2025 | ഡിസംബർ 1 | തിങ്കൾ
1201 | വൃശ്ചികം 15 | രേവതി
◾ മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ധനമന്ത്രി തോമസ് ഐസക് ഉള്‍പ്പെടെയുള്ളവര്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ് ധനസമാഹരണം ലക്ഷ്യമിട്ട് നടത്തിയ മസാല ബോണ്ട് ഇടപാടില്‍ വിദേശനാണ്യ വിനിമയ ചട്ടങ്ങള്‍ ലംഘിച്ചു എന്നായിരുന്നു ഇഡിയുടെ കണ്ടെത്തല്‍. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരിട്ടോ, പ്രതിനിധി വഴിയോ, അഭിഭാഷകന്‍ വഴിയോ നിയമപരമായി നോട്ടീസിന് മറുപടി നല്‍കാന്‍ അവസരമുണ്ട്. കേസില്‍ തുടര്‍ നടപടികള്‍ ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന.
◾ മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ധനമന്ത്രി തോമസ് ഐസക് ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ് അയച്ചതില്‍ വിശദീകരണവുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഈ വര്‍ഷം ജൂണ്‍ 27നാണ് പരാതി ഫയല്‍ ചെയ്തതെന്നും ഭൂമി വാങ്ങാന്‍ 466.19 കോടി രൂപ മസാല ബോണ്ടില്‍ നിന്ന് വിനിയോഗിച്ചത് ആര്‍ബിഐ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്നുമാണ് ഇഡിയുടെ വിശദീകരണം.
◾ തെരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള കലാപരിപാടിയാണ് മസാല ബോണ്ട് കേസ് കുത്തിപ്പൊക്കിയ ഇഡി നടപടിയെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്. തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്ക് വേണ്ടി നടത്തുന്ന രാഷ്ട്രീയ കളിയാണിതെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം, മസാല ബോണ്ട് വഴി സമാഹരിച്ച തുക ഉപയോഗിച്ച് ഭൂമി വാങ്ങിയെന്നാണ് പുതിയ ആരോപണമെന്നും ഈ ആരോപണം തെറ്റാണെന്നും ഭൂമി ഏറ്റെടുക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
◾ മസാല ബോണ്ടിന് പിന്നില്‍ ധാരാളം ദുരൂഹതകളുണ്ടെന്നും യഥാര്‍ത്ഥത്തില്‍ 9.732 ശതമാനം പലിശയ്ക്ക് അന്താരാഷ്ട്ര ഫിനാന്‍സ് മാര്‍ക്കറ്റില്‍ നിന്നും പണം കടമെടുക്കുകയാണുണ്ടായതെന്നും പ്രതിപക്ഷനേതാവ് വിഡി സതീശന്‍. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇഡി നോട്ടീസ് അയച്ചത് എന്താണെന്ന കാര്യത്തില്‍ തനിക്ക് ഒരു പിടിയുമില്ലെന്നും കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പാണ് കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇതുപോലെ ഒരു നോട്ടീസ് വന്നത്. അത് തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള ഭയപ്പെടുത്തലായിരുന്നു. ഇപ്പോള്‍ വീണ്ടും നോട്ടീസ് അയച്ചിരിക്കുന്നത് സിപിഎമ്മിനേയും മുഖ്യമന്ത്രിയേയും ഒന്ന് പേടിപ്പിക്കാന്‍ വേണ്ടിയാണെന്നും വിഡി സതീശന്‍ പറഞ്ഞു.
*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്‌സ്*
(2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)
സംസ്ഥാനതല മെഗാ സമ്മാനങ്ങള്‍ : 100 പേര്‍ക്ക് കുടുംബസമേതം സിംഗപ്പൂര്‍ യാത്ര അല്ലെങ്കില്‍ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം
*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്‌സ് സീരീസ്-3*
(2025 നവംബര്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)
ശാഖാതല സമ്മാനങ്ങള്‍ - 1200 ല്‍ അധികം പേര്‍ക്ക് 20,000 രൂപയുടെ സ്മാര്‍ട്ട് ഫോണുകള്‍.
*TOLL FREE HELPLINE : 1800-425-3455*
◾ മസാല ബോണ്ടുമായി ബന്ധപ്പെട്ട് നോട്ടീസ് വന്നതില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. എല്ലാ തെരഞ്ഞെടുപ്പ് കാലത്തും ഇത്തരം നീക്കം ഉണ്ടാവാറുണ്ടെന്നും ഇത് ഇഡിയുടെ രാഷ്ട്രീയ കളിയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു ലക്ഷം കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് കിഫ്ബി നേതൃത്വം കൊടുത്തിട്ടുള്ളതെന്നും ഈ കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റംവരെ സഞ്ചരിക്കുമ്പോള്‍ കിഫ്ബിയുടെ നേട്ടങ്ങള്‍ കാണാമെന്നും ഗോവിന്ദന്‍ പറഞ്ഞു. നോട്ടീസ് വരട്ടെയെന്നും ഇതിന് മുമ്പ് വന്ന നോട്ടീസിനുമേല്‍ ഐസക്ക് ചോദിച്ച ചോദ്യത്തിന് ഇതുവരെ ഉത്തരം നല്‍കിയിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.
