2025 | നവംബർ 27 | വ്യാഴം
1201 | വൃശ്ചികം 11 | അവിട്ടം
◾ ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവര്‍ക്കും ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ക്കും കുരുക്കായി അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എ. പത്മകുമാറിന്റെ മൊഴി. പോറ്റിക്ക് ശബരിമലയിലേക്കുള്ള വഴിയൊരുക്കിയത് കണ്ഠരര് രാജീവരാണെന്നും പോറ്റിയെ തനിക്ക് പരിചയപ്പെടുത്തിത്തന്നത് തന്ത്രിയായതുകൊണ്ടാണ് പോറ്റിയെ വിശ്വസിച്ചതെന്നും അന്വേഷണസംഘത്തോട് പത്മകുമാര്‍ പറഞ്ഞെന്നും റിപ്പോര്‍ട്ടുകള്‍. അതേസമയം ശബരിമലയിലെ കാര്യങ്ങള്‍ താന്‍ ഒറ്റയ്ക്കല്ല തീരുമാനിച്ചിരുന്നതെന്നും മറ്റു ബോര്‍ഡ് അംഗങ്ങളുടെ അറിവോടുകൂടിയാണ് കാര്യങ്ങള്‍ ചെയ്തിരിക്കുന്നതെന്നും പത്മകുമാര്‍ മൊഴി നല്‍കിയിട്ടുണ്ട്.
◾ നട തുറന്ന് രണ്ടാഴ്ച പിന്നിടുമ്പോഴും ശബരിമല സന്നിധാനത്ത് തിരക്ക് തുടരുന്നു. സ്പോട്ട് ബുക്കിംഗ് 5000 ആയി നിജപ്പെടുത്തിയിട്ടും ഇന്നലെ മാത്രം 87493 ഭക്തരാണ് ദര്‍ശനം നടത്തിയത്. ഇന്ന് രാവിലെ 8 മണി വരെ 31395 ആളുകളാണ് സന്നിധാനത്ത് എത്തിയത്. മണിക്കൂറില്‍ ശരാശരി 4000 ഭക്തജനങ്ങള്‍ വരെ ദര്‍ശനം നടത്തുന്നുണ്ട് എന്നാണ് കണക്ക്. ഇന്നലെ ദര്‍ശനത്തിനുള്ള ക്യൂ മരക്കൂട്ടം വരെ നീണ്ടു. മണിക്കൂറുകളോളം കാത്തു നിന്നാണ് ഭക്തര്‍ തൊഴുത് മടങ്ങുന്നത്.
◾ ശബരിമലയില്‍ വഴിപാട് ആവശ്യത്തിനുള്ള തേന്‍ വിതരണത്തില്‍ ഗുരുതര വീഴ്ച. ഫോമിക് ആസിഡ് വിതരണം ചെയ്യുന്ന കണ്ടെയ്നറുകളിലാണ് കരാര്‍ നല്‍കിയ സ്ഥാപനം തേന്‍ എത്തിച്ചതെന്ന് കണ്ടെത്തല്‍. ദേവസ്വം വിജിലന്‍സ് വിഭാഗമാണ് വീഴ്ച കണ്ടെത്തിയത്. വിജിലന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് തേന്‍ ഉപയോഗിക്കാതെ മാറ്റിവെച്ചു. പരിശോധന നടത്തുന്നതില്‍ പമ്പയിലെ ഭക്ഷ്യസുരക്ഷ ലാബ് വീഴ്ച വരുത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കരാറുകാര്‍ക്ക് എക്സിക്യൂട്ടീവ് ഓഫീസര്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.
◾ ഏകപക്ഷീയമായി നടപ്പാക്കുന്ന ലേബര്‍ കോഡ് പിന്‍വലിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന്മന്ത്രി വി. ശിവന്‍ കുട്ടി. ട്രേഡ് യൂണിയന്‍ നേതാക്കളുടെ യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ പ്രമേയം പാസാക്കിയെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിഷയത്തില്‍ കേന്ദ്രമന്ത്രിയെ കണ്ട് നിവേദനം നല്‍കുമെന്നും മന്ത്രി അറിയിച്ചു.
◾ സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടിക തയ്യാറായപ്പോള്‍ സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്മാര്‍ സ്ഥാനാര്‍ത്ഥികളായ ഏക ജില്ല മലപ്പുറം. ബാക്കി 13 ജില്ലകളിലും പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളാണ് മത്സര രംഗത്തുള്ളത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ചുള്ള പട്ടികയിലാണ് ഈ വിവരമുള്ളത്.
