Trending

സായാഹ്ന വാർത്തകൾ

2025 | നവംബർ 26 | ബുധൻ 
1201 | വൃശ്ചികം 10 |  തിരുവോണം 

◾ കേരളത്തിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം തുടരുന്നതിന് തടസ്സമില്ലെന്ന് സുപ്രീംകോടതി. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ വോട്ടര്‍പട്ടിക പരിഷ്‌കരണം നീട്ടിവെക്കണം എന്നാവശ്യപ്പെട്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ കോടതി സ്റ്റേ അനുവദിച്ചില്ല. കേരളത്തിന്റെ കേസ് ഡിസംബര്‍ 2 ന് പരിഗണിക്കും. ആശങ്കാജനകമായ സാഹചര്യം ഉണ്ടോ എന്ന് അന്ന് നോക്കാമെന്നും കോടതി അറിയിച്ചു. അതേസമയം, ഡിസംബര്‍ ഒന്നിനകം തമിഴ്നാട് ഹര്‍ജിയില്‍ സത്യവാങ് മൂലം സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

◾ ഭരണഘടന അംഗീകരിച്ചതിന്റെ സ്മരണയ്ക്കായി രാജ്യം ഇന്ന് ഭരണഘടനാ ദിനം ആചരിക്കുന്നു. പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ നടന്ന ഭരണഘടനാ ദിനാഘോഷങ്ങള്‍ക്ക് രാഷ്ട്രപതി ദ്രൗപതി മുര്‍മു നേതൃത്വം നല്‍കി.  ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള മറ്റു പാര്‍ലമെന്റ് അംഗങ്ങള്‍ തുടങ്ങിയവരും പങ്കെടുത്തു. മലയാളം, മറാഠി, നേപ്പാളി, പഞ്ചാബി, ബോഡോ, കശ്മീരി, തെലുഗു, ഒഡിയ, അസമീസ് എന്നീ ഒമ്പതു ഭാഷകളിലുള്ള ഭരണഘടന പരിഭാഷ ചടങ്ങില്‍ പ്രകാശനം ചെയ്യും. 

◾ രാജ്യത്തെ പൗരര്‍ ഭരണഘടനാപരമായ കടമകള്‍ നിറവേറ്റണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണഘടനാദിനത്തില്‍ പൗരന്മാര്‍ക്കെഴുതിയ കത്തില്‍ കടമകള്‍ നിര്‍വഹിക്കുന്നതിലൂടെയാണ് അവകാശങ്ങള്‍ ഉണ്ടാകുന്നതെന്ന മഹാത്മാഗാന്ധിയുടെ വിശ്വാസത്തെ പ്രധാനമന്ത്രി അനുസ്മരിച്ചു. സാമൂഹികവും സാമ്പത്തികവുമായ പുരോഗതിയുടെ അടിസ്ഥാനം കടമകള്‍ നിറവേറ്റുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് സ്വീകരിക്കുന്ന നയങ്ങളും തീരുമാനങ്ങളും വരും തലമുറയുടെ ജീവിതത്തെ രൂപപ്പെടുത്തുമെന്ന് പറഞ്ഞ അദ്ദേഹം വികസിത ഭാരതം എന്ന കാഴ്ചപ്പാടിലേക്ക് ഇന്ത്യ നീങ്ങുമ്പോള്‍ പൗരര്‍ അവരുടെ കടമകള്‍ക്ക് പ്രഥമസ്ഥാനം നല്‍കണമെന്നും അഭ്യര്‍ഥിച്ചു.

◾ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ലേബര്‍ കോഡിനെതിരെ ഇന്ന് രാജ്യവ്യാപക പ്രതിഷേധം. സംയുക്ത കിസാന്‍ മോര്‍ച്ചയും സംയുക്ത തൊഴിലാളി യൂണിയനും അടക്കമുളള പ്രതിപക്ഷ സംഘടനകളാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ജില്ലാ അടിസ്ഥാനത്തിലാണ് പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. സംയുക്ത കിസാന്‍ മോര്‍ച്ച കളക്ടര്‍മാര്‍ക്ക് നിവേദനം നല്‍കും.

◾ ഇടതുപക്ഷം തള്ളിപ്പറയുമ്പോഴും ലേബര്‍ കോഡില്‍ കേരള സര്‍ക്കാര്‍ കരട് വിജ്ഞാപനം ഇറക്കിയത് സമ്മതിച്ച് തൊഴില്‍ മന്ത്രി  ശിവന്‍കുട്ടി. എന്നാല്‍ തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ലെന്നാണ് വിശദീകരണം. ചട്ടങ്ങള്‍ തയ്യാറാക്കുക മാത്രമാണ് ചെയ്തത് എന്നും നടപ്പാക്കാനുള്ള ഒരു തുടര്‍ നടപടിയും ചെയ്തിട്ടില്ലെന്നും മന്ത്രി പറയുന്നു.

◾ രക്തസാക്ഷി പരിവേഷത്തോടെ പാര്‍ട്ടി വിടാമെന്ന് ശശി തരൂര്‍ കരുതേണ്ടെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ശശി തരൂരിന് വേണമെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോകാമെന്നും ശശി തരൂരിന് എല്ലാ പരിഗണനയും പാര്‍ട്ടി നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ കോണ്‍ഗ്രസിന് ഗുണം ചെയ്യുന്ന പ്രവര്‍ത്തനമല്ല തരൂര്‍ നടത്തുന്നതെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

◾ വഖഫ് ഭൂമി തര്‍ക്കത്തില്‍ പ്രതിസന്ധിയിലായ മുനമ്പത്തുകാര്‍ക്ക് ഇടക്കാല ആശ്വാസം. വ്യവസ്ഥകളോടെ റവന്യു വകുപ്പ് ഭൂമിയുടെ കരം സ്വീകരിക്കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. ഭൂമിയുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ തീര്‍പ്പാക്കും വരെ ഇടക്കാല ഉത്തരവ് ബാധകമാകും. ഭരണഘടന ദിനത്തില്‍ വന്ന ഉത്തരവ് പ്രതീക്ഷ നല്‍കുന്നതെന്ന് മുനമ്പം സമരസമിതി പ്രതികരിച്ചു.

