Trending

സായാഹ്ന വാർത്തകൾ

2025 | നവംബർ 13 | വ്യാഴം 
1201 | തുലാം 27 |  മകം 

◾  അരൂര്‍ തുറവൂര്‍ ഉയരപ്പാത നിര്‍മ്മാണ മേഖലയില്‍ ഗര്‍ഡര്‍ വീണ് ഒരു മരണം. പിക്കപ് വാനിന് മുകളിലേക്ക് ഗര്‍ഡര്‍ വീണ് പിക്കപ് വാനിന്റെ ഡ്രൈവറായ ആലപ്പുഴ പള്ളിപ്പാട് സ്വദേശി രാജേഷ് ആണ് മരിച്ചത്. ചന്തിരൂരില്‍ പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടം ഉണ്ടായത്. ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. തമിഴ്നാട്ടില്‍ നിന്നും മുട്ട കയറ്റി വന്ന പിക്കപ് വാന്‍ എറണാകുളത്ത് ലോഡ് ഇറക്കിയ ശേഷം ആലപ്പുഴയിലേക്ക് തിരിച്ചു വരുന്നതിനിടെയാണ് അപകടം ഉണ്ടായത്.

◾  അരൂര്‍ തുറവൂര്‍ ഉയരപ്പാത നിര്‍മ്മാണ മേഖലയിലുണ്ടായ അപകടത്തെ തുടര്‍ന്ന് വിശദീകരണവുമായി ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ്. ഗതാഗത നിയന്ത്രണത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും  അപകടം നടന്ന സ്ഥലത്ത് ഗതാഗത നിയന്ത്രണം പാലിക്കണമെന്ന് കൃത്യമായി നിര്‍ദ്ദേശം നല്‍കിയിരുന്നു എന്നും കളക്ടര്‍ അറിയിച്ചു. സംഭവത്തില്‍ അശോക ബില്‍ഡ്കോണ്‍ കമ്പനിയോട് കളക്ടര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

◾  അരൂര്‍ തുറവൂര്‍ ഉയരപ്പാത നിര്‍മ്മാണ മേഖലയിലുണ്ടായ അപകടത്തില്‍ മരിച്ച പിക് അപ് വാനിന്റെ ഡ്രൈവര്‍ രാജേഷിന്റെ മൃതദേഹം കുടുംബം ഏറ്റെടുക്കില്ലെന്നും നഷ്ടപരിഹാരത്തിന്റെ കാര്യത്തില്‍ ഉറപ്പ് തരണമെന്നും ബന്ധുക്കള്‍. രാജേഷിനു ഭാര്യയും രണ്ടു കുട്ടികളും അച്ഛനും അമ്മയും ഉണ്ട്. ഇളയ കുട്ടി ജന്മനാ ഡയബറ്റിക് ആണ്. ചികിത്സക്ക് തന്നെ വലിയ തുക വേണമെന്നും കുടുംബത്തിന്റെ ഏക ആശ്രയം രാജേഷ് ആയിരുന്നുവെന്നും സര്‍ക്കാരില്‍ നിന്നും ഇതുവരെ ഒരാളും ബന്ധപ്പെട്ടിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

◾  അരൂരിലെ ദേശീയപാത നിര്‍മ്മാണത്തിനിടെയുള്ള അപകടം വളരെ ഗൗരവം നിറഞ്ഞ പ്രശ്നമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. അപകടം ഒഴിവാക്കാന്‍ മുന്‍ കരുതല്‍ വേണമെന്നും വിഷയം ദേശീയപാത അതോറിറ്റിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

◾  ആലപ്പുഴയിലെ അപകടത്തെ തുടര്‍ന്ന് കരാര്‍ കമ്പനിയായ അശോക ബില്‍ഡ്കോണ്‍  കണ്‍സ്ട്രക്ഷന്‍ കോഓര്‍ഡിനേറ്റര്‍ വേണുഗോപാല്‍ നല്‍കിയ വിശദീകരണം തള്ളി നാട്ടുകാര്‍ . അപകടത്തിന് കാരണം ഹൈഡ്രോളിക് ജാക്കിയുടെ തകരാറാണെന്ന് വേണു ഗോപാല്‍ പറഞ്ഞു. കൂടാതെ, തങ്ങള്‍ സാധാരണയായി വാഹനങ്ങളെ കടത്തി വിടാറില്ലെന്നും, അപകടം നടന്ന സമയത്ത് ഗതാഗതം നിയന്ത്രിച്ചിരുന്നുവെന്നും, എന്നിട്ടും ഒരു വാഹനം കടന്നുപോയതാണ് അപകടത്തിന് കാരണമായതെന്നുമാണ് കമ്പനിയുടെ പ്രതിനിധി പറഞ്ഞത്. എന്നാല്‍, നിര്‍മ്മാണ സ്ഥലത്ത് റോഡ് ബ്ലോക്ക് ചെയ്തിരുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. അതേസമയം ഗര്‍ഡര്‍ അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