◾ മലപ്പുറം നിലമ്പൂരില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. ജാര്‍ഖണ്ഡ് സ്വദേശി ചാരു ഒറവോണ്‍ ആണ് മരിച്ചത്. മൂലെപ്പാടത്ത് രാവിലെ 9:30 ഓടെ ആണ് സംഭവം ഉണ്ടായത്. പ്രദേശത്ത് ഇന്നലെ മുതല്‍ കാട്ടാന ഉണ്ടായിരുന്നു. കാട്ടാനയാക്രമണത്തില്‍ ഈ വര്‍ഷം സംസ്ഥാനത്ത് കൊല്ലപ്പെട്ടത് 26 പേരാണ്.
◾ രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ എഐസിസിയ്ക്കും പ്രിയങ്ക ഗാന്ധിയ്ക്കും പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സജന ബി സജന്‍. വനിതാ നേതാക്കളെ ഉള്‍പ്പെടുത്തി അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഇരയാക്കപ്പെട്ട പെണ്‍കുട്ടികളെ നേരില്‍ കണ്ട് വിഷയം ഗൗരവത്തോടെ ചര്‍ച്ച ചെയ്യണം എന്നാണ് സജ്നയുടെ പരാതിയിലെ ആവശ്യം. സ്ത്രീപക്ഷ നിലപാടുകളില്‍ ഇരട്ടത്താപ്പ് കാണിക്കുന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസ് എന്ന സംശയം ജനങ്ങളില്‍ നിന്നും മാറ്റണമെന്നും സജന പറയുന്നുണ്ട്.
◾ രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാദവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന് നിലപാടില്‍ നല്ല വ്യക്തതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വിവാദം കുത്തിപ്പൊക്കുന്നത് സിപിഎം ആണെന്നും ശബരിമലയില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ആസൂത്രിത ശ്രമമാണിതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരും സിപിഎമ്മിന്റെ ആ കെണിയില്‍ വീഴരുതെന്നും വിഡി സതീശന്‍ പറഞ്ഞു.
◾ കാസര്‍കോട് സ്പെഷ്യല്‍ സബ് ജയിലില്‍ മരിച്ച റിമാന്‍ഡ് പ്രതിയുടെ പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. ഇന്നലെ മരിച്ച കാസര്‍കോട് ദേളി സ്വദേശി മുബഷീറിന്റേതാണ് റിപ്പോര്‍ട്ട്. ഇയാള്‍ക്ക് മര്‍ദനമേറ്റിട്ടില്ലെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളില്ല. കൂടാതെ, ഹൃദയാഘാതം ഉണ്ടായ ലക്ഷണങ്ങളും കണ്ടെത്താനായില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മരണകാരണം അറിയാനായി ആന്തരിക അവയവങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു.
◾ മദ്യലഹരിയില്‍ അന്തര്‍സംസ്ഥാന ബസ് ഓടിച്ച് സ്വകാര്യ ബസ് ഡ്രൈവര്‍. കോഴിക്കോട് ബംഗളൂരു റൂട്ടിലോടുന്ന ഭാരതി ബസാണ് യാത്രക്കാരുടെ ജീവന്‍ വച്ച് പന്താടിയത്. ഡ്രൈവറും ക്ലീനറും മദ്യ ലഹരിയിലായിരുന്നു. യാത്രക്കാര്‍ ചോദ്യം ചെയ്യുകയും ദൃശ്യം പകര്‍ത്തുകയും ചെയ്തു. എല്ലാവരെയും വാഹനം ഇടിപ്പിച്ച് കൊല്ലുമെന്നാണ് ഡ്രൈവര്‍ ഭീഷണിപ്പെടുത്തിയത്. ടോള്‍ പ്ലാസയില്‍ വാഹനം നിര്‍ത്തിയപ്പോള്‍ മദ്യക്കുപ്പിയുമായി ഡ്രൈവര്‍ ഇറങ്ങിയോടി.