◾ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ ധനസഹായ അപേക്ഷകള്‍ കുറ്റിക്കാട്ടില്‍ തള്ളിയ നിലയില്‍. പാലക്കാട് കൊല്ലങ്കോട് ട്രൈബല്‍ ഓഫീസില്‍ നല്‍കിയ 15 ഓളം അപേക്ഷകള്‍  യാക്കരയിലെ പുഴക്കരയില്‍ നിന്ന് കണ്ടെത്തി. വിദ്യാര്‍ഥികള്‍ ജില്ലാ കലക്ടര്‍ക്കും പട്ടികവര്‍ഗ്ഗ ഓഫിസര്‍ക്കും പരാതി നല്‍കി. അവിടെയെത്തിയ ഒരു കെഎസ്ഇബി ജീവനക്കാരനാണ് അപേക്ഷകള്‍ പുഴക്കരയില്‍ നിന്ന് കണ്ടെത്തിയത്.

◾ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതാണെന്നും സുധാകരന്‍ ഉള്‍പ്പടെ എല്ലാവരും ചേര്‍ന്നെടുത്ത തീരുമാനമാണെന്നും കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല. പാര്‍ട്ടി പരിപാടിയില്‍ രാഹുല്‍ എങ്ങനെ പങ്കെടുത്തു എന്നറിയില്ലെന്നും പരിശോധിക്കേണ്ടത് കെപിസിസി ആണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. രാഹുലിന്റെ ഓഡിയോ സന്ദേശം കേട്ടിട്ടില്ലെന്നും കേള്‍ക്കേണ്ട ഏര്‍പ്പാടൊന്നും അല്ലല്ലോ എന്നുമായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.

◾ ലൈംഗിക ആരോപണവുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലായ രാഹുല്‍ മാങ്കൂട്ടത്തിലിനെ അനുകൂലിച്ച് സംസാരിച്ച കെപിസിസി മുന്‍ അധ്യക്ഷന്‍ കെ സുധാകരനെ തള്ളി കെ മുരളീധരന്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ നിലവില്‍ സസ്പെന്‍ഷനിലാണെന്നും  നേതാക്കളോടൊപ്പം വേദി പങ്കിടാന്‍ രാഹുലിന് അനുമതിയില്ലെന്നും കെ മുരളീധരന്‍ പ്രതികരിച്ചു. പാര്‍ട്ടിക്ക് കൂടുതല്‍ നടപടി സ്വീകരിക്കാന്‍ ഇപ്പോള്‍ കഴിയില്ലെന്നും നിലവില്‍ ചാനലിലെ ശബ്ദം മാത്രമേയുള്ളൂവെന്നും പെണ്‍കുട്ടി മുന്നോട്ടുവന്നാല്‍ പൊതുസമൂഹം പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

◾ കെപിസിസി മുന്‍ അധ്യക്ഷന്‍ കെ സുധാകരന്റെ പിന്തുണയില്‍ പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. സുധാകരനും ചെന്നിത്തലയും വി ഡി സതീശനുമെല്ലാം തന്റെ നേതാക്കളാണെന്നും സസ്പെന്‍ഷനിലായ താന്‍ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കരുതെന്നാണ് നേതാക്കള്‍ പറഞ്ഞതെന്നും അത് താന്‍ അനുസരിക്കുന്നുണ്ടെന്നും രാഹുല്‍ പറഞ്ഞു. ഇപ്പോള്‍ നടക്കുന്നത് തന്നെ എംഎല്‍എ ആക്കാന്‍ അധ്വാനിച്ചവര്‍ക്കുള്ള തന്റെ പ്രചരണമാണെന്നും കാല് കുത്തി നടക്കാന്‍ കഴിയുന്നിടത്തോളം കാലം പ്രചരണത്തിന് ഇറങ്ങുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു.

◾ ശബരിമലയില്‍ താന്‍ ചെയ്തത് താന്ത്രിക വിധി പ്രകാരമുള്ള കാര്യങ്ങള്‍ മാത്രമാണെന്നും സ്വത്തുക്കളുടെ മുഴുവന്‍ ഉത്തരവാദിത്തവും ദേവസ്വം ബോര്‍ഡിനാണ് ഉള്ളതെന്നും തന്ത്രി കണ്ഠരര് രാജീവരര്. തനിക്ക് അറിയാവുന്നതെല്ലാം പ്രത്യേക അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ടെന്നും  ഉണ്ണികൃഷ്ണന്‍ പോറ്റിയെ സന്നിധാനത്ത് എത്തിച്ചത് താനല്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ ജോലി ചെയ്തിരുന്ന ആളായതുകൊണ്ട് തനിക്ക് ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയാമെന്നും ദൈവതുല്യരായിട്ടുള്ള എത്ര പേരുണ്ടെന്നും അതൊക്കെ തനിക്കെങ്ങനെ അറിയാമെന്നും തന്ത്രി പറഞ്ഞു.

◾ ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം പ്രസിഡന്റ് എ പത്മകുമാറിനെ രണ്ട് ദിവസത്തേക്ക് എസ്ഐടിയുടെ കസ്റ്റഡിയില്‍ വിട്ടു. കൊല്ലം വിജിലന്‍സ് കോടതിയാണ് എ പത്മകുമാറിനെ കസ്റ്റഡിയില്‍ വിട്ടത്. നാളെ വൈകിട്ട് 5 മണി വരെയാണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. തന്ത്രിമാരുടെ മൊഴിയെടുത്തതിന് പിന്നാലെ എ പത്മകുമാറിനെ എസ്ഐടി കൂടുതല്‍ ചോദ്യം ചെയ്തേക്കും.

