◾ ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ എന്‍.വാസുവിന് പിന്നാലെ 2019ല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആയിരുന്ന എ.പത്മകുമാര്‍ അറസ്റ്റില്‍. സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമാണ് പത്മകുമാര്‍. പ്രത്യേക കേന്ദ്രത്തില്‍ മണിക്കൂറുകള്‍ ചോദ്യം ചെയ്തതിനു ശേഷമാണ് എസ്ഐടി പത്മകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ശബരിമല ശ്രീകോവിലിനു മുന്നിലെ കട്ടിളപ്പടിയിലെ സ്വര്‍ണം കവര്‍ന്ന കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുത്തത് പത്മകുമാറാണെന്ന പത്മകുമാറാണെന്ന നിഗമനത്തിലാണ് എസ്ഐടി. ഇന്ന് രാവിലെയാണ് പത്മകുമാര്‍ എസ്‌ഐടിക്ക് മുന്നില്‍ ചോദ്യംചെയ്യലിനായി ഹാജരായത്.
◾ ശബരിമല സ്വര്‍ണ കവര്‍ച്ച കേസില്‍ മുന്‍ ദേവസ്വം കമ്മീഷണര്‍ എന്‍. വാസുവിനെ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടു. രാവിലെ 11 മണിയ്ക്ക് കസ്റ്റഡി അപേക്ഷ പരിഗണിച്ച കൊല്ലം വിജിലന്‍സ് കോടതി വൈകിട്ട് 4 മണി വരെ വാസുവിനെ കസ്റ്റഡിയില്‍ നല്‍കുകയായിരുന്നു. കൊട്ടാരക്കര സബ് ജയിലില്‍ കഴിഞ്ഞ വാസുവിനെ വന്‍ പൊലീസ് സുരക്ഷയിലാണ് കോടതിയില്‍ എത്തിച്ചത്. കസ്റ്റഡിയില്‍ വാങ്ങിയ വാസുവുമായി പോയ പൊലീസ് വാഹനത്തിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
◾ ശബരിമല തീര്‍ത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടകത്തിന്റെ കത്ത്. കേരള ചീഫ് സെക്രട്ടറിക്കാണ് കര്‍ണാടക സര്‍ക്കാര്‍ കത്തയച്ചിരിക്കുന്നത്. മതിയായ സുരക്ഷയും ഗതാഗത സൗകര്യവും ഉറപ്പാക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരാണ് കര്‍ണാടകയില്‍ നിന്ന് എത്തുന്നതെന്നും തീര്‍ത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടി വേണമെന്നും കത്തില്‍ പറയുന്നു. കര്‍ണാടക ചീഫ് സെക്രട്ടറിയാണ് കത്തയച്ചത്.
◾ ശബരിമല ദര്‍ശനത്തിന് അനുവദിക്കുന്ന സ്പോട് ബുക്കിംഗ് 5000 ആയി നിജപ്പെടുത്തി. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തീരുമാനം. നിലയ്ക്കല്‍, വണ്ടിപ്പെരിയാര്‍ കേന്ദ്രങ്ങളില്‍ മാത്രമാകും സ്പോട്ട് ബുക്കിംഗ് ലഭ്യമാകുക. പമ്പ, എരുമേലി, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലെ സ്പോട്ട് ബുക്കിംഗ് താല്‍കാലികമായി നിര്‍ത്തിവെച്ചു. നവംബര്‍ 24 വരെയാണ് നിലവില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
◾ ടാക്സ് അടയ്ക്കാതെ തിരുവനന്തപുരത്ത് നിന്ന് ഓടുന്ന അന്തര്‍സംസ്ഥാന ബസുകള്‍ കണ്ടെത്താന്‍ മോട്ടോര്‍ വാഹനവകുപ്പ് പരിശോധന തുടങ്ങി. ജില്ലയില്‍ കഴക്കൂട്ടത്ത് ഉള്‍പ്പെടെ മൂന്നിടത്തായി നടത്തിയ പരിശോധനയില്‍ പത്തോളം ബസുകളാണ് പിടികൂടിയത്. കഴക്കൂട്ടത്തു നിന്ന് പിടികൂടിയ മൂന്ന് ബസുകള്‍ക്ക് മാത്രം പത്തുലക്ഷം രൂപയിലധികമാണ് മോട്ടോര്‍ വാഹനവകുപ്പ് പിഴ ചുമത്തിയത്. അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ നടത്തുന്ന പല ബസുകളും ടാക്സ് അടയ്ക്കാതെയാണ് ഓടുന്നതെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇന്നലെ രാവിലെ മുതല്‍ മോട്ടോര്‍ വാഹന വകുപ്പ് പരിശോധന ആരംഭിച്ചത്.
◾ തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുട്ടട വാര്‍ഡിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ സി.പി.എം ക്രിമിനല്‍ ഗൂഡാലോചന നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. തിരുവനന്തപുരത്തെ രണ്ട് പ്രധാന സി.പി.എം നേതാക്കള്‍ക്ക് ഗൂഡാലോചനയില്‍ നേരിട്ട് പങ്കുണ്ടെന്നും കോര്‍പ്പറേഷനിലെ സി.പി.എമ്മുകാരായ ചില ഉദ്യോഗസ്ഥര്‍ കൂടി ഈ ക്രിമിനല്‍ പ്രവര്‍ത്തിയില്‍ പങ്കാളികളാണെന്നും സതീശന്‍ പറഞ്ഞു. ഇതേക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സമഗ്രമായി പരിശോധിക്കണമെന്നും അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും അല്ലെങ്കില്‍ യു.ഡി.എഫ് നിയമ നടപടിസ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ മുന്‍ എംഎല്‍എ അനില്‍ അക്കര പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകും. അടാട്ട് ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡിലാണ് അനില്‍ അക്കര മത്സരിക്കുക. വടക്കാഞ്ചേരി മുന്‍ എംഎല്‍എയാണ് അനില്‍ അക്കര. 2000 മുതല്‍ 2010 വരെ അടാട്ട് ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു. 2000 മുതല്‍ 2003 വരെ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും 2003 മുതല്‍ 2010 വരെ പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. ഈ കാലയളവില്‍ സംസ്ഥാന, ദേശീയ പുരസ്‌കാരങ്ങള്‍ പഞ്ചായത്തിന് ലഭിച്ചിരുന്നു,
◾ കാസര്‍കോട് കോണ്‍ഗ്രസില്‍ സീറ്റ് തര്‍ക്കത്തെത്തുടര്‍ന്ന് ഡിസിസി വൈസ് പ്രസിഡന്റും കര്‍ഷക വിഭാഗം നേതാവും ഡിസിസി ഓഫീസില്‍പസ്പരം ഏറ്റുമുട്ടി. ഡിസിസി വൈസ് പ്രസിഡന്റെ ജെയിംസ് പന്തംമാക്കനും ഡികെഡിഎഫ് ജില്ലാ പ്രസിഡന്റ് വാസുദേവനുമാണ് ഏറ്റുമുട്ടിയത്.കൈയാങ്കളിയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് എം. ലിജു പറഞ്ഞു.
