◾ തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഏഴു ജില്ലകളിലും കനത്ത പോളിങ്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിരയാണുള്ളത്. ഉച്ചയോടെ ആകെ പോളിങ് ശതമാനം 50 ശതമാനം കഴിഞ്ഞുവെന്നാണ് വിവരം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.
◾ യുഡിഎഫിന് ഐതിഹാസിക തിരിച്ചുവരവുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വോട്ട് ചെയ്തശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ യുഡിഎഫിന്റെ തിരിച്ചു വരവിന് കാത്തിരിക്കുകയാണ്. അയ്യപ്പന്റെ സ്വര്‍ണം കവര്‍ന്നവരെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നും ഉന്നതരിലേക്ക് അന്വേഷണം പോകാതിരിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടെന്നും തെരഞ്ഞെടുപ്പ് കഴിയും വരെ ഉന്നതരെ ചോദ്യം ചെയ്യാതിരിക്കാന്‍ സമ്മര്‍ദമുണ്ടെന്നും വിഡി സതീശന്‍ ആരോപിച്ചു.
◾ എല്‍ഡിഎഫ് ചരിത്ര വിജയം നേടുമെന്നും മികച്ച മുന്നേറ്റമുണ്ടാക്കുമെന്നും സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. തദ്ദേശ തെരഞെടുപ്പില്‍ പൊതുവെ മികച്ച മുന്നേറ്റം ഇടതനുകൂലമായി ഉണ്ടാകാറുണ്ട്. അത് തന്നെ ഇത്തവണയും പ്രതീക്ഷിക്കുകയാണ്.പൊതു രാഷ്ട്രീയ സ്ഥിതി ചര്‍ച്ചയാകും. വര്‍ഗീയതക്കെതിരെയുള്ള ജനവിധിയാണ് പ്രതീക്ഷിക്കുന്നത്. ശബരിമല സ്വര്‍ണ്ണക്കൊള്ള ചര്‍ച്ചയാകുമെന്നും ഇടതുമുന്നണിക്ക് ഇക്കാര്യത്തില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
◾ നിര്‍ണായകമായ തെരഞ്ഞെടുപ്പാണെന്ന് വോട്ട് ചെയ്തശേഷം ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. നാടിന്റെ ഒരു മാറ്റത്തിനായി വോട്ട് ചെയ്യണമെന്നും നാടിന് ഗുണം ചെയ്യുന്ന കാര്യത്തിനായി വോട്ട് ചെയ്യണമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
◾ തെരഞ്ഞെടുപ്പ് ദിവസം ശാസ്തമംഗലം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥിയും മുന്‍ ഡിജിപിയുമായ ആര്‍ ശ്രീലേഖ പ്രീ പോള്‍ സര്‍വേ ഫലം പങ്കുവച്ചത് പെരുമാറ്റ ചട്ട ലംഘനമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ബന്ധപ്പെട്ട അധികൃതര്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കും എന്ന് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎയ്ക്ക് മുന്‍തൂക്കം എന്ന സര്‍വേ ഫലമാണ് ആര്‍ ശ്രീലേഖ പങ്കുവച്ചത്. സി ഫോര്‍ സര്‍വേ പ്രീ പോള്‍ ഫലം എന്ന പേരിലാണ് ഇന്ന് രാവിലെ പോസ്റ്റര്‍ പങ്കുവച്ചത്.
◾ ബിജെപി സ്ഥാനാര്‍ത്ഥിയും മുന്‍ ഡിജിപിയുമായ ആര്‍ ശ്രീലേഖയുടെ 'പ്രീ പോള്‍ സര്‍വേ' പോസ്റ്റ് വിവാദത്തില്‍. പോസ്റ്റിനെതിരെ നടപടി എടുക്കുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ വ്യക്തമാക്കി. സൈബര്‍ പൊലീസിന് റിപ്പോര്‍ട്ട് ചെയ്തെന്നും പോസ്റ്റ് ഗൗരവമായി കാണുന്നുവെന്നും കമ്മീഷന്‍ അറിയിച്ചു. അതേസമയം, വിവാദമായതോടെ ശ്രീലേഖ പോസ്റ്റ് ഡിലീറ്റ് ചെയ്തു.
◾ തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപി തിലകം അണിയുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വികസനം ഉയര്‍ത്തിയുള്ള ബിജെപിയുടെ പ്രചാരണത്തില്‍ ജനങ്ങളില്‍ നിന്ന് അനുകൂല പ്രതികരണം ഉണ്ടായിട്ടുണ്ടെന്നും തിരുവനന്തപുരത്ത് കേവല ഭൂരിപക്ഷമാണോ മികച്ച ഭൂരിപക്ഷമാണോയെന്ന് ജനങ്ങള്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
◾ വോട്ടെടുപ്പ് ദിനത്തില്‍ എറണാകുളം മൂവാറ്റുപുഴ താലൂക്കിലെ പാമ്പാക്കുട പഞ്ചായത്തിലെ പത്താം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സിഎസ് ബാബു മരിച്ചതിനെ തുടര്‍ന്ന് പാമ്പാക്കുട പഞ്ചായത്തിലെ പത്താം വാര്‍ഡിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. ഇന്ന് പുലര്‍ച്ചെ 2.30ന് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പിറവം മര്‍ച്ചന്റ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റാണ് സിഎസ് ബാബു.
