Trending

സായാഹ്ന വാർത്തകൾ

2025 | നവംബർ 5 | ബുധൻ 
1201 | തുലാം 19 | അശ്വതി 

◾ഹരിയാന നിയമസഭ തിരഞ്ഞെടുപ്പില്‍ വന്‍ വോട്ടുകൊള്ള നടന്നുവെന്ന ആരോപണവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താസമ്മേളനം. 25 ലക്ഷം വോട്ടുകൊള്ള ഹരിയാനയില്‍ നടന്നെന്ന് രാഹുല്‍ ആരോപിച്ചു. നടന്നത് 'ഓപ്പറേഷന്‍ സര്‍ക്കാര്‍ ചോരി' ആണെന്നും രാഹുല്‍ ആരോപിച്ചു. കോണ്‍ഗ്രസ് ജയിക്കുമെന്ന് മിക്കവാറും സര്‍വേകള്‍ പ്രവചിച്ചപ്പോഴാണ് എന്‍ഡിഎ വിജയിച്ചതെന്നും ബിഹാറിലും വന്‍ വോട്ടുകൊള്ളയ്ക്കുള്ള ആസൂത്രണം നടക്കുന്നതായും രാഹുല്‍ ആരോപിച്ചു.

◾നാളെ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടിങ് നടക്കാനിരിക്കെയാണ് വോട്ട് കൊള്ള ആരോപണത്തില്‍ 'ആറ്റംബോംബിന്' പിന്നാലെ എച്ച് ഫയല്‍സ് എന്ന പേരില്‍ 'ഹൈഡ്രജന്‍ ബോംബും' രാഹുല്‍ പൊട്ടിച്ചിരിക്കുന്നത്. ഒരു വോട്ടര്‍ ഐഡിയില്‍ ഒരാള്‍ക്ക് ഒരു മണ്ഡലത്തില്‍ മാത്രം നൂറ് വോട്ടുകളാണുള്ളത്. ഒരേ ഫോട്ടോ ഉപയോഗിച്ച് രണ്ട് പോളിങ് ബൂത്തില്‍ മാത്രം 223 വോട്ടുകള്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. ഒരാള്‍ക്ക് പത്ത് ബൂത്തുകളിലായി 22 വോട്ടുണ്ടെന്നും വോട്ടര്‍ പട്ടിക തെളിവായി ചൂണ്ടിക്കാട്ടി രാഹുല്‍ പറഞ്ഞു. മാത്യൂസ് ഫെററോ എന്ന് പേരുള്ള ബ്രസീലിയന്‍ യുവതിയാണ് ഇത്തരത്തില്‍ വോട്ടുചെയ്തത്. യുവതിയുടെ ചിത്രവും രാഹുല്‍ പ്രദര്‍ശിപ്പിച്ചു.

◾ഹരിയാണയില്‍ ആകെ രണ്ടുകോടി വോട്ടര്‍മാരാണുള്ളത്. ഇവിടെയാണ് 25 ലക്ഷത്തോളം കള്ളവോട്ടുകള്‍ ചേര്‍ക്കപ്പെട്ടത്. അതായത് സംസ്ഥാനത്തെ എട്ടിലൊന്നും കള്ള വോട്ടാണെന്നും രാഹുല്‍ തെളിവുകള്‍ സഹിതം വ്യക്തമാക്കി. ഒരു അസംബ്ലി സീറ്റില്‍ ഒരാള്‍ മാത്രം ഒരേ ഫോട്ടോയില്‍ പല പേരുകളിലായി നൂറ് വോട്ടുകളുണ്ടെന്നതിന്റെ തെളിവും രാഹുല്‍ പുറത്തുവിട്ടു. ഇങ്ങനെ നൂറുകണക്കിന് ഉദാഹരണങ്ങളുണ്ടെന്നും വോട്ടര്‍പട്ടികയുടെ പ്രിന്റുകളുമായി രാഹുല്‍ ആരോപിച്ചു.

◾93,174 തെറ്റായ വിലാസങ്ങളിലും ഹരിയാണയില്‍ വോട്ടുകളുണ്ടെന്നും 5,21,619 വ്യാജ വോട്ടുകളും 19,26,351 ബള്‍ക്ക് വോട്ടുകളുമുണ്ടെന്നും രാഹുല്‍ വ്യക്തമാക്കി. ഇവയടക്കമാണ് 25,41,144കള്ളവോട്ടര്‍മാരുണ്ടെന്ന് രാഹുല്‍ ആരോപിക്കുന്നത്. ഇങ്ങനെയെല്ലാം വോട്ട് ചോരി നടന്നിട്ടും കോണ്‍ഗ്രസ് വെറും 22,779 വോട്ടിനാണ് പരാജയപ്പെട്ടതെന്നും രാഹുല്‍ പറഞ്ഞു.