◾ പാര്‍ട്ടിയുടെ അച്ചടക്ക നടപടിക്ക് വിധേയനായ പികെ ശശിയെ അനുകൂലിക്കുന്ന സിപിഎമ്മിലെ ഒരു വിഭാഗം മണ്ണാര്‍ക്കാട് മേഖലയില്‍ പിടിമുറുക്കാന്‍ ശ്രമം തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ പാര്‍ട്ടിയുമായി പരസ്യ പോരിനിറങ്ങിയാണ് നീക്കം. തദ്ദേശ തെരഞ്ഞെടുപ്പില്‍ പി.കെ.ശശി അനുകൂല വിഭാഗത്തിന്റെ ജനകീയ മതേതര മുന്നണി സ്ഥാനാര്‍ത്ഥികള്‍ ഇന്ന് നാമനിര്‍ദ്ദേശ പത്രിക നല്‍കും. മണ്ണാര്‍ക്കാട് നഗരസഭയില്‍ പത്ത് സീറ്റുകളില്‍ മത്സരിക്കാനാണ് നീക്കം. മുന്‍ ബ്രാഞ്ച് സെക്രട്ടറി മുതല്‍ ലോക്കല്‍ കമ്മിറ്റി അംഗം വരെ ജനകീയ മതേതര മുന്നണി സ്ഥാനാര്‍ത്ഥികളായി രംഗത്തുണ്ട്.
◾ തദ്ദേശ തെരഞ്ഞെടുപ്പില്‍ തനിക്ക് മത്സരിക്കുന്നതിന് നിയമപരമായി പ്രശ്നങ്ങളില്ലെന്ന് ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അരുണിമ എം കുറുപ്പ്. ആലപ്പുഴ ജില്ലാ പഞ്ചായത്തിന് കീഴില്‍ വനിതാ സംവരണ സീറ്റായ വയലാര്‍ ഡിവിഷനിലാണ് ട്രാന്‍സ്വുമണായ അരുണിമയെ യുഡിഎഫ് മത്സരിപ്പിക്കുന്നത്. തനിക്കെതിരെ ചിലര്‍ കുപ്രചരണം നടത്തുകയാണെന്ന് ആരോപിച്ച അരുണിമ, ഇതിനെയെല്ലാം നിയമപരമായി നേരിടുമെന്ന് വ്യക്തമാക്കിയാണ് രംഗത്ത് വന്നിരിക്കുന്നത്.
◾ കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ സ്ഥാനത്തേക്ക് യുഡിഎഫിന് സെലിബ്രിറ്റി സ്ഥാനാര്‍ത്ഥിയില്ല. കോഴിക്കോട് കോര്‍പ്പറേഷനിലെ കല്ലായി ഡിവിഷനില്‍ സെലിബ്രിറ്റി സ്ഥാനാര്‍ഥി സംവിധായകന്‍ വി.എം. വിനുവിന്പകരം പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ്. പന്നിയങ്കര കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബൈജു കാളക്കണ്ടിയാണ് പുതിയ സ്ഥാനാര്‍ഥി. വോട്ടര്‍ പട്ടികയില്‍ പേര് ഇല്ലാത്തതിനെ തുടര്‍ന്ന് സംവിധായകന്‍ വി എം വിനുവിന് മത്സരിക്കാന്‍ ആയിരുന്നില്ല.
◾ ഇപ്പോള്‍ നടത്തുന്ന റിലേ ഒ.പി. ബഹിഷ്‌കരണം തുടരുമെന്ന് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംസിടിഎ. അഞ്ചാം ആഴ്ച്ചയിലേക്കാണ് പ്രതിഷേധം നീളുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി നവംബര്‍ 21 വെള്ളിയാഴ്ച, 29 ശനിയാഴ്ച എന്നീ തീയതികളില്‍ ഒ.പി, തിയറി ക്ലാസുകള്‍ എന്നിവ ബഹിഷ്‌കരിക്കുമെന്നും ചട്ടപ്പടി സമരം തുടരുമെന്നും സംഘടന വ്യക്തമാക്കി. ഔദ്യോഗിക കത്തിടപാടുകള്‍ക്ക് മറുപടി നല്‍കില്ല, കൂടാതെ മറ്റ് സ്ഥിതിവിവര കണക്കുകള്‍ കൈമാറില്ല എന്നും സംഘടന വ്യക്തമാക്കുന്നു.
◾ ഗുരുതര ആരോപണങ്ങളുമായി ചീഫ് ജസ്റ്റീസിന് ഹൈക്കോടതി അഭിഭാഷക അസോയേഷന്‍ പ്രസിഡന്റിന്റെ കത്ത്. ബാര്‍ ആസോസിയേഷന്‍ വാര്‍ഷിക യോഗത്തില്‍ നിന്ന് 30 ജഡ്ജിമാര്‍ കൂട്ടത്തോടെ വിട്ടുനിന്നു. ഇത് ജഡ്ജിമാര്‍ക്കിടയിലെ യൂണിയന്‍വല്‍ക്കരണമെന്ന് ഹൈക്കോടതി അഭിഭാഷകര്‍ക്കിടയില്‍ അഭിപ്രായമുണ്ട്. എന്നാല്‍, ഹൈക്കോടതി അഭിഭാഷകരുടെ പൊതു നിലപാടല്ല കത്തിലുളളതെന്ന് ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ സെക്രട്ടറി അഡ്വ എം ആര്‍ നന്ദകുമാര്‍ അറിയിച്ചു.