◾  അരൂര്‍- തുറവൂര്‍ ഉയരപ്പാത നിര്‍മ്മാണ മേഖലയില്‍ ഗര്‍ഡര്‍ വീണുണ്ടായ അപകടം അങ്ങേയറ്റം വേദനയുണ്ടാക്കുന്നതെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറിയും എം പിയുമായ കെ സി വേണുഗോപാല്‍. ഏത് സമയത്തും അപകടം ഉണ്ടാകാം എന്ന പേടിയിലായിരുന്നുവെന്നും കേന്ദ്രത്തിനു പല തവണ കത്തെഴുതിയെന്നും പല പ്രാവശ്യം മുന്നറിയിപ്പ് കൊടുത്തുവെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. അപകടം നടന്ന സ്ഥലത്ത് സൈന്‍ ബോര്‍ഡുകള്‍ പോലുമില്ലെന്നും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടലുകള്‍ നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

◾  കേന്ദ്ര ഫണ്ടുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ഒരു ഭരണപരമായ ബാധ്യതയുടെയും വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ നിലപാടിന്റെയും സംയോജനമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കേന്ദ്ര ഫണ്ട് ആരുടെയും ഔദാര്യമല്ലെന്നും ഈ ഫണ്ടിനായി ശ്രമിക്കുന്നത് സംസ്ഥാനത്തിന്റെ ഭരണഘടനാപരമായ കടമയും ജനങ്ങളോടുള്ള പ്രതിബദ്ധതയുമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

◾  പിഎം ശ്രീയുമായി ബന്ധപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രസ്ഥാവനക്കെതിരെ വിമര്‍ശനവുമായി മന്ത്രി വി ശിവന്‍ കുട്ടി. ആര്‍എസ്എസ് അജണ്ട വിദ്യാഭ്യാസരംഗത്ത് നടപ്പാക്കില്ലെന്നും അതിന് വേണ്ടി സമരം നടത്തി കൊടിയ വേദന അനുഭവിച്ചത് ആരെന്ന് അളക്കാന്‍ താന്‍ നില്‍ക്കുന്നില്ലെന്നും ബിനോയ് വിശ്വത്തിന്റെ ലേഖനം വായിച്ചാല്‍ അത് ആരിലേക്ക് വിരല്‍ ചൂണ്ടുന്നുവെന്നത് വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നമ്മളൊന്നും മണ്ടന്മാരല്ലെന്നും ഇടതുപക്ഷ രാഷ്ട്രീയം എങ്ങനെയാണ് നടപ്പിലാക്കേണ്ടതെന്ന് ഏതെങ്കിലും കേന്ദ്രങ്ങളില്‍നിന്ന് പഠിക്കേണ്ട ഗതികേടൊന്നും സിപിഎമ്മിനില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു. പിഎം ശ്രീയില്‍നിന്ന് പിന്‍മാറുന്നതായി അറിയിച്ച് സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചത് എല്‍ഡിഎഫ് രാഷ്ട്രീയത്തിന്റെ വിജയമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രസ്താവന ഇറക്കിയതാണ് ശിവന്‍കുട്ടിയെ ചൊടിപ്പിച്ചത്. എന്താണ് ഇടതുപക്ഷത്തിന്റെ രാഷ്ട്രീയമെന്നും അതിന്റെ കാതലെന്താണെന്നുംസിപിഐക്ക് അറിയാമെന്നും പ്രസ്താവനയിലുണ്ടായിരുന്നു.

◾  പി എം ശ്രീയെ ജയപരാജയങ്ങളുടെ അളവുകോല്‍ വെച്ച് അളക്കുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മാധ്യമങ്ങളോട് പ്രതികരിച്ചു. വി ശിവന്‍കുട്ടി ഇത്രയും പ്രകോപിതനാകാന്‍ കാരണം അറിയില്ലെന്നും തെരഞ്ഞെടുപ്പ് കാലത്ത് പ്രകോപനം ഉണ്ടാക്കേണ്ട കാര്യം ഇല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. പിഎം ശ്രീയെ സംബന്ധിച്ച് ശിവന്‍കുട്ടിയെ പഠിപ്പിക്കാന്‍ താന്‍ ആളല്ലെന്നും പിഎം ശ്രീയിലെ ഇടതുപക്ഷ രാഷ്ട്രീയം എന്താണെന്ന് ശിവന്‍കുട്ടിയെ പഠിപ്പിക്കാന്‍ തന്നേക്കാളും യോഗ്യരും അര്‍ഹരും എംഎ ബേബിയും ഗോവിന്ദന്‍ മാസ്റ്ററുമാണെന്നും അവര്‍ പഠിപ്പിക്കട്ടെയെന്നും ബിനോയ് വിശ്വം പറഞ്ഞു.