◾ബിഹാറില്‍ ആദ്യ ഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കേയാണ് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നിര്‍ണായക വാര്‍ത്താസമ്മേളനം വിളിച്ചത്. ഹരിയാനയില്‍ കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ ഗൂഢാലോചന നടന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇവിടെ പറയുന്നത് എല്ലാം 100% സത്യമാണെന്നും ഒരു സംസ്ഥാനം തട്ടിയെടുത്ത കഥയാണെന്നും പറഞ്ഞു കൊണ്ടായിരുന്നു രാഹുലിന്റെ വാര്‍ത്താസമ്മേളനം തുടങ്ങിയത്. ഇക്കാര്യം യുവജനങ്ങളോടാണ് സംസാരിക്കുന്നതെന്നും നിങ്ങളുടെ ഭാവി കവരുന്നതാണ് ഇതെന്നും രാജ്യത്തെ ജെന്‍ സി ഇത് തിരിച്ചറിയണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

◾ഹരിയാണ വോട്ട് തട്ടിപ്പില്‍ ബിജെപിയെ സഹായിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടത്തിയത് വന്‍ തട്ടിപ്പാണെന്ന് രാഹുല്‍ ഗാന്ധി. ഇക്കാരണത്താലാണ് സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടാത്തതെന്നും കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ വന്‍ ഗൂഢാലോചനയാണ് നടന്നതെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ജ്ഞാനേഷ് കുമാര്‍ വോട്ട് മോഷ്ടാക്കളെ സംരക്ഷിക്കുകയാണെന്നും ജനാധിപത്യം തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ അദ്ദേഹം സംരക്ഷിക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു.

◾ഹരിയാനയില്‍ കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ വോട്ടര്‍ പട്ടിക ലിസ്റ്റില്‍ ക്രമക്കേട് നടന്നുവെന്ന ആരോപണത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍ ലിസ്റ്റ് സംബന്ധിച്ച് ഒരു പരാതിയും വന്നില്ലെന്നും 90 മണ്ഡലങ്ങളിലായി തെരഞ്ഞെടുപ്പ് സംബന്ധിച്ച 22 പരാതികള്‍ ആണ് നിലവില്‍ ഉള്ളതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. 

◾പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ഓപ്പറേഷന്‍ സര്‍ക്കാര്‍ ചോരി ആരോപണത്തില്‍ മറുപടിയുമായി ബിജെപി. ഇതാണോ ആറ്റംബോംബെന്ന് ചോദിച്ച കേന്ദ്ര മന്ത്രി കിരണ്‍ റിജിജു പരാജയങ്ങളില്‍ നിന്ന് പാഠം പഠിക്കാതെ രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ചീത്ത വിളിക്കുകയാണെന്ന് കുറ്റപ്പെടുത്തി. വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട് പരാതി നല്‍കാതെ രാഹുല്‍ ഗാന്ധി കരയുകയാണെന്നും കിരണ്‍ റിജിജു പരിഹസിച്ചു.

◾എസ് ഐ ആറിനെതിരായ തുടര്‍ നടപടികള്‍ തീരുമാനിക്കാന്‍ മുഖ്യമന്ത്രി വിളിച്ച സര്‍വ്വകക്ഷിയോഗം ഇന്ന് വൈകിട്ട് നാലരയ്ക്ക്  ചേരുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ അടക്കം യോഗത്തില്‍ പങ്കെടുക്കും. എസ് ഐ ആറിനെതിരെ എല്‍ ഡി എഫും യു ഡി എഫും യോജിച്ചുള്ള നിയമ രാഷ്ട്രീയ പോരിന് തീരുമാനമെടുത്തേക്കും. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക് പ്രതിപക്ഷത്തിന്റെ ബ്ലാങ്ക് ചെക്ക് നല്‍കിയെന്നാണ് വി ഡി സതീശന്‍ വ്യക്തമാക്കിയത്.

◾പിഎം ശ്രീ പദ്ധതിയിലെ തുടര്‍നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് കേന്ദ്രത്തിന് അയക്കാത്തതില്‍ സിപിഐക്ക് അതൃപ്തിയെന്ന് റിപ്പോര്‍ട്ടുകള്‍. രാഷ്ട്രീയ തീരുമാനം എടുത്തിട്ടും കത്ത് അയക്കാന്‍ വൈകുന്നതിലാണ് അമര്‍ഷം. സാങ്കേതിക വാദങ്ങള്‍ നിരത്തിയാണ് വിദ്യാഭ്യാസ വകുപ്പ് കത്ത് അയക്കാന്‍ വൈകുന്നതെന്നും വിഷയം മന്ത്രിസഭാ യോഗത്തില്‍ സിപിഐ ഉന്നയിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍.

◾കേന്ദ്ര സര്‍ക്കാരിന്റെ എസ്എസ്‌കെ പണം കിട്ടിയെന്ന് സ്ഥിരീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി. കുഞ്ഞുങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ഫണ്ടാണിതെന്നും 17 കോടി കൂടി കിട്ടാനുണ്ടെന്നും അത് ഈ ആഴ്ച ലഭിച്ചേക്കുമെന്നും, പിഎം ശ്രീയില്‍ ഒപ്പിട്ടത് കൊണ്ടുള്ള നേട്ടമാണോ കോട്ടമാണോ എന്ന് പറയുന്നില്ലെന്നും നമുക്ക് കാര്യം നടന്നാല്‍ മതിയെന്നും മന്ത്രി പറഞ്ഞു. അതേസമയം പി എം ശ്രീയുമായി ബന്ധപ്പട്ട് കേന്ദ്രത്തിന് കത്ത് അയക്കുന്നതില്‍ കാലതാമസം ഇല്ലെന്നും സ്വാഭാവിക നടപടിക്രമം മാത്രമാണിതെന്നും നിയമോപദേശം കിട്ടിയാല്‍ ഉടന്‍ അയക്കുമെന്നും മന്ത്രി പറഞ്ഞു. കത്ത് വൈകുന്നു എന്ന വിഷമം സിപിഐക്കില്ലെന്നും ചില പത്രങ്ങള്‍ക്ക് വലിയ വിഷമമാണെന്നും പ്രശ്നം തീര്‍ന്നല്ലോ എന്ന് കരുതി ചിലര്‍ ഏങ്ങിയേങ്ങി കരയുകയാണെന്നും മന്ത്രി പറഞ്ഞു.