◾ തൃശ്ശൂര്‍ വരന്തരപ്പിള്ളി മാട്ടുമലയില്‍ ഗര്‍ഭിണിയായ 20കാരി ഭര്‍ത്താവിന്റെ വീടിന് സമീപം പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ഗുരുതരമായ ആരോപണങ്ങളുമായി മരിച്ച അര്‍ച്ചനയുടെ അച്ഛന്‍. ഭര്‍ത്താവ് ഷാരോണ്‍ അര്‍ച്ചനയെ കൊന്നതാണെന്ന് അര്‍ച്ചനയുടെ പിതാവ് ഹരിദാസ് പറഞ്ഞു. സംശയരോഗിയായിരുന്ന ഷാരോണ്‍ അര്‍ച്ചനയെ ക്രൂരമായി മര്‍ദിക്കുമായിരുന്നു. ആറുമാസമായി ഫോണ്‍ ചെയ്യാന്‍ പോലും അനുവദിച്ചിരുന്നില്ലെന്നും ഹരിദാസ് പറഞ്ഞു. ഭര്‍ത്താവ് ഷാരോണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ കഞ്ചാവ് കേസിലെ പ്രതിയാണെന്ന് പഞ്ചായത്തംഗം ബിന്ദു പ്രിയന്‍ പറഞ്ഞു.
◾ മലപ്പുറത്ത് വാഹനാപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. കാക്കഞ്ചേരിക്കടുത്ത് ചെട്ട്യാര്‍മാടില്‍ ലോറികള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
◾ തിരുവനന്തപുരത്തെ അലന്‍ കൊലക്കേസില്‍ കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെത്തി. ഒന്നാം പ്രതി അജിന്റെ സുഹൃത്ത് ശരതിന്റെ വീട്ടില്‍ നിന്നാണ് കത്തി കണ്ടെത്തിയിരിക്കുന്നത്. അലന്‍ കൊലപാതകത്തില്‍ ഏറ്റവും നിര്‍ണായകമായ തെളിവാണ് ഇപ്പോള്‍ പൊലീസിന് കിട്ടിയിരിക്കുന്നത്. ഫുട്ബോള്‍ മത്സരത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് അലനെ കുത്തിക്കൊലപ്പെടുത്തിയത്.
◾ എഐഎഡിഎംകെയില്‍ നിന്ന് പുറത്താക്കിയ മുതിര്‍ന്ന നേതാവ് കെ എ സെങ്കോട്ടയ്യന്‍ ടിവികെയില്‍ ചേര്‍ന്നു. ടിവികെ അധ്യക്ഷന്‍ വിജയ് സെങ്കോട്ടയ്യനെ വരവേറ്റു. ഡിഎംകെ ക്ഷണം തള്ളിയാണ് ടിവികെയില്‍ ചേര്‍ന്നത്. പണയൂരിലെ ടിവികെ ഓഫീസില്‍ എത്തി പാര്‍ട്ടിയില്‍ അംഗത്വം എടുത്തു. 1977 മുതല്‍ എഐഎഡിഎംകെ എംഎല്‍എയാണ് കെ എ സെങ്കോട്ടയ്യന്‍. ജയലളിത, ഇപിഎസ് സര്‍ക്കാരുകളില്‍ മന്ത്രിയായിരുന്നു.
◾ കര്‍ണാടക മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച തര്‍ക്കം തുടരുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ നിര്‍ണായകയോഗം. മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഡി.കെ. ശിവകുമാറിനെയും ഒരുമിച്ചിരുത്തിയാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം ചര്‍ച്ച നടത്തുന്നത്. ഹൈക്കമാന്‍ഡ് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.