◾ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തിട്ടില്ലാത്തതിനാല്‍ നടന്‍ മമ്മൂട്ടി ഇത്തവണയും തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യില്ല. പനമ്പിള്ളി നഗറില്‍ നിന്നും എളംകുളത്തേക്ക് മമ്മൂട്ടിയും കുടുംബവും താമസം മാറിയിരുന്നു. ഭാര്യ സുല്‍ഫത്തിന്റെ വോട്ട് പനമ്പിള്ളി നഗറിലെ വോട്ടര്‍ പട്ടികയില്‍ ഉണ്ട്. എന്നാല്‍ മമ്മൂട്ടിയുടെ പേര് ഇല്ല. സാധാരണ മിക്കവാറും എല്ലാ തെരഞ്ഞെടുപ്പുകളിലും തിരക്കുകള്‍ മാറ്റിവച്ച് വോട്ട് ചെയ്യാന്‍ മമ്മൂട്ടി എത്താറുണ്ട്.
◾ കേരളത്തില്‍ എസ്ഐആര്‍ നടപടികള്‍ രണ്ടു ദിവസത്തേക്ക് കൂടി നീട്ടാന്‍ നിര്‍ദ്ദേശം നല്‍കി സുപ്രീംകോടതി. രണ്ടാഴ്ചത്തേക്ക് നടപടി നീട്ടണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. കോടതി നിര്‍ദ്ദേശപ്രകാരം എന്യുമറേഷന്‍ ഫോം തിരികെ വാങ്ങുന്നതിനുള്ള സമയം 18 വരെ നീട്ടിയിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
◾ നടിയെ ആക്രമിച്ച കേസില്‍ തനിക്കെതിരായ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യവുമായി നിയമ നടപടിക്കൊരുങ്ങി നടന്‍ ദിലീപ്. അന്വേഷണ സംഘം മുഖ്യമന്ത്രിയെ ഉള്‍പ്പെടെ തെറ്റിദ്ധരിപ്പിച്ചുവെന്നും ഉദ്യോഗസ്ഥര്‍ അവരുടെ നേട്ടത്തിനായി തന്നെ ബലിയാടാക്കിയെന്നുമാണ് ദിലീപ് പറയുന്നത്. ഇക്കാര്യത്തില്‍ വിധി പകര്‍പ്പ് ലഭിച്ചശേഷം തുടര്‍നടപടി സ്വീകരിക്കാനാണ് ദിലീപിന്റെ നീക്കം.
◾ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന് നീതി കിട്ടിയെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. കലാകാരന്‍ എന്ന നിലയില്‍ മാത്രമല്ല, വ്യക്തിയെന്ന നിലയിലും ദിലീപിനെ സംബന്ധിച്ചിടത്തോളം നീതി ലഭ്യമായി എന്നും ദിലീപുമായി അടുത്ത ബന്ധമുണ്ടെന്നും വ്യക്തിപരമായി സന്തോഷമുണ്ടെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. സര്‍ക്കാര്‍ അറസ്റ്റ് രാഷ്ട്രീയനേട്ടത്തിന് ഉപയോഗിച്ചുവെന്നും സര്‍ക്കാര്‍ അപ്പീല്‍ പോകുമെന്ന് പറയുന്നത് സര്‍ക്കാരിന് മറ്റു പണിയൊന്നുമില്ലാത്തതു കൊണ്ടാണെന്നും ആരെ ദ്രോഹിക്കാനുണ്ട് എന്നുള്ളതാണ് സര്‍ക്കാര്‍ നോക്കുന്നതെന്നും സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം എന്ത് വേണമെങ്കിലും കെട്ടിച്ചമച്ചുണ്ടാക്കാന്‍ പറ്റുന്നതാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
◾ നടി ആക്രമിക്കപ്പെട്ട കേസ് പ്രോസിക്യൂഷന്‍ നന്നായി കൈകാര്യം ചെയ്തുവെന്നും നിയമപരമായ പരിശോധന നടത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അതിജീവിതയ്ക്ക് എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കിയെന്നും ഇനിയും അത് തുടരുമെന്നും അടൂര്‍ പ്രകാശിന്റെ പ്രസ്താവന യുഡിഎഫ് നിലപാടാണെന്നും പൊതുസമൂഹം അങ്ങനെ ചിന്തിക്കുന്നില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം തനിക്കെതിരേ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഗുഢാലോചന നടന്നൂവെന്ന നടന്‍ ദിലീപിന്റെ ആരോപണം അദ്ദേഹത്തിന്റെ തോന്നല്‍ മാത്രമാണെന്നും സ്വയം ന്യായീകരിക്കാന്‍ പറയുന്നതാണന്നെും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
◾ അടൂര്‍ പ്രകാശിനെ തള്ളി കെപിസിസി. കോണ്‍ഗ്രസ് അതിജീവിതക്കൊപ്പമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പ്രതികരിച്ചു. അടൂര്‍ പ്രകാശിന്റെ പ്രതികരണം വ്യക്തിപരമെന്ന് എംഎം ഹസനും പറഞ്ഞു. കോണ്‍ഗ്രസ് വേട്ടക്കാരന് ഒപ്പമല്ലെന്നായിരുന്നു മുതിര്‍ന്ന കോണ്‍??ഗ്രസ് നേതാവും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയുടെ പ്രതികരണം. മുന്നണിയുടെ പേരില്‍ അഭിപ്രായം വേണ്ടെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍ വ്യക്തമാക്കി. അതിജീവിതയ്ക്ക് നീതി കിട്ടിയില്ലെന്ന തോന്നലുണ്ടെങ്കില്‍ അപ്പീല്‍ പോകാമെന്ന് മുരളീധരന്‍ അഭിപ്രായപ്പെട്ടു. എന്നും എപ്പോഴും അതിജീവിതക്ക് ഒപ്പമെന്നായിരുന്നു വിഎം സുധീരന്റെ പ്രതികരണം.
