വേണുഗോപാല്‍ ആരോപിച്ചു.
◾ ഇന്‍ഡിഗോ വിമാനക്കമ്പനി നേരിടുന്ന പ്രതിസന്ധിയില്‍ പൈലറ്റ്സ് അസോസിയേഷന് നോട്ടീസ് നല്‍കി പാര്‍ലമെന്റ് സമിതി. ഉടന്‍ സമിതിക്ക് മുന്‍പിലെത്തുമെന്ന് അസോസിയേഷന്‍ അറിയിച്ചു. പ്രതിസന്ധി ആരംഭിച്ച ശേഷം ഇതുവരെ 4600 വിമാനങ്ങള്‍ റദ്ദാക്കിയതായി ഇന്‍ഡിഗോ അറിയിച്ചു. സര്‍വീസ് റദ്ദാക്കുകയാണെങ്കില്‍ 6 മണിക്കൂര്‍ മുന്‍പെങ്കിലും യാത്രക്കാര്‍ക്ക് വിവരം നല്‍കണമെന്നാണ് ഇന്‍ഡിഗോക്ക് നല്‍കിയ നിര്‍ദ്ദേശം. വ്യോമയാനമന്ത്രാലയം ഉദ്യോഗസ്ഥര്‍ വിമാനത്താവളങ്ങളില്‍ പരിശോധന തുടങ്ങി.
◾ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ തള്ളി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പൊതുയോഗത്തില്‍ കേന്ദ്ര സര്‍ക്കുലര്‍ കീറിയെറിഞ്ഞാണ് മമത പ്രതിഷേധിച്ചത്. കൂച്ച് ബെഹാറില്‍ നടന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ റാലിയിലാണ് പുതിയ എംജിഎന്‍ആര്‍ഇജിഎ മാനദണ്ഡങ്ങള്‍ വിവരിക്കുന്ന കേന്ദ്ര സര്‍ക്കുലര്‍ മമത കീറിയെറിഞ്ഞത്. പുതിയ മാനദണ്ഡങ്ങള്‍ അപമാനകരമാണെന്നാണ് മമത ബാനര്‍ജിയുടെ നിലപാട്. ദില്ലിയുടെ ഔദാര്യം തേടാതെ ബംഗാള്‍ സ്വന്തം നിലയില്‍ തൊഴിലുറപ്പ് പദ്ധതി തുടരുമെന്ന് മമത പറഞ്ഞു.
◾ ഒഡിഷയില്‍ സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവത്തിന് പിന്നാലെ കലാപം പൊട്ടിപ്പുറപ്പെട്ടു. മാല്‍ക്കാന്‍ഗിരി ജില്ലയിലാണ് രണ്ട് സമുദായങ്ങള്‍ക്കിടയില്‍ വലിയ സംഘര്‍ഷാവസ്ഥ ഉണ്ടായത്. ഇതോടെ സാമൂഹ്യ മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം നീട്ടി. വ്യാജ വാര്‍ത്തകളും പ്രകോപനം സൃഷ്ടിക്കുന്ന സന്ദേശങ്ങളും പ്രചരിക്കുന്നത് തടയാനാണ് ജില്ലയില്‍ നിരോധനം ഏര്‍പ്പെടുത്തിയത്.
◾ സംസ്ഥാനത്തെ എംഎല്‍എമാര്‍ക്കുള്ള പ്രതിമാസ ശമ്പളം മൂന്ന് മടങ്ങിലേറെ വര്‍ധിപ്പിച്ച് ഒഡിഷ സര്‍ക്കാര്‍. 1.11 ലക്ഷത്തില്‍ നിന്ന് 3.45 ലക്ഷമായാണ് വര്‍ധിപ്പിച്ചത്. 2024 ജൂണ്‍ മാസം മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ശമ്പള വര്‍ധനവിന് അംഗീകാരം നല്‍കിയത്. ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് പാര്‍ലമെന്ററികാര്യ മന്ത്രി മുകേഷ് മഹാലിംഗ് അവതരിപ്പിച്ച ബില്ലിന് നിയമസഭ ഐകകണ്ഠേന അംഗീകാരം നല്‍കുകയായിരുന്നു.