◾ മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് ഇഡി നോട്ടീസ് അയച്ചത് തെരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. കേരളത്തിലെ വികസനം തടസപ്പെടുത്താനുള്ള നീക്കം നിയമപരമായി നേരിടുമെന്നും സിപിഎമ്മിന് ബിജെപിയുമായോ യുഡിഎഫുമായോ യാതൊരുവിധ ബന്ധവുമില്ലെന്നും വി ശിവന്‍കുട്ടി പറഞ്ഞു. കേരളത്തിലെ സിപിഎം നേതാക്കളെ കുടുക്കാന്‍ ഇഡി കുറെ നാളായി പരിശ്രമം നടത്തുകയാണെന്നും ഈ തെരഞ്ഞെടുപ്പ് സ്റ്റണ്ട് ജനങ്ങള്‍ പുച്ഛിച്ചു തള്ളുമെന്നും തെരഞ്ഞെടുപ്പ് കാലത്ത് വിവാദങ്ങള്‍ മനപ്പൂര്‍വം കൊണ്ടുവരുകയാണെന്നും ശിവന്‍കുട്ടി പറഞ്ഞു.
◾ ഇന്ത്യ സഖ്യത്തിലെ മറ്റ് മുഖ്യമന്ത്രിമാര്‍ക്കുള്ള ഭീഷണി ഏതായാലും പിണറായിക്ക് ഇല്ലെന്നും മുഖ്യമന്ത്രിയ്ക്ക് ഇടയ്ക്കിടെ നോട്ടീസ് കിട്ടാറുണ്ടെന്നും ഇലക്ഷന്‍ അടുക്കുമ്പോള്‍ നോട്ടീസയക്കുന്നത് ബിജെപി അനുകൂല നിലപാട് എടുപ്പിക്കാനാണെന്നും കെ മുരളീധരന്‍ പറഞ്ഞു. ആര് പൊക്കിയാലും ബി ജെ പി പൊങ്ങില്ലെന്നും ഇടയ്ക്കിടെ പേടിപ്പിക്കുമെന്നും പിന്നീട് കെട്ടടങ്ങുമെന്നും അദ്ദേഹം പരിഹസിച്ചു.
◾ തന്നെപ്പോലുള്ളവരെ പാര്‍ലമെന്റ് അംഗങ്ങളാക്കിയ സാധാരണ പ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്ന ഒരു അവസരമാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പെന്നും അവരുടെ കഞ്ഞിയില്‍ മണ്ണ് വാരിയിടാന്‍ ഒരു നേതാവും തയ്യാറാകാന്‍ പാടില്ലെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഒരു നിലപാടും മൂല്യാധിഷ്ഠിത രാഷ്ട്രീയവും വേണമെന്നും അതില്‍നിന്ന് വ്യതിചലിക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മുകാരാണ് തന്നെ മഞ്ചേരിയില്‍ വളഞ്ഞിട്ട് ആക്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .
കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.
ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!
Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.
Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:
🌐 amrutveni.com
🛒 Amazon | Meesho | Smytten
📞 കൂടുതൽ വിവരങ്ങൾക്ക് :
✆ https://wa.me/+917559003888
◾ ജനങ്ങളെ ബിജെപി നിരന്തരമായി കബളിപ്പിക്കുകയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഒരിക്കലും വാഗ്ദാനങ്ങള്‍ പാലിക്കാത്ത പാര്‍ട്ടിയാണ് ബിജെപിയെന്നും പ്രകടന പത്രിക ജനങ്ങളെ കബളിപ്പിക്കാനുള്ള നടപടികള്‍ മാത്രമാണെന്നും മന്ത്രി പറഞ്ഞു. 2036ലെ ഒളിമ്പിക്സ് വേദികളിലൊന്നായി തിരുവനന്തപുരത്തെ മാറ്റുമെന്ന ബിജെപി പ്രകടന പത്രികയിലെ വാഗ്ദാനം കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.
◾ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്ത നിലയിലെന്ന് വിവരം. കഴിഞ്ഞ വ്യാഴാഴ്ചയിലെ ദൃശ്യങ്ങളാണ് ഡിവിആറില്‍ നിന്നും ഡിലീറ്റ് ചെയ്തിരിക്കുന്നത്. ഡിവിആര്‍ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. അപ്പാര്‍ട്ട്മെന്റ് കെയര്‍ ടേക്കറെ സ്വാധിനിച്ച് ദൃശ്യങ്ങള്‍ ഡിലിറ്റ് ചെയ്തെന്നാണ് സംശയം. കെയര്‍ ടേക്കറെ ഇന്ന് ചോദ്യം ചെയ്യും.
