Trending

സായാഹ്ന വാർത്തകൾ.

2025 | നവംബർ 28 | വെള്ളി 
1201 | വൃശ്ചികം 12 |  ചതയം 

◾ ലൈംഗിക പീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങള്‍ സജീവമാക്കി പൊലീസ്. രാഹുല്‍ മാങ്കൂട്ടത്തിലിനായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. യുവതിയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. കേസെടുത്തതിന് പിന്നാലെ രാഹുലിനും സുഹൃത്തും അടൂര്‍ സ്വദേശിയായ വ്യാപാരിക്കുമായി അന്വേഷണം നടത്തുകയാണ് പൊലീസ്. രാഹുല്‍ മാങ്കൂട്ടത്തില്‍ സുഹൃത്ത് വഴിയാണ് ഗര്‍ഭച്ഛിദ്ര ഗുളിക എത്തിച്ചതെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജോബി ജോസഫിനെയും കേസില്‍ പ്രതി ചേര്‍ക്കാന്‍ തീരുമാനിച്ചത്.

◾ ലൈംഗിക പീഡന പരാതിയില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് കേസെടുത്തത് നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി. ബിഎന്‍എസ് 89 വകുപ്പ് പ്രകാരം 10 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ് നിര്‍ബന്ധിത ഭ്രൂണഹത്യ.  ബലാത്സംഗം, കഠിനമായ ദേഹോപദ്രവം, അനുമതിയില്ലാതെ സ്വകാര്യ ദൃശ്യങ്ങള്‍ ചിത്രീകരിക്കുക തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.

◾ ലൈംഗിക പീഡനക്കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ തത്കാലം കൂടുതല്‍ നടപടിയെടുക്കേണ്ടേന്ന് കോണ്‍ഗ്രസ് നേതൃത്വത്തില്‍ ധാരണ. രാഹുല്‍ മാങ്കൂട്ടത്തിലിനോട് എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ ആവശ്യപ്പെടില്ല. കേസിന്റെ ഗതി പാര്‍ട്ടി നിരീക്ഷിക്കും. നിലവില്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്റ് ചെയ്തതിനാല്‍ കേസില്‍ പാര്‍ട്ടിക്ക് ബാധ്യതയില്ലെന്നാണ് നേതാക്കളുടെ നിലപാട്.

◾ രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ യ്ക്കെതിരെ  കേസ് എടുത്ത സമയം ശ്രദ്ധിക്കണമെന്ന്  കെപിസിസി അച്ചടക്കകാര്യ സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. തെരഞ്ഞെടുപ്പ് സമയത്താണ്  കേസ് എടുത്തതെന്നും രാഹുലിന്റേതിന്  സമാനമായ എത്ര കേസുകള്‍ കേരളത്തില്‍ ഉണ്ടെന്നും എല്ലാ തെരഞ്ഞെടുപ്പിന് മുന്‍പും ഇതുപോലുള്ള കേസ് വരുമെന്നും സര്‍ക്കാര്‍ നിയമത്തിന്റെ  വഴി തുറന്നുവെന്നും കാര്യങ്ങള്‍ ആ വഴി പോകട്ടെയെന്നും അദ്ദേഹം പറഞ്ഞു.


◾  രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതിയില്‍ രൂക്ഷഭാഷയില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍. ആരോപണത്തില്‍ അടിസ്ഥാനം ഉണ്ടെന്ന് കണ്ടാണ് രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്റ് ചെയ്തതെന്നും രാഹുല്‍ വടി കൊടുത്ത് അടി വാങ്ങിയെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചു. പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടും രാഹുല്‍ പാര്‍ട്ടിയെയും ഇരയെയും മാധ്യമങ്ങളെയും വെല്ലുവിളിച്ചു. പാര്‍ട്ടി എടുത്ത തീരുമാനം ശരിയായിരുന്നുവെന്ന് പറഞ്ഞ രാജ്മോഹന്‍ ഉണ്ണിത്താന്‍ പാര്‍ട്ടിയെ രാഹുല്‍ മാങ്കൂട്ടത്തില്‍ വെല്ലു വിളിച്ചെന്നും കൂട്ടിച്ചേര്‍ത്തു.

◾ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ പരാതി അന്വേഷിക്കട്ടെയെന്നും കുറ്റക്കാരനെങ്കില്‍ ശിക്ഷിക്കട്ടെയെന്നും പാലക്കാട് ഡിസിസി അധ്യക്ഷന്‍ എ തങ്കപ്പന്‍.  നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും ഇത് വരെ പരാതിക്കാരി എവിടെ ആയിരുന്നുന്നെന്നുമാണ് തങ്കപ്പന്‍ ചോദിക്കുന്നത്. 3 മാസം എന്ത് കൊണ്ടു പരാതി നല്‍കിയില്ലെന്നും പരാതി ഉണ്ടോ എന്നും അന്വേഷിച്ച് പോലീസ് നടക്കുക ആയിരുന്നല്ലോ എന്നും അദ്ദേഹം പറഞ്ഞു.