◾ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന് നീതി ലഭിച്ചുവെന്ന യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ പ്രസ്ഥാവന അങ്ങേയറ്റം സ്ത്രീവിരുദ്ധമായ പ്രതികരണമാണെന്ന് മന്ത്രി വീണാ ജോര്‍ജ്. അവള്‍ക്കൊപ്പം തുടര്‍ന്നും ഉണ്ടാകുമെന്നും അടൂര്‍ പ്രകാശിന്റെ പ്രസ്ഥാനത്തിന്റെ സ്ത്രീവിരുദ്ധതയാണ് കണ്ടതെന്നും കോണ്‍ഗ്രസിന്റെ സ്ത്രീവിരുദ്ധതയാണ് വാക്കുകളിലൂടെ വ്യക്തമാകുന്നതെന്നും നടി അനുഭവിച്ച പീഡനവും അവര്‍ എടുത്ത നിശ്ചയദാര്‍ഢ്യത്തോടെയുള്ള നിലപാടാണ് പോരാട്ടങ്ങളെ മുന്നോട്ടു നയിച്ചതെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
◾ ദിലീപിന് നീതി കിട്ടിയെന്ന് അടൂര്‍ പ്രകാശ് പറഞ്ഞത് കോണ്‍ഗ്രസിന്റെ നിലപാടായിരിക്കുമെന്ന് വി. ശിവന്‍കുട്ടി വിമര്‍ശിച്ചു. അത് ശരിയാണോയെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും സര്‍ക്കാര്‍ അതിജീവിതയ്ക്ക് ഒപ്പമാണെന്നും സര്‍ക്കാര്‍ അപ്പീല്‍ പോകാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കോടതി വിധിയെ മാനിക്കാതിരിക്കാന്‍ കഴിയുമോയെന്നും ഒരു നിരപരാധിയും ശിക്ഷിക്കപ്പെടാന്‍ പാടില്ലെന്നും നടനും എം എല്‍ എയുമായ മുകേഷ് പറഞ്ഞു. വിധി പകര്‍പ്പു ലഭിച്ചശേഷമെ കൂടുതല്‍ കാര്യം പറയാനാകുവെന്നും ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ അപ്പീല്‍ പോകുന്നതിലൊക്കെ സര്‍ക്കാര്‍ തന്നെ തീരുമാനം പറയുമെന്നും മുകേഷ് പറഞ്ഞു.
◾ അടൂര്‍ പ്രകാശിന്റെ പ്രസ്താവനയോടെ യുഡിഎഫ് അതിജീവിതക്കൊപ്പം അല്ലെന്ന് വ്യക്തമായെന്ന് പി രാജീവ് പറഞ്ഞു. കേസിലെ വ്യക്തികള്‍ ആരെന്നത് സര്‍ക്കാരിന് പ്രധാനമല്ല. സര്‍ക്കാര്‍ തുടക്കം മുതല്‍ അതിജീവിതക്കൊപ്പമാണ്. ജഡ്ജിക്കെതിരെ നടക്കുന്ന വ്യക്തിപരമായ ആക്രമണങ്ങള്‍ അംഗീകരിക്കാനാവില്ല. വിധിയെ വിമര്‍ശിക്കാം, പക്ഷേ വ്യക്തിപരമായ വിമര്‍ശനങ്ങള്‍ പാടില്ലെന്നും മന്ത്രി പി രാജീവ് പറഞ്ഞു.
◾ നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിയില്‍ നടന്‍ ദിലീപിനെ പിന്തുണച്ച് നടത്തിയ പരാമര്‍ശത്തില്‍ മണിക്കൂറുകള്‍ക്കകം മലക്കം മറിഞ്ഞ് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. കെപിസിസിയുടെ നിര്‍ദേശപ്രകാരമാണ് അടൂര്‍ പ്രകാശ് പ്രസ്താവന തിരുത്തിയതെന്നാണ് വിവരം. താന്‍ എന്നും അതിജീവിതക്കൊപ്പമെന്ന് പറഞ്ഞ അടൂര്‍ പ്രകാശ് മാധ്യമങ്ങള്‍ നല്‍കിയത് ഒരു വശം മാത്രമെന്നും വിമര്‍ശിച്ചു. തന്റെ പ്രസ്താവനയെ വളച്ചൊടിച്ചെന്നും അടൂര്‍ പ്രകാശ് ആരോപിച്ചു.
◾ നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയില്‍ അതിജീവിതയ്ക്ക് സമ്പൂര്‍ണ്ണ നീതി ലഭിച്ചില്ലെന്ന് കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ ഉമ തോമസ്. താന്‍ എന്നും അതിജീവിതയ്ക്ക് ഒപ്പമുണ്ടായിരിക്കുമെന്നും അവര്‍ വ്യക്തമാക്കി. അതേസമയം ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജു വാര്യര്‍ക്കെതിരായ ദിലീപിന്റെ പരാമര്‍ശം കേസില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ഉമ തോമസ് ആരോപിച്ചു.
◾ നടി ആക്രമിക്കപ്പെട്ട കേസിലെ വിധിയില്‍ താന്‍ അതിജീവിതയ്ക്ക് ഒപ്പമാണെന്നും സര്‍ക്കാര്‍ അപ്പീലിന് പോകുന്നതാണ് ശരിയെന്നും ശശി തരൂര്‍ അഭിപ്രായപ്പെട്ടു. ഇതില്‍ ന്യായത്തിന്റെ പക്ഷമാണ് പിടിക്കേണ്ടത്. ഏതെങ്കിലും ഒരു വശം പിടിക്കേണ്ടതില്ല. നീതി കിട്ടിയിട്ടില്ല എന്ന് നടിക്ക് തോന്നുന്നുണ്ടാകുമെന്നും നിയമനടപടികള്‍ നടക്കട്ടെയെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞത് അദ്ദേഹത്തോട് ചോദിക്കൂ എന്നായിരുന്നു തരൂരിന്റെ മറുപടി.