◾ ലൈംഗിക പീഡന കേസിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട് നിന്ന് മുങ്ങിയത് സിനിമ താരത്തിന്റെ കാറിലെന്ന് സംശയം. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് നിന്ന് രക്ഷപ്പെട്ടത് ചുവന്ന പോളോ കാറിലാണെന്ന വിവരം പൊലീസിന് ലഭിച്ചു. ഇത് സിനിമ താരത്തിന്റേതാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഈ കാര്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
◾ രാഹുല്‍ മാങ്കൂട്ടത്തിലിന് അനുകൂലമായി വീഡിയോ ചെയ്യുന്നത് നിര്‍ത്തില്ലെന്ന് രാഹുല്‍ ഈശ്വര്‍. പൗഡിക്കോണത്തെ വീട്ടില്‍ തെളിവെടുപ്പിനായി എത്തിച്ചപ്പോഴാണ് പ്രതികരണം. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നല്‍കിയ സ്ത്രീക്കെതിരെ സൈബര്‍ അധിക്ഷേപം നടത്തിയ കുറ്റത്തിനാണ് രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
◾ ഇരക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണം ന്യായീകരിക്കാന്‍ സാധിക്കില്ലെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. അങ്ങനെ സൈബര്‍ ആക്രമണം നടത്തുന്നവരില്‍ കോണ്‍ഗ്രസുകാര്‍ ഇല്ലെന്നും ആരെങ്കിലും നടത്തിയിട്ടുണ്ടെങ്കില്‍ അവര്‍ കോണ്‍ഗ്രസുകാരല്ലെന്നും അദ്ദേഹം പറഞ്ഞു. സന്ദീപ് വാര്യര്‍ക്കെതിരായ കേസ് അദ്ദേഹം നേരിടുമെന്നും ചാണ്ടി ഉമ്മന്‍ എംഎല്‍എ പറഞ്ഞു.
◾ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നല്‍കിയ സ്ത്രീക്കെതിരെ സൈബര്‍ അധിക്ഷേപം നടത്തിയ കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി പാലക്കാട് ഡിവൈഎഫ്ഐ. അതിജീവിത നല്‍കി പരാതിയില്‍ ഇന്നലെ സന്ദീപ് വാര്യരുള്‍പ്പെടെ നാലുപേരെ കേസില്‍ പ്രതിയാക്കിയിരുന്നു.
◾ പീഡനക്കേസിലെ പ്രതി രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് ഒളിപ്പിച്ചിരിക്കുന്നു എന്ന ആരോപണം ബാലിശമാണെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. ഒളിപ്പിച്ചു വച്ച സ്ഥലം സിപിഎമ്മിന് അറിയില്ലെങ്കില്‍ കൂടെ പോകാന്‍ താനും തയ്യാറാണെന്ന് സണ്ണി ജോസഫ് പറഞ്ഞു. രാഹുല്‍, പാര്‍ട്ടിയുടെ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്തിട്ടില്ലെന്നും കോഴിക്കോട് പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച 'മീറ്റ് ദി ലീഡര്‍' പരിപാടിയില്‍ സണ്ണി ജോസഫ് പറഞ്ഞു.
◾ രാഹുല്‍ പാലക്കാട്ടുകാരുടെ തലയില്‍ കെട്ടിവെച്ച എംഎല്‍എയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. മോശം വ്യക്തിയാണെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിഞ്ഞിട്ടും രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട് കൊണ്ടുവന്നിറക്കി. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഇപ്പോള്‍ കേസെടുത്തുകൊണ്ടുള്ളത് സര്‍ക്കാരിന്റെ നാടകമാണ്. നാലു മാസം മുമ്പ് തന്നെ സര്‍ക്കാരിന് സ്വമേധയാ കേസെടുക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
◾ കേന്ദ്ര ആഭ്യന്തര മന്ത്രലയത്തിന്റ നിര്‍ദേശ പ്രകാരം ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ് ഭവന്‍ ഇന്നുമുതല്‍ ലോക്ഭവന്‍ എന്നാകും. പിഡബ്ല്യുഡി ഉദ്യോഗസ്ഥരെത്തി രാജ്ഭവനിന്റെ പ്രധാന ?ഗേറ്റിന് ഇരുവശവുമുള്ള ബോര്‍ഡുകള്‍ അഴിച്ചുമാറ്റി. പേരുമാറ്റം വന്നതോടെ ഇനി മുതല്‍ ലോക് ഭവന്‍ എന്നായിരിക്കും ഗവര്‍ണറുടെ വസതി അറിയപ്പെടുക. പുതിയ ബോര്‍ഡ് നാളെ ഉച്ചയോടെ ആയിരിക്കും സ്ഥാപിക്കുക.