◾  ഉദ്യോഗസ്ഥ ക്ഷാമം ചൂണ്ടിക്കാട്ടി എസ്ഐആര്‍ നടപടിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. തദ്ദേശ തെരഞ്ഞെടുപ്പിനിടെ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിന് ഉദ്യോഗസ്ഥരെ വിന്യസിക്കുന്നത് ഭരണസ്തംഭനത്തിന് കാരണമാകുമെന്നാണ് സര്‍ക്കാര്‍ വാദം. സംസ്ഥാനം എന്ത് കൊണ്ട് സുപ്രീംകോടതിയെ സമീപിക്കുന്നില്ലെന്ന് ആരാഞ്ഞ ഹൈക്കോടതി ഹര്‍ജിയില്‍ നാളെ ഉത്തരവ് പറയും.

◾  സപ്ലൈകോ വഴി നെല്ല് സംഭരണം നടക്കാതായതോടെ പുതുക്കാട് മണ്ഡലത്തിലെ വിവിധ പാടശേഖര സമിതികളുടെ കീഴില്‍ കെട്ടിക്കിടക്കുന്നത് നൂറുകണക്കിന് ടണ്‍ നെല്ലെന്ന് റിപ്പോര്‍ട്ടുകള്‍. ഒന്നരമാസമായി കൊയ്തെടുത്ത വിരിപ്പു കൃഷിയുടെ നെല്ലാണ് പറമ്പുകളിലും വീട്ടുമുറ്റത്തും കിടക്കുന്നത്. സൂക്ഷിക്കാന്‍ ഇടമില്ലാതെ പല കര്‍ഷകരുടെയും നെല്ല് നശിച്ചുകൊണ്ടിരിക്കുകയാണ്. കൃഷി ചെയ്തെടുത്ത നെല്ല് സംഭരിക്കാത്തതിനെതിരെ കടുത്ത പ്രതിഷേധമാണ് കര്‍ഷകര്‍ക്കുള്ളത്.

◾  ശബരിമല സ്വര്‍ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ് ജയശ്രീയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളി. മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയതോടെ ജയശ്രീയെ ഉടന്‍ അറസ്റ്റ് ചെയ്തേക്കും. ദ്വാരപാലകപാളി കേസില്‍ 4-ാം പ്രതി ആണ് ജയശ്രീ. ജയശ്രീ മിനുട്ട്സില്‍ തിരുത്തല്‍ വരുത്തിയെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.

◾  ശബരിമല സ്വര്‍ണ കൊള്ളയുമായി ബന്ധമുളള 2019 ലെ വിവാദ ഫയലുകള്‍ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥന് നിര്‍ബന്ധിത അവധിക്ക് പിന്നാലെ സ്ഥലംമാറ്റം. എന്‍ വാസു ദേവസ്വം കമ്മീഷണര്‍ ആയിരിക്കെ വാസുവിന്റെ ഓഫീസിലെ ശബരിമല സെക്ഷന്‍ ക്ലര്‍ക്കായിരുന്ന ശ്യാം പ്രകാശിനെതിരെയാണ് നടപടി. നിലവില്‍ ദേവസ്വം വിജിലന്‍സ് തിരുവനന്തപുരം സോണ്‍ ഓഫീസര്‍ ആയിരുന്നു ശ്യാം പ്രകാശ്.

◾  ശബരിമല സന്നിധാനത്തെ ശാസ്ത്രീയമായ പരിശോധനയ്ക്ക് തന്ത്രിയോട് അനുമതി തേടി എസ്ഐടി. ദേവസ്വം ബോര്‍ഡ് വഴിയാണ് തന്ത്രി മഹേഷ് മോഹനരോട് അനുവാദം ചോദിച്ചത്. ദ്വാരപാലക ശില്പങ്ങളില്‍ നിലവിലുള്ള പാളികള്‍, കട്ടിളപാളികള്‍ എന്നിവയുടെ ശാസ്ത്രീയ പരിശോധന നടത്താന്‍ പ്രത്യേക അന്വേഷണ സംഘത്തിന് കോടതിയുടെ നിര്‍ദേശം ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് എസ്ഐടി നടപടി തുടങ്ങിയത്.