◾ ശബരിമല സ്വര്‍ണ കൊള്ള കേന്ദ്ര ഏജന്‍സിയെ കൊണ്ട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി കോഴിക്കോട് നടത്തുന്ന ഒപ്പ് ശേഖരണം ഉദ്ഘാടനം ചെയ്ത് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ശബരിമല സ്വര്‍ണ കൊള്ളയില്‍ ആളുകളുടെ കണ്ണില്‍ പൊടിയിടുന്ന അന്വേഷണമാണ് നടക്കുന്നതെന്നും സൂത്രധാരന്മാരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരാന്‍ അന്വേഷണ സംഘത്തിന് താല്പര്യമില്ലെന്നുംഅദ്ദേഹം പറഞ്ഞു. കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിലാണ് സ്വര്‍ണ്ണക്കൊള്ള ആസൂത്രണം ചെയ്തിരിക്കുന്നതെന്നും, കെ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

◾ എന്‍ വാസുവിനെ കൈവിലങ്ങ് അണിയിച്ച് കോടതിയില്‍ ഹാജരാക്കിയ സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ ശുപാര്‍ശകളൊന്നുമില്ലാതെ അന്വേഷണ റിപ്പോര്‍ട്ട്. പ്രതി രക്ഷപെടാതെ കടുത്ത കരുതലോടെ കൊണ്ടുപോകണമെന്നായിരുന്നു ജയില്‍വകുപ്പിന്റെ നിര്‍ദ്ദേശം. അതുപ്രകാരമാണ് ഒരുകൈയില്‍ പ്രതിയുടെ അനുമതിയോടെ കൈവിലങ്ങ് ധരിപ്പിച്ചതെന്നും എസ്ഐടി ഉദ്യോഗസ്ഥരുടെ സാന്നിധ്യമുണ്ടായിരുന്നുവെന്നും പൊലീസുകാര്‍ വിശദീകരിച്ചു എന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.

◾ തിരുവനന്തപുരം നഗരസഭയില്‍ കോണ്‍ഗ്രസിന്റെ നിര്‍ദ്ദേശത്തിനു വിരുദ്ധമായി റിബലായി മത്സരിക്കുന്ന ഏട്ട്   പേരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി ഡിസിസി പ്രസിഡന്റ് എന്‍ ശക്തന്‍ അറിയിച്ചു. കഴക്കൂട്ടം വാര്‍ഡിലെ വി.ലാലു, ഹുസൈന്‍, പൗണ്ട്കടവ് വാര്‍ഡിലെ എസ്.എസ്.സുധീഷ്‌കുമാര്‍, പുഞ്ചക്കരി വാര്‍ഡിലെ കൃഷ്ണവേണി, വിഴിഞ്ഞം വാര്‍ഡിലെ ഹിസാന്‍ ഹുസൈന്‍, ഉള്ളൂരിലെ ജോണ്‍സന്‍ തങ്കച്ചന്‍, മണ്ണന്തല വാര്‍ഡിലെ ഷിജിന്‍, ജഗതിയിലെ സുധി വിജയന്‍ എന്നിവരെയാണ് കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയത്.

◾ വയനാട് വൈത്തിരിയില്‍ കോണ്‍ഗ്രസ് വനിത സ്ഥാനാര്‍ഥിയെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞ സംഭവത്തില്‍ കര്‍ശന നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസിലും പരാതി നല്‍കി കോണ്‍ഗ്രസ്. വൈത്തിരി ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡ് സ്ഥാനാര്‍ത്ഥി ഷൈലജ മുരുകേശനെയാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞത്. വിപ്ലവഭൂമിയാണെന്നും വീട് കയറി നിരങ്ങാന്‍ അനുവദിക്കില്ലെന്നും ഭീഷണിപ്പെടുത്തിയെന്നാണ് കോണ്‍ഗ്രസിന്റെ പരാതി. എന്നാല്‍ ആരെയും തടയുക പാര്‍ട്ടി നിലപാടല്ലെന്ന് എല്‍ഡിഎഫ് നേതാക്കള്‍ പൊലീസ് സ്റ്റേഷനില്‍ ചേര്‍ന്ന യോഗത്തില്‍ അറിയിച്ചത്.

◾ രാഷ്ട്രീയ വിമര്‍ശകനും യൂട്യൂബറുമായ കെ എം ഷാജഹാനെതിരെ കേസെടുത്ത് പൊലീസ്. എഡിജിപി എസ് ശ്രീജിത്ത് നല്‍കിയ പരാതിയിലാണ് മ്യൂസിയം പൊലീസ് കെ എം ഷാജഹാനെതിരെ കേസെടുത്തത്. ശബരിമല സ്വര്‍ണപ്പാളി കടത്തുമായി എ ശ്രീജിത്തിന് ബന്ധമുണ്ടെന്ന് ആരോപിച്ച് യുട്യൂബ് ചാനല്‍ വഴി കെ എം ഷാജഹാന്‍ മൂന്ന് വീഡിയോ ചെയ്തുവെന്നാണ് പരാതി.

◾ കണ്ണൂര്‍ പയ്യന്നൂരില്‍ പൊലീസിനെ ബോംബെറിഞ്ഞ കേസില്‍ കോടതി തടവ് ശിക്ഷയ്ക്ക് വിധിച്ച വി കെ നിഷാദ് സ്ഥാനാര്‍ത്ഥിയായി തുടരും. സ്ഥാനാര്‍ത്ഥിത്വത്തിന് നിയമതടസമില്ലെന്നും വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്നും സിപിഎം വ്യക്തമാക്കി. പയ്യന്നൂര്‍ നഗരസഭയിലെ മത്സരിക്കുന്ന ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് നിഷാദ്, നന്ദകുമാര്‍ എന്നിവരെയാണ് കോടതി 20 വര്‍ഷം തടവിന് ശിക്ഷിച്ചത്.

◾ കൊച്ചിയില്‍ പൊലീസുകാരനെ ഭീഷണിപ്പെടുത്തി നാല് ലക്ഷം തട്ടിയ കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. സ്പായുടെ മറവിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. ഒളിവിലുള്ള എസ്ഐ ബൈജുവിന്റെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് അന്വേഷണ സംഘം പറഞ്ഞു. പൊലീസുകാരനെ ഭീഷണിപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയത് സുല്‍ഫിക്കര്‍ എന്ന ആള്‍ക്കാണെന്നാണ് ഇന്നലെ അറസ്റ്റിലായ സ്പാ ജീവനക്കാരി രമ്യ മൊഴി നല്‍കി.