◾ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് വീണ്ടും ബോംബ് ഭീഷണി സന്ദേശം. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ മെയിലിലേക്കാണ് ബോംബ് ഭീഷണി സന്ദേശമെത്തിയത്. പാളയം സ്പെന്‍സര്‍ ജങ്ഷനിലുള്ള സൗത്ത് ഇന്ത്യന്‍ ബാങ്ക് ശാഖയിലും ബോംബ് ഭീഷണി സന്ദേശം എത്തിയിട്ടുണ്ട്. ക്ലിഫ് ഹൗസിലേക്ക് രണ്ടാമത്തെ തവണയാണ് ബോംബ് ഭീഷണി സന്ദേശമെത്തുന്നത്.
◾ ശബരിമല സ്വര്‍ണകൊള്ള കേസുമായി ബന്ധപ്പെട്ട് കടകംപ്പള്ളി സുരേന്ദ്രന്‍ എംഎല്‍എ നല്‍കിയ മാനഷ്ടക്കേസില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തര്‍ക്ക ഹര്‍ജി സമര്‍പ്പിച്ചു. പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നാണ് വിഡി സതീശന്‍ തര്‍ക്ക ഹര്‍ജിയില്‍ പറയുന്നത്. പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം, പ്രതിപക്ഷ നേതാവ് ഇനി ഇത്തരത്തില്‍ വാര്‍ത്താസമ്മേളനം നടത്താന്‍ പാടില്ല എന്നീ ആവശ്യങ്ങളാണ് കടകംപ്പള്ളി സുരേന്ദ്രന്റെ മാനനഷ്ട ഹര്‍ജിയില്‍ പറയുന്നത്.
◾ ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ബോര്‍ഡിന് വീഴ്ച പറ്റിയതില്‍ താന്‍ മാത്രം എങ്ങനെ പ്രതിയാകുമെന്ന് തിരുവിതാംകൂര്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. ബോര്‍ഡിലെ മറ്റ് അംഗങ്ങള്‍ അറിയാതെ താന്‍ ഒറ്റയ്ക്ക് എങ്ങനെ തീരുമാനമെടുക്കുമെന്നും എല്ലാ തീരുമാനത്തിനും കൂട്ടുത്തരവാദിത്തം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജാമ്യ ഹര്‍ജിയിലാണ് പത്മകുമാറിന്റെ വാദം. ഹര്‍ജി നാളെ കൊല്ലം കോടതി പരിഗണിച്ചേക്കും.
◾ സൂരജ് ലാമയുടെ തിരോധാനത്തില്‍ കളമശ്ശേരി മെഡിക്കല്‍ കോളജിനെതിരെ മകന്‍ സാന്റന്‍ ലാമ. മാനസിക വെല്ലുവിളി നേരിടുന്ന പിതാവിനെ പോകാന്‍ അനുവദിച്ചെന്നും ആദ്യം അജ്ഞാതന്‍ എന്നാണ് രേഖപ്പെടുത്തിയതെന്നും മകന്‍ ആരോപിച്ചു. പരിശോധന നടത്തിയതിന്റെ സമീപത്ത് നിന്നാണ് ഇപ്പൊള്‍ മൃതദേഹം കിട്ടിയത്. മൃതദേഹം പിതാവിന്റെ തന്നെയാണോ എന്ന് ഉറപ്പിക്കാന്‍ ഡിഎന്‍എ പരിശോധന ആവശ്യമാണെന്നും സാന്റന്‍ ലാമ പറഞ്ഞു.
◾ പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന്റെ അതിവേഗ വളര്‍ച്ചയ്ക്ക് ഊര്‍ജമാകുന്നതായിരിക്കണം സമ്മേളനമെന്ന് വ്യക്തമാക്കി.വികസനമാണ് സര്‍ക്കാരിന്റെ അജണ്ടയെന്നും വളര്‍ച്ചയുടെ പുതിയ ഉയരങ്ങളിലേക്ക് എത്തുന്നതിന് സര്‍ക്കാരിനൊപ്പം പ്രതിപക്ഷവും സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് തോല്‍വിയുടെ അസ്വസ്ഥതയില്‍ നിന്ന് പുറത്തു വരണമെന്നും അനാവശ്യ ബഹളമില്ലാതെ നടപടികളോട് സഹകരിക്കണമെന്നും മോദി പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. നാടകം കളിക്കാന്‍ ധാരാളം സ്ഥലങ്ങളുണ്ടെന്നും അങ്ങനെ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അത് ചെയ്യാമെന്നും എന്നാല്‍, ഇവിടെ നാടകം വേണ്ട, വേണ്ടത് കാര്യമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.
◾ ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിനത്തില്‍, സഭയിലെ പുതുമുഖങ്ങളും യുവാക്കളുമായ അംഗങ്ങള്‍ക്ക് സംസാരിക്കാന്‍ അവസരം കിട്ടുന്നത് കുറവാണെന്നും, അവര്‍ക്ക് കൂടുതല്‍ അവസരം നല്‍കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഏറെക്കാലമായി തനിക്കുള്ള ആശങ്കയാണിതെന്ന് പറഞ്ഞ പ്രധാനമന്ത്രി, എല്ലാ പാര്‍ട്ടികളില്‍ നിന്നും യുവ അംഗങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കേണ്ടതുണ്ടെന്നും പറഞ്ഞു.