◾  തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഎം നേതൃത്വത്തിനെതിരെ ഒളിയമ്പുമായി പാലക്കാട്ടെ പ്രമുഖ നേതാവ് പി.കെ.ശശി. ലണ്ടനില്‍ കാള്‍ മാര്‍ക്സിന്റെ ശവകുടീരത്തിന് മുന്നില്‍ നിന്നുള്ള ഫോട്ടോ പങ്കുവെച്ച് എഴുതിയ ഫെയ്സ്ബുക് കുറിപ്പിലാണ് വിമര്‍ശനം. സ്പിരിറ്റും കള്ളും കൂട്ടിച്ചേര്‍ക്കുമ്പോഴത്തെ രസതന്ത്രം മാത്രമറിയുന്നവര്‍ക്ക് കമ്യൂണിസ്റ്റ് സ്പിരിറ്റിന്റെ കെമിസ്ട്രി മനസിലാവില്ലെന്നാണ് വിമര്‍ശനം. സിപിഎം ലോക്കല്‍ സെക്രട്ടറി സ്പിരിറ്റ് കേസില്‍ അറസ്റ്റിലായ സംഭവം വിവാദമായതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് പി.കെ.ശശിയുടെ ഫെയ്‌സ്ബുക് കുറിപ്പ് ചര്‍ച്ചയാവുന്നത്.

◾  കൊല്ലത്ത് ബിന്ദു കൃഷ്ണയ്ക്കെതിരെ പോസ്റ്റര്‍. ഡിസിസിയ്ക്ക് മുന്നിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. ബിന്ദു കൃഷ്ണ ബിജെപി ഏജന്റാണോയെന്ന തരത്തിലുള്ളതാണ് പോസ്റ്ററിലെ ചോദ്യം. താമര ചിഹ്നത്തിനൊപ്പം നരേന്ദ്ര മോദിയുടെയും ബിന്ദു കൃഷ്ണയുടെയും ചിത്രം വെച്ചാണ് പോസ്റ്ററുള്ളത്. കൊല്ലൂര്‍വിള സീറ്റിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ പരാമര്‍ശിച്ചുള്ളതാണ് പോസ്റ്റര്‍.

◾  ഡല്‍ഹി ചെങ്കോട്ട സ്ഫോടന കേസിലെ പ്രതികള്‍ ഉപയോഗിച്ച ബ്രെസാ കാര്‍ കണ്ടെത്തി. അല്‍ ഫലാഹ് സര്‍വകലാശാലയില്‍ പാര്‍ക്ക് ചെയ്ത നിലയിലാണ് കാര്‍ കണ്ടെത്തിയത്. ഭീകര സംഘത്തിലെ വനിത ഡോക്ടറായ ഷഹീന്റെ കാറാണ് കണ്ടെത്തിയത്. സ്ഫോടനത്തിന് ഉപയോഗിച്ച ഹ്യുണ്ടായി ഐ20 കാറിന് പുറമേ രണ്ട് കാറുകള്‍ കൂടി ഉമറും മുസമിലും വാങ്ങിയതായാണ് പൊലീസിന്റെ കണ്ടെത്തല്‍.

◾  ചെങ്കോട്ട സ്ഫോടനത്തില്‍ പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചതായി ഇന്ന് ദില്ലിയിലെ എല്‍എന്‍ജെപി ആശുപത്രി സ്ഥിരീകരിച്ചു. ഇവിടെ ചികിത്സയില്‍ കഴിഞ്ഞിരുന്ന ബിലാലാണ് മരിച്ചത്. അതേസമയം സ്ഫോടനം നടന്ന സ്ഥലത്ത് നിന്നും 300 മീറ്റര്‍ ദൂരെയുള്ള കടയ്ക്ക് മുകളില്‍ നിന്ന് ശരീര ഭാഗം കണ്ടെത്തി. ലജ്പത് റായ് മാര്‍ക്കറ്റിലെ കടയ്ക്ക് മുകളില്‍ ഒരാളുടെ വേര്‍പെട്ട കൈ കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

◾  ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് കണ്ടെത്തിയ രണ്ടാമത്തെ കാര്‍ സ്ഫോടകവസ്തുക്കള്‍ കടത്താന്‍ ഉപയോഗിച്ചതെന്ന് സൂചന. ഇന്നലെ ഹരിയാനയില്‍ നിന്നാണ് ഫരീദാബാദ് പൊലീസ് ചുവന്ന എക്കോ സ്പോര്‍ട്ട് കാര്‍ കണ്ടെത്തിയത്. അതേസമയം, സ്ഫോടനത്തിനു മുന്‍പ് ഡോക്ടര്‍ ഉമര്‍ ഓള്‍ഡ് ഡല്‍ഹിയില്‍ എത്തിയിരുന്നതായി വിവരം ലഭിച്ചു. രാംലീല മൈതാനിന് സമീപമുള്ള പള്ളിയില്‍ ഉമര്‍ സമയം ചിലവിട്ടുവെന്നാണ് വിവരം.