◾ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഇന്ന് രാവിലെ 140.10 അടിയായി ഉയര്‍ന്നതോടെ തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് കേരളത്തിന് ആദ്യ മുന്നറിയിപ്പ്  നല്‍കി. തമിഴ്നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് സെക്കന്റില്‍ 1200 ഘനയടിയായി വര്‍ധിപ്പിക്കുകയും ചെയ്തു. പരമാവധി സംഭരണ ശേഷിയായ 142 അടിയാണ് റൂള്‍ കര്‍വ് പരിധി. മഴ കുറഞ്ഞതിനാല്‍ നീരൊഴുക്കിന്റെ ശക്തി കുറഞ്ഞിട്ടുണ്ടെന്നാണ് വിവരം.

◾ കൊച്ചിയില്‍ വെച്ച് കസ്റ്റഡിയിലെടുത്ത കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ വീണ്ടും കസ്റ്റഡിയില്‍. തിരുവനന്തപുരം റെയില്‍വേ പൊലീസാണ് ബണ്ടി ചോറിനെ കസ്റ്റഡിയിലെടുത്തത്. റെയില്‍വേ ഫ്ലാറ്റ്ഫോമില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തത്. റെയില്‍വേ എസ് പിയുടെ നേതൃത്വത്തില്‍ ബണ്ടി ചോറിനെ ചോദ്യം ചെയ്യുകയാണ്. പേരൂര്‍ക്കട സ്റ്റേഷനില്‍ നിന്നും 76,000 രൂപ കിട്ടാനുണ്ടെന്നാണ് ബണ്ടി ചോര്‍ പറയുന്നത്. ഇന്നലെ സ്റ്റേഷനിലും പോയിരുന്നുവെന്നാണ് വിവരം.

◾ കൊല്ലത്ത് ടിയര്‍ ഗ്യാസ് ഷെല്‍ പൊട്ടി പൊലീസുകാര്‍ക്ക് പരിക്ക്. പരിശീലനത്തിനിടെ ചവറ സ്റ്റേഷനിലെ പൊലീസുകാരായ കീര്‍ത്തന, ആര്യ എന്നിവര്‍ക്കും തെക്കുംഭാഗം സ്റ്റേഷനിലെ എഎസ്ഐ ഹരിലാലിനുമാണ് പരിക്കേറ്റത്. ഇവരെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

◾ കാസര്‍കോട് സ്പെഷ്യല്‍ സബ് ജയിലില്‍ റിമാന്‍ഡ് പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് ദേളി സ്വദേശി മുബഷീറാണ് മരിച്ചത്. 2016ലെ പോക്സോ കേസില്‍ ഈ മാസമാണ് ഇയാള്‍ അറസ്റ്റിലായത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. അതേസമയം, മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. ജയിലില്‍ മര്‍ദനം ഏല്‍ക്കേണ്ടിവന്നെന്ന് മുബഷീര്‍ പറഞ്ഞതായി ബന്ധുക്കള്‍ ആരോപിച്ചു.

◾ പുതുച്ചേരിയില്‍ റോഡ് ഷോ നടത്താന്‍ ടിവികെ അധ്യക്ഷന്‍ വിജയ്. ഡിസംബര്‍ അഞ്ചിന് റോഡ് ഷോ നടത്താന്‍ അനുമതി തേടി പൊലീസ് മേധാവിക്ക് ടിവികെ കത്ത് നല്‍കി. രാവിലെ 9 മണി മുതല്‍ വൈകീട്ട് അഞ്ച് വരെ പരിപാടി നീളുമെന്നും ഉപ്പളത്ത് വിജയ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുമെന്നുമാണ് കത്തില്‍ പറയുന്നത്. തമിഴ്നാട്ടിലെ സേലത്ത് പൊതുയോഗത്തിന് വിജയ് അനുമതി തേടിയെങ്കിലും പൊലീസ് അനുമതി നല്‍കിയിരുന്നില്ല.

◾ കര്‍ണാടകയിലെ നേതൃത്വത്തിലെ തര്‍ക്കം വീണ്ടും ഉയര്‍ന്നുവന്ന സാഹചര്യത്തില്‍, ആശയക്കുഴപ്പം അവസാനിപ്പിക്കാന്‍ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. അധികാരം പങ്കിടല്‍ സംബന്ധിച്ച് പാര്‍ട്ടിയിലെ അഞ്ചാറ് പേര്‍ക്കിടയില്‍ രഹസ്യ കരാര്‍ ഉണ്ടെന്ന് ഡെപ്യൂട്ടി മുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ പ്രസ്താവനക്ക് പിന്നാലെയാണ് സിദ്ധരാമയ്യ രംഗത്തെത്തിയത്.

◾ പശ്ചിമ ബംഗാളിലെ ഏകദേശം 14 ലക്ഷം എസ്‌ഐആര്‍ ഫോമുകള്‍ അസാധുവാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഇത് വരെയുള്ള കണക്കുകള്‍ പ്രകാരമാണിത്. വോട്ടര്‍മാര്‍ ഹാജരാകാത്ത കേസുകള്‍, ഡ്യൂപ്ലിക്കേറ്റ്, മരിച്ചു പോയവര്‍, സ്ഥിരമായി സ്ഥലം മാറിയവര്‍ എന്നിവരുടെ ഫോമുകളാണ് അസാധുവാക്കപ്പെട്ടിരിക്കുന്നത്.

◾ കൊല്‍ക്കത്ത മുര്‍ഷിദാബാദില്‍ ബാബറി മസ്ജിദ് നിര്‍മ്മിക്കുമെന്നും ഡിസംബര്‍ 6 ന് തറക്കല്ലിടല്‍ ചടങ്ങ് നടക്കുമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ ഹുമയൂണ്‍ കബീര്‍. എന്നാല്‍ എംഎല്‍എയുടെ പ്രഖ്യാപനം വോട്ടുകള്‍ക്ക് വേണ്ടിയുള്ള പ്രീണന രാഷ്ട്രീയത്തിന്റെ ഉദാഹരണമാണെന്ന് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവല്ല വിമര്‍ശിച്ചു.