◾ എയ്ഡഡ് സ്‌കൂള്‍ നിയമനങ്ങളുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പില്‍ വന്‍ അഴിമതിയെന്ന് വിജിലന്‍സിന്റെ ഓപ്പറേഷന്‍ ബ്ലാക് ബോര്‍ഡ് റെയ്ഡില്‍ കണ്ടെത്തി. മിന്നല്‍ പരിശോധനയിലാണ് വ്യാപക അഴിമതിയും ക്രമക്കേടുകളും കണ്ടെത്തിയത്. സ്ഥലംമാറ്റ അപേക്ഷകള്‍ക്കും ഭിന്നശേഷി സംവരണ നിയമനങ്ങള്‍ക്കും കൈക്കൂലി വാങ്ങുന്നുവെന്നും കൈക്കൂലി കൈപ്പറ്റാന്‍ ഫയലുകളില്‍ അനാവശ്യ താമസം വരുത്തുന്നുവെന്നും കണ്ടെത്തി.
◾ നാടിനെ നടുക്കിയ ഇലന്തൂര്‍ നരബലി നടന്ന് വര്‍ഷം മൂന്നു കഴിഞ്ഞിട്ടും കേസിന്റെ വിചാരണ തുടങ്ങിയില്ല . പ്രോസിക്യൂട്ടറെ നിയമിക്കുന്നതിലെ കാലതാമസമാണ് വിചാരണയുടെ അനിശ്ചിതത്വത്തിലാക്കുന്നത്. ഇതിനിടെ കേസിലെ പ്രതികള്‍ നല്‍കിയ ജാമ്യാപേക്ഷ കോടതി അടുത്ത മാസം ആറിന് പരിഗണിക്കും.
◾ നടിയെ ആക്രമിച്ച കേസ് കൊച്ചിയിലെ വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അന്തിമ വാദം പൂര്‍ത്തിയാക്കിയ കേസില്‍ പ്രോസിക്യൂഷന്‍ ആരോപണങ്ങളിലെ സംശയനിവാരണം അവസാന ഘട്ടത്തിലാണ്. കേസിന്റെ വിധി പറയുന്ന തിയതി ഉടന്‍ അറിയിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജിയാണ് കേസില്‍ വിധി പറയുന്നത് പള്‍സര്‍ സുനി ഒന്നാം പ്രതിയായ കേസില്‍, നടന്‍ ദിലീപാണ് എട്ടാം പ്രതി.
◾ കരിപ്പൂര്‍ വിമാനത്താവള പരിസരത്തുനിന്ന് പൊലീസ് സ്വര്‍ണം പിടിച്ചതുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ കസ്റ്റംസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. വിമാനത്താവളം കസ്റ്റംസിന്റെ നിയന്ത്രണത്തിലുളള പ്രദേശമാണെന്നും ഇവിടെ കയറി പൊലീസ് സ്വര്‍ണം പിടിച്ചത് പരിധി വിട്ടുളള നടപടിയാണെന്നും കസ്റ്റംസ് ഏരിയയില്‍ സ്വര്‍ണം പിടിക്കാന്‍ പോലീസിന് അധികാരമില്ലെന്നുമാണ് കോഴിക്കോട് കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ സത്യവാങ്മൂലത്തില്‍ അറിയിച്ചിട്ടുള്ളത്.
◾ ബിഹാര്‍ മുഖ്യമന്ത്രിയായി പത്താം തവണയും നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. പാറ്റ്നയിലെ ഗാന്ധി മൈതാനത്താണ് ചടങ്ങുകള്‍ നടന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാര്‍, എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. സമ്രാട്ട് ചൗധരി ഉപമുഖ്യമന്ത്രിയായും ചുമതലയേറ്റു. 1990 മുതല്‍ പതിനഞ്ച് വര്‍ഷം നീണ്ട ആര്‍.ജെ.ഡിയുടെ ഭരണത്തിനു ശേഷം 2005 മുതല്‍ ബീഹാറിനെ നയിക്കുന്ന ഭരണാധികാരിയാണ് നിതീഷ് കുമാര്‍.
◾ കരൂര്‍ ദുരന്തത്തിന് ശേഷം നിര്‍ത്തിവെച്ച സംസ്ഥാനപര്യടനം വീണ്ടും തുടങ്ങാനൊരുങ്ങി നടനും തമിഴകം വെട്രി കഴകം അധ്യക്ഷനുമായ വിജയ്. ഡിസംബര്‍ ആദ്യ വാരം പൊതുയോഗം നടത്താനാണ് നീക്കം. രണ്ട് ജില്ലകളില്‍ രണ്ട് യോഗങ്ങള്‍ വീതമായിരിക്കും നടത്തുക. ബുധനാഴ്ചയും ശനിയാഴ്ചയും യോഗങ്ങള്‍ നടത്താനാണ് ആലോചന.
◾ പാക് രഹസ്യാന്വേഷണ ഏജന്‍സിയുമായി ബന്ധമുള്ള ഗുണ്ടാനേതാവിനെ ഏറ്റുമുട്ടലില്‍ വധിച്ചെന്ന് പഞ്ചാബ് പോലീസ്. ഗുണ്ടാനേതാവ് ഹര്‍ജിന്ദര്‍ ഹാരിയാണ് കൊല്ലപ്പെട്ടത്. വിദേശത്തുള്ള ഗുണ്ടാനേതാക്കളുമായടക്കം ഇയാള്‍ക്ക് ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഈയിടെ ജയിലില്‍ നിന്നിറങ്ങിയ ഇയാള്‍ ഒരാളെ കൊല്ലാന്‍ ശ്രമിക്കുമ്പോഴാണ് പൊലീസുമായി ഏറ്റുമുട്ടലുണ്ടായതെന്ന് അമൃത്സര്‍ കമ്മീഷണര്‍ അറിയിച്ചു.
◾ ബില്ലുകളില്‍ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സമയപരിധി നിശ്ചയിച്ച രണ്ടംഗ ബഞ്ചിന്റെ തീരുമാനം തള്ളി ഭരണഘടന ബെഞ്ച്. രാഷ്ട്രപതിയുടെ 14 ചോദ്യങ്ങളടങ്ങിയ റഫറന്‍സിനാണ് സുപ്രീംകോടതി മറുപടി നല്‍കിയത്. ഭരണഘടനയുടെ 200ാം അനുച്ഛേദം പ്രകാരം ബില്ലുകള്‍ ലഭിക്കുമ്പോള്‍ ഗവര്‍ണര്‍ക്ക് മുന്നിലുള്ള ഭരണഘടനാപരമായ അധികാരങ്ങള്‍ എന്തൊക്കെയാണ് എന്നുള്ളതിലാണ് സുപ്രീം കോടതിയുടെ മറുപടി. അനിശ്ചിതകാലത്തേക്ക് ബില്ല് പിടിച്ചു വെക്കാനുള്ള വിവേചന അധികാരം ഇല്ലെന്ന് കോടതി വ്യക്തമാക്കി.