◾  ചെങ്കോട്ട സ്ഫോടനത്തില്‍ ഒരു ഡോക്ടര്‍ കൂടി കസ്റ്റഡിയില്‍. കാണ്‍പൂരില്‍ നിന്ന് അനന്ത്നാഗ് സ്വദേശി മൊഹമ്മദ് ആരിഫിനെ ആണ് കസ്റ്റഡിയില്‍ എടുത്തത്. നേരത്തെ പിടിയിലായ പര്‍വ്വേസിനെ ദില്ലിയില്‍ എത്തിച്ചു. ഇതോടെ പിടിയിലായ ഡോക്ടര്‍മാരുടെ എണ്ണം ആറായി. കൂടാതെ, ഡിസംബര്‍ ആറിന് ചെങ്കോട്ടയില്‍ സ്ഫോടനത്തിന് ആയിരുന്നു ഉമറും കൂട്ടാളികളും ആസൂത്രണം നടത്തിയതെന്നും റിപ്പോര്‍ട്ടുകള്‍

◾  ഡല്‍ഹിയിലെ ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ കണ്ടെത്തി അന്വേഷണ സംഘം. ഡോ. ഉമറിന്റെയും മുസമിലിന്റെയും മുറികളില്‍ നിന്ന് അവര്‍ ഉപയോഗിച്ചിരുന്ന ഡയറികളും നോട്ട്ബുക്കുകളും കണ്ടെത്തി. അല്‍ഫല സര്‍വകലാശാലയിലെ ഡോക്ടര്‍മാരുടെ മുറികളില്‍ നിന്നാണ് ഡയറിയും നോട്ട്ബുക്കുകളും കണ്ടെത്തിയത്. ഡയറിയിലെ വിവരങ്ങള്‍ ആസൂത്രിത ഭീകരാക്രമണ പദ്ധതികളെക്കുറിച്ചെന്നാണ് സൂചന.

◾  ഡല്‍ഹിയിലെ സ്ഫോടന അന്വേഷണം ഇന്ത്യ മികച്ച പ്രൊഫഷണലിസത്തോടെയാണ് കൈകാര്യം ചെയ്യുന്നതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. അന്വേഷണ സംഘത്തെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. അന്വേഷണത്തില്‍ ഇന്ത്യയെ സഹായിക്കാമെന്ന് അമേരിക്ക നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. ജി7 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് ശേഷം കാനഡയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മാര്‍ക്കോ റൂബിയോ.

◾  ബിഹാര്‍ തെരഞ്ഞെടുപ്പിലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളിക്കയണമെന്ന് പ്രവര്‍ത്തകരോട് ആര്‍ജെഡി. ബിജെപി സ്‌പോണ്‍സേര്‍ഡ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ ആണ് പുറത്തുവന്നത്. മഹാസഖ്യത്തിന് 160 ന് മുകളില്‍ സീറ്റ് കിട്ടുമെന്നാണ് ആര്‍ജെഡി നേതൃത്വം പറയുന്നത്.

◾  യാത്രാനടപടികള്‍ എളുപ്പമാക്കുന്നതിനും സ്മാര്‍ട്ട് ക്യാമറകള്‍ ഉപയോഗിച്ച് ഐഡന്റിറ്റി പരിശോധനക്കുമായി രാജ്യത്തെ കര, കടല്‍, വ്യോമ കവാടങ്ങളില്‍ 'സ്മാര്‍ട്ട് പാസ്' ഉടന്‍ ആരംഭിക്കുമെന്ന് സൗദി പാസ്‌പോര്‍ട്ട് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സാലിഹ് അല്‍ മുറബ്ബ അറിയിച്ചു. റിയാദില്‍ നടന്ന 'ഡിജിറ്റല്‍ ഗവണ്‍മെന്റ് 2025'ഫോറത്തിലാണ് വെളിപ്പെടുത്തല്‍.

◾  രാത്രി ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ വേതനവും സുരക്ഷയും സംബന്ധിച്ച് സുപ്രധാന ഉത്തരവുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സ്ത്രീകള്‍ക്ക് സമ്മതമാണെങ്കില്‍ വ്യാവസായിക, കോര്‍പ്പറേറ്റ് മേഖലകളില്‍ രാത്രി 7 മണി മുതല്‍ രാവിലെ 6 മണി വരെയുള്ള സമയത്ത് രാത്രി ഷിഫ്റ്റുകളില്‍ ജോലി ചെയ്യാം എന്നാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നത്. വ്യാവസായിക, കോര്‍പ്പറേറ്റ് മേഖലകളില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനാണ് ഉദ്ദേശം.

◾  ഗുജറാത്തില്‍ പശുവിനെ കൊന്നതിന് ജീവപര്യന്തം തടവും ആറ് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. അഹമ്മദാബാദ് അമറേലി സെഷന്‍സ് കോടതിയുടെതാണ് വിധി. മൂന്നു പേര്‍ക്കാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്.