◾ ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന സ്പാം കോളുകള്‍, വ്യാജ സന്ദേശങ്ങള്‍, ഡിജിറ്റല്‍ തട്ടിപ്പുകള്‍ എന്നിവ തടയുന്നതിന് വന്‍ നടപടിയുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. തട്ടിപ്പുകള്‍ക്കും സ്പാം കോളുകള്‍ക്കുമെതിരായ നടപടികളുടെ ഭാഗമായി കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ട്രായ് 2.1 ദശലക്ഷം മൊബൈല്‍ നമ്പറുകള്‍ എന്നെന്നേക്കുമായി നിരോധിക്കുകയും വ്യാജ എസ്എംഎസുകളും കോളുകളും തുടര്‍ച്ചയായി അയച്ചിരുന്ന ഒരു ലക്ഷത്തോളം സ്ഥാപനങ്ങളെ കരിമ്പട്ടികയില്‍പ്പെടുത്തുകയും ചെയ്തു.

◾ മധ്യപ്രദേശിലെ സെഹോറിലെ വിഐടി സര്‍വകലാശാലയില്‍ ചൊവ്വാഴ്ച അര്‍ദ്ധരാത്രിയില്‍ നടന്ന പ്രതിഷേധം വലിയ തോതിലുള്ള അക്രമത്തിലേക്ക് നീങ്ങി. മഞ്ഞപ്പിത്തം ബാധിച്ച് നിരവധി വിദ്യാര്‍ത്ഥികള്‍ ആശുപത്രിയിലായതാണ് പ്രശ്നങ്ങളുടെ തുടക്കം. ശുചിത്വക്കുറവും ഭക്ഷണത്തിന്റെ ഗുണനിലവാരം മോശമാകുന്നതുമായി ബന്ധപ്പെട്ട ആവര്‍ത്തിച്ചുള്ള പരാതികള്‍ സര്‍വകലാശാല അവഗണിച്ചതായി വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

◾ ഓപ്പറേഷന്‍ സിന്ദൂറില്‍ പുതിയ വെളിപ്പെടുത്തല്‍. ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ഉറിയിലെ ജലവൈദ്യുതി നിലയം ആക്രമിക്കാന്‍ പാക് ശ്രമം നടത്തിയെന്ന് സിഐഎസ്എഫിന്റെ വെളിപ്പെടുത്തല്‍. ഡ്രോണ്‍ ഉപയോഗിച്ച് ഉറിയിലെ ജലവൈദ്യുതി നിലയം ആക്രമണം നടത്താനായിരുന്നു ശ്രമമെന്നും കാവല്‍ ജോലിയിലുണ്ടായിരുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് ശ്രമം പരാജയപ്പെടുത്തിയതെന്നുമാണ് വെളിപ്പെടുത്തല്‍.

◾ കൊടും മഴയില്‍ മുങ്ങി തായ്ലാന്‍ഡ്. 300 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് രാജ്യം അഭിമുഖീകരിക്കുന്നത്. തായ്ലാന്‍ഡിന്റെ മിക്ക ഭാഗങ്ങളും വെള്ളപ്പൊക്ക കെടുതികള്‍ നേരിടുകയാണ്. 18 ഓളം പേരാണ് ഇതിനോടകം പല ഭാഗങ്ങളിലായുള്ള വെള്ളപ്പൊക്ക കെടുതികളില്‍ മരിച്ചത്. സൈന്യം കപ്പലുകളും ഹെലികോപ്ടറുകളും ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നുണ്ട്.

◾ റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള സുപ്രധാന തീരുമാനവുമായി യുക്രെയ്ന്‍. യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവെച്ച സമാധാന കരാര്‍ യുക്രെയ്ന്‍ അംഗീകരിച്ചു. യുഎസ് മുന്നോട്ടുവെച്ച 28 കാര്യങ്ങളടങ്ങിയ സമാധാന പദ്ധതിയിലാണ് പൊതുവായ ധാരണയായതെന്ന് യുക്രെയ്ന്‍ വ്യക്തമാക്കി. കഴിഞ്ഞയാഴ്ച ജെനീവയില്‍ നടന്ന ചര്‍ച്ചകള്‍ക്കുശേഷമാണ് അമേരിക്കയുടെയും യുക്രെയ്‌ന്റെയും ഉദ്യോഗസ്ഥര്‍ സമാധാന കരാരിന് അന്തിമരൂപം നല്‍കിയത്.

◾ ബാസ്‌കറ്റ് ബോള്‍ പരിശീലനത്തിനിടെ പോള്‍ ഒടിഞ്ഞുവീണ് ദേശീയ താരത്തിന് ദാരുണാന്ത്യം.  16കാരന്‍ ഹാര്‍ദ്ദിക് റാത്തിയാണ് പോള്‍ ഒടിഞ്ഞ് ദേഹത്ത് വീണതിനെ തുടര്‍ന്ന് തല്‍ക്ഷണം മരിച്ചത്. ഹരിയാനയിലെ റോത്തക്കിലുള്ള ലഖന്‍്ര മാജ്ര ഗ്രാമത്തിലെ ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടില്‍ ഇന്നലെ രാവിലെ 10 മണിയോടെയാണ് അപകടം നടന്നത്.  ഹാര്‍ദ്ദിക്കിന്റെ മരണത്തെത്തുടര്‍ന്ന് ആദരസൂചകമായി അടുത്ത മൂന്ന് ദിവസത്തേക്ക് ഹരിയാനയിലെ എല്ലാ കായിക മത്സരങ്ങളും നിര്‍ത്തിവെക്കാന്‍ ഹരിയാന സര്‍ക്കാര്‍ ഉത്തരവിട്ടു.