◾ രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ പൊലീസ് നിയമനടപടി സ്വീകരിക്കട്ടെയെന്ന് എം എം ഹസ്സന്‍ പറഞ്ഞു. രാഹുലിനെതിരെ പാര്‍ട്ടി നടപടി എടുത്തതാണ്. നിയമനടപടിക്ക് പാര്‍ട്ടിയോ രാഹുലോ തടസ്സം നില്‍ക്കില്ല. പരാതി നല്‍കാന്‍ മൂന്ന് മാസത്തെ കാലതാമസം എന്തിനാണെന്നും അതിജീവിതക്ക് മേല്‍ പരാതി നല്‍കാന്‍ സമ്മര്‍ദ്ദം ഉണ്ടായിട്ടുണ്ടാകുമെന്നും യുവതി പരാതി നല്‍കിയ രീതി വിചിത്രമാണെന്നും പരാതിക്ക് പിന്നില്‍ ആസൂത്രണമുണ്ടെന്നും തെരഞ്ഞെടുപ്പ് കാലത്തെ പ്രചാരണത്തിന് വേണ്ടിയുള്ള നീക്കമാണിതെന്നും എം എം ഹസ്സന്‍ പറഞ്ഞു.

◾ രാഹുലിന്റെ പൊയ്മുഖം അഴിഞ്ഞുവീണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പശ്ചാത്താപം ഉണ്ടെങ്കില്‍ രാഷ്ട്രീയ വനവാസത്തിന് പോകണമെന്നും വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടു. അതേസമയം രാഹുലിന്റെ അറസ്റ്റ് വൈകുന്നതിലൂടെ തെളിവ് നശിപ്പിക്കാനുള്ള സമയം പ്രതിക്ക് ലഭിക്കുകയാണെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും രാഹുലിന് സംരക്ഷണം ഒരുക്കുന്നത് കോണ്‍ഗ്രസില്‍ പുതിയതായി രൂപംകൊണ്ട അധോലോക സംഘമാണെന്നും കെ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.


◾ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ലൈംഗിക പീഡനക്കേസുമായി ബന്ധപ്പെട്ട വിവാദ പോസ്റ്റ് തിരുത്തി തിരുവനന്തപുരം കോര്‍പറേഷന്‍  ബിജെപി സ്ഥാനാര്‍ത്ഥി കൂടിയായ  ആര്‍ ശ്രീലേഖ. ഇരക്കൊപ്പമാണ് താന്‍ ഉള്ളതെന്നും നടപടി വൈകിയെന്നതിലാണ് ദേഷ്യമുള്ളതെന്നും ശ്രീലേഖ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇരക്കൊപ്പമല്ലെന്ന തെറ്റായ വ്യാഖ്യാനം വന്നപ്പോള്‍ തന്നെ ആദ്യ പോസ്റ്റ് തിരുത്തിയെന്നും വിഷയത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കേണ്ട കാര്യമില്ലെന്നും സ്വമേധയാ പോലീസിന് കേസെടുക്കാമായിരുന്നു എന്നുമാണ് ശ്രീലേഖ വിശദീകരിക്കുന്നത്.

◾ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ കടുത്ത വിമര്‍ശനവുമായി ബിജെപി നേതാവ് പത്മജ വേണുഗോപാല്‍. ആ പെണ്‍കുട്ടിക്ക് പരാതി ഉണ്ടെന്ന് മാത്രമല്ല, അവള്‍ തെളിവുകളും കൈമാറിയിരിക്കുന്നു. എന്നിട്ടും രാഹുല്‍ എന്ന അശ്ലീലത്തെ ഇങ്ങനെ ചുമക്കുന്ന കോണ്‍ഗ്രസിനെ എന്ത് പറഞ്ഞാണ് വിശേഷിപ്പിക്കുകയെന്ന് പത്മജ വേണുഗോപാല്‍ ചോദിച്ചു.

◾ കേന്ദ്രസര്‍ക്കാരിന്റെ ലേബര്‍ കോഡ് നടപ്പിലാക്കുന്നത് മുന്‍കൂട്ടി കണ്ടുകൊണ്ട് കേരളത്തില്‍ നടപ്പിലാക്കിയത് ബിജെപിയുടെ താല്പര്യ പ്രകാരമാണ് കേരള സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് എന്നതിന്റെ തെളിവാണെന്ന് കെ സി വേണുഗോപാല്‍. കേന്ദ്ര ഗസര്‍ക്കാരിന്റെ ഇച്ചയ്ക്ക് അനുസരിച്ചാണ് പിഎം ശ്രീയില്‍ കേരള സര്‍ക്കാര്‍ പ്രവര്‍ത്തിച്ചതെന്നും തൊഴിലാളി പാര്‍ട്ടി എന്ന ലേബല്‍ സിപിഎം മടക്കിവെച്ചോയെന്നും ഒന്നിന് പുറകെ ഒന്നായി സിപിഎം ബിജെപിയോട് വിധേയത്വം കാണിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

◾ ലേബര്‍ കോഡില്‍ സിപിഎമ്മിനെ വിമര്‍ശിച്ച എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിനെതിരെ മന്ത്രി വി.ശിവന്‍കുട്ടി. കോണ്‍ഗ്രസിനെ നശിപ്പിക്കാന്‍ ബിജെപി റിക്രൂട്ട് ചെയ്ത 'ട്രോജന്‍ കുതിര'യാണ് കെ സി വേണുഗോപാല്‍ മന്ത്രി വി. ശിവന്‍കുട്ടി വിമര്‍ശിച്ചു. ബിജെപിക്ക് രാജ്യസഭയില്‍ ഭൂരിപക്ഷം ഉറപ്പാക്കാന്‍ വേണ്ടി മനഃപൂര്‍വ്വം രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വം ഒഴിഞ്ഞുകൊടുത്ത മഹാനാണ് കെ സി വേണുഗോപാലെന്നും രാഹുല്‍ ഗാന്ധിക്ക് തെറ്റായ ഉപദേശങ്ങള്‍ നല്‍കി, തെരഞ്ഞെടുപ്പ് നടക്കുന്ന ഓരോ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിനെ നിലംപരിശാക്കുന്ന തന്ത്രമാണ് അദ്ദേഹം പയറ്റുന്നതെന്നും പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന് പകരം തകര്‍ക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും വി ശിവന്‍കുട്ടി ആരോപിച്ചു.