◾മന്ത്രിമാര്‍ക്കെതിരെയുള്ള കൈക്കൂലി ആരോപണം വസ്തുതകളില്‍ സമഗ്ര പരിശോധനയാണ് ആദ്യം നടത്തേണ്ടതെന്ന് ഹൈക്കോടതി. ആരെങ്കിലും ആരോപണം ഉന്നയിച്ചു എന്നതുകൊണ്ടുമാത്രം കേസ് നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. മന്ത്രിമാരോടോ ഉന്നത ഉദ്യോഗസ്ഥനോടോ വിദ്വേഷമുള്ള ആര്‍ക്കും കൈക്കൂലി ആരോപണം ഉന്നയിക്കാനാകും. റേഷന്‍ ഡിപ്പോ കൈക്കൂലി കേസില്‍ മുന്‍ മന്ത്രി അടൂര്‍ പ്രകാശിനെ കുറ്റവിമുക്തനാക്കിയ ഉത്തരവിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം.

◾അതിദാരിദ്രം മാറ്റേണ്ടത് ജനങ്ങളുടെ അവകാശമാണെന്നും ഔദാര്യമല്ലെന്നും കേന്ദ്ര മന്ത്രി സുരേഷ് ഗോപി. അതിദാരിദ്രം മാറിയതിന്റെ കണക്ക് പെരുപ്പിച്ച് കാട്ടരുതെന്നും അഞ്ചു വര്‍ഷം കൂടി ഭരണം തട്ടാനാണിതെന്നും ഞങ്ങളെ ഭരണം ഏല്‍പ്പിക്കൂ, വീട് പണിതു തരാമെന്നും സുരേഷ് ഗോപി പറഞ്ഞു. അതേസമയം എംപിയ്ക്ക് പദ്ധതികള്‍ നേരിട്ട് നടത്താന്‍ നിയമം വേണമെന്നും ചാവക്കാട് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാന്‍ അനുമതി തരുന്നില്ലെന്നും  ജനങ്ങള്‍ക്കാണ് നഷ്ടമെന്നും നിസ്സഹകരണമാണ് എല്ലായിടത്തുമെന്നും സുരേഷ് ഗോപി പറഞ്ഞു.

◾ഇരിട്ടി പഴശ്ശി-പടിയൂര്‍ ഇക്കോ പ്ലാനറ്റിലെ രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 2,38,69,335 രൂപയുടെ ഭരണാനുമതി നല്‍കി സംസ്ഥാന സര്‍ക്കാര്‍. കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും ഉല്ലാസവേളകള്‍ ചെലവഴിക്കുന്നതിന് വേണ്ടിയുള്ള ആധുനിക സൗകര്യങ്ങളാണ് ഇവിടെ ഉണ്ടാകാന്‍ പോകുന്നതെന്ന് ടൂറിസം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

◾സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ഇന്നും ഗവണ്‍മെന്റ് ഡോക്ടര്‍മാരുടെ സമരം. ഒപി ബഹിഷ്‌കരിച്ചാണ് കെജിഎംസിടിഎയുടെ സമരം. പിജി വിദ്യാര്‍ത്ഥികളും ഹൗസ് സര്‍ജന്മാരും മാത്രമേ ഇന്ന് ഒപിയില്‍ ഉണ്ടാവൂ. 4 വര്‍ഷം വൈകി നടപ്പിലാക്കിയ, 10 വര്‍ഷത്തിലൊരിക്കല്‍ മാത്രം നടക്കുന്ന ശമ്പള പരിഷ്‌കരണം മൂലം നഷ്ടപ്പെട്ട ശമ്പള-ക്ഷാമബത്ത കുടിശ്ശിക നല്‍കുക, പ്രവേശന തസ്തിക ആയ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലെ ശമ്പളനിര്‍ണ്ണയ അപാകത പരിഹരിക്കുക, രോഗികളുടെ എണ്ണത്തിന് ആനുപാതികമായി ഡോക്ടര്‍മാരെ നിയമിക്കുക എന്നീ ആവശ്യങ്ങളാണ് പ്രധാനമായും മുന്നോട്ട് വെക്കുന്നത്.

◾ശബരിമല സ്വര്‍ണ്ണപ്പാളി കേസില്‍ ശാസ്ത്രീയ അന്വേഷണത്തിന് എസ്ഐടിക്ക് ഹൈക്കോടതി അനുമതി നല്‍കി. ഇതിനായി വിവിധ ഇടങ്ങളില്‍ നിന്ന് സ്വര്‍ണ്ണ സാമ്പിള്‍ ശേഖരിക്കാം. എന്തുമാത്രം സ്വര്‍ണം നഷ്ടപ്പെട്ടു എന്ന് കൃത്യമായി കണ്ടെത്തേണ്ടതുണ്ടെന്നും  ശ്രീകോവിലില്‍ പുതിയ വാതില്‍ വച്ചതിലും അന്വേഷണം നടത്താമെന്നും എസ്ഐടിക്ക് കോടതി നിര്‍ദേശം നല്‍കി. ആരെല്ലാം സ്വര്‍ണ്ണക്കൊള്ളയുടെ ഭാഗമായോ അവരിലേക്ക് എല്ലാം അന്വേഷണം എത്തണമെന്നും  ദേവന്റെ സ്വത്ത് സംരക്ഷിക്കുകയാണ് ദേവസ്വം ബോര്‍ഡിന്റെ ലക്ഷ്യമെന്നും കോടതി വ്യക്തമാക്കി.