◾ പാര്‍ലമെന്റില്‍ നാടകം കളിക്കരുതെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് എംപി പ്രിയങ്ക ഗാന്ധി. തിരഞ്ഞെടുപ്പ് സാഹചര്യം, എസ്‌ഐആര്‍, വായുമലിനീകരണം എന്നീ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്നതും പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നതും നാടകമല്ലെന്നും ചര്‍ച്ചകള്‍ അനുവദിക്കാത്തതാണ് നാടകമെന്നും ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ ജനാധിപത്യപരമായ ചര്‍ച്ച നടത്താത്തതാണ് നാടകമെന്നും പ്രിയങ്ക പറഞ്ഞു.
◾ അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ സ്റ്റോക്ക്ടണില്‍ പിറന്നാള്‍ ആഘോഷത്തിനിടെയുണ്ടായ വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 10 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റേ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.ആകെ 14 പേര്‍ക്ക് വെടിയേറ്റതായി അധികൃതര്‍ അറിയിച്ചു. കുടുംബങ്ങള്‍ ഒരുമിച്ച് കൂടിയ ആഘോഷത്തിനിടെ അക്രമി ഹാളിലേക്ക് പ്രവേശിച്ച് വെടിയുതിര്‍ക്കുകയായിരുന്നു.
◾ ബിഎല്‍ഒമാരുടെ ആത്മഹത്യയില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോണ്‍ഗ്രസ്. 30 ബിഎല്‍ഒമാര്‍ ഇതുവരെ രാജ്യത്ത് ജോലിഭാരം താങ്ങാനാകാതെ ആത്മഹത്യ ചെയ്തെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഇന്നലെ യുപിയില്‍ ആത്മഹത്യ ചെയ്ത സര്‍വേഷ് സിംഗ് ആത്മഹത്യ ചെയ്യുന്നതിന് മുന്‍പ് പൊട്ടിക്കരയുന്ന വീഡിയോയും പുറത്ത് വിട്ടു. സംഭവത്തില്‍ അനുശോചിച്ച് ഒരു വാക്ക് പോലും തെരഞ്ഞെടുപ്പ് കമ്മീഷനോ ഗ്യാനേഷ് കുമാറോ പറഞ്ഞില്ലെന്ന് ഷമ മുഹമ്മദ് പ്രതികരിച്ചു.
◾ ആഗോള ക്രൈസ്തവ ഐക്യത്തിന് ആഹ്വാനം ചെയ്ത് ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ. സഭകള്‍ക്കിടയിലെ തെറ്റുകുറ്റങ്ങളും വീഴ്ചകളും മറക്കാനും സമാധാനത്തിനായി ഒന്നിച്ച് നില്‍ക്കാനുമാണ് ആഹ്വാനം. ഇസ്രയേല്‍ - പലസ്തീന്‍ പ്രശ്നപരിഹാരത്തിന് ദ്വിരാഷ്ട്രം മാത്രമാണ് പോംവഴിയെന്നും മാര്‍പ്പാപ്പ അടിവരയിട്ടു. തുര്‍ക്കി, ലെബനന്‍ സന്ദര്‍ശനത്തിനിടെയാണ് മാര്‍പ്പാപ്പയുടെ പ്രഖ്യാപനം.
◾ യു എസ് - യുക്രൈന്‍ ചര്‍ച്ച ഫ്ലോറിഡയില്‍ സമവായത്തിലെത്താതെ പിരിഞ്ഞു. റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ച ഫലപ്രദമായ പാതയിലാണെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റുബിയോ പ്രതികരിച്ചു. റഷ്യ-യുക്രൈന്‍ സമാധാനം പുനഃസ്ഥാപിക്കുക എളുപ്പമല്ലെന്നും, സമാധാന കരാറിനായി ഇനിയും ചര്‍ച്ചകള്‍ തുടരുമെന്നും മാര്‍ക്കോ റുബിയോ വ്യക്തമാക്കി.