◾ ബെംഗളൂരു നഗരത്തെ ഞെട്ടിച്ച 7 കോടി രൂപയുടെ കവര്‍ച്ചാ കേസില്‍ അന്വേഷണം കൂടുതല്‍ ഊര്‍ജ്ജിതമാക്കി പോലീസ്. പ്രാഥമിക ചോദ്യം ചെയ്യലില്‍ വാന്‍ ഡ്രൈവര്‍ക്കും പണം കൊണ്ടുപോയ ഏജന്‍സിയിലെ ജീവനക്കാര്‍ക്കും കവര്‍ച്ചയില്‍ പങ്കില്ലെന്ന നിഗമനത്തിലാണ് ഇപ്പോള്‍ പൊലീസ് എത്തിയിരിക്കുന്നത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലില്‍ ഇവരുടെ മൊഴികളില്‍ വൈരുദ്ധ്യം കണ്ടെത്താനായില്ല. ഉച്ചയ്ക്ക് 12:30 ഓടെ ജെപി നഗറിലെ അശോക പില്ലറിന് സമീപമാണ് കവര്‍ച്ച നടന്നത്.
◾ തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ വാഹനാപകടത്തില്‍ 3 യുവ ഡോക്ടര്‍മാര്‍ക്ക് ദാരുണാന്ത്യം. ഹൗസ് സര്‍ജന്‍മാരായ കോയമ്പത്തൂര്‍ സ്വദേശി സരൂപന്‍ (23), പുതുക്കോട്ടൈ സ്വദേശി രാഹുല്‍ സെബാസ്റ്റ്യന്‍ (23), തിരുപ്പത്തൂര്‍ സ്വദേശി മുകിലന്‍ (23) എന്നവരാണ് മരിച്ചത്. രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. തൂത്തുക്കുടി ഗവ. മെഡിക്കല്‍ കോളജിലെ ഹൗസ് സര്‍ജന്‍മാരാണ് അപകടത്തില്‍പ്പെട്ടത്.
◾ ഇന്ത്യ 'മോസ്റ്റ് വാണ്ടഡ്' ലിസ്റ്റില്‍പ്പെടുത്തിയ അന്‍മോല്‍ ബിഷ്ണോയിയെ എന്‍ഐഎ ചോദ്യം ചെയ്യും. അമേരിക്ക നാടുകടത്തിയ ഗുണ്ടാതലവന്‍ ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരനാണ് അന്‍മോല്‍ ബിഷ്ണോയ്. ഇയാളെ 11 ദിവസം എന്‍ഐഎ കസ്റ്റഡിയില്‍ ചോദ്യം ചെയ്യും. എന്‍ഐഎ നടപടികളുമായി സഹകരിക്കുമെന്ന് അന്‍മോലിന്റെ അഭിഭാഷകന്‍ കോടതിയെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.
◾ ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ കൂടി കസ്റ്റഡിയില്‍. ഹരിയാന സോഹ്നയിലെ മസ്ജിദിലെ ഇമാം അടക്കം മൂന്ന് പേരെയാണ് ഫരീദാബാദ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ചാവേറായ ഉമര്‍ ഈ മസ്ജിദില്‍ എത്തിയിരുന്നതായി കണ്ടെത്തല്‍. അല്‍ ഫലാഹ് സര്‍വകലാശാല കേന്ദ്രീകരിച്ച് 415 കോടിയുടെ കള്ളപ്പണ ഇടപാട് നടന്നു എന്നാണ് വിവരം. ചെയര്‍മാന്റെ പാക് സന്ദര്‍ശനവും പരിശോധനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
◾ രാജസ്ഥാന്‍ ജലവിഭവ മന്ത്രി സുരേഷ് സിംഗ് റാവത്തിന്റെ ഔദ്യോഗിക വസതിയില്‍ പുള്ളിപ്പുലിയിറങ്ങിയതിനെ തുടര്‍ന്ന് ജയ്പൂരിലെ അതീവ സുരക്ഷാ മേഖലയായ വിവിഐപി സിവില്‍ ലൈന്‍സ് ഏരിയയില്‍ സുരക്ഷാ മുന്നറിയിപ്പ് നല്‍കി. മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിന്റെ ബംഗ്ലാവ് ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ താമസിക്കുന്ന മേഖലയാണിത്. രാജ്ഭവന്‍, മുഖ്യമന്ത്രിയുടെ വസതി, മറ്റു മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ക്വാര്‍ട്ടേഴ്സുകള്‍ എന്നിവയെല്ലാം ഈ പരിസരത്താണ് സ്ഥിതി ചെയ്യുന്നത്.
◾ ബിഹാറില്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി ഏറ്റവും കൂടുതല്‍ വോട്ടര്‍മാരെ ഒഴിവാക്കിയ മണ്ഡലങ്ങളിലും ഏറ്റവും കൂടുതല്‍ വോട്ടര്‍മാരെ കൂട്ടിച്ചേര്‍ത്ത മണ്ഡലങ്ങളിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക്. ഏറ്റവും കൂടുതല്‍ പേരെ ഒഴിവാക്കിയ ഗോപാല്‍ഗഞ്ചില്‍ തുടര്‍ച്ചയായ അഞ്ചാം തവണയും ബിജെപി ജയിച്ചു. അരലക്ഷം പേരെ ഒഴിവാക്കിയ പൂര്‍ണിയ, മോതിഹാരി, എന്നിവിടങ്ങളിലും ബിജെപിയാണ് ജയിച്ചത്.
◾ കര്‍ണാടകയിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ കുട്ടികളുടെ പ്രവേശനം വര്‍ദ്ധിപ്പിക്കുന്നതിനായി സ്‌കൂള്‍ വിദ്യാഭ്യാസ സാക്ഷരതാ വകുപ്പ് പുതിയ പദ്ധതി പ്രഖ്യാപിച്ചു. പ്രവേശനത്തില്‍ ഗണ്യമായ നേട്ടമുണ്ടാക്കുന്ന സ്‌കൂള്‍ മേധാവികള്‍ക്കും വകുപ്പുതല ഉദ്യോഗസ്ഥര്‍ക്കും വിദേശ പഠന യാത്രകളാണ് വാഗ്ദാനം ചെയ്തിട്ടുള്ളത്. 2026-27 അധ്യയന വര്‍ഷത്തില്‍, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് സര്‍ക്കാര്‍ സ്‌കൂളുകളിലും പി യു കോളേജുകളിലും പ്രവേശനം കുറഞ്ഞത് 15 ശതമാനമെങ്കിലും വര്‍ദ്ധിപ്പിക്കണമെന്നതാണ് ലക്ഷ്യം.