◾വാജി വാഹനവുമായ ബന്ധപ്പെട്ട് തന്ത്രി കണ്ഠരര് രാജീവരുടെ വീട്ടിലേക്ക് നിശ്ചയിച്ചിരുന്ന സമരം ഉപേക്ഷിച്ച് അയ്യപ്പ ധര്‍മ്മ പ്രചാര സഭ. വാജി വാഹനം മടക്കി കൊടുക്കാന്‍ തന്ത്രി സന്നദ്ധത അറിയിച്ചതിനെ തുടര്‍ന്നാണ് പിന്മാറ്റം. നവംബര്‍ 15 നു തന്ത്രിയുടെ വീട്ടിലേക്കു സമരം ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. വാജി വാഹനം തിരിച്ചെടുക്കണമെന്ന തന്ത്രിയുടെ അപേക്ഷ ബോര്‍ഡിന്റെ പരിഗണനയിലാണ്.

◾ബിരിയാണി അരിയില്‍ നിന്ന് ഭക്ഷ്യവിഷബാധയുണ്ടായെന്ന പരാതിയില്‍, അരി ബ്രാന്റ് ഉടമയ്ക്കും, കമ്പനിയുടെ ബ്രാന്‍ഡ് അബാസഡറായ ദുല്‍ഖര്‍ സല്‍മാനുമെതിരെ നോട്ടീസ്. പത്തനംതിട്ട ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനാണ് നോട്ടീസ് അയച്ചിരിക്കുന്നത്. നടന്‍ ദുല്‍ഖര്‍ സല്‍മാനോടും റൈസ് ബ്രാന്‍ഡ് ബിരിയാണി അരി കമ്പനി ഉടമയോടും ഡിസംബര്‍ മൂന്നിന് കമ്മീഷന്‍ മുന്‍പാകെ ഹാജരാകാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.പത്തനംതിട്ട സ്വദേശിയായ പിഎന്‍ ജയരാജനാണ് പരാതി സമര്‍പ്പിച്ചിരിക്കുന്നത്.

◾മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം റാപ്പര്‍ വേടന്‍ എന്ന് അറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളിക്ക് നല്‍കിയതില്‍ അതൃപ്തി അറിയിച്ച് തിരക്കഥാകൃത്തും എഴുത്തുകാരിയുമായ ദീദി ദാമോദരന്‍. വേടന് നല്‍കിയ പുരസ്‌കാരം അന്യായമാണെന്നും സ്ത്രീപീഡകരെ സംരക്ഷിക്കില്ലെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തിന്റെ വഞ്ചനയാണെന്നും ദീദി പറയുന്നു. കോടതി കയറിയാല്‍ പോലും റദ്ദാക്കാനാവാത്ത തീരുമാനം ചലച്ചിത്ര ചരിത്രത്തില്‍ എഴുതിച്ചേര്‍ത്തതിന് ഫിലിം ജൂറി പെണ്‍കേരളത്തോട് മാപ്പ് പറയണമെന്നും ദീദി അവര്‍ ആവശ്യപ്പെട്ടു.

◾മുസ്ലിം പുരുഷന്റെ രണ്ടാം വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ആദ്യ ഭാര്യയുടെ ഭാഗം കേള്‍ക്കണമെന്ന സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി. ആദ്യ ഭാര്യ രണ്ടാം വിവാഹത്തെ എതിര്‍ത്താല്‍ വിവാഹ രജിസ്ട്രേഷന്‍ അനുവദിക്കരുത് എന്നും കോടതി നിര്‍ദ്ദേശിച്ചു. രണ്ടാം വിവാഹ രജിസ്ട്രേഷന്‍ നിഷേധിച്ച പഞ്ചായത്തിന്റെ നടപടിക്കെതിരെ കണ്ണൂര്‍ സ്വദേശികള്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

◾മൂന്നാറില്‍ മുംബൈ സ്വദേശിയായ യുവതിയെ ടാക്സി ഡ്രൈവര്‍മാര്‍ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്റ് ചെയ്യാനുള്ള ശുപാര്‍ശ മൂന്നാര്‍ ഡിവൈഎസ്പി മോട്ടോര്‍ വാഹന വകുപ്പിന് കൈമാറി. ഇവരുടെ വാഹനങ്ങളുടെ പെര്‍മിറ്റും റദ്ദാക്കും. സംഭവത്തില്‍ അറസ്റ്റിലായ മൂന്ന് ഡ്രൈവര്‍മാരെയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.

◾കൊടും കുറ്റവാളി ബാലമുരുകന്‍ തമിഴ്നാട് പൊലീസിന്റെ കയ്യില്‍ നിന്ന് രക്ഷപ്പെട്ടത് സ്‌കൂട്ടറിലാണെന്ന് സൂചന. പ്രതി രക്ഷപ്പെട്ട വിയ്യൂര്‍ മണലാര്‍ കാവില്‍ നിന്ന് കടുംനീല നിറത്തിലുള്ള ആക്ടിവ സ്‌കൂട്ടര്‍ മോഷണം പോയതായി പരാതി ലഭിച്ചു. ഈ സ്‌കൂട്ടറിലാണോ ബാലമുരുകന്‍ രക്ഷപ്പെട്ടതെന്നാണ് പൊലീസ് സംശയിക്കുന്നത്. മോഷണ പരാതി ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം തുടങ്ങി.

◾അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് വീണ്ടും മരണം. തിരുവനന്തപുരത്തെ ആറ്റിങ്ങലില്‍ കെട്ടിട നിര്‍മ്മാണ തൊഴിലാളിയായിരുന്ന കൊടുമണ്‍ സ്വദേശിയായ 57 കാരനാണ് മരിച്ചത്.  അതേസമയം, രോഗപ്പകര്‍ച്ചയുടെ ഉറവിടം വ്യക്തമല്ല.