◾  കിഴക്കന്‍ ലഡാക്കിലെ തന്ത്ര പ്രധാന മേഖലയില്‍ വ്യോമതാവളം പ്രവര്‍ത്തനക്ഷമമാക്കി ഇന്ത്യ. ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്ന വ്യോമ വ്യോമതാവളമാണ് വീണ്ടും പ്രവര്‍ത്തനക്ഷമമാക്കിയത്. ഡല്‍ഹിയിലെ ഹിന്‍ഡണ്‍ എയര്‍പോര്‍ട്ടില്‍ നിന്ന് 'സൂപ്പര്‍ ഹെര്‍ക്കുലീസ്' വിമാനം പറത്തിയാണ് വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എ.പി. സിംഗ് ഈ വ്യോമതാവളത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

◾  ഇന്ത്യയ്‌ക്കെതിരെയും താലിബാനെതിരെയും യുദ്ധം ചെയ്യാന്‍ തങ്ങളുടെ രാജ്യം പൂര്‍ണമായും സജ്ജമാണെന്ന അവകാശവാദവുമായി പാകിസ്താന്‍ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്. ചൊവ്വാഴ്ച ഇസ്ലാമാബാദിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും 36 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് പിന്നാലെയാണ് പരാമര്‍ശം.

◾  യുഎസ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സര്‍ക്കാര്‍ ഷട്ട്ഡൗണ്‍ അവസാനിപ്പിച്ചുകൊണ്ടുള്ള ബില്‍ യു.എസ് കോണ്‍ഗ്രസ് പാസാക്കി. 43 ദിവസത്തെ അടച്ചുപൂട്ടലിന് ശേഷമാണ് ഫെഡറല്‍ സര്‍ക്കാരിന്റെ സുപ്രധാന സേവനങ്ങള്‍ പുനഃസ്ഥാപിക്കാന്‍ വഴി തുറന്നത്. തടസ്സപ്പെട്ട ഭക്ഷ്യസഹായം പുനരാരംഭിക്കാനും ലക്ഷക്കണക്കിന് ഫെഡറല്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനും എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സംവിധാനം പുനരുജ്ജീവിപ്പിക്കാനും ബില്‍ ലക്ഷ്യമിടുന്നു.

◾  പാകിസ്ഥാനെതിരായ ഏകദിന പരമ്പര ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍മാറി ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം. മൂന്ന് മത്സര പരമ്പരയിലെ രണ്ടാം ഏകദിനം ഇന്ന് നടക്കാനിരിക്കെ ആയിരുന്നു ഇസ്ലാമാബാദിലുണ്ടായ ചാവേര്‍ ബോംബാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഏകദിന പരമ്പരയില്‍ നിന്ന് ശ്രീലങ്കന്‍ ടീമിലെ എട്ടോളം താരങ്ങള്‍ പിന്‍മാറാനൊരുങ്ങിയത്. എന്നാല്‍ പരമ്പരയുമായി മുന്നോട്ടുപോകാന്‍ താരങ്ങളോട് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് നിര്‍ദേശിച്ചു.

◾  ഭക്ഷ്യോത്പന്നങ്ങളുടെയും അവശ്യ വസ്തുക്കളുടെയും വില താഴ്ന്നതോടെ രാജ്യത്തെ വിലക്കയറ്റത്തോത് റെക്കോഡ് താഴ്ച്ചയില്‍. കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ വിലക്കയറ്റം താഴ്ന്നത് ജനങ്ങള്‍ക്ക് പ്രത്യക്ഷത്തില്‍ അനുഭവിക്കാനായി. ചില്ലറ വില സൂചിക അടിസ്ഥാനമാക്കിയ നാണയപ്പെരുപ്പം ഒക്ടോബറില്‍ 0.25 ശതമാനത്തിലേക്കാണ് താഴ്ന്നത്. സംസ്ഥാനങ്ങളിലെ വിലക്കയറ്റത്തോതില്‍ കേരളം ഒന്നാം സ്ഥാനത്താണ്. 8.56 ശതമാനമാണ് ഇവിടത്തെ വിലക്കയറ്റം. രണ്ടാംസ്ഥാനത്തുള്ള ജമ്മു കശ്മീരില്‍ ഇത് 2.95 ശതമാനം മാത്രമാണ്. ബിഹാര്‍ (1.97), ഉത്തര്‍പ്രദേശ് (1.71) സംസ്ഥാനങ്ങളിലാണ് വിലക്കുറവ് ഏറ്റവും കൂടുതലായി അനുഭവപ്പെടുന്നത്. തുടര്‍ച്ചയായ നാലാം മാസമാണ് വിലക്കയറ്റം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകൂട്ടലിന് താഴെ നില്ക്കുന്നത്. ഭക്ഷ്യോത്പന്നങ്ങളുടെ വില കഴിഞ്ഞ വര്‍ഷം ഒക്ടോബറിനെ അപേക്ഷിച്ച് 5.02 ശതമാനമാണ് താഴ്ന്നത്. സെപ്റ്റംബറില്‍ ഇത് 2.33 ശതമാനമായിരുന്നു. ഗ്രാമമേഖലകളില്‍ 4.85 ശതമാനവും നഗരങ്ങളില്‍ 5.18 ശതമാനവും ഭക്ഷ്യവസ്തുക്കളുടെ വിലയിടിഞ്ഞു. പച്ചക്കറി ഉത്പന്നങ്ങളുടെ വിലയില്‍ ഒക്ടോബറില്‍ 27.57 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.