◾ ദാദറിലേക്ക് പോകുന്ന അജ്മീര്‍-ദാദര്‍ എക്സ്പ്രസ് ട്രെയിന്‍ ബോംബ് സ്ഫോടന ഭീഷണിയെ തുടര്‍ന്ന് രണ്ട് മണിക്കൂര്‍ നിര്‍ത്തിയിട്ടു. ഇന്നലെ വൈകുന്നേരമാണ് സംഭവം. റെയില്‍വേ സ്റ്റേഷനില്‍ കനത്ത പൊലീസ് വിന്യാസo ഉണ്ടായിരുന്നു. പരിശോധനയില്‍ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്തു. അന്വേഷണം നടക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
◾ പശ്ചിമ ബംഗാളിലെ നിലവിലെ വോട്ടര്‍ പട്ടികയിലുള്ള ഏകദേശം 26 ലക്ഷം വോട്ടര്‍മാരുടെ പേരുകള്‍ പഴയ വോട്ടര്‍ പട്ടികയുമായി പൊരുത്തപ്പെടുന്നില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. 2006ല്‍ തയാറാക്കിയ വോട്ടര്‍ പട്ടികയും സംസ്ഥാനത്തെ ഏറ്റവും പുതിയ വോട്ടര്‍ പട്ടിക താരതമ്യം ചെയ്തപ്പോഴാണ് പൊരുത്തക്കേട് പുറത്തുവന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
◾ ലഖ്നൗ നഗരത്തിലെ ലുലുമാളില്‍ ബോംബ് ഭീഷണി. ലഖ്‌നൗവിലെ സ്‌കൂളുകള്‍ ഉള്‍പ്പെടെ നഗരത്തിലെ നിരവധി സ്ഥാപനങ്ങള്‍ ബോംബ് വെച്ച് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തി ലുലു മാളിലെ വാഷ് റൂമില്‍ നിന്ന് കത്ത് ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. നവംബര്‍ 24 നാണ് സംഭവം.
◾ ശ്രീലങ്ക - ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം അതിതീവ്ര ന്യൂനമര്‍ദമായി മാറി അടുത്ത 12 മണിക്കൂറില്‍ ഡിത്വാ ചുഴലിക്കാറ്റായി മാറും. തമിഴ്നാട് -ആന്ധ്ര തീരമേഖലകളിലും പുതുച്ചേരിയിലും തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. പുതുച്ചേരിയിലും തമിഴ്നാട്ടിലെ 7 ജില്ലകളിലും എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് സംഘങ്ങളെ വിന്യസിച്ചതായി സര്‍ക്കാര്‍ അറിയിച്ചു.
◾ രാമക്ഷേത്രത്തിലെ ധ്വജാരോഹണ ചടങ്ങിനെക്കുറിച്ചുള്ള പാകിസ്താന്റെ പരാമര്‍ശത്തിനെതിരെ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് പിന്നാലെ ബിജെപിയും രംഗത്ത്. ഒസാമ ബിന്‍ ലാദന്‍ ലോകസമാധാനത്തെക്കുറിച്ച് പ്രസംഗിക്കുന്നത് പോലെയാണ് ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെക്കുറിച്ച് പാകിസ്താന്‍ സംസാരിക്കുന്നതെന്ന് ബിജെപി പരിഹസിച്ചു. കൂടാതെ പാകിസ്താന്‍ ആത്മപരിശോധന നടത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
◾ മൂല്യത്തകര്‍ച്ചയില്‍ ഈ വര്‍ഷം ഏഷ്യയിലെ ഏറ്റവും മോശം കറന്‍സിയായി ഇന്ത്യന്‍ രൂപ. 2025 ജനുവരി-ഒക്ടോബര്‍ കാലയളവില്‍ ഡോളറുമായുള്ള വിനിമയത്തില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ 4.3 ശതമാനത്തിന്റെ ഇടിവാണ് നേരിട്ടത്.
◾ ഇന്തോനേഷ്യയിലെ വടക്കന്‍ സുമാത്രയുടെ പടിഞ്ഞാറന്‍ തീരത്ത് , ഇന്ത്യന്‍ മഹാസമുദ്രത്തില്‍ 6.5 തീവ്രതയുള്ള ഭൂകമ്പം ഉണ്ടായി. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ ഇന്ദിരപോയിന്റ്, ലിറ്റില്‍ ആന്‍ഡമാന്‍ എന്നീ സ്ഥലങ്ങളില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരള തീരത്ത് നിലവില്‍ സുനാമി മുന്നറിയിപ്പ് ഇല്ല.
◾ ചൈനയിലെ യുനാന്‍ പ്രവിശ്യയില്‍ ട്രെയിന്‍ അപകടത്തില്‍ 11 പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. റെയില്‍പാളത്തില്‍ ജോലി ചെയ്യുകയായിരുന്ന ജീവനക്കാരെയാണ് സീസ്മിക് ഇക്വിപ്മെന്റിന്റെ പരിശോധനയ്ക്കായി ഓടുകയായിരുന്ന ട്രെയിന്‍ ഇടിച്ചത്. കുന്‍മിങ് നഗരത്തിലെ ലൂയാങ് ടൗണ്‍ റെയില്‍വെ സ്റ്റേഷനിലാണ് അപകടം നടന്നത്. ഉദ്യോഗസ്ഥ വീഴ്ചയാണോ, സാങ്കേതിക തകരാറാണോ അപകടത്തിന് കാരണമായതെന്ന് വ്യക്തമായിട്ടില്ല.