◾ നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതിവിധിക്കെതിരെ മേല്‍ക്കോടതിയിലേക്ക് പോവുകയാണെങ്കില്‍ തനിക്ക് അറിയാവുന്ന എന്തെങ്കിലും പുതിയ കാര്യങ്ങള്‍ കൂടി ഉണ്ടെങ്കില്‍ പറയാന്‍ തയ്യാറാണെന്ന് നടന്‍ ലാല്‍. വിധി ശരിയാണോ തെറ്റാണോ എന്ന് പറയാന്‍ താന്‍ ആളല്ലെന്ന് ലാല്‍ പറഞ്ഞു. താന്‍ വല്ലാത്തൊരു സമാധാനക്കേടിലാണ്. അതുകൊണ്ട് പെണ്‍കുട്ടിയെ വിധി വന്നശേഷം വിളിച്ചിട്ടില്ലെന്നും ലാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
◾ അതിജീവിതക്ക് ഒപ്പമാണെന്നും കോടതിവിധിയെ മാനിക്കുന്നുവെന്നും നടന്‍ ആസിഫ് അലി പറഞ്ഞു. അതിജീവിതക്ക് നീതി ലഭിക്കണം എന്നായിരുന്നു തന്റെ നിലപാട്. അത് ആരെങ്കിലും ശിക്ഷിക്കപ്പെടണം എന്നല്ല. വിധിയെ കുറിച്ച് എന്തെങ്കിലും പറഞ്ഞാല്‍ കോടതി നിന്ദ ആകുമെന്നും ആസിഫ് അലി പറഞ്ഞു. അതേസമയം കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടു എന്നാണ് വിശ്വാസമെന്നും, ദിലീപ് കുറ്റവാളി അല്ല എന്നാണ് കോടതി പറഞ്ഞതെന്നും തിരക്കഥാകൃത്തും നടനുമായ രണ്‍ജി പണിക്കര്‍ പറഞ്ഞു. വിധി എതിരായാല്‍ ഒരു ഭാഗത്തുള്ളവര്‍ക്ക് ആക്ഷേപം ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും രണ്‍ജി പണിക്കര്‍ പറഞ്ഞു.
◾ നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനയുണ്ടെങ്കില്‍ സര്‍ക്കാര്‍ തെളിയിക്കട്ടെയെന്ന് സംവിധായകന്‍ വിനയന്‍. കോടതി നടപടിക്രമങ്ങളുമായി മുന്നോട് പോകട്ടെയെന്നും ഒരുപാട് ആരോപണങ്ങള്‍ ഉള്ള സ്ഥിതിക്ക് മേല്‍ക്കോടതി വന്നാല്‍ കൂടുതല്‍ വിശ്വാസ്യത ഉണ്ടാകുമെന്നും വിനയന്‍ പറഞ്ഞു. ക്വട്ടേഷന്‍ ആണെന്ന് സര്‍ക്കാരാണ് പറഞ്ഞതെന്നും അത് തെളിയിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും വിനയന്‍ മാധ്യമങ്ങളോട് പറഞ്ഞു.
◾ നടന്‍ ദിലീപിനെ സംഘടനകളിലേക്ക് തിരിച്ചെടുക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ഫെഫ്കയില്‍ നിന്ന് രാജിവെച്ച് നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. അന്തിമ വിധിയെന്ന നിലയില്‍ സംഘടനകള്‍ കാണുന്നുവെന്നും ഇനി ഒരു സംഘടനയുടെയും ഭാഗമാകില്ലെന്നും സംഘടനകള്‍ക്കെതിരെ ഭാഗ്യലക്ഷ്മി തുറന്നടിച്ചു. ദിലീപ് നിരപരാധിയെന്ന് സുപ്രീം കോടതി പറയണം. നിലവില്‍ വിധി പറഞ്ഞത് കീഴ്ക്കോടതി മാത്രമാണ്. അതിജീവിതയോട് സംസാരിക്കുക പോലും ചെയ്തില്ലെന്നും ഫെഫ്കയെ ഭാഗ്യലക്ഷ്മി വിമര്‍ശിച്ചു.
◾ അയ്യപ്പനോട് കളിച്ചവരാരും ജയിച്ചിട്ടില്ലെന്ന് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ വിരുദ്ധ വികാരം ശക്തമാണ്, കോടിക്കണക്കിനു ആളുകളുടെ വികാരം വ്രണപ്പെടുത്തി, അന്തര്‍ ദേശീയ സംഘങ്ങള്‍ക്കുള്ള ബന്ധം അന്വേഷിക്കണമെന്നും എസ് ഐ റ്റി യ്ക്ക് അടുത്ത ദിവസം മൊഴി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാരെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്നും മന്ത്രി അറിയാതെ ഒരു കൊള്ളയും നടക്കില്ല എന്നും അദ്ദേഹം പറഞ്ഞു.
◾ ഇറാനിയന്‍ സംവിധായകന്‍ മുഹമ്മദ് റസൂലോഫ് 30ാമത് ഐ.എഫ്.എഫ്.കെയിലെ മല്‍സരവിഭാഗത്തിന്റെ ജൂറി ചെയര്‍പേഴ്‌സണ്‍ ആയി പ്രവര്‍ത്തിക്കും. കഴിഞ്ഞ വര്‍ഷത്തെ കാന്‍ ചലച്ചിത്രമേളയില്‍ നാല് പുരസ്‌കാരങ്ങള്‍ നേടിയ 'ദ സീഡ് ഓഫ് ദ സേക്രഡ് ഫിഗ്' ഉള്‍പ്പെടെ നാലു ചിത്രങ്ങളിലൂടെ എട്ട് പുരസ്‌കാരങ്ങള്‍ കാന്‍ മേളയില്‍നിന്ന് തന്നെ നേടിയ അപൂര്‍വം സംവിധായകരിലൊരാളാണ് റസൂലോഫ്.