◾കണ്ണൂര്‍ കുറുമാത്തൂരില്‍ രണ്ട് മാസം പ്രായമായ കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. കുറുമാത്തൂര്‍ പൊക്കുണ്ടിലെ മുബഷീറയുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച രാവിലെയാണ്   രണ്ടു മാസം പ്രായമായ ആമിഷ് അലനെ വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുളിപ്പിക്കുന്നതിനിടെ കുഞ്ഞ് അബദ്ധത്തില്‍ കിണറ്റില്‍ വീണെന്നായിരുന്നു അമ്മ പൊലീസിന് മൊഴി നല്‍കിയത്.

◾തൃശ്ശൂരില്‍ ഫിറ്റ്നസ് പരിശീലകനെ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ ഒന്നാംകല്ലില്‍ സ്വദേശിയായ മാധവാണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിലാണ് മാധവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 28 വയസായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം എന്നാണ് പ്രാഥമിക നിഗമനം.

◾ദാദ്ര നഗര്‍ ഹവേലിയിലും ദാമന്‍ ദിയുവിലും തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വന്‍ വിജയത്തിന് പിന്നാലെ ഗുരുതര ക്രമക്കേട് നടന്നെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സഹായത്തോടെ ബിജെപി തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് ആരോപിച്ചാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. ആകെയുള്ള 122 സീറ്റില്‍ 91 ലും ബിജെപി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതിലാണ് വിവാദം. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികളില്‍ 80 ശതമാനം പേരുടെയും പത്രികകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയെന്നാണ് ആരോപണം.

◾ന്യൂയോര്‍ക്ക് സിറ്റി മേയറായി സൊഹ്‌റാന്‍ മംദാനി തിരഞ്ഞെടുക്കപ്പെട്ടു. ന്യൂയോര്‍ക്കിന്റെ ചരിത്രത്തില്‍ മേയറാകുന്ന ആദ്യ ഇന്ത്യന്‍-അമേരിക്കന്‍ മുസ്ലിമാണ് 34-കാരനായ സൊഹ്‌റാന്‍ മംദാനി. മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോ, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി കര്‍ട്ടിസ് സ്ലിവ എന്നിവരെ പരാജയപ്പെടുത്തിയാണ് സോഹ്‌റാന്‍ മംദാനിയുടെ നേട്ടം. പ്രശസ്ത ഇന്ത്യന്‍ ചലച്ചിത്ര സംവിധായിക മീര നായരുടെയും ഉഗാണ്ടന്‍ അക്കാദമിഷ്യന്‍ മഹ്‌മൂദ് മംദാനിയുടെയും മകനാണ് സൊഹ്‌റാന്‍.

◾ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് സിറ്റി മേയറായി തിരഞ്ഞെടുക്കപ്പെട്ട സൊഹ്‌റാന്‍ മംദാനിയുടെ ആദ്യ പ്രസംഗം. ചരിത്രത്തില്‍ വളരെ അപൂര്‍വമായി മാത്രമേ ഒരു നിമിഷം വരൂവെന്നും പഴയതില്‍ നിന്ന് പുതിയതിലേക്ക് നമ്മള്‍ കാലെടുത്തുവയ്ക്കുമ്പോള്‍, ഒരു യുഗം അവസാനിക്കുമ്പോള്‍, വളരെക്കാലമായി അടിച്ചമര്‍ത്തപ്പെട്ട ഒരു രാഷ്ട്രത്തിന്റെ ആത്മാവ് ഉച്ചത്തില്‍ സംസാരിക്കുമ്പോളെന്നും ഇന്ന് രാത്രി, നമ്മള്‍ പഴമയില്‍ നിന്ന് പുതിയതിലേക്ക് കാലെടുത്തുവച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 1947-ല്‍ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് തൊട്ടുമുമ്പായിരുന്നു ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ചരിത്രപ്രസിദ്ധമായ പ്രസംഗം.

◾മേയര്‍ തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടിയ സൊഹ്റാന്‍ മംദാനിയെ അഭിനന്ദിച്ച് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍. ഞങ്ങളുടെ തിരുവനന്തപുരം സന്ദര്‍ശിക്കാനും കേരളത്തിന്റെ സ്വന്തം ജനകീയാസൂത്രണ മാതൃക നേരിട്ട് കാണാനും ഞങ്ങള്‍ താങ്കളെ ഹൃദയപൂര്‍വം ക്ഷണിക്കുന്നുവെന്നും ആര്യ ഫേസ്ബുക്കില്‍ കുറിച്ചു. മേയറായി സിപിഎമ്മിന്റെ ആര്യാ രാജേന്ദ്രന്‍ ചുമതലയേറ്റപ്പോള്‍ സൊഹ്റാന്‍ മംദാനി അഭിനന്ദിച്ച് പോസ്റ്റിട്ടിരുന്നു.

◾റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ജോണ്‍ റീഡിനെ പരാജയപ്പെടുത്തി ഇന്ത്യന്‍ വംശജയും ഡെമോക്രാറ്റുമായ ഗസാല ഹാഷ്മി, വിര്‍ജീനിയ ലെഫ്റ്റനന്റ് ഗവര്‍ണര്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചു. പതിനഞ്ചാമത്തെ സെനറ്റോറിയല്‍ ഡിസ്ട്രിക്റ്റിനെ പ്രതിനിധീകരിക്കുന്ന, വിര്‍ജീനിയ സെനറ്റില്‍ സേവനമനുഷ്ഠിക്കുന്ന ആദ്യത്തെ മുസ്ലീമും ആദ്യത്തെ ദക്ഷിണേഷ്യന്‍ അമേരിക്കക്കാരിയുമാണ് ഹാഷ്മി.