◾ കര്‍ണാടകയിലെ മുഖ്യമന്ത്രി പദവിക്കായി സമ്മര്‍ദ്ദം ശക്തമാക്കാന്‍ ഡികെ ഗ്രൂപ്പ്. കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ ഡി.കെ.ശിവകുമാര്‍ സന്നദ്ധത പ്രകടിപ്പിച്ചു. ഒരു പദവിയിലും ദീര്‍ഘകാലം തുടരുന്നത് ശരിയല്ലെന്ന് ഡികെ പറഞ്ഞു. സിദ്ധരാമയ്യക്കെതിരെ അദ്ദേഹം പരോക്ഷ വിമര്‍ശനമുന്നയിച്ചു. പാര്‍ട്ടിയില്‍ ശക്തമായി പ്രവര്‍ത്തിക്കുന്നവര്‍ പദവി ആവശ്യപ്പെടുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. രണ്ടര കൊല്ലത്തിനുശേഷം മുഖ്യമന്ത്രിമാറ്റം എന്ന ഉടമ്പടി തെറ്റിച്ചതില്‍ ഡി.കെ.ശിവകുമാറിന് അമര്‍ഷമുണ്ട്.
◾ തെരുവുനായ ആക്രമണത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഉത്തരവിറക്കി കര്‍ണാടക സര്‍ക്കാര്‍. നായയുടെ കടിയേല്‍ക്കുന്നവര്‍ക്ക് 3500 രൂപ വീതം നല്‍കും. മരണം സംഭവിക്കുകയോ പേവിഷ ബാധ ഏല്‍ക്കുകയോ ചെയ്താല്‍ 5 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കും. നഷ്ടപരിഹാര വിതരണത്തിനായി പ്രത്യേക കമ്മിറ്റി രൂപീകരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. അതുപോലെ തന്നെ പാമ്പുകടിയേറ്റവര്‍ക്കും സൗജന്യ ചികിത്സ നല്‍കും.
◾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച ശശി തരൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സന്ദീപ് ദീക്ഷിത്. ശശി തരൂരിനെ അവസരവാദിയെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം തരൂര്‍ എന്തിനാണ് ഇപ്പോഴും കോണ്‍ഗ്രസില്‍ നില്‍ക്കുന്നതെന്നും ചോദിച്ചു. ബിജെപിയുടെയും പ്രധാനമന്ത്രിയുടെയും നയങ്ങള്‍ സ്വന്തം പാര്‍ട്ടിയുടെ നയങ്ങളേക്കാള്‍ നല്ലതാണെന്ന് തോന്നുന്നെങ്കില്‍ നിങ്ങള്‍ അക്കാര്യത്തില്‍ ഒരു വിശദീകരണം നല്‍കണമെന്നും അത് ചെയ്യുന്നില്ലെങ്കില്‍ നിങ്ങളൊരു അവസരവാദിയാണെന്നുമായിരുന്നു സന്ദീപ് ദീക്ഷിതിന്റെ വിമര്‍ശനം.
◾ എസ്ഐആര്‍ കാരണം ബംഗാളില്‍ നിന്ന് ബംഗ്ലാദേശിലേക്ക് മടങ്ങുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. നാനൂറിലധികം പേര്‍ അതിര്‍ത്തി കടക്കാന്‍ കാത്തുനില്‍ക്കുന്നതായാണ് റിപ്പോര്‍ട്ട്. അതിര്‍ത്തിയിലെ ഈ അസാധാരണമായ സാഹചര്യം നിലനില്‍ക്കെയാണ് ബംഗ്ലാദേശ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഡോ. ഖലീലുര്‍ റഹ്‌മാന്‍ ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തിയത്.
◾ ഇന്ത്യന്‍ വ്യോമശക്തിയുടെ ഭാവിക്ക് നിര്‍ണ്ണായകമാകുന്ന സൈനിക നിര്‍ദ്ദേശവുമായി മോസ്‌കോ. അടുത്ത മാസം റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെ, രാജ്യത്തിന്റെ ഭാവി ഫൈറ്റര്‍ വിമാനങ്ങളുടെ ആവശ്യകതകള്‍ നിറവേറ്റുന്നതിനായി പുതിയ അഞ്ചാം തലമുറ സ്റ്റെല്‍ത്ത് ഫൈറ്റര്‍ ജെറ്റിന്റെ സാങ്കേതികവിദ്യയിലേക്ക് നിയന്ത്രണങ്ങളില്ലാത്ത പ്രവേശനം നല്‍കാന്‍ റഷ്യ തയാറാണെന്ന് അറിയിച്ചു.
◾ അത്യാധുനിക ജാവലിന്‍ മിസൈല്‍ സംവിധാനവും അനുബന്ധ ഉപകരണങ്ങളും ഇന്ത്യക്ക് വില്‍ക്കുന്നതിന് അമേരിക്കന്‍ അനുമതി. 45.7 മില്യണ്‍ ഡോളറിനാണ് മിസൈല്‍ സംവിധാനം വില്‍പ്പന നടത്തുക. ഡിഫന്‍സ് സെക്യൂരിറ്റി കോ-ഓപ്പറേഷന്‍ ഏജന്‍സി ബുധനാഴ്ച പ്രസ്താവനയിലൂടെയാണ് സര്‍ട്ടിഫിക്കേഷന്‍ അടക്കമുള്ള നടപടികള്‍ക്ക് അനുമതി ലഭിച്ച കാര്യം അറിയിച്ചത്.