◾ എറണാകുളം പെരുമ്പാവൂര്‍ വെങ്ങോലയില്‍ വോട്ട് ചെയ്യാന്‍ എത്തിയ ആള്‍ കുഴഞ്ഞുവീണ് മരിച്ചു.പെരുമ്പാവൂര്‍ വെങ്ങോലയില്‍ ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. വെസ്റ്റ് വെങ്ങോല അമ്പലപ്പറമ്പില്‍ വീട്ടില്‍ രാഘവന്‍ നായര്‍ (80) ആണ് മരിച്ചത്. ക്യൂവില്‍ നില്‍ക്കുന്നതിനിടെ രാഘവന്‍ നായര്‍ കുഴഞ്ഞുവീഴുകയായിരുന്നു.
◾ മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് ജി ആര്‍ സ്വാമിനാഥനെതിരെ ഇമ്പീച്മെന്റ് പ്രമേയം അവതരിപ്പിക്കാന്‍ ഡിഎംകെ സഖ്യത്തിലെ എംപിമാരുടെ നീക്കം. മധുര തിരുപ്പരന്‍കുന്ദ്രം മലയില്‍ ദീപം തെളിക്കാനുള്ള വിവാദ ഉത്തരവിനു പിന്നാലെയാണ് നീക്കം. ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ചിന്റെ 2017ലേ ഉത്തരവിനു വിരുദ്ധമായി സിക്കന്ദര്‍ ദര്‍ഗയുടെ സമീപം ദീപം തെളിക്കാന്‍ ജസ്റ്റിസ് സ്വാമിനാഥന്‍ ഉത്തരവിട്ടെന്നാണ് ആക്ഷേപം . എംപിമാരുടെ ഒപ്പ് ശേഖരണം തുടങ്ങിയതായാണ് സൂചന.
◾ കര്‍ണാടകയില്‍ വനിതാ ജീവനക്കാര്‍ക്ക് മാസത്തില്‍ ഒരു ദിവസം ആര്‍ത്തവ അവധി നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് കര്‍ണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് ജ്യോതി എം ആണ് ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. സര്‍ക്കാര്‍ വിജ്ഞാപനം നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് മേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുന്ന തീരുമാനമാണെന്നും ചൂണ്ടിക്കാട്ടി ബാംഗ്ലൂര്‍ ഹോട്ടല്‍സ് അസോസിയേഷന്‍ ഉള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിച്ചാണ് കോടതി ഉത്തരവ് സ്റ്റേ ചെയ്തത്.
◾ പൗരത്വം നേടും മുന്‍പ് വോട്ടര്‍ പട്ടികയിലിടം നേടിയെന്ന ഹര്‍ജിയില്‍ കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് നോട്ടീസ്. ദില്ലി റൗസ് അവന്യു കോടതിയാണ് സോണിയക്ക് നോട്ടീസ് അയച്ചത്. സോണിയ ഇന്ത്യന്‍ പൗരത്വം നേടിയത് 1983ലാണെന്നും 1980ല്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടുവെന്നുമാണ് ഹര്‍ജിയിലെ വാദം. ഹര്‍ജി ജനുവരി 6ന് പരിഗണിക്കും.
◾ ആഭ്യന്തര വിമാന സര്‍വീസുകളില്‍ ഇന്‍ഡിഗോയുടെ കുത്തക ഒഴിവാക്കാന്‍ പത്തു ശതമാനം സര്‍വീസുകള്‍ മറ്റ് എയര്‍ലൈന്‍സുകള്‍ക്ക് കൈമാറാന്‍ സര്‍ക്കാര്‍ നീക്കം. വിമാനങ്ങള്‍ റദ്ദാക്കിയതിനെത്തുടര്‍ന്ന് ഉണ്ടായ ഗുരുതരമായ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍, ആദ്യം 5 ശതമാനത്തില്‍ തുടങ്ങി ആവശ്യമെങ്കില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ വീണ്ടും 5% എന്ന ക്രമത്തില്‍ ഷെഡ്യൂള്‍ വെട്ടിച്ചുരുക്കി മറ്റ് എയര്‍ലൈന്‍സുകള്‍ക്ക് നല്‍കാനാണ് നീക്കം. എയര്‍ ഇന്ത്യ, ആകാസ എന്നീ എയര്‍ലൈനുകള്‍ക്ക് ഈ സര്‍വ്വീസുകള്‍ ഏറ്റെടുക്കാന്‍ കഴിയുമെങ്കില്‍ കൈമാറാനാണ് നീക്കം. ഇന്‍ഡിഗോയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ തല്‍സ്ഥാനങ്ങളില്‍ നിന്ന്നീക്കാനും നിര്‍ദ്ദേശം നല്കും.
◾ പാക്കിസ്ഥാന്‍ സമാധാനത്തിന്റെ രാഷ്ട്രമാണെന്ന് പാക്ക് സിഡിഎഫ് അസിം മുനീര്‍. അതേസമയം പാക്കിസ്ഥാന്റെ പരമാധികാരത്തെ പരീക്ഷിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ഭാവിയില്‍ എന്തെങ്കിലും ആക്രമണം ഉണ്ടായാല്‍ പ്രതികരണമെന്നും അതികഠിനമായിരിക്കും അസിം മുനീര്‍ മുന്നറിയിപ്പ് നല്‍കി.