◾ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും പോര്‍ച്ചുഗലിനും ആശ്വാസം. ഈ മാസം നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ അയര്‍ലന്‍ഡ് താരം ഡാര ഒഷേയയെ കൈമുട്ടുകൊണ്ട് ഇടിച്ചതിന് റൊണാള്‍ഡോയ്ക്ക് ഫിഫ അച്ചടക്ക സമിതി ഏര്‍പ്പെടുത്തിയ മൂന്ന് മത്സരങ്ങളുടെ വിലക്കില്‍ ഫിഫ ഇളവ് പ്രഖ്യാപിച്ചു. ഇതോടെ നാല്‍പതുകാരനായ റൊണാള്‍ഡോയ്ക്ക് ലോകകപ്പില്‍ പോര്‍ച്ചുഗലിനായി ആദ്യ ഗ്രൂപ്പ് മത്സരങ്ങള്‍ മുതല്‍ കളിക്കാം.

◾ ദക്ഷിണാഫ്രിക്കെതിരായ രണ്ടാം ടെസ്റ്റിലും ഇന്ത്യക്ക് തോല്‍വി. ടീം ഇന്ത്യ 408 റണ്‍സിന്റെ വമ്പന്‍ തോല്‍വി ഏറ്റു വാങ്ങിയതോടെ പരമ്പരയിലെ രണ്ട് മത്സരങ്ങളും ജയിച്ച് ദക്ഷിണാഫ്രിക്ക പരമ്പര തൂത്തുവാരി. 549 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ് തുടങ്ങിയ ഇന്ത്യ രണ്ടിന് 27 എന്ന നിലയിലാണ് ഇന്നലെ കളിയവസാനിപ്പിച്ചത്. അഞ്ചാം ദിനമായ ഇന്ന് ഇന്ത്യക്ക് 113റണ്‍സ് മാത്രമേ കൂട്ടിച്ചേര്‍ക്കാനായുള്ളൂ. ആറുവിക്കറ്റുകള്‍ വീഴ്ത്തിയ സൈമണ്‍ ഹാമറാണ് രണ്ടാമിന്നിംഗസില്‍ ഇന്ത്യയുടെ നടുവൊടിച്ചത്. ടെസ്റ്റ് ക്രിക്കറ്റില്‍ റണ്‍സിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ തോല്‍വിയാണിത്.25 വര്‍ഷത്തിനിടെ ദക്ഷിണാഫ്രിക്കയുടെ ഇന്ത്യയിലെ ആദ്യ പരമ്പര വിജയം കൂടിയാണിത്.

◾ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ സമ്പൂര്‍ണ തോല്‍വിക്കു പിന്നാലെ പ്രതികരണവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ ഗൗതം ഗംഭീര്‍. താന്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്ത് തുടരാന്‍ അര്‍ഹനാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് ബിസിസിഐ ആണെന്നും താനല്ല ഇന്ത്യന്‍ ക്രിക്കറ്റാണ് പ്രധാനമെന്നും ഗംഭീര്‍ പറഞ്ഞു.

◾ സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്ന് 94,000ലേക്ക്. ഇന്ന് പവന് ഒറ്റയടിക്ക് 640 രൂപയാണ് വര്‍ധിച്ചത്. 93,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 80 രൂപയാണ് ഉയര്‍ന്നത്. 11,725 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ ഒറ്റയടിക്ക് 1400 രൂപയാണ് വര്‍ധിച്ചത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 90,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. അഞ്ചിന് 89,080 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് പടിപടിയായി വില ഉയര്‍ന്ന് 13ന് 94,000ന് മുകളില്‍ എത്തി. 13ന് രേഖപ്പെടുത്തിയ 94,320 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരം. തുടര്‍ന്ന് വില കുറഞ്ഞ സ്വര്‍ണവില വീണ്ടും തിരിച്ചുകയറുകയാണ്. യുഎസ് സമ്പദ് വ്യവസ്ഥ സജീവമായതോടെ ഓഹരി വിപണിയിലേക്ക് നിക്ഷേപകര്‍ തിരിച്ചെത്തിത്തുടങ്ങിയിട്ടുണ്ട്. ഇതാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. ഡോളര്‍ ശക്തിയാര്‍ജിച്ചത് അടക്കമുള്ള ഘടകങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.

◾ ചാറ്റ് ജി.പിടിയില്‍ ഗ്രൂപ്പ് ചാറ്റ് ഫീച്ചര്‍ അവതരിപ്പിച്ച് ഓപണ്‍ എ.ഐ. 20 പേര്‍ വരെ ഉള്‍ക്കൊള്ളാവുന്ന ഗ്രൂപ്പ് ചാറ്റുകള്‍ ചാറ്റ് ജി.പി.ടിയില്‍ നടത്താം. ഗ്രൂപ്പ് ചാറ്റ് ആരംഭിക്കാന്‍ സ്‌ക്രീനില്‍ മുകളിലായി കാണുന്ന സ്റ്റാര്‍ട്ട് എ ഗ്രൂപ്പ് ചാറ്റ് ഓപ്ഷന്‍ തെരഞ്ഞെടുക്കുക. ശേഷം ലഭിക്കുന്ന ഇന്‍വൈറ്റ് ലിങ്ക് ഗ്രൂപ്പ് ചാറ്റില്‍ ഉള്‍പ്പെടുന്നവര്‍ക്ക് അയച്ചുകൊടുക്കുക. അതുവഴി മറ്റുള്ളവര്‍ക്ക് ചാറ്റില്‍ അംഗങ്ങളാവാം. ഉപയോക്താക്കള്‍ ഇന്‍വൈറ്റ് ലിങ്ക് സ്വീകരിക്കണം. പഠന വിഷയങ്ങള്‍, ട്രിപ്പുകള്‍ എന്നിങ്ങനെ സര്‍വമേഖലയും അംഗങ്ങള്‍ക്ക് ഗ്രൂപ്പ് ചാറ്റില്‍ ചര്‍ച്ച ചെയ്യാം. അനാവശ്യമായി ചാറ്റ് ബോട്ട്  നിങ്ങളുടെ സംഭാഷണങ്ങളില്‍ ഇടപെടുമെന്ന ഭയം ആവശ്യമില്ല. ആവശ്യമുള്ള സമയത്ത് മാത്രമേ ചാറ്റ്ബോട്ട് സംഭാഷണങ്ങളില്‍ ഇടപെടുകയുള്ളൂ. മാത്രമല്ല ആവശ്യമായി വരുമ്പോള്‍ ചാറ്റ് ജിപിടിയെ ടാഗ് ചെയ്ത് ചോദ്യങ്ങള്‍ ചോദിച്ചാല്‍ അതിനുള്ള ഉത്തരം ചാറ്റ് ബോട്ട് നല്‍കും. നിര്‍ദേശങ്ങളും സംഭാഷണത്തിനിടയില്‍ ആവശ്യപ്പെടാം. കൂടാതെ വ്യക്തിഗതമാക്കിയ ചിത്രങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ എ.ഐക്ക് ഇമോജികളോ റഫറന്‍സ് പ്രൊഫൈല്‍ ഫോട്ടോകളോ ഉപയോഗിച്ച് പ്രതികരിക്കാന്‍ പോലും കഴിയും.  