◾ മിയാമിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ നിന്ന് ദക്ഷിണാഫ്രിക്കയെ ഒഴിവാക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വെളുത്ത വംശജരായ ആഫ്രിക്കക്കാര്‍ക്കും ഡച്ച്, ഫ്രഞ്ച്, ജര്‍മ്മന്‍ കുടിയേറ്റക്കാരുടെ പിന്‍ഗാമികള്‍ക്കുമെതിരായ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ ദക്ഷിണാഫ്രിക്കയില്‍ നടക്കുന്നുവെന്നും പ്രശ്നം പ്രസിഡന്റ് സിറില്‍ റമാഫോസയുടെ സര്‍ക്കാര്‍ അവഗണിക്കുകയാണെന്നും ട്രംപ് ആരോപിച്ചു. വെള്ളക്കാരായ കര്‍ഷകരെ കൊല്ലുകയും അവരുടെ ഭൂമി പിടിച്ചെടുക്കുകയും ചെയ്യുന്നുവെന്നും ട്രംപ് ആരോപിച്ചു.
◾ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ടു എന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളിലും മറ്റും വ്യാപകമായി പ്രചരിക്കുന്ന അഭ്യൂഹങ്ങളെ തള്ളി അദിയാല ജയില്‍ അധികൃതര്‍. ഇമ്രാന്‍ ഖാന്‍ സുഖമായും ആരോഗ്യത്തോടെയും ഇരിക്കുന്നു എന്ന് ജയില്‍ അധികൃതര്‍ അവകാശപ്പെട്ടു.
◾ ഇസ്ലാമാബാദ് ജയിലില്‍ കഴിയുന്ന പാക് മുന്‍ പ്രധാനമന്ത്രിയും പിടിഐ നേതാവുമായ ഇമ്രാന്‍ ഖാനെ കാണാന്‍ അനുമതി ലഭിച്ചെന്ന് സഹോദരി. ഇമ്രാന്‍ ഖാന്‍ ജയിലില്‍ മരിച്ചെന്ന് അഭ്യൂഹം പ്രചരിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ പാര്‍പ്പിച്ച അദിയാല ജയിലിന് മുന്നില്‍ സഹോദരി അലീമ ഖാന്‍ സമരം ആരംഭിച്ചിരുന്നു. സഹോദരനെ കാണാന്‍ അനുമതി ലഭിച്ചതോടെ സമരം അവസാനിപ്പിക്കുകയാണെന്ന് സഹോദരി പറഞ്ഞു.
◾ ഹോങ്കോങിലെ തായ് പോയിലെ കെട്ടിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ മരണ സംഖ്യ 55 ആയി ഉയര്‍ന്നു. രക്ഷാപ്രവര്‍ത്തനം നടത്തിയ 37 വയസുകാരനടക്കം മരിച്ചു. സംഭവത്തില്‍ പൊലീസ് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തു. വാങ് ഫുട് കോര്‍ട്ട് എന്ന റെസിഡന്‍ഷ്യല്‍ കെട്ടിട സമുച്ചയത്തിന്റെ നവീകരണ കരാര്‍ ഏറ്റെടുത്തിരുന്ന കമ്പനിയുടെ ഭാഗത്തുണ്ടായ വീഴ്ചയാണ് വലിയ ദുരന്തത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു.രക്ഷാപ്രവര്‍ത്തനത്തിന് അടിയന്തിര സഹായമായി 20 ലക്ഷം യുവാന്‍ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് പ്രഖ്യാപിച്ചു.