◾ അന്നദാനത്തിന്റെ ഭാഗമായി ശബരിമലയില്‍ ചൊവ്വാഴ്ച്ച മുതല്‍ ഭക്തര്‍ക്ക് സദ്യ വിളമ്പി തുടങ്ങുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. ഉച്ചയ്ക്ക് 12 മുതല്‍ മൂന്ന് വരെ വിളമ്പുന്ന സദ്യയില്‍ സ്റ്റീല്‍ പ്ളേറ്റും സ്റ്റീല്‍ ഗ്ലാസുമാണ് ഉപയോഗിക്കുക.നിലവില്‍ 4000 ത്തോളം ഭക്തരാണ് ദിവസവും അന്നദാനത്തില്‍ പങ്കെടുക്കുന്നത്. സദ്യ നടപ്പാക്കി തുടങ്ങിയാല്‍ എണ്ണം കൂടുമെന്ന് പ്രതീക്ഷിക്കുന്നതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. ശബരിമലയില്‍ എത്തുന്ന ഓരോ ഭക്തനെയും ഞങ്ങള്‍ പരിഗണിക്കുന്നു എന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നതെന്നും ഈ സമീപനം ശബരിമല യുടെ മറ്റ് എല്ലാ കാര്യങ്ങളിലും പ്രതിഫലിക്കുമെന്നാണ് കരുതുന്നതെന്നും കെ ജയകുമാര്‍ വിശദീകരിച്ചു.


◾ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ലേബര്‍ കോഡിനെതിരായ പ്രതിഷേധം കടുപ്പിക്കാന്‍ തൊഴിലാളി സംഘടനകളുടെ തീരുമാനം. രാജ്യവ്യാപകമായുള്ള പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി ദേശീയ പണിമുടക്ക് അടക്കം പ്രഖ്യാപിക്കാനാണ് നീക്കം. തൊഴിലാളി സംഘടനകള്‍ ദേശീയ പണിമുടക്ക് ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് വിവരം. വിവിധ സംസ്ഥാനങ്ങളിലെ മിനിമം തൊഴില്‍ കൂലിയിലെ അന്തരം ഉയര്‍ത്തിക്കാട്ടിയാകും പ്രതിഷേധം ശക്തമാക്കുക.

◾ മുനമ്പത്തെ ഭൂസമരം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്താന്‍ സമര സമിതി കോര്‍ കമ്മറ്റി യോഗം ഇന്ന് ചേരും. ഇന്നലെ രാത്രി ചേരേണ്ട യോഗം വിപുലമായ ചര്‍ച്ചക്ക് വേണ്ടിയാണ് ഇന്നത്തേക്ക് മാറ്റിവച്ചത്. മന്ത്രിമാര്‍ അടക്കമുള്ള ജനപ്രതിനിധികള്‍, രാഷ്ട്രീയ നേതാക്കള്‍, സമുദായ നേതാക്കള്‍ തുടങ്ങി എല്ലാവരെയും പങ്കെടുപ്പിച്ച് വരാപ്പുഴ അതിരൂപതാ ആസ്ഥാനത്ത് വിപുലമായ ചടങ്ങ് നടത്തി സമരം അവസാനിപ്പിക്കുന്ന പ്രഖ്യാപനം നടത്തുകയാണ് ലക്ഷ്യം.

◾ ഇഡി കസ്റ്റഡിയിലെടുത്തെന്ന വാര്‍ത്തകള്‍ തള്ളി എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍. കഴിഞ്ഞ ദിവസം നല്‍കിയ ഒരു നോട്ടീസില്‍ ഇന്നലെ ഹാജരാകാന്‍ ഇഡി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിദേശയാത്ര ഉള്ളതിനാല്‍ ഹാജരാകാന്‍ ആവില്ലെന്ന് അറിയിച്ചിരുന്നു. വിദേശയാത്രക്കായി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ നോട്ടീസ് ഉണ്ടെന്നു പറഞ്ഞു യാത്ര തടഞ്ഞെന്നും ഫസല്‍ ഗഫൂര്‍ വ്യക്തമാക്കി.

◾  തൃശൂര്‍ രാഗം തിയറ്റര്‍ നടത്തിപ്പുകാരന്‍ സുനിലിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതി റാഫേലിനെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍ ഇറക്കി പൊലീസ്. പ്രവാസി വ്യവസായിയായ റാഫേലിനെതിരെയാണ് ലുക്കൗട്ട് സര്‍ക്കുലര്‍ ഇറക്കിയത്. അതേസമയം, റാഫേലിന്റെ  പൊഴോലിപറമ്പിലിന്റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തുകയാണ്. സിനിമ നിര്‍മാതാവും ഇരിങ്ങാലക്കുടയിലെ തിയറ്റര്‍ ഉടമയുമാണ് റാഫേല്‍. സുനിലുമായുളള സാമ്പത്തിക തര്‍ക്കത്തില്‍ റാഫേല്‍ ക്വട്ടേഷന്‍ കൊടുത്തെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

◾ മലപ്പുറം ഒതായി മനാഫ് കൊലക്കേസില്‍ ഒന്നാം പ്രതി മാലങ്ങാടന്‍ ഷഫീഖ് കുറ്റക്കാരനെന്ന് കോടതി. കേസില്‍ ബാക്കി മൂന്നു പ്രതികളെ കോടതി വെറുതെ വിട്ടു. മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പിവി അന്‍വറിന്റെ സഹോദരിയുടെ മകന്‍ ആണ് മാലങ്ങാടന്‍ ഷഫീഖ്. കൊലക്കുറ്റം തെളിഞ്ഞതായി കോടതി ചൂണ്ടിക്കാട്ടി.