◾മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കും ഒരൊറ്റ വിസ എന്ന 'ഏകീകൃത ഗള്‍ഫ് വിസ' അടുത്ത വര്‍ഷം മുതല്‍ നല്‍കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി സൗദി ടൂറിസം മന്ത്രി അഹമ്മദ് അല്‍ഖത്തീബ് പറഞ്ഞു. യൂറോപ്യന്‍ ഷെങ്കന്‍ വിസ പരീക്ഷണത്തിന് പത്ത് വര്‍ഷത്തിലധികം സമയം എടുത്ത സ്ഥാനത്ത് ഗള്‍ഫ് രാജ്യങ്ങള്‍ തമ്മിലുള്ള സംയുക്ത വിസ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ച് വെറും നാല് വര്‍ഷത്തിന് ശേഷമാണ് ഈ പുരോഗതി ഉണ്ടായതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

◾ത്രിശൂലിന് പിന്നാലെ ചൈനീസ് അതിര്‍ത്തിയില്‍ ഇന്ത്യയുടെ സൈനിക അഭ്യാസം. ഈമാസം 11 മുതല്‍ 15 വരെ അരുണാചലില്‍ ആണ് പരിപാടി. പുതിയതായി രൂപീകരിച്ച ഭൈരവ് ബറ്റാലിയനും ഇതിന്റെ  ഭാഗമാകും. പാക് അതിര്‍ത്തി മേഖലയിലാണ് ഇന്ത്യയുടെ ത്രിശൂല്‍ സൈനികാഭ്യാസം. സര്‍ ക്രീക്ക് മുതല്‍ ഥാര്‍ മരുഭൂമി വരെയുള്ള മേഖലയിലാണ് സൈനികാഭ്യാസം നടക്കുന്നത്. മൂന്ന് സേനകളും പങ്കെടുക്കുന്ന സൈനികാഭ്യാസം പത്ത് ദിവസം നീണ്ടുനില്‍ക്കും. വ്യോമപാത ഒഴിവാക്കാന്‍ വൈമാനികര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

◾ആഡംബര കാര്‍ കള്ളക്കടത്ത് കേസില്‍ അന്വേഷണം ഏറ്റെടുത്ത് ഭൂട്ടാന്‍ സര്‍ക്കാര്‍. ഇന്ത്യയുടെയും ഭൂട്ടാന്റെയും ആഭ്യന്തര സെക്രട്ടറിമാര്‍ കേസ് ചര്‍ച്ച ചെയ്തു. അതിര്‍ത്തി വഴിയുള്ള കള്ളക്കടത്തിന്റെ ഉറവിടം കണ്ടെത്താന്‍ അന്വേഷണം ശക്തമാക്കുമെന്ന് ഇരുരാജ്യങ്ങളും ചേര്‍ന്ന് തീരുമാനിച്ചു. അതിര്‍ത്തിയിലെ പഴുതുകള്‍ അടച്ച് പരിശോധന സംവിധാനം ശക്തിപ്പെടുത്തും. ഭൂട്ടാന്‍ റോയല്‍ കസ്റ്റംസുമായി അന്വേഷണ വിവരങ്ങള്‍ പങ്കുവെക്കാനും ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി.

◾അമേരിക്കയിലെ കെന്റക്കിയില്‍ കാര്‍ഗോ വിമാനം തകര്‍ന്നുവീണ സംഭവത്തില്‍ മരണം നാലായി. കെന്റിക്കിയിലെ ലൂയിവില്‍ വിമാനത്താവളത്തില്‍ നിന്ന് ടേക്ക് ഓഫ് ചെയ്ത ഉടനെയാണ് യുണൈറ്റഡ് പാര്‍സല്‍ സര്‍വീസ് കമ്പനിയുടെ ചരക്ക് വിമാനം തകര്‍ന്നത്. വിമാനത്തിലുണ്ടായിരുന്ന മൂന്ന് ജീവനക്കാരുടെ മരണം നേരത്തെ സ്ഥിരീകരിച്ചിരുന്നു. പിന്നാലെ ഒരാള്‍ കൂടി മരിച്ചതായി വിമാനത്താവളം വക്താവ് അറിയിച്ചു.വിമാനത്താവളം ഉള്‍പ്പെടുന്ന വ്യവസായ മേഖലയിലാണ് വിമാനം തകര്‍ന്നു വീണത്.

◾മധ്യ ഫിലിപ്പീന്‍സില്‍ നാശം വിതച്ച് കല്‍മേഗി ചുഴലിക്കാറ്റ്. കനത്ത കാറ്റിലും മഴയിലും ഇതുവരെ 58 പേര്‍ മരിച്ചു. ബുധനാഴ്ചയും ദക്ഷിണ ചൈനാ കടലിലേക്ക് നീങ്ങവേ പലാവാന്‍ ദ്വീപിന്റെ ചില ഭാഗങ്ങളിലാണ് ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചത്. മിന്‍ഡാനാവോ ദ്വീപിലെ അഗുസാന്‍ ഡെല്‍ സുറില്‍ രക്ഷാ ദൗത്യത്തിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് ആറ് സൈനികര്‍ മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