◾ മെയ് മാസത്തില്‍ നടന്ന ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തിലെ വിശദാംശങ്ങള്‍ വ്യക്തമാക്കി യുഎസ് കോണ്‍ഗ്രസിന്റെ പുതിയ റിപ്പോര്‍ട്ട്. ഇന്ത്യയുടെ 6 ഫൈറ്റര്‍ ജെറ്റ് തകര്‍ത്തെന്ന പാക് അവകാശവാദം തെറ്റാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍, ഈ നാല് ദിവസത്തെ സംഘര്‍ഷങ്ങളെ ചൈന ശരിക്കും ഉപയോഗപ്പെടുത്തി എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
◾ 350 ശതമാനം തീരുവ ചുമത്തുമെന്ന് ഇരു രാജ്യങ്ങളെയും ഭീഷണിപ്പെടുത്തിയാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം പരിഹരിച്ചതെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഫോണില്‍ വിളിച്ച് ഞങ്ങള്‍ യുദ്ധത്തിലേക്ക് കടക്കുന്നില്ല എന്ന് പറഞ്ഞുവെന്നും ട്രംപിന്റെ അവകാശവാദം. ട്രംപിന്റെ ഇടപെടല്‍ വാദം തുടര്‍ച്ചയായി തള്ളുകയാണ് ഇന്ത്യ.
◾ മേയര്‍ സൊഹ്‌റാന്‍ മംദാനിയെ സന്ദര്‍ശിക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നവംബര്‍ 21 വെള്ളിയാഴ്ച വൈറ്റ് ഹൗസില്‍ വെച്ച് ഇരുവരും കണ്ടുമുട്ടുമെന്ന് ട്രംപ് അറിയിച്ചു. ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയില്‍ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം അടക്കം ഉണ്ടായതിന് ശേഷമാണ് ലോകം കാത്തിരിക്കുന്ന കൂടിക്കാഴ്ച്ച. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
◾ റഷ്യ-യുക്രൈന്‍ സമാധാന പദ്ധതിയുടെ 28 പോയിന്റ് കരാറിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അംഗീകാരം നല്‍കിയതായി എന്‍ബിസി റിപ്പോര്‍ട്ട്. കരാറില്‍ തീരുമാനമായാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം അവസാനിക്കുമെന്നാണ് നയതന്ത്ര വിദഗ്ധരുടെ കണക്കുകൂട്ടല്‍.
◾ പ്രമുഖ അമേരിക്കന്‍ ചിപ്പ് നിര്‍മ്മാതാക്കളായ എന്‍വിഡിയയുടെ ലാഭക്കണക്കില്‍ റെക്കോര്‍ഡ്. മൂന്നാം പാദത്തില്‍ കമ്പനിയുടെ ലാഭത്തില്‍ 65 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. 3191 കോടി ഡോളറായാണ് ലാഭം കുതിച്ചത്. അതായത് 28,30,58,27,00,000 (2.8 ലക്ഷം കോടി) ഇന്ത്യന്‍ രൂപ. മുന്‍വര്‍ഷം സമാന കാലയളവില്‍ 1931 കോടി ഡോളറായിരുന്നു ലാഭം. ഒരു വര്‍ഷം കൊണ്ട് ലാഭം ഇരട്ടിയോട് അടുപ്പിച്ച് വര്‍ധിച്ചിരിക്കുകയാണ്. കമ്പനിയുടെ വരുമാനത്തിലും വര്‍ധനയുണ്ട്. 5700 കോടി ഡോളറായാണ് വരുമാനം വര്‍ധിച്ചത്. മുന്‍വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് വരുമാനത്തില്‍ 22 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. മൂന്നാം പാദ കണക്കുകള്‍ പുറത്തുവന്നതിന് പിന്നാലെ കമ്പനിയുടെ ഓഹരി വില നാലുശതമാനമാണ് ഉയര്‍ന്നത്. ഈ വര്‍ഷം മൊത്തത്തില്‍ ഓഹരി വിലയില്‍ 39 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. എന്‍വിഡിയയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആക്‌സിലറേറ്ററുകള്‍ക്കുള്ള ഉയര്‍ന്ന ഡിമാന്‍ഡാണ് കമ്പനിയുടെ വളര്‍ച്ചയ്ക്ക് കാരണം. എഐ മോഡലുകള്‍ വികസിപ്പിക്കാന്‍ ഉപയോഗിക്കുന്ന വിലയേറിയതും ശക്തവുമായ ചിപ്പുകളാണ് കമ്പനി നിര്‍മ്മിക്കുന്നത്.
◾ പ്ലേലിസ്റ്റുകളില്‍ നിന്ന് ഇഷ്ടപ്പെട്ട പാട്ടുകള്‍ കണ്ടെത്തി പ്ലേ ചെയ്യാന്‍ സഹായിക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് യൂട്യൂബ് മ്യൂസിക്. 'ഫൈന്‍ഡ് മൈ പ്ലേലിസ്റ്റ്' എന്നാണ് ഈ പുതിയ ഫീച്ചറിന്റെ പേര്. പാട്ടുകള്‍ ഓരോന്നായി സ്‌ക്രോള്‍ ചെയ്യാതെ, പാട്ടിന്റെ പേര് ഉപയോഗിച്ച് നേരിട്ട് തിരയാന്‍ അവസരം നല്‍കുന്ന ഫീച്ചറാണിത്. നിലവില്‍ ഐഫോണ്‍ ഉപയോക്താക്കളില്‍ യൂട്യൂബ് മ്യൂസിക് ആപ്പിന്റെ 8.45.3 പതിപ്പ് ഉള്ളവര്‍ക്കാണ് ഈ ഫീച്ചര്‍ ലഭ്യമായിട്ടുള്ളത്. പ്ലേലിസ്റ്റ് പേജിലെ മൂന്ന്-ഡോട്ട് മെനുവിലാണ് ഈ ഓപ്ഷന്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. യൂട്യൂബ് മ്യൂസിക് ആപ്പ് തുറക്കുക. അതില്‍ നിങ്ങള്‍ക്ക് തിരയേണ്ട ഗാനമുള്ള പ്ലേലിസ്റ്റ് ഏതാണോ അത് തുറക്കുക. പ്ലേലിസ്റ്റ് പേജിലുള്ള മൂന്ന്-ഡോട്ട് മെനു ഐക്കണില്‍ ടാപ്പ് ചെയ്യുക. മെനുവില്‍, (ഷഫിള്‍ പ്ലേ) ഓപ്ഷന് തൊട്ടുതാഴെയായി 'ഫൈന്‍ഡ് മൈ പ്ലേലിസ്റ്റ്' എന്ന പുതിയ ഓപ്ഷന്‍ കാണാം. അത് തിരഞ്ഞെടുക്കുക.ശേഷം സെര്‍ച്ച് ബാറില്‍, നിങ്ങള്‍ പ്ലേ ചെയ്യാന്‍ ആഗ്രഹിക്കുന്ന പാട്ടിന്റെ പേര് ടൈപ്പ് ചെയ്യുക. തിരച്ചില്‍ ഫലങ്ങളില്‍ നിന്ന് ട്രാക്ക് തിരഞ്ഞെടുക്കുക. അപ്പോള്‍ത്തന്നെ പ്ലേബാക്ക് ആരംഭിക്കുന്നതാണ്.