◾ തൃശൂര്‍ വരന്തരപ്പള്ളിയിലെ അര്‍ച്ചനയുടെ മരണം ആത്മഹത്യ എന്ന് പ്രാഥമിക നിഗമനം. ഭര്‍തൃവീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൊലപാതകം എന്ന് കരുതാനുള്ള തെളിവുകള്‍ പോസ്റ്റ്മോര്‍ട്ടം പരിശോധനയുടെ പ്രാഥമിക കണ്ടെത്തലില്‍ ഇല്ല. മരണസമയത്ത് വീട്ടില്‍ ഭര്‍ത്താവ് ഷാരോണ്‍ ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് കണ്ടെത്തല്‍.

◾ ഗാന്ധി കുടുംബം കോണ്‍ഗ്രസിന് ബാധ്യതയാണെന്ന് അഹമ്മദ് പട്ടേലിന്റെ മകന്‍ ഫൈസല്‍ പട്ടേല്‍. രാഹുല്‍ഗാന്ധിക്കും പ്രിയങ്കഗാന്ധിക്കും രാഷ്ട്രീയമറിയില്ലെന്നും ഗാന്ധി കുടുംബം കോണ്‍ഗ്രസ് നേതൃത്വം ഒഴിയണമെന്നും പട്ടേല്‍ ആവശ്യപ്പെട്ടു. ബിഹാര്‍ തോല്‍വിക്ക് പിന്നാലെ തുടര്‍ച്ചയായുള്ള പരാജയങ്ങളില്‍ നേതൃത്വത്തെ കുറ്റപ്പെടുത്തി അഹമ്മദ് പട്ടേലിന്റെ മകള്‍ മുംതാസ് പട്ടേലും രംഗത്തെത്തിയിരുന്നു.

◾ ഭീകരവാദത്തിന് മതമില്ലെന്ന ധാരണ പുനപരിശോധിക്കണമെന്ന് ആര്‍എസ്എസ് നേതാവ് രാം മാധവ്. ഒരു മതത്തെ ഭീകരരായി കാണാനാവില്ല. പക്ഷേ ഭീകരര്‍ക്ക് മതമുണ്ട്. കേസിലെ പ്രധാന പ്രതി തന്റെ  ചെയ്തികള്‍ ന്യായീകരിക്കാന്‍ ഖുര്‍ആന്‍ ഉപയോഗിച്ചു. മതത്തില്‍ നിന്നും പ്രോത്സാഹനം ഇവര്‍ക്ക് കിട്ടുന്നു എന്നത് തളളിക്കളയാനാകില്ല. ഭീകരവാദത്തെ കുറിച്ചുള്ള രാജ്യത്തെ പലരുടെയും തെറ്റായ ധാരണകളെയും തകിടം മറിച്ചെന്നും രാം മാധവ് പറഞ്ഞു,

◾ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ നടപടികള്‍ക്ക് എതിരായ പ്രതിഷേധം ബംഗാളില്‍ ശക്തമാകുന്നതിനിടെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ നേരില്‍ കണ്ട് ആശങ്ക അറിയിച്ചു. ബംഗാളില്‍ എസ് ഐ ആര്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്ക്കണം എന്ന് മമത ബാനര്‍ജി നേരത്തെ കത്ത് നല്‍കിയിരുന്നെങ്കിലും കമ്മീഷന്‍ മറുപടി കൊടുത്തിരുന്നില്ല. ഇതിന് പിന്നാലെയാണ് നേതാക്കളുടെ സംഘം കമ്മീഷന്‍ ആസ്ഥാനത്തെത്തി കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചത്.

◾ കര്‍ണ്ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനമാറ്റത്തെച്ചൊല്ലി തര്‍ക്കം രൂക്ഷമെന്ന് റിപ്പോര്‍ട്ട്. ഹൈക്കമാന്‍ഡിന് മുന്നില്‍ പരസ്പര കുറ്റപത്രവുമായി സിദ്ധരാമയ്യ, ശിവകുമാര്‍ വിഭാഗങ്ങള്‍ രംഗത്തെത്തി. ശിവകുമാറിന് ബിജെപിയോട് മൃദുസമീപനമെന്ന് സിദ്ധരാമയ്യ ക്യാമ്പ് ആരോപിച്ചു. എന്നാല്‍ മുദ അഴിമതി കേസില്‍ സിദ്ധരാമയ്യയുടെ പങ്ക് ഡികെ ക്യാമ്പ് സൂചിപ്പിച്ചു. കോണ്‍ഗ്രസ് നേതാക്കളെ അവഗണിച്ച് ഒപ്പമെത്തിയ ജനതാദളുകാര്‍ക്ക് മാത്രം പരിഗണന നല്‍കുന്നുവെന്നും പാര്‍ട്ടിയെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജയിപ്പിച്ചത് ആരെന്ന് നേതൃത്വം ഓര്‍ക്കണമെന്നും ഡികെ ക്യാമ്പ് ആവശ്യപ്പെട്ടു.