◾  ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ രഹസ്യമായി ഉപയോഗിച്ചുവെന്നാരോപിച്ച് ഗൂഗിളിനെതിരെ കാലിഫോര്‍ണിയയിലെ ഫെഡറല്‍ കോടതിയില്‍ കേസ്. തങ്ങളുടെ അനുമതിയില്ലാതെ ഗൂഗിളിന്റെ ഉല്‍പ്പന്നങ്ങളായ ജിമെയില്‍, ചാറ്റ്, മീറ്റ് തുടങ്ങിയ വര്‍ക്ക്‌സ്പേസ് പ്ലാറ്റ്‌ഫോമുകളിലുടനീളം ജെമിനി എ.ഐ അസിസ്റ്റന്റിനെ രഹസ്യമായി പ്രവര്‍ത്തനക്ഷമമാക്കിയെന്നും, ഇത് ഉപയോക്താക്കളുടെ സ്വകാര്യ ആശയവിനിമയങ്ങള്‍ സ്‌കാന്‍ ചെയ്യാനും ചൂഷണം ചെയ്യാനും ഉപയോഗിച്ചുവെന്നുമാണ് ഹര്‍ജിയിലെ പ്രധാന ആരോപണം. ഇമെയിലുകളും അറ്റാച്ച്മെന്റുകളും ഉള്‍പ്പെടെയുള്ള സ്വകാര്യ ഡാറ്റ ജെമിനി 'കൈക്കലാക്കി' എന്നും, ഇത് ഇന്‍വേഷന്‍ ഓഫ് പ്രൈവസി ആക്ടിന്റെ ലംഘനമാണെന്നും ഹര്‍ജിയില്‍ പറയുന്നു. ജെമിനി ഫീച്ചര്‍ ഓണ്‍ ചെയ്യാന്‍ ഉപയോക്താക്കള്‍ വ്യക്തമായി സമ്മതം നല്‍കിയിട്ടില്ലെന്നും ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ഫീച്ചര്‍ പ്രവര്‍ത്തനരഹിതമാക്കാന്‍ ആഴത്തിലുള്ള പ്രൈവസി സെറ്റിങ്സുകളിലൂടെ കടന്നുപോകേണ്ടി വരുന്നുവെന്നതും, കമ്പനി ഉപയോക്താക്കള്‍ക്ക് വേണ്ടത്ര വിവരങ്ങള്‍ നല്‍കാതെയാണ് പ്രവര്‍ത്തിച്ചതെന്നതിന്റെ തെളിവായി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഉപയോക്തൃ ഡാറ്റ കൈകാര്യം ചെയ്യുന്നതിലെ വീഴ്ചകള്‍ കാരണം ഗൂഗിള്‍ അടുത്തിടെ നിരവധി സ്വകാര്യതാ കേസുകള്‍ നേരിട്ടിരുന്നു.

◾  പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹ ഇലക്ട്രിക് വാഹന രംഗത്തേയ്ക്ക് കടക്കുന്നു. ഇസി 06, എയറോക്‌സ്-ഇ എന്നി പേരുകളില്‍ രണ്ടു മോഡലുകള്‍ അവതരിപ്പിച്ചു ഇലക്ട്രിക് ഇരുചക്ര വാഹന മേഖലയിലേക്ക് കടക്കാനാണ് പദ്ധതി. 4 കിലോവാട്ട്അവര്‍ ഉയര്‍ന്ന ശേഷിയുള്ള ഫിക്‌സഡ് ബാറ്ററി പാക്കിലാണ് ഇസി 06 പ്രവര്‍ത്തിക്കുക. ഒറ്റ ചാര്‍ജില്‍ 160 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള സ്‌കൂട്ടര്‍ ആണ് വിപണിയില്‍ അവതരിപ്പിക്കാന്‍ കമ്പനി പദ്ധതിയിടുന്നത്. ഈ ബാറ്ററി 4.5 കിലോവാട്ട് ഇലക്ട്രിക് മോട്ടോറിന് ശക്തി പകരുന്ന തരത്തിലാണ് ക്രമീകരണം. ഇത് 6.7 കിലോവാട്ട് പീക്ക് പവര്‍ ഉല്‍പ്പാദിപ്പിക്കും. സ്‌കൂട്ടര്‍ പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യാന്‍ ഏകദേശം 9 മണിക്കൂര്‍ വേണ്ടി വരും. ജനപ്രിയ എയറോക്സ് 155 ന്റെ ഇലക്ട്രിക് പതിപ്പാണ് എയറോക്സ്-ഇ. എയറോക്സ്-ഇ 48 എന്‍എം പീക്ക് ടോര്‍ക്ക് നല്‍കുന്ന 9.5 കിലോവാട്ട് ഇലക്ട്രിക് മോട്ടോറും ഉയര്‍ന്ന ഊര്‍ജ്ജ സെല്ലുകള്‍ ഉപയോഗിച്ച് 3 കിലോവാട്ട്അവര്‍ ഡ്യുവല്‍-ബാറ്ററി സിസ്റ്റവും ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഇത് പ്രകടനവും കാര്യക്ഷമതയും പരമാവധിയാക്കുന്നു. പൂര്‍ണ്ണ ചാര്‍ജില്‍ 106 കിലോമീറ്റര്‍ റേഞ്ച് യമഹ അവകാശപ്പെടുന്നു.