◾ പുതിയ ചിത്രവുമായി സംവിധായകനും തിരക്കഥാകൃത്തും നിര്‍മാതാവുമായ എബ്രിഡ് ഷൈന്‍. 'സ്പാ' എന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. നിഗൂഢതയും ആകാംക്ഷയും ഉണര്‍ത്തുന്നതാണ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍. 'രഹസ്യങ്ങള്‍ രഹസ്യങ്ങളാണ് ചില കാരണങ്ങളാല്‍' എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. നിശബ്ദത ആവശ്യപ്പെടുന്ന ഒരു സ്ത്രീയുടെ മുഖമാണ് പോസ്റ്ററിലുള്ളത്. സിദ്ധാര്‍ഥ് ഭരതന്‍, വിനീത് തട്ടില്‍, പ്രശാന്ത് അലക്‌സാണ്ടര്‍, മേജര്‍ രവി,വിജയ് മേനോന്‍, ദിനേശ് പ്രഭാകര്‍,  അശ്വിന്‍ കുമാര്‍, ശ്രീകാന്ത് മുരളി, കിച്ചു ടെല്ലസ് ജോജി കെ മേജര്‍ രവിജോണ്‍, സജിമോന്‍ പാറയില്‍, എബി, ഫെബി, മാസ്‌ക് മാന്‍, ശ്രുതി മേനോന്‍, രാധിക രാധാകൃഷ്ണന്‍, ശ്രീജ ദാസ്, പൂജിത മേനോന്‍, റിമ ദത്ത, ശ്രീലക്ഷ്മി ഭട്ട്, നീന കുറുപ്പ്, മേഘ തോമസ് തുടങ്ങി ഒരു വമ്പന്‍ താരനിരതന്നെ ചിത്രത്തിലുണ്ട്. ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷനും  പൂര്‍ത്തിയാക്കിയ 'സ്പാ' ഉടന്‍ തിയറ്ററുകളില്‍ എത്തും.

◾ 'മമ്മി' സിനിമകളിലൂടെ പ്രേക്ഷകരെ വിറപ്പിച്ച ഹോളിവുഡ് താരം അര്‍ണോള്‍ഡ് വോസ്ലൂ വിജയ് ദേവരകൊണ്ടയുടെ വില്ലനാകുന്നു. രാഹുല്‍ സന്‍ക്രിത്യാന്‍ സംവിധാനം ചെയ്യുന്ന പീരിഡ് ആക്ഷന്‍ ത്രില്ലറിലാണ് അര്‍ണോള്‍ഡ് പ്രധാന വേഷത്തിലെത്തുന്നത്. ബ്രിട്ടിഷ് ഓഫിസറുടെ കഥാപാത്രമായാകും അദ്ദേഹം പ്രത്യക്ഷപ്പെടുക. 'ടാക്സിവാല' എന്ന ചിത്രത്തിനുശേഷം രാഹുലും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്ന സിനിമ കൂടിയാണിത്. 1854-നും 1878-നും ഇടയില്‍, ബ്രിട്ടിഷ് കോളനി വാഴ്ച അതിന്റെ ഉന്നതിയില്‍ നിന്ന കാലഘട്ടത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. യഥാര്‍ഥ ചരിത്ര സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഈ സിനിമ, ചെറുത്തുനില്‍പ്പ്, വിപ്ലവം, സ്വത്വം എന്നീ പ്രമേയങ്ങളെയാണ് ആസ്പദമാക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ രവിശങ്കറും ചേര്‍ന്നാണ് നിര്‍മാണം. രശ്മിക മന്ദാനയാണ് നായികയായി എത്തുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.

◾ സെല്‍റ്റോസിന്റെ രണ്ടാം തലമുറയുമായി കിയ എത്തുന്നു. ഡിസംബര്‍ ആദ്യം പുതിയ മോഡലിനെ ദക്ഷിണകൊറിയയിലും ഇന്ത്യയിലും കിയ അവതരിപ്പിക്കും. തുടക്കത്തില്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനും പിന്നീട് ഇന്ധനക്ഷമത കൂടിയ ഹൈബ്രിഡ് മോഡലും എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയയ്ക്ക് ഇന്ത്യയില്‍ മേല്‍വിലാസം ഉണ്ടാക്കിയ കാറാണ് സെല്‍റ്റോസ്. 2019ല്‍ പുറത്തിറങ്ങിയ സെല്‍റ്റോസ് ആറു വര്‍ഷത്തിന് ശേഷം തലമുറ മാറി എത്തുന്നു. ഡിസംബര്‍ പത്തിന് പുതുതലമുറ സെല്‍റ്റോസ് എത്തുകയാണ്. തലമുറമാറ്റത്തോടെ എത്തുന്ന സെല്‍റ്റോസ് ഡിസൈനില്‍ അടി മുടി മാറിയാണ് വരുന്നത്. കൂടുതല്‍ ഫീച്ചറുകളും പവര്‍ട്രെയിന്‍ ഓപ്ഷനുകളും പ്രതീക്ഷിക്കാം. 1.5 ലീറ്റര്‍ നാച്ചുറലി അസ്പയേഡ് പെട്രോള്‍, 1.5 ലീറ്റര്‍ ഡീസല്‍, 1.5 ലീറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ പവര്‍ട്രെയിനുകള്‍ എന്തായാലും ഉറപ്പിക്കാം. തുടക്കത്തില്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനും അതിന് ശേഷം 1.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനും ഇലക്ട്രിക് മോട്ടറും ഉപയോഗിക്കുന്ന ഹൈബ്രിഡ് മോഡലും എത്തും. കിയ  നിറോ എസ്യുവിയില്‍ ഉപയോഗിക്കുന്ന അതേ ഹൈബ്രിഡ് എന്‍ജിന്‍ തന്നെയാകും പുതിയ മോഡലിലും.