◾ വൈറ്റ് ഹൗസിനു സമീപമുണ്ടായ വെടിവെപ്പില്‍ അഫ്ഗാന്‍ പൗരന്‍ പിടിയിലായ സംഭവത്തിന് പിന്നാലെ അഫ്ഗാന്‍ പൗരന്മാരുമായി ബന്ധപ്പെട്ട എല്ലാ ഇമിഗ്രേഷന്‍ അപേക്ഷകളുടെയും പ്രോസസിങ് അനിശ്ചിതമായി നിര്‍ത്തിവെച്ച് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ്. സുരക്ഷാ, പരിശോധനാ നടപടിക്രമങ്ങള്‍ പുനഃപരിശോധിക്കുന്നത് വരെ, അഫ്ഗാന്‍ പൗരന്മാരുമായി ബന്ധപ്പെട്ട എല്ലാ ഇമിഗ്രേഷന്‍ അപേക്ഷകളും അനിശ്ചിതകാലത്തേക്ക് ഉടനടി നിര്‍ത്തിവെക്കുന്നുവെന്നും രാജ്യത്തിന്റെയും അമേരിക്കന്‍ ജനതയുടെയും സംരക്ഷണവും സുരക്ഷയുമാണ് ഏക ലക്ഷ്യവും ദൗത്യവുമെന്നും ഇമിഗ്രേഷന്‍ സര്‍വീസസ് എക്സിലെ കുറിപ്പില്‍ വ്യക്തമാക്കി.
◾ വാഷിംഗ്ടണിലെ വൈറ്റ് ഹൗസിന് സമീപത്ത് നടന്ന വെടിവയ്പ്പില്‍ രൂക്ഷമായി പ്രതികരിച്ച് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അഫ്ഗാനിസ്ഥാനെ ഭൂമിയിലെ നരകം എന്ന് വിശേഷിപ്പിച്ച അദ്ദേഹം ഈ ഹീനമായ ആക്രമണം തിന്മയുടെയും വിദ്വേഷത്തിന്റെയും ഭീകരതയുടെയും പ്രവൃത്തിയാണെന്ന് വിമര്‍ശിച്ചു. രാജ്യത്തിനും മനുഷ്യരാശിക്കുമെതിരായ കുറ്റകൃത്യമാണിതെന്നും അദ്ദേഹം പറഞ്ഞു. അക്രമിയെ മൃഗമെന്ന് വിശേഷിപ്പിച്ച ട്രംപ്, ഈ ആക്രമണത്തിന് ആ മൃഗം വലിയ വില കൊടുക്കേണ്ടിവരുമെന്നും അഭിപ്രായപ്പെട്ടു.
◾ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ നാണംകെട്ട തോല്‍വിക്ക് പിന്നാലെ പരിശീലകന്‍ ഗൗതം ഗംഭീറിനെ പുറത്താക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ്. ബിസിസിഐ ഗംഭീറില്‍ വിശ്വാസം അര്‍പ്പിക്കുന്നത് തുടരുകയാണെന്നും ടീമിനെ പുനര്‍നിര്‍മ്മിക്കാന്‍ അദ്ദേഹത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്നും ക്രിക്കറ്റ് ബോര്‍ഡ് വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
◾ പേയ്ടിഎം പേയ്‌മെന്റ് സര്‍വീസസിന്റെ മാതൃകമ്പനിയായ വണ്‍97 കമ്മ്യൂണിക്കേഷന്‍സിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് ഓണ്‍ലൈന്‍ പേയ്‌മെന്റ് അഗ്രഗേറ്റര്‍ ലൈസന്‍സ് ലഭിച്ചു. 2020ല്‍ കമ്പനി ഇതിനായി അപേക്ഷ നല്കിയിരുന്നെങ്കിലും അന്ന് അനുമതി ലഭിച്ചിരുന്നില്ല. വിദേശ ഉടമസ്ഥത സംബന്ധിച്ച് ചില പ്രശ്‌നങ്ങള്‍ മൂലമായിരുന്നു അന്ന് അനുമതി നിഷേധിക്കപ്പെട്ടത്. ഇപ്പോള്‍ വിദേശപങ്കാളിത്തം കുറഞ്ഞതോടെ ആര്‍.ബി.ഐയുടെ അനുമതി ലഭിക്കുകയും ചെയ്തു. റിസര്‍വ് ബാങ്കില്‍ നിന്നുള്ള അനുകൂല തീരുമാനം പേയ്ടിഎമ്മിന് ആശ്വാസം പകരുന്നതാണ്. പേയ്ടിഎമ്മില്‍ ചൈനീസ് നിക്ഷേപകര്‍ക്ക് ഓഹരി പങ്കാളിത്തമുണ്ടെന്നത് കേന്ദ്രസര്‍ക്കാരിനെയും ആശങ്കപ്പെടുത്തിയിരുന്നു. ചട്ടങ്ങളിലെ വീഴ്ചയെ തുടര്‍ന്ന് പുതിയ ഉപയോക്താക്കളെ ഇനി ചേര്‍ക്കരുതെന്ന് 2022 മാര്‍ച്ചില്‍ പേയ്ടിഎമ്മിനോട് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിരുന്നു. വീഴ്ചകളെ തുടര്‍ന്ന് 2023 ഒക്ടോബറില്‍ 5.4 കോടി രൂപ പിഴയും വിധിച്ചിരുന്നു. വണ്‍ 97 കമ്മ്യൂണിക്കഷന്‍സ് ലിമിറ്റഡിന്റെ സെപ്റ്റംബര്‍ പാദത്തിലെ ലാഭം 21 കോടി രൂപയായിരുന്നു. വരുമാനം മുന്‍വര്‍ഷം സമാനപാദത്തിലെ 1,659 കോടി രൂപയില്‍ നിന്ന് 2,061 കോടി രൂപയായി ഉയര്‍ന്നിരുന്നു.