◾ 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിക്കുന്ന ലോകത്തെ ആദ്യ രാജ്യമായി മാറി ഓസ്‌ട്രേലിയ. നിരോധനം പ്രാബല്യത്തില്‍ വന്നു. ഓസ്ട്രേലിയയില്‍ നിന്നുള്ള 25 ലക്ഷത്തോളം കൗമാരക്കാര്‍ ഇതോടെ സമൂഹ മാധ്യമങ്ങള്‍ക്ക് പുറത്തായി. നിരോധനം മറികടന്ന് കുട്ടികള്‍ക്ക് ആപ്പുകള്‍ ലഭ്യമാക്കിയാല്‍ കമ്പനികള്‍ക്ക് കൂറ്റന്‍ പിഴ ചുമത്തും. ലോകത്തിന് ഓസ്‌ട്രേലിയ മാതൃക ആവുകയാണെന്നാണ് ഇതേക്കുറിച്ച് പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് പ്രതികരിച്ചത്.
◾ ന്യൂയോര്‍ക്ക് സിറ്റി മേയറായി തിരഞ്ഞെടുക്കപ്പെട്ട സൊഹ്‌റാന്‍ മംദാനി, തന്റെ വാടകവീട്ടില്‍ നിന്ന് താമസം മാറ്റുന്നു. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ന്യൂയോര്‍ക്ക് നഗരത്തിലെ മിക്ക മേയര്‍മാരും ഉപയോഗിച്ചിരുന്ന ഔദ്യോഗിക വസതിയായ ഗ്രേസി മാന്‍ഷനിലേക്കാണ് താമസം മാറുന്നത്. കുടുംബത്തിന്റെ സുരക്ഷയും മേയര്‍ എന്ന നിലയില്‍ തന്റെ മുന്‍ഗണനകളും കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് മംദാനി പ്രതികരിച്ചു.
◾ ഇന്ത്യയിലേക്ക് ബഹുരാഷ്ട്ര കമ്പനികളുടെ നിക്ഷേപ ഒഴുക്ക് തുടരുന്നു. 2030നുള്ളില്‍ രാജ്യത്ത് 35 ബില്യന്‍ ഡോളര്‍ (ഏകദേശം 3.14 ലക്ഷം കോടി രൂപ) നിക്ഷേപിക്കുമെന്ന് ആമസോണ്‍. ഏഷ്യയില്‍ കമ്പനി നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണിത്. മൂന്ന് വിഭാഗങ്ങളിലായിരിക്കും നിക്ഷേപം. എ.ഐ അധിഷ്ഠിതമായ ഡിജിറ്റല്‍ വത്കരണമാണ് ആദ്യത്തേത്. നേരത്തെ, 12.7 ബില്യന്‍ ഡോളറിന്റെ നിക്ഷേപം ആമസോണ്‍ പ്രഖ്യാപിച്ചിരുന്നു. മഹാരാഷ്ട്രയിലും തെലങ്കാനയിലും ഡാറ്റ സെന്ററുകള്‍ സ്ഥാപിച്ച് എ.ഐ, വെബ് സേവനങ്ങള്‍ മെച്ചപ്പെടുത്താനായിരുന്നു കമ്പനിയുടെ ലക്ഷ്യം. ഇന്നത്തെ പ്രഖ്യാപനത്തോടെ നിക്ഷേപം 35 ബില്യന്‍ ഡോളറായി വര്‍ധിച്ചു. 2010 മുതല്‍ കമ്പനി രാജ്യത്ത് നടത്തിയത് 40 ബില്യന്‍ ഡോളര്‍ (ഏകദേശം 3.59 ലക്ഷം കോടി രൂപ) നിക്ഷേപമാണെന്നും കണക്കുകള്‍ പറയുന്നു. യു.എസ് കമ്പനികളായ മൈക്രോസോഫ്റ്റ് 17.5 ബില്യന്‍ ഡോളറും ഗൂഗ്ള്‍ 15 ബില്യന്‍ ഡോളറും ഇന്ത്യയില്‍ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. സൗത്ത് ഇന്ത്യയില്‍ ഒരുലക്ഷം കോടി രൂപയോളം നിക്ഷേപിക്കുമെന്ന് ട്രംപ് ഗ്രൂപ്പും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