◾ സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന. ഗ്രാമിന് 60 രൂപ വര്‍ധിച്ച് 11,960 രൂപയായി. പവന് 480 രൂപ വര്‍ധിച്ച് 95,680 രൂപയിലുമെത്തി. സ്വര്‍ണവില അടുത്ത ആഴ്ചകളില്‍ തന്നെ പുതിയ ഉയരങ്ങളിലേക്ക് എത്തുമെന്നാണ് നിലവില്‍ വിദഗ്ധര്‍ പറയുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ഔണ്‍സിന് 4,242 ഡോളറെന്ന നിലയിലാണ് നിലവില്‍ വ്യാപാരം പുരോഗമിക്കുന്നത്. ഈ വില അടുത്ത വര്‍ഷത്തില്‍ 4,500 ഡോളര്‍ കഴിഞ്ഞ് കുതിക്കുമെന്നാണ് മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ വിലയിരുത്തല്‍. 2026ന്റെ അവസാനം വില 4,900 ഡോളര്‍ കടക്കുമെന്നാണ് ഗോള്‍ഡ്മാന്‍ സാക്സിന്റെ പ്രവചനം. ഒക്ടോബറില്‍ പവന് 94,920 രൂപയെന്ന വിലയാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഏറ്റവും കൂടിയത്. സംസ്ഥാനത്ത് ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 1,03,530 രൂപയെങ്കിലും വേണ്ടി വരും. അഞ്ച് ശതമാനം പണിക്കൂലി, ഹാള്‍മാര്‍ക്കിംഗ് ചാര്‍ജുകള്‍, നികുതി എന്നിവ ചേര്‍ത്ത തുകയാണിത്. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് വിലയിലും മാറ്റമുണ്ടാകും.
◾ വാട്സാപ്പ്, ടെലിഗ്രാം, സിഗ്നല്‍, സ്നാപ്പ്ചാറ്റ്, ഷെയര്‍ചാറ്റ്, ജിയോ ചാറ്റ്, അരാട്ടെ, ജോഷ് തുടങ്ങിയ മെസേജിങ് ആപുകളില്‍ നിര്‍ണായക മാറ്റത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ടെലികമ്യൂണിക്കേഷന്‍സ് ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. ഇനി മുതല്‍ ഒരു ആക്ടീവ് സിം കാര്‍ഡില്ലാതെ ഈ ആപുകളിലെ സേവനങ്ങള്‍ ഉപയോഗിക്കാനാവില്ല. ടെലികമ്യൂണിക്കേഷന്‍ ഭേദഗതി നിയമപ്രകാരമാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. പുതിയ നിയമപ്രകാരം ഇത്തരം ആപുകള്‍ സിം കാര്‍ഡ് ഉണ്ടെങ്കില്‍ മാത്രമേ ഉപയോഗിക്കാനാവു. ഇതോടെ സിംകാര്‍ഡുള്ള ഡിവൈസില്‍ മാത്രമേ മെസേജിങ് ആപുകള്‍ ഉപയോഗിക്കാനാവു. വെബ് ബ്രൗസറുകള്‍ വഴി ലോഗ് ഇന്‍ ചെയ്യുന്നതിനും ചില നിയന്ത്രണങ്ങള്‍ ടെലികോം മന്ത്രാലയം കൊണ്ട് വന്നിട്ടുണ്ട്. വെബ് ബ്രൗസറുകള്‍ വഴി ലോഗ് ഇന്‍ ചെയ്തവര്‍ ഓരോ ആറ് മണിക്കൂറിലും ലോഗ് ഔട്ട് ചെയ്ത് വീണ്ടും അതാത് ആപിലേക്ക് ലോഗ് ഇന്‍ ചെയ്യണം. ഉപഭോക്താക്കള്‍ ലോഗ് ഔട്ട് ചെയ്തില്ലെങ്കില്‍ ഓട്ടോമാറ്റിക്കായി ആപില്‍ നിന്നും ലോഗ് ഔട്ടാവുന്ന സംവിധാനം അവതരിപ്പിക്കണമെന്നും ടെലികമ്യൂണിക്കേഷന്‍ മന്ത്രാലയത്തിന്റെ നിര്‍ദേശമുണ്ട്.
◾ ഡ്രീംസ് ഓണ്‍ സ്‌ക്രീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോമി ജോസ് കൈപ്പാറേട്ട് പ്രശാന്ത് മുരളിയെ നായകനാക്കി കഥയെഴുതി സംവിധാനം ചെയ്യുന്ന 'കരുതല്‍' എന്ന ചിത്രത്തിന്റെ ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി. ജോസ് കൈപ്പാറേട്ട് എഴുതി സംഗീതം പകര്‍ന്ന് പ്രദീപ് പള്ളുരുത്തി, ബിന്ദുജ പി ബി എന്നിവര്‍ ആലപിച്ച കള്ളച്ചിരി എന്നാരംഭിക്കുന്ന ലിറിക്കല്‍ വീഡിയോ ഗാനമാണ് റിലീസായത്. ദില്ലി മലയാളിയായ ഐശ്വര്യ നന്ദന്‍ ആണ് നായിക. പ്രശസ്ത സിനിമാതാരങ്ങളായ കോട്ടയം രമേശ്, സുനില്‍ സുഗത, സിബി തോമസ്, ട്വിങ്കിള്‍ സൂര്യ, സോഷ്യല്‍ മീഡിയ താരം ആദര്‍ശ് ഷേണായി, വര്‍ഷ വിക്രമന്‍ എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അണിനിരക്കുന്നു. പ്രശസ്ത ഛായാഗ്രാഹകനായ സാബു ജെയിംസാണ് ചിത്രത്തിന്റെ തിരക്കഥയെഴുതി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ഷൈജു കേളന്തറ, ജോസ് കൈപ്പാറേട്ട്, സ്മിനേഷ് എന്നിവരുടെ വരികള്‍ക്ക് ജോണ്‍സന്‍ മങ്ങഴ സംഗീതം പകരുന്നു. പ്രസീത ചാലക്കുടി, പ്രദീപ് പള്ളുരുത്തി, കെസ്റ്റര്‍, ബിന്ദുജ പി ബി, റാപ്പര്‍ സ്മിസ് എന്നവരാണ് സിനിമയിലെ നാല് ഗാനങ്ങള്‍ പാടിയിരിക്കുന്നത്.