◾ 14 വര്‍ഷത്തിന് ശേഷം സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ സാംസംഗിനെ മറികടക്കാനൊരുങ്ങി ആപ്പിള്‍. ഇക്കൊല്ലം 24.3 കോടി സ്മാര്‍ട്ട്‌ഫോണുകള്‍ ഷിപ്പ്‌മെന്റ് നടത്താന്‍ ആപ്പിളിന് കഴിയുമെന്ന് ടെക്‌നോളജി മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ കൗണ്ടര്‍പോയിന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. സാംസംഗ് ഷിപ്പ്‌മെന്റ് 23.5 കോടിയില്‍ ഒതുങ്ങും. ആഗോള സ്മാര്‍ട്ട്‌ഫോണ്‍ വിപണിയുടെ 19.4 ശതമാനം സ്വന്തമാക്കാനും ആപ്പിളിന് ഇക്കൊല്ലം കഴിയും. സാംസംഗിന്റേത് 18.7 ശതമാനത്തിലേക്ക് താഴുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സെപ്റ്റംബറില്‍ റിലീസ് ചെയ്ത ഐഫോണ്‍ 17 സീരീസ് ഫോണുകളാണ് ആപ്പിളിന്റെ തലവര മാറ്റിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആപ്പിളിന്റെ പ്രധാന വിപണികളായ യു.എസിലും ചൈനയിലും ഐഫോണ്‍ 17 സീരീസ് ഫോണുകള്‍ക്ക് വലിയ ഡിമാന്‍ഡാണ് അനുഭവപ്പെട്ടത്. നിലവിലെ വളര്‍ച്ച തുടരാനായാല്‍ 2029 വരെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ ഒന്നാമന്‍ ആപ്പിളായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ തുടരുന്നു. 2023നും 2025ന്റെ ആദ്യ പകുതിയിലുമായി 35.8 കോടി ഐഫോണുകളാണ് വില്‍പ്പന നടന്നത്.
◾ ഹരിയാനയില്‍ വാഹന റജിസ്ട്രേഷന്‍ ഫാന്‍സി നമ്പര്‍ വിറ്റുപോയത് 1.17 കോടി രൂപയ്ക്ക്; ലേലത്തില്‍ പങ്കെടുത്തത് 45 പേര്‍. രണ്ടും റെക്കോര്‍ഡാണ്. 'വിഐപി' നമ്പറായ HR 88B 8888 ആണ് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് ലേലം ചെയ്തത്. ഹരിയാനയുടെ എച്ച്ആര്‍ കഴിഞ്ഞ് ബാക്കിയെല്ലാം എട്ടായതും B എന്ന ഇംഗ്ലിഷ് അക്ഷരത്തിന് എട്ടിനോട് സാദൃശ്യമുള്ളതുമാണ് നമ്പറിനെ ശ്രദ്ധാകേന്ദ്രമാക്കിയത്. 50,000 രൂപയാണ് അടിസ്ഥാനവിലയായി നിശ്ചയിച്ചിരുന്നത്. ഓണ്‍ലൈന്‍ ലേലം ചൂടുപിടിച്ചതോടെ വില ഒരു കോടി രൂപ കടന്നു. കഴിഞ്ഞയാഴ്ച HR22 W2222 എന്ന നമ്പര്‍ ലേലത്തില്‍ പോയത് 37.91 ലക്ഷത്തിനാണ്. കേരളത്തില്‍, ഏപ്രിലില്‍ KL 07 DG 0007 നമ്പര്‍ 46.24 ലക്ഷം രൂപയ്ക്ക് ലേലത്തില്‍ പോയിരുന്നു. ജയിംസ് ബോണ്ട് കഥാപാത്രങ്ങളുടെ കോഡ് നമ്പറിനോട് (007) ചേര്‍ന്നുനില്‍ക്കുന്ന നമ്പറാണിത്.