◾ ബജറ്റ് വിലയില്‍ എ.ഐ സേവനങ്ങളുമായി ഗൂഗ്ള്‍. പ്രതിമാസം 399 രൂപ നിരക്കില്‍ ഗൂഗ്ള്‍ എ.ഐ പ്ലസ് പ്ലാന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. നിലവില്‍ പ്രതിമാസം 1,950 രൂപ വില വരുന്ന എ.ഐ പ്രോ പ്ലാനും 24,500 രൂപ വിലയുള്ള എ.ഐ അള്‍ട്രാ പ്ലാനുമാണ് ഗൂഗ്‌ളിനുള്ളത്. പ്രതിമാസം 399 രൂപ നിരക്കില്‍ ചാറ്റ് ജി.പി.ടിയുടെ ഗോ പ്ലാനും ഇന്ത്യയില്‍ ലഭ്യമാണ്. പ്രതിമാസം 399 രൂപയാണ് നിശ്ചയിച്ചിരിക്കുന്നതെങ്കിലും പുതിയ ഉപയോക്താക്കള്‍ക്ക് 199 രൂപ നിരക്കില്‍ പ്ലാന്‍ ലഭിക്കും. ആദ്യ ആറുമാസമാണ് ഈ ഓഫറുള്ളത്. കുടുംബത്തിലെ അഞ്ച് അംഗങ്ങളുമായി പ്ലാന്‍ പങ്കുവെക്കാനും ഓപ്ഷനുണ്ട്. ഇന്ന് മുതല്‍ പ്ലാനില്‍ ചേരാനുള്ള അവസരമുണ്ട്. ഗൂഗ്ള്‍ പ്രോ പ്ലാനില്‍ ചേരാനായി ആദ്യം ജെമിനി ആപ്പ് ഓപ്പണ്‍ ചെയ്ത് വലതുവശത്ത് മുകളിലായി കാണുന്ന പ്രൊഫൈല്‍ പിക്ചറില്‍ ക്ലിക്ക് ചെയ്യണം. ഇവിടെ ജെമിനി പ്രോ പ്ലാനിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനുള്ള ഒരു ബട്ടണ്‍ ഇവിടെ കാണാം. അതില്‍ ക്ലിക്ക് ചെയ്യണം. ഇപ്പോള്‍ നിങ്ങള്‍ 199 രൂപയുടെ ഗൂഗ്ള്‍ എ.ഐ പ്ലസ് പ്ലാന്‍ തിരഞ്ഞെടുക്കാനുള്ള ഒരു വിന്‍ഡോയിലെത്തും. ഇവിടെ ഗൂഗ്ള്‍ എ.ഐ പ്ലസ് ബട്ടണില്‍ ക്ലിക്ക് ചെയ്യണം. ആവശ്യമായ വിവരങ്ങള്‍ നല്‍കിയ ശേഷം പണമടക്കുക.
◾ അനശ്വര രാജന്‍ അഭിനയിച്ച സ്പോട്സ് ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന 'ചാമ്പ്യന്‍' എന്ന തെലുങ്ക് ചിത്രം ക്രിസ്മസ് റിലീസായി ഡിസംബര്‍ 25ന് തിയറ്ററുകളില്‍ എത്തും. പടത്തിലെ പുതിയ ഗാനം റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. മിക്കി ജെ മേയര്‍ ആണ് ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. റിതേഷ് ജി റാവു, മനീഷ ഈരബത്തിനി എന്നിവര്‍ ആലപിച്ച ഗാനത്തിന് വരികള്‍ എഴുതിയത് ചന്ദ്രബോസ് ആണ്. ആതാ സന്ദീപ് ആണ് ഡാന്‍ഡ് കൊറിയോഗ്രാഫര്‍. റോഷന്‍ ആണ് ചിത്രത്തില്‍ അനശ്വാര രാജന്റെ നായകനായി എത്തുന്നത്. തനി നാട്ടുംപുറത്തുകാരിയായാണ് അനശ്വര ചിത്രത്തില്‍ എത്തുന്നത്. ദേശീയ അവാര്‍ഡ് ജേതാവായ പ്രദീപ് അദ്വൈതം ആണ് സംവിധാനം ചെയ്യുന്ന പിരീഡ് സ്പോര്‍ട്സ് ഡ്രാമയാണ് ചാമ്പ്യന്‍. ശക്തമായ ഇച്ഛാശക്തിയുള്ള തീവ്ര ഫുട്ബോള്‍ കളിക്കാരനായാണ് റോഷന്‍ ചിത്രത്തില്‍ എത്തുന്നത്.