◾ ഇന്ത്യയ്ക്ക് മേല്‍ വീണ്ടും ഭീഷണിയുമായി ഡോണള്‍ഡ് ട്രംപ്. ഇന്ത്യയില്‍ നിന്നുള്ള അരിയടക്കം കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് പുതിയ താരിഫുകള്‍ ചുമത്തുമെന്നാണ് ഭീഷണി. ഇരു രാജ്യങ്ങളുമായുള്ള വ്യാപാര ചര്‍ച്ചകളില്‍ കാര്യമായ പുരോഗതിയില്ലാത്ത സാഹചര്യത്തിലാണ് ട്രംപിന്റെ പുതിയ നീക്കം.
◾ സൗത്ത് ഇന്ത്യയില്‍ ഒരുലക്ഷം കോടി രൂപയോളം നിക്ഷേപം നടത്താന്‍ യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള ട്രംപ് ഗ്രൂപ്പ്. അടുത്ത പത്ത് വര്‍ഷത്തിനിടയില്‍ തെലങ്കാനയിലാണ് നിക്ഷേപം നടത്തുക. സാധ്യമായാല്‍ യു.എസിന് പുറത്ത് ട്രംപ് ഗ്രൂപ്പ് നടത്തുന്ന ഏറ്റവും വലിയ നിക്ഷേപങ്ങളിലൊന്നാകും ഇതെന്ന് ബിസിനസ് സ്റ്റാര്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. തെലങ്കാനയില്‍ സ്ഥാപിക്കാനിരിക്കുന്ന ഭാരത് ഫ്യൂച്ചര്‍ സിറ്റിയിലും റിയല്‍ എസ്റ്റേറ്റ് രംഗത്തുമാകും ട്രംപ് ഗ്രൂപ്പിന്റെ നിക്ഷേപം. അടുത്ത പത്ത് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഒരു ലക്ഷം കോടി നിക്ഷേപം നടത്തുമെന്ന് ട്രംപ് മീഡിയ ആന്‍ഡ് ടെക്‌നോളജി ഗ്രൂപ്പ് ഡയറക്ടര്‍ എറിക് സ്വിഡര്‍ പറഞ്ഞു. രേവന്ദ് റെഡ്ഡി സര്‍ക്കാര്‍ രൂപം നല്‍കിയ അത്യാധുനിക സൗകര്യങ്ങളുള്ള അര്‍ബന്‍ സെന്ററാണ് ഭാരത് ഫ്യൂച്ചര്‍. ചലച്ചിത്ര താരം അജയ് ദേവഗണിന്റെ ഫിലിം സിറ്റി ഇവിടെ തുടങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്. കൂടാതെ റിലയന്‍സ് ഫൗണ്ടേഷന്‍ വന്താരയുടെ മാതൃകയില്‍ മൃഗസംരക്ഷണ കേന്ദ്രവും പ്രഖ്യാപിച്ചു. അന്താരാഷ്ട്ര ഹോട്ടലുകള്‍ ഉള്‍പ്പെടെ 3,000 കോടിയോളം രൂപയുടെ വമ്പന്‍ പദ്ധതികളാണ് ഇവിടെ വരുന്നത്.
◾ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ നിന്ന് മറ്റംഗങ്ങള്‍ അറിയാതെ എക്‌സിറ്റ് ആകാന്‍ പുതിയ അപ്‌ഡേറ്റ് അവതരിപ്പിച്ചു. നേരത്തെ ഏതെങ്കിലും അംഗങ്ങള്‍ ഗ്രൂപ്പ് വിട്ടാല്‍ എല്ലാവര്‍ക്കും ഇതുസംബന്ധിച്ച അറിയിപ്പ് കാണാമായിരുന്നു. എന്നാല്‍ പുതിയ അപ്ഡേറ്റ് ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് മറ്റുള്ളവര്‍ അറിയാതെ തന്നെ ഗ്രൂപ്പുകളില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയും. ഇതിനായി ആദ്യം നിങ്ങളുടെ വാട്സ്ആപ്പ് അപ്ഡേറ്റ് ചെയ്യുക. ഗ്രൂപ്പ് ചാറ്റ് തുറക്കുക,നിങ്ങള്‍ക്ക് ഏത് ഗ്രൂപ്പില്‍ നിന്നാണോ എക്‌സിറ്റ് ആകേണ്ടത് ആ ഗ്രൂപ്പ് തെരഞ്ഞെടുക്കുക. ഗ്രൂപ്പ് സെറ്റിങ്‌സ് തുറക്കുക, ഗ്രൂപ്പിന്റെ പേരിന് മുകളില്‍ ടാപ്പ് ചെയ്യുക, ഗ്രൂപ്പ് ഇന്‍ഫോ സെറ്റിങ്‌സ് തുറക്കുക,. ലീവ് ഗ്രൂപ്പ് സെല്ക്ട് ചെയ്യുക. സൈലന്റ് എക്‌സിറ്റ് ഓപ്ഷന്‍ തെരഞ്ഞെടുക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ അഡ്മിന്‍മാര്‍ക്ക് മാത്രമേ നിങ്ങള്‍ എക്‌സിറ്റ് ആയ വിവരം അറിയാന്‍ കഴിയൂ. നിങ്ങളുടെ വാട്ട്സ്ആപ്പ് പതിപ്പ് ഇതുവരെ ഈ ഓപ്ഷന്‍ കാണിക്കുന്നില്ലെങ്കില്‍, നിങ്ങളുടെ ആപ്പ് അപ്ഡേറ്റ് ചെയ്യുക.