◾ലിയോണല്‍ മെസിയെ കുറിച്ച് സംസാരിച്ച് ക്രിസ്റ്റിയാനോ റൊണാള്‍ഡോ. അര്‍ജന്റൈന്‍ താരം മെസി തന്നെക്കാള്‍ മികച്ച താരമല്ലെന്ന് ആവര്‍ത്തിച്ച് പറയുകയാണ് ക്രിസ്റ്റ്യാനോ.  മെസി തന്നേക്കാള്‍ കേമനാണെന്ന അഭിപ്രായം ഒരിക്കലും അംഗീകരിക്കില്ല. അത്ര വിനയാന്വിതനാകാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. മറ്റുള്ളവര്‍ക്ക് ഇഷ്ടമുള്ളത് പറയാം. അതൊന്നും താന്‍ കാര്യമാക്കുന്നില്ലെന്നും പിയേഴ്‌സ് മോര്‍ഗന് നല്‍കിയ അഭിമുഖത്തിന്‍ റൊണാള്‍ഡോ വ്യക്തമാക്കി.

◾സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വമ്പന്‍ കുറവ്. ഗ്രാം വില 90 രൂപ കുറഞ്ഞ് 11,135 രൂപയും പവന്‍ വില 720 രൂപ താഴ്ന്ന് 89,080 രൂപയുമായി. രണ്ട് ദിവസം കൊണ്ട് സ്വര്‍ണ വിലയില്‍ 1,240 രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വില 70 രൂപ കുറഞ്ഞ് ഗ്രാമിന 9,160 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 7,135രൂപയും ഒമ്പത് കാരറ്റിന് ഗ്രാമിന് 4,615 രൂപയുമായി. വെള്ളി വിലയും ഇന്ന് ഇടിവിലാണ്. ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 157 രൂപയിലെത്തി. ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. ഡോളര്‍ സൂചിക 100ന് മുകളിലെത്തിയതും ഉയര്‍ന്ന വിലയിലെ ലാഭമെടുപ്പുമാണ് സ്വര്‍ണ വിലയില്‍ ഇടിവിന് ഇടയാക്കിയത്. ഇന്നലെ രാജ്യാന്തര സ്വര്‍ണ വില ഔണ്‍സിന് 1.74 ശതമാനം ഇടിഞ്ഞ് 3,932 ഡോളര്‍വരെ എത്തിയിരുന്നു. ഇന്ന് രാവിലെ വില തിരിച്ചു കയറി 3,953 ഡോളറിലെത്തിയെങ്കിലും 4,000 ഡോളറിലേക്ക് കടന്നില്ല. ഈ വര്‍ഷം സ്വര്‍ണ വില 60 ശതമാനം വരെ ഉയര്‍ന്നതിനു ശേഷമാണ് തിരുത്തലിന് വിധേയമായിരിക്കുന്നത്.

◾പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആശ്വാസ വാര്‍ത്ത. ചാറ്റ് ജിപിടി സേവനങ്ങള്‍ സൗജന്യമായി ലഭിച്ചു തുടങ്ങി. ഒരു വര്‍ഷത്തേക്കാണ് ഈ ആനുകൂല്യം. കഴിഞ്ഞ ആഴ്ചയാണ് ഓപ്പണ്‍ എ.ഐ പ്രഖ്യാപനം നടത്തിയത്. അതിവേഗം വളരുന്ന ഇന്ത്യന്‍ എ.ഐ മാര്‍ക്കറ്റില്‍ സ്ഥാനം പിടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി.  സാധാരണ ഗതിയില്‍ 400 രൂപയാണ് ചാറ്റ് ജിപിടി സേവനങ്ങള്‍ക്ക് മാസം തോറും ഈടാക്കുന്നത്. പണം അടക്കുമ്പോള്‍ ബേസിക് വെര്‍ഷനിലുള്ളതിനെക്കാള്‍ വേഗത്തില്‍ സേവനം ഉപയോക്താക്കള്‍ക്ക് ലഭ്യമാകും. ബേസിക് വെര്‍ഷനും പ്രോ വെര്‍ഷനും ഇടയിലുള്ള ഈ വെര്‍ഷനില്‍ ഇമേജുകള്‍ നിര്‍മിക്കാനും ഫയല്‍ അപ്ലോഡ് ചെയ്യാനും വലിയ കോണ്‍വെര്‍സേഷനുകള്‍ ജനറേറ്റ് ചെയ്യാനും കഴിയും. യു.എസ് കഴിഞ്ഞാല്‍ ഓപ്പണ്‍ എ.ഐയുടെ രണ്ടാമത്തെ വലിയ മാര്‍ക്കറ്റാണ് ഇന്ത്യ. വിദ്യാഭ്യാസത്തിനും ബിസിനസ്സിനും കോഡിങ്ങിനും ഒക്കെയായി ലക്ഷക്കണക്കിന് ആളുകളാണ് ചാറ്റ് ജിപിടി ഉപയോഗിക്കുന്നത്. ഇന്ത്യയില്‍ കൂടുതല്‍ ആളുകളിലേക്ക് ഓപ്പണ്‍ എ.ഐ ഉപയോഗം എത്തിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. നിലവില്‍ സബ്സ്‌ക്രിപഷന്‍ ഉള്ളവര്‍ക്ക് 12 മാസത്തെ സൗജന്യ സബ്സ്‌ക്രിപ്ഷനിലേക്ക് അപ്ഗ്രേഡ് ചെയ്യാന്‍ കഴിയും. ഒരു വര്‍ഷം കഴിഞ്ഞ ശേഷം പണം ഈടാക്കി തുടങ്ങും.