◾ ആകാംഷയും ദുരൂഹതയും നിറഞ്ഞ കഥാസന്ദര്‍ഭങ്ങളുമായി, ഇന്ദ്രജിത്ത് സുകുമാരന്റെ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ''ധീര''ത്തിന്റെ ട്രെയിലര്‍ റിലീസായി. ചിത്രം ഏറെ ആവേശവും ആകാംക്ഷയുമുണര്‍ത്തുന്ന ആക്ഷന്‍ സസ്പെന്‍സ് ത്രില്ലറാണെന്ന് ട്രെയിലര്‍ സാക്ഷ്യപ്പെടുത്തുന്നു. റെമോ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ റെമോഷ് എം.എസ്, മലബാര്‍ ടാക്കീസിന്റെ ബാനറില്‍ ഹാരിസ് അമ്പഴത്തിങ്കല്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം നവാഗതനായ ജിതിന്‍ ടി. സുരേഷ് ആണ് സംവിധാനം ചെയ്യുന്നത്. ദീപു എസ്. നായര്‍, സന്ദീപ് സദാനന്ദന്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ഡിസംബര്‍ 5ന് ഡ്രീംബിഗ് ഫിലിംസ് ചിത്രം തീയേറ്ററുകളില്‍ എത്തിക്കും. ജി.സി.സി വിതരണാവകാശം ഫാഴ്സ് ഫിലിംസ് ആണ് കരസ്ഥമാക്കിയത്. ഇന്ദ്രജിത്ത് സുകുമാരന്‍, അജു വര്‍ഗീസ്, ദിവ്യ പിള്ള, നിഷാന്ത് സാഗര്‍, രഞ്ജി പണിക്കര്‍, റെബ മോണിക്ക ജോണ്‍, സാഗര്‍ സൂര്യ (പണി ഫെയിം), അവന്തിക മോഹന്‍, ആഷിക അശോകന്‍, ശ്രീജിത്ത് രവി, സജല്‍ സുദര്‍ശന്‍, തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.
◾ പുതിയൊരു സ്പെഷല്‍ എഡിഷന്‍ മോഡല്‍ കൂടി വിപണിയില്‍ എത്തിച്ചിരിക്കുകയാണ്, റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ - മന എഡിഷന്‍. ഹിമാലയന്‍ മന ബ്ലാക്ക് എഡിഷന്‍ 3.37 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്കാണ് റോയല്‍ എന്‍ഫീല്‍ഡ് അവതരിപ്പിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയതും കടുപ്പമേറിയതുമായ റൂട്ടുകളില്‍ ഒന്നായ മന പാസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ പുതിയ ഹിമാലയന്‍ റോയല്‍ എന്‍ഫീല്‍ഡ് നിര്‍മ്മിച്ചിരിക്കുന്നത്. ഹിമാലയന്‍ മന ബ്ലാക്കിന് വളരെ ആകര്‍ഷകമായി തോന്നിക്കുന്ന ഒരു ഡീപ്പ് സ്റ്റെല്‍ത്ത് ബ്ലാക്ക് ഫിനിഷ് അവതരിപ്പിക്കുന്നു. 40 ബിഎച്പി മാക്സ് പവറും 40 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 452 സിസി, ലിക്വിഡ്-കൂള്‍ഡ്, സിംഗിള്‍-സിലിണ്ടര്‍ എന്‍ജിനാണ് ബൈക്കിന് കരുത്ത് പകരുന്നത്. ആറ് സ്പീഡ് ഗിയര്‍ബോക്‌സാണ് ഇതിലുള്ളത്. ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സ്വിച്ചബിള്‍ എബിഎസ്, പവര്‍ മോഡുകള്‍ തുടങ്ങിയ ബാക്കി സവിശേഷതകള്‍ ഹിമാലയന്‍ നിരയിലെ മറ്റ് മോഡലുകളില്‍ കാണുന്നതുപോലെ തന്നെയാണ്. ബുക്കിങ്ങുകള്‍ തുടങ്ങിയിട്ടുണ്ട്, മന ബ്ലാക്ക് ബൈക്കിന്റെ ഡെലിവറികള്‍ ഉടന്‍ തന്നെ ആരംഭിക്കും.