◾ സുകേഷ് ഷെട്ടി സംവിധാനം ചെയ്ത്, രവി ഹീരേമത്തും രാകേഷ് ഹെഗ്ഗഡെയും ചേര്‍ന്ന് വൃദ്ധി സ്റ്റുഡിയോസിന്റെ ബാനറില്‍ നിര്‍മിക്കുന്ന 'പീറ്റര്‍' എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്ത്. 'തായേ തായേ' എന്ന വരികളോടെ ആരംഭിക്കുന്ന ഈ ഗാനത്തിന്റെ മലയാളം പതിപ്പ് ആലപിച്ചത് 'കഥ തുടരും' എന്ന ഗാനത്തിലൂടെ ശ്രദ്ധേയനായ ഗോകുല്‍ ഗോപകുമാറും ഇതിന് വരികള്‍ രചിച്ചത് സിജു തുറവൂരും ആണ്. ഋത്വിക് മുരളീധര്‍ സംഗീതം നല്‍കിയ ഈ ഗാനം തെലുങ്കില്‍ ആലപിച്ചത് അദ്ദേഹം തന്നെയാണ്. രാജേഷ് ധ്രുവ നായകനായി എത്തുന്ന ചിത്രം ഒരു സസ്പെന്‍സ് ത്രില്ലര്‍ ആയാണ് ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ഇതിന്റെ ടീസര്‍ നല്‍കിയത്. 'ദൂരദര്‍ശന' എന്ന ശ്രദ്ധേയ ചിത്രത്തിന് ശേഷം സുകേഷ് ഷെട്ടി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ രവിക്ഷ, ജാന്‍വി റായല എന്നിവരാണ് പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 30 ദിവസങ്ങള്‍കൊണ്ട് മടിക്കേരിയിലും ചുറ്റുപാടുകളിലും ചിത്രീകരിച്ച ഈ ചിത്രം പരമ്പരാഗത കലാരൂപമായ സിംഗാരി മേളയെ ചുറ്റിപ്പറ്റിയാണ് കഥ പറയുന്നത്.
◾ തിയറ്ററുകളില്‍ മികച്ച പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുന്ന 'കളങ്കാവലി'ലെ പുതിയ ഗാനം റിലീസ് ചെയ്തു. 'എന്‍ വൈഗയ്' എന്ന് തുടങ്ങുന്ന തമിഴ് ഗാനം ആലപിച്ചിരിക്കുന്നത് സ്റ്റാര്‍ സിംഗര്‍ താരം ശ്രീരാഗും സിന്ധു ഡെല്‍സണും ആണ്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയത് മുജീബ് മജീദ് ആണ്. വിന്റേജ് തമിഴ് സോംഗ് ടച്ചിലിറങ്ങിയ ഗാനത്തിന് പ്രശംസ ഏറെയാണ്. ചിത്രത്തിന്റെ കഥയുമായും മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രവുമായും ഏറെ ബന്ധപെട്ടു കിടക്കുന്ന ദൃശ്യങ്ങളിലൂടെയാണ് ഈ ഗാനം സഞ്ചരിക്കുന്നത്. പ്രേക്ഷക- നിരൂപക പ്രശംസകള്‍ നേടിയ ചിത്രം ആഗോളതലത്തില്‍ 44.15 കോടി രൂപയാണ് നേടിയിരിക്കുന്നത്. മമ്മൂട്ടി, വിനായകന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ കളങ്കാവല്‍ സംവിധാനം ചെയ്തത് ജിതിന്‍ കെ. ജോസ് ആണ്. ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ ജോസും ചേര്‍ന്ന് തിരക്കഥ രചിച്ച കളങ്കാവല്‍, മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിച്ച ഏഴാമത്തെ ചിത്രം കൂടിയാണ്. ജിബിന്‍ ഗോപിനാഥ്, ബിജു പപ്പന്‍, രെജിഷ വിജയന്‍, ഗായത്രി അരുണ്‍, മാളവിക, ശ്രുതി രാമചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങള്‍.
◾ പ്രമുഖ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ഹാര്‍ലി- ഡേവിഡ്‌സണ്‍ പുതിയ മോട്ടോര്‍സൈക്കിള്‍ ഇന്ത്യയില്‍ പുറത്തിറക്കി. ഹാര്‍ലി-ഡേവിഡ്സണ്‍ എക്സ്440 ടി എന്ന പേരില്‍ പുറത്തിറക്കിയ പുതിയ മോട്ടോര്‍സൈക്കിളിന് 2.79 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം) വില. മോട്ടോര്‍സൈക്കിള്‍ ഒറ്റ വേരിയന്റില്‍ ലഭ്യമാണ്. പേള്‍ ബ്ലൂ, പേള്‍ റെഡ്, പേള്‍ വൈറ്റ്, വിവിഡ് ബ്ലാക്ക് എന്നി നാല് നിറങ്ങളിലാണ് ഇത് വിപണിയില്‍ എത്തുന്നത്. കൂടുതല്‍ വിഷ്വല്‍ അപ്പീല്‍ നല്‍കുന്നതാണ് പുതിയ മോഡല്‍. സബ്-ഫ്രെയിം, ടെയില്‍ സെക്ഷന്‍ എന്നിവ പുനര്‍രൂപകല്‍പ്പന ചെയ്ത് എക്സ്440 ടി പഴയ പോരായ്മ പരിഹരിച്ചിട്ടുണ്ട്. രണ്ട് റൈഡ് മോഡുകളിലാണ് മോട്ടോര്‍ സൈക്കിള്‍ വില്‍പ്പനയ്ക്ക് എത്തുന്നത്. റോഡ്, റെയിന്‍. 27ബിഎച്ച്പിയും 38എന്‍എം പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 440 സിസി എയര്‍/ഓയില്‍-കൂള്‍ഡ് മോട്ടോറാണ് ഇതിന് കരുത്ത് പകരുന്നത്. ആറ് സ്പീഡ് ഗിയര്‍ബോക്സുമായി മോട്ടോര്‍ ജോടിയാക്കിയിരിക്കുന്നു. ബുക്കിങ് ആരംഭിച്ചു.