◾  ദില്ലിയില്‍ മാത്രമല്ല, മുംബൈയിലും വായുവിന്റെ ഗുണ നിലവാരം കുത്തനെ താഴോട്ടാണെന്ന് റിപ്പോര്‍ട്ടുകള്‍. വായു ഗുണനിലവാര സൂചികയുടെ അടിസ്ഥാനത്തില്‍ മുംബൈയിലെ വായുവിന്റെ ഗുണനിലവാരം 'വളരെ മോശം' എന്ന ഗണത്തിലാണ് പെടുത്തിയിരിക്കുന്നത്. മുംബൈയിലെ സ്ഥിതിഗതികള്‍ വഷളാകുന്നതിനെക്കുറിച്ച് ബോംബെ ഹൈക്കോടതി അധികാരികളോട് മറുപടി ആവശ്യപ്പെട്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു

◾ ശ്രീലങ്കയില്‍ കനത്ത നാശം വിതച്ച് ഡിറ്റ് വാ ചുഴലിക്കാറ്റ്. മരണസംഖ്യ 50 കടന്നു. 25 പേരെ കാണാതായി. ചുഴലിക്കാറ്റ് രൂപപ്പെട്ടതിന് പിന്നാലെ ലങ്കയില്‍ റെക്കോര്‍ഡ് മഴയാണ് രേഖപ്പെടുത്തിയത്. എല്ലാ നദികളിലും ജലനിരപ്പ് ഉയര്‍ന്നു. രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൊളംബോയില്‍ വിമാനം ഇറക്കാനാകുന്നില്ലെങ്കില്‍ തിരുവനന്തപുരത്തേക്കോ കൊച്ചിയിലേക്കോ തിരിച്ചുവിടാനാണ് സര്‍ക്കാര്‍ നര്‍ദേശം.

◾ ഹോങ്കോങിലെ തായ് പോയിലെ കെട്ടിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ മരണ സംഖ്യ 94 ആയി. 100ലേറെ പേരെ പൊള്ളലേറ്റ നിലയില്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പലരുടെയും നില ഗുരുതരമാണ്. 200 ലേറെ പേരെ കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. ഇപ്പോഴും വാങ് ഫുക് കോര്‍ട് കെട്ടിടത്തിന്റെ പല ഭാഗങ്ങളിലും തീയുണ്ട്. ഇത് അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

◾ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍ ഇന്ത്യയിലേക്ക്. ഡിസംബര്‍ 4, 5 തീയതികളില്‍ പുടിന്‍ ഇന്ത്യയിലെത്തുമെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. 23 -ാമത് ഇന്ത്യ - റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് സന്ദര്‍ശനം.

◾ അമേരിക്കയില്‍ വാഷിംങ്ടണിലെ വൈറ്റ് ഹൗസിന് സമീപത്ത് നടന്ന വെടിവയ്പ്പില്‍ പരിക്കേറ്റ നാഷണല്‍ ഗാര്‍ഡ്സ് ഉദ്യോഗസ്ഥരില്‍ ഒരാള്‍ മരിച്ചു. ആര്‍മി സ്പെഷ്യലിസ്റ്റ് റാങ്കിലുള്ള സാറ ബെക്സ്ട്രോമാണ് മരിച്ചത്. തലയ്ക്ക് വെടിയേറ്റ രണ്ടാമത്തെ സൈനികന്റെ നില അതീവ ഗുരുതരമാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു.

◾ വൈറ്റ് ഹൗസിന് സമീപം ബുധനാഴ്ച നടന്ന വെടിവെപ്പിന് ഉത്തരവാദികളായി ജോ ബൈഡന്‍ ഭരണകൂടത്തെ കുറ്റപ്പെടുത്തി അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. ബൈഡന്‍ ഭരണകൂടം അവരെ അകത്ത് കയറ്റിവിട്ടുവെന്നും കുടിയേറ്റക്കാര്‍ ഒരിക്കല്‍ രാജ്യത്ത് പ്രവേശിച്ചാല്‍ പിന്നെപുറത്താക്കാനാകില്ലെന്നും ട്രംപ് പറഞ്ഞു.

◾ അമേരിക്കയില്‍ കുടിയേറ്റ നിയമം കടുപ്പിക്കുമെന്ന പ്രഖ്യാപനവുമായി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മൂന്നാം ലോക രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം എന്നന്നേയ്ക്കുമായി നിര്‍ത്തിവെയ്ക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. അനധികൃത കുടിയേറ്റം തടയുക, വിദേശ പൗരന്മാരെ കര്‍ശനമായി നിരീക്ഷിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള നീക്കത്തിന്റെ ഭാഗമായി, മൂന്നാം ലോക രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം സ്ഥിരമായി നിര്‍ത്തിവെക്കാന്‍ തന്റെ ഭരണകൂടം പ്രവര്‍ത്തിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു.