◾ എസ്തോണിയയില്‍ ക്രിസ്തുമതം എത്തിത്തുടങ്ങുന്ന കാലഘട്ടത്തില്‍ അവതരിപ്പിക്കുന്ന ഈ സാങ്കല്പിക നോവലില്‍ ലീമെറ്റ് എന്ന യുവാവ് അവന്റെ കുടുംബത്തോടൊപ്പം കാട്ടിലേക്ക് കുടിയേറുകയാണ്. മാജിക്കും അതിന്ദ്രീയജ്ഞാനങ്ങള്‍ക്കുമിടയില്‍ ജീവിക്കുന്ന കാനനവാസികള്‍ക്ക് പാമ്പുകളുടെ ഭാഷയുമറിയാം. അതുപയോഗിച്ച് ജീവിക്കുന്ന അവര്‍ മതത്തിലേക്ക് ആകര്‍ഷിക്കുന്ന ഗ്രാമീണരുടെ പ്രലോഭനങ്ങളെ അതിജീവിക്കാന്‍ പരിശ്രമിക്കുന്നതിന്റെ കഥ. എസ്തോണിയന്‍ ഭാഷയില്‍ എഴുതിയ ഒരു നോവല്‍ എന്നതാണ് ഈ രചനയുടെ സവിശേഷത. അന്താരാഷ്ട്ര സാഹിത്യവേദികളില്‍ അധികമൊന്നും എത്തിപ്പെടാത്ത ഈ ഭാഷയില്‍ നിന്നൊരു നോവല്‍ മലയാളി വായനക്കാര്‍ക്ക് ആദ്യമായി ലഭിക്കുകയാണ്. 2008ല്‍ സ്റ്റാക്കര്‍ അവാര്‍ഡ് ഈ നോവലിന് ലഭിച്ചിട്ടുണ്ട്. 'പാമ്പുഭാഷ സംസാരിക്കുന്നവന്‍'. ആന്‍ഡ്രൂസ് കിവിരാഹ്ക്. പരിഭാഷ : സുരേഷ് എം.ജി. ഗ്രീന്‍ ബുക്സ്. വില 476 രൂപ.

◾ ശരീരത്തില്‍ വിറ്റാമിന്‍ ബി12ന്റെ കുറവും ഫാറ്റി ലിവര്‍ എന്ന അവസ്ഥയിലേക്ക് നയിക്കാമെന്ന് പഠനം. കൊഴുപ്പ് വിഘടിപ്പിക്കുന്നതിനും കരളിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനും വിറ്റാമിന്‍ ബി12 പ്രധാനമാണ്. ശരീരത്തില്‍ വിറ്റാമിന്‍ ബി12 കുറയുന്നതോടെ കൊഴുപ്പിനെ ശരിയായി സംസ്‌കരിക്കുന്നതിനും പുറന്തള്ളുന്നതിനും കരളിന് കഴിയാതെ വരുന്നു. ഇതോടെ കൊഴുപ്പ് കരള്‍ കോശങ്ങളില്‍ അടിഞ്ഞു കൂടാനും വീക്കമുണ്ടാക്കാനും കാരണമാകും. നോണ്‍-ആല്‍ക്കഹോളിക് ഫാറ്റിലിവര്‍ രോഗമുള്ളവരില്‍ വിറ്റാമിന്‍ ബി 12ന്റെ അളവ് സാധാരണയായി കുറവായിരിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. അമിതമായ ക്ഷീണം വിറ്റാമിന്‍ ബി 12 അഭാവത്തിന്റെ സാധാരണ ലക്ഷണങ്ങളില്‍ ഒന്നാണ്. കൈ-കാലുകളില്‍ ഉണ്ടാകുന്ന മരവിപ്പ്, ദേഷ്യം, ഉത്കണ്ഠ, വിഷാദം, അല്ലെങ്കില്‍ മറവി എന്നിവ വിറ്റാമിന്‍ ബി 12 അഭാവത്തില്‍ അനുഭവപ്പെട്ടേക്കാം. ചര്‍മം വിളറിയതോ മഞ്ഞനിറത്തിലോ കാണപ്പെടാം. വിറ്റാമിന്‍ ബി12ന്റെ അഭാവം പിത്താശയക്കല്ലുകള്‍ പോലുള്ള കരളിന്റെ മറ്റ് പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. മാംസം, മത്സ്യം, മുട്ട, പാല്‍ ഉത്പ്പന്നങ്ങള്‍ തുടങ്ങിയവ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് വിറ്റാമിന്‍ ബി12 അഭാവം ഒരുപരിധി വരെ പരിഹരിക്കാന്‍ സഹായിക്കും.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 89.26, പൗണ്ട് - 117.66, യൂറോ - 103.34, സ്വിസ് ഫ്രാങ്ക് - 110.80, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 57.97, ബഹറിന്‍ ദിനാര്‍ - 236.76, കുവൈത്ത് ദിനാര്‍ -290.73, ഒമാനി റിയാല്‍ - 232.13, സൗദി റിയാല്‍ - 23.80, യു.എ.ഇ ദിര്‍ഹം - 24.28, ഖത്തര്‍ റിയാല്‍ - 24.51, കനേഡിയന്‍ ഡോളര്‍ - 63.41.
Previous Post Next Post
3/TECH/col-right