◾ ജീവിതത്തേയും മരണത്തേയും കുറിച്ച് ആഴത്തില്‍ ചിന്തിപ്പിക്കുന്ന ഈ രചന ഖാലിദ് ഖലീഫയുടെ ആറാമത്തെ നോവലാണ്. സിറിയയിലെ അലെപ്പോ എന്ന പട്ടണത്തിലാണ് കഥ നടക്കുന്നത്. പട്ടണത്തിന് പുറത്ത് ഒരു രാത്രി ആസ്വദിക്കാനായി പോയ ധനാഢ്യനായ ഹന്നയും സുഹൃത്തും തിരിച്ചുവരുമ്പോള്‍ കാണുന്നത്, ആകസ്മികമായി സംഭവിച്ച വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയ തന്റെ ഗ്രാമമാണ്. സ്വന്തം കുടുംബവും സുഹൃത്തുക്കളും വീടും ജോലിസ്ഥലങ്ങളും നാമാവശേഷമാക്കപ്പെട്ടിരുന്നു. ഈ അപകടത്തിനു മുമ്പും പിമ്പും ഉണ്ടായിരുന്ന സുഹൃദ്ബന്ധങ്ങളുടെ, സ്നേഹകാമനകളുടെ, വ്യാപാരബന്ധങ്ങളുടെ അടിവേരുകള്‍ തേടിയുള്ള യാത്രയിലൂടെ ഉരുത്തിരിയുന്ന നോവല്‍, മതങ്ങള്‍ക്കതീതമായ അലെപ്പോ എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായുള്ള പരിശ്രമങ്ങള്‍ക്കിടയിലൂടെ പുരോഗമിക്കുന്നു. 'പ്രാര്‍ത്ഥിക്കുവാന്‍ പോലും ആരുമില്ലാത്തവര്‍'. ഖാലിദ് ഖലീഫ. ഗ്രീന്‍ ബുക്സ്. വില 712 രൂപ.
◾ രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ ചായ അല്ലെങ്കില്‍ കാപ്പി കുടിക്കുന്നതാണ് നമ്മുടെ ശീലം. എന്നാല്‍ അതിന് പകരം ഒരു ഗ്ലാസ് ചെറുചൂടുവെള്ളം കുടിച്ചു ശീലിക്കൂ. ശരീരത്തിന് പല ആരോഗ്യനേട്ടങ്ങളും ഉണ്ടാകുമെന്ന് ഡോ. ജോണ്‍ വലന്റൈന്‍ പറയുന്നു. ദഹനം മുതല്‍ രക്തയോട്ടം മെച്ചപ്പെടുത്താന്‍ വരെ ഈ ശീലം സഹായിക്കുമെന്ന് അദ്ദേഹം പറയുന്നു. രാവിലെ എഴുന്നേറ്റയുടന്‍ വെറും വയറ്റില്‍ ചെറു ചൂടുവെള്ളം കുടിക്കുന്നത് ശരീരത്തില്‍ ഡിട്ടോക്സിഫിക്കേഷന് സഹായിക്കും. അതായത്, ചൂടുവെള്ളം കുടിക്കുമ്പോള്‍ അത് സിസ്റ്റത്തെ ഉണര്‍ത്തുകയും വിഷവസ്തുക്കളെ പുറന്തള്ളാന്‍ സഹായിക്കുകയും ചെയ്യുന്നു. ചെറുചൂടുവെള്ളം പതിവായി കുടിക്കുന്നത് ശരീരത്തില്‍ അടിഞ്ഞുകൂടിയ കൊഴുപ്പ് നീക്കാന്‍ സഹായിക്കും. മാത്രമല്ല, ഇത് മെറ്റബോളിസം വര്‍ധിപ്പിക്കാനും പിന്തുണയ്ക്കും. വെറുംവയറ്റില്‍ ചൂടുവെള്ളം കുടിക്കുന്നത് ഒരാഴ്ചയോളം തുടര്‍ന്നാല്‍ രക്തചംക്രമണം മെച്ചപ്പെടും. ഇതോടെ, രക്തക്കുഴലുകള്‍ വികസിക്കുന്നതിനും മെറ്റബോളിക് മാലിന്യം ഫലപ്രദമായി പുറന്തള്ളാന്‍ സഹായിക്കുകയും ചെയ്യും. ഇത് ഊര്‍ജ്ജസ്വലതയും മെച്ചപ്പെട്ട ദഹനവ്യവസ്ഥയും ലഭിക്കുമെന്ന് ഡോക്ടര്‍ പറയുന്നു. ചൂടുവെള്ളം ദഹന എന്‍സൈമുകളെ ഉത്തേജിപ്പിക്കുകയും പോഷകങ്ങളുടെ ആഗിരണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. വീക്കം ഇല്ലാതാക്കുന്നതിലും ഈ ശീലം പങ്കുവഹിക്കും.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 89.88, പൗണ്ട് - 119.81, യൂറോ - 104.55, സ്വിസ് ഫ്രാങ്ക് - 111.43, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 59.65, ബഹറിന്‍ ദിനാര്‍ - 238.41, കുവൈത്ത് ദിനാര്‍ -292.71, ഒമാനി റിയാല്‍ - 233.77, സൗദി റിയാല്‍ - 23.95, യു.എ.ഇ ദിര്‍ഹം - 24.53, ഖത്തര്‍ റിയാല്‍ - 24.69, കനേഡിയന്‍ ഡോളര്‍ - 64.86.
➖➖➖➖➖➖➖➖
Tags:
KERALA