◾ കേന്ദ്ര സര്‍ക്കാരിന്റെ ഗോള്‍ഡ് ബോണ്ട് നിക്ഷേപകര്‍ക്ക് സമ്മാനിച്ചത് 328.4 ശതമാനം ലാഭം. ഒരു ലക്ഷം രൂപ നിക്ഷേപിച്ചവര്‍ സര്‍ക്കാറിന്റെ പ്രത്യേക ആദായം ഉള്‍പ്പെടെ കീശയിലാക്കിയത് നാലു ലക്ഷത്തിലേറെ രൂപ. 2017-18 സീരീസ്-ഐ.എക്സ് സോവറിന്‍ ഗോള്‍ഡ് ബോണ്ടില്‍നിന്നാണ് നിക്ഷേപകര്‍ ബംപര്‍ നേട്ടം കൈവരിച്ചത്. സ്വര്‍ണ വില സര്‍വകാല റെക്കോഡിലേക്ക് കുതിച്ചുയര്‍ന്നതാണ് നിക്ഷേപകര്‍ക്ക് വന്‍ ലാഭം ലഭിക്കാന്‍ കാരണം. 2017 നവംബര്‍ 20 നാണ് റിസര്‍വ് ബാങ്ക് ഗോള്‍ഡ് ബോണ്ടുകളിലേക്ക് നിക്ഷേപം ക്ഷണിച്ചത്. അതേവര്‍ഷം നവംബര്‍ 27 ഓടെ നിക്ഷേപകര്‍ക്ക് ബോണ്ടുകള്‍ വിതരണം ചെയ്തു. ഈ വര്‍ഷം നവംബര്‍ 27ന് ഈ സീരീസ് എസ്.ജി.ബികളുടെ എട്ട് വര്‍ഷത്തെ കാലവധി കഴിഞ്ഞു. അന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 2964 രൂപയായിരുന്നു വില. ഈ വിലയാണ് ഒരു യൂണിറ്റ് ബോണ്ടിന് നിശ്ചയിച്ചിരുന്നത്. ഓണ്‍ലൈനില്‍ 50 രൂപ ഡിസ്‌കൗണ്ട് നല്‍കി 2914 രൂപക്കാണ് ബോണ്ട് വിതരണം ചെയ്തത്. എന്നാല്‍, ബോണ്ടിന്റെ നിക്ഷേപ കാലവളവ് പൂര്‍ത്തിയായപ്പോള്‍ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 12,484 രൂപയാണ്. ഇതിനൊപ്പം സര്‍ക്കാറിന്റെ 2.5 ശതമാനം പ്രത്യേക ആദായവും ലഭിക്കും.

◾ പ്രമുഖ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ വാവേ ചൈനയില്‍ പുതിയ ഫോണ്‍ സീരീസ് പുറത്തിറക്കി. മേറ്റ് 80 സീരീസ് എന്ന പേരില്‍ പുറത്തിറക്കുന്ന മോഡലുകളില്‍ മേറ്റ് 80 പ്രോ മാക്‌സ് ആണ് ശ്രദ്ധാകേന്ദ്രം. 8,000 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്നസ് ആണ് ഇതിന്റെ പ്രത്യേകത. സമാനതകളില്ലാത്ത ഡ്യുവല്‍-ലെയര്‍ ഒലെഡ് ഡിസ്പ്ലേയാണ് ഈ ഉപകരണത്തിന്റെ മറ്റൊരു സവിശേഷതയാണ്. ഫ്‌ലാറ്റ് സ്‌ക്രീനുകളും ചതുരാകൃതിയിലുള്ള വശങ്ങളുമായാണ് മേറ്റ് 80 സീരീസ് വരുന്നത്. ഫോണിന്റെ പിന്‍ഭാഗത്ത് വയര്‍ലെസ് ചാര്‍ജിങ് കോയിലുകള്‍ ഹൈലൈറ്റ് ചെയ്യുന്ന ഒരു വൃത്തമുണ്ട്. ഇത് വൃത്താകൃതിയിലുള്ള കാമറ മൊഡ്യൂളുമായി സംയോജിപ്പിക്കുമ്പോള്‍ എട്ട് പോലുള്ള ഒരു രൂപമാണ് ലഭിക്കുക. എല്ലാ മോഡലുകള്‍ക്കും വാവേയുടെ സ്വന്തം കിരിന്‍ ചിപ്പ് ആണ് കരുത്തുപകരുന്നത്. അള്‍ട്ടിമേറ്റ് ഡിസൈന്‍ വേരിയന്റ് ആയ മേറ്റ് 80 ആര്‍എസ് 20 ജിബി വരെ റാം വാഗ്ദാനം ചെയ്യുന്നു. 6,000എംഎഎച്ച് ബാറ്ററിയാണ് ക്രമീകരിച്ചിരിക്കുന്നത്.

◾  ബോളിവുഡ് ഈ വര്‍ഷം ഏറ്റവും കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് 'ദുരന്ദര്‍'. രണ്‍വീര്‍ സിംഗ് നായകനാവുന്ന സ്പൈ ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന്റെ രചനയും സംവിധാനവും ആദിത്യ ധര്‍ ആണ്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഗാനവും പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ധൂപ് ഠൂട് കേ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഇര്‍ഷാദ് കാമിലും സഹാര്‍ ലുധിയാന്‍വിയും ചേര്‍ന്നാണ്. ശാശ്വത് സച്ച്ദേവും റോഷനും ചേര്‍ന്നാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ശാശ്വത് സച്ച്ദേവ്, ഷെഹ്നാദ് അലി, ശുഭദീപ് ദാസ് ചൗധരി, അര്‍മാന്‍ ഖാന്‍ എന്നിവരാണ് പാടിയിരിക്കുന്നത്. ചിത്രത്തില്‍ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആര്‍ മാധവന്‍, അര്‍ജുന്‍ രാംപാല്‍ എന്നിവരും നിര്‍ണ്ണായക വേഷങ്ങളിലെത്തുന്നു. ഡിസംബര്‍ 5 ന് ആഗോള റിലീസായെത്തും ചിത്രം. മൂന്നര മണിക്കൂറിലേറെ ആയിരിക്കും ചിത്രത്തിന്റെ ദൈര്‍ഘ്യം എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് ശരിയെങ്കില്‍ കഴിഞ്ഞ 17 വര്‍ഷത്തിനിടെ ബോളിവുഡില്‍ പുറത്തിറങ്ങിയ ഏറ്റവും ദൈര്‍ഘ്യമേറിയ ചിത്രമായി മാറും ധുരന്ദര്‍. രണ്ട് ഭാഗങ്ങളായാണ് ചിത്രം എത്തുക.