◾ മമ്മൂട്ടി, വിനായകന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിന്‍ കെ ജോസ് സംവിധാനം നിര്‍വഹിച്ച കളങ്കാവല്‍ 50 കോടി ക്ലബില്‍. റിലീസ് ചെയ്ത് നാലു ദിനം കൊണ്ടാണ് ചിത്രം ആഗോള ഗ്രോസ് ആയി 50 കോടി പിന്നിട്ടത്. ഏറ്റവും വേഗത്തില്‍ 50 കോടി ക്ലബില്‍ ഇടം പിടിച്ച മമ്മൂട്ടി ചിത്രമെന്ന റെക്കോര്‍ഡും ഇതിലൂടെ കളങ്കാവല്‍ സ്വന്തമാക്കി. ഭീഷ്മപര്‍വം, കണ്ണൂര്‍ സ്‌ക്വാഡ്, ഭ്രമയുഗം, ടര്‍ബോ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം 50 കോടി ക്ലബില്‍ ഇടം പിടിച്ച മമ്മൂട്ടി ചിത്രം കൂടിയാണ് കളങ്കാവല്‍. ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ ജോസും ചേര്‍ന്ന് തിരക്കഥ രചിച്ച കളങ്കാവല്‍, മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിച്ച ഏഴാമത്തെ ചിത്രം കൂടിയാണ്. കുപ്രസിദ്ധമായ സയനൈഡ് മോഹന്‍ കേസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയ ചിത്രം ആദ്യാവസാനം പ്രേക്ഷകരെ ത്രില്ലടിപ്പിച്ചു കൊണ്ടാണ് തകര്‍പ്പന്‍ വിജയം നേടുന്നത്. ആദ്യ നാല് ദിനം കൊണ്ട് കേരളത്തില്‍ നിന്ന് മാത്രം നേടിയത് 18.5 കോടിക്ക് മുകളിലാണ്. റസ്റ്റ് ഓഫ് ഇന്ത്യ മാര്‍ക്കറ്റില്‍ നിന്ന് 4 കോടിയും പിന്നിട്ട് കുതിക്കുന്ന ചിത്രം വിദേശത്തു നിന്നും നേടിയത് 27 കോടിയോളമാണെന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
◾ ഡേറ്റോണ 660 ന് ഒരു ലക്ഷം രൂപ ഫ്ലാറ്റ് ക്യാഷ് ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്ത് ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ്. ഈ ഓഫര്‍ നിലവില്‍ രാജ്യത്തുടനീളമുള്ള തിരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകളില്‍ ലഭ്യമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രയംഫ് ഡേറ്റോണ 660 യുടെ വെള്ള നിറമുള്ള വേരിയന്റിന് 9.88 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. ചുവപ്പ് / കറുപ്പ് നിറമുള്ള വേരിയന്റിന് 10.03 ലക്ഷം രൂപയില്‍ നിന്നും എക്സ്-ഷോറൂം വില ആരംഭിക്കുന്നു. ഇപ്പോള്‍ ഒരുലക്ഷം ക്യാഷ് ഡിസ്‌കൗണ്ടിന് ശേഷം, ബൈക്കിന്റെ വില വളരെ മത്സരാധിഷ്ഠിതമായി മാറിയിരിക്കുന്നു. ഡേറ്റോണ 660 യുടെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ 660 സിസി ഇന്‍ലൈന്‍-ട്രിപ്പിള്‍ എഞ്ചിനാണ്. ഈ എഞ്ചിന്‍ അതിന്റെ സെഗ്മെന്റില്‍ സവിശേഷമാണ്. ഈ എഞ്ചിന്‍ 95 എച്ച്പിയും 69 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. സ്ലിപ്പ് ആന്‍ഡ് അസിസ്റ്റ് ക്ലച്ചുമൊത്തുള്ള 6-സ്പീഡ് ഗിയര്‍ബോക്‌സുമായി ഇത് ജോടിയാക്കിയിരിക്കുന്നു.
◾ പുന്നപ്ര വയലാറിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട നോവല്‍. മാര്‍ക്‌സിസം ഏറ്റവും മികച്ച പ്രായോഗിക പ്രത്യയശാസ്ത്രമാണെന്നും ഇന്നും നമ്മുടെ കാലഘട്ടത്തിന്റെ തത്വചിന്തയാണെന്നുമുള്ള വിശ്വാസത്തെ മുറുകെപ്പിടിക്കുമ്പോഴും സംഘടനയുടെ അപചയത്തെ നോവലിസ്റ്റ് വിമര്‍ശിക്കുന്നു. 'ബൂര്‍ഷ്വാ ജനാധിപത്യത്തിന്റെ നേട്ടങ്ങളില്‍ ഭ്രമിച്ച് പ്രസ്ഥാനത്തെ വലതുപക്ഷ അവസരവാദികളുടെ അമ്മാനച്ചെപ്പാക്കിമാറ്റിയ നേതൃത്വത്തെ എതിര്‍ത്തുകൊണ്ട് സ്വാതന്ത്യത്തെ മുറുകെപ്പിടിക്കുന്ന സഖാക്കളാണ് ഇതിലെ കഥാപാത്രങ്ങള്‍. രാഷ്ട്രീയ മൂല്യത്തകര്‍ച്ചയുടെ വിമര്‍ശനാത്മകമായ ആഖ്യാനം. 'രക്ത പുഷ്പാഞ്ജലി'. പി വി തമ്പി. മനോരമ ബുക്സ്. വില 275 രൂപ.