◾  ഒരു വ്യക്തി ഒരു ദിവസം ആറ് മുതല്‍ 32 തവണ വരെ കോട്ടുവായ ഇടുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ 15 മിനിറ്റില്‍ മൂന്ന് തവണയില്‍ കൂടുതല്‍ കോട്ടുവായ ഇടുന്നത് ശുഭസൂചകമല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ഇത് തീവ്രമായ ഉറക്കക്കുറവ്, പകല്‍ ഉറക്കം, മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ എന്നിവയുടെ സൂചനയാകാം. തെര്‍മോറെഗുലേഷന്‍ തകരാറിലാകുന്നത് മൂലം അമിതമായി കോട്ടുവായ ഉണ്ടാകുന്നതെന്ന് വിദഗ്ധര്‍ വിശദീകരിക്കുന്നു. പകല്‍ സമയത്ത് ഉറക്കം തൂങ്ങുന്നതും കോട്ടുവായ ഇടുന്നതും പലപ്പോഴും നമ്മള്‍ നിസാരവല്‍ക്കരിക്കാറുണ്ട്. എന്നാല്‍ ഇത് ഗുരുതരമായ ഉറക്കക്കുറവിന്റെ ലക്ഷണമായി കണക്കാക്കാറില്ല. ഉറക്കമില്ലായ്മ വ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ഒരു ഗുരുതര ആരോഗ്യപ്രശ്‌നമാണ്. കൂടാതെ ജോലിയിലെ അശ്രദ്ധ, ദീര്‍ഘകാല ആരോഗ്യ പ്രശ്നങ്ങളും ഇതിന്റെ പ്രത്യാഘാതങ്ങളാണെന്ന് അമേരിക്കന്‍ അക്കാദമി ഓഫ് സ്ലീപ്പ് മെഡിസിന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പൊണ്ണത്തടി, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍, ഒബ്സ്ട്രക്ടീവ് സ്ലീപ് അപ്നിയ തുടങ്ങിയ അവസ്ഥകളെ തുടര്‍ന്ന് പകല്‍സമയത്ത് ഉറക്കം അനുഭവപ്പെടാം, ഇത് അമിതമായി കോട്ടുവായ ഇടുന്നതിലേക്ക് നയിക്കാം. രാത്രിയില്‍ കുറഞ്ഞത് ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഗുണനിലവാരമുള്ള വിശ്രമം ലഭിക്കാത്തത് പ്രമേഹം, വിഷാദം, ഹൃദയം, വൃക്ക രോഗങ്ങള്‍, ഉയര്‍ന്ന രക്തസമ്മര്‍ദം, പൊണ്ണത്തടി, പക്ഷാഘാതം എന്നിവ ഉണ്ടാകാനോ വഷളാകുന്നതിനോ കാരണമാകുമെന്ന് വിദഗ്ധര്‍ പറയുന്നു. തലച്ചോറിലെ ചില അവസ്ഥകള്‍ മൂലവും അമിതമായി കോട്ടുവാ ഉണ്ടാകാം. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറവാണെങ്കില്‍ അമിതമായി കോട്ടുവായ ഇടാം. ചില പഠനങ്ങള്‍ അനുസരിച്ച് അമിതമായി കോട്ടുവായ ഇടുന്നത് ഹൃദയത്തിന് ചുറ്റുമുള്ള രക്തസ്രാവം കുറയുന്നതിന്റെ അഥവാ ഹൃദയാഘാത സാധ്യതയെ സൂചിപ്പിക്കുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 88.66, പൗണ്ട് - 116.43, യൂറോ - 102.96, സ്വിസ് ഫ്രാങ്ക് - 111.43, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 58.31, ബഹറിന്‍ ദിനാര്‍ - 235.20, കുവൈത്ത് ദിനാര്‍ -289.03, ഒമാനി റിയാല്‍ - 230.61, സൗദി റിയാല്‍ - 23.64, യു.എ.ഇ ദിര്‍ഹം - 24.12, ഖത്തര്‍ റിയാല്‍ - 24.35, കനേഡിയന്‍ ഡോളര്‍ - 63.38.
Previous Post Next Post
3/TECH/col-right