◾ പ്രേക്ഷകര്‍ക്ക് പിടികൊടുക്കാത്ത രഹസ്യങ്ങളോടെ 27 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ആമിയും, രവിശങ്കറും, ഡെന്നീസും, നിരഞ്ജനും, മോനായിയും വീണ്ടുമെത്തുന്നു. ഈ ക്രിസ്മസിന് ഡെന്നീസിന്റെ ബത്‌ലഹേം കാണാന്‍ വീണ്ടും ഒരുങ്ങി സിബി മലയില്‍ രഞ്ജിത്ത് കൂട്ടുകെട്ടിലൊരുങ്ങിയ സമ്മര്‍ ഇന്‍ ബത്‌ലഹേം ഡിസംബര്‍ 12ന് 4കെ ദൃശ്യമികവോടെ തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ ട്രെയിലര്‍ എത്തി. രഞ്ജിത്തിന്റെ തിരക്കഥയില്‍ സിയാദ് കോക്കര്‍ നിര്‍മിച്ച് സിബി മലയിലാണ് ചിത്രം സംവിധാനം ചെയ്തത്. മഞ്ജു വാരിയര്‍, സുരേഷ് ഗോപി, ജയറാം, കലാഭവന്‍ മണി എന്നിങ്ങനെ പ്രേക്ഷകരുടെ പ്രിയതാരങ്ങള്‍ ഒന്നിച്ച ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥിവേഷത്തിലും എത്തിയിരുന്നു. വിദ്യാസാഗറിന്റെ സംഗീതവും ഗിരീഷ് പുത്തഞ്ചേരിയുടെ വരികളും ഇന്നും മലയാളികളുടെ ഹൃദയത്തില്‍ മുഴങ്ങുന്നു. കെ ജെ യേശുദാസ്, കെ എസ് ചിത്ര, സുജാത, എം.ജി ശ്രീകുമാര്‍, ശ്രീനിവാസ്, ബിജു നാരായണന്‍ എന്നിവരാണ് ചിത്രത്തിലെ ഗായകര്‍.
◾ റീ റിലീസുകളില്‍ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ് മോഹന്‍ലാല്‍ ചിത്രങ്ങള്‍. സ്ഫടികം, ദേവദൂതന്‍, മണിച്ചിത്രത്താഴ്, ഛോട്ടാ മുംബൈ, രാവണപ്രഭു തുടങ്ങിയ ചിത്രങ്ങളാണ് റീ റിലീസിനെത്തിയ മോഹന്‍ലാല്‍ ചിത്രങ്ങള്‍. ഇതില്‍ ദേവദൂതന്‍, ഛോട്ടാ മുംബൈ എന്നീ ചിത്രങ്ങളാണ് തിയറ്ററുകളില്‍ തരംഗം തീര്‍ത്തത്. മറ്റൊരു മോഹന്‍ലാല്‍ ചിത്രം കൂടിയിപ്പോള്‍ റീ റിലീസിനൊരുങ്ങുകയാണ്. 'റണ്‍ ബേബി റണ്‍'. 4കെ റീമാസ്റ്റര്‍ ചെയ്ത പതിപ്പ് ഡിസംബര്‍ അഞ്ചിന് വീണ്ടും തിയറ്ററുകളിലെത്തും. ജോഷി സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അമല പോളും പ്രധാന വേഷത്തിലെത്തിയിരുന്നു. 2012 ല്‍ റിലീസ് ചെയ്ത ഈ ചിത്രം തിയറ്ററുകളില്‍ 100 ദിവസത്തിലധികം ഓടി ബോക്സ് ഓഫീസില്‍ വന്‍ വിജയമായിരുന്നു. സച്ചി-സേതു ജോഡി വേര്‍പിരിഞ്ഞതിന് ശേഷമുള്ള സച്ചിയുടെ ആദ്യ സ്വതന്ത്ര തിരക്കഥയായിരുന്നു സിനിമയുടേത്. ബിജു മേനോന്‍, ഷമ്മി തിലകന്‍, വിജയരാഘവന്‍, സായ് കുമാര്‍, സിദ്ദിഖ് എന്നിവരാണ് സിനിമയില്‍ മറ്റു പ്രധാന വേഷങ്ങളിലെത്തിയത്. രതീഷ് വേഗയാണ് ചിത്രത്തിന് സംഗീത സംവിധാനമൊരുക്കിയത്.
◾ ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ ഐക്കണിക് എസ്യുവിയായ ടാറ്റ സിയറ ഇന്ത്യന്‍ വിപണിയില്‍ തിരികെക്കൊണ്ടുവരാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമേ ശേഷിക്കുന്നുള്ളൂ. ഇപ്പോഴിതാ കമ്പനി വാഹനത്തിന്റെ കളര്‍ ഓപ്ഷനുകള്‍ വെളിപ്പെടുത്തിയിരിക്കുന്നു. നവംബര്‍ 25 ന് വിലകള്‍ പ്രഖ്യാപിക്കും. പുതിയ ടാറ്റ സിയറ ആകെ അഞ്ച് എക്സ്റ്റീരിയര്‍ പെയിന്റ് ഓപ്ഷനുകളില്‍ ലഭ്യമാകും. ഇതില്‍ ആന്‍ഡമാന്‍ അഡ്വഞ്ചര്‍ യെല്ലോ നിറമാണ് കമ്പനി ഹീറോ കളറായി പ്രഖ്യാപിച്ചിരിക്കുന്നത്, ഇത് എസ്യുവിക്ക് ഒരു പരുക്കന്‍ ഓഫ്-റോഡര്‍ ലുക്ക് നല്‍കുന്നു. ബംഗാള്‍ റോഗ്, കൂര്‍ഗ് ക്ലൗഡ്‌സ്, മൂന്നാര്‍ മിസ്റ്റ്, മിന്റല്‍ ഗ്രേ, പ്രിസ്റ്റൈന്‍ വൈറ്റ് എന്നിവയാണ് മറ്റ് നിറങ്ങള്‍. ഈ നിറങ്ങളെല്ലാം ഇന്ത്യന്‍ കാലാവസ്ഥ, റോഡ് സാഹചര്യങ്ങള്‍, എസ്യുവിയുടെ വ്യക്തിത്വം എന്നിവയ്ക്ക് അനുയോജ്യമായ രീതിയില്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിക്കുന്നു. വൈവിധ്യമാര്‍ന്ന പവര്‍ട്രെയിന്‍ ഓപ്ഷനുകളും ഇത് വാഗ്ദാനം ചെയ്യുന്നു. പെട്രോള്‍, ഡീസല്‍, ഇലക്ട്രിക് (ഇവി) ഓപ്ഷനുകളില്‍ എസ്യുവി വാഗ്ദാനം ചെയ്യും, ഇത് എല്ലാത്തരം ഉപഭോക്താക്കള്‍ക്കും അനുയോജ്യമായ ഒരു തിരഞ്ഞെടുപ്പായി മാറുന്നു.