◾ രാവിലെ സ്ഥിരമായി വൈകി ഉണരുന്ന ശീലമുണ്ടോ? എങ്കില്‍ നിങ്ങള്‍ക്ക് വിഷാദരോഗം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. എങ്ങനെയാണെന്നല്ലേ, സ്ഥിരമായി വൈകി ഉണരുന്നതിനെ തുടര്‍ന്ന് ശരീരത്തിന് അനിവാര്യമായ ഒരു പോഷകത്തെ നഷ്ടപ്പെടുത്തുന്നുവെന്നതാണ് കാരണം. രാവിലെ വൈകി ഉണരുന്നത് പതിവാക്കുന്നതോടെ സൂര്യപ്രകാശം ശരീരത്തിലേല്‍ക്കുന്നത് കുറയുകയും വിറ്റാമിന്‍ ഡിയുടെ അഭാവത്തിന് കാരണമാവുകയും ചെയ്യുന്നു. ഇത് നമ്മുടെ മാനസികാവസ്ഥയെ ഉള്‍പ്പെടുയുള്ള ആരോഗ്യത്തെ ബാധിക്കുന്നു. വിറ്റാമിന്‍ ഡിയുടെ കുറവ് നേരിട്ട് വിഷാദരോഗം ഉണ്ടാക്കുന്നതായി കണ്ടെത്തിയിട്ടില്ലെങ്കിലും അമേരിക്കയില്‍ നടത്തിയ ഒരു പഠനത്തില്‍ വിറ്റാമിന്‍ ഡിയുടെ അളവ് നിരീക്ഷിക്കുന്നത് വിഷാദരോഗം കണ്ടെത്തുന്നതിനും ചികിത്സയുടെ പുരോഗതി ട്രാക്ക് ചെയ്യുന്നതിനും സഹായിച്ചേക്കാമെന്ന് ചൂണ്ടിക്കാണിക്കുന്നു. ശരീരത്തിന് വിറ്റാമിന്‍ ഡി ഉല്‍പാദിപ്പിക്കണമെങ്കില്‍ യുവി സൂചിക മൂന്നില്‍ കൂടുതലായിരിക്കണം. ഇത് സാധാരണയായി രാവിലെ 10 നും ഉച്ചയ്ക്ക് 12 മണിക്കും ഇടയിലുള്ള സമയത്താണ് സംഭവിക്കാറ്. വിറ്റാമിന്‍ ഡി അടങ്ങിയ ഫോര്‍ട്ടിഫൈഡ് പാല്‍, മുട്ട, കൊഴുപ്പുള്ള മത്സ്യം എന്നിവ ഡയറ്റില്‍ ചേര്‍ക്കുന്നതും, അല്ലെങ്കില്‍ ആരോഗ്യ വിദഗ്ധരുടെ നിര്‍ദേശപ്രകാരം സപ്ലിമെന്റുകള്‍ സ്വീകരിക്കുന്നതും ആരോഗ്യം മെച്ചപ്പെടുത്തും. മാത്രമല്ല, സ്ഥിരമായ ഉറക്ക-ഉണര്‍വ് ചക്രം ഹോര്‍മോണ്‍ സന്തുലിതാവസ്ഥയെ പിന്തുണയ്ക്കുകയും ശരീരം സൂര്യപ്രകാശം കൂടുതല്‍ കാര്യക്ഷമമായി ഉപയോഗിക്കാന്‍ സഹായിക്കുകയും ചെയ്യും.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 89.27, പൗണ്ട് - 118.07, യൂറോ - 103.46, സ്വിസ് ഫ്രാങ്ക് - 110.87, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 58.24, ബഹറിന്‍ ദിനാര്‍ - 236.81, കുവൈത്ത് ദിനാര്‍ -290.83, ഒമാനി റിയാല്‍ - 232.20, സൗദി റിയാല്‍ - 23.80, യു.എ.ഇ ദിര്‍ഹം - 24.28, ഖത്തര്‍ റിയാല്‍ - 24.52, കനേഡിയന്‍ ഡോളര്‍ - 63.60.
Tags:
KERALA