◾  നവാഗതനായ വീര സംവിധാനം ചെയ്യുന്ന, ഷെയിന്‍ നിഗം നായകനാകുന്ന 'ഹാല്‍' എന്ന ചിത്രത്തിലെ ഒരു വീഡിയോ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. തേരാ ജാനാ എന്നാരംഭിക്കുന്ന ഹിന്ദി ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് നീരജ് കുമാറും മൃദുല്‍ മീറും ചേര്‍ന്നാണ്. വി നന്ദഗോപന്റേതാണ് സംഗീതം. അങ്കിത് തിവാരിയാണ് ആലപിച്ചിരിക്കുന്നത്. ഷെയിന്‍ നിഗത്തിന്റെ കരിയറിലെ തന്നെ ബിഗ് ബഡ്ജറ്റ് ചിത്രമായി എത്തുന്ന 'ഹാല്‍' സിനിമയില്‍ സാക്ഷി വൈദ്യയാണ് നായികയായി എത്തുന്നത്. ജോണി ആന്റണി, നത്ത്, വിനീത് ബീപ്കുമാര്‍, കെ. മധുപാല്‍, സംഗീത മാധവന്‍ നായര്‍, ജോയ് മാത്യു, നിഷാന്ത് സാഗര്‍, നിയാസ് ബെക്കര്‍, റിയാസ് നര്‍മകല, സുരേഷ് കൃഷ്ണ, രവീന്ദ്രന്‍, സോഹന്‍ സീനുലാല്‍, മനോജ് കെ.യു, ഉണ്ണിരാജ, ശ്രീധന്യ തുടങ്ങിയവരും ചിത്രത്തില്‍ ശ്രദ്ധേയ വേഷങ്ങളില്‍ എത്തുന്നുണ്ട്. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി ഒരേ സമയം റിലീസ് ചെയ്യുന്ന ചിത്രം ഒരു കംപ്ലീറ്റ് കളര്‍ഫുള്‍ എന്റര്‍ടെയ്നര്‍ ആയിരിക്കുമെന്നാണ് സൂചന. ബോളിവുഡ് ഗായകന്‍ അങ്കിത് തിവാരി മലയാളത്തിലേക്ക് ആദ്യമായി എത്തുന്ന സിനിമ കൂടിയാണിത്.

◾  അമേരിക്കന്‍ ഇലക്ട്രിക് വാഹന ഭീമനായ ടെസ്ല 2025 ജൂലൈയില്‍ ആണ് ഇന്ത്യയില്‍ ഔദ്യോഗികമായി പ്രവേശിക്കുന്നത്. സെപ്റ്റംബറില്‍ 64 യൂണിറ്റുകള്‍ മാത്രമേ വിറ്റഴിക്കപ്പെട്ടുള്ളൂവെങ്കില്‍, ഒക്ടോബറില്‍ ടെസ്ല മോഡല്‍ വൈയുടെ 40 യൂണിറ്റുകള്‍ മാത്രമേ വിറ്റഴിക്കപ്പെട്ടുള്ളൂ. ആഗോളതലത്തില്‍ ഓരോ നാല് മണിക്കൂറിലും ഏകദേശം 100 കാറുകള്‍ വില്‍ക്കുന്ന ഒരു കമ്പനിക്ക് , ഇന്ത്യയില്‍ ഇത്രയും മോശം പ്രകടനം ആശ്ചര്യകരമാണ്. മോഡല്‍ വൈയുടെ എക്സ്-ഷോറൂം വില 59.89 ലക്ഷം മുതല്‍ ആരംഭിക്കുന്നു. വില്‍പ്പന കുറവാണെങ്കിലും, ഗുരുഗ്രാമിലെ ഓര്‍ക്കിഡ് ബിസിനസ് പാര്‍ക്കില്‍ ടെസ്ല തങ്ങളുടെ ആദ്യത്തെ വലിയ റീട്ടെയില്‍ സജ്ജീകരണം ആരംഭിച്ചു . ഇത് വെറുമൊരു ഡിസ്‌പ്ലേ സെന്റര്‍ മാത്രമല്ല, ടെസ്റ്റ് ഡ്രൈവുകള്‍, ബുക്കിംഗുകള്‍, വ്യക്തിഗത കണ്‍സള്‍ട്ടേഷന്‍ എന്നിവ ഇവിടെ ലഭ്യമാകും. യുഎസിനേക്കാള്‍ 70 ശതമാനം കൂടുതലാണ് ഇന്ത്യയിലെ വില. മോഡല്‍ വൈ പൂര്‍ണ്ണമായും ഇറക്കുമതി ചെയ്ത സിബിയു യൂണിറ്റുകള്‍ ആയിട്ടാണ് എത്തുന്നത്. സിബിയുകള്‍ക്ക് 100 ശതമാനം ഇറക്കുമതി തീരുവ ബാധകമാണ്. അതുകൊണ്ടാണ് ടെസ്ല വിലകള്‍ ഇത്രയും ഉയര്‍ന്നത്.

