Trending

മരണം:കെ.കെ. അഹമ്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ

പൂനൂർ: കാന്തപുരം വിഭാഗം സമസ്ത കേന്ദ്ര മുശാവറ അംഗവും, സുന്നി മദ്റസ മാനേജ്മെൻറ് അസോസിയേഷൻ ജനറൽ സെക്രട്ടറിയും,  മർക്കസ് ശരീഅത് കോളേജ് വൈസ് പ്രിൻസിപ്പളുമായ കെ.കെ. അഹമ്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ (80) മരണപ്പെട്ടു.

മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 8 മണിക്ക് മർക്കസ് കാമ്പസിലുള്ള ഹാമിലി മസ്ജിദിലും,  ഉച്ചക്ക് 1 മണിക്ക് കട്ടിപ്പാറ - ചെമ്പ്ര കുണ്ട ജുമാ മസ്ജിദിലും നടക്കും.

കോഴിക്കോട് ജില്ലയിലെ മങ്ങാട് കുറുപ്പനക്കണ്ടി തറവാട്ടിൽ കുഞ്ഞായിൻ കുട്ടി ഹാജിയുടെയും ഇമ്പിച്ചി ആയിശ ഹജ്ജുമ്മയുടെയും മകനായി 1945ൽ ജനനം. താമരശ്ശേരിക്കടുത്ത കട്ടിപ്പാറ ചെമ്പ്രകുണ്ടയിലായിരുന്നു താമസം. 

മങ്ങാട്, ഇയ്യാട്, തൃപ്പനച്ചിക്കടുത്ത പാലക്കാട്, കൊടുവള്ളിക്ക് അടുത്ത ഉരുളിക്കുന്ന് പള്ളി, ആക്കോട് ജുമാ മസ്ജിദ്, ഐക്കരപ്പടി പുത്തൂപ്പാടം, പരപ്പനങ്ങാടി പനയത്തിൽ പള്ളി, ചാലിയം ജുമാ മസ്‌ജിദ്‌, വെല്ലൂർ ബാഖിയാത്തു സ്വാലിഹാത്ത് എന്നിവിടങ്ങളിലാണ് മതപഠനം നടത്തിയത്.  ഇ കെ ഹസൻ മുസ്‌ലിയാർ, ഇമ്പിച്യാലി മുസ്‌ലിയാർ, അബ്‌ദുറഹ്‌മാൻ മുസ്‌ലിയാർ, അബുൽ ഹസൻ കെ അബ്ദുല്ല മൗലവി, മാങ്കടവ് അബ്ദുല്ല മുസ്‌ലിയാർ, ഉസ്താദുൽ അസാതീദ് ഒകെ സൈനുദ്ദീൻ കുട്ടി മുസ്‌ലിയാർ, ശൈഖ് ഹസൻ ഹസ്‌റത്ത് എന്നിവരാണ് പ്രധാന ഗുരുവര്യർ.

കൊടുവള്ളിക്കടുത്ത ചുള്ളിയാട്ടുമുക്ക് ദർസിലാണ് ഇസ്‌ലാമിക അധ്യാപന ജീവിതം ആരംഭിക്കുന്നത്. ശേഷം വടകര അടക്കാതെരുവ്, അന്നശ്ശേരി, എളേറ്റിൽ വട്ടോളിക്കടുത്ത കണ്ണിറ്റമാക്കിൽ എന്നിവിടങ്ങളിലും ദർസ് നടത്തി. കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ ക്ഷണം സ്വീകരിച്ച് 1988ൽ കാരന്തൂർ ജാമിഅ മർകസിൽ മുദരിസായി. 

നിലവിൽ സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ്, കേരള മുസ്‌ലിം ജമാഅത്ത്, മർകസുസ്സഖാഫത്തി സുന്നിയ്യ, സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ തുടങ്ങിയവയുടെ വൈസ് പ്രസിഡന്റ് പദവി വഹിക്കുന്നു. കട്ടിപ്പാറ അൽ ഇഹ്‌സാൻ സ്ഥാപങ്ങളുടെ പ്രസിഡന്റ് ആണ്. കൂടാതെ നിരവധി സ്ഥാപനങ്ങളുടെയും മഹല്ലുകളുടെയും നേതൃസ്ഥാനവും വഹിച്ചിരുന്നു. നേരത്തെ  സമസ്ത കേരള സുന്നി യുവജന സംഘം വൈസ് പ്രസിഡന്റായിരുന്നു.

ബീഫാത്തിമ ഹജ്ജുമ്മയാണ് ഭാര്യ. മക്കൾ: മുനീറ, ശരീഫ, ഹബീബ, സുമയ്യ, ആബിദ, അബ്‌ദുറഹ്‌മാൻ, സഹ്ൽ സഖാഫി. മരുമക്കൾ: മുഹമ്മദ് ബാഖവി, അബ്ദുസമദ്, സലാം ദാരിമി, ശുക്കൂർ, ബശീർ, സൽവ.
Previous Post Next Post
3/TECH/col-right