◾ സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിതനായ ഒരാള്‍, പരിമിതികളെ മറികടന്ന്, ദക്ഷിണേന്ത്യയുടെ സംസ്‌കാരത്തിലും മതചിന്തയിലും രാഷ്ട്രീയത്തിലും നിര്‍ണ്ണായക പങ്കുവഹിച്ച ചോള-പാണ്ഡ്യരാജവംശങ്ങളുടെ ചരിത്രത്തെ പ്രമേയമാക്കി നടത്തിയ യാത്രയുടെ ഫലമാണ് ഈ പുസ്തകം. തെങ്കാശിയില്‍ തുടങ്ങി രാമേശ്വരത്ത് അവസാനിപ്പിക്കുന്ന ഈ വിവരണം അനുവാചകന് സമ്മാനിക്കുന്നത് മികച്ച വായനാനുഭവമാണ്. 'നൂറ്റാണ്ടുകളുടെ നടകളില്‍'. കൃഷ്ണകുമാര്‍ പി.എസ്. മാതൃഭൂമി. വില 195 രൂപ.
◾ എല്ലാ വര്‍ഷവും ഡിസംബര്‍ 1 ന് ലോക എയ്ഡ്‌സ് ദിനം ആചരിച്ച് വരുന്നു. തടസ്സങ്ങളെ മറികടക്കുക, എയ്ഡ്‌സ് പ്രതികരണത്തെ പരിവര്‍ത്തനം ചെയ്യുക എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. നേരത്തെയുള്ള രോഗനിര്‍ണയവും ചികിത്സയും രോഗം വേഗം ഭേദമാക്കാന്‍ സഹായിക്കുന്നു. എത്രയും വേഗം എച്ച്ഐവി തിരിച്ചറിയുകയും ചികിത്സിക്കുകയും ചെയ്യുന്നുവോ അത്രയും മികച്ച ഫലങ്ങള്‍ ലഭിക്കും. ആന്റി റിട്രോവൈറല്‍ തെറാപ്പി രോഗം ഭേദമാക്കാന്‍ ഫലപ്രദമാണ്. പലരും പ്രംരംഭ ലക്ഷണങ്ങളെ അവഗണിക്കുന്നതായി കാണുന്നു. ഹ്യൂമന്‍ ഇമ്മ്യൂണോഡെഫിഷ്യന്‍സി വൈറസ് എന്ന വൈറസുകളാണ് എയ്ഡ്സ് ഉണ്ടാക്കുന്നത്. ഒരു വ്യക്തി ആദ്യമായി രോഗബാധിതനാകുമ്പോള്‍ വൈറസ് അതിവേഗം പെരുകുന്നു. 2-4 ആഴ്ചകള്‍ക്കുള്ളില്‍ പലര്‍ക്കും അക്യൂട്ട് എച്ച്ഐവി അണുബാധ അല്ലെങ്കില്‍ സെറോകണ്‍വേര്‍ഷന്‍ അസുഖം എന്ന രോഗം വികസിക്കുന്നു. എയ്ഡ്സിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍. പനി, കടുത്ത ക്ഷീണവും ബലഹീനതയും, പേശി, സന്ധി വേദന, തൊണ്ടവേദന, കഴുത്തിലോ കക്ഷങ്ങളിലോ ഞരമ്പിലോ ഉള്ള മൃദുവായ ഗ്രന്ഥികള്‍ പോലുള്ള വീര്‍ത്ത ലിംഫ് നോഡുകള്‍, ചിലരില്‍ തലവേദന, ഓക്കാനം, അല്ലെങ്കില്‍ വയറിളക്കം. എയ്ഡ്സിന് വേണ്ടിയുള്ള പരിശോധനയും ചികിത്സയും വിപുലീകരിച്ചത് എച്ച്ഐവി മരണങ്ങളും പുതിയ അണുബാധകളും ഗണ്യമായി കുറഞ്ഞിട്ടുള്ളതായി യുഎന്‍എഐഡിഎസിന്റെയും ലോകാരോഗ്യ സംഘടനയുടെയും ഡാറ്റ വ്യക്തമാക്കുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 89.64, പൗണ്ട് - 118.44, യൂറോ - 104.14, സ്വിസ് ഫ്രാങ്ക് - 111.66, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 58.69, ബഹറിന്‍ ദിനാര്‍ - 237.74, കുവൈത്ത് ദിനാര്‍ -291.94, ഒമാനി റിയാല്‍ - 233.11, സൗദി റിയാല്‍ - 23.88, യു.എ.ഇ ദിര്‍ഹം - 24.40, ഖത്തര്‍ റിയാല്‍ - 24.67, കനേഡിയന്‍ ഡോളര്‍ - 64.10.
➖➖➖➖➖➖➖➖
Tags:
KERALA