◾  ആദിമവംശങ്ങളുടെമേല്‍ നടന്ന രക്തപങ്കിലമായ കൊളോണിയല്‍ അധിനിവേശത്തില്‍ അസ്തമിച്ചുപോയ ഒരു ഗോത്രത്തിന്റെ കഥയാണ് തൈമയും കൊളംബസ്സും. കരീബിയന്‍ ദ്വീപസമൂഹത്തിലേക്ക് കൊളംബസ് നടത്തിയ കടന്നുകയറ്റത്തിന്റെ നടുക്കുന്ന ചരിത്രമാണിത്. തന്റെ വംശം ചോരപ്പുഴയില്‍ അവസാനിക്കുന്നതിന് സാക്ഷിയാകേണ്ടിവരുന്ന തൈമ എന്ന ആദിമഗോത്രയുവതിയും നൂറ്റാണ്ടുകള്‍ക്കിപ്പുറം ആ വംശത്തിന്റെ അവസാനകണ്ണിക്കുവേണ്ടി അന്വേഷിച്ചലയുന്ന എബ്രഹാം എന്ന അര്‍ദ്ധമലയാളിയും. രണ്ടു കാലങ്ങളിലായി ആദിമഗോത്രങ്ങളുടെ നിഷ്‌കളങ്കമായ കീഴടങ്ങലിന്റെയും സമ്പൂര്‍ണ്ണനാശത്തിന്റെയും ഉദ്വേഗപൂര്‍ണ്ണവും ദുരന്തഭരിതവുമായ കഥ ഏറെ പുതുമയോടെയാണ് പ്രവീണ്‍ പറയുന്നത്. 'തൈമയും കൊളംബസ്സും'. കെ വി പ്രവീണ്‍. മാതൃഭൂമി. വില 266 രൂപ.

◾ ശൈത്യകാലം രോഗങ്ങളുടെ കാലം കൂടിയാണ്. തണുപ്പ് കൂടുന്നതോടെ നമ്മുടെ രോഗപ്രതിരോധ ശേഷി ദുര്‍ബലമാകാന്‍ കാരണമാകുന്നു. ഇത് ജലദോഷം, പനി, അലര്‍ജി, അണുബാധ തുടങ്ങിയവയിലേക്ക് നയിക്കുന്നു. ഫ്രോണ്ടിയേഴ്‌സ് ഇന്‍ ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പ്രതിരോധ കോശങ്ങള്‍ വിറ്റാമിന്‍ സി, ഡി, സിങ്ക്, ആന്റിഓക്‌സിഡന്റുകള്‍ പോലുള്ള മൈക്രോ ന്യൂട്രിയന്റുകളെയും പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയ മാക്രോ ന്യൂട്രിയന്റുകളെയും ആശ്രയിച്ചിരിക്കുന്നുവെന്ന് ചൂണ്ടിക്കാണിക്കുന്നു. വിറ്റാമിന്‍ സി വെളുത്ത രക്താണുക്കള്‍ ഉള്‍പ്പെടെയുള്ള രോഗപ്രതിരോധ കോശങ്ങളുടെ നിര്‍മാണത്തിനും പരിപാലനത്തിനും സഹായിക്കുന്നു. ഓറഞ്ച്, നാരങ്ങ, മുന്തിരി പോലുള്ളവ ഡയറ്റില്‍ ചേര്‍ക്കുന്നതിലൂടെ വിറ്റാമിന്‍ സി ശരീരത്തിന് ലഭ്യമാക്കാം. ശരീരത്തിലെ ദീര്‍ഘകാലമായുള്ള വീക്കം നിയന്ത്രിക്കാന്‍ ആന്റിഓക്‌സിഡന്റുകള്‍ സഹായിക്കും. വീക്കം നിയന്ത്രണത്തിലായിരിക്കുമ്പോള്‍, രോഗപ്രതിരോധ സംവിധാനത്തിന് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനും വെല്ലുവിളികളോട് കൂടുതല്‍ കൃത്യതയോടെ പ്രതികരിക്കാനും കഴിയും. വെളുത്തുള്ളിയിലും മഞ്ഞളിലും സ്വാഭാവിക ആന്റിമൈക്രോബയല്‍, ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് മാരകമായ സൂക്ഷ്മാണുക്കളുടെ വളര്‍ച്ച കുറയ്ക്കാനും ശാരീരിക അസ്വസ്ഥതകള്‍ ലഘൂകരിക്കാനും സഹായിക്കുന്നു. പ്രോബയോട്ടിക്കുകള്‍ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. ഇത് ശരീരത്തിന്റെ പ്രതിരോധ ശേഷി മെച്ചപ്പെടുത്താന്‍ ഫലപ്രദമാണ്. തൈര്, കെഫീര്‍ അല്ലെങ്കില്‍ പുളിപ്പിച്ച ഭക്ഷണങ്ങള്‍ എന്നിവ മികച്ച പ്രോബയോട്ടിക്സ് ആണ്. സിങ്ക് രോഗപ്രതിരോധ പ്രവര്‍ത്തനത്തെ സ്വാധീനിക്കുന്ന നൂറുകണക്കിന് എന്‍സൈം പ്രക്രിയകളെ പ്രോത്സാഹിപ്പിക്കുന്നു. ബദാം, മത്തങ്ങ വിത്തുകള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവ ഡയറ്റില്‍ സ്ഥിരം ചേര്‍ക്കാന്‍ ശ്രമിക്കുക.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 89.50, പൗണ്ട് - 118.23, യൂറോ - 103.60, സ്വിസ് ഫ്രാങ്ക് - 111.05, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 58.35, ബഹറിന്‍ ദിനാര്‍ - 237.30, കുവൈത്ത് ദിനാര്‍ -291.42, ഒമാനി റിയാല്‍ - 232.73, സൗദി റിയാല്‍ - 23.85, യു.എ.ഇ ദിര്‍ഹം - 24.34, ഖത്തര്‍ റിയാല്‍ - 24.55, കനേഡിയന്‍ ഡോളര്‍ - 63.75.
Previous Post Next Post
3/TECH/col-right