◾ ചുറ്റിലുമുള്ള പ്രതിബന്ധങ്ങളെ തട്ടിയുടച്ചുകൊണ്ട് സ്വപ്നങ്ങളിലേക്ക് കുതിച്ചുയര്‍ന്ന ഒരുപറ്റം മനുഷ്യരുടെ പ്രചോദനാത്മകമായ ജീവിതകഥകള്‍. മനസ്സും ശരീരവും തളര്‍ന്നുപോകുന്ന നിമിഷങ്ങളിലും മുന്നോട്ടു നടക്കാന്‍ പ്രേരിപ്പിക്കുന്ന പുസ്തകം. വെല്ലുവിളികളെ അതിജീവിക്കാനും ലക്ഷ്യങ്ങളിലേക്ക് കുതിക്കാനും നമ്മുടെ കുട്ടികളെ പ്രാപ്തരാക്കുന്ന യഥാര്‍ത്ഥ ജീവിതസംഭവങ്ങള്‍. 'ജീവിതവിജയകഥകള്‍'. സുജമോള്‍ ജോസ്. മാതൃഭൂമി. വില 229 രൂപ.
◾ ഹൃദയസ്തംഭനത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍ വളരെ സൂക്ഷ്മവും നിശബ്ദവുമാണ്. ഇത് പലപ്പോഴും സമ്മര്‍ദ്ദം, വാര്‍ദ്ധക്യം എന്നിവയുമായി ബന്ധപ്പെടുത്തിയും അല്ലെങ്കില്‍ മറ്റ് ആരോഗ്യപ്രശ്നങ്ങളായും തെറ്റിദ്ധരിക്കാനുള്ള സാധ്യത കൂടുതലാണെന്ന് കാര്‍ഡിയോളജിസ്റ്റും ഹാര്‍ട്ട് ട്രാന്‍സ്പ്ലാന്റ് സര്‍ജനുമായ ഡോ. ദിമിത്രി യാരനോവ് പറയുന്നു. ഹൃദയസ്തംഭനത്തിന്റെ 5 പ്രാരംഭ ലക്ഷണങ്ങളറിയാം. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പെട്ടെന്ന് ശരീരഭാരം വര്‍ധിക്കുന്നത് ശ്രദ്ധിക്കണം. ഇത് ദ്രാവകം കോശങ്ങളില്‍ തങ്ങി നില്‍ക്കുന്നതിന്റെ സൂചനയാകാം. ഹൃദയസ്തംഭവുമായി ബന്ധപ്പെട്ട് വിട്ടുമാറാത്ത ചുമ, കണ്ടുവരുന്ന മറ്റൊരു ലക്ഷണമാണ്. ഇത് ജലദോഷത്തിന്റെ അല്ലെങ്കില്‍ മറ്റ് രോഗങ്ങളുടെ ലക്ഷണമായി തെറ്റിദ്ധരിക്കാം. കിടക്കുമ്പോള്‍ വഷളാകുന്ന ചുമ എല്ലായ്പ്പോഴും ശ്വാസകോശവുമായി ബന്ധപ്പെട്ട പ്രശ്നമായിരിക്കില്ല, പലപ്പോഴും വരണ്ട ചുമയുടെ രൂപത്തിലാകും പ്രത്യക്ഷപ്പെടുക. ഓക്കാനം, വിശപ്പില്ലായ്മ തുടങ്ങിയ കുടല്‍ സംബന്ധമായ പ്രശ്നങ്ങളും ഹൃദയസ്തംഭനവുമായി ബന്ധപ്പെട്ടിരിക്കാം. ഹൃദയം മന്ദഗതിയിലാകുമ്പോള്‍, കുടലിലെ പ്രവര്‍ത്തനങ്ങളും മന്ദഗതിയിലാകുന്നു. പെട്ടെന്ന് വയറു നിറയുന്നത് അല്ലെങ്കില്‍ പെട്ടെന്നുള്ള ഓക്കാനം എന്നിവയൊക്കെ ശരീരം നല്‍കുന്ന നിശബ്ദമായ സൂചനയായിരിക്കാം. ശരീരത്തിലെ രക്തയോട്ടം കാര്യക്ഷമമായി നടക്കാതെ വരുമ്പോള്‍ അത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും ബാധിക്കും. ഇത് ഓര്‍മക്കുറവ്, ആശയക്കുഴപ്പം തുടങ്ങിയ വൈജ്ഞാനിക പ്രശ്നങ്ങള്‍ക്ക് കാരണമാകും. ഉറക്ക പ്രശ്നങ്ങള്‍ ഹൃദയസ്തംഭനത്തിന്റെ ആദ്യകാല മുന്നറിയിപ്പ് ലക്ഷണങ്ങളാകാം. ഉറക്കമില്ലായ്മ, ഉറക്കത്തില്‍ ഞെട്ടി ഉണരുക, മോശം ഉറക്കം എന്നിവയെല്ലാം ഹൃദയസംബന്ധമായ പ്രശ്നങ്ങളെ സൂചിപ്പിക്കാമെന്നും അദ്ദേഹം പറയുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 88.66, പൗണ്ട് - 115.85, യൂറോ - 102.12, സ്വിസ് ഫ്രാങ്ക് - 109.99, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 57.43, ബഹറിന്‍ ദിനാര്‍ - 235.15, കുവൈത്ത് ദിനാര്‍ -288.50, ഒമാനി റിയാല്‍ - 230.59, സൗദി റിയാല്‍ - 23.64, യു.എ.ഇ ദിര്‍ഹം - 24.11, ഖത്തര്‍ റിയാല്‍ - 24.19, കനേഡിയന്‍ ഡോളര്‍ - 63.06
➖➖➖➖➖➖➖➖
Tags:
KERALA