◾ കൊളസ്ട്രോളിനെ അത്ര വില്ലനായി കാണെണ്ടതില്ലെന്ന് പറയുകയാണ് പ്രമുഖ കാര്‍ഡിയോളജിസ്റ്റ് ഡോ. അലോക് ചോപ്ര. നമ്മുടെ ശരീരത്തിന് ആവശ്യമായ ഒന്നാണ് കൊളസ്ട്രോള്‍. പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിന് കൊളസ്ട്രോള്‍ ശരീരത്തിന് നിര്‍ണായകമാണ്. അണുബാധ നിയന്ത്രിക്കുന്നതിനും ബാക്ടീരിയ നിര്‍ജ്ജീവമാക്കുന്നതിനുമൊക്കെ കൊളസ്ട്രോള്‍ സഹായിക്കുന്നു. മാത്രമല്ല, എയ്ഡ്‌സിന്റെയും അല്‍ഷിമേഴ്‌സിന്റെയും മാറ്റങ്ങള്‍ കുറയ്ക്കുന്നതിനും കൊളസ്ട്രോള്‍ ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. മിക്കയാളുകളും ചിന്തിക്കുന്നത് ഭക്ഷണത്തിലൂടെയാണ് കൊളസ്ട്രോള്‍ ശരീരത്തിലുണ്ടാവുന്നതെന്നാണ്. എന്നാല്‍ ഏതാണ്ട് 85 ശതമാനം കൊളസ്ട്രോളും ശരീരം സ്വയം ഉല്‍പാദിപ്പിക്കുന്നതാണ്. ശരീരം സ്വയം ഉല്‍പാദിപ്പിക്കുന്നതിനെ വില്ലനായി കാണെണ്ടതുണ്ടോ എന്നും അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ ചോദിക്കുന്നു. അതുപോലെ, ശരീരത്തിലെ കൊളസ്ട്രോളിന്റെ നില ഒരിക്കലും സ്ഥിരമായിരിക്കണമെന്നില്ല. വ്യത്യസ്ത സമയങ്ങളിലും സീസണുകളിലും വര്‍ഷം മുഴുവന്‍ കൊളസ്ട്രോള്‍ നില മാറിക്കൊണ്ടിരിക്കാമെന്നും അദ്ദേഹം പറയുന്നു. ശൈത്യകാലത്ത് കൊളസ്ട്രോള്‍ അളവു കൂടാനും വേനല്‍ക്കാലത്ത് കുറയുകയും ചെയ്യാം. അതുപോലെ അണുബാധയ്ക്ക് ശേഷം കൊളസ്ട്രോള്‍ വര്‍ധിച്ചുവെന്ന് വരാം. ശസ്ത്രക്രിയയ്ക്ക് ശേഷം അല്ലെങ്കില്‍ ദന്ത ചികിത്സയ്ക്ക് ശേഷം, മാനസിക സമ്മര്‍ദമുള്ളപ്പോഴൊക്കെ കൊളസ്ട്രോള്‍ കൂടാം. എന്നാല്‍ വിശ്രമിക്കുന്ന സമയത്ത് കൊളസ്ട്രോള്‍ കുറയുകയും ചെയ്യുമെന്ന് അദ്ദേഹം പറയുന്നു. അതൊണ്ട് തന്നെ ഒരിക്കല്‍ പരിശോധിച്ച ചെയ്ത ഫലം ജീവിതകാലം മുഴുവന്‍ അതേ രീതിയില്‍ തുടരുമെന്ന് വിശ്വസിക്കരുതെന്നും അദ്ദേഹം പറയുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 89.93, പൗണ്ട് - 119.77, യൂറോ - 104.78, സ്വിസ് ഫ്രാങ്ക് - 111.77, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 59.81, ബഹറിന്‍ ദിനാര്‍ - 238.54, കുവൈത്ത് ദിനാര്‍ -292.88, ഒമാനി റിയാല്‍ - 233.84, സൗദി റിയാല്‍ - 23.96, യു.എ.ഇ ദിര്‍ഹം - 24.46, ഖത്തര്‍ റിയാല്‍ - 24.63, കനേഡിയന്‍ ഡോളര്‍ - 64.92.
Tags:
KERALA