◾പുതിയ രൂപത്തിലെത്തിയ വെന്യുവിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് ഹ്യുണ്ടേയ്. പുതിയ വെന്യുവിന്റെ എക്സ് ഷോറൂം വില ആരംഭിക്കുന്നത് 7.90 ലക്ഷം മുതലാണ്. എട്ട് വേരിയന്റുകളിലാണ് വാഹനം വിപണിയിലെത്തുന്നത്. 1.2 ലീറ്റര്‍ കാപ്പ വേരിയന്റുകളായ എച്ച്എക്സ് 2 (7,89,900 രൂപ), എച്ച്എക്സ് 4 (8,79,900 രൂപ), എച്ച്എക്സ് 5 (9,14,900 രൂപ), എച്ച്എക്സ് 6 (10,42,900 രൂപ), എച്ച്എക്സ് 6 ടി (10,70,400 രൂപ). കാപ്പ 1.0 ലീറ്റര്‍ ടര്‍ബോ ജിഡിഐ പെട്രോള്‍ വേരിയന്റ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഡിസിടി എന്നീ ഓപ്ഷനുകളില്‍ ലഭ്യമാണ്. വിലകള്‍ യഥാക്രമം എച്ച്എക്സ് 2 (8,79,900 രൂപ), എച്ച്എക്സ് 5 (9,74,400 രൂപ), എച്ച്എക്സ് 8 (11,80,700 രൂപ). ഡിസിടി ഓപ്ഷനില്‍ എച്ച്എക്സ് 5ന് (10,66,900 രൂപ), എച്ച്എക്സ് 6ന് (11,97,800 രൂപ), എച്ച്എക്സ് 8ന് (12,84,700 രൂപ), എച്ച്എക്സ് 10ന് (14,56,200 രൂപ). 1.5 ലീറ്റര്‍ സിആര്‍ഡിഐ ഡീസല്‍ ഓപ്ഷന്‍ മാനുവല്‍ ട്രാന്‍സ്മിഷനിലും ഓട്ടോമാറ്റിക്കിലും ലഭ്യമാണ്. മാനുവല്‍ ട്രാന്‍സ്മിഷനില്‍ എച്ച്എക്സ് 2 (9,69,900 രൂപ), എച്ച്എക്സ് 5 (10,63,900 രൂപ), എച്ച്എക്സ് 7 (12,51,100 രൂപ). ഓട്ടോമാറ്റിക്കില്‍ എച്ച്എക്സ് 5ന് (11,58,400 രൂപ) എ,ച്ച്എക്സ് 10ന് (15.51,100 രൂപ).

◾മുടിയില്‍ കളര്‍ ചെയ്യുന്നതിന് മുന്‍പ് ചില മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. മള്‍ട്ടി-ടോണ്‍ഡ് ഹെയര്‍ കളറിങ് തിരഞ്ഞെടുക്കുന്നതിലും ഒരു നിറം തിരഞ്ഞെടുക്കുന്നതാണ് മികച്ചതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. മുടിയുടെ സ്വഭാവമനുസരിച്ചുള്ള കളറിങ് തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. അതിനായി പരിചയ സമ്പന്നരായ ഹെയര്‍ സ്റ്റൈലിസ്റ്റിനെ മാത്രം സമീപീക്കുക. കളര്‍ ചെയ്യുന്നതിന് ഒരു ദിവസം മുന്‍പ് മുടി കണ്ടീഷന്‍ ചെയ്യുന്നത് നല്ലതാണ്. കളര്‍ ചെയ്തു കഴിഞ്ഞാല്‍ കളര്‍ ചെയ്ത മുടിക്ക് പ്രത്യേകമായുള്ള, കളര്‍ പ്രൊട്ടക്ഷനുള്ള ഷാംപൂവും കണ്ടീഷണറും ഉപയോഗിക്കുക. ഡീപ് കണ്ടീഷനിങ്, പ്രോട്ടീന്‍ ട്രീറ്റ്മെന്റ് എന്നിവ ചെയ്യുന്നത് മുടിക്ക് ഗുണം ചെയ്യും. കളര്‍ ചെയ്ത മുടിക്ക് നല്ല ശ്രദ്ധ ആവശ്യമാണ്. അയേണിങ് പോലുള്ളവ ഒഴിവാക്കാം. അവ മുടിയെ കൂടുതല്‍ ദുര്‍ബലപ്പെടുത്തും. മുടി പൊട്ടിപ്പോകാന്‍ സാധ്യതയുള്ളതിനാല്‍ മുടി മൃദുവായി ചീകാം. മുടി കളര്‍ ചെയ്യാനുപയോഗിക്കുന്ന കെമിക്കല്‍ ചിലര്‍ക്ക് അലര്‍ജിയുണ്ടാക്കിയേക്കാം. അലര്‍ജിയില്ലെന്ന് പരീക്ഷിച്ച് ഉറപ്പുവരുത്തിയതിന് ശേഷമേ കളര്‍ ചെയ്യാവൂ. ഹെന്നപോലെയുളള നാച്വറല്‍ ഹെയര്‍കളറുകള്‍ ഉപയോഗിക്കാവുന്നതാണ്.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 88.71, പൗണ്ട് - 115.55, യൂറോ - 101.91, സ്വിസ് ഫ്രാങ്ക് - 109.63, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 57.54, ബഹറിന്‍ ദിനാര്‍ - 235.31, കുവൈത്ത് ദിനാര്‍ -288.67, ഒമാനി റിയാല്‍ - 230.71, സൗദി റിയാല്‍ - 23.65, യു.എ.ഇ ദിര്‍ഹം - 24.16, ഖത്തര്‍ റിയാല്‍ - 24.36, കനേഡിയന്‍ ഡോളര്‍ - 62.83.
Previous Post Next Post
3/TECH/col-right